close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 08 17


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 08 17
ലക്കം 570
മുൻലക്കം 1986 08 10
പിൻലക്കം 1986 08 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഹീബ്രു രാജാവു് ഡേവിഡിന്റെ മകനായിരുന്നു അബ്സലം. അബ്സലമിനു് അവിവാഹിതയും അതിസുന്ദരിയുമായ ഒരു സഹോദരിയുണ്ടായിരുന്നു തേമാര്‍ എന്ന പേരില്‍. ഡേവിഡ് രാജാവിന്റെ മറ്റൊരു മകന്‍ അമ്‌നണ്‍ അവളെക്കണ്ടു കാമത്തില്‍ വീണു. കാമം അതിരു കടന്നപ്പോള്‍ അവര്‍ രോഗാര്‍ത്തനായി മാറി. കന്യകയായ തേമാറിനെ പുരുഷന്മാരുടെ കണ്ണില്‍പ്പെടാതെ പാര്‍പ്പിച്ചിരുന്നതുകൊണ്ടു് അമ്നണിന്റെ അഗമ്യഗമനവാഞ്ഛയ്ക്ക് സാഫല്യമുണ്ടായില്ല. ഈ സന്ദര്‍ഭത്തില്‍ അവനെ സഹായിക്കാന്‍ ഒരാളുണ്ടായി. ഡേവിഡിന്റെ സഹോദരന്റെ മകനായ ജോനദാബായിരുന്നു അ ‘ഉപകര്‍ത്താവു്.’ അവന്റെ സഹായത്തോടെ അമ്നണ്‍ തേമാറിനെ ബലാല്‍സംഗം ചെയ്തു. അന്നുമുതല്‍ പ്രതികാര നിര്‍വ്വഹണത്തിനു തയ്യാറായി നടക്കുകയായിരുന്നു അബ്സലം. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അവനു് സന്ദര്‍ഭം കിട്ടി. കടിച്ചു വശംകെട്ട അമ്നണിനെ അബ്സലം പരിചാരകന്മാരെക്കൊണ്ടു് നിഗ്രഹിപ്പിച്ചു. ബൈബിളിലെ ഇക്കഥയെ അവലംബിച്ചു് ഡാന്‍ ജേക്കബ്സണ്‍ എഴുതിയ നോവലാണു് The Rape of Tamar (Andre Deutsch, Rs 77.80). A tour de force — a novel of unusual depth and originality എന്നു ഫിലിപ്പ് ടോയിന്‍ബിയും ‘Almost a prose poem’ എന്നു സിറില്‍ കൊണലിയും വാഴ്‌ത്തിയ ഈ നോവലിന്റെ കര്‍ത്താവായ ജേക്കബ്സണ്‍ ദക്ഷിണാഫ്രിക്കയിലെ ജോഹനിസ്ബര്‍ഗ്ഗില്‍ 1929–ല്‍ ജനിച്ചു. ദക്ഷിണാഫ്രിക്കയിലെ ജീവിതത്തെക്കുറിച്ചു മാത്രം നോവലുകള്‍ രചിച്ച അദ്ദേഹം ഒരു നൂതനനാദം കേള്‍പ്പിക്കുകയാണു് ഈ നോവലില്‍ക്കൂടി. ശുഷ്കവും ജുഗുപ്സാവഹവുമായ ബൈബിള്‍ക്കഥയെ ഭാവനകൊണ്ടു ജോക്കബ്സണ്‍ ദീപ്തിയേറിയ കലാശില്പിമാക്കി മാററിയിരിക്കുന്നു. ബലാത്കാരവേഴ്ചയോടു ബന്ധപ്പെട്ട ഒരു സന്ദര്‍ഭത്തില്‍ വര്‍ണ്ണനയ്ക്കു പ്രതിരൂപാത്മകമൂല്യം നല്കിക്കൊണ്ടു് നോവലിസ്റ്റ് പറയുന്നതു കേട്ടാലും:

On a low table there burns a single oil-lamp, the flame floating calmly on the surface of the little lake of oil from which it draws its life. Amnon stares at the flame, wondering whether or nor to quench it. Then he looks at his own shadow, hulking upwards to the ceiling. Because the flame is lower than bed Tamar’s shadow is now entirely swallowed up in that of the bed itself, buried in it. (Pages 82, 83). ദീപം ഇവിടെ തേമാറും നിഴല്‍ അമ്നണമാണു്.

സഹോദരനും സഹോദരിയും തമ്മിലുള്ള കാമോത്സുകമായ ബന്ധത്തെ അതീന്ദ്രിയാവസ്ഥയിലേക്കു നയിച്ചു് വായനക്കാരെ ആഹ്ളാദിപ്പിക്കുന്ന ഒരു നോവലുണ്ട് വിശ്വസാഹിത്യത്തില്‍; റോബര്‍ട്ടു് മൂസലിന്റെ The Man Without Qualities. ഇതിന്റെ മൂന്നാമത്തെ ഭാഗത്തിന്റെ പേര് Into the Millennium (The Criminals) എന്നാണു്. ഇതിലെ കുററവാളികള്‍ സഹോദരനും സഹോദരിയുമായിരിക്കാം. പക്ഷേ, ഞാന്‍ വായിച്ചു മനസ്സിലാക്കിയതു് പ്രധാന കഥാപാത്രമായ. അള്‍റിഹിനു് സഹോദരിയോടു തോന്നുന്ന മാംസനിബദ്ധമായ രാഗം അയാള്‍ തന്നെ ഇല്ലാതാക്കുന്നു എന്നാണു്. നോവല്‍ അവസാനിക്കുന്നതു നോക്കുക. “Only after this did Ulrich learn that Agathe suddenly said goodnight and gone without him…” വേഡ്സ്‌വര്‍ത്ത്, ഷെല്ലി, ലാം (Lamb), ഹേഗല്‍, മക്കോളെ, ബയറണ്‍ ഇവരുടെയെല്ലാം brother-sister intimacy മറ്റെല്ലാ ബന്ധങ്ങളെയും അപ്രധാനങ്ങളാക്കിക്കളയുന്നുവെന്നു് വിഖ്യാതനിരൂപകനായ ജോര്‍ജ്ജ് സ്റ്റൈനര്‍ പറയുന്നു (Antigones എന്ന ഗ്രന്ഥം). ജീവശാസ്ത്രപരമായ വീക്ഷണഗതിയെ അവലംബിച്ചാണെങ്കില്‍ ഇതൊക്കെ നിന്ദ്യമാകാം. പക്ഷേ, കലയെ സാമൂഹികവും ചരിത്രപരവുമായ വീക്ഷണഗതിയിലൂടെ പരിശോധിക്കുമ്പോള്‍ ഈസ്തെററിക്സിന്റെ ഘടകമായി അതു മാറുമെന്നു മാര്‍ക്സിസ്റ്റ് നിരൂപകന്‍ ലൂക്കാച്ച് പറയുന്നു. ‘In primitive times the sister was the wife and that was moral’ എന്നു മാര്‍ക്സ് പറഞ്ഞതായി എംഗല്‍സ് പ്രസ്താവിക്കുന്നു (ലൂക്കാച്ചിന്റെ Healthy or Sick Art എന്ന ലേഖനം നോക്കുക). ഇതു ശരിയോ തെറ്റോ? എന്തായാലും ഡാന്‍ ജേക്കബ്സണ്‍ന്റെ നോവല്‍ ഭാഗവഗീതം പോലെ ഭംഗിയാര്‍ന്നതാണു്.

മാററം

കൂട്ടുകാരെ, കാലം മാറിപ്പോയിയെന്നു് ഞാന്‍ പറഞ്ഞിട്ടുവേണോ നിങ്ങള്‍ക്കു മനസ്സിലാക്കാന്‍? വേണ്ട. എന്നെക്കാള്‍ നന്നായി നിങ്ങള്‍ക്കതറിയാം.

“ഓമല്‍ ചോദിക്കയാണെന്തിനീ വാല്മീകി
രാമനെക്കൊണ്ടെന്നെ വേള്‍പ്പിക്കുന്നു?”
അമ്മ സമാശ്വസിപ്പിച്ചു “പെണ്‍കുട്ടികള്‍–
ക്കമ്മട്ടിലുണ്ടൊരു കര്‍മ്മം കുഞ്ഞേ”
കന്യക തീര്‍മാനം ചെയ്തു: “മറ്റാരും
വേണ്ടെന്നെയെന്നമ്മതാന്‍ വേട്ടാല്‍ മതി”

എന്ന വരികള്‍ വായിച്ചപ്പോള്‍ നമ്മള്‍ ആഹ്ലാദിച്ചു; പനിനീര്‍പ്പൂക്കളെ ചുംബിച്ചുകൊണ്ടു് അലസസഞ്ചാരം ചെയ്യുന്ന തെക്കന്‍ കാറ്റിന്റെ മൃദുലസ്വരം നമ്മെ ആഹ്ളാദിപ്പിക്കുന്നതുപോലെ. അന്നു് അതു സത്യമായി നമുക്കു തോന്നി. ഇന്നാകട്ടെ അസത്യത്തിന്റെ പേരു കവിതയെന്നായിരിക്കുന്നു. പാറയുടെ പുറത്തു ചിരട്ടയിട്ട് ഉരച്ചാല്‍ കേള്‍ക്കുന്ന ശബ്ദമാണതിനു്.

കവിതയിലെ സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്പത്തിനു മാററം വന്നതുപോലെ സ്ത്രീസൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്പത്തിനും മാററം സംഭവിച്ചിരിക്കുന്നു. വടക്കന്‍പാട്ടിലെ ഒരു തരുണി കാമുകനുമായി സല്ലപിച്ചുകൊണ്ടിരുന്നപ്പോള്‍ പരാക്രമിയായ സഹോദരന്‍ വന്നു വാതിലില്‍ തട്ടി. കാമുകനെ ഒളിച്ചിരുത്താന്‍ മാര്‍ഗ്ഗമൊന്നുമില്ലാതിരുന്നതുകൊണ്ടു് അവള്‍ തലമുടി അഴിച്ചിട്ടു. കാമുകന്‍ അതിനിടയില്‍ കയറി നിന്നതു കൊണ്ടു് സഹോദരന്‍ അയാളെ കണ്ടില്ലത്രേ. ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവലിലെ ഒരു സംഭവം കൂടി ഓര്‍മ്മയിലെത്തുന്നു. കാര്‍ത്ത്യായനി അമ്മയെ കാണാന്‍ സുന്ദരയ്യന്‍ വന്നു. അയാളെ കണ്ടയുടനെ പാറുക്കുട്ടി ഇരുട്ടിലേക്കു മറഞ്ഞു. അവളുടെ തലമുടിയെ സൂചിപ്പിച്ചു കൊണ്ടു് ഒരു ഇരുള്‍ പോരാത്തതു കൊണ്ടാണോ വെറൊരു ഇരുളില്‍ ഒളിക്കുന്നതെന്നു സുന്ദരയ്യന്‍ ചോദിച്ചതായി സി.വി. രാമന്‍പിള്ള എഴുതുന്നു. അടുത്ത കാലത്താണു് കോണ്‍റഡിന്റെ Freya of the seven Isles എന്ന കഥ വായിച്ചതു്. അതിലെ നായിക ഇരുന്നാല്‍ അവള്‍ക്കു സ്വന്തം തലമുടിയിലെ ഇരിക്കാന്‍ പററൂ. അത്രയ്ക്കു നീളമാണതിനു്. എന്നിട്ടു് ഗ്രന്ഥകാരന്‍ പറയുന്നു: I dare say, I dare say. It was not for me to behold these wonders. കോണ്‍റഡ് കണ്ടില്ലായിരിക്കും. പക്ഷേ ഞാന്‍ പറയുന്നു: “ഈ അദ്ഭുതങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.” തലമുടി ആണുങ്ങളെപ്പോലെ ക്രോപ്പു് ചെയ്യുന്ന ഇന്നത്തെ അദ്ഭുതവും ഞാന്‍ കാണുന്നു.

എന്റെ യൗവനകാലത്തും സ്ത്രീകള്‍ അമ്പലങ്ങളില്‍ പോയിരുന്നു. കേരളീയ സ്ത്രീകള്‍ക്കു യോജിച്ച വേഷമായിരുന്നു അവരുടേതു്. ററി. 73 അല്ലെങ്കില്‍ 703 മുണ്ടു്. പുളിയിലക്കര നേരിയതു്. ചെരിപ്പിടില്ല. തലമുടിയില്‍ തുളസിക്കതിര്‍ ചൂടിയിരിക്കും ചിലപ്പോള്‍. കുറേനേരം ധ്യാന നിമഗ്നയായി വിഗ്രഹത്തിനു മുന്‍പില്‍ നിന്നിട്ടു് പോററി പട്ടിക്കെറിയുന്നതു പോലെ എറിയുന്ന ചന്ദനവുമെടുത്തു വീട്ടിലേക്കു പോരും. എത്ര ധനികയായാലും ദരിദ്രയായാലും ഇതു തന്നെ രീതി. ഇന്നു് അതൊക്കെ മാറിപ്പോയി. റബ്ബര്‍ പാഡ് എവിടെ? ഫോം റബ്ബര്‍ വച്ച അതെവിടെ? ധരിക്കുന്നു. ആയിരും രൂപയിലധികം വിലയുള്ള സാരി അണിയുന്നു. മാച്ച് ചെയ്യുന്ന ബ്ലസ്. തലമുടി ചുററിക്കെട്ടി (അകത്തു് വടയുണ്ടായിരിക്കും.) പൂമാല വളച്ചു വയ്ക്കുന്നു. പൗഡര്‍, റൂഷ്, ലിപ്സ്റ്റിക്. കുറഞ്ഞത് ഇരുന്നൂറു രൂപ വിലയുള്ള വര്‍ണ്ണച്ചെരിപ്പു്. എയര്‍കണ്ടീഷന്‍ഡ് മാരുതിയിലോ ടൊയോട്ടയിലോ കയറി കുറച്ചുദൂരം നീങ്ങുമ്പോള്‍ അമ്പലമായി. മനസ്സില്ലാമനസ്സോടെ ചെരിപ്പൂരി നടയിലിട്ടിട്ടു് വിഗ്രഹത്തിന്റെ മുന്‍പില്‍ തൊഴുകൈയോടെ നില്ക്കുന്നു. വില കൂടിയ ചെരിപ്പു് ആരും ‘അടിച്ചു’കൊണ്ടുപോകരുതേ എന്നാണു് പ്രാര്‍ത്ഥന. അല്ലെങ്കില്‍ എന്നും ഇങ്ങനെ അമ്പലത്തില്‍ വരത്തക്കവിധത്തില്‍ ഭര്‍ത്താവു് അഞ്ചക്കം ശംബളം വാങ്ങുന്നവനായിരിക്കണമേ എന്നാവാം അപേക്ഷ. ഇലയില്‍ ഭക്ത്യാദരപുരസ്സരം പൂജാരി നല്‌കുന്ന പ്രസാദവുമായി അന്നനട നടന്നു കാറില്‍ കയറുന്നു. പുരുഷന്മാരുടെ വരവു സ്ക്കൂട്ടറിലാണു്. ട്രൗസേഴ്സ് ധരിച്ചു കൊടിമരത്തിന്റെ അടുത്തുവന്നു പ്രാര്‍ത്ഥിക്കുന്നു. തിരിച്ചു ചെന്നു് സ്ക്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നാലു ചവിട്ടു കൂടുതല്‍ ചവിട്ടണം. അപ്പോഴേക്കും നെററിയിലിട്ട ചന്ദനം വിയര്‍പ്പില്‍ മുങ്ങി അപ്രത്യക്ഷമാകും. എങ്കിലും സാരമില്ല. ബജാജില്‍ കയറി വന്നു തൊഴുതല്ലോ മതി.

പെരുമാററത്തിനും വലിയ മാറ്റമാണിപ്പോള്‍. പണ്ടും പരുക്കന്‍ പെരുമാററങ്ങള്‍ സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും ഉണ്ടായിട്ടുണ്ടു്. പക്ഷേ ഇന്നു് അതേയുള്ളൂ. പണ്ടു് അവര്‍ വാക്കുകളെ പുഷ്പങ്ങളാക്കി ഇലയില്‍ വച്ചു തരുമായിരുന്നു. ഇന്നു് അവയെ കരിങ്കല്‍ക്കഷണങ്ങളാക്കി നമ്മുടെ നെററിയുടെ നേര്‍ക്ക് എറിയുന്നു. അങ്ങനെ എറിയുന്ന ഒരു പെണ്ണിനെ എന്‍.എം. പ്രഭാകരന്റെ ‘അഹല്യ’ എന്ന കഥയില്‍ കാണാം (കുങ്കുമം). ആ കാഴ്ചയില്‍ക്കവിഞ്ഞു് ഈ ജര്‍ണ്ണലിസത്തില്‍ ഒന്നുമില്ല. ഒന്നുമില്ലേ? തീര്‍ച്ചയാണോ? ഇല്ല; ഒന്നുകൂടയുണ്ടു്. “നാക്കു നീട്ടല്‍” വളരെ കൂടുതലാണു് ആ പെണ്ണിനു്. അതു സ്ത്രീസ്വാഭാവമായതുകൊണ്ടു ഞാന്‍ പറഞ്ഞില്ലെന്നേയുള്ളൂ. ഗ്രീസിലെയും റോമിലെയും സ്ത്രീപ്രതിമകളുടെ പടങ്ങള്‍ കണ്ടിട്ടില്ലേ? പലതിനും തലയില്ല. പ്രതിമകള്‍ കാതടിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചേക്കുമെന്നു പേടിച്ചു പുരുഷന്മാര്‍ തട്ടിക്കളഞ്ഞതാവണം ആ തലകളെ.

ജി. എന്‍. പണിക്കര്‍

കഴിഞ്ഞകാലത്തിന്റെ കാല്പനിക ഭംഗിയും വര്‍ത്തമാനകാലത്തിന്റെ വാസ്തവികചാരുതയും ലയാത്മകമായ സംഭാഷണങ്ങളിലൂടെ ആവിഷ്കരിക്കാന്‍ ജി. എന്‍. പണിക്കര്‍ക്കുള്ള പ്രാഗല്ഭ്യത്തിനു ഉദാഹരണമായിട്ടുണ്ടു്. കലാകൗമുദിയിലെ അദ്ദേഹത്തിന്റെ ‘മാറി വീഴുന്ന രേഖകള്‍’ എന്ന ചെറുകഥ. യൗവനകാലത്തെ റൊമാന്‍റിക് അഹ്ലാദം. വര്‍ദ്ധക്യകാലത്തെ നിരാശത കലര്‍ന്ന സന്തോഷം. രണ്ടിനും വ്യാപകാവസ്ഥയുണ്ടു്. അവയെ സ്ഥൂലീകരിക്കാതെ ആകര്‍ഷകമായി കഥാകാരന്‍ ചിത്രീകരിക്കുന്നതു് നായികയുടെയും നായകന്റെയും വികാരം കലര്‍ന്ന സംഭാഷണത്തിലൂടെയാണു്. വിധിയെ ആര്‍ക്കു മാറ്റാന്‍ കഴിയും? കാലത്തിന്റെ വേഗത്തിലുള്ള പ്രവാഹത്തെ ആര്‍ക്കു തടയാന്‍ കഴിയും. അനിവാര്യമായതു സംഭവിക്കും. ആ തളര്‍ച്ചയും ജീര്‍ണ്ണതയും സംഭവിക്കുമ്പോഴും സ്നേഹം പീലി വിരിച്ചു നിന്നാടുന്നു. ചില കഥകളുടെ ശക്തി “രാഷ്ട്രീയ”ത്തിലാണിരിക്കുന്നതു്. മററു ചില കഥകളുടേതു് സാമൂഹികാവസ്ഥയിലും. ജി. എന്‍. പണിക്കരുടെ ഇക്കഥയുടെ ശക്തി കലാത്മകതയിലാണു് എന്നതു് ഈ ലേഖകനെ ആഹ്ലാദിപ്പിച്ചു. ചിരപരിചിതമായ വിഷയാമായിരിക്കാം അദ്ദേഹം കൈകാര്യം ചെയ്യുന്നതു്. ആയിക്കൊള്ളട്ടെ. എങ്കിലും അതില്‍ അദ്ദേഹത്തിന്റെ മുദ്രയുണ്ടു്. അദ്ദേഹത്തിന്റേതു മാത്രമായ കാഴ്ചപ്പാടുണ്ടു്. അതില്‍ക്കൂടുതലായി സഹൃദയനു് വേറൊന്നും വേണ്ട.

* * *

ഹൈന്ദവ സങ്കല്പമനുസരിച്ചു പുരുഷന്റെ തുടയ്ക്കു പ്രാധാന്യുമുണ്ടു്. ശക്തിയുടെ ഇരിപ്പിടമാണത്രേ അതു്. ഗുസ്തിക്കാര്‍ മല്പിടിത്തത്തിനു് ഇറങ്ങുമ്പോള്‍ തുടകളില്‍ കൈകള്‍കൊണ്ടു് അടിച്ചുകൊണ്ടാണു് അങ്ങനെ ചെയ്യുക. ഭാരതയുദ്ധത്തിന്റെ പതിനെട്ടാം ദിവസം ഭീമന്‍ ദുര്യോധനനെ കൊന്നതു് അയാളുടെ തുടയടിച്ചു പൊട്ടിച്ചാണു്. സ്ത്രീയെസ്സംബന്ധിച്ചും തുടയാണു് ശക്തിക്ക് ഇരിപ്പിടം. ഔര്‍വ്വന്‍ അമ്മയുടെ തുടയില്‍നിന്നാണു് ജനിച്ചതു്. ആ കുഞ്ഞിന്റെ ശോഭകണ്ടു ശത്രുക്കള്‍ അന്ധരായിപ്പോയി. ഗ്രീക്കു് ദേവന്‍ സൂസ്സിന്റെ തുടയില്‍ നിന്നാണു് ഡൈനൈസസ് ദേവന്‍ ജനിച്ചതു്. സ്ത്രീയുടെ തുട ശക്തിക്ക് ആസ്പദം മാത്രമല്ല; സൗന്ദര്യത്തിന്റെ ഇരിപ്പിടവുമാണതു്. അതുകൊണ്ടാണു് സാഹിത്യത്തില്‍ എപ്പോഴും ആ അവയവം വര്‍ണ്ണിക്കപ്പെടുന്നതു്.

“തുമ്പിക്കരത്തിനിഹ തോലിനു കട്ടി കൊണ്ടും
രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലു
ആകാരമൊത്തളവിലും ലഭിയാതെ പോയി
തന്വംഗി തന്റെ തുടകള്‍ക്കുപമാനം ഭാവം”

എന്നു കവി. സത്യമാണിതെല്ലാം. എങ്കിലും അതു കാണിക്കേണ്ട രീതിയില്‍ കാണിക്കണം. ഇല്ലെങ്കില്‍ ഛര്‍ദ്ദിക്കാന്‍ തോന്നും. ചില തമിഴ്നടികള്‍ ഒരേ ഷേപ്പിലുളള തുടകള്‍ കാണിച്ചു കൊണ്ടു് ചലച്ചിത്രത്തില്‍ പ്രത്യക്ഷകളാകുമ്പോള്‍ ശൃംഗാര പ്രതീതിയല്ല ബീഭത്സ പ്രതീതിയാണു് കാഴ്ചക്കാര്‍ക്കുണ്ടാവുക. ജി. എന്‍. പണിക്കരുടെ മുകളില്‍പ്പറഞ്ഞ കഥയില്‍ നായിക “സാരി ഉയര്‍ത്തി ഇടുപ്പില്‍ തിരുകിനിന്നു ജോലി ചെയ്യുന്ന”തിന്റെ ചിത്രമുണ്ടു്. അപ്പോല്‍ അവളുടെ “തടിച്ചകാലുകള്‍” നായകന്‍ കണ്ടു കാമത്തില്‍ വീണുപോലും. ഞാനും ജി. എന്‍. പണിക്കരും ചിറ്റൂര്‍കോളേജില്‍ ജോലിനോക്കിയിരുന്നു. ചിറ്റൂരെ ചെറുപ്പക്കാരികള്‍ കാലത്തു റോഡില്‍ ജോലിചെയ്യുമ്പോല്‍ സാരി വളരെ ഉയര്‍ത്തിവച്ചിരിക്കും. പക്ഷേ ആപത്തില്ല. പാവാട മറയ്ക്കേണ്ട ഭാഗം മറച്ചിരിക്കും. ജി. എന്‍. പണിക്കരുടെ നായികയ്ക്കു പാവാടയില്ലെന്നു തോന്നുന്നു. അതുകൊണ്ടാണു് ‘അവോമിന്‍’ എവിടെ എന്നു് എനിക്കു ചോദിക്കേണ്ടി വരുന്നതു്. (അവോമിന്‍ = ഛര്‍ദ്ദി ഒഴിവാക്കുന്ന ഗുളിക.)

പി. ഭാസ്കരന്‍

അല്‍ബേര്‍ കമ്യൂവിന്റെ ‘പ്ലേഗ്’ എന്ന നോവല്‍ ഏതു സഹൃദയനെയും എന്തെന്നില്ലാത്തവിധം ആകര്‍ഷിക്കും. അതിലെ ഒരു വാക്യം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. The order of the world is shaped by death — ലോകത്തിനു വ്യവസ്ഥ നല്കുന്നതു മരണമാണു്. പട്ടണത്തില്‍ പ്ലേഗ് പടര്‍ന്നുപിടിക്കുമ്പോല്‍ മനുഷ്യരെല്ലാവരും ഒന്നാകുന്നു. രോഗം അപ്രത്യക്ഷമായാലും ആപത്തിനെ ഓര്‍ത്തിട്ടു് ആ ഐക്യം അവര്‍ പുലര്‍ത്തിക്കൊണ്ടു പോകുന്നു. അടുത്ത വീട്ടില്‍ മരണമുണ്ടായാല്‍ നമ്മള്‍ ഓടിച്ചെല്ലുന്നു; നമ്മുടെ വീട്ടില്‍ മരണമുണ്ടായാല്‍ അവര്‍ ഓടിവരുന്നു. മൃതദേഹം സംസ്കരിച്ചുകഴിയുമ്പോല്‍ അതുവരെയുണ്ടായിരുന്ന സ്നേഹത്തിനു് ദാര്‍ഢ്യം സംഭവിക്കുന്നു. ഇതുതന്നെയാണു് പി. ഭാസ്കരന്‍ ഹൃദയത്തെ പിടിച്ചുകുലുക്കുമാറു് പറയുന്നതു്.

നാല്‍വഴികള്‍ കൂടുമീക്കവലയില്‍ പുലരിയില്‍
ആള്‍ക്കൂടിയങ്ങിങ്ങു നില്‌പൂ
ഏതോ യുവാവു മൃതനായി
ഏതോ യുവാവു ഹതനായി.

ആ മരണത്തിനു ഹേതുക്കളായവയെ സംക്ഷേപണസാമര്‍ത്ഥ്യത്തോടെ സ്ഫുടീകരിച്ചിട്ടു് കവി പറയുന്നു.

താനേതിരിഞ്ഞു വ്യഥയാര്‍ന്നെന്റെ മാര്‍ഗ്ഗത്തില്‍
ഞാനേകനായി നടകൊള്‍കെ
ആരോ നിഗുഢമൊരു നിശ്ശബ്ദമാം മൊഴിയില്‍
ആര്‍ക്കുന്നിതെന്റെ ചെവിയില്‍
“നീയാണു പോയതു നിനക്കാണു പോയതു
നമുക്കാണു പോയതൊരു തരുണന്‍”

കവിയുടെ ഈ മനുഷ്യസ്നേഹം നമുക്കേവര്‍ക്കും സ്വീകരണീയം. ആദരണീയം. മരിച്ച തരുണന്‍ നമ്മുടെ സഹോദരനാണെന്നു തോന്നുന്നില്ലേ? മരണത്തിന്റെ അര്‍ത്ഥം നമ്മുടെ ജീവിതത്തില്‍ കാണുന്നു പി. ഭാസ്കരന്‍. നമ്മുടെ ജീവിതത്തിന്റെ അര്‍ത്ഥം ആ യുവാവിന്റെ മരണത്തിലും. ഉത്കൃഷ്ടമായ കാവ്യം.

* * *

എന്‍. എം. പ്രഭാകരന്റെ ‘അഹല്യ’ എന്ന കഥയെക്കുറിച്ചു് ഞാന്‍ പറഞ്ഞുകഴിഞ്ഞു. അതിലെ ഒരു മര്യാദകേടിനെപ്പററിയും എഴുതണമെന്നു വിചാരിച്ചതാണു്. മറന്നുപോയി. ഇപ്പോള്‍ ഓര്‍മ്മവന്നതുകൊണ്ടു പറയുകയാണു്. കഥയിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോടു്: “അതല്ല, തന്റെ വേഷം ഒരു കവിക്കു പററിയ വേഷമല്ലിതു്. തന്നെക്കണ്ടാല്‍ ഒരു പൂവാലനാണെന്നേ തോന്നൂ. മുടി അല്പംകൂടി നീട്ടി വളര്‍ത്തണം. കടമ്മനിട്ടയെ കണ്ടിട്ടില്ലേ, അതുപോലെ. ഷര്‍ട്ട് മാററി ഒരു ചീത്ത ജുബ്ബ ഇടണം. താടിവയ്ക്കണം. കഞ്ചാവു ബീഡിയില്ലെങ്കില്‍ വെറും ബീഡിയെങ്കിലും വലിക്കണം.” (പുറം 25, കുങ്കുമം വാരിക.)

മാന്യമായ കടമ്മനിട്ടയെ ഇമ്മട്ടില്‍ ആക്ഷേപിക്കാന്‍ ഈ കഥാകാരനെന്തു് അധികാരമെന്നുതന്നെ ഞാന്‍ ചോദിക്കുന്നു. മനോഹരങ്ങളായ കാവ്യങ്ങള്‍ രചിച്ചു് മഹാസദസ്സുകളില്‍ അവ ചൊല്ലി ശ്രോതാക്കളെ ആഹ്ളാദാനുഭൂതിയില്‍ വിലയംകൊള്ളിക്കുന്ന കവിയാണു് കടമ്മനിട്ട. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന ഒരുവാക്കും ഇന്നുവരെ അദ്ദേഹത്തില്‍ നിന്നു് ഉണ്ടായിട്ടില്ല. ഒരുദിവസം മുഴുവനും അദ്ദേഹത്തോടു സംസാരിക്കു. അന്യനെ ദുഷിച്ചു് അദ്ദേഹം ഒന്നും പറയുകയില്ല. അദ്ദേഹത്തെ വിമര്‍ശിക്കുന്നവരെപ്പോലും എതിര്‍ത്തു് ഒന്നും ഉരിയാടുകയില്ല. മന്ദസ്‌മിതം പൊഴിക്കുകയേയുള്ളൂ. അദ്ദേഹത്തിന്റെ അതിഥിയായി ചെല്ലൂ. അതിഥിസല്‍ക്കാര തല്‍പരത്വത്തിന്റെ ഉടലെടുത്ത രൂപമാണു് കടമ്മനിട്ടയെന്നു് ഗ്രഹിക്കാം. ശത്രുവായി ചെല്ലുന്നവനോടും മിത്രമായി പെരുമാറുന്ന യോഗ്യന്‍. ആ വിധത്തിലുള്ള ഒരു മാന്യനെ ഇങ്ങനെ അധിക്ഷേപിച്ചതു് ശരിയായില്ല. മര്യാദയില്ലാത്ത കാലം!

അഷ്ടമൂര്‍ത്തി

നിത്യജീവിത സംഭവങ്ങള്‍ക്കു ‘ട്രാജിക് ഡൈമന്‍ഷന്‍’ നല്‍കുക. അങ്ങനെ അനുവാചകനു് തീഷ്ണമായ ജീവിതാവബോധം ഉളവാക്കുക — ഇതില്‍ വിജയം കൈവരിച്ചിരിക്കുന്നു അഷ്ടമൂര്‍ത്തി എന്ന കഥാകാരന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘വഴിയോരങ്ങള്‍’ എന്ന ചെറുകഥ). മകനു പേന വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങുന്ന പീതാംബരന്‍ ആകസ്മികമായി കണ്ടുമുട്ടുന്ന കൂട്ടുകാരനുമായി കുടിക്കുന്നു. ബസ്സ് സ്റ്റോപ്പില്‍ വച്ചു കണ്ട ഒരു ചെറുക്കനെ അവന്റെ വീട്ടിലെത്തിക്കുന്നു. ബസ്‌ സ്റ്റോപ്പില്‍ നിന്നപ്പോള്‍ മകനു വേണ്ടി വാങ്ങിയ മനോഹരമായ പേന ആ ചെറുക്കന്‍ ‘കാണക്കെ’ അയാള്‍ എടുത്തു നോക്കിയതാണു്. അവനെ വീട്ടിലെത്തിച്ചിട്ടു് അര്‍ദ്ധരാത്രിയോടു് അടുപ്പിച്ചു സ്വന്തം ഭവനത്തിലെത്തുന്നു. ഉറങ്ങിക്കിടക്കുന്ന മകനെ വിളിച്ചുണര്‍ത്തി “നോക്കൂ നിനക്കു കൊണ്ടുവന്നിരിക്കുന്ന പേന” എന്നു പറഞ്ഞു് പോക്കററില്‍ തപ്പിനോക്കിയപ്പോള്‍ പേനയില്ല. തികഞ്ഞ കാരുണ്യമുള്ള പീതാംബരന്റെ മനസ്സു് ഒട്ടും മൃദുത്വമില്ലാത്ത ബാഹ്യലോകത്തോടു ഏററമുട്ടുമ്പോള്‍ അതു തകര്‍ന്നടിയുന്നു. ഈ തകര്‍ച്ചയെ അഷ്ടമൂര്‍ത്തി എത്ര ഹൃദ്യമായിട്ടാണു് ചിത്രീകരിക്കുന്നതെന്നു് മനസ്സിലാക്കണമെങ്കില്‍ കഥ തന്നെ വായിച്ചുനോക്കണം.

* * *

കാരുണ്യം ആപത്തുസംഭവിപ്പിക്കും

ഒരു സംഭവം പറയട്ടെ. ഒരു ബന്ധുവിന്റെ വീട്ടില്‍ പോയിട്ടു് ഞാനും സഹധര്‍മ്മിണിയും കൂടി തിരുവനന്തപുരത്തെ യൂണിവേഴ്സിററി ലൈബ്രറിക്കു് അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ ചെന്നുനിന്നു. അപ്പോള്‍ ദൂരെനിന്നു് ഒരു പെണ്‍കുട്ടി ഓടി അടുത്തുവന്നു പറഞ്ഞു: “ഞാന്‍ പേരൂര്‍ക്കടയിലാണു് താമസം. എന്നെ ബസ്സില്‍ കയററിവിട്ടിട്ടേ നിങ്ങള്‍ രണ്ടു പേരും പോകാവൂ. റോഡിലാരുമില്ല. എനിക്കു പോടിയാവുന്നു.” എന്റെ മകളെക്കാള്‍ പ്രായം കുറഞ്ഞ കുട്ടി. അവള്‍ക്കു് ആപത്തുവരരുതെന്നു കരുതി “അത്രേയുള്ളു” എന്നു ഞാന്‍ പറഞ്ഞു. “കംബൈന്‍ഡ്സ്റ്റഡി നടത്താന്‍ കൂട്ടുകാരിയുടെ വീട്ടില്‍പോയതാണെന്നും ഒന്‍പതുമണിക്കു മൂത്തസഹോദരന്‍ ബസ്‌ സ്റ്റോപ്പിലെത്തുമെന്നു പറഞ്ഞിരുന്നെ”ന്നും അവള്‍ അറിയിച്ചു. “ചേട്ടനെ കണ്ടില്ലല്ലോ” എന്നു് അവള്‍ കൂടെക്കൂടെ ദുഃഖത്തോടെ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കു പോകേണ്ട ബസ്സുകള്‍ പലതും പോയി. വളരെ നേരം കാത്തുനിന്നുപ്പോൾ പേരൂര്‍ക്കടബസ്സ് വന്നു. പ്രാണഭീതിയോടെയാണു് ഞാന്‍ കൈ കാണിച്ചതു്. അവസാനത്തെ ബസ്സായതു കൊണ്ടാവാം ഡ്രൈവര്‍ അതു നിറുത്തി. പെണ്‍കുട്ടി ഒട്ടും പരിഭ്രമമില്ലാതെ അതില്‍ക്കയറി സീററിലിരുന്നു. താങ്ക്സ് പറഞ്ഞില്ല. ഞങ്ങളെ ഒന്നു നോക്കിയതു പോലുമില്ല്ല ‘നന്ദികെട്ടവള്‍’ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. സമയം വൈകയതുകൊണ്ടു് ഞങ്ങള്‍ക്കു ടാക്സിക്കാറോ ഓട്ടോറിക്ഷയോ കിടിടിയില്ല. നടന്നു വീട്ടിലെത്തിയപ്പോള്‍ അർദ്ധരാത്രിയായി. അടുത്തദിവസം ഞാന്‍ പാളയത്തിലെ ഒരു ലോഡ്ജില്‍ ഇരുന്നു് കഥാകാരനായ ടി. ആറിനോടു പത്തരമണിവരെ സംസാരിച്ചു. ഓട്ടോറിക്ഷ കിട്ടുമോ എന്നറിയാനായി ആ ബസ്‌ സ്റ്റോപ്പിനടുത്തുകൂടെ വന്നപ്പോള്‍ ആ പെണ്ണു് അവിടെ നില്ക്കുന്നു. കൂടെ കാണാന്‍ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനുമുണ്ട്. അവള്‍ പ്രേമവചനങ്ങള്‍ പൊഴിക്കുന്നു. കുഴഞ്ഞാടുന്നു. അയാള്‍ ഷര്‍ട്ടിലെ ബട്ടണ്‍ പിടിച്ചും തിരിച്ചും കാലുകള്‍ പിണച്ചും നിന്നു് രസിക്കുന്നു. പൊലീസിനെ ഭയന്നാവാം തിരിഞ്ഞും പിരിഞ്ഞും നോക്കുന്നുമുണ്ടു്. പെണ്ണ് എന്നെക്കണ്ട മാത്രയില്‍ തല തിരിച്ചുകളഞ്ഞു. ‘നന്ദി കെട്ട വേശ്യ’ എന്നു് ഞാന്‍ മനസ്സില്‍ പറഞ്ഞു. പ്രിയപ്പെട്ട വായനക്കാരെ, കുറച്ചെങ്കിലും ക്രൂരതയോടെ പെരുമാറു. ഇല്ലെങ്കില്‍ അര്‍ദ്ധരാത്രി നിങ്ങള്‍ക്കു വീട്ടിലേക്കു നടന്നു പോകേണ്ടതായിവരും.

* * *

മദ്യപാനാസക്തിയും വര്‍ഗ്ഗബോധവും പടിഞ്ഞാറന്‍ പരിഷ്കാരത്തിന്റെ പ്രകടങ്ങളായ ആപത്തുകളാണു്. നിരീശ്വരവാദം, ഭൗതികവാദം, സോഷ്യലിസം, മദ്യപാനാസക്തി ഇവ കൂട്ടിച്ചേര്‍ന്നിട്ടാണു് ഇരുപതില്‍ പത്തൊന്‍പതു സംസ്കാരങ്ങളും അധഃപതിച്ചതും ജീര്‍ണ്ണിച്ചതും — ആര്‍നോള്‍ഡ് ടോയിന്‍ബിയുടെ അഭിപ്രായമാണിതു്. സോഷ്യലിസവും സംസ്കാരത്തെ ജീര്‍ണ്ണിപ്പിക്കുമോ? അദ്ഭുതാവഹം!

ശല്യം

  • ജി. ശങ്കരക്കുറുപ്പു് പ്രസംഗിക്കുമ്പോള്‍ വലതുകൈ പിറകിലോട്ടാക്കിവച്ചിരിക്കും. പ്രസംഗം തീരുന്നതുവരെ അദ്ദേഹം വിരലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കും [ഞാന്‍ പലതവണ കണ്ടിട്ടുള്ളതു്].
  • ‘ദ്രുതകവന’ത്തിലേര്‍പ്പെട്ട കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ഇടതുകൈകൊണ്ടു് താനിരിക്കുന്ന പരമ്പിന്റെ (പനമ്പിന്റെ) പൊളികള്‍ പൊളിച്ചെടുത്തു പൊടിക്കുമായിരുന്നു. കാവ്യം തീരുമ്പോള്‍ ഇടതുവശത്തു് പരമ്പുപൊടിയുടെ കൂമ്പാരം [ജീവചരിത്രം നല്കിയ അറിവു്].
  • റോബര്‍ട്ട് ബ്രൗണിങ് കാവ്യം രചിക്കുമ്പോള്‍ ഉപ്പുകുററിയുടെ ഭാഗംകൊണ്ടു് കാര്‍പ്പററ് മര്‍ദ്ദിച്ചുകൊണ്ടിരിക്കും. കാവ്യം എഴുതിത്തീരുമ്പോള്‍ കാര്‍പ്പററില്‍ പല കുഴികള്‍ കാണും [ജീവചരിത്രത്തില്‍നിന്നു്].
  • ചങ്ങമ്പുഴ കൃഷ്ണപിള്ള ആരോടു സംസാരിച്ചാലും “മനസ്സിലായോ, മനസ്സിലായോ?” എന്നു കൂടക്കൂടെ ചോദിക്കും [നോരിട്ടുള്ള പരിചയത്തില്‍നിന്നു്].
  • പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധപ്പെടുത്തിയ തന്റെ പുസ്തകങ്ങളിൽ ഏറിയ കൂറും വാങ്ങിക്കുന്നതു് ആ ഗ്രന്ഥകാരന്‍ തന്നെ [കലാകൗമുദിയില്‍ ‘സാഹിത്യവാരഫല’മെഴുതുന്ന എം. കൃഷ്ണന്‍നായര്‍ സ്വന്തം പ്രവൃത്തിയെ പരസ്യമാക്കുന്നു].
  • കെ.കെ. സുധാകരന്‍ എന്ന കഥാകാരന്‍ കഥകളെഴുതി ദേശാഭിമാനി വാരികയുടെ വായനക്കാരെ ശല്യപ്പെടുത്തുന്നു [അദ്ദേഹത്തിന്റെ ‘ക്ഷുദ്രജീവികള്‍’ എന്ന ക്ഷുദ്രമായ കഥ വാരികയില്‍ വായിച്ചതിനുശേഷം ഉണ്ടായ അഭിപ്രായം].

രതോപകാരി

വേശ്യകളുടെ വരുമാനത്തെ അവലംബിച്ച ജീവിതം കുഴിച്ചുകൂട്ടുന്നവരെ ഇംഗ്ലീഷില്‍ pimp എന്നു വിളിക്കും. (Benjamin and Masters എഴുതിയ പുസ്തകം) രതോപകാരി എന്നു വേണമെങ്കില്‍ തര്‍ജ്ജമയാകാം. പുരുഷന്മാരെ വിളിച്ചുകൊണ്ടുവരിക, സൗകര്യമുളള സ്ഥലത്തു് അവളെ കൊണ്ടുചെന്നു പുരുഷന്മാരുടെ മുന്‍പിലാക്കിക്കൊടുക്കുക ഇതൊക്കെയാണു് രതോപകാരികളുടെ ജോലി. ചിലപ്പോള്‍, ബ്യൂട്ടി പാര്‍ലറുകളില്‍ വേശ്യ പോകുമ്പോള്‍ കൂട്ടിനായി അവനും പോകേണ്ടതായിവരും. വേശ്യയ്ക്കു പതിവുകാരോടാണു് ബന്ധം. രതോപകാരി ആവശ്യപ്പെട്ടാല്‍ അവനു വഴങ്ങേണ്ടതായി വരും. രതോപകാരി ചിലപ്പോള്‍ സഹോദരനായിരിക്കും. അങ്ങനെയാണെങ്കില്‍ വഴങ്ങുന്ന ‘പ്രശ്നം’ ഒട്ടുമില്ല. മുകളില്‍പ്പറഞ്ഞ നിര്‍വ്വചനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചാല്‍ സഹോദരിയുടെ വേശ്യാവൃത്തി കണ്ടില്ലെന്നു നടിച്ചു് അവള്‍ കൊടുക്കുന്ന പണം സ്വീകരിച്ചു കഴിയുന്നവനെയും രതോപകാരിയെന്നു വിളിക്കാം. സഹോദരി രാത്രി വളരെ വൈകി വീട്ടിലെത്തുമ്പോള്‍ അവന്‍ ചീനച്ചട്ടി തലയില്‍ കമിഴ്‌ത്തിവച്ചു ഉറക്കം നടിച്ചുകൊള്ളും. അല്ലെങ്കില്‍ ഇരുട്ടത്തു് അവളുടെ ചവിട്ടു് അവന്റെ തലയില്‍ കൊള്ളും. കാലത്തു് പത്തുരൂപ അവള്‍ കൈയില്‍ വച്ചു കൊടുക്കുമ്പോള്‍ അവനു സന്തോഷമാകും. ഈ വിധത്തിലൊരു രതോപകാരിയെ വിശ്വരാജ് കണ്ണപുരം മനോരാജ്യം വാരികയിലെഴുതിയ ‘ചോണനുറുമ്പുകള്‍’ എന്ന കഥയില്‍ കാണാം. ഒരു വ്യത്യാസം മാത്രം. സഹോദരിയുടെ വ്യഭിചാരം അവനു് ഇഷ്ടമില്ല. മററു മാര്‍ഗ്ഗമില്ലാതെ അവന്‍ മൗനം അവലംബിക്കുന്നു എന്നേയുള്ളു. കഥയെക്കുറിച്ചു ഞാനും മൗനം അവലംബിക്കുന്നു. എല്ലാക്കഥകളും മോശമാണന്നു പറയാന്‍ മനസ്സു സമ്മതിക്കുന്നില്ല.

മുന്‍പൊരിക്കല്‍ റവന്യൂബോര്‍ഡ് മെംബര്‍ എന്‍. ഗോപാലകൃഷ്ണന്‍നായര്‍ ‘രതോപകാരി’ എന്ന എന്റെ പ്രയോഗം ശരിയല്ലെന്നു എന്നോടു പറഞ്ഞു. ‘രത്യുപകാരി’ എന്നതാണു ശരിയായ രൂപമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോപാലകൃഷ്ണന്‍നായര്‍ സംസ്കൃതത്തില്‍ അവഗാഹമുള്ള ആളായിരിക്കാം. എനിക്കു് അത്രകണ്ടു് അറിവുമില്ല ആ ഭാഷയെസ്സംബന്ധിച്ചു്. എങ്കിലും രതോപകാരി എന്ന പ്രയോഗത്തില്‍ തെററില്ലെന്നു പറയട്ടെ. രത + ഉപകാരി = രതോപകാരി എന്നേ വരു. രതശബ്ദത്തിനു സംഭോഗമെന്നു് അര്‍ത്ഥം. ശാകുന്തളത്തില്‍ രതോല്‍സവം (the feast of sexual enjoyment) എന്ന പ്രയോഗമുണ്ടുതാനും.