close
Sayahna Sayahna
Search

സാഹിത്യവാരഫലം 1989 03 12


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1989 03 05
ലക്കം 703
മുൻലക്കം 1989 02 26
പിൻലക്കം 1989 03 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വേണ്ട സന്ദർഭത്തിൽ വിട്ടുവീഴ്ചകളൊക്കെ ചെയ്തുകൊണ്ട് ഏറിയകൂറും തെറ്റു ചെയ്യാതെ ജീവിക്കുന്നവനാണ് സന്മാർഗ്ഗവാദി. അല്ലാതെ മകൻ തെറ്റു ചെയ്താൽ പോലീസിനെക്കൊണ്ട് അവനെ തല്ലിക്കുന്നവനല്ല.

ഇതെഴുതുന്ന ആൾ പലപ്പോഴും മദ്യപരുടെ സംഘത്തിൽ പെട്ടുപോയിട്ടുണ്ട്. കുടിക്കുന്നവർ പെട്ടെന്ന് അതവസാനിപ്പിച്ചിട്ട് എഴുന്നേറ്റുവരില്ല. കുടിച്ചുകുടിച്ച് കൈയും കാലും നാവും കുഴയുമ്പോൾ ‘നൗ അയാം ഗോയിങ് റ്റു ഡ്രിങ്ക്’ എന്നുപറയുന്ന ഒരു സമുന്നതനെ എനിക്കു നേരിട്ടറിയാം. അദ്ദേഹത്തോടൊരുമിച്ചു സന്ധ്യതൊട്ട് നേരം വെളുക്കുന്നതുവരെ ഒറ്റയിരിപ്പിൽ ഇരിക്കേണ്ട ഗതികേട് എനിക്കുണ്ടായിട്ടുണ്ട്. എനിക്കൊട്ട് എഴുന്നേറ്റുപോരാൻ സാധിക്കുകയുമില്ല. മീറ്റിങ്ങിനു പോയിട്ടു തിരിച്ചുപോരുമ്പോഴാണ് ഏതെങ്കിലും സ്ഥലത്തെ മദ്യക്കടയിൽ കയറിയിരിക്കുക. കാറ് എല്ലാവർക്കുംകൂടിയുള്ളതാണല്ലോ. അതുകൊണ്ട് വെള്ള കീറുന്നതു വരെ തടിക്കസേരയിൽ ഇരിക്കാൻ ഞാൻ നിർബ്ബദ്ധനായിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോൾ മദ്യപരുടെ ചേഷ്ടകളും രീതികളും ഞാൻ നോക്കി മനസ്സിലാക്കും. വിസ്കിയോ ബ്രാൻഡിയോ ടംബ്ലറ്റിൽ കുറച്ച് ഒഴിച്ച് സോഡ ചേർത്തുവയ്ക്കുന്നു ഒരാൾ. എല്ലാവർക്കും അയാൾ തന്നെ വിളമ്പുകയാണ്. അതുകഴിഞ്ഞാൽ കുടി. കുടിക്കുന്ന രീതിക്കു വ്യത്യസ്തതകളുണ്ട്. ചിലർ ഒറ്റവലിപ്പിന് ടംബ്ലറിലുള്ളതെല്ലാം അകത്താക്കും. മറ്റു ചിലർ ലേശം സിപ്പ് ചെയ്തിട്ട് നാരങ്ങയോ മാങ്ങയോ തൊട്ടുനക്കും. പിന്നെ അതുമിതും പറയും. കുടിക്കാതിരിക്കുന്നവനെ ‘പതിവ്രതേ’ എന്നു വിളിക്കും. വായനക്കാർക്കു തോന്നുന്നുണ്ടാവും ഒറ്റ മോന്തിനു മദ്യം മുഴുവനും അകത്താക്കിയവനാണ് വലിയ കുടിയനെന്ന്. ആ തോന്നൽ തെറ്റ്. അതിമദ്യപൻ ലേശം ലേശം എന്ന കണക്കിനേ അത് അകത്താക്കൂ. കുടിച്ചു ശീലമില്ലാത്തവനാണ് കണ്ണ് ഇറുക്കിയടച്ചുകൊണ്ട് ഒരു നിമിഷത്തിനകത്ത് ടംബ്ലർ കാലിയാക്കുന്നത്. കാണുന്ന സ്ത്രീകളുടെയെല്ലാം പിറകേ ഓടുന്നവനെ ‘ഹോടെറിബിൾ വുമണൈസർ’ എന്നു ആളുകൾ വിശേഷിപ്പിക്കും. ഒരു ടെറിബിൾ വുമണൈസറുമല്ല അയാൾ. അധികം സ്ത്രീകളെ സ്പർശിച്ചിട്ടില്ലാത്തവരാണ് കാണുന്ന പെണ്ണുങ്ങളുടെയെല്ലാം പിറകേ ഓടുക. ഏറെ പരസ്ത്രീഗമനം നടത്തിയ പുരുഷന്മാർക്ക് ഈ വേവലാതിയും വെപ്രാളവും കാണില്ല. അവർക്കു ക്രമേണ ചെടിപ്പ് ഉണ്ടാകുകയേയുള്ളു. അതുപോലെയാണ് സദാചാരതല്പരരായി പ്രത്യക്ഷപ്പെടുന്നവർ. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ്സിൽ നൂറിനു മുപ്പത്തിനാലേമുക്കാൽ മാർക്ക് ഇട്ടുവയ്ക്കുന്നവൻ ‘തത്ത്വദീക്ഷ’യുള്ളവനെന്നു തെറ്റിദ്ധരിക്കരുത്. ഒന്നുകിൽ അയാൾ ജീവിതത്തിൽ വലിയ കള്ളമെന്തെങ്കിലും ചെയ്തിരിക്കും. അല്ലെങ്കിൽ അയാളുടെ അച്ഛൻ കൈക്കൂലി വാങ്ങുന്നവനായിരിക്കും. ആ കൈക്കൂലി കൊണ്ടാണ് തന്നെ അച്ഛൻ പഠിപ്പിച്ചതെന്ന് അയാൾക്ക് എപ്പോഴും ഓർമ്മയുണ്ടായിരിക്കും. അതിന്റെ റിയാക്ഷനാണ് മുപ്പത്തിനാലേമുക്കാൽ മാർക്ക്. “സാർ കഞ്ഞി കുടിക്കാൻ ഒരു പ്ലാവില എടുത്തോട്ടോ” എന്ന് സന്മാർഗ്ഗവാദിയോടു നമ്മൾ വിനയപൂർവം ചോദിക്കുന്നു. അദ്ദേഹം ഇങ്ങോട്ടൊരു ചോദ്യം: “പച്ച പ്ലാവിലയോ പഴുത്ത പ്ലാവിലയോ?” നമ്മൾ അവനതശിരസ്കരായി തൊഴുകൈയോടെ “പഴുത്ത പ്ലാവിലയാണേ” എന്നു പറയുന്നു. സന്മാർഗ്ഗവാദി ഉടനെ “ശരി, നിയമം അനുശാസിക്കുന്നുണ്ടോ എന്നു നോക്കട്ടെ. ഒരു മണിക്കൂർ കഴിഞ്ഞു വരൂ” എന്നു മൊഴിയുന്നു. ഇയാൾ ഒരു സന്മാർഗ്ഗവാദിയുമല്ല, നിയമപാലകനുമല്ല. ഇയാൾക്കും കാണും ജീവിതത്തിൽ എന്തെങ്കിലും കുഴപ്പം. വേണ്ട സന്ദർഭത്തിൽ വിട്ടുവീഴ്ചകളൊക്കെ ചെയ്തുകൊണ്ട് ഏറിയകൂറും തെറ്റു ചെയ്യാതെ ജീവിക്കുന്നവനാണ് സന്മാർഗ്ഗവാദി. അല്ലാതെ മകൻ തെറ്റു ചെയ്താൽ പോലീസിനെക്കൊണ്ട് അവനെ തല്ലിക്കുന്നവനല്ല.

ഇപ്പറഞ്ഞ സാമാന്യ നിയമത്തിന് അപവാദമില്ലേ? ഉണ്ട്. അങ്ങനെ ചൂണ്ടിക്കാണിക്കാവുന്ന ഒരാളെയാണ് പമ്മൻ തന്റെ “ആത്മീയ വിദ്യാലയം” എന്ന ചെറുകഥയിൽ (കുങ്കുമം) ചിത്രീകരിച്ചിട്ടുള്ളത്. മഹാദേവ് തീരെക്കുറഞ്ഞ ജോലിയിൽ പ്രവേശിച്ചു. അങ്ങനെതന്നെ അതിൽ നിന്നു വിരമിച്ചു. കൂടെയുള്ളവർ കൊട്ടാരം പോലുള്ള വീടികൾ വച്ചു. ധനികയായി. പക്ഷേ ജീവിതത്തിൽ എപ്പോഴും നിസ്സംഗത പാലിച്ച മഹാദേവ് തല്പരനായിരുന്നില്ല. പ്രശാന്തമായി ഒഴുകുന്ന നദിപോലെയാണ് പമ്മന്റെ ഈ കഥ. ആ ഉപരിതലത്തിൽ നിന്ന് അല്പം താഴോട്ടിറങ്ങു. നന്മയുടെ അന്തർദ്ധാര നിങ്ങളെ തഴുകും. ഒരു മഹാവ്യക്തിയുടെ വികാരങ്ങൾ നിങ്ങൾ അനുഭവിക്കും. ഇതിൽക്കൂടുതലായി എന്തുവേണം? കഥ വായിച്ചു തീർന്നപ്പോൾ മഹാദേവിനെപ്പോലെ ജീവിക്കാൻ എനിക്കിതുവരെ കഴിഞ്ഞില്ലല്ലോ എന്നൊരു ദുഃഖം.

* * *

ബൊലൊന്യാ സർവകലാശാലയിൽ (University of Bologna) സീമിയോട്ടിക്സ് പ്രൊഫസറായ ഉമ്പർട്ടോ എചോ എഴുതിയ The name of the Rose എന്ന നോവൽ 1983-ലാണ് പ്രസിദ്ധപ്പെടുത്തിയത് (ഇംഗ്ലീഷിൽ). അതിന്റെ കോടിക്കണക്കിനുള്ള പ്രതികൾ വിറ്റഴിഞ്ഞു. ആ ആദ്യത്തെ നോവൽ കൊണ്ടു തന്നെ എചോ ലോക പ്രശസ്തനായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായി Foucault’s Pendulum ഈ വർഷം ഒക്ടോബറിൽ ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തും. ഇറ്റലിയിൽ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ഈ നോവലിനെക്കുറിച്ച് The Economist വാരികയിൽ വിവരണമുണ്ട്. സത്യാത്മകവും സാങ്കല്പികവുമായ സംഭവങ്ങൾ പല ശതാബ്ദങ്ങളിലായി നിവേശിപ്പിച്ച് എചോ എഴുതിയ ഈ നോവൽ പള്ളിയുടെ അപ്രീതിക്ക് കാരണമായിത്തീർന്നിരിക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ ഫൂക്കോ പത്തൊൻപതാം ശതാബ്ദത്തിലെ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായിരുന്ന ലേയോങ് ഫൂക്കോയാണ്. ഭൂമിയുടെ ഭ്രമണം കാണിക്കുന്ന പെൻഡുലം കണ്ടുപിടിച്ച ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം ആദരിക്കപ്പെടുന്നു. ഒരു പ്രധാന കഥാാപാത്രത്തെ ഈ പെൻഡുലത്തിൽ തൂക്കുന്നതായി നോവലിൽ പ്രസ്താവമുണ്ട്. ഗൂഢാർത്ഥം, ഗൂഢാർത്ഥമായിത്തന്നെയിരിക്കുന്ന ഈ നോവൽ ഇറ്റലിയെയാകെ പിടിച്ചെടുത്തുകഴിഞ്ഞുവെന്നാണ് വാരികയിലെ റിപ്പോർട്ട്. നോവലിന്റെ 492-ആം പുറത്ത് എചോ പ്രപഞ്ചത്തിന്റെ രഹസ്യമെന്താണ് എന്ന് സ്പഷ്ടമാക്കിയിട്ടുണ്ടത്രേ. പ്രപഞ്ചം ഒരു വലിയ ഉള്ളിയാണ്. പോളകൾ ഇളക്കിക്കഴിഞ്ഞാൽ പിന്നൊന്നുമില്ല. 492-ന് വേറെയും അർത്ഥമുണ്ട്. റോമിൽകൂടെ പോകുന്ന ഒരു ബസ്സിന്റെ നമ്പരുമാണത്. ഇംഗ്ലീഷ് വാരികകളിലെ റെവ്യൂ എപ്പോഴും ബഹിർഭാഗസ്ഥമാണ്. സാഹിത്യകൃതിയുടെ പ്രാധാന്യം അതൊരിക്കലും എടുത്തുകണിക്കില്ല. അതുകൊണ്ട് നോവലിന്റെ ഇംഗ്ലീഷ് തർജ്ജമ കിട്ടുന്നതുവരെ നമുക്ക് കാത്തിരിക്കാം.

Economist വാരികയിൽ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടി ഇവിടെ എഴുതേണ്ടതാണെന്ന് തോന്നുന്നു. നൊർവീജിയൻ നാടക കർത്താവായ ഇബ്സന്റെ (‘ഇപ്സൻ’ എന്നാണ് നോർവേയിലെ ഉച്ചാരണാം ‘പർ ഗ്യുന്ത്’ (Peer Gyunt) എന്ന നാടകത്തിൽ വൃദ്ധനായ പർ ഗ്യുന്ത് ഒരു തുള്ളിയെടുത്ത് ഓരോ പോളയുമടർത്തി അതിനെ തന്റെ ജീവിതത്തിലെ സംഭവങ്ങളോടു ബന്ധിപ്പിച്ചു നോക്കുന്നതിന്റെ പ്രതിപാദനമുണ്ട്. പോളകൾ എല്ലാം ഇളക്കിക്കഴിയുമ്പോഴാണ് അതിന് കേന്ദ്രമില്ലെന്ന് അയാൾക്ക് മനസ്സിലാവുക. തന്റെ ജീവിതവും അതുപോലെ പൊള്ളയാണെന്ന് പർ ഗ്യുന്ത് ഗ്രഹിക്കുന്നു. ആശയങ്ങൾക്ക് കോപ്പിറൈറ്റ് വല്ലതുമുണ്ടോ? നടക്കട്ടെ.

സച്ചിദാനന്ദൻ

സച്ചിദാനന്ദന്റെ ‘കയറ്റം’ എന്ന കാവ്യം (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരനുഭവം പ്രദാനം ചെയ്തിരിക്കുന്നു. ജീവിതത്തിന്റെ ക്ഷുദ്രതയിൽ നിന്ന് അതെന്നെ മോചിപ്പിച്ച് ഉത്കൃഷ്ടതമമായ മണ്ഡലത്തിൽ എത്തിച്ചിരിക്കുന്നു. ഈ മഹനീയമായ അനുഭവം എനിക്ക് നൽകിയ കവിയോട് ഞാൻ നന്ദി പറയുന്നു. മനുഷ്യജീവിതത്തിന്റെ അഗാധതകളിലേക്കും മനുഷ്യന്റെ ഭവിതവ്യതകളിലേക്കും ഭാവനയുടെ സഹായത്തോടെ കവി കടന്നുചെല്ലുന്നത് കാണുമ്പോൾ എനിക്ക് ആഹ്ലാദാനുഭൂതി. ഈ കാലയളവിലെ ഏറ്റവും സുശക്തവും ഏറ്റവും മനോഹരവുമായ കാവ്യമാണ് സച്ചിദാനന്ദന്റെ “കയറ്റം”.

സ്ത്രീയും പുരുഷനും പൂനിലാവിൽ മുങ്ങിയ ഭൂവിഭാഗം പോലെ, അർക്കകാന്തിയിൽ തിളങ്ങുന്ന ഭൂപ്രദേശം പോലെ. ജീവിതം അന്ന് ആകർഷകം. അവൾ അന്ന് ഫലമാണെങ്കിൽ അവൻ അതിന്റെ മാധുര്യമാണ്. അവൾ അരുവിയാണെങ്കിൽ അവൻ അതിലെ മാരിവിൽമീനാണ്. അവൾ സ്ഫടികമാണെങ്കിൽ അവൻ അതിലെ വെളിച്ചമാണ്. അങ്ങനെ കഴിയുമ്പോഴാണ് തമസ്സിന്റെ ശക്തികൾ കരടിയുടെ രൂപമാർന്ന് എത്തുന്നത്. അവന് രൂപാന്തരപ്രാപ്തി. അതുകണ്ട് അവൾ നിദ്രയിൽ ചോദിക്കുന്നു:

ഇനിയുമക്കാലം വരില്ലേ?
തളിരുപോലുള്ളൊരാപ്പഴയ ശബ്ദത്തിൽ നീ-
യൊരു വട്ടമെന്നെ വിളിക്കൂ.
നിണഗന്ധമേശാത്ത ചുണ്ടിൻ നിലാവിനാൽ
പഴയപോലൊന്നുമ്മവയ്ക്കൂ
കവിതയിലെന്നെ വർണ്ണിക്കേണ്ടടുക്കള
ക്കരിയിൽ ഞാൻ വേർത്തു വീഴുമ്പോൾ
ഒരു വിരൽ കൊണ്ടൊഞ്ഞു താങ്ങുകീടത്തടവറ-
യ്ക്കരികിൽ വന്നെന്നെത്തലോടൂ
മഴപോലെ നീയൊന്ന് കരയൂ. കുടകപ്പാല
മലരിന്റെ കുലപോൽ ചിരിക്കൂ.

അയാൾക്ക് ചിരിക്കാൻ വയ്യ. ആദർശാത്മകത്വത്തിന്റെ, പരമസത്യത്തിന്റെ മല കയറുവാൻ അവർ തീരുമാനിച്ചു. രോഗവും ദാരിദ്ര്യവും മരണവുമില്ലാത്ത ഭൂമിയെ കിനാവു കാണാനേ പറ്റൂ. സാക്ഷാൽക്കരിക്കാനാവില്ല. ആ കയറ്റത്തിൽ മരണം അവനെ സമാക്രമിക്കുന്നു. എങ്കിലും ഒരുകാലത്ത് അഭിശപ്തമായ ഈ ഭൂമി സ്വർഗമാകുമെന്നാണ് അവന്റെ പ്രത്യാശ. കലാസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ കാവ്യത്തിന് കിരീടം വച്ചുകൊണ്ട് കവി കാവ്യം അവസാനിപ്പിക്കുന്നു.

ഇനിവരും തലമുറയ്ക്കായ് ശുദ്ധവായുവും
ജലവും സ്വതന്ത്രാത്മാവും
മുകളിൽ നീ കാണുമപ്പോൾ കിളിക്കൂട്ടമൊ
ന്നതിൽ ഞാനുമുണ്ടായിരിക്കും.
മുകളിൽ തിളങ്ങിടും നക്ഷത്രജാലമൊ
ന്നതിൽ നീയുമൊരുളവായ് തീരും

മനുഷ്യന്റെ ദുർദശ, ദുരന്തത്തിന്റെ അനിവാര്യത, അവയിൽപ്പോലും തലയുയർത്തുന്ന പ്രത്യാശ, വന്യമൃഗത്തിന്റെ വേഷം ധരിച്ചെത്തുന്ന ദൗഷ്ട്യം ഇവയെല്ലാം ചേതോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു ഈ കാവ്യം. കാവ്യ സരസ്വതിയുടെ ഹൃദ്യമായ വീണാവാദനം ഞാനിതിൽ കേൾക്കുന്നു. ക‌വേ അങ്ങേയ്ക്ക് ധന്യവാദം. വീണ്ടും വീണ്ടും വായിക്കാനായി ഈ കാവ്യം ഞാൻ സൂക്ഷിച്ചുവയ്ക്കട്ടെ.

* * *

സൽമാൻ റഷ്ദിയുടെ നോവലുകൾ മൗലികങ്ങളല്ല. അവ എപ്പോഴും ‘ഡിറിവെറ്റീവ്’ (മറ്റുള്ളവയിൽ നിന്ന് എടുക്കുന്നവ) ആണെന്ന് ഈ പംക്തിയിൽ പലപ്പോഴും എഴുതിയിട്ടുണ്ട്. അതിന് ബലം നൽകുന്ന പ്രസ്താവം ടൈം വാരികയിലുണ്ട്. ‘The Satanic Verses’ നിരൂപണം ചെയ്യുന്ന പോൾ ഗ്രേ പറയുന്നു: He has obviously read his garcia Marques, his Joyce, his Thomas Pynchon. ഗ്രേ മാന്യനാണ്. ചൂഷണം എന്ന വാക്ക് ഉപയോഗിക്കാൻ മടിയുള്ളതുകൊണ്ട് വളച്ചുകെട്ടി എഴുതുന്നു. അത്രേയുള്ളൂ.

ഹിന്ദു — മുസ്ലീം മൈത്രി

ഞാനൊരാഫീസിൽ ജോലി നോക്കുന്ന കാലം. വടക്കേ ഇന്ത്യയിലെ ഒരു ഹിന്ദു എന്നെ കാണാൻ വന്നു. അയാൾക്ക് ആ ആഫീസിൽ നിന്ന് ഒരു കാര്യം നേടാനുണ്ടായിരുന്നു. സംഭാഷണത്തിനിടയിൽ ഹിന്ദു — മുസ്ലീം വിരോധത്തെക്കുറിച്ച് പറയാനിടയായി. അപ്പോൾ ഞാൻ ചോദിച്ചു: “നിങ്ങളെന്തിനാണ് മുസ്ലീമിനെ കൊല്ലാൻ പോകുന്നത്? ഞാൻ ഒരു ഗ്രാമപ്രദേശത്ത് ബന്ധപ്പെട്ടവനാണ്. അവിടെ വീട്ടിൽ എന്തെങ്കിലും വിശേഷമുണ്ടായാൽ ഇസ്ലാം മതത്തിൽപ്പെട്ടവരാണ് സഹായത്തിനെത്തുന്നത്. വിവാഹമാണെങ്കിൽ അവർ പന്തൽ കെട്ടിത്തരും, വിറകുകീറിത്തരും, വാർപ്പും മറ്റും ദൂരെ നിന്ന് ചുമന്നുകൊണ്ട് വരും. ഒരു കാശുപോലും പ്രതിഫലം വാങ്ങുകയുമില്ല. മാത്രമല്ല, കാവിൽ കൊടുക്കേണ്ട വെളിച്ചെണ്ണ ശുദ്ധമാക്കാൻ ഒരു മുസ്ലീമിനെക്കൊണ്ടാണ് തൊടീക്കുന്നത്. നിങ്ങളുടെ ഈ ഇസ്ലാം വിരോധം അപരിഷ്കൃതമാണ്.” ഇതു കേട്ട ആ ഹിന്ദുവിന്റെ മുഖം ചുവന്നു. കണ്ണുകൾ രക്തച്ഛവിയാർന്നു. വിറച്ചുകൊണ്ട് അയാൾ എന്നോട് പറഞ്ഞു: “ഞാൻ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ എന്റെ വീട്ടിൽ ബഹളം. മുസ്ലീങ്ങൾ വീട് ആക്രമിക്കുകയായിരുന്നുവെന്ന് ഉണർന്ന ഞാനറിഞ്ഞു. അവർ എന്റെ അമ്മയേയും അനിയത്തിയെയും പിടിച്ചുകൊണ്ടുപോയി. വർഷങ്ങൾക്കു ശേഷം ഗാന്ധി ഇടപെട്ട് ഹിന്ദുക്കൾ തിരിച്ചുവന്നപ്പോൾ എന്റെ സഹോദരിയുമെത്തി. പക്ഷേ അവളുടെ കവിളിൽ “…Sixty times” എന്ന് പച്ച കുത്തിയിരുന്നു (കുത്തിട്ട സ്ഥലത്ത് ഇംഗ്ലീഷിലുള്ള ആ നാലക്ഷരരൂപത്തിന്റെ ഭൂതകാല രൂപം). ഞാൻ മുസ്ലീം വിരോധിയായതിൽ എന്താണ് കുറ്റം? ഈ അനുഭവം നിങ്ങൾക്കുണ്ടായാൽ നിങ്ങളെന്തു ചെയ്യും? നിങ്ങൾ നാട്ടിൽ മുസ്ലീമുമായി സൗഹാർദ്ദത്തിൽ കഴിയുന്നുവെന്നോ? ശരിയായിരിക്കും. പക്ഷേ, സൗകര്യം കിട്ടിയാൽ അവർ നിങ്ങളെ കൊല്ലും.” ഞാൻ പ്രതിഷേധിച്ചു. “മനുഷ്യർ ഒരുപോലെയാണ്. മുസ്ലിം ദേഷ്യപ്പെടുന്നതുപോലെ ഹിന്ദുവും ദേഷ്യപ്പെടും. ഹിന്ദു കാരുണ്യം കാണിക്കുന്നതുപോലെ മുസ്ലിമും കാരുണ്യം കാണിക്കും” എന്നു ഞാൻ പറഞ്ഞു. അപ്പോൾ കോപാകുലനായി അയാൾ ചോദിച്ചു. “നിങ്ങളുടെ മാപ്പിള റെബല്യൻ എന്നാണ്? ഞാനതു മനസ്സിലാക്കിയിട്ടില്ല എന്ന വിചാരമാണോ നിങ്ങൾക്ക്?” ഹിന്ദു കത്തിയെടുത്ത് എന്നെ കുത്തുമെന്ന് എനിക്കു തോന്നി. ഞാൻ അയാളെ ശാന്തനാക്കാൻ വേണ്ടി അയാളുടെ കരതലം ഗ്രഹിച്ച് സെക്രട്ടറിയായിരുന്ന എൻ. രാഘവൻപിള്ളയുടെ മുറിയിൽ മൊണ്ടുപോയി. ഫയൽ എടുത്തു. അദ്ദേഹം ഓർഡറിട്ടു. ഒപ്പിട്ട ഓർഡർ കൈയിൽ കൊടുത്തപ്പോഴും അയാൾ കോപം കൊണ്ടു വിറയ്ക്കുകയായിരുന്നു. അയാളോടു സഹതപിച്ചുകൊണ്ട് എഴുതട്ടെ യാഥാസ്ഥിതികരും വർഗ്ഗീയവാദികളുമാണ് നമ്മുടെ രാജ്യത്തിന്റെ ശാപം. ഒരു ഹിന്ദു സഹോദരിയുടെ കവിളിൽ അറുപതുതവണയെന്ന്പച്ചകുത്തിയപോലെ മുസ്ലിം സഹോസരിയുടെ കവിളിലും അമ്മട്ടിൽ കുത്തിയിരിക്കില്ലേ? ആ ഹിന്ദുവിനും അയാളെപ്പോലെയുള്ള മുസ്ലിമിനും അതൊന്നും ആലോചിക്കാനാവില്ല.

ഇതിനൊന്നും ഒരു പരിഹാരവുമില്ല. എങ്കിലും സെൻസിറ്റീവ് ആർട്ടിസ്റ്റ് ഈ ക്രൂരതകൾ കണ്ട് പ്രതികരിക്കും. ആ പ്രതികരണമാണ് വർഷങ്ങൾക്കുമുൻപ് ലളിതാംബിക അന്തർജനത്തിന്റെ ഒരു ചെറുകഥയിൽ കണ്ടത്. മലബാറിൽ കലാപമുണ്ടായപ്പോൾ മുഹമ്മദീയൻ വേട്ടയാടിയ ഒരു നമ്പൂതിരിയെ മറ്റൊരു മുഹമ്മദീയൻ രക്ഷിക്കുന്നതാണ് അക്കഥ. പുളകോദ്ഗമം കൂടാതെ അതു വായിച്ചുതീർക്കാനാവില്ല. ഇക്കാലത്തു ഹിന്ദു — മുസ്ലിം മൈത്രിയെ പരോക്ഷമായി പ്രകീർത്തിച്ചുകൊണ്ട് ഒരു കഥ ആവിർഭവിച്ചിരിക്കുന്നു; ദേശാഭിമാനി വാരികയിലെ ‘പുന്നാരമോൾ’എന്ന കഥ (എം. രാഘവൻ എഴുതിയത്) അതിലെ ആയിഷുമ്മ എന്ന വൃദ്ധയ്ക്ക് ഒരു ഹിന്ദു പെൺകുട്ടിയോടു തോന്നുന്ന സ്നേഹം ഹൃദയകാരിയായി രാഘവൻ ചിത്രീകരിച്ചിരിക്കുന്നു. അതോടൊപ്പം മുസ്ലിം സമുദായത്തിലെ ആചാരവിശേഷങ്ങളും സ്വാഭാവാവിഷ്കരണ പ്രധാനമായ കഥയാണിതു്. പുതിയ ഉൾക്കാഴ്ചയൊന്നും ഇതിനില്ലെങ്കിലും പരായണ യോഗ്യമാണ് ഇതെന്നതിൽ സംശയമില്ല.

കിഴക്കിന്റെ മകൾ

ഭർത്താവിനോട് മര്യാദയില്ലതെ പെരുമാറുന്നവൾ?”

മറ്റെല്ലാ പുരുഷന്മാരോടും നന്നായി പെരുമാറും. അവളുടെ ശബ്ദം അപ്പോൾ തേനൊഴുകുന്നതുപോലെയിരിക്കും

ഉന്നതരായ പടിഞ്ഞാറൻ എഴുത്തുകാരുടെ മഹായശ്ശസ്സു മനസ്സിലാക്കി അവരുടെ മാസ്റ്റർപീസുകളിലേക്കു ചെല്ലുമ്പോൾ ഒരു അപരിചിത പ്രദേശത്തു ചെന്നുചേർന്ന പ്രതീതിയാണ് പലപ്പോഴും നമ്മൾക്ക്. ഇറ്റലിയിലെ ശിൽപിയും മെറ്റൽസ്‌മിത്തുമായ ബൻവനുറ്റോ ചെലീനിയുടെ (Benvenuto Celini, 1500–71) ആത്മകഥ നമ്മൾ കസമ്പീച്ചു വായിക്കും.പക്ഷേ ഇതെന്റെ കഥയാണ് എന്നു തോന്നുകയില്ല. ഇ.വി. കൃഷ്ണപിള്ളയുടെ ആത്മകഥ വായിക്കുമ്പോൾ ഉണ്ടാകുന്ന ‘ഇഴുകിച്ചേരൽ’ ചെലീനിയുടെ ആതമകഥാ പാരായണത്തിൽ സംഭവിക്കുന്നില്ല എന്നു സാരം. ഇതല്ല ബേനസിർ ഭൂട്ടൊയുടെ ആത്മകഥ വായിക്കുമ്പോഴത്തെ അനുഭവം. ഇൻഡ്യാക്കാരെ പട്ടികളെന്നു ഭൂട്ടോ വിളിച്ചുവെന്നാണ് കേൾക്കുന്നത്. എങ്കിലും സിയാ ഉൾ ഹക്ക് അദ്ദേഹത്തെ പീഡിപ്പിച്ചതിന്റെയും ഒടുവിൽ കൊന്നതിന്റെയും രംഗങ്ങൾ മകളായ ബേനസിർ അവതരിപ്പിക്കുന്നതുകണ്ട് നമ്മൾ കരയും, ഞെട്ടും. എന്റെ അനുഭവം പറയാം. ഇതിലെ വർണ്ണനകൾ വായിച്ചപ്പോൾ പലപ്പോഴും എനിക്കു കണ്ണീരടക്കാൻ കഴിഞ്ഞില്ല. ബേനസീറും അവരുടെ അമ്മയും ഭൂട്ടോയെ കൊല്ലുന്നതിന്റെ തലേദിവസം ജയിലിൽച്ചെന്ന് അദ്ദേഹത്തെ കണ്ടതിന്റെ വിവരണം ഹ്രദയഭേദകമാണ്. ഭൂട്ടൊയെ തൂക്കിക്കൊന്നില്ല, മർദ്ദിച്ചുകൊന്നുവെന്നാണ് ബേനസീർ സൂചിപ്പിക്കുന്നതു്. തൂക്കിക്കൊന്നാൽ നാക്കു വെളിയിലേക്കു തള്ളിയിരിക്കും. വായെങ്കിലും തുറന്നിരിക്കും. ഈ രണ്ടു അവസ്ഥകളുമില്ലായിരുന്നു ഭൂട്ടോയുടെ മൃതദേഹത്തിന്. അദ്ദേഹത്തിന്റെ മുഖം മുത്തുപോലെ തിളങ്ങിയിരുന്നു. ശരീരത്തിൽ ക്ഷതങ്ങളേറെ ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ടാണ് അതാരെയും കാണാൻ സമ്മതിക്കാത്തത് അധികാരികൾ. സിയായുടെ ‘കുദേത്ത’ (സർക്കാറിന്റെ തകിടം മറിക്കൽ) ഭൂട്ടോയുടെ അഭ്യർത്ഥനയനുസരിച്ചുതന്നെയാണു നടന്നെതെന്ന് ഒരു ഏറ്റുപറച്ചിൽ അദ്ദേഹം (ഭൂട്ടോ) ഒപ്പിട്ടുകൊടുക്കണമെന്ന് നിർബന്ധമുണ്ടായി. അതിനു ഭൂട്ടോ സമ്മതിച്ചില്ല. അപ്പോൾ മർദ്ദനം തുടങ്ങി. ബോധംകെട്ട അദ്ദേഹത്തിനു അതു വീണ്ടെടുക്കാൻ ശ്വാസക്കുഴൽ കീറിയത്രേ. അതായിരുന്നു ഭൂട്ടോയുടെ കഴുത്തിൽ കണ്ട പാടുകൾ. മർദ്ദനമേറ്റപ്പോൾ അദ്ദേഹം വീണുവെന്നും അപ്പോൾ തല തടവറയുടെ ഭിത്തിയിലിടിച്ചെന്നും അപ്പോൾ മരിച്ചെന്നും ഒരഭിപ്രായം. സത്യമേതെന്നു അറിഞ്ഞുകൂടാ. സത്യമേതായാലും ഭൂട്ടോയെ തൂക്കിക്കൊന്നില്ല എന്നതു സത്യം. ഈ ഭാഗമൊക്കെ വായിക്കുമ്പോൾ നമ്മൾ ബേനസീറിനോടൊരുമിച്ചു കരയുന്നു. അവരുടെ രചനയുടെ സ്വഭാവമറിയാൻ വേണ്ടി ഏതാനും വാക്യങ്ങൾ എടുത്തെഴുതട്ടെ. I peer into the cell, but I am blinded by its darkness. The jail officials open the door and I step inside my father’s death cell. It is damp and fetid. No sunlight has ever penetrated its thick cement walls. The bed covers more than half of the tiny cell, and is bolted to the ground with thick iron chains. For the first twenty four hours my father was in the cell, he was chained to the bed. His ankles still bear the scars. Beside the bed is an open hole, the only lavantory facility provided for condemned prisoners. The stench is nauseating. “Papa!” (page 118) ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ആളിന്റെ അവസ്ഥ നോക്കൂ. ശിലയുമലിയുന്ന ഒരാത്മകഥ. ഒന്നേ വിസ്മയപ്രദമായുള്ളൂ. ഒരു ജനാധിപത്യ ഗവൺമെന്റിനെ സിയാ ഉൾ ഹക്കും കൂട്ടുകാരും ചേർന്നു തകർത്തുകളഞ്ഞെന്നും തന്റെ പിതാവിനെ ജയിലിലാക്കിയെന്നുമാണ് ബേനസീറിന്റെ വാദം. ഇതിൽ സത്യമില്ല. കുദേത്തയ്ക്കു യോജിച്ച പരിതഃസ്ഥിതികൾ രാജ്യത്തുണ്ടെങ്കിലേ സർക്കാരിനെ തകിടം മറിക്കാനാവൂ. പട്ടിണി, നിരക്ഷരത്വം, മരണനിരക്കിന്റെയും ജനനനിരക്കിന്റെയും ആധിക്യം ഇവ രാജ്യത്തുണ്ടാകുമ്പോഴാണ് കുദേത്തയ്ക്കു ജനത സമ്മതം നൽകുക. അധാർമ്മികത്വം താണ്ഡവനൃത്തം നടത്തുമ്പോഴേ സൈന്യത്തിലൂടെ ബഹുജനം പൊട്ടിത്തെറിക്കൂ. പാകിസ്ഥാനിലെ അന്നത്തെ പരിതഃസ്ഥിതികളെക്കുറിച്ചു ബേനസ്സീർ നിശ്ശബ്ദയാണ്. തന്റെ അച്ഛൻ പുണ്യവാളനാണെന്നും അദ്ദേഹത്തെ പട്ടാളമേധാവി കാരാഗൃഹത്തിലാക്കിയെന്നുമാണ് അവരുടെ സങ്കട നിവേദനം. ഇതു ശരിയല്ല. സത്യം മുഴുവനും പറയാൻ അവർ കൂട്ടാക്കുന്നില്ല. കുറ്റം പറയാനില്ല. മകൾ അച്ഛനെക്കുറിച്ചെഴുതുമ്പോൾ ഇങ്ങനെയൊക്കെ മാത്രമേ എഴുതാൻ പറ്റൂ. ആ രചന ആദ്യം പറഞ്ഞതുപോലെ നമ്മെ കരയിക്കും. കണ്ണീരൊഴുകുമ്പോൾ നമ്മൾ കൂടുതൽ കൂടുതൽ വിശുദ്ധിയാർജ്ജിക്കും. അതുകൊണ്ട് ഈ ഗ്രന്ഥം എല്ലാവരും വായിക്കേണ്ടതാണ്. (Daughter of the East, An auto biography, Benazir Bhutto, Hamish Hamilton, London, Spl. Indian Price £ 10.)

ധൃതരാഷ്ട്രാലിംഗനം

കൊല്ലം ജില്ലാ ജഡ്ജി കെ. സുധാകരൻ ഒരു സമ്മേളനത്തിൽ നിർവഹിച്ച പ്രഭാഷണത്തിന്റെ റിപ്പോർട്ട് ജനയുഗം വാരികയിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. പ്രാഡ്വിവാകൻ തന്നെയാണ് ഈ പ്രഭാഷണം വാരികയ്ക്ക് എഴുതിക്കൊടുത്തതെങ്കിൽ താഴെച്ചേർക്കുന്ന വ്യാകരണത്തെറ്റുകൾക്ക് അദ്ദേഹത്തിനു തന്നെയാണ് ഉത്തരദാനാധീനത (responsibility). മറ്റാരെങ്കിലുമാണ് റിപ്പോർട്ട് എഴുതിയതെങ്കിൽ സുധാകരനെ കുറ്റപ്പെടുത്തേണ്ടതുമില്ല.

  1. “എറണാകുളം പോലെ സുലഭമായി പുസ്തകങ്ങൾ കിട്ടുന്ന ഒരു സ്ഥലത്ത്…” (കോളം 1)–സുലഭം എന്ന പ്രയോഗത്തിനു ‘എളുപ്പത്തിൽ കിട്ടുന്ന’ എന്നാണർത്ഥം.

    നാസികാചൂർണ്ണപ്പൊടി, അജഗജാന്തര വ്യത്യാസം ഈ പ്രയോഗങ്ങൾപോലെയാണ് സുലഭമായി കിട്ടുന്ന എന്ന പ്രയോഗം.

  2. “സമകാലീന രാഷ്ട്രതന്ത്രത്തിൽ നിന്നും…” (കോളം 1. പുറം 9)–കാലത്തെ സംബന്ധിക്കുന്നത് കാലികമാണ്. അതിനാൽ സമകാലികം എന്നുവേണം.
  3. “വേഗത വർദ്ധിപ്പിക്കുന്നവയാണ്…” (കോളം 1. പുറം 9)–വേഗം ശരി; വേഗത തെറ്റ്.

    സുധാകരൻ തിരുനെല്ലൂർ കരുണാകരന്റെ കവിതയെക്കുറിച്ചാണ് പ്രഭാഷണം നടത്തിയത്. നടത്തട്ടെ. കരുണാകരന് നൽകിയ ‘സ്വീകരണ’ത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ ഉദീരണങ്ങൾ. അപ്പോൾ നാലു നല്ല വാക്കുകൾ പറയണം. പറയട്ടെ. പക്ഷേ ആർക്കും ഒരുപദ്രവവും ചെയ്യാത്ത എന്നെ അദ്ദേഹം ധൃതരാഷ്ട്രർ എന്നുവിളിക്കുന്നു. എന്റെ വിമർശനങ്ങൾ ധൃതരാഷ്ട്രാലിംഗനങ്ങളാണത്രേ. മലയാളഭാഷയെ മേൽക്കാണിച്ച മട്ടിൽ ധൃതരാഷ്ട്രാലിംഗനം നടത്തുന്നതിനേക്കാൾ മോശമാണോ എന്റെ നിരൂപണധൃതരാഷ്ട്രാലിംഗനങ്ങൾ?

ചോദ്യം, ഉത്തരം

Symbol question.svg.png വിവാഹിത മോടിയായി വസ്ത്രധാരണം ചെയ്യുന്നതിൽ തെറ്റുണ്ടോ?

ഒരു തെറ്റുമില്ല. ഭംഗിയായിട്ടുതന്നെ വസ്ത്രധാരണം നിർവഹിക്കണം. പക്ഷേ ചില ഭർത്താക്കന്മാർക്ക് അതിഷ്ടമല്ല. അവർക്ക് മറ്റു സ്തീകൾ മോടിയായി വസ്ത്രധാരണം ചെയ്തുവരുന്നതു കാണാനാണ് കൗതുകം.

Symbol question.svg.png അപവാദ വ്യവസായിയെക്കുറിച്ചു എന്താണ് അഭിപ്രായം?

സോക്രട്ടീസിനേയും ക്രിസ്തുവിനേയും എബ്രഹാം ലിങ്കണേയും കെന്നഡിയേയും വധിച്ചവരേക്കാൾ ഹീനർ.

Symbol question.svg.png രസകരമായ ഒരാത്മകഥ?

മോണിക്ക ഡിക്കൻസിന്റെ One Pair of Hands. (ചാൾസ് ഡിക്കൻസിന്റെ പ്രപൗത്രിയാണ് മോണിക്ക).

Symbol question.svg.png ലോകത്തു വമ്പിച്ച പരിവർത്തനം വരുത്തിയ പുസ്തകങ്ങൾ?

പ്ലേറ്റോയുടെ ‘റിപ്പബ്ലിക്’, കാറൽ മാർക്സിന്റെ ‘Das Kapital’, ഫ്രായിറ്റിന്റെ ‘interpretation of Dreams’, റേച്ചൽ കാർസന്റെ ‘silent Spring’, ഫ്രാങ്റ്റ്സ് ഒമാർഫാനങ്ങിന്റെ (Frants Omar Fanon) ‘Wretched of the Earth.’

Symbol question.svg.png നിങ്ങൾക്കു നന്മയുണ്ടെങ്കിൽ അതിനു കാരണമായ പുസ്തകങ്ങൾ?

മാർക്സ് ഒറീലിയസിന്റെ ‘Meditations’, വിക്‌തോർ യൂഗോയുടെ ‘പാവങ്ങൾ’.

Symbol question.svg.png എല്ലാ മഹാന്മാർക്കും സ്വീകാര്യമായ ഒരു പുസ്തകം?

ഫ്രഞ്ച് സറീയലിസ്റ്റ് സൈദ്ധാന്തികൻ ആങ്ദ്രേ ബ്രതൊങ് (Andre Breton) എഴുതിയ Nadja എന്ന നോവൽ.

Symbol question.svg.png ഭർത്താവിനോടു മര്യാദയില്ലാതെ പെരുമാറുന്നവൾ?

മറ്റെല്ലാ പുരുഷന്മാരോടും സ്ത്രീകളോടും നന്നായി പെരുമാരും. അവളുടെ ശബ്ദം അപ്പോൾ തേനോഴുകുന്നതുപോലെയിരിക്കും.
* * *

ഞാൻ നിരീശ്വരനല്ല, തികഞ്ഞ ഈശ്വരവിശ്വാസമുണ്ട് എനിക്ക്. എങ്കിലും അതിരുകടന്ന ഭക്തി ദോഷം ചെയ്യും. അയാൾക്കു കാലത്തു കുളിക്കാനും ഭസ്മം തൊടാനും പൂജാമുറിയിൽ ഇരുന്നു പ്രാർത്ഥിക്കാനും തൊട്ടതിനും പിടിച്ചതിനുമൊക്കെ ‘ഭഗവാനേ, ഭഗവാനേ’ എന്നുവിളിക്കാനും മാത്രമേ സമയം കാണൂ. അതിന്റെ ഫലമായി അയാൾ തകരും. അയാൾ തകരുന്നതിനേക്കാൾ കുടുംബം തകരും. പല ഭക്ത്ന്മാരുടെയും മക്കൾക്കു ജാഡ്യമാണ്. ഭാര്യമാർക്കു നൈരാശ്യമാണ്.

ഞാൻ ഗ്രന്ഥപാരായണത്തിൽ ഉത്സുകനാണ്. പക്ഷേ അതിരുകടന്ന ഔത്സുക്യം ദോഷം ചെയ്യും. നക്ഷത്രം നിറഞ്ഞ ആകാശം നോക്കി ആഹ്ലാദിക്കാതെ അയാൾ നോവൽ വായിച്ചുകൊണ്ടിരിക്കും. കാമുകിയുടെ സ്പർശനത്തിൽനിന്നുള്ള സുഖം അനുഭവിക്കാതെ ഇന്ദുലേഖയുടെ സ്പർശനം കൊതിച്ച് ഇരിക്കും. അല്ലെങ്കിൽ ‘വിലാസലതിക’ വായിച്ചു കാമത്തിൽ വീഴും. സായന്തനാഭ കാണാതെ കവിതയിലെ സൂര്യാസ്തമയ വർണ്ണനയിൽ വിലയംകൊള്ളും. ഒന്നിലും അതിരുകടന്ന അഭിനിവേശം പാടില്ല എന്നു കുമാരനാശാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ മകൻ പ്രഭാകരൻ എന്നെ അറിയിച്ചിട്ടുണ്ട്.