close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 05 29


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 05 29
മുൻലക്കം 1998 05 22
പിൻലക്കം 1998 06 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നമ്മൾ സ്വാതന്ത്ര്യം നേടിയതിനുശേഷം എന്തെല്ലാം അപകൃതങ്ങളാണ് കണ്ടത്. അവയിൽ പ്രാധാന്യമർഹിക്കുന്നതു കൊലപാതകങ്ങളാണ്. അപരാധം ചെയ്യാത്തവരെ ബസ്സിൽ നിന്ന് പിടിച്ചിറക്കുക. വഴിവക്കിൽ നിറുത്തി അവരെ വെടിവച്ചു കൊല്ലുക. ഇതു സർവസാധാരണമായിരുന്നു. ഇപ്പോഴും അതവസാനിച്ചിട്ടില്ല. ഈ ഹിംസ അറിഞ്ഞാലുടൻ ‘ഞങ്ങൾ പ്രതിഷേധിക്കുന്നു’ എന്ന ദുർബ്ബലമായ വാക്കുകൾ ചിലരിൽ നിന്നു പുറപ്പെടും. ‘ഇനി ഇതാവർത്തിക്കാതെ നോക്കും’ എന്ന ലജ്ജാവഹമായ പ്രസ്താവന കേന്ദ്രമന്ത്രി നിർവഹിക്കും. വർഷങ്ങൾക്കു മുൻപ് പഞ്ചാബിൽ എഴുപത്തിയഞ്ചുപേരെ ബസ്സിൽ നിന്ന് പിടിച്ചിറക്കിയിട്ട് അവരുടെ നെഞ്ചുകൾക്കുനേരെ നിറതോക്കൊഴിച്ചു ചിലർ. ആ നിരപരാധികൾ പിടഞ്ഞുമരിച്ചു. പിന്നെയും പിന്നെയും കൊലപാതകങ്ങളുണ്ടായി. അവയോടൊപ്പം ‘ഞങ്ങൾ പ്രതിഷേധിക്കുന്നു’ ‘ഇനി ഇത് ആവർത്തിക്കാതെ നോക്കും’ എന്ന നിരർത്ഥകങ്ങളായ പ്രസ്താവനകളും ഉണ്ടായി. ഇന്നും അവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ പ്രസ്താവങ്ങൾ ഭീകരങ്ങളായ വധ പരിപാടികളുടെ നൃശംസത കുറച്ചുകളയുന്നു എന്നതാണു സത്യം. പ്രസ്താവങ്ങൾ നടത്താതെ കൊലപാതകികളെ അറസ്റ്റുചെയ്ത് അനന്തര നടപടികൾ നടത്തിയിരുന്നെങ്കിൽ കൊലപാതകങ്ങളുടെ ഭീകരത ഭാരതീയരുടെ മനസ്സിൽ തങ്ങി നിന്നേനെ. അതിന് ആളുകൾ സമ്മതിക്കുന്നില്ല. പ്രതിഷേധ പ്രമേയങ്ങൾ പാസ്സാക്കുന്നു. ‘ഇനി ഇത് ആവർത്തിക്കാതെ നോക്കും’ എന്ന മന്ത്രിവചനം പത്രങ്ങളിലെ മഷിയിലൂടെ പാവപ്പെട്ട ജനതയുടെ നേത്രങ്ങളിൽ കടന്നുകയറുന്നു. ഹീനവധത്തിന്റെ ക്രൂരതയ്ക്കു അതോടെ ന്യൂനത്വം വരുന്നു. എങ്ങനെ? വെളുക്കാൻ തേച്ചതു പാണ്ടാകുന്നതുപോലെ. വീടു വൃത്തികെട്ടു കിടക്കുന്നു. ചുവരിലാകെ മാലിന്യക്കൂമ്പാരം. ഒന്നു വെള്ളയടിച്ചാലെന്ത് എന്ന് ഗൃഹനായകന്റെ വിചാരം. ‘കൃഷ്ണാ കക്ക വാങ്ങിക്കൊണ്ടുവാ ചാക്കയിൽച്ചെന്ന്’ (ചാക്ക തിരുവനന്തപുരത്തെ ഒരു സ്ഥലം) കക്ക കൊണ്ടുവരുന്നു കൃഷ്ണൻ. അയാളുടെ ജനയിതാവ് അതു നീറ്റുന്നു. വെള്ളം ചേർക്കുന്നു. നീലം ഒഴിക്കുന്നു. ബ്രഷിനുപകരം തേങ്ങയുടെ തൊണ്ട് തല്ലിച്ചതച്ച് ബ്രഷ് പോലെയാക്കുന്നു. ജനയിതാവും കൃഷ്ണനും കൂടി ചുവരുകളിൽ വെള്ളയടിക്കുന്നു. ഉണങ്ങിക്കഴിയുമ്പോൾ പഴയ മാലിന്യം കൂടുതൽ തെളിഞ്ഞ് മാലിന്യമായി കാണപ്പെടുന്നു. വെള്ളയടിക്കുന്നതിനുമുൻപുള്ള അഴുക്ക് ഓക്കാനമേ ജനിപ്പിക്കുമായിരിന്നുള്ളൂ. വള്ളയടിച്ചതിനുശേഷമുള്ള കൂടുതലായ മാലിന്യം അടുത്ത വീട്ടുകാരുടെയും ദ്രഷ്ടാക്കളുടെയും പുച്ഛവും കൂടി ക്ഷണിച്ചു വരുത്തുന്നു.

ശ്രീ. വി. ആർ. സുധീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘അരാഷ്ട്രീയമായ ചില ഓർമ്മക്കുറിപ്പുകൾ’ എന്ന രചനയ്ക്കു ഈ വെള്ളയടിക്കലിനോടൂ സാദൃശ്യമുണ്ട്. ജീർണ്ണിച്ച ഭാരതത്തെയാണ് അദ്ദേഹം കാണിച്ചു തരുന്നത്. മഹാത്‌മാഗാന്ധിയിൽ തുടങ്ങി നക്സലൈറ്റ് പ്രസ്ഥാനത്തിൽ അവസാനിക്കുന്ന രാഷ്ട്ര വ്യവഹാരത്തിന്റെ കെടുതികൾ സുധീഷ് വർണിക്കുന്നു. ഒടുവിൽ സംഹാരാത്‌മകതയുള്ള അഗ്നി എല്ലാ രാഷ്ട്രവ്യവഹാര സിദ്ധാന്തങ്ങളുടെയും പ്രതീകങ്ങൾ അടങ്ങിയ പെട്ടിയെ ഭസ്‌മീകരിക്കുന്നു. ലാക്ഷണികതയുടെ മട്ടിൽ ഭാരത്തിന്റെ അവസ്ഥാ വിശേഷത്തെയും ജീർണ്ണതയെയും ധ്വനിപ്പിക്കുകയാണ് സുധീഷ്. ചെറുകഥയ്ക്ക് പ്ലോട്ട് വേണമെന്ന പക്ഷക്കാർക്കു നിരാശത ജനിപ്പിക്കുമാറ് രചയിതാവ് അതിനെ നിഷ്കാസനം ചെയ്തിരിക്കുന്നു. പ്ലോട്ട് വേണ്ട ചില തോന്നലുകൾ മാത്രം മതി എന്നു കരുതുന്നവർക്കും നൈരാശ്യമുണ്ടാകുന്നു. ഒരനുഭവത്തിന്റെയും പ്രതീതി ഈ രചനയിൽ നിന്നു ജനിക്കുന്നില്ല. വ്യക്‌തിയുടെ മാറ്റ് വെളിപ്പെടുത്തുന്ന മട്ടിൽ ചില കഥാസന്ദർഭങ്ങൾ ഉളവാക്കി ആ വ്യക്‌തിയെ പ്രവത്തിപ്പിക്കുകയോ സംസാരിപ്പിക്കുകയോ ചെയ്യുന്നില്ല സുഷീഷ്. ഒട്ടും കലാത്‌മകമല്ലാത്ത വിരസമായ ചരിത്രം ഉപന്യാസത്തിന്റെ മട്ടിൽ പറഞ്ഞുവയ്ക്കുകയാണ് അദ്ദേഹം. അതുകൊണ്ട് ഈ രചനയിൽ യാഥാർഥ്യമില്ല. യാഥാർഥ്യത്തിന്റെ അപഗ്രഥനവുമില്ല. സുധീഷിന്റെ രചന കഥയല്ല, കലയുമല്ല. മനസ്സിനെ പിടിച്ചു കുലുക്കുന്ന മട്ടിൽ രാഷ്ട്രവ്യവഹാരം പ്രതിപാദിക്കാം. സാന്മാർഗ്ഗികത്വത്തിനു വേണ്ടി അതു ഉപയോഗിക്കാം. രണ്ടിനും കഴിയുന്നില്ല സുധീഷിന്.

* * *


ഫ്രഞ്ച് ശാസ്ത്രജ്ഞനും തത്ത്വചിന്തകനും ഗണിതശാസ്ത്രത്തിൽ അദ്ഭുതകരമായ സിദ്ധികളുള്ളവനുമായ ബ്ലെസ്സ്‌പസ്‌കൽ പറഞ്ഞു. വീട്ടിലിരിക്കാത്തതുകൊണ്ടാണ് സകല ആപത്തുകളും വ്യക്‌തിക്ക് ഉണ്ടാകുന്നതെന്ന്. അദ്ദേഹമാര്? ഞാനാര്? എങ്കിലും ഞാൻ ആ അഭിപ്രായത്തോട് യോജിക്കുന്നില്ല. എപ്പോഴും വീട്ടിലിരുന്നാൽ അച്ഛനമ്മമാർ നിന്ദിക്കും. സഹോദരനും സഹോദരിയും അപമാനിക്കും. ഭാര്യ ഭർത്താവിനോട് ശണ്ഠ കൂടും. ഭർത്താവ് ഭാര്യയെ മർദ്ദിക്കും. ഇക്കാരണത്താലാണ് സ്ത്രീകൾ വൈകുന്നേരങ്ങളിൽ പ്രസംഗിക്കാൻ പോകുന്നതും മറ്റുള്ള സമയങ്ങളിൽ ലോകം നന്നാക്കാൻ പോകുന്നതും. ഭർത്താക്കന്മാർ വയസ്സുകാലത്ത് റിസർച്ച് എന്നുപറഞ്ഞ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ചെന്നിരിക്കുന്നതിന് കാരണവും മറ്റൊന്നുമല്ല.

ഡോക്ടർ സി. കെ. കരീം

മലയാളം വാരിക തുടങ്ങിയ കാലം മുതൽ ഞാൻ തുടർച്ചയായി വായിക്കുന്ന പംക്തിയാണ് ‘ജീവിതം എന്നെ എന്തു പഠിപ്പിച്ചു’ എന്നത്. പക്ഷേ ഡോക്ടർ സി. കെ. കരീമിന്റെ നിരീക്ഷണങ്ങൾ എന്റെ മനസ്സിന്റെ ആഴങ്ങളിൽ ചെന്നതുപോലെ വേറൊന്നും ചെന്നിട്ടില്ല. എന്റെ ഇനിയുള്ള ഹ്രസ്വകാല ജീവിതത്തിന് ഇവ മാർഗ്ഗനിർദ്ദേശം ചെയ്യും. പത്തു നിർദ്ദേശങ്ങളോ നിരീക്ഷണങ്ങളോ ആണ് കരീം നൽകുന്നത്. ഓരോന്നിൽ നിന്നും സത്യത്തിന്റെ നാദമുയരുന്നു.

ഇവയുടെ കൂടെ എന്റെ കാര്യം കൂടി പറയുന്ന ഉചിതജ്ഞതയില്ലായ്മയ്ക്ക് വായനക്കാർ മാപ്പുനൽകട്ടെ. പുസ്തകങ്ങളൊഴിച്ചുള്ള ഒരു കൈവശാവകാശത്തിലും എനിക്ക് താല്പര്യമില്ല. ഭാര്യാപിതാവ് മരിച്ചപ്പോൾ എന്റെ അധികാരപരിധിയിൽ വന്ന വലിയ സ്വത്ത് ഞാൻ ചെന്നുനോക്കാതെ, മരുമക്കളോട് (sons - in - law) ഭാഗിച്ചെടുത്തുകൊള്ളാൻ പറഞ്ഞു. ഇതെഴുതുന്ന നിമിഷം വരെ ഞാൻ അതിൽ ഒരിഞ്ചു ഭൂമി പോലും കണ്ടിട്ടില്ല. പ്രസിദ്ധിയിൽ എനിക്ക് കൗതുകമില്ല. അവാർഡുകൾ എനിക്കുവേണ്ട. ആരെങ്കിലും അതു തന്നാൽ പുസ്തകം വാങ്ങാൻ വേണ്ട പണത്തിനുവേണ്ടി ഞാനതു വങ്ങും. കാറ്, രണ്ടു നില കെട്ടിടം, മോടി കൂടിയ വസ്ത്രങ്ങൾ ഈ ആഡംബര സമൃദ്ധികളിൽ എനിക്ക് താത്പര്യമേയില്ല. യശസ്സാർജ്ജിക്കാൻ വേണ്ടി, അവാർഡുകൾ നേടാൻ വേണ്ടി, സ്ഥാനമാനങ്ങൾക്ക് വേണ്ടി പരക്കം പായുന്നവരോട് എനിക്ക് സഹതാപമാണുള്ളത്. ഇവയിലൊക്കെ താത്പര്യമുള്ളവർ സ്വന്തമായ ലോകം സൃഷ്ടിച്ച് അതിൽ കഴിഞ്ഞുകൂടുന്നു. അവർക്ക് അതുകൊണ്ട് മറ്റുള്ളവരുടെ ലോകങ്ങളെ കാണാൻ കഴിയുകയില്ല. സ്വാർത്ഥന്മാരായതുകൊണ്ട് അവർ പെരുമാറ്റം കൊണ്ടും വർത്തമാനം കൊണ്ടും മറ്റുള്ളവരെ വേദനിപ്പിക്കുന്നു. അക്കൂട്ടർക്ക് ഉറക്കമില്ല. ഞാൻ സുഖമായി ഉറങ്ങുന്നു.

സത്യാത്മകങ്ങളായ നിരീക്ഷണങ്ങൾ നൽകിയ ഡോക്ടർ സി. കെ. കരീമിന് വിനയപൂർവ്വമായ അഭിനന്ദനം.

ചോദ്യം, ഉത്തരം

Symbol question.svg.png കുഞ്ഞുങ്ങളെ അമ്മ സ്നേഹിക്കുന്നതുപോലെ അച്ഛൻ സ്നേഹിക്കുന്നില്ല. എന്താണ് കാരണം?

അരിസ്റ്റോട്ടിൽ അതിന് ഉത്തരം നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങൾ തന്റേതാണെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. അച്ഛന് അതില്ലതാനും.


Symbol question.svg.png ചില സാഹിത്യകാരന്മാരുടെ കാര്യം വരുമ്പോൾ നിങ്ങൾ മിണ്ടുന്നില്ല. ഇത് വഞ്ചനയല്ലേ?

ആ മൗനമാണ് ഏറ്റവും വലിയ വിമർശനം.

Symbol question.svg.png ലൈംഗിക വികാരമെന്നാൽ എന്താണ് സാറേ?

ഭാര്യയെ കാണുമ്പോൾ ഇല്ലാതാകുന്നത്.

Symbol question.svg.png കുഞ്ഞുങ്ങളെ അമ്മ സ്നേഹിക്കുന്നതുപോലെ അച്ഛൻ സ്നേഹിക്കുന്നില്ല. എന്താണ് കാരണം?

അരിസ്റ്റോട്ടിൽ അതിന് ഉത്തരം നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങൾ തന്റേതാണെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. അച്ഛന് അതില്ലതാനും.

Symbol question.svg.png ജീനിയസ്സിന്റെ ലക്ഷണമെന്ത്?

ജീനിയസ്സ് മുപ്പത്തിമൂന്നാമത്തെ വയസ്സിലോ അതിനു മുൻപോ മരിക്കുമെന്ന് ആരോ പറഞ്ഞതായി എനിക്കോർമ്മയുണ്ട്. അതുകൊണ്ട് ഇന്ന് ആ പ്രായം കഴിഞ്ഞു ജീവിച്ചിരിക്കുന്നവർ ജീനിയസ്സുകളല്ല എന്നതു തീർച്ച.

Symbol question.svg.png അസഹനീയമായത് എന്ത്?

കാറോടിക്കുന്നയാൾ കാസറ്റ് സംഗീതം യാത്രക്കാരെ കേൾപ്പിക്കുന്നത്. ഇത് സർക്കാർ നിരോധിക്കേണ്ടതാണ്.

Symbol question.svg.png വിഷം കുടിക്കാറായോ നായരേ?

ഞാൻ സോക്രട്ടീസല്ലല്ലോ, വിഷം കുടിക്കാൻ.

Symbol question.svg.png കവികൾക്ക് ഹൃദയമുണ്ടോ?

കാണും. ചിലർക്ക് ഹൃദയാഘാതം വരാറുണ്ടല്ലോ.
* * *

കലയുടെ അടിസ്ഥാനം സത്യമാണെന്ന് പറയാത്തവരില്ല. ഞാൻ അതിനൊരു വ്യത്യാസം വരുത്തിക്കൊള്ളട്ടെ, വായനക്കാരുടെ സദയാനുമതിയോടെ. സത്യത്തിന്റെ പ്രഭവകേന്ദ്രം കലയാണ്. സത്യത്തിന് പകരമായി അസത്യം പറയുന്നതുകൊണ്ട് ശ്രീ വി. പി. മനോഹരന്റെ ‘വേനൽക്കാറ്റ്’ എന്ന കഥ കലയല്ല. പെൻഷൻ പറ്റിയ ഒരു സ്ത്രീ അവരേക്കാൾ പ്രായമുള്ള ഒരു പെൻഷൻകാരനെ കാത്ത് ട്രഷറിയിൽ നിൽക്കുന്നു. ഉള്ളിൽ ദാമ്പത്യജീവിതം നയിക്കാനുള്ള ആഗ്രഹമുണ്ട്. പക്ഷേ സമുദായത്തെ പേടിച്ച് അയാളെ കണ്ടാൽ വിവാഹം വേണ്ട എന്നു പറയാൻ അവർ ഉറച്ചു നിൽക്കുകയാണ്. പക്ഷേ പറയേണ്ടതായി വന്നില്ല. അയാൾ ആപത്തിൽപ്പെട്ട് മരിച്ചുപോയി. വലിയ വിവരമില്ലാത്ത സ്കൂൾക്കുട്ടികൾ പോലും ഇത്തരം രചനാസാഹസിക്യങ്ങൾ പ്രായം കൂടിയവർക്ക് നൽകാറില്ല.

ദേശാഭിമാനി വാരിക ഉത്കൃഷ്ടമാണെന്ന് ഞാൻ പല പരിവൃത്തി പറഞ്ഞിട്ടുണ്ട്. അത് ഇപ്പോഴും ആവർത്തിക്കുന്നു. ആ രീതിയിലുള്ള വാരിക ഈ വിലക്ഷണതയ്ക്ക് അംഗീകാരം നൽകി പ്രസിദ്ധപ്പെടുത്തുമ്പോൾ വാരികയ്ക്കുള്ള ആധികാരികത്വം കൊണ്ട് (authority) ഇതു കഥയായിരിക്കാം, കലയായിരിക്കാം എന്നു കുറച്ചുപേരെങ്കിലും വിചാരിക്കും. കൂടുതലെഴുതാൻ ശ്രീ. സിദ്ധാർത്ഥൻ പരുത്തിക്കാടിനോട് എനിക്കുള്ള സ്നേഹവും ബഹുമാനവും തടസ്സം സൃഷ്ടിക്കുന്നു. പണ്ട് പ്രൊഫസ്സർ സുകുമാർ അഴീക്കോട് പറഞ്ഞത് ഓർമ്മയിലെത്തുന്നു. വയ്ക്കോൽ നിറച്ച കാളവണ്ടി മെല്ലെ പോകുമ്പോൾ അതിൽ നിന്ന് ഒരു വയ്ക്കോൽ നാര് താഴെ വീഴുന്നതുപോലെ എന്നാണ് അദ്ദേഹത്തിന്റെ ഉപമ. ഇക്കഥയിലും അതു തന്നെ സംഭവിക്കുന്നു. അല്ലെങ്കിൽ മനോഹരൻ അതു വലിച്ച് റോഡിലേക്കിടുന്നു.

പല കാര്യങ്ങൾ

“ഇക്കൊല്ലത്തെ പുരസ്കാരം എം. മുകുന്ദനാണ്. അവാർഡ് കിട്ടിയ ഉടനെ തന്നെ അദ്ദേഹം മുട്ടത്തുവർക്കിയെ ‘പാവങ്ങളുടെ ഇതിഹാസകാര’നായി വിശേഷിപ്പിച്ച വാർത്ത പത്രത്തിൽ കണ്ടിരുന്നു. മൂല്യനിരാസവും അതുവഴിയുള്ള വ്യർത്ഥതാബോധവും പ്രമേയമാക്കിയ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയുടെ കർത്താവായ എം. മുകുന്ദന്റെ യഥാർത്ഥ മൂല്യം 33333 രൂപ മാത്രമാണ് എന്ന് ‘പാവങ്ങളൂടെ ഇതിഹാസകാരൻ’ പ്രയോഗത്തിലൂടെ വ്യക്തമാക്കുന്നു. നമുക്കൊരു പഴഞ്ചൊല്ല് മാറ്റിപ്പറയേണ്ടി വരുന്നു. പണത്തിന് മീതെ മുകുന്ദനും പറക്കാം.” ഇതു പറഞ്ഞത് ശ്രീ. എം. വി. ബെന്നിയാണ് (സൺഡേ ദീപികയിൽ). നിഷ്പക്ഷവും സത്യസന്ധവുമായ നിരൂപണമാണിത്. ഏതിനേയും നമുക്ക് യുക്തിയുടെ അവലംബത്തോടെ എതിർക്കാം. പ്രകൃതി ചികിത്സ നല്ലതാണെന്ന് പറയുന്നവരോട്, അതു നല്ലതല്ല എന്നു പറയാം. പാഞ്ഞുപോകുന്ന അമ്പ് പായുന്നില്ല, നിശ്ചലമാണ് എന്ന് തെളിയിക്കാം. നിശ്ചലമായ അമ്പ് പായുന്നു എന്നും തെളിയിക്കാം. യുക്തിയുടെ കഴിവാണത്. പക്ഷേ മുട്ടത്തുവർക്കിയുടെ നോവലുകൾ പൈങ്കിളിസ്സാഹിത്യത്തിൽ പെട്ടതാണെന്ന് പറയുന്നവരോട് എതിർത്തൊന്നും സംസാരിക്കാനാവില്ല. എങ്കിലും ചിലർ യുക്തിവാദം കൊണ്ടുവന്നു മുട്ടത്തുവർക്കിയെ സാഹിത്യകാരനാക്കുന്നുണ്ട്. അവരുടെ യുക്തി ഇങ്ങനെ. ‘സൂര്യനോ ചന്ദ്രനോ നല്ലത്’ എന്നു ചോദ്യം. ‘ചന്ദ്രൻ’ എന്നുത്തരം. ‘എന്തുകൊണ്ട്’ എന്നു അങ്ങോട്ടു ചോദ്യം. ഉത്തരം കിട്ടുന്നു: ‘ചന്ദ്രൻ ഇരുട്ടിൽ പ്രകാശിച്ച് ഒളി പരത്തുന്നു. സൂര്യനാകട്ടെ പകൽസമയത്ത് പ്രകാശിക്കുകയാണ്. അതിനാൽ സൂര്യൻ ചന്ദ്രനെപ്പോലെ പ്രയോജനം ചെയ്യുന്നില്ല.’

2. കല കലയാണെന്ന് അറിയാതിരിക്കുമ്പോഴാണ് ഉത്കൃഷ്ടത വരുന്നതെന്ന് പറയാറുണ്ടല്ലോ. അതുപോലെ സുന്ദരി താൻ സുന്ദരിയാണെന്ന് അറിയാത്ത രീതിയിൽ നടക്കുമ്പോഴാണ് അവളുടെ സൗന്ദര്യം പുരുഷന്മാർ അംഗീകരിക്കുന്നത്. പക്ഷേ നൂറിനു തൊണ്ണൂറ്റൊൻപതു പേരും സൗന്ദര്യം പ്രകടിപ്പിക്കും. പ്രകടിപ്പിക്കുന്നവരോടു ദ്രഷ്ടാക്കൾക്ക് പുച്ഛമേ തോന്നൂ. ‘കനിവാർന്നനുജാ പൊറുക്ക ഞാൻ നിനയാതോതിയ കൊള്ളിവാക്കുകൾ’ എന്ന വരികൾ വായിക്കുമ്പോൾ അതു ഉത്കൃഷ്ടമായ കലയാണെന്ന് നമ്മൾ അറിയുന്നില്ല എന്നതിലാണ് അതിന്റെ ഉത്കൃഷ്ടതയിരിക്കുന്നത്.

3. തിരുവനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്ത് അച്ഛനമ്മമാരോടു കൂടി ഞാൻ താമസിച്ചിരുന്നു. ഓലമേഞ്ഞ ഒരു പഴയ കെട്ടിടം. ജനയിതാവിന്റെ നിഫേരിയസ് ആക്റ്റിവിറ്റികൾ (അതിദുഷ്ടമായ പ്രവൃത്തികൾ) കാണാതിരിക്കാൻ വേണ്ടി ഞാൻ കാലത്തുതൊട്ട് അന്തിയാകുവോളം പറമ്പിന്റെ അറ്റത്തുള്ള ഊറ്റുകുഴിക്കടുത്ത് (ഉറവയുള്ള കുഴിക്കടുത്ത്) ചെന്നിരിക്കുമായിരുന്നു. സ്ഫടികസദൃശമായ ജലം ഒരടിപ്പൊക്കത്തിൽ വന്നു താഴെ വീണുകൊണ്ടിരിക്കും. എന്തൊരു മനോഹരമായ കാഴ്ചയാണത്! മനുഷ്യന്റെ മനസ്സുകൾക്കും പ്രവൃത്തികൾക്കും ആ സിതോപലകാന്തി ഉണ്ടായെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം ആ വീടും അതിനോടു ചേർന്ന പറമ്പും കൈമാറ്റം ചെയ്തുപോയി. നാലുകൊല്ലം മുൻപ് ആ ഭവനത്തിന്റെ മുന്നിലൂടെ പോയപ്പോൾ അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ എന്നെ അകത്തേക്കു വിളിച്ചു. ഞാൻ ചെന്നു. ‘താഴെ ഒരു ഊറ്റുണ്ടല്ലോ. അതു കണ്ടാൽ കൊള്ളാമായിരുന്നു’ എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ‘ഊറ്റോ, ഒന്നുമില്ല അവിടെ’ എന്നു അദ്ദേഹം മറുപടി നൽകി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭൂമിയുടെ അന്തർഭാഗത്ത് നിന്ന് ഉദ്ഗമിച്ചിരുന്നു ജലധാര വറ്റിപ്പോയിരിക്കാം എന്നു ഞാൻ വിചാരിച്ചു. ഒരുറവും സ്ഥിരമല്ലല്ലോ. നമ്മുടെ സാഹിത്യകാരന്മാരുടെ ഉറവകളും അവസാന കാലയളവിൽ വറ്റിപ്പോയതുപോലെ. ഒരു നല്ല സാഹിത്യകാരൻ അതു ഗ്രഹിച്ച് രചനകൾ നിറുത്തി. എഴുത്തുകൾ മാത്രം എഴുതി കഥ ചോദിക്കുന്ന പത്രാധിപന്മാർക്ക്. മറ്റുള്ളവർ ഉറവ വറ്റിയതു മനസ്സിലാക്കാതെ പലതുമെഴുതി വായനക്കാരെ പീഡിപ്പിച്ചു. ഇപ്പോഴും പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു കാലത്ത് എന്റേതായിരുന്ന പറമ്പിന്റെ അറ്റത്തു ഞാൻ ചെന്നു നോക്കി. വെറും മണ്ണ്. ആർദ്രത പോലുമില്ല. ഭൂമിക്കുള്ള ഔചിത്യം നമ്മുടെ സാഹിത്യകാരന്മാർക്കു ഇല്ലാതെ പോയല്ലോ.

വെള്ളത്തിൽ മാത്രം നോട്ടം

ദാഹജലം തരു. കുടിവെള്ളം തരു എന്ന നിലവിളിയാണ് എങ്ങും. ലോറിയിൽ ഭീമാകാരമാർന്ന ഒരു വീപ്പയിൽ വെള്ളം കൊണ്ടുവരുന്നുവെന്നറിഞ്ഞാൽ ആളുകൾ വലിയ ബക്കറ്റുകളെടുത്തുകൊണ്ടു ലോറിയുടെ അടുത്തേക്ക് ഓടും. തുറന്ന റ്റാപ്പിന്റെ താഴെ നിന്നു വെള്ളം വാർന്നൊഴുകുമ്പോൾ വെള്ളം കൊണ്ടുപോകാൻ വന്നവർ ലോറിയേതാണെന്ന് നോക്കുമോ? അതോടിക്കുന്ന ആളിനെ നോക്കുമോ? വെള്ളത്തിൽ മാത്രമേ അവർക്കു നോട്ടമുള്ളൂ. തൊട്ടി നിറഞ്ഞാൽ അതെടുത്തുകൊണ്ട് വീട്ടിലേക്ക് പോകുകയായി അവർ. ശ്രീ. പി. ഐ. എ. അസീസ് ‘നിഴലുറങ്ങുന്നു’ എന്ന കഥാവൈരൂപ്യം സൃഷ്ടിക്കുന്നു. കഥയെഴുതിയ കടലാസ്സ് കവറിലാക്കി കുങ്കുമം ഓഫീസിലേക്ക് അയയ്ക്കുന്നു. മഹാമനസ്കനായ പത്രാധിപർ കഥ എന്ന് അച്ചടിച്ചിട്ട് അതിനു താഴെ പി. ഐ. എ. അസീസ് എന്നു കൂടി മുദ്രണം ചെയ്യുന്നത് നോക്കിയിരിക്കുകയാണ് എഴുത്തുകാരൻ. വേറൊന്നിലും അദ്ദേഹം മനസ്സിരുത്തുന്നില്ല. വെള്ളമൊഴുകുന്നതു മാത്രം നോക്കുന്ന സ്ത്രീ ലോറിയെയോ ഡ്രൈവറെയോ കാണാത്തതുപോലെ അദ്ദേഹം അച്ചടിച്ച പേരല്ലാതെ മറ്റൊന്നും കാണുന്നില്ല. കണ്ടിരുന്നെങ്കിൽ സാഹിത്യത്തിലെ ഈ ദുർഭഗസന്തതി കുങ്കുമം വാരികയുടെ വെണ്മയാർന്ന താളിൽ കിടന്ന് ആന്ത്രശുദ്ധീകരണം നടത്തുകില്ലായിരുന്നു. ഒരു കഥയെഴുതിപ്പോയതിനു ഇത്ര വളരെ പറയേണ്ടതുണ്ടോ എന്നു മാന്യരായ വായനക്കാർ ചോദിച്ചേക്കും. അവരോടു കഥ വായിച്ചു നോക്കുക എന്നു വിനയത്തോടെ അപേക്ഷിക്കാനേ എനിക്കു കഴിയുന്നുള്ളു. അതു വായിച്ചാൽ എന്റെ ധർമ്മരോഷത്തിന് അടിസ്ഥാനമുണ്ടെന്ന് അവർ പറയുമെന്നാണ് എന്റെ വിശ്വാസം.

ധീരവനിത - ആലീസ്‌വാക്കർ

ഈ ലോകത്തെ സ്ത്രീകൾക്ക് സൗഖ്യമുണ്ടെങ്കിൽ ലോകത്തിനാകെ സൗഖ്യമുണ്ടാകുമെന്നാണ് എന്റെ വിശ്വാസം.

ഈ ലോകത്തെ സ്ത്രീകൾക്ക് സൗഖ്യമുണ്ടെങ്കിൽ ലോകത്തിനാകെ സൗഖ്യമുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. സഹജാവബോധം കൊണ്ട് ഞാനിത് അറിയുന്നു (I know this in my bones). സ്ത്രീയുടെ സുരക്ഷിതാവസ്ഥയിൽ നിന്ന് (അതിന്റെ അർത്ഥം സമുദായത്തിലുള്ള സ്വതന്ത്രപ്രവർത്തനം, ലൈംഗികവും ആധ്യാത്മികവുമായ സ്വാധികാരയുക്തത അവളുടെ കുട്ടികളുടെ ക്ഷേമം, വീട്ടിന്റെ പാവനത്വം ഇവയെല്ലാമാണ്) ലോകത്തിന്റെ പരമമായ സുരക്ഷിതത്വം ഉണ്ടാകുന്നു. “…സ്ത്രീക്കു ജനനേന്ദ്രിയ വികലീകരണം വരുത്തുന്ന രീതി, കുട്ടികളുടെ മുഖത്തു മുറുവുണ്ടാക്കി തഴമ്പു വരുത്തുന്ന രീതി ഇവയെല്ലാം നമ്മൾ അവസാനിപ്പിക്കും.” ആത്മധൈര്യവും ദൃഢനിശ്ചയവും അഭിമാനവും സ്ഫുരിക്കുന്ന ഈ വാക്യങ്ങൾ അമേരിക്കൻ കവിയും (സ്ത്രീ) നോവലിസ്റ്റുമായ ആലീവ് വാക്കറുടെ (‘Anything We Love can be Saved’ എന്ന ദീപ്തിയാർന്ന ആത്മകഥയിലുള്ളതാണ് (Ballantine Books, New York, Year of Publicaton Aprill 1998, Pages 225).

പുലിറ്റ്സർസ്സമ്മാനം നേടിയ ‘Color Purple’ എന്ന നോവലെഴുതിയ സാഹിത്യകാരി മാത്രമല്ല ആലീസ്. അവർ സാമൂഹികപ്രവർത്തനങ്ങളിൽ ഉദ്യോഗിതയുള്ള മഹതിയുമാണ് (activist). അവരുടെ ആക്റ്റിവിസത്തിനു നിദർശകമാണ് ഈ ആത്മകഥ.

അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന് അവരെഴുതിയ എഴുത്തിന്റെ ഒരു ഭാഗം നോക്കുക. ധീരവും അസന്ദിഗ്ദ്ധവും ആയ ശബ്ദം ഉയരുന്നതു കേട്ടാലും:

“America at the moment is like a badly wounded parent, the ageing, spent, and scared offspring of all the dysfunctional families of the multitudes of tribes who settled here. It is the medicine of compassionate understanding that must be administered now, Immediately, on a daily basis indiscriminately. Not the poison of old patterns of punishment and despair. Harmlessness now! must be our peace cry” ക്ലിന്റന് കാരുണ്യം കലർന്ന മനസ്സിലാക്കൽ ഇല്ല, പഴയ രീതിയിലുള്ള ശിക്ഷകളാണ് അദ്ദേഹം ഒരു വിഭാഗം ജനതയ്ക്കു നല്‌കുന്നതു എന്നൊക്കെ ആലീസ് ചൂണ്ടിക്കാണിക്കുന്നു.

വിനയത്തിൽ മറഞ്ഞ തീക്ഷ്ണതയുള്ള മുന്നറിയിപ്പ് ക്ലിന്റന് നല്കിയിട്ട് ശ്രീമതി അദ്ദേഹത്തോടു പറയുന്നു: “I always love and respect the Cuban People and help them whenever I can. Their way of caring for all humanity has made them my family. whenever you hurt them or help them, please think of me.”

ക്യൂബൻ ജനതയോടു ആലീസിനുള്ള സ്‌നേഹവും സ്വാഭാവികമായി അവരുടെ നേതാവായ കാസ്ത്ട്രോയോടും ഉണ്ടാകുന്നതിൽ എന്തേ അദ്ഭുതം! ആ ഭരണാധികാരിയെ ആലിംഗനം ചെയ്യാൻ അവർക്കു സന്തോഷം മാത്രം. ആഫ്രിക്കയിലും മറ്റു ചില രാജ്യങ്ങളിലും പെൺകുട്ടികളുടെ സ്‌മരച്ഛത്രം(clitori)മുറിച്ച് വികലീകരണം വരുത്തുന്നതിനെക്കുറിച്ച് അവർ കാസ്ത്ത്രോയോടു പറഞ്ഞപ്പോൾ അദ്ദേഹം ഞെട്ടി. ക്യൂബയിലെ ഡോക്‌ടർമാർ ആഫ്രിക്കയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നിട്ടും അവർ ഈ ജനനേന്ദ്രിയ വികലീകരണത്തെക്കുറിച്ച് തന്നോടു പറഞ്ഞില്ലല്ലോ എന്നാണ് കാസ്‌ത്രോ ദുഃഖത്തോടെ അറിയിച്ചത്. അതിനുശേഷം അവർ സ്വന്തം കൃതികൾ കാസ്ത്രോയുടെ മുൻപിലേക്കു ഉന്തിവച്ചപ്പോൾ അദ്ദേഹം ആഹ്ലാദത്തോടെ പറഞ്ഞു: “കളർ പർപൽ സ്‌പാനിഷിലോ? ഇതു തന്നെയാണ് എനിക്കു വേണ്ടിയിരുന്നത്” ആലീസിന്റെ The Temple of My Familiar എന്ന നോവലിന്റെ സ്‌പാനിഷ് തർജ്ജമ കാസ്‌ത്രോ തുറന്നു വായിച്ചിട്ടു പറയുകയായി സർക്കാർ റിപ്പോട്ടുകൾ അദ്ദേഹത്തെ എത്രമാത്രം മുഷിപ്പിക്കുന്നുവെന്ന്; നോവൽ വായിക്കുന്നത് അദ്ദേഹത്തെ എത്രമാത്രം ആഹ്ലാദിപ്പിക്കുന്നുവെന്ന്.

സ്‌മരച്ഛത്രച്ഛേദനം എത്ര മൃഗീയമാണ് എന്നുകണ്ട് നമ്മൾ പ്രകമ്പനം കൊള്ളും ഈ ഗ്രന്ഥം വായിക്കുമ്പോൾ. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു പ്രദേശമായ മാലിയിൽ ഒരമ്മയെ മാത്രമല്ല അവരുടെ അഞ്ചു പെൺമക്കളെയും ചിലർ ജനനേന്ദ്രിയ വികലീകരണത്തിനു വിധേയരാക്കി. തർജ്ജമ ചെയ്തതിൽ തെറ്റു വന്നിരിക്കാമെന്നു വിചാരിച്ച് ആലീസ് അവരോടു ചോദിച്ചു “അഞ്ചോ” അവർ ആവർത്തിച്ചു: “അതേ അഞ്ച്” അവരുടെ കണ്ണുകൾ വിഷാദവും ഭയജനകമായ കുറ്റബോധവും പ്രതിഫലിപ്പിച്ചു. ധൈര്യം കലർന്ന കോപത്തോടുകൂടി ആലീസ് വാക്കർ ഈ ക്രൂരതയ്ക്കെതിരെ സമരം ചെയ്തു.

ആലീസിന്റെ അച്ഛൻ അവരെ പഠിപ്പിച്ചു. വാളിനെക്കാൾ വാക്കുകൾക്ക് ശക്‌തി വരാമെന്ന്. വാക്കുകൾ കൊണ്ട് അധർമ്മത്തെയും അനീതിയെയും വെട്ടിവീഴ്ത്തുന്ന ആലീസ് വാക്കറാണ് ഈ ഗ്രന്ഥത്തിൽ നിറഞ്ഞുനില്‌ക്കുന്നത്. മനുഷ്യനെ സ്‌നേഹിക്കുന്ന ധീരവനിതയാണ് ആലീസ്. ആക്ടി‌വിസം മാത്രമല്ല, ആധ്യാത്‌മികത്വത്തിന്റെ പരിമളവും പ്രസരിപ്പിക്കുന്ന ഇപ്പുസ്‌തകം വായിച്ചതു ഭാഗ്യമായി ഞാൻ കരുതുന്നു.

ആലീസ് വാക്കർ നല്ല കവിയുമാണ്. The Diamonds on Liz’s Bosom എന്ന കവിത നോക്കുക:

The Diamonds on Liz’s bosom
are not as bright
as his eyes
the morning they took him
to work in the mines.
The rubies in Nancy’s
jewel box (Oh, how Roland lives red!)
not as vivid
as the despair
in his children’s
frowns.
Oh, those Africans!
Everywhere you look
They’re bleeding
and crying
Crying and bleeding
on some of the whitest necks
in your town.

അസമത്വവും വർണ്ണവ്യത്യാസവും കണ്ട് ദുഃഖിക്കുന്ന കവിയുടെ വാക്കുകളാണ് ഇവ.

പ്രപഞ്ചത്തിന്റെ ക്ഷണികതയെ സൂഫി കവി ഹാഫിസ് ആവിഷ്കരിക്കുന്നതിന്റെ ചാരുത കാണുക:

പ്രഭാതത്തിൽ രാപ്പാടി പനിനീർപ്പൂവിനോടു പറഞ്ഞു: ‘എനിക്കു നിന്നെസ്സംബന്ധിച്ചിട്ടുള്ള ഉത്‌കട വികാരത്തെ നീ പുച്ഛിക്കരുത്. ഈ ഉദ്യാനത്തിനു മുകളിൽ ഞാൻ വട്ടമിട്ടു പറന്നപ്പോൾ നിന്നെപ്പോലെയുള്ള പല പൂക്കളും വിടരുകയും മരിക്കുകയും ചെയ്യുന്നതു കണ്ടു.’ പനിനീർപ്പൂവ് പുഞ്ചിരി പൊഴിച്ചുപറഞ്ഞു: ’ഈ സത്യം കേട്ട് ഞാൻ കരയുന്നില്ല. പക്ഷേ കാമുകൻ സംസാരിക്കുന്നത് ഇങ്ങനെയാണോ?’