close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 10 05


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 10 05
ലക്കം 577
മുൻലക്കം 1986 09 28
പിൻലക്കം 1986 10 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അയാള്‍ക്കു റേഡിയോസ്റ്റേഷനില്‍ ജോലിയാണ്. ചിലതരത്തിലുള്ള ഉച്ഛിഷ്ടങ്ങള്‍ ശേഖരിക്കാനാണ് അയാളുടെ കൗതുകം. ഏതുവിധമാണ് ഉച്ഛിഷ്ടം? നിശ്ശബ്ദതകള്‍. റേഡിയോസ്റ്റേഷനില്‍ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ ടേപ്പിലാക്കുമ്പോള്‍ അവര്‍ ഒരു നിമിഷം മിണ്ടാതിരുന്നുന്നെന്നു വരും. ഒരു വാക്യം തീര്‍ന്നതിനു ശേഷം അടുത്തവാക്യം തുടങ്ങുന്നതിനുമുംപു ശ്വാസമെടുക്കേണ്ട ആവശ്യമുണ്ട്. അപ്പോള്‍ നിശ്ശബ്ദതയുണ്ടാകും. ഈ നിശ്ശബ്ദതകളൊക്കെ ശേഖരിക്കുകയാണ് അയാളുടെ പ്രവൃത്തി. ടേപ്പ് മുറിക്കുമ്പോള്‍ ശബ്ദമില്ലാത്തെ തുണ്ടുടേപ്പുകള്‍ അയാള്‍ ടിന്നിലിട്ടു വയ്ക്കും. വൈയ്കുന്നേരം അവ വീടില്‍ കൊണ്ടുപോയി ഒട്ടിച്ചു തിരിച്ചു ‘പ്ളേ’ ചെയ്തു കേള്‍ക്കും. ഇപ്പോള്‍ മൂന്നു മിനിറ്റ് നേരം കേള്‍ക്കാനുള്ള തുണ്ടുകളെയുള്ളു. അയാള്‍ അധികനേരം മൗനം അവലംബിക്കാറില്ലല്ലോ. “ടേപ്പ് വീട്ടില്‍ കൊണ്ടുപോകുന്നതു നിയമവിരുദ്ധമല്ലേ?” എന്ന് റേഡിയോസ്റ്റേഷനിലെ വേറൊരു ജോലിക്കാരന്‍ ചോദിച്ചു. “നിശ്ശബ്ദതകളും പാടില്ലേ?” എന്ന അയാള്‍ അങ്ങോട്ടൊരു ചോദ്യം.

ഇനി വേറൊരു രംഗം നോക്കിയാലും.

നിശ്ശബ്ദതകള്‍ ശേഖരിക്കുന്ന റേഡിയോ സ്റ്റേഷന്‍ ജോലിക്കാരന്‍ വീട്ടില്‍ കിടക്കുകയാണ്. അയാളുടെ അടുത്തു ഒരു സുന്ദരിപ്പെണ്‍കുട്ടി. അവളുടെ സമീപത്ത് ഒരു ടേപ്പ് റിക്കോര്‍ഡര്‍. പെണ്‍കുട്ടി പറഞ്ഞു: “എനിക്കു ആവതില്ല. എന്നോടു നിങ്ങള്‍ അത് ആവശ്യപ്പെടുന്നതു മനുഷ്യത്വമില്ലായ്മയാണ്. പെണ്‍കുട്ടി അസാന്‍മാര്‍ഗ്ഗികങ്ങളായ കാര്യങ്ങള്‍ ചെയ്യണമെന്നു പ്രതീക്ഷിക്കുന്ന ചില ആണുങ്ങളുണ്ട്. അവയെക്കാളേറെ അസാന്‍മാര്‍ഗ്ഗികമാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്.”

ജോലിക്കാരന്‍: പ്രിയപ്പെട്ട റീന, ഇപ്പോള്‍ പറഞ്ഞതൊക്കെ എനിക്കു മുറിച്ചുകളയേണ്ടിയിരിക്കുന്നു. നല്ല കുട്ടിയല്ലേ നീ. അഞ്ചു മിനിറ്റ് കൂടി നിശ്ശബ്ദത ടേപ്പിലേക്ക് ഇടൂ.

പെണ്‍കുട്ടി: ടേപ്പില്‍ വാക്കുകളിടാന്‍ എനിക്കു മടിയില്ല…എന്നാല്‍ നിശ്ശബ്ദതയിടാന്‍

1972-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഹൈന്‍റിംഗ് ബോയ്ല്‍ എഴുതിയ Murke’s Collectrd Silences എന്ന ചെറുകഥയിലെ രണ്ടു ഭാഗങ്ങളാണീവ. ശബ്ദം നിറഞ്ഞതാണ് ഈ ലോകം. ഓരോ മനുഷ്യനും സ്വന്തം ശബ്ദം മറ്റുള്ളവരെ കേള്‍പ്പിക്കാന്‍ വെമ്പുന്നു. അതു കേള്‍ക്കാന്‍ കൂട്ടാക്കാത്തവരെ പിടിച്ചുനിറുത്തി കാതില്‍ അലറുന്നു. ടേപ്പ് റിക്കോര്‍ഡറിന്റെയും റേഡിയോയുടെയും ടെലിവിഷന്റെയും ശബ്ദം അടുത്ത വീട്ടില്‍ നിന്നു വന്നു നമ്മെ ആക്രമിക്കുന്നു. റോഡിലേക്കു പോകാമെന്നു വിചാരിച്ചാല്‍ ജാഥകളുടെ ശബ്ദം, മുദ്രാവാക്യങ്ങളുടെ നിര്‍ഘോഷം. മ്യൂസിയം പാര്‍ക്കില്‍ ചെന്നിരിക്കാമോ? ഇരിക്കൂ. ലൗഡ് സ്പീക്കറിലൂടെ വരുന്ന ശബ്ദം നിങ്ങളുടെ കാതു പൊട്ടിക്കും. രാത്രി പന്ത്രണ്ടു മണിവരെ അങ്ങുമിങ്ങും അലഞ്ഞതിനുശേഷം വീട്ടില്‍ വന്നു കിടന്ന് ഉറങ്ങാമെന്നു കരുതിയാല്‍ അമ്പലത്തിലെ ഉച്ചഭാഷിണി “മുറുക്കിത്തുപ്പിയതാരാണ്? മുറുക്കിത്തുപ്പിയതാരാണ്?” എന്നു ചോദിച്ച് ഉറക്കമില്ലാതെയാക്കുന്നു. പാട്ടുപോലും ഒരു സമയപരിധിക്കപ്പുറം നമുക്കു കേള്‍ക്കാന്‍ വയ്യ. അപ്പോള്‍ കവിയരങ്ങിന്റെ കാര്യം എന്തു പറയാനിരിക്കുന്നു? കവിതചൊല്ലല്‍ എന്ന പേരില്‍ ഗര്‍ജ്ജനങ്ങളാണ് എങ്ങും. നമ്മുടെ ‘ഈയര്‍ഡ്രം’ പൊട്ടിക്കലാണ് ഈ കവികലുടെ ജോലി. ഇങ്ങനെ ശബ്ദം നിറഞ്ഞ ഈ ലോകത്ത് നിശ്ശബ്ദതയ്ക്കു പരമപ്രധാന്യമില്ലേ? അതിനുതന്നെ ഒരത്ഭുതാംശമില്ലേ? ഉണ്ടെന്നാണ് ബോയ്ല്‍ ആ ചിന്തോദ്ദീപകമായ ചെറുകഥയിലൂടെ പറയുന്നത്.

ടി.പത്മനാഭന്‍

സത്യം സൂര്യനെപ്പോലെയാണ്. പലര്‍ക്കും അതിനെ നേരെ നോക്കാന്‍ വയ്യ. അതിന്റെ പ്രചണ്ഡരശ്മികള്‍ വന്നു കണ്ണില്‍ വീഴുമ്പോള്‍ ഓരോ ആളും ഓരോ വിധത്തിലാണു പ്രതികരിക്കുന്നത്. ചിലര്‍ ആശ്രമങ്ങളിലേക്കു ഓടിപ്പോകുന്നു. കാഷായവസ്ത്രം ധരിച്ച് ഈശ്വരധ്യാനത്തില്‍ മുഴുകുന്നതായി ഭാവിക്കുന്നു. വേറെ ചിലര്‍ ഭ്രാന്തന്‍മാരായി മാറുന്നു. ഏതാനും വ്യക്തികള്‍ കലാകാരന്‍മാരായോ കലാസ്വാദകരായോ മാറുന്നു. ഇവരില്‍ ഓരോ ആളൂം തന്റേതായ ലോകം സൃഷ്ടിക്കുകയാണ്. ആ ലോകത്ത് വേദനിപ്പിക്കുന്ന വസ്തുതകളില്ല. സത്യം വേദനിപ്പിക്കുന്നതായതുകൊണ്ട് പീഡനാജനകങ്ങളായ അംശങ്ങളെ അതില്‍നിന്നും ദൂരീകരിച്ചിട്ട് സഹിക്കാവുന്ന സത്യത്തിന്റെ ലോകം തനിയെ സൃഷ്ടിക്കുകയാണ് വ്യക്തി. (ഈ ചിന്താഗതിയില്‍ ഫ്രായിറ്റിന്റെ സ്വാധീനശക്തിയുണ്ട്.) ടി. പത്മനാഭന്‍ ‘കലാകൗമുദി’യില്‍ എഴുതിയ ‘സ്വപ്നസന്നിഭം’ എന്ന ചെറുകഥയില്‍ നിത്യജീവിതസത്യത്തില്‍നിന്നു പരാങ്ങ്മുഖനായി മദ്യത്തിന്റെയും കലയുടെയും ലോകത്ത് അഭിരമിക്കുന്ന ഒരുത്തനെ കാണാം. അയാളുടെ ജീവിതരീതി കൊണ്ടാകണം ഭാര്യയ്ക്കു രോഗം; മകന്‍ മരിച്ചു; ജോലി നഷ്ടപ്പെടാറായിരിക്കുന്നു: മാനേജര്‍ താക്കീതു നല്കിക്കഴിഞ്ഞു. എകിലും നാടകാഭിനയത്തിന്റെ മാന്ത്രികശക്തിക്ക് അയാള്‍ അടിമയായിപ്പോകുന്നു. ഇനി ഒരു ദിവസം ഓഫീസില്‍ വന്നില്ലെങ്കില്‍ ജോലിപോകുമെന്ന അധികാരത്തിന്റെ പരുഷശബ്ദം തൃണവല്‍ഗണിച്ച് അയാള്‍ കൂടുകാരന്റെ അപേക്ഷ മാനിച്ച് നാടകത്തിന്റെ റിഹേഴ്സല്‍ കാണാന്‍ പോകുന്നു. കലയുടെ അദമ്യശക്തിയാണോ അയാളെ ഇതിലേക്കു നയിക്കുന്നത്? അതേ എന്നു പറയാന്‍ വയ്യ. ഇവിടെ കല രോഗമായി മാറുകയാണ്. അയാള്‍ അങ്ങനെ രോഗാര്‍ത്തനും. ജീവിതത്തിന്റെ പാരുഷ്യത്തെ നിരാകരിച്ച് ഫാന്‍റസിയിലൂടെ ആ ജീവിതത്തിന്റെ സുഖസന്ദായകമായ അംശം സാക്ഷാത്കരിക്കുകയാണ് അയാള്‍. നല്ല ആശയം. പക്ഷേ, പദ്മനാഭന്റെ കഥ ദുര്‍ബ്ബലമാണ്. എങ്ങനെ ദൗര്‍ബ്ബല്യം വന്നുവെന്ന് അറിയിണമെങ്കില്‍ അതു വായിച്ചുതന്നെ നോക്കണം.

ജീവിതസത്യത്തിന്റെ ഈ പ്രചണ്ഡതയില്‍ നിന്നു രക്ഷപ്പെടാനല്ലേ ആളുകള്‍ വിദേശങ്ങളിലേക്കു പോകുന്നത്? പണമില്ലാത്തതുകൊണ്ടോ സൗകര്യമില്ലാത്തതുകൊണ്ടോ ഞാന്‍ ഇവിടെത്തന്നെ കഴിയുന്നു. പക്ഷേ ഞാനും വിദേശസഞ്ചാരം നടത്തുന്നുണ്ടു്. പലരെയും കാണുന്നു. കലീല്‍ ജിബ്രാനോടൊരുമിച്ചു ലബനണിലെ ദേവദാരുക്കളെ സ്പര്‍ശിക്കുന്നു. കാസാന്‍ദ്സാക്കിസാനോടൊരുമിച്ചു ഗ്രീസിലെ സോര്‍ബയെ കാണുന്നു. റ്റോമാസ്മാനിനോടുകൂടി സ്വിസ് പര്‍വതങ്ങള്‍ക്കിടയിലുള്ള ഒരു ചികിത്സാകേന്ദ്രത്തില്‍ താമസിക്കുന്നു. മാര്‍ക്കേസിനോടൊരുമിച്ചു സമുദ്രത്തില്‍ ഒഴുകി നടക്കുന്നു. അങ്ങനെ ഞാനും ലോകമാകെ ദര്‍ശിക്കുന്നു. എനിക്കു ഭാഗ്യമുണ്ട്. മറുനാടുകളിലേക്കു പോകുന്നവര്‍ക്കും ഭാഗ്യം.

ഒ. വി. വിജയന്‍

പര്‍വതത്തില്‍ നിന്നു ചാടിയിറങ്ങി. കുലംകുത്തി, മാമരങ്ങളെ കടപുഴക്കി നിര്‍ഘോഷത്തോടെ സമുദ്രത്തില്‍ വീഴുന്ന നദികളുണ്ട്. ‘വീഴുന്ന’ എന്നു പറഞ്ഞതു തെറ്റു്. കടലിനെത്തന്നെ ഹുങ്കാരത്തോടെ ആക്രമിക്കുകയാണ് അവ. കടല്‍വെള്ളം അവ വലിച്ചുകുടിക്കുന്ന ശബ്ദം നിങ്ങള്‍ക്കു കേല്‍ക്കാം. ഷ്ടെഫാന്‍ സ്വൈഹിന്റെ മിക്കകഥകളും ഇമ്മട്ടിലാണ്. കുറെക്കൂടി പരിചിതമുള്ള പേരു വേണോ? എന്നാല്‍ ദസ്തെയെവ്സ്കി ആയിക്കൊള്ളട്ടെ. മലയില്‍ നിന്നു മന്ദമായി ഒലിച്ചു മറ്റു കൊച്ചു പ്രവാഹങ്ങളോടു ചേര്‍ന്നു കരകളെ തഴുകി പൂക്കളെയും ചില്ലകളെയും മാറിലൂടെ ഒഴുക്കി കടലിനെ പരിരഭണംചെയ്യുന്ന നദികളുണ്ട്. അവയ്ക്കു ക്ഷോഭമില്ല. പേടിപ്പെടുത്തുന്ന ചലനാത്മകതയില്ല. ശ്രീഘ്രഗതിയില്ല. പക്ഷേ സമുദ്രത്തോടു അടുക്കുമ്പോള്‍ നദിയുടെ വീതി വര്‍ദ്ധിക്കും. ഉദാത്തത എന്ന സ്വഭാവം ആവഹിക്കും. ടോള്‍സ്റ്റോയുടെ ‘ഇവാന്‍ ഇലീച്ചിന്റെ മരണം’ എന്ന നിരുപമകലാസൃഷ്ടി ഈ രീതിയിലുള്ളതാണ്. ഇക്വേറ്റ് ചെയ്തു പറയുകയല്ല. ഒ.വി. വിജയന്‍ മാതൃഭൂമി വിശേഷാല്‍ പ്രതിയില്‍ എഴുതിയ ‘കടല്‍ത്തീരത്ത്’ എന്ന ചെറുകഥ ഈ സ്വഭാവ സവിശേഷത പ്രകടിപ്പിക്കുന്നു. മന്ദഗതിയിലുള്ള പ്രാരംഭം. കരകള്‍ വഴങ്ങിക്കൊടുക്കാമെന്നു സമ്മതിച്ചിട്ടും വേണ്ട എന്ന മട്ടില്‍, തൊട്ടുതൊട്ടില്ല എന്ന രീതിയിലുള്ള ഒഴുക്ക്. നല്ല ആഴമുണ്ടെങ്കിലും അടിത്തട്ടു കാണാവുന്ന ജലം. എത്രയെത്ര പൂക്കളും പച്ചയിലകളും അതിലൂടെ ഒഴുകുന്നു. സമാപനമാകുമ്പോള്‍ എന്തെന്നില്ലാത്ത വിശാലത. അലങ്കാരമൊക്കെ ഉപേക്ഷിച്ചു പറയട്ടെ. അടുത്ത കാലത്തെങ്ങും ഇത്ര ആര്‍ദ്രീകരണശക്തിയുള്ള വേറൊരു കഥ ഞാന്‍ വായിച്ചിട്ടില്ല.

വെള്ളായിപ്പന്‍ വീട്ടില്‍നിന്നു യാത്രയാരംഭിച്ചു. കണ്ണൂര്‍ക്കാണ് യാത്ര. പ്രയാസപ്പെട്ടു സഞ്ചരിച്ചു തീവണ്ടിയാപ്പീസിലിറങ്ങി. ജയിലിലേക്കു വഴി ഏതെന്നു തിരക്കി. കിഴവനെ പലരും കളിയാക്കി. അത്ര വെളുപ്പാന്‍കാലത്തു ജയിലിലേക്കു വഴി ചോദിക്കുന്നവനെ കളിയാക്കാതിരിക്കുന്നതെങ്ങനെ? ഒടുവില്‍ കാരാഗൃഹത്തിലെത്തി പാറാവുകാരനെ കുറിപ്പ് ഏല്പിച്ചപ്പോള്‍ “നാളെയാണ് അല്ലേ?” എന്ന ചോദ്യം അയാളില്‍നിന്നുണ്ടായി. അതേ നാളെത്തന്നെ. അവിടെവച്ച് കഥാപ്രവാഹത്തിനു ഗാംഭീര്യവും ഔജ്ജ്വല്യുവും ഉണ്ടാവുകയാണ്. കൊലപാതകക്കുറ്റത്തിനു വധശിക്ഷ കിട്ടിയ മകന്‍ അടുത്ത ദിവസം തൂക്കിക്കൊല്ലപ്പെടുകയാണ്. അച്ഛനും മകനും തമ്മില്‍ കാണുന്നു. ഹൃദയഭേദകമായ രംഗം. സമയമായപ്പോള്‍ അച്ഛന് പിന്മാറേണ്ടിവന്നു. മകനു കൊടുക്കാന്‍ വേണ്ടി അമ്മ കെട്ടിക്കൊടുത്ത പഴഞ്ചോറുമായി മകന്റെ മൃതദേഹത്തെ കടപ്പുറത്തോളം അയാള്‍ അനുഗമിച്ചു. അതു താഴെ വീണു. ബലിക്കാക്കകള്‍ അതു കൊത്തിത്തിന്നാന്‍ വരുമ്പോള്‍ കഥ അവസാനിക്കുന്നു. സ്നേഹം ജനിപ്പിച്ച യാതനയെ- അച്ഛന്റെയും അമ്മയുടെയും മകന്റെയും യാതനയെ- കലാരാഹിത്യമെന്നു തോന്നിക്കുന്നതും എന്നാല്‍ തികച്ചും കലാത്മകവുമായ ആഖ്യാനത്തിലൂടെ ആവിഷ്കരിക്കുന്ന ഈ കഥ ഉത്കൃഷ്ടമാണ്.

പാട്ടുപോലും ഒരു സമയപരിധിക്കപ്പുറം നമുക്കു കേള്‍ക്കാന്‍ വയ്യ. അപ്പോള്‍ കവിയരങ്ങിന്റെ കാര്യം എന്തു പറയാനിരിക്കുന്നു? കവിതചൊല്ലല്‍ എന്ന പേരില്‍ ഗര്‍ജ്ജനങ്ങളാണ് എങ്ങും. നമ്മുടെ ‘ഈയര്‍ഡ്രം’ പൊട്ടിക്കലാണ് ഈ കവികളുടെ ജോലി. ഇങ്ങനെ ശബ്ദം നിറഞ്ഞ ഈ ലോകത്ത് നിശ്ശബ്ദതയ്ക്കു പരമപ്രധാന്യമില്ലേ?

മുടന്തുണ്ടോ?

സി. പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലം. അങ്ങേയറ്റത്തെ അധികാരസ്ഥാനത്തു ‘സേവ’ യുണ്ടായിരുന്ന ഒരാളിന്റെ ജാമാതാവിന് ഒരു ഉയര്‍ന്ന ഉദ്യോഗം കൊടുക്കണം. ജാമാതാവ് ഒരു കൊച്ചു ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി നോക്കുന്നു. 80 രൂപ ശമ്പളത്തിലാണ് ജോലി നോക്കുന്നത്. അയാള്‍ക്കൂ 250 രൂപ ശമ്പളത്തിലാണ് ജോലി നല്‍കേണ്ടത്. അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടു പരസ്യം നല്കി സര്‍ക്കാര്‍. അപേക്ഷകര്‍ക്കു വേണമെന്നു നിര്‍ദ്ദേശിച്ച യോഗ്യതകള്‍ ആ കൊച്ചു ജോലിക്കാരന് ഉണ്ടായിരുന്ന യോഗ്യതകള്‍ മാത്രം. മുപ്പത്തിയഞ്ചു വയസ്സിനും നാല്പതു വയസ്സിനുമിടയ്ക്കു പ്രായം. ബി.എ.ജയിച്ചിരിക്കണം. മറ്റൊരു ഡിപ്പാര്‍ട്ടുമെന്റില്‍ പത്തു കൊല്ലത്തെ പരിചയം. ഇങ്ങനെ ചിലതെല്ലാം. ഈ യോഗ്യതകള്‍ അയാള്‍ക്കു് അന്നുണ്ടായിരുന്നു. അയാള്‍ക്കു മുടന്തുണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ വക പരസ്യത്തില്‍ അപേക്ഷകനു മുടന്തും വേണമെന്നു പറഞ്ഞേനെ. ഭാഗ്യംകൊണ്ട് ജാമാതാവിന് അംഗത്തിനു ഭംഗം വന്നിരുന്നില്ല. ജോലി അയാള്‍ക്കുതന്നെ കിട്ടിയെന്നു എടുത്തു പറയേണ്ടതില്ലല്ലോ. ക്ളാര്‍ക്കെന്ന നിലയില്‍, അയാളുടെ ഫയല്‍ ‘ഡീല്‍’ ചെയ്ത എന്നെ ഏറ്റവും രസിപ്പിച്ചത് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന എ. ഗോപാലമേനോന്‍ അയാള്‍ക്കു നല്കിയ സര്‍ട്ടിഫിക്കറ്റാണ്. ആദ്യത്തെ ശ്രമത്തില്‍തന്നെ അയാള്‍ ബി.എ. ജയിച്ചുവെന്നായിരുന്നു മേനോന്റെ സാക്ഷ്യപത്രം.

എന്‍.വി. പി.ഉണിത്തിരി ദേശാഭിമാനി വാരികയില്‍ എഴുതിയ “സാഹിത്യത്തിന്റെ ഉറവിടം” എന്ന ലേഖനം വായിച്ചപ്പോഴാണ് ഈ നിയമത്തെക്കുറിച്ച് എനിക്ക് ഓര്‍മ്മ വന്നത്. സംസ്കൃതാലങ്കാരികന്‍മാര്‍ ഭൗതിക വീക്ഷണം ഉള്ളവരായിരുന്നുവെന്നാണ് ലേഖകന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു വയ്ക്കുന്നു:

“എല്ലാംകൂടി ഒത്തുവച്ചാലോചിച്ചാല്‍, സാഹിത്യത്തിന് അലൗകികമായ പൂര്‍വജന്‍മാര്‍ജിതമോ അല്ലാത്ത, ഭൗതികവും സാമൂഹ്യവും മാത്രമായ ഉറവിടമാണുള്ളതെന്നു വാദിച്ചുപോന്ന ഒരു ഗണ്യമായ വിഭാഗം ഭാരതീയ സാഹിത്യ പണ്ഡിതന്മാരുടെയിടലിലുണ്ടായിരുന്നുവെന്ന് ന്യായമായും അനുമാനിക്കാന്‍ കഴിയും.”

സ്പേഷ്യോ റ്റെംപറല്‍ റിയാലിറ്റിയെ -സ്ഥലത്തെയും കാലത്തെയും സംബന്ധിച്ച യാഥാര്‍ത്ഥ്യത്തെ-ഒഴിവാക്കിക്കൊണ്ട് ബ്രഹ്മാനന്ദസദൃശ്യമായ ആഹ്ളാദത്തിന് പ്രാധാന്യം കല്പിച്ചവരാണ് ഭാരതത്തിലെ ആലങ്കാരികന്മാര്‍. അങ്ങനെ തികച്ചും ആധ്യാത്മികമാണ് അവരുടെ കലാസങ്കല്പം. അങ്ങനെയുള്ളവരില്‍ ഭൗതിക വീക്ഷണഗതി അടിച്ചേല്‍പ്പിക്കുന്ന സാഹസിക്യമാണ് ഉണിത്തിരിയുടേത്. ഇതു സത്യവുമായി പൊരുത്തപ്പെടുന്നില്ല. ഈ ആലങ്കാരികന്മാർ ഡയലക്ടിക്കല്‍ മെറ്റീരിയലിസത്തില്‍ വിശ്വസിച്ചിരുന്നുവെന്ന് ലേഖകന്‍ വാദിക്കാത്തതു നമ്മുടെ ഭാഗ്യമെന്നേ പറയേണ്ടു. കാറല്‍മാർക്സിനു മുടന്തില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ ഭാരതത്തിലെ എല്ലാ ആലങ്കാരികന്മാര്‍ക്കും മുടന്തുണ്ടയിരുന്നുവെന്ന് ഉണിത്തിരി വാദിച്ചേനേ.

ശരിയായ മാര്‍ക്സിസ്റ്റുകള്‍ (അവരെ ഈ ലേഖകന്‍ ബഹുമാനിക്കുന്നു) ആധ്യാത്മികത്വത്തെ മനസ്സിലാക്കി അത് ആ കാലയളവിന്റെ സവിശേഷതയാണെന്നു മാത്രമേ ഉദ്ഘോഷിക്കൂ. മെറ്റീറിയലിസം സ്പിരിച്ച്വലിസത്തെക്കാള്‍ സത്യാത്മകമാണെന്നും അവര്‍ സ്ഥാപിക്കും. വള്‍ഗര്‍ മാര്‍ക്സിസ്റ്റ് ആധ്യാത്മികത്വത്തെയും ഭൗതികത്വമാക്കി മാറ്റാന്‍ യത്നിക്കും.

മമ്മടന്‍ “തദദോഷൌ ശബ്ദാര്‍തെഥൗ സഗുണാവനലങ്കൃതി പുന:ക്വാപി” എന്നു കാവ്യത്തിനു ലക്ഷണം നല്കിയിട്ടുണ്ട്. (ദോഷങ്ങളില്ലാത്തതും ഗുണങ്ങളുള്ളതും ചില സ്ഥാനത്ത് അലങ്കാരമില്ലാത്തതുമായ ശബ്ദവും അര്‍ത്ഥവും ഒന്നിച്ചുചേര്‍ന്നു കാവ്യമാകുന്നു). മമ്മടന്റെ ഈ വാക്യം ഡയലക്ടിക്കല്‍ മെറ്റീരിയലിസമാണെന്നു സ്ഥാപിക്കാന്‍ ഒരു പ്രയാസവുമില്ല. ശബ്ദം തീസിസ് അര്‍ത്ഥം ആന്റിതീസിസ്. കാവ്യം സിന്തസിസ്. ഇപ്രകാരം ഞാന്‍ പറയുമ്പോള്‍ ആരെങ്കിലും എന്റെ സ്ഥാനം ഊളമ്പാറയിലാണെന്നു അഭിപ്രായപ്പെട്ടാല്‍ ഞാന്‍ പരിഭവിക്കില്ല.

ഇന്ദിരാഗാന്ധിയും അല്‍വിന്‍ ടൊഫ്ളറും

‘ഫ്യൂചര്‍ ഷോക്ക്’ എന്ന പുസ്തകം എഴുതിയ അല്‍വിന്‍ ടൊഫ്ളറുടെ Previews and premises എന്ന ഗ്രന്ഥത്തില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ടൊഫ്ളറും കൂട്ടുകാരും ന്യൂഡല്‍ഹിയിലെത്തി. അതറിഞ്ഞ ഇന്ദിരാഗാന്ധി അവരെ ക്ഷണിച്ചു. അക്കാലത്ത് അവര്‍ പ്രഭാഷണങ്ങളില്‍ “ഫ്യൂചര്‍ ഷോക്കി”ല്‍ നിന്നു ഉദ്ധരിക്കുമായിരുന്നു. ടൊഫ്ളര്‍ ഇന്ദിരാഗാന്ധിയെക്കുറിച്ചു പറയുന്നു: We found it remarkable that,in the midst of all the immediate pressures on her, she would take time out to give us what amounted to an elementary lesson on the geopolitics of the sub-continent.

കിഴക്കന്‍ പാകിസ്ഥാന്‍ പാകിസ്ഥാനില്‍ നിന്നു വേര്‍പെട്ട് ബംഗ്ളാദേശ് രൂപവൽകരിച്ചകാലം. ആശ്രയം തേടി കോടിക്കണക്കിന് ആളുകള്‍ ഇന്ത്യയിലേക്ക് പോന്നു. കൊലപാതകികള്‍ക്കു നിക്സണ്‍ ആയുധങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഈ ജനപ്രവാഹത്തെ അതിര്‍ത്തിയടച്ച് തടയുന്നില്ലേയെന്ന് ടൊഫ്ളറും കൂട്ടുകാരും ഇന്ദിരാഗാന്ധിയോടു ചോദിച്ചു. അതു സാദ്ധ്യമല്ല. ആശ്രയസ്ഥാനം അന്വേഷിച്ചുവരുന്നവരുടെ ബന്ധുക്കള്‍ ഇന്ത്യയില്‍ത്തന്നെയുണ്ട് എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രിയുടെ മറുപടി. എന്നിട്ട് തന്നെ വധിക്കുന്നതിനെക്കുറിച്ച് ഇന്ദിരാഗാന്ധി അഭ്യൂഹം നടത്തി. അത് അവരെ അദ്ഭുതപ്പെടുത്തി. അതിര്‍ത്തി അടച്ചാല്‍ താന്‍ വധിക്കപ്പെടുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഉപജാപമുണ്ടായിരുന്നോ അതോ അതു മാനസികവിഭ്രമായിരുന്നോ എന്ന കാര്യം ടൊഫ്ളര്‍ക്കും സൃഹൃത്തുക്കള്‍ക്കും നിശ്ചയമില്ലായിരുന്നു. പിന്നെയും കുറെക്കാലം കഴിഞ്ഞാണ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്. തന്റെ ദുരന്തത്തെക്കുറിച്ച് ബുദ്ധിശാലിനിയായ അവര്‍ക്ക് അറിവുണ്ടായിരുന്നു എന്നു നമ്മെ ഗ്രഹിപ്പിക്കുന്നു ടൊഫ്ളറുടെ പുസ്തകം.

അവര്‍ പറഞ്ഞു

(1) ജി. ശങ്കരക്കുറുപ്പ്: (കത്തില്‍)

ജോസഫ് മുണ്ടശ്ശേരി, ബിഷപ്പ് വളര്‍ത്തിയ മുയലിനെപ്പോലെയാണ്. മലതുറന്ന് ഇരിക്കാന്‍ മാത്രം സ്ഥലമുണ്ടാക്കിയ മുയല്‍ അവിടെയിരുന്നുകൊണ്ട് ആ മലയെ ചുമക്കുന്നത് അതുതന്നെയാണെന്നു വിചാരിച്ചു.

(2) വിനി മാന്‍ഡേല:

അവര്‍ (റീഗനും താച്ചറും) തങ്ങളുടെ കൊട്ടാരങ്ങള്‍ പ്രദാനം ചെയ്യുന്ന സുഖത്തിലിരുന്നുകൊണ്ടു തീര്‍ച്ചയായും അങ്ങനെ മാത്രമേ പറയൂ. ഞങ്ങളെഒപ്പോലെ അവര്‍ എല്ലാ ദിവസവും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നില്ല.

(വര്‍ണ്ണവിവേചനം മരിച്ചുകൊണ്ടിരിക്കുന്നുവെന്നു റീഗനും താച്ചറും പറഞ്ഞതായി റേഡിയോ ഹവാന വിനിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍)

(3) കാര്‍ലോസ് റാഫേല്‍ റോത്ത് റീഗേസ്:

One Hindered Years of Solitude എന്ന നോവൽ നോബല്‍ സമ്മാനത്തിന്റെ പാതയിലേക്കു മാര്‍കേസിനെ നയിച്ചിരുന്നില്ലെങ്കില്‍ Love in Times of Cholera എന്ന നോവല്‍ തീര്‍ച്ചയായും അദ്ദേഹത്തെ അതിലേക്കു കൊണ്ടുചെല്ലും. മനുഷ്വത്തിന്റെ അഗാധത ഈ നോവലിനു കൂടുതലായുണ്ട്. സാഹിത്യപരമായ സാന്ദ്രതയുടെ കുറവും. ഈ വൈരുദ്ധ്യത്തിനു മാപ്പ്…മീഗല്‍ ഒതേറൊ, സില്‍വയോടു ഒരിക്കല്‍ ചോദിച്ചു മണല്‍ക്കാടായ ഒരു ദ്വീപില്‍ ജീവിതത്തിന്റെ ശേഷം ഭാഗം മുഴുവന്‍ ഒറ്റ നോവലോടുകൂടി മാത്രം കഴിച്ചുകൂട്ടാന്‍ നിര്‍ബ്ബദ്ധനായാല്‍ അദ്ദേഹം ഏതു നോവല്‍ കൊണ്ടുപോകുമെന്ന്. വായിച്ചു തീര്‍ക്കാന്‍ കഴിയുമോ എന്നു പരിശോധിക്കാന്‍ വേണ്ടി റ്റോമസ് മാനിന്റെ The Magic Mountain കൂടെ കൊണ്ടുപോകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതേ വിധത്തിലൂള്ള നാടകീയമായ ഏകാന്തതയില്‍ പെടുന്ന ഏതൊരാളും ഒരു സംശയവും കൂടാതെ മാര്‍കേസിന്റെ നോവല്‍ കൊണ്ടുപോകുകയും അതു വായിച്ചു തീര്‍ക്കുകയും ചെയ്തും (ക്യൂബയില്‍ നിന്നു വരുന്ന ഗ്രാന്‍മ കള്‍ച്ചറല്‍ ന്യൂസില്‍നിന്ന്)

കാക്കനാടന്‍

ചടുലമായ ആഖ്യാനത്തില്‍ പ്രഗല്ഭനാണ് കാക്കനാടന്‍, ആ ആഖ്യാനത്തിലൂടെ തന്റെ കഥാപാത്രങ്ങളെ ജീവനുള്ളവയാക്കി പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിനറിയാം. അവര്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന ആകാംക്ഷയോടെ നാം കഥയോടൊത്തു പ്രയാണം ചെയ്യുന്നതും കഥാകാരന്റെ വൈദഗ്ദ്ധ്യത്താലാണ്. ഈ ഗുണങ്ങളാല്‍ സമ്പന്നമായിരിക്കുന്നു അദ്ദേഹം ജനയുഗം വിശേഷാല്‍ പ്രതിയില്‍ എഴുതിയ ‘നായാട്ട്’ എന്ന ദീര്‍ഘമായ ചെറുകഥ. പപ്പു അതിശക്തനാണ്, ആര്‍ക്കും വഴങ്ങാത്തവനാണ്. അവൻ ശരീരദാര്‍ഢ്യവും സ്വഭാവദാര്‍ഢ്യവുമുള്ള ഒരു പെണ്ണിനെക്കണ്ടു കാമത്തില്‍ വീഴുന്നു. അവളെ വശപ്പെടുത്തണമെങ്കില്‍ ഒരു പന്തയത്തില്‍ അവന്‍ ജയിക്കണം. പെണ്ണൂ ചുമന്നുകൊണ്ടു വന്ന ഒരു തടിക്കഷണം വെട്ടിക്കീറണം. ആര്‍ക്കും സാധിക്കാത്ത ആ കൃത്യം അനുഷ്ഠിച്ച് അവന്‍ പെണ്ണിനെ വീഴ്ത്തുന്നു. അവള്‍ക്ക് അവന്റെ ഭാര്യയായി വര്‍ത്തിച്ചാല്‍ കൊള്ളാമെന്നുണ്ട്. അതു ഫലിക്കാത്ത ആഗ്രഹം. അവന്‍ അകന്നു പോകുന്നു. പെണ്ണിന് മാറാത്ത രോഗം. കലാകാരന്‍ കൂടിയായ പപ്പു രണ്ടു പാറകളില്‍ ആ പെണ്ണിന്റെയും അവന്‍ പിടിച്ച മീനിന്റെയും ശില്പങ്ങള്‍ കൊത്താന്‍ തീരുമാനിക്കുമ്പോള്‍ കഥ അവസാനിക്കുന്നു.

വിറകുമുട്ടി പൊട്ടിച്ച് പെണ്ണിനെ കൈക്കലാക്കുന്ന ഭാഗംവരെ അസ്സലായിട്ടുണ്ട്. അതിനുശേഷം ഒരു വീഴ്ച. കാക്കനാടന്‍ നല്ല സാഹിത്യകാരനാണെങ്കിലും ഉദ്ഗ്രഥിതമായ ഭാവനാശക്തികൊണ്ട് വിഷയത്തെ സാകല്യാവസ്ഥയില്‍ കാണുന്നില്ല. ചിത്രീകരിക്കുന്നില്ല. പ്രാകൃതങ്ങളായ ശക്തിവിശേഷങ്ങളുടെ പ്രതിനിധികളായ രണ്ടു കഥാപാത്രങ്ങള്‍ റൊമാന്‍സിന്റെ “മധുചന്ദ്രികയില്‍” മുങ്ങി നമ്മുടെ മുന്‍പില്‍ വന്നുനിന്നതിനു ശേഷം പൊടുന്നനവേ അപ്രത്യക്ഷരാകുന്നു. ഒരാള്‍ക്ക് -പെണ്ണിന്-രോഗം. മറ്റൊരാള്‍ക്കു കലയില്‍ അഭിനിവേശം. പപ്പുവിന്റെ പ്രാകൃതത്വവും കല ജനിപ്പിക്കേണ്ട മൃദുത്വവും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. ആകെക്കൂടി അസത്യാവസ്ഥ. ‘തീയറ്റ്രിക്കല്‍ ഫാള്‍സ്നെസ്സ്’ എന്നു ഇംഗ്ലീഷില്‍ പറഞ്ഞാലേ ഞാനുദ്ദേശിക്കുന്നത് പൂര്‍ണ്ണമായും സ്പഷ്ടമാവുകയുള്ളു.

ഓടയില്‍ നിന്ന്

പ്രശസ്തനായ ഒരു ഗായകന്‍ പറഞ്ഞു: ഞാന്‍ ദിവസവും പരിശീലനം നടത്തും.ഒരു ദിവസം അതു മുടങ്ങിയാല്‍ ഞാന്‍ തന്നെ അതു കണ്ടുപിടിക്കും. രണ്ടുദിവസം മുടങ്ങിയാല്‍ നിരൂപകര്‍ കണ്ടുപിടിക്കും. മൂന്നുദിവസം അതു മുടങ്ങിയാല്‍ ബഹുജനം കണ്ടുപിടിക്കും. ബഹുജനത്തിനോ നിരൂപകര്‍ക്കോ കലാകാരനായ കേശവദേവിന്റെ ന്യൂനതകള്‍ കണ്ടുപിടിക്കാനായില്ല. താന്‍ ടോള്‍സ്റ്റോയിക്കു തുല്യനാണെന്നു വിശ്വസിച്ചിരുന്ന കേശവദേവിന് സ്വന്തം കഴിവിന്റെ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. വങ്കത്തം വരുമ്പോള്‍ അന്ധത്വം വന്നു പോകും. നമ്മുടെ റിയലിസ്റ്റിക് സാഹിത്യകാരന്മാരില്‍ പലരും മിനിയേച്ചറിസ്റ്റുകളാണ്. ചെറിയ കാന്‍വാസ്സില്‍ തീരെച്ചെറിയ ചിത്രം വരയ്ക്കുന്ന ആളാണു മിനിയേച്ചറിസ്റ്റ്. അവരെക്കുറിച്ചെഴുതുന്ന നിരൂപകര്‍ ആ പരമാര്‍ത്ഥം മറക്കുന്നു. ഫലം അത്യുക്തിയും സ്ഥൂലീകരണവും. കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ എന്ന കൊച്ചുകൃതിയെക്കുറിച്ചു നിരൂപകര്‍ എഴുതിയിട്ടുള്ളപ്പോഴെല്ലാം ഈ അത്യുക്തിയും സ്ഥൂലീകരണവും ഉണ്ടായിട്ടുണ്ട്.

അതിഭാവുകത്വം, സ്യൂഡോറീയലിസം ഇവ ചേര്‍ന്ന വീക്ഷണഗതി പ്രകടിപ്പിക്കുന്നവയാണു കേശവദേവിന്റെ നോവലുകളും ചെറുകഥകളും. അവയില്‍ അഗ്രിമസ്ഥാനത്തെത്തിയ ‘ഓടയില്‍നിന്ന്’ എന്ന ദീര്‍ഘമായ ചെറുകഥ വിക്തോര്‍യൂഗോയുടെ ‘പാവങ്ങള്‍’ എന്ന മഹാഗ്രന്ഥത്തിന്റെ ഇതിവൃത്തം സംഗ്രഹിച്ചതാണ്. ഷാങ്ങ് വല്‍ഷാങ്ങിന്റെ പ്രതിരൂപമാണ് പപ്പു. കോസത്തിന്റെ പ്രതിരൂപം ലക്ഷിമിയും. വിശദീകരിക്കാന്‍ ഇവിടെ സ്ഥലമില്ല. ‘ഓടയില്‍നിന്ന്’ എന്ന പേരുപോലും ‘പാവങ്ങളില്‍ നിന്ന് സ്വീകരിച്ചതാണ്. കോസത്തിന്റെ കാമുകനെ ഷാങ്ങ്വല്‍ഷാങ്ങ് ഗട്ടറിലൂടെ പൊക്കിയെടുത്തുകൊണ്ടു നടക്കുന്നത് ഓര്‍മ്മിച്ചാലും. ‘പാവങ്ങള്‍’ മുന്‍പ് എഴുതിയതുപോലെ മഹാഗ്രന്ഥം “ഓടയില്‍ നിന്ന് ക്ഷുദ്രഗ്രന്ഥം. ഈ ക്ഷുദ്രകൃതിയുടെ ക്ഷുദ്രത്വം വ്യക്തമാക്കുമ്പോള്‍ മാത്രമേ നിരൂപണം സത്യസന്ധമാവൂ. അത് അംഗീകരിക്കപ്പെടേണ്ട കൃതിയാണെന്ന മട്ടില്‍ എ. ഡി.രാജന്‍ എഴുതുമ്പോള്‍ (കുങ്കുമം വാരിക) വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസുകള്‍ കണ്ടിട്ടുള്ളവരുടെ നെറ്റി ചുളിയുന്നു. എന്തിന് മാസ്റ്റര്‍ പീസുകളിലേക്കു പോകുന്നു? ആര്‍തര്‍ ഹെയ്ലി. ദ്യുമോറീയേ ഇവരൊക്കെ സാഹിത്യത്തോടു ബന്ധമുള്ളവരല്ല. അവര്‍ക്കുള്ള കഴിവിന്റെ ആയിരത്തിലൊരംശം പോലും കേശവദേവിനില്ല.

മലയാള സാഹിത്യത്തില്‍ കേശവദേവിനു ചരിത്രപരമായ സ്ഥാനമേയുള്ളു. വര്‍ഷങ്ങള്‍ കഴിഞ്ഞ് വിശ്വസാഹിത്യത്തില്‍ അവഗാഹമുള്ള ആരെങ്കിലും മലയാള സാഹിത്യത്തിന്റെ ചരിത്രമെഴുതുമ്പോള്‍ കേശവദേവിനെക്കുറിച്ച് പത്തു വാക്യങ്ങള്‍ എഴുതിയെന്നു വരും. അത്രേയുള്ളൂ. അന്നു ദേവസ്തോതാക്കളെ കേരളീയര്‍ മറന്നിരിക്കും. “എടാ ഉവ്വേ. ഞാന്‍ ടോള്‍സ്റ്റോയിയെക്കാള്‍ കേമനാണടാ” എന്ന് എന്നോടും മറ്റു പലരോടും കേശവദേവ് പലതവണ പറഞ്ഞതും അന്ന് കേരളീയര്‍ ഓര്‍മ്മിക്കില്ല.

* * *

അത്രകണ്ടു പ്രസിദ്ധങ്ങളല്ലാത്തവയും എന്നാല്‍ വിശിഷ്ടങ്ങളുമായ ചില നോവലുകളുടെ പേരുകള്‍ പറയൂ. പറയാം. ജൂസേപ്പേ ഡീ ലാമ്പേഡൂസായുടെ Guseppe of Lampedusa 1896-1957) The Leopard എന്ന നോവല്‍, ഇറ്റാലിയന്‍ നോവലിസ്റ്റാണ് ലാമ്പേഡൂസാ. അദ്ദേഹം മരിച്ചതിനുശേഷമാണ് നോവല്‍ പ്രസിദ്ധപ്പെടുത്തിയത്. ആന്ദ്രേ ബൈലിയുടെ (Andrel Bely 1880- 1934) ‘Petersburg’. അദ്ദേഹം റഷ്യന്‍ നോവലിസ്റ്റാണ്. റുമേനിയന്‍ നോവലിസ്റ്റായ Petru Dumtriu (ജനനം 1924) എഴുതിയ ‘Incognito’-ഈ മൂന്നു നോവലുകളുടെയും ഔജ്ജ്വല്യം കണ്ട് ഈ ലേഖകന്‍ വിസ്മയിച്ചിട്ടുണ്ട്.

ഗുരുത്വാകര്‍ഷണം

ഓണക്കാലം. കുട്ടികള്‍ പട്ടം പറത്തുന്നതു കാണാന്‍ എനിക്കു രസമാണ്. ചതുരമൊത്ത ഒരു വര്‍ണ്ണക്കടലാസ് ഉയര്‍ന്നുയര്‍ന്നു പോകുമ്പോള്‍ ഞാന്‍ കുട്ടിയെ കാണാറില്ല. നൂലു കാണാറില്ല. പടത്തിന്റെ നിറമെന്താണെന്നു അറിയുന്നില്ല. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന് എതിരായി പട്ടമെങ്ങനെ ഉയരുന്നുവെന്നും ആലോചിക്കാറില്ല. അതിന്റെ അനുനിമിഷമുള്ള ഉയര്‍ച്ചയാണ് എന്നെ ആഹ്ളാദിപ്പിക്കുന്നത്. ഉത്കൃഷ്ടമായ സാഹിത്യകൃതി ആധ്യാത്മികത്വത്തിന്റെ മണ്ഡലത്തിലേക്കു കുതിച്ചുയരുമ്പോള്‍ ഞാന്‍ അതിലെ വാക്കുകള്‍ ഏവയെന്ന് ഓര്‍മ്മിക്കുന്നില്ല. നല്ല കൃതികളെ ഗുരുത്വാകര്‍ഷണത്തിന് ഒന്നും ചെയ്യാന്‍ വയ്യ. കലാശൂന്യങ്ങളായ രചനകളെ ഭൂമി വലിച്ചു താഴ്ത്തുന്നു.