close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 02 09


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 02 09
ലക്കം 543
മുൻലക്കം 1986 02 02
പിൻലക്കം 1986 02 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കടൽ വിഷാദമുളവാക്കുമെന്നും പർവ്വതം ആഹ്ലാദം ജനിപ്പിക്കുമെന്നും എന്റെ ഗുരുനാഥൻ ഡോക്ടർ കെ.ഭാസ്കരൻ നായർ എഴുതിയിട്ടുണ്ട്. പഠിപ്പിച്ചയാളിന്റെ അഭിപ്രായത്തെ വിമർശിക്കാൻ പ്രയാസമുണ്ട്. എങ്കിലും പറഞ്ഞുപോകുകയാണ്. ദ്രഷ്ടാവിന്റെ വികരം പ്രാപഞ്ചികവസ്തുക്കളിലും പ്രതിഭാസങ്ങളിലും ആരോപിക്കുന്നതിന്റെ ഫലമല്ലേ ഈ വിഷാദവും ആഹ്ലാദവും? ആയിരിക്കാം. എന്നെ സംബന്ധിച്ചിടത്തോളം, കടൽ വിഷാദമല്ല, പേടിയാണ് ഉളവാക്കുന്നത്. അതിനാൽ ഞാൻ കടപ്പുറത്ത് പോകാറില്ല. ടേലിവിഷനിൽ കടൽ കാണിക്കുമ്പോഴും എനിക്ക് ഭയമുണ്ടാകുന്നു. കൊച്ചുന്നാളിൽ കടപ്പുറത്ത് പോയിരുന്നു. ചിപ്പികൾ ശേഖരിച്ചുകൊണ്ട് വന്നിരുന്നു.തിരകൾ പതുക്കെ തീരത്ത് വന്നണയുന്നത് കൗതുകത്തോടെ നോക്കിനിന്നിരുന്നു. കടൽ ക്ഷോഭിച്ച് മറിയുമ്പോൾ, തിരകൾ ഉയർന്നും വൈപുല്യമാർന്നും, തിരത്ത് വന്നടിക്കുമ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. തരംഗങ്ങളുടെ മന്ദഗതിയും ശീഘ്രഗതിയും പ്രകൃതിക്ക് അനുരൂപമായതുക്കൊണ്ടാണ് അസ്വാഭാവികത അനുഭവപ്പെടുന്നത്. എന്നാൽ സിനിമയിൽ ഈ തരംഗ ചലനങ്ങളെ ‘സ്ലോ മോഷനാ’യി കാണിച്ചാലോ? വെറുപ്പായിരിക്കും ഫലം. ടെന്നീസ് കളിക്കാരൻ പന്തടിച്ച് വലയ്ക്ക് അപ്പുറത്തിടുകയും അതെടുക്കാൻ ശ്രമിച്ച പ്രതിയോഗി കോർട്ടിൽ മലർന്നു വീഴുകയും ചെയ്യുന്നത് സ്വാഭാവിക ചലനത്തിൽ ടെലിവിഷനിൽ കാണുമ്പോൾ വിശേഷിച്ചൊരു വികാരവുമില്ല, കാഴ്ച്ചക്കാരനായ എനിക്ക്. എന്നാൽ അത് ‘സ്ലോ മോഷനാ’യി കാണിക്കുമ്പോൾ ഞാൻ കണ്ണടയ്ക്കുന്നു. അസ്വാഭാവികമായതെന്തും യാതനയുളവാക്കും. പ്രേമരംഗങ്ങളേ അതിഭാവുകത്വത്തോടു കൂടി നോവലെഴുത്തുകാരും കഥയെഴുത്തുകാരും ചിത്രീകരിക്കുമ്പോൾ സഹൃദയന് ഉദ്വേഗം ജനിക്കുന്നത് ഇതിനാലാണ്.

പെൻഷൻ — ആദ്യത്തെ മരണം

ഈ ഉദ്വേഗം എല്ലെങ്കിൽ മനസ്സിന്റെ സ്ഥിരതയില്ലായ്മ സഹൃദയനുളവാക്കാൻ പര്യാപ്തമാണ് റ്റി. കെ. അനിയൻ മനോരാജ്യം വരികയിലെഴുതിയ ‘ഇടവേള’ എന്ന ചെറുകഥ. പെൻഷൻ പറ്റിയ അച്ഛൻ മാസം തോറും മകൾ കൊടുക്കുന്ന പണം വാങ്ങാൻ, അവൾ ഭാർത്താവോടൊരുമിച്ച് വസിക്കുന്നിടത്ത് പോകുന്നതും, പതിവായി പോകുന്ന അയാളെ മകളൂം മരുമകനും അപമാനിക്കുന്നതും മറ്റും വർണ്ണിക്കുന്നതാണ് ഈ കഥ. അടുത്തൂൺ പറ്റിയവൻ ദരിദ്രനാണെങ്കിൽ മക്കളാൽ അപമാനിക്കപ്പെടും എന്നത് തീർച്ചയുള്ള കാര്യമാണ്. ദരിദ്രനല്ലെങ്കിലുമുണ്ടാകും അപമാനവും നിന്ദനയും. ഒരു യഥാർത്ഥ സംഭവം പറയാം. എന്റെ ഉപകർത്താവായ ഒരു ഗവണ്മെന്റ് സെക്രട്ടറി ഉണ്ടായിരുന്നു. അദ്ദേഹം പെൻഷൻ പറ്റി മകളോടു കൂടി താമസിച്ചിരുന്നു. ഒരു ദിവസം ആ മകളുടെ കുഞ്ഞ് എന്തോ തെറ്റു ചെയ്തപ്പോൾ പേരക്കുട്ടിയാണല്ലോ എന്ന് വിചാരിച്ച് മുത്തച്ഛനായ അദ്ദേഹം അതിനെ ശാസിച്ചു. കൊച്ച് തൊണ്ട കീറി നിലവിളിച്ചു. മകൾക്ക് (കുഞ്ഞിന്റെ അമ്മയ്ക്ക്) അതൊട്ടും രസിച്ചില്ല. അവൾ ഓടി വന്ന് അദ്ദേഹത്തോട് പറഞ്ഞു: “പിന്നേയ്, അച്ഛൻ സ്വന്തം കാര്യം നോക്കി ഇവിടെ കഴിഞ്ഞുകൊണ്ടാൽ മതി. എന്റെ കുഞ്ഞിനെ ശാസിക്കാനും മറ്റും വരണ്ട.” അദ്ദേഹം സ്തംഭിച്ചു. താൻ ജീവരക്തം വെള്ളമാക്കി പോറ്റിവളർത്തിയ പൊന്നോമനപ്പുത്രി — അവളാണ് തന്നെ ശാസിക്കുന്നത്. അദ്ദേഹം സ്തംഭനത്തിൽ നിന്ന് അല്പം മോചനം നേടി ‘ങേ’ എന്ന് ചോദിച്ചു. മകൾ പറഞ്ഞു: “ഒരു ങേയുമില്ല, എന്റെ കുഞ്ഞിനെപ്പറ്റി ഒരു വാക്കും പറഞ്ഞുപോകരുത്. ഞാൻ വളർത്തിക്കൊള്ളാം.” എന്റെ ഉപകർത്താവ് — പുരുഷരത്നമായിരുന്നു അദ്ദേഹം – മലർന്നു വീണു. പിന്നീട് അനങ്ങിയില്ല. ആളുകൾ ഓടിക്കൂടി. അദ്ദേഹത്തിന്റെ ശരീരം പൂമുഖത്ത്. തലയ്ക്കൽ നിലവിളക്ക്. ചുവന്ന പട്ടുകൾ ആ ശരീരത്തിൽ വന്നു വീണുകൊണ്ടിരുന്നു. ഞാൻ ചിലപ്പോൾ ആ വീട്ടിന്റെ മുൻപിൽക്കൂടെ പോകുമ്പോൾ എന്നോടു തന്നെ പറയാറുണ്ട്. “ഇവൾ ഈ പാപം എവിടെക്കൊണ്ടിറക്കും?” അങ്ങനെയൊന്നുമില്ല. ഇങ്ങനെയുള്ളവരാണ് ഈ ലോകത്ത് സുഖമായി ജീവിച്ച് എൺപതാമത്തെ വയസ്സിലോ തൊണ്ണൂറാമത്തെ വയസ്സിലോ സുഖമായി മരിച്ചുപോകുന്നത്.

അനിഷേധ്യമായ ഈ ജീവിതസത്യം നമ്മുടെ കഥാകാരൻ യഥാതഥമായി പ്രതിപാദിക്കുന്നു. പക്ഷേ, പ്രതിപാദ്യ വിഷയത്തിലേയും പ്രതിപാദന രീതിയിലെയും യാഥാർത്ഥ്യം കലാത്മകമാവണമെന്നില്ല. അതിഭാവുകത്വമൊഴിവാക്കി, സർവ്വസാധാരണത്വത്തെ നിരാകരിച്ച് ഒരദ്ഭുതാംശം കലർത്തുമ്പോഴാണ് നിത്യ ജീവിത സംഭവങ്ങൾപോലും കലയുടെ മണ്ടലത്തിലേക്ക് ഉയരുന്നത്. ചെമ്പിനെ പൊന്നാക്കുന്ന ആ ആൽകെമി — രസായന വിദ്യ — റ്റി. കെ. അനിയന് അറിഞ്ഞുകൂടാ.

* * *

രാത്രി ടോർച്ചില്ലാതെ നടക്കുമ്പോൾ കരിയിലക്കൂട്ടത്തിലോ, ചെടിക്കൂട്ടത്തിലോ മറഞ്ഞിരിക്കുകയും ആളടുത്തു വന്നാൽ കടിക്കുകയും ചെയ്യുന്ന പാമ്പിനെ പേടിക്കാത്തത് ആര്? കടിക്കേണ്ടതില്ല. അതിന്റെ കാഴ്ചപോലും ജുഗുപ്സയുളവാക്കുന്നതല്ലേ? അതിന്റെ ജുഗുപ്സയേയും വൈരൂപ്യത്തേയും സ്ഥൂലീകരിക്കുന്നു. അവൻ കാളീയനായി മാറും. അതിനെ അമർച്ച ചെയ്യാൻ ശ്രീകൃഷ്ണനെ മനുഷ്യൻ കണ്ടുപിടിക്കും. മിത്തിൽ ഈ സ്ഥൂലീകരണമുണ്ട്. അതു സത്യം സ്പഷ്ടമാക്കിത്തരുകയും ചെയ്യും. എന്നാൽ വികാരത്തെ സ്ഥൂലീകരിച്ചാൽ സത്യമല്ല. അസത്യമാണ് ഉണ്ടാവുക. [പാമ്പിന്റെ വൈരൂപ്യത്തെ സ്ഥൂലീകരിച്ച് മിത്തിലെ പാമ്പാക്കി മാറ്റുന്ന ആശയം എന്റേതല്ല. അസിമോവിന്റേതാണ്. വായിച്ച ഓർമ്മയിൽ നിന്ന്]

റിഡ്‌ലി വാക്കർ

RiddleyWalker.jpg

എമ്മ ടെൻടിനെപ്പോലെയോ അവരെക്കാളോ പ്രാധാന്യമുള്ള നവീന നോവലിസ്റ്റാണ് റസ്സൽ ഹോബൻ (Russel Hoban, ജനനം 1925). അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ് “റിഡ്‌ലി വാക്കർ” (Ridley Walker). A masterpiece എന്ന് ‘ഒബ്സർവറും’ It will be a cult book എന്ന് ‘ലിസ്നറും’ ഈ നോവലിനെ വാഴ്ത്തി. “ഇതു തന്നെയാണ് സാഹിത്യം” എന്ന് വിശ്വവിഖ്യാതനായ ആന്തണി ജസ്സ് ഈ നോവലിനെക്കുറിച്ച്.

ബർനാഡ് ലവിൻ എന്ന മഹാവ്യക്തിക്കും പ്രശംസയല്ലാതെ മറ്റൊന്നുമില്ല ഈ കലാശിൽപത്തെപ്പറ്റി. An extraordinary feat of imagination എന്നാണ് ആന്തണി ത്വവൈറ്റ് ഇതിനെ വിശേഷിപ്പിച്ചതു്.

റസ്സൽ ഹോബൻ

ന്യൂക്ലിയർ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ലോകത്തിനു സംഭവിക്കാൻ പോകുന്ന ട്രാജഡിയെ അന്യാദൃശമായ രീതിയിൽ ആവിഷ്കരിക്കുന്ന ഈ നോവൽ ഈ കാലയളവിലെ പരിഗണനാർഹമായ കലാസൃഷ്ടിയാണ്. ഭൂതകാലത്തെ മഹനീയതയോടു ബന്ധപ്പെട്ട ഭാഷയുടെ ഇന്നത്തെ ‘വൾഗറൈസേഷൻ’ ഇതു് സുശക്തമായി സ്ഫുടീകരിക്കുന്നു. ഭാഷയ്ക്കുണ്ടാകുന്ന ജീർണ്ണതയെ ഇതിനേക്കാൾ ഭംഗിയായി മറ്റൊരു കൃതിയിലും ആവിഷ്കരിച്ചിട്ടില്ല. ഭാവിയിലെ ജീർണ്ണിച്ചഭാഷയിൽത്തന്നെയാണ് ഈ നോവൽ രചിക്കപ്പെട്ടിട്ടുള്ളതു്. ഒരു വാക്യം നോക്കുക. After a wyl its all jus I girt big littl shyning man nor you cant put him to gether, page 178. (while ഇവിടെ wyl ആകുന്നു. just എന്നതു് jus എന്നും. together എന്ന വാക്ക് പിരിച്ചു് എഴുതിയിരിക്കുന്നു.) നോവൽ മുഴുവൻ വായിച്ചുതീർക്കാൻ പ്രയാസം. Yul fyn me in the wud yul fyn me on the water എന്നു നോവലിൽ കാണുമ്പോൾ എന്തു തോന്നും? You will find me in the wood You will find me on the water എന്നാണു് അതെന്നു മനസ്സിലാക്കാൻ കഴിവുള്ളവരേ ഇതു വായുക്കേണ്ടതുള്ളൂ. സാഹിത്യത്തിൽ എന്തെല്ലാം മാറ്റങ്ങൾ! ഇതു വല്ലതും ഇവിടെയുള്ളവർ അറിയുന്നുണ്ടോ?


ചവറ്റുകുട്ട ഇല്ലേ?

നമ്മുടെ നാട്ടിൽ ആളുകൾ മരിച്ചാൽ മൃതദേഹങ്ങളെ കുളിപ്പിച്ചു പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു കിടത്തുമല്ലോ? പിന്നെയാണു് ബന്ധുക്കൾ ഓരോരുത്തരായി ചുവന്ന പട്ടും കോടിത്തുണിയും കൊണ്ടിടുന്നത്. ഓരോ തവണ അവയിടുമ്പോഴും കരച്ചിലുയരും. മൃതദേഹമെടുത്തുകൊണ്ടു പോകുമ്പോൾ കൂട്ടക്കരച്ചിലാണു്. നിലവിളികൾക്കു പലപ്പോഴും ആർജ്ജവം (ആത്മാർത്ഥത എന്ന അർത്ഥത്തിൽ) കാണില്ല. ഞാനൊരു ബന്ധു മരിച്ചപ്പോൾ ആ വീട്ടിൽപോയിരുന്നു വളരെക്കാലം രോഗിയായിക്കിടന്നു വീട്ടുകാരുടെയെല്ലാം ക്ഷമ പരിശോധിച്ച പാവം. ഒരു ദിവസം അങ്ങു യാത്ര പറഞ്ഞു. എല്ലാവർക്കും ആശ്വാസമായി. എങ്കിലും ആശ്വാസം പുറമേ കാണിക്കാനൊക്കുമോ? കള്ളക്കരച്ചിലോടു കള്ളക്കരച്ചിൽതന്നെ. ഭാര്യ മൃതദേഹത്തിനടുത്തിരുന്നു “തൂക്കിത്തട്ടുന്നു” (ഉറക്കംതൂങ്ങി വീഴുന്നു) അപ്പോഴൊക്കെ മകൾ “അമ്മ ശ്ശേ എന്തോന്നിതു്?” എന്നു ചോദിക്കുക്കും. ചോദ്യം കേട്ടുണർന്ന ഭാര്യ “അയ്യോ ഇനി എനിക്കരു് എന്നു് വെറുതേ ഒരു ചോദ്യം ചോദിച്ചിട്ട് വീണ്ടും നിദ്രയിലേക്കു വീഴും. മരണം ജനിപ്പിക്കുന്ന ദുഃഖപ്രകടനത്തിന്റെ അസത്യാത്മകത കാണിക്കാനാണു് ഞാനിത്രയും എഴുതിയതു്. അതുപോകട്ടെ മൃതദേഹം കുളിപ്പിക്കുന്ന വേളയിൽ അതിന്റെ പല്ലും കൂടി തേച്ചു വൃത്തിയാക്കണമെന്നു് ആരെങ്കിലും വിചാരിക്കാറുണ്ടോ? അതുപോലെ ചെയ്യാറുണ്ടോ? ഇല്ലേയില്ല. എന്നാൽ സാഹിത്യത്തിൽ ഇതു നടക്കാറുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “ദൃഷ്ടാന്ത” മെന്ന കഥ ജീവനുള്ള കഥയല്ല; കഥാശവമാണതു്. ആ മൃതദേഹത്തിന്റെ പല്ല് കോളിനോസ് പേസ്‌റ്റോ കോൾഗേറ്റ് പേസ്‌റ്റോകൊണ്ടു തേച്ച് വാരികയുടെ താളിൽ കിടത്തിയിരിക്കുന്നു ജമാൽ കൊച്ചങ്ങാടി. രജതപ്രഭയാർന്ന ആ ദന്തനിരകളുടെ തിളക്കം കാണുമ്പോൾ പേടിയാവുന്നു. കഥയെന്താണെന്നും മറ്റും പറയാൻ എന്നെക്കൊണ്ടാവില്ല. മൂന്നുതവണ ഞാനതിൽ മുങ്ങിത്തപ്പി. ഒന്നും കിട്ടിയില്ല. ക്ഷീണം — മനസ്സിന്റെയും ശരീരത്തിന്റെയും ക്ഷീണം മാത്രം — മിച്ചം. മാതൃഭൂമി വാരിക തിരുവനന്തപുരത്തു നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന കാലത്തു് എനിക്കു ആ ഓഫീസിൽ ഒരിക്കൽപ്പോലും പോകാൻ കഴിഞ്ഞില്ല. ജീവിതത്തിൽ ഇന്നുവരെ കോഴിക്കോടു് കണ്ടിട്ടില്ലാത്ത ഞാൻ അവിടത്തെ ഓഫീസിലും പോയിട്ടില്ലെന്നു് എന്തിനു് എടുത്തുപറയണം? എങ്കിലും അവിടെ ചവറ്റുകുട്ടകൾ കാണാതിരിക്കില്ല എന്നാണു് എന്റെ വിചാരം. അവയിലൊന്നിൽ ചെന്നുവീഴേണ്ട ഈ കഥാസാഹസിക്യം മഷിപുരണ്ടു് ഒരു ഉത്കൃഷ്‌ടവാരികയുടെ പുറങ്ങളെ മലീമസമാക്കിയതെങ്ങനെയോ?

* * *

ഒരു രാജ്യത്തെ പ്രബലനായ രാജാവു് ഒരുത്തനെ തൂക്കിക്കൊല്ലാൻ കൽപിച്ചു. ഒരു വർഷത്തേക്കു തന്റെ നിഗ്രഹം നീട്ടിവച്ചാൽ രാജാവിന്റെ കുതിരയെ പറക്കാൻ പഠിപ്പിക്കാമെന്നു് അയാൾ അറിയിച്ചു. ഇതുകേട്ടു് ഒരുത്തൻ അയാളോടു ചോദിച്ചു. “സംഭവിക്കേണ്ടതു് ഒരു കൊല്ലം കഴിഞ്ഞാലും സംഭവിക്കില്ലേ?പിന്നെന്തിനു് ഈ വിദ്യ?” അയാൾ മറുപടി നൽകി. നാലിനു് ഒന്നു് എന്ന കണക്കിനു് സംഗതികൾ എനിക്ക് അനുകൂലമാണു്.

(1) രാജാവു മരിക്കാം.
(2) ഞാൻ മരിക്കാം.
(3) കുതിര മരിക്കാം.
(4) കുതിരയെ പറക്കാൻ ഞാൻ പഠിപ്പിച്ചെന്നുവരാം.

കുതിരയെ പറക്കൻ അഭ്യസിപ്പിച്ചാലും നമ്മുടെ ചില കഥയെഴുത്തുകാരെ കഥയെഴുതാൻ പഠിപ്പിക്കനൊക്കുകയില്ല.

നിഴൽ

ഈ ജീവിതത്തിൽ സത്യവും അസത്യവുമുണ്ട്. പ്രകാശവും നിഴലുമുണ്ട്. ആഹ്ലാദവും വിഷാദവവുമുണ്ടു്. ഒന്നും ഒഴിവക്കാനൊക്കുകയില്ല. അതു മനസ്സിലാക്കിയാൽ സോക്രട്ടീസിനെ എന്തിനു വിഷം കൊടുത്തു കൊന്നുവെന്നും യേശു ക്രിസ്തുവിനെ എന്തിനു കുരിശിൽ തറച്ചു നിഗ്രഹിച്ചുവെന്നും മനസ്സിലാക്കാം. പരമസാത്വികനായിരുന്ന ശ്രീരാമകൃഷ്ണൻ തൊണ്ടയിൽ കാൻസർ വന്നു മരിച്ചതിനു സമാധാനം കിട്ടും; രമണമഹർഷി രക്താർബുദം വന്നു് ഇവിടംവിട്ടുപോയതിന്റെ ഹേതുവും ഗ്രഹിക്കാം. ലോകം സുഖദുഃഖ സമ്മിശ്രമാണു്. ആർക്കും ഒന്നിൽനിന്നും ഒഴിഞ്ഞുനിൽക്കാൻവയ്യ. ലോകത്തിന്റെ ഒരു ഭാഗമായ — ഒഴിവാക്കാൻ വയ്യാത്തതായ — നിഴലിനെക്കുറിച്ചുള്ള കാവ്യമാണു് ജയപ്രകാശ് അങ്കമാലിയുടേതു് (കലാകൗമുദി, ലക്കം 541).

ഏതൊരു വസ്തുവിലും ഏതൊരു വ്യക്തിയിലും നിഴലുണ്ടു്. അതു് എല്ലാ സമയത്തും വ്യക്തമാകുന്നില്ലെന്നേയുള്ളൂ. വീട്ടിനകത്തു നിൽക്കുന്ന മനുഷ്യനു നിഴലില്ല. അയാൾ സൂര്യപ്രകാസത്തിലേക്കു നീങ്ങി നിൽക്കട്ടെ. നിഴലുണ്ടാകും. സമൂഹത്തിൽ എനിക്കു് എന്തെങ്കിലും സ്ഥാനമുണ്ടെങ്കിൽ അതു് എന്റെ നിഴലാണു്. റഷ്യ ലെനിന്റെ നിഴലാണു്. ചൈന മാവോയുടെ നിഴലത്രേ. ഇൻഡ്യ ഗാന്ധിജിയുടെ നിഴലാണു്. ജയപ്രകാശിന്റെ കാവ്യം ലയാത്മകമാണെങ്കിലും കേന്ദ്രസ്ഥാനത്തു നിറുത്തിയിരിക്കുന്ന നിഴലിന്റെ സ്വഭാവം അസ്‌പഷ്ടമാണു്.

രോഗംപിടിച്ചു വിറയ്ക്കും നിലാവിന്റെ
ദേഹം ചുകന്നു തടിക്കുന്ന രാത്രിയിൽ
ആരേ പതുങ്ങി നടക്കുന്നതീവണ്ണം
ചോരനെപ്പോലെ? ഒരൊറ്റ…

കാവ്യപ്രചോദനമുള്ളയാൾക്കേ ഈ മാതിരി വരികളെഴുതാൻ പറ്റൂ. പക്ഷേ നിഴലെന്ന സിംബൽ ദുർഗ്രഹത ആവാഹിക്കുന്നതുകൊണ്ട് അനുവാചകൻ അനുഭൂതിയുടെ മണ്ഡലത്തിൽ പ്രവേശിക്കുന്നില്ല.

കുറ്റപ്പെടുത്തുന്ന വിരൽ

വർഷങ്ങൾക്കു മുൻപ് — കുറഞ്ഞതു് ഇരുപത്തഞ്ചുവർഷമെങ്കിലും ആയികാണും — ഞാൻ പന്തളത്തെ എൻ. എസ്.എസ്.സ്‌കൂളിൽ ഒരു സമ്മേളനത്തിനുപോയി. എന്റെ പ്രഭാഷണം ആറുമണിക്കൂറോളം നീണ്ടപ്പോൾ സദസ്സിനു മുഷിഞ്ഞു. ചിലർ എഴുന്നേറ്റുപോയി. വേറെ ചിലർ കോട്ടുവായിട്ടു. മറ്റു ചിലർ തമ്മിൽത്തമ്മിൽ സംസാരം തുടങ്ങി. അതുകണ്ടു് ഞാൻ പറഞ്ഞു “ഇനി അഞ്ചുമിനിറ്റ് കൂടിയേ ഞാൻ സംസാരിക്കൂ.” അഞ്ചുമിനിറ്റ് ഏഴുമിനിറ്റായപ്പോൾ ഒരദ്ധ്യാപകൻ ചൂണ്ടുവിരൽ കൊണ്ടു സ്വന്തം റിസ്റ്റ്‌വാച്ച് തൊട്ടു കാണിച്ചു. അക്കാലത്തു പ്രായം കുറവായിരുന്ന എനിക്കതു രസിച്ചില്ല. അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഏതോ വാക്കുകൾ പറഞ്ഞിട്ട് പ്രഭാഷണത്തിലെ വാക്യം പൂർണ്ണമാക്കാതെ ഞാനിരുന്നു. “അതിഥിയെ അപമാനിക്കുന്ന ചൂണ്ടുവിരലിനു പിന്നെയും ആ കൈയിലിരിക്കാൻ അർഹതയില്ല.” എന്നോ മറ്റോ ആണു് ഞാൻ കോപിച്ചു പറഞ്ഞതു്. ഇന്നാണെങ്കിൽ ഞാൻ കോപിക്കില്ല, ആ വാക്കുകൾ പറയുകയില്ല. ആ ചൂണ്ടുവിരലും അതിനെ പ്രവർത്തിപ്പിച്ച മാനസികനിലയും എനിക്കുണ്ടായിരുന്നെങ്കിൽ എന്നേ ആഗ്രഹിക്കുകയുള്ളൂ. പ്രായം വരുത്തുന്ന വ്യത്യാസമാണിതു്. ആ അദ്ധ്യാപകന്റെ ചൂണ്ടുവിരലെടുത്തു ഞാൻ തുളസിയുടെ ‘ലാംബി എവിടെ’ എന്ന കഥയുടെ നേർക്കു ചൂണ്ടട്ടെ. (മലയാള മനോരമ ആഴ്ചപ്പതിപ്പു്) ലാംബി ബുദ്ധിശക്തിയുള്ള പട്ടിയാണു്. ബുദ്ധി കൂടിയതുകൊണ്ടു് യജമാനന്റെ പെരുമാറ്റം രസിക്കാതെ അതു് വീടുവിട്ടുപോയി. പിറകേ യജമാനനും. കുട്ടികൾക്കു വേണ്ടി എഴുതിയതാവണം ഇക്കഥ. നല്ല ആഖ്യാനം. നല്ല വാക്യങ്ങൾ. നല്ല സംഭവവർണ്ണനങ്ങൾ. എങ്കിലും ഒരു പോരായ്മ. കുട്ടികളെ ഇതു രസിപ്പിക്കുമോ? ഇല്ല. വലിയ ആളുകളെ രസിപ്പിക്കുമോ? ഇല്ല. കലയുടെ കാതലായ അംശം ഇതിലില്ല. ഏതംശമെന്നു ചോദിച്ചാൽ എനിക്കറിഞ്ഞുകൂടാ എന്നാണുത്തരം. കഥാകാരനെന്ന നിലയിൽ പ്രസിദ്ധനായ തുളസിയാണു് ഇക്കഥയുടെ രചയിതാവെങ്കിൽ അദ്ദേഹത്തിനു് എന്നെ അറിയാം. എനിക്കും അദ്ദേഹത്തെ അറിയാം. യുവത്വം കഴിഞ്ഞ അദ്ദേഹം എന്റെ ചൂണ്ടുവിരൽ മുറിക്കണമെന്നു പറയുകില്ലെന്നാണു് എന്റെ വിശ്വാസം.

* * *

സാഹിത്യവാരഫലം എന്ന ഈ പംക്തി തുടർന്നെഴുതാതിരിക്കാൻ വേണ്ടി പലരും പല വിദ്യകളും പ്രയോഗിക്കുന്നു. ‘സാഹിത്യവാരഫലം’ എന്ന അനാകർഷകമായ പേരു് നൽകിയതു് കെ. ബാലകൃഷ്ണനാണു്. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നതു കൊണ്ടു് ഈ പേരു അതേ രീതിയിൽ സ്വീകരിച്ചു. അക്കാര്യം ഞാൻ പലപ്പോഴും പറഞ്ഞിട്ടും ചില അപക്വമതികൾ ഞാൻ റോഡേ പോകുമ്പോൾ “വാരഫലക്കാരൻ” എന്നു വിളിക്കുന്നു.

ചിലർ നിർദ്ദേശങ്ങൾ നൽകുന്നു. “പ്രായമേറെയായില്ലേ? സെക്സ് എഴുതുന്നതു നിർത്തിക്കൂടേ?” എന്നു ചോദ്യം. സെക്സും അനിയത സെക്സും പ്രതിപാദിക്കുന്ന കഥകളെയും ലേഖനങ്ങളെയും കുറിച്ചെഴുതുമ്പോൾ സെക്സിനെപ്പറ്റി എഴുതാതിരിക്കുന്നതെങ്ങനെയെന്നു് എനിക്കറിഞ്ഞു കൂടാ. ഇനി ലൈംഗിക വിഷയങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാൽ “നിങ്ങളുടെ ലേഖനം തികച്ചും വിരസമാണല്ലോ.” എന്നു കുറേപ്പേർ പറയും. ക്ഷുദ്രസാഹിത്യം അച്ചടിക്കുന്ന വാരികകളെ വിട്ടു കളയണമെന്നു് വേറെ നിർദ്ദേശം. അതനുസരിച്ചു പ്രവർത്തിച്ചാൽ അവയിലെ എഴുത്തുകാർ “ഞങ്ങളെ അവഗണിക്കുന്നു” എന്നു പരാതി പറയും. അങ്ങനെ പറഞ്ഞിട്ടുമുണ്ടു്. വിമർശിക്കുമ്പോൾ ശക്തമായ ഭാഷ പ്രയോഗിച്ചാൽ കുറ്റം; പ്രയോഗിച്ചില്ലെങ്കിലും കുറ്റം. വ്യക്തികളുടെ പേരു പറയാതെ, കഥയ്ക്കും കവിതയ്ക്കും യോജിച്ച വ്യക്തിനിഷ്ഠങ്ങളായ വസ്തുതകൾ പറഞ്ഞാൽ ‘ഗോസിപ്പ് കോർണർ’ എന്നു ചിലർ ഇതിനെ വിളിക്കും. ഇവരോടെല്ലാം വിനയപൂർവ്വം രണ്ടു വാക്കു്.

ഗലീലിയോ: “എല്ലാരും കേൾക്കെ ഞാൻ പറയട്ടെ, ഭൂമി കറങ്ങുക തന്നെ ചെയ്യുന്നു.”

പതിനെട്ടു കൊല്ലമായി ഇതെഴുതുന്നു. ഓരോ വർഷവും വായനക്കാർ കൂടിക്കൊണ്ടിരിക്കുന്നതേയുള്ളൂ. കലാകൗമുദിയുടെ പത്രാധിപർ ഇതു വേണ്ടെന്നു പറയുന്ന കാലം വരെ, ജീവിതാസ്തമയത്തിലെത്തിയ ഞാൻ ഇവിടെ നിന്നു് അന്തർദ്ധാനം ചെയ്യുന്നതുവരെ ഇതു് ഇമ്മട്ടിൽത്തന്നെ എഴുതുന്നതാണു്. അതു സത്യസന്ധമായി അനുഷ്ഠിക്കുകയും ചെയ്യും. വഴിയേ പോകുമ്പോൾ ആക്ഷേപിക്കുന്നതുകൊണ്ടോ, അപമാനിക്കുന്നമട്ടിൽ നേരിട്ടുസംസാരിക്കുന്നതു കൊണ്ടോ, “ഞാൻ തന്നെക്കുറിച്ചു കഥയെഴുതും.” എന്നു ഭീഷണിപ്പെടുത്തുന്നതുകൊണ്ടോ ഇതു ഞാൻ നിറുത്തുകയില്ല. ആക്ഷേപം, അപമാനം, നിന്ദനം, ഭീഷണി ഇവ കൊണ്ടു് സത്യം പറയാനുള്ള താല്പര്യം ഒരു കാലത്തും കെട്ടടങ്ങിയിട്ടില്ല. യാതന അനുഭവിപ്പിക്കാനുള്ള ഉപകരണങ്ങൾ കാണിച്ചു ഗലീലിയോയെ മതാധികാരികൾ പേടിപ്പിച്ചപ്പോൾ അദ്ദേഹം ഭൂമി കറങ്ങുന്നില്ലെന്നു ഉറക്കെപ്പറഞ്ഞു. അങ്ങനെ പറയുന്ന സന്ദർഭത്തിലും ആരും കേൾക്കാതെ “ഭൂമികറങ്ങുക തന്നെ ചെയ്യുന്നു.” എന്നും പറഞ്ഞു. (ബ്രഹ്ത്തിന്റെ ‘ഗലീലിയോ’ നാടകം വായിച്ച ഓർമ്മയിൽനിന്നു്) ഗലീലിയോ എവിടെ? ക്ഷുദ്രജീവിയായ ഞാനെവിടെ? എങ്കിലും എല്ലാവരും കേൾക്കെ ഞാൻ പറയട്ടെ. “ഭൂമി കറങ്ങുകതന്നെ ചെയ്യുന്നു.”

എയ്ഡ്സ്

1985 ഡിസംബർ മാസത്തിലെ Discover മാസികയിൽ എയ്ഡ്സ് രോഗത്തെക്കുറിച്ച് ഒരു സ്പെഷൽ റിപ്പോർട്ടുണ്ടു്. ഓരോ വ്യക്തിയും വായിച്ചു ഹൃദിസ്ഥമാക്കേണ്ട ലേഖനമാണതു്. ‘ലൈറ്റ് മൈക്രോസ്കോപ്പ്’ കൊണ്ടു കാണാൻ കഴിയാത്ത — ബാക്റ്റീരിയയെക്കാൾ ചെറുതായ — രോഗവിഷമോ രോഗാണുവോ ആണല്ലോ വൈറസ്. എയ്ഡ്സ് രോഗത്തിന്റെ വൈറസ് രക്തത്തിലെ ശ്വേതാണുവിന്റെ ഉപരിതലത്തിൽ പറ്റിക്കൂടുന്നു. എന്നിട്ടു് അതു് അതിനകത്തേക്കു കടക്കുന്നു. അങ്ങനെ കടന്നുചെന്ന വൈറസ് ചിലപ്പോൾ ദിവസങ്ങളോ അല്ലെങ്കിൽ മാസങ്ങളോ അല്ലെങ്കിൽ വർഷങ്ങളോ പ്രവർത്തനരഹിതമായി ഇരിക്കും, പ്രവർത്തിക്കാൻ തുടങ്ങിയാൽ ശ്വേതാണുവിന്റെ ഉപരിതലത്തിൽനിന്നു് മറ്റൂ വൈറസുകൾ ഉണ്ടാവുകയും വൈറസിനു് ആതിഥ്യമരുളിയ ‘സെൽ’നശിക്കുകയും ചെയുന്നു. ശ്വേതാണുക്കളാണു് ശരീരത്തിനു പ്രതിരോധശക്തി നൽകുന്നതു്. ആ സെല്ലുകൾ നശിക്കുമ്പോൾ പലതരത്തിലുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. (ശ്വേതാണുക്കൾ leukocytes എന്നും lymphocytes എന്നും രണ്ടു വിധത്തിലുണ്ടല്ലോ. എയ്ഡ്സ് വൈറസ് രണ്ടാമതു പറഞ്ഞ അണുക്കളെയാണു് ആക്രമിക്കുന്നതു്.) എയ്ഡ്സ് വൈറസ് ഉളവാക്കുന്ന മാരക രോഗങ്ങളെക്കുറിച്ചൂം ലേഖനത്തിൽ പറയുന്നു. Pneumocystis Carinii (ശ്വാസകോശത്തിലുണ്ടാകുന്ന രോഗം) Kaposi’s Sarcoma (തൊലിയിലെ അർബ്ബുദം) Candidiasis (വായ്യ്, അന്നനാളം ഇവയെ ബാധിക്കുന്ന രോഗം) — ഇങ്ങനെ പലതും ഇന്നുവരെ ഉണ്ടായിട്ടുള്ള രോഗങ്ങളിൽ ഒന്നും മനുഷ്യന്റെ പ്രതിരോധശക്തിയെ ഇല്ലാതാക്കിയിട്ടില്ല. പകഷെ എയ്ഡ്സിന്റെ രീതി മാത്രം വിഭിന്നം. അതു്, പ്രതിരോധശക്തിയെത്തന്നെ തകർക്കുന്നു. ആറിലധികം മരുന്നുകൾ ഇന്നു് എയ്ഡ്സിനു് എതിരായി പ്രയോഗിച്ചുനോക്കുന്നുണ്ടു്. ഒന്നും ഫലപ്രദമല്ല. Discover മാസികയിലെ ലേഖനം വായിക്കണമെന്നു് ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു വായനക്കാരോടു്.

മറ്റൊരു എയ്ഡ്സ്

പ്രായം കൂടുമ്പോൾ തന്റെ സ്വഭാവത്തിനു യോജിച്ച മുഖഭാവം വ്യക്തിക്കു കിട്ടുമെന്നതു അംഗീകരിക്കപ്പട്ട വസ്തുതയാണു്. ബൽസാക്കിന്റെ ഒരു നോവൽ ഇതിനെക്കൂടി അവലംബിച്ചാണു രചിക്കപ്പെട്ടിട്ടുള്ളതു്. നല്ല കാര്യങ്ങൾമാത്രം ചെയ്യുന്ന സ്വാർത്ഥരഹിതന്റെ മുഖം നോക്കൂ. പ്രശാന്തത കളിയാടുന്നുണ്ടായിരിക്കും.

പ്രായം കൂടുമ്പോൾ തന്റെ സ്വഭാവത്തിനു യോജിച്ച മുഖഭാവം വ്യക്തിക്കു കിട്ടുമെന്നതു് അംഗീകരിക്കപ്പട്ട വസ്തുതയാണു്. ബൽസാക്കിന്റെ ഒരു നോവൽ ഇതിനെക്കൂടി അവലംബിച്ചാണു രചിക്കപ്പെട്ടിട്ടുള്ളതു്. നല്ല കാര്യങ്ങൾമാത്രം ചെയ്യുന്ന സ്വാർത്ഥരഹിതന്റെ മുഖം നോക്കൂ. പ്രശാന്തത കളിയാടുന്നുണ്ടായിരിക്കും. വിവേകാനന്ദസ്സ്വാമിയുടെ ചിത്രം നോക്കിയാൽ ഇതിന്റെ സത്യാത്മകത വ്യക്തമാകും. മകൻ ജനിക്കുംമ്പോൾ അച്ചനു ഒരു മുഖഭാവം. അവൻ പഠിക്കാൻ മിടുക്കനണെങ്കിൽ തന്തയുടെ മുഖഭാവം മാറിക്കൊണ്ടിരിക്കും. മത്സരപ്പരീക്ഷയിൽ അവൻ ജയിച്ചെന്നിരിക്കട്ടെ. ലക്ഷക്കണക്കിനു രൂപയ്‌ക്കു അവനെ കച്ചവടം ചെയ്യാമെന്ന സ്വാർത്ഥാഭിലാഷം സാന്ദ്രീഭവിച്ചതിന്റെ ഫലമായി അച്ചന്റെ മുഖം വല്ലാത്ത രൂപമാർന്നിരിക്കും. അങ്ങനെയിരിക്കെ വല്ല വിദഗ്ധനും അവനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളെ വിവാഹം കഴിപ്പിച്ചാൽ പയ്യന്റെ തന്തയുടെ രൂക്ഷതയാർന്ന മുഖഭാവം മാറുകയും നൈരാശ്യത്തിന്റെ കറുത്ത നിഴൽ അവിടെ വ്യാപിക്കുകയും ചെയ്യും. അതിന്റെ ഫലമായി ആ പാവം അകാലചരമം പ്രാപിച്ചെന്നും വരും. ഈ പയ്യനെ പിടിച്ചെടുക്കലും അതിനുവേണ്ടിയുള്ള സ്ത്രീധനം നൽകലും നമ്മുടെ സമുദായഗാത്രത്തിലെ ശ്വേതാണുക്കളെ ബാധിച്ച് അതിനെ കൊല്ലുന്ന എയ്ഡ്സ് രോഗമാണു്. ഇതിന്റെ വൈറസിനെ കൊല്ലാനായി ചെമ്മനംചാക്കോ പ്രയോഗിക്കുന്ന ഒരു ഔഷധമാണു് സറ്റയർ. ആ വിധത്തിലുള്ള ഒരു സറ്റയർ ദീപിക ആഴ്കപ്പതിപ്പിൽ വായിക്കാം. (സ്ത്രീധനം — പ്രീ പബ്ലിക്കേഷൻ)

യു എ. ഖാദർ

കൊച്ചുകൊച്ചു തിരകൾ. ആ തിരകളിൽ ന്രുത്തംവയ്ക്കുന്ന പൂക്കൾ, ചിലപ്പോൾ ആ പൂക്കൾ തീരത്തു വന്നണഞ്ഞിട്ട് തിരിച്ചു് തിരയോടൊപ്പം തടാകത്തിലേക്കു പോകും. ആ ജലാശയത്തിലെ ജലമോ? സ്ഫടികംപോലെ നിർമ്മലം. തടാകത്തിനു ചുറ്റും തണൽ പരത്തുന്ന കൊച്ചു മരങ്ങൾ. ഏത്ര ഹ്രുദ്യമാണു് അക്കാഴ്ച്ച! യു എ. ഖാദർ കഥാദ്വൈവാരികയിലെഴുതിയ ‘പൊന്നളക്കുന്ന പറ’ എന്ന സുന്ദരമായ കഥ വായിച്ചപ്പോൾ, നർമ്മബോധമാർന്ന അതിന്റെ ആഖ്യാനത്തിൽ മുഴുകിയപ്പോൾ എനിക്കു ഈ ദൃശ്യം കാണുന്ന പ്രതീതിയാണു് ജനിച്ചതു്. കഴിഞ്ഞ ഒരു കൊല്ലത്തിനകം ഞാൻ വായിച്ച രമണീങ്ങളായ കഥകളിൽ ഒന്നാണിതു്. ഗൾഫ് രാജ്യത്തെത്താൻ ഒരു മൈനർ ബാലനു അധികാരിയുടെ കള്ള സർട്ടിഫിക്കറ്റ് വേണം. ബാലന്റെ അമ്മയെ വശപ്പെടുത്തിയതിനുശേഷം അധികാരി സർട്ടിഫിക്കറ്റ് കൊടുത്തു. മകൻ ഗൾഫിലെത്തി. അതേ മട്ടിൽ തിരിച്ചിങ്ങു പോരികയും ചെയ്തു. മകനു മോഹഭംഗം; പാവാനാത്വം നശിപ്പിച്ച അമ്മയ്ക്കു മോഹഭംഗം. മീദസ് തൊട്ടതിനെയൊക്കെ സ്വർണ്ണമാക്കിയ പോലെ യു എ. ഖാദർ എന്ന അനുഗ്രഹീതനായ കഥാകാരാൻ ദാരുമയമായ ഒരു പ്രതിപാദ്യവിഷയത്തെ പൊന്നാക്കിമാറ്റിയിരിക്കുന്നു. ഖാദർ, താങ്കൾ വരച്ച ആ അധികാരിയുടെ ചിത്രമുണ്ടല്ലോ അതു് എന്നെ ഹോൺട് ചെയ്യുന്നു. മകനുവേണ്ടി അരുതാത്തതുചെയ്ത ആ അമ്മയുടെ ചിത്രമുണ്ടല്ലോ അതു് എന്നെ ദുഃഖിപ്പിക്കുന്നു. ആ ദുഃഖം താങ്കളുടെ കഥയിൽനിന്നുണ്ടാകുന്നതുകൊണ്ടു് വൈഷമ്യമുളവാക്കുന്നില്ല; നേരേമറിച്ചു് രസാനുഭൂതി നൽകുന്നതേയുള്ളു. പൊന്നളക്കുന്ന പറയായിത്തീരട്ടെ മലയാള ചെറുകഥാസാഹിത്യം. യു. എ. ഖാദർ ആ പറ കൈയിലെടുത്തിരിക്കുന്നു എന്നതു എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നു.

ചിറകുവിരുത്താത്ത വിമർശനം

ഓരോ രചനയും രചയിതാവിന്റെ മാനസികനില, ഐഡിയോളജി, ദർശനം, ഇവയ്ക്കൊക്കെ പ്രതിനിധീഭവിക്കുന്നു. എന്റെ കൊള്ളരുതായ്മയും അയോഗ്യതയും കഴിവും യോഗ്യതയും എന്റെ രചനകളിൽ കാണാം. ദേശാഭിമാനി വാരികയിൽ “1985-ലെ കവിത — ഒരവലോകനം” എന്ന ലേഖനമെഴുതിയ പ്രൊഫസർ എം. എം. നാരായണനെസ്സംബന്ധിച്ചും ഇതു ശരിയാണു്. അന്തരിച്ച നല്ല കവി വൈലോപ്പിള്ളിയുടെ ‘പുലികൾ’ എന്ന കാവ്യത്തെ വാഴ്ത്തിയതിനുശേഷം ലേഖകൻ കക്കാടിന്റെ ‘ഇന്റൻസീവ് കെയർ’ എന്ന ഹൃദയസ്പർശകമായ കാവ്യത്തെ “ഇരുട്ടിൽ ചിറകുവിരുത്തുന്ന” കാവ്യമായി കാണുന്നു. (“പുലികൾ” ഞാൻ വായിച്ചിട്ടില്ല. കക്കാടിന്റെ കാവ്യം വായിച്ചു. ഉത്കൃഷ്ടം തന്നെയതു്.) എന്നിട്ടൂ് ഒ. എൻ. വി. കുറുപ്പിന്റെ ‘ശാർങ്ഗകപ്പക്ഷികൾ’ എന്ന കാവ്യം ചിറകുവിരുത്തിപ്പറക്കുന്നില്ലെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്നത്തെ മനുഷ്യന്റെ ദുർദ്ദശയാണു് — human predicament — ഒ. എൻ. വി യുടെ കാവ്യത്തിലെ വിഷയം. ആ ദുർദ്ദശ അനുവാചകനിൽ തികഞ്ഞ ‘ഇംപാക്റ്റോ’ടുകൂടി വന്നുവീഴുന്നുണ്ടു്. അതു് ചിറകുവിരുത്തിപ്പറക്കുകത്തന്നെ ചെയ്യുന്നു. നീലാന്തരീക്ഷത്തിൽ ഭ്രമണംചെയ്യുന്ന കൃഷ്ണപ്പരുന്തിനെപ്പോലെ അതു് ദ്രുഷ്ടാക്കൾക്കു് ആഹ്ലാദം പകരുന്നു. ഒ. എൻ. വിയുടെ കവ്യാത്മകമനസ്സിനു് ആ കാവ്യം പ്രാതിനിധ്യം വഹിക്കുന്നു. എം. എം. നാരായണന്റെ പക്ഷപാതസങ്കീർണ്ണമായ മനസ്സിനു അദ്ദേഹത്തിന്റെ നിരൂപണവും പ്രാതിനിധ്യം വഹിക്കുന്നു.