close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 04 12


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 04 12
ലക്കം 604
മുൻലക്കം 1987 04 05
പിൻലക്കം 1987 04 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

രണ്ടു ലോകങ്ങളുണ്ടെന്നു പറഞ്ഞതു ഒസ്കര്‍ വൈല്‍ഡാണ്. ഒന്നാമത്തെ ലോകം യഥാര്‍ത്ഥമായത്. അതു കാണാന്‍ വേണ്ടി മാത്രം ആരും അതിനെക്കുറിച്ചു സംസാരിക്കേണ്ടതില്ല. രണ്ടാമത്തെ ലോകം കലയുടേതാണ്. അതിനെക്കുറിച്ചു പറഞ്ഞേ മതിയാകു. പറഞ്ഞില്ലെങ്കില്‍ ആ ലോകത്തിന് അസ്തിത്വമില്ല. ഈ മതത്തിന് ഉപോദ്ബലകമായി വൈല്‍ഡ് ഒരു കഥ പറഞ്ഞു.

“ഒരു ഗ്രാമത്തിലെ ഒരുത്തനെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. കാരണം അവര്‍വന്നുകൂടുമ്പോള്‍ താന്‍ കണ്ട വിചിത്ര സംഭവങ്ങളെക്കുറിച്ചു അയാള്‍ പറയുമായിരുന്നു എന്നതാണ്. അയാള്‍ പറയും: ‘സമുദ്രത്തിന്റെ തീരത്ത് മൂന്നു മത്സ്യ കന്യകകളിരുന്ന് സ്വര്‍ണ്ണച്ചീപ്പുകൊണ്ട് തങ്ങളുടെ പച്ചത്തലമുടി ചീകുന്നതു ഞാന്‍ കണ്ടു. ഇനിയും കഥ പറയൂ എന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ തുടര്‍ന്നു:‘ഒരു പാറക്കെട്ടിലെ ഗുഹയ്ക്കകത്തിരുന്ന് പാതി പുരുഷനും പാതി കുതിരയുമായ ജന്തുവിശേഷം എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ ആ ജന്തുപതുക്കെ അകലാന്‍ തുടങ്ങി. അങ്ങനെ പോകുമ്പോള്‍ അതു വിഷാദത്തോടെ എന്നെ നോക്കി.’ ‘നിങ്ങള്‍ കണ്ടതു ഇനിയും പറയൂ’ എന്ന് ഗ്രാമവാസികള്‍, അയാള്‍ തുടങ്ങുന്നു: ‘കുറ്റിക്കാടുകളുള്ള ഒരു പ്രദേശത്ത് ഒരു വനദേവതയിരുന്നു വല്ലകി വായിച്ചു. വനത്തില്‍ വസിക്കുന്നവര്‍ ആ നാദത്തിനൊത്ത് നൃത്തം വച്ചു.’ ഒരുദിവസം അയാള്‍ ആ ഗ്രാമം വിട്ടുപോയപ്പോള്‍ മൂന്നു മത്സ്യകന്യകകള്‍ തിരമാലകളില്‍നിന്നുയര്‍ന്നുവന്ന് സ്വര്‍ണ്ണച്ചീപ്പുകൊണ്ടു പച്ചത്തലമുടി ചീകി. അവര്‍ അപ്രത്യക്ഷകളായപ്പോള്‍ പുരുഷനും കുതിരയുമായ ജന്തു പാറയുടെ ഗുഹയിലിരുന്ന് അയാളെ നോക്കി. പിന്നീട് കുറ്റിക്കാടുള്ള പ്രദേശത്തുകൂടെ അയാള്‍ നടന്നപ്പോള്‍ ഒരു വനദേവത വല്ലകി വായിക്കുന്നതു കണ്ടു. വനവാസികള്‍ നൃത്തം ചെയ്യുന്നതും ദര്‍ശിച്ചു. അന്നുരാത്രി ഗ്രാമവാസികള്‍ അയാളുടെ ചുറ്റും കൂടി ‘ഇന്നു നിങ്ങള്‍ കണ്ടത് എന്താണ്’ എന്നു ചോദിച്ചു. അപ്പോള്‍ ദുഃഖത്തോടെ അയാള്‍ മറുപടി നല്കി: ‘ഇന്നു ഞാനൊന്നും കണ്ടില്ല.’”

ആഖ്യാനത്തിലൂടെ കലയുടെ ലോകം സൃഷ്ടിക്കുന്നു എന്ന സാരസ്വതരഹസ്യമാണ് ഇവിടെയുള്ളത്.

സി.വി. ശ്രീരാമന്‍

കഥാകാരന്റെ ട്രൗസര്‍ പോക്കറ്റില്‍ ചുവന്ന കൊടിയുണ്ടോ? ഉണ്ടെങ്കില്‍ വേണ്ട സമയത്ത് അതെടുത്തു വീശിക്കൊള്ളൂ. കഥയെഴുതുമ്പോള്‍ അതു വീശേണ്ടതില്ല. പോക്കറ്റിനകത്ത് അതു സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നു മാത്രം വായനക്കാരെ അറിയിച്ചാല്‍ മതി.

ഈ സാരസ്വതരഹസ്യമാവിഷ്കരിച്ച ഒസ്കര്‍ വൈല്‍ഡിനെ ‘ഓ, സൗന്ദര്യവാദി’ എന്നാണ് ആളുകള്‍ പുച്ഛിച്ചു വിളിക്കുക. ആയിക്കൊള്ളട്ടെ. എങ്കിലും നമുക്ക് ആ ‘രഹസ്യ’ത്തെ — തത്ത്വത്തെ — പാടേ നിഷേധിക്കാന്‍ വയ്യ. സാമൂഹികങ്ങളായ ആവശ്യങ്ങള്‍ക്കും അര്‍ത്ഥനകള്‍ക്കും യോജിച്ച വിധത്തില്‍ കഥാരചന നടത്തുന്ന സി.വി. ശ്രീരാമന്‍പോലും താനറിയാതെ അതിന്റെ സ്തോതാവായി മാറിയിരിക്കുന്നു. അതിനു തെളിവ് അദ്ദേഹം ദേശാഭിമാനി വാരികയില്‍ എഴുതിയ ‘വീട്ടുമുറ്റത്ത് പിണ്ടാരികള്‍’ എന്ന നല്ല കഥ തന്നെയാണ്. പിണ്ടാരികള്‍ ഒരു കാലത്ത് മദ്ധ്യഭാരതത്തെ ഞെട്ടിച്ച കൊള്ളക്കാരായിരുന്നുവെന്ന് മാഞ്ഞുപോയ എന്റെ ചരിത്രജ്ഞാനം എന്നോടു പറയുന്നു എന്നൊരു തോന്നല്‍. ഈ പിണ്ടാരികള്‍ സമകാലിക ജീവിതത്തിലും ബലാത്സംഗം നടത്തുന്നു, കൊള്ളയടിക്കുന്നു എന്നാണ് കഥാകാരന്റെ പ്രസ്താവം. സ്ക്കൂളില്‍ പഠിക്കുന്ന കൊച്ചുകുട്ടിയായ ജെസ്സിക്ക് പിണ്ടാരികളുടെ സ്വഭാവമറിഞ്ഞുകൂടാ. ടീച്ചറിനോടുചോദിക്കാന്‍ പറ്റിയില്ല. അമ്മയോടു ചോദിച്ചപ്പോള്‍ കൊള്ളക്കാരാണ് അവരെന്ന് അവ്യക്തമായ മറുപടി കിട്ടി. പക്ഷേ അവ്യക്തത പൊടുന്നനവേ വ്യക്തതയായി മാറി. പിണ്ടാരികള്‍ ജെസ്സിയുടെ വീട്ടുമുറ്റത്തു തന്നെ എത്തി. അവര്‍ അവളുടെ അമ്മച്ചിയുടെ അയല്‍വീട്ടുകാരിയുടേയും ചാരിത്രം നശിപ്പിച്ചു. ഈ നശിപ്പിക്കലിന്റെയും അതിനോടു ചേര്‍ന്ന പേടിയുടേയും ഉത്കണ്ഠയുടേയും ചിത്രങ്ങള്‍ സി.വി. ശ്രീരാമന്‍ വിദഗ്ദ്ധമായി ആലേഖനം ചെയ്തിരിക്കുന്നു എന്നതിലാണ് ഇക്കഥയുടെ സവിശേഷത നമ്മള്‍ കാണേണ്ടത്. പ്രചാരണസാഹിത്യത്തില്‍ ഐഡിയോളജിക്കും കലാത്മകതയ്ക്കും സ്ഥാനമുണ്ട്. ഐഡിയോളജി കലാത്മകതയെ പരാജയപ്പെടുത്തുമ്പോള്‍ എന്നെപ്പോലുള്ളവര്‍ക്ക് ഇഷ്ടമാവുകയില്ല. കലാത്മകതയ്ക്കു പ്രാമുഖ്യം വരുമ്പോള്‍ ഞാനും എന്നെപ്പോലുള്ളവരും ഐഡിയോളജിയെ നോക്കി നെറ്റി ചൂളിക്കാറുമില്ല. ശ്രീരാമന്റെ കഥയില്‍ കലാത്മകതയ്ക്കാണ് പ്രാമുഖ്യം. അതുകൊണ്ടുതന്നെയാണ് ഈ കഥയെ ‘നല്ല’ എന്നു ഞാന്‍ നേരത്തെ വിശേഷിപ്പിച്ചത്. കഥാകാരന്റെ ട്രൗസര്‍ പോക്കറ്റില്‍ ചുവന്ന കൊടിയുണ്ടോ? ഉണ്ടെങ്കില്‍ വേണ്ട സമയത്ത് അതെടുത്തു വീശിക്കൊള്ളു. കഥയെഴുതുമ്പോള്‍ അതു വീശേണ്ടതില്ല. പോക്കറ്റിനകത്ത് അത് സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നു മാത്രം വായനക്കാരെ അറിയിച്ചാല്‍ മതി. ശ്രീരാമന്‍ അങ്ങനെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. പക്ഷേ പിണ്ടാരികളില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രീരാമൻ ഓടുന്ന വേളയില്‍ പോക്കറ്റിന്റെ അഗ്രഭാഗത്ത് ആ തുണിക്കഷണം ഒരു മില്ലിമീറ്ററില്‍ ഉയര്‍ന്നു പോകുന്നു. ഇതാ വായനക്കാരും അതു കണ്ടാലും:

“ജെസ്സിമോള്‍ ആ ക്രിസ്ത്യാനിക്കിഴവിയുടെ മുരടിച്ച കൈപ്പത്തിയിലേക്കു നോക്കിയിട്ടു കൂടുതല്‍ പരിഭ്രാന്തിയോടെ കരഞ്ഞു: ‘അമ്മച്ചി. ഓടി വരണേ. വീട്ടുമുറ്റത്തു പിണ്ടാരികള്‍.’” ആ മുരടിച്ച കൈപ്പത്തി പ്രസ്താവത്തിലാണ് ചുവപ്പിന്റെ വിലാസം. തെറ്റിദ്ധരിക്കരുത് ആരും. വിശേഷിച്ച് എന്നെ “ഊശിയാക്കി” ദേശാഭിമാനി വാരികയില്‍ ലേഖനമെഴുതിയ കുഞ്ഞഹമ്മദും. ഞാന്‍ കോണ്‍ഗ്രസ്സുകാരനല്ല. കലാസ്വാദകന്‍ മാത്രമാണ്. ആവര്‍ത്തിച്ച് എഴുതുന്നു. സി.വി. ശ്രീരാമന്റെ കഥ കലാപരമായി വിജയമാണ്.

ഞാന്‍ വെറുമൊരു പ്രധാനമന്ത്രി

വിനയം കലര്‍ന്ന ഭാഷയില്‍ ആളുകള്‍ അഹങ്കാരം പ്രകടിപ്പിക്കുമ്പോള്‍ നമ്മുടെ ആത്മാവിന്റെ ഒരംശം അവര്‍ അപഹരിക്കുകയാണ്. അത് എനിക്ക് സംഭവിച്ചിരിക്കുന്നു. അതിനാല്‍ വായനക്കാരുടെ പിറകെ നടക്കുന്ന ഞാന്‍ അറിയിക്കുകയാണ്. “പ്രിയപ്പെട്ടവായനക്കാരേ നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ സൂക്ഷിച്ചു കൊള്ളൂ.”

“എം.എസ്. സുബ്ബലക്ഷ്മിയുടെ പാട്ടുകേട്ട് ജവാഹര്‍ലാല്‍ നെഹ്റു ‘ഞാനാര്? വെറുമൊരു പ്രധാനമന്ത്രി. ഭവതിയോ? സംഗീതരാജ്ഞി’ എന്നു പറഞ്ഞില്ലേ? നിങ്ങളെയും നെഹ്റുവിനെയും ഇക്വേറ്റ് ചെയ്തു ചോദിക്കുകയല്ല. ഇതുപോലെ സ്വന്തം ക്ഷുദ്രത്വം അനുഭവപ്പെടുത്തിത്തന്ന എന്തെങ്കിലും സംഭവം നിങ്ങളുടെ ജീവിതത്തിലുണ്ടോ?”

“ഉണ്ട്. ഇക്കഴിഞ്ഞ യുവജനോത്സവത്തില്‍ ലൈറ്റ് മ്യൂസിക്കിന് ഒന്നാം സമ്മാനം നേടിയ ഉഷ എന്ന പെണ്‍കുട്ടി കാര്യവട്ടത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ ഉദ്ഘാടന സന്ദര്‍ഭത്തില്‍ പാടുന്നത് ഞാന്‍ കേട്ടപ്പോള്‍ ഞാനെത്ര നിസ്സാരന്‍ എന്ന് എനിക്കു തോന്നിപ്പോയി. ആ കുട്ടിയുടെ സംഗീതത്തിന്റെ ‘മാജിക്’ എന്റെ മനസ്സിനു മാത്രമല്ല. അവിടെയിരുന്ന ഓരോ വ്യക്തിയുടേയും മനസ്സിന് പരിവര്‍ത്തനം വരുത്തിയിരിക്കണം. പ്രശസ്തനായ കരമന ജനാര്‍ദ്ദനന്‍ നായരും ചലച്ചിത്രതാരം മുരളിയും കവി ഏഴാഞ്ചേരി രാമചന്ദ്രനും ആ ഗായികയെ പ്രശംസിക്കുന്നത് ഞാന്‍ കേട്ടു.”

ആത്മാവിനെ അപഹരിക്കരുത്

യജമാനനും വേലക്കാരനും കല്‍ക്കട്ട നഗരത്തിലൂടെ നടക്കുകയായിരുന്നു. (കേന്ദ്ര ദൂര്‍ദശനിലെ ന്യൂസ്‌വായനക്കാര്‍ പറയുന്നതുപോലെയാണെങ്കില്‍ കാല്‍ക്കത്ത അതാവും ശരി.) പെട്ടെന്നു യജമാനന്‍ പറഞ്ഞു: “എടേ നിന്റെ കെട്ടു സൂക്ഷിച്ചു കൊള്ളണം. കള്ളന്മാര്‍ വളരെക്കൂടുതലാണിവിടെ” ‘സൂക്ഷിക്കാമേ’ എന്നു മറുപടി നല്കിയിട്ട് വേലക്കാരന്‍ അയാളുടെ പിറകേപോയി. കുറെക്കഴിഞ്ഞപ്പോള്‍ അവന്‍ അയാളുടെ കോട്ട് പിടിച്ചു വലിച്ചിട്ട് നിര്‍ദ്ദേശിച്ചു: ‘യജമാനേ പണസ്സഞ്ചി സൂക്ഷിച്ചുകൊള്ളണേ. അയാള്‍ സന്തോഷത്തോടെ അറിയിച്ചു: ‘സൂക്ഷിച്ചുകൊള്ളാം. നിന്റെ കെട്ടുനീയും സൂക്ഷിക്കണം.’ അതുകേട്ടു വേലക്കാരന്‍ പറഞ്ഞു: ‘എന്റെ കെട്ട് ആരോ മോഷ്ടിച്ചുകൊണ്ടു പോയി. അതുകൊണ്ടാണ് യജമാനന്റെ പണസ്സഞ്ചി സൂക്ഷിച്ചുകൊള്ളണമെന്നു ഞാന്‍ പറഞ്ഞത്.’ വിനയം കലര്‍ന്ന ഭാഷയില്‍ ആളുകള്‍ അഹങ്കാരം പ്രകടിപ്പിക്കുമ്പോള്‍ നമ്മുടെ ആത്മാവിന്റെ ഒരംശം അവര്‍ അപഹരിക്കുകയാണ്. അതു എനിക്ക് സംഭവിച്ചിരിക്കുന്നു. അതിനാല്‍ വായനക്കാരുടെ പിറകേ നടക്കുന്ന ഞാന്‍ അറിയിക്കുകയാണ്. “പ്രിയപ്പെട്ട വായനക്കാരേ നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ സൂക്ഷിച്ചുകൊള്ളു.” കാര്യമെന്തെന്നല്ലേ? വിഷ്ണു നാരായണന്‍ നമ്പൂതിരി ലളിതാംബികാ അന്തര്‍ജ്ജനത്തെക്കുറിച്ചു കുങ്കുമം വാരികയിലെഴുതിയ ചില വരികള്‍ ഞാന്‍ വായിച്ചു എന്നതു തന്നെയാണ്. വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിക്കുന്നതിനു മുന്‍പ് വളരെക്കാലം മുന്‍പ് — ജനിച്ചു ലളിതാംബിക. എന്നിട്ടും ശ്രീമാനെ കണ്ടപ്പോള്‍ ശ്രീമതി അഭ്യര്‍ത്ഥിച്ചത്രേ തന്റെ കവിതകള്‍ തിരുത്തിക്കൊടുക്കണമെന്ന്. “തന്‍ കവിതകള്‍ തിരുത്താന്‍ പോലും ചൊല്ലി.” എന്നു വിഷ്ണുനാരായണോക്തി. യൂണിവേഴ്സിറ്റി കോളേജില്‍ പണ്ടൊരു പ്രിന്‍സിപ്പലുണ്ടായിരുന്നു. ഹി വാസ് നെട്ടോറിയസ് ഫോര്‍ഹിസ് ബാഡ് ഇംഗ്ലീഷ്. നിങ്ങളെ അന്ന് അമ്മ ഗര്‍ഭാശയത്തില്‍ പോലും ഉള്‍ക്കൊണ്ടിരുന്നില്ല എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. “യു വേര്‍ നോട്ട് ഈവന്‍ പ്രെഗ്നന്റ് അറ്റ് ദാറ്റ് റ്റൈം” എന്നാണ്. വിഷ്ണുനാരായണന്‍ നമ്പൂതിരി പ്രിന്‍സിപ്പല്‍ അരുളിച്ചെയ്തതുപോലെ പ്രെഗ്നന്റ് പോലുമല്ലാതിരുന്ന കാലത്ത് കാവ്യങ്ങള്‍ രചിച്ച് യശസ്സാര്‍ജ്ജിച്ചു ലളിതാംബിക അന്തര്‍ജ്ജനം. എന്നിട്ടും അദ്ദേഹത്തോടു കാവ്യങ്ങള്‍ തിരുത്തിക്കൊടുക്കാന്‍ അവര്‍ അപേക്ഷിച്ചല്ലോ. അപ്പോള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി എത്ര പ്രഗൽഭന്‍! എന്തൊരുജ്ജ്വല പ്രതിഭാസശാലി! എന്തൊരു ശോധിതശേമുഷീകനായ പ്രകൃഷ്ട പണ്ഡിതന്‍! ഗോവിന്ദന്‍ നായരുടെ “അവല്‍പ്പൊതി”ക്കു സമ്മാനം നിശ്ചയിച്ച ആളാണു താനെന്ന് മുന്‍പ്, അജ്ഞരായ നമ്മളെ അറിയിച്ച വിഷ്ണുനാരായണനില്‍ നിന്ന് ഇമ്മട്ടിലൊരു പ്രസ്താവമുണ്ടായതില്‍ തെല്ലും അദ്ഭുതപ്പെടേണ്ടതില്ല. എങ്കിലും “അഹങ്കാരം ക്ഷമിക്കാം. വിനയത്തില്‍ പൊതിഞ്ഞ അഹങ്കാരം ക്ഷമിക്കാന്‍ വയ്യ” എന്ന് അദ്ദേഹത്തെ അറിയിക്കട്ടെ. താമര ചെളിയിലാണ് നില്ക്കുന്നത്. എന്നാല്‍ അത് ആ ചെളിയെ സൗന്ദര്യമായി, പരിമളമായി, പ്രകാശമായി മാറ്റുന്നു. ആത്മാവില്‍ മാലിന്യമുണ്ടെങ്കിലും അതു ഭംഗിയും സൗരഭ്യവും വെളിച്ചവുമായി മാറണം.

കാവ്യത്തിന്റെ ശേഷം ഭാഗങ്ങളും നോക്കേണ്ടതാണ്.

“പതിറ്റാണ്ടുകള്‍ക്കു മുന്‍പൊരു സന്ദേശം: ‘കൊച്ചു
സുഹൃത്തേ! പ്രണയത്തെ, ഭൂമിയെക്കുറിച്ചു നീ
പാടിയതെല്ലാം കേട്ടേല്‍ കുതുകാല്‍ ഇനിമേലില്‍
പാടുവതെല്ലാം സ്വര്‍ഗ്ഗത്തെക്കുറിച്ചായീടട്ടേ.’”

ലളിതാംബിക ഇങ്ങനെ ഉപദേശിച്ചപ്പോള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി വളരെ വിഷമിച്ചിരിക്കും. അദ്ദേഹം അന്നു വലിയ മാര്‍ക്സിസ്റ്റായിരുന്നല്ലോ. എങ്കിലും പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഉപദേശത്തിനു ഫലമുണ്ടായി. സ്വര്‍ഗ്ഗത്തെക്കുറിച്ചു മാത്രമല്ല, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്‍പില്‍ വച്ചു നടത്തിയ യാഗത്തെക്കുറിച്ചും അദ്ദേഹം പാടാന്‍ തുടങ്ങി.

നവീന കവി പ്രേമിച്ചോണ്ടിരിക്കുന്നു. എന്നെഴുതിയപോലെ അദ്ദേഹം പാടിക്കൊണ്ടേയിരിക്കുന്നു. വിഷ്ണുനാരായണന്റെ ഈ കാവ്യത്തെക്കുറിച്ചു ഇങ്ങനെ പറയാം. “ഇന്‍ സിന്‍സിറിറ്റി ദൈ നെയിം ഇസ് ലളിതാംബികാസ്മൃതി.”

ചൈനയിലെ പഴഞ്ചൊല്ലുകളും കമന്റുകളും

  1. “സായാഹ്നവേളയില്‍ ഭാര്യയെ ചീത്തപറയരുത്. നിങ്ങള്‍ക്കു തനിച്ച് ഉറങ്ങേണ്ടതായിവരും.” — ഇതു കൊണ്ടാവും കേരളത്തിലെ ഭര്‍ത്താക്കന്മാര്‍ എന്നും വൈകുന്നേരം ഭാര്യമാരെ ചീത്തവിളിച്ചു പിണങ്ങിമാറുന്നത്.
  2. “മറ്റുള്ളവരുടെ കൊയ്ത്തു എപ്പോഴും നല്ലത്. സ്വന്തം സന്തതികള്‍ എപ്പോഴും നല്ലവര്‍” — ശരിയാണിത്. ഇവിടെ മകന്‍ റം കുടിച്ചു നാറ്റിച്ചുകൊണ്ടു വീട്ടില്‍ രാത്രി കയറിവന്നാലും മോന്‍ കൊക്കോകോല കുടിച്ചുകൊണ്ടു വന്നിരിക്കുന്നു’വെന്നേ അമ്മ പറയൂ.
  3. “സൗന്ദര്യമുള്ള പക്ഷിയെയാണ് കൂട്ടിലടയ്ക്കുന്നത്” — ശരിയല്ല. ഇവിടെ വിരൂപമായ കാവ്യവിഹംഗമത്തെയാണ് പത്രപഞ്ജരത്തില്‍ നവീനന്മാര്‍ അടയ്ക്കുക.
  4. “വിവാഹദല്ലാളന്മാര്‍ പത്തിന് ഒന്‍പതും കള്ളന്മാരാണ്.” — ഇതു ചൈനയില്‍. ഇവിടെ പത്തിനു പത്തും കള്ളന്മാരാണ്. അതുകൊണ്ടു കേരളമാണ് ചൈനയുടെ മുന്‍പില്‍ നില്ക്കുന്നത്.
  5. “ജലമാണു കപ്പലിനെ താങ്ങിനിറുത്തുന്നത്. ജലത്തിനു കപ്പലിനെ മുക്കാനും കഴിയും.” — ശരി. മുണ്ടശ്ശേരി ചങ്ങമ്പുഴയെ ആദ്യം നിന്ദിച്ചു. പിന്നീടു സ്തുതിച്ചു. നാലപ്പാടനെ അനുകര്‍ത്താവായി ആദ്യം കണ്ടു. പിന്നീട് വളര്‍ച്ച ചെന്ന ഒരൊത്ത മനുഷ്യനായും.
  6. “നമ്മള്‍ നമ്മുടെ രചനകളെ മാത്രം ഇഷ്ടപ്പെടുന്നു. അന്യരുടെ ഭാര്യമാരെയും” — ശരി. ചൈനയിലും ഇവിടെയും ഇതു ശരി.

പരാജയം

‘പെന്‍ഗ്വിന്‍ ബുക്ക് ഒഫ് ഗോസ്റ്റ് സ്റ്റോറീസ്’ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഏതന്‍സില്‍ ചെന്ന ഒരു ദാര്‍ശനികന്റെ കഥ വിവരിച്ചിട്ടുണ്ട്. അവിടെ ഒരു കെട്ടിടം വാടകയ്ക്കു കൊടുക്കാനുണ്ടെന്ന് അദ്ദേഹമറിഞ്ഞു. പക്ഷേ വാടക വളരെക്കുറവായതുകൊണ്ട് സംശയമുണ്ടായി. എന്തായാലും കെട്ടിടം വാടകയ്ക്ക് എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പ്രേതം രാത്രിയില്‍ പ്രത്യക്ഷമായി. കൂടെച്ചെല്ലാന്‍ അത് ആംഗ്യം കാണിച്ചു. മുറ്റത്ത് എത്തിയപ്പോള്‍ പ്രേതം അപ്രത്യക്ഷമായി. ദാര്‍ശനികന്‍ ആ സ്ഥലം അടയാളപ്പെടുത്തിയിട്ട് അടുത്ത ദിവസം അവിടം കുഴിപ്പിച്ചു നോക്കി. ചങ്ങലകൊണ്ടു ബന്ധിക്കപ്പെട്ട അസ്ഥിക്കൂടിന്റെ അവശിഷ്ടങ്ങളാണ് അദ്ദേഹം അവിടെക്കണ്ടത്. അസ്ഥികളെ വേണ്ട വിധത്തില്‍ സംസ്കരിച്ചപ്പോള്‍ പ്രേതം വരാതെയായി. ദാര്‍ശനികന്‍ ഏതാനോഡോറസായിരുന്നു. ഇതു സത്യമോ അസത്യമോ ആകട്ടെ. രാത്രിയില്‍, ധീരന്മാര്‍ പോലും പേടിക്കാറുണ്ട്. അകലെ വാഴയില അനങ്ങുമ്പോള്‍ ആളുനില്ക്കുകയാണെന്നു തോന്നാറില്ലേ? ഈ പേടിയും തോന്നലുമാണ് പ്രേതകഥകളുടെ ആവിര്‍ഭാവത്തിനു ഹേതുവായിട്ടുള്ളത്.

മുകളില്‍പ്പറഞ്ഞ പുസ്തകത്തില്‍ റ്റി.എസ്. എല്യറ്റിന്റെ Waste land എന്ന കൃതിയില്‍ നിന്നും ചില വരികള്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. അതിവിടെ കുറിച്ചിടുന്നതില്‍ സാംഗത്യമില്ലാതില്ല.

“Who is the third who walks always beside you?
When I count there are only you and I together
But when look ahead up the white road
There is always another one walking beside you.
Gliding wrapt in a brown mantle, hooded

I do not know whether a man or a woman

But who is that on the other side of you?”

ഈ വരികള്‍ ജനിപ്പിക്കുന്ന സന്ത്രാസം പി. സോമന്‍ ‘കഥാ’ മാസികയിലെഴുതിയ “ഒരു യക്ഷിക്കഥ”യ്ക്കില്ല. രണ്ടു തലങ്ങളാണ് ഈ കഥയ്ക്കുള്ളത്. ഒന്നു യക്ഷിയുടെ ഭയജനകമായ ലോകം. രണ്ട്: നിത്യ ജീവിതത്തിന്റെ ലോകം. യക്ഷി പനയുടെ മുകളില്‍ നിന്നിറങ്ങി വന്ന് കാളവണ്ടിക്കാരന്റെയും പൊലീസുകാരന്റെയും ലോകത്ത് സഞ്ചരിക്കുന്നു. യക്ഷിക്കോ അവളുടെ ആവാസകേന്ദ്രത്തിനോ ഭയജനകത്വമില്ല.നിത്യജീവിതത്തിന്റെ ലോകത്തിന് പ്രസ്താവ്യമായ യാഥാര്‍ത്ഥ്യവുമില്ല. ഇതൊരു ലാക്ഷണിക കഥയാണ്. യക്ഷി സിംബലാണ്. പക്ഷേ കഥാകാരന്‍ ആവിഷ്ക്കരിക്കുന്ന രണ്ടു ലോകങ്ങളും വിരസങ്ങളായതുകൊണ്ടു കഥ പരാജയപ്പെടുന്നു. അദ്ദേഹത്തിന്റെ ആഖ്യാനവും ദുര്‍ബലമത്രേ.

* * *

Senryu എന്ന പേരില്‍ പരിഹാസകാവ്യണ്ടളുണ്ട് ജപ്പാനില്‍. മൂന്നുവരിയേയുള്ളു ഒരെണ്ണത്തിന്. അതിനെ അനുകരിച്ച് ചിലതെഴുതാന്‍ മോഹമെനിക്ക്.

  1. ഞാന്‍ കാപ്പികുടിക്കുമ്പോള്‍ എന്റെ മകന്‍
    അതിഥിയോടു വിനയപൂര്‍വ്വം സംസാരിക്കുന്നു —
    വന്നയാള്‍ മീറ്റിങ് സംഘാടകനാണെന്ന് അവനറിഞ്ഞില്ലായിരിക്കും.
  2. എന്റെ മകനു വിവാഹാലോചനയുമായി എത്തിയ മാന്യന്‍
    മുറ്റത്തു നിന്ന ചെറുക്കനെ വാരിയെടുത്തു ചുംബിക്കുന്നു —
    ചെറുക്കന്‍ തൂപ്പുകാരിയുടെ മകനെന്നറിയാതെ.
  3. മലയാളത്തില്‍ നോവലുകള്‍ പ്രസിദ്ധപ്പെടുത്തുന്നതോടൊപ്പം
    പബ്ലിക് ലൈബ്രറിയിലെ ഇംഗ്ലീഷ് നോവലുകള്‍ അപ്രത്യക്ഷങ്ങളാവുന്നു —
    വിമര്‍ശകന്‍ അവ കാണരുതല്ലോ.
  4. പ്രേമനൈരാശ്യത്താല്‍ ഉറക്കഗ്ഗുളിക കഴിച്ച കാമുകി
    കതകിന്റെ സാക്ഷയിടാതെയാണ് കിടക്കയില്‍ കിടന്നത് —
    കതക് ചവിട്ടിപ്പൊളിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ?
  5. ഭര്‍ത്താവിന്റെ മൃതദേഹത്തില്‍ വീണു നിലവിളിക്കുന്ന
    ഭാര്യയുടെ കണ്ണ് അയാളുടെ വിരലില്‍ —
    സ്വര്‍ണ്ണമോതിരം ഊരിയെടുക്കാന്‍ മറന്നുപോയി ശവം കുളിപ്പിച്ചവര്‍.
  6. ഇനി ഒറിജിനല്‍ ജപ്പാന്‍ സെന്റ്യൂ.
    അതു നാട്ടുകാര്‍ക്കൊക്കെ അറിയാം —
    ഭര്‍ത്താവിനു മാത്രം അറിഞ്ഞുകൂടാ.

കെ.എല്‍. മോഹനവര്‍മ്മ

ഡണ്‍കമീലോ കഥകളിലെ പാതിരിയെപ്പോലെ, ചെസ്റ്റര്‍ട്ടണ്‍ കഥകളിലെ ഫാദര്‍ ബ്രൌണിനെപ്പോലെ, പഞ്ചുമേനോന്‍ കുഞ്ചിയമ്മക്കഥകളിലെ പഞ്ചുമേനോനെപ്പോലെ വ്യക്തിത്വമാര്‍ജ്ജിച്ചുവരുന്നുണ്ട്. കെ.എല്‍. മോഹനവര്‍മ്മയുടെ കഥകളിലെ പ്രൊഫസര്‍. ഇത്തവണ പ്രൊഫസര്‍ നാടകമെഴുതുകയാണ്. അതു മോഷണമാണെന്നു കഥ പറയുന്ന ആള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പിന്നെ എന്താണു ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന്റെ ചോദ്യം. ആത്മകഥ എഴുതിയാല്‍ മതിയെന്നു ഉത്തരം.

“സാറ് ഈ ‘മാതൃക’ (നാടകം) കീറിക്കളയണം.”

“പിന്നെ”

“സാറിനെ നാലൂപേരറിഞ്ഞാല്‍പ്പോരെ? അതിനു നല്ല വിദ്യയുണ്ട്.”

“എന്താ.”

“സാറ് ആത്മകഥയെഴുത്.”

“അതിനു ഞാന്‍…?”

“പ്രൊഫസറുടെ ആത്മകഥ ഗംഭീരമായിരിക്കും. സാറിനറിയാവുന്ന കാര്യമൊക്കെ എഴുത്. കേട്ടിട്ടുള്ളതും കേള്‍ക്കാത്തതും.”

“അതിന്?”

“സാറിനെക്കുറിച്ചൊന്നും എഴുതണമെന്നില്ല. മറ്റുള്ളവരെക്കുറിച്ചു മാത്രം എഴുതിയാല്‍ മതി. അതിനാ ഇപ്പോള്‍ ഡിമാന്റ്.”

(കലാകൗമുദി, ലക്കം 602)

ആത്മകഥയെന്ന പേരില്‍ ദുഷ്ടത മനുഷ്യനെ ചവിട്ടിയരയ്ക്കുന്ന ഈ കാലയളവില്‍ ഇത്തരമൊരു പരിഹാസത്തിന് സാംഗത്യമുണ്ട്. ഇതു ലക്ഷ്യവേധിയാണുതാനും.

സി.പി. നായര്‍

എനിക്കു ഡിറ്റക്ടീവ് നോവലുകള്‍ വായിക്കാനാവില്ല. അടുത്തകാലത്തു വളരെയേറെ വാഴ്ത്തപ്പെട്ട ഒരു ഡിറ്റക്ടീവ് നോവലാണ് പി.ഡി. ജേംസിന്റെ A Taste for Death എന്നത്. അമേരിക്കന്‍ റ്റൈം വാരിക അതിനെക്കുറിച്ചു മൂന്നോ നാലോ പുറങ്ങള്‍ എഴുതിയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അതുകൊണ്ട് വലിയ വിലകൊടുത്തു ഞാന്‍ ഈ പുസ്തകം വാങ്ങി. രണ്ടുപേജിലധികം വായിക്കാന്‍ കഴിഞ്ഞില്ല. പി.ഡി. ജേംസിന്റെ നോവല്‍ മാത്രമല്ല അഗത ക്രിസ്റ്റിയുടെ കൃതികളും എനിക്കു വായിക്കാന്‍ വയ്യ. ബോര്‍ഹെസിന്റെ കഥകളില്‍ ഡിറ്റക്ഷന്റെ അംശം വരുമ്പോള്‍ എനിക്ക് വെറുപ്പ് ഉണ്ടാകുന്നു. കാരണം വയലെന്‍സ് — violence — എനിക്കു ജുഗുപ്സാവഹമാണ് എന്നതത്രേ. ജേംസിന്റെ നോവല്‍ കാവ്യാത്മകമാണെന്നും അതു വായിക്കേണ്ടതാണെന്നും ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാന്‍ വീണ്ടും വായന തുടങ്ങി. രണ്ടുപുറങ്ങള്‍ എത്തിയപ്പോള്‍ പാരായണം നിറുത്തി. വൃദ്ധയായ ആ എഴുത്തുകാരിക്ക് കൊലപാതകത്തില്‍ ഇത്രതാല്പര്യം വന്നതെങ്ങനെയെന്ന് ഞാന്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഇതല്ല നര്‍മ്മകഥകളുടെ സ്ഥിതി. അശ്ലീലത്തിന്റെ നേരിയ പാടുപോലും വീഴ്ത്താതെ ചിലര്‍ ഹാസ്യകഥകള്‍ എഴുതുമ്പോള്‍ ഞാന്‍ രസിക്കുന്നു. സി.പി. നായരുടെ “സനാതനന്‍ പിള്ള വിട വാങ്ങുന്നു” എന്ന കഥ വായിച്ചു ഞാന്‍ ചിരിച്ചു. പെന്‍ഷന്‍ പറ്റിയ തഹസീല്‍ദാര്‍ സനാതനന്‍ പിള്ളയെ മാനിക്കാന്‍ വേണ്ടി വിളിച്ചുകൂട്ടിയ ഒരു സമ്മേളനത്തിന്റെ വിവരണമാണ് ഈ കഥയിലുള്ളത്. പ്രഭാഷകരുടെ കൂട്ടത്തില്‍ അഷിതാമേനോന്‍ എന്നൊരു യുവനിരൂപകനുമുണ്ട്. അയാള്‍ പ്രഭാഷണം ആരംഭിക്കുന്നു. കേട്ടാലും:

“ജനിമൃതിയുടെ അനന്തമായ ഗര്‍ഭപാത്രങ്ങളിലൂടെ ഊളിയിട്ട്, സര്‍ഗചേതനയുടെ രേതസ്സുതേടി, ഉര്‍വരതയുടെ ആര്‍ത്തവ രക്തത്തിന്റെ ഗന്ധം നുകര്‍ന്ന്, ഉപനിഷത്തിന്റെ ശാന്തിമന്ത്രം ജപിക്കുന്ന മരവിച്ച മനസ്സിന്റെ പതറിയ സ്പന്ദനങ്ങള്‍.”

ഇതുകേട്ട് ഒരാള്‍ ചോദിച്ചു: “എന്തോന്നാകൂവേ ഈ പറയുന്നത്?” അഷിതാ മേനോന് ഇര്‍ഷ്യ. അയാള്‍ തുടര്‍ന്നു:

“അന്ധകാരത്തിന്റെ വേരുകള്‍ ഇണ ചേര്‍ന്ന്. ഇഴഞ്ഞിറങ്ങുന്ന മനീഷയുടെ ഉപത്യകളില്‍ ഒരമാവാസിയുടെ ആദ്യത്തെ നിലവളി ഇടിഞ്ഞു വീഴുന്നു.”

ഈ ഹാസ്യവും ലക്ഷ്യവേധി തന്നെ. മുന്‍പ് ഒരു ഗ്രാമത്തില്‍ പുതിയ പാതിരിവരുമ്പൊഴെല്ലാം ഒരു സ്ഥിരം “പ്രാസംഗികന്‍” പ്രസംഗിക്കാന്‍ കയറും. “പഴയതൊക്കെ പുറന്തള്ളാനും പുതിയതൊക്കെ നടപ്പില്‍ വരുത്താനും കര്‍ത്താവിനാല്‍ നിയോഗിക്കപ്പെട്ട അച്ചോ അങ്ങ് ഭാഗ്യനക്ഷത്രമാണ് ഞങ്ങളുടെയെല്ലാം. ദൗര്‍ഭാഗ്യനക്ഷത്രം ഇന്നലെ അസ്തമിച്ചതേയുള്ളു. ഇതാ ഭാഗധേയതാരകം വന്നു നില്ക്കുന്നു.” അച്ചന്‍ ഇതുകേട്ടു ആ ലോക്കല്‍ വാഗ്മിയെ പ്രശംസിച്ചു. അപ്പോള്‍ ഒരുത്തന്‍ പാതിരിയോടു പറഞ്ഞു: “അച്ചോ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ഇവിടെ മുപ്പത്തിരണ്ടു പാതിരിമാര്‍ മാറിമാറിവന്നു. എല്ലാരെക്കുറിച്ചും അയാള്‍ ഇതുതന്നെയാണ് പറയാറ്. ഇനി അച്ചന്‍ പോയിട്ട് വേറൊരച്ചന്‍ വന്നാലും അയാള്‍ ഇതുതന്നെ പറയും” സി.പി. നായരുടെ കഥാപാത്രത്തെപ്പോലുള്ള ചില നിരൂപകര്‍ ഒരേ മട്ടില്‍ കുമാരനാശാനേയും ചങ്ങമ്പുഴയേയും വൈലോപ്പിള്ളിയേയും കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാം ഗര്‍ഭപാത്രവും ഉര്‍വരതയും പുനര്‍ജനിയും തന്നെ.

* * *

നെല്ലുവിതച്ചാലേ നെല്‍ച്ചെടി വയലില്‍ കിളിര്‍ത്തു വളരൂ. പിന്നീട് നെല്ലുകൊയ്തെടുക്കാം. കല്ലുവിതച്ചാല്‍ കൊയ്ത്തു നടക്കില്ല. ഭാഷാപ്രയോഗമെന്ന മട്ടില്‍ ചിലര്‍ കല്ലുവിതച്ചുകൊണ്ടിരിക്കുന്നു കേരളത്തില്‍.

കടലാസ്സുവള്ളം

മഴക്കാലത്തു വീട്ടുമുറ്റത്തു വെള്ളം കെട്ടുമ്പോള്‍ കൊച്ചുകുട്ടികള്‍ കടലാസ്സുവള്ളമുണ്ടാക്കി അവയില്‍ പൂക്കള്‍ നിറച്ചു ഒഴുക്കും. വഞ്ചി അക്കരെ ചെല്ലണമെന്നാണ് അവരുടെ ആഗ്രഹം. പക്ഷേ പലപ്പോഴും ഒരിഞ്ചുപോലും നീങ്ങാതെ അത് വെള്ളത്തില്‍ കുതിര്‍ന്നു താഴും. കുട്ടികള്‍ക്കു നിരാശത. എഴുത്തുകാര്‍ കടലാസ്സുവള്ളമൊഴുക്കുന്ന കുഞ്ഞുങ്ങളെപ്പോലെയാണ്. അക്കരെ അടുക്കുന്നില്ലെന്നു കണ്ടു അവര്‍ ദുഃഖിക്കുന്നു, നിരാശപ്പെടുന്നു.

ഞാന്‍ ചലച്ചിത്രം കാണാറില്ല. എങ്കിലും ചലച്ചിത്രനിരൂപണങ്ങള്‍ വായിക്കാറുണ്ട്. ട്രയല്‍ വാരികയില്‍ മേരി അലക്സാണ്ടര്‍ അരവിന്ദനെക്കുറിച്ച് എഴുതിയത് കൌതുകത്തോടെ വായിച്ചു. ആ നിരൂപണം കെങ്കേമമാണെന്നും മറ്റും ഞാന്‍ പറയുകയില്ല. എന്നാലും സാധാരണമായ നിരൂപണങ്ങളില്‍ നിന്ന് അതിന് വിഭിന്നതയുണ്ട്. ആ വിഭിന്നത പ്രശംസനീയമാണുതാനും. മേരി അലക്സാണ്ടറുടെ കടലാസ്സു വഞ്ചി നീങ്ങിക്കൊണ്ടിരിക്കുന്നു. അതു അക്കരെ ചെല്ലട്ടെ.

* * *

‘സമയമെന്തായി? ഒരാള്‍ മറ്റൊരാളോടു ചോദിക്കുന്നതു ഞാന്‍ കേട്ടു. അയാളുടെ മറുപടി “സൂക്ഷം പന്ത്രണ്ട്” ഒരഭ്യസ്ത വിദ്യന്‍ തന്നെയാണ് ‘സൂക്ഷം’ എന്നു പറഞ്ഞത്. കണിശം എന്ന അര്‍ത്ഥത്തിലായിരുന്നു ആ സൂക്ഷപ്രയോഗം. എന്നാല്‍ പ്രയോഗിക്കേണ്ടതു ‘സൂക്ഷ്മം’ എന്നാണ്. “സൂക്ഷ്മംപന്ത്രണ്ടായി” എന്നതു ശരി. സൂക്ഷം തെറ്റ്.