close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 02 14


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 02 14
ലക്കം 648
മുൻലക്കം 1988 02 07
പിൻലക്കം 1988 02 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വിശ്വവിഖ്യാതനായ ചാര്‍ലി ചാപ്ലിനെക്കുറിച്ച് ഞാനൊരു കഥ കേട്ടിട്ടുണ്ട്. ഇംഗ്ലളണ്ടിലെ ഒരു കലാസംഘടന ഒരു മത്സരം ഏര്‍പ്പാടുചെയ്തു. ചാപ്ലിന്റെ വേഷംകെട്ടി ആര്‍ക്കു വേണമെങ്കിലും വേദിയില്‍ച്ചെന്നു നില്ക്കാം. അദ്ദേഹത്തോടു കൂടുതല്‍ ഛായാസാദൃശ്യമുള്ളയാളിന് ഒന്നാം സമ്മാനമായി വെള്ളിക്കപ്പ് കൊടുക്കും. ചാപ്ലിന്‍ ഇതറിഞ്ഞു. അദ്ദേഹവും മത്സരത്തിനു ചെന്നു. പക്ഷേ, രണ്ടാമത്തെ സമ്മനമേ അദ്ദേഹത്തിനു കിട്ടിയുള്ളു. സത്യം സൂര്യനാണെങ്കില്‍ അതിനെ ഋജുരേഖയില്‍ക്കൂടി നോക്കാനുള്ള പ്രാഗൽഭ്യത്തെയാണ് പ്രതിഭയെന്നു പലരും വിളിക്കുന്നത്. ആ രീതിയില്‍ മനുഷ്യസ്വഭാവത്തിന്റെ സത്യം കണ്ട പ്രതിഭാശാലിയായിരുന്നു ചാര്‍ലി ചാപ്ലിന്‍. പക്ഷേ, മത്സരം നടത്തിയവര്‍ അദ്ദേഹത്തിനെയല്ല അദ്ദേഹത്തിന്റെ നിഴലിനെയാണ് ജീനിയസ്സായി കണ്ടത്. അക്കാഡമികള്‍ സമ്മാനം കൊടുക്കുന്ന പുസ്തകങ്ങളുടെ രചയിതാക്കള്‍ പ്രതിഭയുള്ളവരാണെന്നു നമ്മള്‍ തെറ്റിദ്ധരിക്കാതിരുന്നാല്‍ മതി.

ബെത്ലീയമിലെ നക്ഷത്രം — സാഹിത്യത്തിലെയും

ഈച്ചയെ അഹങ്കാരത്തിന്റെയും ധൃഷ്ടതയുടെയും പ്രതീകമായിവേണം കരുതാന്‍. മനുഷ്യന്‍ അടുത്തെത്തും മുന്‍പ് മറ്റു ജീവികള്‍ ഓടിക്കളയുന്നു. എന്നാല്‍ ഈച്ച അവന്റെ മൂക്കില്‍ത്തന്നെ കയറി ഇരിക്കുന്നു എന്ന് ആര്‍റ്റൂര്‍ ഷോപന്‍ ഹൗവര്‍. ശൈലീ ഭംഗവും വ്യാകരണത്തെറ്റുമുള്ള പ്രബന്ധം വായനക്കാരന്റെ മൂക്കില്‍ കയറിയിരിക്കുന്ന ഈച്ചയാണ്.

പ്രതിഭാശാലികള്‍ മഹായശസ്കരാവണമെന്നുമില്ല. മഹായശസ്സു പോകട്ടെ. അവരെ ലോകമറിഞ്ഞില്ല എന്നും വരും. ഒരുദാഹരണം പറയാം. ബെത്ലീയമിലെ (Bethlehem) നക്ഷത്രത്തെക്കുറിച്ച് ഹെന്‍ട്രി വാന്‍ ഡൈക്ക് എഴുതിയ The Story of the Other Wise Man എന്ന ക്രിസ്മസ് കഥ സാഹിത്യത്തിലെ നക്ഷത്രമാണ്. എങ്കിലും അതിന്റെ ശോഭ ആരുകണ്ടു? വാന്‍ ഡൈക്കിനെ ആരറിഞ്ഞു. ഈ ‘മാസ്റ്റര്‍പീസി’നെക്കുറിച്ചു പറയേണ്ടത് എന്റെ കര്‍ത്തവ്യമാണെന്നുതെല്ലുപോലും അഹങ്കാരമില്ലാതെ എഴുതിക്കൊള്ളട്ടെ.

കിഴക്കന്‍ ദിക്കിലെ മൂന്നു ജ്ഞാനികള്‍ ബെത്ലീയമിലെ പുൽത്തൊട്ടിയില്‍ കിടന്ന ശിശുവിനു കാഴ്ചദ്രവ്യങ്ങള്‍ നൽകാന്‍ വളരെയകലെനിന്നു യാത്രതിരിച്ചതിന്റെ കഥ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നക്ഷത്രം ഉദിക്കുന്നതുകണ്ട് അതിനോടൊത്തു യാത്രയാരംഭിച്ചിട്ടും ഉണ്ണിയേശുവിന്റെ മുന്‍പിലെത്താത്ത മറ്റൊരു ജ്ഞാനിയെക്കുറിച്ച് ആര്‍ക്കുമറിഞ്ഞുകൂടല്ലോ. ഒഗസ്റ്റസ് സീസര്‍ ചക്രവര്‍ത്തികളുടെയും ചക്രവര്‍ത്തിയായിരിക്കുന്ന കാലം. ഹെറദ് ജിറൂസലം ഭരിക്കുന്ന കാലം. പെര്‍ഷയിലെ മാമലകള്‍ക്കിടയിലുള്ള എക്‌ബറ്റ്ന നഗരത്തില്‍ ആര്‍ട്ടബന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂന്നു കൂട്ടുകാര്‍ ബബലോണിയയിലെ പ്രാചീന ദേവാലയത്തില്‍ കാത്തിരിക്കുകയാണ്. ആ നക്ഷത്രം വീണ്ടും പ്രകാശിക്കുകയാണെങ്കില്‍ അവര്‍ ആര്‍ട്ടബനുവേണ്ടി പത്തുദിവസം കാത്തിരിക്കും. എന്നിട്ട് അവര്‍ നാലുപേരും ഒരുമിച്ചു ജിറൂസലമിലേക്കു പോകും; ഇസ്രായേലിലെ രാജാവായി ജനിക്കാന്‍ പോകുന്ന ശിശുവിനെ കണ്ടു വണങ്ങാന്‍ വേണ്ടി. ആര്‍ട്ടബന്‍ തന്റെ വീടും മറ്റു സമ്പാദ്യങ്ങളും വിറ്റ് മൂന്നു രത്നങ്ങള്‍ വാങ്ങിച്ചു വച്ചിരിക്കുന്നു. ഒരിന്ദ്രനീലം, ഒരു മാണിക്യം, ഒരു മുത്ത്. നിശീഥിനിയിലെ അന്തരീക്ഷംപോലെ നീലനിറമാര്‍ന്ന ഇന്ദ്രനീലക്കല്ല്; ഉദയ സൂര്യനെക്കാള്‍ അരുണാഭമായ മാണിക്യം; പൂര്‍വ്വസന്ധ്യയിലെ, മഞ്ഞണിഞ്ഞ പര്‍വ്വതാഗ്രംപോലെ തിളങ്ങുന്ന വിശുദ്ധമായ മുക്താഫലം. ആര്‍ട്ടബന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അന്ധകാരത്തില്‍ ഒരു നീലസ്ഫുരണം. അത് അരുണാഭമായ വൃത്തമായി. അതിനുശേഷം ധവളപ്രകാശം. “ഇതാണ് അടയാളം. രാജാവ് വരുന്നു. ഞാന്‍ പോയി കാണട്ടെ” എന്നുപറഞ്ഞ് ആര്‍ട്ടബന്‍ യാത്രയായി. ചരിവുകളും സമതലങ്ങളും വയലുകളും താണ്ടി അങ്ങനെ പോകുമ്പോള്‍ പാതയ്ക്കു കുറുകെയായി ഒരു മനുഷ്യരൂപത്തെ അവ്യക്തമായ നക്ഷത്ര പ്രകാശത്തില്‍ അദ്ദേഹം കണ്ടു. ആര്‍ട്ടബന്‍ കുതിരപ്പുറത്തുനിന്നിറങ്ങി. മൃതദേഹമാണ് അതെന്നു വിചാരിച്ച് അദ്ദേഹം പോകാന്‍ ഭാവിച്ചതാണ്. അപ്പോള്‍ ഒരു തേങ്ങല്‍ ആ രൂപത്തില്‍നിന്നുയര്‍ന്നു. അദ്ദേഹം ആ മനുഷ്യനെ എടുത്ത് ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ കൊണ്ടുവന്നു കിടത്തി. അടുത്തുള്ള പുഴയില്‍നിന്നു വെള്ളം കൊണ്ടുവന്നു കൊടുത്തു. ആര്‍ട്ടബന്‍ ഭിഷഗ്വരനുമായിരുന്നു. അദ്ദേഹം കൊണ്ടുനടക്കുന്ന മരുന്നുകളില്‍ ഒന്നെടുത്ത് അയാള്‍ക്കു നൽകി. മരിക്കാന്‍ പോയവന്‍ എണീറ്റിരുന്നു. അയാളുടെ അനുഗ്രഹവചനങ്ങള്‍ സ്വീകരിച്ചുകൊണ്ട് അദ്ദേഹം കുതിരയെ ഓടിച്ചു. പക്ഷേ, ഫലമുണ്ടായില്ല. കൂട്ടുകാര്‍ ഒരു കുറിപ്പ് എഴുതിവച്ചിട്ട് സ്ഥലംവിട്ടു പോയിരുന്നു. മണല്‍ക്കാടു കടക്കാന്‍ ആഹാരം വേണം, ഒട്ടകങ്ങള്‍ വേണം. ഇന്ദ്രനീലക്കല്ല് വിൽക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ബബലോണിയയിലേക്കു തിരിച്ചുചെന്ന് രത്നം വിറ്റ് ഇവയൊക്കെ വാങ്ങണം. ദയ കാണിച്ചതിന്റെ പേരില്‍ രാജാവിനെ കാണാന്‍ കഴിയാതെ വരുമോ? ആര്‍ട്ടബന്‍ രാജാവു ജനിച്ചിടത്ത് എത്തി. പക്ഷേ, നസറേത്തിലെ ജോസഫ് ഭാര്യയും ശിശുവുമൊത്ത് ഈജിപ്തിലേക്ക് ഒളിച്ചോടിയെന്ന് ഒരു സ്ത്രീ അദ്ദേഹത്തെ അറിയിച്ചു. അവളുടെ കൈയില്‍ ഒരു കൊച്ചു കുഞ്ഞുണ്ട്. അത് ആര്‍ട്ടബനെ നോക്കി പുഞ്ചിരിതൂകി. അദ്ദേഹത്തിന്റെ നെഞ്ചില്‍ തൊട്ടു. ആര്‍ട്ടബന് ആഹ്ലാദാനുഭൂതി. അപ്പോഴാണ് ഹെറദ് രാജാവിന്റെ പട്ടാളക്കാര്‍ കുഞ്ഞുങ്ങളുടെ കഴുത്തറുക്കാന്‍ ഓടി എത്തുന്നത്. കുഞ്ഞിന്റെ അമ്മ പേടിച്ചു വിളറി. അവള്‍ അതിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. പക്ഷേ, ആര്‍ട്ടബന്‍ വീട്ടിന്റെ വാതിൽക്കല്‍ ചെന്നുനിന്നു പട്ടാളക്കാരുടെ ക്യാപ്റ്റനോടു പറഞ്ഞു: ഞാന്‍ മാത്രമേ ഇവിടെയുള്ളു. എനിക്കു സ്വസ്ഥത നൽകുന്നവന് നൽകാനായിട്ടാണ് ഈ മാണിക്യം.” ക്യാപ്റ്റന്‍ അതു വാങ്ങിക്കൊണ്ട് അവിടംവിട്ടു പോയി. കുഞ്ഞിന്റെ അമ്മ ആര്‍ട്ടബനെ അനുഗ്രഹിച്ചു. “ഈശ്വരന്‍ അങ്ങയെ നോക്കട്ടെ. അങ്ങയ്ക്കു ശാന്തിയുണ്ടാവട്ടെ” എന്നായിരുന്നു അവളുടെ വാക്കുകള്‍.

ഫിലിമോത്സവത്തിന് ഫോള്‍ക്ക് ആര്‍ട് എന്നതിന്റെ പേരില്‍ കുറെ കോലങ്ങള്‍ അരങ്ങു തകര്‍ക്കുന്നതുകണ്ടു. ഇവ ജുഗുപ്സാവഹങ്ങളായിരുന്നു. തെയ്യവും മറ്റും അവ ആവിര്‍ഭവിച്ചകാലത്തെ ആവശ്യകതയായിരുന്നു. ഇന്ന് അവയ്ക്കു സാംഗത്യമേയില്ല.

മുപ്പത്തിമൂന്നുവര്‍ഷം കഴിഞ്ഞു. ആര്‍ട്ടബന്‍ ഇപ്പോഴും തീര്‍ത്ഥാടകനാണ്, പ്രകാശം അന്വേഷിക്കുന്നവനാണ്. സഗ്രസ് മലകളെക്കാള്‍ കറുത്തിരുന്ന അദ്ദേഹത്തിന്റെ തലമുടി ഇന്ന് അവയെ മഞ്ഞുകാലത്ത് ആവരണം ചെയ്യുന്ന മഞ്ഞിനെക്കാള്‍ വെളുത്തിരിക്കുന്നു. മരിക്കാറായെങ്കിലും അദ്ദേഹം രാജാവിനെ അന്വേഷിച്ച് ജിറൂസലമിലെത്തി. ചിലര്‍ പറഞ്ഞു: “ഞങ്ങളിന്നു ഗോല്‍ഗൊത്തയിലേക്കു പോകുകയാണ്. അവിടെ ഇന്നു വധം നടക്കുന്നു.” പട്ടണത്തിന്റെ ‍ഡമാസ്കസ് ഗെയ്റ്റിനടുത്ത് ആര്‍ട്ടബന്‍ ചെന്നു. ഒരു പെണ്‍കുട്ടിയെ പട്ടാളക്കാര്‍ വലിച്ചിഴയ്ക്കുകയാണ്. “മരിച്ചുപോയ, എന്റെ അച്ഛന്റെ കടത്തിനുവേണ്ടി ഇവര്‍ എന്നെ അടിമയായി വിൽക്കാന്‍ പോവുന്നു. എന്നെ രക്ഷിക്കൂ” എന്ന് അവള്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. അദ്ദേഹം മുത്ത് എടുത്തു. അപ്പോള്‍ അതിനുണ്ടായിരുന്ന ശോഭ മുന്‍പൊരിക്കലും ഇല്ലായിരുന്നു. “മകളേ ഇതാണ് നിന്റെ മോചനദ്രവ്യം. രാജാവിനുവേണ്ടി ഞാന്‍ സൂക്ഷിച്ചുവച്ചിരുന്ന എന്റെ സമ്പാദ്യത്തില്‍ അവസാനത്തേത്.” ഭവനങ്ങളുടെ ഭിത്തികള്‍ ആടി. കല്ലുകള്‍ ഇളകിത്തെറിച്ചു പാതയില്‍ വീണു. പൊടിപടലമുയര്‍ന്നു. പട്ടാളക്കാര്‍ പേടിച്ചോടി.

ആര്‍ട്ടബന്‍ പറഞ്ഞു: “മുപ്പത്തിമൂന്നുവര്‍ഷം ഞാന്‍ അങ്ങയെ അന്വേഷിച്ചു. രാജന്‍, അങ്ങയെ ഞാന്‍ കണ്ടില്ല, സേവനമനുഷ്ഠിച്ചതുമില്ല.” അപ്പോള്‍ ഒരു മധുരശബ്ദം പെണ്‍കുട്ടിയും അതുകേട്ടു. “യഥാര്‍ഹമായി ഞാന്‍ നിന്നോടു പറയുന്നു. എന്റെ സഹോദരരില്‍ ഏറ്റവും കുറഞ്ഞവന് നീ ചെയ്യുന്നതെന്തും എനിക്കുവേണ്ടി ചെയ്യുന്നതാണ്.” ആര്‍ട്ടബന്റെ മുഖത്ത് ശാന്തതയുടെ ഔജ്ജ്വല്യം. ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ നിന്ന് ഉയര്‍ന്നു. അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചു. ആ ജ്ഞാനി രാജാവിനെ കണ്ടു.

യഥാര്‍ത്ഥമായ ഈശ്വരസേവനം മനുഷ്യസേവനമാണെന്നു സ്ഥാപിക്കുന്ന ടോള്‍സ്റ്റോയിയുടെ ‘ഫാദര്‍ സെര്‍ജിയസ്സ്’ എന്ന ചെറിയ നോവലിനെക്കാള്‍ ഉത്കൃഷ്ടതയില്ലേ വാന്‍ ഡൈക്കിന്റെ ഈ കലാശില്പത്തിന്? സാഹിത്യസൃഷ്ടികളെക്കുറിച്ചു പറയുമ്പോള്‍ ‘കണ്ണീരൊഴുക്കി’ എന്നും മറ്റും പറയുന്ന രീതി തെറ്റാണെന്ന് എനിക്കറിയാം. എങ്കിലും പ്രിയപ്പെട്ട വായനക്കാരോടു പറയട്ടെ, ഞാന്‍ മൂന്നു പരിവൃത്തി ഈ കഥ വായിച്ചു. മൂന്നു തവണയും എനിക്കു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. അത് ശോകത്തിന്റെ ബാഷ്പമല്ല. ആഹ്ലാദത്തിന്റെ — രസാനുഭൂതിയുടെ — മിഴിനീരാണ്.

* * *

ഹെന്‍ട്രി വാന്‍ ഡൈക്ക് (1852–1933) അമേരിക്കന്‍ ക്രൈസ്തവ പുരോഹിതന്‍. പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ അദ്ദേഹം ഇംഗ്ലീഷ് പ്രൊഫസറുമായിരുന്നു. അദ്ദേഹത്തിന്റെ മറ്റു കൃതികള്‍: Little Rivers (1895) Fisherman’s Luck (1899) ജര്‍മ്മന്‍ കവി നോവാലിസിന്റെ The Blue Flower എന്നതിന്റെ തര്‍ജ്ജമ.

ആദ്യം ഭാഷ, രണ്ടാമത് പ്രബന്ധരചന

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 46) കെ.പി. കരുണാകരന്‍ എഴുതിയ “ഇന്ത്യന്‍ റിപ്പബ്ലിക് ലോകരംഗത്ത്” എന്ന പ്രബന്ധത്തില്‍നിന്നു ചില വാക്യങ്ങള്‍:

  1. “1947-ല്‍ സ്വതന്ത്രയായപ്പോള്‍ ഇന്ത്യ ദരിദ്രയും ദുര്‍ബലയുമായിരുന്നു.” — ഇതു മലയാളഭാഷയല്ല. “ഇന്ത്യ 1947-ല്‍ സ്വതന്ത്രമായപ്പോള്‍ ദരിദ്രവും ദുര്‍ബലവുമായിരുന്നു” എന്നു മാറ്റിയെഴുതിയാല്‍ ഏതാണ്ടു ശരിപ്പെടും.
  2. “… 1950-ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കായപ്പോള്‍” — ഇന്ത്യ 1950-ല്‍ റിപ്പബ്ലിക്കായപ്പോള്‍ എന്നു വേണം. രണ്ടു റിപ്പബ്ലിക്കായില്ലല്ലോ. അതിനാല്‍ ‘ഒരു’ എന്നു ചേര്‍ക്കേണ്ടതില്ല.
  3. “ഭക്ഷണക്കാര്യത്തിൽ പ്രത്യേകിച്ചും…” — ‘ക’യുടെ ഇരട്ടിപ്പിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാം. അതു പോകട്ടെ. പ്രത്യേകം എന്നാല്‍ each എന്നാണര്‍ത്ഥം. അതുകൊണ്ട് വിശേഷിച്ചും എന്നു വേണം പ്രയോഗിക്കാന്‍.

കെ.പി. കരുണാകരന്‍ പ്രബന്ധങ്ങളെഴുതി പരസ്യപ്പെടുത്തുന്നതിനുമുന്‍പ് മലയാളഭാഷ ‘നേരേച്ചൊവ്വേ’ എഴുതാന്‍ പഠിക്കണം.

* * *

“ഈച്ചയെ അഹങ്കാരത്തിന്റെയും ധൃഷ്ടതയുടെയും പ്രതീകമായിട്ടുവേണം കരുതാന്‍. മനുഷ്യന്‍ അടുത്തെത്തുംമുന്‍പ് മറ്റു ജീവികള്‍ ഓടിക്കളയുന്നു. എന്നാല്‍ ഈച്ച അവന്റെ മൂക്കില്‍ത്തന്നെ കയറിയിരിക്കുന്നു.” എന്ന് ആര്‍റ്റൂര്‍ ഷോപന്‍ ഹൗവര്‍. ശൈലീ ഭംഗവും വ്യാകരണത്തെറ്റുമുള്ള പ്രബന്ധം വായനക്കാരന്റെ മൂക്കില്‍ കയറിയിരിക്കുന്നു ഈച്ചയാണ്.

ഒ.വി. വിജയന്‍

അജ്ഞാതങ്ങളും അജ്ഞേയങ്ങളുമായ ശക്തിവിശേഷങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്. വൈവിധ്യമാര്‍ന്നവയാണ് അവയെന്നു തോന്നും. പക്ഷേ, ആ വൈവിധ്യത്തിലുടെ ഏകത്വം കാണാവുന്നതേയുള്ളു. മനുഷ്യന്റെ ഭവിതവ്യതയെ ധ്വനിപ്പിച്ചുകൊണ്ട് പ്രകൃതി അന്തരീക്ഷത്തിലെഴുതിയിടുന്ന നക്ഷത്രാക്ഷരങ്ങള്‍; മനുഷ്യനെ അനുഗ്രഹിക്കുകയും നിഗ്രഹിക്കുകയും ചെയ്യുന്ന കാവിലെ ദേവി. ആ ദേവിക്കു ദീപാരാധന നിര്‍വ്വഹിക്കുന്ന പൂജാരി. ആ പൂജാരി ‘സമയമായില്ല’ എന്നു പറയുമ്പോള്‍ മാറിപ്പോകുന്ന മൂര്‍ഖന്‍പാമ്പ്. സമയമാകുമ്പോള്‍ ഫണംവിടര്‍ത്തി നിൽക്കുന്ന അവന്‍. സമയമായി എന്നു മനസ്സിലാക്കി അവന്റെ വിഷപ്പല്ലിലേക്കു ശുദ്ധിയാര്‍ന്ന കാലു നീട്ടിക്കൊടുക്കുന്ന പൂജാരി. എല്ലാം ശക്തികളാണ്. പല ശക്തികളെന്നു നമുക്കു തോന്നും. ഇല്ല. ഒരു ശക്തിവിശേഷത്തിന്റെ പല രീതിയിലുള്ള പ്രാദുര്‍ഭാവങ്ങളാണ് അവ. ഒ.വി. വിജയന്റെ ഭാവഗീതംപോലുള്ള “കോമ്പിപ്പുശാരിയുടെ വാതില്‍” എന്ന ചെറുകഥ ഈ ആശയത്തെ കലാത്മകമായി ആവിഷ്കരിക്കുന്നു. ഒരാദിമഭയത്തിലൂടെ വിചിത്രസത്യം ചിത്രീകരിക്കുകയാണ് കഥാകാരന്‍. പക്ഷേ, കഥ വായിച്ചുകഴിയുമ്പോള്‍ ഭയം അപ്രത്യക്ഷമാകുന്നു. വിചിത്രസത്യം സാധാരണമായ സത്യമായി മാറുന്നു. ഒരു വാതിലിലൂടെ മനുഷ്യനെ അന്തര്‍ദ്ധാനം ചെയ്യിച്ചിട്ട് മറ്റൊരു വാതിലിലൂടെ അവനെ പ്രത്യക്ഷനാക്കുന്ന പ്രകൃതിയുടെ അനുഗ്രാഹകശക്തി നമ്മെ തഴുകുന്നു.

സീതയുടെ കത്ത്

പ്രിയപ്പെട്ട കാഴ്ചക്കാരേ, ഞാന്‍ ടെലിവിഷനിലൂടെ നിങ്ങളുടെ മുന്‍പില്‍ വന്നിരിക്കുന്ന സീതയാണ്. മരച്ചുവട്ടിലിരുന്നുകൊണ്ട് ഞാന്‍ ഹനുമാനോടു സംസാരിക്കുന്നു. സംസാരമെല്ലാം നിങ്ങള്‍ക്കു മനസ്സിലാകാത്ത ഗോസായി ഭാഷയിലാണ്. എനിക്കു ദുഃഖം അഭിനയിക്കാന്‍ അറിഞ്ഞു കൂടാ. അറിഞ്ഞുകൂടാത്തതുകൊണ്ട് ഞാന്‍ തുടരെത്തുടരെ ഏങ്ങുന്നു. എന്റെ ആ ഏങ്ങല്‍കണ്ട് ഹനുമാന്‍ ചിലതൊക്കെ പറയുന്നു. എന്നെ അമ്മ എന്നു വിളിക്കുന്നു. എങ്കിലും അയാള്‍ക്ക് എന്റെ അച്ഛന്റെ പ്രായമുണ്ടെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടാവും. ആ തോന്നല്‍ ശരിയാണുതാനും. ഹനുമാന്‍ തിരിഞ്ഞുപോകുമ്പോഴാണ് എനിക്കു പേടി. അയാളുടെ ആസനത്തില്‍നിന്ന് മലയാളഭാഷയിലെ ‘S’ എന്ന അക്ഷരംപോലെ എന്തോ വളഞ്ഞുനിൽക്കുന്നു. അത് എന്റെ കണ്ണില്‍ കുത്തിയാല്‍ കണ്ണ് പൊടിഞ്ഞുപോകില്ലേ? ഞാനും ഹനുമാനും ഹെഡ്കണ്‍സ്റ്റബിളിനെപ്പോലിരിക്കുന്ന രാവണനും ഒക്കെച്ചേര്‍ന്ന് രാമായണത്തെ അപമാനിക്കുന്നു. വാല്മീകിയെയും വ്യാസനെയും കമ്പരെയും അപമാനിക്കുന്നു. ഭാരതീയരായ നിങ്ങളെ അപമാനിക്കുന്നു.

എന്ന്
ഏങ്ങലുകാരി സീത.

ഉപന്യാസം

ചെറുകഥ ചിലരുടെ കൈയില്‍ കലയാണ്. വേറെ ചിലരുടെ കൈയില്‍ പൈങ്കിളിയാണ്. സരോജിനി ഉണ്ണിത്താന്റെ കൈയില്‍ അത് ഉപന്യാസമാണ്. ഇപ്പറഞ്ഞതിന്റെ ഉണ്‍മയില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ആ വ്യക്തി കുങ്കുമം വാരികയില്‍ ശ്രീമതി എഴുതിയ “കൂട്ടാനാവാത്ത കൂട്” എന്ന “കഥ”യൊന്നു വായിച്ചാല്‍ മതി. കിളിക്കു നിര്‍മ്മിക്കാന്‍ കഴിയാതെപോയ കൂടാണ് കൂട്ടാനാവാത്ത കൂട്. കഥയില്‍ ഒരു കിളി കൊക്കില്‍ നാരുവച്ചുകൊണ്ട് കൂടക്കൂടെ വരുന്നതായി പ്രസ്താവമുണ്ട്. നാരുകള്‍ കൊണ്ടുവരുന്നതല്ലാതെ കൂടുണ്ടാക്കാന്‍ അതിനു കഴിയുന്നില്ല. അതുപോലെ അനുരാധ എന്ന പാവപ്പെട്ട സ്ത്രീക്ക് ജീവിതം രൂപവത്കരിക്കാന്‍ സാധിക്കുന്നില്ല. ഇതു പറയാന്‍ വേണ്ടി ചാരുതയില്ലാത്ത കുറെ വാക്യങ്ങള്‍ എഴുതിവയ്ക്കുന്നു സരോജിനി ഉണ്ണിത്താന്‍. ശ്രീമതിയുടെ രചനയെ ഉപന്യാസമായി വിശേഷിപ്പിച്ചത് ഒരു കണക്കില്‍ തെറ്റാണ്. ഉപന്യാസത്തിനുമുണ്ടല്ലോ വശീകരണശക്തി. കഥയുടെ പേരില്‍ ആവിര്‍ഭവിച്ച ഈ ഉപന്യാസത്തിന് ആരെയും വശീകരിക്കാനാവില്ല. മാറീ എബ്നര്‍ ഇഷന്‍ ബാഹ് (Marie Ebner Eschenbach) എന്നൊരു ഓസ്ട്രിയന്‍ എഴുത്തുകാരിയുണ്ടായിരുന്നു. അവരുടെ ‘സൂക്തങ്ങള്‍’ പ്രഖ്യാതങ്ങളാണ്. ഒരിക്കല്‍ അവര്‍ പറഞ്ഞു: “Even a Stopped clock is right twice a day എന്ന്.’ (നിന്നുപോയ നാഴികമണിപോലും ദിവസത്തില്‍ രണ്ടുതവണ ശരിയായ സമയം കാണിക്കും.) സരോജിനി ഉണ്ണിത്താന്റെയും അവരെപ്പോലെ എഴുതുന്നവരുടെയും കഥകള്‍ ഒരുനിമിഷത്തില്‍പ്പോലും ശരിയാവുകയില്ല.

കടുവാകളി വേണം

ഫിലിമോത്സവത്തിന് എനിക്കു പാസ്സ് കിട്ടാത്തതില്‍ പരിഭവമില്ല, നൈരാശ്യമില്ല. പ്രഭാവവും പ്രാഭവവും ഉള്ളവരെയാണ് അതിലേക്കു പ്രവര്‍ത്തകര്‍ ക്ഷണിച്ചത്. രണ്ടു ഗുണങ്ങളും എനിക്കില്ല. അതുകൊണ്ടു വീട്ടിലുള്ള ടെലിവിഷന്‍ സെറ്റ് എന്ന കഷണത്തിന്റെ നോബ് തിരിച്ചുനോക്കി. മൃണാള്‍സെന്‍, മുഖ്യമന്ത്രി, ഇവരുടെയെല്ലാം പ്രഭാഷണങ്ങള്‍ കേട്ടു. അവ നന്നായിരുന്നു. അതിനുശേഷം കുറെ കോലങ്ങള്‍ അരങ്ങുതകര്‍ക്കുന്നതുകണ്ടു. ഫോള്‍ക്ക് ആര്‍ട്ട് എന്നതിന്റെ പേരില്‍ കാണിക്കപ്പെട്ട ഇവ ജുഗുപ്സാവഹങ്ങളായിരുന്നു. തെയ്യവും മറ്റും അവ ആവിര്‍ഭവിച്ച കാലത്തെ ആവശ്യകതയായിരുന്നു. ഇന്ന് അവയ്ക്ക് സാംഗത്യമേയില്ല. കലയുടെ സാമൂഹിക ചരിത്രം പഠിക്കുന്നവര്‍ക്ക് ഈ നാടന്‍ കലകള്‍ പ്രധാനപ്പെട്ടവയായി തോന്നിയേക്കാം. ജീവിതലയം മാറിയ നമുക്ക് ഇവകൊണ്ട് ഒരു പ്രയോജനവുമില്ല. വര്‍ണ്ണോജ്ജ്വലതയും ആഡംബര സമൃദ്ധിയും ഇവയ്ക്ക് ഉണ്ടെന്ന് സമ്മതിക്കാം. പക്ഷേ ക്ഷൂദ്രങ്ങളും ചൈതന്യ രഹിതങ്ങളുമാണ് ഇവ. പ്രകടനങ്ങള്‍ കണ്ടിട്ട് മലയാളിയായ എനിക്കു ജുഗുപ്സ. അപ്പോള്‍ അവിടെയിരുന്ന സായ്പന്മാര്‍ക്ക് എന്തു തോന്നിയിരിക്കും?

ഫിലിമോത്സവത്തിന് ഈ ഫോള്‍ക്ക് ആര്‍ട്ട് ആകാമെങ്കില്‍ തിരുവനന്തപുരത്തെ ‘കടുവാകളി’ കൂടി ഉള്‍പ്പെടുത്താമായിരുന്നു. മഞ്ഞച്ചായം ദേഹമാകെ തേച്ച്, കറുത്ത ചായംകൊണ്ടു വരകള്‍ വരച്ച്, വച്ചുകെട്ടിയ വാലു ചലിപ്പിച്ച് കടുവകള്‍ മെയ്യിളക്കി കളിക്കുന്നതു സായ്പന്മാര്‍ കണ്ടാല്‍ ‘ഫാസിനേറ്റിങ്, ഫാസിനേറ്റിങ്’ എന്നു പറയും. അവര്‍ അങ്ങനെയാണ്. ഏതെങ്കിലും സായ്പ് ഇന്നുവരെ ഏതെങ്കിലും മലയാളസിനിമയെ കുറ്റം പറഞ്ഞിട്ടുണ്ടോ? ഉള്ളില്‍ പുച്ഛിച്ചുകൊണ്ട് ‘മാര്‍വലസ്, മാര്‍വലസ്’ എന്ന് അദ്ഭുതംകൂറും അയാള്‍. ഫിലിമോത്സവത്തിലെ കലാപ്രകടനംകണ്ടും സായ്പന്മാര്‍ ഇങ്ങനെതന്നെ മൊഴിയാടിയിരിക്കും. കടുവാകളി കണ്ടാലും അവര്‍ ഇമ്മട്ടില്‍ത്തന്നെ പറയും. അതുകൊണ്ട് അടുത്ത ഫിലിമോത്സവത്തിന് കടുവാകളികൂടെ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണക്കാരുടെ ഭാഷയിലാണെങ്കില്‍ “അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു.”

കലാഭാസം

പി. രാമമൂര്‍ത്തി മഹാനായ നേതാവാണെന്ന് ഞാനറിഞ്ഞിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും അറിയാന്‍ കഴിഞ്ഞില്ല. ഐ. വാസുദേവന്‍ ദേശാഭിമാനി വാരികയില്‍ ആ മഹാപുരുഷനെക്കുറിച്ചെഴുതിയ ലേഖനം എന്റെ അജ്ഞതയെ ഒരളവില്‍ പരിഹരിച്ചു. ആ സന്തോഷത്തോടെയാണ് വാരികയിലുള്ള ‘വ്യാക്കൂണ്’ എന്ന ചെറുകഥ വായിക്കാന്‍ തുടങ്ങിയത്. (വി.എസ്. അനില്‍കുമാര്‍ എഴുതിയത്) ആദ്യത്തെ മൂന്നു കൊച്ചുഖണ്ഡികകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ എനിക്കു മതിയായി. വഴുക്കുന്ന പാറക്കെട്ടില്‍ ഭാര്യയും ഭര്‍ത്താവും വന്നു നിൽക്കുന്നുപോലും. അവര്‍ക്കു ചില ഓര്‍മ്മകള്‍ ഉണ്ടായിപോലും. ഇങ്ങനെ പലതും പറഞ്ഞിട്ട് കഥാകാരന്‍ കഥ അവസാനിപ്പിക്കുന്നു. “ഇത് ഉരക്കുഴിയാണ്.” അസങ്കീര്‍ണ്ണമായി കാര്യങ്ങള്‍ ചിത്രീകരിച്ചിട്ട് സങ്കീര്‍ണ്ണമായ ജീവിതത്തിലേക്കു അനുവാചകനെ നയിക്കുകയല്ല കഥാകാരന്‍. പ്രകടനാത്മകതയില്‍ അഭിരമിക്കുകയാണ് അദ്ദേഹം പ്രകടനാത്മകതയുള്ള രചന കലയല്ല, കലാഭാസമാണ്. ഏതു കലാകാരനും വിശേഷമായതിനെ ചിത്രീകരിച്ചിട്ട് അതിനെ സാമാന്യമായതിനോടു യോജിപ്പിക്കുകയാണ്. ആ സംയോജനമുണ്ടായില്ലെങ്കില്‍ കല ജനിക്കില്ല. അനില്‍കുമാറിന്റെ കഥയില്‍ വിശേഷ പ്രസ്താവമേയുള്ളു. സാമാന്യമായതിനോട് ബന്ധമില്ല. ഈ സംയോജനമില്ലാതെ വിശേഷം അതായിത്തന്നെ നിൽക്കുമ്പോള്‍ ‘ആബ്സ്ട്രാക്ഷനേ’ കാണുകയുള്ളു. അക്കാരണത്താല്‍ അനില്‍കുമാറിന്റെ കഥ സ്യൂഡോ ആര്‍ട്ടാണ്. (വിശേഷം, സാമാന്യം ഇവയെ സംബന്ധിച്ച പ്രസ്താവത്തിന് മൗലികതയില്ല. ലൂക്കാച്ച് പറഞ്ഞതാണത്. ഏതു ഗ്രന്ഥത്തിലാണ് അതുള്ളത് എന്നു വ്യക്തമാക്കാന്‍ ഓര്‍മ്മക്കുറവു തടസ്സം സൃഷ്ടിക്കുന്നു)

എല്ലിന്‍കൂട് ചിരിക്കുന്നു

എം.ഡി. പരീക്ഷയ്ക്കു പഠിക്കുന്നവനു പരീക്ഷയടുത്തു. എഴുതിയാല്‍ തോൽവി തീര്‍ച്ച. അയാള്‍ പ്രൊഫസര്‍ക്ക് പതിനായിരംരൂപ കൊടുത്ത് എട്ടു ചോദ്യക്കടലാസ്സുകള്‍ വാങ്ങി. നാലെണ്ണമുപയോഗിച്ച് പരീക്ഷ പാസ്സായി. ശേഷിച്ച നാലെണ്ണം വേറൊരുത്തന് പന്തീരായിരം രൂപയ്ക്കു വിറ്റു. ഇതാണ് ജോസഫ് മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ “ആരാണു ഗുരു, ആരാണു ശിഷ്യന്‍?” എന്ന മിനിക്കഥയുടെ സാരം. മനുഷ്യന്‍ ചിരിക്കും. ചിലപ്പോള്‍ അത് ആര്‍ജ്ജവമുള്ള ചിരിയായിരിക്കും. മറ്റു ചിലപ്പോള്‍ കാപട്യമുള്ളതായിരിക്കും. മാംസപേശികള്‍ക്കു മാറ്റം വരുത്തിയാല്‍ ചിരി മറയും. എന്നാല്‍ അസ്ഥിപഞ്ജരത്തിന് എപ്പോഴും ചിരിയാണ്. ആര്‍ജ്ജവമുള്ള ചിരിയല്ല, കാപട്യമുള്ള ചിരിയുമല്ല. നിസ്സംഗമായ ചിരിയാണത്. ഒരിക്കലതു നോക്കാമെന്നേയുള്ളു. ഏറെനേരം നോക്കിയാല്‍ അസ്വസ്ഥതയുണ്ടാകും നമുക്ക്. ജോസഫിന്റെ കഥ അസ്ഥിപഞ്ജരത്തിന്റെ നിസ്സംഗമായ ചിരിയാണ്. ആ പല്ലിളിക്കല്‍ നമുക്കു കൂടുതല്‍ സമയം നോക്കാനാവില്ല. വരൂ, പോകാം.

മാധവിക്കുട്ടി, പൊറ്റെക്കാട്ട്

മനോരാജ്യം വാരികയിലെ “ആളുകള്‍ അരങ്ങുകള്‍” എന്ന പംക്തി രസകരമാണ്. ഈ ആഴ്ചയിലെ പംക്തിയില്‍ മാധവിക്കുട്ടി ദേഷ്യപ്പെട്ടതിന്റെ വിവരണമുണ്ട്. നോവല്‍-സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മാധവിക്കുട്ടിയെ ആനയും അമ്പാരിയും താലപ്പൊലിയുമായിട്ടാണ് സമ്മേളനത്തിന്റെ സംഘടകര്‍ (സംഘടകര്‍ എന്നുതന്നെയാണ് ഞാനെഴുതുന്നത്. സംഘാടകര്‍ എന്നല്ല) എതിരേറ്റത്. ആ സ്വീകരണം മാധവിക്കുട്ടിക്കു രസിച്ചില്ല. “തുറന്ന ജീപ്പില്‍ ആഘോഷപൂര്‍വം എഴുന്നള്ളിക്കാന്‍ ഞാനും മുല്‍ക്ക്‌രാജ് ആനന്ദും ഒന്നും ദൈവങ്ങളല്ല” എന്നാണ് ശ്രീമതി കോപിച്ചു പറഞ്ഞത്. “ബാലാമണി അമ്മയുടെ മകളായതുകൊണ്ടു ക്ഷമിക്കുന്നു” എന്ന് സംഘടകരില്‍ ചിലര്‍ പറഞ്ഞുവത്രേ.

മാധവിക്കുട്ടിയുടെ ദേഷ്യം അസ്ഥാനത്തായിരുന്നുവെന്നു പറയാന്‍ വയ്യ. കോപം വരുമ്പോള്‍ മനസ്സിനേക്കാള്‍ വേഗത്തില്‍ നാവു ചലനംകൊള്ളും. അതു തെറ്റാണെന്നു ചിലര്‍ പറഞ്ഞേക്കാം. എങ്കിലും ധര്‍മ്മാധര്‍മ്മ വിചിന്തനമാണ് ആ ചലനത്തിനു ഹേതു. അപ്പോള്‍ മനസ്സിന്റെ മന്ദഗതിയെ പരിഗണിക്കേണ്ടതില്ല. അങ്ങനെ ആ സന്ദര്‍ഭത്തില്‍ കോപിച്ചതിന് ഞാന്‍ മാധവിക്കുട്ടിയെ വിനയത്തോടെ അഭിനന്ദിക്കട്ടെ.

അതിരുകടന്ന ആഡംബര പ്രതിഷേധത്തിനു ഹേതുവാണെങ്കിലും കരുതിക്കൂട്ടി അപമാനിച്ചാല്‍ പ്രതിഷേധിക്കണം. ഈ അപമാനം എല്ലായിടത്തുമുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പില്‍ വളരെക്കൂടുതലാണ്. അധ്യക്ഷനോ, ഉദ്ഘാടകനോ വിദ്യാഭ്യാസ ഡയറക്ടറായിരിക്കണമെന്നില്ല. സ്കൂള്‍ ഇന്‍സ്പെക്ടറായിരുന്നാല്‍മതി. അയാളെ ആനയും അമ്പാരിയും താലപ്പൊലിയുമായി സ്വീകരിക്കും, എഴുന്നള്ളിക്കും. ക്ഷണിച്ചതിന്റെപേരില്‍ ചെന്ന പ്രഭാഷകനെ അപ്പോള്‍ അവഗണിക്കും അവര്‍. ഒരു സ്കൂള്‍ ഇന്‍സ്പെക്ടര്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തിലെ പ്രഭാഷകനായിരുന്നു എസ്.കെ. പൊറ്റെക്കാട്ട്. ഇന്‍സ്പെക്ടറെ സ്കൂള്‍ അധികാരികള്‍ വാദ്യഘോഷത്തോടെ സ്വീകരിച്ചു. ആനയും അമ്പാരിയും താലപ്പൊലിയുമുണ്ടായിരുന്നു. സമ്മേളനമാരംഭിച്ചപ്പോള്‍ പൊറ്റെക്കാട്ടിനെ കാണുന്നില്ല. അദ്ദേഹം ഒരു ചായക്കടയിലെ ബഞ്ചില്‍ ഇരിക്കുകയായിരുന്നു. ഒരധ്യാപകന്‍ ചെന്ന് അദ്ദേഹത്തെ വിളിച്ചു. പൊറ്റെക്കാട്ട് അനങ്ങിയതേയില്ല. നിര്‍ബ്ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇന്‍സ്പെക്ടറെ സ്വീകരിക്കുന്ന തിടുക്കത്തില്‍ നിങ്ങള്‍ എന്നെ നോക്കിയില്ല. ഇനി ഞാന്‍ വരണമെങ്കില്‍ അയാള്‍ക്കു കൊടുത്ത ‘ബഹുമതി’കളെല്ലാം എനിക്കും തരണം. ആന വേണം. അമ്പാരി വേണം. വാദ്യമേളങ്ങള്‍ വേണം. താലപ്പൊലിയും.” അങ്ങനെ സ്വീകരിച്ചതിനുശേഷമേ പൊറ്റെക്കാട്ട് സഭാവേദിയിലേക്കു കയറിയുള്ളു (സംഭവം പവനന്‍ പറഞ്ഞത്).

നാനാവിഷയകം

  1. “ഘോരമാം വനമദ്ധ്യേ താപസന്‍തപം ചെയ്യേ കൂരിരുള്‍ പരക്കവെ, ആരവം മുഴങ്ങുന്നു” എന്ന് എടയാളി ഗോപാലകൃഷ്ണന്‍ മനോരാജ്യത്തിലെഴുതിയ “കാവ്യ”ത്തിന്റെ തുടക്കം — ഗോപാലകൃഷ്ണന്‍ എന്തിനിങ്ങനെ വരികള്‍ പതിന്നാല് അക്ഷരങ്ങളായി മുറിക്കുന്നു? ഗദ്യത്തില്‍ത്തന്നെ എഴുതിയാല്‍ മതിയല്ലോ.
  2. “നിന്റെ കണ്ണുകളുടെ സമുദ്രങ്ങളില്‍ നിന്ന് എനിക്കൊരു ശംഖ് തരിക” എന്ന് എന്‍. കിഷോര്‍ കുമാര്‍ അഭ്യര്‍ത്ഥിക്കുന്നു — കാമുകിയോടാവാം ഈ അഭ്യര്‍ത്ഥന (മംഗളം വാരിക) പാവം പെണ്ണ്. ഇല്ലാത്ത ശംഖ് അവളെങ്ങനെ എടുക്കും? ഇമ്മാതിരി കവിത എഴുതാന്‍ പ്രയാസമൊട്ടുമില്ല. പിന്നെ അങ്ങനെ എഴുതിയതുകൊണ്ട് എന്തു പ്രയോജനമെന്നുമാത്രം എന്നോടു ചോദിക്കരുത്.
  3. “അലറിക്കൊണ്ടവരെത്ര സ്വതന്ത്രപ്പോര്‍ നയിച്ചാലും
    അലാറം വച്ചവര്‍ സമരം തുടങ്ങിയാലും അവരെ
    അറമെ നമ്പരുതെ ഭാരതീയരാരും.”

    എന്ന് ഏ.ഏ. മലയാളി ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെ മുന്നറിയിപ്പ് നൽകുന്നു. — മുന്നറിയിപ്പു കൊള്ളാം. പക്ഷേ ഏ.ഏ. മലയാളി മലയാളക്കരയില്‍ ജനിച്ചത് കവിതയെഴുതാനായിട്ടല്ല. മനുഷ്യരെ ‘കവിത’കൊണ്ട് കൊല്ലാനായിട്ടാണ് എന്നത് വ്യക്തം.

  4. എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിന്റെ കവര്‍പേജില്‍ സബിത ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം — ഈ ലോകത്ത് ഏറ്റവും മനോഹരമായതു സുന്ദരിയായ തരുണിയുടെ ചിരിയാണെന്ന് ഞാന്‍ പലതവണ എഴുതിയിട്ടുണ്ട്. ഈ ചിത്രം കണ്ടപ്പോള്‍ ആ അഭിപ്രായം മാറ്റണമെന്നു തോന്നി.
  5. പുരോഗമനസാഹിത്യ സമ്മേളനത്തെക്കുറിച്ച് സി.ജെ. പാപ്പുക്കുട്ടി ദീപിക ആഴ്ചപ്പതിപ്പില്‍ ഉപന്യസിക്കുന്നു — സാഹിത്യത്തില്‍ പുരോഗതി എന്നൊന്നുണ്ടോ? ഹോമറിനെപ്പോലെ പിന്നീട് കവിതയെഴുതിയതാര്? ഷേക്സ്പിയര്‍ പോകട്ടെ. സോഫോക്ളിസ്സിനെ അതിശയിച്ച ഒരു നാടകകര്‍ത്താവിന്റെ പേരുപറയാമോ? പ്രപഞ്ചശക്തി പുതിയ പുതിയ രൂപങ്ങളില്‍ പ്രത്യക്ഷമാകും. ശക്തി ഒന്നു മാത്രം. സാഹിത്യത്തിലും പ്രവര്‍ത്തിക്കുന്നത് ഈ ശക്തിവിശേഷം തന്നെ. അതിനാല്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം എന്നൊരു വിഭജനം അല്പിക്കുന്നതു ശരിയല്ല.
  6. “ഇനിയുമീ വഴി വരു സഖി!
    എന്റെ മണ്‍ദീപങ്ങളില്‍ സ്നേ-
    ഹാര്‍ദ്രയായ് തിരിനാളമൊന്നു കൊളുത്തിടു”

    എന്നു ദേവി ആലപ്പുഴ ‘സഖി’ വാരികയിലൂടെ അപേക്ഷിക്കുന്നു — ക്ലീഷേ ഉപയോഗിച്ചു സഖിയെ വിളിച്ചാല്‍ പ്രയോജനമില്ല.

  7. കലാമണ്ഡലം ഹൈദരലി, അന്തരിച്ച എം.കെ.കെ. നായരെക്കുറിച്ചു ‘സരോവരം’ മാസികയില്‍ എഴുതുന്നു — ആര്‍ജ്ജവമാണ് ഇതിന്റെ മുദ്ര. മഹാവ്യക്തികളെക്കുറിച്ച് എഴുതുമ്പോള്‍ എഴുതുന്നയാള്‍ ഉയരുന്നു. വായനക്കാര്‍ക്കും ഉന്നമനം.
* * *

അമേരിക്കയില്‍ ‘Dreadful Night’ എന്ന നാടകം നടന്നു. അടുത്ത ദിവസത്തെ പത്രത്തില്‍ ഒറ്റവാക്കില്‍ നിരൂപകന്റെ അഭിപ്രായം വന്നു. Exactly. ‘മനുഷ്യര്‍ നല്ലവരാണ്’ എന്ന നാടകം കഴിഞ്ഞയുടനെ അതിനെക്കുറിച്ച് അഭിപ്രായം പറയണമെന്നു തിക്കുറിശ്ശി സുകുമാരന്‍ നായരോട് നാടകകര്‍ത്താവ് അപേക്ഷിച്ചു. തിക്കുറിശ്ശി നാടകവേദിയില്‍ കയറിനിന്നു പറഞ്ഞു: “നാടകത്തിന്റെ പേര് അന്വര്‍ത്ഥം. അല്ലെങ്കില്‍ അതു കണ്ടുകൊണ്ടിരുന്ന നിങ്ങള്‍ ഈ നാടകകര്‍ത്താവിനെ വെറുതേ വിടുമായിരുന്നില്ലല്ലോ.