close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 05 01


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 05 01
ലക്കം 972
മുൻലക്കം 1994 04 24
പിൻലക്കം 1994 05 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇംഗ്ലീഷില്‍ intellectuals എന്നു വിളിക്കുന്നവരെ മലയാളത്തില്‍ ബുദ്ധിജീവികള്‍ എന്നാണു വിളിക്കുക. അതെന്തൊരു ജീവിയാണ് എന്ന് എനിക്കു പലപ്പോഴും ചോദിക്കാന്‍ തോന്നിയിട്ടുണ്ട്. ചോദിച്ചില്ലെന്നേയുള്ളു. ധിഷണാശാലികള്‍ എന്ന പേരിന് ഉചിതജ്ഞതയുണ്ട്. പ്രൗഢങ്ങളും നൂതനങ്ങളുമായ ആശയങ്ങള്‍ജനതയ്ക്കു പ്രദാനം ചെയ്യുക എന്നതില്‍ക്കവിഞ്ഞ് അവര്‍ക്ക് മറ്റൊരു ലക്ഷ്യമുണ്ടായിരിക്കാന്‍ പാടില്ല. ഒരു രാഷ്ട്രീയ കക്ഷിയിലും ധിഷണാശാലിക്ക് അംഗത്വമരുത്. അംഗത്വമുണ്ടായാല്‍ അയാളുടെ ആശയങ്ങള്‍ക്ക് ഏകപക്ഷീയസ്വഭാവം വന്നു പോകും. അതു പ്രചാരണാത്മകതയിലേക്കു ചെല്ലും. അപ്പോള്‍ ധിഷണാശാലി ആ പേരിന് അര്‍ഹതയില്ലാത്തവനാകും. ശുദ്ധമായ വിജ്ഞാനം സ്വയമാര്‍ജ്ജിക്കുക, അത് ബഹുജനത്തിന്റെ മുന്‍പില്‍ വയ്ക്കുക, അങ്ങനെ അവരെ ഉന്നമിപ്പിക്കുക ഇവ മാത്രമേ അയാള്‍ ചെയ്യേണ്ടതുള്ളു. അപ്പോള്‍ ഓരോ വ്യക്തിക്കും ഉദ്ബുദ്ധമായ ആത്മലാഭം ഉണ്ടാകും. ഈ ഉദ്ബുദ്ധതയ്ക്കും ആത്മലാഭത്തിനും പ്രചാരണത്തോട് ഒരു ബന്ധവുമില്ല. കേരളത്തില്‍ ധിഷണാശാലികളെന്നു ഭാവിക്കുന്നവര്‍ക്കു മുകളില്‍പ്പറഞ്ഞ സവിശേഷതകളില്ല. അവര്‍ ബഹുജനത്തെ ‘മനിപ്യുലേറ്റ്’ ചെയ്യുന്നു. (മനിപ്യൂലേറ്റ് ചെയ്യുക = കൈകാര്യം ചെയ്യുക. തനിക്കു യോജിച്ചവിധത്തില്‍ തരപ്പെടുത്തിയെടുക്കുക.) യഥാര്‍ത്ഥ ധിഷണാശാലിക്കു നട്ടെല്ലുണ്ട്. അതിനാല്‍ അയാളുടെ ശബ്ദം ഉയരുകയില്ല. നട്ടെല്ലില്ലാത്തവന് ആത്മവിശ്വാസം കാണുകയില്ലല്ലോ. അതുകൊണ്ടാണ് അങ്ങനെയുള്ളവന്‍ ഗര്‍ജ്ജിക്കുന്നത്.

ചോദ്യം, ഉത്തരം

ഒരു രാഷ്ട്രീയ കക്ഷിയിലും ധിഷണാശാലിക്ക് അംഗത്വമരുത്. അംഗത്വമുണ്ടായാല്‍ അയാളുടെ ആശയങ്ങള്‍ക്ക് ഏകപക്ഷീയസ്വഭാവം വന്നു പോകും. അതു പ്രചാരണാത്മകതയിലേക്കു ചെല്ലും. അപ്പോള്‍ ധിഷണാശാലി ആ പേരിന് അര്‍ഹതയില്ലാത്തവനാകും.

Symbol question.svg.png നിരൂപണത്തെ നിങ്ങള്‍ എന്തിനു മലിനമാക്കുന്നു?

നവീന നിരൂപണമാണ് എന്നെയും താങ്കളെയും മാലിന്യത്തിലേക്ക് എറിയുന്നത്.

Symbol question.svg.png നിങ്ങളെ പുച്ഛിക്കുന്നവരുണ്ടെന്ന് അറിയാമോ?

ഈ ലോകത്ത് അന്യോന്യം പുച്ഛിക്കാത്തവരില്ല.

Symbol question.svg.png കാമുകിയും ഭാര്യയും തമ്മിലെന്തേ വ്യത്യാസം?

കാമുകി പനിനീര്‍പ്പൂവ്. ഭാര്യ നിര്‍ഗ്ഗന്ധ പുഷ്പം.

Symbol question.svg.png സിനിമയില്‍ നായകന്‍ നായികയെ നിഷ്പ്രയാസം പൊക്കിയെടുക്കുന്നത് എങ്ങനെ? ട്രിക്കാണോ?

അല്ല. നായിക സുന്ദരിയും അന്യസ്ത്രീയുമല്ലേ? അവളെ കൈകളിലെടുത്തു പൊക്കാന്‍ സെക്സ് ശക്തി നല്കും. എന്നാല്‍ ആ നായികയുടെ പകുതിഭാരം പോലുമില്ലാത്ത സ്വന്തം ഭാര്യയെ അയാള്‍ക്കെടുത്ത് ഉയര്‍ത്താന്‍ പറ്റില്ല.

Symbol question.svg.png ഇന്നത്തെ മലയാള സാഹിത്യകാരന്മാരുടെ നാളത്തെ സ്ഥിതിയെന്ത്?

ഇന്നു ജീവിച്ചിരിക്കുന്ന ഒരു മലയാള സാഹിത്യകാരനും ഭാവിയില്‍ ഓര്‍മ്മിക്കപ്പെടുകയില്ല. അവരില്‍ പലരുടെയും പേരുകള്‍ സാഹിത്യചരിത്രത്തില്‍ വരില്ല. വൈലോപ്പിള്ളി പോലും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് പിന്നെന്തു പറയാനാണ്. പത്തു പൈസയുടെ സാഹിത്യമാണ് മലയാളസാഹിത്യം.

Symbol question.svg.png രാഷ്ട്രീയക്കാരനുംസാഹിത്യകാരനും തമ്മില്‍ എന്തേ വ്യത്യാസം?

രാഷ്ട്രവ്യവഹാരത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ ചിന്തകളെ ഒളിച്ചുവയ്ക്കുന്നു. സാഹിത്യകാരന്‍ അവയെ മറവുകൂടാതെ പ്രദര്‍ശിപ്പിക്കുന്നു. നവീന സാഹിത്യകാരന്മാര്‍ രാഷ്ട്രീയ നേതാക്കന്മാരെപ്പോലെയാണ്. അവര്‍ ചിന്തകളെ ഒളിച്ചു വയ്ക്കുന്നു.

Symbol question.svg.png പോലീസുകാര്‍ ശല്യക്കാരല്ലേ?

സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു പൊലീസുകാരനും ശല്യം ചെയ്യുകയില്ല. പക്ഷേ പെന്‍ഷന്‍ പറ്റിയ പൊലീസുകാരന്‍ വലിയ ശല്യക്കാരനാണ്. ആധ്യാത്മികത്വം എന്ന രോഗവും കൊണ്ട് അയാള്‍ എല്ലാവരെയും സമീപിച്ച് ഉപദ്രവിക്കും.

റോസാപ്പൂവും നനഞ്ഞ മുണ്ടും

ഇതെഴുതുന്നയാള്‍ ആലപ്പുഴെ തത്തംപള്ളിയില്‍ താമസിക്കുന്ന കാലം. വീട്ടുമുറ്റത്തു റോസാച്ചെടികളാണ് ഏറെ. എല്ലാച്ചെടികളും പുഷ്പിച്ചുനിന്ന് പരസരത്തെ അരുണാഭമാക്കുകയും സുഗന്ധപൂര്‍ണ്ണമാക്കുകയും ചെയ്യുന്ന ഒരു പുലര്‍വേള. വീട്ടിലെ ജോലിക്കാരന്‍ മുണ്ട് അടിച്ചുനനച്ച് അതുണങ്ങാനായി പൂക്കളുടെ മുകളിലായി വിരിച്ചു. അതോടെ അരുണിമ പോയി. സൗരഭ്യം പോയി. നനച്ച മുണ്ടിനു താഴെ പനിനീര്‍പ്പൂക്കളുണ്ടെങ്കിലും ആവരണത്തിന്റെ അസുഖദായകത്വം മാത്രമേ നിലനില്ക്കുന്നുള്ളു. പനിനീര്‍പ്പൂക്കളില്‍ വിരിച്ച ഷീറ്റാണ് അല്ലെങ്കില്‍ വസ്ത്രമാണ് ശ്രീ. ഐസക് ഈപ്പന്റെ “മുന്‍ഷിലാലിന്റെ ഗാന്ധി” എന്ന ചെറുകഥ (കലാകൗമുദി). ഗാന്ധിജിയെ നേരിട്ടു കണ്ട് അദ്ദേഹത്തിന്റെ അപ്രമേയപ്രഭാവത്തിനു കീഴ്പ്പെട്ടുപോയ മുന്‍ഷിലാല്‍ ഗാന്ധിജിയുടെ ചിത്രം വച്ച മ്യൂസിയത്തിലെ ചപ്രാസിയായി മാറി. ക്രമേണ ഗാന്ധി വിസ്മരിക്കപ്പെടുന്നു. അതോടെ ചിത്രത്തിനു സ്ഥാനഭ്രംശവും. പെന്‍ഷന്‍ പറ്റുന്ന മുന്‍ഷിലാലിനു ജോലിക്കാര്‍ സമ്മാനങ്ങള്‍ നല്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ പറയുന്നു ഗാന്ധിയുടെ ചിത്രം മാത്രം മതിയെന്ന്. ചിത്രം ഒന്നൊഴിഞ്ഞുകിട്ടാന്‍ ആഗ്രഹിച്ച പുതിയ തലമുറ അയാള്‍ക്ക് ആ പടം കൊടുക്കുന്നു. അയാള്‍ അത് അടുത്തുവച്ച് ഉറങ്ങുന്നു. ഈ ആശയത്തിന്റെ — മനോഹരമായ ആശയത്തിന്റെ — മുകളില്‍ പ്രബന്ധത്തിന്റെ (essay) ആവരണമെടുത്തിടുകയാണ് കഥാകാരന്‍. പനിനീര്‍പ്പൂക്കളെ പനിനീര്‍പ്പൂക്കളായി ചിത്രീകരിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. നമ്മുടെ പല കഥാകാരന്മാരും ഉപന്യാസത്തിന്റെ വസ്ത്രമെടുത്ത് സൗന്ദര്യത്തെ മൂടുന്നവരാണ്. ഐസക് ഈപ്പനും അവരുടെ കൂട്ടത്തില്‍ത്തന്നെ.

സംഭവങ്ങള്‍

1.ഞാന്‍ യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് പ്രഫെസര്‍മാരോടു സംസാരിക്കാന്‍ ചെല്ലുമായിരുന്നു. ഒരിക്കല്‍ രാമയ്യര്‍സ്സാറിനോടു റ്റി. എസ്. എല്യറ്റിനെക്കുറിച്ചു ചോദിച്ചു. സാറ് എന്നെ തുറിച്ചുനോക്കിയിട്ട് ഒറ്റച്ചോദ്യം: “ആരെടാ ഇന്ത റ്റി.എസ്. എല്യറ്റ്?” ആ കവിയെക്കുറിച്ചു സാറിന് അറിഞ്ഞുകൂടായിരുന്നോ അതോ പുച്ഛമുള്ളതുകൊണ്ട് അങ്ങനെ പറഞ്ഞതാണോ? അറിഞ്ഞുകൂടാ. രണ്ടുകൊല്ലം മുന്‍പ് വിദേശത്തു പോയപ്പോള്‍ അവിടത്തെ സര്‍വകലാശാല കാണാന്‍ ചെന്നു ഞാന്‍. ഇംഗ്ലീഷ് പ്രഫെസറെ കാണാമെന്നു തീരുമാനിച്ച് അദ്ദേഹത്തിന്റെ മുറിയിലെത്തി. Time to die എന്ന മുഖത്ത് എഴുതിവച്ച രീതിയില്‍ ഒരു സായ്പ് ഇരിക്കുന്നുണ്ട് അവിടെ. അത്രയ്ക്കു വൃദ്ധന്‍. ഞാന്‍ റ്റി. എസ്.എല്യറ്റിനെക്കുറിച്ചുതന്നെ അദ്ദേഹത്തോടു സംസാരിച്ചു. ആ കവിയെ തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയം മാറ്റി ഞാന്‍ ചോദിച്ചു:- “ശംബളം എത്രയെന്നു ചോദിക്കുന്നതു മര്യാദകേടാണെന്ന് അറിയാം. എങ്കിലും ചോദിക്കുകയാണ്. അങ്ങയുടെ പ്രതിമാസ ശംബളം എത്ര?” സായ്പ് മറുപടി നല്കി: ഇന്‍ഡ്യന്‍ കറന്‍സി അനുസരിച്ച് എനിക്കു മാസംതോറും രണ്ടു ലക്ഷം രൂപാ കിട്ടും. എല്യറ്റിനെ കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് പ്രഫെസര്‍ക്കു ശംബളം രണ്ടു ലക്ഷം രൂപ!

2.എന്റെ ഇന്നത്തെ അവസ്ഥയല്ല അന്ന്. ശരീരത്തില്‍ ചോരയും നീരും ഉണ്ടായിരുന്ന കാലം. ‘മലയാളനാടു’ വാരികയില്‍ ഞാനെഴുതിയിരുന്ന ‘സാഹിത്യവാരഫലം’ വായിച്ച് ആരാധിക്കുന്നുവെന്നു പറഞ്ഞ് ഒരു സുന്ദരിയായ് തരുണി എന്നെക്കാണാന്‍ ദിവസവും ഹോട്ടലില്‍ വരുമായിരുന്നു. പുരുഷന്മാര്‍ മാത്രം താമസിക്കുന്ന സ്ഥലത്ത് എല്ലാ ദിവസവും ഒരു ചെറുപ്പക്കാരി വരുന്നത് കോളേജധ്യാപകനായ എനിക്കു ദുഷ്പേര് ഉണ്ടാക്കുമെന്നും അതു കൊണ്ടു വരാന്‍ പാടില്ലെന്നും ഞാന്‍ പലതവണ പറഞ്ഞിട്ടും അവള്‍ കൂട്ടാക്കിയില്ല. ഒരുദിവസം കാലത്ത് ‘പഞ്ചുമേനോനും കുഞ്ചിയമ്മയും’ എന്ന ഹാസ്യഗ്രന്ഥം വായിച്ചുഞാന്‍ രസിച്ചിരിക്കുമ്പോള്‍ അവള്‍ വന്നുകയറി. കുഞ്ചിയമ്മ തയ്യല്‍ക്കാരന്റെ സൂചി കളഞ്ഞതിനെക്കുറിച്ചു പഞ്ചുമേനോനോടു പറയുന്ന ഭാഗം. ഗ്രന്ഥത്തിലുള്ളതുപോലെ എഴുതാന്‍ വയ്യ. അതുകൊണ്ട് സങ്കല്പംതന്നെയാവട്ടെ.

കുഞ്ചിയമ്മ: സൂചി കളഞ്ഞാല്‍ തിരിച്ചു കിട്ടുമോ?
പഞ്ചുമേനോന്‍: ഇല്ല.
കുഞ്ചിയമ്മ: ഇല്ല എന്നു പറഞ്ഞാല്‍ സൂചി കിട്ടുമോ?
പഞ്ചുമേനോന്‍: ഹീ, ഹീ
കുഞ്ചിയമ്മ: ഹീ, ഹീ എന്നു ചിരിച്ചാല്‍ സൂചി കിട്ടുമോ?
ഇതു വായിച്ചു ഞാന്‍ ചിരിക്കുമ്പോഴാണ് അവളുടെ രംഗപ്രവേശം. ചിരിക്കു കാരണമായ ഭാഗം നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു: ഇത്രവളരെ ചിരിക്കാന്‍ എന്തിരിക്കുന്നു ഇതില്‍? ശരി. ഞാന്‍. ചോദിക്കട്ടെ. ചിരിയെന്നാല്‍ എന്താണ്?
ഞാന്‍: മുഖത്തെ മാംപേശികളുടെ വക്രീകരണം.
അവള്‍: വക്രീകരണമെന്നാല്‍ എന്താണ്?
ഞാന്‍: നവീന സാഹിത്യംപോലെ.
അവള്‍: സാഹിത്യമെന്നാലെന്താണ്?
ഞാന്‍: കവിതയും ചെറുകഥയും നോവലും സാഹിത്യം. സംസ്കാരത്തിന്റെ ജലാശയത്തില്‍ വിടര്‍ന്നു നില്ക്കുന്നവ. കുളത്തിലെ താമരപ്പൂക്കള്‍ പോലെ.
അവള്‍: താമരപ്പൂക്കള്‍ എന്നാലെന്ത്?
ഞാന്‍: ഒരു പച്ചത്തണ്ടിന്റെ അഗ്രഭാഗത്തു വിടരുന്നത്. അതിന്റെ ഇതളുകള്‍ക്കു മൃദുത്വവും ദൈര്‍ഘ്യവുമുണ്ട്.
അവള്‍: ദൈര്‍ഘ്യമെന്നാലെന്ത്?
നിന്റെ കണ്ണുകളുടെ സവിശേഷത എന്നു പറയാന്‍ ഒരുമ്പെട്ടു ഞാന്‍. പക്ഷേ, ആ വാക്കുകള്‍ പുറത്തു വരുന്നതിനുമുന്‍പ് പ്രശസ്തനായ കഥാകാരന്‍ ശ്രീ. കെ.എല്‍. മോഹനവര്‍മ്മ മുറിക്കകത്തേക്കു വന്നു. അവിടെയിരുന്ന തരുണിയെ ശ്രദ്ധിക്കാതെ, ഒന്നു നോക്കുകപോലും ചെയ്യാതെ മാന്യനായ അദ്ദേഹം എന്നോടു സംസാരിക്കാന്‍ തുടങ്ങി. ‘ഞാന്‍ പോകട്ടെ’ എന്ന പറഞ്ഞ് അവള്‍ പോയി. അടുത്ത ദിവസവും അവള്‍ വന്നേക്കുമെന്നു പേടിച്ച് ഞാന്‍ റിസപ്ഷനിസ്റ്റ് സെബാസ്റ്റിനോടു പറഞ്ഞു: ‘സെബാസ്റ്റിന്‍, നാളെമുതല്‍ അവളെ ഇങ്ങോട്ടു കടത്തിവിടരുത്. സുന്ദരനായ സെബാസ്റ്റിന്‍ പുഞ്ചിരിയോടെ പറഞ്ഞു:- “ആകട്ടെ സാര്‍.”
3.കുട്ടികൃഷ്ണമാരാരുടെ മേഘസന്ദേശം-ഗദ്യഭാഷ പ്രസിദ്ധപ്പെടുത്തിയ കാലം. പുസ്തകം വാങ്ങി അവതാരിക വായിച്ച ഞാന്‍ ആദരാതിശയത്തോടെ സംസ്കൃത കോളേജ് പ്രിന്‍സിപ്പല്‍ എന്‍. ഗോപാലപിള്ളയ്ക്ക് അതുകൊണ്ടു കൊടുത്തിട്ട് അഭ്യര്‍ത്ഥിച്ചു: “സാര്‍, മാരാര്‍ എഴുതിയ അവതാരിക വായിച്ചുനോക്കണം.” അടുത്ത ദിവസം സാറ് എന്നെ മുറിയിലേക്കു വിളിച്ചിട്ടു പറഞ്ഞു: “കൃഷ്ണന്‍നായരുടെ കുട്ടികൃഷ്ണമാരാര്‍എഴുതിയ അവതാരിക ഞാന്‍ വായിച്ചു. നോണ്‍സെന്‍സാണത്. മാരാര്‍ക്ക് പെനിട്രേറ്റിങ് ഇന്റലക്റ്റ് ഇണ്ട്. പക്ഷേ അതു കേന്ദ്രബിന്ദുവിനെ കടന്ന് സെര്‍ക്കം ഫ്രാന്‍സിനുമപ്പുറത്തു പോകുന്നതുകൊണ്ട് വ്യര്‍ത്ഥമായിത്തീരുന്നു ഇന്ന് ഇതോര്‍മ്മിച്ചു ഞാന്‍ സ്വയം പറയുന്ന ‘എന്‍. ഗോപാലപിള്ളയുടെ സൂക്ഷ്മ നിരീക്ഷണം എത്ര ആദരണീയം!

നിര്‍മ്മല്‍ വര്‍മ്മ

ഇന്നു ജീവിച്ചിരിക്കുന്ന ഒരു മലയാള സാഹിത്യകാരനും ഭാവിയില്‍ ഓര്‍മ്മിക്കപ്പെടുകയില്ല. അവരില്‍ പലരുടേയും പേരുകള്‍ സാഹിത്യ ചരിത്രത്തില്‍ വരില്ല. വൈലോപ്പിള്ളിപോലും വിസ്മരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് മറ്റെന്തു പറയാനാണ്? പത്തു പൈസയുടെ സാഹിത്യമാണ് മലയാള സാഹിത്യം.

ഭര്‍ത്താവ് മരിക്കുമ്പോള്‍ ദുഃഖിക്കുന്ന ഭാര്യയ്ക്ക് തന്നെ ഒരിക്കല്‍ ഉന്മാദത്തോളം കൊണ്ടുചെന്ന കാര്യങ്ങള്‍ — അയാള്‍ ചുമച്ച് തൊണ്ട ശരിയാക്കുന്നത്, ഞെട്ടയൊടിക്കുന്നത്, ഷേവ് ചെയ്തതിനുശേഷം ബെയ്സിന്‍ കഴുകി വൃത്തിയാക്കാതെ പോന്നത് — ഇവയെല്ലാം വിസ്മരിക്കാനാവും. തിരിച്ചു കൊണ്ടുവാരാനാവാത്ത പ്രിയതമനായി അയാളെ കരുതാനും കഴിയും. പക്ഷേ അയാള്‍ വേറൊരു സ്ത്രീയോടുകൂടിപ്പോയാല്‍ അവള്‍ക്കു വെറുപ്പുണ്ടാകും. വേദനിച്ചു ജിവിക്കുന്നതിനെക്കാള്‍ വെറുപ്പോടെ കഴിഞ്ഞുകൂടുന്നതാണ് എളുപ്പം. ഏതാണ്ട് ഇങ്ങനെ എ. അല്‍വറിസ് Life After Marriage എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ വെറുപ്പാണ് നിര്‍മ്മല്‍ വര്‍മ്മയുടെ ‘ഒരു ദിവസത്തെ അവധി’ എന്ന കഥയിലെ ഒരു സ്ത്രീകഥാപാത്രത്തിനുള്ളത്. ഭര്‍ത്താവ് വേറൊരു സ്ത്രീയ്ക്കുവേണ്ടി അവളെയും മകളെയും ഉപേക്ഷിച്ചു പോയി. കാലംകഴിഞ്ഞ് അയാള്‍ ഭാര്യയും മകളും താമസിക്കുന്നിടത്ത് എത്തുന്നു. അവര്‍ക്കുവേണ്ടി ചില സമ്മാനങ്ങളും അയാള്‍ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ വ്യക്തിയോടുള്ള വെറുപ്പ് അയാളോടു ബന്ധപ്പെട്ട വസ്തുക്കളോടും തോന്നുമല്ലോ. അമ്മയും മോളും അവയില്‍ ഒന്നുപോലും സ്വീകരിക്കുന്നില്ല. അന്നത്തെ അവസാനത്തെ തീവണ്ടിയില്‍ തിരിച്ചുപോകാനാണ് താനുദ്ദേശിക്കുന്നതെന്ന് അയാള്‍ പറഞ്ഞിട്ടും മകള്‍ ആരുടേയും സമ്മതം ചോദിക്കാതെ ഹോട്ടല്‍മുറി അയാള്‍ക്കുവേണ്ടി ബുക്ക് ചെയ്യുന്നു. അയാള്‍ പെട്ടിയെടുത്തു പുറത്തെ ഇരുട്ടിലേക്കു പോകുമ്പോള്‍ കഥ അവസാനിക്കുന്നു. സ്വന്തമിച്ഛാശക്തി ഭാര്യയിലും മകളിലും അടിച്ചേല്പിക്കാനും വേണ്ടിവന്നാല്‍ അവിടെത്തന്നെ കഴിഞ്ഞുകൂടാനും വന്ന അയാളെ അവര്‍ രണ്ടുപേരുംകൂടി മര്യാദ ലംഘിക്കാതെ പുറത്താക്കുന്നതാണ് നമ്മള്‍ഇക്കഥയില്‍ കാണുന്നത്. അന്തര്‍വ്വീക്ഷണ പാടവത്താല്‍ ഇതിവൃത്തത്തിന്റെ സര്‍വസാധാരണത്വം നമ്മള്‍ക്കനുഭവപ്പെടുന്നില്ല എന്നതാണ് ഇക്കഥയുടെ സവിശേഷത (ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത് ശ്രീ. വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍. അത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍).

വിശ്വസാഹിത്യത്തില്‍ നിന്ന്

പീറ്റര്‍ മാത്തിസന്‍ (Peter Mathiessen) മാന്ത്രികശക്തിയുള്ള ഗ്രന്ഥങ്ങള്‍ എഴുതുന്ന അമേരിക്കന്‍ സാഹിത്യകാരനാണ്. കുറച്ചുകാലം മുന്‍പ് അദ്ദേഹത്തിന്റെ ‘പ്രൊഫൈല്‍’ — പാര്‍ശ്വമുഖരൂപം — റൈറം വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. മാത്തിസന്റെ The Snow Leopard എന്ന യാത്രാവിവരണം സുന്ദരമാണ്. പര്‍വ്വതപംക്തികളിലൂടെ അതിക്ലേശം സഹിച്ചുനടന്ന് വെളുത്ത പുള്ളിപ്പുലിയെ–ആധ്യാത്മികതയെ–തേടുന്ന മാത്തിസന്റെ യത്നത്തിന്റെ വിവരണമാണ് ആ പുസ്തകത്തില്‍. രചനയുടെ സ്വഭാവം കാണിക്കാന്‍ ഒരുഭാഗം എടുത്തെഴുതാം.

“In case I should need them, insructions for passage through the Bardo are contained in the Tivetan ‘Book of the Dead’ which I carry with me–a guide for living, actually, since it teaches that man’s last thoughts will determine the quality of his reincarnation. Therefore, every moment of life is to be lived calmly, mindfully, as if it were the last, to insure that the most is made of precious human state–the only one in which enlightment is possible. And only the enlightened can recall their former lives; for the rest of us, the memories of past existiences are but glints of light, twinges of longing, passing shadows, disturbingly familiar, that are gone before they can be grasped, like the passage of that silver bird on Dhaulagiri.”

The Snow Leopard-നു മുന്‍പു മാത്തിസന്‍ എഴുതിയ The Tree Shere Man Was Born എന്ന പുസ്തകവും മനോഹരമാണ്. കിഴക്കനാഫ്രിക്കയുടെ സൗന്ദര്യവും ഉദാത്തതയും അനുകരിക്കാനാവാത്ത തന്റെ ശൈലിയിലൂടെ മാത്തിസന്‍ ആവിഷ്കരിച്ചിരിക്കുന്നു. രോഗി താനൊരു ചെന്നായോ മറ്റു വല്ല വന്യമൃഗമോ ആണെന്നു വിചാരിക്കുന്ന ഒരുതരം ഭ്രാന്താണ് ലിക്കന്‍ത്രപ്പി (lycanthropy). മനുഷ്യന്‍ ചെന്നായുടെ രൂപമെടുക്കുന്നു എന്ന കെട്ടുകഥയിലെ സങ്കല്പവും ലിക്കന്‍ത്രപ്പിതന്നെ. ക്രൂരമൃഗങ്ങളെ ചില കാര്യങ്ങള്‍ ചെയ്യാന്‍ ധ്യാനിച്ചു വരുത്തുന്ന ഏര്‍പ്പാട് കിഴക്കനാഫ്രിക്കയില്‍ സാര്‍വത്രികമാണ്. അതിനെ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയാന്‍ വൈഷമ്യമുണ്ട് എന്നും മാത്തിസന്‍ എഴുതുന്നു. ഒരിക്കല്‍ വേട്ടക്കാരനായ ബ്ലിക്സനോടു നാട്ടുകാരാവശ്യപ്പെട്ടു രാത്രിയില്‍ കന്നുകാലികളെ കൊല്ലുന്ന ഒരു കഴുതപ്പുലിയെ കൊല്ലണമെന്ന്. ആ മൃഗത്തിന്റെ മായാവിനിയില്‍ (witch) നിന്നു പ്രതികാരനിര്‍വഹണമുണ്ടാകുമെന്നു പേടിച്ച് നാട്ടുകാര്‍ക്ക് അതിനെ കൊല്ലാനും വയ്യ. ബ്ലിക്സനെ സഹായിക്കാന്‍ ആരുമില്ല. തോക്കെടുക്കുന്ന ഒരുത്തനുമായി അയാള്‍ വധമര്‍മ്മത്തിനു പോയി. ഒരു കഴുതപ്പുലിയുടെ നിഴല്‍രൂപം നിലാവിനെ മുറിച്ചുകടന്നു. ബ്ലിക്സന്‍ വെടി വച്ചപ്പോള്‍ കഴുതപ്പുലി കുറ്റിക്കാട്ടിലേക്കു വലിഞ്ഞുകയറി. രക്തം വീണ പാടുനോക്കി ബ്ലിക്സനും തോക്കെടുത്തവനും കുറ്റിക്കാട്ടിലേക്കു ചെന്നപ്പോള്‍ അതിന്റെ മറുവശത്തുനിന്നു കഴുതപ്പുലി പുറത്തേക്കിറങ്ങി. ബ്ലിക്സന്‍ അതിനെ വെടിവച്ചു കൊന്നു. രണ്ടുപേരും അതിന്റെ അടുത്തേക്കു ചെന്നു. നിലാവില്‍ കഴുതപ്പുലി വീണിടത്ത് ഒരാഫ്രിക്കാക്കാരന്റെ ശവം കിടക്കുന്നു. ഇതുപോലെ പലതും ഇപ്പുസ്തകത്തിലുണ്ട്. മാത്തിസന്റെ On the River Styx എന്ന കഥാസമാഹാരവും A play in the field of the Lord എന്ന നോവലും ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. അന്യാദൃശങ്ങളായ ആ പുസ്തകങ്ങളെക്കുരിച്ച് ഇനിയൊരു സന്ദര്‍ഭത്തില്‍ എഴുതിക്കൊള്ളാം. ഇപ്പോള്‍ വായിച്ച African Silences എന്ന പുസ്തകവും അന്യൂനമത്രേ (Peter Matthiessen-Harvill Publication). അതില്‍ പ്രധാനമന്ത്രിയായിരുന്ന ലമുംബയെ (Patrice Lumumba, 1925–1961) വധിച്ചത് സി.ഐ.എ. ആണെന്ന് ട്രാവല്‍ ഓഫീസിലെ ഷാക് ഗുസന്‍സ് (Jacques Goosens) തന്നോടു പറഞ്ഞതായി മാത്തീസന്‍ എഴുതുന്നു. International big money-ക്ക് എതിരായിരുന്നു ലമുംബ. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന ഹമര്‍ഷോള്‍ഡിനെ (Dag Hammarskjold, 1905–1961) അതേ കാരണത്താല്‍ അതേ വര്‍ഷം തന്നെ വധിച്ചുവെന്നും ഗുഡന്‍സ് അറിയിച്ചു.

മൗനം: അതിരുകടന്നു സംസാരിക്കുന്നവന്‍ മദ്യപിച്ചുകഴിഞ്ഞാല്‍ അച്ഛന്‍, അമ്മ, ചേട്ടന്‍ ഇവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്ന സവിശേഷാവസ്ഥ.

റഷയുടെ സംസ്കാരസ്തംഭം എന്ന് ഗോര്‍ബച്ചേവ് വാഴ്ത്തിയ റോറിക്കിന്റെ (Nicholas Roerich, 1874–1947) Heart of Asia എന്ന യാത്രാവിവരണം ഉജ്ജ്വലമാണ്. അതില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം. റ്റിബറ്റിലെ ഒരു ലാമ ഇന്ത്യയിലെ വിശുദ്ധസ്ഥലങ്ങള്‍ കാണാന്‍ വന്നു. തീവണ്ടിയില്‍വെച്ച് അദ്ദേഹം റ്റിബറ്റിലെ ഭാഷ അറിഞ്ഞുകൂടാത്ത ഒരു ഹിന്ദുസന്ന്യാസിയെ കണ്ടു. സന്ന്യാസി ലാമയുടെ ചോദ്യങ്ങല്‍ക്കു ഹിന്ദുസ്ഥാനിയിലാണു മറുപടി പറഞ്ഞതെങ്കിലും അദ്ദേഹത്തിന് എല്ലാം മനസ്സിലായി. ലാമ ഇക്കാര്യം റോറിക്കിനോടും കൂട്ടുകാരോടും പറഞ്ഞിട്ട് ഇങ്ങനെയും അറിയിച്ചു:- ശംഭലയുടെ കാലയളവില്‍ മാത്രം മുന്‍കൂട്ടി അറിയാതെ എല്ലാ ഭാഷകളും എല്ലാവര്‍ക്കും മനസ്സിലാകും. കാരണമുണ്ട്. അപ്പോള്‍ ബാഹ്യമായ ശബ്ദമല്ല നമ്മള്‍ ഗ്രഹിക്കുക. ബാഹ്യനേത്രങ്ങള്‍കൊണ്ടല്ല നമ്മള്‍ കാണുക. നമ്മുടെ ഈശ്വരവിഗ്രഹങ്ങളില്‍ പ്രതീകാത്മകമായി വച്ചിരിക്കുന്ന മൂന്നാമത്തെ കണ്ണുകൊണ്ടാണ് അപ്പോഴത്തെ കാഴ്ച. ഇതാണ് ബ്രഹ്മാവിന്റെ കണ്ണ്. എല്ലാ വിജ്ഞാനങ്ങളെയും ദര്‍ശിക്കുന്ന നേത്രം. [ശംഭല മഹാ വിഷ്ണുവിന്റെ ഒടുവിലത്തെ അവതാരമായ കല്ക്കി അവതരിക്കുന്ന ഗ്രാമമാണ് എന്ന് ഓര്‍മ്മ പറയുന്നു — ലേഖകന്‍]

നിര്‍വ്വചനങ്ങള്‍

ദീര്‍ഘായുസ്സ്
മക്കളുടേയും ചെറുമക്കളുടെയും മരുമക്കളുടെയും ചവിട്ടും ഇടിയും തുപ്പും ഏറ്റു ജീവിക്കാന്‍ വൃദ്ധനെ സഹായിക്കുന്നത്.
കര്‍ണ്ണാടക സംഗീതം
സംഗീതത്തെക്കുറിച്ച് ഒരു പിടിയുമില്ലാത്തവന് ഭാഗവതരുടെ മുന്‍പില്‍ ചെന്നിരുന്നു തലയാട്ടാനും തെറ്റായി താളംപിടിച്ച് രസിക്കുന്നുവെന്നു ഭാവിക്കാനും സഹായമരുളുന്ന നാദപ്രവാഹം.
മൗനം
അതിരുകടന്നു സംസാരിക്കുന്നവന്‍ മദ്യപിച്ചുകഴിഞ്ഞാല്‍ അച്ഛന്‍, അമ്മ, ചേട്ടന്‍ ഇവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്ന സവിശേഷാവസ്ഥ.
ഓട്ടോറിക്ഷ
വേഗംകൊണ്ടു യാത്രക്കാരന്റെ സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം തകര്‍ക്കുന്ന വാഹനം.
ലിപ്സ്റ്റിക്
പുരുഷന്മാര്‍ക്കു ദര്‍ശനത്തില്‍ത്തന്നെ വമനേച്ഛയുണ്ടാക്കുക്കത്. സ്വാഭാവികസൗന്ദര്യത്തെ ഇല്ലാതാക്കി വൈരൂപ്യമുണ്ടാക്കുന്നത്.
ആശ്വാസം
ധനികന്റെ കാറ് മോഷ്ടിക്കപ്പെട്ടാല്‍ കാറില്ലാത്തവനുണ്ടാകുന്ന മാനസികാവസ്ഥ.

ബാലജല്പനം

നവീന നിരൂപണമാണ് എന്നെയും താങ്കളെയും മാലിന്യത്തിലേക്ക് എറിയുന്നത്.

ശ്രീ. കെ.ജി. ശങ്കരപ്പിള്ള എഡിറ്ററായി ചിത്തിര പ്രിന്റേഴ്സ് പ്രസാധനം ചെയ്യുന്ന “സമകാലീന കവിത”യുടെ നാലാം ലക്കം കിട്ടി. പത്രാധിപര്‍ക്കു നന്ദി. എന്റെ കൃതജ്ഞതാഭരിതമായ ഹൃദയം ‘അരുത്’ എന്നു വിലക്കുന്നുണ്ടെങ്കിലും തോന്നുന്നതു പറയാതിരിക്കാന്‍ വയ്യ.

1.സമകാലീന കവിത എന്ന പ്രയോഗം ശരിയല്ല. “സമകാലീനം, പ്രാക്കാലീനം ഇത്യാദി പ്രയോഗങ്ങള്‍ അഭിജ്ഞമതപ്രകാരം സമ്മതമല്ല. സമകാലികം, പ്രാക്കാലികം എന്നു വേണം” (പ്രയോഗ ദീപിക — സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള).
2.ഇതില്‍ഉള്‍ക്കൊള്ളിച്ച “കാവ്യ”ങ്ങളില്‍ കവിതയില്ല. Pretentious nonsense എന്നാണ് ഞാനിവയെ വിശേഷിപ്പിക്കുന്നത്.
3.എ.കെ. രാമാനുജനെക്കുറിച്ച് ശ്രീ. അയ്യപ്പപ്പണിക്കര്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെയൊരു വാക്യം: “ജീവിതത്തില്‍നിന്നു മരണത്തിലേയ്ക്കുള്ള ആ ‘വിവര്‍ത്തന്’ത്തിലും വിരോധാഭാസത്തിന്റെ അമ്ളച്ഛവി പടര്‍ന്നു പിടിച്ചു എന്നു തോന്നിപ്പോകുന്നു.” വിരോധമെന്ന അര്‍ത്ഥത്തില്‍ വിരോധാഭാസം എന്നു പ്രയോഗിക്കുന്നതു തെറ്റാണ്. വിരോധമില്ലാതിരിക്കെ വിരോധം തോന്നുന്ന ഉക്തിയാണ് വിരോധാഭാസം. ‘ഭരതോപി ശത്രുഘ്നഃ’ എന്നു കേള്‍ക്കുമ്പോള്‍ വിരോധപ്രതീതി. എന്നാല്‍ ഭരതന്‍ ശത്രുവിനെ ഹനിക്കുന്നവനാണ് എന്നു ഗ്രഹിക്കുമ്പോള്‍ വിരോധത്തിനു പരിഹാരമായി.