close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 06 11


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 06 11
മുൻലക്കം 1999 06 04
പിൻലക്കം 1999 06 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നാലു ചുറ്റും മതിലോ കയ്യാലയോ ഇല്ലാത്ത അമ്പതു സെന്റ് സ്ഥലം ആരെങ്കിലും വാങ്ങിയെന്നിരിക്കട്ടെ, ഉടൻ അയാൾ ലോറിയിൽ മണ്ണു കൊണ്ടുവന്നു് ഇട്ടു് അവിടം നിരപ്പാക്കുന്നു. അതു ചെയ്തുകഴിയുമ്പോൾ ആ സ്ഥലത്തിനു ഭംഗിയുണ്ടാകുന്നു. പിന്നീടു് കന്മതിൽ കെട്ടുകയായി. അപ്പോൾ ഭംഗി കൂടി. ഇതാണു് സീമാരാഹിത്യത്തിനു സീമ വരുത്തുകയെന്നതു്. കലയുടെ ഭാഷയിൽ പറയാം. ഭൂമി ഭാഗത്തിനു് രൂപശില്പം വരുത്തുന്നു. നമ്മുടെ ജീവിതത്തിലെ പ്രക്രിയകൾക്കാകെ ഈ രൂപനിർമ്മിതി വേണ്ടിവരുന്നു. അതു ചെയ്തില്ലെങ്കിൽ ജീവിതം ജീവിതമല്ലാതെയാവും. കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതും രൂപമില്ലാത്തിടത്തു രൂപം നിർമ്മിക്കലാണു്.

കവി കവിതയെഴുതാനിരിക്കുന്നു. വികാരാധിക്യം കൊണ്ടു്, ആശയാതിപ്രസരം കൊണ്ടു് അയാൾക്കു് ആകുലാവസ്ഥ. അവയ്ക്കു രണ്ടിനും പരിധി കല്പിച്ചു് വാക്കുകളിലൂടെ അവയെ ആവിഷ്കരിക്കുമ്പോൾ രൂപത്തിന്റെ ഭദ്രത വന്നുകഴിഞ്ഞു. ഒരു കവി തന്റെ വികാരങ്ങൾക്കും ആശയങ്ങൾക്കും സ്വച്ഛന്ദത വരുത്തി അവയെ പ്രതിപാദിക്കുന്നതു നോക്കുക. (സ്വച്ഛന്ദത എന്നതു് തന്നിഷ്ടം. താന്തോന്നിത്തം എന്ന അർത്ഥത്തിലാണു ഇവിടത്തെ പ്രയോഗം.)

“എത്ര സങ്കേതത്തിലാത്ത രാഗ
മുത്തമേ. നിന്നെത്തിരഞ്ഞു പോയ് ഞാൻ.
രാവിലേ തൊട്ടു ഞാനന്തിയോളം
പൂവനം തോറുമലഞ്ഞുപോയി.
ദ്യോവിൽ നിൻ കാലടിപ്പാടു നോക്കി
രാവിൽ ഞാൻ പിന്നെയും സഞ്ചരിച്ചു.
‘കണ്ടില്ല. കണ്ടില്ല’ന്നെന്നൊടോരോ
ചെണ്ടും ചിരിച്ചു തലകുലുക്കി.
അക്ഷമനായൊരെൻ ചോദ്യം കേട്ടാ
നക്ഷത്രമൊക്കെയും കണ്ണു ചിമ്മി.
‘കഷ്ട’മെന്നെന്നെപ്പരിഹസിച്ചു
പക്ഷികളെല്ലാം പറന്നുപോയി.
‘കാണില്ല. കാണില്ലെ’ന്നോതിയോതി
കാനനച്ചോല കുണുങ്ങിയോടി.
ആരോമലേ. ഹാ നീയെങ്ങു പോയെൻ
തീരാ വിരഹമിതെന്നു തീരും.”

ലൗകികസത്യം പരമസത്യത്തെ അന്വേഷിക്കുകയാണു് ഇവിടെ. അല്ലെങ്കിൽ ജീവാത്മാവു് പരമാത്മാവിനെ അന്വേഷിക്കുകയാണു് എന്നും പറയാം. ഈ ആശയം തന്നെ വേറൊരു കവി സ്ഫുടീകരിക്കുന്നതു കാണുക:

“ഉദയന്നിശ്വാസത്തോടുചരിച്ചിതക്കാറ്റു
സദയം മദംഗത്തെത്തടവിസ്സഗദ്ഗദം.
ശ്രീമൻ നിന്നനുമാനം തെറ്റല്ല ചുറ്റുന്നു ഞാൻ
പ്രേമസർവസ്വത്തിന്റെ മുഖദർശനത്തിനായ്
ചിരകാലമായ് ഞങ്ങൾ വേർപിരിഞ്ഞിട്ടെന്നാലും
സ്മരണ നടുക്കു നിന്നെന്നെയിട്ടലട്ടുന്നു.
ഞാനുണർന്നപ്പോളാദിപ്പുലർകാലത്തീ പ്പാരും
വാനുമന്യോന്യം നോക്കിശ്ശോകമൂകമായ് നില്പാം”

ഞാൻ ആദ്യമെടുത്തെഴുതിയ വരികളിൽ ഭാഷയുടെ ആധിക്യമുണ്ടു്. വികാരം വികാരചാപല്യത്തോളമെത്തുന്നു. രണ്ടാമത്തെ കാവ്യഭാഗത്തു് ഭാഷയുടെ, വികാരത്തിന്റെ അതിപ്രസരമില്ല. കവി സ്വന്തം പരിപാകം കൊണ്ടു് എല്ലാം നിയന്ത്രിക്കുന്നു. ഈ നിയന്ത്രണമാണു് ആ വരികൾക്കു രൂപഭദ്രത നൽകുന്നതു്. ‘ഉദയന്നിശ്വാസത്തോടു്’ എന്നു തുടങ്ങുന്ന വരികളെഴുതിയ കവി ആശയങ്ങളും ബിംബങ്ങളുമൊക്കെ ഭാവനാശക്തികൊണ്ടു് ഒന്നാക്കുന്നു. അതിനാൽ ആ വരികൾ ശക്തങ്ങളാണു്. ആദ്യം എഴുതിയ വരികളിലെ ആശയങ്ങളും ബിംബങ്ങളും വിക്ഷിപ്താവസ്ഥയിലാണു്. കവിത അതുകൊണ്ടു് ദുർബ്ബലം. പദാശ്വങ്ങൾ ഭൂമിയിൽ അല്പമായും അന്തരീക്ഷത്തിൽ അധികമായും ഓടുമ്പോൾ അവയെ കടിഞ്ഞാൺ കൊണ്ടു കവി സൂതൻ നിയന്ത്രിച്ചെങ്കിലേ സഹൃദയനു് ആസ്വാദനത്തിന്റെ ശരമെയ്യാൻ പറ്റൂ.

കെസ്‌ലറുടെ ആത്മകഥ Arrow in the Blue വായിക്കേണ്ട പുസ്തകമാണു്. അതിൽപ്പറഞ്ഞ ഒരു കഥ ഓർമ്മയിലെത്തുന്നു. പണ്ടു് ചൈനയിൽ ഭയങ്കരനായ ഒരു ആരാച്ചാർ ഉണ്ടായിരുന്നു. ഒറ്റ വെട്ടിനു് അയാൾ ആളുകളെ കൊല്ലുമായിരുന്നു. ആരാച്ചാരുടെ വലിയ ആഗ്രഹം കുറ്റക്കാരന്റെ കഴുത്തിൽ വെട്ടിയാൽ അവൻ മരിക്കുകയും വേണം. തല താഴെ വീഴാതെ കഴുത്തിലിരിക്കുകയും വേണം എന്നതായിരുന്നു. ഇതു സാഫല്യത്തിലെത്താൻ അയാൾക്കു എഴുപത്തിയാറു വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു.

ഒരു ദിവസം അയാൾക്കു പന്ത്രണ്ടു ആളുകളെ കൊല്ലേണ്ടിയിരുന്നു. പതിനൊന്നു പേരുടെയും തലകൾ മണ്ണിൽ ഉരുണ്ടു. പന്ത്രണ്ടാമത്തെ കുറ്റക്കാരൻ വധസ്ഥലത്തേക്കുള്ള പടികൾ കയറുമ്പോൾ ആരാച്ചാർ അയാളുടെ കഴുത്തിനു നേരെ വാളു് വീശി. കഴുത്തറ്റു. പക്ഷേ തല അതിന്റെ സ്ഥാനത്തു തന്നെ ഇരുന്നു. പടികൾ കയറി വധസ്ഥലത്തു നിന്ന മൃതദേഹം ആരാച്ചാരോടു ചോദിച്ചു: “നിങ്ങളെന്തിനാണു ക്രൂരത കാണിക്കുന്നതു്? മറ്റുള്ളവരോടു ദയ കാണിച്ചു് നിങ്ങൾ തിടുക്കത്തിൽ അവരെ കൊന്നു. കാലതാമസം വരുത്തി എന്നെ നിങ്ങൾ തീവ്രവേദന അനുഭവിപ്പിക്കുന്നു”. ആരാച്ചാർ ചിരിച്ചു് ആ ശവത്തോടു പറഞ്ഞു. “നിങ്ങളുടെ തലയൊന്നു് ആട്ടൂ”.

നമ്മുടെ കഥാകാരന്മാരുടെ കഥകൾ ശിരസ്സറ്റുവെങ്കിലും ഗളനാളത്തിൽ നിന്നു വീഴാത്ത ആ കുറ്റക്കാരനെപ്പോലെയാണു്. ആഖ്യാനവും കഥാപാത്രങ്ങളുടെ സംഭാഷണവുമൊക്കെക്കൊണ്ടു് ജീവനുള്ളവയെപ്പോലെ അവ നില്‌ക്കുന്നു. പക്ഷേ കഥാകാരൻ ആഞ്ഞുവെട്ടിയതുകൊണ്ടു് കഥയുടെ പ്രാണൻ പോകുന്നു. നിശ്‌ചേതനശരീരമാണു് നമ്മുടെ മുൻപിൽ. എങ്കിലും ക്ഷതമേൽക്കാത്തതാണു് അതെന്നു് വായനക്കാർക്കു തോന്നുന്നു. തലയൊന്നു് ആട്ടുകയേ വേണ്ടൂ കഥ. കബന്ധവും ശിരസ്സും വെവ്വേറെ വീഴും.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങളുടെ കോളത്തിലെ ആവർത്തനങ്ങൾ അസഹനീയങ്ങളായിരിക്കുന്നു. ഇതൊന്നു ഒഴിവാക്കാമോ?

ഞാൻ അറിഞ്ഞുകൊണ്ടു് ആവർത്തിക്കാറില്ല. ഓർമ്മപ്പിശകു കൊണ്ടാവണം ആവർത്തനം വരുന്നതു്. ഈ തെറ്റു് ചൂണ്ടിക്കാണിച്ചതിനു നന്ദി. ആവർത്തനത്തിന്റെ വൈരസ്യമില്ലാതെയാക്കാൻ ഒരു സൂത്രമുണ്ടു്. പണ്ടൊരു പ്രഫെസർ പ്രഭാഷണത്തിനിടയ്ക്കു് ശ്രോതാക്കൾക്കു് ഇഷ്‌ടമില്ലാത്തതെന്തോ പറഞ്ഞു. അവർ മുഖം വക്രിപ്പിച്ചപ്പോൾ അദ്ദേഹം മേശപ്പുറത്തു് കൈ ചുരുട്ടി ഇടിച്ചുകൊണ്ടു് ‘I repeat it’ എന്നു ആക്രോശിച്ചു. അതോടെ പ്രഫെസറുടെ പ്രസ്താവത്തിനു ശക്തി കിട്ടി. ഇതറിഞ്ഞ തത്ത്വചിന്തകൻ കിർക്കഗോർ “Repetition” എന്ന ഗ്രന്ഥത്തിലെഴുതി. ഒരു പ്രഭാഷണം ആവർത്തിക്കുന്നതു താൻ കേട്ടുവെന്നു്. രണ്ടാമത്തെ ഞായറാഴ്‌ച പ്രഭാഷണം ആരംഭിക്കുന്നതിനു മുൻപു് ‘I repeat what I said last Sunday’ എന്നു മേശപ്പുറത്തു് ഇടിച്ചുകൊണ്ടു് പാതിരി പറഞ്ഞിരുന്നെങ്കിൽ അതു കേട്ടവരുടെ വൈരസ്യം ഒഴിവാക്കാമായിരുന്നു. ഞാൻ മേശപ്പുറത്തു വച്ചല്ല ഈ കോളമെഴുതുന്നതു്. അതിനാൽ കൈ ചുരുട്ടി ഇടിക്കാൻ വയ്യ.

Symbol question.svg.png ബുദ്ധിജീവികളോടു സംസാരിക്കുമ്പോൾ ബുദ്ധിശക്തികാണിക്കുന്ന ഒരു വാചകം പോലും അവർ പറയാറില്ല. എന്തുകൊണ്ടാണിതു്?

ആദ്യമേ പറയട്ടെ. ബുദ്ധിജീവിയെന്നു ഒരിക്കലും പ്രയോഗിക്കരുതു്. ധിഷണാശാലി എന്നാവാം. sentence എന്ന അർത്ഥത്തിൽ വാചകമെന്നു് പറയരുതു്. വാക്യം എന്നു വേണം പ്രയോഗിക്കാൻ.
ധിഷണാശാലികളോടു് ഞാൻ സംസാരിച്ചിട്ടുണ്ടു്. ഇനിയും സംസാരിച്ചെന്നു വരും. ബുദ്ധിശക്തിയുണ്ടെന്നു തോന്നിപ്പിക്കുന്ന രീതിയിൽ ആരും ഒന്നും പറയാറില്ല. ബുദ്ധിമാനായ ഒരു സ്‌നേഹിതൻ എനിക്കുണ്ടായിരുന്നു. ഒരു ദിവസം ഞാൻ സ്‌മിത്ത് റ്റൈംപീസ് വാങ്ങിക്കൊണ്ടു പോകുന്നതു് അയാൾ കണ്ടു. ഒരു മാസത്തിനു ശേഷം അദ്ദേഹത്തെ റോഡിൽ വച്ചു കണ്ടു. ഉടനെ വരുന്നു ചോദ്യം. ‘സ്‌മിത്ത് റ്റൈംപീസ് എങ്ങനെ?’ പിന്നെയും കണ്ടപ്പോൾ അദ്ദേഹം ആ ചോദ്യം തന്നെ ആവർത്തിച്ചു. ജർമ്മൻ രാജ്യതന്ത്രജ്‌ഞൻ ഹംബൊൾറ്റ് ധിഷണാവിലാസത്തിനു പേരുകേട്ട ആളായിരുന്നു. ഒരു ദിവസം അദ്ദേഹം നെപ്പോളിയനെ കണ്ടപ്പോൾ പറഞ്ഞു: ‘അങ്ങു് സസ്യശാസ്‌ത്രത്തിൽ തല്പരനാണു്. എന്റെ ഭാര്യക്കും അതിൽ താൽപര്യമുണ്ടു്.’ ഹംബൊൾറ്റിന്റെ മനസ്സു് ഇത്ര ശൂന്യമോ എന്നു നെപ്പോളിയൻ വിചാരിച്ചിട്ടുണ്ടാവും.

Symbol question.svg.png ഏതു സമയത്തും ചിരിക്കുന്നവൻ കള്ളനല്ലേ?

അതേ. രാജകള്ളൻ. എനിക്കൊരു പരിചയക്കാരനുണ്ടു്. അയാൾ ഒരു ദിവസം ഒരു നായെ നോക്കി പുഞ്ചിരി പൊഴിച്ചു നിൽക്കുന്നതു ഞാൻ കണ്ടു.

Symbol question.svg.png രാഷ്ട്രീയക്കാരൻ ആരു്?

നദിയില്ലാത്തിടത്തു് പാലം കെട്ടിക്കൊടുക്കാമെന്നു് ബഹുജനത്തോടു പറയുന്നവനെന്നു് ക്രൂഷ്‌ചോഫ്.

Symbol question.svg.png പാണ്ഡിത്യത്തിന്റെ സ്വഭാവമെന്തു്?

എത്രകാലം പുസ്തകങ്ങൾ നോക്കിക്കൊണ്ടിരിക്കുമോ അത്രയും കാലം പണ്ഡിതൻ. എത്രകാലം ഓർമ്മ നിലനിൽക്കുമോ അത്രയും കാലം പണ്ഡിതൻ. പുസ്തകപരിചയവും ഓർമ്മയും വാർദ്ധക്യത്തിലില്ലാതെയാവും. ചെറുപ്പകാലത്തോ മധ്യവയസ്സിന്റെ കാലത്തോ പണ്ഡിതനായിരുന്നവൻ വാർദ്ധക്യകാലത്തു പാമരനായിത്തീരുന്നു.

Symbol question.svg.png പിണങ്ങിപ്പിരിയാത്ത സ്‌നേഹിതനുണ്ടോ?

നിസ്സാരങ്ങളായ കാര്യങ്ങൾക്കു പരിഭവിക്കുന്നവനാണു് മനുഷ്യൻ. അതുകൊണ്ടു ഒരാളും സ്ഥിരമായി സ്‌നേഹിതനായിരിക്കില്ല.

Symbol question.svg.png ‘നോ’ എന്ന നിഷേധശബ്‌ദം നിന്ദ്യമല്ലേ?

ആഴത്തിലുള്ള ആത്‌മവിശ്വാസത്തിൽ നിന്നു ജനിക്കുന്ന ‘നോ’ എന്ന ശബ്‌ദം ഉത്‌കൃഷ്‌ടം: അന്യരെ രസിപ്പിക്കാൻ മാത്രമായി സത്യസന്ധതയില്ലാതെ പറയുന്ന ‘യെസ്’ ശബ്‌ദം നിഷിദ്ധം എന്നു മഹാത്‌മാ ഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ടു്.

ഹൊറിഫൈങ്

പദാശ്വങ്ങൾ ഭൂമിയിൽ അല്പമായും അന്തരീക്ഷത്തിൽ അധികമായും ഓടുമ്പോൾ അവയെ കടിഞ്ഞാൺ കൊണ്ടു കവിസൂതൻ നിയന്ത്രിച്ചെങ്കിലേ സഹൃദയനു് ആസ്വാദനത്തിന്റെ ശരമെയ്യാൻ പറ്റൂ.

ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണത്തിനുള്ള മനോഹാരിതയും മറ്റും കണ്ടു് ഞാൻ അദ്ദേഹത്തോടു് ഒരിക്കൽ ചോദിച്ചു. “മാഷ് എങ്ങനെയാണു് ഈ വിധത്തിൽ പ്രസംഗിക്കുന്നതു്? അദ്‌ഭുതാവഹമാണല്ലോ ഈ പ്രഭാഷണ രീതി!” അദ്ദേഹം പറഞ്ഞു: “ആദ്യമൊക്കെ എനിക്കിതിനു് കഴിയുമായിരുന്നില്ല. സ്‌പീച്ച് എഴുതി ഹൃദിസ്ഥമാക്കിക്കൊണ്ടു ഞാൻ പലപ്പോഴും പോയിട്ടുണ്ടു്. പിന്നീടു് അതു വേണ്ടെന്നു വച്ചു. ഇപ്പോൾ എനിക്കു തയ്യാറെടുപ്പു വേണ്ട. പക്ഷേ പ്രസംഗം ആരംഭിക്കുന്നതിനു മുൻപു് ഒരഞ്ചു മിനിറ്റെങ്കിലും മൗനം അവലംബിക്കണം.” ശ്രീ. പാലാ നാരായണൻ നായർ എന്നോടു പറഞ്ഞതു് ഒരിക്കലും തയ്യാർ ചെയ്തു സമ്മേളനത്തിനു പോകരുതെന്നാണു്. സജ്ജീകൃത പ്രഭാഷണം ഒരുടക്കു പോലെ മനസ്സിൽ കിടക്കും. അപ്പോൾ സ്വാഭാവികത നഷ്‌ടപ്പെടും എന്നു് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൂർവ്വകല്പിത പ്രക്രിയകൾക്കെല്ലാം കൃതിമത്വവുണ്ടാകുമെന്നതു് ശരിയാണു്. ശ്രീ. ബാലകൃഷ്‌ണൻ മാങ്ങാടു് മലയാളം വാരികയിലെഴുതിയ “മാറുന്ന ഭാവങ്ങൾ” എന്ന കഥയ്‌ക്കു പൂർവകല്പിതരൂപമുള്ളതിനാൽ കൃത്രിമമാണു്. ഒരുകാലത്തു അവർ കാമുകിയും കാമുകനും. ജാതീയമായ വിഭിന്നത അവരുടെ വിവാഹത്തിനു തടസ്സമായതുകൊണ്ടു് അവർ അകന്നു. വർഷങ്ങൾ കഴിഞ്ഞു് പ്രായം കൂടിയ അവൾ അയാളെ കാണാൻ വരുന്നു. അയാളുടെ മകൻ അവളുടെ മകളെ പ്രേമിച്ചു ശല്യമുണ്ടാക്കുന്നുവെന്നാണു് പരാതി. അവൾ പരുഷങ്ങളായ വാക്കുകൾ അയാളുടെ മുഖത്തു വലിച്ചെറിഞ്ഞിട്ടു് അപ്രത്യക്ഷയാകുമ്പോൾ തമിഴ്‌ സിനിമയിൽ സ്വർഗ്‌ഗത്തു നിന്നു ഇറങ്ങി ഭൂമിയിലെത്തുന്ന ദേവനെയും ദേവിയെയും പോലെ അയാളുടെ മകനും അവളുടെ മകളും രംഗപ്രവേശം നടത്തുന്നു. മകൻ തന്തയുടെ മുൻപിലെത്താതെ പുറത്തു നില്‌ക്കുകയാണു്. അവൾ ചട്ടമ്പിയെപ്പോലെ സംസാരിക്കുന്നു. അവർ രണ്ടു പേരും സബ് രജിസ്‌റ്റ്രാരുടെ ഓഫീസിൽപ്പോയി വിവാഹം കഴിക്കുകയാണെന്നു് അവൾ അയാളെ അറിയിക്കുന്നു. ആ വെള്ളരിക്കാപ്പട്ടണത്തിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കു് എടുത്തിട്ടുണ്ടത്രേ വിവാഹാനന്തരം ഒരുമിച്ചു ജീവിക്കാനായി. ചെറുക്കന്റെ തന്ത വാ പൊളിച്ചു നില്‌ക്കുമ്പോൾ ആ ചട്ടമ്പിപ്പെണ്ണു് അമർത്തിച്ചവിട്ടി (പുതിയ പ്രയോഗം) അങ്ങു് പോകുന്നു. പെണ്ണിന്റെ പോക്കിരിത്തരമോ അവളുടെ തള്ളയുടെ ഗജപോക്കിരിത്തരമോ അല്ല എനിക്കു ഹൊറിഫിക്കായി തോന്നിയതു്. ഇക്കഥയുടെ കൃത്രിമത്വമാണു്. പൂർവകല്പിത രൂപത്തിൽ കഥയെ ഒതുക്കാനുള്ള ബാലകൃഷ്‌ണൻ മാങ്ങാടിന്റെ യത്‌നമാണു്.

പരസ്യത്തിലൂടെ വഞ്ചന

“രാഷ്ട്രീയക്കാരൻ ആരു്?” “നദിയില്ലാത്തിടത്തു് പാലം കെട്ടിക്കൊടുക്കാമെന്നു് ബഹുജനത്തോടു പറയുന്നവനെന്നു് ക്രൂഷ്‌ചോഫ്.”

ലോകസാഹിത്യത്തിലെ ഉത്‌കൃഷ്‌ടങ്ങളായ നൂറു ഗ്രന്ഥങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാൽ അതിൽ സ്വീഡിഷ് ഡോക്‌ടർ അക്‌സൽ മൻതെയുടെ (Axel Munthe, 1857–1949) “The Story of San Michele” എന്ന ആത്‌മകഥയ്‌ക്കു സ്ഥാനമുണ്ടായിരിക്കും. പില്‌ക്കാലത്തെ പല കഥാകാരന്മാർക്കും പ്രചോദനം നല്‌കിയ ഗ്രന്ഥമാണതു്. എത്ര പരിവൃത്തി വായിച്ചാലും വീണ്ടും വീണ്ടും വായിക്കണമെന്ന ആഗ്രഹമുളവാക്കുന്ന മഹനീയമായ കലാസൃഷ്‌ടി. മോപസാങ്ങിനെ നേരിട്ടു പരിചയപ്പെട്ട ഈ ഡോക്‌ടർ ആ സന്ദർശനങ്ങളുടെ വിവരണങ്ങൾ നല്കുന്നു. ലൂയി പാസ്‌സ്തേർ പേപ്പട്ടിയുടെ വായിലേക്കു് പിപ്പറ്റ് കടത്തി അതിന്റെ ഉമിനീരു വലിച്ചെടുക്കുന്ന ചിത്രം നമ്മളെ ഞെട്ടിക്കും. വായിച്ചു കഴിയുമ്പോഴുണ്ടാകുന്ന ഹൃദയസമ്പന്നതയോടെ നമ്മൾ ഗ്രന്ഥം താഴെ വയ്‌ക്കും. പിന്നെയും പാരായണത്തിനു് എടുക്കാനായി.

സൂസൻ സൻറ്റാഗിന്റെ “Illness as Metaphor”, “Aids and its Metaphors” ഈ ഗ്രന്ഥങ്ങൾ പ്രതിവിധിയില്ലാത്ത രണ്ടു രോഗങ്ങളുടെ — കാൻസറിന്റെയും എയ്‌ഡ്‌സിന്റെയും — ഭവിതവ്യതയിൽ നിന്നു നമ്മളെ മോചിപ്പിക്കുന്നു (Sohnya Sayres-ന്റെ അഭിപ്രായം). മൻതെയുടെയും സൻറ്റാഗിന്റെയും ഗ്രന്ഥങ്ങൾ വായിച്ചിട്ടുള്ളവർക്കു് ഡോക്‌ടർ എബ്രഹാം വർഗ്ഗീസിന്റെ “My Own Country” എന്ന ഗ്രന്ഥത്തിൽ നിന്നു ഒന്നും നേടാനില്ല. എയ്‌ഡ്‌സ് രോഗത്തിന്റെ സ്‌പെഷലിസ്റ്റ് എന്ന നിലയിൽ എബ്രഹാം വർഗീസിനുണ്ടായ അനുഭവങ്ങൾ വർണ്ണിക്കുന്ന ഇപ്പുസ്തകം ഒരു ക്ലിനിക്കൽ റെക്കോർഡ് എന്നതിൽക്കവിഞ്ഞു് ഒന്നുമല്ല. Fascinating, Beautiful, Tragic എന്നൊക്കെ പുസ്തകത്തിന്റെ കവറിലുണ്ടു്. പരസ്യമായി അവയെ കരുതിയാൽ മാത്രം മതി.

പല കാര്യങ്ങൾ

  1. ചൈനയിലെ പെൺകുട്ടികളുടെ കാലുകൾ വരിഞ്ഞു കെട്ടി അവയുടെ വളർച്ചയെ ഇല്ലാതാക്കുന്ന രീതി എ.ഡി. പത്താം ശതാബ്‌ദത്തിൽ തുടങ്ങിയതാണു്. സാധാരണമായ കാലിൽ നിന്നു നാലിഞ്ച് കുറവായിരിക്കും വരിഞ്ഞുകെട്ടി വളർച്ച ഇല്ലാതാക്കിയ കാലിനു്. ആ പെൺകുട്ടികൾക്കു നേരെ നടക്കാനാവില്ലല്ലോ. ചാഞ്ഞും ചരിഞ്ഞും നടക്കുന്ന ആ പെൺകുട്ടികളെ കണ്ടാൽ പുരുഷന്മാർക്കു കാമവികാരം അധികമാവും പോൽ. പുരുഷന്മാരുടെ അധമത്വം, ക്രൂരത എന്നേ പറയാനുള്ളൂ. പെൺകുട്ടിക്കു വരുത്തുന്ന അംഗവൈകല്യം അവളെ കാണുന്ന പുരുഷന്റെ കാമത്തെ ഉദ്ദീപിക്കുന്നതുപോലെ നമ്മുടെ കഥാകാരന്മാർ കഥയ്‌ക്കു സന്ദിഗ്‌ദ്ധത വരുത്തി അനുവാചകപ്രീതി നേടാൻ ശ്രമിക്കുന്നു. ഉദാഹരണം മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ശ്രീ. ബാലകൃഷ്‌ണൻ എഴുതിയ ‘കടല്പാലം’ എന്ന ചെറുകഥ. അച്ഛനും അമ്മയും കുഞ്ഞും കൂടി ആർക്കും മുന്നറിയിപ്പു നല്‌കാതെ ഒരു സ്ഥലത്തു പോകുന്നു. അവിടെ ഒരപരിചിതൻ. അവനെ കണ്ടതോടുകൂടി കുഞ്ഞിനു സംശയം. ദുർഗ്രഹമായി അവനെന്തോ പറയുന്നു. തന്തയും തള്ളയും കുഞ്ഞും തിരിച്ചുപോരുന്നു. എവിടെയിരിക്കുന്നു ഇതിന്റെ ‘ഗുട്ടൻസ്’ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. മൊണ്ടിപ്പെണ്ണിനെക്കണ്ടു വികാരമിളകുന്ന ആണിനെപ്പോലെ സന്ദിഗ്‌ദ്ധതയുടെ ദോഷമുള്ള ഈ കഥ കണ്ടു് ചില അത്യന്താധുനികർ വികാരത്തിൽ വീഴുന്നു. മതി. മതി.
  2. മേരി മക്കാർത്തിയുടെ “The Group” എന്ന നോവൽ അശ്ലീല പ്രതിപാദനത്തിൽ മുന്നിട്ടു നില്‌ക്കുന്നു. ഗർഭനിരോധം, ലേപനങ്ങൾ, വാനാറ്റം, ശബ്‌ദങ്ങൾ ഇവയെല്ലാം നോവലിൽ പ്രതിപാദിക്കുന്നു. അവ സഹൃദയനു് ഉദ്വേഗം ജനിപ്പിക്കുന്നു. 1970-ലോ അതിനടുപ്പിച്ചോ ആണു് ഞാൻ ഈ നോവൽ വായിച്ചതു്. ഈ ആഴ്ച വീണ്ടും വായിക്കാൻ ശ്രമിച്ചു. പത്തുപുറം വായിച്ചിട്ടു താഴെവച്ചു. എന്റെ പ്രായക്കൂടുതൽ കൊണ്ടല്ല ഈ മാറ്റം. സെക്‌സിന്റെ ചിത്രീകരണത്തിൽ ആർക്കും ഇന്നു താല്പര്യമില്ല. എന്നിട്ടും അതു മനസ്സിലാക്കാതെ ചിലർ നാലക്ഷരമുള്ള വാക്കു് രചനകളിൽ തിരുകുന്നു. ജീവിതത്തെക്കുറിച്ചു ഒറിജിനലായി എന്തെങ്കിലും പറയൂ. ആളുകൾ അതു കേൾക്കും. അല്ലാതെ സെക്‌സ് എഴുതരുതു്. അതുകൊണ്ടു് ഒരു പ്രയോജനവുമില്ല.
  3. ഇ.എം. കോവൂരിന്റെ രണ്ടു പുസ്തകങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞയാഴ്‌ച. പുസ്തകങ്ങൾ കൊടുത്തതു് ഞാൻ. അവ വാങ്ങിയതു് ഡോക്‌ടർ പി.വി. വേലായുധൻപിള്ള. ചടങ്ങിൽ പങ്കുകൊള്ളാൻ കോവൂരിന്റെ മക്കൾ വന്നിരുന്നു. അവരിൽ ഒരാൾ ആനി കോവൂർ. വെനേസുല സർവകലാശാലയിൽ സ്‌പാനിഷ് പഠിപ്പിക്കുന്ന പ്രഫെസറാണു് അവർ. അന്തസ്സും ആഭിജാത്യവുമുള്ള സ്‌ത്രീ. അവരുടെ സംഭാഷണവും പെരുമാറ്റവും കുലീനത കാണിക്കുന്നതു്. ഞാൻ ചില സ്‌പാനിഷ് ഉച്ചാരണങ്ങളെസ്സംബന്ധിച്ച സംശയങ്ങൾക്കു പരിഹാരം തേടി.
    ഞാൻ
    പാബ്‌ളോ നെറൂദ എന്നു് ചിലർ പറയുന്നതു ശരിയാണോ?
    ആനി കോവൂർ
    പാവ്‌ലോ നെരൂദ എന്ന ഉച്ചാരണം ശരി.
    ഞാൻ
    ഗാർസിഅ മാർകേസ്. Am I right??
    ആനി കോവൂർ
    ശരി.
    ഞാൻ
    നെരൂദയെ കണ്ടിട്ടുണ്ടോ?
    ആനി കോവൂർ
    ഇല്ല. റ്റെലിവിഷനിൽ പലപ്പോഴും കണ്ടിട്ടുണ്ടു്.

    തിരുവനന്തപുരത്തെ ആർട്‌സ് കോളേജിൽ വച്ചു് ചങ്ങമ്പുഴ ‘ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ…’ എന്നു തുടങ്ങുന്ന സ്വന്തം കവിത വായിച്ചതും ഭംഗിയായി ചൊല്ലാൻ അറിയാത്ത അദ്ദേഹത്തെ കുട്ടികൾ കൂവിയതും അപ്പോൾ ഇ.എം. കോവൂർ എഴുന്നേറ്റു് കവിത കൈയിൽ വാങ്ങിച്ചു് മനോഹരമായി പാടിയതും കുട്ടികൾ അതു കേട്ടു് കൈയടിച്ചതും മറ്റും ഞാൻ ശ്രീമതിയോടു പറഞ്ഞു. ആനിയുടെ ഭർത്താവും വെനേസുല യൂനിവേഴ്‌സിറ്റിയിൽ പ്രഫെസറാണു്. ഇ.എം. കോവൂരിന്റെ ആത്‌മാവു് മകളുടെ ഉയർച്ച കണ്ടു് ആഹ്ലാദിക്കുന്നുണ്ടാവണം.

  4. പ്രാചീനഭാരതത്തിലെ ഒരു പ്രാണാന്തദണ്ഡനം നമ്മളെ പേടിപ്പിക്കും. കുറ്റം ചെയ്തവനെ തറയിൽ മലർത്തിക്കിടത്തും. അയാളുടെ മുകളിലൂടെ പലകയിടും. എന്നിട്ടു് ആനയെ അതിലൂടെ നടത്തും. താഴെക്കിടക്കുന്നവൻ ചതഞ്ഞരഞ്ഞു പോകും. ഭൂമിയിൽ നിന്നു്, ചത്തവന്റെ മാംസം വടിച്ചെടുക്കാൻ പോലും പറ്റില്ല. ‘കലാവീക്ഷണം’ മാസികയിൽ ശ്രീ. ജോജി ചെങ്ങോട്ടാൽ എഴുതിയ ‘ലോട്ടറി’ എന്ന കഥ വായിക്കുന്നതു് ഇതിനെക്കാൾ വലിയ ദണ്ഡനമാണു്. ഇത്തരം കഥകൾ പത്രമാപ്പീസിൽ കിട്ടിയാൽ അതു കവറിലിട്ടു് സ്റ്റാമ്പൊട്ടിക്കാതെ തിരിച്ചയയ്‌ക്കണം പത്രാധിപർ. ‘കൂലിയടിച്ച’ കവർ കഥയെഴുത്തുകാരൻ തിരിച്ചു വാങ്ങിക്കൊള്ളും. സ്റ്റാമ്പൊട്ടിച്ച കവർ ഉപയോഗിക്കരുതു്. മാസികയ്‌ക്കുവേണ്ടി കരുതി വയ്‌ക്കുന്ന പണം ഇത്തരം കലാഭാസങ്ങൾക്കുവേണ്ടി വ്യർത്ഥവ്യയം ചെയ്യരുതല്ലോ.

സത്യം അസത്യത്തിലേക്കു്

ഇറ്റലിയിലെ നോവലിസ്റ്റും ചിന്തകനുമായ ഊമ്പർതോ എകോയുടെ ഏറ്റവും പുതിയ പുസ്തകമായ Serendipities — Language and Lunacy ഞാൻ വായിച്ചു. കള്ളം എന്നു് നമ്മൾ ഇന്നു കരുതുന്ന പല ആശയങ്ങളും യഥാർത്ഥത്തിൽ ലോകത്തിനു പരിവർത്തനം വരുത്തിയവയാണെന്നു എകോ വിശ്വസിക്കുന്നു. ആ പരിവർത്തനം നന്മയ്‌ക്കാകാം, തിന്മയ്‌ക്കാകാം. അയഥാർത്ഥങ്ങളായ വിശ്വാസങ്ങളും കണ്ടുപിടുത്തങ്ങളും സത്യത്തിലേക്കു നമ്മളെ കൊണ്ടു ചെല്ലുമെന്നും എകോക്കു് അഭിപ്രായമുണ്ടു്. ഇതിനെയാണു് അദ്ദേഹം Serendipity എന്നു വിളിക്കുന്നതു്. പടിഞ്ഞാറോട്ടു പോയാൽ ഏഷയിൽ ചെല്ലാമെന്നു വിശ്വസിച്ച കലമ്പസ് (കൊളമ്പസ് എന്നു മലയാളത്തിൽ) അമേരിക്ക ‘കണ്ടുപിടിച്ചു’. തെറ്റായ സങ്കല്പം ശരിയിൽ എത്തുന്നതിനു് ഇതു് ഉദാഹരണം. ഇങ്ങനെ പലതും എടുത്തു കാണിക്കുന്നുണ്ടു് എകോ. കഥയെഴുതണം എന്ന സത്യാത്‌മകമായ ഉദ്ദേശ്യത്തോടുകൂടി രചന തുടങ്ങുകയും കലാഭാസം എന്ന അസത്യാത്മകതയിൽ ചെല്ലുകയും ചെയ്യുന്നതിനെക്കുറിച്ചു് എകോ ചിന്തിച്ചില്ല. വിചാരിച്ചെങ്കിൽ, മലയാള ഭാഷ അദ്ദേഹത്തിനു് അറിയാമായിരുന്നെങ്കിൽ സത്യം അസത്യമാകുന്നതിനു ഉദാഹരണമായി അദ്ദേഹം പ്രഫെസർ സി. ചന്ദ്രമതി കുങ്കുമം വാരികയിലെഴുതിയ ‘സെൻഡ് ഓഫ്’ എന്ന കഥയെക്കുറിച്ചു പറയുമായിരുന്നു. ഒരധ്യാപിക പെൻഷൻ പറ്റുമ്പോൾ സഹപ്രവർത്തകർ സെൻഡ് ഓഫ് കൊടുക്കുന്നതാണു് ഇതിന്റെ വിഷയം. അതിന്റെ വിവരണമല്ലാതെ ഇതിൽ ഒന്നുമില്ല. പ്രസ്താവ്യമായ ആശയമില്ല. ശൈലിയുടെ ഹൃദ്യതയില്ല. സ്വഭാവ ചിത്രീകരണമില്ല. സംഘട്ടനമില്ല. വികാരമില്ല. ഉൾക്കാഴ്ചയില്ല. സർഗപ്രക്രിയയില്ല. ആകെയുള്ളതു് കുറെ വാക്യങ്ങൾ മാത്രം. വ്യാകരണം സമ്മതിക്കാത്ത ചില പ്രയോഗങ്ങളും. ശ്രീമതി എഴുതുന്നു:

  1. മാനസ്സികസംഘർഷം — മാനസികമെന്നല്ലാതെ മാനസ്സികം എന്നില്ല. ‘സ’യുടെ ഇരട്ടിപ്പ് തെറ്റു്.
  2. സ്വാഗതപ്രസംഗകൻ- പ്രസംഗകൻ എന്ന വാക്കു് ഇല്ല. പ്രസംഗത്തിനു് ഭക്തി, ചേർച്ച, ലൈംഗികവേഴ്‌ച എന്നൊക്കെയാണു് അർത്ഥം. സ്വാഗതപ്രഭാഷകൻ എന്നു എഴുതാം.
  3. വേഗത — ഇങ്ങനെയൊതു വാക്കു് ഇല്ല. വേഗം ശരി.
  4. പരവേശം — ഈ വാക്കു് അക്ഷരമറിയാത്തവർ പ്രയോഗിക്കുന്നതാണു്. തളർച്ച, ക്ഷീണത എന്ന അർത്ഥത്തിൽ പരവേശം എന്ന വിദ്യാഭ്യാസം ലഭിച്ചവർ എഴുതുകില്ല.

നവീനതത്ത്വചിന്ത

ഷാങ് ബോദ്രിയാർ (Jean Baudrillard, born 1929) ഫ്രഞ്ച് സമൂഹശാസ്ത്രജ്‌ഞനും സംസ്കാരത്തിന്റെ നിരൂപകനുമാണു്. പോസ്റ്റ് മോഡേണിസ്റ്റായ അദ്ദേഹം വളരെ വിചിത്രങ്ങളായ അഭിപ്രായങ്ങൾ ആവിഷ്‌കരിക്കാറുണ്ടു്. 1991-ലെ ഗൾഫ് യുദ്ധം നടന്നില്ല എന്നതു് അത്തരം അഭിപ്രായങ്ങളിലൊന്നാണു്. മറ്റൊരു വിചിത്രമായ മതമാണു് വസ്തുക്കളെ ഫോട്ടോ എടുക്കുന്നതിനെക്കുറിച്ചു ബോദ്രിയാറിനുള്ളതു്. ആഹ്ലാദത്തിനു വേണ്ടി നമ്മൾ ഛായാഗ്രഹണം നടത്തുന്നു എന്നാണല്ലോ നമ്മുടെ വിചാരം. സത്യമതല്ല പോലും. വസ്തുവാണു് ഫോട്ടോയെടുക്കാൻ ആശിക്കുന്നതു്. മേശയുടെ ഫോട്ടോ ഒരാൾ എടുക്കുന്നുവെന്നു് വിചാരിക്കുക. ഛായഗ്രഹണത്തിനു് ഉദുക്തനാവുന്നവനു താല്പര്യമില്ല അതിനു്. പക്ഷേ മേശയ്ക്കു് ആഗ്രഹം അതിനെ ക്യാമറയിലേക്കു പകർത്തിയെങ്കിൽ എന്നു് (വിശദീകരണം എന്റേതു്). എന്തൊക്കെയാവാം ഇതിന്റെ അർത്ഥം? പ്‌ളേറ്റോ തൊട്ടു റസ്സൽ വരെ. സാർത്ര് വരെയുള്ള തത്ത്വചിന്തകർ ഇത്തരത്തിലുള്ള നോൺസെൻസ് പറഞ്ഞിട്ടില്ല. എങ്കിലും ബോദ്രിയാർ വലിയ തത്ത്വചിന്തകനാണെന്നു് അഭിജ്‌ഞന്മാർ പറയുന്നു. (Art and artefact, Jean Baudrillarc, Edited by Nicholas Zurnrugg, Sage Publications. London, Rs 1002.85. ഈ ഗ്രന്ഥം ബോദ്രിയാറിന്റെ തത്ത്വചിന്തയെക്കുറിച്ചു മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.)

സൗന്ദര്യവും സമ്പത്തും

എന്റെ യൗവനത്തിൽ പുരുഷന്മാർ സ്‌ത്രീ സൗന്ദര്യത്തിലാണു് തൽപരരായിരുന്നതു്. ഇന്നു് അങ്ങനെയല്ല. പെണ്ണിനു് പണമുണ്ടെങ്കിൽ അവളുടെ വൈരൂപ്യം ആണിനു് വിവാഹകാര്യത്തിൽ ഒരു തടസ്സവും സൃഷ്‌ടിക്കില്ല.

എറണാകുളത്തെ കോളേജ് ഹോസ്റ്റലിന്റെ മുൻവശത്തുള്ള വലിയ റോഡിലൂടെ പ്രഫെസർ സി.എ. മോഹൻദാസും ഞാനും ഒരു സായാഹ്നസവാരി നടത്തുകയായിരുന്നു. പിൽക്കാലത്തു പ്രിൻസിപ്പലായ മോഹൻദാസ് അന്നു മഹാരാജാസ് കോളേജിലെ പ്രഫെസർ. ഞങ്ങൾക്കു നേരെ വരുന്ന അസംഖ്യം കാറുകളിൽ സുന്ദരനായ പുരുഷനും അയാളുടെ വൈരൂപ്യമുള്ള ഭാര്യയും. ഇക്കാഴ്‌ച ഏറെക്കണ്ടപ്പോൾ ഞാൻ മോഹൻദാസിനോടു ചോദിച്ചു. വലതുവശത്തിരുന്നു കാറോടിക്കുന്ന പുരുഷനു് ആകൃതിസൗഭഗം. അയാളുടെ ഇടതുവശത്തിരിക്കുന്ന ഭാര്യക്കു് വൈരൂപ്യം. എന്താ ഇതു് നിയമമെന്നപോലെ? മോഹൻദാസ് പറഞ്ഞു. “അയാൾ വിവാഹം കഴിച്ചതു് പെണ്ണിനെയല്ല. രണ്ടുലക്ഷം രൂപ വില വരുന്ന പുതിയ കാറിനെയാണു്”. അദ്ദേഹത്തിന്റെ മറുപടി എനിക്കു നന്നേ രസിച്ചു.

കാലം മാറിപ്പോയി. എന്റെ യൗവനത്തിൽ പുരുഷന്മാർ സ്ത്രീസൗന്ദര്യത്തിലാണു് തല്പരരായിരുന്നതു്. ഇന്നു് അങ്ങനെയല്ല. പെണ്ണിനു് പണമുണ്ടെങ്കിൽ അവളുടെ വൈരൂപ്യം ആണിനു് വിവാഹകാര്യത്തിൽ ഒരു തടസ്സവും സൃഷ്‌ടിക്കില്ല. യുവാക്കന്മാർക്കു് ഇപ്പോൾ ബഹുമാനം ധനത്തെയാണു്. സൗന്ദര്യത്തെയല്ല.

പണ്ടു യുവാക്കന്മാർ സൗന്ദര്യമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതിനെപ്പറ്റി Nancy Friday പറയുന്നു: “…the first thing these men buy themselves is a beautiful lace and a great pair of tits. But the revenge is never complete; the beauty, the tits are hers, not his!” ശരി. ഇപ്പോൾ പുരുഷന്മാർക്കു നോട്ടം സമ്പത്തിലാണു്.

ഈ മാറ്റം സാഹിത്യത്തിലുമില്ലേ? കാളിദാസന്റെ, റ്റാഗോറിന്റെ, വള്ളത്തോളിന്റെ, ചങ്ങമ്പുഴയുടെ കവിതകൾക്കുള്ള സൗന്ദര്യമാണു് ആ കാലയളവുകളിലെ സഹൃദയർ കൊതിച്ചിരുന്നതു്. ഇന്നു സൗന്ദര്യത്തിൽ ആർക്കും തല്പരത്വമില്ല. അവർ ആശയവൈരൂപ്യത്തിൽ അഭിരമിക്കുന്നു. ദുർഗ്രഹതയുടെ അപരൂപത എത്രത്തോളമുണ്ടോ അത്രത്തോളം അവർ അതിനെ ആദരിക്കുന്നു.