close
Sayahna Sayahna
Search

നിരീക്ഷണങ്ങള്‍


1985

സാഹിത്യവാരഫലം 1985 09 29

സിൽവിയ പ്ലാത്ത്

വിന്‍സിയും ബിയാട്രീസും അന്യോന്യം സ്നേഹിച്ചവര്‍. ഭീരുവായ വിന്‍സി ബിയാട്രീസിനെ വിവാഹം കഴിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീടു് അയാള്‍ സുഷയെ കല്യാണം കഴിച്ചു. നാട്ടില്‍ വന്നിട്ടു് അമേരിക്കയിലേക്കു തിരിച്ചു പോയ ബിയാട്രീസ് പൂര്‍വ്വകാമുകന്റെ മകന് ഒരു പേരു നിര്‍ദ്ദേശിച്ചു. വിന്‍സിയേയും സുഷയേയും കൂട്ടിചേര്‍ക്കുന്ന പേര്. സുഷയ്ക്കു അതിഷ്ടവുമായി. ഭര്‍ത്താവു് പൂര്‍വ്വകാമുകിയെ കാണാന്‍ പോയതിലും അവള്‍ക്കു നീരസമില്ല. ഭാര്യയും ഭര്‍ത്താവും സ്നേഹത്തിന്റെ നീര്‍ക്കയത്തില്‍ മുങ്ങി കൈയും കാലുമിട്ട­ടിക്കുമ്പോള്‍ ബാബു തടത്തില്‍ മംഗളം വാരികയിലെഴുതിയ “നന്ദി, ബിയാട്രീസ്” എന്ന കഥ അവസാനിക്കുന്നു — സംസ്കാരത്തെ പിടിച്ചു പിറകോട്ടു വലിക്കുന്നവര്‍ തങ്ങളുടെ അധമകൃത്യത്തെ­ക്കുറിച്ച് അറിയുന്നില്ല എന്നതാണ് ഇന്നത്തെ വലിയ തകരാറു്. ബാബു തടത്തില്‍ അതറിഞ്ഞെങ്കില്‍!

ജനയുഗം വാരികയില്‍ അമൃതാ പ്രീതത്തിന്റെ ‘മെഴുകുതിരി’ എന്ന കവിതയുടെ തര്‍ജ്ജമയുണ്ടു് (കെ. രാധാകൃഷ്ണന്‍ തര്‍ജ്ജമ ചെയ്തത്).

“ഒരു പള്ളിയിലെ മെഴുകുതിരിയാണ് ഞാന്‍. നിത്യവും നെഞ്ചിലെ അഗ്നിയെ കാലുകളിലേ­ക്കിറക്കിയിട്ട് ഞാന്‍ പള്ളിയില്‍ നിന്നു പുറത്തു കടക്കും.” എന്നു അതിന്റെ തുടക്കം. സില്‍വിയാ പ്ലാത്തും Candles എന്നൊരു കാവ്യം രചിച്ചിട്ടുണ്ട്.

“They are the last romantics, these candles:
Upside down hearts of Light tripping wax fingers
And the fingers, taken in by their own haloes
Grown milky, almost clear, like the bodies of saints
It is touching, the way they’ll ignore”

എന്നു് ആരംഭം. അമൃതാ പ്രീതത്തിന്റെതു ദുഷ്കവിത; സില്‍വിയാ പ്ലാത്തിന്റേതു ഉജ്ജ്വലമായ കവിത എന്ന് ഇതു തെളിയിക്കും.

മകന്‍ പൂയം നക്ഷത്രത്തില്‍ ജനിച്ചതു കൊണ്ടു് തനിക്കോ ഭര്‍ത്താവിനോ ആപത്തു വരുമെന്നു അവള്‍ക്കു പേടി. ആ പേടിയോടു കൂടി ഉറങ്ങുമ്പോള്‍ അവള്‍ അയാളുടെ മുതുകു കടിച്ചുമുറിച്ചു. ഭര്‍ത്താവു് ഉണര്‍ന്ന് കാര്യം മനസ്സിലാക്കി അവളെ ആശ്വസിപ്പിക്കുന്നു; അന്ധവിശ്വാസം അകറ്റുന്നു. ഇത് സുമതിക്കുട്ടി പെരുവന്താനം പൗരധ്വനി വാരികയില്‍ എഴുതിയ ‘ശാന്തിയുടെ വഴി’ എന്ന കഥ — ക്ഷമയെപ്പോലെ ക്ഷമിക്കണം എന്നതു നല്ല ഉപദേശം. പക്ഷേ, ഇക്കഥ വായിച്ചപ്പോള്‍ ഞാന്‍ ക്ഷമയായെങ്കില്‍ എന്നു് എനിക്കഭിലാഷം (ക്ഷമ = ഭൂമി).


സാഹിത്യവാരഫലം 1985 11 24

  1. തോപ്പില്‍ഭാസി: തിംബ്ള്‍ കണ്ടാല്‍ അതു പറയാണെന്നും ടീസ്പൂണ്‍ കണ്ടാല്‍ അതു വാര്‍പ്പിലെ പായസമിളക്കുന്ന വലിയ ചട്ടുകമാണെന്നും കല്ലടയാറു് ഗംഗയാണെന്നും മൂക്കുന്നിമല ഹിമാലയമാണെന്നും ധരിച്ചുവയ്ക്കുന്ന വിശാലഹൃദയന്‍. അല്ലെങ്കില്‍ വിപുലീകരണകാചനേത്രന്‍ പാശ്ചാത്യ വിദ്യാഭ്യാസം കുറയുന്തോറും നേത്രകാപത്തിന്റെ വിപുലീകരണശക്തി കൂടുമെന്നതു പുതിയ സിദ്ധാന്തമല്ല; പഴയ സിദ്ധാന്തംതന്നെ. 10- ആം ലക്കം കുങ്കുമം വാരികയില്‍ നിസ്സാരനായ എന്നെക്കുറിച്ചു് അദ്ദേഹമെഴുതിയതു വായിച്ചപ്പോള്‍ തോന്നിയതാണു് ഈ നിര്‍വ്വചനം. പണ്ടു് (വളരെ പണ്ടല്ല) അദ്ദേഹം സാഹിത്യവാരഫലത്തെ പുകഴ്ത്തിയിട്ടുണ്ടു്. അര്‍ജ്ജുനന്റെ അസ്ത്രപ്രയോഗം പോലെയാണു് എന്റെ രചനാരീതിയെന്നു് അദ്ദേഹം പറഞ്ഞു. അമ്പ് എടുക്കുമ്പോള്‍ ഒന്നു്, തൊടുക്കുമ്പോള്‍ പത്തു്, ഞാണു് വലിക്കുമ്പോള്‍ നൂറു്, പായുമ്പോള്‍ ആയിരം, കൊള്ളുമ്പോള്‍ പതിനായിരം എന്നോ മറ്റോ ആയിരുന്നു സ്തുതി ഇപ്പോള്‍ ആ പംക്തി തന്നെ അദ്ദേഹത്തിനു കത്സിതമായിത്തീര്‍ന്നിരിക്കുന്നു. തോപ്പില്‍ ഭാസി സത്യംപറഞ്ഞതു് പണ്ടോ, അതോ ഇപ്പോഴോ?

    തോപ്പില്‍ ഭാസിക്കു് ഇംഗ്ലീഷ് ഒഴിച്ചു പല ഭാഷകള്‍ അറിയാം. അറിയാമെന്നല്ല പറയേണ്ടതു്; അവഗാഹമുണ്ടു്. അവയില്‍ ഒരു ഭാഷ അശ്ശീലഭാഷയാണു്. അതുകൊണ്ടാണല്ലോ മാന്യമായ രീതിയില്‍ സാഹിത്യനിരൂപണം നിര്‍വ്വഹിച്ചു എന്നെ തോല്പിക്കാന്‍ “എന്റെ അമ്മയ്ക്കു് പറയുന്ന”തു്. (സ്വന്തം അമ്മയെപ്പറ്റിയും എന്നു തുടങ്ങുന്ന ഭാഗം നോക്കുക). ഉജ്ജ്വല പ്രതിഭാശാലിയും മഹാപണ്ഡിതനും സംസ്ക്കാര സമ്പന്നനുമായ എന്‍. വി. കൃഷ്ണവാരിയര്‍ എഡിറ്ററായിരിക്കുന്ന കുങ്കുമത്തില്‍ ഇങ്ങനെയൊരു ലേഖനം വന്നല്ലോ. കഷ്ടം!

  2. കേരളസംസ്കാരം മാസികയില്‍ പ്രൊഫസര്‍ പി. ടി ചാക്കോ എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ: “അടുത്തകാലത്തു് ശ്രീ. ആഷാമേനോന്‍ മാതൃഭൂമിയില്‍ അഭയാര്‍ത്ഥികളേ’പ്പറ്റി എഴുതിയ അതിദീര്‍ഘമായ ഒരു ലേഖനം മൂന്നുനാലു തവണ ഈ ലേഖകന്‍ വായിച്ചുനോക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ വാക്യങ്ങളും എനിക്കു പിടികിട്ടി പക്ഷേ ഏതെങ്കിലും ഒരു ഖണ്ഡിക വായിച്ചശേഷം അതിന്റെ അര്‍ത്ഥമെന്തെന്നു് കുറിച്ചിടാന്‍ ശ്രമിച്ചിട്ടു് ഞാന്‍ അമ്പേ പരാജയപ്പെട്ടു. ഒരര്‍ത്ഥവുമില്ലാത്ത ഒരു ഡസന്‍ പ്രയോഗങ്ങള്‍ ഈ ഒരു ലേഖനത്തിലുണ്ടായിരുന്നു. ‘വാക്കുകളുടെ അതിസാരം’ (diarrohoea of words) ‘എഴുത്തുകാരന്റെ കടി’ (cacoethes seribeadi) എന്നീ സാഹിത്യരോഗങ്ങള്‍ ബാധിച്ച മലയാളികളായ എഴുത്തുകാരില്‍ ആഷാമേനോന്‍ ഒറ്റപ്പെട്ട വ്യക്തിയല്ല. ചെറിയാൻ കെ. ചെറിയാനും സച്ചിദാനന്ദനും ഇതേ രോഗമുള്ളവരാണു്.”

    അപ്പോള്‍ ആളുകള്‍ സത്യം പറയാന്‍ തുടങ്ങിയിരിക്കുന്നു അല്ലേ? കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ സത്യം ഉറക്കെ പറയട്ടെ. അതുതന്നെയാണു് ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സ. ടാഗോര്‍ പറയുന്നപോലെ ആഹ്ലാദത്തിന്റെ പാൽക്കടലില്‍ ലക്ഷ്മിദേവിയെപ്പോലെ നില്‍ക്കുന്ന വധു. അതി സുന്ദരിയായ അവളെ വിവാഹം കഴിച്ചു് അയാള്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുന്നു അയാള്‍ക്കു് എന്തു രസം! ഏഴുമാസം കഴിയുമ്പോള്‍ അവള്‍ ഉദര വൈപുല്യത്തോടുകൂടി സ്വന്തം വീട്ടിലെത്തുമ്പോള്‍ വൈരൂപ്യത്തിനു് ആസ്പദം ആഷാമേനോനു് ഭാഷയുമായുള്ള സമ്പര്‍ക്കം രസപ്രദമാണു്. പക്ഷേ അവളെ വൈരൂപ്യമുള്ളവളാക്കുന്നതില്‍ ഞങ്ങള്‍‍ക്കു ദുഃഖം: വൈഷമ്യം.


സാഹിത്യവാരഫലം 1985 10 13

അമേരിക്കയില്‍വച്ചു് ലോകമലയാള സമ്മേളനം നടത്തിയപ്പോള്‍ കേരളത്തിലെ എഴുത്തുകാരെ വേണ്ടപോലെ ക്ഷണിച്ചു മാനിക്കാത്തതിനെക്കുറിച്ച് ഡോക്ടര്‍ എം. എം. ബഷീര്‍ ധര്‍മ്മരോഷത്തോടെ ചന്ദ്രിക ആഴ്ചപ്പതിപ്പിന്‍ എഴുതിയിരിക്കുന്നു....ബഷീറിന്റെ ധര്‍മ്മരോഷത്തിനു സാംഗത്യമുണ്ടു്. എങ്കിലും അതുകൊണ്ടു ഫലമില്ല. ചീഞ്ഞളിയുന്ന ശരീരത്തില്‍ ഈച്ചകള്‍ വന്നിരുന്നു നുണയാതിരിക്കില്ല എക്കാലത്തും ശവങ്ങളുണ്ടു്. അവ അഴകള്‍ ഈച്ചകള്‍ വരികയും ചെയ്യും. (ഇതു് എന്നെ ക്ഷണിക്കാത്തതു കൊണ്ടാണെന്നു കരുതരുതേ സമ്മേളനത്തിനല്ലെങ്കിലും അമേരിക്കയിലേക്കു ചെല്ലാന്‍ ഒരു മാന്യ സുഹൃത്തു് എന്നെ ക്ഷണിച്ചു യൂറോപ്പിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ കാണിച്ചിട്ടു് ഇവിടെ തിരിച്ചുകൊണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. കൃതജ്ഞതയോടെ ഞാൻ ആ ക്ഷണം നിരസിച്ചു. ഒരിടത്തും പോകാനോ ‘ലൈംലൈറ്റില്‍’ നില്ക്കാനോ താല്പര്യമില്ലാത്ത ഒരു അരസികനാണു് ഞാന്‍.)

വിവാഹം കഴിക്കണമെന്ന സ്ത്രീയുടെ അഭ്യര്‍ത്ഥന പുരുഷന്‍ നിരസിച്ചു. അവള്‍ വാശിതീര്‍ക്കാന്‍ മറ്റൊരുത്തനെ വിവാഹം ചെയ്തു. പ്രതികാരണബുദ്ധിയോടെ അവള്‍ ആദ്യത്തെയാളിനെ കത്തയച്ചു വീട്ടില്‍ വരുത്തി; താന്‍ സുഖമായി കഴിയുകയാണെന്നു് അയാളെ ധരിപ്പിക്കാന്‍. പക്ഷേ, അവളുടെ ഭര്‍ത്താവു് സത്യം എന്താണെന്നു പറഞ്ഞുകൊടുത്തു. വിവാഹം നിരസിച്ച പുരുഷന്‍ മാറാവ്യാധിക്കാരനായിരുന്നു. പെണ്ണിനെ രക്ഷിക്കാനാണു് അയാള്‍ ഒഴിഞ്ഞുമാറിയതും അവളുടെ ഭര്‍ത്താവിനോടു് അവളെ സ്വീകരിക്കണമെന്നു പറഞ്ഞതും. റഹ്മാന്‍ പി. തീരുനെല്ലൂര്‍ എക്സ്പ്രസ്സ് വാരികയിലെഴുതിയ കഥയാണിതു്. കഥ എത്ര വഞ്ചനാത്മകമാണെന്നു അതുതന്നെ വ്യക്തമാക്കുന്നില്ലേ? അതുകൊണ്ടു കമന്റ് വേണ്ട.

‘ഇതുശൃംഗാര രസത്താഴ്വരയില്‍
മധുരിമയുടെ കുളിര്‍തടിനിയിലൊരുനാൾ
നീരാടാനൊരു സുന്ദരിയെത്തിയ
നാളാണിക്കഥയാരംഭിച്ചു’

എന്നു തുടങ്ങുന്നു പി. നാരായണക്കുറുപ്പു് ‘സുനന്ദ’ വാരികയിലെഴുതിയ ‘പ്രണയഭസ്മം’ എന്ന കാവ്യം.... അതിഭാവുകത്വമില്ലാത്ത നല്ല കാവ്യമാണിതു്.

* * *

ചങ്ങമ്പുഴയുടെ “പഞ്ചഭൂതാദിയുക്തമെന്‍ ഗാത്രം...” എന്നു തുടങ്ങുന്ന കാവ്യം. മഹനീയമായ കവിതയ്ക്കു് ഉദാഹരണമായി ഞാന്‍ പല സമ്മേളനങ്ങളിലും ചൊല്ലാറുണ്ടു്. അതു ദണ്ഡിപഞ്ചകത്തിലെ അഞ്ചാമത്തെ ശ്ലോകത്തിന്റെ ഭാഷാന്തരീകരണമാണെന്നു കാണിച്ചു് തൃശൂരില്‍ നിന്നൊരു പണ്ഡിതന്‍ എനിക്കെഴുതിയിരിക്കുന്നു. സംസ്കൃത ശ്ലോകവും ചങ്ങമ്പുഴയുടെ കാവ്യവും വിഭിന്നങ്ങളല്ല. കവിത മഹത്ത്വമാര്‍ന്നതുതന്നെ. പക്ഷേ അതിന്റെ ക്രെഡിറ്റ് — ബഹുമതി — ഇനിമേലില്‍ ദണ്ഡിക്കാണു്. ചങ്ങമ്പുഴയ്ക്കല്ല.

1986

സാഹിത്യവാരഫലം 1986 05 04

സ്ത്രീ
അവള്‍ വിടര്‍ന്ന താമരപ്പൂവാണു്, പരിമളം പരത്തുന്ന പനിനീര്‍പ്പൂവാണു്, തെങ്ങോലത്തുമ്പില്‍ തൂങ്ങി നില്‍ക്കുന്ന ഒറ്റത്താരകമാണു്. മധു നിറച്ച ചഷകത്തില്‍ തോണിപോലൊഴുകുന്ന താമരപ്പൂവിതളാണു്. മിന്നല്‍ക്കൊടിയാണു്. പക്ഷേ, അവള്‍ രാഷ്ട്രവ്യവഹാരത്തിനു സന്നദ്ധയാവുമ്പോള്‍, സൂമൂഹപരിഷ്കരണത്തിനു് ഉദ്യുക്തയാകുമ്പോൾ ഇതൊന്നുമല്ല.
എം. കൃഷ്ണന്‍നായര്‍
ചേതോഹരം, ആവിഷ്കരാം, സ്ഫുടീകരണം, ആലേഖനം ഈ വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആള്‍.
സാഹിത്യപഞ്ചാനന്‍ പി. കെ. നാരായണപിള്ള
തനിക്കുള്ള പാണ്ഡിത്യത്തിന്റെ ആയിരത്തിലൊരംശം മാത്രം പ്രദര്‍ശിപ്പിച്ച മഹാവ്യക്തി.
നവീനനിരൂപകര്‍
ചൊട്ടച്ചാണ്‍വഴി ദൂരം മാത്രം കഷ്ടിച്ചങ്ങുപറക്കും കോഴികള്‍.
കെ. പി. അപ്പന്‍
കാഴ്ചയ്ക്കും പെരുമാറ്റത്തിലും സാഹിത്യരചനയിലും മാന്യന്‍. അദ്ദേഹം പ്രകാശിപ്പിക്കുന്നതു് സ്വന്തം അഭിപ്രായങ്ങളാണു്. അതുകൊണ്ടു് അവയോടു് എനിക്കു യോജിച്ചേതീരു എന്നില്ല.
പഞ്ചവങ്കാട്ടുനീലി
സി. വി രാമന്‍പിള്ള മാര്‍ത്താണ്ഡവര്‍മ്മയിലൂടെ പ്രസിദ്ധയാക്കിയ യക്ഷി. അവള്‍ താമരപ്പൂവായിരുന്നില്ല. പനിനീര്‍പ്പൂവായിരുന്നില്ല. ഒറ്റത്താരകമായിരുന്നില്ല. മധുചഷകത്തിലെ പൂവിതളായിരുന്നില്ല. അനന്തപത്മനാഭന്മാരെ കൊന്നു് സമൂഹം പരിഷ്കരിക്കാന്‍ ഇറങ്ങിയവളായിരുന്നു.


സാഹിത്യവാരഫലം 1986 07 20

പരീക്ഷ നടക്കുന്ന മുറികള്‍
അദ്ധ്യാപികന്മാര്‍ക്കു വാതോരാതെ ചേട്ടനെക്കുറിച്ചും പുതിയ സാരികളെക്കുറിച്ചും സംസാരിക്കുനുള്ള സ്ഥലങ്ങള്‍. ഒന്നാംക്ലാസ് കിട്ടേണ്ട പല കുട്ടികളും ഇത്തരം സംസാരം കേട്ടു് വേണ്ടപോലെ ഉത്തരമെഴുതാന്‍ കഴിയാതെ തോററിട്ടുണ്ടു്. (ഈ സംസാരത്തെക്കുറിച്ചു പല കട്ടികളും എന്നോടു പരാതിപറഞ്ഞിട്ടുണ്ടു്.)
ടെലിവിഷന്റസെററ്
റിപ്പയറര്‍ ഒന്നു തുറന്നുനോക്കിയാല്‍ ഉടമസ്ഥനു് അമ്പതു രൂപ നഷ്ടപ്പെടുന്നതിനു സഹായമരുളുന്ന ഒരു ഉപകരണം.
കാറിന്റെ ബാക്ക്സീററിനു മുകളിലുള്ള സ്ഥലം
ക്ലാര്‍ക്കായി കയറി സീനിയോറിററിയുടെ ഫലമായി സെക്രട്ടറിയാകുന്നവര്‍ക്കു നൂററുകണക്കിനു് ഫയലുകള്‍ അടുക്കിവയ്ക്കാനുള്ള സ്ഥലം. അങ്ങനെ ഫയലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു് അവര്‍ ഗമയില്‍ വീട്ടിലേക്കു പോകുന്നതു് കാണേണ്ട കാഴ്ചയാണു്. (കിരാതനെന്നു വിശേഷിപ്പിക്കപ്പെടുന്നെങ്കിലും ഒട്ടും കറപ്റ്റ് അല്ലാതിരുന്ന സി. പി. രാമസ്വാമി അയ്യര്‍ കല്പിച്ചിരുന്നു ഒരുദ്യോഗസ്ഥനും ഫയല്‍ വീട്ടില്‍ കൊണ്ടുപോകരുതെന്നു്.)
ലോകകപ്പ് ഫുട്ബോള്‍ മത്സരം
ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരന്റെ ജനനേന്ദ്രിയം നോക്കി ചവിട്ടുന്ന ബാര്‍ബറിസം. ദ്യോഗോ മാറാദോനയെപ്പോലുള്ള ചില മാന്യന്മാര്‍ ഇവരുടെ കൂട്ടത്തലുണ്ടു് എന്നതു വിസ്മരിക്കുന്നില്ല (Diego Maradona).
ബ്യൂട്ടി പാര്‍ലറുകള്‍
ചെറുപ്പക്കാരികളല്ലാത്തവര്‍ക്കു് പുരികം വടിച്ചിറക്കി വേറെ വരയ്ക്കാനും രാസദ്രവ്യംകൊണ്ടു മുഖത്തിനു വൈരൂപ്യം വരുത്താനുമുള്ള സ്ഥലങ്ങള്‍.
ഹോക്കര്‍ (ആക്രിക്കച്ചവടക്കാരന്‍)
പഴയ വര്‍ത്തമാനപ്പത്രത്തിന്റെ ഭാരം പത്തു കിലോയാണെങ്കില്‍ അതു് ത്രാസിലിട്ടു് മൂന്നു കിലോയാക്കി പ്രദര്‍ശിപ്പിക്കുന്ന മജീഷ്യന്‍.
ചില പുതിയ വിവാഹങ്ങള്‍
കുറഞ്ഞതു നൂറു പവന്റെ ആഭരണങ്ങളും ആയിരം രൂപയുടെ കാഞ്ചീപുരം സാരിയും ചാര്‍ത്തിയ പെണ്ണിന്റെ തന്തയുടെ കൈയില്‍നിന്നു് സകലമാന വസ്തുതകളും എഴുതി മേടിച്ചിട്ടു് അവളെ തുരുമ്പു പിടിച്ച കസേരയിരുത്തി കഴുത്തില്‍ ഒരു ചുവപ്പു മാലയിട്ടു് കൊണ്ടുപോകകയും വിളിച്ചുവരുത്തിയ മാന്യന്മാര്‍ക്കു് പഞ്ചാരയിടാത്ത നാരങ്ങാവെള്ളം മാത്രം കൊടുത്തയയ്ക്കുകയും ചെയ്യുന്ന ഏര്‍പ്പാടുകള്‍.


സാഹിത്യവാരഫലം 1986 08 17

  • ജി. ശങ്കരക്കുറുപ്പു് പ്രസംഗിക്കുമ്പോള്‍ വലതുകൈ പിറകിലോട്ടാക്കിവച്ചിരിക്കും. പ്രസംഗം തീരുന്നതുവരെ അദ്ദേഹം വിരലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കും [ഞാന്‍ പലതവണ കണ്ടിട്ടുള്ളതു്].
  • ‘ദ്രുതകവന’ത്തിലേര്‍പ്പെട്ട കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ഇടതുകൈകൊണ്ടു് താനിരിക്കുന്ന പരമ്പിന്റെ (പനമ്പിന്റെ) പൊളികള്‍ പൊളിച്ചെടുത്തു പൊടിക്കുമായിരുന്നു. കാവ്യം തീരുമ്പോള്‍ ഇടതുവശത്തു് പരമ്പുപൊടിയുടെ കൂമ്പാരം [ജീവചരിത്രം നല്കിയ അറിവു്].
  • റോബര്‍ട്ട് ബ്രൗണിങ് കാവ്യം രചിക്കുമ്പോള്‍ ഉപ്പുകുററിയുടെ ഭാഗംകൊണ്ടു് കാര്‍പ്പററ് മര്‍ദ്ദിച്ചുകൊണ്ടിരിക്കും. കാവ്യം എഴുതിത്തീരുമ്പോള്‍ കാര്‍പ്പററില്‍ പല കുഴികള്‍ കാണും [ജീവചരിത്രത്തില്‍നിന്നു്].
  • ചങ്ങമ്പുഴ കൃഷ്ണപിള്ള ആരോടു സംസാരിച്ചാലും “മനസ്സിലായോ, മനസ്സിലായോ?” എന്നു കൂടക്കൂടെ ചോദിക്കും [നോരിട്ടുള്ള പരിചയത്തില്‍നിന്നു്].
  • പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധപ്പെടുത്തിയ തന്റെ പുസ്തകങ്ങളിൽ ഏറിയ കൂറും വാങ്ങിക്കുന്നതു് ആ ഗ്രന്ഥകാരന്‍ തന്നെ [കലാകൗമുദിയില്‍ ‘സാഹിത്യവാരഫല’മെഴുതുന്ന എം. കൃഷ്ണന്‍നായര്‍ സ്വന്തം പ്രവൃത്തിയെ പരസ്യമാക്കുന്നു].
  • കെ.കെ. സുധാകരന്‍ എന്ന കഥാകാരന്‍ കഥകളെഴുതി ദേശാഭിമാനി വാരികയുടെ വായനക്കാരെ ശല്യപ്പെടുത്തുന്നു [അദ്ദേഹത്തിന്റെ ‘ക്ഷുദ്രജീവികള്‍’ എന്ന ക്ഷുദ്രമായ കഥ വാരികയില്‍ വായിച്ചതിനുശേഷം ഉണ്ടായ അഭിപ്രായം].


സാഹിത്യവാരഫലം 1986 08 31

പവര്‍കട്ട്
ആര്‍ക്കും ഏതു സന്ദര്‍ഭത്തിലും അഭിലഷിക്കാവുന്നതു്. സ്ഥിരമായ പവര്‍ക്കട്ട്‌ വന്നാല്‍ ആയുസ്സു കൂടും. എങ്ങനെയെന്നു പറയാം. റേഡിയോയുടെ ശല്യമില്ല; ടി.വി.യുടെ ഉപദ്രവമില്ല. കാതിനും കണ്ണിനും സുഖം. ആ വിധത്തിലുള്ള സുഖം കൈവരുമ്പോള്‍ ആയുസ്സിനു ദൈര്‍ഘ്യമുണ്ടാകും.
ചലച്ചിത്രതാരം
പണ്ടൊക്കെ വളരെക്കാലം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടു് ആളുകളെ ഉപദ്രവിച്ചിരുന്നു. ഇപ്പോള്‍ അതൊക്കുകയില്ല. ഏതാനും മണിക്കൂറുകള്‍ മാത്രമാണു് അവരുടെ അസ്തിത്വം.
ഛായാഗ്രഹണപേടകം
മുതുകുളം രാഘവന്‍പിള്ളയെന്ന വിരൂപന്‍ പ്രേംനസീറെന്ന സുന്ദരനാവുന്നു ഇതിന്റെ മാജിക്‌കൊണ്ടു്. അങ്ങനെ ആളുകളെ മാറ്റിയില്ലെങ്കില്‍ ഫോട്ടോസ്റ്റുഡിയോകള്‍ അടയ്ക്കപ്പെടും. ഫോട്ടോഗ്രാഫര്‍മാര്‍ പട്ടിണിയാവും.
കൊതുകു്
കോര്‍പറേയ്ഷന്റെ സൗജന്യമാധുര്യം ആസ്വദിച്ചു് പെരുകിപ്പെരുകി വരുന്ന ഒരു ക്ഷുദ്രജീവി. ഇക്കണക്കിനു് അതു പെരുകുകയും മനുഷ്യരക്തം കുടിക്കുകയും ചെയ്താല്‍ തിരുവനന്തപുരം എന്നൊരു പട്ടണം ഇല്ലാതാവും.
വെജിറ്റബ്ള്‍ കട്‌ലറ്റ്
ഹോട്ടലിലെ ഉച്ചയൂണിനുവേണ്ടി കറികള്‍ വയ്ക്കണമല്ലോ. അതിനുവേണ്ടി പച്ചക്കറികള്‍ അരിയുമ്പോള്‍ കുപ്പത്തൊട്ടിയില്‍ എറിയേണ്ട അംശങ്ങള്‍ പലതുണ്ടാവും. അവയെ അതിലേക്കു് എറിയാതെ പച്ചപ്പട്ടാണിപ്പയര്‍ ചേര്‍ത്തു കരിച്ചും പൊരിച്ചും ഉണ്ടാക്കുന്ന ഒരു സാധനം. രണ്ടു സ്പൂണും എരുമത്തൈരിലിട്ട ഉള്ളിയും ഇതിനു മാന്യത നല്കും.

ഒരു ചൈനീസ് പഴഞ്ചൊല്ലിനെ അവലംബിച്ചു് ചില ചോദ്യങ്ങള്‍:

Symbol question.svg.png ഭാര്യ സുന്ദരിയാവുന്നതു് എപ്പോള്‍?

അവള്‍ മറ്റൊരുത്തന്റേതായിരിക്കുമ്പോള്‍.

Symbol question.svg.png കവിത സുന്ദരമാകുന്നതോ?

അതു താന്‍തന്നെ എഴുതിയതാവുമ്പോള്‍.

പഴഞ്ചൊല്ലിനെ അവലംബിക്കാതെ വേറൊരു ചോദ്യം:

Symbol question.svg.png കള്ളപ്പണമെന്നാല്‍ എന്താണു്?

ധനികരുടെ കൈയിലിരിക്കുന്ന പണമെല്ലാം ദരിദ്രര്‍ക്കു കള്ളപ്പണമാണു്.


1987

സാഹിത്യവാരഫലം 1987 03 01

തിരുവനന്തപുരത്തു വരുമ്പോള്‍:

  1. മീറ്റിംഗിനു വിളിക്കാന്‍ വരുന്നവരെ കണ്ടാല്‍ ഒഴിഞ്ഞുപോയ്ക്കൊളു. ഇല്ലെങ്കില്‍ അവര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി പ്രസംഗിപ്പിച്ചിട്ട് പച്ചവെള്ളംപോലും തരാതെ തിരിച്ചയയ്ക്കും.
  2. ടെലിവിഷന്‍ സെറ്റ് ഇവിടെനിന്നു നന്നാക്കാമെന്നു വിചാരിക്കരുത്. കേടുപാടുകളില്ലെങ്കിലും ടെക്നീഷ്യന്‍ സെറ്റ് ഒന്നു തൊട്ടാല്‍ അമ്പതു രൂപ കൊടുക്കണം.
  3. ഓട്ടോറിക്ഷയില്‍ കഴിയുമെങ്കില്‍ കയറാതിരിക്കുക. യാത്ര കഴിഞ്ഞു കഴുത്തു നീട്ടി കൊടുക്കണമെന്നതു നിസ്സാരം. തല മാത്രമല്ലേ പോകുകയുള്ളു. അതല്ല കാര്യം. വാഹനം അതിവേഗത്തില്‍ ഓടിച്ചു നിങ്ങളെ ന്യൂറോട്ടിക്കാക്കിക്കളയും.
  4. കവിയെ കാണരുത്. നിരൂപകന്‍ യുസ്‌ലെസ്സ് ആണെന്ന് അയാള്‍ പറയും. നിരൂപകനെ കാണരുത്. മറ്റൊരു നിരൂപകന്‍ ഗോസിപ്പുകാരനാണെന്ന് അയാള്‍ പറയും.
  5. കാലത്തു സെക്രട്ടേറിയറ്റിന്റെ നടയില്‍ ചെല്ലരുത്. ചെന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍പില്‍ച്ചെന്നു സാഹിത്യകാരന്‍മാര്‍ ‘ഞാന്‍ കോണ്‍ഗ്രസ് ഐ ആണേ’ എന്നു പറയുന്നതു കേള്‍ക്കേണ്ടതായി വരും. അവിടെ നട്ടെല്ലു വളച്ചു നിന്നിട്ട് റോഡിലൂടെ അതു വടിപോലെയാക്കി നടക്കുന്ന കാഴ്ച കാണേണ്ടതായിവരും.
  6. വാരികകള്‍ വാങ്ങുന്നതു കൊള്ളാം. പക്ഷേ ഉണ്ണി വാരിയത്തിന്റെ കഥയുണ്ടോ എന്നു നോക്കി — ഒളികണ്ണിട്ടു നോക്കി — വേണം ഓരോ വാരികയും തുറക്കാന്‍. (മനോരാജ്യം വാരികയില്‍ ‘അമ്മയുടെ സ്ഥാനം’ എന്ന കഥ വായിച്ചുപോയതു കൊണ്ടാണ് എന്റെ ഈ നിര്‍ദ്ദേശം.)


1991

സാഹിത്യവാരഫലം 1991 04 28

  1. ഇരുപതാം ശതാബ്ദത്തിലെ ഏററഴും വലിയ നോവലിസ്റ്റ് പ്രൂസ്താണ്. അദ്ദേഹത്തിന്റെ ‘Remembrance of Things Past’ എന്ന നോവല്‍ വായിക്കാത്തവര്‍ സാഹിത്യമെന്തെന്ന് അറിയുന്നില്ല.
  2. Frazer എഴുതിയ ‘Golden Bough’. Sherrington എഴുതിയ ‘Man on his Nature’ ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ ചിന്താമണ്ഡലത്തിന്റെ വ്യാപ്തിയും ഔന്നത്യവും അറിഞ്ഞവരില്ല. തെരുവുതെണ്ടിയുടെ ശ്വാസകോശം കാര്‍ന്നു തിന്നുന്ന ക്ഷയരോഗാണു തന്നെയാണ് പ്രതിഭാശാലിയായ കീററ്സിന്റെയും ശ്വാസകോശത്തെ നശിപ്പിച്ചത് എന്ന സൂചിപ്പിച്ചിട്ട് ഷെറിങ്ടന്‍ പ്രകൃതിയെക്കുറിച്ചു പറയുന്നു:

    “... Nature, though she has evolved life makes no appraisal of it. She has no lives of higher worth or of lower worth because to her all lives are without worth” (Page 282, Penguin Books).

  3. ടെനിസണ്‍ stupidest (ഏററവും മൂഢനായ) കവിയാണെന്ന് W. H. Auden എന്ന മഹാനായ കവി പറഞ്ഞു. അതുകേട്ട് മറ്റൊരു മഹാനായ കവി റ്റി. എസ്. എല്‍യെററ് അഭിപ്രായപ്പെട്ടു ഓഡന്‍ പണ്ഡിതനല്ലെന്ന്; പണ്ഡിതന്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ മണ്ടന്മാരായ കവികളെ അദ്ദേഹം കണ്ടുപിടിക്കുമായിരുന്നുവെന്ന്, എല്‍യെററും ഓഡനുമെവിടെ? ഞാനെവിടെ? എങ്കിലും എഴുതട്ടെ. ടെനിസണ്‍ എന്ന കവിയെ അങ്ങനെ പുച്ഛിക്കേണ്ടതില്ല.
  4. വിമര്‍ശകന്‍ നിശിതമായി വിമര്‍ശിക്കുമ്പോള്‍ രചയിതാവിനു കോപവും ശത്രുതയുമുണ്ടാകും, പക്ഷേ ആ വികാരങ്ങള്‍ ക്ഷണികങ്ങളാണ്. അവയുടെ കൂടെത്തന്നെ വിമര്‍ശകന്റെ നേര്‍ക്കു രചയിതാവിന് ലേശം ബഹുമാനം ഉണ്ടായെന്നു വരും. മഹാകവി ജി. ശങ്കരക്കുറുപ്പിനെ ഒരു ദയയുമില്ലാതെ വിമര്‍ശിച്ചു പ്രഫെസര്‍ ജോസഫ് മുണ്ടശ്ശേരി. പക്ഷേ കാലം കഴിഞ്ഞപ്പോള്‍ അവര്‍ സുഹൃത്തുക്കളായി. എന്നാല്‍ സദസ്സിന്റെ മുന്‍പില്‍ വച്ച് പ്രഭാഷകനെ അദ്ധ്യക്ഷന്‍ പരിഹസിച്ചാല്‍ അയാള്‍ക്ക് അതു മറക്കാനൊക്കുകയില്ല. ശത്രുത ദിനംപ്രതി വര്‍ദ്ധിക്കുകയെയുള്ളു. സമ്മേളനങ്ങളില്‍ വച്ച് എൻ. ഗോപാലപിള്ളസ്സാര്‍ പലരെയും തേജോവധം ചെയ്തിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്റെ ശത്രുക്കളായി എല്ലാക്കാലത്തും വര്‍ത്തിച്ചു. പരിഹസിക്കപ്പെടുമ്പോള്‍ വ്യക്തി മാനസികമായി തളരും. ആ തളര്‍ച്ചയില്‍ നിന്ന് അയാള്‍ ഒരിക്കലും രക്ഷപ്പെടില്ല.
  5. നവീന ഗദ്യകാരന്മാരുടെ രചനകള്‍ ദുര്‍ഗ്രങ്ങളാണെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അവര്‍ കോപിക്കേണ്ടതില്ല. തങ്ങള്‍ എഴുതിയതിന്റെ മുന്‍പില്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിച്ച് അവര്‍ വായനക്കാരായിമാറി വായിച്ചുനോക്കണം. അപ്പോള്‍ തങ്ങള്‍ എഴുതിയത് മനസ്സിലാകുന്നില്ലല്ലോ എന്ന് അവര്‍ക്ക് മനസ്സിലാകും.