close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 03 19


സാഹിത്യവാരഫലം
Mkn-18.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 03 19
മുൻലക്കം 1999 03 12
പിൻലക്കം 1999 03 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സാഹിത്യത്തിലെ മഹാദ്ഭുതം എന്നാണ് ഇറ്റലിയിലെ ജൂസപ്പേ തോമാസീ ഡി ലാമ്പേദൂസായുടെ ‘The Leopard’ എന്ന നോവലിനെ നിരൂപകർ വിശേഷിപ്പിച്ചത് (Giuseppe Tomasi Di Lampedusa, 1896–1957). ഇംഗ്ലീഷ് എഴുത്തുകാരൻ എൽ.പി. ഹാർറ്റ‌്‌ലീ (L.P. Hartley, 1895–1972) “Perhaps the greatest novel of the century” എന്ന് അതിനെ വാഴ്ത്തി. ടോൾസ്റ്റോയി, പ്രൂസ്ത് ഇവരുടെ കൂടെ ഈ നോവലിസ്റ്റിന്റെ പേരു പറഞ്ഞവരും ഇല്ലാതില്ല. മനുഷ്യജീവിതമെന്ന മഹാനാടകത്തിന്റെ ദുരന്തസ്വഭാവം, വിധിയുടെ അപ്രതിരോദ്ധ്യത, ഭവിതവ്യതയുടെ നിരന്തരാവസ്ഥ ഇവയെല്ലാം അത്യഗാധതയോളം ചെന്നു ലാമ്പേദൂസാ സംവീക്ഷണം ചെയ്യുന്നു. നോവലിന്റെ അവസാനം കണ്ടാലും. പ്രധാന കഥാപാത്രത്തിന്റെ അവിവാഹിതയായ മകൾ മണിനാദം കേൾപ്പിച്ചു ഒരുത്തിയെ വരുത്തി പറഞ്ഞു: ‘ആൻനേതാ (Annetta) ഈ നായ് കൂടുതൽ പുഴു തിന്ന് ദ്രവിച്ചു, പൊടിപിടിച്ചും പോയി. ഇതെടുത്ത് ദൂരെയെറിയൂ, അച്ഛന്റെ ഇഷ്ടപ്പെട്ട വളർത്തു പട്ടിയുടെ ശവമാണത്’. ആൻനേതാ അതു വലിച്ചിഴച്ചു കൊണ്ടുപോകുമ്പോൾ അതിന്റെ സ്ഫടികക്കണ്ണുകൾ അവളെ തുറിച്ചു നോക്കി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പട്ടിയുടെ അവശേഷിച്ച ശരീരഭാഗം മുറ്റത്തിന്റെ ഒരു മൂലയിൽ ചെന്നു വീണു. അവിടെ എന്നും ചവറു വാരുന്നവൻ വാരും. ജന്നലിൽ നിന്നു താഴോട്ടുള്ള പറക്കലിനിടയിൽ പട്ടിയുടെ ശരീരം ഒരു നിമിഷത്തേക്ക് വീണ്ടും പൂർവ്വരൂപമാർജ്ജിച്ചു. മീശയോടു കൂടി ശൂന്യാകാശത്തു നൃത്തം ചെയ്യുന്ന നാൽക്കാലിയെ ആർക്കും കാണാമായിരുന്നു. അതിന്റെ മുൻവശത്തെ വലതുകാൽ ശപിക്കുന്നതു പോലെ ഉയർത്തിവച്ചിരുന്നു. പിന്നീട് വിവർണ്ണമായ പൊടിക്കൂട്ടത്തിൽ എല്ലാം പ്രശാന്തത നേടി.

എല്ലാം ക്ഷണികം, എല്ലാം അർത്ഥരഹിതം. മരണമെന്ന മഹാശൂന്യതയ്ക്കു അഭിമുഖീഭവിച്ചു നിൽക്കുകയാണ് നമ്മളാകെ. ഈ സത്യം അഭിവ്യഞ്ജിപ്പിച്ചു കൊണ്ട് ഇറ്റലിയിലെ ദേശീയവാദിയും സൈനിക നേതാവുമായിരുന്ന ഗാരിബാൾഡിയുടെ (Giuseppe Garibaldi 1807–1882) കാലയളവിന്റെ ചരിത്രം കലാത്മകമായി വരയുക്കുകയാണ് ലാമ്പേദൂസേ. “The genius of its author and the thrill it gives the reader are probably for all time” എന്ന് ഒരു നിരൂപകൻ എഴുതിയത് സത്യമാണെന്ന് ഈ നോവൽ വായിക്കുന്നവർക്കൊക്കെ ബോധ്യപ്പെടും. “The Leopard” പോലെ മനോഹരമാണ് ലാമ്പേദൂസായുടെ ‘The Professor and the Siren’ എന്ന നീണ്ട കഥ. അതൊരു ഫാന്റസി — അതികാല്പനികസൃഷ്ടി — ആണുതാനും. ഇറ്റലിയുടെ തെക്കേയറ്റത്ത് പടിഞ്ഞാറു ഭാഗത്തുള്ള ഏറ്റവും വലിയ ദ്വീപാണ് സിസലീ (Sicily) അവിടെ ജനിച്ച പാഓലോ കൊർബറ (Paolo Corbera) എന്ന യുവാവ് 1938–ൽ ഇറ്റലിയിലെ പട്ടണമായ റ്റ്യൂറിനിൽ താമസിക്കുകയാണ്. രണ്ടു വേശ്യകളാൽ വഞ്ചിക്കപ്പെട്ട് ആത്മാഭിമാനത്തിനു ക്ഷതമേറ്റ അയാൾ ഒരു ഭക്ഷണശാലയിൽ ചെന്നപ്പോൾ റോസ്സാറിയോ എന്ന വൃദ്ധനെ പരിചയപ്പെടാനിടയായി. മഹാപണ്ഡിതനായിരുന്നു റോസ്സാറിയോ. ഇറ്റലിയിലെ പവീയ സർവകലാശാലയിൽ ഇരുപത്തിയേഴാമത്തെ വയസ്സിൽ ഗ്രീക്ക് സാഹിത്യവകുപ്പിന്റെ അധ്യക്ഷനായ അദ്ദേഹം റ്റ്യൂറിൻ സർവകലാശാലയിലും ആ പദവിയാർജ്ജിച്ചു. യേൽ, ഹാർവഡ്, ന്യൂഡൽഹി, റ്റോക്യയോ ഈ സർവകലാശാലകളും അദ്ദേഹത്തെ ബഹുമാനിച്ചു. വിദ്വജ്ജനോചിതങ്ങളായ എത്രയെത്ര ഗ്രന്ഥങ്ങളാണ് അദ്ദേഹം എഴുതിയത്! ഇങ്ങനെ രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ ഒരു മഹാനെയാണ് ഒരു പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫിൽപ്പെട്ട കൊർബറ പരിചയപ്പെട്ടത്. റോസ്സോറിയോയും സിസലീക്കാരൻ തന്നെ. പക്ഷേ അദ്ദേഹം ആ ദ്വീപിൽ നിന്നു പോയിട്ടു കാൽ ശതാബ്ദം കഴിഞ്ഞിരിക്കുന്നു. പണ്ഡിതന്മാരെന്നു ഭാവിക്കുന്ന മറ്റു ഗ്രീക്ക് പ്രഫെസർമാരെക്കുറിച്ച് അദ്ദേഹത്തിനു തകഞ്ഞ പുച്ഛമാണുള്ളത്. ഒരു കാലത്തു തന്റെ സഹപ്രവർത്തകരായിരുന്ന പണ്ഡിതന്മാർക്കു ഗ്രീക്ക് ഭാഷയുടെ ബാഹ്യരൂപങ്ങളെ അറിയാവൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മൃതഭാഷ എന്ന് അവർ ബുദ്ധിശൂന്യമായി വിളിക്കുന്ന ഗ്രീക്കിന്റെ ചൈതന്യം അവർക്കു കണ്ടറിയാൻ വയ്യ.

റോസ്സാറിയോയുടെ സ്വഭാവത്തിന്റെ സവിശേഷത അദ്ദേഹം കൂടെക്കൂടെ തുപ്പിക്കൊണ്ടിരിക്കുമെന്നതാണ്. ഈ കൃത്യം കണ്ട് അസഹനീയതയാർന്ന കൊർബറ അദ്ദേഹത്തോടു ചോദിച്ചു. പഴകിയ ഈ ജലദോഷത്തിനു ഡോക്ടറെ കാണാത്തതെന്തെന്ന്. അതുകേട്ട് റോസ്സാറിയോ മറുപടി നൽകി: “എന്റെ പ്രിയപ്പെട്ട കൊർബറ, എനിക്ക് ജലദോഷമില്ല. സൂക്ഷ്മനിരീക്ഷകനായ നിങ്ങൾ കണ്ടുപിടിച്ചിരിക്കും ഞാൻ തുപ്പുന്നതിനു മുൻപ് ചുമയ്ക്കുന്നില്ലെന്ന്. രോഗത്തിന്റെ ലക്ഷണമല്ല തുപ്പുക എന്ന പ്രവൃത്തി. അത് മാനസികാരോഗ്യത്തിന്റെ അടയാളമാണ്. ഞാൻ വായിക്കുന്നവയോടുള്ള അവജ്ഞ കൊണ്ടാണ് ഞാൻ തുപ്പുന്നത്. തുപ്പാനുപയോഗിക്കുന്ന ആ പാത്രം നോക്കൂ. അതിൽ ഉമിനീരില്ല. കഫത്തിന്റെ ലേശം പോലുമില്ല. പ്രതിരൂപാത്മകമാണ് എന്റെ ഈ തുപ്പൽ പ്രക്രിയ. അതിന് ഉന്നതമായ സാംസ്കാരികാംശമുണ്ട്.” ക്രമേണ, മഹാപണ്ഡിതനായ റോസ്സാറിയോയും പത്രപ്രവർത്തകനായ കൊർബറയും മാനസികമായി വളരെ അടുത്തു. അവർ പരസ്പരം വാസസ്ഥങ്ങൾ സന്ദർശിച്ചു സംഭാഷണം നടത്തി. ഒരു ദിവസം തന്റെ യൗവനകാലത്തെ അനുഭവം റോസ്സാറിയോ കൊർബറയോടു പറഞ്ഞു. സിസലിയുടെ തെക്കു പടിഞ്ഞാറുള്ള ഔഗുസ്ത (Augusta) പ്രദേശത്ത് അദ്ദേഹം താമസിക്കുന്ന കാലം. ഒരു ദിവസം കാലത്ത് ആറുമണിക്ക് അദ്ദേഹം വള്ളത്തിൽ കയറി കടലിൽ സഞ്ചരിക്കുകയായിരുന്നു. പൊടുന്നനെ വള്ളത്തിന്റെ പിറകുവശം പിടിച്ചു താഴ്ത്തി ആരോ അതിൽ കയറാൻ ശ്രമിക്കുന്നുവെന്ന് റോസ്സാറിയോക്ക് തോന്നൽ. അദ്ദേഹം തിരിഞ്ഞുനോക്കി. പതിനാറുവയസ്സിന്റെ മൃദുലമായ മുഖത്തോടുകൂടി ഒരു പെൺകുട്ടി രണ്ടു കൈകൊണ്ടും വള്ളത്തിൽപ്പിടിച്ചു കയറാൻ ശ്രമിക്കുന്നു. അവൾ പുഞ്ചിരിതൂകുന്നു. ജീവിച്ചിരിക്കുന്നതിലുള്ള ദൈവികമായ ആഹ്ലാദമാണ് ആ പുഞ്ചിരി സ്പഷ്ടമാക്കിയത്. അത് റോസ്സാറിയോയെ വല്ലാതെ വശീകരിച്ചു. സൂര്യപ്രകാശത്തിന്റെ ഉജ്ജ്വലതയുള്ള തലമുടിയിലൂടെ കടൽവെള്ളം അവളുടെ വിശാലതയാർന്ന ഹരിതനയനങ്ങളിലൂടെ ഒഴുകി: ശിശുസഹജമായ വിശുദ്ധിയോടുകൂടി. റോസ്സാറിയോ കുനിഞ്ഞു കൈകൾ നീട്ടി അവളെ വള്ളത്തിലേക്ക് ആക്കാനായി. പക്ഷേ അവൾ വിസ്മയാവഹമായ ഊർജ്ജസ്വലതയോടെ കടലിൽ നിന്ന് നേരെ വള്ളത്തിൽ കയറി അദ്ദേഹത്തിന്റെ കഴുത്തിൽ കൈകൾ പിണച്ചു. താൻ അതുവരെ അനുഭവിക്കാത്ത പരിമളം റോസ്സാറിയോയെ പൊതിഞ്ഞു. അവളുടെ അരക്കെട്ടിനു താഴെ മത്സ്യത്തിന്റെ ആകൃതി. അറ്റം രണ്ടായി പിരിഞ്ഞ വാൽ. അവൾ മത്സ്യകന്യക. ഇനി റോസ്സായിയുടെ വാക്കുകൾ തന്നെയാവട്ടെ: “She lay on her back with head resting on crossed hands, showing with serene immodesty a delicate down under her arm-pits, drawn-apart breasts, perfectly shaped loins.” അവളുടെ ചുംബനങ്ങൾ മുന്തിരിച്ചാറുപോലെ. ഭൂമിയിലെ ചുംബനങ്ങളോടു താരതമ്യപ്പെടുത്തിയാൽ മുന്തിരിച്ചാറും പൈപ്പ് വെള്ളവും പോലെയിരിക്കും. ഇരുപതു ദിവസം അവർ ഒരുമിച്ചു കഴിഞ്ഞു. ജീവനുള്ളവയെ മാത്രമേ അവൾ ഭക്ഷിക്കൂ. ചിലപ്പോൾ വെള്ളമീൻ അവളുടെ പല്ലുകൾക്കിടയിൽ കിടന്നു തിളങ്ങുന്നതു കാണാം. അവൾക്ക് എല്ലാ സംസ്കാരങ്ങളെക്കുറിച്ചും തികഞ്ഞ അജ്ഞത. വിജ്ഞാനം. സദാചാരശാസ്ത്രം ഇവയും അവൾക്കറിഞ്ഞുകൂടാ. പക്ഷേ സ്വന്തം പരുക്കൻ സൗന്ദര്യം കൊണ്ട് അവൾ എല്ലാത്തിനും മീതേയാണെന്നു തെളിയിച്ചു. അപ്രത്യക്ഷയാകുന്നതിനു മുൻപ് അവൾ അയാളോടു പറഞ്ഞു ലോകത്ത് കഴിഞ്ഞുകൂടാൻ തീരെ വയ്യ എന്നാകുമ്പോൾ കടലിനരികിൽ ചെന്ന് അവളെ വിളിച്ചാൽ മതിയെന്ന്. സത്യം കൂടുതൽ അഗാധതയിൽ കിടക്കുകയാണ്. രൂപമില്ലാത്ത, നിശ്ശബ്ദമായ ജലത്തിന്റെ കൊട്ടാരത്തിലാണ് സത്യമിരിക്കുക. അതിന് തിളക്കമില്ല. മന്ത്രിക്കൽ പോലുമില്ല. മത്സ്യകന്യക തിളങ്ങുന്ന തിരയിലേക്കു വീണു. അവൾ വീഴുകയല്ല അതിൽ അലിയുകയാണു ചെയ്തത്.

റോസ്സാറിയോ ഇത്രയും പറഞ്ഞിട്ട് അടുത്ത ദിവസം കൊർബറയോടു യാത്ര പറഞ്ഞു. അതിനടുത്ത ദിവസം റ്റെലിഫോൺ സന്ദേശം കിട്ടി റോസ്സാറിയോ നേപൽസിലേക്ക് (Naples) പോകുന്ന കപ്പലിൽ നിന്നു കടലിലേക്കു വീണുവെന്ന്. ഉടനെ ലൈഫ് ബോട്ടുകൾ കടലിലേക്ക് ഇറക്കിയെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയില്ലെന്നും. പിന്നീട് യുദ്ധമുണ്ടായി. ‘വിമോചകർ’ (liberators) കൊർബറയുടെ വീടു നശിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സർവകലാശാലയിലെ അറകളിലായിരുന്നു. പക്ഷേ ഷെൽഫുകൾ വാങ്ങാൻ അദ്ദേഹത്തിന് പണമില്ലാത്തതുകൊണ്ട് ആ ഗ്രന്ഥങ്ങൾ ദ്രവിച്ചുപോകുന്നു.

കഥ തീർന്നു. ഫാന്റസിയാണെങ്കിലും ഇത് അനുവാചകനെ ‘ഹോൺട്’ ചെയ്യുന്നു. പട്ടിയുടെ ശവം നൃത്തം ചെയ്യുന്ന നാൽക്കാലിയെപ്പോലെ ശൂന്യാകാശത്ത് തെല്ലുനേരം കാണാറായില്ലേ? പിന്നെ അത് മനുഷ്യരാശിയെ ശപിച്ചുകൊണ്ട് പൊടിക്കൂട്ടത്തിൽ വീണ് അപ്രത്യക്ഷമായില്ലേ? അതുപോലെ റോസ്സാറിയോയും അപ്രത്യക്ഷനാകുന്നു. അദ്ദേഹത്തിന്റെ മഹായശസ്സുകൊണ്ട് എന്തു പ്രയോജനം? അദ്ദേഹത്തിന്റെ മഹാപാണ്ഡിത്യം കൊണ്ടു എന്തു പ്രയോജനം? മത്സ്യകന്യക ഭൂതമാത്രശക്തിയുടെ പ്രതീകമാണ്. അതിൽ റോസ്സാറിയോ വിലയം കൊള്ളുന്നതുപോലെ നമ്മളെല്ലാവരും വിലയം കൊള്ളുന്നു. നമ്മൾ വ്യാമോഹങ്ങളെ പിന്തുടരുന്നു. കാലം നമ്മളെ അതിന്റെ അഗാധതയിലേക്ക് വീഴ്ത്തുന്നു. കടലിന്റെ അത്യഗാധതയിലേക്ക് റോസ്സാറിയോ വീഴ്ത്തപ്പെട്ടതുപോലെ. വിധിയെ മാറ്റാൻ നമുക്കു സാദ്ധ്യമല്ല. അതിനു വഴങ്ങുകയേ മാർഗ്ഗമുള്ളു. മരണമെന്ന മഹാശൂന്യതയെക്കുറിച്ചുള്ള കലാത്മകമായ രചനയാണ് ലാമ്പേദൂസായുടെ “The Professor and the Siren” (The Siren and selected writings–Giuseppe Tomasi di Lampedusa–Translated from the Italian by Anchibald Colquhoun, David Gilmour and Guido Waldman, The Harvill Press London, Pages 185, £6.95. Colquhoun = കഹൂൻ).

അസഹനീയം

എല്ലാം ക്ഷണികം, എല്ലാം അർത്ഥരഹിതം. മരണമെന്ന മഹാശൂന്യതയ്ക്കു അഭിമുഖീഭവിച്ചു നിൽക്കുകയാണ് നമ്മളാകെ.

ഒരു നൂതനവസ്തുവോ നൂതനോപകരണമോ ആദ്യമായി കാണുന്ന നമുക്ക് അത്ഭുതമെന്ന വികാരം തീർച്ചയായും ഉണ്ടാകും. അതുതന്നെ പത്തുതവണ കണ്ടുകഴിയുമ്പോൾ വൈരസ്യമുണ്ടാകുമെന്നു മാത്രമല്ല അതിനോട് അവജ്ഞയുമുണ്ടാകും. ഞാൻ ആലപ്പുഴെ സനാതന ധർമ്മ വിദ്യാലയത്തിൽ തേഡ് ഫോമിൽ പഠിച്ചിരുന്ന കാലത്ത് എക്സൈസ് ഇൻസ്പെക്ടറായിരുന്ന എന്റെ ജനയിതാവിന് ഏതോ കള്ളുഷോപ്പുകാരൻ വെറുതേ കൊടുത്ത ഒരു ഗ്രാമഫോൺ വീട്ടിലുണ്ടായിരുന്നു. അതിന്റെ ചുറ്റുകമ്പി മുറുക്കി റെക്കോർഡിൽ സൗണ്ട് ബോക്സിന്റെ സൂചി ചേർത്ത് എസ്.ജി. കിട്ടപ്പയുടേയും കെ.ബി. സുന്ദരാംബാളിന്റെയും പാട്ടുകൾ കേട്ടപ്പോൾ എന്തൊരാഹ്ലാദമാണ് എനിക്കുണ്ടായത്! പിന്നീട് പിന്നീട് ഞാൻ അതു ചവിട്ടി ദൂരെയെറിഞ്ഞിരുന്നു. കാലം കഴിഞ്ഞപ്പോൾ റേഡിയോ വീട്ടിലുണ്ടായി. അതിൽ നിന്നുയരുന്ന പാട്ടുകേട്ട് ഞാൻ പുളകം കൊണ്ടിരുന്നു. കാലം കഴിഞ്ഞപ്പോൾ ഞാൻ മക്കളോട് നിർദ്ദേശിച്ചു, അടുക്കളയിൽ റേഡിയോ വച്ചുകൊള്ളണമെന്ന്. മാന്യന്മാർ വരുമ്പോൾ ആ ഉപകരണം അവർ കാണാൻ ഇടവരരുതെന്ന്. കാലചക്രം ഉരുണ്ടു. ടെലിവിഷൻ സെറ്റും, വി.സി.പി.യും മറ്റും വീട്ടിൽ കയറി വന്നു. ആദ്യകാലങ്ങളിൽ സെറ്റിന്റെ മുൻപിൽ നിന്ന് ഞാൻ എഴുന്നേൽക്കുമായിരുന്നില്ല. ഇന്നോ? അതു കേടായാൽ ഞാൻ കേടുകൾ തീർക്കുന്നില്ല. മുൻവശത്തിരിക്കുന്ന ആ ഉപകരണം കണ്ടാൽ ഞാൻ വേഗത്തിൽ എന്റെ മുറിയിലേക്ക് നടക്കുന്നു. കമ്പ്യൂട്ടറും കുറേക്കാലത്തിനു മുൻപ് വിസ്മയവികാരമുളവാക്കിയിരുന്നു. ഇന്ന് അതുകണ്ടാൽ അസ്വസ്ഥതയാണെനിക്ക്. വളരെക്കാലം കഴിയേണ്ടതില്ല. തിരുവനന്തപുരത്തെ സ്റ്റാച്യൂ ജംഗ്ഷനിൽ ഓറഞ്ചും മറ്റും വിൽക്കുന്നവരുടെ മുൻപിലെല്ലാം ഈ ഉപകരണം വരും. ഒരു കിലോ ഓറഞ്ച് വാങ്ങിയിട്ട് എന്തുവേണമെന്നു ചോദിച്ചാൽ വിൽപ്പനക്കാരി ഉപകരണത്തിന്റെ കട്ടകളിൽ വിരലമർത്തുകയും, അതിന് തൊട്ടടുത്തിരിക്കുന്ന വേറൊരു ഉപകരണത്തിൽ നിന്ന് ‘ക്ർ, ക്ർ’ ശബ്ദത്തോടെ ഒരു കടലാസ്സ് തുണ്ട് പൊങ്ങി വരുന്നത് ശബ്ദസഹിതം കീറിയെടുത്ത് വാങ്ങുന്നവന്റെ നേർക്ക് നീട്ടുകയും ചെയ്യും. ‘ഓറഞ്ചിന്റെ വില ഇരുപതു രൂപ’ എന്ന് വിൽപ്പനക്കാരി ഒരു നിമിഷം കൊണ്ട് പറയുന്നതു കേട്ട് അത് കൊടുത്തിട്ട് മറ്റൊരു നിമിഷത്തിനകം വാങ്ങുന്നവൻ സ്ഥലം വിടും സാധാരണഗതിയിൽ. കമ്പ്യൂട്ടർ വന്നാൽ അവർ കട്ടകളിൽ ‘പിതുക്കി’ തുണ്ടു വരുന്നതുവരെ നമ്മെ കാത്തു നിറുത്തിക്കും. അപ്പോൾ പത്തു മിനിട്ട് കഴിഞ്ഞിരിക്കും. സ്റ്റെതസ്കോപ്പ് പണ്ട് വിദദ്ധരായ ഡോക്ടർമാർ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അക്കാലത്ത് രോഗികൾ ഡോക്ടറോടുള്ള ബഹുമാനത്തേക്കാൾ ബഹുമാനത്തിൽ ആ കുഴലിനെ നോക്കിയിരുന്നു. ഇപ്പൊൾ ലോകത്തുള്ള സകല രോഗങ്ങളേയും വാതം, പിത്തം, കഫം ഇവയിൽ ഒതുക്കുന്ന ചില ആയൂർവ്വേദ വൈദ്യന്മാർ സ്റ്റെതസ്കോപ്പ് ചുഴറ്റി നടക്കുന്നു. അതിന്റെ രണ്ടറ്റവും കാതുകളിൽ വയ്ക്കാതെ കഴുത്തിൽ മാത്രമതിട്ട് കട്ട പോലെയുള്ള സാധനം രോഗിയുടെ നെഞ്ചിൽ വച്ച് നോക്കുന്ന ചില വൈദ്യന്മാരെയും ഞാൻ കണ്ടിട്ടുണ്ട്. “ചിരപരിചയമായവർക്കും മാനമില്ലാതെയാക്കും” എന്ന് കവി പറഞ്ഞതു സത്യം. ഈ സർവ്വ സാധാരണമായ സത്യം രാജാമണി അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ‘സ്നേഹത്തിന്റെ ദൂരം’ എന്ന കഥ മാതൃഭൂമി വാരികയിൽ എഴുതുകില്ലായിരുന്നു. മകളങ്ങ് ദൂരെ. അവളുടെ അച്ഛനും അമ്മയും മുത്തശ്ശിയും വേറേ വീട്ടിൽ പാർക്കുന്നു. അവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്നു മകൾ. അവിടത്തെ ജീവിതം മടുത്തപ്പോൾ അവർ തിരിച്ച് നാട്ടിലേക്ക് വരാൻ തീരുമാനിക്കുന്നു. വായിച്ച് വായിച്ച് വായനക്കാരന് തളർച്ചയുണ്ടാക്കിക്കഴിഞ്ഞ വിഷയം. അത് ഒരു വൈചിത്ര്യവുമില്ലാതെ ഇങ്ങനെ പഴഞ്ചൻ രീതിയിൽ രാജാമണി എന്തിന് കൈകാര്യം ചെയ്തുവെന്നത് എനിക്ക് വിസ്മയോദ്പാദകമായിരിക്കുന്നു. ഒരു നിമിഷത്തെ (second) പിടിച്ചെടുക്കാം, തൂലിക കൊണ്ട്, ബ്രഷ് കൊണ്ട്. അങ്ങനെ പിടിച്ചെടുക്കുമ്പോൾ ആ നിമിഷത്തിൽ അടങ്ങിയിരിക്കുന്ന വൈചിത്ര്യങ്ങളേയും വൈവിദ്ധ്യങ്ങളേയും വേണം മഷിയിലൂടെയും ചായത്തിലൂടെയും പിടിച്ചേടുക്കേണ്ടത്. അതു ചെയ്യാത്ത ഏതൊരുരു യത്നവും വ്യർത്ഥയത്നമത്രേ. ‘ഗ്രാമഫോൺ ചക്കാട്ടുന്ന സംഗീതം സഹിക്കാമെ’ന്ന് കവി. എനിക്ക് സഹിക്കാൻ മേല. രാജാമണയുടെ കഥ, ഗ്രാമഫോൺ ചക്കാണ്. അതിൽ നിന്നുയരുന്ന ശബ്ദം അസഹനീയം.

ചോദ്യം, ഉത്തരം

സത്യം കൂടുതൽ അഗാധതയിൽ കിടക്കുകയാണ്. രൂപമില്ലാത്ത, നിശ്ശബ്ദമായ ജലത്തിന്റെ കൊട്ടാരത്തിലാണ് സത്യമിരിക്കുക. അതിന് തിളക്കമില്ല. മന്ത്രിക്കൽ പോലുമില്ല.

Symbol question.svg.png സ്വർഗ്ഗത്തിരിക്കുന്ന ദൈവത്തെക്കാണാൻ സഹായിക്കുന്ന ടെലിസ്കോപ്പ് കണ്ടു പിടിക്കാമോ?

സ്വർഗ്ഗവുമില്ല, നരകവുമില്ല. സ്വർഗ്ഗത്ത് ഈശ്വരൻ ഇരിക്കുന്നു എന്ന സങ്കല്പവും ശരിയല്ല. ടെലിസ്കോപ്പ് വേണ്ട, മൈക്രോസ്കോപ്പിൽ കൂടെ ഒരു സെല്ലിനെ (cell) നോക്കുക. ‘Brownian movement’ എന്ന ക്രമരഹിതമായ ചലനത്തെക്കുറിച്ച് മനസ്സിലാക്കാം. ആ കാഴ്ച തന്നെ ഈശ്വരദർശന പ്രതീതി ഉളവാക്കും.

Symbol question.svg.png ക്രിസ്തു മുപ്പത്തിമൂന്നാമത്തെ വയസ്സിൽ മരിച്ചതെന്തിന്? മുപ്പതിലായിരുന്നാൽ എന്താണ് തെറ്റ്? അറുപതിലോ എഴുപതിലോ ആകാമായിരുന്നില്ലേ മരണം?

ഓരോ വ്യക്തിയും ഇന്നത് അനുഷ്ഠിക്കണമെന്ന് പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്. അത് അനുഷ്ഠിച്ച് കഴിയുമ്പോൾ ആ വ്യക്തിയെ പ്രകൃതി തിരിച്ച് വിളിക്കും. മഹാത്മാഗാന്ധി പ്രകൃതി നിശ്ചയിച്ചതെല്ലാം ചെയ്തു കഴിഞ്ഞപ്പോൾ തിരിച്ച് വിളിക്കപ്പെട്ടു. വിവേകാനന്ദസ്വാമിയെക്കുറിച്ചും അതുതന്നെയാണ് പറയാനുള്ളത്. വേറൊരു ‘സമാധാനവും’ നൽകാം. അത് ഒരു തത്വചിന്തകൻ പറഞ്ഞതാണ്. യേശുക്രിസ്തുവിന്റെ കാലത്തെ ശരാശരി മനുഷ്യവയസ്സ് മുപ്പത്തിമൂന്നായിരുന്നു. അദ്ദേഹം അതെത്തിയപ്പോൾ പോയി.

Symbol question.svg.png വസന്തകാലം വരുന്നത് എങ്ങനെ അറിയാം?

പൂക്കളെ നോക്കിയാൽ മതി. വസന്തം പുഷ്പങ്ങളെയാണ് ആദ്യമായി സന്ദർശിക്കുന്നത്.

Symbol question.svg.png കവിതയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു. ഒന്ന് വിശദമാക്കൂ കവിതയെന്താണെണ്?

സാഹിത്യവാരഫലത്തിൽ ഇതുവരെ പറഞ്ഞതിൽ നിന്ന് കൂടുതലൊന്നും പറയാനില്ല എനിക്ക്. എങ്കിലും ഒരു തെലുങ്കു കവി പറഞ്ഞത് എഴുതാം. ‘ഗുജറാത്തി വനിതകളുടേ പീനസ്തനങ്ങൾ പോലെ പൂർണ്ണമായും മറഞ്ഞിരിക്കരുത്. തമിഴ് ചെറുപ്പക്കാരികളുടെ സ്തനങ്ങൾ പോലെ അന്യർക്ക് കാണാൻ കഴിയാത്തത് ആകരുത്. തെലുങ്ക് പെൺകുട്ടിയുടെ മയമുള്ളതും പകുതി മറഞ്ഞതുമായ മുലകൾ പോലെയാവണം കവിത. മുഴുവനും പ്രദർശിപ്പിക്കരുത്. ആകെ മറച്ചുവയ്ക്കുകയുമരുത്. ഇങ്ങനെ വേണം കവിതയെഴുതാൻ. വേറേ ഏതു രചനാരീതിയും പരിഹാസാസ്പദമാണ്.

Symbol question.svg.png നിങ്ങളുടെ വീട്ടിൽ സന്ദർശകർ വരുമ്പോൾ പ്രയാസം അനുഭവപ്പെടാറുണ്ടോ?

ഇല്ല, അവർ സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും വരുന്നു. പക്ഷേ എന്നേക്കാൾ അറിവുള്ളവർ വരുമ്പോൾ ഞാൻ പരുങ്ങലിലാവും. എന്റെ അറിവില്ലായ്മ അവർ മനസ്സിലാക്കുമല്ലോ എന്ന് വിചാരിച്ചാണ് ആ പരുങ്ങൽ

Symbol question.svg.png ഞാൻ സുന്ദരിയാണെന്ന് എല്ലാവരും പറയുന്നു. സൗന്ദര്യം കൂട്ടാൻ ഞാൻ സിന്ദൂരപ്പൊട്ടിടണോ അതോ ചന്ദനഗോപി വേണോ? കറുത്ത ചാന്താണോ എനിക്കു കൂടുതൽ ചേരുക?

ഒരു നക്ഷത്രം അടർത്തിയെടുത്ത് അതുകൊണ്ട് പൊട്ട് ഇടൂ. കുട്ടിയെ സൗന്ദര്യത്തിൽ ജയിക്കാൻ വേറെയാരുമുണ്ടാകില്ല.

Symbol question.svg.png കവിതയിൽ ഏതു വിഷയത്തിന്റെ ആവർത്തനം വിരസതയുണ്ടാക്കുകയില്ല?

സുന്ദരിയുടെ ചിരി. ആയിരമായിരം കവികൾ അതു വർണ്ണിച്ചാലും സഹൃദയർക്കു വൈരസ്യമുണ്ടാകുകയില്ല.

ടൗൺ ഹോളിലേക്കു എത്രദൂരം?

ഞാനും ഒരു സ്നേഹിതനും തിരുവനന്തപുരത്തെ വിക്‌ടോറിയ ജൂബിലി ടൗൺഹോളിൽ നിന്നു സംസാരിക്കുകയായിരുന്നു. ഞങ്ങൾ ഒരുദ്യോഗസ്ഥനെ കാണാൻവേണ്ടി കാത്തുനില്‌ക്കുകയാണ്. അപ്പോൾ എന്റെ ഒരകന്ന ബന്ധു കുടിച്ച് ഒരു ’ലവലു’മില്ലാതെ സൈക്കിളിൽ വന്ന് അതിൽ നിന്നിറങ്ങാതെ ഒരു കാലു തറയിൽ ഊന്നിക്കൊണ്ടു ചോദിച്ചു:“അനിയന്മാരേ, വിക്‌ടോറിയ ജൂബിലി ടൗൺ ഹോളിലേക്കു ഇവിടെ നിന്ന് എത്ര ദൂരമുണ്ട്?” എനിക്ക് ആ ബന്ധുവിനെ പുച്ഛമായിരുന്നു. അതുകൊണ്ടു അതിമദ്യപനായ അയാളോടു ഞാൻ പറഞ്ഞു: “ഇവിടെ നിന്നു രണ്ടു മൈൽ കിഴക്കോട്ടു പോയി വലത്തോട്ടു തിരിഞ്ഞാൽ ആ പേര് എഴുതിവച്ച കെട്ടിടം കാണാം.” “താങ്ക്സ് അനിയാ” എന്നു പറഞ്ഞ് അയാൾ സൈക്കിൾ തിരിച്ചു ചവിട്ടി. ടൗൺ ഹോളിന്റെ ഗെയ്റ്റിൽ കുഴഞ്ഞു വീഴുകയും ചെയ്തു. (ഇതിനു മുൻപും അയാൾ ടൗൺ ഹോളിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്.)

ഇനി ഒരു തത്വചിന്തകന്റെ ഏതോ ഒരു ഗ്രന്ഥം വായിച്ച ഓർമ്മയിൽ നിന്ന് കുറിക്കുകയാണ്. ഒരാളിന്റെ ചോദ്യം മറ്റൊരാളിനോട്: “ഈ റോഡ് ലണ്ടനിലേക്കു ചെല്ലാനുള്ളതാണോ?” മറ്റൊരാൾ മറുപടി നല്‌കി: അതേ. നിങ്ങൾ തിരിഞ്ഞു നടന്നാൽ. കാരണം നിങ്ങൾ ലണ്ടനിൽ നിന്നും നടന്നകലുകയാണ്.”

ടൗൺ ഹോളിന്റെ മുൻവശത്തു കയറിന്നുകൊണ്ട് ടൗൺ ഹോളിലേക്കുള്ള വഴി ചോദിക്കുക. ലണ്ടനിൽ നിന്നു നടന്നുവന്നു ലണ്ടനിലേക്കുള്ള റോഡ് ഏതാണെന്നു അന്വേഷിക്കുക രണ്ടും ഭ്രമജാതമാണ്. സാഹിത്യത്തിന്റെ പട്ടണത്തിൽ നിന്നു നൂറോളം നാഴിക നടന്നുവന്നിട്ട് ടി. എം. അബ്രഹാം ചോദിക്കുന്നു. സാഹിത്യത്തിലേക്കുള്ള റോഡ് ഏതാണെന്നു്. അദ്ദേഹം മലയാളം വാരികയിലെഴുതിയ യാത്രാമൊഴി എന്ന കഥ വായിച്ചാൽ ഞാൻ മുകളിലെഴുതിയതിന്റെ സാംഗത്യം ബോധപ്പെടും. ഒരു പയ്യൻ രക്‌താർബുദം ബാധിച്ച് ആശുപത്രിയിൽ കിടക്കുന്നു. മരിക്കാറായിയെന്നുകണ്ട് അവൻ വീട്ടിലേക്കു പോകാൻ തയ്യാറാകുന്നു. വുമൻ ഡോക്‌ടർ അവൻ ആവശ്യപ്പെട്ടതനുസരിച്ച് ഉമ്മ കൊടുക്കുന്നു. ഡോക്‌ടർ കരയുന്നു. നേഴ്സുകൾ കരയുന്നു. ആകെ നിലവിളി. മരിക്കാനായി വീട്ടിലേക്കു പോകുന്ന പയ്യൻ ഡോക്‌ടർക്കും നേഴ്സുകൾക്കും മുട്ടായി വാങ്ങിച്ചു കൊടുക്കുന്നു. “അനിയാ ഡൗൺ ഹോളിലേക്കു ഇവിടെ നിന്നു എത്ര ദൂരമുണ്ട്?” “ ഈ റോഡ് ലണ്ടനിലേക്കു ചെല്ലാനുള്ളതാണോ?”

പല വിഷയങ്ങൾ

(ആഖ്യാനം) മന്ദഗതിയിലാക്കുന്ന കലയുടെ തർക്കമറ്റ അധീശനാണ് ടോൾസ്റ്റോയി.

  • ലാമ്പേദൂസായുടെ പുസ്ത്കത്തെക്കുറിച്ചു മുകളിൽ പറഞ്ഞല്ലോ. അതിൽ അദ്ദേഹത്തിന്റെ തുളച്ചുകയറുന്ന ബുദ്ധിശക്‌തിക്കു നിദർശകങ്ങളായി ചില നിരൂപണപ്രബന്ധങ്ങളുണ്ട്. ഒരു ഭാഗം നോക്കാം. (ആഖ്യാനം) മന്ദഗതിയിലാക്കുന്ന കലയുടെ തർക്കമറ്റ അധീശനാണ് ടോൾസ്റ്റോയി. ‘വാർ ആൻഡ് പീസ്’ വായിച്ചുതീർക്കാൻ കൂടിവന്നാൽ ഒരാഴ്ച വേണം. പക്ഷേ പത്തുവർഷത്തെ അനുഭവം -ക്രിയാംശത്തിന്റെ കാലം- സുവ്യക്‌തമായി പകർന്നുതരുന്നു(നോവലിസ്റ്റ്). അന്നയും വ്രോൺസ്‌കിയും തമ്മിലുണ്ടാകുന്ന ക്രമേണയുള്ള അകല്‌ച്ച ‘അന്ന കരേനിന’യുടെ അമ്പതു പുറങ്ങളിൽ വർണ്ണിച്ചിരിക്കുന്നതു അര മണിക്കൂർ കൊണ്ടു വായിച്ചു തീർക്കാം. പക്ഷേ വായനക്കരനു കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ലഭിച്ചിട്ടില്ലെങ്കിൽ മന്ദമായി മാസങ്ങൾ നീങ്ങുന്നതു അറിയാൻ കഴിയും. മറ്റൊരു നിരൂപകനും കാണാൻ കഴിയാത്ത ഈ ആഖ്യാനരഹസ്യങ്ങൾ അനായാസമായി ലാമ്പേദൂസ കണ്ടുപിടിക്കുന്നു.
  • ഞാൻ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വീട്ടിലിരിക്കുകയാണ് അദ്ദേഹത്തോട് സംസാരിച്ചുകൊണ്ട്. അപ്പോൾ ’നർമ്മദ’യെന്ന ഹാസ്യമാസികയുടെ എഡിറ്റർ അവിടെ വന്നു. അദ്ദേഹം കവിയോട്: മാഷ് വിശേഷാൽപ്രതിക്കു കവിത അയച്ചുതരാത്തതു ശരിയായില്ല.
കവി
ഒന്നും എഴുതാൻ തോന്നിയില്ല. അതുകൊണ്ടാണു അയയ്‌ക്കാത്തത്.
എഡിറ്റർ
മാഷിനോ കവിതയെഴുതാൻ പ്രയാസം?
ജി. യുടെ മുഖം ചുവന്നു. അദ്ദേഹം ഉടനേ പറഞ്ഞു: രോമമുണ്ടെന്നു വച്ചിട്ട് വിചാരിക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാക്കാൻ കഴിയുമോ?
  • എന്റെ കുട്ടിക്കാലത്തെ സംഭവം. സുന്ദരിയായ യുവതി ചിറയിൽ കുളിക്കാൻ പോവുകയായിരുന്നു. റോഡരുകിലെ ചായക്കടയിലിരുന്ന റൗഡി അവരെ നോക്കി അസഭ്യം പറഞ്ഞു. യുവതി കരഞ്ഞുകൊണ്ടു തിരിച്ചു വീടിലെത്തി ഭർത്താവിനോടു അക്കാര്യം അറിയിച്ചു. അയാൾ ചാടിയിറങ്ങി റൗഡിയെ നേരിടാനായി. അതുകണ്ട് യുവതിയുടെ മഹോദരനും അയാളുടെ കൂടെപ്പോയി. ഇരുമ്പു പാരയുമെടുത്ത്. രണ്ടുപേരും കൂടി റൗഡിയെ വലിച്ചിഴച്ച് റെയിൽവേപ്പാളത്തിൽ കൊണ്ടിട്ട് അടിച്ചു. റൗഡി യുവതിയുടെ ഭർത്താവിനെ കുത്തിക്കൊന്നു. അതുകണ്ട സഹോദരൻ ഇരുമ്പു പാരകൊണ്ട് റൗഡിയുടെ തലയിലടിച്ചു. അയാളും ചത്തു. സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയുടെ-സഹോദരന്റെ-വക്കീൽ മഹായശസ്‌കനായ മള്ളൂർ ഗോവിന്ദപ്പിള്ള. അദ്ദേഹം വാദിച്ചു: മരിച്ചവർ രണ്ടുപേരും എന്തോ കാരണം കൊണ്ട് ശത്രുക്കളായിരുന്നു.അവർ പരസ്‌പരം കുത്തുകയും അടിക്കുകയും ചെയ്തു. രണ്ടുപേരും മരിച്ചു. അവരെ ആ ശണ്ഠയിൽ നിന്നു പിടിച്ചു മാറ്റാൻ ചെന്നയാളാണ് പ്രതി. മള്ളൂരിന്റെ ഈ വാദം കേൾക്കാൻ ഞാൻ കോടതിയിൽ പോയി. മള്ളൂർ: (പൊലീസ് ഇൻസ്‌പെക്‌ടറോട്)“പാളത്തിന്റെ ഏതു വശത്താണ് മൃതദേഹം കിടന്നത്?”
ഇൻസ്‌പെക്‌ടർ
കിഴക്കുവശത്ത് . അല്ല പടിഞ്ഞാറുവശത്ത്.
മള്ളൂർ
തെക്കുവശത്ത് എന്നും കൂടി പറഞ്ഞേക്കൂ. ഇൻസ്‌പെക്‌ടർ വിളറി ജഡ്‌ജി ചിരിക്കുന്നതു ഞാൻ കണ്ടു.
കെ.ടി. ഗോപി ദേശാഭിമാനി വാരികയിലെഴുതിയ ഹാസ്യകഥ (തെളിവ്) വായിച്ചപ്പോൾ മുകളിൽപറഞ്ഞ യഥാർത്ഥ സംഭവം ഞാൻ ഓർമ്മിച്ചു.