close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 05 22


സാഹിത്യവാരഫലം
Mkn-18.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 05 22
മുൻലക്കം 1998 05 15
പിൻലക്കം 1998 05 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജീവിതത്തിന്റെ സുഖങ്ങളും ദുഃഖങ്ങളും ഞാൻ അനുഭവിച്ചിട്ടുണ്ട്. സുഖങ്ങളെക്കാൾ ദുഃഖങ്ങളാണ് ഏറെ അനുഭവിച്ചതെന്ന് മാറ്റിപ്പറയട്ടെ. എന്തൊക്കെയാണ് സുഖങ്ങൾ? ഉഴുതുമറിച്ച വയലിൽ നിന്നു വരുന്ന സവിശേഷമായ ഗന്ധം. ഇളങ്കാറ്റിന്റെ സ്പർശ്ശം, വസന്തകാലത്തിന്റെ ചാരുത, ചന്ദ്രികാർച്ചിതമായ രാത്രിയുടെ ശൈത്യം, സുന്ദരിയുടെ ചിരി. മൂടൽമഞ്ഞും നിലാവും ഒരിമിച്ചു ചേരുമ്പോഴുണ്ടാകുന്ന സൗന്ദര്യം അങ്ങനെ പലതും. പക്ഷേ പന്ത്രണ്ടു വയസ്സുള്ളപ്പോൾ ദേവികുളത്തു കുറെക്കാലം താമസിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദപ്രദമായ കാലയളവ്. മഞ്ഞുകട്ട പൊഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ വീട്ടിന്റെ അമ്പതോളം പടികളിറങ്ങി ഞാൻ ചെറിയ പതയിൽ നിന്ന് അകലെക്കാണുന്ന സഹ്യപർവതത്തിന്റെ കൊടുമുടിയായ ആനമുടി നോക്കിനിൽക്കും. മാറി മാറി വരുന്ന ഭാവങ്ങളുണ്ട് അതിന്. പ്രഭാതത്തിൽ സൂര്യപ്രകാശമേറ്റ് ഇളം ചുവപ്പണിഞ്ഞ് അതു കാണപ്പെടും. മദ്ധ്യാഹ്നമായാൽ ഇളം നീല നിറമാണ് ആനമുടിക്ക്. സായാഹ്നത്തിൽ അരുണിമ. ചിലപ്പോൾ മേഘശകലങ്ങൾ ചൂടി അതു രാജകീയ പ്രഭാവത്തോടെ നിൽക്കും. ആനമുടി എപ്പോഴും ആനമുടി തന്നെ. പക്ഷേ മറ്റുള്ളവരുടെ സ്പർശം അതിനു ഓരോ ഭാവം നൽകുന്നു. ഇതുതന്നെയല്ലേ കവികളും ചെയ്യുന്നത്? ഒരു വസ്തുവിൽ തന്നെ പല ഭാവങ്ങൾ ആരോപിക്കുമ്പോൾ അതു വ്യത്യസ്തങ്ങളായി, വിഭിന്നങ്ങളായി കാണപ്പെടും. എന്നാൽ വസ്തുവിനു മാറ്റമില്ലതാനും. ഒരു കവി ഒരു വസ്തുവിൽ ആരോപിച്ച ഭാവം മറ്റൊരു കവി അതേ രീതിയിൽ ആരോപിക്കുമ്പോഴാണ് നമ്മൾ അയാളെ മാറ്റൊലിക്കവിയെന്നു വിളിക്കുന്നത്.

തക്കല. അന്ന് ആ സ്ഥലം തിരുവിതാംകൂറിൽ പെട്ടതായിരുന്നു. ഇന്നു തമിഴ്നാട്ടിലും. തക്കല പ്രൈമറി സ്കൂളിൽ മലയാളത്തിനു പകരം തമിഴ് പഠിച്ചിരുന്നു ഞാൻ. വീട്ടിന്റെ വരാന്തയിലിരുന്ന് ഞാൻ തമിഴക്ഷരങ്ങൾ എഴുതിപഠിപ്പിക്കുമ്പോൾ അക്കാനിയെന്ന മധുരക്കള്ളു മോന്തിയ വണ്ടിക്കാരനാൽ നയിക്കപ്പെടുന്ന കാളവണ്ടി ദൂറെ നിന്നു വരും. ചാട്ടയടിച്ച് അയാൾ കാളകളെ ഓടിക്കുന്നതും വേണ്ടിവന്നാൽ അവയുടെ വാലു പിടിച്ചു തിരിച്ചു മർദ്ദിക്കുന്നതും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. ഞാനിരിക്കുന്നിടം വരെ കാളവണ്ടിയെത്തിയാൽ എനിക്കൊന്നുമില്ല. പക്ഷേ അത് എന്നെ കടന്നു പോയാൽ ചെമ്മണ്ണുപാതയിൽ നിന്ന് ആകാശം മുട്ടെ പൊടിപടലം ഉയരും. പിന്നെ ഒന്നും കാണാൻ വയ്യ. വണ്ടിയെയോ വണ്ടിക്കാരനെയോ കാണാൻ ചുവന്ന പൊടിപടലം സമ്മതിക്കില്ല. അതു മൂക്കിൽ കയറിയാൽ ജലദോഷവും പനിയും വരും. ഞാൻ വീട്ടിനകത്തേക്കു കയറും. അന്ന് അക്കാഴ്ച കണ്ടപ്പോഴെല്ലം എനിക്ക് ഒന്നും തോന്നിയില്ല. ഇന്നു തോന്നുന്നുണ്ട് താനും. കാളകളെ പീഡിപ്പിക്കുന്ന അക്കാനിമദ്യപൻ പദവൃഷഭങ്ങളെ ചാട്ടകൊണ്ടടിക്കുകയും വാലു പിടിച്ചു തിരിക്കുകയും ചെയ്യുന്ന ഇന്നത്തെ കവികളാണ്. അയാളുണ്ടാക്കുന്ന അരുണ രജസ്സിന്റെ പർവ്വതം ഇന്നത്തെ കവിയുണ്ടാക്കുന്ന ദുർഗ്രഹതയുടെ അചലപംക്തിയാണ്. കാലം ഏറെ കഴിഞ്ഞു. ഇന്ന് തക്കല റോഡിലൂടെ പോകുന്ന കാളവണ്ടികൾ പൊടിയുണർത്തുന്നില്ല. റ്റാറിട്ട റോഡിൽ ചെമ്മണ്ണില്ലല്ലോ. പക്ഷേ നമ്മുടെ കവിതാവീഥിയിൽ ഇന്നും ചെമ്മണ്ണുതന്നെ. അതു ഉയർത്തി മനുഷ്യന്റെ കണ്ണു പൊടിക്കുന്നതിൽ കാതു തകർക്കുന്നതിൽ കവികൾക്കു തല്പരത്വം വളരെ. ചെമ്മണ്ണു പാത മാറി കീലിട്ട റോഡ് വന്നതുപോലെ നമ്മുടെ കവിതാവീഥിക്കും മാറ്റം വരുമെന്ന് ആശിക്കാം.

കലയും വൈഷയികത്വവും

കാമോദ്ദീപകങ്ങളായ ഏറെ ഭാഗങ്ങളുണ്ട് മനുഷ്യശരീരത്തിൽ. സ്ത്രീ ആ ഭാഗത്തിലേതെങ്കിലുമൊന്നു സ്പർശിച്ചാൽ പുരുഷന്റെ വികാരമിളകിപ്പോകും. മുൻപെഴുതിയതാണു ഞാൻ. ജർമ്മൻ എക്സ്പ്രഷനിസ്റ്റ് നാടകകർത്താവായ ഷൊർഷ് കൈസ്റ്റ്രിന്റെ (Georg Kaiser 1878-1945) ഒരു നാടകത്തിൽ ബാങ്കിൽ വന്ന ചെറുപ്പക്കാരിയുടെ സ്പർശനമേറ്റ് കാഷ്യർ കാമമിളകി പണം അപഹരിച്ചു കൊണ്ട് അവളുടെ പുറകേ ഓടുന്നതിന്റെ ചിത്രീകരണമുണ്ട്. ഡി. എച്ച്. ലോറൻസിന്റെ ഒരു ചെറുകഥയിൽ (You touched me എന്നാവണം കഥയുടെ പേര്) അറിയാതെ സ്ത്രീ പുരുഷനെ സ്പർശിച്ചു പോയതുകൊണ്ട് വിവാഹം നടന്നേ തീരൂ എന്ന് അയാൾ നിർബന്ധിക്കുന്നതായി പറയുന്നു. അങ്ങു തൊടുമ്പോൾ ഞാൻ താരു പോലെ മൃദുവാകുന്നതെങ്ങനെ’ എന്നു മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഒരു കാവ്യത്തിലെ നായിക ചോദിക്കുന്നു. ‘സ്ത്രീയുടെ കരത്തിന്റെ മാദക മധുരിമ’ എന്നും ജിയുടെ പ്രസ്താവം. തരുണിയുടെയും റോസാപ്പൂവിന്റെയും സ്പർശം ആഹ്ലാദമുളവാക്കുമെന്നു ഫ്രഞ്ചെഴുത്തുകാരനായ കമ്യു പറഞ്ഞിരിക്കുന്നു.

‘രതിരഹസ്യ’ത്തിൽ ‘കമലമുകുലമൃദ്വീ ഫുല്ലരാജീവഗന്ധാ’ എന്നു വാഴ്ത്തപ്പെടുന്ന പദ്മിനീ ജാതിയിൽപെട്ടവളുടെ സ്പർശം പുരുഷനെ ആഹ്ലാദാതിശയത്തിലേക്കു നയിക്കും. T. V. exacerbates this tendency to treat people in a cold, detached way. We’re confronted daily with dozens of TV-denizens who share everything with us but their flesh-and-blood presence. We vividly see their images, hear their words, share their sentiments, but they don’t “touch” us deep inside. Only warm, living contact can do that എന്നു പറഞ്ഞു Dr. Russ A. Rueger സ്പർശത്തിന്റെ സർവ പ്രാധാന്യത്തിന് ഊന്നൽ കൊടുത്തിരിക്കുന്നു.

സ്പർശം വേണ്ട തൊലിപ്പുറത്തിനു ദർശനവും കാമോദ്ദീപകമാണെന്നു മനഃശാസ്ത്രജ്ഞന്മാർ പറയുന്നു. അനാവരണം ചെയ്യപ്പെട്ട വിശാലതയാർന്ന തൊലിപ്പുറം പുരുഷന്മാർക്കു കാമം ജനിപ്പിക്കുമെന്ന് ഫ്രായിറ്റ് എഴുതിയിട്ടുണ്ട്. ഈ മനശാസ്ത്രതത്ത്വത്തെ ഹൃദ്യമായി പ്രകാശിപ്പിക്കുന്ന ചെറുകഥയാണ് ശ്രീ. ടി. എൻ. പ്രകാശിന്റെ ‘ചൂണ്ടുവിരലിലെ മഷിയടയാളം’ എന്നത്. സുന്ദരിയായ ഒരു യുവതി സൂത്രപ്പണികളിലൂടെ മൂന്നുതവണ വോട്ട് ചെയ്യുന്നു. പോളിങ് ഓഫീസർക്കു ആ കള്ളം കണ്ടുപിടിക്കാൻ കഴിഞ്ഞെങ്കിലും അയാൾ മിണ്ടുന്നില്ല. കാരണം അയാളുടെ നീതിതല്പരത്വത്തെ കാമം കീഴടക്കുന്നു എന്നതാണ്. സുന്ദരിയെ ചിത്രീകരിച്ച് അവൾ പുരുഷനിൽ ജനിപ്പിക്കുന്ന കാമത്തെ ആവിഷ്കരിച്ച് നർമ്മബോധത്തോടെ കഥ പറയുകയാണു പ്രകാശ്. വൈഷയികത്വ ചിത്രീകരണത്തിന് ഒരതിരുണ്ട്. കഥാകാരൻ അതു ലംഘിക്കുന്നില്ല എന്നതും നന്ന്. (കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ)

ചോദ്യം. ഉത്തരം

Symbol question.svg.png നമ്മുടെ നിരൂപകരുടെ ദോഷമെന്താണ്?

രക്ഷാധികാരിയായിച്ചമഞ്ഞാണ് ഓരോ നിരൂപകനും എഴുതുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള്, ജോസഫ് മുണ്ടശ്ശേരി, കുട്ടിക്കൃഷ്ണമാരാർ ഇവരുടെ patronising attitude കൂടുതലാണ്. എം. ആർ നായർ (സഞ്ജയൻ), എസ്, ഗുപ്തൻ നായർ ഇവർക്ക് ഈ ദോഷം ഇല്ല.

Symbol question.svg.png ഷെല്ലിയും റ്റി. എസ്. എലിയട്ടും ഒരു പോലെയല്ലേ?

ഷെല്ലി. ഇംഗ്ലീഷിൽ പറഞ്ഞാൽ divinely inspired ആണ്. ഈ ഐശ്വരമായ പ്രചോദനം റ്റി. എസ്. എല്യറ്റിനില്ല.

Symbol question.svg.png വയലാർ രാമവർമ്മ ആരെന്ന് നിങ്ങൾക്കറിയാമോ ഹേ?

ചങ്ങമ്പുഴ എന്ന കാറ്റടിച്ചു നിലത്തു വീഴാൻ പോകുന്ന രാമവർമ്മ എന്ന മണമില്ലാത്ത പൂവിനെ വയലാർ രാമവർമ്മ എവോർഡ് എന്ന ക്രൂരഹസ്തം ഞെട്ടിൽപ്പിടിച്ചു നിറുത്തിക്കൊണ്ടിരിക്കുന്നു. എന്ന് ആ കൈ മാറുമോ അന്ന് ആ പൂവ് താഴെ വീഴും. ഹസ്താവലംബമില്ലാതെ താഴെ വീണുകഴിഞ്ഞ സൗരഭ്യമാർന്ന പൂവാണ് പി. കുഞ്ഞിരാമൻ നായർ.

Symbol question.svg.png മാന്യൻ–നിർവ്വചിക്കൂ?

അന്യന്റെ വീട്ടിൽച്ചെന്നാൽ പതിനഞ്ചുമിനിറ്റിലധികം അവിടെയിരിക്കാത്തവൻ മാന്യൻ.

Symbol question.svg.png സർക്കാരുദ്യോഗസ്ഥനു രണ്ടു ഭാര്യമാർ പാടില്ല എന്ന നിയമം റദ്ദ് ചെയ്യേണ്ടതല്ലേ?

ഉദ്യോഗസ്ഥനോടു കാരുണ്യമുള്ളതുകൊണ്ടാണു സർക്കാർ ആ നിയമം വച്ചിരിക്കുന്നത്. ഒന്നേ സഹിക്കാൻ വയ്യ. അപ്പോൾ രണ്ടായാൽ എന്താവും അയാളുടെ സ്ഥിതി?

Symbol question.svg.png മിക്ക കുടുംബജീവിതവും പ്രശാന്തമല്ലേ നമ്മുടെ നാട്ടിൽ?

അമ്മ ഉത്കണ്ഠയോടുകൂടി അർദ്ധരാത്രി സമയത്തു റോഡിലേക്കു നോക്കുകയായിരിക്കും മകൻ തിരിച്ചെത്തുന്നതു കാണാൻവേണ്ടി. അവന്റെ ഭാര്യ കട്ടിലിൽ കിടന്ന് ദീർഘനിശ്വാസം പൊഴിച്ച് ‘എന്റെ ഗതിയിതായല്ലോ ഈശ്വര’ എന്നു സ്വയം പറയും. അനിയത്തി ‘ചേട്ടനെ കാണുന്നില്ലല്ലോ’ എന്നു പറഞ്ഞു കൂടെക്കൂടെ വാതിൽ തുറന്നു നോക്കും. മകൻ ആ സമയത്ത് മദ്യക്കുപ്പിയെടുത്തു കൂടെക്കുടിക്കുന്നവനെ അടിക്കുകയായിരിക്കും ഏതോ ഒരു മദ്യഷോപ്പിലിരുന്ന്. ഇതാണു പല കുടുംബങ്ങളിലെയും പ്രശാന്തജീവിതം.

കഥയല്ല

ഫ്ലാനറി ഓകാനീർ (Flannery O’connor 1925-1964)മുപ്പത്തിയൊൻപതു കൊല്ലമേ ജീവിച്ചിരുന്നുള്ളൂ. എങ്കിലും അവർ ലോകപ്രശസ്തിയാർജ്ജിച്ചു സാഹിത്യരചനകൾ കൊണ്ട്. അവരുടെ Ministery and Manners-Occasional Prose എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ:ചെറുകഥ ആഴം കൊണ്ടു ദീർഘമായിരിക്കണം. ആരെങ്കിലും കഥാവസാനത്തിൽ വിവാഹം കഴിക്കുകയോ വെറ്റിയേറ്റു മരിക്കുകയോ ചെയ്തില്ലെങ്കിൽ കഥയിൽ ഒന്നും സംഭവിക്കുന്നില്ലെന്നു വിചാരിക്കുന്ന ഒരമ്മായി എനിക്കുണ്ട്. ഒരു വൃദ്ധയുടെ കാർ സ്വന്തമാക്കാൻ വേണ്ടി അവരുടെ ജളതയുള്ള മകളെ വിവാഹം കഴിക്കുന്ന ഒരലഞ്ഞുതിരിയുന്നവനെക്കുറിച്ചു ഞാൻ കഥയെഴുതി. വിവാഹത്തിനുശേഷം അവൻ അവളെ കാറിൽ കയറ്റി വൈവാഹികയാത്ര നടത്തി. ഒരു ഭക്ഷണശാലയിൽ അവളെ ഉപേക്ഷിച്ചിട്ട് അവൻ കാറോടിച്ചു പോയി. ഇതു സമ്പൂർണ്ണമായ കഥയാണ്. പക്ഷേ അതൊരു പൂർണ്ണമായ കഥയാണെന്ന് എനിക്കെന്റെ അമ്മായിയെ വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. മൗഢ്യമുള്ള ആ മകൾക്കു പിന്നീടെന്തു സംഭവിച്ചുവെന്ന് അവർക്കു് അറിയണം.

ഒരു കവി ഒരു വസ്തുവിൽ ആരോപിച്ച ഭാവം മറ്റൊരു കവി അതേ രീതിയിൽ ആരോപിക്കുമ്പോഴാണ് നമ്മൾ അയാളെ മാറ്റൊലിക്കവിയെന്നു വിളിക്കുന്നത്.

ആ നാടകീയ ചിത്രീകരണത്തിലൂടെ അതിൽക്കൂടുതലായി അവന്റെ സ്വത്വമാവിഷ്കരിക്കാൻ കഴിയുകയില്ല. അതിനാൽ അതു പൂർണ്ണമായ കഥ തന്നെ. ഇതു മനസ്സിൽ കിടന്നതുകൊണ്ടാവണം എനിക്കു ശ്രീ. ശത്രുഘ്നൻ മാതൃഭൂമി ആഴ്ച്പ്പതിപ്പിലെഴുതിയ ‘വഴിയിൽ കാണുന്നത്’ എന്ന കഥ പൂർണ്ണമാണെന്ന് തോന്നിയില്ല. എവിടെയോ കഥ തുടങ്ങുന്നു. എവിടെയോ വച്ച് അത് അവസാനിപ്പിക്കുന്നു എന്നു മാത്രമേ പറയാനുള്ളൂ. ഗാന്ധി പ്രതിമയുടെ അടുത്തു മാളങ്ങളുണ്ടാക്കി, പല നിറങ്ങളിലുള്ള എലികളും അല്ലെങ്കിൽ പെരുച്ചാഴികളും പ്രതിമയെ മറിച്ചിടാൻ പോകുന്നു. അങ്ങനെ സമകാലിക രാഷ്ട്രവ്യവഹാരത്തിന്റെ ജീർണ്ണത ധ്വനിപ്പിക്കുന്നു ശത്രുഘ്നൻ. അതുകണ്ടു രസിക്കുന്നു ഒരു സ്ക്കൂൾ കുട്ടിയും അവന്റെ അനുചരനും. മൂന്നു ദിവസം സ്ക്കൂളിൽ പയ്യൻ പോകുന്നില്ല. ഹെഡ്‌മാസ്റ്റർ അവ്ന്റെ തന്തയെ വിളിച്ചുകൊണ്ടുവരണമെന്നു നിർദ്ദേശിക്കുന്നു. പയ്യന്റെ അമ്മയ്ക്കു വേവലാതി. അവരുടെ ദാമ്പത്യജീവിതത്തിന്റെ തകർച്ച് ഇന്നത്തെ ജീവിതത്തിനു യോജിച്ചിരിക്കുന്നു. മകന്റെ സ്ക്കൂളിൽ പോകാൻ അച്ഛനു സൗകര്യപ്പെടുന്നില്ല. കൂടാതെ ശിവരാത്രിക്കു പതിവില്ലാത്ത കമ്പക്കെട്ടും.

ഒരു പോയിന്റുമില്ലാത്ത ക്ലംസി റൈറ്റിങ്ങാണിത്. (Clumsy Writing) സാർവലൗകികമായ ഒരു വികാരത്തെയെങ്കിലും ശത്രുഘ്നൻ പ്രകാശിപ്പിക്കുന്നുണ്ടോ? ഇല്ല. ഏതെങ്കിലും മൂല്യത്തെ സ്ഫുടീകരിച്ച് ജീവിതത്തിന്റെ സാർത്ഥകത്വത്തെ അദ്ദേഹം അനാവരണം ചെയ്യുന്നുണ്ടോ? ഇല്ല. അർത്ഥ പ്രതിപാദനത്തിലൂടെ നൂതനമണ്ഡലത്തിൽ അദ്ദേഹം വായനക്കാരനെ കൊണ്ടുചെല്ലുന്നുണ്ടോ? ഇല്ല. നിത്യജീവിതത്തിൽ മറഞ്ഞിരിക്കുന്ന മഹാത്ഭുതത്തെ മറനീക്കി അദ്ദേഹം കാണിച്ചു തരുന്നുണ്ടോ? ഇല്ല. പിന്നെ എന്തിന് അദ്ദേഹം ഊർജ്ജം നഷ്ടപ്പെടുത്തുന്നു?

* * *

ഞാൻ എറണാകുളത്തുനിന്ന് ആലപ്പുഴയ്ക്കും അവിടെ നിന്നു കൊല്ലത്തേക്കും ബോട്ടിൽ പോകുകയായിരുന്നു വർഷങ്ങൾക്കു മുൻപ്. അർദ്ധരാത്രി. ബോട്ടിന്റെ മുകളിലുള്ള കൂട്ടിലിരിക്കുന്ന ആൾ താഴത്തെ എഞ്ചിൻ റൂമിലേക്ക് അടയാളം കൊടുക്കുകയാണ്. ടിങ്. എഞ്ചിൻ മന്ദഗതിയിലായി. ടിങ്. ടിങ്. എഞ്ചിൻ പ്രവർത്തനം നിറുത്തുന്നു. ടിങ്. ടിങ്. ടിങ്. ബോട്ട് ജട്ടിയിലടുത്തു. കുറെപ്പേർ ‘വൈക്കമായി’ എന്നു പറഞ്ഞ് ഇറങ്ങിപ്പോകുന്നു. വേറെ കുറെയാളുകൾ കയറുന്നു. മനുഷ്യരാണെന്ന് തോന്നുകില്ല. അത്രയ്ക്ക് ഇരുട്ടാണ്. ബോട്ടിനകത്ത് കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ അല്പ പ്രകാശത്തിൽ എന്തോ രൂപങ്ങൾ എന്നേ തോന്നൂ. ചില രൂപങ്ങൾ എന്റെ അപ്പുറത്തുമിപ്പുറത്തും വന്നിരിക്കുന്നു. തണ്ണീർമുക്കത്തെത്തുമ്പോൾ അല്ലെങ്കിൽ അതിനപ്പുറമുള്ള സഥലങ്ങളിലെത്തുമ്പോൾ രൂപങ്ങൾ ഇറങ്ങിപ്പോയിരിക്കും. കൊല്ലത്തെത്തുമ്പോൾ നട്ടുച്ച. നല്ല പ്രകാശം. ആരെയും കാണാനില്ല. മനുഷ്യരല്ല. മനുഷ്യരുടെ പ്രേതങ്ങളാവണം അർദ്ധരാത്രി സമയത്ത് എന്റെ അടുത്തുവന്നിരിക്കുന്നത്. ചങ്ങമ്പുഴ. കാരൂർ. പി. സി. കുട്ടിക്കൃഷ്ണൻ. ഇടപ്പള്ളി. ബഷീർ ഇവരുടെ ഭൂതങ്ങൾ ഇന്നു സാഹിത്യത്തിന്റെ കൂരിരുട്ടിൽ സഞ്ചരിക്കുന്നതു പോലെയാണ് അവയുടെ വരവും പോക്കും സാക്ഷാൽ നിരൂപണത്തിന്റെ പ്രകാശം പരന്നാൽ അവരെ കാണില്ല.

പുതിയ പുസ്തകം - കൃഷ്ണമൂർത്തിയെക്കുറിച്ച്

കലഫൊർന്യയിലെ ഓഹൈ (Ojai) എന്ന സന്ദർശന കേന്ദ്രത്തിൽ ജെ. കൃഷ്ണമൂർത്തി താമസിക്കുന്ന കാലം. രാഷ്ട്രീയാന്തരീയ പ്രശസ്തിയുള്ള ഭൗതികശാസ്ത്രജ്ഞൻ ഡേവിഡ് ബോം അദ്ദേഹത്തിന്റെ കൂടെ കുറെ ആഴ്ചകൾ താമസിക്കാനായി എത്തി. അവരുടെ സംഭാഷണങ്ങൾ പിൽക്കാലത്ത് The Future of Humanity എന്ന പേരിൽ പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ സംഭാഷണങ്ങൾ കേട്ട മിഹായെൽ ക്രോഹ്നെൻ (Michael Krohnen എഴുതിയ ‘The Kitchen Chronicles-1001 Lunches with J. Krishnamurti’ എന്ന പുസ്തകത്തിൽ അവയെക്കുറിച്ച് രസകരങ്ങളായ വിവരണങ്ങൾ ഏറെയുണ്ട്. ലളിതമായ ഭാഷയിലായിരുന്നു കൃഷ്ണമൂർത്തിയുടെ സംസാരം. ചിലപ്പോൾ കലാത്മകങ്ങളായ ബിംബങ്ങൾ ഉപയോഗിച്ച് അദ്ദേഹം ഉൾക്കാഴ്ചകളെ പ്രകാശിപ്പിക്കും. വാക്കുകൾക്കപ്പുറത്തുള്ള ഏതോ ഒന്നിലേക്കു കൈ ചൂണ്ടാനായിട്ടാണ് കൃഷ്ണമൂർത്തി പദങ്ങൾ പ്രയോഗിച്ചിരുന്നത്. വാസ്തവികതയ്ക്കും (reality) യാഥാതഥ്യത്തിനും (actuality) അപ്പുറത്താണ് സത്യമെന്ന അഭിപ്രായമാണ് കൃഷ്ണമൂർത്തിക്ക്.

മനസ്സും മസ്തിഷ്കവും തമ്മിലുള്ള വ്യത്യാസം. ചിന്തയും അറിവും ഓർമ്മയും അനുഭവവും തമ്മിലുള്ള ആന്തരബന്ധം ഇവയെല്ലാം ചർച്ചാവിഷയമായി. ക്രോഹ്നെൻ പറയുന്നു: Once psychological knowledge, which formed the ‘me’, came to an end, there would be no-thing-ness. This nothingness was everything, and everything was energy. ഒരു ജഗ്ദ്ഗുരുവിന്റെ അതിശക്തമായ മനസ്സ് ശക്തിയാർന്ന മറ്റു മനസ്സുകളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന അർക്കശോഭ ഈ ഗ്രന്ഥത്തിലെവിടെയുമുണ്ട്.

നമ്മുടെ കാലയളവിലെ one of the greatest sages എന്ന് ദീപക് ചൊപ്ര വാഴ്ത്തുന്ന കൃഷ്ണമൂർത്തി തികഞ്ഞ സഹൃദയനുമായിരുന്നു. അദ്ദേഹത്തിന്റെ കാവ്യാസ്വാദനത്തെക്കുറിച്ച് ആരോ ചോദിച്ചപ്പോൾ മറുപടി ഉണ്ടായി: “Ah, the poetry of Keats is very special. What is it called, Ode…?”

“Ode to a Nightingale” എന്ന് ക്രോഹ്നെൻ.

കൃഷ്ണമൂർത്തി: No the other one, Ode on a Gracian Urn: ‘Thou still unravished bride of quietness’ that is how it starts and it ends with ‘Beauty is truth, truth beauty that is all.’ കവിത ചൊല്ലിയപ്പോൾ കൃഷ്ണമൂർത്തി കണ്ണുകൾ അടച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തിന് നാടകീയതയുണ്ടായി.

കൃഷ്ണമൂർത്തിയുടെ സ്വകാര്യജീവിതം മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഗഹനങ്ങളായ ചിന്തകൾ സ്പഷ്ടതയോടെ ഉൾക്കൊള്ളാൻ ഇപ്പുസ്തകം നമ്മളെ സഹായിക്കും (പ്രസാധകർ Penguin Books, India, Pages 301).

* * *

കൃഷ്ണമൂർത്തിയുടെ നേരമ്പോക്ക് മുകളിൽപ്പറഞ്ഞ പുസ്തകത്തിൽ കണ്ടത്:

മോസ്കോയിൽ നിന്നു ബ്രഷ്നേവ് അമേരിക്കയിലേക്ക് ഫോൺ ചെയ്യുകയാണ്: ‘പ്രസിഡന്റ് നിക്സൺ. അവിശ്വസനീയമായ വിധത്തിൽ ശക്തിയുള്ള ഒരു സൂപർ കമ്പ്യൂട്ടർ നിങ്ങൾക്കുണ്ടെന്ന് ഞാനറിഞ്ഞു.’ നിക്സൺ മറുപടി നൽകി: ‘താങ്കൾ ഇതെങ്ങനെയറിഞ്ഞു? സ്റ്റെയ്റ്റിന്റെ പരമരഹസ്യമാണല്ലോ ഇത് മുപ്പതുകൊല്ലത്തെ ഭാവിസംഭവങ്ങൾ പ്രവചിക്കാൻ ഞങ്ങളുടെ ഈ കമ്പ്യൂട്ടറിനു കഴിയും.’ ബ്രഷ്നേവ്: ‘എന്നാൽ എ. ഡി. 2000 ആകുമ്പോൾ ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയിൽ ആരായിരിക്കുമെന്ന് കമ്പ്യൂട്ടറിലൂടെ അറിഞ്ഞു പറയുമോ. ഞങ്ങൾക്ക് ഇങ്ങനെയുള്ള ഉപകരണമൊന്നുമില്ല.’ ‘ഇപ്പോൾ പറയാം’ എന്നു നിക്സൺ. കുറെ നേരത്തേക്ക് ഒരു ശബ്ദവുമില്ല. ബ്രഷ്നേവ് ചോദിച്ചു: ‘താങ്കൾ അവിടെയില്ലേ?’ നിക്സൺ: ‘ഉണ്ട്’. ‘പക്ഷേ എനിക്കൊന്നും മനസ്സിലാകുന്നില്ല്ല. ചൈനീസ് ഭാഷയിലാണ് എല്ലാം കമ്പ്യൂട്ടറിൽ കാണുന്നത്. എനിക്കത് വായിക്കാനറിഞ്ഞുകൂടാ.’

ക്ലോണിങ്

നമ്മുടെ പോസ്റ്റ് മോഡേണിസത്തെ തകർക്കാൻ ഗ്ലാസ്നോസ്തും പെരിസ്റ്റ്രോയിക്കയുമായി ഒരു ഗോർബച്ചേവ് വന്നെങ്കിൽ!

ലൈംഗികാവയവങ്ങളുടെ സഹായം കൂടാതെ ജീവിയുടെ ഒരു സെല്ലിൽ നിന്നുണ്ടാകുന്ന അതേ രീതിയിലുള്ള ജീവിയെയാണ് ക്ലോൺ എന്നു വിളിക്കുന്നത്. ആടിൽ നിന്ന് മറ്റൊരാട്. അദ്ഭുതാവഹം തന്നെ. പക്ഷേ ക്ലോണിങ് ആടുകൾക്കപ്പുറത്ത് പോകരുതേ എന്നാണ് നമ്മുടെ പ്രാർത്ഥന.

സാഹിത്യത്തിൽ ക്ലോണിങ്ങ് വന്നാലോ? അങ്ങനെ ചോദിക്കേണ്ടതില്ല. നമ്മുടെ സാഹിത്യം മുഴുവനും ക്ലോണ്ഡ് സാഹിത്യം തന്നെ. ചെറുകഥ പടിഞ്ഞാറൻ ചെറുകഥയുടെ ക്ലോൺ. കവിത ലാറ്റിനമേരിക്കൻ കവിതയുടെ ക്ലോൺ. നിരൂപണം ദെറിദ. ബാർത്. ഫൂക്കോ ഇവരുടെ നിരൂപണത്തിന്റെ ക്ലോൺ. അടുത്തകാലത്ത് പടിഞ്ഞാറൻ പോസ്റ്റ് മോഡേണിസത്തിന്റെ ക്ലോണായി ഇവിടെ പോസ്റ്റ് മോഡേണിസം ഉണ്ടായിരിക്കുന്നു. ഇത് ചെവികൾ കൂർപ്പിച്ച്. ബാബാ എന്നു കരഞ്ഞ്. അന്നനാളത്തിന്റെ മറ്റേയറ്റത്തുകൂടി കറുത്ത ഗുളികകൾ പാതയിൽ വീഴ്ത്തി നടക്കുന്നു. ഈ ക്ലോണുകളെ നോക്കിയുള്ള തീക്ഷ്ണമായ പരിഹാസമാണ് ശ്രീ. ആര്യൻ കണ്ണനൂറിന്റെ

‘വിലാസിനിയെ വായിച്ചെടുക്കുമ്പോൾ’ എന്ന രചന (ദേശാഭിമാനി ആഴ്ചപ്പതിപ്പ്) അസ്സലായിട്ടുണ്ട് അത് എന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. പരിഹാസത്തെ അപഗ്രഥിക്കുന്നത് റോസാപ്പൂവിന്റെ ഇതളുകൾ പിച്ചിയെടുക്കുന്നതുപോലെയാണല്ലോ.

ഗോർബച്ചേവ്വ് യു. എസ്. എസ്. ആറിനെ നശിപ്പിച്ച് മുതലാളിത്തരാഷ്ടമായ അമേരിക്കയുടെ ശക്തി വർദ്ധിപ്പിച്ചു. balance of power തകർന്നു അതോടെ. അതു ചീത്തകാർയ്യം. നമ്മുടെ പോസ്റ്റ് മോഡേണിസത്തെ തകർക്കാൻ ഗ്ലാസ്നോസ്സും പെരിസ്റ്റ്രോയിക്കയുമായി ഒരു ഗോർബച്ചേവ് വന്നെങ്കിൽ! ആദ്യത്തെ ഗോർബച്ചേവിനെ എങ്ങനെ ഞാൻ നിന്ദിക്കുന്നുവോ അതേ അളവിൽ രണ്ടാമത്തെ ഗോർബച്ചേവിനെ അഭിനന്ദിക്കും.

ബാലചന്ദ്രൻ ചുള്ളിക്കാട്

ഏതു ഈശ്വരനാണ്. ഏതു ശാശ്വത വസന്തത്തിന്റെ കൊയ്ത്തുകാരനാണ്. നക്ഷത്രങ്ങളുടെ വയലിൽ ഈ സ്വർണ്ണക്കൊയ്ത്തരിവാൾ ഇട്ടിട്ടു പോയിരിക്കുന്നത്? എന്നു വിക്തോർ യൂഗോ ചോദിക്കുമ്പോൾ എന്നിലുള്ള റൊമാന്റിക് ആഹ്ലാദിക്കുന്നു. പക്ഷേ ചന്ദ്രക്കലയെ ചന്ദ്രക്കലയെന്നു പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം. വഴിവക്കിലെ മുക്കുറ്റിപ്പൂവ് നക്ഷത്രശോഭയാർന്നു മറ്റൊരു നക്ഷത്രമായെന്നു കവി പറയുമ്പോഴും ഭേഷ് എന്നു ഞാൻ ഉദ്ഘോഷിക്കും. എന്നാൽ മുക്കുറ്റിപ്പൂവിനെ അതായിത്തന്നെ ദർശിക്കാനാണ് എനിക്കു കൗതുകം. നെന്മണികളുടെ ഭാരം കൊണ്ട് അഗ്രം വളഞ്ഞു നിൽക്കുന്ന നെൽച്ചെടികളെക്കണ്ട് ‘ഞങ്ങളുടെ തലകൾ ഉടനെ മുറിച്ചു കളയുമല്ലോ’ എന്ന വിചാരത്തോടെ ദുഃഖിച്ച് നിൽക്കുകയാണ് അവയെന്നു കവി പറയുമ്പോൾ ‘ശരി’ എന്നു ഞാനും പറഞ്ഞെന്നു വരും. പക്ഷേ കൊയ്ത്തു നടക്കൻ പോകുന്നു എന്നു യഥാർഥമായി വിചാരിക്കാനാണ് എനിക്കു താത്പര്യം. യൗവന കാലത്ത് പ്രേമഭാജനവുമൊത്ത് രാത്രിയിൽ പാതയിലൂടെ നടന്നപ്പോൾ ‘നക്ഷത്രം എന്റെ കൂടെ വരുന്നു’ എന്നു ഞാൻ ചിന്തിച്ചിരിക്കില്ല. മജ്ജയും മാംസവും ചോരയുമുള്ള ഒരു സുന്ദരി എന്റെ കൂടെ വരുന്നൂ എന്നേ തോന്നിയുള്ളൂ. ഈ യഥർത്ഥപ്രതീതിയാണ് ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവവർണ്ണനകൾ എന്നിൽ ആഹ്ലാദാനുഭൂതി ജനിപ്പിക്കുന്നു. സ്വീഡനിൽ വച്ചുണ്ടായ ഒരനുഭവമാണ് അദ്ദേഹം വർണ്ണിക്കുന്നത്. അനുഭവത്തിന്റെ സ്വഭാവം വിശദമാക്കിയാൽ അതു വായിക്കാൻ പോകുന്നവരുടെ രസത്തിനു ഭംഗം വരും. അതുകൊണ്ടു ഹൃദ്യമായ ആ വർണ്ണനം വായിക്കൂ. രസിക്കൂ എന്നു മാത്രമേ ഞാൻ എഴുതുന്നുള്ളൂ.

സർഗ്ഗവൈഭവം ഇന്ന വ്യക്തിയിലേ പ്രകടീഭവിക്കൂ എന്നു കരുതാൻ വയ്യ. മാവോയുടെ കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്. ഒന്നാന്തരമാണവ. ഹോചിമിൻ എഴുതിയ കവിതകളും മനോഹരങ്ങളാണ്. കാസ്റ്റ്രോയുടെ സാഹിത്യസംബന്ധിയായ പാണ്ഡിത്യം അത്ഭുതാവഹങ്ങളാണ്. അദ്ദേഹവും കവിത എഴുതിയിരുന്നു. സ്റ്റാലിൻ യൗവനകാലത്തു കവിത രചിച്ചു പരുക്കൻ ഭരണവും മൃദുലമായ കവിതാരചനയും എന്നേ പറയേണ്ടൂ.