close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 02 13


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 02 13
മുൻലക്കം 1998 02 06
പിൻലക്കം 1998 02 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ലോകം കണ്ട കൊലപാതകികളിൽ അനായാസമായി ഒന്നാം സ്ഥാനത്തെത്തും റോമൻ ചക്രവർത്തിയായിരുന്ന കലിഗ്യല (Caligula 12–41 AD). റോമൻ ചരിത്രകാരൻ സ്വീതോനീയസിന്റെ (Suetonius b in AD 69) “The Twelve Caesars” എന്ന പുസ്തകത്തിൽ കലിഗ്യലയെക്കുറിച്ചുള്ള ഭാഗം വായിച്ചാൽ നമ്മൾ ഞെട്ടിപ്പോകും. പ്രദർശനത്തിനു വേണ്ടി വന്യമൃഗങ്ങളെ ഒരുമിച്ചു കൂട്ടിയ അയാൾ തീരുമാനിച്ചു കശാപ്പുകാരന്മാർ ആട്, മാട് ഇവയെ കൊന്നുണ്ടാക്കുന്ന മാംസത്തിനു വില കൂടുമെന്നതിനാൽ കുറ്റവാളികളെ ജീവനോടെ അവയ്ക്ക് ഇട്ടുകൊടുത്താൽ മതിയെന്ന്. അഭിജാതന്മാരെ ഖനികളിലും പാതകളിലും ജോലിയ്ക്ക് അയച്ചിട്ട് അയാൾ അവരെ ക്രൂരമൃഗങ്ങളുടെ മുൻപിലേക്ക് എറിഞ്ഞു കൊടുക്കും. മറ്റുള്ളവരെ കൊച്ച് കൂടുകളിലാക്കി മൃഗങ്ങളെപ്പോലെ നാലുകാലിൽ ഇഴയാൻ ആജ്ഞാപിക്കും. അവരിൽ ചിലരെ വാളുകൊണ്ട് നേർ പകുതിയായി മുറിപ്പിക്കും. വലിയ കുറ്റങ്ങൾക്കുള്ള ശിക്ഷയായിരുന്നില്ല ഇത്. തന്റെ പ്രതിഭയെ അംഗീകരിക്കാത്തവരെയാണ് കലിഗ്യല ഇങ്ങനെ കൊന്നത്. ഒരു പ്രഭുവിനെ ക്രൂരമൃഗങ്ങളുടെ മുപിലേക്കു എറിയാൻ ഭാവിച്ചപ്പോൾ താൻ നിരപരാധനാണെന്ന് അയാൾ ഉച്ചത്തിൽ പറഞ്ഞു. ചക്രവർത്തി അയാളെ തിരിച്ചു കൊണ്ടു വന്ന് നാക്കു മുറിപ്പിച്ചതിനു ശേഷമാണ് മൃഗങ്ങൾക്ക് ഭക്ഷണമായി വലിച്ചെറിഞ്ഞത്. ആരെയെങ്കിലും കൊല്ലുന്നതിനു മുൻപ് അയാൾ കൊച്ചു കൊച്ചു മുറിവുകൾ മരിക്കാൻ പോകുന്നവന്റെ ശരീരത്തിൽ ഉണ്ടാക്കാൻ ആജ്ഞാപിക്കുമായിരുന്നു. ‘അവൻ മരിക്കുന്നുവെന്ന് അവനു തോന്നണം’ എന്നായിരുന്നു കലിഗ്യലയുടെ കല്പന. ദുരന്ത നാടകങ്ങളിലെ പ്രശസ്തനായ ഒരഭിനേതാവിനോട് അയാൾ ജൂപിറ്ററിന്റെ പ്രതിമയ്ക്കടുത്തു നിന്നു കൊണ്ടു ചോദിച്ചു: “ഞങ്ങളിൽ ആരാണ് മഹാൻ?” അഭിനേതാവ് ഒരു നിമിഷം സംശയിച്ചു നിന്നപ്പോൾ കലിഗ്യല അയാളെ കെട്ടിവച്ച് അടിക്കാൻ ആജ്ഞാപിച്ചു. കാരുണ്യമഭ്യർത്ഥിച്ച് അഭിനേതാവ് വിലപിക്കുന്നതിന്റെ സംഗീതാത്മകത്വം ചക്രവർത്തിക്ക് ആസ്വദിക്കാൻ വേണ്ടിയായിരുന്നു ഈ കഠോരമർദ്ദനം. ഇനിയുമുണ്ട് ക്രൂരതകളുടെ വിവരണം. അവ അറിയാൻ താല്പര്യമുള്ളവർക്കു Suetonius - ന്റെ The Twelve Caesars’ എന്ന ഗ്രന്ഥം നോക്കാം (പെൻഗ്വിൻ ബുക്ക്സ്, Robert Graves - ന്റെ തർജ്ജമ, പുറങ്ങൾ 153 മുതൽ 184 വരെ). Colin Wilson എഴുതിയ A criminal History of Mankind എന്ന പുസ്തകത്തിലും ഈ മനുഷ്യാധമന്റെ ക്രൂരതകളുടെ വിവരണമുണ്ട് (പുറം 199, 200).

ഭരണാധികാരികളുടെ നൃശംസതകളെ വർണ്ണിക്കുമ്പോൾ അത്യുക്തി വരാവുന്നതാണ്. പക്ഷേ കലിഗ്യലയുടെയും സ്വീതോനീയസിന്റെയും ജീവിതകാലങ്ങൾക്കു തമ്മിൽ വലിയ അന്തരമില്ല. കലിഗ്യല മരിച്ചതിനു ശേഷം ഇരുപത്തിയെട്ടു വർഷം കഴിഞ്ഞപ്പോഴാണ് സ്വീതോനീയസ് ജനിച്ചത്. അതുകൊണ്ട് ആ ചരിത്രകാരന്റെ പ്രതിപാദനങ്ങളിൽ സ്ഥൂലികരണമോ അത്യുക്തിയോ വന്നിരിക്കാനിടയില്ല.

അശ്ലീല വർണ്ണനകൾ നിറഞ്ഞ ഗ്രന്ഥങ്ങൾ മനുഷ്യരെ അധഃപതിപ്പിക്കുന്നതിനേക്കാൾ വളരെ വളരെ കൂടുതലായി റ്റെലിവിഷനിലെ അശ്ലീലരംഗങ്ങൾ ദ്രഷ്ടാക്കളെ അധഃപതിപ്പിക്കുന്നു.

Bad literature is a crime against scociety എന്ന് ആൽഡസ് ഹക്സിലി പറഞ്ഞതിനാൽ പ്രോത്സാഹിക്കപ്പെട്ടു ഞാൻ എഴുതുകയാണ്: ‘സാഹിത്യത്തിലും കലിഗ്യലയെപ്പോലുള്ള പ്രാണാന്തകരുണ്ട്’. അവരിൽ ഒരാളായി ഞാൻ കാണുന്നു ശ്രീ. എബ്രഹാം മാത്യുവിനെ. അദ്ദേഹത്തിന്റെ ‘ചാനൽ മാറുന്നു’ എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ് - ലക്കം 49) പ്രാണാന്തകമാണ്. ഒരു മുത്തച്ഛനെയും പേരക്കുട്ടിയെയും സംസാരിപ്പിച്ചും പ്രവർത്തിപ്പിച്ചും തലമുറകളുടെ അന്തരം സ്പഷ്ടമാക്കാൻ യത്നിക്കുന്ന ഈ രചനയിൽ അനുവാചകനെ അസ്വസ്ഥനാക്കുന്ന കലാരാഹിത്യമല്ലാതെ വേറൊന്നുമില്ല. സാഹിത്യത്തിന്റെ പരിണാമത്തിനു വിധേയമായി ചെറുകഥയുടെ പ്രതിപാദ്യ വിഷയവും പ്രതിപാദനതീതിയും മാറിപ്പോയിരിക്കുന്നുവെന്ന് എനിക്കറിയാം. എന്നാൽ എന്തെല്ലാം മാറ്റങ്ങൾ വന്നാലും റോസാപ്പൂവിന്റെ ഉള്ളു കൂടുതൽ ചുവന്നിരിക്കുന്നതു പോലെ രചനയുടെ കേന്ദ്രഭാഗമെങ്കിലും കലാത്മകമായിരിക്കണമല്ലോ. അതില്ല ഈ രചനയിൽ. ആധുനികതയാണ് തന്റെ രചനയുടെ സവിശേഷതയെന്ന് കഥാകാരൻ പ്രഖ്യാപിച്ചേക്കും. മാർക്സിസ്റ്റായ ബന്യമിൻ പറഞ്ഞു എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായാലും അവ ഒരേയൊരു കലൈഡസ്കോപ്പിന്റെ - ചിത്രദർശിനിക്കുഴലിന്റെ വൈചിത്ര്യമാർന്ന രംഗങ്ങൾ പോലെയാണെന്ന്. മോപസാങ്ങിന്റെയും കാൽവിനോയുടെയും കഥകൾ വിഭിന്നങ്ങൾ. പക്ഷേ മോപസാങ് കലയെന്ന ചിത്രദർശിനിക്കുഴലിലൂടെ ചില കാഴ്ചകൾ കാണിച്ചു തരുന്നു. കാൽവിനോ - തികച്ചും അത്യാധുനികനായ കാ‌ൽ‌വിനോ - മറ്റു ചില കാഴ്ച്ചകൾ കാണിച്ചു തരുന്നു. കാഴ്ചകൾക്കു വിഭിന്നതയുണ്ടെങ്കിലും ഒരു കലൈഡസ്കോപ്പ് തന്നെയാണു രണ്ടു പേരുടെയും കൈകളിൽ. നമ്മുടെ കഥാകാരന്റെ കൈയിൽ ചിത്രദർശിനിക്കുഴൽ ഇല്ലേയില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png തിരുവനന്തപുരത്തെ പ്രൈവറ്റ് ആശുപത്രികളെക്കുറിച്ച് എന്താണ് അഭിപ്രായം?

സർക്കാരാശുപത്രിയിൽ ഞാൻ പോകുകയില്ല. ഏതെങ്കിലും സ്വകാര്യാശുപത്രിയിലാവും എന്റെ അന്ത്യം. അതു കൊണ്ട് ഉള്ളിലുള്ളത് എഴുതാൻ പേടി. എങ്കിലും പ്രൈവറ്റ് ആശുപത്രിയിലെ അധികാരികളോടു മാപ്പു ചോദിച്ചു കൊണ്ട് ഞാൻ വിചാരിക്കുന്നതു് എഴുതിക്കൊള്ളട്ടെ. കാലിൽ പാമ്പു കടിച്ചാൽ വിഷം വളരെ വേഗം മുകളിലേക്കു കയറുമല്ലോ. അതുപോലെ താങ്ങാനാവാത്ത ചെലവ് പ്രതിനിമിഷം മുകളിലേക്കു പൊയ്‌ക്കൊണ്ടിരിക്കും.

Symbol question.svg.png അന്തരിച്ച ഫിലിം ഡയറക്‌ടർ അരവിന്ദൻ എപ്പോഴും മൗനം അവലംബിച്ചതിന്റെ കാരണമെന്ത്?

അത് അദ്ദേഹത്തിന്റെ സ്വഭാവമെന്നു കരുതിയാൽ മതി. എ്‌ക്കൗണ്ടന്റ് ജനറലാഫീസിന്റെ മുൻപിലിരിക്കുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയോടു വല്ലതും ചോദിച്ചാൽ അതു മറുപടി പറയുമോ? അതു രാമകൃഷ്ണപിള്ളപ്രതിമയുടെ സ്വഭാവം.

Symbol question.svg.png പ്രകാശത്തെക്കാൾ വേഗം കൂടിയതു വല്ലതുമുണ്ടോ?

രാഷ്ട്രീയനേതാക്കന്മാരുടെ ക്രിമിനൽക്കുറ്റങ്ങൾ പ്രകാശത്തെക്കാൾ വേഗം കൂട്ടിയാണ് ചെയ്യപ്പെടുക. അതിനേക്കാൾ വേഗത്തിൽ ബഹുജനം അവയെ മറക്കുകയും ചെയ്യും. മറവി സെക്കൻഡിൽ 744000 മൈൽ സഞ്ചരിക്കുന്നു. കുറ്റം സെക്കൻഡിൽ 372000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്നു. പ്രകാശം സെക്കൻഡിൽ 186000 മൈൽ സഞ്ചരിക്കുന്നു.

Symbol question.svg.png ‘അതിപരിചയമാർക്കും മാനമില്ലാതാകും’ എന്നു കെ. സി. കേശവപിള്ള പറഞ്ഞതു ശരിയോ?

ശരി. പക്ഷേ അദ്ദേഹം മുഴുവനും പറഞ്ഞില്ല. മാനമില്ലാതാകും. വർഷം തോറും ഭാര്യ പെറുകയും ചെയ്യും. പിന്നെ സ്‌ക്കൂളിൽ പോകാൻ വയ്യെന്നു പറയുന്ന പിള്ളേരെ അടിക്കാനേ തന്തയ്ക്കു നേരം കാണൂ.

Symbol question.svg.png വേർമിഫോം അപ്പെൻഡിക്സ് നേരത്തെ എടുത്തു കളയുന്നതല്ലേ നല്ലത്? അപെൻഡിസൈറ്റിസ് ഒഴിവാക്കാമല്ലോ നേരത്തെ അതു ശസ്ത്രക്രിയ ചെയ്തു മാറ്റിയാൽ?

വേണ്ടാത്തതൊക്കെ താങ്കൾ നേരത്തെ ദൂരെക്കളയാറുണ്ടോ? റ്റെലിവിഷൻ സെറ്റ് താങ്കൾ വീട്ടിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടോ?

Symbol question.svg.png നിങ്ങൾ ഒ. വി. വിജയന്റെ നോവലുകൾ വായിക്കാറുണ്ടോ? വീണ്ടും വീണ്ടും?

ഇപ്പോഴില്ല. വിജയന്റെ നല്ല നോവലുകൾ വായിച്ചാൽ എനിക്കു മുട്ടത്തുവർക്കിയുടെ പീറ നോവലുകൾ ഓർമ്മയിലെത്തും. ആ അസ്വസ്ഥത ഒഴിവാകാനായി ഞാൻ മുട്ടത്തുവർക്കിയുടെ നോവലുകൾ വീണ്ടും വീണ്ടും വായിക്കുന്നു. അപ്പോൾ വിജയന്റെ നല്ല നോവലുകൾ ഓർമ്മയിലെത്തുകയും ഞാൻ ആ സ്മരണയിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു.

Symbol question.svg.png ചോദ്യങ്ങൾ ദീർഘങ്ങളായ ഉത്തരങ്ങളായാണ് വായനക്കാർ പ്രതീക്ഷിക്കുന്നതെന്ന കാര്യം നിങ്ങൾക്കറിയാമോ?

കൊച്ചു ചോദ്യങ്ങൾക്കു കൊച്ചുത്തരങ്ങൾ പോരേ? നിലവിളക്കു കത്തിക്കാൻ താങ്കൾ വീടിനു തീ വയ്ക്കുമോ? പോസ്റ്റോഫീസിൽ നിന്നു സ്റ്റാമ്പ് വാങ്ങിച്ചിട്ടു പശ തേച്ച ഭാഗം നനയ്ക്കാൻ റ്റാപ് തുറന്നു ജലത്തിന്റെ കുത്തൊഴുക്കിൽ അതു വച്ചു കൊടുക്കുമോ നിങ്ങൾ?

ജേണലിസം

ഉജ്ജ്വല പ്രതിഭാശാലി എന്ന വിശേഷണം നല്‌കാതെ ബ്രസീലിയൻ നോവലിസ്റ്റ് മാ ഷാദൂ ദി ആസീസിനെ ‘അവതരിപ്പിക്കാൻ’ വയ്യ. (Joaquim Maria Machado de Assiz 1839 – 1908 ഷോ ആകിം മാറീആ മാഷാദൂ ദി ആസീസ്). അദ്ദേഹത്തിന്റെ വിസ്മയാവഹങ്ങളായ നോവലുകൾ ഞാൻ വായിച്ചിട്ടുണ്ടെങ്കിലും The Psychiatrist എന്ന ചെറുകഥയൊഴിച്ചു മറ്റുള്ള ചെറുകഥകളിൽ ഒരെണ്ണം പോലും വായിച്ചിട്ടില്ല. മാഷാദുവിന്റെ The Looking Glass എന്ന കഥയെക്കുറിച്ചു കോളിൻ വിൽസൻ New Pathways in Psychology എന്ന ഗ്രന്‌ഥത്തിൽ പറഞ്ഞതിനെ അവലംബമാക്കിയാണ് ഇനിയുള്ള കാര്യങ്ങൾ ഞാൻ വിവരിക്കുന്നത്.

യുദ്ധസേവനം കഴിഞ്ഞ് ലഫ്റ്റെനന്റിന്റെ യൂണിഫോം ധരിച്ചു വീട്ടിലെത്തിയ യുവാവിനെ എല്ലാവരും ബഹുമാനിച്ചു. അമ്മ അയാളെ ‘എന്റെ ലഫ്റ്റനെന്റ്’ എന്നു വിളിക്കും. മറ്റു ബന്‌ധുക്കളും അയാളെ അങ്ങനെതന്നെയാണു വിളിക്കുക. ഇതിന്റെയൊക്കെ ഫലമായി താൻ ലഫ്റ്റനെന്റ് തന്നെയെന്നു അയാൾ വിശ്വസിച്ചു. ഒരു ദിവസം അയാളുടെ അമ്മായിയും മറ്റുള്ളവരും എവിടെയോ പോയപ്പോൾ അയാൾക്ക് ഏകാകിതയുടെ ദുഃഖം. നഷ്ടബോധം. വീട്ടിലുള്ള ഒരു വലിയ കണ്ണാടിയുടെ മുൻപിൽ അയാൾ ചെന്നു നിന്നപ്പോൾ ശരീരം അസ്പഷ്ടമായി കാണപ്പെട്ടു. അപ്പോൾ അയാൾ ലഫ്റ്റനെന്റിന്റെ യൂണിഫോം ധരിച്ചു. അതോടെ അസ്പഷ്ടത മാറി. ഇല്ലാതായ ആത്‌മാഭിമാനവും തിരിച്ചു കിട്ടി. എന്നും അയാൾ യൂണിഫോം ധരിച്ചു കണ്ണാടിയുടെ മുൻപിലിരുന്നു. അതു ചെയ്തില്ലായിരുന്നെങ്കിൽ അയാൾ ഭ്രാന്തനായിപ്പോയേനേ. കണ്ണാടി അങ്ങനെ അയാളെ രക്ഷിച്ചു. ഇതിനു വിപരീതമായ അവസ്ഥയാണ് ഓസ്‌കാർ വൈൽഡിന്റെ The Picture of Dorain Gray എന്ന നോവലിൽ കാണുക. ഡോറിയൻ ഗ്രേയുടെ ചിത്രം ഒരു കലാകാരൻ വരച്ചുകൊടുത്തു. ആ ചിത്രം ഒരു വിധത്തിൽ കണ്ണാടി തന്നെയാണ്. ഡോറിയൻ ഗ്രേ എന്തു വിചാരിച്ചാലും അതു ചിത്രത്തിന്റെ മുഖത്തു പ്രതിഫലിക്കും. ക്രമേണ അയാൾ അധഃപതിച്ചു. ആ അധഃപതനവും അയാളുടെ മലിന വികാരങ്ങളും ചിത്രം പ്രതിഫലിപ്പിക്കുകയായി. ഒടുവിൽ അയാൾ ആ ചിത്രത്തെ കുത്തിക്കീറിയിട്ട് ഹൃദയത്തിലൂടെ കത്തികടത്തി ആത്‌മഹത്യ ചെയ്തു. മാഷാദുവിന്റെ കഥയിൽ കണ്ണാടി ദ്രഷ്ടാവിന്റെ അഹം പ്രത്യയത്തെ നിലനിറുത്തുന്നു. രണ്ടാമത്തെ കഥയിൽ ചിത്രമാകുന്ന ദർപ്പണം യുവാവിനെ ആത്മഹത്യയിലേക്കു നയിക്കുന്നു.

ശ്രീ. കെ. പ്രഭാകരൻനായർ ദേശാാഭിമാനി വാരികയിലെഴുതിയ ‘അകലെനിന്നുള്ള ദൃശ്യം’ എന്ന ചെറുകഥയും കണ്ണാടി തന്നെയാണ്. നിത്യജീവിതത്തിലെ ചില സംഭവങ്ങളെടുത്ത് കഥാകാരൻ രചനയിലൂടെ പ്രതിഫലിപ്പിക്കുന്നു. വെറും പ്രതിഫലനം. അങ്ങനെയുള്ള പ്രതിച്‌ഛായയിൽ ആ സംഭവങ്ങളെസ്സംബന്ധിച്ച ഉൾക്കാഴ്ച ഉണ്ടാവുകയില്ല. ഉൾക്കാഴ്ചയില്ലാത്ത സംഭവ വിവരണം ജേണലിസം മാത്രമാണ്. വിദ്യാർത്ഥിനി സിനിമയിൽ മാത്രം താല്പര്യമുള്ളവളാണെന്നു കണ്ടു് റ്റീച്ചർ അവളെ ശസിക്കുന്നു. പിൽക്കാലത്ത് അവൾ പ്രശസ്തയായ ചലച്ചിത്ര താരമാകുമ്പോൾ ആ റ്റീച്ചർ തന്നെ അഭിമുഖ സംഭാഷണത്തിനായി ചെല്ലുന്നു. ഗാർഹിക ജീവിതം നയിക്കുന്ന റ്റീച്ചറിനോടു ചലച്ചിത്രതാരത്തിന് അസൂയ മാത്രം. കലാകാരൻ കാണുന്ന യഥാർത്ഥ്യം അതിനെക്കാൾ ഉയർന്ന വേറൊരു യഥാർത്ഥ്യത്തിലേക്കു ചെല്ലുമ്പോഴാണ് കലയുടെ ആവിർഭാവം.എഴുത്തുകാരൻ കണ്ട യഥാർത്ഥ്യത്തോടു രണ്ടാമത്തെ യഥാർത്ഥ്യത്തിന് ഒരു ബന്ധവുമുണ്ടായിരിക്കില്ല. പ്രഭാകരൻനായർക്കു ഉൾക്കാഴ്ചയിലൂടെ ഈ സമുന്നതമായ യാഥാർത്ഥ്യത്തെ ദർശിക്കാൻ കഴിയുന്നില്ല. വെറും ജേണലിസമല്ലാതെ ഇക്കഥ വേറെയൊന്നുമില്ല.

നാനാവിഷയകം

കൈനിക്കര കുമാരപിള്ള ആകാശവാണിയിലെ വിദ്യാഭ്യാസ പരിപാടിയുടെ ചുമതലയേറ്റിരുന്ന കാലം. പി.കേശവദേവിന്റെ പ്രഭാഷണത്തിന് മുൻപ് പ്രഭാഷകന്റെ പേരും സംസാരിക്കാൻ പോകുന്ന വിഷയത്തിന്റെ സ്വഭാവവും വ്യക്തമാക്കി കൈനിക്കര ആദ്യമായി നാലു വാക്യമെങ്കിലും പറയണം. കൈനിക്കര അതിന് വയ്യെന്നു പറഞ്ഞു. ‘എന്താ സാർ ഈ വൈമുഖ്യം?’ എന്ന് അവിടെയിരുന്ന ഞാൻ ചോദിച്ചു. കൈനിക്കരയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘എനിക്ക് അയാളെ കഥാകാരനെന്നോ നോവലിസ്റ്റെന്നോ വിശേഷിപ്പിക്കാൻ വയ്യ’ കൈനിക്കരക്കു പകരം ആരോ ആ വാക്യങ്ങൾ പറഞ്ഞു. എന്റെ ഓർമ്മ ശരിയാണോ എന്തോ. ശ്രീ കരമന ഗംഗാധരൻ നായരാണ് ആമുഖമെന്ന മട്ടിൽ ചില വാക്യങ്ങൾ പ്രക്ഷേപണം ചെയ്തത്. കൈനിക്കരയുടെ ഈ വിമുഖത കേശവദേവ് അറിഞ്ഞില്ല. അറിഞ്ഞെങ്കിൽ വഴക്കു തന്നെ ഉണ്ടാകുമായിരുന്നു.

കൈനിക്കരയുടെ ഈ നിലപാട് ശരിയായിരുന്നോ? ആയിരുന്നില്ല എന്നാണ് എന്റെ തോന്നൽ. സർഗ്ഗശക്തിയെ അവലംബിച്ച് നോക്കുകയാണെങ്കിൽ കേശവദേവിനുള്ള പ്രതിഭ കൈനിക്കരയ്ക്ക് ഇല്ല. അന്യരുടെ കാര്യം വരുമ്പോൾ നമ്മൾ നമുക്കും അവർക്കുമിടയിലായി അന്ധകാരം കൊണ്ട് വേലി കെട്ടുന്നു. അതിനെ ഇല്ലാതാക്കാൻ നമ്മൾ നിസ്വാർത്ഥ മനോഭാവത്തിന്റെ പ്രകാശം പ്രസരിപ്പിക്കുനില്ല. കൈനിക്കര കുമാരപിള്ള പുരുഷ രത്നമായിരുന്നു. അദ്ദേഹത്തിനുപോലും മിഥ്യാസങ്കല്പത്തെ തകർക്കാൻ കഴിഞ്ഞില്ല.

2. പ്രൈവറ്റ് കോളേജുകളിൽ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി എനിക്ക് പലപ്പോഴും പോകേണ്ടതായി വന്നിട്ടുണ്ട്. സർവ്വകലാശാലയുടെ പ്രതിനിധിയായി ഞാൻ. സർക്കാരിന്റെ പ്രതിനിധിയായി വിദ്യാഭ്യാസ സെക്രട്ടറി. പലരും ഇന്റർവ്യൂ കഴിഞ്ഞുപോയി.

ഒരാളെത്തിയപ്പോൽ ഞാൻ ചോദിച്ചു
എന്താ സ്പെഷൽ സബ്ജക്ട്?
മറുപടി
കഥകളി
എന്റെ ചോദ്യം
ആട്ടക്കഥകളിലെല്ലാം ‘പാടച്ചരകീടൻ’ എന്നു കാണാമല്ലോ. അതിന്റെ അർഥമെന്താണ്?

ഉദ്യോഗാർത്ഥി മിണ്ടിയില്ല. അപ്പോൾ ആ കോളേജിലെ മലയാളം പ്രൊഫസ്സർ അയാളെ സഹായിച്ചു.

അദ്ദേഹം ചോദിച്ചു
ഇതറിഞ്ഞുകൂടേ നിങ്ങൾക്ക്? ‘പാടത്തിൽ ചരിക്കുന്ന കീടം’

ഞാൻ ചിരിച്ചില്ല. മലയാളമോ സംസ്കൃതമോ അറിഞ്ഞുകൂടാത്ത കോളേജ് പ്രിൻസിപ്പലും ചിരിച്ചില്ല.

‘പാടച്ചരൻ’ എന്ന വാക്കിന് കള്ളൻ എന്നാണ് അർത്ഥം. പ്രൊഫസ്സറെ അപമാനിക്കരുതല്ലോ എന്നുവിചാരിച്ച് ഞാൻ അർത്ഥ പ്രദർശനം നടത്തിയതുമില്ല (പാടച്ചരഃ = പാടയൻ, ഛിന്ദൻ ചരതി) ‘കുസുമരസ പാടച്ചരഃ’ എന്നു ശാകുന്തളം നാടകത്തിൽ (ആറാമങ്കം). ‘പദ്മിനീ പരിമലാലി പാടച്ചരഃ’ എന്നു ഭാമിനീവിലാസത്തിൽ. പാടച്ചരകീടൻ എന്നതിന് പാടത്തിൽ ചരിക്കുന്ന കീടം എന്നു പറഞ്ഞ പ്രൊഫസറെക്കാൾ ഉന്നതനാണ് അർത്ഥമറിഞ്ഞുകൂടെന്ന മട്ടിൽ മിണ്ടാതെ നിന്ന ജീവികാർത്ഥി.

3. സാഹിത്യകാരന്മാരുടെ രചനകളിലെ അശ്ലീല പ്രസ്ഥാവങ്ങളെക്കുറിച്ച് മുറവിളി കൂട്ടുന്നവർ തങ്ങളറിയാതെ ടെലിവിഷനിലൂടെ അശ്ലീലത ആസ്വദിക്കുകയാണെന്ന് അറിയുന്നുണ്ടോ? ബോൾ പോയിന്റ് പേനയെടുത്ത് താലോലിച്ചുകൊണ്ട് ഒരു സുന്ദരി അതിന്റെ പേരു പറയുന്നു. ദ്രഷ്ടാക്കളുടെ ശ്രദ്ധ മുഴുവൻ ആ യുവതിയുടെ സൗന്ദര്യത്തിലാണ്. ‘ഈ മൃദുലതയാണ് എനിക്കിഷ്ടം’ എന്നു പറഞ്ഞ് മനോഹരങ്ങളയ കൈകളെ തഴുകുന്നു, ഒരുത്തൻ. അവയുടെ മനോഹാരിതയിലാണ് കാഴ്ചക്കാരുടെ ശ്രദ്ധ. അതിനു ശേഷമുണ്ടാകുന്ന അലിംഗനം കാഴ്ചക്കാർക്ക് കാമോദ്ദീപകമാണ് എന്നതിൽ എന്തുണ്ട് സംശയം. ദ്രഷ്ടാക്കൾ തങ്ങളറിയാതെ ഞരമ്പുകളെ ചൂടു പിടിപിക്കുകയണ് ഇമ്മാതിരി പരസ്യങ്ങൾ കണ്ട്. കുട്ടികളാണ് ഇവ ദർശിച്ച് ഏറ്റവും കൂടുതലായി ചീത്തയാകുന്നത്. ഈ മഹാപരാധത്തെക്കുറിച്ച് നമ്മുടെ സദാചാര തല്പരർക്ക് ഒരക്ഷരം പോലും ഉരിയാടാനില്ല. അശ്ലീല വർണ്ണനകൾ നിറഞ്ഞ ഗ്രന്ഥങ്ങൽ മനുഷ്യരെ അധഃപതിപ്പിക്കുന്നതിനേക്കാൾ വളരെ വളരെ കൂടുതലായി, ടെലിവിഷനിലെ അശ്ലീലരംഗങ്ങൾ ദ്രഷ്ടാക്കളെ അധഃപതിപ്പിക്കുന്നു. അഴുക്കു ചാലിൽ എറിയുന്നു. കുട്ടികെളെ ‘sex mania’ ഉള്ളവരാക്കി മാറ്റുന്നു.

ആന്റി റിയലിസം

ബാഹ്യവും ഭൗതികവുമായ യാഥാർത്ഥ്യത്തെ ത്യജിച്ച് അതീത യാഥാർത്ഥ്യത്തെ പ്രകാശിപ്പിക്കാനാണ് ഇപ്പോഴത്തെ കലാകാരന്മാർ ശ്രമിക്കുന്നത്.

അനുകരണത്തിനുള്ള ഗ്രീക്ക് പദമാണ് മിമീസിസ് (mimesis) എന്നത്. (The Concise Oxford Dictionary of Literary Terms - Chris Baldick) ബാഹ്യയാഥാർത്ഥ്യത്തെ അതുപോലെ ആവിഷ്കരിക്കലാണത്. പക്ഷേ ഈ അനുകരണം കലയുടെ സമുചിത മണ്ഡലമല്ല എന്നാണ് ആധുനികമതം. ബാഹ്യവും ഭൗതികവുമായ യാഥാർത്ഥ്യത്തെ ത്യജിച്ച് അതീത യാഥാർത്ഥ്യത്തെ പ്രകാശിപ്പിക്കാനാണ് ഇപ്പോഴത്തെ കലാകാരന്മാർ ശ്രമിക്കുന്നത്. വസ്തുനിഷ്ഠത്വത്തെ പരമലക്ഷ്യമാക്കി വസ്തുനിഷ്ഠമായ പ്രതിപാദനം നിർവഹിക്കുന്നതു കലയല്ലെന്നു വരെ അമൂർത്തകലയുടെ ഉദ്ഘോഷകനായ മലിവിച്ച് എന്ന റഷ്യൻ ചിത്രകാരൻ പ്രഖ്യാപിച്ചിട്ടുണ്ട്.

മീമീസിസിനും - റിയലിസത്തിനും - എതിരായുള്ള ആന്റി റിയലിസത്തെക്കുറിച്ച് അത്യുജ്ജ്വലമാായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് Christopher Nash - ന്റെ World Postmodern Fiction എന്നത് (Longman London and New York, Pages 388) റൊമാന്റിസം ആവിഷ്കാര രീതിയിൽ ഊന്നൽ കൊടുക്കുന്നു. റിയലിസം വസ്തുനിഷ്ഠമായ ചിത്രീകരണത്തിലും. ഇതൊരു നാണയത്തിന്റെ തന്നെ രണ്ടു വശങ്ങളാണ്. അംഗീകരിക്കപ്പെട്ട അർത്ഥത്തിന് കീഴ്പ്പെടുത്തുകയാണ് റൊമാന്റിസവും റിയലിസവും. എന്നാൽ ആന്റി റിയലിസം അർത്ഥരഹിതമായി, അയുക്തികമായി, യാഥാർത്ഥ്യരഹിതമായി സൃഷ്ടിക്ക് ഉദ്യമിക്കുന്നു. ജെയിംസ്, ജോയിസ്, പ്രൂസ്ത്, മാൻ, ഫോക്നർ, വൂൾഫ്, ലോറൻസ്, സെലീൻ, മൽറോ, സാർത്ര്, കമ്യൂ, കാഫ്ക ഇവർ റിയലിസ്റ്റുകളാണ്. ഇവരിൽ നിന്ന് വിഭിന്നരായി ആന്റിറിയലിസ്റ്റിക്കായി കാൽവീനോ, ബോർഹേസ്, ബെക്കിറ്റ്, റോബ് ഗ്രിയേ, ബാർത് (Barth) ഇവർ കലാസൃഷ്ടികൾക്ക് രൂപം നൽകുന്നു. ഈ അന്റിറിയലിസ്റ്റുകളെ മനസ്സിലാക്കാൻ, അവരുടെ രചനകളെ ആഴത്തിൽ പതിക്കാൻ ഈ ഗ്രന്ഥം സഹായിക്കുന്നു, നമ്മളെ. അതുകൊണ്ടാവണം ലോകപ്രശസ്തനായ മാർക്സിസ്റ്റ് നിരൂപകൻ Fredric Jameson ഇങ്ങനെ പറഞ്ഞത്: World Post modern fiction is very rich in all kinds of observations about the post realistic and is a very important document in…the post modern debate… a book which will occupy me now for sometime.

അദ്ഭുതാവഹമാണ് ഗ്രന്ഥകാരന്റെ അപഗ്രഥനപാടവം. അദ്ദേഹത്തിന്റെ പാണ്ഡിത്യം അന്യാദൃശ്യം. പക്ഷേ ഇതു വായിച്ചു കഴിഞ്ഞ് വിസ്മയാധീനനായി ഇരുന്ന ഞാൻ എന്നോടു തന്നെ ചോദിച്ചു, “തോമസ് മാൻ, പ്രൂസ്ത്, കാഫ്കാ, ജോയിസ് ഇവരേക്കാൾ വലിയ കലാകാരന്മാരാണോ കാൽവീനോ, റോബ്ഗ്രിയേ, ബാർഹേസ് ഇവരെല്ലാം. ഭൂതകാലസ്മരണകൾ (പ്രൂസ്തിന്റെ നോവൽ) ഇവ നിലനിൽക്കുമോ അതോ ബോർഹെസിന്റെ ‘Ficciones’ - ഉം കാൽവിനോയുടെ ‘The Casate of Crossed Destinies’ - ഉം നിലനിൽക്കുമോ? ഈ സംശയത്തോടുകൂടിത്തന്നെ ഞാൻ ഇപ്പുസ്തകം വീണ്ടും വീണ്ടും വായിക്കും. എന്റെ അറിവിന്റെ പരിധി വികസിപ്പിക്കാൻ ഇതെന്നെ സഹായിക്കും.

അവർ എന്നോടു പറഞ്ഞു

എൻ. ഗോപാലപിള്ള: കണ്ണശ്ശപ്പണിക്കർക്കു ശൗചം ചെയ്തു കൊടുക്കാനുള്ള യോഗ്യത നിങ്ങളുടെ എഴുത്തച്ഛന് ഇല്ല.

എം. പി. അപ്പൻ: എൻ. ജി. പിക്കു എഴുത്തച്ഛന്റെ കവിത ഇഷ്ടമല്ലായിരുന്നു. (എൻ. ജി. പി എന്നാൽ എൻ. ഗോപാലപിള്ള)

ജോസഫ് മുണ്ടശ്ശേരി: സാഹിത്യവാരഫലം എന്തിനാ എഴുതുന്നത്. അതു നിറുത്തണം.

വയലാർ രാമവർമ്മ: നിങ്ങൾക്കു മീശയുടെ കുറവുണ്ട്. അത് ഉടനെ വയ്ക്കണം.

ഡോക്ടർ ഗോദവർമ്മ: (വൈവവോസി പരീക്ഷ നടക്കുന്ന ഹാളിലേക്കു ഞാൻ കയറുന്നതിനു മുൻപ്) ഉണ്ണുനീലി നന്ദേശത്തിലെ പാഠഭേദങ്ങളെക്കുറിച്ച് ഉള്ളൂർ ചോദിച്ചാൽ അദ്ദേഹം അംഗീകരിച്ച പാഠമാണ് ശരിയെന്നു പറഞ്ഞേക്കണം. ഞാൻ സ്വീകരിച്ച പാഠം ശരിയെന്നു പറയരുത്. പറഞ്ഞാൽ ക്ലാസ് കിട്ടുകില്ല.

എം. എച്ച്. ശാസ്ത്രികൾ: (സ്റ്റാഫ് റൂമിൽ എല്ലാ ദിവസവും ഒരേ കസേരയിൽ വന്നിരുന്ന് എല്ലാ അദ്ധ്യാപകരോടും സംസാരിക്കുന്ന പ്രിൻസിപ്പലിനെ ലക്ഷ്യമാക്കി) വിഡ്ഢിത്തം പറയണമെന്നാണ് കൃഷ്ണൻ നായരുടെ ആഗ്രഹമെങ്കിൽ ഇപ്പോളിരിക്കുന്ന കസേരയിൽ നിന്നു മാറി മറ്റേക്കസേരയിൽ ഇരിക്കു. (മറ്റേക്കസേരയെന്നു പറഞ്ഞത് പ്രിൻസിപ്പൽ പതിവായി ഇരിക്കാറുള്ള കസേര)

തെറ്റായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു പ്രിൻസിപ്പൽ: (വർഷാവസാനത്തിൽ ക്ലാസ്സ് സോഷൽ ഏർപ്പാടു ചെയ്തു പ്രിൻസിപ്പലിന്റെ ആഗമനം പ്രതീക്ഷിച്ചു നിൽക്കുന്ന എന്നോട് പെൺകുട്ടികൾ നിൽക്കുന്ന സ്ഥലത്തേക്കു നോക്കി) Well, I want to enjoy all of them.

കെ. ബാലകൃഷ്ണൻ: (ശ്രീ. സുകുമാർ അഴീക്കോടും ഡോക്ടർ എസ്. കെ. നായരും വാദപ്രതിവാദം കൗമുദി ആഴ്ചപ്പതിപ്പിലൂടെ നടത്തിയത് ഉദ്ദേശിച്ച്). ആരേയും ഒരിക്കലും എതിർക്കാത്ത സുകുമാർ അഴീക്കോടാണ് ഇതെഴുതുന്നതെന്ന് നിങ്ങൾ ഓർമ്മിക്കണം.

ഡോക്ടർ സി. കെ. കരീം: (അദ്ദേഹത്തിന്റെ പുകവലിക്കൽ അമിതമാകുന്നുവെന്നു പറഞ്ഞ എന്നോട്) ഇനി വലിച്ചാലെന്ത് വലിച്ചില്ലെങ്കിലെന്ത്?

ഞാൻ എന്നോടു തന്നെ: ശ്രീ. ഇ. എം. എസ്സിന്റെ അഭിപ്രായങ്ങളോട് എല്ലാവരും യോജിച്ചെന്നു വരില്ല. പക്ഷേ അദ്ദേഹം World figure ആണെന്ന കാര്യം ആരും മറക്കരുത്. (World figure= A personage of great distiction before the eyes of the world).