close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 01 18


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 01 18
മുൻലക്കം 2002 01 11
പിൻലക്കം 2002 01 25
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വെണ്ണിക്കുളം ഗോപാലക്കൂറുപ്പിന്റെ അധ്യക്ഷ്യത്തില്‍ പന്മനയില്‍ കൂടിയ ഒരു സമ്മേളനത്തില്‍ ഞാന്‍ പ്രഭാഷകനായിരുന്നു. അതു തന്നെയാണ് അദ്ദേഹവുമായുള്ള എന്റെ അവസാനത്തെ മീറ്റിങ്ങ്. രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോള്‍ കവി ഇവിടം വിട്ടുപോയി. എല്ലാക്കാലത്തേക്കുമായി. ഞാന്‍ പ്രഭാഷണം നടത്തിയപ്പോള്‍ അനുഗൃഹീതനായ ആ കവിയുടെ ഒരു കാവ്യം ചൊല്ലി. അതു കേട്ട് അദ്ദേഹം സന്തോഷിച്ചു. കാവ്യം സമ്പൂര്‍ണ്ണമായും എനിക്കു ഹൃദിസ്ഥം. എങ്കിലും ഗദ്യത്തില്‍ എഴുതാം. ‘പേടമാനെപ്പോലെ ആരിലും കാരുണ്യമുളവാക്കുന്ന കണ്ണൂമായി ഓമന ശശികല പോലും അലിയുന്ന മന്ദസ്മിതത്തിനാല്‍ വിശദരുചി തൂകുകുന്നതല്ല എനിക്ക് ആഹ്ലാദപ്രദം. കരത്തിലെ വളകള്‍ താളം പിടിക്കുന്ന മട്ടില്‍ വീണക്കമ്പി മീട്ടി മധുരോദാര രാഗസംഗീത നിര്‍ത്ധരിയിലവള്‍ നീന്തുന്നതല്ല എനിക്ക് ആഹ്ലാദപ്രദം. സ്വര്‍ണ്ണത്താമരയിതളുകളില്‍ മുത്തുപോലെ തൂനഖം മിന്നുമ്പോള്‍ നൂപുരക്വാണം മുഴക്കി എന്റെ ഹൃദയേശ്വരി നൃത്തമാടുന്നതല്ല എനിക്ക് ആഹ്ലാദപ്രദം.’ പിന്നെയോ? ഇനി കവിയുടെ വാക്കുകള്‍ തന്നെയാവട്ടെ.

“പുരികഴലൊതുക്കാതെ ചെഞ്ചുണ്ടനക്കാതെ
പുരികലതയോങ്ങിയെന്‍ നേര്‍ക്കു പായിക്കവെ
അരുണിമയിരട്ടിച്ച പൂങ്കവിള്‍ക്കൂമ്പുമായ്
തരുണിമണി നില്ക്കുന്ന നില്പേ മഹോത്സവം.”

ഇതാണ് കോപനയുടെ നില്പ്. ഇതു പുരുഷനെ വല്ലാതെ രസിപ്പിക്കും. കോപം അധികമുള്ളവളാണ് കോപനയെങ്കിലും പ്രണയപരിഭവമാണ് അതെന്ന് പുരുഷനറിയാം. അതുകൊണ്ടാണ് പ്രിയതമയുടെ കോപം അയാള്‍ക്ക് ഹര്‍ഷമുളവാക്കുന്നത്.

ഈ കോപം സ്ത്രീയുടെ വിവിധ ശക്തികളില്‍ ഒന്നാണ്. രണ്ടാമത്തെ ശക്തി കണ്ണുനീരാണ്. പ്രേമഭാജനം കണ്ണിരൊഴുക്കിയാല്‍ ഒരുമാതിരിയുള്ള പുരുഷന്മാര്‍ അതില്‍ വീണു പോകും. അംഗനയുടെ മൂന്നാമത്തെ ശക്തിവിശേഷം സ്തമമാണെന്ന് ഞാന്‍ ഗ്രന്ഥപാരായണം കൊണ്ട് അറിഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും നീളം കൂടിയ നദിയാണ് അമസെന്‍ (Amazon). ആ നദിയുടെ അടുത്തു പാര്‍ക്കുന്ന മഹാവീര്യമുള്ള സ്ട്രീകളെയും അമസെന്‍ എന്നു വിളിക്കുന്നു. അവര്‍ മാറിടം കാണിച്ചാണ് യുദ്ധം ചെയ്തിരുന്നത്. ആക്രമിക്കാന്‍ വരുന്ന പുരുഷന്മാര്‍ മുലക്കണ്ണു കണ്ടാല്‍ ആക്രമണം തുടരാതെ വന്ന വഴിയില്‍ നിന്നു പോകും. 1971-ല്‍ ഇന്‍ഡ്യയിലുണ്ടായ ഒരു സംഭവത്തെക്കുറിച്ച് ഒരു സ്ത്രീയെഴുതിയ പുസ്തകം എന്റെ ഓര്‍മ്മയിലുണ്ട്. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു ചെറിയ സംഘത്തിന് ഒരു വലിയ ജനക്കൂട്ടത്തെ നേരിടേണ്ടിവന്നു. പരാജയം സുനിശ്ചിതമാണെന്നു കണ്ട് ആ സംഘത്തിലെ സ്ത്രീകള്‍ മുന്നോട്ടുവന്ന് രൂപമാര്‍ന്ന അവയവങ്ങള്‍ കാണിച്ചു. അതുകണ്ട ജനക്കൂട്ടം പിന്തിരിഞ്ഞു പോയി പോലും.

പ്രതിയോഗിയെ പരാജയപ്പെടുത്തുന്നതിന് വെള്ള വസ്ത്രങ്ങള്‍ക്കുള്ള ശക്തി നിറമുള്ള വസ്ത്രങ്ങള്‍ക്കില്ലെന്ന് ആ പുസ്തകമെഴുതിയ സ്ത്രീ ചൂണ്ടിക്കാണിച്ചിട്ടുണെന്നും എന്റെ ഓര്‍മ്മ പറയുന്നു. വെണ്‍മയുള്ള വസ്ത്രങ്ങള്‍ ധരിച്ച് പുരുഷന്മാരുടെ മുന്‍പില്‍ നില്ക്കുന്ന സ്ത്രീയോടു തോന്നുന്ന ആദരം നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞവളോടു തോന്നുകയില്ലെന്നതില്‍ സംശയം വേണ്ട. നമ്മുടെ ചില ആണുങ്ങള്‍ വാര്‍ദ്ധക്യം വകവയ്ക്കാതെ പടങ്ങളുള്ള വര്‍ണ്ണാഭങ്ങളായ ഷേര്‍ടും മറ്റുമിട്ട് നടക്കുമ്പോള്‍ ബഹുമാനമാണോ നമുക്കുണ്ടാകുന്ന വികാരം? അതൊ അതിരറ്റ പുച്ചമോ? എനിക്ക് ജനിക്കുന്ന വികാരം പുച്ഛമാണ്.

The greatest writer in modern Hebrew എന്ന വിശേഷണം അര്‍ഹിക്കുന്ന ആഗ്നാന്‍ (Shmuel Yosef Angnon, 1888–1970) എഴുതിയ ‘The Doctor’s Divorce’ എന്ന കഥയില്‍ കണ്ണീരൊഴുക്കാത്ത, രൂപമാര്‍ന്ന അവയവങ്ങള്‍ കാണിക്കാതെ അഭിജാതയായ ഒരു സ്ത്രീയെ കാണാം. ആഗ്നാന്‍ നോബല്‍ ലോറിയിറ്റാണ്. ‘Only Yesterday’ എന്ന മഹനീയമായ നോവലിന്റെ രചയിതാവാണ്. വലിയ നിരൂപകനായ Barukh Kurzweil പറഞ്ഞിട്ടുണ്ട് “The place of ‘Only Yesterday’ is among the greastest work of world literature” എന്ന്. ആ വൈദഗ്ദ്ധ്യവും പ്രതിഭയുമെല്ലാം ആഗ്നാന്റെ ചെറുകഥയിലും കാണാം. കഥ പറയുന്നതു ഡോക്ടര്‍ തന്നെ. അദ്ദേഹം ആ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ എല്ലാവരും സ്നേഹിച്ച ഒരു നേഴ്സിനെ കണ്ടു. അവളുടെ കാലൊച്ച കേള്‍ക്കാത്ത താമസം എല്ലാ രോഗികളും കിടക്കയില്‍ എഴുന്നേറ്റിരുന്ന് ‘നേഴ്സ്, നേഴ്സ് എന്റെ അടുത്തു വരൂ’ എന്നു വിളിക്കും. അവളുടെ ചുണ്ടുകളിലെ മന്ദഹാസം, ആ കറുത്ത കണ്ണുകളുടെ ഭംഗി ഇവയൊക്കെ എത്ര നിസ്തുലം! ഡോക്ടര്‍ അവളെ സ്നേഹിച്ചു. അവള്‍ ഡോക്ടറെയും. പക്ഷേ അവള്‍ക്ക് എന്തോ വിഷാദം. ഡോക്ടറുടെ കൈ സ്വന്തം കൈയില്‍ എടുത്തു വച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘Let us be happy, darling, and not disturb our happiness.’ അതു പറഞ്ഞപ്പോള്‍ അവള്‍ക്കു തേങ്ങലുണ്ടായി. അതിനു കാരണം ഡോക്ടര്‍ ആരാഞ്ഞപ്പോള്‍ കണ്ണീരോടെ അവള്‍ പറഞ്ഞത് ‘Please, darling, don’t say anything more’ എന്നാണ്. ഡോക്ടര്‍ പിന്നീടൊന്നും ചോദിച്ചില്ല. ഒരു ദിവസം അവള്‍ ഡോക്ടറെ അറിയിച്ചു. ‘എനിക്കു വേറൊരാളുമായി ബന്ധമുണ്ടായിരുന്നു’ അതുകേട്ട് ഡോക്ടര്‍ക്ക് വിറയലുണ്ടായി; ആന്തരമായ ദൗര്‍ബ്ബല്യവും. അവ

ളെ ഉപേക്ഷിച്ചു പോയവര്‍ ലക്ചറോ പ്രഫെസറോ എന്നു ഡോക്ടര്‍ നേഴ്സിനോടു ചോദിച്ചു. ‘ലജിസ്ലേച്ചറില്‍ ക്ലാര്‍ക്ക് എന്നായിരുന്നു അവളുടെ മറുപടി. ഒരു ചെറിയ ഉദ്യോഗസ്ഥന്‍ അവളെ വശീകരിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തല്ലോ എന്നോര്‍ത്ത് അയാള്‍ക്ക് അത്ഭുതം. എങ്കിലും അയാള്‍ അവളെ വിവാഹം കഴിച്ചു. പക്ഷേ ഡോക്ടര്‍ക്ക് അന്നു തൊട്ട് ‘പാരനോനിയ’ എന്ന മാനസികരോഗം. മറ്റുള്ളവരുടെ ശത്രുതയില്‍ സംശയം പൂണ്ട് വ്യക്തിഗതങ്ങളായ സംഘട്ടനങ്ങള്‍ക്കും വ്യാമോഹങ്ങള്‍ക്കും അടിമപ്പെടുന്നതാണ് ആ രോഗത്തിന്റെ ലക്ഷണം. ഈ ചിത്തഭ്രമം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ ഡോക്ടര്‍ക്കു ദുസ്സ്വപ്നമുണ്ടായി. ഭാര്യയുടെ പൂര്‍വകാമുകന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വന്നു നിന്നു. അയാള്‍ കനിഞ്ഞു “What do you want from me? Is the fact that she raped me any reason for you to have it in for me” എന്ന് ഡോക്ടറോടു ചോദിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഈ മാനസികഭ്രംശങ്ങളെല്ലാം അഭിജാതയെപ്പോലെ സഹിക്കുകയായിരുന്നു. പക്ഷേ ഫലമുണ്ടായില്ല. അദ്ദേഹം അവളെ ഉപേക്ഷിച്ചു. എങ്കിലും അവളുടെ ചുണ്ടുകളിലെ മന്ദഹാസവും കണ്ണുകളിലെ കറുപ്പും അദ്ദേഹത്തിനു മറക്കാന്‍ സാധിച്ചില്ല. ചിലപ്പോള്‍ രാത്രി സമയത്ത് ഡോക്ടര്‍ താന്‍ ചികിത്സിക്കുന്ന റോഗികളെപ്പോലെ കിടക്കയില്‍ എഴുന്നേറ്റിരിക്കും. കൈകള്‍ വിടര്‍ത്തി അദ്ദേഹം വിളിക്കും “നേഴ്സ്, നേഴ്സ് എന്റെ അടുത്തേക്കു വരൂ” കഥയുടെ ചിത്തവൃത്തിപരമായ ശക്തിവിശേഷം അറിയണമെങ്കില്‍ അതുതന്നെ വായിക്കണം. എന്റെ ദുര്‍ബ്ബലമായ സംഗ്രഹം അതിനു് പ്രയോജനപ്പെടുകയില്ല. ഡോക്ടര്‍ ഭാര്യയെ ബലിമൃഗമാക്കിയിട്ടും അവള്‍ ആത്മധൈര്യത്തോടെ അദ്ദേഹത്തെ വെറുക്കാതെ നില്ക്കുന്നു. കാണേണ്ട കാഴ്ചയാണത്. എല്ലാ സ്ത്രീകളും അവളെപ്പോലെ ആയിരുന്നെങ്കില്‍ ലോകം എത്ര നന്നാകുമായിരുന്നു എന്ന ചിന്തയോടു കൂടിയാവും നമ്മള്‍ കഥാഗ്രന്ഥം അടച്ചുവയ്ക്കുക.

ചോദ്യം, ഉത്തരം

Symbol question.svg.png “ചങ്ങമ്പുഴ മദ്യപാനിയായിരുന്നോ?”

“പ്രകൃത്യതീത ശക്തിയുള്ളവരെക്കുറിച്ചു പറയുമ്പോള്‍ അവരുടെ ആ ശക്തിവിശേഷത്തെക്കുറിച്ചു വേണം പറയാന്‍. Poetic inspiration എന്നതില്‍ എഴുത്തച്ഛന്‍ പോലും ഈ കവിയുടെ അടുത്തു വരില്ല. അങ്ങനെയുള്ള ഒരുജ്ജ്വല പ്രതിഭാശാലി കുടിച്ചിരുന്നോ എന്നു ചോദിക്കുന്നത് തികഞ്ഞ മര്യാദകേടാണ്. ഹിമാലയപര്‍വ്വതം കാണുമ്പോള്‍ അതിന്റെ ഉദാത്ത സൗന്ദര്യം ആസ്വദിക്കണം. പര്‍വ്വതത്തെ നോക്കാതെ അതിന്റെ ചുവട്ടില്‍ കിടക്കുന്ന നായ്ക്കാട്ടത്തെ മാത്രം നോക്കരുത്. (മദ്യപന്‍ എന്നു വേണം പറയാന്‍. മദ്യപാനിയെന്നു കേട്ടാല്‍ മദ്യം വച്ചിരിക്കുന്ന പാത്രമെന്ന് തോന്നിയെന്നു വരാം.) ചങ്ങമ്പുഴ വാസനാവൈഭവത്തെ നിരന്തരം പരിപോഷിപ്പിച്ചിരുന്ന ഗ്രന്ഥപാരായണത്താല്‍ ഒരു ദിവസം തമ്പാനൂര്‍ തീവണ്ടിയാപ്പീസിനടുത്തുവച്ച് അദ്ദേഹം പുനം നമ്പൂതിരിയുടെ “രാമായണം ചമ്പു” വിന്റെ പകുതിയോളം ഭാഗം എന്നെ ചൊല്ലിക്കേള്‍പ്പിച്ചു. ‘മതി’ എന്നു ഞാന്‍ പറഞ്ഞിട്ടേ അദ്ദേഹം ആ ചൊല്ലല്‍ അവസാനിപ്പിച്ചുള്ളു. നമ്പിയാരുടെ തുള്ളല്‍ക്കഥകളും ചങ്ങമ്പുഴയ്ക്കു ഹൃദിസ്ഥങ്ങളായിരുന്നു.”

Symbol question.svg.png “നിങ്ങള്‍ കൊലപാതകം ചെയ്യുമോ?”

“ഇല്ല. മഹാത്മാഗാന്ധിയുടെ അക്രമരാഹിത്യത്തിലാണ് എനിക്കു വിശ്വാസം. കുളിമുറിയില്‍ കയറുമ്പോള്‍ വലിയ എട്ടുകാലി, പഴുതാര, കോഴിപ്പാമ്പ് ഇവയെക്കണ്ടാലും ഞാന്‍ കൊല്ലാറില്ല. പക്ഷേ മാതൃഭാഷയെ വ്യഭിചരിക്കുന്ന അത്യന്താധുനിക കവികളെ ആരെങ്കിലും കൊന്നുവെന്ന് പത്രത്തില്‍ വായിച്ചാല്‍ ഞാന്‍ ആഹ്ലാദിക്കും.”

Symbol question.svg.png “കവിത എഴുതുന്ന, കഥയെഴുതുന്ന സ്ത്രീകളുടെ ദാമ്പത്യജീവിതം സുഖപ്രദമോ?”

“അവര്‍ക്കു ദാമ്പത്യജീവിതമേയില്ല. വാക്കിങ് സ്റ്റിക്കായി ഉപയോഗിക്കാവുന്ന ചില പുരുഷന്മാരെയാണ് അവര്‍ ഭര്‍ത്താക്കാന്മാരായി തിരഞ്ഞെടുക്കുന്നത്. നിശ്ചേതനത്വമുള്ള വാക്കിങ് സ്റ്റിക്കുകള്‍ സ്വയം അനങ്ങുമോ. സംസാരിക്കുമോ? ഇതില്‍ exceptions ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു.”

Symbol question.svg.png “ഞായറാഴ്ചയ്ക്ക് എന്താണ് പ്രത്യേകത?”

“തിരുവനന്തപുരം ഒഴിച്ചുള്ള എല്ലാ നഗരങ്ങളിലും ഞായറാഴ്ച അപ്രത്യക്ഷമാകുന്നു. തിരുവന്തപുരം നഗരം ആ ദിവസവും അപ്രത്യക്ഷമാകുന്നില്ല. റോഡിലിറങ്ങുന്നവരുടെ മൂക്കിനെ പുതിഗന്ധം കൊണ്ട് ആക്രമിച്ചുകൊണ്ട് ‘ഞാന്‍ ഇവിടെയുണ്ട്’ എന്ന് ഉദ്ഘോഷിച്ച് ആ നഗരം അതിന്റെ സാന്നിദ്ധ്യത്തെ അറിയിക്കുന്നു.”

Symbol question.svg.png “സി. എന്‍.ശ്രീകണ്ഠന്‍നായര്‍ നാടകകാരനല്ല, വാചാടോപക്കാരനാണ് എന്ന് നിങ്ങള്‍ എഴുതിയത് വായിച്ചു. എന്‍. കൃഷ്ണപിള്ളയെക്കാള്‍ മേന്മ ശ്രീകണ്ഠന്‍ നായര്‍ക്കില്ലേ? നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ അദ്ദേഹത്തിന് ഇന്നത്തെ പ്രശസ്തി എങ്ങനെ കിട്ടി?”

“എന്‍ കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ ക്രാഫ്റ്റിന്റെ സന്തതികളാണ്. ക്രാഫ്റ്റിന് അതിന്റേതായ മെച്ചമുണ്ട്. വാചാടോപം നടത്തുന്നവന് ആ നന്മ പോലുമില്ല. പിന്നെ തിരുവനന്തപുരത്ത് ചില ക്ലിക്കുകളുണ്ട്. അവ ചിലരെ ഉയര്‍ത്തും. അങ്ങനെ ഉയര്‍ത്തപ്പെട്ട ഒരാളാണ് ശ്രീകണ്ഠന്‍ നായര്‍. എനിക്കു ശ്രീകണ്ഠന്‍ നായരോട് ഒരു വിരോധവുമില്ല. സ്നേഹമുണ്ടു താനും. അദ്ദേഹം ശുദ്ധാത്മാവായിരുന്നു. അന്യരെ സഹായിക്കുന്നവനായിരുന്നു. എന്നെ പല വിധത്തിലും ശ്രീകണ്ഠന്‍ നായര്‍ സഹായിച്ചിട്ടൂണ്ട്.”

Symbol question.svg.png “നിങ്ങളുടെ കോളം ഞാന്‍ കഴിഞ്ഞ പത്തു വര്‍ഷമായി വായിക്കുന്നു. നിങ്ങള്‍ എല്ലാത്തിനും അസംതൃപ്തനാണെന്ന് കോളം പറയുന്നു. ശരിയല്ലേ?”

“ശരിയാണ്. അത് എന്റെ സ്വഭാവമല്ല. ഓരോ ഭാരതീയനും സംതൃപ്തിയില്ലാത്തവനാണ്. ഞാനും അസംതൃപ്തന്‍.”

Symbol question.svg.png “വൈലോപ്പിള്ളി നല്ല കവിയും പുരുഷരത്നവുമായിരുന്നില്ലേ?”

“സംശയമില്ല. നല്ല കവി തന്നെ. വാര്‍ദ്ധക്യത്തോട് അടുത്തപ്പോള്‍ അദ്ദേഹത്തിന് സ്ത്രൈണഭാവം വന്നു. സംസാരരീതിയിലും ശരീരചേഷ്ടകളിലും അതു കാണാമായിരുന്നു.”

സേതുവിന്റെ കഥ

“വെണ്‍മയുള്ള വസ്ത്രങ്ങള്‍ ധരിച്ച് പുരുഷന്മാരുടെ മുന്‍പില്‍ നില്ക്കുന്ന സ്ത്രീയോടു തോന്നുന്ന ആദരം നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞവളോടു തോന്നുകയില്ലെന്നതില്‍ സംശയം വേണ്ട.”

ഞാന്‍ താമസിക്കുന്ന വീടിനു മുന്‍വശത്ത് ഒരു ചെറിയ ലെയ്നുണ്ട്. അതിലൂടെ ഒരഞ്ചു മിനിറ്റ് നേരം കിഴക്കോട്ടു നടന്നാല്‍ ശാസ്തമംഗലം-പേരൂര്‍ക്കട റോഡിലെത്തും. അവിടെ ഓട്ടോറിക്ഷ കാത്തു നില്ക്കുമ്പോള്‍ സമയം പോകാനായി തെല്ലകലെയുള്ള ആല്‍മരത്തിലേക്കു കണ്ണോടിക്കും ഞാന്‍. റോഡിന്റെ ഒത്ത നടുക്കാണ് ആ വൃക്ഷം. മനോഹരമായ മരമാണത്. പി. കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞതു പോലെ ഇലക്കൈകളാൽ നാമം ജപിച്ചുകൊണ്ടാണ് അതിന്റെ നില്പ്. വൃക്ഷത്തിന്റെ അപ്പൂറത്താണ് ശിവക്ഷേത്രം. നാമം ജപിക്കല്‍ മഹേശ്വരന്‍ അറിയുന്നുണ്ട്. ആല്‍മരത്തിന്റെ ഓരോ ഇലയിലും സൂര്യപ്രകാശമേറ്റു തിളങ്ങുന്നുണ്ടായിരിക്കും. സാഹിത്യസൃഷ്ടി വാഗ്മിതയാര്‍ന്ന പദം കൊണ്ട് ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നതുപോലെ കാറ്റില്‍ ഇളകുന്ന ഇലകളുടെ നേരിയ ശബ്ദം അവിടെ ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നു. മൂന്നു പാതകള്‍ ഒരുമിച്ചു ചേരുന്ന സ്ഥലത്ത്. മദ്ധ്യഭാഗത്ത് നില്ക്കുന്ന വൃക്ഷം ആ പ്രദേശകമാകെ ആധിപത്യം പുലര്‍ത്തുന്നു. ഉത്തമമായ സാഹിത്യസൃഷ്ടി അനുവാചകരില്‍ ആധിപത്യം പുലര്‍ത്തുന്നതു പോലെ. Joyce Carol Oales എന്ന എഴുത്തുകാരി പറഞ്ഞിട്ടുണ്ട്. വൃക്ഷത്തിന്റെ പൊക്കം ഭൂമിക്കടിയിലുള്ള ഭാഗത്തിനു സദൃശ്യമാണെന്ന്. ഭൂമിയുടെ ഉപരിതലമാണത്രേ മരത്തെ ഇങ്ങനെ സമമായി വിഭജിക്കുന്നത്. വൃക്ഷത്തിന്റെ ശാഖകളും ചില്ലകളും ഇലകളും ഭൂമിക്കടിയിലുള്ള വേരുകളുടെ വിസ്തൃതിക്കു സമമാണെന്ന് കൂടി ആ എഴുത്തുകാരി പറയുന്നു. മരത്തിന്റെ മുകളിലെ ഭാഗം ഒരു ലോകമാണെങ്കില്‍ അതിനു സദൃശ്യമായ ഒരു ലോകം ഭൂമിക്കടിയിലുണ്ട്. സേതു മാതൃഭൂമി ആഴ്കപ്പതിപ്പിലെഴുതിയ “ജലസമാധി” എന്ന ചെറുകഥ ഈ ആല്‍മരം പോലെയാണ്. കഥാപാത്രങ്ങള്‍, വര്‍ണ്ണനങ്ങള്‍, അവ ചെലുത്തുന്ന സ്വാധീനത ഇവ ഉപരിതലത്തില്‍. അതുപോലെ അധോഭാഗത്ത് സങ്കീര്‍ണ്ണതയാര്‍ന്ന ഒരു ലോകവുമൂണ്ട്. താഴത്തെ ലോകം മുകളിലത്തെ ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുനുസ്വാമി എന്നൊരു പാവത്തിന്റെ കഥ പറയുകയാണ് സെതു. അവന്റെ ദുരന്തത്തിന്റെയും. ആ ദുരന്തം കണ്ട് വായനക്കാര്‍ ഞെട്ടും. കഥയുടെ അന്തരീക്ഷവും അനുവാചകര്‍ക്കു പ്രകമ്പനാവസ്ഥ ഉളവാക്കും. Breathtaking originality എന്നു ഇംഗ്ലീഷില്‍ പറയാറില്ലേ? ആ അത്യന്താവസ്ഥയിലുള്ള ക്ഷോഭം അല്ലെങ്കില്‍ ഇളക്കമുണ്ടാക്കുന്നു ഇക്കഥയില്‍ ദൃശ്യമാകുന്ന മൗലികപ്രതിഭയുടെ പ്രസരം. ഒരു പാവത്തിന്റെ ജീവിതം അനുവാചക ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ചെല്ലുമാറ് ചിത്രീകരിച്ചു നൂതനമായ ഉള്‍ക്കാഴ്ചയിലേക്കു വായനക്കാരെ കൊണ്ടുചെല്ലുന്ന ഇക്കഥ മാസ്റ്റര്‍ പീസാണ്.

വിചാരങ്ങള്‍

  1. തിന്മ നമ്മുടെ പത്രങ്ങളെ ആക്രമിച്ച് കീഴടക്കിയിട്ടു കാലമേറെയായി. ദുഷ്ടതകള്‍ക്കും വിലോമക്രിയകള്‍ക്കുമാണ് ദിനപത്രങ്ങളില്‍ പ്രാധാന്യം. കാലത്തു കാപ്പി കുടിക്കുന്ന വേളയിലാണ് ഞാന്‍ പത്രം വായിക്കുക. ഇടതുകൈയില്‍ പത്രം. വലതുകൈയില്‍ ചപ്പാത്തിയോ പൂരിയോ ഇഡ്ഡലിയോ. പത്രത്തില്‍ കൊലപാതകം, ബലാത്സംഗം, കൂട്ടബലാത്സംഗം, ആത്മഹത്യ ഇവയുടെ സ്തോഭജനകങ്ങളായ വിവരണങ്ങള്‍. ചപ്പാത്തിയോടൊരുമിച്ച് ഞാന്‍ ബലാത്സംഗം വിഴുങ്ങുന്നു. കൂട്ടബലാത്സംഗം തൊണ്ടയില്‍ തടയുന്നതു കൊണ്ട് അതു താഴോട്ടു പോകാന്‍ ഒരു കവിള്‍ കാപ്പി കുടിക്കുന്നു. കൂട്ടബലാത്സംഗം അന്നനാളത്തിലൂടെ സഞ്ചരിച്ച് ആമാശയത്തിലെത്തുന്നു. അപ്പോള്‍ തുടങ്ങും വയറുവേദന. ഒന്നാം പുറം മറിക്കു. ‘കുഞ്ഞുങ്ങള്‍ക്കു വിദ്യാഭ്യാസം നല്കേണ്ടതാണെ’ന്ന് കവി… അഭിപ്രായപ്പെട്ടു. ‘ശിശുക്കള്‍ക്ക് അഞ്ചര വയസാകുമ്പോള്‍ത്തന്നെ അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുക്കണ’മെന്നും മഹാകവി പറഞ്ഞു. ഇമ്മട്ടിലുള്ള അതിഗഹനങ്ങളായ കാര്യങ്ങള്‍ വെണ്ടയ്ക്ക അക്ഷരങ്ങളില്‍ രണ്ടാം പുറത്തോ മൂന്നാം പുറത്തോ അച്ചടിച്ചുകാണും. വെറും ശുഷ്കപദ്യങ്ങള്‍ എഴുതുന്ന ആളിനെയാണ് സ്നേഹത്തിന്റെ പേരില്‍ പത്രറിപ്പോര്‍ട്ടര്‍ മഹാകവിയാക്കുന്നത്. മൂന്നാം പുറത്തോ നാലാം പുറത്തോ അയിരം വര്‍ഷങ്ങളായി നമ്മളറിയുന്ന ചലച്ചിത്രതാരങ്ങളുടെ പടങ്ങളും അവരുടെ മണ്ടന്‍ പ്രസ്താവങ്ങളും. എന്നാല്‍ സമുദായത്തിലെ വിശിഷ്ടവിഭാഗം — elite — ഈ ചലച്ചിത്രതാരങ്ങള്‍ക്കു വല്ല വിലയും കല്പിക്കുന്നുണ്ടോ? ഇല്ല തന്നെ. അതിനെ തെളിവുണ്ട്. വലിയ കവികള്‍ പോകട്ടെ. നാല്ക്കാലികള്‍ എഴുതുന്നവരെപ്പോലും നമ്മള്‍ അദ്ദേഹമെന്നേ പറയൂ. കീര്‍ത്തിയുള്ള അഭിനേതാവിനെക്കുറിച്ച് പറയേണ്ടതായി വരുമ്പോള്‍ ‘ അവന്റെ അഭിനയം നന്നായി’ എന്നല്ലേ നമ്മുടെ നാവില്‍ നിന്ന് പുറത്തു വരിക?’ അവളുടെ നൃത്തം തരക്കേടില്ല’ എന്നു നമ്മള്‍ പറയും ഈ ‘അവന്റെ’ ‘അവളുടെ’ പ്രയോഗങ്ങളില്‍ വക്താവിന്റെ ‘അണ്‍കോണ്‍ഷ്യസായ’ അറപ്പും വെറുപ്പും ഉണ്ട്.

    സ്പോര്‍ട്സിസ്, കലാശാലകളിലെയും സ്ക്കൂളുകളിലെയും കലാപരിപാടികള്‍ക്ക് പത്രങ്ങള്‍ നല്കുന്ന അമിതപ്രാധാന്യം അസഹനീയമാണ്. ഏതു രാജ്യത്തും സാംസ്കാരിക കാര്യങ്ങളെ അവഗണിച്ച് സ്പോര്‍ട്സിനെയും വിദ്യാലയങ്ങളിലെ ഡാന്‍സ് എന്ന പേരില്‍ നടക്കുന്ന ഉഡാന്‍സുകള്‍ക്കും പ്രാമുഖ്യം നല്കുന്നുവോ ആ രാജ്യം ജീര്‍ണ്ണിക്കും. കളികഴിഞ്ഞുവെന്നാണ് നമ്മള്‍ പത്രങ്ങള്‍ തൊടുന്നതെങ്കില്‍ പാരായണം കഴിഞ്ഞു വീണ്ടും കളിക്കണം.

  2. തിരുവനന്തപുരത്ത് ന്യായം വിട്ടൊരു കാര്യം ചെയ്യില്ല എന്നു ഭാവിക്കുന്നവര്‍ ഏറെയുണ്ട്. അവര്‍ ബുദ്ധിശക്തിയില്‍ പിറകോട്ടു നില്ക്കുന്നവരാണെന്നുള്ള കാര്യം പോകട്ടെ. ഇക്കൂട്ടര്‍ പൊതുവെ ക്രൂരന്മാരായിരിക്കും. അന്യരുടെ കാര്യങ്ങളില്‍. ഉത്തരക്കടലാസ് നോക്കുന്ന ഒരു ന്യായസ്ഥനെ എനിക്കു നേരിട്ടറിയാം. അയാള്‍ നൂറില്‍ മുപ്പത്തിനാലര മാര്‍ക്ക് ഇട്ട് ഉത്തരക്കടലാസ്സ് മാറ്റിവച്ചു. സര്‍വകലാശാലയുടെ നിയമമനുസരിച്ച് മുപ്പത്തിനാലര മാര്‍ക്ക് വന്നാല്‍ അതു മുപ്പത്തിയഞ്ചാക്കാം. ഞാനതു ചൂണ്ടിക്കാണിച്ചു അയാളെ. അതുകൊണ്ട് ഒന്നുകൂടെ പെയ്പര്‍ വാല്യു ചെയ്തു. മുപ്പത്തിനാലേമുക്കാല്‍ എന്നു തിരുത്തി ആ അധ്യാപകന്‍. ‘വേണമെങ്കില്‍ സര്‍വകലാശാല മുപ്പത്തിയഞ്ചാകട്ടെ, ഞാന്‍ ചെയ്യില്ല’ എന്ന് എന്നോടു പറഞ്ഞു. ‘ഇതു സെന്‍സിറ്റീവ് ബാലന്‍സ്ല്‍ വച്ചു തൂക്കി നോക്കുകയാണോ? എന്നു പരിഹസിച്ചു ചോദിച്ചു ഞാന്‍. അധ്യാപകന്‍ മറുപടി പറഞ്ഞില്ല. തേഡ് ക്ലാസ്സില്‍ ജയിച്ച ആ അധ്യാപകന്‍ മറ്റുള്ളവരോട് പകയോടു പെരുമാറുകയായിരുന്നു. ഈ മനുഷ്യന്റെ നീതിതല്‍പരത്വം ഞാന്‍ സ്പഷ്ടമാക്കിതരാം. ഒരു ദിവസം ഞാന്‍ വലിയ വിലകൊടുത്ത് ഒരു പാര്‍ക്കര്‍ പേന വാങ്ങിച്ചു. ഉടനെ അയാള്‍ കോമ്പൊസിഷന്‍ നോക്കട്ടെ എന്നു പറഞ്ഞു. എന്റെ കൈയില്‍ നിന്ന് അതു വാങ്ങിച്ചു. അന്നു തിരിച്ചു തന്നില്ല. പേന തിരിച്ചു ഞാന്‍ ചോദിച്ചതുമില്ല. രണ്ടു ദിവസം കഴിഞ്ഞ് ‘ആ പാര്‍ക്കര്‍ പേനയെവിടെ’ എന്ന് ഞാന്‍ അധ്യാപകനോടു ചോദിച്ചു. സ്റ്റാഫ് റൂമിലെ ഒരലമാരി ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ മറുപടി നല്കി: “ഞാന്‍ പേന ഇതിനകത്ത് വച്ചിട്ട് വീട്ടില്‍ പോയി. കാലത്തു വന്നു നോക്കിയപ്പോള്‍ കാണാനില്ല.” എനിക്കതു കേട്ടു ദേഷ്യമുണ്ടായി. “നല്ല സമാധാനം” എന്ന് ഞാന്‍ പറഞ്ഞു. ഉടനെ അയാള്‍ പറഞ്ഞത് അറിഞ്ഞാല്‍ വായനക്കാര്‍ക്കും രസിക്കില്ല. “നിങ്ങളുടെ പേന സൂക്ഷിച്ചുവയ്ക്കാന്‍ ഞാന്‍ നിങ്ങളുടെ വേലക്കാരനാണോ?” ഞാന്‍ പിന്നീടൊന്നും മിണ്ടിയില്ല. തമിഴ് ബ്രാഹ്മണനാണ് അധ്യാപകന്‍. അതാണ് ‘സൂക്ഷിച്ച്’ എന്നതിന് ആ വിലക്ഷണ പ്രയോഗം. ഇപ്പോള്‍ പെന്‍ഷന്‍ പറ്റി വടക്കെങ്ങോ താമസമാണ്. അയാള്‍ എന്റെ പാര്‍ക്കര്‍ പേന കൊണ്ടാവും എഴുതുന്നത്. ഇയാള്‍ വര്‍ഗര്‍ ഫെലോ. അതുകൊണ്ട് അവഗണിക്കാം നമുക്ക് ഈ അധ്യാപകനെ. നീതിതല്‍പരന്മാരെക്കുറിച്ചാവട്ടെ നമ്മുടെ വിചാരങ്ങള്‍. നീതിതല്‍പരത്വം ഏകരൂപത്തിലുള്ള പ്രവാഹമായിരിക്കും. അതില്‍ മനുഷ്യത്വത്തിനു സ്ഥാനമില്ല. വിദ്യുച്ഛക്തി പ്രവാഹം പോലെയാണ് ഈ നീതിനിഷ്ഠ. പ്രവാഹത്തിന്റെ ശക്തിയാല്‍ ഫ്യൂസ് എരിഞ്ഞുപോകും. മനുഷ്യത്വം എന്ന ശക്തി വിശേഷം നീതിപ്രവാഹത്തിന്റെ ശക്തി കൂട്ടിയാല്‍ ഫ്യൂസ് പൊട്ടിത്തെറിക്കും. സ്ഫുലിംഗങ്ങള്‍ ഉണ്ടാകും.

    “തിന്മ നമ്മുടെ പത്രങ്ങളെ ആക്രമിച്ച് കീഴടക്കിയിട്ടു കാലമേറെയായി. ദുഷ്ടതകള്‍ക്കും വിലോമക്രിയകള്‍ക്കുമാണ് ദിനപത്രങ്ങളില്‍ പ്രാധാന്യം.”

    മീനാക്ഷിഅമ്മ (കോന്നിയൂര്‍) എന്റെ റ്റീച്ചറായിരുന്നു. അവര്‍ എഴുതിയ നോവലിന്റെ കൈയെഴുത്തുപ്രതി കൈനിക്കര കുമാരപിള്ളയ്ക്ക കൊടുത്തിട്ട് അവതാരിക ആവശ്യപ്പെട്ടു. കുമാരപിള്ള ഉടനെ പറഞ്ഞു. “മീനാക്ഷി അമ്മേ, ഇത് എന്നോടു വേണോ? ഇത് ഇന്ന ഇംഗ്ലീഷ് നോവലിന്റെ തര്‍ജ്ജിമയല്ലേ” റ്റീച്ചര്‍ കൈയെഴുത്തുപ്രതി എടുത്തുകൊണ്ട് തിരിച്ചുപോയി. ഈ ഫ്യൂസ് എരിയല്‍ എപ്പോഴുമുണ്ടാകണമെന്നില്ല. റ്റാഗോറിന്റെ നാടകത്തെ അനുകരിച്ച് കൈനിക്കര ‘മോഹവും മുക്തിയും’ എന്ന നാടകമെഴുതിയപ്പോള്‍ ഫ്യൂസ് എരിഞ്ഞില്ല. ചുരുക്കത്തില്‍ പറയാം. നൂറിനും നൂറും നീതിപാലിക്കുന്ന ആളുകളില്ല. അവര്‍ നീതിപരിപാലനമെന്ന മട്ടില്‍ ക്രൂരത കാണിക്കുന്നു.
  3. രണ്ടു പരിചാരികമാര്‍ വരാനിരിക്കുന്ന ഭര്‍ത്താക്കന്മാരെക്കൂറിച്ചു സംസാരിക്കുകയായിരുന്നു. അവര്‍ക്കതല്ലേ സംസാരവിഷയമായുള്ളൂ.

    ഒരു വേലക്കാരി മാറ്റേ വേലക്കാരിയോടു പറഞ്ഞു: “പുകവലിക്കുന്നവനെ ഞാന്‍ ഭര്‍ത്താവായീ സ്വീകരിക്കില്ല.”

    അതുകേട്ട് മറ്റേ വേലക്കാരി പറഞ്ഞു‌: “എങ്കില്‍ നിനക്കു മണ്ടനെ ഭര്‍ത്താവായി കിട്ടിയേക്കും.” “എന്തുകൊണ്ട്?” എന്ന് ആദ്യത്തെ വേലക്കാരി ചോദിച്ചു. രണ്ടാമത്തെ പരിചാരിക: “പുകയില മനസ്സിനു സമാധാനം നല്കും. ചിന്തകളെ ത്വരിതപ്പെടുത്തും. ബാഹ്യങ്ങളായ എല്ലാ വസ്തുക്കളെയും അതു മനസ്സിന്റെ വീക്ഷണപഥത്തില്‍ കൊണ്ടുവരും. ഇന്ദ്രിയങ്ങളെ അത് ശാന്താവസ്ഥയിലേക്കു കൊണ്ടുചെല്ലും. ധാരണയ്ക്കു അതു സ്പഷ്ടത നല്കും. തെറ്റുകള്‍ കണ്ടുപിടിക്കും. മൂല്യനിര്‍ണ്ണയത്തിനു ശക്തി പ്രദാനം ചെയ്യും. ബുദ്ധിശൂന്യതകളെ ആവിയാക്കി മാറ്റും. ആഗ്രഹങ്ങളെ ചൂടുപിടിപ്പിക്കും. ദു:ഖത്തിനു ശമനം വരുത്തും. ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കും.”

    അദ്യത്തെ പരിചാരിക: “പുകയില വാനാറ്റം ഉണ്ടാക്കുകയും ചെയ്യും.”

    മലയാളം വാരികയില്‍ ജയനിഷ എഴുതിയ “ഡോര്‍നമ്പര്‍ 151/എഫ് ബൈപനഹള്ളി റെയില്‍വേ കോളനി” എന്ന പൈങ്കിളിക്കഥ പുകവലിയുണ്ടാക്കുന്ന വാനാറ്റമാണ്.

* * *

എന്റെ കാരണവരുടെ ഭാര്യ ജി. ഭവാനി അമ്മ വലിയ കോഴിവളര്‍ത്തലുകാരിയായിരുന്നു. കാരണവര്‍ ശരീരത്തിലാകെ നീരുവന്നു മരിച്ചതിനുശേഷം ദാരിദ്ര്യത്തില്‍ നിന്നു രക്ഷപ്പെടാനായി അവര്‍ കോഴികളെ വളര്‍ത്തുകയും മുട്ടകള്‍ വിറ്റ് വീട്ടിലെ കാര്യങ്ങളാകെ ശരിപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം വൈകുന്നേരം കോഴികളെ കാണാനില്ല. കാരണവരുടെ ഭാര്യ വെപ്രാളപ്പെട്ടു വളര്‍ത്തുമകനായ ശേഖരനെ വിളിച്ചു പറഞ്ഞു. “ശേഖരാ, ഒരു കോഴിയെ കാണാനില്ല. മുട്ട പതിവായി ഇടുന്നതാണത്. വേഗം കണ്ടുപിടിക്ക്.” ശേഖരന്‍ പരക്കം പറഞ്ഞു. ഒടുവില്‍ കോഴിയെ കണ്ടെത്തി. അത് പുരപ്പുറത്തു കയറി നില്ക്കുകയാണ്. ശേഖരന്‍ പഠിച്ച പണി പതിനെട്ടും നോക്കി. കോഴി അവിടെ നിന്ന് അനങ്ങുന്നതേയില്ല. സമയം വളരെയേറെയായി. അപ്പോള്‍ ഞാന്‍ പറഞ്ഞു: “കോഴി താഴെവരാന്‍ എന്റെ കൈയില്‍ സൂത്രമുണ്ട്.” “എന്നാല്‍ അതു പ്രയോഗിക്കൂ” എന്ന് കാരണവരുടെ ഭാര്യ പറഞ്ഞു. എനിക്കു പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍ നായര്‍ ഒരു മാഗ്നറ്റ് (അയസ്കാന്തം) സമ്മാനിച്ചിരുന്നു (വിക്രമന്‍ നായര്‍ അന്ന് വിദ്യാര്‍ത്ഥി). ഞാനതു എടുത്തുകൊണ്ടു വന്നു കോഴി ഇരിക്കുന്ന സ്ഥലത്തേക്കു നീട്ടിപ്പിടിച്ചു. ഏതിനെയും ഈ മാഗ്നറ്റ് ആകര്‍ഷിക്കുമെന്ന് വിക്രമന്‍ നായര്‍ പറഞ്ഞതുകൊണ്ടാണ് ഞാന്‍ അതെടുത്തുകൊണ്ടു വന്നതും കോഴിയെ ആകര്‍ഷിക്കാന്‍ അതിന്റെ നേര്‍ക്കു നീട്ടിയതും. കോഴി ഇരുമ്പു കഷണമാണോ? അതു ഇരിക്കുന്നിടത്തു നിന്ന് അങ്ങങ്ങിയില്ല. “ഛീ, മണ്ടാ, പൊടാ വീടിനകത്ത്” എന്നു ഭവാനിഅമ്മ ശകാരിച്ചതു കേട്ടു. ഞാന്‍ വീട്ടിനകത്തേക്കു പോയി. ശേഖരന്‍ പുരപ്പുരത്തു വലിഞ്ഞു കയറി കോഴിയെ പിടിച്ചുവെന്നാണ് എനിക്കു ഇനിയും തോന്നുന്നത്. ദേശാഭിമാനി വാരികയില്‍ “ജ്ഞാനോദയം” എന്ന കഥയെഴുതിയ ഇ. ബാലന്‍ എന്നെപ്പൊലെ നിഷ്പ്രയോജനമായ കളി കളിക്കുകയാണ്. രചനയുടെ അയസ്കാന്തമെടുത്ത് അദ്ദേഹം കലാകുക്കുടത്തെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. വിഫലയത്നം. ഒരുത്തന്‍ ജോലിക്കു വേണ്ടി രൂപ ലക്ഷക്കണക്കിന് മാനേജര്‍ക്കു കൊടുക്കുന്നു. പക്ഷേ അയാള്‍ അന്നു മരിച്ചു പോകുന്നു. കൈക്കൂലി കൊടുത്തവന്‍ ശവം മറവു ചെയ്യാന്‍ സമ്മതിക്കുന്നില്ല. അയാള്‍ ശവക്കുഴിയില്‍ ചാടിയിറങ്ങി പണം കിട്ടണമെന്നു പറയുമ്പോള്‍ കഥ തീരുന്നു. നിത്യജീവിതത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായെന്നു വരാം. പക്ഷേ കലയുടെ ലോകത്ത് ഇതുണ്ടാകുകയില്ല. കലാപരമായ ദൃഢപ്രയത്നം ഉളവാക്കാത്ത ഇക്കഥ മാഗ്നെറ്റ് ചൂണ്ടി കോഴിയെ പുരപ്പുറത്തു നിന്നിറക്കാനുള്ള യത്നം പൊലെ പരിഹാസം ക്ഷണിച്ചു വരുത്തുന്നു.

ഗീത ഹിരണ്യന്‍

“നൂറിനു നൂറും നീതി പരിപാലിക്കുന്ന ആളുകളില്ല. അവര്‍ നീതി പരിപാലനമെന്ന മട്ടില്‍ ക്രൂരത കാണിക്കുന്നു.”

ഗീത ഹിരണ്യന്‍ അന്തരിച്ചു. അവരുടെ കഥകള്‍ക്കും മറ്റു രചനകള്‍ക്കും അന്യാദൃശ്യസ്വഭാവമുണ്ടായിരുന്നു. വിധി ശ്രീമതിയെ നമ്മളില്‍ നിന്ന് അപഹരിച്ചില്ലെന്ന് വിചാരിക്കു. അവര്‍ കേരളീയ സാഹിത്യാന്തരീക്ഷത്തില്‍ ദ്രുവനക്ഷത്രം പോലെ അടുത്ത കാലത്തു തന്നെ ജ്വലിച്ചു നില്ക്കുമായിരുന്നു. കൃതഹസ്തരായ മറ്റു കഥാകാരന്മാരില്‍ സ്വാധീനത ചെലുത്തക്ക വിധത്തില്‍ ഗീത സര്‍ഗ്ഗവൈഭവം പ്രദര്‍ശിപ്പിക്കുമായിരുന്നു. കഷ്ടം! പ്രകൃതി അതിന് അനുമതി നല്കിയില്ല. സൂര്യോദയത്തിന്റെ ഭംഗി അവരുടെ അവരുടെ കഥകള്‍ക്കുണ്ടായിരുന്നു.

ജീവിതം ഏതാനും മണിക്കൂറുകള്‍ മാത്രമുണ്ടായിരിക്കുമ്പോള്‍ അവര്‍ എന്നെ തൃശ്ശൂരില്‍ നിന്ന് റ്റെലിഫോണില്‍ വിളിച്ചു സംസാരിച്ചു. മാരകമായ രോഗം അവരുടെ നാവിനെ തളര്‍ത്തിക്കഴിഞ്ഞതുകൊണ്ട് അവര്‍ ദുര്‍ബ്ബല ശബ്ദത്തില്‍ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. എങ്കിലും അവരെ നിരാശതയിലേക്കു കൊണ്ടുചെല്ലാന്‍ മടിച്ച് പറഞ്ഞതെല്ലാം ഗ്രഹിച്ചു എന്നു ഞാന്‍ നടിച്ചു. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പില്‍ ഗീത എനിക്കു കത്തയച്ചു. അതിലെ ചില വാക്യങ്ങള്‍: “പക്ഷേ ഇനി ഇപ്പോള്‍ എഴുതാതിരിക്കാന്‍ കഴിയുകയില്ല. നന്ദിയും സ്നേഹവും സന്തോഷവും ഒരിക്കലെങ്കിലും അറിയിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ അത് അര്‍പ്പിക്കുന്ന ആള്‍ അറിയാതെ പോകും. എനിക്കിനി അധികം സമയം ചിലപ്പോള്‍ ഉണ്ടാവുകയില്ല. ഈശ്വരന്‍ അതിനുള്ള അടയാളം അയച്ചു കഴിഞ്ഞു. അതുകൊണ്ടാണ് പണ്ടേ എഴുതിവച്ച ഈ കത്ത്, പുതിയ ചില വരികള്‍ കൂട്ടിച്ചേര്‍ത്ത് ഇപ്പോള്‍ അയയ്ക്കുന്നതും.” “ഈ കത്ത്, ഈ കണ്ണീര് ഒരു സ്വകാര്യമായി സൂക്ഷിക്കുമല്ലോ ആരോടും പറയേണ്ടതില്ല… ഞാന്‍ പിന്നെയും പോരാടാനിറങ്ങുന്ന ജീവിതയുദ്ധത്തില്‍ സാറിന്റെ അനുഗ്രഹങ്ങള്‍ എനിക്കു വേണം എപ്പോഴും. അതുകൊണ്ട് ഈ സങ്കടം എഴുതിയെന്നുമാത്രം.” കത്ത് സ്വകാര്യമായി സൂക്ഷിക്കണം എന്ന നിര്‍ദ്ദേശത്തിനെതിരായിട്ടാണ് ഞാനിതു കോളത്തിലെഴുതിയത്. അതിന് ഗീതയുടെ ആത്മാവ് എനിക്കു മാപ്പു തരട്ടെ. ഈ ലോകം വിട്ടു പോയ ശ്രീമതി എത്ര ഉത്കൃഷ്ട സ്വഭാവം ഉള്ള ആളായിരുന്നു എന്ന് വായനക്കാര്‍ക്കു സ്പഷ്ടമാക്കിക്കൊടുക്കാനാണ് ഞാന്‍ ഈ മര്യാദകേട് ചെയ്തത്. വായനക്കാരും എനിക്കു മാപ്പു തരണം. Geetha Hiranyan, Farewell, Yours paternally M. Krishnan Nair.”