close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 08 01


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 08 01
മുൻലക്കം 1997 07 25
പിൻലക്കം 1997 08 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ബുദ്ധമതത്തിന്റെ ഒരു അവാന്തരവിഭാഗമാണു സെന്‍ ബുദ്ധമതം. ജപ്പാനിലും ചൈനയിലുമാണ് അതിനു പ്രചാരമുള്ളത്. സംസ്കൃതശബ്ദമായ ധ്യാനം ചൈനാക്കാരുടെ ഭാഷയില്‍ ചാന്‍ (Ch’an) ആയി മാറുന്നു. അതു ജപ്പാന്‍ ഭാഷയില്‍ സെന്‍ (Zen) എന്നും. സെന്‍ബുദ്ധമതത്തില്‍ അഗാധപാണ്ഡിത്യമുള്ള മഹാവ്യക്തിയാണ് വീററ്നാമിലെ (Vietnam)തീച്ച് ന്യാത് ഹന്‍ (Thich Nhat Hanh). അദ്ദേഹം പാരീസിലാണു താമസം. “Thich Nhat Hanh’s ideas for peace, if applied, would build a monument to ecumenism, to world brotherhood, to humanity” എന്നു Martin Luther King, Jr (1929–68) അദ്ദേഹത്തെ വാഴ്ത്തി. മാത്രമല്ല സമാധാനത്തിനുള്ള നോബല്‍സ്സമ്മാനം അദ്ദേഹത്തിനു നല്‍കേണ്ടതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എഴുപത്തിയഞ്ചോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് തീച് ന്യാത് ഹന്‍. ഈ ലേഖകന്‍ അവയില്‍ നാലെണ്ണം വായിച്ചു. ഒന്നില്‍ -Being Peace എന്നതില്‍ -ബുദ്ധന്‍ പറഞ്ഞ ഒരു കഥയുണ്ട്. ചെറുപ്പത്തില്‍ തന്നെ ഭാര്യ നഷ്ടപ്പെട്ട ഒരാള്‍ അഞ്ചുവയസ്സായ മകനോടുകൂടി കുടിലില്‍ പാര്‍ത്തിരുന്നു. അയാള്‍ വ്യാപാരത്തിനായി ദൂരെയെങ്ങോ പോയപ്പോള്‍ കൊള്ളക്കാര്‍ ഗ്രാമമാകെ കൊള്ളയടിക്കുകയും അയാളുടെ മകനെ എടുത്തുകൊണ്ടു പോകുകയും ചെയ്തു. അയാള്‍ തിരിച്ചെത്തി. ഭയന്നു. ഒരു കുഞ്ഞിന്റെ കരിഞ്ഞ മൃതദേഹം അവിടെക്കണ്ട അയാള്‍ നെഞ്ചിലിടിക്കുകയും തലമുടി പിടിച്ചു വലിക്കുകയും ചെയ്ത് മഹാദുഃഖത്തെ പ്രകടിപ്പിച്ചു. കുഞ്ഞിന്റെ മൃതശരീരം ദഹിപ്പിച്ച് ചിതാഭസ്മം നീരാളസ്സഞ്ചിയിലാക്കി എപ്പോഴും അയാള്‍ കൊണ്ടു നടന്നു.

ഒരു ദിവസം അയാളുടെ മകന്‍ കൊള്ളക്കാരില്‍ നിന്നു രക്ഷപ്രാപിച്ച് വീട്ടിലെത്തി, അര്‍ദ്ധരാത്രി വേളയില്‍. പുതിയ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു അവന്റെ അച്ഛന്‍. മകന്‍ വാതിലില്‍ തട്ടി. ആ ശബ്ദം കേട്ട് ചിതാഭസ്മം അപ്പോഴും കയ്യില്‍ വച്ചിരുന്ന അച്ഛന്‍ “ആരത്” എന്നു ചോദിച്ചു. “ഞാനാണച്ഛാ, കതകു തുറക്കൂ” എന്നു മകന്‍. ക്ഷോഭിച്ചു കിടന്ന അയാള്‍ വിചാരിച്ചു ഏതോ കുസൃതിക്കാരന്‍ പയ്യന്‍ തന്നെ കളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു്. ‘പൊയ്ക്കോ’ എന്നു പറഞ്ഞ് അയാള്‍ കുടിലിനകത്തുകിടന്നു നിലവിളിച്ചു. കുട്ടി വീണ്ടും വീണ്ടും വാതിലില്‍ തട്ടി. പക്ഷേ അയാള്‍ അതു തുറന്നതേയില്ല. മറ്റു മാര്‍ഗമില്ലാതെ കുട്ടിയങ്ങുപോവുകയും ചെയ്തു. അതിനുശേഷം അച്ഛനും മകനും തമ്മില്‍ കണ്ടതേയില്ല. ഇക്കഥ പറഞ്ഞിട്ട് ബുദ്ധന്‍ ശിഷ്യരെ അറിയിച്ചു: “ചിലപ്പോള്‍ ചില സ്ഥലത്തുവച്ച് നിങ്ങള്‍ ചിലതു സത്യമാണെന്നു വിചാരിക്കും. നിങ്ങള്‍ അതില്‍ത്തന്നെ പിടിച്ചുനിന്നാല്‍ സത്യം വ്യക്തിയായി വന്നു വാതിലില്‍ തട്ടുമ്പോള്‍ നിങ്ങളതു തുറക്കുകയില്ല.”

ബുദ്ധന്‍ പറഞ്ഞ ഈ പരമാര്‍ത്ഥം നമ്മുടെ രാജ്യത്തിനു നന്നേ ചേരും. രാഷ്ട്രവ്യവഹാരം (Politics). സാഹിത്യം, സമൂഹം ഇവയുടെയൊക്കെ വാതിലുകളില്‍ സത്യം വ്യക്തിരൂപമാര്‍ന്ന് വന്നു ഇടിക്കുന്നു. നമ്മള്‍ അസത്യത്തിന്റെ ചിതാഭസ്മം നീരാളസ്സഞ്ചിയിലാക്കി തോളില്‍ തൂക്കിക്കൊണ്ട് അതുന്നെയാണ് സത്യമെന്നു കരുതി വാതില്‍ തുറക്കുന്നില്ല. സത്യം എല്ലാക്കാലത്തേക്കുമായി പോകുകയും ചെയ്യുന്നു.

പ്രഭാവര്‍മ്മ

ചിലപ്പോള്‍ സത്യം മാത്രമല്ല. സൗന്ദര്യവും സ്ത്രീരൂപമാര്‍ന്നു നമ്മുടെ ഹൃദയകവാടത്തില്‍ വന്നു തട്ടും. കവിതയെന്നു പറഞ്ഞ് അസത്യത്തിന്റെ ചിതാഭസ്മം സഞ്ചിയിലാക്കി ഇരിക്കുന്നവര്‍ വാതില്‍ തുറന്നെന്നു വരില്ല. തുറന്നാല്‍ കവിത ചേതോഹരാംഗിയായി നിന്നു പുഞ്ചിരി തൂകുന്നതു കാണാം. ക്ഷതമാര്‍ന്ന മനസ്സിനെ സുഖപ്പെടുത്തുകയും നിശ്ചേതനമായതിനെ അനലസമാക്കുകയും ചെയ്തുകൊണ്ട് അവള്‍ ശ്രീ. പ്രഭാവര്‍മ്മയുടെ രസനയിലൂടെ പാടുന്നു. ഉള്ളം കുളിര്‍പ്പിച്ച്. കാതുകളില്‍ തേനോഴുക്കിക്കൊണ്ടു് പാടുന്നു. കേള്‍ക്കുക.

ഒരു ചന്ദനശീതള സന്ധ്യാ
നിറദീപം കണ്ടുകുളിർക്കാന്‍
മിഴി തുളസിത്തറ തിരയുമ്പോള്‍
തുടുനാളമതണയുകയല്ലോ
ശ്രുതിശുദ്ധിയൊടൊരു കുയിലിരവി
ന്നറുതിയിലൊരു ഗാനം പെയ്കേ
തൊടികളില്‍ ഞാനതിനെത്തേടീ
കുയിലകലേയ്ക്കകലുകയല്ലോ

(മാതൃഭൂമി വാരിക. ‘കാരണം വിനാ കാര്യം’)

First cause argument -നു സൗന്ദര്യത്തിന്റെ രൂപം നൽകിയ ഇക്കവിതയ്ക്ക് തത്ത്വചിന്താത്മകമായ അടിസ്ഥാനമുണ്ട്. സംശയവാദിയായ ബർട്രൻഡ് റസൽ ആദികാരണവാദം മിഥ്യാബോധജനകമാണെന്നു എവിടെയോ പറഞ്ഞിട്ടുണ്ട്. “നിങ്ങളെ ആരുണ്ടാക്കി’ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ വയ്യ. എന്തെന്നാൽ ‘ഈശ്വരനെ ആരുണ്ടാക്കി’ എന്ന ചോദ്യത്തിനും ഉത്തരം നൽകാൻ ആവുകയില്ല.” ഓർമ്മയിൽനിന്ന് ഞാൻ റസലിന്റെ വാക്യങ്ങൾ എഴുതട്ടെ. The question who made you cannot be answered because the question who made God is equally unanswerable. The first cause argument is therefore fallacious.

അരിസ്റ്റോട്ടിലിന്റെ വാദം വിഭിന്നമാണ്. എനിക്ക് തണുപ്പ് അനുഭവപ്പെടുന്നു. എന്തുകൊണ്ട് തണുപ്പ്? മഴ കോരിച്ചൊരിയുന്നു. മഴയ്ക്ക് കാരണമെന്ത്? മേഘങ്ങൾക്കു കാരണം? കടലിലെ വെള്ളം നീരാവിയായി ഉയർന്നു മേഘമായിത്തീരുന്നു. നീരാവിക്കു കാരണമെന്ത്? ഇങ്ങനെ നൂറുനൂറു കാരണങ്ങൾ കണ്ടുപിടിച്ച് ഒരു കാരണവുമില്ലാത്ത പ്രാഥമിക കാരണത്തിൽ ചെല്ലാം. അതിനെ Prime Mover എന്ന് അരിസ്റ്റോട്ടിൽ വിളിക്കുന്നു. ഈ ചലനരഹിതമായ Prime Mover തന്നെയാണ് ഈശ്വരൻ. പ്രഭാവർമ്മ ഈ തത്ത്വചിന്തയിൽ വിശ്വസിക്കുന്നു എന്നു പറയാൻ വയ്യ. എങ്കിലും ഒരു തത്ത്വചിന്തയ്ക്ക് അദ്ദേഹം ബിംബങ്ങളിലൂടെ ആവിഷ്കാരം നൽകുന്നു. അദ്ദേഹത്തിന്റെ പദവിന്യാസക്രമം മനോഹരം. ലയാനുവിദ്ധത അതിലും മനോഹരം. എന്റെ വീട്ടിൽ പുസ്തകങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സ്ഥലമില്ല. അപ്പോൾ വാരികകളുടെ അവസ്ഥയെക്കുറിച്ച് എന്തു പറയാൻ? ഉപയോഗം കഴിഞ്ഞാൽ ഞാനത് ദൂരെയെറിയും. പക്ഷേ പ്രഭാവർമ്മയുടെ ഈ കാവ്യം അച്ചടിച്ച വാരിക ഞാൻ അലമാരക്കകത്തു ഭദ്രമായി വയ്ക്കുന്നു. കൂടെക്കൂടെ അതു വായിച്ച് ആഹ്ലാദിക്കാൻ വേണ്ടി.

സംഭവവർണ്ണനം

കാമുകന്മാർ കാമുകികൾക്ക് കത്തയയ്ക്കുന്നതു സൂക്ഷിക്കണം. ഒരു കാമുകൻ പതിവായി ഒരു പെൺകുട്ടിക്ക് കത്തുകൾ അയയ്ക്കുമായിരുന്നു. ദിവസവും പോസ്റ്റ്മാൻ കത്തുകൊണ്ടുവരും. അയാളുടെ വരവുകാത്ത് അവൾ വീട്ടിന്റെ മുൻവശത്തിരിക്കും. തുടർച്ചയായി കത്തുകൾ കൊടുത്തപ്പോൾ പോസ്റ്റ്മാന് കാര്യം മനസ്സിലായി. അയാൾ മന്ദസ്മിതം പൊഴിച്ചുകൊണ്ടായി കത്തുകൊടുക്കൽ. നിന്ദ്യമായ കാര്യമല്ലേ നടത്തുന്നത്. അതുകൊണ്ടു പെൺകുട്ടി അയാളെ പിണക്കാതിരിക്കാൻ വേണ്ടി ഹൃദ്യമായി പുഞ്ചിരി തൂകിത്തുടങ്ങി. പോസ്റ്റ്മാൻ അടുത്തപടിയായി സ്പർശം തുടങ്ങി. ഇങ്ങോട്ടും സ്പർശം. എന്തിനേറെപ്പറയുന്നു ഒരുദിവസം പെൺകുട്ടിയെ വീട്ടിൽ കണ്ടില്ല അവളുടെ അച്ഛനമ്മമാർ. അന്വേഷിച്ചപ്പോൾ അവൾ പോസ്റ്റ്മാന്റെ വീട്ടിൽ രജിസ്റ്റർ വിവാഹം കഴിഞ്ഞുതാമസിക്കുന്നതായി അവർ അറിഞ്ഞു. ദിനം പ്രതിയുള്ള കൂടിക്കാഴ്ചയും പുഞ്ചിരിയും സ്പർശവും വിവാഹത്തിൽ പര്യവസാനിക്കുമെന്നു ഗുണപാഠം.

അന്യോന്യം സ്പർശം വേണ്ട. കൂടിക്കാഴ്ച വേണ്ട. ഏകപക്ഷീയമായ ദർശനം മാത്രം മതി, പുരുഷൻ കാമവികാരത്തിൽ ആറാട്ടുനടത്തി നനഞ്ഞൊലിക്കുന്ന വസ്ത്രങ്ങളുമായി നിൽക്കുമെന്നു ചെറുകഥയിലൂടെ പറയുകയാണ് പി. കെ. സുധി (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ- ‘അവസാനമിറങ്ങുന്നവർ’ എന്നു ചെറുകഥയുടെ പേര്). മര്യാദക്കാരനായ ഒരുത്തൻ പതിവായി ഹോട്ടലിൽപോയി വ്യഭിചാരകർമ്മത്തിലേർപ്പെടുന്ന മൂന്ന് യുവതികളെക്കണ്ട് വികാരപരവശനായി ജോലിയും കിടപ്പാടവും ഉപേക്ഷിച്ച് പോകുന്ന കഥ. കഥയെഴുതിയ ആൾ രസകരമായി അതു പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ഉപാഖ്യാനം എന്നതിൽക്കവിഞ്ഞ് ഇത് ഒന്നുമാകുന്നില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png സാഹിത്യവാരഫലം വായിച്ച് മനസ്സുകെട്ടുപോകാതിരിക്കാൻ വേണ്ടി ഞാൻ മലയാളം വാരിക വാങ്ങുന്നത് നിറുത്തട്ടോ? (ഒരു കഥയെഴുത്തുകാരൻ കാർഡിലയച്ച ചോദ്യം)

Symbol question.svg.png താങ്കൾ വിവാഹിതനാണോ? ആണെങ്കിൽ സഹധർമ്മിണിക്ക് ഒരുകാലത്തു സ്തനാർബ്ബുദം വരുമെന്നുപേടിച്ച് ഇപ്പോൾത്തന്നെ അവയെ ശസ്ത്രക്രിയചെയ്തു മാറ്റുമോ?

Symbol question.svg.png വേശ്യകളെക്കുറിച്ച് ഏതെങ്കിലും സംസ്കൃതഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടോ സാറേ?

ഞാൻ സംസ്കൃതത്തിൽ പാണ്ഡിത്യമുള്ളയാളല്ല. ‘കുഭദാസീ, പരിചാരികാ, കുലടാ, സ്വൈരണീ, നടി, ശില്പകാരികാ, പ്രകാശവിനഷ്ടാ രൂപാജീവാ, ഗണികാ ചേതി വേശ്യാ വിശേഷാ:’ എന്നു വാത്സ്യായനൻ.

Symbol question.svg.png വിമർശനത്തിൽ ക്ഷോഭിക്കാത്ത ഒരു സാഹിത്യകാരന്റെ പേരുപറയൂ. പറയാൻ സാധിക്കുകയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ചോദിക്കുന്നത്.

‘ആൾക്കൂട്ട’വും മറ്റുനോവലുകളുമെഴുതിയ ആനന്ദ് ക്ഷോഭിക്കുകയില്ല. തികഞ്ഞ മാന്യതയുള്ള സാഹിത്യകാരനാണ് അദ്ദേഹം.

Symbol question.svg.png ഓരോ ദിവസവും കാലത്ത് ഉണർന്നെണീക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും?

സാൽവതോർ ദാലി പറഞ്ഞതു കടമെടുത്തു പറയുകയാണ്, ഞാൻ എം. കൃഷ്ണൻ നായരാണല്ലോ എന്നു തോന്നും.

Symbol question.svg.png വയനാട്ടിൽ വരുന്നോ സാറ്?

അവിടത്തെ കാപ്പിച്ചെടികൾ വർണ്ണോജ്ജ്വലങ്ങളായ കായ്കളോടു നിൽക്കുന്നുണ്ടോ? മാവുകളിൽ മാങ്ങകൾ പഴുത്തു സുവർണ്ണനിറമാർന്നു തിളങ്ങുന്നുണ്ടോ? അവിടത്തെ പെൺകുട്ടികൾ ഓക്കാനമുണ്ടാക്കുന്ന ചുരിദാർ ധരിക്കാതെ പാവാടയും ബ്ലൗസും ധരിച്ച് കാപ്പിച്ചെടികളുടെ ഇടയിലൂടെ ഓടുന്നുണ്ടോ? നാഗരികാംഗനകളുടെ തലമുടിയിലെ ‘ചൊരുക്ക്’ ഇല്ലാതെ പിച്ചിപ്പൂവിന്റെ പരിമളം ശിരസ്സിൽനിന്ന് പ്രസരിക്കുന്ന യുവതികൾ അവിടെ മന്ദസ്മിതമാർന്നുനിൽക്കുന്നുണ്ടോ? ഇത്രയും ഉണ്ടെങ്കിൽ അറിയിക്കൂ, വരാം.

Symbol question.svg.png ഇനിയുമൊരു ജന്മം നിങ്ങൾക്കുണ്ടെങ്കിൽ ആരായി ജനിക്കാനാണ് ആഗ്രഹം?

1930 - നോട് അടുപ്പിച്ച് തിരുവനന്തപുരത്ത് ‘ചൂളപ്പിച്ചി’ എന്നൊരാൾ ഉണ്ടായിരുന്നു. ചൂളത്തിലൂടെ പാട്ടുകൾ പാടുന്ന അയാൾ രാത്രി പത്തുമണിക്കുശേഷം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽനിന്നു ശംഖുമുഖം കടപ്പുറത്തേക്കു നടക്കും. പാട്ടുകൾ ചൂളത്തിലൂടെ ആവിഷ്കരിക്കും. വീണാവാദനവും ഫിഡിൽ വായനയും ആ ഗാനനിർത്ധരിയുടെ അടുത്തുവരില്ല. ചൂളപ്പിച്ചി ചൂളമടിച്ചുനടക്കുമ്പോൾ രാജരഥ്യയുടെ രണ്ടുവശവുമുള്ള സൗധങ്ങളിലെ യുവതികൾ അയാളെ കാണാനും പാട്ടുകേൾക്കാനും വേണ്ടി ജന്നലുകൾ തുറന്നിട്ടുനിൽകും. യുവതികളുടെ രക്ഷാകർത്താക്കൾ പരാതിപ്പെട്ടതുകൊണ്ട് പോലീസ് അയാളെ അറസ്റ്റുചെയ്തു. അടുത്തജന്മത്തിൽ അറസ്റ്റ്ചെയ്താലും വേണ്ടില്ല, ചൂളപ്പിച്ചി എന്ന ആ Pied Piper of Hamelin ആയി ജനിച്ചാൽ മതി എനിക്ക്.

Symbol question.svg.png സൗന്ദര്യം വൈരൂപ്യമാകുമോ?

കവിത ആസ്വദിക്കാൻ കഴിവില്ലാത്തയാൾ ശങ്കരക്കുറുപ്പിന്റെ കവിതയെടുത്ത് ‘ഹാ എത്ര മനോഹരം’ എന്നു പറയുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ നിറമാര്‍ന്ന ആ കവിത കരിക്കട്ടപോലെ കറുക്കുന്നു. മഹാകവിയുടെ ആത്മാവ് പിടയുന്നു.

ഇ. എം. എസ്

‍ സാല്‍വദോര്‍ ഗോസേന്‍സ് ആയേന്‍ദേ (Salvador Gossens Allende 1908–1973) 1970ല്‍ ചിലിയിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ക്സിസ്റ്റായിരുന്നു അദ്ദേഹത്തെ പട്ടാളക്കാര്‍ 1973–ല്‍ നിഗ്രഹിച്ചു. (ആയേന്‍ദേ ആത്മഹത്യ ചെയ്തുവെന്നും പറയാറുണ്ട്). ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിശ്വവിഖ്യാതനായ മാര്‍ക്സിസ്റ്റ് കവി പാവ്ലോ നെറുദ (Pablo Neruda 1904–1973) മരിച്ചു. അദ്ദേഹത്തിന്റെ വീട്ടിനുചുററും പട്ടാളക്കാര്‍ കാവല്‍ നിന്നിരുന്നതുകൊണ്ട് ആ മഹാകവിയും അവരാല്‍ വധിക്കപ്പെട്ടിരിക്കണമെന്നു കരുതാം. പ്രസിഡന്റ് ആയാന്‍ദേയുടെ അനന്തരവളാണ് ചിലിയിലെ വിഖ്യാത നോവലിസ്റ്റായ ഈസാബെല്‍ ആയേന്‍ദേ. (ജനനം 1942–ല്‍)(Isabel Allende) സ്പാനിഷ് ഭാഷയിലെഴുതിയ അവരുടെ ആദ്യത്തെ നോവല്‍ La Case de los espiritus 1982–ലാണ് പ്രസിദ്ധപ്പെടുത്തിയത്. 1985–ല്‍ അതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ The House of the Spirits എന്ന പേരില്‍ ആവിര്‍ഭവിച്ചു. ഈ പ്രഥമനോവലിന്റെ പ്രസാധനത്തോടുകൂടി ഈസാബെല്‍ രാഷ്ട്രാന്തരീയ പ്രശസ്തി നേടി. പിന്നീടുള്ള നോവലുകളും ചെറുകഥകളും അവര്‍ക്ക് മഹായശസ്സ് നൽകി. ഇന്നു ലോകസാഹിത്യത്തിലെ പ്രമുഖരായ നോവലിസ്റ്റുകളെക്കുറിച്ചു് എഴുതുന്ന നിരൂപകര്‍ക്ക് ഈസാബെല്ലിനെ ഒഴിച്ചുനിറുത്താന്‍ വയ്യ എന്നായിരിക്കുന്നു.

ഈസാബെല്ലിന്റെ The House of the Spirits എന്ന നോവല്‍ 1986–ല്‍ ഞാന്‍ വായിക്കുകയും അത് മാര്‍കേസിന്റെ One Hundred Years of Solitude എന്ന നോവലിന്റെ അവിദഗ്ദ്ധമായ അനുകരണമാണെന്നു ഗ്രഹിക്കുകയും ചെയ്തു. പല തലമുറകളിലെ ചരിത്രമാണു മാര്‍കേസ് പറയുന്നത്. ഈസാബെല്ലും അങ്ങനെ തന്നെ. ഒരു മാതാമഹിയില്‍ തുടങ്ങി (അതോ പ്രപിതാമഹിയോ? ഉറപ്പില്ല) അവരുടെ സന്തരിപരമ്പരകളായ ക്ലാര, ബ്ലാങ്ക, ആല്‍ബ ഇവരിലൂടെ ചിലിയിലെ ചരിത്രം ചിത്രീകരിക്കുകയാണ് ഈസാബെല്‍. നാലുതലമുറകളുടെ ചരിത്രം അവര്‍ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ പ്രസിഡന്റായിരുന്ന സാല്‍വദോര്‍ ആയേന്‍ദേയുടെ സോഷലിസ്റ്റ് വ്യവസ്ഥയുടെ ചിത്രം നമുക്ക് ലഭിക്കുന്നു. പിന്നീട് നൃശംസത നൃത്തമാടിയ ഏകശാസനാധിപതിയുടെ ചിത്രമാണ് കിട്ടുക. ഇതിവൃത്തത്തിന്റെ ഈ സാദൃശ്യത്തിനു പുറമേ മാര്‍കേസ് വിദഗ്ദ്ധമായി പ്രയോഗിച്ച മാജിക് റയിലിസവും ഈസാബെല്‍ അവിദ്ഗ്ദ്ധമായി പ്രയോഗിക്കുന്നു. സാഹിത്യചൂഷണാപരാധത്തില്‍ നിന്ന് ഈസാബെല്ലിനെ മോചിപ്പിക്കാന്‍ നിരൂപകര്‍ പലരും എത്തിയെങ്കിലും അവരുടെ യത്നം ഫലദായകമായില്ല.

ഈ നോവലിനെക്കുറിച്ചു് ശ്രീ. ഇ. എം. എസ്. ദേശാഭിമാനി വാരികയില്‍ എഴുതിയത് ഞാന്‍ കൗതുകത്തോടെ വായിച്ചു. ഈസാബെല്ലിന്റെ കൃതി അമേരിക്കയിലെ കുത്തകപ്പത്രങ്ങള്‍ക്കും മുതലാളിത്ത രാഷ്ട്രങ്ങള്‍ക്കും എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നു സ്പഷ്ടമാക്കുകയാണ് ഇ. എം. എസ്. കേരളത്തിലെ ജനങ്ങള്‍ക്കു ചിലിയിലെ നവീന സാഹിത്യത്തെക്കുറിച്ച് അറിവു നല്‍ക്കാന്‍ ഇ. എം. എസ്സിന്റെ ലേഖനം സഹായിക്കുന്നു. അതുകൊണ്ടു തന്നെ ആ യത്നം സ്വാഗതാര്‍ഹവും.

നീരീക്ഷണങ്ങള്‍

കലാഭംഗിയില്ലാത്ത നോവലുകളെക്കുറിച്ച് എഴുതുമ്പോള്‍ മാര്‍ക്സിന്റെയും ബാര്‍തിന്റെയും ഫൂക്കോയുയുയെടും സിദ്ധാന്തങ്ങളെടുത്ത് അവയില്‍ തിരുകി പ്രൗഢ പ്രതിപാദനങ്ങള്‍ നിര്‍വഹിക്കുന്നതു കണ്ടാല്‍ സഹൃദയത്വമുള്ളവര്‍ക്കു പുച്ഛം തോന്നും

  1. പടിഞ്ഞാറന്‍ ദേശത്തെ മാര്‍കിസിസ്റ്റ് നിരൂപകര്‍ പോസ്റ്റ് മോഡേണിസ്റ്റുകള്‍, പോസ്റ്റ് സ്ട്രകചറലിസ്റ്റുകള്‍ ഇവര്‍ സാഹിത്യസൃഷ്ടികളെ നിരൂപണം ചെയ്യുമ്പോള്‍ ടോള്‍സ്റ്റോയിയെയും പൈങ്കിളി സാഹിത്യകാരനെയും ഒരേതരത്തില്‍ കാണുന്നു. ടോള്‍സ്റ്റോയിയുടെ War and Peace എന്ന നോവലിനെ നിരൂപണം ചെയ്യുന്ന ഇവര്‍ അതേ രീതിയില്‍ത്തന്നെ ഷ്യൂള്‍ വേണിന്റെ Twenty Thousand Leagues Under the Sea എന്ന ‘നോവലി’നെയും നിരൂപണം ചെയ്യുന്നു. മാനദണ്ഡങ്ങള്‍ക്ക് ഒരു വ്യത്യാസവുമില്ല. ചുവരില്‍ത്തറച്ച പെഗ്ഗില്‍ കോട്ടും ഷര്‍ട്ടും തോര്‍ത്തും കൊണ്ടിടുന്നതു പോലെയാണിത്. വേണിന്റെ കൃതിക്ക് ടോള്‍സ്റ്റോയിയുടെ നോവലിനുള്ള കലാസൗഭഗം ഉണ്ടോ എന്ന് ഇവര്‍ നോക്കുന്നില്ല. കേരളത്തിലെ രീതിയും ഇതുതന്നെ. കലാഭംഗിയില്ലാത്ത നോവലുകളെക്കുറിച്ച് എഴുതുമ്പോള്‍ മാര്‍ക്സിന്റെയും ബാര്‍തിന്റെയും ഫൂക്കോയുയുയെടും സിദ്ധാന്തങ്ങളെടുത്തു അവയില്‍ തിരുകി പ്രൗഢ പ്രതിപാദനങ്ങള്‍ നിര്‍വഹിക്കുന്നതു കണ്ടാല്‍ സഹൃദയത്വമുള്ളവര്‍ക്കു പുച്ഛം തോന്നും.

ഒരു കാര്യം സത്യമാണെങ്കിലും പതിനായിരം ചുണ്ടുകളില്‍ നിന്ന് അതുവന്നാല്‍ തികഞ്ഞ കള്ളമായി മാറുമെന്നു കീര്‍ക്കഗോര്‍ പറഞ്ഞിട്ടുണ്ട്

  1. ഏതും അത്യന്താവസ്ഥയിലെത്തുമ്പോള്‍ മരിക്കും. മലയാളത്തിലെ റിയലിസം മരിച്ചതു് അങ്ങനെയാണ്. യൂറോപ്പിലെയും മററു രാജ്യങ്ങളിലെയും പോസ്റ്റ് മോ‍ഡേണിസം ചത്തു. പോസ്റ്റ് സട്രക്ചറിലിസം ഊര്‍ദ്ധ്വശ്വാസം വലിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഇവിടെയുള്ളവര്‍ ഇപ്പോള്‍ അവയെക്കുറിച്ചു് എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ. കേരളത്തിലെ സ്ഥിതി ഇങ്ങനെയാണ്. മാക്സിം ഗോര്‍ക്കി പ്രചരിപ്പിച്ച സോഷലിസ്റ്റ് റിയലിസം പിടഞ്ഞാറന്‍ ദേശത്ത് മരിച്ച് ഇരുപത്തഞ്ചുവർഷം കഴിഞ്ഞപ്പോൾ എം.കെ. കുമാരനും കൂട്ടുകാരൂം അതു പൊക്കിയെടുത്ത് ഇവിടെ കൊണ്ടു വന്നു. എക്സിസ്റ്റെന്‍ഷ്യലിസവും അതിന്റെ ഉദ്ഘോഷകരും യൂറോപ്പില്‍ മരിച്ചു കഴിഞ്ഞ് ഇരുപതുവര്‍ഷം കടന്നുപോയപ്പോള്‍ ഇവിടെ ചിലര്‍ അതിനെക്കുറിച്ച് എഴുതാന്‍ തുടങ്ങി. അതിനെ അവലംബിച്ച് നോവലുകളും കഥകളും രചിക്കാനാരംഭിച്ചു. കുറ്റം പറായനില്ല. പടിഞ്ഞാറന്‍ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തത് ഇവിടെ കിട്ടണമെങ്കില്‍ ഇരുപത് ഇരുപത്തിയഞ്ചു വര്‍ഷം കഴിയണമല്ലോ.
  2. ഒരു കാര്യം സത്യമാണെങ്കിലും പതിനായിരം ചുണ്ടുകളില്‍ നിന്ന് അതുവന്നാല്‍ തികഞ്ഞ കള്ളമായി മാറുമെന്നു കീര്‍ക്കഗോര്‍ പറഞ്ഞിട്ടുണ്ട്. മുദ്രാവാക്യങ്ങള്‍ക്കുള്ള ദോഷമിതാണ്. കുറെക്കഴിയുമ്പോള്‍ അവ നിരര്‍ത്ഥകങ്ങളായിത്തീരും. Workers of all Countries unite you have nothing to lose but your chains എന്ന ആഹ്വാനം മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കാലത്ത് ജനതയെ ചലനം കൊള്ളിച്ച് മട്ടില്‍ ഇന്നു ചലനം കൊള്ളിക്കുന്നില്ല. ഇന്നതു വെറും ക്ലീഷേയാണ്.

ചിതാഭസ്മം വളമാകും

കുറെക്കാലം മുന്‍പു നടന്നതാണ്. ഞാന്‍ നാഗപ്പൂരില്‍ നിന്നു തീവണ്ടിയില്‍ കയറി. എന്നെ യാത്രയയ്ക്കാന്‍ എന്റെ മകളും അവളുടെ ഭര്‍ത്താവും അവരുടെ അഞ്ചുവയസ്സുള്ള മകനും വന്നിരുന്നു. തീവണ്ടി പുറപ്പെടാറായി. പേരക്കുട്ടി കരഞ്ഞു; മകളും കരഞ്ഞു. മരുമകന്‍ ദുഃഖത്തോടെ നിന്നു. തീവണ്ടി നീങ്ങി. മകളും കുഞ്ഞും ഉറക്കെക്കരയുന്നതു ഞാന്‍ കണ്ടു. തീവണ്ടി ചന്ദ്രപ്പൂര്‍ എന്ന സ്റ്റേയ്ഷന്‍ അടുക്കാറായപ്പോള്‍ അടുത്തിരുന്ന ഒരു മലയാളി ചോദിച്ചു. “താങ്കളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. ആരാണ്?” ഞാന്‍ മറുപടി പറഞ്ഞു: “ഞാന് പത്രത്തിലെഴുത്തുകാരനാണ്. ഓരോ ആഴ്ചയിലും പത്രാധിപര്‍ എന്റെ പടം സൗജന്യപൂര്‍വം അച്ചിടിക്കും. അതു താങ്കള്‍ കണ്ടിരിക്കാനിടയുണ്ട്. അല്ലാതെ നമ്മള്‍ കണ്ടിട്ടേയില്ല”. തെല്ലു

നേരം മിണ്ടാതിരുന്നിട്ട് അയാള്‍ പറഞ്ഞു: “മകളും മരുമകനും കുഞ്ഞുമായിരിക്കും പ്ലാറ്റ് ഫോമില്‍ നിന്നത്. അല്ലേ?”

ഞാന്‍: അതേ.

വീണ്ടും അയാള്‍ മൌനത്തില്‍ പിന്നെ ചിരിയോടെ പറഞ്ഞു: “ആ കുട്ടി കരഞ്ഞതു സത്യം. മകള് കരഞ്ഞതുണ്ടല്ലോ അതു കളളം.” എനിക്കു എന്തെന്നില്ലാത്ത നീരസം തോന്നി. എങ്കിലും ഞാനതു മറച്ചുവച്ചു കുറെകഴിഞ്ഞു ഞാന്‍ വിനയപൂര്‍വ്വം അയാളോടു ചോദിച്ചു: “താങ്കള്‍?”

അയാള്‍: “ഞാന്‍ നാഗപ്പൂരില്‍ ഒരു ഫാക്ടറിയില്‍ ജോലി നോക്കുന്നു. എന്റെ അമ്മ മരിച്ചെന്നു കമ്പി കിട്ടി. അതുകൊണ്ടു ഭാര്യയും കുട്ടികളുമൊത്തു നാട്ടിലേക്ക് — കോട്ടയത്തേക്ക് — പോവുകയാണ്.” അമ്മ മരിച്ച ദുഃഖമൊന്നും അയാളുടെ മുഖത്തു കണ്ടില്ല. അമ്മായി ഇഹലോകം വിട്ടുപോയതു നന്നായിയെന്നു സ്ത്രീയുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു. അവരുടെ രണ്ടു കുട്ടികള്‍ തിമിര്‍ത്തു കളിക്കുന്നു. നേരം കഴിഞ്ഞു. ഒരു കാന്‍വാസ് സഞ്ചിയില്‍നിന്ന് അയാള്‍ മുന്നുനാലു പേരയ്ക്ക എടുത്തു ഭാര്യക്കും കുട്ടികള്‍ക്കും കൊടുത്തിട്ട് ഒരെണ്ണം അയാള്‍ കടിച്ചു തിന്നു തുടങ്ങി. അതുകഴിഞ്ഞു തീവണ്ടിയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് പറങ്കിയണ്ടി വാങ്ങി. കാപ്പി വാങ്ങിച്ചു. സ്റ്റീല്‍പ്ലെയ്റ്റില്‍ കൊണ്ടുവന്ന ചോറ് — മനുഷ്യവംശത്തില്‍ പിറന്നവര്‍ കഴിക്കാത്ത ചോറും കൂട്ടാനും — തിടുക്കത്തില്‍. ആര്‍ത്തിയോടെ ഉളളിലാക്കി. ഏതോ സ്റ്റേയ്ഷനില്‍ വണ്ടി നിന്നപ്പോള്‍ ‘കേല, കേല’ എന്നു വിളിച്ചു പഴം വാങ്ങിതിന്നു. ഏമ്പക്കം വിട്ടു മന്ദസ്മിതത്തോടെ അയാള്‍ സീറ്റിലേക്കു ചാരി ഉറങ്ങാനുള്ള വട്ടുകൂടി.

മരുമകന്‍, മകള്‍, പേരക്കുട്ടി ഇവരെപ്പിരിഞ്ഞത് തല്‍ക്കാലത്തേക്കു മാത്രം. എന്നാലും ആ താല്‍ക്കാലിക വിയോഗം ഹ്രസ്വകാലമരണമാണ്. യാത്രക്കാരന്റെ അമ്മയുടെ ദേഹവിയോഗം എല്ലാക്കാലത്തേക്കുമുള്ള മരണമാണല്ലോ. ഹ്രസ്വകാലമരണത്തിലുണ്ടായ കണ്ണീര്‍ കളളമാണെന്നു അയാള്‍ പറഞ്ഞത് അമ്മയുടെ മരണത്തില്‍ അയാള്‍ക്കു ദുഃമില്ലാത്തതു കൊണ്ടല്ലേ? ലേശമെങ്കിലും ദുഃഖമുണ്ടായിരുന്നെങ്കില്‍ പേരയ്ക്ക തൊട്ടു വാഴപ്പഴം വരെയുള്ള സാധനങ്ങള്‍ അയാള്‍ ആര്‍ത്തിപിടിച്ചു തിന്നുമായിരുന്നോ?

ഞാന്‍ അയാളെ കുറ്റപ്പെടുത്തുകയില്ല. ബന്ധുക്കള്‍ തമ്മിലുള്ള അടുപ്പത്തിന്റെ ലയം ഇന്നു മാറിപ്പോയിരിക്കുന്നു. അതുപോലെ ജീവിതത്തിനും മരണത്തിനും തമ്മിലുള്ള ബന്ധത്തിന്റെ ലയവും ഇന്നു വളരെ മാറിയിട്ടുണ്ട്. മരണം നടന്ന വീട്ടില്‍ ‘പണ്ടേപ്പോലെ’ നിലവിളികള്‍ ഇന്നില്ല. ദുഃഖത്തിന്റെ ബഹി: പ്രകാശനവും പഴയകാലത്തേതു പോലെയല്ല. ഈ മാറ്റത്തെ ശ്രീ. ഒ. പി. ജോസഫ് കലാത്മകമായി ചിത്രീകരിക്കുന്നു “മരണ​ ധന്യം” എന്ന ചെറുകഥയില്‍ (മലയാളം വാരിക) സ്നേഹിതന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അതന്വേഷിച്ചു പോയവനു ആ സ്നേഹിതന്റെ ക്രൂരതകണ്ടു മോഹഭംഗമുണ്ടാകുന്നു. ഈ മോഹഭംഗത്തെ വിശ്വാസജനകമായി ആവിഷ്കരിച്ചിട്ടുണ്ട് കഥാകാരന്‍.

ഇന്നത്തെ ലയം ഇങ്ങനെ പോയാല്‍ ഒരു കാലത്ത് സഞ്ചയനദിനത്തിനു പകരം അച്ഛന്റെ ചിതാഭസ്മം ശേഖരിക്കുന്ന മകന്‍ അതു ഫെര്‍ട്ടിലൈസറായി ഉപയോഗിക്കുന്ന ദിനം ആഘോഷിച്ചെന്നു വരും. സ്ഥിതിഗതികള്‍ കണ്ടിട്ട് ആ കാലം അത്ര വിദൂരമല്ലെന്ന് എനിക്കു തോന്നുന്നു.