close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 06 13


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 06 13
ലക്കം 926
മുൻലക്കം 1993 06 06
പിൻലക്കം 1993 06 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“രാഷ്ട്രീയത്തിലെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസമെന്ത്?” “…വലതുപക്ഷം ദാമ്പത്യജീവിതംപോലെ. ഇടതുപക്ഷം വിവാഹത്തിനുമുന്‍പുള്ള അനുരാഗദിനങ്ങള്‍ പോലെ.”

ചോദ്യം, ഉത്തരം

Symbol question.svg.png “ആളുകള്‍ ദിനംപ്രതി മരിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നും?”

“പനിനീര്‍പ്പൂവിന്റെ ഒരു ദലം കൊഴിയുന്നു. അടുത്തനിമിഷത്തില്‍ വേറൊരു ഇതള്‍ കൊഴിയുന്നു. ഇങ്ങനെ എല്ലാം കൊഴിഞ്ഞു ഞെട്ടുമാത്രമാകുമ്പോള്‍ അടുത്തുനില്ക്കുന്ന നിശാഗന്ധി തനിക്കു മാത്രം മരണമില്ലല്ലോ എന്നു വിചാരിക്കും. എന്നാല്‍ അതും കൊഴിഞ്ഞുവീഴും.”

Symbol question.svg.png “സൂര്യന്‍ പ്രകാശിക്കുമ്പോള്‍ നടക്കുന്ന നമ്മളോടുകൂടി നിഴല്‍ വരുന്നതെന്തിനാണ്?”

“മരണമില്ലാത്ത ജീവിതമില്ല. നിഴലില്ലാത്ത വസ്തുവില്ല.”

Symbol question.svg.png “നിങ്ങള്‍ എല്ലാ വാരികകളിലെയും എല്ലാ രചനകളെയുംകുറിച്ച് എഴുതുന്നില്ല. എന്താണ് കാരണം?”

“കാറ്റടിക്കുമ്പോള്‍ എന്റെ വീട്ടിന്റെ മുറ്റത്ത് നില്ക്കുന്ന മരത്തില്‍നിന്ന് എല്ലാ ഇലകളും അടര്‍ന്നു താഴെ വീഴും. കുറച്ചു ഇലകള്‍ എടുത്തു മാറ്റാമെന്നല്ലാതെ എല്ലാ ഇലകളും മാറ്റാന്‍ കഴിയുമോ? അതിനു തുനിഞ്ഞാല്‍ ഞാന്‍ ക്ഷീണിച്ചു പോവുകയില്ലേ?”

Symbol question.svg.png “ശരിയായ വിമര്‍ശനം ഉണ്ടായാല്‍ വയലാര്‍ രാമവര്‍മ്മയും നിങ്ങളുടെ കുമാരനാശാനും അപ്രത്യക്ഷരാവുകില്ലേ?”

“കുമാരനാശാന്‍ വലിയ കവിയാണ്. ഒരു പ്രചണ്ഡവാതത്തിനും അദ്ദേഹത്തെ ‘അപ്പുപ്പന്‍താടി’യെയെന്നപോലെ പറപ്പിക്കാന്‍ ആവുകയില്ല. വയലാര്‍ രാമവര്‍മ്മ നേര്‍ത്ത മാനിഫോള്‍ഡ് കടലാസ്സാണ്. വയലാര്‍ എവോര്‍ഡ് എന്ന പേപ്പര്‍ വെയ്റ്റാണ് ആ കവിയെ അമര്‍ത്തിവച്ചിരിക്കുന്നത്. ആശാന്റെ ജന്മവാര്‍ഷികം ആഘോഷിച്ചില്ലെങ്കിലും അദ്ദേഹം നിലനില്ക്കും.”

Symbol question.svg.png “ദുഃഖനിമിഷമെന്നാല്‍ എന്ത്?”

“പരിചയമില്ലാത്ത സ്ത്രീ ചിരിച്ചുതൊഴുതിട്ട് നടന്നകലുമ്പോള്‍ ആവിര്‍ഭവിക്കുന്ന നിമിഷം ദുഃഖ നിമിഷം.”

Symbol question.svg.png “നിങ്ങള്‍ ചിരിച്ച നിമിഷമേത്?”

“ചിറ്റൂര്‍ കോളിജില്‍ ജോലി നോക്കിയിരുന്നപ്പോള്‍ ഒരുദിവസം പനിപിടിച്ചു. തത്തമംഗലത്ത് ഒരു ഡോക്ടറെക്കണ്ടപ്പോള്‍ അദ്ദേഹം ‘കുരയ്ക്കുമോ’ എന്നു ചോദിച്ചു. അപ്പോള്‍ ദേഷ്യം തോന്നിയെങ്കിലും കുരയ്ക്ക് അര്‍ത്ഥം ചുമയാണെന്നു ഒരു വിദ്യാര്‍ത്ഥി പറഞ്ഞുതന്നു. അതുകേട്ട് ഞാന്‍ ചിരിച്ചു. വളരെനേരം ചിരിച്ചു. ചിരിയുടെ നിമിഷമല്ല, ചിരിയുടെ നിമിഷങ്ങളായിരുന്നു അത്.”

Symbol question.svg.png “രാഷ്ട്രീയത്തിലെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസമെന്ത്?”

“എനിക്കു രാഷ്ട്രവ്യവഹാരത്തില്‍ ഒരു താല്‍പര്യവുമില്ല. എങ്കിലും നിങ്ങള്‍ ചോദിച്ചതു കൊണ്ടു മറുപടി പറയുകയാണ്. വലതുപക്ഷം ദാമ്പത്യജീവിതംപോലെ ഇടതുപക്ഷം വിവാഹത്തിനു മുന്‍പുള്ള അനുരാഗദിനങ്ങള്‍പോലെ.”

പുതിയ പുസ്തകം

വിഭജനംകൊണ്ട് ഇളകിമറിഞ്ഞ ഇന്ത്യയെ സോഷ്യലിസത്തിന്റെ പുതപ്പുകൊണ്ടു നെഹ്റു മൂടി. എങ്കിലും അതിന്റെ ചുളിവുകളുടെയും മടക്കുകളുടെയും ചലനങ്ങളിലൂടെ രാജ്യത്തിന്റെ ആശങ്കാദിവികാരങ്ങള്‍ ജനത കണ്ടു. ഇന്ദിരാഗാന്ധി കുറെകാലത്തേക്ക് ആ പുതപ്പെടുത്തു മാറ്റിയപ്പോള്‍ രാജ്യത്തിന്റെ പിടച്ചില്‍ ആളുകള്‍ നേരിട്ടു കണ്ടു. പിന്നീട് രാജീവ്ഗാന്ധി ടെക്നിക്കല്‍ സംസ്കാരത്തിന്റെ പുതപ്പെടുത്ത് രാജ്യത്തെ മൂടി. ആ സന്ദര്‍ഭത്തിലും ജനതകണ്ടു രാഷ്ട്രത്തിന്റെ ആശങ്കയും ക്ഷോഭവും. ഇപ്പോള്‍ പുതപ്പേയില്ല. രാജ്യം പിടഞ്ഞു പിടഞ്ഞു മരണത്തോട് അടുക്കുന്നു.

സാദ്

ഭാര്യയോട്, സുഹൃത്തുക്കളോട്, മറ്റു ബന്ധുക്കളോട് ഒക്കെ ക്രൂരത കാണിക്കുന്നവനെ സാഡിസ്റ്റ് എന്നു വിളിക്കാറുണ്ട്. പണ്ടൊരു കൊളിജിയറ്റ് ഡയറക്ടറുണ്ടായിരുന്നു. പാവപ്പെട്ട അധ്യാപകരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി രസിച്ചിരുന്ന അദ്ദേഹത്തെ എല്ലാവരും സാഡിസ്റ്റ് എന്നാണ് വിളിച്ചിരുന്നത്. ക്രൂരതയില്‍ അനിയതമായ ആഹ്ളാദമനുഭവിക്കുന്നവനെ ആ വാക്കുകൊണ്ടു വിശേഷിപ്പിക്കാം. സ്ത്രീപീഡനം നടത്തിയ ഒരു ഫ്രഞ്ചെഴുത്തുകാരനോടു ബന്ധപ്പെടുത്തിയാണ് ഈ വാക്കിന്റെ ഉദ്ഭവം. ദൊനാസ്യങ് ആല്‍ഫോങ്സ് ഫ്രാങ്സ്വാകൊങ്ത് ദ സാദ് (Donatien Alphonse Francois Comte de Sade 1740-1814) എന്ന് അയാളുടെ പേര്. 1768 ഏപ്രില്‍ മൂന്നാംതീയതി നടത്തിയ ഒരു ക്രൂരകൃത്യത്തോടെയാണ് സാദ് കുപ്രസിദ്ധനായത്. റോസ് കെല്ലര്‍ എന്നൊരു യുവതിയെ വശീകരിച്ചു കൊണ്ടുപോയി സ്വന്തം ഇച്ഛയ്ക്കു വിധേയയാക്കിയിട്ട് അയാള്‍ അവളുടെ നഗ്നങ്ങളായ പൃഷ്ഠങ്ങളെ ഭൂര്‍ജ്ജക്കമ്പുകൊണ്ട് അടിച്ചുപൊട്ടിക്കുകയും കത്തികൊണ്ടു കീറുകയും ആ മുറിവുകളില്‍ ഉരുക്കിയ ചുവന്ന മെഴുക് ഒഴിക്കുകയും ചെയ്തു. ഇതുപോലെയുള്ള മറ്റനേകം ദുഷ്ടപ്രവൃത്തികള്‍ ചെയ്ത അയാളെ ഇടവിട്ടാണെങ്കിലും ആകെ ഇരുപത്തേഴുകൊല്ലം കാരാഹൃഹത്തില്‍ ഇട്ടിരുന്നു ഫ്രഞ്ച് സര്‍ക്കാര്‍. സാദിന്റെ (“Justine”, “Juliette” ഈ നോവലുകളും ചില ചെറുകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. എല്ലാം ആഭാസങ്ങളത്രേ. ഇയാളുടെ പ്രവര്‍ത്തനങ്ങളെ ഏതാണ്ടു നീതിമത്കരിച്ചും ദര്‍ശനത്തെ (Philosophy) വിശദീകരിച്ചും സീമൊന്‍ ദ ബോവ്വാര്‍ പ്രൗഢമായ ലേഖനം എഴുതിയിട്ടുണ്ട്. (The Marquis de Sade-An Essay) Sade drained to the dregs the moment of selfishness, justice, and misery and he insisted upon its truth എന്നാണ് ബോവ്വാറിന്റെ പ്രസ്താവം. സാദിന്റെ ക്രൂരതയിലേക്കു ചെന്ന് അതിന്റെ ആന്തരമായ അര്‍ത്ഥത്തെ സ്പഷ്ടമാക്കിത്തരുന്ന വേറൊരു ഗ്രന്ഥമാണ് “The Life and Ideas of the Marquis de Sade” എന്നത് (Geoffrey Gorer). 1993-ല്‍ പ്രസിദ്ധീകരിച്ച “The Marquis de Sade” വായിക്കേണ്ട വേറൊരു പുസ്തകമാണ് (Donald Thomas, U.K., £ 6.66). ഇതിലും സാദിന്റെ അനിയത ലൈംഗികത്വത്തെയും തത്ത്വചിന്തയെയും നീതിമത്കരിച്ചിരിക്കുകയാണ്. ബോവ്വാറിന്റെ പ്രബന്ധംപോലെ ഇപ്പുസ്തകം ആഴത്തിലേക്കു ചെല്ലുന്നില്ലെങ്കിലും നൂതനങ്ങളായ പല ‘ഇന്‍സൈറ്റു’കളും പ്രദാനം ചെയ്യാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്. സാദിനുശേഷമുള്ള പല സാഹിത്യകാരന്മാരിലും അയാള്‍ ചെലുത്തിയ സ്വാധീനശക്തി ഗ്രന്ഥകാരന്‍ ദൃഢപ്രത്യയം ജനിപ്പിക്കുമാറു വിശദമാക്കിയിരിക്കുന്നു. പ്രൂസ്തിന്റെ “Remembrance of Things Past” എന്ന നോവലിന്റെ ആദ്യഭാഗത്തു രണ്ടു യുവതികള്‍ സ്വവര്‍ഗ്ഗാനുരാഗപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വര്‍ണ്ണിച്ചിട്ടുണ്ടല്ലോ. ഒരുത്തി അവളുടെ അച്ഛന്റെ പടം മേശപ്പുറത്തു വച്ചിട്ട് അതിന്റെ മുന്‍പിലിരുന്നാണ് വൃത്തികെട്ട പ്രവൃത്തികള്‍ ചെയ്യുന്നത്. അവളുടെ കൂട്ടുകാരി അയാളെ ugly old monkey എന്നു വിളിക്കുന്നു; ആ പടത്തില്‍ തുപ്പാനും അവള്‍ സന്നദ്ധയാണ്. ഇതു സാഡിസമാണെന്നു ഗ്രന്ഥകാരന്‍ പറയുന്നു. പത്തൊന്‍പതാം ശതാബ്ദത്തിലെ യൂറോപ്യന്‍ സാഹിത്യത്തില്‍ സാദ് വരുത്തിയ പരിവര്‍ത്തനം Mario Praz എഴുതിയ The Romantic Agony എന്ന വിദ്വജ്ജനോചിതമായ ഗ്രന്ഥത്തില്‍നിന്നു ഗ്രഹിക്കാമെന്നു ഗ്രന്ഥകാരന്‍ പറയുന്നതിനോടു യോജിക്കാന്‍ പ്രയാസമില്ല. ഫ്ളോബര്‍, ബോദ്ലേര്‍, ദാനൂന്‍സിയോ ഇവരുടെ പോസ്റ്റ് റൊമാന്റിസിസം സാദിന്റെ തത്ത്വചിന്തയുടെ ഫലമാണെന്നാണ് ഗ്രന്ഥകാരന്റെ വാദം. സറീയലിസം എന്ന കലാപ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രവും സാദിന്റെ തത്ത്വചിന്തയത്രേ.

വിപ്ളവങ്ങളെക്കുറിച്ചു സാദിനു ബഹുമാനമില്ലായിരുന്നു. രാജ്യം ഭരിക്കുന്ന ദുഷ്ടന്മാരെ മറ്റു ദുഷ്ടന്മാര്‍ മാറ്റുന്നതാണ് വിപ്ളവമെന്ന് അയാള്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രവ്യവഹാരത്തിലെ എല്ലാ നീക്കങ്ങളും മറ്റുള്ളവരെ അടിമകളാക്കാനാണ് എന്നും അയാള്‍ വിശ്വസിച്ചു. If sexuality is the illustration of Sade’s theme, then individual and collective political ambition is the ultimate perversion. That all power corrupts and absolute power corrupts absolutely is the irreducible political truth of Sade (Page 315) നമുക്കു സാദിനെ അകറ്റി നിറുത്താം. അയാളുടെ തത്ത്വചിന്തയെയും നൃശംസതയെയും ദാര്‍ശനിക പശ്ചാത്തലത്തില്‍ വീക്ഷിക്കുന്ന സീമൊന്‍ ദ ബോവ്വാറിനെയും ഡൊനല്‍ഡ് തോമസിനെയും നിരാകരിക്കാം. പക്ഷേ നമ്മുടെ അറിവിന്റെ പരിധിയെ വികസിപ്പിക്കുന്ന ഈ പുതിയ പുസ്തകത്തെ നിരാകരിക്കാന്‍ വയ്യ.

വിലാസിനി

വേഡ്സ്‌വര്‍ത്തിനെ തള്ളിപ്പറയുന്ന രീതിക്ക് ഇന്നു പ്രാബല്യം വന്നിരിക്കുന്നു. റ്റി.എസ്. എല്യറ്റിന്റെ ധൈഷണികമായ കവിതയ്ക്ക് ഇക്കാലത്ത് പ്രസിദ്ധിയും പ്രചാരവും ഉള്ളതു കൊണ്ടാവാം ഇതു സംഭവിക്കുന്നത്. എന്നാല്‍ സാക്ഷാല്‍ മഹാകവിയാണ് വേഡ്സ്‌വര്‍ത്ത്.

Will no one tell me what she sings?
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago

എന്ന നാലു വരികളേ വേഡ്സ്‌വര്‍ത്ത് എഴുതിയുള്ളുവെന്നു വിചാരിക്കുക. എങ്കിലും അദ്ദേഹം മഹാകവിയായി അറിയപ്പെടുമായിരുന്നു. ശബ്ദത്തിന്റെ ആരോഹണാവരോഹണംകൊണ്ടും സംക്ഷിപ്തതകൊണ്ടുമാണ് കവി ഈ വരികള്‍ക്ക് “ഹോണ്‍ടിങ് ക്വാളിറ്റി” ഉണ്ടാക്കുന്നത്. (F.L. Lucas എന്ന നിരൂപകനോടു കടപ്പാടുണ്ട് ഈ ആശയത്തിന്. ലൂക്കസിന്റെ ഏതു പുസ്തകത്തില്‍ ഇതുണ്ട് എന്നത് ഓര്‍മ്മയില്ല.) രചനയ്ക്കു സംക്ഷിപ്തത ഇല്ലെങ്കില്‍, വാവദുകത (വളരെപ്പറയുന്ന ശീലം) വിരാജിക്കുകയാണെങ്കില്‍ രചന തകരും. ഉദാഹരണത്തിനു ഒരു ശ്ളോകം ഉദ്ധരിക്കാം.

ആരണ്യാന്തര ഗഹ്വരോദരതപ സ്ഥാനങ്ങളില്‍, സൈന്ധവോ
ദാരശ്യാമ മനോഭിരാമ പുളിനോ പാന്തപ്രദേശങ്ങളില്‍
ആരന്തര്‍മ്മുഖമിപ്രപഞ്ചപരിണാമോദ്ഭിന്ന സര്‍ഗ്ഗക്രിയാ-
സാരം തേടിയലഞ്ഞു പണ്ടവരിലെച്ചൈതന്യമെന്‍ ദര്‍ശനം.

പണ്ട് സര്‍ഗ്ഗക്രിയാസാരം തേടിയവരുടെ ചൈതന്യമാണ് എന്റെ ദര്‍ശനം എന്നു പറയാന്‍ ഇത്രവളരെ “വെര്‍ബല്‍ ഡയറിയ” ആവശ്യമുണ്ടോ? അതു കാണാനിടവരുന്നവര്‍ക്കു ജുഗുപ്സ; എഴുതുന്ന ആളിനു ക്ഷീണം. എന്നാല്‍

“മരിക്കസാധരണമീവിശപ്പില്‍ ദ്ദഹിക്കലോ നമ്മുടെ നാട്ടില്‍ മാത്രം.
ഐക്യക്ഷയത്താലടിമശ്ശവങ്ങളടിഞ്ഞുകൂടും ചുടുകാട്ടില്‍ മാത്രം

എന്ന ശ്ളോകത്തിന്റെ ശക്തി സംക്ഷിപ്തതയിലാണിരിക്കുന്നത്.

രചനയ്ക്കു സംക്ഷിപ്തത ഇല്ലെങ്കില്‍, വാവദൂകത (വളരെപ്പറയുന്ന ശീലം) വിരാജിക്കുകയാണെങ്കില്‍ രചന തകരും.

സംക്ഷിപ്തതയെക്കുറിച്ചു വിചാരിക്കാന്‍ ഹേതി കലാകൗമുദിയിലെ “സമ്പന്നമായ സാഹിത്യജീവിതം” എന്ന ഹ്രസ്വലേഖനമാണ്. അന്തരിച്ച ‘വിലാസിനി’യെക്കുറിച്ച് അത്യുക്തിയില്ലാതെ, ന്യൂനോക്തിയില്ലാതെ തന്റെ അഭിപ്രായം ആവിഷ്കരിച്ചിരിക്കുന്നു ലേഖകന്‍.

എന്നെക്കാള്‍ പ്രായം വളരെക്കുറഞ്ഞ വിലാസിനിയുടെ (എം.കെ. മേനോന്റെ) മരണം എന്നെ ദുഃഖിപ്പിക്കുന്നു. ലോകത്തിനു പ്രയോജനമുള്ളവര്‍ നേരത്തേ പോകും; പ്രയോജനമില്ലാത്തവര്‍ ജീവിച്ചിരിക്കും.

എന്‍. പ്രഭാകരന്‍

കുമാരനാശാന്‍ വലിയ കവിയാണ്. ഒരു പ്രചണ്ഡവാതത്തിനും അദ്ദേഹത്തെ ‘അപ്പുപ്പന്‍ താടി’യെയെന്നപോലെ പറപ്പിക്കാന്‍ ആവുകയില്ല. വയലാര്‍ രാമവര്‍മ്മ നേര്‍ത്ത മാനിഫോള്‍ഡ് കടലാസ്സാണ്. വയലാര്‍ എവോര്‍ഡ് എന്ന പേപ്പര്‍ വെയ്റ്റാണ് ആ കവിയെ അമര്‍ത്തിവച്ചിരിക്കുന്നത്.

കുറെക്കാലം മുന്‍പാണ് തിരുവനന്തപുരത്തെ മലയാളമനോരമ ഓഫീസില്‍നിന്ന് ആരോറ്റെലിഫോണിലൂടെ അറിയിച്ചു. “മാത്യുസ്സാറ് സാറിനെ കാണാന്‍ നാളെ വരും. സൗകര്യമാണോ എന്നു അന്വേഷിക്കാന്‍ കോട്ടയത്തുനിന്നു ചോദിക്കുന്നു.” ശ്രീ. കെ.എം. മാത്യു എന്റെ വീട്ടില്‍ വരുന്നത് എനിക്ക് അഭിമാനാവഹമായ കാര്യമല്ലേ? “സൗകര്യമാണ്, സൗകര്യമാണ്” എന്നു ഞാന്‍ രണ്ടുതവണയോ അതില്‍ക്കൂടുതല്‍ തവണകളോ പറഞ്ഞിരിക്കും. നേരം വെളുത്തു. വീട്ടുകാരിയോടു സ്പെഷലായ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞു. ഫര്‍ണിച്ചര്‍ അങ്ങോട്ടു മിങ്ങോട്ടും മാറ്റി എന്റെ ഭവനത്തിന്റെ പൂമുഖത്തിനു മോടിവരുത്തി. അദ്ദേഹം വന്നാല്‍ കൈകൂപ്പി സ്വീകരിക്കണം എന്നു പേരക്കുട്ടിയോടുവരെ പറഞ്ഞു. ഉത്കണ്ഠയോടുകൂടി ഞാന്‍ കാത്തിരുന്നു. ഉച്ചകഴിഞ്ഞപ്പോള്‍ വീണ്ടും തിരുവനന്തപുരത്തെ മനോരമ ഓഫീസില്‍നിന്നു ഫോണ്‍ സന്ദേശം: “മാത്യുസ്സാറ് വന്നു. പത്തുമിനിറ്റിനകം സാറിന്റെ വീട്ടിലെത്തും.” അക്കാലത്തു ഞാന്‍ താമസിച്ച വീട്ടിലേക്കു വരാന്‍ വയല്‍വരമ്പിലൂടെ നടക്കണം. ശ്രീ.കെ.എം. മാത്യു ആ വരമ്പിലൂടെ നടക്കുന്നതിന്റെ പോരായ്മ എന്നെ അലട്ടി. സ്വന്തമായി നല്ല ഭവനമില്ലാത്ത ഞാന്‍ എന്നെത്തന്നെ ശപിച്ചു. എങ്കിലും ഹൃദയവിശാലതയുള്ള മാത്യു അവര്‍കള്‍ എന്റെ അകിഞ്ചനത്വത്തെക്കുറിച്ച് ഒന്നും വിചാരിക്കുകയില്ലെന്ന് ഞാന്‍ സ്വയം സമാധാനിച്ചു. നിമിഷങ്ങള്‍ എണ്ണിയെണ്ണി നീങ്ങുകയാണ്. പെട്ടെന്ന് ഒരു ശബ്ദം റോഡില്‍. ഞാന്‍ വീട്ടില്‍നിന്നിറങ്ങി വയല്‍വരമ്പിലൂടെ ഒറ്റയോട്ടം റോഡിലേക്ക്. വാഹനം വന്നുനിന്നു. അതില്‍ നിന്നു ശ്രീ. മാത്യു മണര്‍കാട് ഇറങ്ങിവന്നു. ഇടിവെട്ടേറ്റതുപോലെയായി എന്റെ അവസ്ഥ. എങ്കിലും അതു ഒളിച്ചുവച്ചിട്ടു മാത്യു മണര്‍കാടിനെ ആദരപൂര്‍വ്വം കൈകൂപ്പി സ്വീകരിച്ചു. വീട്ടിലേക്കു കൊണ്ടുപോയി. ഗൃഹനായികതൊട്ടു പേരക്കുട്ടിവരെ പൂമുഖത്തെത്തി അതിഥിയെ തൊഴുതി. വിഭവങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ നിരന്നു. എങ്കിലും ഗൃഹനായികയ്ക്കു സംശയം. അവര്‍ എന്നെ അകത്തേക്കു വിളിച്ച് ഇദ്ദേഹമാണോ കെ.എം. മാത്യുസ്സാറ്? എന്നു ചോദിച്ചു. “അതേ” എന്നു എന്റെ മറുപടി. മാത്യു മണര്‍കാട് ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ സണ്‍ ഇന്‍ ലാ ഓഫീസില്‍നിന്ന് വീട്ടിലെത്തി അകത്തേക്കു കയറി. ഗൃഹനായിക പറഞ്ഞു “മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ കെ.എം. മാത്യുസ്സാറാണ് ആ ഇരിക്കുന്നത്.” ലോകപരിചയമുള്ള മരുമകന്‍ മറുപടി നല്കി. “അല്ലല്ല. കെ.എം. മാത്യുസ്സാറിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതു വേറെ ആരോ ആണ്.” മാത്യു മണര്‍കാടി വിശേഷാല്‍ പ്രതിക്കു ലേഖനം ചോദിച്ചിട്ടു തിരിച്ചുപോയ തക്കം നോക്കി ഗൃഹനായികവന്നു എന്നോടു ചോദിച്ചു: “കെ.എം. മാത്യുസ്സാറ് പോയോ?” ഞാന്‍ ഇളിഭ്യനായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഒരു സംഭവത്തിന്റെ ഹാസ്യാത്മകത വ്യക്തമാക്കാനും അതില്‍നിന്ന് ഒരു തത്ത്വം നിര്‍ദ്ധാരണം ചെയ്യാനുമാണ് ഞാനിതെഴുതിയത്. ഞാന്‍ അര്‍ഹിക്കുന്നതിലേറെ എന്നെ ബഹുമാനിക്കുന്നവരാണ് മലയാളമനോരമയുടെ പ്രവര്‍ത്തകര്‍. അവര്‍ എന്റെ ഉപകര്‍ത്താക്കളുമാണ്. അതുകൊണ്ട് ഈ വിവരണം എന്റെ അഭിവന്ദ്യസുഹൃത്ത് മാത്യു മണര്‍കാടിനെ അല്പംപോലും വേദനിപ്പിക്കില്ലെന്നാണ് എന്റെ വിചാരം. വേദനയുടെ ചെറിയ പാടെങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വീഴുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തോടു മാപ്പുചോദിക്കാന്‍ സന്നദ്ധനാണ്. മുന്‍കൂട്ടി അതു ചോദിക്കുകയും ചെയ്യുന്നു.

കോട്ടയത്ത് ഒരു കോളിജില്‍ മീറ്റിങ്ങിനു പോയപ്പോള്‍ തൊട്ടടുത്തുള്ള മനോരമ ഓഫീസില്‍ച്ചെന്ന് ഞാന്‍ കെ.എം. മാത്യു അവര്‍കളെകണ്ടു. അങ്ങനെ കണ്ടതുകൊണ്ടാണ് ശ്രീ. മാത്യു മണര്‍കാടിനെ കണ്ടപ്പോള്‍ എനിക്കു യഥാര്‍ത്ഥമായ പ്രത്യഭിജ്ഞാനം - Recognition - ഉണ്ടായത്. മഹാത്മാഗാന്ധിയെ ഞാന്‍ കണ്ടിട്ടില്ലെന്നു കരുതു. അദ്ദേഹം എന്റെ വീട്ടിന്റെ മുന്‍പിലൂടെ പോകുന്നതു ഞാന്‍ കണ്ടാല്‍ ആരോ പോകുന്നു വടിയും കുത്തി എന്നേ വിചാരിക്കു. എന്നാല്‍ ഒരാള്‍ ‘ഇതാണ് മഹാത്മാഗാന്ധി’ എന്നു പറഞ്ഞാല്‍ എനിക്കു പ്രത്യഭിജ്ഞാനമുണ്ടാകും. ഞാന്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ കാലുകളില്‍ തൊട്ടു കണ്ണില്‍ വയ്ക്കും. ഈ പ്രത്യഭിജ്ഞാനത്തിനു പുറമേ അന്തര്‍വ്വീക്ഷണവുംകൂടി ഉണ്ടായാല്‍ കലയായി. സാഹിത്യമായി. ശ്രീ. എന്‍.പ്രഭാകരന്‍ കലാകൗമുദിയിലെഴുതിയ “കാളപ്പാറ” എന്ന ചെറുകഥ വായിക്കുക. ആ പാറയെസ്സംബന്ധിച്ച “മിത്തി” നെ ചാരുതയോടെ ചിത്രീകരിച്ചു മനുഷ്യസ്വഭാവം മുഴുവന്‍ കഥാകാരന്‍ സ്ഫുടീകരിക്കുന്നു. ആഖ്യാനപാടവവും സറ്റയറും രചനയ്ക്കു തിളക്കം നല്കുന്നു.

കെ.വി. രാമകൃഷ്ണന്‍

ദാന്തെയുടെ ‘ഡിവൈന്‍ കോമഡി’യില്‍ ഒരിടത്തു മൃഗത്തെ വസ്ത്രംകൊണ്ടു പുതപ്പിച്ചാല്‍ അതിന് ആശങ്കയും ക്ഷോഭവുമുണ്ടാകുമെന്നു പറഞ്ഞിട്ടുണ്ട്. പുതപ്പിന്റെ ചലനംകൊള്ളുന്ന ചുളിവുകളിലൂടെ ആ ആശങ്കയും ക്ഷോഭവും നമുക്കു കാണാറാവും. (Paradise - Canto XXVI-97) വിഭജനംകൊണ്ട് ഇളകിമറിഞ്ഞ ഇന്ത്യയെ സോഷലിസത്തിന്റെ പുതപ്പുകൊണ്ടു നെഹ്റു മൂടി. എങ്കിലും അതിന്റെ ചുളിവുകളുടെയും മടക്കുകളുടെയും ചലനങ്ങളിലൂടെ രാജ്യത്തിന്റെ ആശങ്കാദി വികാരങ്ങള്‍ ജനത കണ്ടു. ഇന്ദിരാഗാന്ധി കുറെക്കാലത്തേക്ക് ആ പുതപ്പെടുത്തു മാറ്റിയപ്പോള്‍ രാജ്യത്തിന്റെ പിടച്ചില്‍ ആളുകള്‍ നേരിട്ടു കണ്ടു. പിന്നീടു രാജീവ് ഗാന്ധി ടെക്നിക്കല്‍ സംസ്കാരത്തിന്റെ പുതപ്പെടുത്ത് രാജ്യത്തെ മൂടി. ആ സന്ദര്‍ഭത്തിലും ജനത കണ്ടു രാഷ്ട്രത്തിന്റെ ആശങ്കയും ക്ഷോഭവും. ഇപ്പോള്‍ പുതപ്പേയില്ല. രാജ്യം പിടഞ്ഞുപിടഞ്ഞു മരണത്തോട് അടുക്കുന്നു. ഇത് സ്വീകരണീയമായ ജീവിക്കലാണെന്ന്, ആദരണീയമായ പുരോഗമനമാണെന്നു ചിലര്‍ പറയുന്നു. വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ഈ ദുര്‍ദ്ദശ കണ്ടു ദുഃഖിക്കുന്ന കവിയെയാണ് ഞാന്‍ ശ്രീ. കെ.വി. രാമകൃഷ്ണന്റെ “ഇരുണ്ട ചോര” എന്ന കാവ്യത്തില്‍ കണ്ടത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്).

“ഇവിടെബ്‌ഭൂഗോളത്തില്‍ കുഞ്ഞിക്കൈ വിരല്‍ചൂൻടു-
ന്നിടമിന്ത്യയല്ലൊരു കൂരിരുള്‍ പരപ്പല്ലോ…

ഇപ്പൊഴും ചുടുചോരയുതിരുന്നല്ലോ നെഞ്ചില്‍ പ്പൊട്ടിച്ചിന്നിയ മൂന്നു വെടിയുണ്ടയില്‍ നിന്നും” എന്നു കവി കാവ്യം അവസാനിപ്പിക്കുമ്പോള്‍ അതിനു ശക്തിയും ലഭിക്കുന്നു. ഗാന്ധിജിയുടെ മാറിടത്തില്‍ തറച്ച വെടിയുണ്ടകള്‍ നമ്മുടെ മാറിടത്തില്‍ വന്നു തറയ്ക്കുന്നുവെന്നു തോന്നുന്നു.

ഒരു ചിത്രംകൂടി

ജീവിതത്തെക്കുറിച്ചു രജനീഷ് നിര്‍വഹിച്ച നിരീക്ഷണങ്ങള്‍ സത്യാത്മകങ്ങളും രസാവഹങ്ങളുമാണ്. ദൈനംദിന സംഭവങ്ങളും കൃത്യങ്ങളും വൈരസ്യമുളവാക്കുന്നു. അതേ ഭാര്യ, അതേ വീട്, അതേ ജോലി, അതേ ഞാന്‍, അതേ സന്താനങ്ങള്‍. സഹനശക്തിക്ക് അതിരുണ്ട്. അതിനാല്‍ എല്ലാം അസഹനീയങ്ങളാവുന്നു. ഒരേ ചലച്ചിത്രം പിന്നെയും പിന്നെയും കാണുന്നതുപോലെയാണത്. അല്ലെങ്കില്‍ സിനിമാശാലയ്ക്കകത്ത് ഇരിക്കുകയും ചലച്ചിത്രം കാണാതിരിക്കുകയും വേണം. [ഇതാണു ഞാന്‍ ചെയ്യാറ്] ദാമ്പത്യജീവിതത്തിലും ഇതു തന്നെ സംഭവിക്കുന്നുവെന്നു രജനീഷ് പറയുന്നു. ഭര്‍ത്താവ് ഭാര്യയെ നോക്കുന്നില്ല. അവള്‍ അടുത്തുകൂടെ നടക്കുന്നുണ്ട്. പക്ഷേ അയാള്‍ അവളെ കാണുന്നില്ല. ഭാര്യ ഭര്‍ത്താവിനെ ‘കാണുന്നത്’ നിറുത്തുന്നു. എത്രയോ കാലമായി അയാളും അവളും ഒരുമിച്ച് ഒരു വീട്ടില്‍ത്തന്നെ താമസിക്കുകയാണ്. എന്നാല്‍ ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കാണുന്നില്ല. രജനീഷിന്റെ ചിന്ത ഇവിടെ തീരുന്നു. ഇനിയുള്ളത് എന്റെ വിചാരങ്ങള്‍. ജീവിതത്തിന്റെ വൈരസ്യം ഇങ്ങനെ ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍ യൗവനത്തില്‍ മര്യാദ പാലിച്ചവന്‍ മര്യാദകെട്ടവനായി മാറുന്നു. ചെറുപ്പകാലത്ത് ആരെയും സഹായിച്ചിരുന്ന വലിയ ഉദ്യോഗസ്ഥന്മാര്‍ പരുക്കന്‍സ്വഭാവമുള്ളവരായി മാറുന്നു. ‘അയാളോ, ഇപ്പോള്‍ ആരെയും സഹായിക്കുന്നില്ലെന്നു മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്നു’ എന്ന് ഒരു ഉദ്യോഗസ്ഥനെക്കുറിച്ചു ഒരാള്‍ എന്നോടു പറഞ്ഞു. യൗവനകാലത്ത് മറ്റുള്ളവരെ അതിരുവിട്ടും സഹായിച്ചിരുന്ന അദ്ദേഹം ഇക്കാലത്ത് അന്യരെ ഉപദ്രവിക്കുന്നുണ്ടെങ്കില്‍ അതിനു കുറ്റം പറയേണ്ടത് അദ്ദേഹത്തെയല്ല. ജീവിതവൈരസ്യത്തെയാണ്.

ബന്ധു മരിച്ചാല്‍ അയാളെ ആശ്രയിച്ച് ആഹാരം കഴിച്ചിരുന്നവര്‍ ഉടനെ ഉണ്ടാകുന്ന പട്ടിണിയെ ഓര്‍മ്മിച്ചു നിലവിളിക്കും. പാരതന്ത്ര്യംകൂടാതെ കഴിയുന്നവരുടെ കണ്ണീര്‍ ചീങ്കണ്ണിക്കണ്ണീരായിരിക്കും. ശവം എടുത്തുകൊണ്ടുപോകുമ്പോള്‍ ഒരു കൂട്ട നിലവിളി. ഒരാഴ്ച കഴിയേണ്ടതില്ല, സിനിമയില്‍ മമ്മൂട്ടിയുണ്ട്, മോഹന്‍ലാലുണ്ട്. നമുക്കു പോകാം എന്നു പറയും. പോകുകയും ചെയ്യും. വിരളമായി ചിലര്‍ക്കു വല്ലപ്പോഴും മനസ്സാക്ഷിക്കുത്തുണ്ടാകും. അതിന്റെ താല്‍കാലികവേദനയില്‍ നിന്നു രക്ഷനേടാനായി അവര്‍ വീടുവച്ച് അച്ഛന്റെയോ അമ്മയുടെയോ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേരിടുന്നു. അല്ലെങ്കില്‍ എണ്ണച്ചായചിത്രം വരപ്പിച്ച് ചുവരില്‍ തൂക്കുന്നു. അതില്‍ വര്‍ഷത്തിലൊരിക്കല്‍ പിച്ചിപ്പൂമാലയിടുന്നു. സര്‍വത്ര കാപട്യം. മരിച്ചവനെ അവഗണിച്ച് അവനെ ചിത്രത്തിലൊതുക്കുന്ന ഈ കാപട്യത്തെയാണ് ശ്രീ. പി.എന്‍. വിജയന്‍ ‘ഒരു ചിത്രം പൂര്‍ത്തിയാവുന്നു’ എന്ന കഥയുടെ സ്പഷ്ടമാക്കിത്തരുന്നത്. മനുഷ്യന്റെ തിന്മയിലേക്കു കൈചൂണ്ടുന്ന ഇക്കഥയ്ക്കു കലാത്മകതയുണ്ട്.

* * *

നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ എസ്. ചന്ദ്രശേഖര്‍ തന്റെ ഏഴു പ്രഭാഷണങ്ങളെ “Truth and Beauty - Aesthetics and Motivations” എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട് (Indian Penguin Book, Rs. 85.50). അതില്‍ വിഖ്യാതനായ കലാനിരൂപകന്‍ Roger Fry-യുടെ ഒരഭിപ്രായം എടുത്തു ചേര്‍ത്തിരിക്കുന്നു. ‘കറകളഞ്ഞ’ സംവേദത്തിന്റെ വെറും പ്രാഥമികാവസ്ഥതൊട്ട് ‘‍‍‍ഡിസൈന്‍’ നിര്‍മ്മിക്കാനുള്ള സമുന്നതപ്രവര്‍ത്തനങ്ങള്‍വരെയുള്ള കലാപ്രവര്‍ത്തനത്തിന്റെ ഓരോ ബിന്ദുവിലും ആഹ്ളാദ ജനകത്വം അടങ്ങിയിരിക്കുന്നു. ആ ആഹ്ളാദമില്ലാതെ കലാപ്രവര്‍ത്തനത്തിനു മുന്നോട്ടുപോകാന്‍ വയ്യ. ചിന്തയുടെ അനിവാര്യസ്വഭാവത്തിലുമുണ്ട് ഈ ആഹ്ളാദദായകത്വം. ശാസ്ത്രീയസീദ്ധാന്തങ്ങള്‍ക്കു രൂപംകൊടുക്കുന്നതിനു പ്രേരകമായി വര്‍ത്തിക്കുന്ന ‘ശക്തിവിശേഷം ഈ ആഹ്ളാദത്തിനുവേണ്ടിയുള്ള അഭിലാഷമാണ്.

ചന്ദ്രശേഖറെവിടെ. ഫ്രൈ എവിടെ? നിസ്സാരനായ ഞാനെവിടെ? എങ്കിലും ചോദിക്കുകയാണ് വിനയത്തോടെ. E = mc2 എന്ന സമവാക്യമെഴുതിയപ്പോള്‍ ശാസ്ത്രജ്ഞന് പ്രേരകമായിബ്ഭവിച്ച ആഹ്ളാദാനുഭീതിക്കും “ഹാംലിറ്റ്” എഴുതിയപ്പോള്‍ നാടകകര്‍ത്താവിനു പ്രേരകമായിബ്ഭവിച്ച ആഹ്ളാദാനുഭൂതിക്കും സാദൃശ്യമുണ്ടോ? “ഹാംലിറ്റ്” വായിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിതന്നെയാണോ E = mc2 എന്ന സമവാക്യം കാണുമ്പോഴുണ്ടാവുക?