close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 11 09


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 11 09
ലക്കം 582
മുൻലക്കം 1986 11 02
പിൻലക്കം 1986 11 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

1981-ലെ നോബൽ സമ്മാനം നേടിയ ഇലിയസ് കനേററിയുടെ അത്യുജ്ജ്വലങ്ങളായ രണ്ടുകൃതികളാണ് ഔട്ടോ തെഫെയും (Auto da Fe), ക്രൗഡ്‌സ് ആൻഡ് പവറും (Crowds and Power). ഇതിൽ ആദ്യത്തേത് നോവൽ. രണ്ടാമത്തേതു സമൂഹശാസ്ത്രം.വ്യാപകമായ അർത്ഥത്തിൽ അതു മാനവ വിജ്ഞാനമാണെന്നും പറയാം. കനേററിയുടെ മറ്റൊരു പുസ്തകം — The Human Province — അടുത്തകാലത്താണ് എനിക്കു കിട്ടിയത്. ചിന്തയുടെ ഔജ്ജ്വല്യം കൊണ്ട്, ജീവിത നിരീക്ഷണത്തിന്റെ സത്യാത്മകതകൊണ്ട് ഇതു നമ്മളെ വല്ലാതെ ആകർഷിക്കും. ഒരു വലിയ മനസ്സിന്റെ അഗാധതയും സുസൂക്ഷമതയും സങ്കല്‌പാതീതങ്ങളായ അനുപാതങ്ങളിലേക്ക് ഉയരുന്നതെങ്ങനെയെന്നു നമ്മൾ ഗ്രഹിക്കും. അപ്പോൾ ക്ഷുദ്രമായ നമ്മുടെ ജീവിതം സമ്പന്നമാകും. എന്റെ വായനക്കാർ ഇത്തരം ഗ്രന്ഥങ്ങൾ വായിക്കണമെന്നു ഞാൻ വിനയത്തോടെ നിർദ്ദേശിക്കുന്നു.

സത്യത്തെക്കുറിച്ചു കനേററി പറയുന്നതു കേട്ടാലും: “സത്യം സാങ്കല്‌പികമായിട്ടാണെങ്കിൽ കൊടുങ്കാറ്റാണ്. അതു അന്തരീക്ഷത്തെ സ്വച്ഛമാക്കിക്കഴിഞ്ഞാൽ കടന്നുപോകുന്നു. സത്യം മിന്നൽപ്പിണരിനെപ്പോലെ ആഘാതമേല്‌പിക്കണം. അല്ലെങ്കിൽ അതികൊണ്ടു ഫലമില്ല. ആരു സത്യമെന്തെന്ന് അറിഞ്ഞാലും അതിനെ പേടിച്ചേ തീരൂ. മനുഷ്യന്റെ ശ്വാനൻ ആകാൻ പാടില്ല സത്യമൊരിക്കലും. അതിനുവേണ്ടി ചൂളമടിക്കുന്നവനു ഹാ കഷ്ടം!.”

ഇനി വേറൊരു നിരീക്ഷണം: “ചില കാര്യങ്ങൾ പറയുന്നതു വീണ്ടും ഒരിക്കലും പറയാതിരിക്കാൻ വേണ്ടിയാണ്. നിർഭയങ്ങളായ ചിന്തകൾ ഇവ ഉൾക്കൊള്ളുന്നു. ആവർത്തിക്കുമ്പോൾ അവയുടെ നിർഭയാവസ്ഥ മരിക്കുന്നു. ഒരു സ്ഥലത്തു തന്നെ മിന്നൽ രണ്ടുതവണ ആഘാതമേല്‌പിക്കരുത്. പിരിമുറുക്കമാണ് അതിന്റെ അനുഗ്രഹം. പ്രകാശം ക്ഷണികവും. തീ പിടിച്ചാൽ അതു പ്രകാശം പ്രസരിപ്പിക്കലല്ല.

മറ്റൊരുനിരീക്ഷണം: “വായിക്കതെ ഇരുപതുകൊല്ലക്കാലമായി കൊണ്ടുനടക്കുന്ന പുസ്തകങ്ങുളുണ്ട്. അവ കൈവശമുണ്ട്. പട്ടണം തോറും അവയെ കൊണ്ടു നടക്കുന്നു. ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തിലേക്കും. സ്ഥലമില്ലെങ്കിലും ശ്രദ്ധിച്ചുകെട്ടിപ്പൊതിഞ്ഞുകൊണ്ട്. ചിലപ്പോൾ പെട്ടിയിൽനിന്ന് എടുക്കുന്ന വേളയിൽ അവയുടെ പുറങ്ങൾ മറിച്ചുനോക്കിയെന്നും വരാം. എങ്കിലും ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ ശ്രദ്ധിക്കും. എന്നിട്ട് ഇരുപതുവർഷങ്ങൾ കഴിയുമ്പോൾ ഒരു നിമിഷം സമാഗതമാകും. വല്ലാത്ത പ്രേരണയുടെ ഫലമെന്നോണം ഒറ്റയിരിപ്പിൽ അത് ആദ്യംതൊട്ട് അവസാനം വരെയും വായിച്ചുതീർക്കും. അതൊരു വെളിപാടുപോലെയാകും… ദീർഘകാലം അതു നമ്മോടൊരുമിച്ച് ഉണ്ടായേ തീരൂ. സഞ്ചരിക്കണം അത്. സ്ഥലത്തു നിറഞ്ഞിരിക്കണം. ഭാരമായി വർത്തിക്കണം. ഇപ്പോൾ യാത്രയുടെ ലക്ഷ്യത്തിലെത്തിയതുകൊണ്ട് അത് അതിനെത്തന്നെ പ്രകാശിപ്പിക്കുന്നു. കഴിഞ്ഞുപോയ ഇരുപതു സംവത്സരങ്ങളിൽ അതു വെളിച്ചം വീശുന്നു…”

ഒരു നിരീക്ഷണം കൂടിയാവട്ടെ: “ബ്‌ളേക്കിന്റെ കാവ്യം വായിച്ചതിനുശേഷമേ കടുവ എന്താണെന്നു ഞാൻ അറിഞ്ഞുള്ളൂ.”

ആർനോൾഡ് ടോയിൻ ബി, ഐറിസ് മർഡോക്ക്ക, സ്റ്റീഫൻ സ്‌പെൻഡർ ഇവരുടെ മുക്തകണ്ഠമായ പ്രശംസ നേടിയതാണ് ഈ ഗ്രന്ഥം. [Elia Canetti is]one of our great imaginers and solitary men of genius എന്നു ഐറിസ് മർഡോക്ക് വേറൊരു സന്ദർഭത്തിൽ പറഞ്ഞതു ശരിയാണെന്ന് ഈ ഗ്രന്ഥം വായിച്ചാൽ മനസ്സിലാക്കാം (The Human Province, Elias Cenetti, Picador, £30.95).

പാദം — കവിതയിൽ

സരസപല്ലവ കോമളമായനിൻ
ചരണതാരിനു പങ്കജലോചനേ
പരുപരുത്തമരത്തിലണയ്ക്കയാൽ
പറകചെറ്റൊരുവേദന പറ്റിയോ?

പണ്ടൊരു വിഡ്ഢിരാജാവ് പ്രേമഭാജനത്തോട് ഇങ്ങനെ ചോദിച്ചതായി എന്റെ ഓർമ്മ പറയുന്നു. സുന്ദരികളുടെ പാദസ്പർശത്താൽ മരം പൂകുമത്രേ. അവൾ കാലുകൊണ്ടു മരത്തെ ചവിട്ടിയപ്പോൾ കാലിനുവേദനയുണ്ടായോ എന്നാൺ കാമാന്ധനായ രാജാവിന്റെ ചോദ്യം.കുറ്റം പറയാനില്ല. കാമത്തിൽപ്പെട്ടവനു കാമുകിയുടെ ശരീരത്തിന്റെ ഏതുഭാഗവും ആകർഷകമാണു്. അവിടെയുണ്ടാകുന്ന ഒരു പോറല്പോലും അയാൾക്കു സഹിക്കാനാവില്ല. സഹികാനാവുന്നത് അവൾ അയാളെ ചവിട്ടുമ്പോൾ മാത്രമാണ്. പണ്ടും പെണ്ണുങ്ങളുടെ ചവിട്ടുകിട്ടുന്നതു പുരുഷന്മാർക്കു സുഖമായിരുന്നു. പാർവ്വതിയുടെ ചവിട്ടുകിട്ടുന്നത് പരമശിവനും സുഖമത്രേ. എങ്കിലും അങ്ങനെ ചവിട്ടേണ്ടതില്ല എന്നാൺ പാർവ്വതിയെ ഒരുക്കുന്ന സഖിയുടെ ഉപദേശം.

ചരണനത്ശിവശിരസിശശികലയിലെന്നിയേ
ശാതോദരീ, നീ ചവിട്ടരുതെങ്ങുമേ.’
ലളിതമിതി പറയുമൊരു സഖിയെ മുഖരേ! എന്നു
ലീലാരവിന്ദേന താഡിച്ചുചണ്ഡിക”
(ഗിരിജാകല്യാണം)

കാല്‌ക്കൽ നമസ്ക്കരിക്കുന്ന ശിവന്റെ തലയിൽ ശഴികലയിലൊഴിച്ചു ഒരിടത്തും ദേവി ചവിട്ടരുതെന്നാണ് സഖിയുടെ നിർദ്ദേശം. ഇങ്ങനെ പറഞ്ഞ സഖിയെ വായാടിയെന്നു വിളിച്ചു പാർവ്വതി കളിത്താമരകൊണ്ടു അടിച്ചു. നല്ല കവിത വായിക്കുന്ന സുഖം എനിക്ക്. എങ്കിലും പാർവ്വതിയുടെ ചവിട്ടുകിട്ടിയാൽ ശിവനുണ്ടാകുന്ന സുഖത്തേക്കാൾ കൂടുതലല്ല അത്.

കാലിൻ വലിയ പ്രാധാന്യമാണ് ഏതു രാജ്യത്തും. ബൈബിളിലും വേദത്തിലും കാലിനെ പരാമർശിക്കാതിരുന്നിട്ടില്ല. His legs are as pillars of marble എന്നു ബൈബിളിൽ വായിച്ചതായി ഓർമ്മയുണ്ട്. അഥർവ വേദത്തിലെ ഒരു സൂക്തത്തിൽ.

“നിന്റെ കാലുകളിൽ നിന്ന്—ഞാൻ രോഗത്തെ ബഹിഷ്കരിച്ചു” എന്നു കാണുന്നതായി റെയ്മുണ്ടോ പണിക്കർ പറയുന്നു (അദ്ദേഹത്തിന്റെ The Vedic Experience എന്ന ഗ്രന്ഥത്തിൽ. ഹിന്ദു മതത്തിൽ താല്‌പര്യമുള്ള ഏതൊരാളും ക്രിസ്ത്യാനിയായ പണിക്കരെഴുതിയ ഈ ഗ്രന്ഥം വായിക്കേണ്ടതാണ്. അത്രയ്ക്കു മഹനീയമാണതു. Vedic Experience, Matramanjari, Pages 937, Raimunto Panikkar, All India Books, Pondichery.)

ഇനി കാലിനു കേടുവന്നാലോ? അതും നല്ലതാണുപോലും. മുടന്തുള്ളവർക്കു ലൈംഗിക ശക്തികൂടുമെന്നാണ് അഭിപ്രായം. മുടന്തിന്റെ ഫലമായി ഊരുസന്ധിയിലെ ഉപപേശികൾക്കു ശക്തി വർദ്ധിക്കും. അതിനാലാൺ ലൈംഗികമായ ശക്തിക്കു വർദ്ധന ഉണ്ടാവുക. ചൈനയിൽ പെൺകുട്ടികളുടെ കാലുകൾ കുട്ടിക്കാലത്തേ ഷൂസിനകത്താക്കുമല്ലോ. അതു vaginal reflex-ന്റെ ശക്തി വർദ്ധിപ്പിക്കുമത്രേ. ഇതൊക്കെ ശരിയാണോ എന്നറിഞ്ഞുകൂടാ. വിവരമുള്ളവർ പറഞ്ഞുവച്ചതാണെന്നുമാത്രം മനസ്സിലാക്കിയാൽ മതി നമ്മൾ.

സ്വന്തം കാലും പ്രേമഭാജനത്തിന്റെ കാലും നല്ല കവികൾക്കു പ്രചോദനമരുളിയിട്ടുണ്ടു. ലാറ്റിനമേരിക്കൻ കവി പാവ്‌ലോ നെറൂത സ്വന്തം കാലിനെ പ്രകീർത്തിക്കുന്നതു കേൾക്കുക:

Like stems of feminine adorable things
from the knees they rise, cylindrical and thick,
with a disturbed and compact material of existence;
like brutal, thick goddess arms,
like trees monstrously dressed as human beings,
like fatal, immense lips thirsty and tranquil
they are; there, the best part of my body:
(Ritual of My Legs)

നെറൂത കാമുകിയുടെ കാലുകളെ വാഴ്ത്തുന്നതു ഇതിനെക്കാൾ ഭംഗിയോടുകൂടിയാണു. അതുംകൂടി കേൾക്കാൻ കൗതുകമില്ലേ?

Your waist and your breasts
the doubled purple
of your nipples,
the sockets of your eyes
that have just flown away,
your wide fruit mouth,
your red tresses,
my little tower.
But I love your feet
only because they walked
upon the earth and upon
the wind and upon the waters
until they founc me.
(Your Feet)

കേരളത്തിലെ കവി പാദങ്ങളെ കാണുന്നതു ഒരു ചെരുപ്പുകുത്തിയുടെ കണ്ണിൽക്കൂടെയാണു.

ഓരോ ദിവസവും കാണ്മൂ
പാദങ്ങൾ പലമാതിരി
അണിഞ്ഞിട്ടും പാദസരം
മൈലാഞ്ചിച്ചോപ്പണിഞ്ഞുമേ
പാദുകത്തിന്നറ്റുപോയ
വാറുതുന്നിക്കൊടുക്കുവാൻ
മുന്നിലേക്കൂരിവയ്ക്കുമ്പോൾ
പൊന്നൊളിക്കാലു കണ്ടു ഞാൻ

ഈ പൊന്നൊളിക്കാലു കണ്ട കവി മാലിന്യമാർന്ന കാലുകളും കാണുന്നു. അങ്ങനെ ജീവിതത്തിന്റെ സൗന്ദര്യവും വൈരൂപ്യവും ആവിഷ്കരിക്കപ്പെടുന്നു. ഒടുവിൽ ജീവിതബോധവും ഉളവാകുന്നു. നമ്മളറിയുന്ന മനുഷ്യജീവിതത്തിനു കടകവിരുദ്ധമായി ടെക്നിക് നിവേശിപ്പിച്ചു അയഥാർത്ഥമായ ‘കാവ്യം’ പടച്ചുവിടുന്ന ഇക്കാലത്തു ഇതുപോലുള്ള കാവ്യങ്ങൾ വായിക്കുന്നതു എത്ര നന്ന്! (കവി, ടി. കെ. ജയന്തൻ, വാരിക കുങ്കുമം).

* * *

“‘ഞാൻ’, ‘ഞാൻ’ എന്നു നിങ്ങൾ എപ്പോഴും എഴുതുന്നതെന്തിനു? നിങ്ങൾക്കുണ്ടായ അനുഭവം തന്നെ അന്യനുണ്ടായ അനുഭവമായിക്കരുതി വിവരിച്ചാലെന്തു?” ഇതു പലരും ചോദിക്കാറുള്ള ചോദ്യമാണു. ‘ഞാൻ’ എന്നു പറയുമ്പോൾ ജനിക്കാവുന്ന അഹന്ത ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നു അറിയാൻ പാടില്ലാതില്ല. പക്ഷേ, ഈ പംക്തിക്കു എന്തെങ്കിലും വിജയം സിദ്ധിച്ചിട്ടുണ്ടെങ്കിൽ അതിനു ഹേതു ഇതിലെ വ്യക്തിനിഷ്ഠത്വം തന്നെയാണു. ‘അവന്റെ അച്ഛൻ മരിച്ചു’ എന്നു വായിക്കുമ്പോൾ വായനക്കാരനുണ്ടാവുന്ന സഹാനുഭൂതി ഒരുവിധം; ‘എന്റെ അച്ഛൻ മരിച്ചു’ എന്നു വായിക്കുമ്പോൾ ഉളവാകുന്ന സഹാനുഭൂതി വേറൊരുവിധം. അനുവാചകൻ ‘അവനിൽ താദാത്മ്യം പ്രാപിക്കുന്നതിനെക്കാൾ എളുപ്പത്തിൽ ‘ഞാനി’ൽ താദാത്മ്യം പ്രാപിക്കും. ഹതഭാഗ്യൻ ഞാൻ പക്ഷേ, കണ്ടതെല്ലാം പരിതാപാച്ഛാദിതമായിരുന്നു” എന്ന വരിയിലെ ‘ഞാൻ’ മാറ്റി വൃത്തത്തിനു യോജിച്ചമട്ടിൽ ‘അവൻ’ എന്നു വയ്ക്കു. കവിത അന്തരംഗസ്പർശിയാവുകയില്ല.

അസംഗതലോകം

കാമത്തിൽ പെട്ടവനു കാമുകിയുടെ ശരീരത്തിന്റെ ഏതുഭാഗവും ആകർഷകമാണു. അവിടെയുണ്ടാകുന്ന ഒരു പോറൽപോലും അയാൾക്കു സഹിക്കാനാവില്ല. സഹിക്കാവുന്നതു അവൾ അയാളെ ചവിട്ടുമ്പോൾ മാത്രമാണു.

കഥയെഴുത്തുകാർ നമ്മളെ ഹൃദയസമ്പന്നതയിലേക്കു നയിച്ചില്ലെങ്കിലും വേണ്ടില്ല. മനസ്സിനെ പരിപൂർണ്ണമായും പൊള്ളയാക്കരുതു. രോഗാണുക്കളെ കടത്തിവിടരുതു.

ഭൂമിയെ ഈശ്വരന്റെ പാപമായി ചിലർ കാണുന്നു. ആ കാഴ്ച തെറ്റ്. ഈശ്വരന്റെ പാപം യഥാർത്ഥത്തിൽ മലയാള ഭാഷയിൽ രൂപം കൊള്ളുന്ന ചെറുകഥകളാണു.

പഴയ ആസ്ട്രോ — ഹംഗറിയൻ സാമ്രാജ്യത്തിലെ പേരുകേട്ട കഥാകാരനായിരുന്നു ഗാസോചാത്ത് (Ge’za Csa’th 1987–1919 e എന്നതിന്റെ മുകളിൽ കുത്തിട്ടു എഴുതിയാൽ ഉച്ചാരണം ആ ‘എന്നു’. a എന്നതിന്റെ മുകളിൽ കുത്തിടുമ്പോൾ ‘ആ’ എന്നും. മുകളിൽ കുത്തിടാത്ത ‘a’ എന്നതിന്റെ ഉച്ചാരണം ‘ഒ’ എന്നാണു. അങ്ങനെ ഗാസോചാത്ത് എന്നു ഉച്ചാരണം). ഫിലിപ്പ് റോത്ത് ജനറൽ എഡിറ്ററായി പെൻഗ്വിൻ ബുക്ക്സ് പ്രസാധനം ചെയ്യുന്ന Writers from the Other Europe എന്ന ഗ്രന്ഥപരമ്പരയിലെ ഒരു പുസ്തകമാണു ഗാസോചാത്തിന്റെ Opium and Other Stories. അദ്ദേഹത്തിന്റെ ആ പുസ്തകം മാത്രമേ ഞാൻ വായിച്ചിട്ടുള്ളു. റൊമാന്റിസിസത്തെ അവാസ്തവികതയുമായി കൂട്ടിയിണക്കി സാന്ദ്രതവരുത്തിയിട്ടുള്ള ഒരു പ്രസ്ഥാനത്തിലാണു ഈ കഥാകാരൻ അഭിരമിക്കുന്നതു. ക്ലാസിസ്സത്തിന്റെയോ, റിയലിസത്തിന്റെയോ ലാളിത്യം ചാത്തിനു ഇഷ്ടമല്ല. ഫാന്റസിയിലാണു അദ്ദേഹത്തിനു കൗതുകം. സത്യം സത്യമായി പ്രതിപാദിക്കാനല്ല അതിനു അസാധാരണത്വം വരുത്താനാണു അദ്ദേഹത്തിന്റെ യത്നം. ഈ കഥാസമാഹാരത്തിലെ എല്ലാ കഥകളും ഇവിടെപ്പറഞ്ഞതിനു നിർദ്ദേശകങ്ങളത്രേ.

അത്രകണ്ടു നമ്മൾ അറിയാത്ത സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിത്തരാൻ വേണ്ടിയാവണം വി. പി. ശിവകുമാർ ചാത്തിന്റെ രണ്ടു കഥകൾ ഭാഷാന്തരീകരണം ചെയ്തു പ്രസിദ്ധപ്പെടുത്തിയത് (കലാകൗമുദി). കഥകളുടെ സാമാന്യസ്വഭാവം വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് തർജജമയെക്കുറിച്ചു മാത്രമേ എഴുതാനുള്ളൂ. ശിവകുമാറിനു പകരം ഞാനാണ് ഇക്കഥക: തർജ്ജമ ചെയ്തതെന്ന് വിചാരിക്കൂ. ശിവകുമാറിന്റെ ഭാഷാന്തരീകരണത്തേക്കൾ വിലക്ഷണമായിരിക്കും എന്റെ ഭാഷാന്തരീകരണം. ഈ ലേഖനത്തിന്റെ തുടക്കത്തിൽ കനേററിയുടെ ചില ഖണ്ഡികകൾ ഞാൻ തർജ്ജമ ചെയ്ത് ചേർത്തിട്ടുണ്ടല്ലോ. അവ ന്യൂനതകൾ നിറഞ്ഞവയാണെന്ന് ശിവകുമാറിന് എളുപ്പത്തിൽ ചൂണ്ടിക്കാണിക്കാം. ഇതു ഭാഷാന്തരീകരണത്തിന്റെ സ്വഭാവമാണ്. അതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ശിവകുമാറിന്റെ തർജ്ജമ വിരൂപമാണ്. അത് ഇംഗ്ലീഷ് തർജ്ജമയോട് ഒട്ടും “നീതി പുലർത്തുന്നില്ല.”

ഇംഗ്ലീഷ് തർജ്ജമ
The hall was infact already humming with students
ശിവകുമാറിന്റെ തർജ്ജമ
നിറഞ്ഞ ഹാളിൽ നിന്ന് ശബ്ദമുയരുന്നു.
മൂല്യവാക്യത്തോട് അടുത്ത തർജ്ജമ
ആ മുറി യഥാർത്ഥത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് മുരളുകയായിരുന്നു. [irreality — യാണ് കഥയുടെ സവിശേഷത. ശിവകുമാറിന്റെ തർജ്ജമ അതില്ലാതെയാക്കുന്നു]
ഇംഗ്ലീഷ് തർജ്ജമ
and was extremely myopic
ശിവകുമറിന്റെ തർജ്ജമ
കാഴ്ച ശരിയല്ല.
മൂല്യവാക്യത്തോട് അടുത്ത തർജ്ജമ
ഹ്രസ്വദർശിത വളരെക്കൂടുതലായിരുന്നു.[സന്ദർശകന്റെ ആ നേത്രരോഗം കഥയുടെ അവാസ്തവികാംശം വർദ്ധിപ്പിക്കുന്നു. ശിവകുമാർ അതില്ലാതെയാക്കി.]

ഇങ്ങനെ പല വാക്യങ്ങൾ എടുത്തു കാണിക്കാം. എങ്കിലും ഞാനതിനു തുനിയുന്നില്ല. ഇംഗ്ലീഷ് തർജ്ജമ വായിക്കുമ്പോൾ ഒരസംഗതലോകത്ത് നമ്മൾ ചെന്നെത്തുന്നു. ആ വിചിത്രലോകം സാധാരണമായ ലോകമായിത്തീരുന്നു, മലയാളം തർജ്ജമയിൽ.കഥയുടെ അന്തരീക്ഷം ഭാഷാന്തരീകരണത്തിൽ മാറിയാൽ പിന്നെ, അതെന്തു ഭഷാന്തരീകരണം?

തിരുനെല്ലൂർ കരുണാകരൻ

ബാർബറ കാർട്‌ലൻഡ് മുനൂറ്റിയമ്പതിലധികം റൊമാൻസുകൾ എഴുതിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അവരുടെ ഒരു പുസ്തകം പോലും ഞാൻ വായിച്ചിട്ടില്ല. എന്നാൽ പ്രേമത്തെക്കുറിച്ച് അവരെഴുതിയത് പലതും വയിക്കാൻ കഴിഞ്ഞു, എനിക്ക്. അവർ ഒരിടത്തു പറഞ്ഞു: “പുരുഷന് സ്ത്രീയെ സംബന്ധിച്ചും സ്ത്രീക്ക് പുരുഷനെ സംബന്ധിച്ചും ഉണ്ടാകുന്ന ആകർഷണം മാത്രമല്ല സ്നേഹമെന്നത്. അത് കൂടുതലും അടിസ്ഥാനപരമായ ഒന്നാണ്. ജീവനുള്ള ഏതിലൂടെയും പ്രവഹിക്കുന്ന ജീവിതത്തിന്റെ ശക്തിയാണത്. ഈ ശക്തി നമ്മുടെ ശരീരത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ ഈ ലോകത്തിന് അപ്പുറത്തുള്ള ലോകത്തെ ദർശിക്കാനുള്ള അന്തർദൃഷ്ടി അത് മനസ്സിന് നൽകുന്നു.” ഈ ആകർഷണത്തേയും അടിസ്ഥാനപരമായ വികാരത്തേയും ജീവിതത്തിന്റെ ശക്തിയേയും ഈ ലോകത്തിന് അപ്പുറത്തുള്ള ലോകത്തേയും തിരുനല്ലൂർ കരുണാകരൻ എത്ര മനോഹരമായി ആവിഷ്ക്കരിക്കുന്നു എന്നറിയണമെങ്കിൽ അദ്ദേഹം മാതൃഭൂൂമി ആഴ്ചപതിപ്പിൽ എഴുതിയ “ഒരുവർഷകാലസന്ധ്യയുടെ ഓർമ്മ” എന്ന കാവ്യം വായിക്കണം(വർഷാകാലസന്ധ്യ എന്നേ ഞാനെഴുതൂ).

എന്റെ പ്രിയപ്പെട്ട പെൺകിടാവപ്പോ
ളുമ്മറത്തു വിളക്കു‌വയ്ക്കുന്നു
എന്റെ നേർക്കാമിഴികൾ നീളുന്നു
ചന്തമേലുമക്കൈ വിറയ്ക്കുന്നു

എന്ന് ആകർഷണം

വർഷകാലത്തുമീമണൽ മുറ്റം
സ്വച്ഛനീലശരന്നിശാകാശം
തേൻ കണങ്ങൾ പോലോമലാൾ മിണ്ടി
സ്നേഹമത്രയും പൂക്കളോടാണോ?

എന്നിടത്ത് അടിസ്ഥാനപരമായി വികാരം.

എന്റെ കൈയിൽക്കുടുങ്ങിയോ നാട
നെണ്ണ തൻ മണംതാവുമക്കൂന്തൽ
പോവതും നോക്കി നിന്നിടുമെന്റെ
തോളിലോമൽക്കവിൾത്തടംതൊട്ടോ?

എന്നു ജീവിതത്തിന്റെ ശക്തിയുടെ പ്രകടനം. കാലം കഴിഞ്ഞു.

എന്തുചെയ്യണമെന്നറിയാത
ന്നെന്റെമേൽ മലരമ്പുകളെയ്തോൾ
കാലമേൽപ്പിച്ച ഭാരമാർന്നെന്റെ
നാലു കുട്ടികൾക്കമ്മയാണിപ്പോൾ

ആ അമ്മ ഇപ്പോൾ കമ്പിളി പുതച്ചാണിരിപ്പ്. എങ്കിലും

ശങ്കയെന്നി ഞാൻ കാണ്മതന്നത്തെ
പെൺകിടാവിനെത്തന്നെയാണല്ലോ

എന്ന് അന്തർദൃഷ്ടി കൊണ്ട് മറ്റൊരു ലോകത്തെ ദർശിക്കൽ. കാവ്യം ഇവിടെ നിറുത്തേണ്ടിയിരുന്നു. അതു ചെയ്യാതെ അദ്ദേഹം കസേരപ്പുറത്തു ചാടിക്കയറി നിന്നുകൊണ്ട് മുഷ്ടിചുരുട്ടി ഉദ്ബോധിപ്പിക്കുന്നു, കാവ്യത്തിലെ സാഹധർമ്മിണിയേയും നമ്മളേയും.

ഓടിയോടി മടുത്ത രക്തത്തിൻ
ചൂടിനിയും തുടരണമെങ്കിൽ
ഹാ സഖി ഹൃദയത്തിനെപ്പേർത്തും
സ്നേഹ തീവ്രതയാൽ പുതപ്പിക്കു

ഈ വൈലക്ഷണ്യം വന്നുപോയെങ്കിലും തിരുനെല്ലൂരിന്റെ കവിതയ്ക്ക് ലാളിത്യമുണ്ട്, ശക്തിയുണ്ട്.

* * *
ആരോ ചോദിക്കുന്നു
ഒരു വികാരത്തിനും ശാശ്വത സ്വഭാവമില്ലെന്നു നിങ്ങൾ പലതവണ എഴുതിയിട്ടില്ലേ? അതു ആർജ്ജവത്തോടുള്ള പ്രസ്താവന ആയിരുന്നെങ്കിൽ ദമ്പതീവിഷയകമയ സ്നേഹത്തെ വാഴ്ത്തുന്ന ഈ കാവ്യത്തെ നിങ്ങൾ പ്രശംസിച്ചതെങ്ങനെ?
എന്റെ ഉത്തരം
കവികൾ കള്ളത്തെ സത്യമെന്ന് തോന്നുന്ന മട്ടിൽ ആവിഷ്ക്കരിക്കുന്നവരാണ്.

ഈ ഉത്തരം നൽകിയിട്ട് ഞാൻ പസ്റ്റർനക്കിന്റെ ‘ഡോക്ടർ ഷിവാഗോ’ എന്ന നോവലിന്റെ കഥ ഏതാനും വാക്യങ്ങളിലാക്കി പറയുന്നു. ഷിവാഗോ വിവാഹിതനാണ്.അയാൾ ലോറയേയും സ്നേഹിക്കുന്നു. ഷിവാഗോ ഭാര്യയോടൊരുമിച്ച് മോസ്ക്കോയിൽ താമസിക്കുമ്പോഴാണ് രഷ്യൻ വിപ്ലവം ഉണ്ടായത്. അതോടെ അയാളുടെ ജീവിതം തകർന്നു. ആശുപത്രിയിൽ വച്ച് അയൾ നേഴ്സ് ലോറയെ പരിചയപ്പെട്ടു. പരിചയം പ്രേമത്തിലേക്കും ചെന്നു. വിപ്ലവം നടക്കുമ്പോൾ ഷിവാഗോ കുടുംബമുപേക്ഷിച്ച് ലോറയുമായി ജീവിക്കുന്നു. ഭാര്യയോട് കുറ്റസമ്മതം നടത്താൻ അയാൾ വീട്ടിലേക്ക് വന്നപ്പോൾ ഗറില്ലകൾ അയാളെ പിടിച്ചുകൊണ്ടു പോയി. അവരിൽ നിന്ന് രക്ഷപ്പെട്ട ഷിവാഗോ ഭാര്യയുടെ അടുത്തല്ല പോയത്. ലോറയെ കാണാനാണ്. ഈ സമയം കൊണ്ട് ഷിവഗോയുടേ ഭാര്യയും രണ്ട് കുട്ടികളും പാരീസിലേക്ക് നാടുകടത്തപ്പെട്ടു. ലോറയെ അറസ്റ്റ് ചെയ്യുമെന്നറിഞ്ഞ ഷിവാഗോ അവളെ മറ്റൊരിടത്തേയ്ക്കയച്ചു. അവൾ അയാളുടെ സന്താനത്തെ ഗർഭാശയത്തിൽ വഹിക്കുകയാണ്. അതു ഷിവാഗോ അറിയുന്നില്ല. മോസ്കോയിൽ തിരിച്ചെത്തിയ ഷിവാഗോ ഒരു ചെറുപ്പക്കാരിയെ ഭാര്യയായി സ്വീകരിച്ചു. തന്റെ ആദ്യത്തെ ഭാര്യയെ കാണാനാണ് അയാൾക്ക് കൊതി. പക്ഷേ ആ അഭിലാഷം സാഫല്യത്തിലെത്തുന്നതിന് മുൻപ് അയാൾ ഹൃദയസ്തംഭനത്താൽ മരിച്ചു. ഷിവാഗോയുടേ മൃതദേഹം സംസ്കരിക്കുമ്പോൾ ലോറ അവിടെ എത്തുന്നു. അവൾ പൊട്ടിക്കരയുന്നു. പിന്നീട് ലോറയെ ആരും കണ്ടിട്ടില്ല.

പസ്റ്റർനക്ക് സത്യം പറയുന്നുവെന്ന് ഞാൻ പറഞ്ഞാൽ എന്റെ അഭിവന്ദ്യ സുഹൃത്തായ തിരുനെല്ലൂർ കർണാകരൻ എന്നോടു പിണങ്ങുമോ എന്തോ?

രോഗാണു

താൻ നരകത്തെ സൃഷ്ടിച്ചത് അങ്ങുതാഴെയാണല്ലോ എന്നു വിചാരിച്ചു കൊണ്ടു ദൈവം ഉണ്ണി വാരിയത്തിന്റെ കഥയെ നോക്കുമ്പോൾ നരകം അതിൽ വന്നിരിക്കുന്നത് അദ്ദേഹം കാണുന്നു, ലജ്ജിക്കുന്നു

ദേശാഭിമാനി വാരികയിൽ കൂടെക്കൂടേ പ്രത്യക്ഷരാകുന്ന ബേബിമേനോന്റെയും കണ്ണൻ മേനോന്റെയും കഥാസാഹസങ്ങൾ ഞാനെന്തിന് വായിക്കുന്നു?, വാരികയുടെ പത്രാധിപസമിതിയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട്. അവരിൽ ചിലർ എന്റെ അഭിവന്ദ്യ സുഹൃത്തുക്കളാണ്. അവരുടെ വാരികയെ എനിക്ക് അവഗണിക്കാൻ വയ്യ. അതുകൊണ്ട് ഞാൻ ബേബി മേനോന്റെയും കണ്ണൻ മേനോന്റെയും കഥകൾ വായിക്കുന്നു. പാരായണം നടക്കുമ്പോൾത്തന്നെ എന്റെ മുഖം അല്പാല്പമായി തിരിയുന്നു. കഥയുടെ പര്യവസാനത്തിലെത്തുമ്പോൾ ജുഗുപ്സ കൊണ്ട് സമ്പൂർണ്ണമായി എന്റെ മുഖം തിരിഞ്ഞു പോകുന്നു. ഈ ആഴ്ചത്തെ വാരികയിലെ “അറ്റുപോകുന്ന കണ്ണികൾ” എന്ന ‘രാക്ഷസീയത’ ക്ലേശിച്ച് വാായിച്ചു. കുടിയനും വ്യഭിചാരിയുമായ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ അമ്മയുടെ അടുക്കലെത്തുന്നു. ഭർത്താവ് ദൂതനെ അയച്ചിട്ടും അവർ മകളെ തിരിച്ചയയ്ക്കുന്നില്ല. വിഡ്‌ഢിയായ പമ്പരം സ്വയം കറങ്ങുന്നതുപോലെ എത്രയോ കാലമായി ഈ ഇതിവൃത്തം കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ ഭ്രമണം കാണാൻ കഥയെഴുതിയവർ നമ്മളെ ക്ഷണിച്ചല്ലോ. ആഖ്യാനവൈദഗ്ദ്ധ്യമില്ലാത്ത, ജീവിതാവബോധമുളവാക്കാത്ത, കലാപരമായ ആവിഷ്കാരമില്ലാത്ത ഈ രചന അനുവാചകന്റെ മനസ്സിനെ ആക്രമിക്കുന്ന രോഗാണുവാണ്. കഥയെഴുത്തുകാർ നമ്മളെ ഹൃദയസമ്പന്നതയിലേക്കു നയിച്ചില്ലെങ്കിലും വേണ്ടില്ല, മനസ്സിനെ പരിപൂർണ്ണമായും പൊള്ളയാക്കരുത്. രോഗാണുക്കളെ കടത്തിവിടരുത്.

കാമുകി കാമുകന്റെ കൈത്തണ്ടയിൽ കെട്ടാൻ രാഖിയുമായി വരുന്നു. കെട്ടിക്കഴിഞ്ഞാൽ അവർ സഹോദരീ സഹോദരന്മാരായി. അവൾ വിവാഹിതയാകാൻ പോകുകയാണെന്ന് അറിഞ്ഞ് അയാൾ ചരടു കെട്ടാൻ സമ്മതിച്ചു. പെണ്ണിനെ വേറൊരുത്തൻ വിവാഹം കഴിച്ചുകൊണ്ടുപോയി. നൂറ്റൊന്നു ദിവസം കഴിഞ്ഞു. അന്നാണല്ലോ വിവാഹത്തിന്റെ നൂറ്റൊന്നാം ദിവസമെന്നു വിചാരിച്ചു പൂർവ കാമുകൻ ഇരിക്കുമ്പോൾ അവൾ അയാളുടെ മുൻപിലെത്തുന്നു. സ്വപ്നമോ? അല്ല. യാഥാർത്ഥ്യം തന്നെ. ഭർത്താവ് രതോപകാരിയായതുകൊണ്ട് അവൾ പിണങ്ങിതിരിച്ചുവന്നിരിക്കുകയാണ്. പൂർവ കാമുകൻ ചരടു പൊട്ടിച്ചെറിയുമ്പോൾ കഥ തീരുന്നു. (ജനയുഗം വാരിക — നൂറ്റൊന്നാം രാവ് — ഉണ്ണി വാരിയത്ത്) ഈശ്വരനുപോലും ലജ്ജ തോന്നുന്ന കഥകളുണ്ട്. താൻ നരകത്തെ സൃഷ്ടിച്ചത് അങ്ങുതാഴെയാണല്ലോ എന്നു വിചാരിച്ചു കൊണ്ടു ദൈവം ഉണ്ണി വാരിയത്തിന്റെ കഥയെ നോക്കുമ്പോൾ നരകം അതിൽ വന്നിരിക്കുന്നത് അദ്ദേഹം കാണുന്നു, ലജ്ജിക്കുന്നു. ലജ്ജ മാറുമ്പോൾ ദേഷ്യപ്പെട്ട് ‘ഹൊറർ, ഹൊറർ’ എന്ന് അദ്ദേഹം വിളിക്കുന്നു. പ്രിയപ്പെട്ട വായനക്കാരേ കാതോർത്തു നോക്കു. ഈശ്വരൻ ഹൊറർ എന്നു വീണ്ടും വീണ്ടും വിളിക്കുന്നതു കേട്ടുകൂടേ?

* * *

ഭൂമിയെ ഈശ്വരന്റെ പാപമായി ചിലർ കാണുന്നു. ആ കാഴ്ച തെറ്റ്. ഈശ്വരന്റെ പാപം യഥാർത്ഥത്തിൽ മലയാള ഭാഷയിൽ രൂപംകൊള്ളുന്ന ചെറുകഥകളാണ്.