close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 06 06


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 06 06
ലക്കം 925
മുൻലക്കം 1993 05 30
പിൻലക്കം 1993 06 13
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വെണ്മണിയുടെ, തറ്റുടുത്തു നടന്ന ശൃംഗാരത്തെ വള്ളത്തോൾ നേരിയ സാരിയുടുപ്പിച്ചു വിട്ടിരിക്കുകയാണെന്നു മുണ്ടശ്ശേരി പറഞ്ഞു (തറ്റുടുത്ത എന്നു മുണ്ടശ്ശേരിയുടെ പ്രയോഗം. തിരുവനന്തപുരത്തു താറുടുത്ത എന്നാണു പറയുക). ഇത് അത്രകണ്ടു ശരിയോ എന്ന് എനിക്കു സംശയം. ലൈംഗികത്വം വെണ്മണിക്കും വള്ളത്തോളിനും കാഞ്ചനക്കൂടാണ്. വെണ്മണി എന്ന തത്ത അതിനകത്തു കയറിയിരുന്നു ‘തത്തമ്മേ പൂച്ചപൂച്ച’ എന്നു വിളിച്ചു. കൂടുതുറന്നു കൊടുത്താലും ആ പക്ഷി അതിൽനിന്നു രക്ഷപ്പെടില്ലായിരുന്നു. വള്ളത്തോൾ ഒരിക്കലും ആ കാഞ്ചനക്കൂട്ടിനകത്ത് കയറിയിരുന്നു ബന്ധനം കൈവരിച്ചില്ല. “ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ” എന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നാലോചിച്ചു നോക്കുക. “പൂരപ്രബന്ധം” പോലെയാണോ “കൊച്ചുസീത”? എങ്കിലും ലൈംഗികതയുടെ കാഞ്ചനപഞ്ജരത്തിനടുത്തുനിന്നു പറന്നകലുവാൻ വള്ളത്തോൾ കൊതിച്ചിരുന്നുമില്ല. വെണ്മണിയുടെ തനി സ്സെക്സിനെയും വള്ളത്തോളിന്റെ ശൃംഗാരരസത്തേയും ഒന്നായിക്കണ്ടതാണ് മുണ്ടശ്ശേരിയുടെ തെറ്റ്.

നിർവചനങ്ങൾ

ഈശ്വരനെ മാത്രം ധ്യാനിച്ചു ജീവിതം നയിക്കുന്നതു തെറ്റ്; ലൗകിക ജീവിതം മാത്രം നയിച്ച് ഈശ്വരനെ വിസ്മരിക്കുന്നതു തെറ്റ്. നിസ്സംഗതയോടെ കർമ്മങ്ങൾ അനുഷ്‌ഠിച്ച് ആധ്യാത്‌മിക ജീവിതം സാക്ഷാത്‌കരിക്കാം. ഇതാണ് ആചാര്യന്മാരുടെ ഉപദേശം.

ഭീരു
വല്ലവനും തെറിവിളിച്ചാൽ ഉടനെ അവനെ അടിക്കാതെ “നീ ഒന്നുകൂടെ ആ വാക്കുപറയെടാ” എന്നു ആവശ്യപ്പെടുന്നവൻ.
സാരി
കടയിലെ ഷെൽഫിൽ വച്ചിരിക്കുന്നതു കണ്ടാൽ സ്ത്രീ കൈമെയ് മറന്നു എടുത്ത് നിവർത്തിനോക്കുന്നതും തിരിച്ച്, മടക്കുകളനുസരിച്ച് അവൾക്കു മടക്കിവയ്‌ക്കാൻ കഴിയാത്തതുമായ ഒരു വസ്ത്രവിശേഷം.
ഫോട്ടോ സ്റ്റ്യുഡിയോ
“പടം നാളെ തരുന്നതാണ്” എന്നു ദിവസവും പറയുന്ന സ്ഥലം.
ഇന്ത്യൻ ഫൗണ്ടൻ പേന
കടയിലിരിക്കുമ്പോൾ അതിസുന്ദരവും കടലാസ്സിൽ അമർത്തുമ്പോൾ പിക്കാക്സ് പോലെ അതിവിരൂപവുമായ ഒരു ഉപകരണം.
69299
തീവണ്ടി എത്തുന്ന സമയത്തെക്കുറിച്ച് ഉത്‌കണ്ഠയോടെ ചോദിക്കുമ്പോൾ ചോദ്യ കർത്താവിനു മനസ്സിലാകായ്‌കയുടെ സംഭ്രാന്തി ഉളവാക്കുമാറ് ഒരു തമിഴന്റെ കൊഞ്ഞശബ്ദം ടെയ്‌പ്പിൽനിന്നു കേൾക്കാൻ അയാളെ സഹായിക്കുന്ന ഒരു ടെലിഫോൺ നമ്പർ.
ചിരി
തിരക്കുകൊണ്ടു പുരുഷന് ഒരിക്കലും കയറാൻ പറ്റാത്ത ബസ്സിൽ സുന്ദരിയായ ഒരു ചെറുപ്പക്കാരിക്ക് അനായാസമായി പ്രവേശിക്കാൻ അവൾ കണ്ടക്റ്റർക്കു നൽകുന്ന മാംസപേശികളുടെ താൽകാലിക വക്രീകരണം.
ഭാവിവരൻ
മുഴുക്കുടിയനും ആഭാസനും വ്യഭിചാരിയുമാണെങ്കിലും “ഒരു സിഗ്ററ്റ് പോലും വലിക്കാത്ത മര്യാദക്കാരൻ” എന്നു വിവാഹദല്ലാളിനാൽ വിശേഷിപ്പിക്കപ്പെടുന്നവൻ.
മാന്യത
ഞാൻ ഒരിക്കൽ ഒരുത്തനോട് പറഞ്ഞത് അയാളോടു നൂറാമത്തെത്തവണ പറയുമ്പോൾ ആദ്യമായി അതു കേൾക്കുന്നു എന്ന മട്ട് ആ ശ്രോതാവു കാണിക്കുന്നത്.
കറൻസിനോട്ട്
തിരുവനന്തപുരത്തെ പിരിവുകാർക്കു ദിവസവും നാലും അഞ്ചും തവണ കൊടുക്കാനായി റിസർവ് ബാങ്ക് അച്ചടിച്ച് ആ പട്ടണത്തിലെ ദരിദ്രർക്കു നൽകുന്ന ഒരുതരം കടലാസ്സ്.

വി. എസ്സ്. അനിൽകുമാർ

റഷ്യൻ മിസ്റ്റിക് Gurdjieff-ന്റെ ആ പേര് ഉച്ചരിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. റഷ്യൻഭാഷ പഠിച്ചവർ പറയുന്നു അത് ആ ഭാഷയിലെ പേരല്ല എന്ന്. അദ്ദേഹത്തിന്റെ അച്‌ഛൻ ഗ്രീസിൽ ജനിച്ചയാൾ. അമ്മ അർമേനിയക്കാരിയും. അർമേനിയൻ ഭാഷ, ഗ്രീക്ക് ഇവ റഷ്യൻഭാഷകളിൽ നിന്നു വിഭിന്നമാണ്. അതുകൊണ്ട് നിഘണ്ടുക്കളിലോ വിജ്ഞാനകോശങ്ങളിലോ കാണാത്ത ഈ പേരു ഗർദ്ജീഫ് എന്നു

ഞാൻ എഴുതിക്കൊള്ളട്ടെ; ഉച്ചാരണം ശരിയല്ലെന്നു മനസ്സിലാക്കിക്കൊണ്ടുതന്നെ. ഗർദ്ജീഫിന്റെ അനുചരനായിരുന്നു പി. ഡി. ഉസ്പെൻസ്കി (P. D. Ouspensky 1878–1947). ഉസ്പെൻസ്കിയെക്കുറിച്ചു കോളിൻ വിൽസൻ എഴുതിയ പ്രൗഢമായ പുസ്തകം — The Strange Life of P. D. Ouspensky (Aquarian/Thorsons, £ 3.50, 1993) ഞാൻ കൗതുകത്തോടെ വായിച്ചു. ഗർദ്ജീഫിന്റെ ശിഷ്യനായിരുന്നു ഉസ്പെൻസ്കി എന്നാണല്ലോ എല്ലാവരും പറയുക. അത് അത്രകണ്ടു ശരിയല്ലെന്നും ഉസ്പെൻസ്കി അദ്ദേഹത്തിന്റെ രീതിയിൽ ‘ജീനിയസ്’ ആയിരുന്നുവെന്നുംഅസ്വസ്ഥത എനിക്കുണ്ടാകുന്നു. അതിലേറെ സ്ഥാപിക്കുകയാണ് കോളിൻ വിൽസൻ. ഏതു വിഷയവും ആഴത്തിൽ ആവിഷ്കരിക്കാൻ അദ്ദേഹത്തിനു വൈദഗ്ദ്ധ്യമുണ്ട്. ഇപ്പുസ്തകത്തിലും അതു ദൃശ്യമാണ്. ഈ ഗ്രന്ഥത്തിന്റെ നിരൂപണമോ വിമർശനമോ എഴുതാനല്ല ഞാൻ തുനിയുന്നത്. അതിലെ ഒരു ഭാഗത്തെക്കുറിച്ചു പറയാൻ മാത്രമാണ്. എബ്രാഹാം മസ്‌ലോ പെസിഫിക് സമുദ്രത്തിലായിരുന്ന ഒരു നാവികന്റെ കഥ ആഖ്യാനം ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയെപ്പോലും കാണാതെ യാനപാത്രത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു അയാൾ. തിരിച്ച് കരയിലെത്തിയപ്പോൾ അയാൾ ഒരു നേഴ്സിനെ കണ്ടു. മസ്‌ലോ പറയാറുള്ള peak experience-ൽ ചെന്നുവീഴുകയും ചെയ്തു. പ്രപഞ്ചത്തെയാകെ തീക്ഷ്ണതയോടെ ‘സ്പർശിക്കുമ്പോൾ’ ഉണ്ടാകുന്ന തീക്ഷ്ണവികാരത്തിന്റെ നിമിഷത്തെയാണ് ‘അനുഭവത്തിന്റെ അധിത്യക’ എന്നു മസ്‌ലോ വിളിക്കുന്നത്. പ്രകൃതി, സെക്സ്, സംഗീതം, മതം ഇവയോടു ചേരുമ്പോൾ അതുണ്ടാകും. എന്തെന്നില്ലാത്ത ശക്തിയോടെ അയാൾ പൊടുന്നനെ ഗ്രഹിച്ചു സ്ത്രീകൾ പുരുഷന്മാരിൽനിന്നു വിഭിന്നരാണ്. ഈ നൂതനത്വം — newness — (“How strange it seems and new” എന്നു കവി ബ്രൗണിങ്) പ്രാധാന്യമർഹിക്കുന്നു. വിഭിന്നത മനസ്സിലാക്കലാണ് നൂതനത്വമെന്നത്. എല്ലാം ഒരേവിധത്തിൽ എന്നു നമ്മൾ കരുതിയിരുന്നത് അങ്ങനെയല്ലെന്നു ഗ്രഹിക്കുന്നു. Wordsworth എഴുതിയ Westminister Bridge എന്ന ഗീതകം ഈ നൂതനത്വമുൾക്കൊള്ളുന്നു. ചിരപരിചിതമായ വസ്തുവിനെ നോക്കുകയും അതു നവീനവും വിചിത്രവുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതാണത്. ഈ അവഗമനം സത്യമാണ്; വ്യാമോഹമല്ല.

ശ്രീ. വി. എസ്. അനിൽകുമാർ ദേശാഭിമാനി വാരികയിൽ എഴുതിയ “കള്ളനും പൊലീസും” എന്ന ചെറുകഥ നൂതനത്വത്തിന്റെ അനുഭൂതി എനിക്കു ഉളവാക്കി. കള്ളൻ സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയും നാട്ടുകാരുടെ കൈയിൽപ്പെട്ട അവനെ അവർ മർദ്ദിച്ചവശനാക്കുകയും ചെയ്യുന്നത് സർവസാധാരണ സംഭവം. മോഷണത്തിനു ‘കണൈവൻസ്’ — രഹസ്യപ്രേരണ — പോലീസ് നല്കുന്നതും സർവ്വസാധാരണം. അതിന് ആഖ്യാനത്തിന്റെ സവിശേഷതകൊണ്ട്, വിപരീതലക്ഷണ (irony), പരിഹാസം (satire) ഇവകൊണ്ട് പുതുമ വരുത്തുന്നത് അസാധാരണമായ സംഭവം. ഹൃദ്യമാണ് ഇക്കഥ.

നിരീക്ഷണങ്ങൾ

ചെറുകഥ സുസംഘടിതമായ ഏകകമാണ്. കാചത്തിലൂടെ കടന്നുവരുന്ന രശ്മികൾ ഒരു ബിന്ദുവിൽ ഒരുമിച്ചു ചേർന്ന് ആ ബിന്ദുവിനെ തിളക്കുന്നതുപോലെ കഥയെഴുതുന്ന ആൾ മിതമായ ഭാഷണത്തിലൂടെ, മിതമായ സംഭവങ്ങളിലൂടെ കഥയുടെ അർത്ഥത്തിനു തിളക്കം നല്കണം.

  1. മഹാകവി കുമാരനാശാന്റെ മൃതശരീരം പല്ലനയാറ്റിൽനിന്ന് ഉയർത്തിയെടുത്ത ഒരാളിനോടു ഞാൻ കുറച്ചുകാലംമുൻപ് നേരിട്ടു സംസാരിച്ചു. മത്സ്യങ്ങളോ മറ്റു ജലജന്തുക്കളോ ദംശിച്ചതിന്റെ ക്ഷതങ്ങൾ ആ ശരീരത്തിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അതു കേട്ടപ്പോൾ ഞാൻ കരഞ്ഞുവെന്നു എഴുതിയാൽ കള്ളമായിരിക്കും; എന്നാൽ അസ്വസ്ഥതയുണ്ടായി എന്നതു സത്യമാണ്. ഇത് കുറിക്കുമ്പോഴും ആ അസ്വസ്ഥത എനിക്കുണ്ടാകുന്നു. അതിലേറെ അസ്വസ്ഥത ജനിക്കുന്നു അദ്ദേഹത്തിന്റെ മനോഹരങ്ങളായ കാവ്യങ്ങൾക്ക് വ്യാഖ്യാനങ്ങൾ രചിച്ച് ആ കാവ്യങ്ങളെ മുറിവേല്പിക്കുന്നതു കാണുമ്പോൾ. ‘നളിനി’ ട്രാജഡിയാണെന്നു ചിലരെഴുതിക്കാണുമ്പോഴും പ്രസംഗിച്ചു കേൾക്കുമ്പോഴും അസ്വസ്ഥത വളരെക്കൂടുന്നു.

    ഒരിക്കൽ മഹാകവിയുടെ മകൻ പ്രഭാകരൻ എന്നോട് ആവശ്യപ്പെട്ടു “ചിന്താവിഷ്ടയായ സീത” യ്ക്ക് അവതാരിക എഴുതിക്കൊടുക്കാൻ. ഒക്കുകില്ലെന്നു ഞാൻ മറുപടി നല്കിയപ്പോൾ അദ്ദേഹം ചോദിച്ചു കാരണമെന്തെന്ന്. “മഹാകവി ജീവിച്ചിരുന്നെങ്കിൽ എന്നെക്കൊണ്ട് അവതാരിക എഴുതിക്കുമായിരുന്നോ?” എന്നു ഞാൻ പ്രഭാകരനോടു ചോദിച്ചു. പിന്നീട് അദ്ദേഹം ഒന്നും മിണ്ടിയില്ല. ഇതിനോട് വലിയ ബന്ധമില്ലാത്ത ഒരുകാര്യം ഓർമയിലെത്തുന്നു. The Neighbour’s Wife എന്ന വിഖ്യാതമായ ഗ്രന്ഥമെഴുതിയ Gay Talese ന്യുയോർക്ക് നഗരത്തെക്കുറിച്ച് നല്ലൊരു പുസ്തകമെഴുതിയിട്ടുണ്ട്. അതിൽ കുഴികളിൽ ശവപ്പെട്ടികൾ താഴ്‌ത്തുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ശവക്കുഴികൾ വീണ്ടും വീണ്ടും കുഴിക്കുമ്പോൾ മുൻപു കുഴിച്ചിട്ട പെട്ടികൾ പലതും അപ്രത്യക്ഷങ്ങളായിരിക്കും. ചിലപ്പോൾ കുറെ അസ്ഥികൾ കണ്ടെന്നു വരും. അങ്ങനെ കണ്ടാൽ അവയെ പെട്ടിയിലാക്കി പിന്നീടും ആ കുഴിയിൽ താഴ്‌ത്തും. മരിച്ചവർക്കു ഒരു വിശ്രമവും നല്കുന്നില്ല ആളുകൾ. നോവലിസ്റ്റ് William Styron പറഞ്ഞതുപോലെ ഒർക്കൽ മരിച്ചാൽ രണ്ടാമതും മരിക്കുന്നു; ചിലപ്പോൾ മൂന്നാമതും. ആശാൻ കവിതയെക്കുറിച്ച് കായിക്കരെയും പല്ലനയിലും വിഡ്ഢിത്തങ്ങൾ പറയിച്ചു നമ്മൾ ആ മഹാന്റെ ആത്മാവിനെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. വ്യാഖ്യാനം എന്ന ജലജന്തുദംശനമെങ്കിലും ഒഴിവാക്കിയാൽ നന്ന്.

  2. Paul Theroux എഴുതിയ നോവലുകൾ ഞാനിഷ്ടപ്പെടുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ ഞാൻ ഒരുതരം “ആർത്തി” യോടെയാണു വായിക്കാറ്. The Great Railway Bazar, The Old Patagonian Express ഈ പുസ്തകങ്ങൾ ഒന്നാന്തരങ്ങളാണ്. അടുത്തകാലത്തു അദ്ദേഹത്തിന്റെ The Happy Isles of Oceania എന്ന യാത്രാവിവരണം വായിച്ചു. ഗ്രന്ഥകാരൻ നോബൽസമ്മാനം നേടിയ നോവലിസ്റ്റ് പാട്രിക് വൈറ്റിനെ കാണണമെന്ന് ആഗ്രഹിച്ചു. പക്ഷേ സിഡ്നിയിൽ താമസിച്ചിരുന്ന അദ്ദേഹം അറിയിച്ചത് I can’t meet Paul Theroux. I am too ill to meet celebrities എന്നായിരുന്നു. കീർത്തിയുള്ളവരെക്കാണാൻ തന്റെ രോഗാവസ്ഥ അനുവദിക്കുന്നില്ല എന്ന വൈറ്റിന്റെ പ്രസ്താവനയിൽ പുച്ഛം ലേശമല്ല. വൈറ്റ് പൊതുവേ ഓസ്‌റ്റ്രേലിയയിൽ വെറുക്കപ്പെട്ടവനായിരുന്നുവെന്ന് നമ്മൾ പിന്നീടും മനസ്സിലാക്കുന്നുണ്ട്. That was the reason that Patrick White, in spite of his Nobel prize — or perhaps because of it — was spoken of as an insignificant and nagging old gussie എന്നു ഗ്രന്ഥത്തിൽ കാണുന്നുണ്ട്. ലണ്ടനിൽ നിന്നു വന്ന ഒരെഴുത്തുകാരനെ കീർത്തിമാനെന്നു വിശേഷിപ്പിച്ചു പരിഹസിച്ചതു തെറ്റ്. പക്ഷേ അതു പറഞ്ഞു രണ്ടുദിവസം കഴിഞ്ഞയുടനെ വൈറ്റ് മരിച്ചു. അദ്ദേഹത്തിന്റെ രോഗം ഗുരുതരാവസ്ഥയിൽ ആയിരുന്നിരിക്കണം. എന്നാലും വൈറ്റിന്റെ ആക്ഷേപം പാടില്ലാത്തതായിരുന്നു എന്നു വീണ്ടും എഴുതട്ടെ.
  3. എന്റെ വീട്ടിൽ കൂടക്കൂടെ വിദ്യുച്ഛക്തി ഇല്ലാതാവും. രാത്രിസമയത്ത് കറന്റ് പോയാൽ എഴുത്തു തടസ്സപ്പെടാതിരിക്കാൻവേണ്ടി മെഴുകുതിരിക്കാലിൽ മെഴുകുതിരി കത്തിച്ചുവയ്ക്കും. അത് എരിഞ്ഞുതീരാറാവുമ്പോൾ പുതിയ മെഴുകുതിരിയെടുത്ത് കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയിൽ ചേർത്തുവയ്ക്കും. അപ്പോൾ മെഴുകുതിരിക്കാലിനെക്കാൾ നീളം തമ്മിൽച്ചേർന്ന മെഴുകുതിരിക്ക് ജീവിതത്തിൽ അടിയുറപ്പിച്ച് വളർന്നുവരുന്ന ബാലന്റെ സർഗ്ഗാത്മകദീപനാളത്തിൽ കക്ഷിരാഷ്ട്രീയം കവിയെന്ന രണ്ടാമത്തെ മെഴുകുതിരി ചേർത്തുവച്ച അവസ്ഥയാണ് നമ്മുടെ ചില കവികൾക്ക് ഇപ്പോഴുള്ളത്. എരിഞ്ഞുതീരാറാവുമ്പോൾ രാഷ്ട്രവ്യവഹാരം അമർത്തിക്കൊടുക്കുന്ന ഈ രണ്ടാമത്തെ മെഴുകുതിരിയാണ് അവർക്കു നീളം നൽകുന്നത്. ഈ സത്യം കവികൾ മനസ്സിലാക്കിയെങ്കിൽ!

വീഴ്ച, നടത്തം

ആശാൻ കവിതയെക്കുറിച്ച് കായിക്കരെയും പല്ലനയിലും വിഡ്ഢിത്തങ്ങൾ പറയിച്ചു നമ്മൾ ആ മഹാന്റെ ആത്മാവിനെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഒരുത്തൻ നടന്നുവരുമ്പോൾ കാലിടറി വീണു. അയാൾ എഴുന്നേറ്റു നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും വീണു. “രണ്ടാമതും വീഴുമെന്ന് അറിഞ്ഞെങ്കിൽ ഞാൻ ആദ്യത്തെ വീഴ്ചയ്ക്കുശേഷം എഴുന്നേൽക്കില്ലായിരുന്നു”വെന്ന് അയാൾ അവിടെനിന്നു ചിരിച്ചവരോടു പറഞ്ഞു. ശ്രീമതി നളിനി ബേക്കൽ കഥയെഴുതിയപ്പോഴെല്ലാം വീണിട്ടേയുള്ളൂ. ശ്രീമതി പിന്നെയും പിന്നെയും എഴുതുന്നു, വീഴുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളിൽ ഇപ്പോഴും വീണിരിക്കുന്നു. ഇനിയും ധൈര്യത്തോടെ അവർ എഴുന്നേൽക്കുമെന്നും കഥാരചന എന്ന നടത്തം നിർവഹിക്കുമെന്നും ഉറപ്പിച്ചു പറയാം. ശീലങ്ങൾ അത്രവേഗം മാറ്റിക്കളയാനാവില്ലല്ലോ.

അച്ഛൻ ആശുപത്രിയിലാണെന്ന് അറിഞ്ഞു മകൾ — നന്ദിനി — അയാളെ കാണാൻ പോകുന്നു. അങ്ങനെ പോയാൽ കഥ വേണ്ടേ? അതുകൊണ്ട് കഥാകാരി നന്ദിനിയുടെ കാമുകനെ രംഗത്തേക്കു കൊണ്ടുവരുന്നു. അവരുടെ പ്രേമസല്ലാപങ്ങൾ പൊതിഞ്ഞ ഭാഷയിൽ പ്രതിപാദിക്കുന്നു. തന്ത ചാകാൻ കിടക്കുമ്പോൾ കാമുകനുമായി പ്രേമചാപല്യങ്ങളിൽ മുഴുകുന്ന മകൾ എന്തൊരു മകൾ! ചാപല്യങ്ങൾക്കിടയിൽ തത്ത്വചിന്ത, സാമൂഹികാവസ്ഥ, സോമാലിയയിലെ ദാരിദ്യം ഇവയൊക്കെ പരിഗണിക്കാതിരിക്കുന്നില്ല അവർ. കഥയുടെ തൊണ്ണൂറു ശതമാനവും വികാരരഹിതമായ, അനുഭൂതിശൂന്യമായ തികച്ചും കൃത്രിമമായ അലവലാതി വർത്തമാനംകൊണ്ടു നിറച്ചിരിക്കുകയാണ്. ഒടുവിൽ കാമുകനെ പ്രതിരൂപാത്മകമായി കുഞ്ഞാക്കി പിറകേ നടത്തിക്കൊണ്ട് അവൾ ആശുപത്രിയിൽ പ്രവേശിക്കുന്നു. തന്തയ്ക്കു രോഗമൊന്നുമില്ല. ആ ഏഭ്യൻ പെണ്മക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ പണത്തിനുവേണ്ടി ഒരു കിഡ്നി വിറ്റിട്ടു കിടക്കുകയാണ്. കിഡ്നി ‘സെയ്‌ൽ’ നടത്തിയിട്ടു ആശുപത്രിക്കിടക്കയിൽ കിടക്കുന്ന അയാളെ അയാളെക്കാൾ ഏഭ്യനായ ഡോക്ടർ മഹാനായി കാണുന്നു.

ഇത്തരം ആന്റി ഡില്യൂവിയൻ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ചങ്കൂറ്റത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. നളിനി ബേക്കലിനു മോപസാങ്ങിന്റെയും ചെക്കോവിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും ഉപായജ്ഞശക്തി — inventive power — ഇല്ലെന്നു ഞാൻ പറയുന്നതു ശരിയല്ലല്ലോ. പറഞ്ഞാൽ കഥയിലെ തന്തയെക്കാൾ, ഡോക്ടറെക്കാൾ വലിയ ഏഭ്യനായി എന്നെ ആളുകൾ കരുതുമല്ല്ലോ. ചെറുകഥ സുസംഘടിതമായ ഏകകമാണ്. കാചത്തിലൂടെ കടന്നുവരുന്ന രശ്മികൾ ഒരു ബിന്ദുവിൽ ഒരുമിച്ചു ചേർന്ന് ആ ബിന്ദുവിനെ തിളക്കുന്നതുപോലെ കഥയെഴുതുന്ന ആൾ മിതമായ ഭാഷണത്തിലൂടെ, മിതമായ സംഭവങ്ങളിലൂടെ കഥയുടെ അർത്ഥത്തിനു തിളക്കം നൽകണം. ഈ പ്രാഥമിക നിയമം നളിനിബേക്കലിന് അറിഞ്ഞുകൂടാ ഞാൻ അവസാനിപ്പിക്കട്ടെ. ശ്രീമതി വീണിടത്തുനിന്ന് എഴുന്നേറ്റു വീണ്ടും നടക്കാൻ തുടങ്ങുന്നതു കാണാൻ ഞാൻ സന്നദ്ധനായിട്ട് ഇവിടെ ഇരിക്കുന്നു. അവർ ഇനിയെങ്കിലും വീഴാതിരിക്കണമെന്നാണ് എന്റെ ആഗ്രഹം.

* * *

ആരെക്കുറിച്ചും നല്ലതു പറഞ്ഞുകേൾക്കാനാണ് നമുക്കൊക്കെ ആഗ്രഹം. അപവദിക്കുമ്പോൾ അതു ചെയ്യുന്നവനു സുഖമാണെങ്കിലും ശ്രോതാവിനു ദുഃഖമാണ്. സാഹിത്യനിരൂപണത്തിലും അതുതന്നെയാണ് ശരി. എന്നാൽ സത്യം പറയേണ്ടി വരുമ്പോൾ പ്രതികൂലമായ വാക്കുകൾ വന്നുവീഴും. എന്റെ ഈ പരുക്കൻ പ്രയോഗങ്ങൾ വായനക്കാർക്ക് വൈഷമ്യം ഉളവാക്കുമെന്ന് എനിക്കറിയാം. എങ്കിലും ഇതിനേ മാർഗ്ഗമുള്ളൂ. വായനക്കാർക്കുണ്ടായ അസ്വസ്ഥത മാറ്റുന്നതിനൊരു നല്ല ജർമ്മൻ കാവ്യത്തിന്റെ ഭാഷാന്തരീകരണം നൽകാം: “തൂക്കിക്കൊല്ലപ്പെട്ടവൻ” എന്നു കാവ്യത്തിന്റെ പേര്.

ചോദ്യകർത്താവ്
തൂക്കുമരത്തിൽനിന്നു കയറുമുറിച്ചിടപ്പെട്ട നിങ്ങളോട്: ‘നിങ്ങൾ എന്നോടു സംസാരിക്കുമോ?’
തൂക്കിക്കൊല്ലപ്പെട്ടവൻ
‘പട്ടണത്തിലാകെ നിന്നുയർന്ന ശാപവചനങ്ങളുടെയും അട്ടഹാസങ്ങളുടെയും ഇടയിലൂടെ ഞാൻ [ജയിൽ] ഗെയ്റ്റിലേക്കു വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ എന്റെ നേർക്കു കല്ലെറിഞ്ഞ, തികഞ്ഞ പുച്ഛത്തോടെ ഇടുപ്പിൽ കൈകുത്തിനിന്ന, എന്റെ മുൻപിൽ നടന്നവന്റെ തോളിന്റെ മുകളിൽക്കൂടി തുറിച്ച കണ്ണുകളോടെ എന്റെനേർക്കു വിരൽ ചൂണ്ടിയ ഓരോ വ്യക്തിയിലും എന്റെ കുറ്റങ്ങളിൽ ഒന്ന് മറഞ്ഞുകിടക്കുന്നതായി ഞാൻ കണ്ടു; അതു സങ്കുചിതമായിരുന്നു, പേടികൊണ്ട് ലയം ചെയ്യപ്പെട്ടതായിരുന്നു എന്നു മാത്രം. വധസ്ഥലത്ത് ഞാൻ എത്തിയപ്പോൾ നഗരാധികാരികളുടെ ഗൗരവമാർന്ന മുഖങ്ങളിൽ എന്നോടുള്ള വെറുപ്പും ദയയും കണ്ടപ്പോൾ ഞാൻ ചിരിച്ചുപോയി. ഈ പാവപ്പെട്ട പാപിയെ നിങ്ങൾക്ക് എത്രമാത്രം കൂടിയേതീരൂ എന്നതു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? നന്മ — ഞാൻ ധ്വംസിച്ച നന്മ — അവരുടെ മുഖങ്ങളിലും മാന്യതയുള്ള ഭാര്യമാരുടെയും പെൺകുട്ടികളുടെയും മുഖങ്ങളിലും കണ്ട ആ ഗുണം എത്ര സത്യാത്മകമാണെങ്കിലും ഞാൻ ചെയ്ത പാപംകൊണ്ടല്ലേ തിളങ്ങുകയുള്ളൂ!…’ [ഷ്ടെഫാൻ ഗേഓർഗ (Stefan George, 1868–1933) എന്ന ജർമ്മൻ കവിയുടെ കാവ്യം. സമ്പൂർണ്ണമല്ല ഭാഷാന്തരീകരണം].

കമന്റുകൾ

  1. “മരം മനുഷ്യനു വരമാണെന്നും വനശ്രീയാണ് ജനശ്രീയെന്നും ആത്മാർഥമായി വിശ്വസിക്കുന്ന കവിയാണ് സുഗതകുമാരി.” (മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ടോണി മാത്യു എഴുതിയത്). — ആത്മാർഥമായി എന്ന പ്രയോഗത്തിനു തനിക്കുവേണ്ടി എന്നേ അർത്ഥമുള്ളു. ഋജുവായി, സത്യാത്മകമായി, ശുദ്ധമതിയായി എന്നൊക്കെയാണ് ലേഖകൻ അർത്ഥം കരുതിയതെങ്കിൽ അദ്ദേഹത്തിനു തെറ്റുപറ്റി.
  2. വീണ്ടും ടോണി മാത്യു: “അതവരിൽ ഒരു ഭാവഗ്രന്ഥിയായിത്തന്നെ (complex) വളർന്നിരിക്കുന്നു.” — കഷ്ടം! അവർ ആരോഗ്യത്തോടെ കഴിയുകയാണ്. ഗ്രന്ഥികളെ വളർത്തി ശ്രീമതിയെ രോഗിണിയാക്കരുത് ടോണി മാത്യു.
  3. “പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിനും നശീകരണത്തിനുമെതിരെ, പ്രതിബദ്ധതയോടു കൂടിത്തന്നെ പടവെട്ടുകയാണവർ.” (ടോണി മാത്യു തന്നെ) — നശീകരണം എന്നൊരു പ്രയോഗമുണ്ടോ? നാശനമാകാം.
  4. “സഫലമാക്കിയവരിൽ പ്രധാനികൾ” (ടോണി മാത്യു അല്ലാതെ പിന്നെ ആര്?) — പ്രധാനി എന്ന പ്രയോഗമില്ല. പ്രധാനൻ, പ്രധാനർ എന്നെല്ലാം ആകാം. മതി. കലാശാലകളിലെ അദ്ധ്യാപകരെ മലയാളഭാഷ പഠിപ്പിക്കാൻ ഞാൻ ആരാണ്?

ആധ്യാത്മികത്വം, ലൗകികത്വം

സാഹിത്യകാരനോടു നേരിട്ട് അയാളുടെ കൃതിയെ പ്രശംസിച്ചിട്ട് പത്രത്തിലെഴുതുമ്പോൾ കുറ്റങ്ങൾ പറയുന്നത് മെത്തയിൽ കിടത്തി വളർത്തുന്ന പൂച്ച പാലു കട്ടുകുടിക്കുമ്പോൾ ഗൃഹനായിക ചവിട്ടി അതിന്റെ കാലൊടിക്കുന്നതു പോലെയാണ്.

ഈശ്വരനെ മാത്രം ധ്യാനിച്ചു ജീവിതം നയിക്കുന്നത് തെറ്റ്; ലൗകികജീവിതം മാത്രം നയിച്ച് ഈശ്വരനെ വിസ്മരിക്കുന്നത് തെറ്റ്. നിസ്സംഗതയോടെ കർമ്മങ്ങൾ അനുഷ്ഠിച്ച് ആധ്യാത്മികജീവിതം സാക്ഷാത്കരിക്കാം. ഇതാണ് ആചാര്യന്മാരുടെ ഉപദേശം. ശ്രീരാമകൃഷ്ണ പരമഹംസനും ഇങ്ങനെ മാത്രമേ ഉപദേശിച്ചിട്ടുള്ളൂ. അദ്ദേഹം അദ്ഭുതം ജനിപ്പിക്കുന്ന വിദ്യകൾ കാണിച്ചിരുന്നില്ല. കാണിച്ചില്ലെന്നു മാത്രമല്ല അവയോട് വിപ്രതിപത്തി അദ്ദേഹത്തിനുണ്ടായിരുന്നുതാനും. പതിന്നാലു വർഷം കൊടുങ്കാട്ടിൽ തീവ്രമായ തപസ്സ് അനുഷ്ഠിച്ചതിനുശേഷം ജലത്തിനു മുകളിൽക്കൂടി നടക്കാൻ പഠിച്ചുകൊണ്ട് ഒരു സന്ന്യാസി ഗുരുവിന്റെ സമീപത്ത് എത്തി. തന്റെ ഈ അസാധാരണമായ വൈദഗ്ദ്ധ്യത്തെക്കുറിച്ച് അയാൾ അദ്ദേഹത്തോടു പറഞ്ഞു. ഗുരു മറുപടി നൽകി: “പാവത്താനേ നീ പതിന്നാലുകൊല്ലത്തെ ക്ലേശംകൊണ്ടു നേടിയ ഈ കഴിവ് സാധാരണ ജനങ്ങൾ ചില കൊച്ചുനാണയങ്ങൾ വഞ്ചിക്കാരനു കൊടുത്ത് പ്രദർശിപ്പിക്കുമല്ലോ.” നിസ്സംഗമായ ലൗകിക കർമ്മാനുഷ്ഠാനങ്ങളിലൂടെ ആധ്യാത്മികമണ്ഡലത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് എത്രയെത്ര കഥകളാണ് നമ്മുടെ നാട്ടിലുള്ളത്. ശ്രീ. കണ്ണോത്ത് കൃഷ്ണൻ കുങ്കുമം വാരികയിലെഴുതിയ “ചാരുഹാസൻ അമ്മയെ കാണുന്നു” എന്ന നല്ല കഥയിൽ മറ്റൊരു നാദമാണ് ഉയരുന്നത്. സന്ന്യാസി തിരിച്ചു നാട്ടിലെത്തുന്നു. പൂർവകാമുകിയുടെ ദർശനവും അമ്മയോടുള്ള സ്നേഹവും അയാളെ ലൗകികജീവിതത്തിന്റെ തിളക്കം കാണിച്ചുകൊടുക്കുന്നു. കൃത്രിമത്വമില്ലാതെ കഥാകാരൻ പറഞ്ഞിരിക്കുന്നു.

ഞാൻ ഓടുന്നു

യേശുദാസൻ തിരുവനന്തപുരത്തെ ടൗൺ ഹാളിലോ സെനെറ്റ് ഹാളിലോ ഇരുന്നു പാടുമ്പോൾ എനിക്കു മുൻവശത്തെ കസേരയിൽത്തന്നെയിരുന്നേ തീരൂ. ആൾക്കൂട്ടം ഉള്ളതുകൊണ്ട് തീരെപ്പിറകിലായിപ്പോയാൽ എനിക്കു ദുഃഖമാണ്. രണ്ട് ഹാളുകൾക്കും അടുത്താണ് കുമാരനാശാന്റെ പ്രതിമ നില്ക്കുന്നത്. അവിടെ നിന്നാലും പാട്ടുകേൾക്കാമെന്നു വിചാരിക്കു. അതു തീരെപ്പോരാ എനിക്ക്. അതുപോലെ ശതാബ്ദങ്ങൾക്കു മുൻപുണ്ടായ സാഫോയുടെ ഗാനത്തെക്കാൾ ഈ ശതാബ്ദത്തിലെ ഹരീന്ദ്രനാഥ് ചട്ടോപാധ്യായയുടെ ഗാനങ്ങൾ എനിക്കു ഹൃദ്യങ്ങളാകുന്നു. കവിത എന്റെ അടുത്ത് എത്തുന്തോറും എനിക്ക് ആഹ്ലാദം കൂടും. അതുകൊണ്ട് കടലുകൾക്കപ്പുറത്തുനിന്ന് എത്തുന്ന ഗാനങ്ങളേ ഇതെഴുതുന്ന ആളിനെ രസിപ്പിക്കു എന്നു കരുതരുതേ. യേശുദാസൻ പാടുമ്പോൾ മുൻനിരയിൽ ഞാൻ “സ്ഥലംപിടിക്കുന്ന” മട്ടിൽ ശ്രീമതി പി. ഇന്ദിരയുടെ കാവ്യലയത്തിൽ മുഴുകാൻ കലാകൗമുദിയുടെ മുൻപിൽ ഇരുന്നു. ‘നൃത്തം’ എന്ന പേരിലാണ് ഗായനം നടത്തുക. പക്ഷേ ലയമില്ല, താളമില്ല, സ്വരമാധുര്യമില്ല. വാക്കുകളിലൂടെയുള്ള അർത്ഥപ്രദർശനം പോലുമില്ല. ഞാൻ മന്ദമായല്ല, ശീഘ്രമായിത്തന്നെ കസേരയിൽ നിന്ന് എഴുന്നേറ്റ് ഓടുന്നു.

പ്രസ്താവങ്ങൾ — സാഹിത്യത്തെസ്സംബന്ധിച്ചവ

  1. സാഹിത്യകാരനോട് നേരിട്ട് അയാളുടെ കൃതിയെ പ്രശംസിച്ചിട്ട് പത്രത്തിലെഴുതുമ്പോൾ കുറ്റങ്ങൾ പറയുന്നത് മെത്തയിൽ കിടത്തി വളർത്തുന്ന പൂച്ച പാലു കട്ടു കുടിക്കുമ്പോൾ ഗൃഹനായിക ചവിട്ടി അതിന്റെ കാലൊടിക്കുന്നതു പോലെയാണ്.
  2. യഥാർത്ഥമായ പ്രേമത്തിൽ വീണ കാമുകൻ കാമുകിയുമായി സംസാരിക്കുമ്പോൾ നേരമ്പോക്കു പറയുകയില്ല. പറഞ്ഞാൽ പ്രേമമില്ലെന്ന് അർത്ഥം. വിശ്വസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ പ്രേമകഥകൾ നോക്കുക. ഹാസ്യം കലർന്ന ഉക്തികൾ ഒന്നിലും കാണില്ല.
  3. ഉത്കൃഷ്ടങ്ങളായ രചനകളേ ഉണ്ടാകുന്നുള്ളുവെങ്കിൽ സാഹിത്യവാരഫലം നിന്നു പോകും. അതുകൊണ്ട് കുത്സിതങ്ങളായ കൃതികൾ ധാരാളമുണ്ടാകണമെന്നാണ് സാഹിത്യവാരഫലക്കാരന്റെ പ്രാർത്ഥന. രോഗികളായി ആരുമില്ലെങ്കിൽ ഡോക്ടർമാരുടെ കഞ്ഞി കുടി മുട്ടുകില്ലേ?