close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 12 21


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 12 21
ലക്കം 588
മുൻലക്കം 1986 12 14
പിൻലക്കം 1986 12 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ദിക്കുകള്‍ നിശ്ചയമില്ല. ആലപ്പുഴെ തോണ്ടന്‍കുളങ്കര ക്ഷേത്രത്തെ നോക്കി നില്‍ക്കുന്ന ആളിന്റെ വലതുഭാഗത്തുള്ള പാതയിലൂടെ കുറെ ദൂരം നടന്നാല്‍ സര്‍ക്കാര്‍ കൃഷിത്തോട്ടത്തിലെത്താം. ആ കൃഷിത്തോട്ടത്തിലുള്ള കുളത്തിലായിരുന്നു എന്റെ കുളി. കൂടെ തെക്കനാര്യാട്ടെ തറയില്‍ വീട്ടില്‍ ഭാസ്ക്കരപ്പണിക്കരുണ്ടാവും. അക്കാലത്ത് ആ തോട്ടത്തിനടുത്തുള്ള ഒരു കുടിലില്‍ ഒരതിസുന്ദരി പാര്‍ത്തിരുന്നു. കൗമാരം കടന്നിട്ടേയുള്ളൂ. എങ്കിലും അനാദൃശ്യമായ സൗന്ദര്യം. കൃഷിത്തോട്ടം അടുക്കാറാവുമ്പോള്‍ ഞങ്ങള്‍ ആകാംക്ഷയോടെ ആ കുടിലിലേക്കു നോക്കും. അതിന്റെ മുന്‍വശത്ത് അവള്‍ നില്‍ക്കുന്നത് ഞങ്ങള്‍ കാണും. ഒരു ദിവസം ആ പെണ്‍കുട്ടിയെ കണ്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് വല്ലാത്ത നൈരാശ്യവും വിഷാദവുമായിരുന്നു. ഭാസ്ക്കരപ്പണിക്കര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു: “മറിയക്കുട്ടി എന്നാണ് ആ പെണ്‍കുട്ടിയുടെ പേരു്. എന്തൊരു സൗന്ദര്യം! താറാവു ചിറകു വിരിച്ചപോലെ നില്‍ക്കുന്ന ഈ കുടിലില്‍ ജനിക്കേണ്ടവളല്ല ഈ സുന്ദരി.” അതു ശരിയാണെന്നു എനിക്കും തോന്നി.

“ഉപ്പഞ്ചിടും വയലില്‍ നന്‍നീരുപോലെയും
കുപ്പസ്ഥലത്ത് തുളസീദളമാലപോലെയും
മൺകുടത്തിലെരിയുന്ന മണിപ്രദീപം പോലെയും”

അവള്‍ കാണപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സംഭവങ്ങളുടെ ശുഷ്കപത്രങ്ങള്‍ വീണ് എന്റെ സ്മൃതിപഥം അവ്യക്തമായി ഭവിച്ചു. ഭാസ്ക്കരപ്പണിക്കര്‍ മരിച്ചു. ഒരു ദിവസം ഞാന്‍ പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ “മറിയക്കുട്ടി കൊല്ലപ്പെട്ടു.” എന്ന വാര്‍ത്ത കണ്ടു. വേഗമാര്‍ന്നു തുടിക്കുന്ന ഹൃദയവുമായി ഞാന്‍ ആ പത്രറിപ്പോര്‍ട്ട് വായിച്ചു. “ആലപ്പുഴെ സര്‍ക്കാര്‍ കൃഷിതോട്ടത്തിനടുത്തുള്ള ഒരു കുടിലില്‍ ജനിച്ച മറിയക്കുട്ടി … … …” ദുഃഖം സഹിക്കാനാവാതെ ഞാന്‍ നിശ്ചേതനായി ഇരുന്നു. ആ ദിവസം മുഴുവനും. “മൃഷാപവാദത്തിങ്കല്‍ പതിച്ച സൂയസ്സ്” എന്റെ അന്തരംഗത്തില്‍ പ്രഭ പ്രസരിപ്പിക്കുന്നു. മറിയക്കുട്ടീ, ഭവതിക്കു പ്രണാമം.

എന്റെ കുട്ടിക്കാലത്ത് എന്നെ വല്ലാതെ വശീകരിച്ച ലേഖനപരമ്പരയായിരുന്നു പി.കെ. പരമേശ്വരന്‍ നായരുടെ പ്രേമഗൗതമന്‍. ആരാണു പ്രേമഗൗതമന്‍? ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് എട്ടാമന്‍. സിംഹാസനാരോഹണം ചെയ്യുന്നതിനു മുന്‍പ് അദ്ദേഹം വിവാഹിതയായ വല്ലിസ് സിംപസണെ പരിചയപ്പെട്ടു. സുന്ദരിയായിരുന്നില്ല അവള്‍. എങ്കിലും അവരുടെ പരിചയം പ്രേമമായി വികസിച്ചു. 1936 ജനുവരി 20-നു എഡ്വേഡ് രാജാവായി. പതിനൊന്നു മാസം കഴിഞ്ഞപ്പോള്‍ താന്‍ വല്ലിസിനെ കല്യാണം കഴിക്കാന്‍ പോകുന്നെന്നു അദ്ദേഹം പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ഇളകി മറിഞ്ഞു അമേരിക്കക്കാരിയായ വല്ലിസ്, “രാജകീയരക്തം” സിരകളിലോടാത്ത വല്ലിസ് എഡ്വേഡിന്റെ ഭാര്യയാവുകയോ? ആരും സമ്മതിക്കില്ല. മറ്റു മാര്‍ഗ്ഗമില്ലാതെ അദ്ദേഹം 1936 ഡിസംബര്‍ 11-ആം തീയതി സ്ഥാനത്യാഗം ചെയ്തു. ഫ്രാന്‍സിലാണ് ആ ദമ്പതികള്‍ പിന്നീട് താമസിച്ചത്. “ഞാന്‍ സ്നേഹിക്കപ്പെട്ടതു പോലെ സ്നേഹിക്കപ്പെട്ട ഏതു സ്ത്രീയൂം ജീവിതത്തെ അതിന്റെ സമ്പൂര്‍ണ്ണാവസ്ഥയില്‍ത്തന്നെ അനുഭവിച്ചിരിക്കും” എന്ന് വല്ലിസ് പറഞ്ഞു. എങ്കിലും അതു കള്ളമാണെന്ന് ഞാന്‍ വിചാരിക്കുന്നു. എഡ്വേഡ് തിരുമണ്ടൻ ആയിരുന്നുവെന്നും ഞാന്‍ കരുതുന്നു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും അതുതന്നെയാണ് എന്റെ വിചാരം.

മറിയക്കുട്ടിസ്സംഭവത്തിന്റെ ഫലം ദുഃഖം. എഡ്വേഡ് സംഭവത്തിന്റെ ഫലം ബുദ്ധിരാഹിത്യ പ്രതീതി. കഴിവുള്ള കലാകാരന്മാര്‍ ഈ രണ്ടു സംഭവങ്ങളെയും അവലംബിച്ച് കഥകള്‍ രച്ചിച്ചെങ്കിലോ? വിഷാദത്തിനും ബുദ്ധിരാഹിത്യ പ്രതീതിക്കും പകരമായി രസാനുഭൂതി ജനിക്കുമായിരുന്നു. വാക്കുകള്‍കൊണ്ട് സംഭവങ്ങളെ പുനരാവിഷ്കരിക്കുമ്പോള്‍, ആ സംഭവങ്ങളുടെ പാരുഷ്യം നശിക്കുന്നു. വസ്തുനിഷ്ഠത്വം ഇല്ലാതാവുന്നു. ഇപ്പോള്‍ നെഞ്ചിനകത്ത് കരിങ്കല്ലിരിക്കുന്ന തോന്നലാണ് മറിയക്കുട്ടിയുടെ കാര്യം ആലോചിക്കുമ്പോള്‍ എനിക്ക്. എഡ്വേഡ് മരിച്ചു കഴിഞ്ഞിട്ടും എനിക്ക് അതേ വൈഷമ്യമുണ്ട്. എന്നല്‍ കഥാകാരന്റെ ഭാഷയിലൂടെ ഒരു പുതിയ ഉള്‍ക്കാഴ്ച എനിക്കുണ്ടായാല്‍ രണ്ടു സംഭവവും എനിക്ക് ആഹ്ളാദദായകങ്ങളാവും. അടുത്ത വീട്ടിലെ കൊലപാതകം നമ്മെ ഞെട്ടിപ്പിക്കുന്നു; ഒഥല്ലോ ഡെഡ് ഡെമോണോയുടെ കഴുത്തു ഞെരിക്കുമ്പോള്‍ നമ്മള്‍ ആ രംഗം വീണ്ടും വീണ്ടും കാണുന്നു എന്ന അര്‍ത്ഥത്തില്‍ ടാഗോര്‍ എവിടെയോ എഴുതിയതിനു ഹേതുവും ഇതു തന്നെയാണ്.

ശത്രുഘ്നന്‍

ഗ്രേയം ഗ്രീനിന്റെ The Tenth Man എന്ന നോവലില്‍ — അല്ലെങ്കില്‍ അതിന്റെ കഥ പറഞ്ഞിട്ടാവാം ബാക്കി കാര്യം. ഒരു ജര്‍മ്മന്‍ കാരാഗൃഹത്തില്‍ കുറെ ഫ്രഞ്ച് തടവുകാരുണ്ട്. അവരിലൊരാളാണ് ഷവേല്‍. ജര്‍മ്മന്‍കാരെ നാട്ടുകാരായ ഫ്രഞ്ചുകാര്‍ കൊല്ലാതിരിക്കാന്‍ വേണ്ടിയാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പക്ഷേ ആ ഏര്‍പ്പാടുകൊണ്ടു ഫലമില്ല. മിലിറ്ററി ഗവര്‍ണ്ണറുടെ എ.ഡി.സി.യെയും ഒരു സൈനികോദ്യഗോസ്ഥനെയും സൈക്കളില്‍ പോയ ഒരു പെണ്‍കുട്ടിയെയും നാട്ടുകാര്‍ വധിച്ചു. പെണ്‍കുട്ടി ഫ്രഞ്ച് ആയതുകൊണ്ടു പരാതിയില്ല. തടവുകാര്‍ തന്നെ സമാധാനം പറയണം. ജര്‍മ്മന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു: “My orders are that one man in every ten shall be shot in this Camp.” ആകെ മുപ്പതു തടവുകാരുണ്ട്. അതുകൊണ്ട് പത്തിനൊന്ന് എന്ന കണക്കിനു മൂന്നുപേര്‍ വധിക്കപ്പെടണം. മരിക്കേണ്ടവര്‍ ആരാണെന്ന് തടവുകാര്‍ തന്നെ നറുക്കീട്ടു തീരുമാനിച്ചാല്‍ മതി. നറുക്കീട്ടു ഷവേല്‍ മൂന്നുപേരിലൊരാളായി വന്നു. അയാള്‍ക്കു മരിക്കാന്‍ പേടി. ആരെങ്കിലും തനിക്കു പകരമായി മരിക്കാന്‍ തയ്യാറായാല്‍ അയാള്‍ക്കു തന്റെ വീട് ഉള്‍പ്പെടെയുള്ള എല്ലാ സ്വത്തും കൊടുക്കമെന്ന് ഷവേല്‍ പറഞ്ഞു. അപ്പോള്‍ ഒരു യുവാവ് അറിയിച്ചു അയാല്‍ മരിക്കാന്‍ സന്നദ്ധനാണെന്ന്. തന്റെ സഹോദരിയും രോഗാര്‍ത്തയായ അമ്മയും സമ്പന്നരായി കഴിയട്ടെ എന്ന ചിന്തയാണ് ആ സാഹസികത്തിന് അയാളെ പ്രേരിപ്പിച്ചത്.

യുദ്ധം കഴിഞ്ഞു. ഫ്രാന്‍സ് ശത്രുവിന്റെ പിടിയില്‍ നിന്നു മോചനം നേടി. ഷവേല്‍ എന്ന തടവുകാരന്‍ ഷര്‍ലോ എന്ന പേരില്‍ കാരാലയത്തില്‍ നിന്നു ബാഹ്യലോകത്തേക്കു പോന്നു. അയാള്‍ ചെന്നത് തനിക്കു നഷ്ടപ്പെട്ടു പോയ ഭവനത്തിലാണ്. അവിടെ രോഗം പിടിച്ച വൃദ്ധയും അവരുടെ ചെറുപ്പക്കാരിയായ മകളുമുണ്ട്. ആഗതന്‍ തന്റെ സഹോദരന്റെ മരണത്തിനു ക്കാരണക്കാരനായ ഷംവലാണെന്നു മനസ്സിലാക്കാതെ അവള്‍ പറഞ്ഞു‌: Do you know what I tell myself? I tell myself that one day he will come back here because he won’t be able to resist seeing what’s happened to his beautiful house. We have lots of strangers passing through here like yourself. hungry, but every time that bell starts swinging, I think to myself. ‘May be it’s him. തന്റെ സുന്ദരമായ ഭവനത്തിന് എന്തു സംഭവിച്ചുവെന്നറിയാന്‍ ഷാവേ വന്നാല്‍ അവള്‍ എന്തു ചെയ്യുമെന്ന് ആഗതന്റെ ചോദ്യം. അവള്‍ മറുപടി പറഞ്ഞു “I’d spit in his face. That’s the first thing I’d do” (ഞാന്‍ അവന്റെ മുഖത്തു തുപ്പും അതായിരിക്കും ആദ്യമായി ഞാന്‍ ചെയ്യുക) (Page 86 Pocket Books!). “നീയെങ്ങനെ അയാളെ വെറുക്കുന്നു!” എന്ന് അയാള്‍ യുവതിയോടു പറഞ്ഞു. “എനിക്ക് അങ്ങനെയൊരു വെറുപ്പാണ്.” എന്ന് അവളുടെ മറുപടി. ഷവേലിനോടുള്ള ഈ വെറുപ്പു ഷര്‍ലോയോടുള്ള പ്രേമമാക്കി മാറ്റാനാണ് അയാളുടെ യത്നം. പക്ഷേ, വന്നവന്‍ ആരാണെന്ന് തെളിഞ്ഞു വേറൊരുത്തന്റെ വെടിയേറ്റ് അയാള്‍ അവശനായി കിടക്കുകയാണ്. ഒടുവിലത്തെ രംഗം അയാള്‍ അവളോടു ചോദിച്ചു: “എല്ലാ വെറുപ്പും പോയോ?” അവളുടെ ഉത്തരം. “പോയി” മനോഹരമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്.

ഗ്രീനിന്റെ ഈ നോവല്‍. നഷ്ടപ്പെട്ടുപോയ അതിന്റെ കൈയെഴുത്തു പ്രതി കഴിഞ്ഞ വര്‍ഷമാണ് ഹോളിവുഡ്ഡില്‍ നിന്നു കിട്ടിയത്. അതിരിക്കട്ടെ, പറയാന്‍ വന്നതു മറ്റൊരു കാര്യം. ഗ്രീനിന്റെ ഈ നോവലില്‍ വേറൊരിടത്ത് There is an old legend that somewhere in the world every man has his double എന്നു പ്രസ്താവിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ‘ഇരട്ട’യായ വ്യക്തി ലോകത്തെവിടെയെങ്കിലും കാണുമത്രേ. ശരിയാണ്. ശത്രുഘ്നന്‍ കലാകൗമുദിയില്‍ എഴുതിയ “യാത്രാവസാനത്തിലും മഴ” എന്ന ഭാവസുന്ദരമായ കഥയില്‍ നമ്മള്‍ കാണുന്ന വ്യക്തി നമ്മുടെ ‘ഡബ്ള്‍’ തന്നെയാണ്. നിസ്സാരമെന്നോ ലഘുവെന്നോ തോന്നിക്കുന്ന കാര്യങ്ങളാണ് കഥാകാരന്‍ പ്രതിപാദിക്കുന്നത്. ഒരാളുടെ വിമാനയാത്ര. പക്ഷേ ആ വര്‍ണ്ണനം വായിച്ചു കഴിയുമ്പോള്‍ ക്ഷുദ്രസംവങ്ങളുടെ ദുരന്തസ്വഭാവം നമുക്ക് അനുഭവപ്പെടുന്നു. വിമാനയാത്ര ചെയ്ത മനുഷ്യന്‍ ഞാന്‍ തന്നെയാണ് അല്ലെങ്കില്‍ എന്റെ ‘ഡബ്ള്‍’ തന്നെയാണ് എന്നു തോന്നുന്നു ഈ പ്രതീതി തന്നെയാണ് ജീവിതാവബോധത്തിന് ആസ്പദം. അന്തെതുമാത്രമായ രീതിയില്‍ ശത്രുഘ്നന്‍ കഥ പറയുന്നു. ആ രീതി കലാത്മകമാണു താനും.

വലിയ അന്തരം

ഫ്രായിറ്റ് പറയുന്ന ലിബൊഡോ എന്ന ശക്തിവിശേഷത്തിന് വ്യാപകസ്വഭാവമുണ്ട്. അതിനെ ലൈംഗികശക്തിയായി മാത്രം കരുതാവുന്നതല്ല. പെറ്റു വീണ കുഞ്ഞു തൊട്ടു വൃദ്ധന്‍ വരെയുള്ളവരെ നോക്കൂ. ഈ ശക്തിയുടെ പ്രവര്‍ത്തനം കാണാം. കുഞ്ഞിന്റെ ലിബിഡോ മുലകുടിക്കല്‍ പ്രകടമാകുന്നു. കുപ്പിപ്പാലു കുടിക്കുന്ന കുഞ്ഞിനു കരച്ചില്‍കൂടും. അമ്മയുടെ സ്തനസ്പര്‍ശത്തിനു പകരമായി വേറെ എന്തെങ്കിലും അതിനു ലഭിച്ചേ തീരു. ആശുപത്രിയിലെ ‘ക്രിബ’ ശിശുവിന് അസ്വസ്ഥയുണ്ടാക്കും. വസ്ത്രം കൊണ്ടു കെട്ടിയ തൊട്ടിലില്‍ കിടക്കുന്ന ശിശുവിന് അത്രത്തോളം അസ്വസ്ഥതയില്ല. കാരണം വസ്ത്രത്തില്‍ മൂക്കുരുമ്മി കിടക്കുന്ന അതിന് സ്തനസ്പര്‍ശത്തിനു പകരം വസ്ത്രസ്പര്‍ശം കിട്ടുന്നു എന്നതു തന്നെ. ചെറുപ്പക്കാരുടെ ലിബിഡോ ആലിംഗനം, ചുംബനം ഇവയിലൂടെ പ്രത്യക്ഷമാകുന്നു. കിഴവന്മാര്‍ക്കോ? അവര്‍ക്കു തൊട്ടിലില്‍ കിടക്കാന്‍ വയ്യ. ആലിംഗനാദികള്‍ക്കു ചെന്നാല്‍ പെണ്ണു ചൂലു ചാണകത്തില്‍ മുക്കി അടിക്കും. അതുകൊണ്ട് അവര്‍ വാത്സല്യമെന്ന നാട്യത്തില്‍ ചെറുപ്പക്കാരിയുടെ കൈകള്‍ കൂട്ടിപ്പിടിക്കുന്നു. “പോയി വരിന്‍, പോയി വരിന്‍” എന്നു കപടസ്നേഹത്തോടെ പറഞ്ഞ് അവളുടെ തോളിന്റെയും കൈമുട്ടിന്റെയും ഇടയ്ക്കുള്ള ഭാഗത്തു തടവി, വിടുന്നു. അതൊക്കെക്കൊണ്ടും തൃപ്തിയായില്ലെങ്കിലോ? അയാള്‍ വി.എസ്. അനില്‍കുമാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘കാവല്‍ക്കള്ളന്‍’ എന്ന കഥയിലെ വൃദ്ധനെപ്പോലെ പ്രവര്‍ത്തിക്കും. എന്തു ചെയ്യുന്നു ഈ കഥയിലെ കിഴവന്‍. അയാള്‍ മരുമകള്‍ കുളിക്കുമ്പോള്‍ ഒളിച്ചുനോക്കുന്നു. മകന്റെ ചന്തിയില്‍ മരുമകള്‍ കാലുവച്ചുറങ്ങുന്നതു നോക്കി രസിക്കുന്നു. പശുവിനെ പ്രാപിച്ച കാളയുടെ കഴുത്തു കണ്ടിക്കുന്നു.

വൃദ്ധന്‍മാര്‍ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുമോ എന്നു വായനക്കാര്‍ക്കു സംശയം തോന്നാം എന്തോ അറിഞ്ഞുകൂടാ. എങ്കിലും ചില സാഹിത്യകാരന്മാരുടെ അനിയത സ്വഭാവങ്ങള്‍ ജീവചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. In New York, in 1943 the 69 year-old Maugham had an affair with 17 year old school boy poet and admirer David Posner (The intimate Sex lives of Famous People). ഇതു സോര്‍മര്‍സെറ്റ് മോമിന്റെ കാര്യം. ഇനി ഗോയ്ഥേ എന്തു ചെയ്തുവെന്നു നോക്കുക: “‘When, Goethe was 74, he proposed to his ‘daughterling’, Ulrike Von Leverzow, then in her late teens. She turned him down.’

കിഴവികളും മോശക്കാരല്ല. 68 വയസ്സായ ഒരു വൃദ്ധവിധവ ഇങ്ങനെ പറഞ്ഞതായി സീമോന്‍ ദെ ബൊവ്വാര്‍ എഴുതുന്നു: “എന്റെ ഭര്‍ത്താവു മരിച്ചു നാലു മാസം കഴിഞ്ഞപ്പോള്‍ ആത്മഹത്യക്കെന്ന പോലെ ഞാന്‍ തെരുവിലേക്കു പോയി. എന്നെ വേണമെന്നുള്ള ഏതു പുരുഷനും വശപ്പെടാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ആര്‍ക്കും എന്നെ വേണ്ടായിരുന്നു. അതുകൊണ്ടു ഞാന്‍ വീട്ടിലേക്കു തിരിച്ചു പോയി” അനില്‍ കുമാറിന്റെ കഥ ഒരു നല്ല ‘കെയ്സ് സ്റ്റഡി’ ആയിട്ടുണ്ട്. കലയും കെയ്സ് സ്റ്റഡിയും തമ്മില്‍ ദൗര്‍ഭാഗ്യം കൊണ്ട് വലിയ അന്തരമുണ്ടു താനും.

എന്തൊരു വൈരൂപ്യം

വീറ്റോറിയോ ദ സീകാ (Vittorio De Sica) ഡയറക്ടു ചെയ്ത Bicycle Thieves എന്ന സിനിമ കണ്ട ഓര്‍മ്മയുണ്ടെനിക്ക്. ലോകത്തെ അഞ്ചു ഉത്കൃഷ്ടങ്ങളായ സിനിമകളുടെ കൂട്ടത്തില്‍ ഈ ചലച്ചിത്രത്തിനും സ്ഥാനമുണ്ടായിരിക്കും. ‘ഓ കമ്മ്യൂണിസ്റ്റിക് ചിത്രം’ എന്ന് ഇതിനെ പരിഹസിക്കുന്നവന്‍ കലയെ സ്നേഹിക്കുന്നവരല്ല. അന്റേറാണിയോ റെറ്റ്ച്ചി (Antonio Ricci) പണമില്ലാത്തവനാണ്. സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ജോലി കിട്ടി അയാള്‍ക്ക്. സൈക്കിളുള്ളവര്‍ക്കേ ആ ജോലി കൊടുക്കൂ. വീട്ടിലെ ഷീറ്റുകള്‍ വിറ്റ് അയാള്‍ സൈക്കിള്‍ സമ്പാദിക്കുന്നു. സൈക്കില്‍ ഒരിടത്തു ചാരി വചിട്ട് റെറ്റ്ച്ചി പോസ്റ്റര്‍ ഒട്ടിച്ചികൊണ്ടിരിക്കുമ്പോള്‍ ഒരുത്തന്‍ അതു മോഷ്ടിച്ചു കൊണ്ടു പോകുന്നു. അപ്പോള്‍ തൊട്ട് അന്വേഷണമായി. കള്ളനെ അയാള്‍ കണ്ടുപിടിക്കുകയും ചെയ്തു. പക്ഷേ സമുദായവും പൊലീസും മോഷ്ടാവിന്റെ വശത്താണല്ലോ. കള്ളനെ അവര്‍ രക്ഷിച്ചു. സൈക്കളിലാതെ അടുത്ത ദിവസം ജോലിക്കു പോവാന്‍ ഒക്കുകയില്ല റെറ്റ്ച്ചിക്ക്. തന്റെ കൂടെയുണ്ടയിരുന്ന കൊച്ചുമകനെ പറഞ്ഞയിച്ചിട്ട് അയാള്‍ റോഡിലൊരിടത്ത് ചാരിവച്ചിരുന്ന ഒരു സൈക്കളെടുത്തു. അതില്‍ കയറി പ്രാണനും കൊണ്ടു പറക്കുന്ന അയാളെ ഉടമസ്ഥനും മറ്റുള്ളവരും ചേര്‍ന്നു പിടികൂടി. റെറ്റ്ച്ചിയെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു അവര്‍. അപ്പൊഴേക്കും അവിടെയെത്തിയ മകനെക്കണ്ട്, റെറ്റ്ച്ചിയുടെ ദയനീയാവസ്ഥ കണ്ട് ഉടമസ്ഥന് മാനസാന്തരം സംഭവിച്ചു. സ്റ്റേഷനില്‍ പോകേണ്ടതില്ലെന്ന് അയാള്‍ തീരുമാനിക്കുമ്പോള്‍ ചലച്ചിത്രം അവസാനിക്കുന്നു.

ഇതു കണ്ടുകൊണ്ടിരിക്കുമ്പോള്‍ സിനിമ കാണുകയാണെന്ന് നമുക്കു തോന്നുകയേയില്ല. ദുഃഖപൂര്‍ണ്ണമായ അ ജീവിതം നമ്മുടെ ജീവിതം തന്നെയാണെന്നേ നമ്മള്‍ കരുതുകയുള്ളൂ. റ്റെറ്റ്ച്ചിയുടെയും കുടുംബത്തിന്റെയും ട്രാജഡി നമുടെ ട്രാജഡിയണെന്നുതനെ നമുകു തോന്നും. ഈ സിനിമ കണ്ടിട്ട് റോഡിലേക്കു പോന്നവര്‍ മറ്റുള്ളവര്‍ കാണാതെ കണ്ണീരു തുടയ്ക്കുന്നതു ഞാന്‍ കണ്ടു. ആ കണ്ണീര്‍ ശോകത്തിന്റെ കണ്ണീരായിരുന്നില്ല. രസാനുഭൂതിയുടെ കണ്ണീരായിരുന്നു. അതേസമയം പ്രചാരണം ഉള്‍കൊള്ളുന്ന സിനിമയായിരുന്നു അത്. ഏത് ഉത്കൃഷ്ടമായ കലാസൃഷ്ടിയും ആദ്യം ആഹ്ളാദം ജനിപ്പിക്കുന്നു. പിന്നീട് സ്രഷ്ടാവ് ഉദ്ദേശിച്ച ഫലവും. നേരെ മറിച്ചാണ് മറ്റു പല രചനകളുടെയും സ്വഭാവം. ആദ്യം ഉദ്ദേശിച്ച ഫലം. പിന്നീട് ആഹ്ളാദമില്ല. ദേശാഭിമാനി വാരികയില്‍ ടി.എ. റസാക്ക് എഴുതിയ “റോസാച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍” എന്ന കഥയില്‍ പ്രചാരണത്തിനാണ് പ്രാമുഖ്യം. അന്നമ്മയുടെ കുഞ്ഞ് ശിശുപ്രദര്‍ശനത്തില്‍ ഒന്നാം സമ്മാനം നേടി. ശ്വാനപ്രദർശനത്തില്‍ അവളൂടെ റൈഗർ ഒന്നാം സ്ഥാനത്ത് (പട്ടിക്ക് ആ പേരിടതിലുള്ള ബാഡ് റൈയ്സ്റ്റ് നോക്കേണേ). ഇനി റോസാപ്പൂ മത്സരത്തിലും പ്രഥമസ്ഥാനത്തെത്തണം. വേറൊരുത്തിയുടെ റോസാപ്പുക്കള്‍ക്കു നിറം കൂടുതലായതുകൊണ്ടു താന്‍ ജയിക്കുമോ എന്ന് അന്നമ്മയ്ക്ക് സംശയം. പൂക്കള്‍ക്കു നിറം വരുത്താനായി അവള്‍ അടുത്ത വീട്ടിലെ പുലയച്ചെക്കന്റെ കഴുത്തു കണ്ടിച്ചു ചോര വളമായി ഒഴുക്കുന്നു. എന്തൊരു അവാസ്തവികത! എന്തൊരു വൈരൂപ്യം!ബൂർഷ്വാസിയുടെ കാപട്യങ്ങളെ നിന്ദിക്കാനുള്ള റസാക്കിന്റെ യത്നം നന്ന്. പക്ഷേ അതു വിജയത്തിലെത്തണമെങ്കില്‍ സൗന്ദര്യം സൃഷ്ടിക്കപ്പെടണം.

ഇല്യൂഷ്യന്‍ ഓഫ് ട്രൂത്ത് — സത്യത്തിന്റെ തോന്നല്‍ — അതാണ് കലയില്‍ പ്രധാനമായി വരുന്നത്. ചലച്ചിത്ര താരം മധു രാജാവിന്റെ വേഷം കെട്ടിയാല്‍ രാജാവു തന്നെന്നു കാഴ്ചക്കാര്‍ക്കു തോന്നും. ആ രാജാവിനെ നോക്കി “കണ്ണമ്മൂലയിലെ മാധവന്‍ നായരാണിത്.” എന്നാരും പറയുകയില്ല. ഈ ഇല്യൂഷന്‍ ഉണ്ടാക്കുന്ന ഭാവന റസാക്കിനില്ല.

താഴ്വരയില്‍

മുകളില്‍പ്പറഞ്ഞ ഇല്യൂഷന്‍ വേറെ; തെറ്റിദ്ധാരണ വേറെ. “അയാളിങ്ങനെ വന്നും പോയുമിരിക്കും. ഫാറത്തില്‍ ഒപ്പിടീച്ചോ. ഇല്ലെങ്കില്‍ നീ കണ്ണീരും കൈയുമായിരിക്കും” എന്നു മറ്റുള്ളവര്‍ ഉപദേശിച്ചതിന്റെ ഫലമായി അവള്‍ അയാള്‍ വന്നപ്പോള്‍ ഫോമെടുത്തു നീട്ടി. അയാള്‍ സാക്ഷിക്കോളത്തില്‍ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. താന്‍ വിവാഹിതയായി എന്ന തെറ്റിദ്ധാരണയോടുകൂടി അവള്‍ ഫോം പെട്ടിയില്‍ വച്ചു പൂട്ടി. പ്ലേറ്റോയുടെ ‘ഗുഹ’ പ്രസിദ്ധമാണല്ലോ. വേദിയ്ക്കു പിറകില്‍ തീ കത്തുന്നു. വേദിയിലൂടെ ആളുകള്‍ നടക്കുന്നു. അവരുടെ നിഴലുകള്‍ ഗുഹയ്കകത്തുള്ള ഭിത്തിയില്‍ പതിയുന്നു. തിരിഞ്ഞു നോക്കാന്‍ വയ്യാതെ ഗുഹയിലിരിക്കുന്ന ആളുകള്‍ നിഴലുകള്‍ കണ്ട് അവയാണ് യാഥാര്‍ത്ഥ്യമെന്നു തെറ്റിദ്ധരിക്കുന്നു. തെറ്റിദ്ധാരണയ്ക്കു സവിശേഷതയുണ്ട് ഒരാള്‍ അതിനു വിധേയനായാല്‍ ലക്ഷക്കണക്കിനാളുകളും ആ തെറ്റിദ്ധാരണയ്ക്കു വിധേയരാകും. പൈങ്കിളി സാഹിത്യം യഥാര്‍ത്ഥ സാഹിത്യമെന്ന വികാരമുണ്ടായിരിക്കുന്നത് ഇതിനാലാണ്. അതുപോലെ മനോരാജ്യം വാരികയില്‍ എം.ഡി. അജയഘോഷ് എഴുതിയ ‘മറുപടിയുടെ ദിവസം’ എന്ന കഥ സാഹിത്യ സൃഷ്ടിയാണെന്നു പലരും കരുതാന്‍ ഇടയുണ്ട്. ആശയുടെ ഭര്‍ത്താവ് കര്‍മ്മചന്ദ്രന്‍ അവളെ പരുക്കന്‍ വാക്കുകള്‍ കൊണ്ടും ദുഷ്ടതയാര്‍ന പെരുമാറ്റങ്ങള്‍ കൊണ്ടും വേദനിപ്പിക്കുന്നു. അതേസമയം അയാളൊരു വ്യഭിചാരിയും കര്‍മ്മചന്ദ്രന്‍ ന്യൂറോട്ടിക് ആയി മാറ്റിയ ഒരു സ്ത്രീയുടെ ഭര്‍ത്താവ് അയാളെ കൊല്ലുന്നു. കഥയുടെ സംഗ്രഹം നല്കി ഏത് ഉത്കൃഷ്ടമായ രചനയേയും അപഹാസ്യമാക്കാം. ഏത് അധമമയ രചനയും പ്രഗല്ഭമായ സംക്ഷേപണത്തിലൂടെ ഉത്കൃഷ്ടമായി പ്രത്യക്ഷപ്പെടും. അതുകൊണ്ട് കഥതന്നെ വായിച്ചുനോക്കൂ. വായിച്ചു നോക്കിയാല്‍ അതൊരു ട്രിക്കാണെന്നു സ്പഷ്ടമാകും. ട്രിക്ക്, കലയാണെന്ന തെറ്റിദ്ധാരണ് ചിലര്‍ക്ക് ഉളവാക്കും. ചിലര്‍ അതില്‍പ്പെടുന്നതു കൊണ്ടു പലരും പെട്ടുപോകും. ചില എഴുത്തുകാരന്‍ താഴെ നിന്ന് അരങ്ങിലേക്കു കയറും. വേറെ ചിലര്‍ ഔന്നത്യത്തിലെത്തിയിട്ടു താഴത്തേക്കു പോരും. എം.ഡി. അജയഘോഷ് ഇത്രയും കാലമായിട്ടും താഴെത്തന്നെ നില്ക്കന്നു. അദ്ദേഹം മുകളിലേക്കു ചെല്ലുമെന്നു ആശിക്കുന്നതു പോലും ഭോഷത്തമായിരിക്കും.

എസ്.കെ.ആര്‍. കമ്മത്ത്

‘സൂര്യന് അസ്തമിക്കാം. പിന്നീട് തിരിച്ചുവരാം. എന്നാല്‍ നമ്മുടെ ഹ്രസ്വകാല ദീപം പൊലിഞ്ഞാല്‍ നിദ്രയുടെ അവസാനിക്കാത്ത രാത്രിയായിരിക്കും. എനിക് ആയിരം ചുംബനം തരൂ. പിന്നീട് നുറും. അനന്തരം രണ്ടായിരം, പിന്നീട് രണ്ടാമത്തെ നൂറും” റോമന്‍ കവി കറ്റൂലസിന്റെ ഒരു കാവ്യത്തിന്റെ ഭാഗമാണിത്. കൈരളിക്കു ഒറ്റച്ചുംബനം കൊടുത്തിട്ട് മറഞ്ഞു പോയ കഥാകാരനാണ് എസ്.കെ.ആര്‍. കമ്മത്ത്. ലോലഭാവങ്ങളെ ആവിഷ്കരിക്കാന്‍ വലിയ കഴിവായിരുന്നു അദ്ദേഹത്തിന്. കുറെ വര്‍ഷം മുന്‍പ് അദ്ദേഹം ജനയുഗം വാരികയിലെഴുതിയ ഒരു ചെറുകഥ ഇതിന് ഉദാഹരണമാണ്. പിന്നീട് ഒരു കഥയും. ഒരിടത്തും ഞാന്‍ കണ്ടില്ല. ആ കഥയെക്കുറിച്ച് സാഹിത്യവാരഫലത്തില്‍ എഴുതി. അതച്ചടിച്ചു വരുന്നതിനു മുന്‍പുതന്നെ ഒ.എന്‍.വി. കുറുപ്പ് എന്നോടു ചോദിച്ചു: “ജനയുഗത്തില്‍ കമ്മത്ത് എഴുതിയ കഥ വായിച്ചോ? മനോഹരം അല്ലേ?” ‘അതേ’ എന്നു ഞാന്‍ മറുപടി പറഞ്ഞു.

മലയാളനാടു പത്രാധിപര്‍ എസ്.കെ. നായര്‍ സുഖമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന സന്ദര്‍ഭത്തില്‍ കമ്മത്ത് അദ്ദേഹത്തെ കാണാന്‍ അവിടെ നിന്നു. രോഗിയെ അന്വേഷിച്ചു ചെന്ന ഞാന്‍ അദ്ദേഹവുമായി പരിചയത്തിലായി. പിന്നീട് പത വണയും ഞങ്ങള്‍ റോഡില്‍ വച്ചുകണ്ടിട്ടുണ്ട്. കമ്മത്തിന്റെ എല്ലാ പുസ്തകങ്ങളും അദ്ദേഹം എനിക്കയച്ചു തന്നു. പക്ഷേ, എനിക്കവ കിട്ടീല്ല. കിട്ടിയില്ലെന്ന് അറിയച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഒഫ് പോസ്റ്റിങ്ങ് എടുത്തിട്ടുണ്ടല്ലോ എന്നായി ആ ശുദ്ധഹൃദയന്‍. കമ്പി മണിയോര്‍ഡര്‍ പോലും മേല്‍വിലാസക്കാരനു കൊടുക്കാത്ത നാടാണു നമ്മുടേതെന്നു കമ്മത്ത് അറിയുന്നതെങ്ങനെ? നേരേ വാ, നേരേ പോ എന്ന മട്ടില്‍ ജീവിച്ച പുരുഷരത്നമായിരുന്നല്ലോ അദ്ദേഹം. കമ്മത്തിന്റെ മരണത്തില്‍ ദുഃഖിച്ചു പ്രൊഫസര്‍ എസ്. ഗുപ്തന്‍ നായര്‍ കുങ്കുമം വാരികയിൽ എഴുതിയിരിക്കുന്നു. ആര്‍ജ്ജവമാണ് ആ ലേഖനത്തിന്റെ മുദ്ര.

പുസ്തകം

നവീന ഉര്‍ദു കാവ്യങ്ങളുടെ സമാഹാരം പെന്‍ഗ്വിന്‍ ബുക്ക്സ് പ്രസാധനം ചെയ്തിരിക്കുന്നു (സമാഹര്‍ത്താവും അനുവാദകനും മുഹമ്മ ജമാല്‍, വില 77 രൂപ 80 പൈസ, പ്രസാധനത്തിന്റെ വര്‍ഷം 1986). രത്നങ്ങളും കാചങ്ങളും ഇടകലര്‍ന്ന ഒരു സമാഹാരമാണിത്. ഫൈസ് അഹമ്മദ് ഫൈസിന്റെ (1911–1984) കാവ്യങ്ങള്‍ രത്നങ്ങള്‍ തന്നെ. അവ കാന്തി ചിന്തുന്നു. അഖ്തര്‍ ഉല്‍, ഇമാന്റെ (ജനനം 1915) കാവ്യങ്ങള്‍ എന്റെ തണുത്ത രക്തത്തെ ചൂടുപിടിപ്പിച്ചു. വിശേഷിച്ചും Wild Grass എന്ന കാവ്യം. പാകിസ്ഥാനിലെ മിലിറ്ററി ഗവണ്‍മെന്റിനെ നിരാകരിച്ചതിന്റെ പേരില്‍ അവിടത്തെ ജയിലില്‍ കിടന്ന അഹമ്മദ് ഫറസ് (ജനനം 1936-ല്‍, N.W.F.P.) രചിച്ച എല്ലാ കാവ്യങ്ങളും എന്നെ അദ്ഭുതപ്പെടുത്തി. മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത് വികലമാക്കാന്‍ എനിക്കിഷ്ടമില്ല. അതുകൊണ്ട് ഒരു കാവ്യത്തിന്റെ ഇംഗ്ളീഷ് തര്‍ജ്ജമ തന്നെ നല്‍കട്ടെ.

Crucifixion of the world

Come, let us mourn
the bloodied Corpse of that Jesus
Whom the crucified
and weep.
We have done our duty well
It is time to settle accounts

Let him take the slippers
who made the cross;
the shroud belongs to he
Who mailed him;
and he deserves the crown of Thorn
Whose eyes had tears

Come, let us claim now
We are all Christ;
let us also show them
we can wake the dead!
But his world was everything:
Where is the world?

നദി തടസ്സം സൃഷ്ടിക്കുന്നു

ഏതെങ്കിലും വിഷയത്തിലോ വസ്തുതയിലോ ആമജ്ജനം ചെയ്താല്‍ അതിനെക്കുറിച്ചുള്ള ശരിയയ അറിവു കിട്ടുകയില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ മുങ്ങി നില്ക്കുന്ന ആളിന് ആ പാര്‍ടിയുടെ സത്യമറിയാന്‍ ഒക്കുകയില്ല. സത്യമറിയണമെങ്കില്‍ വസ്തുവില്‍ നിന്ന്, വസ്തുതയില്‍ നിന്ന്, വിഷയത്തില്‍ നിന്ന് മാറി നോക്കണം. മലയാളസമ്മേളനത്തിന് സര്‍ക്കാര്‍ ചെലവില്‍ പോയവരും സ്വന്തം ചെലവില്‍ അതിനെ വാഴ്ത്തി ലേഖനങ്ങള്‍ എഴുതിക്കഴിഞ്ഞു. പോയവര്‍ അതില്‍ വിലയം കൊണ്ടവരാണ്. അവര്‍ക്കു നിറം പിടിച്ചു വികാരങ്ങളും വക്രീഭവിച്ച ചിന്തകളും മാത്രമേ കാണൂ. അക്കാരണത്താല്‍ ഡി.സി. കുങ്കുമം വാരികയില്‍ മലയാള സമ്മേളനത്തെക്കുറിച്ച് എഴുതിയ ലേഖനം അതേ രീതിയില്‍ സ്വീകരിക്കാന്‍ പലര്‍ക്കും പ്രയാസമുണ്ടാകും.

സമ്മേളനത്തില്‍ പങ്കുകൊണ്ട പല പ്രശസ്തരുടെയും പേരുകള്‍ ഡി.സി.യുടെ ലേഖനത്തിലുണ്ട്. അവരില്‍ ചിലരുടെ പ്രശസ്തി — ഫെയിം — എവിടെയാണ് ചുറ്റിയടിക്കുന്നത്? തിരുവനന്തപുരത്ത് അത് എത്തിയിട്ടില്ലല്ലോ. ഒരു പക്ഷേ എന്റെ വീട്ടിലെത്തിയില്ല എന്നു വരാം. പ്രശസ്തി വരുന്ന റോഡിനും എന്റെ വീടിനുമിടയ്ക്ക് ഒരാറുണ്ട്. കീര്‍ത്തി ആറ് കടക്കില്ലെന്നു തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഡി.സി.യെ കുറ്റം പറയാനുമില്ല. ദീപസ്തംഭം മഹാശ്ചര്യം? ശ്ളോകത്തിന്റെ ശേഷം ഭാഗം എഴുതുന്നില്ല.