close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 03 20


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 03 20
മുൻലക്കം 1998 03 13
പിൻലക്കം 1998 03 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

Symbol question.svg.png നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണു?

ചോദ്യകർത്താവായ നിങ്ങൾക്കോ മാന്യവായനക്കാർക്കോ അറിയാൻ പാടില്ലാത്ത ഒന്നും എനിക്കു പറയാനില്ല. എങ്കിലും എഴുതുകയാണ്. നമ്മുടെ രാഷ്ട്രവ്യവഹാരം ജീർണ്ണിച്ചിരിക്കുന്നു. അതിന്റെ പൂതിഗന്ധം ശ്വസിച്ച് ആളുകൾ മരണപ്രായരായിരിക്കുന്നു. നേതാക്കന്മാർ ക്രൈം കൊണ്ടു കളിക്കുന്നു. ബഹുജനം അത്തരം പാതകങ്ങളെ ഏതാനും നിമിഷങ്ങൾ കൊണ്ടു മറക്കുകയും അവരെ ധീരപുരുഷന്മാരായും ധീരവനിതകളായും കൊണ്ടാടുകയും ചെയ്യുന്നു. വിശുദ്ധിയാർന്ന കരതലങ്ങളുള്ള ജനനേതാക്കന്മാർ വിരളം. സത്യത്തിന്റെ മന്ദ്രധ്വനിക്കു പകരം അസത്യത്തിന്റെ കുഴലൂത്താണു നമ്മൾ കേൾക്കുക. ഇതിനൊക്കെ ഹേതു നമുക്കു ഡെമോക്രേറ്റിക്ക് പാരമ്പര്യമോ റിപബ്ലിക്കൻ പാരമ്പര്യമോ ഇല്ല എന്നതാണു.

Symbol question.svg.png ഒരു സിനിമയിൽ നായകൻ വെളുത്ത ഷേർടും വെളുത്ത ട്രൗസേഴ്സും ധരിച്ചു കൊണ്ടു നായിക കിടക്കുന്ന മുറിലേക്കു കയറിപ്പോകുന്നതായി ഞാൻ കണ്ടു. അടുത്ത നിമിഷത്തിൽ അയാൾ ചുവന്ന ഷേർടും ചുവന്ന ട്രൗസേർഴ്സും ധരിച്ചു പുറത്തിറങ്ങുന്നു. ഇതെങ്ങനെ?

നിങ്ങൾ കണ്ടതു ചലച്ചിത്രത്തിലെ നായകനെ ആയിരിക്കില്ല. വെളുത്ത ഷേർടും വെളുത്ത മുണ്ടും ധരിച്ച് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയിൽ കയറി ഒരു സെക്കൻഡ് നേരം പുസ്തകങ്ങൾ വച്ച ഷെൽഫിന്റെ അടുത്തു നിന്നാൽ മതി. പൊടികൊണ്ടു വസ്ത്രങ്ങൾ കാവി നിറമാകും. ജലദോഷവും വരും. അങ്ങനെ ആരെയോ നിങ്ങൾ കണ്ടതാണു ചലച്ചിതത്തിലെ രംഗമായി രൂപാന്തരപ്പെട്ടത്.

Symbol question.svg.png ഈശ്വരൻ സത്യം കാണുന്നു. പക്ഷേ അദ്ദേഹം കാത്തിരിക്കുന്നു - എന്തിനു കാത്തിരിക്കണം. ശിക്ഷ ഉടനെ കൊടുക്കേണ്ടതല്ലേ?

ഈ വിഷയം പ്ലൂട്ടാർക്ക് കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രബന്ധം വായിച്ച ഓർമ്മയിൽ നിന്ന് എന്റേതായ നിരീക്ഷണങ്ങളോടു കൂടി ഞാൻ ഉത്തരം എഴുതട്ടെ. പൂ വിടരുന്നതു പെട്ടെന്നല്ല. ആദ്യം ചെറിയ മൊട്ട്, പിന്നീട് വലിയ മൊട്ട്. ദിനങ്ങൾ കഴിയുമ്പോൾ വിടർന്ന പൂവ് . കോഴിമുട്ട പെട്ടെന്നങ്ങു കോഴിക്കുഞ്ഞാവുകയില്ല. കുറെ ദിവസങ്ങൾ തള്ളക്കോഴി അതിൽ അടയിരുന്നാലേ ആ മുട്ട വിരിയൂ. കടലിലെ തിര ആദ്യം തീരെ ചെറുത്. അതു ക്രമേണ വലുതാകുന്നു. ഏഴാമത്തെ തിര ഏറ്റവും വലുത് (സായ്പന്മാരുടെ മതമനുസരിച്ച് മൂന്നാമത്തെ തിരയാണ് ഏറ്റവും വലുത്). ഈ മന്ദഗതി എല്ലായിടത്തും കാണാം. പ്രപഞ്ചത്തിന്റെ ഘടനയിലുള്ളതാണു ഈ മന്ദഗതി. അതിനാൽ കുറ്റം ചെയ്തവന് ഉടനെ ശിക്ഷ കിട്ടുകില്ല. കാലം കഴിയുമ്പോൾ അതു കിട്ടും തീർച്ച. തൽക്കാലം അപവാദങ്ങൾ പ്രചരിപ്പിക്കാം. അന്യന്റെ വസ്തു കൈയേറാം. കുതികാൽ വെട്ടാം. ഉടനെ പ്രകൃതി ശിക്ഷിക്കില്ല. പക്ഷേ ശിക്ഷ ഈ ജീവിതകാലത്തു തന്നെകിട്ടും.

Symbol question.svg.png വൈലോപ്പിള്ളി, ഇടശ്ശേരി, എൻ. വി. കൃഷ്ണവാരിയർ, ചങ്ങമ്പുഴ, വയലാർ രാമവർമ്മ ഇവരിൽ ഒന്നാം സ്ഥാനമാർക്ക്?

ഏതു കവി ചരമത്തിനു ശേഷം തന്നെപ്പോലെ അനേകം കവികളെ സൃഷ്ടിക്കുന്നുവോ ആ കവിയാണ് അദ്വിതീയൻ. വൈലോപ്പിള്ളി തുടങ്ങിയവർ കവികളെന്ന പേരിൽ കീർത്തിയാർജ്ജിച്ചെങ്കിലും ചങ്ങമ്പുഴയെപ്പോലെ മറ്റു കവികളെ സൃഷ്ടിച്ചില്ല. അദ്ദേഹത്തെപ്പോലെ ഒരു യുഗം ഉദ്ഘാടനം ചെയ്തില്ല. അതിനാൽ ചങ്ങമ്പുഴയാണ് ഒന്നാം സ്ഥാനത്തിനു അർഹൻ. ചങ്ങമ്പുഴയൊഴിച്ചുള്ള കവികൾ - വിശേഷിച്ചും എൻ. വി. കൃഷ്ണവാരിയർ - സമീപഭാവിയിൽ വിസ്മരിക്കപ്പെടും.

Symbol question.svg.png നിങ്ങളുടെ അഭിമുഖസംഭാഷണങ്ങൾ ഇപ്പോൾ കാണാറില്ലല്ലോ. പ്ത്രക്കാർ നിങ്ങളെ അവഗണിക്കുന്നുണ്ടോ?

ഒന്നാമത്തെ കാര്യം എനിക്ക് അതിനു പ്രാധാന്യമില്ല എന്നതാണ്. വരുന്നവരോട് ഞാനതു പറയും സത്യസന്ധമായിത്തന്നെ. രണ്ടാമത്തെ കാര്യം അഭിമുഖസംഭാഷണത്തിനു വരുന്നവർ നെഞ്ചു കുത്തിക്കീറി ഹൃദയമെടുക്കാൻ ശ്രമിക്കുന്നു എന്നതാണ്. രക്താശയമില്ലാതെ ജീവിക്കാൻ പറ്റുമോ?

Symbol question.svg.png എ. സി. റൂം നല്ലതാണോ?

കഴിയുന്നതും അതു ഒഴിവാക്കണം. വലിയ ബാങ്കുകളിലെ മാനേജർമാർ അകാല ചരമമടയുന്നത് എപ്പോഴും എ. സി. മുറിയിൽ ഇരിക്കുന്നതു കൊണ്ടാണ്.

എനിക്ക് മനസ്സിലായി

1. കാലത്തു ഡോർ ബെൽ ശബ്ദിക്കുന്നു. ഓടിച്ചെന്ന് വാതിൽ തുറന്നപ്പോൾ ഭംഗിയായി വസ്ത്രധാരണം ചെയ്ത രണ്ടു മാന്യന്മാർ. ‘വരണം വരണം, ഇരിക്കൂ’ എന്നു ബഹുമാനത്തോടെ ക്ഷണിച്ചു, ഞാൻ അവരെ. പണപ്പിരിവിനെത്തിയവരാണ് തങ്ങളെന്ന് അവർ വ്യക്തമാക്കിയതോടെ എന്റെ ബഹുമാനം കാണിക്കൽ അസ്ഥാനത്തായിപ്പോയെന്ന് ഞാൻ മനസ്സിലാക്കി.

2. രാത്രിയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ഞാനൊരു ഡോക്ടറെ കാണാൻ പോയി. രോഗികളെ കാണാനില്ല. അതുകണ്ട് ഉടനെ ഡോക്ടറോട് സംസാരിക്കാമല്ലോ എന്നു വിചാരിച്ച് ഡോർ ബെല്ലിൽ വിരലമർത്തി പിടിച്ച് അഞ്ചു മിനിറ്റു നേരം മിണ്ടാതെ നിന്നു. വീണ്ടും വിരലമർത്തി. ഡോക്ടർ വരുന്നില്ല. അഞ്ചുമിനിറ്റ് കഴിഞ്ഞ് വീണ്ടും വിരലമർത്തൽ. ബട്ടണിൽ നിന്ന് വിരലെടുക്കാതെ അത് അമർത്തിക്കൊണ്ട് നിന്നു. അപ്പോൽ അദ്ദേഹം വന്നു, നീരസത്തോടെ ഒരു നോട്ടമെറിഞ്ഞു. ഡോക്ടറെ കാണണമെങ്കിൽ അദ്ദേഹത്തിന്റെ ഡോർബെൽ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കണമെന്ന് എനിക്ക് മനസ്സിലായി.

3. മേശയ്ക്കടുത്തു കസേരയിട്ട് അതിൽ നട്ടെല്ല് നിവർത്തിയിരുന്ന് എഴുതണം എന്നാണ് സ്കൂളിൽ പഠിച്ചത്. അതനുസരിച്ച് ‘സാഹിത്യവാരഫലം’ എഴുതാനിരുന്നു, ഞാൻ. ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് തുറന്നു നോക്കി. ശ്രീ. എം. വി. നാരായണന്റെ ‘ഭാരതീയരുടെ അസ്ക്യതകൾ’ എന്ന ലേഖനം വായിച്ചു. ‘അസ്ക്യതകൾ’ എന്ന പ്രയോഗം കണ്ട് ഞാനൊന്ന് പിടഞ്ഞു. അസഹ്യത എന്നതിന്റെ വടക്കൻ രൂപമാകാമത് എന്ന് പിന്നീട് വിചാരിക്കുകയും ചെയ്തു. ഈ പ്രബന്ധ സാഗരത്തിൽ പലതവണ മുങ്ങിത്തപ്പിയിട്ട് മുത്തു കിട്ടിയില്ലെന്നു മാത്രമല്ല, ചിപ്പിപോലും കിട്ടിയില്ല. താഴെച്ചേർക്കുന്ന ഭാഗമെത്തിയപ്പോൾ എനിക്ക് തളർച്ചയുണ്ടായി. കസേരയിൽ നിന്ന് എഴുന്നേറ്റ് ചാരുകസേരയിൽ കിടന്നു. പരിചാരകനെ വിളിച്ച് ‘കേശവാ, ഒരു ഗ്ലാസ്സ് ചുക്കുവെള്ളം വേഗം കൊണ്ടു വാ’ എന്നുപറഞ്ഞു. എനിക്ക് തലചുറ്റലും ഓക്കാനവുമുണ്ടാക്കിയ ഭാഗമിതാ:

“ഈ നിലപടിനെ, ആധുനികോത്തരതയെ സംബന്ധിക്കുന്ന ഒരു ബ്രോദ്രിലാർഡിയൻ വീക്ഷണവുമായി കൂട്ടിച്ചേർക്കുകയാണ് പിന്നീട് ലേഖനം ചെയ്യുന്നത്. എല്ലാം ആവരണം ചെയ്യുന്ന ഒരു മാധ്യമസംസ്കാരത്തിൽ അകവും പുറവും തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കുന്നതോടെ, വിശകലനത്തിനും വിമർശനത്തിനുമുള്ള ഒരു കേന്ദ്രം നഷ്ടപ്പെടുന്നുവെന്നും, സാരൂപങ്ങളുടെ ഒരു അതിയാതാർത്ഥ്യത്തിൽ വിലയിക്കുക മാത്രമാണ് മനുഷ്യന്റെ അതി എന്നുമുള്ള ബോദ്രി ലാൻഡിന്റെ കാഴ്ചപ്പാടിനെ ‘കാണുന്ന ദൃശ്യവുമായി തന്മയീഭവിക്കുകയെന്ന മാധ്യമസംസ്കാരമായും’, ‘ഉപഭോഗിക്കാനായി ഉപഭോഗിക്കുകയെന്ന ഉപഭോഗസംസ്കാരമായും’ ലേഖനം അവതരിപ്പിക്കുന്നു.”

എങ്ങനെയിരിക്കുനു നാരായണന്റെ നരനായാട്ട്? ഇമ്മട്ടിലാണ് കേരളത്തിലെ നിരൂപകർ അറിവില്ലാത്ത നമ്മളെ ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു (ഇത്തരം ലേഖനങ്ങൾ പരസ്യപ്പെടുത്തുമ്പോൾ പത്രമാപ്പീസിലെ ആരെങ്കിലും അതിന്റെ മലയാളം തർജ്ജമ കൂടി പാവപ്പെട്ട ഞങ്ങൾക്ക് നൽകണമെന്ന് അപേക്ഷിക്കുന്നു. അസ്ക്യത പോലെയുള്ള വൾഗർ വാക്കുകൾ നാരായണൻ മേലിലും ധാരാളം പ്രയോഗിക്കണമെന്നും അഭ്യർത്ഥനയുണ്ട്).

രണ്ട് പുസ്തകങ്ങൾ

കുറ്റം ചെയ്തവന് ഉടനെ ശിക്ഷ കിട്ടുകയില്ല. കാലം കഴിയുമ്പോൾ അതു കിട്ടും. തീർച്ച. തൽക്കാലം അപവാദങ്ങൾ പ്രചരിപ്പിക്കാം. അന്യന്റെ വസ്തു കയ്യേറാം. കുതുകാൽ വെട്ടാം. ഉടനെ പ്രകൃതി ശിക്ഷിക്കില്ല. പക്ഷേ ശിക്ഷ ഈ ജീവിതകാലത്തു തന്നെ കിട്ടും.

“മറ്റു പുരുഷന്മാരുടെ ശരീരങ്ങളെ കൊല്ലാൻ പുരുഷന്മാർ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? സ്ത്രീകൾക്ക് മറ്റു സ്ത്രീകളുടെ ശരീരങ്ങളെ കൊല്ലാൻ ആഗ്രഹമില്ല…

വഴക്കങ്ങൾ അനുസരിച്ച ചില കാരണങ്ങൾ ഇതാ:

കൊള്ളയടിക്കൽ, പ്രദേശം, അധികാരത്തിനുള്ള അത്യാർത്തി. അന്തർഗ്രന്ഥി സ്രാവം (ഹാർമോൺ), ഉയർന്ന എഡ്രിനെലിൻ (ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം ഇവയുടെ നിരക്കു കൂട്ടൂന്ന ഒരു ഗ്രന്ഥിസ്രാവം). ദേഷ്യം, ഈശ്വരൻ, കൊടി, അഭിമാനം, ധർമ്മരോഷം, പ്രതികാരം, പീഡനം, അടിമത്തം, പട്ടിണി, ആത്മരക്ഷ, സ്നേഹം അല്ലെങ്കിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനുള്ള ആഗ്രഹം. എതിൽ നിന്ന് രക്ഷിക്കാൻ? മറ്റു പുരുഷന്മാരുടെ ശരിരങ്ങളിൽ നിന്ന് രക്ഷിക്കാൻ.

പുരുഷന്മാർ കൂടുതൽ പേടിക്കുന്നത് സിംഹങ്ങളെയല്ല, പാമ്പുകളെയല്ല, ഇരുട്ടിനെയല്ല, സ്ത്രീകളെയല്ല… പുരുഷന്മാർ കൂടുതൽ പേടിക്കുന്നത് മറ്റൊരു പുരുഷന്റെ ശരീരത്തെയാണ്. പുരുഷശരീരങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും അപകടകാരികളായ വസ്തുക്കൾ. കനേഡിയൻ നോവലിസ്റ്റ് മാർഗററ്റ് അറ്റ്‌വുഡിന്റെ ‘Good Bones’ എന്ന പുസ്തകത്തിലുള്ളതാണിത്.

ഇത് ‘വാചികനൈപുണ്യമല്ല’ (verbal cleverness എന്ന് ഇംഗ്ലീഷിൽ വിചാരിച്ചിട്ട് തർജ്ജമ ചെയ്ത പ്രയോഗം) ബുദ്ധിശക്തിയുടെ ഫലമാണ്. ഓസ്കാർ വൈൽഡിനെപ്പോലെ വാചിക കസർത്തുകൾ ചെറുതായ ശ്രമം കൊണ്ട് ആർക്കും നടത്താവുന്നതേയുള്ളൂ. ‘I am due at the club. It is the hour when we sleep there’ എന്ന് വൈൽഡ് പറയുമ്പോൾ നമ്മൾ ചിരിക്കുന്നു. പക്ഷേ ആ ചിരിയല്ലാതെ വേറൊന്നുമില്ല അതിൽ. അറ്റ്‌വുഡിന്റെ പ്രസ്താവങ്ങൾ നമ്മളുടെ ബുദ്ധിശക്തിക്ക് ഉത്തേജകം നൽകുന്നു. ‘The English have a miraculous power of turning wine into water’ എന്ന വൈൽഡിന്റെ വാക്യത്തിലും ശ്രോതാക്കളെ ചിരിപ്പിക്കുന്ന സാമർത്ഥ്യമേയുള്ളൂ. ബുദ്ധിശക്തിയുടെ സ്ഫുരണമില്ല.

അറ്റ്‌വുഡിന്റെ ‘Murder in the Dark’ എന്ന പുസ്തകവും ഇതുപോലെ ധിഷണയെ ഉത്തേജിപ്പിക്കുന്നതാണ്. ആദ്യത്തെ വേഴ്ചയ്ക്കു ശേഷം പുരുഷന് കാമുകിയിലുള്ള തല്പരത്വം ഇല്ലാതാവുന്നു. പക്ഷേ അവൾക്ക് അയളെ വിട്ടുകളയാൻ വയ്യ. അതുകൊണ്ട് അവൾ എന്തു ചെയ്യുന്നു? ഗ്രന്ഥകർത്രി പറയുനത് കേൾക്കുക:

“He doesn’t take off Mary’s clothes, she takes them off herself, she acts as if she is dying for it every time, not because she likes sex exactly, she doesn’t but she wants John to think she does because if they do it often enough surely he’ll get used her, he’ll come to depend on her and they will get married, but John goes out the door with hardly so much as a good night and three days later he turns up at six O’clock and they do the whole thing over again.”

“Young men want to be faithful, and are not; old men want to be faithless, and cannot” എന്നു വൈൽഡ് പറയുന്നതിന്റെ ആദ്യത്തെ ഭാഗം വാചികനൈപുണ്യത്തോടെ ആവിഷ്കരിച്ചതാണ്. അതു തന്നെ അറ്റ്‌വുഡ് ധിഷണാവിലാസത്തോടെ മുകളിലെഴുതിയ ഭaഗത്തിൽ പ്രകാശിപ്പിക്കു

ന്നു. അറ്റ്‌വുഡിന്റെ രണ്ടു ഗ്രന്ഥങ്ങളും ഉത്കൃഷ്ടങ്ങളാണ് (Good Bones, Vrago Press, Murder in the Dark, Vrago Press)

വൈക്കം, കെ. പി. ഉമ്മർ

ശ്രീ വൈക്കം ചന്ദ്രശേഖരൻ നായർ കുങ്കുമം വാരികയുടെ പത്രാധിപരായിരിക്കുന്ന കലം. ഞാൻ ഒരാളിന്റെ കവിത വാരികയിൽ പ്രസിദ്ധപ്പെടുത്തണമെന്ന അപേക്ഷയുമായിട്ടാണ് അദ്ദേഹത്തെ കാണാൻ ചെന്നത്. നല്ല മനുഷ്യനും നല്ല പത്രാധിപരുമായിരുന്ന ചന്ദ്രശേഖരൻ നായർ കവിത വാരികയ്ല് കൊടുക്കാമെന്നു സമ്മതിച്ചു. കൊടുക്കുകയും ചെയ്തു. അതു പറയാനല്ല ഞാൻ ഒരുമ്പെട്ടത്. അക്കാലത്ത് പത്രാധിപരെ വാരികയുടെ കാര്യത്തിൽ സഹായിച്ചിരുന്ന ഒരാൾ സ്ത്രീകളുടെ പറട്ടക്കഥകൾ ഏറെ വാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ചന്ദ്രശേഖരൻ നായരുടെ സമ്മതം കൂടാതെയുള്ള ആ പ്രസിദ്ധീകരണത്തിൽ അദ്ദേഹം പ്രതിഷേധിച്ചിരുന്നുമില്ല. ഞാൻ കുങ്കുമം ഓഫീസിൽ ചെന്ന ആഴ്ചയിലും പറട്ടകളിൽ പറട്ടയായ ഒരു കഥ ആ വ്യക്തി വാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അദ്ദേഹവുംകൂടി ഇരിക്കുന്ന ഓഫീസ് മുറിയിൽ വച്ച് ഞാൻ വൈക്കത്തോട് പറഞ്ഞു: ‘ഇമ്മാതിരി കഥകൾ തുടർച്ചയായി വന്നാൽ വാരികയുടെ അന്തസ്സു നശിക്കും”. അദ്ദേഹം അതുകേട്ട് ചിരിച്ചുകൊണ്ട് കഥ വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ആളിനോടു ചോദിച്ചു: സാറ് പറഞ്ഞത് കേട്ടില്ല്ലേ? സ്ത്രീജന തല്പരനായ ആ ആൾ കറുത്ത പല്ലുകളും അവയേക്കാൾ കറുത്ത മോണയും കാണിച്ച് ചിരിച്ചുകൊണ്ട് മറുപടി നൽകി: കഥയെഴുതിയ സ്ത്രീ എഞ്ചിനീയറാണ്. എഞ്ചിനീയറാണ്. വൈക്കം ചിരി വിടാതെ ഏറ്റവും സൗമ്യനായി ചോദിച്ചു: ‘അവർക്ക് എഞ്ചിനീയറിങ് മാത്രം നോക്കിക്കൊണ്ടിരുന്നാൽപ്പോരേ? ഈ സാഹസവും കൂടി വേണോ? വായനക്കാരെയും വാരികയേയും അധഃപതിപ്പിക്കണോ?’

എന്റെ അഭിവന്ദ്യ സുഹൃത്തായ, കീർത്തിചന്ദ്രികയിൽ ആമജ്ജനം ചെയ്തു നിൽക്കുന്ന അഭിനേതാവായ ശ്രീ. കെ. പി. ഉമ്മർ ‘മഹിളാചന്ദ്രികയിൽ’ എഴുതിയ ‘ഝിം, ഝിം, ഝം’ എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്ക് വൈക്കം ചന്ദ്രശേഖരൻ നായരെപ്പോലെ അദ്ദേഹത്തോടും ചോദിക്കാൻ തോന്നി: “സുഹൃത്തേ, താങ്കൾക്ക് അഭിനയം മാത്രം പോരേ? തകഴിയും, വൈക്കം ബഷീറും വ്യാപരിച്ച കഥാമണ്ഡലത്തിൽ താങ്കളും കൂടി ഈ വേഷം കെട്ടേണ്ടതുണ്ടോ?”

ബാലിശവും ക്ഷുദ്രവുമാണ് ഉമ്മറിന്റെ കഥ. ഒരു പാവം വടിയുടെ അറ്റത്തുകെട്ടിയ ചിലങ്ക കിലുക്കിക്കൊണ്ട് റോഡിലൂടെ എന്നും കാലത്തു പോകും. ഝിം, ഝിം, ഝിം എന്ന ശബ്ദം കേട്ട് എല്ലാവരും പേടിച്ചു. ഒടുവിൽ മൂന്നോ നാലോ ധീരന്മാർ അയാളെ തടഞ്ഞുനിറുത്തിയപ്പോഴാണ് ശബ്ദം കേൾപ്പിച്ചയാൾ പ്രേതമല്ലെന്നും, പള്ളിയിൽ പോകുന്ന പാവമാണെന്നും, പട്ടി കടിക്കാതിരിക്കൻ വേണ്ടി ചിലങ്ക കിലുക്കിയതാണെന്നും സ്പഷ്ടമായത്. കഥാസാഹിത്യത്തിന്റെ വസന്തകാലം കേരളത്തിൽ കഴിഞ്ഞെങ്കിലും ഉമ്മറിന്റെ രചനയുടെ ബീഭത്സതയോളം ബീഭത്സതയില്ല അത്യന്താധുനിക കാലത്തുണ്ടാകുന്ന ചെറു കഥകൾക്ക്.

ഉമ്മർ രചനാവൈഭവമില്ലാത്ത ആളല്ല. പണ്ട് അദ്ദേഹത്തിന്റെ ഒരു ബന്ധുവിന് രോഗം കൂടിയപ്പോൾ ഡോക്ടർക്ക് ടെലിഫോൺ ചെയ്യാൻ ശ്രമിച്ചതും, അലവലാതികളായ ഒരു കാമുകനും കാമുകിയും ഇടവിടാതെ ദീർഘനേരം ഫോണിൽ സംസാരിച്ചതിനാൽ അദ്ദേഹത്തിന് ഡോക്ടറെ വിവരമറിയിക്കാൻ കഴിയാതെ വന്നതും, അതിന്റെ ഫലമായി രോഗി അന്ത്യശ്വാസം വലിച്ചതുമൊക്കെ അദ്ദേഹം ഹൃദയസ്പർശിയായി വർണ്ണിച്ചിരുന്നു. ഇരുപതുകൊല്ലം മുൻപാണ് ഞാനത് വായിച്ചത്. അന്ന് ഉമ്മർ കാണിച്ച രചനാവൈദഗ്ധ്യം ഇന്നു കാണിക്കുന്നില്ല.

പലരും പലതും

മഷിയെ അവഗണിക്കുകയും ചുണ്ടമർത്തലിന് തൂലികയമർത്തലിനേക്കാൾ പ്രാധാന്യം കല്പിക്കുകയും ചെയ്യുന്ന കാലയളവാണ് നമ്മുടേത്.

1. എം. ഗോവിന്ദൻ, ശ്രീ. ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവലിന്റെ സ്തോതാവായി നടക്കുന്ന കാലം. ഞാൻ ആ നോവൽ വായിച്ചതിനു ശേഷം എന്റെ ശിഷ്യൻ ശ്രീ. ഇ. എൻ. മുരളീധരൻ നായരോട് (മുഖ്യമന്ത്രി ശ്രീ. ഇ. കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറി ഇപ്പോൾ) പറഞ്ഞു ധിഷണാപരമായ ഭാവനയുടെ സൃഷ്ടിയായ ആ നോവലിനെ എനിക്ക് അംഗീകരിക്കാനാവില്ലെന്ന്. മുരളീധരൻ നായർ എന്റെ ആ മതം ഗോവിന്ദനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അതു സരമില്ല. കൃഷ്ണൻ നായർക്ക് ഒരഭിപ്രായമുണ്ടല്ലോ അതുമതി.” ഒരഭിപ്രായവുമില്ലാതെ നടക്കുന്നവരേക്കാൾ അഭിപ്രായമുള്ളവരെ ആദരിക്കുന്ന സ്വഭാവമുണ്ടായിരുന്നു ഗോവിന്ദന്.

2. Francoise Sagan എന്ന ഫ്രഞ്ച് നോവലിസ്റ്റിന്റെ (സ്ത്രീ) ‘Bonfour Tristesse’ എന്ന നോവൽ മനോഹരമാണെന്ന് കൗമുദി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന കെ. ബാലകൃഷ്ണൻ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിലുള്ള മൂലകൃതി 8,40,000 പ്രതികളാണ് വിറ്റുപോയത്. തർജ്ജമകൾ 45,00,000 പ്രതികൾ വിറ്റു. ഇത്രയും കോപ്പികൾ വിറ്റതുകൊണ്ട് നോവൽ കേമമാണെന്ന് വരുന്നില്ല. ഇതെഴുതുന്നയാൾ സഗാങ്ങിന്റെ എല്ലാ നോവലുകളും വായിച്ചിട്ടുണ്ട്. പങ്കിളി നോവലുകളുടെ നിർമ്മാണത്തിന് ഒരു ഫാക്ടറി ഉണ്ടാക്കി അതിന്റെ അധികാരസ്ഥാനത്തിരുന്ന സ്ത്രീയാണ് ഇവർ. ബാലകൃഷ്ണൻ വാഴ്ത്തിയ നോവലും പൈങ്കിളി തന്നെ.

3. വാമൊഴിയേക്കാൾ വരമൊഴിയാണ് ശ്രേഷ്ഠമെന്ന് വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത മഹാകവിയാണ് യോസിഫ് ബ്രോഡ്സ്കി. ‘Ink is more honest than blood’ എന്നും ‘There are places where lips touched lips for the first time ever, or pen pressed paper with real fervour’ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചുണ്ടുകൾ ആദ്യമായി മറ്റു ചുണ്ടുകളെ അമർത്തുന്ന സ്ഥലങ്ങളുണ്ട്. പക്ഷേ തൂലിക കടലാസ്സിൽ അമരുമ്പോഴാണ് യഥാർത്ഥ തീവ്രതയോ വികാര തീക്ഷ്ണതയോ ഉണ്ടാകുന്നത്. മഷിക്ക് രക്തത്തേക്കാൾ സത്യസന്ധതയുമുണ്ട്. ബ്രൊഡ്സ്കിയുടെ രണ്ട് പ്രസ്താവങ്ങളും രചനകളുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്നു. ദൗർഭാഗ്യത്താൽ മഷിയെ അവഗണിക്കുകയും ചുണ്ടമർത്തലിന് തൂലികയമർത്തലിനേക്കാൾ പ്രാധാന്യം കല്പിക്കുകയും ചെയ്യുന്ന കാലയളവാണ് നമ്മുടേത്.

4. പെരിങ്ങോളുകാരനായ ഒരെഴുത്തുകാരൻ എന്റെ വീട്ടിലെത്തി. എത്തി കസേരയിലിരുന്നതേയുള്ളൂ. പെട്ടെന്ന് അദ്ദേഹം ചാടിയെഴുന്നേറ്റ് എന്റെ വീട്ടിന്റെ ഉള്ളിലേക്ക് ഒറ്റച്ചാട്ടം. ‘സാറിന്റെ ഗ്രന്ഥപ്പുരയൊന്നു കാണട്ടെ’ എന്ന് ചാടുന്ന വേളയിൽ ആ മനുഷ്യൻ പറഞ്ഞതു ഞാൻ കേട്ടു. അതിഥിയെ അപമാനിക്കരുതല്ലോ എന്നു വിചാരിച്ച് വീട്ടിനകത്തേക്കുള്ള ചാട്ടം എന്റെ ഏകാന്തതയിലേക്കുള്ള (privacy) കറന്നുകയറ്റമാണെങ്കിലും സാരമില്ല എന്ന് ചിന്തിച്ച് ഞാനും അദ്ദേഹത്തോടൊപ്പം ചാടിച്ചെന്നു. പുസ്തകങ്ങളാകെ നോക്കി, ചിലതെടുത്ത് കക്ഷത്തിൽ വച്ച് അദ്ദേഹം തിരിച്ചു വന്നു. ഭാഗ്യം കൊണ്ട് മലയാളം പുസ്തകങ്ങളേ അദ്ദേഹം എടുത്തുള്ളൂ. പെരിങ്ങോളുകാരന് നന്ദി.

സ്ത്രീകൾ വീട്ടിൽ വന്നാൽ പുസ്തകങ്ങൾ കണ്ടിട്ടേ പോകുകയുള്ളൂ. ഒരു ദിവസം എന്റെ വീട്ടിലെത്തിയ ഒരു ചെറുപ്പക്കാരി ‘പുസ്തകങ്ങൾ കാണട്ടെ’ എന്നു പറഞ്ഞു. ‘വരൂ’ എന്നു ഞാൻ. ഞാൻ മുൻപിൽ നടന്നു. ഓരോ അലമാരിയും തുറന്നിട്ടു. മേശപ്പുറത്തു അടുക്കിവച്ച പുസ്തകങ്ങൾ മേൽത്തട്ടിൽ ചെന്നു തട്ടി നിൽക്കുന്നുണ്ട്. അവയുടെ ഇടയിൽ നിന്ന് ഇറങ്ങി വന്ന എലികളും പാറ്റകളും യുവതിയെ സ്വാഗതം ചെയ്തു വെളിയിലേക്കു ചാടി. സൂക്ഷിച്ചു നോക്കിയിരുന്നെങ്കിൽ ഞാൻ ആ ആഴ്ചയിൽ വാങ്ങിച്ച ഇലിയഡിന്റെ ഇംഗ്ലീഷ് തർജ്ജമപ്പുസ്തകത്തിന്റെ (ഫിറ്റ്സ് ജെറാൾഡിന്റെ തർജ്ജമ) ഒരു മൂല മുഴുവൻ എലിയുടെ വായിലിരിക്കുന്നതു കാണാമായിരുന്നു. ശ്രീ. സുകുമാർ അഴീക്കോടു പറഞ്ഞതു സത്യം. വാങ്ങിയ പുസ്തകങ്ങൾ നമ്മൾ വായിക്കാത്തതു കൊണ്ട് അവ തീറ്റിച്ചു നമ്മളോടു പ്രതികാരം ചെയ്യുന്നു. മുറിയിൽ ദൂരെ ഒരലമാരി നിറയെ പുസ്തകങ്ങൾ, ‘ചെന്നു നോക്കിക്കൊള്ളു അവയും’ എന്നു ഞാൻ പറഞ്ഞെങ്കിലും യുവതി ശങ്കാകുലയായി നിന്നതേയുള്ളു. ഞാൻ അകലെയാണു നിൽക്കുന്നത്. എങ്കിലും അവർ അലമാരിയുടെ അടുത്തുപോലും പോയില്ല. പോയില്ലെന്നു മാത്രമല്ല സംശയത്തോടെ കൂടക്കൂടെ തിരിഞ്ഞു നോക്കുകയും ചെയ്തു. നൂറു വയസ്സുള്ള എന്റെ നേർക്കാണ് ഭയത്തിന്റെയും സംശയത്തിന്റെയും നോട്ടങ്ങൾ അവർ അയച്ചത്. വാതിലിനു അടുത്തു വച്ച അലമാരിയിലെ മലയാളം പുസ്തകങ്ങൾ നോക്കാൻ ചെറുപ്പക്കാരി എത്തിയപ്പോൾ ഞങ്ങൾ തമ്മിലുള്ള അകലം കുറവാണെന്നു കണ്ടു ഞാൻ തൊട്ടടുത്തുള്ള മുറിയിലേക്കു ചെന്നു കസേരയിൽ ഇരുന്നു. അപ്പോൾ അവരുടെ അസ്വസ്ഥതയും സംശയവും മാറി. എന്നിട്ട് ഓരോ പുസ്തകവുമെടുത്ത് അഭിപ്രായം പറഞ്ഞു.

തകഴിയുടെ ചെമ്മീൻ
നല്ല പ്രേമകഥ. കലയിലൂടെ സ്വർണ്ണം വാരിയെറിഞ്ഞു കൊടുക്കും വായനകാർക്കു അദ്ദേഹം. പക്ഷേ നിത്യജീവിതത്തിൽ ലുബ്ധ്.
പൊൻകുന്നം വർക്കിയുടെ കഥാസമാഹാരം
സർ. സി. പിയെ കഥകളിലൂടെ എതിർത്ത ധീരൻ. സമ്മാനം നൽകുന്നവരെപ്പോലും എതിർക്കുന്ന ധീരതയുണ്ട് അദ്ദേഹത്തിന്.
കേശവദേവിന്റെ അയൽക്കാർ
ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിനെക്കാൾ ഉത്കൃഷ്ടമാണ് ഇതെന്നു സ്വയം വിശ്വസിച്ചു ദേവ്. ഈ വിശ്വാസമറിഞ്ഞ് ടോൾസ്റ്റോയി ശവകുടീരത്തിനകത്തു കിടന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നുണ്ട്.

ഇത്രയും പറഞ്ഞിട്ട് അവർ പൂമുഖത്തേക്കു വന്നു. അല്പം കഴിഞ്ഞു പോകുകയും ചെയ്തു. യുവതിയുടെ പെരുമാറ്റം കണ്ടിട്ടാവണം എനിക്ക് പൊടുന്നനെ അമ്പതു വയസ്സു കൂടി. ഇപ്പോൾ നൂറ്റമ്പതു വയസ്സാണെനിക്ക്.

നമ്മൾ മറ്റുള്ളവരുടെ പേരിൽ ചുമത്തുന്ന കുറ്റമെല്ലാം നമ്മുടെ കുറ്റം തന്നെയാണ്.

5) ഞാൻ ജോലി നോക്കിയിരുന്ന കാലത്ത് ഒരു വിദ്യാർത്ഥിനി എന്നോടു പതിവായി ഒരധ്യാപകനെക്കുറിച്ചു പരാതി പറയുമായിരുന്നു. ‘കുട്ടി തന്നെ നേരായ വിധത്തിൽ പെരുമാറിയാൽ മതി’ എന്നു ഞാൻ മറുപടി പറഞ്ഞു. യുവാവായ സന്ന്യാസി ആചാര്യനോടു പരാതിയുമായി ചെന്നു. ‘ഗുരോ ഞാൻ ധ്യാനത്തിൽ മുഴുകുമ്പോഴേല്ലാം ഒരു സുന്ദരി വന്നു എന്നെ വശീകരിക്കാൻ ശ്രമിക്കുന്നു’. ആചാര്യൻ ചുവപ്പു ചായത്തിൽ മുക്കിയ ബ്രഷ് അയാളെ ഏല്പിച്ചിട്ടു അറിയിച്ചു, “ഇനി അവൾ വരുമ്പോൾ ഈ ബ്രഷ് കൊണ്ടു അവളുടെ നെറ്റിയിൽ ഗുണനചിഹ്നമിട്ടു കൊടുക്കണം. അപ്പോൾ നമുക്കറിയാം പെണ്ണ് ആരെന്നു. അടുത്ത ധ്യാനവേളയിൽ യുവതി വന്നു. യുവാവ് ആചാര്യൻ പറഞ്ഞതു പോലെ ചിഹ്നമിട്ടു. അയാൾ ഓടി വന്ന് ഗുരുവിനെ കാര്യം അറിയിച്ചു. “നല്ലത് ഇനി പോയി കുളിച്ച് ഉറങ്ങു”. അയാൾ കുളിമുറിയിൽ കയറി കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ നെറ്റിയിൽ ചുവന്ന അടയാളം കണ്ടു. ഗുണപാഠം, നമ്മൾ മറ്റുള്ളവരുടെ പേരിൽ ചുമത്തുന്ന കുറ്റമെല്ലാം നമ്മുടെ കുറ്റം തന്നെയാണ്.