close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 06 23


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 06 23
ലക്കം 510
മുൻലക്കം 1985 06 16
പിൻലക്കം 1985 06 30
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കവിതയ്ക്കു സ്തംഭനം, ചെറുകഥയ്ക്കു സ്തംഭനം, നോവലിനു സ്തംഭനം എന്നൊക്കെ വിമര്‍ശകര്‍ പറയുമ്പോള്‍ ആയിരക്കണക്കിനു കാവ്യങ്ങളും ചെറുകഥകളും നോവലുകളും ആവിര്‍ഭവിക്കുന്നുണ്ടായിരിക്കും. എന്നിട്ടും അമ്മട്ടിലുള്ള പ്രസ്താവങ്ങള്‍! ഇതിനു ഹേതു എന്താകാം? നമ്മുടെ അനുഭവത്തിന്റെ കേന്ദ്രത്തെസ്പര്‍ശിക്കുന്ന കലാസൃഷ്ടികള്‍ കാണാതെയാവുമ്പോള്‍ ‘സ്തംഭനം’ എന്നു് ഉദ്ഘോഷിക്കാന്‍ നമ്മള്‍ സന്നദ്ധരാവും എന്നതാണു സത്യം. പുസ്തകക്കടകളില്‍ ദിവസന്തോറും നോവലുകള്‍ വന്നു മറിയുകയായിരിക്കും. കാവ്യ സമാഹാരഗ്രന്ഥങ്ങള്‍ കുന്നുകൂടുകയായിരിക്കും. ചെറുകഥാഗ്രന്ഥങ്ങള്‍ വലിച്ചിട്ടിരിക്കുന്നതുകൊണ്ടു കടയില്‍ കാലെടുത്തുവയ്ക്കാന‍് സ്ഥലമില്ലായിരിക്കും. കൊട്ടക്കണക്കിനു് ഇവ ആളുകള്‍ വാങ്ങിക്കൊണ്ടുപോകുന്നുണ്ടു്. വായിക്കുന്നുണ്ടു്. വായനകഴിഞ്ഞിട്ടാണു് സ്തംഭനം, സ്തംഭനം എന്നു മുറവിളികൂട്ടുന്നതു്. കാരണം അവയില്‍ ഒന്നുപോലും വായനക്കാരന്റെ അനുഭവത്തെ സ്പര്‍ശിക്കുന്നില്ല എന്നതാണു്. നോവലോ കഥയോ കാവ്യമോ വായിച്ചിട്ടു് “ഹാ ഇതുതന്നെയാണു് എനിക്കും പറയാനുള്ളതു്” എന്നു് ആര്‍ക്കും പ്രഖ്യാപിക്കാന്‍ കഴിയുന്നില്ല എന്നതാണു്. ഇതായിരുന്നില്ല അമ്പതു വര്‍ഷംമുന്‍പുള്ള സ്ഥിതി. അന്നു കഥയും കവിതയും വായനക്കാരുടെ ആന്തരാനുഭവങ്ങളെ പിടിച്ചു കുലുക്കിയിരുന്നു. തിരുവനന്തപുരത്തെ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ കാലത്തെഴുന്നേറ്റു് കൂട്ടുകാരോടുകൂടി വീട്ടിന്റെ വാതില്ക്കല്‍ നില്ക്കുമായിരുന്നു. നില്‍ക്കുന്നതു് നടപ്പാതയിലൂടെ എന്നും പോകുന്ന ഒരു കൊച്ചു സുന്ദരിയെ കാണാന്‍. കറുത്ത നിറമാണു് അവള്‍ക്കു്. എങ്കിലും എന്തെന്നില്ലാത്ത ആകര്‍ഷകത്വം. അവള്‍ ഞങ്ങള്‍ നില്ക്കുന്നിടത്തു് എത്തുമ്പോള്‍ പരിപൂര്‍ണ്ണമായ നിശ്ശബ്ദത. തെല്ലൊന്നു് അകന്നു കഴിയുമ്പോള്‍ ഞങ്ങള്‍ പാടും:

അവളെക്കറമ്പി കറുമ്പിയെന്നാ-
ണവിടെപ്പലരും വിളിച്ചുകേള്‍പ്പു.
കുവലയമൊട്ടവളെന്റെ ഹൃത്താം
നറു മലര്‍പ്പൊയ്ക കൊതിച്ച പുഷ്പം.

തൈക്കാട്ടു ചന്ദ്രശേഖരന്‍ നായരുടെ ഈ കാവ്യം ചൊല്ലി ഞങ്ങള്‍ പുളകം കൊള്ളും. രാത്രി, സ്വപ്നത്തില്‍പ്പോലും ഞങ്ങളുടെ അജാഗരിതഹൃദയങ്ങളില്‍ ഈ ചേതോഹരങ്ങളായ വരികള്‍ പ്രതിധ്വനിക്കുന്നുണ്ടായിരിക്കും. ആ പ്രതിധ്വനി കേള്‍ക്കുന്നതോടൊപ്പം ഞങ്ങളാഗ്രഹിക്കും അടുത്ത പ്രഭാതം ആയെങ്കിലെന്നു്. ഇന്നൊരു ബാലികയോടു് ചില ബാലന്മാര്‍ക്കു കൗതുകം ഉണ്ടായാല്‍ അവര്‍ ഏതു കാവ്യം ചൊല്ലും? ആറ്റൂര്‍ രവിവര്‍മ്മയുടെ കാവ്യം ചൊല്ലുമോ? ചൊല്ലിയാല്‍, പെണ്‍കുട്ടി അതു കേള്‍ക്കാനിടവന്നാല്‍ അവള്‍ മുഖം വീര്‍പ്പിച്ചു പൊയ്ക്കളയുകയില്ലേ? ഇഷ്ടപ്പെട്ടവരോടു തോന്നുന്ന അടുപ്പംപോലെ സാഹിത്യ സൃഷ്ടിയോടും അടുപ്പം തോന്നും. ലക്ഷമാളുകള്‍ ഉള്ളപ്പോള്‍ ഒരാളോടു സ്നേഹം തോന്നിയാല്‍ ലോകം പ്രകാശ പൂര്‍ണ്ണമാണെന്നു തോന്നും; എന്തൊരു സ്നേഹസമ്പന്നത! എന്നു പറഞ്ഞു പോകും. ആരോടും സ്നേഹം തോന്നിയില്ലെങ്കില്‍ ലോകം അന്ധകാര പൂര്‍ണ്ണം എന്ന തീരുമാനത്തിലെത്തും. അപ്പോള്‍ നിരാശത, വിഷാദം, നോവലുകളും കാവ്യങ്ങളും ചെറുകഥകളും പ്രതിദിനം, പ്രതിനിമിഷംപെരുകിവരുന്നു. പക്ഷേ ഒന്നിനോടും വായനക്കാരനു് അടുപ്പമില്ല. അതുകൊണ്ടു സ്തംഭനം, സ്തംഭനം എന്ന നിലവിളി.

വിഷ്ണുനാരായണന്‍ നമ്പൂതിരി

അടുപ്പത്തെക്കുറിച്ചു്, പരസ്പര പരിചയത്തെക്കുറിച്ചു് മുകളില്‍ നിര്‍വഹിച്ച സാമാന്യപ്രസ്താവത്തിനു് അപവാദം (exception) കാണാതിരിക്കില്ലല്ലോ. ആ രീതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ‘നീരാട്ടു്’ എന്ന കാവ്യം (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 12). ഈ ലോകത്തെ പരിപൂര്‍ണ്ണമായും സ്വീകരിച്ചുകൊണ്ടു്, ജീവിതത്തോടു് ഒരാധ്യാത്മിക മനോഭാവം പ്രദര്‍ശിപ്പിച്ചു കവി സ്വന്തം ആത്മാവിനെ കണ്ടെത്തുന്ന ഈ കാവ്യം യഥാര്‍ത്ഥമായ കവിതയുടെ നാദം ഉയര്‍ത്തുന്നു. മുടി മുറിക്കുന്ന ചടങ്ങു കഴിഞ്ഞപ്പോള്‍ ഉണ്ണിയുടെ അച്ഛന്‍ പറഞ്ഞു ഇനി ആറ്റില്‍ തനിച്ചു മുങ്ങിക്കുളിക്കാന്‍ ശീലിക്കണമെന്നു്. കരയ്ക്കുനിന്ന അമ്മ അവനു് ധൈര്യം കൊടുത്തു. കരയ്ക്കുകേറാതെ വെള്ളത്തില്‍ത്തന്നെ നിന്ന മകന്‍ പേടിച്ചുവോ എന്നു് അമ്മയ്ക്കു സംശയം. ഇല്ല. പേടിച്ചില്ല. കാലം കഴിഞ്ഞു. ഉണ്ണി വളര്‍ന്നു. പ്രായമൊത്ത പുരുഷനായി. എങ്കിലും അയാള്‍ ഇപ്പോഴും അരയ്ക്കൊപ്പമുള്ള ആറ്റില്‍ നീരാടി നില്ക്കുകയാണു്. എന്നിട്ടു ചോദിക്കുന്നു:

ഇളന്നീര്‍ കൊതിക്കുന്ന പമ്പാസരസ്സോ,
ഇരമ്പുന്ന വര്‍ഷാനിളക്കുത്തൊഴുക്കോ,
വെളുപ്പില്‍ കറുപ്പസ്തമിക്കുന്ന ദേവ-
പ്രയാഗത്തിലെത്തീര്‍ത്ഥമോ, സൂര്യലക്ഷം
തടത്തില്‍ത്തഴയ്ക്കുന്ന വിണ്‍ഗംഗയോ, ചി-
ജ്ജഡശ്രീല കൈവല്യ ലീലാസരിത്തോ
നനയ്ക്കുന്നു ചേതസ്സിനെ പ്രേമവായ്പാല്‍?
നിറയ്ക്കുന്നു വിശ്വത്തെ ദിവ്യാമൃതത്താല്‍?

അച്ഛന്റെ നിയോഗമനുസരിച്ചു ആറ്റിലിറങ്ങി നിലിക്കുന്നതു് ലൗകിക ജീവിതത്തിന്റെ പ്രതിരൂപാത്മകമായ പ്രവര്‍ത്തനം. അവിടെനിന്നു സൂര്യലക്ഷം തഴയ്ക്കുന്ന ആകാശഗംഗയിലേക്കു സംവീക്ഷണം നിര്‍വഹിക്കുന്നതു് ആദ്ധ്യാത്മികതയോടു ബന്ധപ്പെട്ട പ്രവര്‍ത്തനം. ഈ രണ്ടു പ്രവര്‍ത്തനങ്ങളും മറ്റു കവികള്‍ വാക്കുകളിലൂടെ ആവിഷ്ക്കരിച്ചിരിക്കാം. എന്നാല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയാവട്ടെ അന്യാദൃശമായ രീതിയില്‍ അവയെ പ്രതിപാദിക്കുന്നു. അതിലാണു് ഈ കാവ്യത്തിന്റെ വിജയമിരിക്കുന്നതു്.

* * *

“നിങ്ങളല്ലാതെ മറ്റാരെങ്കിലും പറഞ്ഞിരിക്കാന്‍ ഇടയുള്ളതു് പറയാതിരിക്കു; നിങ്ങളല്ലാതെ മറ്റാരെങ്കിലും ചെയ്തിരിക്കാന്‍ ഇടയുള്ളതു ചെയ്യാതിരിക്കു. ഇനി നിങ്ങളെക്കുറിച്ചാണെങ്കില്‍ നിങ്ങളിലല്ലാതെ മറ്റാരിലും ഇല്ലാത്ത അംശങ്ങളില്‍ മാത്രം തല്‍പരനായിരിക്കു. ക്ഷമയോടുകൂടിയോ അക്ഷമയോടുകൂടിയോ നിങ്ങളിലുള്ള അന്യാദൃശങ്ങളായ സത്തകളെ സൃഷ്ടിച്ചെടുക്കു” — ആങ്ദ്രേ ഷീദ്. ഏതു സാഹിത്യകാരനും സ്വീകരിക്കാവുന്ന സാരസ്വത രഹസ്യം.

ഗാമയുടെ തൊലിക്കട്ടി

ഇത്തരം സാരസ്വത രഹസ്യങ്ങള്‍ അറിയാതെ കഥയെഴുതുമ്പോള്‍, കവിതയെഴുതുമ്പോള്‍ കഷ്ടപ്പെടുന്നതു് വായനക്കാരാണു്; എഴുതുന്ന ആളല്ല. മാതൃഭൂമിയില്‍ ‘കഥയില്ലായ്മകള്‍’ എന്ന കഥയെഴുതിയ അഷിത ഇങ്ങനെ വായനക്കാരെ പീഡിപ്പിക്കുന്നു. പീഡനത്തിന്റെ സ്വഭാവമറിയണമെങ്കില്‍ കഥതന്നെ വായിച്ചുനോക്കണം. എങ്കിലും ഞാനൊന്നു ശ്രമിക്കട്ടെ. ടെലിവിഷനില്‍ എന്നെസ്സംബന്ധിച്ചിടത്തോളം ക്ലേശകരമായി തോന്നുന്നതു് അതിലെ ജയന്റ് റോബട്ട് പരിപാടിയാണു്. ക്ലേശകരമെന്നല്ല പറയേണ്ടതു്; തികച്ചും സ്റ്റുപിഡാണതു്. രാക്ഷസനെപ്പോലൊരുത്തന്‍ വിനാശത്തിനു് ഉദ്യുക്തനാവുന്നു. ഒരു പയ്യന്‍ വാച്ചുപോലുള്ള ഒരു ഉപകരണം തുറന്നു് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ നടത്തുന്നു. ഉടനെ ജയന്റ് റോബട്ട് കൈയുയര്‍ത്തി പറക്കുകയായി. പ്രതിയോഗിയെ ഇടിക്കുകയായി. രക്ഷയില്ലെന്നു കാണുമ്പോള്‍ ഉള്ളില്‍ സംഭരിച്ചുവച്ച അഗ്നി മുഴുവന്‍ ഫാലനേത്രങ്ങളില്‍ക്കൂടി പ്രവഹിപ്പിക്കുകയായി. പ്രതിയോഗി തോറ്റാല്‍ റോബട്ട് വീണ്ടും പറന്നു് അപ്രത്യക്ഷനാകുന്നു. റോബട്ടിന്റെ ഉള്ളിലെ തീപോലെ വാക്കുകള്‍ സംഭരിച്ചുവച്ചിരിക്കുന്നു അഷിത. കഥയെഴുതാനുള്ള ആഹ്വാനമുണ്ടായാലുടന്‍ അഷിത പ്രവഹിപ്പിക്കുന്നു. ഈ പ്രവാഹത്തില്‍ നിന്നെങ്ങനെ രക്ഷപ്പെടേണ്ടു എന്നറിയാതെ വായനക്കാര്‍ പരുങ്ങുന്നു. വാക്കുകള്‍ പ്രവഹിപ്പിച്ചിട്ടു് കഥാകാരി അപ്രത്യക്ഷയാകുന്നു. ഒരുത്തന്‍ വ്യഭിചരിക്കാന്‍ പോയപ്പോള്‍ അവനു കാമുകിയുടെ (പഠിപ്പിക്കുന്ന അദ്ധ്യാപികയുടെ) ഓര്‍മ്മ ഉണ്ടായിപോലും. അമ്മയെ ഓര്‍മ്മിച്ചുപോലും. എങ്കിലും എച്ചിലിലയില്‍ പട്ടി ചാടിവീഴുന്നപോല അവന്‍ വേശ്യയുടെ പുറത്തു വീണുപോലും. ഇതു പറഞ്ഞുവയ്ക്കുന്നതിന്റെ കൃത്രിമത്വം അസഹനീയമത്രേ. കഥയെന്നതു് വാക്കുകള്‍ കൊണ്ടുള്ള ഘടനയല്ല. വാക്കുകള്‍ പ്രയോഗിച്ചാല്‍ ഇമേജുകള്‍ ഉണ്ടാക്കിയിട്ടു് അവ അപ്രത്യക്ഷങ്ങളാവണം. ഇവിടെ ആ പ്രക്രിയനടക്കുന്നില്ല. കരിങ്കല്‍ക്കഷണങ്ങള്‍ കൊണ്ടു കൊത്തന്‍ മതില്‍കെട്ടി ഉയര്‍ത്തുന്നതുപോലെ അഷിത വാക്കുകള്‍ കൊണ്ടു കന്മതില്‍ ഉയര്‍ത്തുന്നു. ആ കന്മതിലിലൂടെ അപ്പുറം കാണാന്‍വയ്യ. കേശവദേവും തകഴിയും ബഷീറും പൊറ്റക്കാടും കാരൂരും കഥയെഴുതുമ്പോള്‍ ഉയരുന്നതു കന്മതിലല്ല, സ്ഫടികഭിത്തിയാണു്. അതിലൂടെ നോക്കിയാല്‍ അപ്പുറം കാണാം. സ്ഫടികനിര്‍മ്മിതമായ ഭിത്തിതന്നെ ഉണ്ടെന്നു് അറിയുകയില്ല. സാഹിത്യത്തിന്റെ ബാലപാഠങ്ങള്‍ അഷിത മനസ്സിലാക്കേണ്ടിയിരിക്കുന്നു.

* * *

അതിസുന്ദരി നഗ്നയായി നില്ക്കുമ്പോള്‍ അവളുടെ സൗന്ദര്യം മാത്രമേ നമ്മള്‍ ആസ്വദിക്കുന്നുള്ളു. മല്ലയുദ്ധ പ്രവീണന്‍ ലങ്കോട്ടിമാത്രം കെട്ടി ഗോദയില്‍നിന്നു മല്ലടിക്കുമ്പോള്‍ അയാളുടെ തൊലിയുടെ കട്ടിയാണു് നമ്മള്‍ അറിയുന്നതു്. തൊലിയുടെ മൃദുത്വംപോലുമറിയിക്കാതെ സൗന്ദര്യംമാത്രം ആസ്വദിപ്പിക്കുന്ന ‘ചന്ദ്രികയില്‍’ (In the moonlight — മോപസാങ്) എന്ന കഥപോലുള്ള കഥകള്‍ ഇന്നില്ല. ഗാമയുടെ തൊലിക്കട്ടിയുള്ള കഥകളാണു് ആഴ്ചപ്പതിപ്പുകളിലാകെ.

സിസ്റ്റര്‍ മേരി ബനീഞ്ജ

പട്ടുപോലുള്ള വാക്കുകള്‍കൊണ്ടു കാവ്യങ്ങള്‍ രചിച്ച കവയിത്രിയായിരുന്നു മേരി ജോണ്‍ തോട്ടം. ആലപ്പുഴെ സനാതന ധര്‍മ്മവിദ്യാലയത്തിലെ തേഡ്ഫോം വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണു് ഞാന്‍ അവരുടെ ‘കവിതാരാമം’ എന്ന കാവ്യഗ്രന്ഥം പഠിച്ചതു്. അതിലെ ഒരു ശ്ലോകം ഇപ്പോഴും ഓര്‍മ്മയിലുണ്ടു്.

തരുണിമണികളെപ്പോലുള്ളഴിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്മതില്ലെന്തുചെയ്യാം.
ചതികളുമിതുമട്ടില്‍ പുരുഷന്മാര്‍ തുടര്‍ന്നാല്‍
സതികളവര്‍ ശപിക്കും ലോകമെല്ലാം നശിക്കും.

ഈ കാവ്യഭാഗത്തില്‍ പ്രകടമാകുന്ന നൈരാശ്യത്താലാണു് അവര്‍ ആധ്യാത്മികജീവിതത്തിലേക്കു തിരിഞ്ഞതെന്നു് അക്കാലത്തു് പലരും പറഞ്ഞുകേട്ടിട്ടുണ്ടു്. പിന്നീടു് ഞാന്‍ അവരെ അറിയുന്നതു് സിസ്റ്റര്‍ മേരി ബനീഞ്ജ എന്ന പേരിലാണു്. അക്കാലത്തും അവര്‍ കാവ്യങ്ങള്‍ രചിച്ചിരുന്നു; ആധ്യാത്മികതയുടെ പരിമളം പ്രസരിപ്പിച്ച കാവ്യങ്ങള്‍. പ്രശസ്തയായ ഈ കവയിത്രിയുടെ നിര്യാണത്തില്‍ അകംനൊന്തു സെഡ്. എം. മൂലൂര്‍ ദീപിക ആഴ്ചപ്പതിപ്പില്‍ എഴുതിയിരിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കാന്‍ ശ്രമിച്ച മേരി ബനീഞ്ജയെക്കുറിച്ചു് ഒരാളെങ്കിലും എഴുതാനുണ്ടായല്ലോ. ആ ഉചിതജ്ഞതയെയും അതിനോടു ചേര്‍ന്നുനില്ക്കുന്ന സഹൃദയത്വത്തെയും നമുക്കു് അഭിനന്ദിക്കാം.

മേരി ബനീഞ്ജയുടെ കാവ്യങ്ങളെ വിലയിരുത്താനുള്ള സന്ദര്‍ഭമല്ലിതു്. എന്നെക്കാള്‍ പ്രഗല്ഭന്മാര്‍ അതനുഷ്ഠിച്ചിട്ടുണ്ടു്. അയ്യനം കുട്ടന്‍പിള്ള ഓടിച്ചകാര്‍ മറിഞ്ഞുണ്ടായ ‘ഷോക്കി’ന്റെ ഫലമായിട്ടാണു് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഏതാനുംനാള്‍ കഴിഞ്ഞു് മരിച്ചതു്. അദ്ദേഹം കാറില്‍ സഞ്ചരിച്ചിരുന്നു. എങ്കിലും ഏറിയ കൂറും കുതിരവണ്ടിയിലായിരുന്നു യാത്ര. അങ്ങനെ യാത്രചെയ്യുമ്പോള്‍ ഓരോ പുല്‍ക്കൊടിയും ഓരോ പുഷ്പവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരിക്കും. കുമാരനാശാന്‍ ബോട്ടില്‍ സഞ്ചരിച്ചപ്പോള്‍ കരകളില്‍ വളര്‍ന്നുനിന്ന ഇഞ്ചിപ്പല്ലുകളെ കണ്ടിരിക്കും. അവരുടെ കാവ്യങ്ങളില്‍ പുല്‍ക്കൊടിയും പുഷ്പവുമുണ്ടു്. ഇന്നത്തെ കവികള്‍ വേണാടു് എക്സ്പ്രസ്സിലും ജയന്തിജനതയിലും സഞ്ചരിക്കുന്നവരാണു്. അതുകൊണ്ടു് രണ്ടുവശത്തെയും പച്ചനിറമേ അവരുടെ കണ്ണില്‍ വന്നുവീഴുകയുള്ളു. വിമാനത്തിലാണു് ഡെല്‍ഹിയിലും മറ്റും അവര്‍ പോകുന്നതെങ്കില്‍ ആ നിറവുമില്ല. അക്കാരണത്താല്‍ അവരുടെ കാവ്യങ്ങളില്‍ അവ്യക്തവര്‍ണ്ണവും ശൂന്യതയും മാത്രമേയുള്ളു. കന്യാസ്ത്രീമഠത്തില്‍ പുല്‍ത്തകിടിയിലൂടെ നടന്ന മേരി ബനീഞ്ജ പുല്‍ക്കൊടിയെയും പുഷ്പത്തെയും കണ്ടു. അവയെ വിടര്‍ത്തുന്ന ശക്തിവിശേഷത്തെയും കണ്ടു.

നൃശംസതയുടെ നേര്‍ക്കു്

അനുഭവങ്ങളുടെ ആവര്‍ത്തനം കൊണ്ടു് അവയുടെ തീക്ഷ്ണതനശിക്കു. “ചന്ദ്രന്‍ എന്നെ നോക്കി ചിരിച്ചു” എന്നു പറയുന്ന കൊച്ചുകുട്ടി യുവാവാകട്ടെ. പൂര്‍ണ്ണചന്ദ്രനെ കണ്ടാല്‍ ഒരു വികാരവും കൂടാതെ നില്‍ക്കും. ക്യാന്‍സറിന്റെ വേദന കുറയ്ക്കാനായി രോഗിക്കു മയക്കുമരുന്നു കൊടുക്കുന്നു. ഏറെക്കാലം അതു കൊടുക്കുമ്പോള്‍ വേദന കുറയാത്ത ഒരവസ്ഥയുണ്ടാകും. ഡോക്ടര്‍മാരുടെ “ക്രൂരഹൃദയ”ത്തിനു കാരണമിതുതന്നെ. ഡോക്ടറായി സേവനം തുടങ്ങുമ്പോള്‍ കാരുണ്യത്തോടെ അയാള്‍ ഓരോ രോഗിയേയും നോക്കുന്നു, ചികിത്സിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്തേോറും അയാളുടെ ഹൃദയം കഠിനമായി വരുന്നു. (ഹൃദയത്തിനു് ഒരു തുണ്ടു മസില്‍ എന്നല്ല ഇവിടെ അര്‍ത്ഥം) അമ്പതു വയസ്സാകുമ്പോള്‍ തികഞ്ഞ നൃശംസത കാണിക്കാന്‍ അവര്‍ക്കു് ഒരു പ്രയാസവുമില്ല. ഇതില്‍ ഡോക്ടറെ കുറ്റപ്പെടുത്താനൊന്നുമില്ല. മനുഷ്യന്റെ സ്വഭാവമാണതു്. ഇതെഴുതുന്ന ആളിന്റെ ഒരേയൊരുമകന്‍ സ്കൂട്ടറില്‍ നിന്നു വീണു. ഞാന്‍ അവനെ രാത്രി പതിനൊന്നു മണിയോടുകൂടി ആശുപത്രിയിലെത്തിച്ചു. ക്യാഷുഎല്‍റ്റി വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ അരമണിക്കൂര്‍. ഡോക്ടര്‍ വന്നുനോക്കാന്‍ അരമണിക്കൂര്‍. എക്സ്റേ ഡിപ്പാര്‍ട്ടുമെന്റിലെ ഡ്യൂട്ടിനേഴ്സ് ഉണര്‍ന്നുവരാന്‍ പതിനഞ്ചുമിനിറ്റ്. എക്സ്റേ എടുക്കാന്‍ അത്രത്തോളം സമയം. പടം നോക്കിയിട്ടു് ഒരു വാര്‍ഡിലേക്കു കൊണ്ടുപോകാന്‍ ഡോക്ടര്‍ കല്പിച്ചു. അതിനു് അഞ്ചുമിനിറ്റേവേണ്ടിവന്നുള്ളു. വാര്‍ഡിലെത്തിച്ച മകന്‍ ഒരു പരിചരണവുമില്ലാതെ മണിക്കൂറോളം കിടന്നു. ഡ്യൂട്ടി ഡോക്ടര്‍ ആശുപത്രയിലില്ല. അദ്ദേഹം വീട്ടിലായിരുന്നിരിക്കണം. വിളിച്ചുകൊണ്ടുവന്നപ്പോള്‍ നേരം വെളുത്തിരുന്നു. എന്തിനധികം പറയണം. മകനെ ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ടുപോയപ്പോള്‍ സമയം ഒന്‍പതുമണി. (കാലത്തു്) ശസ്ത്രക്രിയയ്ക്കുശേഷം മകന്‍ മരിച്ചു. രാത്രി പതിനൊന്നു മണിക്കു് ആശുപത്രിയില്‍ എത്തിക്കപ്പെട്ട ആളു്. അയാളെ ‍ഡോക്ടര്‍ നോക്കുന്നതു് കാലത്തു് ഒന്‍പതു മണിക്കു്. സമയത്തിനു ചികില്‍സ ലഭിച്ചിരുന്നെങ്കില്‍? എന്റെ മകന്‍ ചിലപ്പോള്‍ ജീവിക്കുമായിരുന്നു. ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. മനുഷ്യരെല്ലാവരും ഒരുപോലെയാണു്. ഡോക്ടര്‍മാരും മനുഷ്യരാണു്. ചികിത്സയ്ക്കു പ്രോവിഡന്റ് ഫണ്ടില്‍ നിന്നു നോണ്‍ റിഫണ്ടബിള്‍ ലോണിനു് അപേക്ഷിക്കുന്നവന്റെ കടലാസ്സില്‍ ‘നോ’ എന്നെഴുതി ഉദ്യോഗസ്ഥരാക്ഷസന്‍ ആഹ്ലാദിക്കുന്നു. അതേ ക്രൂരത എല്ലാ മണ്ഡലങ്ങളിലുമുണ്ടു്. ഈ ക്രൂരതയ്ക്കു് — ചികിത്സാമണ്ഡലത്തിലെ ക്രൂരതയ്ക്ക് — ആകര്‍ഷകമായ രൂപം നല്കിയിരിക്കുന്നു ഗോപിക്കുട്ടന്‍ എന്ന കഥാകാരന്‍. അദ്ദേഹം കുങ്കുമം വാരികയിലെഴുതിയ ‘ഉറുമ്പുകള്‍’ എന്ന കഥ വായിക്കു. അസ്സലായിട്ടുണ്ടു് അതു്. ഹൃദയാഘാതത്തിനു വിധേയനാകുന്ന ഒരുത്തനെ ആരും തിരിഞ്ഞു നോക്കുന്നില്ല. അവഗണനയാല്‍ അയാള്‍ മരിക്കുന്നു. അനാഥപ്രേതം. അതിന്റെ കീശ തപ്പിനോക്കിയപ്പോഴാണു് ആളൊരു പ്രമാണിയാണെന്നു മനസ്സിലായതു്. ഉടനെ പ്രേതത്തെയെടുത്തു് കട്ടിലില്‍ കിടത്തി. വായ് അടച്ചു ടേപ്പ്കൊണ്ടു കെട്ടി. വെളുത്ത ഷീറ്റ് മൂടി. മാന്യമായ മരണം എന്നൊരു പ്രതീതി കാണുന്നവര്‍ക്കൊക്കെ ഉണ്ടാകും. ‘സോറി. വി. ട്രൈഡ് ഔവര്‍ ബെസ്റ്റ്’ തുടങ്ങിയ വാക്കുകള്‍ ഭിഷഗ്വരന്മാരുടെ ചുണ്ടുകളില്‍നിന്നു വീണു. പക്ഷേ മരിച്ച മനുഷ്യന്റെ കണ്‍കോണുകളില്‍ ഉറുമ്പുകള്‍ ഇര തേടുകയായിരുന്നു. കാരണം ആ ശരീരം നിശ്ചേതനമായി ആശുപത്രിയിലെവിടയോ വളരെ നേരം കിടന്നതാണു്. ഞാനിക്കഥവായിച്ചു് വളരെനേരം ചിന്താഗ്രസ്തനായി ഇരുന്നു. നമ്മുടെ സമുദായത്തിന്റെ ജീര്‍ണ്ണതയെക്കുറിച്ചായിരുന്നു എന്റെ വിചാരം. ഗോപിക്കുട്ടന്റെ ശക്തിയാര്‍ന്ന തൂലിക ഇനിയും ഇതുപോലുള്ള ചിത്രങ്ങള്‍ വരയ്ക്കട്ടെ.

* * *

മനുഷ്യന്‍ എല്ലാക്കാലത്തും അക്രമാസക്തനാണു്, ക്രൂരനാണു് എന്ന സാര്‍ത്ര് തെളിയിച്ചിട്ടുണ്ടു്. Man is violent — throughout history right up to the present day എന്നു് അദ്ദേഹം പറയുന്നു. Critique of Dialectical Reason എന്ന ഗ്രന്ഥം. കോളിന്‍ വില്‍സണ്‍ എഴുതിയ A Criminal History of Mankind വായിച്ചിരിക്കേണ്ട പുസ്തകമാണു്. അതില്‍ മനുഷ്യരെല്ലാം അന്യോന്യം ശത്രുക്കളാണെന്നു സ്ഥാപിച്ചിരിക്കുന്നു. ‘ബസ്സ് ക്യൂ’വില്‍ നില്ക്കുന്ന ഓരോ ആളും മുന്‍പില്‍ നില്ക്കുന്നവനെ ശത്രുവായിക്കരുതുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍, തിരക്കുപിടിച്ച പട്ടണത്തില്‍ എല്ലാവരും അന്യോന്യം ശത്രുക്കള്‍. ഓരോ വ്യക്തിക്കും തന്റെ കാര്യം നേടണം. (വില്‍സണ്‍ നല്കുന്ന ഉദാഹരണങ്ങള്‍) ഡോക്ടര്‍മാര്‍ തമ്മില്‍ ശത്രുത. തന്റെ മുന്‍പിലെത്തുന്ന രോഗി ഡോക്ടറുടെ ശത്രു. രോഗി ഡോക്ടറെ ശത്രുവായിക്കാണുന്നു. എന്തൊരു ലോകം! അല്ലേ?

മറ്റൊരു നൃശംസത

കെ. സുരേന്ദ്രന്റെ ആത്മകഥ എപ്പോഴും കൌതുകത്തോടെയാണു് ഞാന്‍ വായിക്കാറു്. എനിക്കുംകൂടി പരിചയമുള്ള ആളുകളെക്കുറിച്ചു് അദ്ദേഹമെഴുതുമ്പോള്‍ അതില്‍ കാണുന്ന ‘ഇന്‍സൈറ്റ്’ എന്നെ ആഹ്ലാദിപ്പിക്കാറുണ്ടു്. ഈ ആഴ്ചത്തെ കലാകൗമുദിയില്‍ ചെറുതിട്ട നാരായണക്കുറുപ്പു് കെ.എസ്. കൃഷ്ണന്‍, എന്‍. രാമചന്ദ്രന്‍ ഇവരുടെ സ്വഭാവസവിശേഷതകളെക്കുറിച്ചു സുരേന്ദ്രന്‍ ഉള്‍ക്കാഴ്ചയോടെ എഴുതിയിരിക്കുന്നു. അധികാരികളാല്‍ വളരെയേറെ പീഡിപ്പിക്കപ്പെട്ട ആളാണു് ചെറുതിട്ട നാരായണക്കുറുപ്പു്. ഞാന്‍ തിരുവനന്തപുരത്തെ സംസ്കൃത കോളേജില്‍ ലക്ചററായിരിക്കുന്ന കാലത്താണു് അദ്ദേഹം അവിടെ ലക്ചററായി എത്തിയതു്. പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്ത ആളിനെ സര്‍വകലാശാലാധികൃതര്‍ നിയമിച്ചില്ല എന്നതിന്റെ പേരില്‍ അദ്ദേഹത്തെ പ്രിന്‍സിപ്പലും ചില അധ്യാപകരും ചില വിദ്യാര്‍ത്ഥികളും ഒരുമിച്ചു ചേര്‍ന്നു യാതന അനുഭവിപ്പിച്ചു. കൂവലും വിളിയും മുണ്ടഴിച്ചു കാണിക്കലും ക്ലാസ്സുകളിലെ നിത്യസംഭവങ്ങളായിരുന്നു. ഒരു വിദ്യാര്‍ത്ഥി ഒരു കുപ്പി ചുവന്ന മഷികൊണ്ടുവന്നു് അദ്ദേഹത്തിന്റെ പുറത്തൊഴിച്ചു. അതു ആരോ കുത്തിയതിന്റെ ഫലമായ രക്തപ്രവാഹമാണെന്നു വിചാരിച്ചു് ഞാന്‍ ബോധം കെട്ടു വീണു. നാരായണക്കുറുപ്പു് ഇതുകൊണ്ടൊന്നും പോകുന്നില്ലെന്നു കണ്ടപ്പോള്‍ ചിലര്‍ അദ്ദേഹത്തെ അടിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ അടിക്കാതിരിക്കട്ടെയെന്നു കരുതി രണ്ടുദിവസം ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പോയി. മൂന്നാം ദിവസം വിദ്യാര്‍ത്ഥിനേതാവു വന്നു് എന്നോടു പറഞ്ഞു: “സാറിനോടുകൂടി അയാള്‍ വരുന്നതുകൊണ്ടാണു് ഞങ്ങള്‍ അയാളെ അടിക്കാത്തതു്. സാറു് ഇനി അയാളെ കൂട്ടിക്കൊണ്ടു വരരുതു്. വന്നാല്‍ ഞങ്ങള്‍ കുറുപ്പിനെ അടിക്കും:” ഞാന്‍ നാരായണക്കുറുപ്പിനോടു കാര്യം പറഞ്ഞു. അദ്ദേഹം മാന്യുസ്ക്രിപ്റ്റ്സ് ലൈബ്രറിയിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയി. വിദ്യാര്‍ത്ഥികള്‍ക്കു് നാരായണക്കുറുപ്പിനോടു് ഒരു വിരോധവുമില്ലായിരുന്നു. അവര്‍ അധികാരികളുടെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചെന്നെയുള്ളൂ. നിസ്സാരങ്ങളായ കാര്യങ്ങള്‍ക്കുപോലും മനുഷ്യന്‍ ക്രൂരനായി മാറും എന്നതിനു തെളിവു നല്‍കുന്നു നാരായണക്കുറുപ്പിനോടുള്ള പെരുമാറ്റം. സുരേന്ദ്രന്‍ എഴുതിയതുപോലെ സഹൃദയനും പണ്ഡിതനുമാണു് ചെറുതിട്ട. കവിയുമാണു് അദ്ദേഹം. രസകരമായി എന്നാല്‍ ഉള്‍ക്കാഴ്ചയോടുകൂടി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ സ്വഭാവം അനാവരണം ചെയ്യുന്നു.

നിരീക്ഷണങ്ങള്‍

കാരാഗൃഹങ്ങള്‍
പൈങ്കിളി നോവലിസ്റ്റുകളെയും പൈങ്കിളി കഥാകാരന്മാരെയും പാര്‍പ്പിക്കേണ്ട സ്ഥലങ്ങള്‍. ദൗര്‍ഭാഗ്യത്താല്‍ മോഷ്ടാക്കളും കൊലപാതകികളുമാണു് അവിടെ വസിക്കുന്നതു്.
മൂക്കു്
ലോറന്‍സ് സ്റ്റേണും ഗൊഗലും എഡ്ഗാര്‍ അലന്‍പോയും ബഷീറും ഇതിനെക്കുറിച്ചെഴുതിയിട്ടുണ്ടു്. നിരൂപകര്‍ സ്വന്തം മൂക്കുകള്‍ ഈ കഥാനാസികകളില്‍ കടത്തിനോക്കുന്നു. (Poke one’s nose into something എന്നു് ഇംഗ്ലീഷ് ശൈലി.)
രാഷ്ട്രീയ പ്രവര്‍ത്തകന്‍
“ഞാന്‍ ചോദിക്കുന്നു.” എന്ന വാക്യം കണ്ടുപിടിച്ച ആള്‍.
വൈലോപ്പിള്ളി
‘കുടിയൊഴിക്കല്‍’ എന്ന കാവ്യമെഴുതി മൗലികത എന്ന ഗുണമുണ്ടെന്നു തെളിയിച്ച കവി.
ഡ്രൈ വാഷിങ് സെന്ററുകള്‍
ആറ്റില്‍ വാഷിങ് നടത്തിയിട്ടു് വെയിലത്തു ഡ്രൈ ചെയ്യുന്ന കേന്ദ്രങ്ങള്‍.
റേഡിയോ
ടെലിവിഷന്‍ വന്നതുകൊണ്ടു പ്രധാന്യംപോയ ഉപകരണം.
ടെലിവിഷന്‍
യഥാര്‍ത്ഥത്തില്‍ കവികളും നിരൂപകരും രണ്ടോ മൂന്നോ പേരേയുള്ളു എന്ന സത്യം നമ്മളെ ഗ്രഹിപ്പിക്കാന്‍ അവരെ വീണ്ടും വീണ്ടും പ്രദര്‍ശിപ്പിക്കുന്ന ഉപകരണം.

പലരും പലതും

കാട്ടിലെവിടെയോ ചത്തുവീണ ഒരു ഊളനെ (കുറുനരി) കൊണ്ടുവന്നു് കടലും മറ്റും മാറ്റി പഞ്ഞിനിറച്ചു് വീട്ടില്‍ വച്ചിരിക്കുന്നു എന്റെ ഒരു സ്നേഹിതന്‍. കഥയെന്ന ഊളന്റെ തോലിനകത്തു് വാക്കുകളാകുന്ന പഞ്ഞിനിറച്ചു് ചന്ദ്രിക വാരികയില്‍ വച്ചിരിക്കുന്നു വിജയന്‍ വിളക്കുമാടം. സ്നേഹിതനും വിജയനും ക്ഷമിക്കണം. രണ്ടും ജുഗുപ്സാവഹങ്ങളാണു്. ഭര്‍ത്താവുമരിച്ച ഭാര്യ അയാളുടെ സ്നേഹിതനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. അയാള്‍ മരിച്ചയാളിനെ ഓര്‍ത്തു് പിന്മാറുന്നു. ശ്രമിക്കട്ടെ, പിന്മാറട്ടെ. നമ്മളെന്തുവേണം?

പവനന്‍ ജനയുഗം വാരികയിലെഴുതുന്നു: “ദൈവ തുല്യന്മാരായ ആചാരന്മാരെ മാത്രമേ ഈ പംക്തിയില്‍ അവതരിപ്പിക്കാന്‍ പാടുള്ളുവെങ്കില്‍ എല്ലാവരും സി.പി. നായര്‍ ഐ. എ. എസ്സിനെപ്പോലെയാകണം”. ഈ പരിഹാസമെന്തിനു്? പൂജ്യപൂജാവ്യതിക്രമം പാടില്ലെന്നു സി.പി.നായര്‍ വിശ്വസിക്കുന്നു. പവനനും ആ വിശ്വാസമില്ലേൽ ആചാര്യനായ ലെനിനെ അദ്ദേഹം ബഹുമാനിക്കുന്നില്ലേ? ഗുരുവിനോടുള്ള ബഹുമാനം ജ്ഞാനത്തോടുള്ള ബഹുമാനമാണു്. അതു പകര്‍ന്നുതരുന്ന ആളിനെ നമ്മള്‍ സ്വാഭാവികമായും ബഹുമാനിക്കുന്നു. മാര്‍ക്സിനെയും ലെനിനെയും ബഹുമാനിക്കുന്നതുപോലെ. ഈശ്വരതുല്യന്‍ എന്ന വിശേഷണം ഒരു ‘പൊയറ്റിക് എഗ്സാജറേഷന്‍’ മാത്രമാണെന്നു് ആര്‍ക്കാണറിഞ്ഞുകൂടാത്തതു്.

മരിച്ചവരെ ഓര്‍മ്മിക്കുന്നതു നന്നു്. പഴയ ലോകത്തിന്റെ പുതുമയുള്ള ഒരാവിഷ്കാരം ഉടനെ ഉണ്ടാകും. കൂട്ടായി, ചങ്ങമ്പുഴയുടെ മകള്‍ അജിതയെക്കുറിച്ചെഴുതിയ ലേഖനം കുമാരി വാരികയിലുണ്ടു്. അജിതയുടെ വാക്കുകളിലൂടെ ചങ്ങമ്പുഴയുടെ രോഗം നാമറിയുന്നു. അദ്ദേഹത്തിന്റെ യാതന അറിയുന്നു. ചെറിയ ലേഖനം. എങ്കിലും അത്രയുമായല്ലോ. ഏതിനോടും വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാം. എഴുതിയ വാക്കുകള്‍ പിന്‍വലിക്കാനാവില്ല. അച്ഛനെക്കുറിച്ചു് മകള്‍ കൂടുതല്‍ കൂടുതല്‍ വാക്കുകള്‍ പറയട്ടെ. കൂട്ടായിക്കു് താന്‍ പറഞ്ഞ ഒരുവാക്കും പിന്‍വലിക്കേണ്ടതായിട്ടില്ല.

പൗരധ്വനി വാരികയില്‍ ഹസ്സന്‍ വാഴൂര്‍ എഴുതിയ ‘ഉണരൂ’ എന്ന കവിതയില്‍ നിന്നൊരു വരി: “തുയിലുണരൂ തുയിലുണരൂ കവിമാതേ വേഗം” അന്തരിച്ച ചങ്ങമ്പുഴ വാഴൂരെന്ന ദേശത്തു് ഹസ്സനായി അവതരിച്ചതില്‍ എനിക്കു സന്തോഷം.

ഭാര്യയും ഭര്‍ത്താവും ബസ്സ് കാത്തുനില്‍ക്കുന്നു. വളരെ നേരമായി കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ടു്. കടയില്‍ അരിവാങ്ങാന്‍ പണമില്ലാതെ വന്ന ഒരു പെണ്‍കുട്ടിക്കു് അഞ്ചുരൂപ അവള്‍ കൊടുത്തതും ബസ്സ് വന്നതും ഒന്നായിക്കഴിഞ്ഞു. രൂപയും കൊണ്ടു് കടയിലേക്കു് ഓടിയ പെണ്‍കുട്ടി ബസ്സിനടിയില്‍പ്പെട്ടു മരിച്ചു. ബസ്സ് വരാതിരുന്നെങ്കില്‍ പെണ്‍കുട്ടി മരിക്കാതിരുന്നേനേ എന്നു് അവള്‍ക്കു തോന്നല്‍. ഇതാണു് ദാസിന്റെ ഒരു കഥ. (മാമാങ്കം വാരികയില്‍) സാഹിത്യവാരഫലമെന്ന ഈ ജ്യോത്സ്യം എഴുതേണ്ടിയില്ലായിരുന്നെങ്കില്‍ ഈ ബുദ്ധിശൂന്യമായ കഥ വായിക്കേണ്ടി വരുമായിരുന്നില്ലല്ലോ എന്നു് എനിക്കും തോന്നല്‍.

* * *

ഒരിക്കല്‍ മാധവിക്കുട്ടി (കമലാദാസ്) എന്നോടു ചോദിച്ചു: ഏതു ഫിലോസഫിയിലാണു വിശ്വസിക്കുന്നതു്? എന്റെ മറുപടി ഒന്നും നശിക്കുന്നില്ല എന്ന ‘ദര്‍ശനത്തില്‍ കാട്ടില്‍ നില്‍ക്കുന്ന മരം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞു മറിഞ്ഞുവീണാല്‍ അതിന്റെ പരമാണുകള്‍ നശിക്കില്ല. ആ മരം മുറിച്ചുകൊണ്ടുവന്നു വീട്ടിന്റെ കതകാക്കിയാല്‍ വീടു് തകര്‍ന്നു വീഴുമ്പോഴും പരമാണുക്കള്‍ക്കു നാശമില്ല.

മാധവിക്കുട്ടി
ഒന്നും നശിക്കുകയില്ലെങ്കില്‍ ഞാന്‍ മരിക്കുകില്ലേ?
ഞാന്‍
ഇല്ല
മാധവിക്കുട്ടി
ഹാ, എന്തു നല്ല ഫിലോസഫി.