close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 07 12


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 07 12
ലക്കം 878
മുൻലക്കം 1992 07 05
പിൻലക്കം 1992 07 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്റെ വീട്ടിനടുത്തുള്ള ഒരു മരത്തിന്റെ കൊമ്പില്‍ എല്ലാ രാത്രികളിലും വന്നിരുന്നു പാടുന്ന കിളിയുണ്ട്. ആ പാട്ട് മററു മരങ്ങളുടെ ഇലച്ചാര്‍ത്തുകളെ തഴുകി, വീടുകളിലൂടെ ഒഴുകി തൊട്ടടുത്തുള്ള വയലുകളിലേക്കു പ്രവഹിക്കാറുണ്ട്. ഇന്നോളം ഒരു ദിവസവും ആ പാട്ടുപാടല്‍ മുടങ്ങിയിട്ടില്ല. ആര്‍ക്കുവേണ്ടിയാണോ ആ പക്ഷി പാടുന്നത്? എനിക്കുവേണ്ടിയാണോ? അയല്ക്കാര്‍ ആസ്വദിക്കുന്നതിനാണോ? അതോ വയലുകളിലെ നെല്ലോലകള്‍ക്കു വേണ്ടിയോ? എല്ലാവര്‍ക്കും വേണ്ടിയാണ് അതു പാടുന്നത്. എന്റെ വീട്ടിനു ചുററും ധനികരുണ്ട്; സമ്പന്നരല്ലാത്തവരുണ്ട്. ആരോഗ്യമുള്ളവരുണ്ട്; ആരോഗ്യമില്ലാത്തവരുണ്ട്. യുവാക്കന്മാരും യുവതികളും വൃദ്ധന്മാരും വൃദ്ധകളും ബാലന്മാരും ബാലികകളും ഉണ്ട്. അവരെല്ലാം ഒരേ മട്ടില്‍ കേള്‍ക്കട്ടെയെന്നു വിചാരിച്ചാണ് ആ പക്ഷി പാടുന്നത്. ആ കിളി എന്റെ ഭവനത്തിന്റെ സമീപത്തുള്ള മരത്തിന്റെ കൊമ്പില്‍ വന്നിരുന്നു പാടുന്നതുകൊണ്ട് അത് എനിക്കുവേണ്ടി മാത്രമാണ് ഗാനമൊഴുക്കുന്നതെന്നു കരുതേണ്ടതുള്ളു. കേരളത്തിലെ ചില കവികളെ ചിലര്‍ സ്വന്തമാക്കി വച്ചിരിക്കുന്നു. ആ സ്വത്വം അല്ലെങ്കില്‍ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി അവരുടെ ഗാനത്തിനുള്ള മാധുര്യത്തെ അക്കൂട്ടര്‍ അത്യുക്തി കലര്‍ത്തി വാഴുന്നു. ആ കവികള്‍ പാടിയത് കേരളത്തിലെ ഓരോ വ്യക്തിക്കും വേണ്ടിയാണെന്നുള്ള പരമാര്‍ത്ഥം ഈ സ്തോതാക്കള്‍ വിസ്മരിക്കുന്നു.

കാപട്യം

കേരളത്തിലെ ചില കവികളെ ചിലര്‍ സ്വന്തമാക്കി വച്ചിരിക്കുന്നു. ആ സ്വത്വം അല്ലെങ്കില്‍ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി അവരുടെ ഗാനത്തിനുള്ള മാധുര്യത്തെ അക്കൂട്ടര്‍ അത്യുക്തി കലര്‍ത്ത് വാഴുന്നു. ആ കവികള്‍ പാടിയത് കേരളത്തിലെ ഓരോ വ്യക്തിക്കും വേണ്ടിയാണെന്നുള്ള പരമാര്‍ത്ഥം ഈ സ്തോതാക്കള്‍ വിസ്മരിക്കുന്നു.

ആഴ്ചയിലൊരിക്കല്‍ കാലത്തെഴുന്നേററുിരുന്ന് ഓരോ തലമുടിനാരും വേര്‍പ്പെടുത്തിയടുത്ത് അതു ഡൈ ചെയ്യുന്ന ഒരു ബന്ധു എനിക്കുണ്ട്. കുറെക്കാലം ഞാന്‍ അവരോട് ഒരുമിച്ചു താമസിച്ചിരുന്നതുകൊണ്ട് ഞാന്‍ അക്കാഴ്ച പലതവണ കണ്ടിട്ടുളളതാണ്. ഒരുദിവസം ഞാന്‍ അവരോടു ചോദിച്ചു. “എത്ര സമയാമാണ് അമ്മായി ഇതിലേക്കുവേണ്ടി കളയുന്നത്? മുഷിച്ചില്‍ തോന്നുകില്ലേ?” അവര്‍ ചിരിച്ചുകൊണ്ട് “ഇല്ല” എന്നുമാത്രം പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തെ ഈ പ്രക്രിയയ്ക്കുശേഷം അവര്‍ പ്രത്യക്ഷയാകുമ്പോള്‍ സുന്ദരി. മാത്രമല്ല ബ്രഷ്കൊണ്ടു ഓരോ മുടിയിലും ചായം തേച്ചതാണെന്നു തോന്നുകയുമില്ല. ഒരു പാത്രത്തില്‍ കറുത്ത ചായം നിറച്ചൊഴിച്ച് അമ്മായി തല അതില്‍ മുക്കിയെടുത്തത്തതാണെന്നേ തോന്നുകയുള്ളു. ഞാന്‍ എറണാകുളത്തു ലൂസിയ ഹോട്ടലില്‍ സ്ഥിരം താമസക്കാരനായിരുന്ന കാലത്ത് ലേഖനം വാങ്ങാന്‍ ഒരാള്‍ പതിവായി വരുമായിരുന്നു. അദ്ദേഹത്തിന്റെ തലമുടി ‍ഡൈ ചെയ്തതാണെന്ന് അറിയാന്‍ കഴിയുമായിരുന്നില്ല. ഒരു ദിവസം അദ്ദേഹം എന്നൊടു ചോദിച്ചു: “എനിക്കെത്ര വയസ്സായി എന്നാണ് വിചാരിക്കുന്നത്” “അമ്പത്” എന്ന എന്റെ മറുപടി. അതു ശരിയല്ലെന്നു അറിയിക്കാന്‍ തലകുലുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “എന്റെ തലമുടി പഞ്ഞിപോലെ നരച്ചതാണ്. ഞാന്‍ കുളികഴിഞ്ഞ് ഒരു ഷാളെടുത്തു പുതച്ചു കൊണ്ട് കസേരയില്‍ ഇരിക്കും. ഭാര്യ തലമുടി ഡൈ ചെയ്തുതരും.” എനിക്ക് ആ സ്ത്രീയോടു ബഹുമാനം തോന്നി. മിക്ക ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ തലമുടി കറുപ്പിച്ച് പ്രായം കുറയ്ക്കുന്നതു സഹിക്കുന്നവരല്ല. യുവാവായ ഭര്‍ത്താവിനോടും ‘കിഴവനായില്ലേ?’ എന്നു ചോദിക്കാനാണ് ഭാര്യയ്ക്കു താല്‍പര്യം.

നമ്മുടെ ചെറുകഥയ്ക്കുള്ള പ്രധാനമായ ദോഷം നൂതനമായ രൂപം ഇല്ല എന്നതാണ്. പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞ് അതിനെ ചിരപരിചിതമായ രൂപത്തിനുള്ലിലാക്കുന്നു കഥാകാരന്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. സുകുമാര്‍ കുര്‍ക്കഞ്ചേരി എഴുതിയ “മകന്‍” എന്ന ചെറുകഥ ഡൈ ചെയ്തു കറുപ്പിച്ച തലമുടിയാണ്. എന്നു പറഞ്ഞാലോ? കൃത്രിമം എന്ന് അര്‍ത്ഥം. സാങ്കേതിക പരിഷ്കാരം മനുഷ്യരെ നൃശംസതയിലേക്കു നയിക്കുന്നുവെന്നു തെളിയിക്കാനായി യത്നിക്കുകയാണ് കഥാകാരന്‍. ആ ക്രൂരത ഒരു പിഞ്ചുകുട്ടിയില്‍ പ്രത്യക്ഷമാക്കിയാല്‍ അതിന്റെ തീക്ഷണത കൂടുമല്ലോ. സുകുമാര്‍ കുര്‍ക്കഞ്ചേരി അമ്മയെ അനുസരിക്കാത്ത ഒരു കുട്ടിയെ ചിത്രീകരിക്കുന്നു. യാത്രക്കാരെ വഹിച്ചുകൊണ്ട് റോഡിലൂടെ ഓടുന്ന ബസ്സ് അവനുകളിക്കാന്‍ വേണം, അപരാധം ചെയ്യാത്തവരെ അവനു വെടിവച്ചു കൊല്ലണം. കൊല്ലാനായി കൈത്തോക്ക് എടുത്തുകൊണ്ട് അവന്‍ ഓടുമ്പോള്‍ കഥാകാരന്റെ കഥാസാഹിത്യം പര്യവസാനത്തിലെത്തുന്നു. സാങ്കേതികത്വത്തെക്കുറിച്ച് മനസ്സിലാവിര്‍ഭവിച്ച ഒരാശയത്തിനു രൂപം നല്കാന്‍ കഥാകാരന്‍ ചിലരെ വലിച്ചിഴച്ചു കൊണ്ടുവരുന്ന പ്രതീതിയാണ്. ഈ രചന ഉളവാക്കുന്നത്. കഥാകാരന്റെ ജോലി ലോകത്തെ താന്‍ കാണുന്ന മട്ടില്‍ ആലേഖനം ചെയ്യുക എന്നതാണ്; അല്ലാതെ അതിനെക്കുറിച്ചുള്ള സ്വന്തം അഭിപ്രായത്തിന് രൂപം നല്കുക എന്നതല്ല. അഭിപ്രായം സ്ഫുടീകരിക്കുമ്പോള്‍ കലയുടെ കാതലായ അംശം അന്തര്‍ദ്ധാനം ചെയ്യും. അപ്പോള്‍ അത് അഭിപ്രായ പ്രകടനമായി മാറും. ആ വിധത്തില്‍ ഒരഭിപ്രായ പ്രകടനമോ പ്രദര്‍ശനമോ ആണ് ഈ രചന. ജീവിതത്തെക്കുറിച്ചു് ആണ് ഈ രചന. ജീവിതത്തെക്കുറിച്ച് ‘വിഷന്‍’ ഉള്ളവര്‍, വികാരമുള്ളവര്‍, മസ്തിഷ്കത്തിന്റെ സന്തതിയായ ചിന്തയെ, അഭിപ്രായത്തെ കഥയെന്ന പേരില്‍ മററുള്ളവരുടെ മുന്‍പില്‍ കൊണ്ടുവരില്ല. കുളികഴിഞ്ഞ് ഷാള്‍ പുതച്ച് കസേരയിലിരിക്കുന്ന ഭര്‍ത്താവിന്റെ തലമുടി കറുപ്പിച്ചുകൊടുക്കുന്ന സ്ത്രീയെപ്പോലെയാണ് സുകുമാര്‍ കൂര്‍ക്കഞ്ചേരി. ഒരു വ്യത്യാസം. തലമുടി കറുത്തു കഴിയുമ്പോള്‍ എന്റെ പരിചയക്കാരന്‍ പ്രായം കുറഞ്ഞവന്‍. സുകുമാര്‍ അനുഭവത്തെ ഡൈ ചെയ്തിട്ടും ആകര്‍ഷത്വമില്ല. “മകന്റെ” രചയിതാവ് കഥാകാരനല്ല, ഫാബ്രിക്കേറ്ററാണ്. അദ്ദേഹത്തിന്റെ രചന ഫാബ്രിക്കേഷനും (കപടരചന).

* * *

പ്രതിഭാശാലിയായ കലാകാരന്‍ സര്‍ഗ്ഗാത്മകപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അതുവരെയുണ്ടായിരുന്ന വ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായ ഒരു വ്യവസ്ഥ നിര്‍മ്മിക്കും. കുമാരനാശാനിലും വളളത്തോളിലും ഉളളൂരിലും ജി. ശങ്കരക്കുറുപ്പിലും ചങ്ങമ്പുഴയിലും ഈ നൂതന വ്യവസ്ഥകള്‍ കാണാം. വയലാര്‍ രാമവര്‍മ്മയില്‍ അതില്ല. അദ്ദേഹത്തിന് ചങ്ങമ്പുഴ നിര്‍മ്മിച്ച വ്യവസ്ഥയില്‍ കയറിയിരിക്കുവാനായിരുന്നു കൌതുകം. അതിനാലാണ് അദ്ദേഹത്തെ ഒറിജിനല്‍ കവിയായി കാണാന്‍ പ്രയാസമുള്ളത്. രുപശില്പം ചങ്ങമ്പുഴയുടേത്. ആശയങ്ങള്‍ — പ്രചരണാത്മകങ്ങളായ ആശയങ്ങള്‍ — അദ്ദേഹം ആ രൂപശില്പത്തില്‍ തിരുകിക്കയററിയതേയുള്ളു. അക്കാരണത്താല്‍ അവ അദ്ദേഹത്തിന്റെ ജീവരക്തത്തില്‍ വന്ന ആശയങ്ങളായി സഹൃദയര്‍ക്കു തോന്നുകയില്ല. ഇദ്ദേഹത്തെപ്പോലെ നൂതന വ്യവസ്ഥ സൃഷ്ടിക്കാന്‍ കഴിയാത്ത വേറെയും കവികളുണ്ട്. പേരുകള്‍ പറഞ്ഞു ശത്രുക്കളുടെ സംഖ്യ കൂട്ടേണ്ടതില്ലല്ലോ.

ചോദ്യം, ഉത്തരം

Symbol question.svg.png സ്ത്രീ ജീവിതത്തില്‍ സംതൃപ്തയാകുന്നത് എപ്പോള്‍?

“അടുത്ത വീട്ടിലെ സ്ത്രീക്കുള്ളതെല്ലാം തനിക്കുമുണ്ടാകുമ്പോള്‍. കമലം ഒരു മോശപ്പെട്ട സാരി വാങ്ങിയാല്‍ അതു കാണുന്ന സരോജം പറയും: ‘ഹാ, കമലം നിന്റെ സാരി ഒന്നാന്തരം. ഏതു കടയില്‍ക്കിട്ടും ഇത്? കട മനസ്സിലാക്കി അതുപോലൊരു പറട്ടസ്സാരി വാങ്ങി വീട്ടില്‍ കൊണ്ടുവച്ചാലേ സരോജത്തിന് ഉറക്കം വരൂ.”

Symbol question.svg.png നമ്മുടെ ചില കവികള്‍ വലിയ കവികളായി ഞെളിയുന്നതെന്തുകൊണ്ട്?

അവര്‍ വലിയ കവികളല്ലാത്തതുകൊണ്ടു്. എത്തെണ്ടിടത്ത് എത്തിയവര്‍ ഞെളിയുകയില്ല. താന്‍ മഹാകവിയാണെന്ന് ഭാവിച്ചതേയില്ല വള്ളത്തോള്‍, അദ്ദേഹം മഹാകവിയായിരുന്നു എന്നതുതന്നെ കാരണം. ആ പദത്തില്‍ എത്താത്തവര്‍, എത്താന്‍ കഴിവില്ലാത്തവര്‍ ഞെളിയും.

Symbol question.svg.png ആളുകള്‍ നിങ്ങളോടു ദീര്‍ഘമായി സംസാരിക്കുമ്പോള്‍ അക്ഷമനാകാറുണ്ടോ?

ഉണ്ട്. ഞാന്‍ അവരോടു ദീര്‍ഘതയോടെ സംസാരിക്കുമ്പോള്‍ അവര്‍ ക്ഷമയോടെ അതു കേള്‍ക്കുന്നു എന്ന സത്യം ഞാന്‍ മറന്നിട്ടാണ് ക്ഷമയില്ലായ്മ കാണിക്കുന്നത്. എന്റെ സംസ്കാരരാഹിത്യം!

Symbol question.svg.png നിങ്ങള്‍ എപ്പോഴെല്ലാം അസ്വസ്ഥനാകും? ചെറിയ കാര്യങ്ങളിലുണ്ടാകുന്ന അസ്വസ്ഥതയെക്കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത്.

ഞാന്‍ പ്രസംഗിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ അതു കുറിച്ചെടുക്കുന്നതു കാണുമ്പോള്‍. എന്റെ റിസ്ററ് വാച്ച് നോക്കി മറ്റൊരാള്‍ സ്വന്തം വാച്ച് തിരുത്തുമ്പോള്‍. രണ്ടും തെററാണെങ്കില്‍ എന്ന വിചാരംകൊണ്ടുള്ള അസ്വസ്ഥതയാണത്.

Symbol question.svg.png നിങ്ങള്‍ക്കു നല്ല ഓര്‍മ്മശക്തിയുള്ളത് എങ്ങനെ?

എനിക്കു അങ്ങനെ ഓര്‍മ്മശക്തിയില്ല. എന്റെ ഗുരുനാഥനും പ്രതിഭാശാലിയുമായിരുന്ന ശങ്കരപിള്ളസ്സാര്‍ (കൊല്ലത്ത് ഡി. ഇ. ഒ. ആയി പെന്‍ഷന്‍ പററിയ ആള്‍. അന്തരിച്ചുപോയി) ഒരിക്കല്‍ പറഞ്ഞു. ‘പണ്ട് ഈ വള്ളത്തോള്‍ക്കവിതയ്ക്കു പത്തുവരിയുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ ഈ വാര്‍ദ്ധക്യകാലത്ത് അതു മൂന്നുവരിയായി ചുരുങ്ങിപ്പോയിരിക്കുന്നു. ഞാന്‍ പണ്ടു ചെല്ലിയിരുന്ന പത്തുവരിക്കവിതയ്ക്ക് ഇപ്പോള്‍ മൂന്നുവരിയേയുള്ളു.’

Symbol question.svg.png വിവാഹം കഴിഞ്ഞാലുടന്‍ വധു കരയുന്നതെന്തിന്?

അത് ആഹ്ളാദത്തിന്റെ കണ്ണുനീര്‍. അടുത്ത ക്ഷണത്തില്‍ ഭര്‍ത്താവന്റെ വീട്ടില്‍ച്ചെന്ന് അയാളുടെ അമ്മയെ കാണുമ്പോള്‍ അത് ശോകത്തിന്റെ കണ്ണൂനീരായി മാറും.

Symbol question.svg.png മുതലാളിമാര്‍, തൊഴിലാളികള്‍ ഇങ്ങനെ രണ്ടുവര്‍ഗ്ഗമല്ലേ ഉള്ളു?

അല്ല. ഫാദേഴ്സ്–ഇന്‍–ലാ, മദേഴ്സ്–ഇന്‍–ലാ, സണ്‍സ്–ഇന്‍–ലാ, ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍ ഇവരെല്ലാം വര്‍ഗ്ഗങ്ങളാണ്. വര്‍ഗ്ഗസമരവും അവര്‍ക്കിടയിലുണ്ട്. വര്‍ഗ്ഗരഹിത സമുദായം മാര്‍ക്സിന്റെ സിദ്ധാന്തമനുസരിച്ച് ഉണ്ടായാലും ഞാന്‍ പറഞ്ഞ വര്‍ഗ്ഗകാരുടെ സമരം തീരുകയില്ല. അവര്‍ക്കു വര്‍ഗ്ഗരാഹിത്യം ഉണ്ടാവുകയുമില്ല.

Symbol question.svg.png സ്ത്രീകള്‍ക്കു മഹാമനസ്കത കുറയും അല്ലേ?

ഹേയ്. അവര്‍ക്കു ഹൃദയവിശാലത കൂടുതലാണ്. വൃത്തികെട്ട ഭര്‍ത്താക്കന്മാരോട് അവര്‍ എത്ര നന്നായിട്ടാണ് പെരുമാറുന്നത്.

കാവ്യനീതിയില്ല

മലയാളത്തിലെ ചെറുകഥകളെക്കുറിച്ച് എഴുതിയെഴുതി എനിക്കു നന്നേ മടുത്തു. എന്റെ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്കും മടുത്തിരിക്കും. എങ്കിലും എഴുതേണ്ടതായി വന്നാല്‍ എഴുതിയല്ലേ പറ്റൂ. ഇത്രയുംനാള്‍ ഇതു ക്ഷമിച്ച പ്രിയപ്പെട്ട വായനക്കാര്‍ ഇനിയും ക്ഷമിക്കുമെന്നാണ് എന്റെ വിശ്വാസം. നമ്മുടെ ചെറുകഥകള്‍ക്കുള്ള പ്രധാനമായ ദോഷം നൂതനമായ രൂപം ഇല്ല എന്നതാണ്. പറഞ്ഞുതുതന്നെ വീണ്ടും പറഞ്ഞ് അതിനെ ചിരപരിചിതമായ രൂപത്തിനുള്ളിലാക്കുന്ന കഥാകാരന്‍. കഥയ്ക്കു നൂതനരൂപശില്പം നല്കാന്‍ ശ്രീ. എം. എ. റഹ്മാന്‍ യത്നിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതില്‍ പരാജയപ്പെടന്നേയുള്ളു. ദാരിദ്ര്യത്തിന്റെ പരകോടിയിലെത്തിയ ഒരുത്തന്‍ നാട്ടില്‍നിന്നു പലായനംചെയ്യുന്നുവെന്നാണ് ഈ കഥയില്‍നിന്നു ഞാന്‍ മനസ്സിലാക്കിയത്. സ്ഥിരം വിഷയത്തിന് ഒരു മാററവുമില്ല. മാറ്റമില്ലാത്തതുകൊണ്ട് രൂപ ശില്പത്തെ ബന്ധദാര്‍ഢ്യമില്ലാത്തതാക്കി പ്രദര്‍ശിപ്പിക്കുന്നു റഹ്മാന്‍. ശാസ്ത്രത്തെസ്സംബന്ധിച്ച പരീക്ഷണം ചിലപ്പോള്‍ കണ്ടുപിടിത്തത്തില്‍ അവസാനിക്കുന്നതുപോലെ കഥയെഴുതി കഥാകാരന്‍ ജീവിതത്തെസ്സംംബന്ധിച്ച കണ്ടുപിടിത്തത്തില്‍ എത്തണം. അങ്ങനെ എത്തുമ്പോള്‍ കഥാകാരന്‍ വിജയം പ്രാപിച്ചുവെന്നു പറയാം. എത്താതിരിക്കുമ്പോള്‍ പരാജയപ്പെട്ടുവെന്നും കരുതാം. റഹ്മാന്‍ വിജയം വരിച്ചുവെന്നു പറയാന്‍ എനിക്കു ധൈര്യം പോരാ. (കഥ കലാകൗമുദിയില്‍ — “കാവ്യനീതി”)

* * *

ഒരു കഥ വായിച്ചതിനുശേഷം അതു വീണ്ടും വായിക്കണമെന്നു തോന്നിയാല്‍ അതു നല്ല കഥയാണ്. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ ഞാന്‍ പല പരിവൃത്തി വായിച്ചിട്ടുണ്ട്. ഇന്നത്തെ ഒരു കഥയും ഞാന്‍ വീണ്ടും വായിച്ചിട്ടില്ല.

വ്യാപ്തി, സങ്കുചിതത്വം

സ്ത്രീകള്‍ നോവല്‍, ചെറുകഥ, കാവ്യം ഇവ രചിക്കുമ്പോള്‍ സ്വകാര്യലോകമേ പ്രതിപാദിക്കുകയുള്ളു എന്നു പറഞ്ഞത് അല്പപ്രഭാവനായ ഞാനല്ല; ബനിഡെറ്റോ ക്രോചെ തുടങ്ങിയ മഹാന്മാര്‍തന്നെയാണ്. സ്വകാര്യ ലോകമെന്നു പറയുമ്പോള്‍ പ്രായോഗികത്വത്തിലാണ് ഊന്നല്‍. സ്നേഹം, കാമുകന്‍ അയാളുടെ വഞ്ചന, വിവാഹം, കുഞ്ഞുങ്ങള്‍, മാതൃത്വം, ഭര്‍ത്താവ് ഇവയെല്ലാമാണ് അവരുടെ പ്രതിപാദ്യ വിഷയങ്ങള്‍. ഇവ കഴിഞ്ഞാല്‍ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തിന്ന വസ്തുക്കളിലും വസ്തുതകളിലുമാണ് അവര്‍ മനസ്സിരുത്തുക. അപ്പോൾ സാരി, പെര്‍ഫ്യൂം, വീട്ടിലെ കസേരകള്‍, അവയിലിടുന്ന കുഷനുകള്‍, അവയിലെ ചിത്രത്തയ്യല്‍ ഈ കാര്യങ്ങളിലാവും അവര്‍ തല്‍പരരാവുക. exceptions ഇല്ലാതില്ല. എങ്കിലും ഇതു സാമാന്യതത്വമാണ്. നക്ഷത്രങ്ങള്‍ നിറ‍ഞ്ഞ ആകാശത്തിനു താഴെ നടന്ന് ഉദാത്തമണ്ഡലത്തിലേക്കു പോകാന്‍ എഴുത്തുകാരികള്‍ക്കു ഇഷ്ടമില്ല. വൈഷയിക കൗതുകം വളര്‍ത്തുന്നവയില്‍ തല്‍പരത്വമുള്ളവര്‍ അതിന്ദ്രിയജ്ഞാനത്തില്‍ കൊതിക്കാത്തതില്‍ എന്തേ അദ്ഭുതം. ശ്രീമതി ഉഷാനമ്പ്യാര്‍ ദേശാഭിമാനി വാരികയിലെഴുതിയ “പിന്‍വിളി” എന്ന ചെറുകഥയ്ക്കും ഈ സാമാന്യവിധിക്ക് അപവാദമായി നില്ക്കാന്‍ യോഗ്യതയില്ല. അനുജന്‍ സമ്പന്നന്‍, ചേട്ടന്‍ ദരിദ്രന്‍, അനുജന്റ കുഞ്ഞിന്റെ ജന്മാനാളില്‍ ചേട്ടന് ഒന്നും നല്കാനില്ലാത്ത ദുഃഖമാണ് ശ്രീമതി കഥയില്‍ വര്‍ണ്ണിക്കുന്നത്. ഒരു തുച്ഛമായ കഥ. കഥാസാഹിത്യം എന്തെന്നില്ലാത്തവിധം വികസിച്ചിരിക്കുന്നുവെന്ന് ഉഷാനമ്പ്യാര്‍ അറിയാത്തതില്‍ എനിക്കദ്ഭുതമില്ല. വ്യാപ്തിയില്‍ പുരുഷന് ആഹ്ളാദം. സങ്കുചിതത്വത്തില്‍ സ്ത്രീക്കു ആഹ്ളാദം.

സംഭവങ്ങള്‍

കലകളില്‍ ആദ്യമുണ്ടായതേത്? കവിത തന്നെ. ചിത്രകല, പ്രതിമാനിര്‍മ്മാണം, ശില്പകല, നാടകം, നോവല്‍, ചെറുകഥ ഇവയെല്ലാം പിന്നീടുണ്ടായത്. എന്നാല്‍ ഇവയിലെല്ലാം കവിത വേണം. ഇല്ലെങ്കില്‍ അതു കലയാവില്ല

  1. ആലപ്പുഴ സനാതനധര്‍മ്മവിദ്യാലയത്തില്‍ ഞാന്‍ പഠിക്കുന്ന കാലം. പ്രശസ്തനായ മഞ്ചേരി രാമകൃഷ്ണയ്യര്‍ ഹെഡ്‌മാസ്ററര്‍. അദ്ദേഹത്തെക്കണ്ട് നേരത്തെ പോകന്‍ അനുമതി വാങ്ങിക്കൊണ്ട് കിടങ്ങാംപറമ്പുമൈതാനത്തിലൂടെ തത്തംപള്ളിയില്‍ചെന്നു തെക്കനാര്യാട്ടേക്കു ഞാന്‍ നടന്നു. എക്സസൈസ് ഗാര്‍ഡായിരുന്ന (അന്നു പ്യൂണ്‍) തറയില്‍ വീട്ടില്‍ വേലായുധന്‍പിള്ളയുടെ മകന്‍ ഭാസ്കരപ്പണിക്കരെ കാണാനായിരുന്നു ഞാന്‍ പോയത്. ആര്യാട് അടുക്കാറായപ്പോള്‍ ഒരു കുളത്തിലേക്ക് ഒരു സുന്ദരിപ്പെണ്‍കുട്ടി നടന്നുവരുന്നതു ഞാന്‍ കണ്ടു. അവള്‍ ഒക്കത്തിരുന്ന മണ്‍കുടം മെല്ലെ ജലത്തിന്റെ ഉപരിതലത്തില്‍ വച്ചു. പതുക്കെ അതു ചരിച്ചു. വെള്ളം കുറച്ചുകുറച്ചായി അതില്‍ കയറി. നിറഞ്ഞ കുടം മെല്ലെയെടുത്തു ഒക്കത്തുവച്ച് മെല്ലെ നടന്നു. കുടിലാണ് അവളുടെ താമസസ്ഥലം. അതിന്റെ മുന്‍പില്‍ നട്ടിരുന്ന ഏതോ ചെടികളുടെ അടുത്ത് കുടം പതുക്കെ വച്ചു. അതിലും പതുക്കെ വെളളം ചരിച്ചൊഴിച്ചു. അങ്ങനെ എല്ലാച്ചെടികള്‍ക്കും വെള്ളമൊഴിച്ചു. അവള്‍ക്കു വേണമെങ്കില്‍ വേഗം നടക്കാമായിരുന്നു. കുടം ശബ്ദത്തോടെ കുളത്തിലിട്ട് ശബ്ദത്തോടെ ജലം അതില്‍ കടത്താമായിരുന്നു. തിടുക്കത്തില്‍ നടന്നു ചെടികളില്‍ കുത്തനെ വെള്ളമൊഴിച്ച് നിര്‍ഘോഷം കേള്‍പ്പിക്കാമായിരുന്നു. അതൊന്നും അവള്‍ ചെയ്തില്ല. മൃദുലഹൃദയത്തിനു യോജിച്ച മൃദുലപ്രവൃത്തികള്‍ മാത്രമേ അവളില്‍നിന്നുണ്ടായുള്ളു. സ്വഭാവത്തിനു യോജിച്ച പ്രവര്‍ത്തനങ്ങള്‍. ചങ്ങമ്പുഴക്കവിത ജീവിതജലാശയത്തിന്റെ ഉപരിതലത്തില്‍നിന്നു ജലം പകര്‍ന്നെടുക്കുന്നതാണ്. അപ്പോള്‍ മഹാശബ്ദമില്ല. കാതടപ്പിക്കുന്ന പദവിന്യാസമില്ല. മന്ദഗതിയില്‍ അത് സഹൃദയനിലേക്കു കവിതാ ജലം പകരുന്നതേയുള്ളു.
  2. വരാപ്പുഴ പാവനവീട്ടില്‍ ഞാന്‍ താമസിക്കുന്ന കാലം. തൊട്ടടുത്ത് പോലീസ് സ്റ്റൈയ്ഷന്‍. വരാന്തയില്‍നിന്നു കയറിയാല്‍ ഒരു മുറി. അവിടെ ഹെഡ് കണ്‍സ്റ്റബില്‍ ഇരിക്കും. അതില്‍നിന്നു കയറുന്നത് ‘ലോക്കപ്പി’ലേക്ക്. സാധാരണമായി അതില്‍ ഒന്നോ രണ്ടോ തടവുപുള്ളികള്‍ കാണും. സ്ക്കൂളില്ലാത്ത ദിവസം. ഞാന്‍ വരാന്തയില്‍ കയറിനിന്നു ലോക്കപ്പ് മുറിയിലേക്കു നോക്കിയപ്പോള്‍ ആരുമില്ല. ഒരു ചിത്രശലഭം അതിനകത്തു പാറിക്കളിക്കുന്നു. അതിനെ അവിടെനിന്നു മോചിപ്പിക്കാന്‍ എനിക്കാഗ്രഹം. പക്ഷേ കൊമ്പന്‍ മീശക്കാരനായ നക്തഞ്ചരന്‍ ഹെഡ് കണ്‍സ്റ്റബിളിനെ എനിക്കു പേടി. ഞാന്‍ മിണ്ടാതെ വരാന്തയില്‍നിന്നറങ്ങി വീട്ടിലേക്കു പോന്നു. അപ്പോള്‍ ഒന്നും തോന്നിയില്ല. ഇപ്പോള്‍ തോന്നുന്നത് എഴുതാം. ചില നിരൂപകരുടെ സിദ്ധാന്തത്തിന്റെ തടവറയില്‍ പേടിയോടെ പാറിപ്പറക്കുന്ന ചിത്രശലഭമാണ് വൈലോപ്പിള്ളിക്കവിത. ആരുണ്ട് അതിനെ അവിടെനിന്നു മോചിപ്പിക്കാന്‍?
  3. ബലാര്‍ഷാ–നാഗപ്പൂര്‍ റോഡിലെ ഒരു വിജനപ്രദോശത്ത് രാത്രി ഓട്ടോറിക്ഷയില്‍ ഞാന്‍ സഞ്ചിക്കുമ്പോള്‍ ഡ്രൈവര്‍ വഴിവക്കില്‍ നിന്നു കയററിയ ഒരു ഭയങ്കരന്‍ എന്നെ കഴുത്തുഞെക്കിക്കൊന്ന് എന്റെ പോക്കററില്‍ വച്ചിരുന്ന ആയിരം രൂപ അപഹരിക്കാന്‍ ശ്രമിച്തതും ലവല്‍ക്രോസിംങ് അടഞ്ഞ സ്ഥലത്തുവച്ച് ഞാന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടതും മററും മുന്‍പ് എഴുതിയിരുന്നു. ഓട്ടോറിക്ഷയില്‍ കയറുന്നതിനുമുന്‍പ് ഞാന്‍ ബസ്സ് കാത്തുനിന്നിരുന്ന സ്ഥലം ക്രമേണ ഇരുട്ടില്‍ വീണു. ഇരുട്ടിനു കനം കൂടിക്കൂടിവന്നു. തെരുവുവിളക്കുകള്‍ ഒന്നുപോലും കത്തുന്നില്ല. എനിക്കു ഭയമായി. പ്രകാശം പോയി ഇരുട്ടു പരക്കുന്ന ഇന്നത്തെ സാഹിത്യാന്തരീക്ഷംപോലെയിരുന്നു മഹാരാഷ്ട്ര സ്റ്റൈയ്റ്റിലെ ആ പ്രദേശത്തിന്റെ അവസ്ഥ. കൊലപാതകം നടത്താന്‍ പോയവനില്‍നിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയപ്പോല്‍ റ്റാറിട്ട പാതകളില്‍ വെള്ളിവെളിച്ചം. ഫ്ളാററിലെ മുകളിലത്തെ നിലയില്‍ ആരോ പുല്ലാങ്കുഴല്‍ വായിക്കുന്നു. പൂര്‍വകവികള്‍ക്ക് — വേണുഗാനമുതിര്‍ക്കുന്നവര്‍ക്ക് — ഇന്നു പ്രാധാന്യം വന്നിരിക്കുന്നതുപോലെ.

കവിതയല്ല

ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഭാവഗീതം പോലെ മനോഹരമാണ്. മുകുന്ദന്റെ ‘ഡല്‍ഹി’യിലോ, ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളിലോ കവിതയല്ല. കവിതയോ കവിതാമയമായ ആശയമോ ഇല്ലാത്ത രചനകള്‍ അവയുടെ ആവിര്‍ഭാവകാലത്തു പ്രശസ്തി നേടും. അല്പകാലം കഴിഞ്ഞാല്‍ അവ അഗണ്യകോടിയില്‍ ആയിപ്പോകും.

ശ്രീ. പി. ഭാസ്കരന്‍ എഴുതിയ “കത്തുന്ന കപ്പല്‍” കവിതയല്ല; വെറും ഫോമ്യുലയാണ് (formula). ഏതു ഉത്കൃഷ്ടമായ കാവ്യത്തിനും ആന്തരമായ ആത്മനവീകരണശക്തി കാണും. സഹൃദയന്‍ കാവ്യം ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ ആ ശക്തിവിശേഷം അതിന്റെ ജ്വാലകള്‍ പ്രസരിപ്പിക്കും. അതുകൊണ്ടാണ് ചെറിയ ഗീതംപോലും അനുവാചകന്‍ വീണ്ടും വീണ്ടും വായിക്കുന്നത്. ഭാസ്കരന്റെ കാവ്യം ഒരു പാരായണത്തിനുപോലും വഴങ്ങിത്തരുന്നില്ല. കാരണം അതു ശുഷ്കമായ അലിഗറി — ലാക്ഷണിക കാവ്യം — ആണ്, എന്നതത്രേ. കവി കലാപ്രചോദനത്തിന് ആവിഷ്കാരം നല്കുമ്പോള്‍ അതി പ്രതിരൂപങ്ങളായി വന്നുവീഴുന്നു. ഈ പ്രതിരൂപംതന്നെയാണ് പ്രചോദനം. അലിഗറിയില്‍ കവി ഒരു പൂര്‍വകല്പിതമായ ആശയത്തില്‍ പ്രതിരൂപം അടിച്ചേല്പിക്കുകയാണ്. ആ പ്രതിരൂപം തികച്ചും ബാഹ്യം. അത് പ്രചോദനത്തോടു ബന്ധമുള്ളതല്ല. സ്വേച്ഛാധികാരിയായ നേതാവിന്റെ നൃശംസതകൊണ്ട് ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നു. ആപത്തു നിറഞ്ഞ രാജ്യത്തില്‍ നിന്ന് രക്ഷപ്പെടാനും ആപത്തില്ലാത്ത സ്ഥലത്ത് എത്തിച്ചേരാനും അവര്‍ക്കു കഴിയും. പക്ഷേ നേതാവിന്റെ ക്രൂരതകൊണ്ട് അതിന് അനുമതി കിട്ടുന്നില്ല. ജനത നശിക്കുന്നു. ഈ ആശയത്തിനു രൂപംനല്കാന്‍ ഭാസ്കരന്‍ പ്രതിരൂപങ്ങളെ തേടിപ്പോകുന്നു. അപ്പോള്‍ രാജ്യം കപ്പലായി മാറുന്നു. ആപത്ത് തീപിടിത്തം. ജനങ്ങള്‍ യാത്രക്കാര്‍. നേതാവ് കപ്പിത്താന്‍. ആശ്രയ സ്ഥാനം അടുത്തുള്ള സത്യത്തിന്റെ തുറമുഖം. വൃദ്ധനായ കപ്പിത്താന്‍ (ആരെയാണ് ഭാസ്കരന്‍ ലക്ഷ്യമാക്കുന്നതെന്നത് സ്പഷ്ടം) അനുമതി നല്കുന്നില്ല. ഓരോ വ്യക്തിയും പൊള്ളലേററു മരിക്കും. ഈ പ്രതിരൂപങങള്‍ വെറും പ്രതിരൂപങ്ങളായി നില്ക്കുന്നതുകൊണ്ട് കവിതയുടെ സത്തയുമായ അവയ്ക്കു യോജിക്കാന്‍ സാധിക്കുന്നില്ല. അതിനു കഴിയാത്തതുകൊണ്ട് രൂപവും ഭാവവും വേര്‍ത്രിഞ്ഞു നില്ക്കുന്നു. കലാസൃഷ്ടിയുടെ ആവിര്‍ഭാവം. ആ ആവിര്‍ഭാവം ഇവിടെ ഇല്ല. ജീവിതമോ കവിതയോ ഇല്ലാത്ത രചനയാണ് ഭാസ്കരന്റേത് (കാവ്യം, കുങ്കുമം വാരികയില്‍).

* * *

പി. ഭാസ്കരന്‍ നവീനകവികളില്‍ പെടുന്നില്ല. അദ്ദഹം പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു. പക്ഷേ ആ പാരമ്പര്യം അദ്ദേഹത്തിന്റെ കാവ്യങ്ങളില്‍ ചൈതന്യമററതായിത്തീര്‍ന്നിരിക്കുന്നു. നവീനകാവ്യങ്ങളില്‍ അര്‍ഥത്തിനു പരമപ്രാധാന്യം കല്പിച്ച് രൂപത്തെ ഗളഹസ്തം ചെയ്യുന്ന രീതിയാണുള്ളത്. രൂപമില്ലാത്തതു കവിതയല്ല.

മൌനം ഭൂഷണം

ഒരിക്കല്‍ അസമൊഫ് (അടുത്തകാലത്ത് അന്തരിച്ച വിഖ്യാതനായ ശാസ്ത്രകാരന്‍) മൂത്രപ്പുരയില്‍ നില്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളുടെ നേരെ ചുവരില്‍ ‘മുകളിലോട്ടു നോക്കൂ’ എന്നെഴുതിയിരിക്കുന്നതു കണ്ടു. അവിടെ കാണിച്ച അമ്പിന്റെ അടയാളമനുസരിച്ച് പിന്നെയും മുകളിലോട്ടു ദൃഷ്ടികള്‍ വ്യാപരിച്ചപ്പോള്‍ ‘മുകളിലോട്ട്’ എന്നു വീണ്ടും കണ്ടു. അങ്ങു ഉയരെ കണ്ണുകളെത്തിയപ്പോള്‍ മച്ചിലേക്കു ഒരു അമ്പിന്റെ പടം. മച്ചില്‍ മലര്‍ന്നു നോക്കിയപ്പോള്‍ “താഴോട്ടു നോക്കൂ. നിങ്ങള്‍ ഷൂസിലാണു മൂത്രമൊഴിക്കുന്നത്” എന്നെഴുതിയിരിക്കുന്നതു കാണുകയായി. കുങ്കുമം വാരികയില്‍ ശ്രീ. എ. കെ. സുരേഷ്‌വര്‍മ്മ “സുവര്‍ണ്ണയ്ക്ക് എന്തു ചെയ്യാനാകും” എന്ന പേരില്‍ എഴുതിയ കഥ ഉന്നതമായ കലയിലേക്കുള്ള നോട്ടവും അതേസമയം ഷൂസ് നനയ്ക്കലുമാണ്. ഈ വൃത്തികെട്ട കഥയെക്കുറിച്ച് ഇതില്‍ക്കൂടുതലായി ഞാനൊന്നും പറയുന്നില്ല.

ഈ ഗ്രന്ഥം വായിക്കു

കാഞ്ചി കാമകോടി പീഠത്തിലെ പൂജ്യശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമിക്ക് തൊണ്ണൂറ്റിയൊന്‍പതു വയസ്സു തികഞ്ഞെന്ന് രണ്ടാഴ്ചയ്ക്കു മുന്‍പുള്ള ദിനപത്രങ്ങളില്‍ കണ്ടു. അപ്രമേയപ്രഭാവനാണ് സ്വാമിജി. കേരളത്തിലെ പല്ലശ്ശേനി ഗ്രാമത്തില്‍വച്ച് മഹാത്മഗാന്ധി 1927–ല്‍ അദ്ദേഹത്തോടു സംസാരിച്ചു. ഗാന്ധിജിയുടെ സായാഹ്നഭക്ഷണത്തിന് സമയമായിയെന്നു രാജാജി ഗാന്ധിജിയോടു പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി നല്കിയത് ഇങ്ങനെ: The conversation I am having now with the Acharya is itself my evening meal for today. കുലപതി എം. മുന്‍ഷി ഈ മഹാത്മാവിനെക്കുറിച്ച് അഭിപ്രായപ്പെട്ടതും അറിയേണ്ടതാണ്. His Holiness Shri. Chandrasekharendra Saraswathi, the Sankaracharya of Kanchi is the most wonderful man I have seen. ഭാരതീയ വിദ്യാഭവന്‍ പ്രസാധനം ചെയ്തു അദ്ദേഹത്തിന്റെ The Vedas എന്ന പുസ്തകം. അപൗരുഷേയങ്ങളായ വേദങ്ങളെക്കുറിച്ചും മന്ത്രദ്രഷ്ടാക്കളായ ഋഷിമാരെക്കുറിച്ചും അത് പ്രതിപാദനം നിര്‍വഹിക്കുന്നു. ഈയിടെ ഭാരതീയ വിദ്യാഭവന്‍ തന്നെ പ്രസാധനം ചെയ്ത “The Guru Tradition” എന്ന ഗ്രന്ഥം സ്വാമിജിയുടെ മഹാപാണ്ഡിത്യത്തെ പ്രകടമാക്കുന്നു. ഭാരതത്തിന്റെ ഗുരുകുല സമ്പ്രദായത്തിന്റെ സവിശേഷതകള്‍ വര്‍ണ്ണിച്ച് സമകാലിക–വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ ധ്വനിപ്പിക്കുന്ന സ്വാമിജി മഹാചിന്തകനാണെന്നതില്‍ എനിക്കൊരു സംശയവുമില്ല. ഗുരുവിന് ഈശ്വനെക്കാളും മഹനീയമായ സ്ഥാനമാണ് സ്വാമിജി കല്പിക്കുന്നത്. ഇതിലെ ആശയങ്ങള്‍ നമ്മുടെ ജീവരക്തത്തില്‍ കലര്‍ന്നാല്‍ നമ്മള്‍ ഉത്കൃഷ്ടത ആവഹിക്കും എന്നതിലും എനിക്കു സന്ദേഹമില്ല.

ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണുഃ ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാത് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ

എന്നതില്‍ നിന്നു ഗുരുവിനും പരമാത്മാവിനും തമ്മില്‍ ഒരു വ്യത്യാസവും ഋഷിമാര്‍ കല്പിച്ചിട്ടില്ലെന്നു മനസ്സിലാക്കാം. ഭാര്യ ചെയ്യുന്ന പാപം ഭര്‍ത്താവില്‍ വന്നുചേരും. ശിഷ്യന്റെ പാപം ഗുരുവിലും. അതുകൊണ്ട് പാവനമായ ഗുരു ശിഷ്യബന്ധം ഉണ്ടായിരിക്കണം. സ്വാമിജി ഈ മഹാഗ്രന്ഥത്തിലൂടെ നല്കുന്ന ഉപദേശങ്ങള്‍ പ്രായോഗികതലത്തിൽ കൊൻടുവന്നാൽ ഭാരതീയർ സമുന്നതപദവിയിലെത്തും.

* * *

കലകളി‍ല്‍ ആദ്യമുണ്ടായത് ഏത്? കവിത തന്നെ. ചിത്രകല, പ്രതിമാനിര്‍മ്മാണം, ശില്പകല, നാടകം, നോവല്‍, ചെറുകഥ ഇവയെല്ലാം പീന്നീടുണ്ടായവയാണ്. എന്നാല്‍ ഇവയിലെല്ലാം കവിത വേണം. ഇല്ലെങ്കില്‍ അത് കലയാവില്ല. അതുകൊണ്ടാണ് നോവലായാലും നാടകമായാലും ചെറുകഥയായാലും അവയിലെല്ലാം കവിത വേണമെന്ന് ക്രോചെ അഭിപ്രായപ്പെട്ടത്.

ഒരു കഥ വായിച്ചതിനുശേഷം അതു വീണ്ടും വായിക്കണമെന്ന് തോന്നിയാല്‍ അതു നല്ല കഥയാണ്. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ ഞാന്‍ പല പരിവൃത്തി വായിച്ചിട്ടുണ്ട്. ഇന്നത്തെ ഒരു കഥയും ഞാന്‍ വീണ്ടും വായിച്ചിട്ടില്ല.

നമ്മുടെ നോവലിസ്റ്റിുകളില്‍ കവിത കൂടുതലുള്ളത് ബഷീറിനും ഉറൂബിനുമാണ്. അതുകഴിഞ്ഞാല്‍ തകഴി. കേശവദേവിന്റെ നോവലുകളിലും കഥകളിലും കവിതയുടെ വൈരള്യമാണുള്ളത്. അത് ഏററവും കുറവ് പെന്‍കുന്നം വര്‍ക്കിയുടെ രചനകളിലത്രേ.

നവീനന്മാരുടെ നോവലുകള്‍ നോക്കാം. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഭാവഗീതംപോലെ മനോഹരമാണ്. മുകുന്ദന്റെ ‘ഡല്‍ഹി’യിലോ “മയ്യഴിപ്പുഴയുടെ തീരങ്ങ”ളിലോ കവിതയില്ല. കവിതയോ കവിതാമയമായ ആശയമോ ഇല്ലാത്ത രചനകള്‍ ആവിര്‍ഭാവകാലത്ത് പ്രശസ്തി നേടും. അല്പകാലം കഴിഞ്ഞാല്‍ അവ അഗണ്യകോടിയില്‍ ആയിപ്പോകും. കവികളെക്കുറിച്ചും ഇതുതന്നെയാണ് എഴുതാനുള്ളത്. ഉള്ളൂരിനേക്കാള്‍ കൂടുതല്‍കാലം ഓര്‍മ്മിക്കപ്പെടുന്നത് കാവ്യകവിയായ വള്ളത്തോളായിരിക്കും. കാവ്യകവി എന്ന നിലയില്‍ വള്ളത്തോളിനെയും അതിശയിക്കുന്നു ചങ്ങമ്പുഴ. അക്കാരണത്താല്‍ വള്ളത്തോള്‍ വിസ്മരിക്കപ്പെടുന്ന കാലത്തും ചങ്ങമ്പുഴ അനുവാചകരുടെ സ്മരണമണ്ഡലത്തില്‍ ഉണ്ടായിരിക്കും. കാവ്യകവികള്‍ക്കു തങ്ങളുടെ കാലയളവുകളില്‍ പ്രശസ്തി കാണുകില്ല. ആഭ്യാസികന്മാരും ഗദ്യകവികളും വിസ്മരിക്കപ്പെടുമ്പോള്‍ അവര്‍ വിരാജിക്കും.