close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 06 20


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 06 20
മുൻലക്കം 1997 06 13
പിൻലക്കം 1997 06 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ബംഗാളിലെ ഒരെഴുത്തുകാരി 1996-ല്‍ ജ്ഞാനപീഠം സമ്മാനം നേടിയ മഹാശ്വേതാ ദേവിയെക്കുറിച്ചു പറഞ്ഞതെന്താണെന്നോ? “Mahasweta Devi writes like a man” “മഹാശ്വേതാ ദേവി പുരുഷനെപ്പോലെയാണ് എഴുതുന്നത്.” ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമില്‍ നിന്നു വിവേകമുള്ള ആ എഴുത്തുകാരി പറഞ്ഞ ഈ സത്യം കേട്ടതു രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള ഗായത്രീ സ്പീവാക്കാണ്. സ്പീവാക്കിന്റെ ഒരു ലേഖനത്തില്‍ നിന്നു ഞാനിതു മനസ്സിലാക്കി. സത്യം സത്യമായിത്തന്നെ ആരെങ്കിലും പറഞ്ഞാല്‍ അതു കേള്‍ക്കുന്ന നമുക്ക് ആഹ്ലാദമുണ്ടാകും. ആ ആഹ്ലാദത്തിന്റെ ലഹരിയിലിരുന്നാണ് ഞാന്‍ ഈ വരികള്‍ കുറിക്കുന്നത്. ഞാന്‍ മഹാശ്വേതാ ദേവിയുടെ പലകൃതികളും വായിച്ചു. പുരുഷനെപ്പോലെ അവര്‍ എഴുതുന്നുവെന്നു മാത്രം പറഞ്ഞാല്‍പ്പോരാ. ക്രൂരനായ പുരുഷന്‍ പക്ഷാവലംബനത്തോടെ എഴുതിയാല്‍ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമെന്ന് അറിയണമെങ്കില്‍ ആ ‘ജ്ഞാനപീഠക്കാരി’യുടെ രാഷ്ട്രവ്യവഹാര സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന ഗായത്രി സ്പീവാക്ക് ചിന്തകളെ റബര്‍ പോലെ വലിച്ചുനീട്ടിയും ഇല്ലാത്തതു ഉണ്ടെന്നു കാണിച്ചും അവരുടെ ഓരോ രചനയെയും വാഴ്ത്തുന്നു. ഷാക്ക് ദെറീദയുടെ ‘ഡികണ്‍സ്റ്റ്രക്ഷന്‍’ സിദ്ധാന്തത്തിനു വേണ്ടി തൊണ്ട കിറി വാദിക്കുന്ന സ്പീവാക്കിന്റെ പേരും പെരുമയും മഹാശ്വേതാ ദേവിയുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

ഗായത്രീ സ്പീവാക്ക് ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്ത മഹാശ്വേതാ ദേവിയുടെ “Breast Stories” ബംഗാളി സാഹിത്യത്തില്‍ മാത്രമല്ല. വിശ്വസാഹിത്യത്തില്‍പ്പോലും വിപ്ലവത്തിന്റെ അഗ്നിജ്വാലകം ഉയര്‍ത്തിവിട്ടിരിക്കുന്നു പോലും. ഓരോ കഥയ്ക്കും സ്പീവാക്ക് എഴുതിച്ചേര്‍ത്ത നിരൂപണം മഹാശ്വേതയുടെ അന്യാദൃശമായ പ്രതിഭാ വിലാസത്തെ സ്പഷ്ടമാക്കിത്തരുന്നുണ്ടു പോലും. മഹാശ്വേതയുടെ ‘ദ്രൗപതി’ എന്ന വക്ഷോജകഥ ആദ്യമായി നോക്കാം നമുക്ക്.

1970-71ലെ നക്സല്‍ബാരി വിപ്ലവത്തിന്റെ പശ്വാത്തലത്തില്‍ രചീക്കപ്പെട്ടതാണ് ‘ദ്രൗപതി’ എന്ന കഥ. ദോപ്ദി എന്ന വനവര്‍ഗ്ഗ നാമധേയമാണ് അവര്‍ക്കു കഥയിലുള്ളത്. ഇരുപത്തിയേഴു വയസ്സാണ് അവള്‍ക്ക്. ദോപ്ദിയുടെ ഭര്‍ത്താവ് ദുല്‍ന പൊലീസിനാല്‍ കൊല്ലപ്പെട്ടു. പല കുറ്റങ്ങളിലും ഉള്‍പ്പെട്ട ഏറ്റവും കുപ്രസിദ്ധയായ ദോപ്ദിയെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവര്‍ക്കു നൂറു രൂപ പ്രതിഫലമാണ് പൊലീസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒടുവില്‍ പൊലീസ് അവളെ അറസ്റ്റു ചെയ്തു. നിയമത്തിന്റെ അധികാരി സേനാനായക്കിന്റെ ആജ്ഞയാല്‍ അവള്‍ ധര്‍ഷണം ചെയ്യപ്പെട്ടു. അവര്‍ അവളുടെ മുലകള്‍ കടിച്ചു പറിച്ചു. മുലക്കണ്ണുകളെ കീറി. ധര്‍ഷണത്തിനു ശേഷം നേരം വെളുത്തപ്പോള്‍ അവളെ അധികാരിയുടെ കൂടാരത്തിലൂക്കു കുട്ടിക്കൊണ്ടു പോയി പൊലീസ്. നഗ്നയായ അവള്‍ വസ്ത്രധാരണം ചെയ്യാന്‍ കൂട്ടാക്കിയില്ല. “Won’t put them on, Sir, Tearing them” എന്നു പൊലീസുകാരന്റെ മറുപടി. “വസ്ത്രങ്ങള്‍ കൊണ്ടെന്തു പ്രയോജനം? നിങ്ങള്‍ക്കെന്നെ നഗ്നയാക്കാന്‍ സാധിക്കും. പക്ഷേ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ കഴിയുമോ?” എന്നു ദോപ്ദി അയാളോടു ചോദിച്ചു. സേനാനായക്കിന്റെ വെളുത്ത ബുഷ് ഷേര്‍ടില്‍ രക്തം തുപ്പിക്കൊണ്ട് അവള്‍ മുറിക്കപ്പെട്ട രണ്ടു മുലകള്‍ കൊണ്ടും അയാളെ തള്ളി പിറകോട്ടാക്കി. അയാള്‍ വല്ലാതെ പേടിച്ചു.

പ്രതിഷേധാത്മക സാഹിത്യം ഒരു തരത്തിലുള്ള സാഹിത്യമാണെങ്കിലും ശുദ്ധമായ സാഹിത്യമല്ല. ശുദ്ധ സാഹിത്യം അനുധ്യാനത്തിലൂടെ പ്രശാന്തത കൈവരുത്തുന്നു.

മഹാശ്വേതയുടെ അടുത്ത വക്ഷോജകഥ ‘യശോദ’ എന്നതാണ്. ‘സ്തനദായിനി’ എന്നു ബംഗാളി ഭാഷയില്‍. ജീവിക്കാന്‍ വേണ്ടി മറ്റുകുട്ടികള്‍ക്കു മുലപ്പാല്‍ കൊടുത്തു സ്തനാര്‍ബ്ബുദം പിടിച്ചു യശോദ മരിക്കുന്നു. അവള്‍ മുലയൂട്ടിയ മക്കള്‍ ലോകമെമ്പാടുമുണ്ട്. യശോദയുടെ ഇടത്തേമുല പൊട്ടി. അതിന്റെ നാറ്റം കൊണ്ട് ആളുകള്‍ക്ക് അടുക്കാന്‍ വയ്യാതെയായി. ഒടുവിലവള്‍ മരിച്ചു. മൂന്നാമത്തെ മുലക്കഥ ‘ചോലി കേ പീച്ഛേ’ - Behind the Bodice എന്നതാണ്. ഗംഗോറിന്റെ ആകര്‍ഷകങ്ങളായ സ്തനങ്ങള്‍ പ്രഗത്ഭനായ ഒരു ഫോട്ടോഗ്രാഫറെ വല്ലാതെ ഉലയ്ക്കുന്നു. ഫോട്ടോ എടുക്കാനായി ‘You…take off…your blouse…’ എന്നു ഫോട്ടോഗ്രാഫര്‍ അവളോടു പറഞ്ഞു. അവള്‍ ചോലി മാറ്റി. സ്തനങ്ങള്‍ ഇല്ല. രണ്ടു ഉണങ്ങിയ പാടുകള്‍, ചുളിഞ്ഞ തൊലി; എന്താണ് പറ്റിയത് അവള്‍ക്ക് കൂട്ടബലാത്സംഗം കടിക്കുകയും കീറുകയും ചെയ്യുന്ന ബലാത്ക്കാരവേഴ്ച …പൊലീസ്… കോടതിക്കെയ്സ്…ലോക്കപ്പിലെ കൂട്ടബലാത്സംഗം ഫോട്ടോഗ്രാഫര്‍ ഓടി.

പുരുഷനോ സ്ത്രീയോ സ്വയം മനസ്സിലാക്കുന്നതിനെയാണു ബോധമെന്നു പറയുന്നത്. ഈ ബോധം ജനിക്കുന്നതിനു ബാഹ്യസംഭവങ്ങളും വ്യക്തിയുടെ അന്തര്‍ഗ്ഗതങ്ങളായ വികാരങ്ങളും സഹായിക്കുന്നു. ഈ ബോധം പുരുഷനെസ്സംബന്ധിച്ചിടത്തോളം ഒന്ന്; സ്ത്രീയെസ്സംബന്ധിച്ചിടത്തോളം വേറൊന്ന്. പുരപ്പുറത്തു കയറിനിന്ന് പുരുഷന്‍ അസഭ്യപദങ്ങള്‍ വര്‍ഷിക്കുമ്പോള്‍ സ്ത്രീ അവ കേട്ടു ചെവിപൊത്തി വീട്ടിനകത്ത് ഇരിക്കുകയേയുള്ളൂ. അവളുടെ ബോധമണ്ഡലം അങ്ങനെയാണ്. നിന്ദ്യങ്ങളായ വസ്തുതകള്‍ ആവിഷ്ക്കരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും സ്ത്രീ മൃദുലങ്ങളായ പദങ്ങളേ പ്രയോഗിക്കൂ. അത്യുക്തിയില്‍ മുഴുകാന്‍ അവള്‍ക്ക് എപ്പോഴും വൈമനസ്യമാണ്. അതുകൊണ്ടു ന്യൂനോക്തിയാണ് സ്ത്രീക്കു സ്വീകരണീയം. ‘എനിക്കിന്ന് അമ്പലത്തില്‍ പോകാനൊക്കുകയില്ല’ എന്നു മാത്രമേ സ്ത്രീ പറയൂ. ‘എനിക്കിന്നു തീണ്ടാരിയാണ് എന്ന് ഇന്നുവരെ ഒരു സ്ത്രീയും പറഞ്ഞിട്ടില്ല. പറയുകയുമില്ല. ‘അവന്‍ ചത്തു’ എന്നു പുരുഷന്‍ പറയുമ്പോള്‍ ‘അദ്ദേഹം നിത്യനിദ്രയില്‍ മുഴുകി’ എന്ന് സാഹിത്യം സൃഷ്ടിക്കുന്ന സ്ത്രീ പറയും. ഈ സാമാന്യ സ്വഭാവത്തില്‍ നിന്ന് സ്ത്രീ മാറുന്നത് അവള്‍ പ്രതിഷേധാത്മകമായ സാഹിത്യം രചിക്കുമ്പോഴാണ്. “Make her. Do the needful” എന്ന് ആജ്ഞാപിച്ചിട്ട് സേനാനായക്ക് പോയി. പൊലീസ് ദോപ്ദിയെ ബലാത്സംഗം ചെയ്തു. Something sticky under her ass and waist…She senses that her vagina is bleeding. How many came to make her? എന്നു മഹാശ്വേത തുടര്‍ന്നെഴുതുന്നത് ഗിരിവര്‍ഗ്ഗക്കാരുടെ വികാരങ്ങളുമായി സ്വന്തം വികാരങ്ങളെ വിലയം കൊള്ളിച്ചതുകൊണ്ടാണ്. ബ്യൂറോക്രസിയെ നിന്ദിക്കാനുള്ള തല്പരത്വം കൊണ്ടാണ്. സ്ത്രീക്കു യോജിക്കാത്ത ഈ ഭാഷ മഹാശ്വേത പ്രയോഗിക്കുന്നതിനാലാണ് അവര്‍ പുരുഷനെപ്പോലെ എഴുതുന്നുവെന്ന് ബംഗാളിലെ ഒരെഴുത്തുകാരി പ്രസംഗിച്ചത് താന്‍ കേട്ടുവെന്ന് ഗായത്രീ സ്പീവാക്ക് പറഞ്ഞത്. പ്രതിഷേധാത്മക സാഹിത്യം ഒരു തരത്തിലുള്ള സാഹിത്യമാണെങ്കിലും ശുദ്ധമായ സാഹിത്യമല്ല. ശുദ്ധ സാഹിത്യം അനുധ്യാനത്തിലൂടെ പ്രശാന്തത കൈവരുത്തുന്നു. ഭാരതീയന്‍ പറഞ്ഞതു പോലെ വിശ്രാന്തി നില്‍കുന്നു. മഹാശ്വേതയുടെ രചനകള്‍ കലയില്‍ നിന്ന് സാഹിത്യത്തില്‍ നിന്ന് വിഭിന്നമായ ഒരു മാനസികനിലയാണ് അനുവാചകനു ജനിപ്പിക്കുന്നത്. അതുകൊണ്ട് അവരുടെ രചനകളെ പരിശുദ്ധ സാഹിത്യമായി വാഴ്ത്തുന്നതു കരുതലോടെ വേണം. ജ്ഞാനപീഠം സമ്മാനം നേടിയ ഒരു വലിയ എഴുത്തുകാരിയെയാണോ ഞാന്‍ കുറ്റപ്പെടുത്തുന്നത്? പുരോഗാമികള്‍ക്കു പുളകമുണ്ടാക്കുന്ന കഥകളും നാടകങ്ങളുമെഴുതിയ “പ്രതിഭാശാലിനി’യെയാണോ ഞാന്‍ വിമര്‍ശിക്കുന്നത്? എന്തോ! പക്ഷേ ഒരു കാര്യം പറയാം. ജ്ഞാനപീഠം സമ്മാനം നിശ്ചയിച്ചവരില്‍ നിസ്സാരനായ ഞാനും കൂടി ഉണ്ടായിരുന്നെങ്കില്‍ മഹാശ്വേതയ്ക്ക് അതിന് അര്‍ഹതയില്ലെന്ന് തറപ്പിച്ചു പറയുമായിരുന്നു.

തിരകളില്‍ നിലാവ്

മഹാരാഷ്ട്രയിലെ ഒരു വിജന പ്രദേശത്തെ റോഡിലൂടെ നടക്കുമ്പോള്‍ എനിക്കെതിരെ ഒരു മലയാളി വന്നു. എന്റെ ശുഷ്കമായ മുഖം തിളങ്ങി. നിസ്സാരമായ മുക്കുറ്റിപ്പൂവ്. നക്ഷത്രത്തിന്റെ പ്രകാശമേറ്റ് മറ്റൊരു നക്ഷത്രമായി മാറുന്നതു മഹാകവി വര്‍ണ്ണിച്ചിട്ടുണ്ട്. താമരയിലയിലെ മഞ്ഞുതുള്ളി സൂര്യന്റെ ഒരു കിരണമേറ്റ് മാരിവില്ലായി മാറുന്നു. കരിക്കട്ട പോലെ കറുത്ത ഇടപ്പള്ളി രാഘവന്‍ പിള്ള “പിരിഞ്ഞപ്പോള്‍” എന്ന കവിത രചിച്ചപ്പോള്‍ ഗന്ധര്‍വ്വന്റെ സൗന്ദര്യമാവഹിച്ചു. ആകര്‍ഷകത്വമില്ലാത്ത നെറ്റിത്തടത്തില്‍ സിന്ദൂരപ്പൊട്ട് ഇടുമ്പോള്‍ ആ നെറ്റിത്തടം ഉജ്ജ്വലമായിബ്ഭവിക്കുന്നു. ഒരു തുണ്ടു തുണികമ്പിന്റെ അറ്റത്തുകെട്ടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ഏതെങ്കിലും രാഷ്ട്രീയ കക്ഷിയില്‍പെട്ട വ്യക്തി ജാഥയുടെ മുന്‍പില്‍ നീങ്ങുമ്പോള്‍ ആ കക്ഷിയുടെ ആശയവിശുദ്ധി കലര്‍ന്ന് അത് ഉത്കൃഷ്ടമായ പതാകയായിത്തീരുന്നു. തരുണിയുടെ ഇച്ഛാപൂര്‍വ്വകമോ അനിച്ഛാപൂര്‍വ്വകമോ ആയ സ്പര്‍ശമേറ്റ് യുവാവ് രോമഹര്‍ഷത്താല്‍ മറ്റൊരാളായി മാറുന്നു. നദിയിലൂടെ ഒഴുകി വരുന്ന ഒരു മഞ്ഞപ്പൂവ് കരയില്‍ നില്‍ക്കുന്ന ചെടിയുടെ സ്പര്‍ശമേറ്റ് കാഞ്ചന നിര്‍മ്മിതമായ പുഷ്പമായി ശോഭിക്കുന്നു. പ്രിയതമയുടെ കറുത്ത കണ്ണുകള്‍ തന്നില്‍ വന്നു വീഴുമ്പോള്‍ പ്രിയതമന്‍ വെറും യുവാവല്ല. ഐശ്വരകാന്തികലര്‍ന്ന യുവാവാണ്.

എന്തൊരു സര്‍വ്വസാധാരണമായ വിഷയമാണ് വൈക്കം മുഹമ്മദ്ബഷീര്‍ ‘ചുണ്ടൂത്തി’ എന്ന കഥയിലൂടെ പ്രതിപാദിക്കുന്നത്. പക്ഷേ ബഷീറിന്റെ സവിശേഷതയാര്‍ന്ന ശൈലിയിലൂടെ ആവിഷ്ക്കാരം നടക്കുമ്പോള്‍ കഥാവിഷയം ചന്ദ്രന്റെ രശ്മികള്‍ തിരകളില്‍ കലര്‍ന്നു വരുന്ന പ്രതീതി. (കഥ ‘മലയാളം’ വാരികയില്‍)

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങളെ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചേ കണ്ടിട്ടുള്ളു. എന്താണു കാരണം?

പഞ്ചവര്‍ണ്ണക്കിളി പല നിറമാര്‍ന്ന ഉടുപ്പ് ഇടുന്നു. കാക്ക ദുഃഖ സൂചകമായി കറുത്ത ഉടുപ്പേ ധരിക്കാറുള്ളു. കൃഷ്ണപ്പരുന്തിനു ചാരനിറമാര്‍ന്ന ഉടുപ്പും കൊക്കിനു വെള്ളനിറമുള്ള കഞ്ചുകവുമാണ് ഇഷ്ടം. അവ ആ വസ്ത്രധാരണ രീതിയില്‍ നിന്നു മാറുന്നില്ല. ഞാനും മാറുന്നില്ല.

Symbol question.svg.png കുടിച്ചുകൊണ്ടു പ്രസംഗിക്കാന്‍ പോകുന്നവരെക്കുറിച്ച് എന്തുപറയുന്നു?

കുടിച്ചുകൊണ്ടാണ് പ്രസംഗിക്കുന്നതെന്നു ആളുകള്‍ മനസ്സിലാക്കിയാല്‍ ഒരു കുഴപ്പവുമുണ്ടാകില്ല. ചെന്ന പ്രദേശത്തെ ലഹരിക്കു കൂടുതല്‍ വിധേയനായിപ്പോയ ഒരു സാഹിത്യകാരന്‍ കുമാരനാശാന്റെ ജന്മവാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗം ആരംഭിച്ചത് ഇങ്ങനെ: ‘കുമാരനാശാന്‍ നാലു കാലും, ഒരു വാലുമുള്ള പശുവാണ്. ആരും ഒന്നും മിണ്ടിയില്ല. ഞാന്‍ ഈ വാക്യം കേട്ടതാണ്.

Symbol question.svg.png യേശുക്രിസ്തുവിനെ ആക്ഷേപിച്ച് ഞാനൊരു നാടകമെഴുതി വച്ചിരിക്കുന്നു. അതു അരങ്ങേറുമ്പോള്‍ നാടകശാലയില്‍ വെളിയിലായി ‘ക്രിസ്ത്യാനികള്‍ക്കും സ്വാഗതം’ എന്ന് എഴുതി വയ്ക്കും. നിങ്ങളെന്തു പറയുന്നു?

എഴുതി വയ്ക്കുന്നത് ‘ചാണകത്തിനു സ്വാഗതം’ എന്നായാല്‍ നന്ന്. പ്രേക്ഷകരുടെ ഉപയോഗത്തിനായി തിരുവനന്തപുരത്തു നിന്ന് ആ വണ്ടിച്ചാണകം ഞാന്‍ അയച്ചുകൊടുക്കാം. ഏറ്റു.

Symbol question.svg.png കാണ്ടാമൃഗത്തിന് എന്തേ തൊലിക്കട്ടി?

കാണ്ടാമൃഗം തൊലിക്കട്ടിയും കൊണ്ട് അങ്ങ് ചുമ്മാനടന്നുകൊള്ളട്ടെ. അത് രാഷ്ട്രീയ നേതാവല്ലല്ലോ.

Symbol question.svg.png അച്ഛനമ്മമാരുടെ വിവേകമില്ലായ്മ എവിടെയാണ് കൂടുതല്‍ കാണുക?

അച്ഛനെയങ്ങു വീടു. അമ്മ പാട്ടു മത്സരത്തിനു മകനെകൊണ്ടുപോകും. അവനെക്കാള്‍ നല്ലപോലെ പാടുന്നവനു സമ്മാനം കിട്ടുമ്പോള്‍ ശുപാര്‍ശയും കൈക്കൂലിയും കൊണ്ടാണ് അതുകൊടുത്തതെന്ന് അമ്മ തീര്‍ച്ചയായും പറയും. ഇവിടെയാണ് അമ്മയുടെ വിവേകക്കുറവ്.

Symbol question.svg.png മലയാളം വാരിക നിങ്ങള്‍ക്ക് എന്തു പ്രതിഫലം തരും?

എന്തേ ചോദിച്ചത്? ചോദ്യം ഞാന്‍ കേട്ടില്ലല്ലോ.

Symbol question.svg.png ഭാര്യയ്ക്ക് ഭര്‍ത്താവ് ഏതുരീതിയില്‍ ആയിരിക്കണം?

അവള്‍ തലമുടിയില്‍ വച്ച റോസാപ്പൂ പോലെയാണ് ഭര്‍ത്താവ് എന്നു തോന്നണം. ഭാഗ്യക്കേടു കൊണ്ട് തലയിലെടുത്ത തടിയന്‍ കരിങ്കല്ലുപോലെയാണ് അയാള്‍ അവള്‍ക്ക് അനുഭവപ്പെടുന്നത്.

നാറ്റം

ഹംഗറിയിലെ വലിയ നോവലിസ്റ്റാണ് കൊണ്‍റാറ്റ്. (Gyorgy Konrad b 1933) അദ്ദേഹത്തിന്റെ ‘The Case Worker’, ‘The Loser’ ഈ രണ്ടു നോവലുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മറ്റുള്ള നോവലുകള്‍ എനിക്കു കിട്ടിയിട്ടില്ല. ‘The Case Worker’ എന്നത് കൊണ്‍റാറ്റിന്റെ മാസ്റ്റര്‍പീസായി പരിഗണിക്കപ്പെടുന്നു. സമുദായത്തെ പരിഷ്ക്കരിച്ചുകളയാം എന്ന വ്യാമോഹവുമായി നടക്കുന്ന ആളാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. പക്ഷേ അയാളുടെ ഒരു യത്നവും ഫലിക്കുന്നില്ല. ലോകം എന്നും ഇതുപോലെ തന്നെയിരിക്കും. ആര്‍ക്കും അതില്‍ പരിവര്‍ത്തനം വരുത്താന്‍ സാധിക്കില്ല എന്ന സത്യം മനസ്സിലാക്കി അയാള്‍ മോഹഭംഗത്തിനു വിധേയനാകുന്നു Franz Kafka, Gunter Grass, Jerzy Kosinski and now with this one book ‘A brilliant first novel Gyorgy Konrad Strides to the forefront of contemporary literature എന്നു പറഞ്ഞത് ലോക പ്രശസ്തനായ നിരൂപകന്‍ Irving Howe ആണ്. വായിക്കൂ. ഇതു സത്യമാണെന്ന് ഗ്രഹിക്കാം. ലോകം എന്തുകൊണ്ടു നന്നാകുകയില്ല? കോണ്‍റാറ്റ് സമാധാനം നല്‍കുന്നു: We are inexorably bound by habit.

സര്‍വ്വസാധാരണമായ വിഷയമാണ് വൈക്കം മുഹമ്മദ്ബഷീര്‍ ‘ചുണ്ടൂത്തി’ എന്ന കഥയിലൂടെ പ്രതിപാദിക്കുന്നത്. പക്ഷേ ബഷീറിന്റെ സവിശേഷതയാര്‍ന്ന ശൈലിയിലൂടെ ആവിഷ്ക്കാരം നടക്കുമ്പോള്‍ കഥാവിഷയം ചന്ദ്രന്റെ രശ്മികള്‍ തിരകളില്‍ കലര്‍ന്നു വരുന്ന പ്രതീതി.

കൊണ്‍റാറ്റ് പറഞ്ഞതുപോലെയാണ് നമ്മുടെ ചെറുകഥാ സാഹിത്യം. ഒരു മാറ്റവും ഇവിടെ സാദ്ധ്യമല്ല. കാരണം നമ്മള്‍ ശീലത്താല്‍ ബന്ധനസ്ഥരാക്കപ്പെട്ടിരിക്കുന്നു. ശ്രീ. കെ.കെ. സുധാകരന്‍ ‘കലാവീക്ഷണം’ മാസികയിലെഴുതിയ ‘പനി’ എന്ന കഥ വായിച്ചിട്ടാണ് ഞാനിതു പറയുന്നത്. കന്യാസ്ത്രീയാകാന്‍ പോയ ഒരു പെണ്ണ് അതു വേണ്ടെന്നു വച്ചിട്ടു നാട്ടില്‍ തിരിച്ചു വരുമ്പാള്‍ അവളെ സ്നേഹിക്കുന്ന അവള്‍ സ്നേഹിക്കുന്ന ഒരുത്തന്‍ ഒരു കല്യാണത്തിനു പോകേണ്ടിയിരുന്നിട്ടും അതിനു ബന്ധുക്കളുടെകൂടെ പോകാതെ പനി അഭിനയിച്ചു കിടക്കുന്നു. എന്തിനെന്നോ? ആ പെണ്ണിന്റെ അടുത്തുപോകാന്‍.

പടിഞ്ഞാറന്‍ ചെറുകഥാ സാഹിത്യം അന്യാദൃശമായ വിധത്തില്‍ വികസിച്ചിരിക്കുന്ന ഈ കാലയളവില്‍ ഇവിടെയൊരാള്‍ ഇങ്ങനെയൊരു പൈങ്കിളിക്കഥ എഴുതി തന്റെ ഭാവനാദാരിദ്ര്യം വിളംബരം ചെയ്യുന്നല്ലോ. കൊണ്‍റാറ്റിന്റെ നോവലിലെ കെയ്സ്വര്‍ക്കര്‍ മൂത്രം നാറുന്ന ഒരു കുട്ടിയെയെടുത്തു മടിയിലിരുത്താന്‍ നിര്‍ബ്ബദ്ധനാകുന്നു. സമൂഹം പരിഷ്ക്കരിക്കാനിറങ്ങിയാല്‍ അതൊക്കെ ചെയ്യേണ്ടതായിവരും. നിരൂപണ പ്രക്രിയയ്ക്ക് ഇറങ്ങിയ ഞാന്‍ നിരന്തരം മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്ന ഈ കഥാശിശുവിനെ എന്റെ മടിയില്‍ എടുത്തിരുത്തുന്നു. നാറുന്നോ? അതേ. ഞാന്‍ അതനുഭവിക്കാന്‍ വിധിക്കപ്പെട്ടവനാണ്.

വിചാരങ്ങള്‍

‘ജീനിയസ്’ എന്നംഗീകരിക്കപ്പെട്ടിട്ടുള്ള ചിലരോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരിക്കലും അവരുടെ സാന്നിദ്ധ്യത്തില്‍ എനിക്കു ചിത്ത ചാഞ്ചല്യം ഉണ്ടായിട്ടില്ല. ഉണ്ടാകേണ്ട കാര്യവുമില്ല. ജീനിയസ് എന്ന ഒരംശത്തില്‍ മാത്രമേ അവര്‍ വിഭിന്നരായി വര്‍ത്തിക്കുന്നുള്ളു. മറ്റുള്ള എല്ലാക്കാര്യങ്ങളിലും അവര്‍ക്കും നമുക്കും തമ്മില്‍ വ്യത്യാസമില്ല. വ്യത്യാസമില്ലെന്നു മാത്രമല്ല നമ്മളെക്കാള്‍ ഈ പ്രതിഭാശാലികള്‍ കെട്ടവരായിരിക്കുകയും ചെയ്യും. അതുകൊണ്ട് പേരുകേട്ട ഒരു സാഹിത്യകാരനെ കണ്ടാല്‍ ‘ഞാനും നിങ്ങളും തമ്മില്‍ അത്ര വ്യത്യാസമൊന്നുമില്ല’ എന്ന രീതിയിലേ പെരുമാറാവൂ.

2. ഞാന്‍ ജോലി നോക്കിയിരുന്ന ഒരു സ്ഥാപനത്തില്‍ ബ്രാഹ്മണരാണ് ഏറെയുണ്ടായിരുന്നത്. അവര്‍ തമ്മില്‍ത്തമ്മില്‍ ‘സ്വാമീ’ എന്നു വിളിക്കും. മറ്റുള്ളവര്‍ അതുകേട്ട് സ്വാമി എന്നു വിളിക്കട്ടെയെന്നാവും അതിന്റെ ഗുട്ടന്‍സ്. അതുപോലെയാണ് കേരളത്തില്‍ മഹാകവി എന്ന സംബുദ്ധി. നാല്‍ക്കാലിയെഴുതുന്നവന്‍ വേറൊരു നാല്‍ക്കാലി എഴുതുന്നവനെക്കുറിച്ചു പറയേണ്ടിതായി വന്നാല്‍ മഹാകവി (ഇന്നാര്) എന്നാവും പറയുക, ആ നാല്‍ക്കാലി മഹാകവി ഇങ്ങോട്ടും മഹാകവി എന്ന സംബുദ്ധി നിര്‍വഹിക്കും. കേരളത്തില്‍ വിരലില്‍ എണ്ണാവുന്ന മഹാകവികളേയുള്ളൂ. എന്റെ സ്ഥാപനത്തിലെ ബ്രാഹ്മണര്‍ അന്യോന്യം സ്വാമി എന്നു വിളിക്കുന്നതുകേട്ട് സന്തോഷിച്ചുകൊള്ളട്ടെയെന്നു കരുതി ഞാനും ചിലരെ സ്വാമീ എന്നു വിളിച്ചിട്ടുണ്ട്. പക്ഷേ ഇന്നുവരെ മഹാകവിയല്ലാത്തവരെ ഞാന്‍ മഹാകവിയെന്നു വിളിച്ചിട്ടില്ല.

3. ഒരിക്കല്‍ പി. കേശവദേവും ഞാനും കൂടി ഒരു ഹോട്ടലില്‍ കയറി. കാപ്പികൊണ്ടുവരാന്‍ പറഞ്ഞുതീര്‍ന്നില്ല: അതിനു മുന്‍പ് ഒരുത്തന്‍ റോഡില്‍ നിന്നു പാഞ്ഞുകയറി ഞങ്ങളുടെ അടുത്തു വന്നിരുന്നു വാതോരാതെ സംസാരിക്കാന്‍ തുടങ്ങി. കോമയില്ല. ഫുള്‍സ്റ്റോപ്പില്ല. അനര്‍ഗ്ഗളമായ സംസാരം. പത്തു മിനിറ്റ് നേരം ഞങ്ങള്‍ അതുകേട്ടു. പെട്ടെന്ന് കേശവദേവ് ചാടിയെഴുന്നേറ്റു പറഞ്ഞു: ‘നിറുത്തെടോ’ അയാള്‍ നിറുത്തി. ദേവ് റോഡിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടു പോകൂ എന്നു ആജ്ഞാപിച്ചു. അയാള്‍ പോകുകയും ചെയ്തു.

ഞാന്‍ ചിലപ്പോള്‍ ഒരു എഴുത്തുകാരനെ റ്റെലിഫോണില്‍ വിളിക്കാറുണ്ട്. പ്രധാനപ്പെട്ട ഒരു കാര്യം പറയാനായിരിക്കും അങ്ങനെ വിളിക്കുന്നത്. പക്ഷേ റിസീവര്‍ എടുക്കുന്ന എഴുത്തുകാരന്‍ സംസാരമങ്ങു തുടങ്ങും. സ്വന്തം കാര്യങ്ങളെക്കുറിച്ച് ഓറല്‍ ഡയറിയ നടത്തിയിട്ടു ‘ശരി’ എന്നു പറഞ്ഞു റിസീവര്‍ ടക്ക് എന്നു താഴെ വയ്ക്കും. മറ്റൊരെഴുത്തുകാരന്‍ എന്നെ വിളിക്കും. എന്നിട്ട് താന്‍ എഴുതിയതും പ്രസംഗിച്ച് ബഹുജനത്തെ ഉദ്ബോധിപ്പിച്ചതും അവര്‍ രസിച്ചതുമൊക്കെ ദീര്‍ഘമായിത്തന്നെ പറയും. ഒരു വാക്കുപോലും എനിക്കു ഉച്ചരിക്കാന്‍ സൗകര്യം തരില്ല. ആത്മപ്രശംസ ഏറെ നിര്‍വഹിച്ചിട്ട് റിസീവര്‍ താഴെ വയ്ക്കും. രണ്ടുപേരുടെയും സംസാരം എനിക്കു വേദനയുളവാക്കും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കേശവദേവിനെപ്പോലെ വേണം നമ്മള്‍ പെരുമാറാന്‍. നമ്മുടെ വ്യക്തിത്വത്തെ നിന്ദിക്കലാണ്, അപമാനിക്കലാണ് ഈ രണ്ടുതരത്തിലുള്ള സംസാരവും. കേശവദേവേ അങ്ങയുടെ ധൈര്യം എനിക്കില്ലാതെ പോയല്ലോ.

4. റോഡില്‍ വച്ച് സ്നേഹിതനെ കണ്ടാല്‍ “എവിടെപ്പോകുന്നു? കൈയിലിരിക്കുന്ന പൊതിയിലെന്താണ്?” എന്നും മറ്റും ഞാന്‍ ചോദിക്കില്ല. അയാളുടെ കൈയില്‍ പുതിയ പുസ്തകമുണ്ടെങ്കില്‍ പുസ്തകങ്ങളില്‍ അമിതഭ്രമമുള്ള ഞാന്‍ അതു വാങ്ങി നോക്കുകയുമില്ല. അങ്ങനെയൊക്കെ ചോദിക്കുന്നതും പുസ്തകമെന്തെന്ന് അന്വേഷിക്കുന്നതും മര്യാദകേടാണ്. പക്ഷേ കടന്നുകയറ്റക്കാരാണ് തിരുവനന്തപുരത്ത് കൂടുതലുള്ളത്. ഒരു ദിവസം ഞാന്‍ ഒരു കാപ്പിക്കടയില്‍ നിന്ന് റോഡിലേക്കു പോകുമ്പോള്‍ വലിയ ഉപദ്രവകാരനായ ഒരു സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനെ കണ്ടുപോയി. ‘എങ്ങോട്ട്’ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഞാനങ്ങു സത്യം പറഞ്ഞു: ‘എ (പ്രശസ്തനായ കലാകാരനാണ് എ) സുഖമില്ലാതെ കിടക്കുന്നു – എന്ന ആശുപത്രിയില്‍ അന്വേഷിച്ചു പോകുകയാണ് ഞാന്‍’ ഉടനെ കടന്നുകയറ്റക്കാരന്‍ പറഞ്ഞു: ‘ഞാനും കൂടി വരാം. എന്റെ കൂട്ടുകാരനാണ് എ’. എന്റെ മുഖം കൂടുതല്‍ കറുത്തത് അദ്ദേഹം കണ്ടെങ്കിലും കണ്ടതായി ഭാവിച്ചില്ല. കൂടെ വന്നു. രോഗിയോട് അദ്ദേഹമാരെന്നു പറഞ്ഞു. ക്ഷീണിച്ച ശബ്ദത്തില്‍ രോഗി അറിയിച്ചു: ‘എനിക്കറിയില്ല, ഇരിക്കൂ!’ അപ്പോഴാണ് മിസ്സിസ്സ് എ ഞങ്ങളുടെ അടുത്തേക്കു വന്നത്. ഞാന്‍ ഉദ്യോഗസ്ഥനെ അവര്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തിട്ട് അവരുടെ പേരു പറഞ്ഞു: “സരോജിനി, മിസ്സിസ്സ് എ’’ (പേര് ഇതല്ല) ഉടനെ കടന്നു കയറ്റക്കാരന്‍ വിഡ്ഢിച്ചിരിയോടെ പറഞ്ഞു. ‘കേട്ടിട്ടുണ്ട്, മൈലം സരോജിനി — മരണത്തിന്റെ വക്കിലെത്തിയ രോഗി കൈമുട്ടുകള്‍ കിടക്കയിലൂന്നി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചിട്ടു വീണ്ടും കിടക്കയിലേക്കു വീണു. വല്ലാതെ അപമാനിതയായ മിസ്സിസ്സ് എ അടുത്ത മുറിയേല്ക്കു തിടുക്കത്തില്‍ പോയി. രോഗി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെയും എന്നെയും ദേഷ്യത്തോടെ തുറിച്ചുനോക്കി. ഞാന്‍ പ്രാണനും കൊണ്ട് ആശുപത്രിയില്‍ നിന്നിറങ്ങി നെട്ടോട്ടം ഓടി. രോഗിയുടെയും അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുടെയും രോഷത്തില്‍ കുറ്റം പറയേണ്ടതില്ല. മൈലം സരോജിനി കുപ്രസിദ്ധയായ വേശ്യയാണ്. അവളെയാണ് മിസ്സിസ്സ് എ ആയി എന്റെ കൂടെയെത്തിയ കടന്നു കയറ്റക്കാരന്‍ കണ്ടത്. രോഗിയുടെ ദൗര്‍ബ്ബല്യവും മിസ്സിസ്സ് എ യുടെ സ്ത്രീസഹജമായ സഹിഷ്ണുതയും ശരീരക്ഷതത്തില്‍ നിന്ന് എന്നെ രക്ഷിച്ചു.

എന്റെ വാക്കുകള്‍ക്ക് മാര്‍ദ്ദവമില്ലെങ്കില്‍ ശ്രീ.സി.എച്ച്. രാജന്‍ മാപ്പു നല്‍കട്ടെ. അദ്ദേഹം ദേശാഭിമാനി വാരികയില്‍ എഴുതിയ ‘മദ്ധ്യേയിങ്ങനെ’ എന്ന ഗദ്യം കവിതയുടെ മണ്ഡലത്തിലേക്കുള്ള കടന്നുകയറ്റമാണ്. ‘മെക്കിട്ടു’ കയറ്റമാണ്. ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥ. വ്യക്തികളുടെ കഷ്ടപ്പാടുകള്‍ ഇവയെക്കുറിച്ച് രാജന്‍ പറയുന്നതെല്ലാം ശരി. പക്ഷേ രചന വായനക്കാരനെ പ്രചോദിപ്പിക്കുന്ന സാന്മാര്‍ഗ്ഗികമായ ഉദ്ബോധനമായെങ്കിലും പ്രത്യക്ഷപ്പെടേണ്ടതില്ലേ? കവിതയുടെ കാര്യം പോകട്ടെ. ഉദ്ബോധനത്തിന്റെ ഗുണം പോലും ഇതിനില്ല.