close
Sayahna Sayahna
Search

സാഹിത്യവാരഫലം 1989 03 26


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1989 03 26
ലക്കം 706
മുൻലക്കം 1989 03 19
പിൻലക്കം 1989 04 02
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അഴുകാനായി തൊണ്ട് വെള്ളത്തിലിടുന്നതു പോലെ നമ്മുടെ സാഹിത്യകാരന്മാര്‍ ഭാഷയെ സവിശേഷ സന്ദര്‍ഭങ്ങളില്‍ നിവേശിപ്പിച്ച് അതിന് അഴുകല്‍ വരുത്തുന്നത് എന്തിനെന്ന് ആലോചിച്ചുകൊണ്ട് ഞാന്‍ ഏകാന്തതയില്‍ ഇരിക്കുകയായിരുന്നു. മൂക്കില്‍ തൊണ്ടു ചീഞ്ഞതിന്റെ ഗന്ധം. അപ്പോഴുണ്ട് പടിഞ്ഞാറന്‍ കാറ്റിലൂടെ പനിനീര്‍പ്പൂവിന്റെ സൗരഭ്യം വരുന്നു. അതോടൊപ്പം ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ചില വരികളും.

പാടത്തു നെന്മണി കൊത്തിപ്പറക്കുന്ന
മാടപ്പിറാക്കളെ നോക്കി നോക്കി,
മാനഞ്ചും നോക്കി നിന്നീടും നേരം
ഞാനരികത്തണഞ്ഞഞ്ചാറു പൂവവള്‍
കാണാതെ മന്ദമപഹരിച്ചാല്‍
‘ആട്ടെ’ യെന്നുള്ളൊരു വാക്കില്‍ പരിഭവ-
മാക്കിയവള്‍ നിൽക്കും മൗനമായി
എങ്കിലുമന്നുഞാനോര്‍ത്തതില്ലോമലാ-
ളെന്‍കരള്‍ത്താരു കവര്‍ന്ന കാര്യം.
പുതിഗന്ധം പോയി പരിമളം മാത്രം.

എന്തുകൊണ്ടാണ് ഈ വരികള്‍ക്ക് ഈ സൗരഭ്യം വന്നത്? ഒറ്റ ഉത്തരമേയുള്ളു. കവി വേറൊരാളായിട്ടല്ല പാടുന്നത്. ഇടപ്പള്ളിരാഘവന്‍പിള്ളയും ഇതെഴുതിയ കവിയും വിഭിന്നരല്ല. ഇതല്ല ഇന്നത്തെ പല കവികളുടേയും രചനാരീതി. അവര്‍ അവരായിട്ടല്ല പാടുക. എനിക്ക് അഭിമതനായ ജി. ശങ്കരക്കുറുപ്പുപോലും ജിയായിട്ടില്ല, കവിയായിട്ടാണു മുന്‍പില്‍ വന്നുനില്ക്കുന്നത്.

“ശ്രാന്തമംബരം നിദാഘോഷ്മളസ്വപ്നാക്രാന്തം
താന്തമാരബ്ധ് ക്ലേശരോമന്ഥം മമ സ്വാന്തം”

എന്നു ശങ്കരക്കുറുപ്പ് എഴുതുമ്പോള്‍ അദ്ദേഹം കവിയാണ്. ശങ്കരക്കുറുപ്പല്ല. എന്നാല്‍

“നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു
കൊച്ചുനുജത്തിയെപ്പോലെ നിന്നെ.”

എന്നു കേള്‍ക്കുമ്പോള്‍ അതെഴുതിയ ചങ്ങമ്പുഴ ചങ്ങമ്പുഴയായി പ്രത്യക്ഷനാകുന്നു. അനുവാചകന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്കു കവിത ചെല്ലണമെങ്കില്‍ വ്യക്തി കവിയുടെ മുഖാവരണം എടുത്തുവയ്ക്കരുത്. മുഖാവരണം ധരിച്ചവര്‍ കുറച്ചു കാലത്തേക്ക് ആളുകളെ ഭ്രമിപ്പിക്കും. പക്ഷേ, “തെക്കും കായലിലോളം കൊള്ളുമ്പോള്‍ ഓര്‍ക്കും ഞാനെന്റെ മാരനെ” എന്ന വരി അവരെ എല്ലാക്കാലത്തും ‘ഹോണ്‍ട് ചെയ്യും.

ജീവിതഗന്ധം

അശ്ലീല രചന ഒരുതരത്തിലുള്ള അഭിലാഷപ്രാപ്തിയാണ്. നിത്യ ജീവിതത്തില്‍ സാക്ഷാത്കരിക്കാനാവാത്തത് അസഭ്യമെഴുതി സാക്ഷാത്കരിക്കുന്നു.

സായാഹ്നകാലങ്ങളില്‍ ഞാന്‍ വേമ്പനാട്ടു കായലിന്റെ തീരത്തുനിന്നു കാഴ്ചകള്‍ കണ്ടു രസിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും ചേതോഹരം കെട്ടുവള്ളങ്ങള്‍ വെള്ളപ്പൊയ്കകള്‍ നിവര്‍ത്തി അനക്കംകൂടാതെ മുന്നോട്ടു പോകുന്നതാണ്. തുഴ പിടിച്ചുകൊണ്ട് വള്ളക്കാരന്റെ ആ നില്പ് കാണ്ടേണ്ടതാണ്. തുഴയൊന്നു ചരിഞ്ഞാല്‍ ആപത്തു സംഭവിക്കും. ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമസ് മന്നിന്റെ ചെറുകഥകള്‍ വായിക്കുമ്പോള്‍ ഈ വഞ്ചിദര്‍ശനത്തിന്റെ പ്രതീതിയാണ് എനിക്ക്. അദ്ദേഹം അമരക്കാരനായി നിൽക്കുന്നു. എത്തേണ്ടിടത്ത് എത്തുമ്പോള്‍ പായ് അഴിച്ചുവിടും; തുഴ വേണ്ടവിധത്തില്‍ തിരിക്കും. വള്ളം കരയിലടുക്കും. മന്നിന്റെ ‘വെനീസിലെ മരണം’ എന്ന നീണ്ടകഥ വായിക്കൂ. ഇപ്പറഞ്ഞതു സത്യമാണെന്നു ഗ്രഹിക്കാം. മലയാളത്തില്‍ ഇങ്ങനെയൊരു കഥാകാരനുണ്ടോ? ഉണ്ടെന്നു പറയാന്‍ ധൈര്യമില്ലെനിക്ക്. അല്പമായ സാദൃശ്യത്തിന് മേല്‍ പറയണമെന്നുണ്ടെങ്കില്‍ പി. സി. കുട്ടികൃഷ്ണന്‍ എന്നു പറയാം.

ചിലന്തി, വലകെട്ടുന്നതുപോലെ കഥാവലകെട്ടി അതില്‍ അനുവാചകരെ വീഴുത്തുന്ന കഥാകാരന്മാരാണ് ഇവിടെയുള്ളവരില്‍ അധികംപേരും. വീണുകഴിഞ്ഞാല്‍ കേന്ദ്രസ്ഥാനത്തുനിന്ന് എട്ടുകാലി ഒഴുകിവരും. പശയുള്ള നൂലുകൊണ്ട് അതിനെ പൊതിയും. കുത്തേണ്ടിടത്ത് കുത്തേല്പിക്കും. എന്നിട് കേന്ദ്രത്തില്‍ ചെന്നിരിക്കും. വലയില്‍ വീണ അനുവാചകപ്രാണി കുറെനേരം പിടിച്ചിട്ട് നിശ്ചലമാകും. ഈ ‘ലൂതവിദ്യ’ പടിഞ്ഞാറുനിന്ന് അഭ്യസിച്ചവരാണ് ഇവിടെയുള്ളവര്‍. ഡൊന്ള്‍ഡ് ബാര്‍തലം (Donald Bartheime) ജോണ്‍ ബാര്‍ത് (John Barth) ബറോസ് (Burroughs) ഇവരൊക്കെയാണ് അവരുടെ ആശാന്മാര്‍. ഞാന്‍ ഇവരുടെ വലകളില്‍ വീണു കൈകാലുകള്‍ ഇട്ടടിച്ചിട്ട് രക്ഷപ്പെട്ടിട്ടുണ്ട്.

ഇടതൂര്‍ന്ന അന്ധകാരത്തില്‍ നിശാഗന്ധി പൂത്തുനിൽക്കുന്നതുപോലെ കഥാപുഷ്പം വിരിയിക്കുന്നവരുണ്ട്. അവരില്‍ ഒരാളായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘കനല്‍’ എന്ന ചെറുകഥ എഴുതിയ സരസ്വതിയെ ഞാന്‍ കാണുന്നു. ചിരപരിചിതമായ വിഷയമാണ് കഥയുടേത്. വൃദ്ധദമ്പതികളുടെ സ്നേഹം “ഒന്നായും സൗഖ്യദുഃഖങ്ങളിലനുഗുണമായേതുകാലത്തുമുള്‍പ്പൂവിനുള്ളാശ്വാസമായും രസമതുജരയാല്‍ ഭേദിയാതുള്ളതായും പിന്നെക്കാലേനതീര്‍ന്നാമറവുകളൊടുവില്‍ സ്നേഹസത്തായുമെന്നും ഭിന്നിക്കാതുള്ള” പ്രണയം. ഭാര്യയുടെ മൃതദേഹം അവിടെ കിടക്കുന്നു. അതു കാണുന്ന നമ്മള്‍ ഗതാവലോകന കലാസങ്കേതത്തിലൂടെ ഭൂതകാലസംഭവങ്ങള്‍ ദര്‍ശിക്കുന്നു. ഭര്‍ത്താവിന്റെ നിസ്സംഗാവസ്ഥ സ്നേഹമില്ലായ്മയായി തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അതു വരാനിരിക്കുന്ന വൈകാരികാവസ്ഥയുടെ തീക്ഷ്ണത കൂട്ടാനുള്ള മാര്‍ഗ്ഗമാണ്. ഒടുവില്‍ ആ വൃദ്ധന്‍ — ഭര്‍ത്താവ് — സഹധര്‍മ്മിണിയുടെ പട്ടടയ്ക്കടുത്തുചെന്ന് അവളെ — മൃതദേഹത്തെ — തലോടുന്നു. ഏതാനും വാക്യങ്ങള്‍ മാത്രമുള്ള ഈ കഥയ്ക്ക് ആര്‍ദ്രീകരണശക്തിയുണ്ട്, ജീവിതഗന്ധമുണ്ട്.

അഭിനയം

അഭിനേതാവ് നാടകവേദിയില്‍നിന്ന് കഥാപാത്രത്തിന്റെ ഭാഗം അഭിനയിക്കുന്നു. അതിനെ ഇംഗ്ലീഷില്‍ role-playing എന്നു പറയുന്നു. നിത്യജീവിതത്തില്‍ സ്ത്രീയും പുരുഷനും ഇത്തരം അഭിനയങ്ങളില്‍ വ്യാപരിക്കാറുണ്ട്; ഇതില്ലാതെ ജീവിക്കാനാവില്ല. നമ്മള്‍ കാലത്ത് വീട്ടിന്റെ മുന്‍വശത്തു വന്നിരിക്കുമ്പോഴാണ് അയാള്‍ വന്നു കയറുക. “കുളിക്കാന്‍ സമ്മതിക്കില്ല. നാശം” എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് “വരൂ വരൂ ഇരിക്കൂ” എന്നു സന്തോഷം ഭാവിച്ച് നമ്മള്‍ അയാളെ ക്ഷണിക്കുന്നു. അയാള്‍ക്ക് പ്രധാനപ്പെട്ട എന്തോ കാര്യം അറിയിക്കാനുണ്ട്. നമ്മുടെ സഹായം വേണം. ആദ്യമൊക്കെ നമ്മള്‍ കുറച്ചുനേരം അതു കേള്‍ക്കുന്നു. പിന്നീട് അയാള്‍ തുടര്‍ന്നു സംസാരിക്കുന്നുണ്ടെങ്കിലും കേള്‍ക്കുന്നില്ല. ശ്രദ്ധിക്കുന്നുവെന്നു ധരിപ്പിക്കാനായി അയാളുടെ കണ്ണുകളില്‍ നമ്മള്‍ ഉറ്റുനോക്കുന്നു. ആ നോട്ടം സഹതാപത്തിന്റേതാണെന്നു കരുതി അയാള്‍ കൂടുതല്‍ ഉത്സാഹത്തോടെ കാര്യങ്ങള്‍ വിവരിക്കുന്നു. വിവരണം കൂടുന്തോറും നമ്മള്‍ ഒന്നും കേള്‍ക്കാതെയാകുന്നു. ഒടുവില്‍, കണ്ണുമിഴിച്ചിരിക്കുന്ന നമ്മളെ നോക്കി “സാര്‍ എല്ലാം ശരിയാക്കിത്തരണേ” എന്ന് അഭ്യര്‍ത്ഥിച്ചിട്ട് അയാള്‍ പോകുന്നു. “പിന്നെ, ഒരു പ്രയാസവുമില്ല” എന്നു നമ്മളുടെ മറുപടി. ഇതാണ് അഭിനയം സാര്‍ത്രിന്റെ ഭാഷയിലാണെങ്കില്‍ role-playing അദ്ദേഹത്തിന്റെ Being and Nothingness എന്ന ഗ്രന്ഥത്തില്‍ ഇത് പ്രൗഢതയോടെ ആവിഷ്കരിച്ചിട്ടുണ്ട്. പ്രഭാഷകനെയും ശ്രോതാവിനെയും ചിത്രീകരിച്ചാണ് സാര്‍ത്ര് ഇതനുഷ്ഠിക്കുന്നതെന്ന് എന്റെ ഓര്‍മ്മ പറയുന്നു. കാമുകിയെ പറ്റിക്കാന്‍ കാമുകന്‍ റോള്‍ പ്ലേയിങ്ങ് നടത്തുന്നു. അതു യഥാര്‍ത്ഥമായ വികാരമാണെന്നു കാമുകി തെറ്റിദ്ധരിക്കുന്നു. ചതി നടന്നുകഴിയുമ്പോഴേ പുരുഷന്‍ അഭിനയിക്കുകയായിരുന്നുവെന്ന് സ്ത്രീ അറിയൂ.

സ്ത്രീകളും റോള്‍ പ്ലേയിങ്ങില്‍ തല്‍പരകളാണ്. നിങ്ങള്‍ പുരുഷന്‍, ശക്തന്‍, ഞാന്‍ സ്ത്രീ, അശക്ത, എന്നു സ്ത്രീ ഭാവിക്കും. എന്നിട്ട് ബലംകൂടിയ, ധനം കൂടുതലുള്ള മറ്റൊരുത്തനുവേണ്ടി അയാളെ ഉപേക്ഷിക്കും. വേറൊരുത്തന്‍ അവനെക്കാള്‍ ശക്തനും ധനികനുമായി പ്രത്യക്ഷനാകുമ്പോള്‍ അയാള്‍ക്കുവേണ്ടി അവനെയും കളയും. ഒടുവില്‍ ജീവിതത്തില്‍ നേടേണ്ടത് ഒക്കെ നേടി അങ്ങു പോവുകയും ചെയ്യും. ഇങ്ങനെയുള്ള സ്ത്രീകള്‍ വളരെക്കൂടുതലായതുകൊണ്ട് അവരെ ഒരാശയമായിത്തന്നെ കരുതാം. യു. കെ. കുമാരന്‍ കലാകൗമുദിയിലെഴുതിയ “പ്രസീദ”എന്ന ചെറുകഥ നോക്കുക. പ്രസീദയെ കഥപറയുന്ന ആള്‍ കണ്ടിട്ടില്ല. റോള്‍ പ്ലേയിങ്ങാണ് അവള്‍ക്ക്. ആശയമായി മാറിയ അവളെ കാണേണ്ടതില്ലല്ലോ കഥ പറയുന്ന ആളിന്. അവള്‍ ഓരോ പുരുഷന്റെയും മുന്‍പില്‍ അഭിനയിച്ചഭിനയിച്ച് ഔന്നിത്യമാര്‍ജ്ജിച്ച് അപ്രത്യക്ഷയാകുന്നു. അവളെ സ്നേഹിച്ചവര്‍ക്കു മാത്രമേ തല്‍ക്കാലത്തേക്കു മാര്‍ഗ്ഗം അടയുന്നുള്ളു.അവരും ക്രമേണ മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചുകൊള്ളും. സ്ത്രീക്കാണെങ്കില്‍ സ്വന്തം മാര്‍ഗ്ഗം അടയുന്നതേയില്ല. സമാന്തരങ്ങളായ എത്രയെത്ര രാജരഥ്യകള്‍! ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു കാലെടുത്തുവച്ചു നടന്നാല്‍ മതി. കുമാരന്റെ കഥയിലെ നവീനമായ ആശയം എനിക്കു നന്നേ രസിച്ചു.

* * *

മുകളിലെഴുതിയതെല്ലാം സത്യമാണെങ്കിലും പുരുഷന്മാര്‍ ഇന്ന് സ്ത്രീകളെ കൂടുതല്‍ കൂടുതല്‍ വെറുക്കുവെന്ന് എനിക്കു തോന്നുന്നു. സ്ത്രീയാണല്ലോ പുരുഷനെ പ്രസവിക്കുന്നത്. തനിക്കു ജന്മമരുളിയ സ്ത്രീയെ പുരുഷന്‍ സ്വാഭാവികമായും പേടിയോടെ നോക്കുന്നുവെന്നു മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ആ പേടിയുടെ ‘റിയാക്ഷന്‍’ എന്ന നിലയില്‍ സ്ത്രീയില്‍ ആധിപത്യം പുലര്‍ത്താന്‍ പുരുഷന്‍ സന്നദ്ധനാകുന്നുവെന്നും അവര്‍ വാദിക്കുന്നു. ഇന്നത്തെ പുരുഷമേധാവിത്വം ഇതിന്റെ ഫലമാണ്. ഇതിനപ്പുറമായി റോള്‍ പ്ലേയിങ്ങ് വളരെ വര്‍ദ്ധിച്ചിരിക്കുന്നു. അതിന്റെ ഫലമായി ഒരു മാനുഷികമൂല്യത്തിലും ഒരുത്തനും വിശ്വാസമില്ലാത്ത അവസ്ഥയാണിന്ന്. ആര്‍ജ്ജവം (sincerity)ഒരിടത്തുമില്ല. നമ്മുടെ രാജ്യം ഇന്ന് തകര്‍ച്ചയിലാണ്. ശത്രുവിനെയല്ല ആളുകള്‍ കൊല്ലുന്നത്. ആരെയെങ്കിലും കൊന്നാല്‍ മതി എന്നായിട്ടുണ്ട് ചിന്ത. അങ്ങനെ കൊല്ലുമ്പോള്‍ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്കു മരണം സംഭവിച്ചാലും വധകര്‍ത്താക്കള്‍ക്കു കൂസലില്ല. കൂട്ടക്കൊല നടന്നാല്‍ അധികാരികള്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നതുപോലുമില്ല. അവര്‍ സ്വന്തം കാര്യം നോക്കുന്നു. ചിരിക്കുന്നു, ഉല്ലസിക്കുന്നു. എന്റെ രാജ്യത്തിന് എന്തൊരു ദുര്‍ദ്ദശ! എന്തൊരു ദൗര്‍ഭാഗ്യം!

ചോദ്യം, ഉത്തരം

ഏതു രാഷ്ട്രസിദ്ധാന്തവും ഉള്‍ക്കൊള്ളിക്കൂ കലാസൃഷ്ടിയില്‍. അതിനു കലാത്മകത ഉണ്ടാവണമെന്നേ പക്ഷമുള്ളു. രാഷ്ട്ര വ്യവഹാരത്തിനു പകരമായി രചനകളില്‍ വേദാന്തമുള്‍ക്കൊള്ളിച്ചാലും അസ്തിത്വവാദം ഉള്‍ക്കൊള്ളിച്ചാലും രചന തകരും, ആ സിദ്ധാന്തങ്ങള്‍ക്ക് അതിപ്രസരം വന്നാല്‍.

Symbol question.svg.png നിങ്ങള്‍ ഉറങ്ങാറുണ്ടോ? [എറണാകുളത്തുകാരിയായ ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ തിരുവനന്തപുരത്തെ മെയിന്‍ റോഡില്‍വച്ച് എന്നോട് നേരിട്ടു ചോദിച്ചത്.]

സുന്ദരികളെ കണ്ടാല്‍ അന്നു രാത്രി ഉറങ്ങാന്‍ പറ്റില്ല പുരുഷന്മാര്‍ക്ക്. നിങ്ങളെ കണ്ട ദിവസം ഞാന്‍ സുഖമായി ഉറങ്ങി.

Symbol question.svg.png വിമര്‍ശനത്തില്‍ ക്ഷോഭിക്കാത്ത കവിയുണ്ടോ?

ഉണ്ട്. ചുള്ളിക്കാട് ബാലചന്ദ്രന്‍.

Symbol question.svg.png ഡോക്ടര്‍മാര്‍?

ഒരുമാതിരിയുള്ളവരെയെല്ലാം വിശ്വസിക്കാം. ബഹുമാനിക്കാം. പക്ഷേ, ഒരു ഡോക്ടറുടെയും കൈയക്ഷരത്തെ ബഹുമാനിക്കാനാവില്ല.

Symbol question.svg.png അപവാദവ്യവസായം നടത്തുന്നവനെ കുറെക്കാലം കഴിയുമ്പോള്‍ ആളുകള്‍ വിശ്വസിക്കാതാവില്ലേ?

അപ്പോള്‍ ഒരു മാര്‍ഗ്ഗമുണ്ട്. ശബ്ദം വളരെ താഴ്ത്തി ശ്രോതാവിന്റെ കാതിനോടു വായ് അടുപ്പിച്ചു പറഞ്ഞാല്‍ മതി. ഏതപവാദവും അപ്പോള്‍ വിശ്വസിക്കപ്പെടും.

Symbol question.svg.png മഹാന്മാരായ എഴുത്തുകാരെ കണ്ടറിയാന്‍?

അവരുടെ രചനകളുടെ ആദ്യത്തെ വാക്യം നോക്കിയാല്‍ മതി. “The widow Blacket. of Oxford is the largest female I ever had the pleasure of beholding” എന്ന വാക്യം ആദ്യമേ കണ്ടാല്‍ അതെഴുതിയ ആള്‍ മഹാനാണെന്നു ഗ്രഹിക്കാം. (Charles Lamb എഴുതിയ Mrs.Leicester’s School നോക്കുക.) ഒന്നുകൂടെ. Fog everywhere, fog up the river, fog on the Essex marshes fog on the Kentish heights (Black House, C. Dickens) വള്ളത്തോളിന്റെ “മഗ്ദലനമറിയം” കാവ്യം തുടങ്ങുന്നതു നോക്കുക. ഒരു മഹാകവിക്കല്ലാതെ ആ വരികള്‍ എഴുതുവാന്‍ സാധിക്കില്ല.

(വാര്‍തിങ്കള്‍ത്താലമെടുത്ത വസന്തരാവേ-
തോവെണ്‍ചാറൊന്നു പൂശിക്കയാല്‍)

Symbol question.svg.png ഭാര്യ സ്വപനം കാണുന്നത് എന്തായിരിക്കും?

ഭര്‍ത്താവ് ഒരു ഡസന്‍ സാരി വാങ്ങിക്കൊണ്ടുവന്നുവെന്ന്. പെട്ടന്ന്, ആഹ്ലാദത്തോടെ കണ്ണുതുറക്കുമ്പോള്‍ രാത്രി നനച്ചിട്ട സാരി ഉണങ്ങാതെ അശയില്‍ (അയയില്‍) കിടക്കുന്നുണ്ടാവും.

Symbol question.svg.png ഭര്‍ത്താവിന്റെ സ്വപ്നമോ?

താന്‍ വിവാഹം കഴിക്കാത്ത യുവാവാണെന്ന്. സന്തോഷത്തോടെ കണ്ണുതുറക്കുമ്പോള്‍ തെല്ലകലെ കട്ടിലില്‍ക്കിടന്നു കൂര്‍ക്കം വലിക്കുകയാവും സഹധര്‍മ്മിണി. അപ്പോഴുണ്ടാകുന്ന നൈരാശ്യമാണ് യഥാര്‍ത്ഥമായ നൈരാശ്യം.

ടി. പദ്മനാഭന്‍

സാഹിത്യകാരനായ ടി. പദ്മനാഭനെ എനിക്കു നേരിട്ടറിയാം. ഞാന്‍ എറണാകുളത്ത് ജോലിയായിരുന്ന കാലത്ത് അദ്ദേഹം ദയാപൂര്‍വം എന്റെ ലോഡ്ജില്‍ വന്നിട്ടുണ്ട്. വളരെനേരം സംസാരിച്ചിരുന്നിട്ടുണ്ട്. തിരുവനന്തപുരത്തെ എന്റെ വീട്ടിലും അദ്ദേഹം വന്നു. അതും സ്നേഹത്തിന്റെ പേരില്‍. ഇത്രയുംകാലത്തെ പരിചയം വച്ചുകൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും പദ്മനാഭന്‍ ശുദ്ധാത്മാവാണെന്ന്. ശുദ്ധാത്മാക്കള്‍ക്കു മെഗലൌമേന്യ ഉണ്ടാകും. അതുകൊണ്ടാണ് അദ്ദേഹത്തില്‍നിന്നു താഴെച്ചേര്‍ക്കുന്ന ഉദീരണങ്ങള്‍ ഉണ്ടായത്:

  1. സാഹിത്യത്തില്‍ ഉയര്‍ന്ന ജാതിയിലാണ് ഞാന്‍. എന്നെ സാഹിത്യത്തിലെ ഹീനജാതിക്കാരോടൊപ്പം ബന്ധപ്പെടുത്തുന്നത് എനിക്കിഷ്ടമില്ല.
  2. ഈയിടെ ടി.വിക്കു വേണ്ടി ഒരുവന്‍ വന്നിരുന്നു. ഞാന്‍ സമ്മതിച്ചില്ല. അതിന് അവന്‍ എനിക്കു ഭ്രാന്താണെന്നു പറഞ്ഞു.
  3. നിരൂപകര്‍ എന്നൊക്കെ പറയാറില്ലേ. എനിക്കുവരെ പുച്ഛമാണ്.
  4. ഞാന്‍ ഭ്രാന്തനാണ്. നാറാണത്തുഭ്രാന്തന്റെ ശിഷ്യനാണ് ഞാന്‍.

    (കുങ്കുമം വാരിക)

ശുദ്ധാത്മാക്കള്‍ വികാരത്തിനു വിധേയരായാല്‍ അതിനു സ്വച്ഛന്ദഗതി അനുവദിക്കും. അത് പിരിമുറുക്കവും നെഞ്ചിടിപ്പും ഉണ്ടാക്കിക്കൊണ്ടാവും ഒഴുകുക. അതു കാണുന്ന നമ്മള്‍ക്കും അതേ അവസ്ഥകള്‍ ഉണ്ടാകും. അതുകൊണ്ട് വികാരത്തിന് നിയന്ത്രണാതീതമായ പ്രവാഹം അനുവദിക്കുന്നതുവരെ രചകളും പ്രസ്താവങ്ങളും നമ്മള്‍ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്. മനസ്സിനു പരിപാകം വന്നവര്‍ വസ്തുക്കളെയും വസ്തുതകളെയും കണ്ടാല്‍ ഇളകിപ്പോകാറില്ല. അവര്‍ സൈഥര്യത്തോടെ അവയുടെ അന്തര്‍ഭാഗത്തേക്കു കടക്കും. അങ്ങനെ അവയെ സ്വന്തമാക്കിക്കൊണ്ട് സത്യമെന്താണെന്നു നമുക്കു പറഞ്ഞുതരും. “ചിത്തം ചലപ്പതിനു ഹേതു മുതിര്‍ന്നുനിൽക്കെ നെഞ്ചില്‍ കുലുക്കുക്കമെവനില്ലവനാണു ധീരന്‍” എന്നു കാളിദാസന്‍ പറഞ്ഞത് ഇതു ലക്ഷ്യമാക്കിയാണ്.

എന്തു ദൂരം

തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ തല വെളിയിലേക്കിട്ടു നോക്കിയിട്ടുണ്ടോ? ദൃശ്യങ്ങള്‍ ഒന്നൊന്നായി കണ്ണില്‍ വന്നുവീഴും. ഒരു ദൃശ്യത്തിന് മറ്റൊരു ദൃശ്യവുമായി പ്രത്യക്ഷത്തില്‍ ബന്ധം കാണില്ല. എങ്കിലും പുഷ്പഹാരത്തിലെ വാഴനാര് പൂക്കളെ കൂട്ടിയിണക്കുന്നതുപോലെ ഒരാന്തരചൈതന്യം ആ ദൃശ്യങ്ങളെ യോജിപ്പിക്കുന്നുണ്ടാവും. ജീവിതസംഭവങ്ങളാണ് ദൃശ്യങ്ങള്‍. അവ വിഭിന്നങ്ങളാണെങ്കിലും ഒരേയൊരു ചൈതന്യം അവയെ ബന്ധിപ്പിക്കുന്നു. ഈ വിഭിന്ന സംഭവങ്ങളെ ചിത്രീകരിച്ച് ആന്തരമായ ചൈതന്യത്തെ ധ്വനിപ്പിക്കുന്നവനാണ് കലാകാരന്‍.

ചിലര്‍ക്ക് യാത്രയില്‍ ദൃശ്യങ്ങള്‍ കണ്ണില്‍ വീഴുകയില്ല. അവര്‍ക്കു തിരുവനന്തപുരം വിട്ടാല്‍ കൊല്ലം, കൊല്ലം കഴിഞ്ഞാല്‍ കോട്ടയം, കോട്ടയത്തിനുശേഷം എറണാകുളം. എറണാകുളത്ത് എത്തുമ്പോള്‍ ബാഗ് കൈയിലെടുത്ത് ഇറങ്ങിപ്പോകുകയും ചെയ്യും. ഇത്തരക്കാര്‍ കലാകാരന്മാരല്ല. പ്രബന്ധകാരന്മാരാണ്. എന്റെ സ്നേഹിതനും നല്ല മനുഷ്യനുമായ ടി. വി. വര്‍ക്കി കലാകാരനല്ല, എസേയിസ്റ്റാണ്. വിരസനായ യാത്രക്കാരന്‍ തീവണ്ടിയാപ്പീസുകളിലെ സ്ഥലപ്പേരെഴുതിയ ബോര്‍ഡ് നോക്കുന്നതുപോലെ വര്‍ക്കി ജീവിതസംഭവങ്ങളെ നോക്കുന്നു. ഒടുവില്‍ എത്തേണ്ട സ്ഥലത്ത് എത്തുമ്പോള്‍ ഇറങ്ങിപ്പോകുന്നു. തീവണ്ടി ഇരച്ചുപോരുമ്പോള്‍ ‘കടാക്ഷശാസ്ത്ര പഠിപ്പുനേടാത്ത വിടര്‍ന്ന കണ്ണാല്‍’ഒരു ചെറുപ്പക്കാരി ഇരുമ്പുകുതിരയെ നോക്കിനിന്നത് വര്‍ക്കി കണ്ടിരിക്കില്ല. വെള്ളിരേഖപോലെ നദി പാലത്തിനു താഴെയായിമിന്നിയത് അദ്ദേഹത്തിന്റെ നേത്രങ്ങളില്‍ വന്നുവീണിരിക്കില്ല. പരിപൂര്‍ണ്ണ നഗ്നനായിനിന്ന് ഒരു കൊച്ചുകുട്ടി തീവണ്ടിയെ നോക്കി കൊഞ്ഞനം കുത്തിയതും അദ്ദേഹം ദര്‍ശിച്ചിരിക്കില്ല. ആ ചെറുപ്പക്കാരിയേയും നദിയേയും കുട്ടിയേയും ബന്ധിപ്പിച്ച ചൈതന്യം അദ്ദേഹത്തിന് അജ്ഞാതവും അജ്ഞേയവുമത്രേ.

ഇപ്പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ ദേശാഭിമാനി വാരികയില്‍ അദ്ദേഹമെഴുതിയ ‘തലമുറകള്‍’എന്ന കഥ വായിച്ചുനോക്കുക. ഹൃദൃരോഗം വന്ന അച്ഛനെ മകനു കണ്ടുകൂടാ. പിതാവ് പ്രയോഗികജീവിതത്തില്‍ വേണ്ടപോലെ ശ്രദ്ധിച്ചില്ല എന്നാണു മകന്റെ പരാതി. പക്ഷേ, അച്ഛന്റെ മരണത്തിനുശേഷം മകനും പണത്തിനു പ്രയാസമുണ്ടാവുന്നു. അയാള്‍ കടം മേടിക്കാന്‍ ശ്രമിക്കുന്നു. അച്ഛന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് അഭിമുഖീഭവിച്ചുനിന്ന രീതി ശരിയായില്ല എന്നു മകന് ആദ്യമൂണ്ടായി ഒരഭിപ്രായം. പക്ഷേ, മകനും അതേ അവസ്ഥയില്‍ ചെന്നു വീഴുന്നു. ഈ ആശയത്തെ വാങ്ങ്മയചിത്രങ്ങളാക്കി ആവിഷ്കരിക്കാതെ വിദ്യാര്‍ത്ഥികള്‍ ‘കോമ്പൊസിഷന്‍’ എഴുതുന്ന മട്ടില്‍ വര്‍ക്കി ഒരു ‘കോമ്പോസിഷന്‍’ തയ്യാറാക്കി വയ്ക്കുന്നു. കലയ്ക്കും വര്‍ക്കിക്കും തമ്മിലുള്ള ദൂരം കുറച്ചൊന്നുമല്ല.

ജി പറഞ്ഞു

ചിലന്തി വല കെട്ടുന്നതുപോലെ കഥാവല കെട്ടി അതില്‍ അനുവാചകരെ വീഴ്ത്തുന്ന കഥാകാരന്മാരാണ് ഇവിടെയുള്ളവരില്‍ അധികംപേരും. വീണു കഴിഞ്ഞാല്‍ കേന്ദ്രസ്ഥാനത്തുനിന്ന് എട്ടുകാലി ഒഴുകിവരും. പശയുള്ള നൂലുകൊണ്ട് അതിനെ പൊതിയും. കുത്തേണ്ടിടത്ത് കുത്തേല്പിക്കും. എന്നിട്ട് കേന്ദ്രത്തില്‍ ചെന്നിരിക്കും. വലയില്‍വീണ അനുവാചകപ്രാണി കുറെനേരം പിടിച്ചിട്ട് നിശ്ചലമാകും.

  1. എന്‍. ഗോപാലപിള്ളയ്ക്കു ജയന്റിന്റെ ശക്തിയുണ്ടന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ പേരില്‍ അദ്ദേഹം ഒരു സാധു കവിയെ വേട്ടയാടാന്‍ ശ്രമിക്കുന്നു (എനിക്ക് എഴുതിയ കത്തില്‍).
  2. നിങ്ങള്‍ക്കു തീക്ഷണതയുള്ള നാവുണ്ട്. പക്ഷേ, അത് വിരസമായ മനസ്സിന്റെ സന്തതിയാണെന്ന് ഓര്‍മ്മിക്കൂ (എന്നോട് നേരിട്ട്).
  3. ഞാന്‍ തൃശ്ശൂരെ അയ്യന്തോളിലൂടെ നടക്കുമ്പോള്‍ ഒരു മൃതദേഹം കൊണ്ടുപോകുകന്നതു കണ്ടു. അതാണ് എന്റെ ‘ഇന്നു ഞാന്‍ നാളെ നീ’ എന്ന കവിതയ്ക്ക് ഉറവിടം. ഞാനത് എഴുതിയത് കെ. ദാമോദരനു വേണ്ടിയല്ല, എനിക്കുവേണ്ടിയാണ് [ജിയുടെ ആ കാവ്യം കൃത്രിമമാണെന്നു കെ. ദാമോദരന്‍ എഴുതിയതു കണ്ടപ്പോള്‍ ](എന്നോട്).
  4. നിങ്ങള്‍ ആളുകളെ പ്രശംസിച്ച് അവരെ വിഢികളാക്കുന്നു. [സംസ്കൃത കോളേജില്‍ പ്രഭാഷണത്തിനു വന്ന ജിയെ മര്യാദയോടെ, ബഹുമാനത്തോടെ സ്വാഗതം ചെയ്ത പൂവറ്റൂര്‍ രാമകൃഷ്ണപിള്ളയ്ക്കു കവി കൊടുത്ത സമ്മാനം.]
  5. ‘ഹൃദയംഗമായ’ എന്ന പ്രയോഗം അത്രകണ്ടു ശരിയല്ല. ഹൃദയത്തില്‍നിന്നു ഗമിക്കുന്നത് എന്നേ അര്‍ത്ഥമുള്ളു അതിന്. [ഫാദര്‍ ജോണ്‍ കുന്നപള്ളിയുടെ ശബ്ദ സൗഭഗം’ എറണാകുളത്ത് റിലീസ് ചെയ്ത സന്ദര്‍ഭത്തില്‍. പ്രയോഗം ശരിയാണെന്ന് ഫാദര്‍ മറുപടിയായി പറഞ്ഞു. ഹൃദയത്തിലെക്കു ഗമിക്കുന്നത് ഹൃദയസംഗമം.]
  6. സുകുമാര്‍ അഴീക്കോടിന്റേത് ഒരു കൂട്ടുകൃഷിപ്പുസ്തകമാണ്. [‘ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന പുസ്തകത്തെക്കുറിച്ച് എന്നോട്. അക്കാലത്തെ രണ്ടു കവികള്‍ (ഒരാള്‍ ഇന്നില്ല) ഗ്രന്ഥരചനയ്ക്കു സാഹായ്യമരുളി എന്ന് ജി പിന്നീട് എന്നെ അറിയിച്ചു. ഇന്നുള്ള കവിയോട് ഞാനതിനെക്കൂറിച്ചു ചോദിച്ചപ്പോള്‍ തനിക്കോ അന്തരിച്ച കവിക്കോ അതില്‍ ഒരു പങ്കുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.]

മലയാളസാഹിത്യം — 1987-ലെ

അല്‍ബേര്‍ കമ്യൂ ഒരിക്കല്‍ പറഞ്ഞു: “It is from the moment when I shall no longer be more than a writer that I shall cease to write.” ഇതു ശരിയാണോ? കമ്യൂവിനെക്കൂറിച്ച് കേരളത്തിലെ ഒരു മൂലയിലിരുന്ന് ഒരു നിസ്സാരന്‍ എഴുതുന്നതുതന്നെ അദ്ദേഹം സാഹിത്യകാരനായതുകൊണ്ടാണ്. ‘പ്ലേഗ്’ തുടങ്ങിയ നോവലുകള്‍ എഴുതാതെ കമ്യൂ വെറും രാഷ്ട്രീയപ്രവര്‍ത്തകനായി വര്‍ത്തിച്ചിരുന്നെങ്കില്‍ അതും അദ്ദേഹത്തെ പരിഗണിക്കുമായിരുന്നില്ല. ചെസ് ലാഫ് മീലോഷും മിലാന്‍ കുന്ദേരയും ശുദ്ധസാഹിത്യത്തില്‍ മാത്രം കൈവച്ചിരുന്നെങ്കില്‍ ഇന്നുള്ളതിനെക്കാള്‍ വലിയ കീര്‍ത്തി അവര്‍ക്ക് കിട്ടുമായിരുന്നു. സ്വന്തം നാടായ ചെക്കോസ്ലോവാക്യയില്‍നിന്നു പൂര്‍ണ്ണമായും വേര്‍പെട്ടു നിൽക്കാന്‍ കഴിയാത്തതുകൊണ്ടാണ് കുന്ദേരയ്ക്ക് ഒരു വിഷയംതന്നെ വീണ്ടും വീണ്ടും പ്രതിപാദിക്കേണ്ടി വരുന്നത്. ഇത്രയും എഴുതിയതുകൊണ്ട് എഴുത്തുകാരന്‍ സമൂഹത്തിന്റെ നേര്‍ക്ക് രാഷ്ടവ്യവഹാരത്തിന്റെ നേര്‍ക്ക് കണ്ണടയ്ക്കണമെന്നു വിവക്ഷയില്ല. ഒന്നിനും അമിതപ്രാധാന്യം നൽകരുതെന്നേ കരുതുന്നുള്ളൂ. നൽകിയാല്‍ കല അന്തര്‍ദ്ധാനം ചെയ്യും. അതിന്റെ സ്ഥാനത്ത് ലഘുരേഖകള്‍ വിരാജിക്കുകയും ചെയ്യും. മാര്‍ക്സിസ്സ്റ്റുകളായ നെറൂദയും യാനീസ് റീറ്റ്സോസും ആദരിക്കപ്പെടുന്നത് മഹാകവികളെന്ന നിലയിലാണ്. ഏതു രാഷ്ട്രവ്യവഹാരസിദ്ധാന്തവും ഉള്‍ക്കൊള്ളിക്കൂ കലാസൃഷ്ടിയില്‍. അതിനു കലാത്മകത ഉണ്ടാവണമെന്ന പക്ഷമേയുള്ളു. രാഷ്ട്രവ്യവഹാരത്തിനു പകരമായി രചനകളില്‍ വേദാന്തമുള്‍ക്കൊള്ളിച്ചാലും അസ്തിത്വവാദം ഉള്‍ക്കൊള്ളിച്ചാലും രചന തകരും. ആ സിദ്ധാന്തങ്ങള്‍ക്ക് അതിപ്രസരം വന്നാല്‍.

മലയാളസാഹിത്യത്തില്‍ സമാന്തരങ്ങളായ പ്രവാഹങ്ങളുണ്ട്. ഒന്ന് രാഷ്ട്രവ്യവഹാരത്തിന് അമിതപ്രാധാന്യം നൽകുന്നു. രണ്ട് അസ്തിത്വവാദത്തിന് അമിതപ്രാധാന്യം നൽകുന്നു. ഇവ രണ്ടും കലയുടെ പഞ്ജരത്തിനു മുകളിലായി ജിറാഫിനെപ്പോലെ തലനീട്ടുന്നുവെന്നു കണ്ട് രൂപത്തിനും ഭാവത്തിനും തുല്യപ്രാധാന്യം നൽകുന്ന കൃതികളെ വിലയിരുത്തുകയാണ് പ്രൊഫസര്‍ ജി. എന്‍. പണിക്കര്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസാധനമായ Indian Literature എന്ന പ്രസാധനത്തില്‍ അദ്ദേഹമെഴുതിയ ലേഖനം നോക്കുക. 1987-ലെ മലയാള രചനകളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രബന്ധം. നിഷ്പക്ഷതയോടെ ജി. എന്‍. പണിക്കര്‍ ഒരോ കൃതിയേയും സമീപിക്കുന്നു. തനിക്കു യോജിക്കാന്‍ കഴിയാത്ത ഗ്രന്ഥകാരന്മാരെക്കൂറിച്ച് എഴുതുമ്പോഴും സംസ്കാരസമ്പന്നമാണ് അദ്ദേഹത്തിന്റെ ഭാഷ.

കശാപ്പ് എത്ര ഭേദം

ഞാന്‍ മദ്യവിരോധിയാണെങ്കിലും കള്ളുഷാപ്പുകളിലും ചാരായഷാപ്പുകളിലും കയറിയിട്ടുണ്ട്. എക്സൈസ് ഡിപ്പാര്‍ടുമെന്റുമായി ഒരു ലേശം ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ആ പ്രവേശം ‘സാദ്ധ്യ’മായത്. കള്ളുനിറച്ച കുടങ്ങളും പൊളിഞ്ഞ ബഞ്ചുകളും തൊലിയുരിക്കാതെ കൂട്ടാനാക്കിവച്ച മീനും ഈച്ചയരിക്കുന്ന മരിച്ചിനിപ്പുഴുക്കുമൊക്കെ അവിടെ ഞാന്‍ കണ്ടിട്ടുണ്ട്. ആനക്കാലന്‍ കുപ്പികളില്‍ ചാരായം വച്ചിരിക്കുന്ന കടകളിലെ പ്രവേശനം ക്ഷോഭജനകമാണ്. ചാരായം സ്ഫടിക ടംബ്ലറില്‍ പകരുമ്പോള്‍ ആ ദ്രാവകത്തിന് എന്തൊരു തിളക്കമാണെന്നോ? പക്ഷേ, മൂക്കിനോട് ഒന്നടുപ്പിക്കൂ. കുടലുവരെ പുറത്തേക്കു പോരും. നീളവും വണ്ണവുമുള്ള പൊരിച്ച കൊഞ്ചുമീന്‍ തിന്നുകൊണ്ട് ആളുകള്‍ ചാരായം മോന്തുന്നത് കാണാം. ഭീകരന്മാരുടെ വാസസ്ഥലങ്ങള്‍ കണ്ടിട്ടില്ല ഞാന്‍. കണ്ടാല്‍ ചൈനയും പാകിസ്ഥാനും നമ്മുടെ ആളുകളെ കൊല്ലാന്‍ കൊടുക്കുന്ന യന്ത്രത്തോക്കുകളും മറ്റും കാണാന്‍ കഴിയും. ഇപ്പോഴത്തെ രീതിയനുസരിച്ച് ബലമുള്ള കയറുകളും. ചെറുപ്പമായിരുന്ന കാലത്ത് ആടിനെ കശാപ്പുചെയ്യുന്നവന്റെ വീട്ടില്‍ ഞാന്‍ പോയിടുണ്ട്. ഇന്നു ഞാന്‍ മാംസവിരോധിയാണ്. അന്ന് അങ്ങനെയായിരുന്നില്ല. വലിയ തടിക്കഷണങ്ങള്‍. അവയില്‍ ആടുകളുടെ രക്തപങ്കിലമായ തലകള്‍. മറ്റു ഭാഗങ്ങള്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. ആ ഇറച്ചിക്കഷണങ്ങളില്‍നിന്ന് ചോരയൊലിക്കുന്നു. കുടലും മറ്റും വേറൊരു വശത്ത്. കാഴ്ചയും നാറ്റവും ഒന്നുപോലെ അസഹനീയങ്ങള്‍. കള്ളുഷാപ്പിലും ചാരായഷാപ്പിലും ഭീകരവനത്തിലും കശാപ്പുസ്ഥലത്തും ഒരേനിമിഷത്തില്‍ കടന്നുചെല്ലുവാന്‍ വിദ്യയുണ്ടെന്നിരിക്കട്ടെ. അതു പ്രയോഗിച്ച് അവിടെ ചെന്നാല്‍ എന്ത് അനുഭവമായിരിക്കും? ആ അനുഭവത്തിന്റെ രീതി അറിയണമെങ്കില്‍ മനോരാജ്യം വാരികയില്‍ കണ്ണോത്തു സുധീര്‍ എഴുതിയ “തിരിച്ചുവരവ്” എന്ന “കഥ” വായിച്ചാല്‍ മതി. വെറുപ്പും അറപ്പും ഛര്‍ദ്ദിയും ഒരേ സമയത്തുണ്ടാകുന്ന ഒരു ബീഭത്സതയാണിത്.

മാന്‍വെല്‍ പ്യൂഗ്

ആര്‍ജ്ജവം ഒരിടത്തുമില്ല. നമ്മുടെ രാജ്യം ഇന്നു തകര്‍ച്ചയിലാണ്. ശത്രുവിനെയല്ല ആളുകള്‍ കൊല്ലുന്നത്. ആരെയെങ്കിലും കൊന്നാല്‍മതി എന്നായിട്ടുണ്ട് ചിന്ത. അങ്ങനെ കൊല്ലുമ്പോള്‍ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മരണം സംഭവിച്ചാലും വധകര്‍ത്താക്കള്‍ക്ക് കൂസലില്ല.

ആര്‍ജറ്റെന്‍റയിലെ നോവലിസ്റ്റ് മാന്‍വെല്‍ പ്യൂഗ് (Manuel Puig) രാഷ്ട്രാന്തരീയ പ്രശസ്തി നേടിക്കഴിഞ്ഞു. ഞാന്‍ വായിച്ച അദ്ദേഹത്തിന്റെ രണ്ടു നോവലുകളെക്കൂറിച്ച് — Betrayed by Rita Hayworth, Kiss of the Spider Women — ഈ പംക്തിയില്‍ എഴുതിയിരുന്നു. 1987-ല്‍ Faber& Faber പ്രസാധനം ചെയ്ത Pubis Angelicial എന്ന നോവല്‍ ഈ ആഴ്ച വായിച്ചു. നിസ്സാരസംഭവങ്ങള്‍ ചിത്രീകരിച്ച് ജീവിതത്തിന്റെ ഗഹനതയെ ധ്വനിപ്പിക്കുക എന്നതാണ് പ്യൂഗിന്റെ മാര്‍ഗ്ഗം. പുതിയ നോവലിന് ടെക്‌‌നിക്കിലും പ്രതിപാദ്യവിഷയത്തിലും പുതുമയുണ്ട്. പുരുഷന്റെ ആതിരുകടന്ന ഗര്‍വ്വത്തിനെ ‘മച്ചിസ്മോ (machismo)എന്നു വിളിക്കുന്നു. മാര്‍കേസിന്റെ ഒരു നോവലില്‍ (ക്രോണിക്കിള്‍..) ഇതിനെ പരിഹസിച്ചിട്ടുണ്ട്. ഈ ഗര്‍വ്വത്തിന് അടിമപ്പെട്ട് സ്ത്രീ തകരുന്നതിന്റെ ചിത്രം പ്യൂഗിന്റെ ഈ നോവലില്‍നിന്നു ലഭിക്കുന്നു. സ്ത്രീയുടെ ലൈംഗികമായ തകര്‍ച്ചയാണ് നോവലിസ്റ്റ് ആലേഖനം ചെയ്യുന്നത്. നല്ല സാഹിത്യകാരന്മാര്‍ ആരെയും അനുകരിക്കില്ല. അത്രയ്ക്കു വിശിഷ്ടമൊന്നുമല്ലെങ്കിലും പ്യൂഗിന്റെ ഈ നോവല്‍ അന്യാദൃശസ്വഭാവമാവഹിക്കുന്നു (Pubis Angelical, Manuel Puig, Translated by Elena Brunet, Faber and faber, Rs. 95).

മുകളിൽപ്പറഞ്ഞ ‘മച്ചിസ്മോ’ (പുരുഷഗര്‍വ്വത്തിന്റെ ആധിക്യം) മെക്സിക്കോയില്‍ ഉണ്ടെന്ന് ഒക്ടോവ്യ പാസ് തന്റെ ഉജ്ജ്വലമായ The Labyrinth of Solitude എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. മെക്സിക്കോയിലെ കാര്യമാണ് അദ്ദേഹം പറയുന്നതെങ്കിലും നമ്മുടെ സ്തീകള്‍ക്കും അതു ചേരും.

“She is an answer rather than a question, a vibrant and easily worked material that is shaped by the imagination and sensuality of the male” (page 29, King Penguin).

പല പരിവൃത്തി വായിക്കേണ്ട പുസ്തകമാണിത്. ഒക്ടോവ്യാ പാസ് മഹാകവി മാത്രമല്ല, വലിയ ചിന്തകന്‍കൂടിയാണെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നു. ഇതൊക്കെ വായിക്കുമ്പോഴാണ് ഇവിടത്തെ “ചിന്തകന്മാരു”ടെ പാപ്പരത്തം നമ്മള്‍ അറിയുന്നത്. ബന്‍ട്രന്‍ഡ് റസ്സല്‍, ആല്‍ഡസ് ഹക്സിലി, ഐസേയ ബര്‍ലിന്‍ ഇവരെയൊക്കെ ചിന്തകരെന്നുവിളിക്കുന്നതെങ്ങനെ? എ. ബാലകൃഷ്ണപിള്ളപോലും മൗലികതയുള്ള ചിന്തകനായിരുന്നില്ല. പിന്നെയൊരു സി. ജെ. തോമസ്!

* * *

ഓരോ കിനാവും അഭിലാഷപ്രാപ്തിയാണെന്നു ഫ്രായിറ്റ് പറഞ്ഞു. ചായപ്പെന്‍സില്‍ വേണമെന്നു വിചാരിച്ച കുട്ടിക്ക് അതു കിട്ടിയില്ലെങ്കില്‍ അവന്‍ കിനാവുകാണും ചായപ്പെന്‍സില്‍ കിട്ടിയതായി. അശ്ശ്ലീലരചന ഒരുതരത്തിലുള്ള അഭിലാഷപ്രാപ്തിയാണ്. നിത്യജീവിതത്തില്‍ സാക്ഷാത്കരിക്കാനാവാത്തത് അസഭ്യമെഴുതി സാക്ഷാത്കരിക്കുന്നു. മൗലികചിന്തയ്ക്കു കഴിവില്ലാത്തവനെ ചിന്തകനായി അവതരിപ്പിക്കുന്ന നിരൂപകന്‍ പരോക്ഷമായി തന്നെത്തന്നെ ചിന്തകനാക്കുകയാണ്.