close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 06 30


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 06 30
ലക്കം 511
മുൻലക്കം 1985 06 23
പിൻലക്കം 1985 07 07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ബുദ്ധിശാലിയായെന്ന് എല്ലാ ആളുകളും സമ്മതിച്ചിരുന്ന ഒരു പണ്ഡിതന്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. പണ്ഡിതനെന്നു പറഞ്ഞുകൊണ്ട് സംസ്കൃത പണ്ഡിതന്‍ മാത്രമായിരുന്നു അദ്ദേഹമെന്നു കരുതരുത്. ഏതു വിഷയത്തിലും അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ വരാഹമിഹിരനെക്കുറിച്ച് ഒരുമണിക്കൂര്‍നേരം വിദ്ദ്വജ്ജനോചിതനായി പ്രസംഗിച്ച അദ്ദേഹം മറ്റൊരിക്കല്‍ സാര്‍ത്രിനെക്കുറിച്ച് അത്രയുംനേരം പ്രൗഢമായി സംസാരിച്ചു. രണ്ടു പ്രഭാഷണങ്ങളും ഇതെഴുതുന്ന ആള്‍ കേട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും വിമര്‍ശനം സഹിക്കാന്‍വയ്യായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ കവിതയെക്കുറിച്ചോ ഏതെങ്കിലും അഭിപ്രായത്തെക്കുറിച്ചോ പ്രതികൂലമായി ആരെങ്കിലും ഒരുവാക്കെങ്കിലും പറഞ്ഞാല്‍ പറഞ്ഞവന്റെ കഥ കഴിഞ്ഞതുതന്നെ. ഉപസംഹാര പ്രസംഗത്തില്‍ അദ്ദേഹം അയാളെ സംഹരിച്ചുകളയും. എന്റെ ഒരഭിവന്ദ്യ സുഹൃത്തായ ഒരു കവി, അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ പ്രസംഗിക്കാനുണ്ടായിരുന്നു. പ്രഭാഷണത്തില്‍ കവി പണ്ഡിതനെ വിമര്‍ശിച്ചിരിക്കാം. അല്ലെങ്കില്‍ വിമര്‍ശിച്ചുവെന്ന തെറ്റിദ്ധാരണ അദ്ദേഹത്തിന് ഉണ്ടായിയെന്നുവരാം. ഉപസംഹാരത്തില്‍ അദ്ദേഹം കവിയെ നിലംപരിശാക്കിക്കളഞ്ഞു. പൂച്ച എലിയെ കൊല്ലാതെ കൊല്ലുന്നതു കണ്ടിട്ടില്ലേ? അമ്മട്ടിലൂള്ള പ്രയോഗം നടത്തിയിട്ട് കവി കിറുക്കനാണെന്നുവരെ അദ്ദേഹം അഭിപ്രായപ്പെട്ടു. സദസ്സ് കൈയടിക്കുകയും ചെയ്തു. എന്നാല്‍ കവി പറഞ്ഞതില്‍ ഒരു തെറ്റുമില്ലായിരുന്നുതാനും. പ്രഭാഷണത്തിന്റെ ഒരംശമെടുത്ത് സ്ഥൂലീകരിച്ച് അത് അയഥാര്‍ത്ഥമാണെന്ന് വിദഗ്ധമായി സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. പല പ്രഭാഷകരെയും ഈ രീതിയില്‍, അദ്ദേഹം അധിക്ഷേപപാത്രമാക്കുന്നതു ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

സത്യത്തെ ഇങ്ങനെ സ്വന്തം വിശ്വാസങ്ങള്‍ക്കു യോഗിച്ചവിധത്തില്‍ മാറ്റിമറിക്കുന്നത് നമ്മുടെ സര്‍ഗ്ഗാത്മകസാഹിത്യകാരന്മാരുടേയും നിരൂപകരുടെയും പ്രവൃത്തിയാണ്. യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹികളല്ലായിരുന്നു എട്ടുവീട്ടില്‍പ്പിള്ളമാര്‍. അവരുടെ പ്രവര്‍ത്തനങ്ങളെ വിധ്വംസകപ്രവൃത്തികളായി ചിത്രീകരിച്ച് സി.വി. രാമന്‍പിള്ള സത്യത്തെ സത്യമായി ചിത്രീകരിക്കുകയല്ലായിരുന്നു. അതിന് (സത്യത്തിന്) ഒരഡ്ജസ്റ്റ്മെന്റ് വരുത്തുകയായിരുന്നു. പില്ക്കാലത്തെ റീയലിസ്റ്റ് നോവലുകളിലും ഈ അഡ്ജസ്റ്റ്മെന്റുണ്ട്. തൊഴിലാളി വര്‍ഗ്ഗസംസ്കാരത്തെ ‘ആദര്‍ശാത്മക’ മായി ചിത്രീകരിച്ച പൊന്‍കുന്നം വര്‍ക്കിയുടെ കൃതികളില്‍, തകഴിയുടെ കൃതികളില്‍ സത്യത്തെ ‘ഒപ്പിച്ചെടുക്കാ’നുള്ള ശ്രമമാണുള്ളത്. എക്സിസ്റ്റെന്‍ഷ്യലിസത്തെ അവലംബിച്ചുകൊണ്ട് രചിക്കപ്പെടുന്ന നവീന നോവലുകളിലും നിരൂപണങ്ങളിലും സത്യത്തിന്റെ അഡ്ജസ്റ്റ്മെന്റേയുള്ളൂ.

“[വൈരസ്യത്തിന്റെ] ചരിത്രം ലോകത്തിന്റെ തുടക്കംതൊട്ട് ആരംഭിക്കുന്നു. ഈശ്വരന്‍മാര്‍ക്കു മുഷിഞ്ഞപ്പോള്‍ അവര്‍ മനുഷ്യനെ സൃഷ്ടിച്ചു. തനിച്ചിരുന്ന ആദാമിനു വൈരസ്യമുണ്ടായി. അപ്പോള്‍ ഔവ്വയെ സൃഷ്ടിച്ചു., അങ്ങനെ വൈരസ്യം ലോകത്തു കടന്നുകൂടി. ജനസംഖ്യ കൂടുന്നതനുസരിച്ച് അനുപാതികമായി അതും വര്‍ദ്ധിച്ചു. ആദാം ഒറ്റയ്ക്കിരുന്നു മുഷിവ് അനുഭവിച്ചു. പിന്നീട് ഒരിമിച്ചിരുന്ന ആദാമിനും ഔവ്വയ്ക്കും വൈരസ്യം: അനന്തരം ആദാമും ഔവ്വയും കേനും ഏബലും ഒരു കുടുംബമായി വൈരസ്യത്തില്‍ വീണു. പിന്നീട് ജനസംഖ്യ വര്‍ദ്ധിച്ചു. അപ്പോള്‍ ജനതയ്ക്കു കൂട്ടത്തോടെ വൈരസ്യം” എന്നു കീര്‍ക്കഗൊര്‍ എഴുതിയപ്പോഴും പരിപൂര്‍ണ്ണ സത്യം പ്രകാശിച്ചില്ല. സത്യത്തിന്റെ ഒപ്പിച്ചെടുക്കലാണ് നടക്കുന്നത്. ഏതെങ്കിലുമൊന്നു സത്യമാണെന്നു കരുതിയാല്‍ മറ്റുള്ളവയെക്കൊണ്ട് അതിന് അകമ്പടി സേവിപ്പിക്കുന്നത് സാഹിത്യകാരന്മാരുടെയും തത്ത്വചിന്തകന്മാരുടെയും വിദ്യയാണ്.

പേടിക്കാനില്ല

സത്യത്തിനു വരുന്ന ഈ രൂപപരിവര്‍ത്തനം നേരമ്പോക്കുകളില്‍ ധാരാളമായുണ്ട്. വിശേഷിച്ചും അശ്ലീലങ്ങളായ നേരമ്പോക്കുകളില്‍. കോളിന്‍ വില്‍സണ്‍ പറഞ്ഞ ഒരു നേരമ്പോക്കു വായനക്കാരുടെ സദയാനുമതിയോടുകൂടി ഞാന്‍ സ്വീകരിച്ചുകൊള്ളട്ടെ. വിളക്കുതൂണില്‍ പ്രായംചെന്ന പെണ്‍കുട്ടികള്‍ വലിഞ്ഞുകയറരുതെന്ന് അവരുടെ അമ്മമാര്‍ക്കു നിര്‍ബന്ധമുണ്ട്. ഒരമ്മ പറഞ്ഞു: “മോളേ, തൂണില്‍ കയറരുത്. ആണ്‍കുട്ടികള്‍ നിന്റെ അണ്ടര്‍വയറിന്റെ നിറമെന്തെന്നു നോക്കും.” മകള്‍ അമ്മ കാണാതെ തൂണില്‍ കയറിയിട്ട് ഞാനതുചെയ്തുവെന്നു പിന്നീട് അമ്മയെ അറിയിച്ചു. “നിന്നോടു നേരത്തെ ഞാന്‍ പറഞ്ഞില്ലേ അരുതെന്ന്?” മകള്‍ മറുപടി നല്കു: “പേടിക്കാനില്ല, അമ്മേ ഞാന്‍ അണ്ടര്‍വെയര്‍ ഇടാതെയാണ് തൂണീല്‍ കയറിയത്.” പെണ്‍കുട്ടിയുടെ ഈ നിഷ്കളങ്കതയാണ് മനോരമ ആഴ്ചപ്പതിപ്പില്‍ ‘ഇരുണ്ട നക്ഷത്രങ്ങള്‍ എന്ന ചെറുകഥയെഴുതിയ ജോര്‍ജ് താഴത്തങ്ങാടിക്കുള്ളത്. ഒരുത്തന്‍ ഒരുത്തിയെ സ്നേഹിക്കുന്നു. അവള്‍ വിവാഹം കഴിഞ്ഞവളാണെന്ന് പിന്നീട് അയാള്‍ മനസ്സിലാക്കുന്നു. രണ്ടാമത്തെ പ്രസവത്തില്‍ അവള്‍ മരിക്കുന്നു. അതറിഞ്ഞ അയാള്‍ ദുഃഖിക്കുന്നു. ആഴ്ചപ്പതിപ്പിന്റെ തൂണിലേയ്ക്കുള്ള ഈ വലിഞ്ഞുകയറ്റം മറ്റു ബാലന്മാര്‍ക്കു കൗതുകപ്രഭംതന്നെ. കലയുടെ അണ്ടര്‍വെയര്‍ ധരിക്കാതെയുള്ള ആ കയറ്റം കയറുന്ന ആളിന്റെ നിഷ്കാപട്യത്തെ കാണിക്കുന്നു. പക്ഷേ, പ്രായം കൂടിയവര്‍ യാദൃച്ഛികമായി അങ്ങോട്ടു നോക്കുകയും “ഹായ്, വകതിരിവില്ലായ്മ” എന്നു പറഞ്ഞു കണ്ണു പിന്‍വലിക്കുകയും ചെയ്യുന്നു.

* * *

വേലക്കാരെക്കൂടി സിനിമ കാണാന്‍ കൊണ്ടുപോയിട്ടുണ്ടൊ? തീയറ്ററിനകത്തിരുന്ന് അവര്‍ ആവശ്യത്തിലധികം സംസാരിക്കും. തവളകള്‍ രാത്രികരയുന്നതു കേട്ടാല്‍ ഈ ലോകമാകെ അവയ്ക്കുള്ളതാണെന്നുതോന്നും. ഉജ്ജ്വലമായ വിവാഹഘോഷയാത്ര. ഒരുവശത്തുനിന്ന് പട്ടി ഓടിവന്ന് ആദ്യം കണ്ട വിളക്കുതൂണിന്റെ അരികില്‍നിന്ന് ഒരു കാലുയര്‍ത്തുമ്പോള്‍ അതിന്റെ വിചാരം അതു മഹനീയമായ കൃത്യം ചെയ്യുന്നുവെന്നാണ്. ഈ ലോകത്തുവച്ച് ഏറ്റവും ഇഡിയോട്ടിക്കായ വാഹനമാണ് ഓട്ടോറിക്ഷ. അതോടിക്കുന്ന ആളിന്റെ വിചാരം ഫോഡ്‌ലിങ്കണോ റോള്‍സ്റോയ്സോ ഓടിക്കുന്നുവെന്നാണ്. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന തെറ്റിദ്ധാരണകള്‍ ചില എഴുത്തുകാര്‍ക്കുമുണ്ട്.

ഭാവനാത്മകം

ഒരേ അനുഭവംതന്നെ പലര്‍ക്കുമുണ്ടാകാറുണ്ട്. പ്രേമഭാജനത്തിന്റെ വിയോഗം. വേണ്ടപ്പെട്ടവരുടെ മരണം ഇവയൊക്കെ ഒരേതരത്തില്‍ വിഭിന്ന വ്യക്തികളുടെ അനുഭവങ്ങളായിത്തീരുന്നു. അവരില്‍ യഥാര്‍ത്ഥമായ കലാവൈഭവമുള്ളവര്‍ ആ അനുഭവങ്ങള്‍ക്കു രൂപം നല്കുമ്പോള്‍ അവയ്ക്കു അന്യാദൃശ്യ സ്വഭാവമുണ്ടാകുന്നു. കലാവൈഭവമില്ലെങ്കില്‍ അനുഭവത്തിന്റെ ആവിഷ്കാരം വിരസമായി മാറും. ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിന്റെ ആദ്യത്തെ അധ്യായം നോക്കുക. അവിടെ പ്രതിപാദിക്കുന്ന സംഭവം പലരുടേയും ജീവിതാനുഭവമാണ്. എന്നാല്‍ ഉറൂബിന്റെ കലാവൈദഗ്ധ്യം അതിനെ നിസ്തുലമാക്കി മാറ്റിയിരിക്കുന്നു. കേശവദേവിന്റെ ‘അയല്‍ക്കാര്‍’ എന്ന നോവലില്‍ വെള്ളപ്പൊക്കത്തിന്റെ വര്‍ണ്ണനമുണ്ട്. വെള്ളപ്പൊക്കത്തോടു ബന്ധപ്പെട്ട അനുഭവങ്ങള്‍ ആര്‍ക്കാണില്ലാത്തത്? പക്ഷേ കേശവദേവ് അതിനെ ചിത്രീകരിച്ചപ്പോള്‍ അതിനു നിസ്തുലാവസ്ഥ കൈവന്നു. പൂച്ച വീട്ടില്‍ വന്നുകേറുന്നതും ഗൃഹനായകന്‍ വിരസത കാണിക്കുന്നതും ഗൃഹനായിക കാരുണ്യം പ്രദര്‍ശിപ്പിക്കുന്നതും സര്‍വസാധാരണം. ആ പൂച്ച പ്രസവിക്കുമ്പോള്‍ ഗൃഹനായികയ്ക്കു ദയ. എന്നാല്‍ അവ അവളുടെ സാരി കടിച്ചുകീറുമ്പോള്‍ ദേഷ്യം. അവള്‍ക്കുവേണ്ടി ഗൃഹനായകന്‍ പൂച്ചക്കുട്ടികളെ ദൂരെക്കളയുമ്പോള്‍ ‘പെറ്റ തള്ള’യുടെ വേദന ഗൃഹനായികയുടെ വേദനയായി മാറുന്നു. ഈ സംഭവങ്ങളെ, അവയോടു ബന്ധപ്പെട്ട അനുഭവങ്ങളെ ജോര്‍ജ് ഓണക്കൂര്‍ തന്റേതായ മട്ടില്‍ പ്രതിപാദിക്കുമ്പോള്‍ കഥയ്ക്ക് അന്യാദൃശസ്വഭാവം വരുന്നു (നാലു പൂച്ചക്കുട്ടികള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥ). കഥാകാരന്റെ നര്‍മ്മഭാസുരമായ ശൈലിയും ഹൃദ്യമായ ആഖ്യാനവും കൊണ്ടാണ് കഥയ്ക് ഈ അദ്വീതീയാവസ്ഥ ലഭിക്കുന്നത്. അനുഭവം ഭാവനാത്മകമായ അനുഭവമായി ഇവിടെ മാറുന്നു.

* * *

നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വാക്കുകളുടേയും അര്‍ത്ഥം നമുക്കറിയില്ല. ‘ഏഞ്ചുവടി’ എന്നു നമ്മള്‍ പലപ്പോഴും പറയും. എന്താണര്‍ത്ഥം? പെട്ടന്ന് പറയാന്‍ പറ്റില്ല. സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നു പൂര്‍ണ്ണ സംഖ്യക്ക് നാലു പ്രക്രിയകള്‍. ഭിന്നസംഖ്യക്കും അതേ നാലു പ്രക്രിയകള്‍. അങ്ങനെ എട്ടു ചുവട്. ആ എട്ടു ചുവടാണ് എഞ്ചുവടിയായത്. ഞാന്‍ പാളയത്തു ബസ്സ് കാത്തു നില്ക്കുകയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് റെവ്യൂവിന്റെ എഡിറ്റര്‍ ഒറ്റച്ചോദ്യം..“വാതാപി എന്നു തുടങ്ങുന്ന ഒരു ഗണേശകീര്‍ത്തനമുണ്ടല്ലോ… എന്താ വാതാപിയുടെ അര്‍ത്ഥം?” എനിക്കു പറയാന്‍ കഴിഞ്ഞില്ല. വാതാപി എന്നൊരു സ്ഥലം ആന്ധ്രയിലുണ്ടെന്നും അവിടെ ഒരു ഗണപതി ക്ഷേത്രമുണ്ടെന്നും ഒരു സുഹൃത്ത് പിന്നീട് പറഞ്ഞുതന്നു. ഒരു ദിവസം ദര്‍ശന്‍ ബുക്സിലിരുന്നു ഇറ്റാലോ കാല്‍വിനോയുടെ ഒരു ചെറുകഥ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വന്ന് Mafia എന്നതിന്റെ പൂര്‍ണ്ണരൂപമെന്തെന്നു ചോദിച്ചു. അറിഞ്ഞുകൂടായിരുന്നു എനിക്ക്. പിന്നീട് കോളിന്‍ വിന്‍സണ്‍ന്റെ A Criminal History of Mankind എന്ന പുസ്തകം വായിച്ചപ്പോള്‍ അതിന്റെ പൂര്‍ണ്ണരൂപം കിട്ടി. വിദേശശക്തികളെ എതിര്‍ത്ത ഇറ്റലിയിലെ ഒരു പ്രയോഗമാണത്. Morte Alla Francia Italia Anela — Death to France is Italy’s cry. വായനക്കാരനോട് എന്റെ ഒരു ചോദ്യം. ‘രാവ്’ എന്നു പറഞ്ഞാല്‍ രാത്രി എന്നര്‍ത്ഥം. ‘രാവിലെ’ എന്നു പറഞ്ഞാല്‍ ‘പ്രഭാതത്തില്‍’ എന്നും, അതെങ്ങനെ?

അപേക്ഷ

ടി.വി. അജിത്, താങ്കള്‍ കുമാരിവാരികയില്‍ എഴുതിയ ‘പകല്‍ മൗനങ്ങളുടെ താഴ്‌വരയില്‍’ എന്ന കഥ വായിച്ചു. ചെറുപ്പക്കാരന്‍ താന്‍ സ്നേഹിച്ച പെണ്‍കുട്ടിയെ വിവാഹംകഴിക്കാനാഗ്രഹിക്കുന്നുവെന്ന് അവളുടെ അച്ഛനോടു അപേക്ഷിച്ചപ്പോള്‍ ജോലിയില്ലാത്തവനു പെണ്ണിനെ കൊടുക്കില്ലെന്ന് അയാള്‍ മറുപടി നല്കി. കാലം കഴിഞ്ഞു. അവള്‍ വേറൊരുത്തനെ വിവാഹംചെയ്തു. ഇതിനകം ബാങ്ക് മനേജറായിത്തീര്‍ന്ന ചെറുപ്പക്കാരന്‍ ആ വിധവയെ കല്യാണം കഴിക്കാന്‍ സന്നദ്ധനാണെന്നു പറഞ്ഞപ്പോള്‍ അവള്‍ സമ്മതിക്കുന്നില്ല. എത്രപേര്‍ കൈകാര്യംചെയ്തതാണ് ഈ വിഷയം! എന്നിട്ടും ഒരു പുതിമയും വൈചിത്യവും ഇല്ലാതെ അതെടുത്തു വാരികയില്‍ വച്ചല്ലോ. വിഷയം പഴഞ്ചനായിക്കൊള്ളട്ടെ. അതില്‍ ‘വീണ്ടും ജീവിക്കാന്‍’ താങ്കള്‍ക്കു കഴിയുന്നില്ലെങ്കില്‍ താങ്കളെന്തിനു പേനയെടുക്കണം? എന്തിനു വായനക്കാരെ കഷ്ടപ്പെടുത്തണം? ഈ ലോകം ജീവിക്കാന്‍ പറ്റാത്തതായിത്തീര്‍ന്നിരിക്കുന്നു. എന്നിട്ടും ഞങ്ങള്‍ ജീവിക്കുന്നത് കുറച്ചു സ്വപ്നങ്ങള്‍ ഞങ്ങള്‍ക്കുണ്ട് എന്നതിനാലാണ്. ആ സ്വപ്നങ്ങളേയും താങ്കള്‍ ഇങ്ങനെ തകര്‍ക്കരുത്. ഇതൊരു അപേക്ഷയാണ്.

ഹാസ്യചിത്രം

സാഹിത്യവാരഫലത്തില്‍ ഇന്നുവരെ ഒരു കള്ളവും എഴുതിയിട്ടില്ല. ഇനി പറയാന്‍ പോകുന്ന സംഭവവും സത്യമാണ്. ലിവര്‍ എന്‍ലാര്‍ജ്മെന്റ് വന്നതുകൊണ്ട് വീര്‍ത്ത വയറ് ഒട്ടിയ ചന്തി കമ്പുപോലുള്ള കാലുകള്‍, രണ്ടു മൂക്കിന്‍ ദ്വാരത്തില്‍ നിന്നും കട്ട മൂക്കള ഒഴുകി മേല്‍ച്ചുണ്ടിനെ സ്പര്‍ശിക്കുന്നു. താറാവിനെപ്പോലെ ആ ചെറുക്കന്‍ മുറ്റത്തു നടക്കുകയാണ്. പരിപൂര്‍ണ്ണ നഗ്നന്‍. അദ്ദേഹം വിദേശനിര്‍മ്മിതമായ ഒരു പാക്കറ്റ് ബിസ്കറ്റുമായി എന്റെ വീട്ടിലെത്തി. തൂവെള്ള ജുബയും മുണ്ടും. പുളിയിലക്കരയന്‍ നേരിയത് കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നു. ചെറുക്കനെ കണ്ടമാത്രയില്‍ അദ്ദേഹം അവനെ എടുത്തു. ബിസ്ക്കറ്റ് അവന്റെ കൈയ്യില്‍ കൊടുത്തിട്ടു കൊഞ്ചിച്ചു. ഒരു ഇഞ്ചിനിയര്‍ അക്കാലത്ത് എന്റെ വീട്ടിലുണ്ട്. അയാളെക്കൊണ്ടു മകളെ സംബന്ധം ചെയ്യിക്കാനുള്ള ആഗ്രഹത്തോടു കൂടി എത്തിയ അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു: “സാര്‍ ആ കൊച്ച് ഈ വീട്ടിലുള്ളതല്ല. അടുത്ത വീട്ടില്‍ മുറ്റമടിക്കുന്ന സ്ത്രീയുടെ മകനാണ്.” അദ്ദേഹം അവനെ താഴെ നിറുത്തി. ഷര്‍ട്ടും നേരിയതും മുഴുവന്‍ മാലിന്യം. വിദേശ നിര്‍മ്മിതമായ ബിസ്കറ്റ് അവന്‍ കൊണ്ടുപോകുകയും ചെയ്തു. എനിക്കപ്പോള്‍ ചിരിക്കാനല്ല കരയാനാണ് തോന്നിയത്. ഇതുപോലുള്ള സംഭവങ്ങള്‍ നിത്യജീവിതത്തില്‍ സാധാരണങ്ങളത്രേ. അവയിലൊരു സംഭവമെടുത്ത് ശത്രു എന്ന ഹാസ്യചിത്രകാരന്‍ കാര്‍ട്ടൂണാക്കിയിരിക്കുന്നു (എക്സ്പ്രസ്സ് വാരിക, ലക്കം 8).

തീവണ്ടിയാത്ര

ആവശ്യത്തിലധികം പണവും കുറച്ചു ലഗേജും ഉണ്ടെങ്കില്‍ തീവണ്ടിയാത്ര രസകരമാണ്. ലേശം മഴ. ഞാന്‍ തീവണ്ടിയിലെ വിന്‍ഡോ സീറ്റിലിരിക്കുകയാണ്. പട്ടാളത്തിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ യാത്രയാക്കാന്‍ സുന്ദരിയായ ഭാര്യയും അവളുടെ മറ്റു ബന്ധുക്കളും വന്നിട്ടുണ്ട്. സൈനികോദ്യോഗസ്ഥന്‍ വണ്ടിയില്‍ കയറി. സുന്ദരി കണ്ണീരൊഴുക്കുന്നു. ആ കണ്ണീരില്‍ വന്നുവിണു ജലശീകരം. രണ്ടും കൂടെ ഒരുമിച്ചു ചേര്‍ന്നു ചുണ്ടിലേക്ക് ഒലിച്ചിറങ്ങി ആകര്‍ഷകമായ കാഴ്ച. ഞാന്‍ കാളിദാസന്റെ സുപ്രസിദ്ധമായ ആ ശ്ലോകം ഓര്‍മ്മിച്ചു.

“ക്ഷണമിമകളില്‍ നിന്നു തല്ലി ചുണ്ടില്‍..”

മറ്റൊരു സന്ദര്‍ഭം. രാത്രി പത്തുമണിയായി. ഉറങ്ങാനായി മുകളിലുള്ള ബര്‍ത്തില്‍ കയറി. പോക്കറ്റിലുള്ള പണം താഴെ വീഴരുത്. ഉറക്കത്തില്‍ ആരും എടുത്തുകൊണ്ടുപോകരുത് എന്നൊക്കെക്കരുതി നോട്ടുകളും പോക്കറ്റിന്റെ മുകള്‍ഭാഗവും ക്ലിപ്പൂകള്‍കൊണ്ടുറപ്പിച്ചു. അപ്പോഴാണ് കുന്നുങ്കുളത്തുകാരനായ ഒരാള്‍ എഴുപതുവയസ്സുള്ള ഒരു തമ്പി — അടുത്തുവന്നുനിന്നു ചോദിക്കുന്നു: “എനിക്കുംകൂടെ കുറെ ക്ലിപ്പുതരുമോ?” “തരാം” എന്നു ഞാന്‍. തമ്പി: പക്ഷേ ഇരുപതിനായിരം രൂപയിലധികമുണ്ട്. പോക്കറ്റില്‍ കൊള്ളുകയില്ല. ക്ലിപ്പില്‍ ഒതുങ്ങുകയുമില്ല.” ഞാന്‍: എന്നാല്‍ മടിയില്‍ വച്ചുകൊള്ളൂ. അയാള്‍ നേരം വെളുക്കുന്നതുവരെ നോട്ടുകെട്ടുകൊണ്ട് ഉന്തിയ വയറുമായി ഇസ്പീഡ്ഗുലാനെപ്പോലെ നിന്നു. രണ്ടാമത്തെ തട്ടിലാണ് തമ്പിക്കു കിടക്കേണ്ടത്. താഴത്തെ തട്ടില്‍ ഭാര്യ ഉറക്കം തുടങ്ങിയിരിക്കുന്നു. കനത്ത ചങ്ങലയും അതിന്റെ അറ്റത്തെ കൊളുത്തുംകൊണ്ട് നടുവിലത്തെ സീറ്റ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും തമ്പിക്ക് പേടി അതു താഴത്തേക്കുവീണ് അരത്തമ്മപ്പിള്ളത്തക്കച്ചിയുടെ മുഖം ചതഞ്ഞ് ചമ്മന്തിയായിപ്പോകുമെന്ന്. വീഴുകയില്ലെന്നു ഞങ്ങളെല്ലാവരും പറഞ്ഞിട്ടും തമ്പിക്കു വിശ്വാസമായില്ല. അന്നനാളത്തിന്റെ മറ്റേയറ്റംകൊണ്ടു കൂടെക്കൂടെ വലിയ ശബ്ദം കേള്‍പ്പിച്ചുകൊണ്ടുള്ള ആ കരിങ്കുളത്തുകാരന്റെ നില എനിക്കു മറക്കാനാവില്ല. രണ്ടുമാസം കഴിഞ്ഞ് ഞാന്‍ ഭിലായില്‍ ഒരു പ്രസംഗത്തിനു ചെന്നപ്പോള്‍ സദസ്സിന്റെ മുന്‍വരിയില്‍ ഇരിക്കുന്നു ആ മനുഷ്യന്‍. വയറ് അപ്പോഴും ഉന്തിയിട്ടുണ്ട്. നോട്ടുകെട്ടായിരിക്കും ആ ഉന്തലിനു കാരണം.

വേറൊരു സന്ദര്‍ഭം. എന്റെ തൊട്ടടുത്ത് കറുത്തുതടിച്ച ഒരാന്ധ്രാക്കാരി ഇരിക്കുന്നു. രാത്രിയാകുമ്പോള്‍ എനിക്കു കിടക്കേണ്ട സീറ്റാണത്. അപ്പോഴേക്കും അവള്‍ പോകുമെന്നുവിചാരിച്ചു ഞാന്‍. പത്തുമണിയായി. എന്നിട്ടും അവള്‍ അനങ്ങുന്നഭാവമില്ല. അതുകൊണ്ട് ഞാന്‍ ടിക്കറ്റ് എക്സാമിനറോടു കാര്യം പറഞ്ഞു. അയാള്‍ എന്തോ നിര്‍ദ്ദേശം നല്കിയയുടനെ ഒരു നീരസവും കാണിക്കാതെ അവള്‍ താഴെയിറങ്ങി കമിഴ്ന്നൂകിടന്നു. എല്ലാവരും ഉറക്കമായിരുന്നു. കെ.കെ.എക്സ്പ്രസ്സാണ് വലിയ വേഗത്തിലാണ് യാത്ര. തീവണ്ടിയുടെ ഉലച്ചിലിനൊത്ത് അവളുടെ പൃഥുല നിതംബം റോട്ടേറ്റ് ചെയ്യാന്‍ തുടങ്ങി. ഓരോരുത്തരായി ഉണര്‍ന്നു. എല്ലാവരുടേയും കണ്ണുകള്‍ ആ റൊട്ടേഷനിലേയ്ക്ക്. അല്പം കഴിഞ്ഞപ്പോള്‍ ടിക്കറ്റ് എക്സാമിനര്‍ അതിലേവന്നു. അയാളും കണ്ടു ആ നിതംബഭ്രമണം. അയാള്‍ അവളെ വിളിച്ചുണര്‍ത്തി എവിടെയോ വിളിച്ചുകൊണ്ടുപോയി. മറ്റു യാത്രക്കാര്‍ക്ക് എന്നോടു വിരോധം. റിഫ്ലക്റ്റഡ് അനിമോസിറ്റി എന്നു പറയാം. എന്റെ പരാതികൊണ്ടാണല്ലോ അവള്‍ക്കു സീറ്റില്‍നിന്നു മാറേണ്ടിവന്നത്. ഇങ്ങനെ എത്ര വേണമെങ്കിലും എഴുതാം. തല്ക്കാലം ഇത്രയും മതി. കെ. എം. റോയ് ഒരു തീവണ്ടി യാത്രയെ രസകരമായി വര്‍ണ്ണിച്ചതു കണ്ടപ്പോള്‍ (മംഗളം വാരിക) ഞാനും ഇതെല്ലാം രസകരമായി ഓര്‍മ്മിച്ചുവെന്നേയുള്ളൂ. തീവണ്ടിയാത്രയെക്കുറിച്ച് അതിസുന്ദരങ്ങളായ രണ്ടു ഗ്രന്ഥങ്ങളുണ്ട് ഇംഗ്ലീഷില്‍. Paul Theroux എഴുതിയ The Great Railway Bazaar; The Old Patagonian Express. രണ്ടു രത്നങ്ങളാണിവ.

നല്ല കഥ

ഒരു വിജാതീയ വിവാഹബന്ധത്തിന്റെ ദാര്‍ഢ്യം ചിത്രീകരിച്ച്, ആ ജീവിതത്തെ തകര്‍ക്കാന്‍പോകുന്ന സാമൂഹികസത്യങ്ങളെ അനാവരണം ചെയ്യുന്ന ‘ഫുള്‍ടൈം പ്യൂണ്‍’ ഭംഗിയാര്‍ന്ന ചെറുകഥയാണ് (കുങ്കുമം വാരിക, എന്‍.പി. ഹനീഫ). ഭര്‍ത്താവ് മുസ്ലീം ഭാര്യ ഹിന്ദു. അവരുടെ പ്രേമം അസത്യമെന്നു തോന്നത്തക്കവിധം ആദര്‍ശാത്മകം. ആ ദാമ്പത്യജീവിതത്തെ തകര്‍ക്കാന്‍ ഒരു ധനികന്‍ വരുന്നു എന്ന സൂചന നല്കുന്നു കഥാകാരന്‍. ചേരിപ്രദേശത്തുള്ളവരെ ഒഴിപ്പിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം. ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എങ്കിലും പാവങ്ങളെ നശിപ്പിക്കുന്ന ശക്തിവിശേഷമാണത്. ഇതിനെ ആകര്‍ഷകമായി കഥാകാരന്‍ ധ്വനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആഖ്യാനരീതിക്ക് സവിശേഷതയുണ്ട്.

കാഴ്ചപ്പാട്

റഷ്യന്‍ സര്‍ക്കാരിനെ കളിയാക്കുന്ന അമേരിക്കന്‍ നേരമ്പോക്കുകള്‍ ധാരാളമുണ്ട്. അവയിലൊന്ന് എഴുതട്ടെ: കാലത്ത് ആറുമണിക്കു റെഡ്സ്സ്വയറില്‍ വന്നുകൂടുന്ന പൗരന്മാര്‍ക്ക് ആഹാരം, വൊഡ്ക, ചോക്കലറ്റ് ഇവകിട്ടുമെന്ന് ഭക്ഷ്യവിതരണമന്ത്രി പ്രഖ്യാപിച്ചു. ക്രെംലിന്റെ മുന്‍പില്‍ അന്തമായ ക്യൂ. ഏഴുമണിക്കു പ്രഖ്യാപനമുണ്ടായി വേണ്ടിടത്തോളം ഭക്ഷ്യസാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ജൂതന്മാരെല്ലാം തിരിച്ചുപോകണമെന്ന്. ഇങ്ങനെ അര്‍ദ്ധരാത്രി കഴിഞ്ഞ മൂന്നുമണിവരെ പല പ്രഖ്യാപങ്ങള്‍ നടന്നപ്പോള്‍ പല വിഭാഗങ്ങളിലുംപെട്ട ആളുകള്‍ ഒരു കക്ഷണം റൊട്ടിപോലും കിട്ടാതെ വീടുകളിലേക്ക് തിരിച്ചുപോയി. പിന്നെ ശേഷിച്ചത് ഏതാനും കമ്യൂണിസ്റ്റുകാര്‍ മാത്രം. അവരും ഒഴിഞ്ഞ കൈയോടെ വീടുകളിലേയ്ക്കു മടങ്ങി. തിരിച്ചുപോകുമ്പോള്‍ ഒരു സഖാവ് മറ്റൊരു സഖാവിന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു: “ജൂതന്മാര്‍ക്ക് ഒരുമണിക്കൂറേ കാത്തുനില്‍ക്കേണ്ടതായി വന്നുള്ളൂ.”

റഷ്യയില്‍ ഭക്ഷ്യദൗര്‍ല്ലഭ്യം ഉണ്ടോ? അതോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ. ഉണ്ടെങ്കില്‍ ഈ നേരമ്പോക്കിനു പ്രയോജനമുണ്ട്. പ്രത്യേകമായ കാഴ്ചപ്പാടില്‍ പ്രശ്നം (Problem എന്ന അര്‍ത്ഥത്തില്‍) പരിഹരിക്കുന്നതിന് ഇതുപ്രേരണ നല്കുന്നു. ഇതുതന്നെയാണ് തോമസ് പാല മാമാങ്കം വാരികയിലെഴുതിയ ‘തിരുവിതാംകൂര്‍ രാജാവും മന്ത്രിഗതാഗതവും’ എന്ന ഹാസ്യലേഖനത്തിന്റെ പ്രയോജനം. പാണ്ടിപ്പട തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്നപ്പോള്‍ അവരെ എതിരിടാന്‍ സൈന്യമില്ല, ആയുധമില്ല, അതുകൊണ്ട് കരിങ്കല്‍ക്കോട്ട കെട്ടാന്‍ തീരുമാനിച്ചു രാജാവ്. അതിനും പണമില്ല. അതുകൊണ്ട് പനയും മുളയും കൊണ്ട് പൊക്കത്തില്‍ വേലികെട്ടി പറമ്പില്‍ കരിങ്കല്‍ഭിത്തിയുടെ പടംവരച്ചു. ശത്രുക്കള്‍ വന്നു. ഈ കരിങ്കല്‍ക്കോട്ട ഭേദിക്കാന്‍ വയ്യ എന്നു കണ്ട് അവര്‍ തിരിച്ചുപോകാന്‍ ഭാവിച്ചു. അപ്പോള്‍ ഒരു ഭടന്‍ചെന്ന് മതിലില്‍ കൈയമര്‍ത്തിനോക്കി. പനമ്പുപൊളിഞ്ഞു. നിമിഷംകൊണ്ട് കരിങ്കല്‍കോട്ട നിലത്ത്. തിരുവിതാംകൂര്‍ രാജാവിന്റെ ഇതേ ബുദ്ധിയാണ് നൂറു പുതിയ ബസ്സുകള്‍ സിറ്റിയിലിറക്കിയ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ഹാസ്യാത്മകമായി തോമസ് പാല പറയുന്നു. അദ്ദേഹത്തിന്റെ വാക്യങ്ങള്‍ തന്നെ കേട്ടാലും. മന്ത്രി ആജ്ഞാപിക്കുകയാണ്: “ആരവിടെ? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിടക്കുന്ന പഴയ വണ്ടികള്‍ പുതിയ പെയിന്റടിച്ച് ഉടന്‍ തലസ്ഥാനനഗരിയില്‍ എത്തിക്കട്ടെ…” വളരെ പ്രാധാന്യമാര്‍ന്ന വിഷയത്തെ പുച്ഛിച്ചുതള്ളുന്നില്ല തോമസ് പാല. അഹങ്കരിച്ചുനട്ടെല്ലുവളച്ചു റോഡില്‍കൂടെ നടക്കുന്നവന്റെ മുതുകില്‍ മൊട്ടുസൂചികൊണ്ട് അദ്ദേഹം കുത്തുന്നതേയുള്ളൂ. ആ കുത്തേറ്റ് നട്ടെല്ല് അതിന്റെ യഥാര്‍ത്ഥാവസ്ഥയില്‍ ആകുന്നു. ഹാസ്യത്തിന്റെ പ്രയോജനം ഇതത്രേ.

നിരീക്ഷണങ്ങള്‍

“...രാജഗോപാലാചാരിയോടുള്ള വെറുപ്പുകാരണം രാമകൃഷ്ണപിള്ള അതിനെയും നിശിതഭാഷയില്‍ അപലപിക്കാനാണു പുറപ്പെട്ടത്.”

“...സി.വി. രാമന്‍പിള്ള രാജഭരണത്തിന് അനുകൂലിയാണെന്ന ധാരണകൊണ്ട് അദ്ദേഹത്തോടും രാമകൃഷ്ണപിള്ളയ്ക്ക് അടങ്ങാത്ത അമര്‍ഷമുണ്ടായിരുന്നു.” ഈ രണ്ടു വാക്യങ്ങളും ‘വിഹഗവീക്ഷണ’ത്തില്‍ നിന്നാണ് (സംസ്കാര കേരളം, ലക്കം 5).

‘അപലപിക്കുക’ എന്നതിന് ആക്ഷേപിക്കുക എന്ന അര്‍ത്ഥമില്ല. ജ്ഞാനത്തെ നിഷേധിക്കുക അല്ലെങ്കില്‍ ഒളിച്ചുവയ്ക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. “…അപലാപസ്തു നീഹ്നവ:” എന്നു അമരകോശം. യഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കുന്നത് അപലാപം. അനുകൂലി എന്നല്ല അനുകൂലന്‍ എന്നുവേണം. (പ്രതികൂലിയല്ല പ്രതികൂലനാണ്. പത്രാധിപര്‍ക്ക് അഭിമതനായ ഇരയിമ്മന്‍ തമ്പി “വിധിയും പ്രതികൂലന്‍” എന്നു തന്നെ എഴുതിയിട്ടുണ്ട്.)

അല്പം പേടിയോടുകൂടിയാണ് ഞാന്‍ രണ്ടു തെറ്റുകളും ചൂണ്ടിക്കാണിക്കുന്നത്. പന്നിയെന്നു വിഹഗവീക്ഷണ കര്‍ത്താവ് എന്നെ വിളിച്ചേക്കും. “വ്യക്തിവിദ്വേഷത്തിന്റെ ചേര്‍ക്കുണ്ടില്‍ കിടന്നു കാട്ടുപന്നിയെപ്പോലെ കുളിച്ചുപുളയ്ക്കുന്നതാണ് പരമാനന്ദം എന്ന് ഒരാള്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ അയാളെ ആര്‍ക്കുതന്നെ രക്ഷിക്കാന്‍ കഴിയും? എന്ന് അദ്ദേഹം ചോദിക്കുന്നു. (വിഹഗവീക്ഷണത്തില്‍) പന്നിയെന്നല്ല, പട്ടിയെന്നു നിരൂപകനെ വിളിച്ചാലും അയാളുടെ സത്യാന്വേഷണതല്‍പരത്വം കെട്ടടങ്ങില്ല.

“കാളിദാസന്റെ കലാകൗശലത്തിനു മുന്നില്‍ ഷേക്സ്പിയര്‍ ഗുരുദക്ഷിണ വയ്ക്കണമെന്ന സത്യം അവരറിയുന്നില്ല” എന്ന് പ്രൊഫസര്‍ കെ. വി. ദേവ് മധുരം വാരികയില്‍. അങ്ങനെ ഉറപ്പിച്ചു പറയാമോ എന്നെനിക്കു സംശയം. ഗ്രീക്ക്, ലാറ്റിന്‍, ജര്‍മ്മന്‍, സംസ്കൃതം, ഫ്രഞ്ച്, ഇംഗ്ലീഷ് ഈ ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന അരവിന്ദഘോഷ് കവികളെ തരംതിരിച്ചത് ഇങ്ങനെയാണ്.

  1. വാല്മീകി, വ്യാസന്‍, ഷേക്സ്പിയര്‍, ഹോമര്‍.
  2. ഏസ്കിലസ്, വെര്‍ജില്‍, കാളിദാസന്‍.
  3. ഗോയ്ഥേ.

മേന്മയനുസരിച്ച് ഒന്നാമത്തെയും രണ്ടാമത്തെയും വരികളിലെ കവികളെ മേന്മയുടെ ക്രമമനുസരിച്ചല്ല എഴുതിയത്. വിശ്വാമിത്രന്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ച പോലെ വാല്മീകിയും ഷേക്സ്പിയറും മറ്റും പുതിയലോകം സൃഷ്ടിച്ചവരാണ്. കാളിദാസനും ഏസ്കിലസിനും വെര്‍ജിലിനും നിലവിലുള്ള ലോകത്തെ കലാത്മകമായി ആവിഷ്കരിക്കാനേ കഴിഞ്ഞുള്ളു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ poetic seeing world എന്നാണ് അരവിന്ദ്ഘോഷ് പറഞ്ഞത്. ഗോയ്ഥേ കാവ്യചിന്തകന്‍ മാത്രമാണ്. ഉത്കൃഷ്ടമായ കാവ്യഭാഷണത്തില്‍ ഷേക്സ്പിയര്‍ പലപ്പോഴും വാല്മീകിയെ അതിശയിച്ചുവെന്നും അരവിന്ദ്ഘോഷിന് അഭിപ്രായമുണ്ട്. അതുകൊണ്ട് ഷേക്സ്പിയര്‍ കാളിദാസന് ഗുരുദക്ഷിണ വയ്ക്കണമെന്ന മതത്തിന് സാമഞ്ജസ്യമില്ല. സാമജ്ഞസ്യമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അരവിന്ദഘോഷ്, പ്രൊഫസര്‍ കെ.വി ദേവിനെക്കാള്‍ മോശക്കാരനാണെന്ന് സമ്മതിക്കേണ്ടിവരും.

ടോട്ടല്‍ ഡിസിപ്ലിന്‍ ഇന്‍ ദ ക്ലാസ്സ്.. ആ ക്ലാസ്സില്‍ ബഹളം വച്ചിട്ടുള്ളവര്‍ മിസ്ചീഫ് മോങ്കര്‍മാര്‍..അരിത്‌മെറ്റിക്. ഡള്‍, മൊണൊട്ടെണസ് — ഇതൊക്കെ സഖി വാരികയിലെ ഒരു കഥയില്‍ കണ്ടതാണ്. ഇനിയുമുണ്ട് ഇതുപോലുള്ള പ്രയോഗങ്ങൾ (അറിയാതെ ഒരുനിമിഷം, പവിത്രന്‍). ഒന്നേ സംശയമുള്ള എനിക്ക്. കഥാകാരന്‍ ഇംഗ്ലീഷില്‍ മലയാളം കലര്‍ത്തുന്നോ? അതോ മലയാളത്തില്‍ ഇംഗ്ലീഷ് കലര്‍ത്തുന്നോ?

“എന്റെ ഭാര്യ, എന്റെ മക്കള്‍, എന്റെ വീട്. എന്റെ ബാങ്ക് ബാലന്‍സ്, എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഇവയൊക്കെ ഇവിടെ ഉപേക്ഷിച്ചുകൊണ്ട് ഒരു ദിവസം യാത്ര പറയേണ്ടിവരും” — ഉണ്ണിക്കൃഷ്ണന്‍, മനോരാജ്യം വാരികയില്‍. നമ്മുടെ ചില സാഹിത്യകാരന്മാര്‍ ഈ വാക്യം ഇന്ത്യന്‍ ഇങ്കില്‍ എഴുതി ഫ്രെയിംചെയ്ത് മേശപ്പുറത്തുവച്ചു ദിവസം പത്തുതവണയെങ്കിലും വായിക്കണം. അങ്ങനെ ചെയ്താല്‍ എന്നും കാലത്തെഴുന്നേറ്റ് മുഖ്യമന്ത്രിയെക്കണ്ട് “എന്നെ ഇന്ന കമ്മിറ്റിയിലാക്കൂ. ഇന്ന സമിതിയുടെ പ്രസിഡന്റാക്കൂ. ഞാന്‍ കോണ്‍ഗ്രസ് ഐ ആണേ” എന്ന് അവര്‍ക്കും പറയേണ്ടിവരില്ല. [ഇതിനൊന്നും പോകാത്തവരില്‍ രണ്ടുപേര്‍ പ്രൊഫസര്‍ എന്‍. കൃഷ്ണപിള്ളയും കെ. സുരേന്ദ്രനുമാണ്.]

ജയശ്രീ

ഗുസ്തിപിടിക്കുമ്പോള്‍, ബോക്സിങ്ങ് നടത്തുമ്പോള്‍, ഓടുമ്പോള്‍…ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം അവര്‍ക്കൊക്കെ ഒന്നാം സ്ഥാനവും പത്രങ്ങളില്‍ വെണ്ടയ്ക്കാത്തലക്കെട്ടും കൊടുക്കും. എങ്കിലും ഈ ഊര്‍ജ്ജത്തിന്റെ ഉല്‍പ്പാദനം വ്യര്‍ത്ഥമായ ഉല്‍പാദനമാണ്. ചെറ്റക്കുടിലില്‍ താമസിച്ചുകൊണ്ട് മണ്ണെണ്ണവിളക്കുവച്ചു പഠിച്ച് റാങ്ക് നേടുന്ന പെണ്‍കുട്ടിയും ഊര്‍ജ്ജം ഉല്പാദിപ്പിക്കുകയാണ്. ആ ഊര്‍ജ്ജം ആ പെണ്‍കുട്ടിക്കും ലോകത്തിനും പ്രയോജനമുള്ളതാണ്. അങ്ങനെ ഊര്‍ജ്ജത്തെ സര്‍ഗ്ഗാത്മകത്വത്തിലേക്കു കൊണ്ടുചെന്ന ജയശ്രീയെക്കുറിച്ച് കലാകൗമുദിയില്‍ എഴുതിയതു നന്നായി. ബുദ്ധിശാലിനിയായ ആ പെണ്‍കുട്ടിയുടെ പടം കവര്‍പേജില്‍ കൊടുത്തത് അതിലുമേറെ നന്നായി.