close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 04 01


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 04 01
ലക്കം 759
മുൻലക്കം 1990 03 25
പിൻലക്കം 1990 04 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കുറേ വര്‍ഷങ്ങളായി ഇനി പറയാന്‍ പോകുന്ന സംഭവം നടന്നിട്ട്. തിരുവനന്തപുരത്തെ വഴുതയ്ക്കാട് പോസ്റ്റാഫീസിനു മുന്‍പിലൂടെ ഞാന്‍ നടന്നു പോകുകയായിരുന്നു. നട്ടുച്ച. റോഡിലാരുമില്ല. എനിക്കു നേരെ വന്ന ഒരുത്തന്‍ പെട്ടെന്നു നിന്നിട്ട് ‘ഞാനിന്ന് ഒന്നും കഴിച്ചില്ല. ഊണു കഴിക്കാന്‍ എന്തെങ്കിലും തരൂ’ എന്ന് അധികാരസ്സ്വരത്തില്‍ ആവശ്യപ്പെട്ടു. ദയ കൊണ്ടല്ല, പേടികൊണ്ട് ഞാന്‍ ഒരു രൂപ കൊടുത്തു. അതു കിട്ടുന്ന വെളയില്‍ അയാളുടെ മുഖം നന്ദി കൊണ്ട് തിളങ്ങുമെന്നാണ് ഞാന്‍ വിചാരിച്ചത്. തിളങ്ങിയില്ലെന്നു മാത്രമല്ല അവിടം കര്‍ക്കടമാസത്തിലെ അമാവാസി പോലെ കറുക്കുകയും ചെയ്തു. എന്നിട്ടു പരുക്കന്‍ ശബ്ദത്തില്‍ അയാള്‍ എന്നോടു ചോദിച്ചു: “ഒരു രൂപയ്ക്ക് എവിടുന്നാ ചോറു കിട്ടുന്നത്?” ക്രൂരതയോടെ അയാള്‍ എന്നെ നോക്കി. എന്നിട്ട് എന്റെ പുതിയ കുടയിലേക്കു നോക്കി. ഒറ്റ പിടിത്തത്തിന് അതു കൈക്കാലാക്കിക്കൊണ്ട് ഓടിപ്പോയി. അക്കാലത്തു ഓട്ടോറിക്ഷയില്ല തിരുവനന്തപുരത്ത്. വെയിലു കൊള്ളാന്‍ പാടില്ലാത്തതുകൊണ്ട് ഞാന്‍ ഒരു ടാക്സിക്കാറ് വിളിച്ച് അതില്‍കയറി വീട്ടിലേക്കു പോയി. ഈ പരാജയം ഞാന്‍ ഡോക്ടര്‍ പി.കെ. നാരായണപിള്ളയോടു മാത്രം പറഞ്ഞു. ഇപ്പോള്‍ വായനക്കാരോടും.

ഡോക്ടര്‍ എന്‍. എസ്. വാരിയര്‍ എന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹം കാരുണ്യത്താല്‍ ഒരു യാചകനു രണ്ടു രൂപ കൊടുത്തപ്പോള്‍ അവന്‍ അദ്ദേഹത്തെ ‘ദാരിദ്ര്യവാസി’ എന്നോ മറ്റോ വിളിച്ചത് അദ്ദേഹത്തിന്റെ ഒരു ബന്ധു (മകളാണെന്ന് എന്റെ ഓര്‍മ്മ) എഴുതിയിരുന്നത് ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നു. ഓര്‍മ്മയില്‍ പിശുകുണ്ടെങ്കില്‍ ആ ബന്ധു സദയം ക്ഷണിക്കണം.

യാചകര്‍ ഇങ്ങനെയാണ്. കുട പിടിച്ചു വാങ്ങാത്തവരും ചീത്തവിളിക്കാത്തവരും അവരുടെ കൂട്ടത്തില്‍ ഉണ്ടെന്നിരിക്കട്ടെ. എങ്കിലും അവരുടെയും മുഖത്തിനു തെളിച്ചം വരില്ല എന്തു കൊടുത്താലും. വലിയ തുക കൊടുത്തു നോക്കൂ. ഉടനെ മുഖം തിരിച്ച് പ്രതിഷേധ ഭാവത്തില്‍ അങ്ങു നടന്നു പോകും. യഥാര്‍ത്ഥ ഗൃഹിതാക്കള്‍ ഇങ്ങനെയല്ല. അവര്‍ക്ക് സ്നേഹത്തോടെ ഒരു പുസ്തകം കൊടുക്കൂ. ശരല്‍ക്കാലചന്ദ്രിക പോലെ അവരുടെ മുഖം ശോഭിക്കും. കണ്ണില്‍ ആര്‍ദ്രത വരും. അവര്‍ നന്ദി പറയയേണ്ടതില്ല. ആ ശോഭയും ആര്‍ദ്രതയും കൃതജ്ഞതെയെക്കാള്‍ ഉത്കൃഷ്ടങ്ങളാണ്. കലാകാരന്‍ തന്റെ കലാസൃഷ്ടി ബഹുജനത്തിന്റെ മുന്‍പില്‍ വയ്ക്കുമ്പോള്‍ ഇവിടെപ്പറഞ്ഞ രണ്ടുതരത്തിലുള്ള പ്രതികരണമാണ് ഉണ്ടാവുക. ചിലര്‍ യാചകരെപ്പോലെ പ്രതിഷേധത്തോടെ പുറംതിരിഞ്ഞു നടന്നുപോകുന്നു. മറ്റു ചിലര്‍ നന്ദിയോടെ മന്ദസ്മിതം പൊഴിക്കുന്നു. ആ മന്ദസ്മിതം പൊഴിക്കലാണ് ആരാധനയുടെ രൂപമാര്‍ന്നു കത്തുകളായി രൂപാന്തരപ്പെടുക. ചങ്ങമ്പുഴയ്ക്കു മാസന്തോറും ആയിരമായിരം കത്തുകള്‍ കിട്ടിയിരുന്നു. അവയില്‍ ചിലതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. മറ്റു ചിലര്‍ അദ്ദേഹത്തിന്റെ കുട പിടിച്ചുവാങ്ങിക്കൊണ്ട് ഓടിപോയിട്ടുമുണ്ട്. അങ്ങനെ ഓടിയ ഒരാളാണ് പിൽക്കാലത്ത്, അദ്ദേഹം കവിതയെഴുത്തു നിറുത്തണമെന്ന് പ്രമേയം അവതരിപ്പിച്ച് ‘പാസ്സാക്കി’ എടുത്തത്. ദൗര്‍ഭാഗ്യത്താല്‍ അദ്ദേഹം മരിച്ചുപോയി. ചങ്ങമ്പുഴയും ഇന്നില്ലല്ലോ. കിട്ടുന്നതൊക്കെ ഇരുണ്ട മുഖത്തോടുകൂടി കൈക്കലാക്കുകയല്ല ചെയ്യേണ്ടത്. സന്തോഷമുള്ള ഗൃഹീതാക്കളാവണം ഓരോ ഹൃദയനും.

രത്നങ്ങള്‍

ആരെയും സ്നേഹിക്കാത്തവനെ എങ്ങനെ തിരിച്ചറിയാം?

അയാള്‍ എപ്പോഴും ടെലിവിഷന്‍സെറ്റിന്റെ മുന്‍പിലിരിക്കും.

ഈ നിലയില്‍ മന്ദസ്മിതത്തോടെ ഞാന്‍ സ്വീകരിച്ച ഒരു പുസ്തകമാണ് ‘അന്റീയസ്’ (Antaeus). ഇത് 1970-നുശേഷം വിഖ്യാതമായിത്തീര്‍ന്ന ‘അന്റീയസ്’ മാസികയില്‍ വന്ന വിശിഷ്ടങ്ങളായ രചനകളുടെ സമാഹാരമത്രേ. മഹായശസകരായ എഴുത്തുകാരുടെ ജേണലുകള്‍, നോട്ട്ബുക്കുകള്‍, ഡയറികള്‍ ഇവയില്‍നിന്നുള്ള ഭാഗങ്ങള്‍ ഇതുള്‍ക്കൊള്ളുന്നു. ഓരോന്നും രസാവഹമാണ്; ബുദ്ധിക്കു സംതൃപ്തിയരുളുന്നതാണ്. സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ ചെസ്‌ലാവ് മിലോഷ് (Czeslaw Milosz) സാര്‍ത്രിന്റെ സന്തതസഹചാരിണിയായിരുന്ന സീമോന്‍ ദ ബൊവ്വറിനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുതന്നെ. സ്ത്രീ സമത്വവാദത്തിനു ഒരു മേന്മയും കൈവരുത്തിയവരല്ല സീമോനെന്നാണ് മീലോഷിന്റെ അഭിപ്രായം. അവര്‍ എത്രവേഗം വിസ്മരിക്കപ്പെടുമോ അത്രയും നന്ന് എന്നും അദ്ദേഹം പറയുന്നു. അവരുടെ പേരുകേട്ട നോവലാണല്ലോ ‘മന്‍ഡറീന്‍സ്’. പരദൂഷണം എന്നു വിളിക്കാവുന്ന ആ ഗ്രന്ഥത്തെക്കുറിച്ച് മീലോഷ്, അല്‍ബേര്‍ കമ്യൂവിനോടു ചോദിച്ചു അദ്ദേഹം മറുപടി പറയുന്നില്ലേയെന്ന്. കമ്യുവിന്റെ ഉത്തരം ഇങ്ങനെ: ‘ആരും ഓടയ്ക്കു മറുപടി പറയാറില്ലല്ലോ’ (One does not answer a gutter) കമ്യൂ പറഞ്ഞത് ശരിയെന്നു മീലോഷിന്റെ മതം (He was right, Page 296).

വേറൊരു ഭാഗത്ത് മീലോഷ് ചോദിക്കുന്നു. വിമാനത്തിന് ‘പുഷ്കിന്‍’ എന്നു പേരിടുന്നുവെന്നു നമുക്കു സങ്കല്പിച്ചുകൂടെ? അന്തര്‍വാഹിനിക്കു ‘ദസ്തയെവ്സ്കി’യെന്നും. മറ്റു ഗ്രഹങ്ങളെ ‘ആക്രമി’ക്കുന്നതിനുള്ള ബഹിരാകാശക്കപ്പലിനു ‘ഗൊഗല്‍’ എന്നു പേരിട്ടാലെന്ത്? പാവം ഗൊഗല്‍. അദ്ദേഹത്തിന് ഇതിഷ്ടമല്ല. അദ്ദേഹത്തിന് ഇതറിഞ്ഞും കൂടാ. നമുക്ക്—നമുക്കറിയാമോ നമ്മള്‍ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടുമെന്ന് (Page 295).

88-ആം പുറം നോക്കൂ. സര്‍വകലാശാലയില്‍ കവിതയുടെ സ്വഭാവത്തെക്കുറിച്ചു പ്രസംഗിക്കേണ്ടിവന്ന അനുഭവത്തെക്കുറിച്ച് ലോറന്‍സ് ഡറല്‍ പറയുന്നു: ‘ശവത്തെ കുളിപ്പിച്ചു ഒരുക്കാനിടവന്ന ആരെങ്കിലുമുണ്ടെങ്കില്‍ കൈ ഉയര്‍ത്തൂ’ ആരുമില്ല. പൂര്‍ണ്ണമായ നിശ്ശബ്ദതം. അപ്പോള്‍ വീണ്ടും ആജ്ഞ: ‘ശിശുക്കള്‍ ജനിക്കുന്നതു കണ്ടിട്ടുള്ളവര്‍ കൈ ഉയര്‍ത്തൂ’. വീണ്ടും ആരുമില്ല. “മഹനീയങ്ങളും അടിസ്ഥാനപരങ്ങളുമായ രണ്ടനുഭവങ്ങളില്‍നിന്ന് സമുദായം നമ്മളെ എങ്ങനെ രക്ഷിച്ചു നിറുത്തുന്നുവെന്ന് നിങ്ങള്‍ക്ക് (ഇപ്പോള്‍) മനസ്സിലായില്ലേ?” ഈ അനുഭവങ്ങളാണ് കവിതയുടെ പണിശാല. (Lawrence Durrell, Endpapers and Inklings) പന്നപ്പുസ്തകങ്ങള്‍ വായിച്ചു ജന്മം പാഴാക്കാതെ ഇത്തരം ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളിലേക്കു പോകൂ. വെറും രത്നമല്ല, കോഹിനൂര്‍ രത്നങ്ങളാണ് ഇംഗ്ലീഷ് പുസ്തകങ്ങളിലുള്ളത് (Antaeus, Collin Harvell, London, 1989, GBP 8.95).

അദൃശ്യലോകം

‘അന്റീയസി’ല്‍ അമേരിക്കനെഴുത്തുകാരി ജോയിസ് കരല്‍ ഓട്സിന്റെ ജേണലില്‍നിന്നു ചില ഭാഗങ്ങള്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്കിടയിലുള്ള ഒരു വിശ്വാസത്തെക്കുറിച്ചു പറഞ്ഞു കൊണ്ടാണ് അതിന്റെ ആരംഭം. മരത്തിന്റെ പൊക്കവും മണ്ണിനു താഴെയുള്ള അതിന്റെ ‘താഴ്ച’യും തുല്യമാണെന്നാണ് ആ വിശ്വാസം. ഭൂമിയുടെ ഉപരിതലം അതിനെ തുല്യമായി വിഭജിക്കുന്നു. കാണാവുന്ന തടിയും കൊമ്പുകളും ഇലകളും കാണാന്‍ പാടില്ലാത്ത തായ്‌വേരിനും അതില്‍നിന്നു പിരിഞ്ഞു നാലുഭാഗവും വ്യാപിക്കുന്ന വേരുകള്‍ക്കും സദൃശമാണത്രേ. മനുഷ്യനെസ്സംബന്ധിച്ചും ഇതു ശരിയാണെന്ന് ഓട്സ് വിചാരിക്കുന്നു. മറ്റുള്ളവര്‍ കാണുകയും അറിയുകയും ചെയ്യുന്ന Social self അവനുണ്ട്. അതേസമയം അവര്‍ കാണാത്ത, അറിയാത്ത Private self-ഉം. ദൃശ്യമായ ഒരു ലോകം. അദൃശ്യമായി വേറൊരു ലോകം. മരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും പോലെ അവ സമനിലയിലാണ്. കവിതയെസ്സംബന്ധിച്ചും ഇതു ശരിയാണെന്ന് എനിക്കു തോന്നുന്നു. നമ്മുടെ രാജ്യത്തിന്റെ ജീര്‍ണ്ണതയിലേക്കു കൈചൂണ്ടി ആധ്യാത്മികതയുടെ മഹനീയതയെ ഉദ്ഘോഷിക്കുന്ന ‘തച്ചുശാസ്ത്രവും ധര്‍മ്മശാസ്ത്രവും’ എന്ന കാവ്യത്തില്‍ (വിഷ്ണുനാരായണന്‍ നമ്പൂതിരി—മാതൃഭൂമി ആഴ്ചപ്പതിപ്പ്) കൂരതട്ടുന്നതിന്റെയും ചുമര്‍വെട്ടി മച്ചിളക്കുന്നതിന്റെയും ദൃശ്യലോകമേയുള്ളു. അതിനു സമനില കൈവരുത്തുന്ന അദൃശ്യലോകമില്ല. അതില്ലാത്തതുകൊണ്ടാണ് ഈ കാവ്യത്തിന്റെ പാരായണം ഉമിക്കിരി ചവയ്ക്കുന്നതുപോലെ എനിക്കു വിരസമായി മാറിയത്. കവി ചിത്രീകരിക്കുന്ന രാഷ്ട്രത്തിന്റെ ജീര്‍ണ്ണതകള്‍ ഉണ്ട് എന്നു സമ്മതിക്കാം. ആ ജീര്‍ണ്ണതകള്‍ക്കു നേരെയുള്ള മാനുഷിക പ്രവര്‍ത്തനങ്ങള്‍ വിഫലങ്ങളായേ ഭവിക്കൂ എന്നും സമ്മതിക്കാം. പക്ഷേ ഗദ്യാത്മകതയുടെ അതിര്‍ത്തിയോളം വലിച്ചുനീട്ടുന്ന ആവിഷ്കരണരീതിയും കലയുടെ ശത്രുവായ ‘അലിഗറി’യും അദൃശ്യലോകത്തെ ഇല്ലാതാക്കുന്നു. ഞാന്‍ ഇരിക്കുന്ന ഈ കസേരയും ചുവരുകളുള്ള മറിയും ഇവിടിരുന്ന് ജന്നലില്‍ക്കൂടി നോക്കിയാല്‍ കാണാവുന്ന പാടങ്ങളും അവയില്‍ വന്നിരിക്കുന്ന വെളളക്കൊക്കുകളും ദൃശ്യലോകം. പക്ഷേ എന്നെ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് ഇവയല്ല. കോസ്മിക് രശ്മികളും ഇരിപ്പിടമായ കസേരയിലെ പ്രോട്ടൊണുകളും ഇലക്ട്രൊണുകാളുമാണ്. സഹൃദയനെ ഭരിക്കുന്നതു കവിതയിലെ അദൃശ്യലോകം. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യത്തില്‍ അതില്ല.

എല്ലാം സ്പഷ്ടം, പക്ഷേ

ഈ അദൃശ്യലോകത്തിന്റെ അഭാവവും കൃത്രിമത്വവുമാണ് ‘34. സിയിലെ മിടുക്കി’ എന്ന കഥയ്ക്കുള്ളത്. (പി. എന്‍. വിജയന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്). കഥ പറയുന്ന ആളിനെ കാണാന്‍ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരി സമീപിക്കുന്നു. നാടുകാണാനിറങ്ങിയ അയാളെ ഗൈഡ് എന്ന നിലയില്‍ സഹായിക്കാനാണ് അവള്‍ എത്തിയത്. പട്ടണത്തില്‍ ചുറ്റിക്കറങ്ങുമ്പോള്‍ 34.സി എന്ന മുറിയിലെ ചെറുപ്പക്കാരിയുമായി വേഴ്ചയാകാമെന്ന് അവള്‍ പറഞ്ഞു. അവള്‍ക്കു വിദ്യാഭ്യാസത്തിനു പണം വേണം. കഥ പറയുന്ന ആള്‍ വഴങ്ങാതെ പാര്‍പ്പിടത്തിലേക്കു തിരിച്ചുപോന്നു. ഒരദമ്യശക്തിയുടെ പ്രേരണയാല്‍ അയാള്‍ ഒറ്റയ്ക്ക് വീണ്ടും ആ മുറിയുടെ മുന്‍പിലെത്തി. ചെറുപ്പക്കാരി ആ ഗൈഡ്തന്നെ. വേഴ്ചയ്ക്ക് എത്തിയ അവളെ കവിളില്‍ പ്രഹരിച്ചശേഷം പണംകൊടുത്തിട്ട് അയാള്‍ തിരിച്ചുപോന്നു. വിജയനു കഥ പറയാനറിയാം. പക്ഷേ അതുകൊണ്ടെന്തു പ്രയോജനം? നിലാവില്‍ മുങ്ങിനിൽക്കുന്ന പ്രകൃതിദൃശ്യംപോലെ എല്ലാം സ്പഷ്ടം. ആ ദൃശ്യങ്ങള്‍ക്ക് അകത്തുള്ള ശക്തിവിശേഷങ്ങള്‍ അദ്ദേഹം കാണുന്നില്ല. അവകൂടി കണ്ടെങ്കിലേ വായനക്കാര്‍ക്കു പ്രയോജനമുണ്ടാകൂ. ഈ അദൃശ്യലോകത്തിന്റെ അഭാവത്തിന് ആക്കം കൂട്ടുന്ന കഥയിലെ കൃത്രിമത്വം. അത് മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് അയാള്‍ അവളുടെ കവിളില്‍ അടിക്കുമ്പോഴാണ്. കഥ പറയുന്ന ആളിന്റെ ലൈംഗികതയുടെ ഉഷ്ണമാനം കുറവായതുകൊണ്ടാണോ ഈ അടി? അല്ല. കഥാകാരന്‍ സന്മാര്‍ഗ്ഗവാദിയെന്ന നാട്യത്തോടെ അയാളുടെ ഉഷ്ണമാനം കുറവാണെന്നു വരുത്തുകയാണ്. വിജയന്‍! താങ്കളുടെ ‘നാവെനിക്കവിശ്വാസ്യം’.

* * *

ഡോക്ടര്‍. കെ. ഭാസ്കരന്‍നായര്‍ എന്റെ ഗുരുനാഥനായിരുന്നു. ശിഷ്യനായ ഞാന്‍ അദ്ദേഹത്തോടു ഒരിക്കല്‍ പറഞ്ഞു: “സര്‍, ലൈബ്രറിയില്‍ ഡാര്‍വിന്റെ The Descent of Man എന്ന പുസ്തകമിരിക്കുന്നു. എനിക്കതു വായിക്കാന്‍ വേണം” സാറ് ഇംഗ്ലീഷില്‍ മറുപടി നല്‍കി: “My dear gentleman you won’t understand it”. എങ്കിലും ഞാനതു വായിച്ചു. അതിലൊരിടത്തു ഡാര്‍വിന്‍ എഴുതിയിട്ടുണ്ട് ചില പക്ഷികളുടെ ദോശാന്തരഗമനവാഞ്ഛ മാതൃത്വവാസനയെക്കാള്‍ ശക്തിയാര്‍ജ്ജിച്ചതാണെന്ന്. പറക്കാന്‍ വയ്യാത്ത കുഞ്ഞുങ്ങളെ കൂട്ടില്‍ തള്ളിയിട്ട് അവ മറ്റു ദേശങ്ങളിലേക്കു പറന്നുപോകുമത്രേ. കഥാകാരന്മാരുടെ സന്മാര്‍ഗ്ഗ പ്രകടനാഭിലാഷം യാഥാര്‍ത്ഥ്യത്തിന്റെ അതിരുകളെ കവിഞ്ഞു പ്രത്യക്ഷമാകാറുണ്ട്. അതു കലയെസ്സംബന്ധിച്ചിടത്തോളം ശരിയല്ല.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങള്‍ക്കു വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് തരാമെന്നു എസ്. കെ. നായര്‍ പറഞ്ഞതായും നിങ്ങള്‍ അതു വേണ്ടെന്നു അറിയിച്ചതായും ഒരിക്കല്‍ എഴുതിയിരുന്നല്ലോ. എന്താ വേണ്ടെന്നു പറഞ്ഞത്?

‘സാഹിത്യവാരഫലം’ പുസ്തകരൂപത്തിലാക്കിയാല്‍ സമ്മാനം തരാമെന്നു പറഞ്ഞതു സത്യമാണ്. അതിന് ആ സമ്മാനം കിട്ടാന്‍ അര്‍ഹതയില്ലാത്തതു കൊണ്ടു ഞാനതു വേണ്ടെന്നു പറഞ്ഞു. പിന്നെ കവിയല്ലാത്ത തിരുനല്ലൂര്‍ കരുണാകരനു വയലാര്‍ അവര്‍ഡ് കിട്ടാമെങ്കില്‍ നിരൂപകനല്ലാത്ത എനിക്കും അതു കിട്ടിക്കൂടായ്കയില്ല. അക്കാലത്ത് അതു വേണ്ടെന്നു പറഞ്ഞതു മണ്ടത്തരമായിയെന്ന് ഇപ്പോള്‍ തോന്നുന്നു.

Symbol question.svg.png ആരെയും സ്നേഹിക്കാത്തവനെ എങ്ങനെ തിരിച്ചറിയാം?

അയാള്‍ എപ്പോഴും ടെലിവിഷന്‍ സെറ്റിന്റെ മുന്‍പിലിരിക്കും.

Symbol question.svg.png കവിതയുളവാക്കുന്ന ചഞ്ചലാവസ്ഥ എത്ര സമയമുണ്ടാകും?

അറിഞ്ഞുകൂടാ. എന്നെസ്സംബന്ധിച്ചിടത്തോളം കാവ്യപാരായണ സന്ദര്‍ഭത്തില്‍ മാത്രമേ excitement ഉള്ളൂ. പോ (Poe) പറഞ്ഞത് കൂടിവന്നാല്‍ അരമണിക്കൂര്‍ നേരം അതുണ്ടാകുമെന്നാണ്.

Symbol question.svg.png നിങ്ങള്‍ പ്രസംഗിക്കുന്ന സമയത്ത് കവിതകള്‍ ചൊല്ലാറുണ്ടല്ലോ. അപ്പോള്‍ പട്ടി കുരയ്ക്കാറുണ്ടോ?

ഇല്ല. പക്ഷേ സാഹിത്യവാരഫലം വായിച്ചിട്ട്
പട്ടികള്‍ ചോദ്യരൂപത്തില്‍ കുരയ്ക്കാറുണ്ട്.

Symbol question.svg.png എനിക്കു ഭാര്യയെ നിയന്ത്രിക്കാനാവുന്നില്ല. ഒരുപദേശം തരൂ.

ഭൂകമ്പം, ഇടി, മിന്നല്‍, മഴ, വെയില്‍, ഉരുള്‍പ്പൊട്ടല്‍ ഈ പ്രകൃതിസംഭവങ്ങളെ നിയന്ത്രിക്കാനാവുമോ? ഭാര്യ പ്രകൃതിക്ഷോഭമാണ് സഹിക്കാനേ പറ്റൂ.

Symbol question.svg.png സത്യം പറഞ്ഞാല്‍?

തെറി കേള്‍‌ക്കേണ്ടതായിവരും.

Symbol question.svg.png നീ നിന്നെ സ്നേഹിക്കുന്നതുപോലെ അയല്‍വീട്ടുകാരനെയും സ്നേഹിക്കുക എന്ന സൂക്തത്തെക്കാള്‍ നല്ലതായി വേറെ വല്ലതുമുണ്ടോ?

അയല്‍വീട്ടുകാരിയെ സ്നേഹിക്കുക എന്ന സൂക്തം മാറ്റിയാല്‍ എനിക്കു പരാതിയില്ല.

Symbol question.svg.png സാഹിത്യവാരഫലം വെറും ചീപ്പല്ലേ?

ആയിരിക്കാം. പക്ഷേ അത് ഏറെ ആളുകളെ രസിപ്പിക്കുന്നുണ്ട്. കെ. കേളപ്പന്‍ (Summit) P.B. No. 630, മുമ്പാറസ് ഐലന്‍ഡ്, അബുദാബി, യു. എ. ഇ. എനിക്കെഴുതിയ കത്തില്‍നിന്ന് ഒരു ഭാഗം എടുത്തെഴുതട്ടെ: “ഇവിടെ അബുദാബിയില്‍ കൂലിപ്പണിചെയ്തു കുടുംബം പുലര്‍ത്തുന്ന ഒരുവനാണു ഞാന്‍. അതുകൊണ്ടുതന്നെ പലവിധത്തിലുമുള്ള പീഠകള്‍ അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ ഞാന്‍ എന്റെ എല്ലാ ദുരിതങ്ങളും മറക്കുന്നു. അത് അങ്ങയുടെ മഹനീയമായ സാഹിത്യവാരം ഉള്‍ക്കൊള്ളുന്ന കലാകൗമുദി കയ്യില്‍ കിട്ടുമ്പോഴാണ്. താങ്കളോട് എങ്ങനെ നന്ദിപറയണമെന്ന് എനിക്ക് നിശ്ചയമില്ല സാര്‍. അത്രയ്ക്കും മഹത്വമാര്‍ന്നതും വിജ്ഞാനപ്രദവുമായ ഒരു മഹാകര്‍മ്മമാണ് അങ്ങനുഷ്ടിച്ചുവരുന്നത്.”
“കൂലിപ്പണി ചെയ്തു ജീവിക്കുന്ന ഒരാളിന് ആശ്വസമരുളാന്‍ ഈ കോളം പ്രയോജനപ്പെട്ടല്ലോ. എന്റെ പ്രയത്നവും ജീവിതവും ധന്യമായി. സാഹിത്യവാരഫലം എന്ന കോളത്തിന് നീതിമത്കരണം നൽകാനല്ല ഞാനിത് പരസ്യപ്പെടുത്തുന്നത്. പീഠ, അനുഷ്ടിക്കുക എന്നീ വാക്കുകള്‍ എഴുതേണ്ടതു എങ്ങനെയെന്നുപോലും നിശ്ചയമില്ലാത്ത ഒരു സഹൃദയന് ഈ കോളം പ്രയോജനപ്പെട്ടതില്‍ എനിക്കു അനല്പമായ സന്തോഷമുണ്ട്. അതിനാലാണ് ഞാനിത് എടുത്തെഴുതാന്‍ തയ്യാറായത്.”

Symbol question.svg.png കോഫി ഹൗസില്‍ മേശയ്ക്കു അപ്പുറവും ഇപ്പുറവും ഇരുന്ന് വാതോരാതെ സംസാരിക്കുന്ന യുവാവും യുവതിയും പേട്ടെന്ന് മൗനം അവലംബിച്ച് വികാരപാരവശ്യത്തോടെ ഇരിക്കുന്നത് എന്തുകൊണ്ട്?

മേശയ്ക്കടിയിലേക്ക് കണ്ണോടിച്ചാല്‍ മതി. കാരണം വ്യക്തമാകും. കൂടുതല്‍ എഴുതുന്നത് ഔചിത്യമില്ലായ്മയായി വരും.

വര്‍ത്തമാനം, ഭാവി

വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും കൂട്ടിയിണക്കുന്ന ശലാകയാണ് കലയെങ്കില്‍ അതാണ് ബക്കളം ദാമോദരന്റെ ‘പാണ്ടിമേളം’ എന്ന ചെറുകഥ (ദേശാഭിമാനി വാരിക). ശലാക എന്നു ഞാനെഴുതിയെങ്കിലും അതൊരു ചങ്ങലയാണ്. ആ ചങ്ങലയുടെ ആദ്യത്തെ ഭാഗമാണ് ഇക്കഥയിലെ വേലാണ്ടി. എന്തൊരു യാതനയാണ് അയാള്‍ക്ക്. അതില്‍ നിന്നു രക്ഷപ്പെടാനായി അയാള്‍ ഒരു ഹോട്ടലില്‍ ജോലിക്കുപോകുന്നു. അവിടെയും തീവ്രവേദന. ഇങ്ങനെ വേദന അനുഭവിക്കുന്ന മനുഷ്യന്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യസമുദായത്തിന്റെ പ്രതീകമാണ്. അതിന്റെ ചിത്രീകരണം സമകാലിക സമൂഹത്തിന്റെ നല്ലൊരു പരിച‌്ഛേദമായിട്ടുണ്ട്. ആ ചങ്ങലയില്‍ തൂങ്ങി മെല്ലെ നീങ്ങിയാല്‍ നമുക്കു ഭാവികാലത്ത് എത്താം. ആ കാലയളവില്‍ കഷ്ടപ്പെടുന്ന വേലാണ്ടിമാര്‍ ഉണ്ടായിരിക്കരുതെന്നാണ് കഥാകാരന്‍ ധ്വനിപ്പിക്കുന്നത്.

ആര്‍ജ്ജവമാണ് ഇക്കഥയുടെ മുദ്ര. ആവിഷ്കാരരീതിയില്‍, സംഭവസന്നിവേശത്തില്‍, ആഖ്യാനത്തില്‍ ഇവയിലൊക്കെ ആ ആര്‍ജ്ജവം കാണാം. ഒരിടത്തും അതിഭാവുകത്വമില്ല. ആശയവിഹംഗമത്തെപ്പിടിച്ചു ബക്കളം ദാമോദരന്റെ പ്രചാരണത്തിന്റെ പഞ്ജരത്തില്‍ ഇട്ടിട്ടില്ല. ഇട്ടാല്‍ അത് അവിടെക്കിടന്നു ചിറകിട്ടടിക്കുന്നതു സഹൃദയനു കാണേണ്ടതായിവരും.

* * *

എവിടെയോ വായിച്ചതാണ്. ഒരു സാംഗത്യവുമില്ലാതെ ഇവിടെ എഴുതുന്നു. ബൊസെക്കി മഹാനായ ജാപ്പനീസ് സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് എല്ലാവര്‍ക്കും സംശയമായിരുന്നു. അതുകൊണ്ട് ഉറങ്ങാള്‍ കിടക്കുമ്പോള്‍ ബൊസെക്കി തന്റെ ഷേര്‍ട്ടും അവളുടെ കഞ്ചുകവും കൂട്ടിക്കെട്ടിയിരുന്നു.

കേരളത്തില്‍ സ്ത്രീകള്‍ക്കു മറിച്ചാണ് മോഹം. സാരിയുടെ തുമ്പും ഭര്‍ത്താവിന്റെ മുണ്ടിന്റെ തുമ്പും കൂട്ടിക്കെട്ടിയാല്‍ അയാള്‍ മെല്ലെ എഴുന്നേറ്റുപോകുന്നതു തടയാന്‍ സാധിക്കും. പക്ഷേ മോഹം മോഹമായി ഇരിക്കുന്നതേയുള്ളു. അതു സാഫല്യത്തിലെത്തിക്കാന്‍ സ്ത്രീകള്‍ക്കു ധൈര്യമില്ല.

മതി, മതി

എന്റെ കുട്ടിക്കാലത്തു തിരുവനന്തപുരത്തു വിദ്യുച്ഛക്തി വിളക്കുകള്‍ ഇല്ലായിരുന്നു. സന്ധ്യയാകുമ്പോള്‍ മുനിസിപ്പാലിറ്റിയിലെ ജോലിക്കാരന്‍ ഏണി ചാരും കല്ലുകൊണ്ടുള്ള തൂണില്‍. അതിന്റെ അറ്റത്ത് സമഭൂജാകൃതിയുള്ള വിളക്കുണ്ട്. അതില്‍ മണ്ണെണ്ണയൊഴിച്ചു തിരികത്തിക്കും. ചെമ്മണ്ണു പാതയില്‍ ലേശം വെളിച്ചം. എന്റെയും മറ്റുള്ളവരുടെയും വീടുകളില്‍ റാന്തല്‍ എന്നു വിളിക്കുന്ന വിളക്കുകളാണുണ്ടായിരുന്നത്. അതിന്റെ ചിംനി (Chimney) തുടച്ച് തിരി ശരിയായി വെട്ടി മണ്ണെണ്ണ ഒഴിച്ചുവയ്ക്കേണ്ടത് എന്റെ ജോലിയാണ്. ഇരുട്ടു പരക്കാന്‍ തുടങ്ങിയാല്‍ ഗൃഹനായകന്‍ വന്ന് റാന്തലിന്റെ വലിയ വളയവും മുകളിലുള്ള കൊച്ചു വളയവും ചേര്‍ത്തുപിടിച്ച് പൊക്കും. ചിംനി ഉടയാതെ ഇടതുകൈകൊണ്ടുതാങ്ങും. എന്നിട്ടു തിരി കത്തിക്കും. വീണ്ടും വളയങ്ങള്‍ പിടിച്ചുയര്‍ത്തി ചിംനി യഥാസ്ഥാനത്തു വയ്ക്കും. അല്പം വെളിച്ചം വരാന്തയില്‍ വീഴും. എന്റെ വീട്ടില്‍ രണ്ടു റാന്തലുകളേ ഉണ്ടായിരുന്നുള്ളു. വിളക്കു വിളക്കാവുന്നത് തിരികത്തുമ്പോള്‍ മാത്രം. അതുവരെ അത് പൂര്‍ണ്ണത ആവഹിക്കാത്ത തകരംകൊണ്ടുള്ള ഉപകരണം മാത്രം.

വിജയന്‍ എസ്. കല്ലൂനാട് കുങ്കുമം വാരികയിലെഴുതിയ ‘അന്ധതയുടെ പ്രകാശം’ എന്ന കഥ കത്തിക്കാത്ത റാന്തലാണ്. മണ്ണെണ്ണ ഒഴിക്കേണ്ട ഭാഗത്തു തിളക്കം. ചിംനിയില്‍ പുകയില്ല. നല്ലപോലെ തുടച്ചു വച്ചിരിക്കുന്നു. തിരിവെട്ടിയിട്ടുണ്ട്. മണ്ണെണ്ണ ഒഴിച്ചിട്ടുണ്ട്. പക്ഷേ കഥാകാരന് തീപ്പെട്ടി ഉരച്ച് തിരികത്തിക്കാന്‍ അറിഞ്ഞുകൂടാ. അതുകൊണ്ട് പ്രകാശമില്ല.

തലച്ചോറില്‍ റ്റ്യൂമര്‍ വളരുന്ന ഒരു വൃദ്ധന്‍ പുന്തോട്ടത്തിലിക്കുന്നു. ശസ്ത്രക്രിയ ചെയ്താല്‍ അയാള്‍ക്ക് അന്ധത്വം വന്നേക്കും. ആ വൃദ്ധന്റെ അടുത്ത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരന്ധ ബാലിക വന്ന് ഇരുന്നു. അന്ധതയുടെ സ്വാഭാവമറിയാനായി അയാള്‍ അവളോട് അക്കാര്യം ചോദിച്ചു. ബര്‍ട്രന്‍ഡ് റസ്സലിനോ വിററ്ഗന്‍ ഷ്ടൈനോ മാത്രം കഴിയുന്ന മട്ടില്‍ ബാലിക ‘ഫിലോസോഫിക്കലാ’യി ചിലതു പറയുന്നു. അവളില്‍നിന്നു ജ്ഞാനോദ്ദീപനം ലഭിച്ചവനായി വൃദ്ധന്‍ എഴുന്നേൽക്കുന്നു. ഇക്കഥ വായിച്ച ഞാന്‍ അറിയാതെ ‘ഹായ്’ എന്നു പറഞ്ഞുപോയി. കലയുടെ ദീപം കത്തിക്കാനറിയാത്ത ഈ കഥാകാരന്‍ ബാലികയെ ഫിലോസഫര്‍ ആക്കുന്നുണ്ടല്ലോ. മതി. മതിയേ മതി.

നിരീക്ഷണങ്ങള്‍

റിയലിസം അവലംബിച്ചു കഥയെഴുതുന്ന ആള്‍ അടുത്ത കഥ ഫാന്റസിയാക്കും. ഫാന്റസിക്കുശേഷം എക്സ്പ്രഷനിസത്തിലേക്കു പോകും. അവിടെനിന്നു റീയലിസത്തിലേക്കും. ഈ ചാഞ്ചല്യം കവിക്കും കഥാകാരനും ചേര്‍ന്നതല്ല.

  1. തകഴി ശിവശങ്കരപിള്ള അമ്പലപ്പുഴയ്ക്കടുത്തു തകഴി എന്ന സ്ഥലത്തു താമിസിക്കുന്നു. തകഴിയില്‍ വേറെയും ശിവശങ്കരപിള്ളമാര്‍ കാണും. പക്ഷേ, അവരില്‍ ഒരാള്‍പോലും തകഴി ശിവശങ്കരപിള്ളയല്ല. ഉറൂബ് കഥകളെഴുതി. അദ്ദേഹം കഥാകാരന്‍. എന്നാല്‍ കഥകളെഴുതുന്ന എല്ലാവരും കഥാകാരന്മാരല്ല.
  2. ചങ്ങമ്പുഴയുടെ മരണത്തിനുശേഷം വളരെക്കാലം കഴിഞ്ഞ് ഞാനും ഗൗരീശപട്ടം ശങ്കരന്‍നായരുംകൂടി ചങ്ങമ്പുഴയുടെ അമ്മയെ കാണാന്‍ ഇടപ്പള്ളിയില്‍ ചെന്നു. “കൃഷ്ണന്‍ കുട്ടിയെ പരിചയമുണ്ടായിരുന്നോ?” എന്ന് അവര്‍ എന്നോടു ചോദിച്ചിട്ട് അദ്ദേഹത്തിന്റെ അന്ത്യകാലത്തെക്കുറിച്ചു പറഞ്ഞു. “വീട്ടിനകത്തു കിടക്കുമ്പോള്‍ അവന് വീട്ടിനു പുറത്തു പോകണമെന്നു ശാഠ്യം. എല്ലാവരുംകൂടി താങ്ങിപ്പിടിച്ച് മുറ്റത്തു കൊണ്ടുചെല്ലുമ്പോള്‍ തിരിച്ച് അകത്തേക്കു പോകണമെന്നു നിര്‍ബന്ധം. അകത്തെത്തുമ്പോള്‍ പിന്നെയും മുറ്റത്തു ചെല്ലാന്‍ ശാഠ്യം.” ഞാനതു കേട്ടു മിണ്ടാതിരുന്നു. എങ്കിലും ള്ളളില്‍ ഞാന്‍ എന്നോടു പറഞ്ഞു: ‘എവിടെ സുഖം കിട്ടും എന്ന് അദ്ദേഹം സ്വയം അന്വേഷിക്കുകയായിരുന്നു.’

    എനിക്കൊരു ‘സുഖക്കേടു’ണ്ട്. ഒരു ഷെല്‍ഫിലിരിക്കുന്ന പുസ്തകങ്ങള്‍ വേറൊരു ഷെല്‍ഫിലേക്കു മാറ്റും. അവിടെനിന്ന് ഇങ്ങോട്ടും. അടുത്തദിവസം ഇവിടെനിന്ന് അങ്ങോട്ടേക്ക്. പുസ്തകങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് ഞാന്‍ സ്വയം അന്വേഷിക്കുകയാണ്.

    റീയലിസം അവലംബിച്ചു കഥയെഴുതുന്ന ആള്‍ അടുത്ത കഥ ഫാന്റസിയാക്കും. ഫാന്റസിക്കുശേഷം എക്സ്പ്രഷനിസത്തിലേക്കു പോകും. അവിടെനിന്നു റീയലിസത്തിലേക്കും. ഈ ചാഞ്ചല്യം കവിക്കും എനിക്കും കഥാകാരനും ചേര്‍ന്നതല്ല. കവി രോഗാര്‍ത്തനായാല്‍ അതു ക്ഷമിക്കാം. മറ്റു രണ്ടുപേര്‍ക്കും മാപ്പുകൊടുക്കാനാവില്ല.

  3. രണ്ടുപേര്‍ പ്രേമബദ്ധരാണെങ്കില്‍ കത്തിയുടെ വായ്ത്തലയിലും കിടന്നുറങ്ങും എന്ന് ആരോ പറഞ്ഞിട്ടുണ്ട്. നോവല്‍ നല്ലതാണെങ്കില്‍ ഉറക്കമൊഴിഞ്ഞിരുന്ന് നമ്മളതു വായിക്കും. മാര്‍കേസിന്റെ ‘ലൗ ഇന്‍ ദ് റ്റൈംസ് ഒഫ് കോളറ’ എന്ന നോവലിനോടു എനിക്കു സ്നേഹം തോന്നിയപ്പോള്‍ ഒരു രാത്രിമുഴുവന്‍ ഉറങ്ങാതെ ഞാനതു വായിച്ചു കൊണ്ടിരുന്നു.
  4. ‘ഗ്രാന്‍മ’ എന്ന വിശിഷ്ടമായ ക്യൂബന്‍ ദിനപത്രത്തില്‍ മാര്‍കേസ് എഴുതുന്നു (Sept.17, 1989, Luis Bunuel’s Youthful aging എന്ന ലേഖനം). അത്ര ദീര്‍ഘമായ കാലത്തിനു മുന്‍പല്ല. ഞാന്‍ ഒരു സ്നേഹിതനോട് മെക്സിക്കോയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി: ‘ഇല്ല. അവിടേക്കില്ല. കാരണമുണ്ട്. കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാന്‍ അവിടെ പോകാറില്ല. എന്റെ വാര്‍ദ്ധക്യം സ്നേഹിതന്മാരുടെ മുഖത്തു പ്രതിഫലിക്കുന്നതു കാണാന്‍ എനിക്കിഷ്ടമില്ല.’ എന്റെ നിയമംതന്നെ അദ്ദേഹത്തിനുമെന്ന് ഞാനുടനെ മനസ്സിലാക്കി: വാര്‍ദ്ധക്യത്തിന് ഒരു ഹേതുവും കാണാതിരിക്കുക. എന്റെ അച്ഛന്‍ എണ്‍പത്തിരണ്ടാമത്തെ വയസ്സിലാണ് മരിച്ചത്. അസാധാരണമായ ചൈതന്യവും ആകൃതിവിശേഷവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ക്കറിയാം വാര്‍ദ്ധ്യക്യം തടഞ്ഞു നിറുത്താനുള്ള രഹസ്യം. ലളിതമാണ്. അദ്ദേഹം വാര്‍ദ്ധ്യക്യത്തെക്കുറിച്ച് വിചാരിച്ചതേയില്ല. മാര്‍കേസിന്റെ ഈ ഉപദേശം പ്രായംകൂടിവരുന്നവര്‍ക്കു സ്വീകരിക്കാവുന്നതാണ്.

ഗതികേട്

യേശുദാസന്‍ പാടുമ്പോള്‍ അദ്ദേഹത്തെ ഇരുമ്പുകുടമെടുത്ത് അടിക്കുന്ന കൊല്ലപ്പണിക്കാരനോടു സാദൃശ്യപ്പെടുത്തി നോക്കാറില്ല ഞാന്‍. രാജാരവിവര്‍മ്മ വരച്ച ശകുന്തളയുടെ ചിത്രം കാണുന്ന ഞാന്‍ അതിനെ പി. ടി. ഉഷയുടെ ‘ഹേഡില്‍സ്’ ചാട്ടവുമായി താരതമ്യപ്പെടുത്താറില്ല. ചന്ദ്രികാചര്‍ച്ചിതമായ രാത്രിയെ അമാവാസിയുമായി തട്ടിച്ചുനോക്കാറില്ല. വീണയെ കലപ്പയോടും റോസാപ്പൂവിനെ ഉച്ചരിത വസ്തുവിനോടും കുട്ടികൃഷ്ണമാരാരുടെ ഗദ്യത്തെ നവീന വിമര്‍ശകന്റെ ഗദ്യത്തോടും ഉപമിക്കാറില്ല ഞാന്‍. വൈജാത്യങ്ങളെയും വൈരുദ്ധ്യങ്ങളെയും തിരിച്ചറിയാനുള്ള ശക്തി പ്രകൃതി എനിക്കു തന്നിട്ടുണ്ട്. അതിനാല്‍ ദീപിക ആഴ്ചപ്പതിപ്പില്‍ ‘ഇരട്ടവാലന്‍ പുഴു’ എന്ന കഥാരാക്ഷസീയതയ്ക്കു രൂപംനല്‍കിയ ഓസി കരിങ്കുന്നത്തെ ലോകത്തുള്ള ഒരു കഥാകാരനോടും യോജിപ്പിച്ചു നോക്കുന്നില്ല. എന്തിന് കഥാകാരനെ കൂട്ടിനു വിളിക്കുന്നു?‍ അക്ഷരവിദ്യ അറിയാവുന്ന ആരുംതന്നെ ഇങ്ങനെയൊരു കുത്സിതത്വം പടച്ചുവയ്ക്കില്ല. വായനക്കാരുടെ ഗതികേട് എന്നേ പറയാനുള്ളു.

മൂടാടി ദാമോദരന്‍

മൂടാടി ദാമോദരന്‍ ആദ്യമായി എന്റെ വീട്ടില്‍ വന്നത് നാലുകൊല്ലംമുമ്പാണ്. അദ്ദേഹത്തിന്റെ കൂടെ എന്റെ ശിഷ്യനും യൂണിവേഴ്സിറ്റി കോളേജിലെ പ്രഫെസറുമായ ശങ്കരന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ സാഹിത്യത്തെക്കുറിച്ചും സാമാന്യമായ സംസ്കാരത്തെക്കുറിച്ചും കുറേനേരം സംസാരിച്ചു. അറിവിന്റെയും സഹൃദയത്വത്തിന്റെയും വിനയത്തിന്റെയും മൂര്‍ത്തിമദ്ഭാവമായി ഞാന്‍ ദാമോദരനെ കണ്ടു. പിന്നീട് പലതവണയും അദ്ദേഹം ദയാപൂര്‍വ്വം എന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്‍പതാം തീയതി കാലത്ത് അദ്ദേഹം വീണ്ടും ഞാന്‍ താമസിക്കുന്നിടത്ത് വന്നു. ഇത്തവണ മഹാത്മാഗാന്ധിയെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. ഗാന്ധിജിയെക്കുറിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളും അദ്ദേഹം വാങ്ങിച്ചുവെന്നും ഓരോന്നായി വായിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഗാന്ധിജിയോട് അടുത്ത ബന്ധമുണ്ടായിരുന്ന വില്യം ഷൈററുടെ പുസ്തകം വായിക്കേണ്ടതാണെന്ന് ഞാന്‍ അറിയിച്ചപ്പോള്‍ ‘ഇപ്പോള്‍തന്നെ ഞാനതു വാങ്ങിക്കാം’ എന്നു പറഞ്ഞിട്ട് അദ്ദേഹം പോയി. ഞാന്‍ വടകര ചെല്ലുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഭവനത്തിലെത്തുമെന്ന് അറിയിച്ചു. ‘വരൂ’ എന്നു സ്നേഹപൂര്‍വം ക്ഷണിച്ചിട്ട് പുഞ്ചിരിയോടെ അദ്ദേഹം പോയത് ഇപ്പോഴും എന്റെ അന്തര്‍നേത്രം കാണുന്നു. അത് ഒടുവിലത്തെ കൂടിക്കാഴ്ചയാണെന്ന് ഞാനറിഞ്ഞതേയില്ല. ഇനി വടകരെ ഞാന്‍ ചെന്നാല്‍ അദ്ദേഹത്തെ കാണുകയുമില്ല.

നാട്ടില്‍ച്ചെന്നിട്ട് അദേഹമെനിക്കു കത്തയച്ചു. ഷൈററുടെ പുസ്തകം വാങ്ങിവായിച്ചെന്നും അതിലും തര്‍ക്കവിഷയമായ സ്ത്രീബന്ധം പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുതിയിരുന്നു. മറുപടി അയയ്ക്കാനായി ഞാന്‍ കത്ത് മേശപ്പുറച്ചു മാറ്റിവച്ചു. പക്ഷേ ഞാന്‍ മറുപടി എഴുതുന്നതിനുമുന്‍പ് അദ്ദേഹം പോയി. അഭിവന്ദ്യസുഹൃത്തേ, താങ്കളുടെ വിയോഗത്തില്‍ ഞാന്‍ ദുഃഖിക്കുന്നു. ഫെബ്രുവരി 9–ആനു അങ്ങ് എന്റെ വീട്ടില്‍ എത്തിയപ്പോള്‍ അങ്ങയുടെ ‘ദേശാടനപ്പക്ഷികള്‍’ എന്ന കാവ്യസമാഹാരഗ്രന്ഥം തന്നല്ലോ. അതില്‍ അങ്ങു സ്നേഹപൂര്‍വം കുറിച്ച വാക്യം ഇപ്പോൾ വീണ്ടും ഞാന്‍ വായിച്ചു. കണ്ണീരടക്കാന്‍ ഞാന്‍ യത്നിക്കുന്നു. എനിക്കിനി എത്രകാലമുണ്ട്? എങ്കിലും ആ ഹ്രസ്വകാലയളവില്‍ കൂടക്കൂടെയെങ്കിലും ഞാന്‍ അങ്ങയെ ഓര്‍മ്മിക്കാതിരിക്കില്ല.

* * *

മരണത്തിന്റെ മുഖത്തു നോക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. മരണപത്രമെഴുതി വയ്ക്കാന്‍ വൃദ്ധനു ഭയം. എഴുതിയാല്‍ അതു കൈയിലെടുക്കാന്‍ പോലും ഭാര്യക്കു പേടി. ‘അച്ഛന്‍ ഈയിടെയെങ്ങും മരിക്കില്ല. എന്തിന് ഇതൊക്കെ എഴിതിവയ്ക്കുന്നു’ എന്നു മക്കളുടെ ചോദ്യം. അതുപോലെ മരിക്കാന്‍ പോകുന്നവനോട് ആരെങ്കിലും പറയുമോ അയാളുടെ സമയം ആഗതമാകുന്നുവെന്ന്. അറിയിച്ചാല്‍ അവസാനമായി അനുഷ്ഠിക്കേണ്ട പലകാര്യങ്ങളും അയാള്‍ അനുഷിഠിച്ചെന്നുവന്നേക്കും. അതുണ്ടായാല്‍ പിന്നീടുള്ള കുടുംബകലഹങ്ങളും ഒഴിവാക്കാം. പക്ഷേ ആരും ആ ഭയജനകമായ സത്യം അറിയിക്കില്ല. ഇതു മറച്ചുവയ്ക്കുന്നത് ഒരു തരത്തിലുള്ള അസത്യമാണ്. ഈ അസത്യത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ഒരു കഥുയുണ്ട്. Was it Heaven? Or Hell?—Mark Twain. അതിഭാവുകത്വം ഇക്കഥയുടെ ദോഷമാണെങ്കിലും നമ്മളൊക്കെ നടത്തുന്ന അസത്യപ്രസ്താവത്തിന്റെ ഗര്‍ഹണീയത അതില്‍ സ്പഷ്ടമാക്കിയിട്ടുണ്ട് കഥാകാരന്‍.