close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 02 08


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 02 08
മുൻലക്കം 2002 02 01
പിൻലക്കം 2002 02 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സ്ത്രീസ്വാതന്ത്യവാദം ജീവിതവ്രതമായി സ്വീകരിച്ച അമേരിക്കനെഴുത്തുകാരി ആന്‍ഡ്രിയ ദ്വര്‍ക്കര്‍ (Andrea Dworkin, b 1946-ബ്രട്ടീഷുച്ചാരണം ദ്വര്‍ക്കിനെന്ന്) രചിച്ച ‘Pornography’ എന്ന പുസ്തകം പ്രഖ്യാതമാണ്. ഞാന്‍ ഒരിക്കല്‍ വായിച്ച ആ ഗ്രന്ഥം ഇപ്പോള്‍ വീണ്ടും വായിക്കുകയാണ്. അതില്‍ക്കണ്ട ചില വാക്യങ്ങള്‍ എടുത്തെഴുതട്ടെ:

“Marriage as an institution developed from rape as a practice. Rape, originally defined as abduction became marriage by capture. Marriage meant the taking was to extend in time, to be not only use of but possession of, or ownership”

ഇതു ചിന്തയല്ല, ഓര്‍വെല്‍ പറഞ്ഞ Thought Crime ആണ്. ബലാത്സംഗത്തില്‍ നിന്നാണ് വിവാഹമുണ്ടായതെന്ന് ദ്വര്‍ക്കര്‍ പറയുന്നതുകേട്ട് മീശ മൂളയ്ക്കാത്ത പയ്യന്മാരും ആദ്യത്തെ ആര്‍ത്തവം ആകാത്ത പെണ്‍പിള്ളേരും ആഹ്ലാദിക്കും. പക്ഷേ മനസ്സിനു പരിപാകം വന്ന പ്രായമായവര്‍ ‘ഛേ, കള്ളം’ എന്നേ പറയൂ. ചിന്തയുടെ ഈ വക്രീകരണവും പുതുമയ്ക്കു വേണ്ടിയുള്ള പരിവര്‍ത്തനവും ഈ ശതാബ്ദത്തിലെ എഴുത്തുകാരുടെ മാനസികച്യുതിയുടെ ഫലമാണ്. അതിനാല്‍ വിരളമായേ ഞാന്‍ ഏലന്‍ സീസു (Helene Cixous, b 1937), ലൂസി ഈറീഗാറേ (Lucy Irigaray, b 1932), ഷൂല്‍സാ ക്രിസ്തേവ (Julia Kristeva, b 1941) ഇവരുടെ പുസ്തകങ്ങള്‍ സ്പര്‍ശിക്കൂ. വസ്തുതകളല്ല അവര്‍ ആവിഷ്കരിക്കുന്നത്; സിദ്ധാന്തങ്ങളാണ്. സിദ്ധാന്തങ്ങള്‍ വ്യക്തിനിഷ്ഠങ്ങളായ അഭിപ്രായങ്ങളും അവ അറിഞ്ഞിട്ടെന്തുകാര്യം? നേരെ മറിച്ചാണ് ബര്‍ട്രന്‍ഡ് റസ്സല്‍. ആല്‍ഡസ് ഹസ്കിലി ഇവരുടെ രീതി. വസ്തുതകള്‍ മാത്രമേ ഈ ചിന്തകര്‍ക്കു വേണ്ടൂ. കാലം കഴിയുമ്പോള്‍ റസ്സലും ഹസ്കിലിയും അവരുടെ സാന്നിദ്ധ്യംകൊണ്ട് നമ്മളെ ആഹ്ലാദിപ്പിക്കും. ദെറീദയും മറ്റും അപ്രത്യക്ഷരാകും.

വസ്തുതകള്‍ മാത്രം പ്രതിപാദിച്ച് നമുക്കു ഹര്‍ഷാതിശയം ജനിപ്പിക്കുന്ന പുസ്തകമാണ് റോബര്‍ട് ഗ്രീനിന്റെ ‘The Art of Seduction”. സിദ്ധാന്തങ്ങള്‍ അവയ്ക്കുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. സാമാന്യവസ്തുതകള്‍ പ്രതിപാദിക്കുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ അനുവാചകരുടെ മാനസികോന്നമനത്തെ ലക്ഷ്യമാക്കി സാംസ്കാരിക മണ്ഡലത്തില്‍ വര്‍ത്തിക്കുന്നു. ഒരു തവണ വായിക്കൂ. ഒന്നുകൂടെ വായിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകും. രണ്ടാമത്തെ പരിവൃത്തി വായിക്കാനായി ഞാന്‍ ഇപ്പുസ്തകം മേശപ്പുറത്തുതന്നെ വച്ചിരിക്കുന്നു. വശീകരണത്തിന്റെ വിവിധ വശങ്ങള്‍ അതിന്റെ ആന്തരാര്‍ത്ഥം, ബാഹ്യാര്‍ത്ഥം, സങ്കീര്‍ണ്ണത, ലാളിത്യം ഇവയെയെല്ലാം ഗ്രന്ഥകാരന്‍ അസാധാരണമായ വൈദദ്ധ്യത്തോടെ പ്രത്യക്ഷമാക്കിത്തരുന്നു. marvellous (അദ്ഭുതാവഹം) എന്ന ഇംഗ്ലീഷ് പദം കൊണ്ടേ ഇപ്പുസ്തകത്തെ വിശേഷിപ്പിക്കാനാവൂ. അനന്ത വിസ്തൃതമായ ആശയസാമ്രാജ്യത്തിന്റെ ഒരു കോണെങ്കിലും എടുത്തുകാണിക്കാന്‍ ഈ ലേഖനത്തിന്റെ പരിമിതി അനുമതി തരുന്നില്ല. അതുകൊണ്ട് ദിങ്മാത്രദര്‍ശനത്തിനേ വഴിയുള്ളു.

ബി.സി. 48-ല്‍ താലമീ പതിനാലാമന്‍ (Ptolemy XIV) തന്റെ സഹോദരിയും ഭാര്യയുമായ ക്ലീയപത്ര രാജ്ഞിയെ (Cleopatra) സ്ഥാനഭ്രഷ്ടയാക്കുകയും അവള്‍ രാജ്യത്ത് പ്രവേശിക്കാതിരിക്കാനായി അതിര്‍ത്തികള്‍ ബലപ്പെടുത്തുകയും ചെയ്തു. ജൂലിയസ് സീസര്‍ ആ വര്‍ഷംതന്നെ അലിഗ്ആൻഡ്രിയയില്‍ ചെന്നു. ഈജിപ്റ്റ് റോമിനോട് ഭക്തിയുള്ളതായിരിക്കുമെന്ന് ഉറപ്പിക്കാനാണ് അദ്ദേഹം അവിടെ എത്തിയത്. ഈജിപ്തിലെ ഒരു കൊട്ടാരത്തില്‍ അദ്ദേഹം സൈനികോദ്യോഗസ്ഥരുമായി ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ഒരു പാറാവുകാരന്‍ അവിടെ പ്രവേശിച്ച് അറിയിച്ചു. ഒരു ഗ്രീക്ക് വ്യാപാരി വിലപിടിച്ച സമ്മാനം സീസറിന് നല്കാന്‍ വന്നിരിക്കുന്നെന്ന് വ്യാപാരിയെ അകത്തു കടത്തിവിടാന്‍ റോമന്‍ നേതാവ് കല്പിച്ചു. ചുരുട്ടിയ ഒരു വലിയ കാര്‍പെറ്റ് തോളിലേന്തിക്കൊണ്ടാണ് വ്യാപാരിയുടെ പ്രവേശം. കാര്‍പെറ്റിന്റെ കെട്ടഴിച്ച് ചുരുള്‍ നിവര്‍ത്തി വ്യാപാരി. തരംഗപരമ്പരകളില്‍ നിന്ന് വീനസ് ഉയര്‍ന്നതുപോലെ അതിനകത്ത് ഒളിച്ചിരുന്ന ക്ലീയപത്ര, അര്‍ദ്ധനഗ്നയായ ക്ലിയപത്ര, സീസറിന്റെ മുന്‍പില്‍ ഉയര്‍ന്നു നിന്നു. ഇരുപത്തിയൊന്നു വയസ്സു മാത്രമുള്ള ആ അതിസുന്ദരിയെക്കണ്ട് സീസറും മുറ്റള്ളവരും അദ്ഭുതപ്പെട്ടു. അന്നുരാത്രി തന്നെ ക്ലിയപത്ര സിസറിന്റെ പ്രിയതമയായി.

ബി.സി. 44-ല്‍ സീസര്‍ വധിക്കപ്പെട്ടു. മാര്‍ക് ആന്റണി റോമില്‍ അധികാരത്തില്‍ വന്നു. ക്ലിയപത്ര സിറിയയില്‍ എത്തിയ ആന്റണിയെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. അവള്‍ പ്രദാനം ചെയ്ത ആഹ്ലാദാനുഭൂതികളെ തള്ളിക്കളയാന്‍ ആന്റണിക്കു ശക്തിയില്ലായിരുന്നു. റോമില്‍ താല്‍ക്കാലികമായി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും ക്ലിയപത്രയുടെ സമീപത്തെത്തി. അവള്‍ അത്രയ്ക്കൊന്നും സുന്ദരിയായിരുന്നില്ല. പക്ഷേ രണ്ടു മഹാവ്യക്തികളുടെയും മുന്‍പില്‍ അവള്‍ അനുനിമിഷം മാറിക്കൊണ്ടിരുന്നു. വസ്ത്രവിശേഷങ്ങള്‍ ഓരോ നിമിഷത്തിലും മാറ്റി മാറ്റി ക്ലിയപത്ര ദേവതയെപ്പോലെ സീസറിന്റെയും ആന്റണിയുടെയും മുന്‍പില്‍ നിന്നു. അവളെ സ്വായത്തമാക്കാതെ രണ്ടുപേരും അവളുടെ അടിമകളായി. ഈ സിദ്ധിവിശേഷമുള്ള സ്ത്രീകളോടു ഗ്രന്ഥകാരന്‍ പറയുന്നു. “He cannot grow bored with you yet he cannot discard you. Keep up the distractions,and never let him see who you really are. He will follow you until he drowns.”

ലോകസുന്ദരിയായ മര്‍ലിന്‍ മന്‍റോ കുട്ടിക്കാലത്ത് അനാഥാലയങ്ങളില്‍ താമസിച്ചവളാണ്. ഒരു ദിവസം സ്ക്കൂളില്‍ പോകാനായി അവള്‍ ബ്ലൗസ് എടുത്തപ്പോള്‍ അതു കീറിയതായി കണ്ടു. പതിമ്മൂന്നു വയസ്സുള്ള മര്‍ലിന്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയുടെ സ്വെറ്റര്‍ വാങ്ങി ധരിച്ചുകൊണ്ട് വിദ്യാലയത്തിലേക്കു പോയി. ആണ്‍കുട്ടികള്‍ അവളെ വലയം ചെയ്തു. മര്‍ലിന്‍ പോകുന്നടിത്തൊക്കെ അവരും പോയി. പ്രായത്തില്‍ക്കവിഞ്ഞ വളര്‍ച്ചയുടെ അവളുടെ സ്വെറ്ററില്‍ ആണ്‍കുട്ടികള്‍ തുറിച്ചുനോക്കി. മര്‍ലിന്റെ നോട്ടമാണ് തങ്ങളെ തകര്‍ക്കുന്നതെന്ന് ആണ്‍കുട്ടികള്‍ പറഞ്ഞു. അവളുടെ മധുരശബ്ദമാണ് ആകര്‍ഷകമെന്നു വേറെ ചിലര്‍. അവളില്‍ നിന്നു പുറപ്പെടുന്ന സ്പന്ദങ്ങള്‍ തങ്ങളെ വീഴ്ത്തുന്നുവെന്ന് മറ്റു ചിലര്‍. മര്‍ലിന്റെ സിദ്ധികളോടുകൂടി സ്ത്രീകള്‍ ജനിക്കണമെന്നില്ല എന്ന് ഗ്രന്ഥകാരന്‍. നിഷ്കളങ്കതയുണ്ടായിരുന്നു മര്‍ലിന്. ഒരു ഭാഗം സെക്സിന്റെ നിലവിളി. വേറൊരു ഭാഗം ലജ്ജയുള്ള ശാലീനത. ഇതാണ് ഈ ലോകസുന്ദരിയെ ആരാധനാപാത്രമാക്കിയത്.

ഇറ്റലിയിലെ എഴുത്തുകാരന്‍ ദാനൂൻറ്റ്സ്യോ (D’Annuzio, 1863–1963) വലിയ വിരൂപനായിരുന്നു. പൊക്കമില്ലാത്തവന്‍. കറുത്ത ശരീരം തള്ളിനില്ക്കുന്ന കണ്ണുകള്‍. മറ്റു പുരുഷന്മാര്‍ ഭാര്യമാരെയും പെണ്‍മക്കളെയും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അനുമതി നല്കിയിരുന്നു. വൈരൂപ്യം കൊണ്ട് ഒരു സ്ത്രീയും അദ്ദേഹത്തെ ഇഷ്ടപ്പെടുമായിരുന്നില്ല. പക്ഷേ ദാനൂൻറ്റ്സ്യോയുടെ സാന്നിദ്ധ്യത്തില്‍ സ്ത്രീകള്‍ മാന്ത്രികവിദ്യായാലെന്നപോലെ അസ്തചേതനകളായി ഭവിക്കുമായിരുന്നു. വിശ്വപ്രസിദ്ധയായ നര്‍ത്തകി ഇസഡോറ ഡങ്കന്‍ അദ്ദേഹത്തിന്റെ മാന്ത്രികശക്തിക്ക് അടിമയായിപ്പോയി. അവര്‍ ആ മാജിക്കിനെക്കൂറിച്ചു പറയുന്നതു കേട്ടാലും: Perhaps the most remarkable lover of our time is Gabriele D’Annunzio. And this notwithstanding that he is small, bald, and except when his face lights up with enthusiasm, ugly. But when he speaks to a woman he likes, his face is transfigured so that he suddenly becomes Apollo…His effect on women is remarkable. The lady he is talking to suddenly feels that her very soul and being are lifted.

വശീകരണം ചിത്തവൃത്തികളെ സംബന്ധിക്കുന്നതാണെന്നു ഗ്രന്ഥകാരന്റെ അഭിപ്രായം. സ്ത്രീകള്‍ക്കു ദൗര്‍ബ്ബല്യമുണ്ടാക്കുന്നത് ഭാഷയാന്. ഫ്രഞ്ച് അഭിനയത്രി സീമോന്‍ പറഞ്ഞു: “How can one explain his conquests except by his verbal power and the musical timbre of his voice, put to the service of exceptional eloquence? For my sex is susceptible to words, bewitched by them, longing to be dominated by them”

സ്ത്രീവേട്ട നടത്തുന്ന ചിലരെ ഈ ഗ്രന്ഥകാരന്‍ rake എന്നാണ് വിളിക്കുക.വിഷയലമ്പടൻ എന്നു് rake എന്ന പദത്തെ തര്‍ജ്ജമ ചെയ്യാമെന്നു തോന്നുന്നു. പീകാസോ ആ വിധത്തിലൊരു വിഷയലമ്പടന്‍ ആയിരുന്നു. നൂറ്റുക്കണക്കിന് പീകാസോ സ്ത്രീകളെ പ്രാപിച്ചു. ഓരോ സ്ത്രീക്കും തോന്നി തന്നെ മാത്രമേ അദ്ദേഹം സ്നേഹിച്ചിരുന്നുള്ളുവെന്ന്. സ്ത്രീ തടസ്സം പറഞ്ഞാല്‍ ലമ്പടന് വല്ലായ്മയില്ല. വളരെക്കാലം വെപ്പാട്ടിയായിരുന്ന Francoise Gilot-നെ വശീകരിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ പീകാസോ അവളോട് അഭ്യര്‍ത്ഥിച്ചുപോലും തടസ്സം പറയാന്‍. സ്ത്രീയുടെ തടസ്സം വിഷയലമ്പടന്മാരുടെ ത്രുടനത്തെ (Thrill) വർദ്ധിപ്പിച്ചിരുന്നു. സ്ത്രീകൾക്കു വിഷയലമ്പടന്മാരെ വെറുപ്പില്ല. അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയും ബില്‍ ക്ലിന്റനും rakes എന്ന വിഭാഗത്തില്‍ പെടുന്നു. ബില്‍ ക്ലിന്റന്‍ വിഷയലമ്പടനെന്നു തെളിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സഹായത്തിനെത്തിയതു സ്ത്രീകളായിരുന്നു.

വിഷയലമ്പടന്മാരെപ്പോലെതന്നെ ഡാന്‍ഡികളും സമുദായത്തില്‍ മാലിന്യം കലര്‍ത്തുന്നു. അമിതമായ വേഷഭ്രമമുള്ളവരാന് ഡാന്‍ഡികള്‍. (dandy) അവരെ പച്ചക്കാമദേവന്മാരെന്ന് മലയാളത്തില്‍ വിളിക്കാം. ലോകപ്രസിദ്ധനായ ഒസ്കര്‍ വൈല്‍ഡ് ഡാന്‍ഡിയായിരുന്നു. ഉദ്ധതനാണ് ഡാന്‍ഡി (മര്യാദയില്ലാത്തവന്‍). ലണ്ടനിലെ ഒരു നാടകശാലയില്‍ വൈല്‍ഡിന്റെ ഒരു നാടകം അഭിനയിച്ചു. നാടകം വിജയകരമായിരുന്നതുകൊണ്ട് ഹര്‍ഷോന്മാദത്തില്‍ വീണ പ്രേക്ഷകര്‍ നാടകകര്‍ത്താവിനെ കാണണമെന്ന് പറഞ്ഞു ബഹളം കൂട്ടി. വളരെ നേരത്തേക്ക് അദ്ദേഹം വേദിയിലേക്കു വന്നില്ല. ഒടുവില്‍ പരമപുച്ഛത്തോടെ, സിഗററ്റ് വലിച്ചുകൊണ്ട് വൈല്‍ഡ് വന്നു. അദ്ദേഹം ആരാധകരെ നോക്കിപ്പറഞ്ഞു: “ഇവിടെ പുകവലിച്ചുകൊണ്ട് വന്നു നില്ക്കുന്നത് മര്യാദകേടാവാം. പക്ഷേ പുകവലിക്കുന്ന എന്നെ ഉപദ്രവിക്കുന്നത് അതിലും വലിയ മര്യാദകേടാണ്.”

ജൂത ധനികകുടുംബത്തെ റോറ്റ്ഷില്‍റ്റ് (Rothschild) എന്നു ജര്‍മ്മന്‍ ഭാഷയില്‍ വിളിക്കുന്നു. ആ കുടുംബത്തില്‍പ്പെട്ട ഒരുത്തന്‍ ഒരു സ്വര്‍ണ്ണനാണയം താഴെ വീഴ്ത്തി അറിയാതെ അയാള്‍ അതു നോക്കിയെടുക്കാന്‍ കുനിഞ്ഞു. അതുകണ്ട് ഡാന്‍ഡിയായ ഒരു പ്രഭു പോക്കറ്റില്‍ നിന്ന് ആയിരം ഫ്രാങ്കിന്റെ കറൻസി നോട്ട് വലിച്ചെടുത്തു ചുരുട്ടി മെഴുകുതിരിയെപ്പൊലെയാക്കി തീപ്പെട്ടി ഉരച്ചു കത്തിച്ചു സ്വര്‍ണ്ണനാണയം നോക്കിയെടുക്കാന്‍ ശ്രമിക്കുന്നവനെ ആ അന്വേഷണത്തില്‍ സഹായിക്കാന്‍ അയാള്‍ ആ ദീപം നീട്ടിപ്പിടിച്ചു. (നാണയത്തെക്കാള്‍ മൂല്യം കൂടിയതായിരുന്നു കറന്‍സിനോട്ട്) സ്ത്രീയെ ആക്രമിച്ച് കീഴടക്കാന്‍ വിഷയലമ്പടന്‍ ഔദ്ധത്യം കാണിക്കുന്നു. സമുദായത്തെ വെല്ലുവിളിക്കാനായിട്ടാണ് ഡാന്‍ഡി ഉദ്ധതനാവുന്നത്.

ദിങ്മാത്രദര്‍ശനം വിചാരിച്ചതിലധികം ദീര്‍ഘമായിപ്പോയി. കടലിലെ ഒരു തുള്ളി വെള്ളത്തില്‍ കടലിന്റെ ആകെയുള്ള ധര്‍മ്മങ്ങള്‍ കാണാമെന്ന് ജിബ്രാന്‍ പറഞ്ഞിട്ടുണ്ട്. മേല്ക്കാണിച്ച സംഭവവര്‍ണ്ണനകളില്‍ നിന്ന് ഗ്രന്ഥത്തിന്റെ സാമാന്യസ്വഭാവം ഗ്രഹിക്കാന്‍ കഴിയുമെന്നാണ് എന്റെ വിചാരം. വീണ്ടും പറയട്ടെ. Marvellous എന്ന വിശേഷണമാണ് ഇപ്പുസ്തകത്തിനു നല്കേണ്ടത് (The Art of Seduction, Robert Greene, Viking, Price U.S. $25.95, Indian $19.95- Pages 467).

*


തനിക്ക് അര്‍ഹതയില്ലാത്ത ജ്ഞാനപീഠം സമ്മാനം കരസ്ഥമാക്കിയ ഇന്ദിരാഗോസ്സ്വാമിയുടെ “The Shadow of Kamakhya” എന്ന കഥാസമാഹാരഗ്രന്ഥം ഞാന്‍ വായിച്ചിട്ടുണ്ട്. എല്ലാം ബഹിര്‍ഭാഗസ്ഥങ്ങളായ (Superficial) കഥകള്‍. അവയില്‍ ഉപരിതല റിയലിസം മാത്രമുള്ള “The Journey” എന്ന കഥ വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍ മലയാളത്തിളേക്കു തര്‍ജ്ജമ ചെയ്തിരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഇന്ദിര അസമിലെ ഭാഷയില്‍ എഴുതുന്നവരാണ്. കൃഷ്ണന്‍ നമ്പ്യാരുടെ ഫെയിമാകെ ഹിന്ദിഭാഷ കൈകാര്യം ചെയ്യുന്നതില്‍ മാത്രം. അദ്ദേഹത്തിന് ഇന്ദിരയുടെ മാതൃഭാഷ അറിഞ്ഞുകൂടെന്നാണ് എന്റെ വിചാരം. അതിനാല്‍ ഇംഗ്ലീഷ് തര്‍ജ്ജമയില്‍ നിന്നോ ഹിന്ദി തര്‍ജ്ജമയില്‍ നിന്നോ കൃഷ്ണന്‍ നമ്പ്യാര്‍ ഭാഷാന്തരീകരണം നിര്‍വഹിച്ചിരിക്കണം. ഏതുമാകട്ടെ. കൃഷ്ണന്‍ നമ്പ്യാരുടെ തര്‍ജ്ജമ വിലക്ഷ്ണമത്രേ. ഇന്ദിരയുടെ കഥ ആരംഭിക്കുന്നത്. “This area falls in the territory of the militants. It is entirely covered by thick forest.” ഈ ഇംഗ്ലീഷ് വാക്യങ്ങളോടെയാണ്. നമ്മുടെ തര്‍ജ്ജമക്കാരന്‍ ആ രണ്ടു വാക്യങ്ങളെയും ഉപേക്ഷിച്ചു കളഞ്ഞു. കഥയെസ്സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ആ വാക്യങ്ങളെ തര്‍ജ്ജമ ചെയ്യാതെ വിട്ടുകളഞ്ഞത് എന്തുകൊണ്ടാണാവോ!

ഇംഗ്ലീഷ് തര്‍ജ്ജമയിലെ പല വാക്യങ്ങളും കൃഷ്ണന്‍ നമ്പ്യാര്‍ വിട്ടുകളയുക മാത്രമല്ല, നേരിയ സൗന്ദര്യമുള്ള അംശങ്ങളെ വിരൂപമാക്കുകയും ചെയ്യുന്നു. ഉദാ: “I remembered the moon spotlight a huge owl that sat on a chatyan tree..” കൃഷ്ണന്‍ നമ്പ്യാരുടെ ഭാഷാന്തരീകരണാഭാസം: ഒരു മരത്തില്‍ മൂങ്ങ ഇരിക്കുന്നു. ചന്ദ്രികാവെളിച്ചം അതിന്മേല്‍ പതിയുന്നത് ഞാനോര്‍ത്തു. “The paddy fields were a riot of brilliant colours, flaunting gold” എന്ന് ഇംഗ്ലീഷ് വാക്യം. കൃഷ്ണന്‍ നമ്പ്യാര്‍ അതിനെ “മഞ്ഞ നിറത്തില്‍ നെല്‍വയലുകള്‍ കാണാമായിരുന്നു” എന്നാക്കി. “Every now and then Mirajakar would jump up, straining his ears for the sound of gun fire” എന്ന് ഇന്ദിര. ഭീകരന്മാര്‍ നിറഞ്ഞ ആ പ്രദേശത്തു അവര്‍ വെടിവയ്ക്കുന്നോ എന്ന മിറാജ്കറുടെ പേടി ആ വാക്യത്തിലുണ്ട്. കൃഷ്ണന്‍ നമ്പ്യാര്‍ അതിനെ “ക്കൂടെക്കൂടെ മിറാജ്കര്‍ ഞെട്ടിയുണരുമായിരുന്നു” എന്ന് തര്‍ജ്ജമ ചെയ്യുന്നു. കാറല്ലേ? കാറ്റടിച്ച് അയാളുടെ കണ്ണുകള്‍ ക്കൂടെക്കൂടെ തുറന്നുപോകും. അല്ലെങ്കില്‍ സീറ്റിലെ മൂട്ട കടിച്ചിട്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നുപോയതാവാം മിറാജ്കര്‍. അയാള്‍ ചന്തി ചൊറിഞ്ഞു എന്നുകൂടെ കൃഷ്ണന്‍ നമ്പ്യാര്‍ എന്തേ എഴുതിയില്ല.

സാഹിത്യകാരനും വായനക്കാരനും തമ്മില്‍ ഒരു മാനസികബന്ധം ഉണ്ടാവുകയും അതിന്റെ പേരില്‍ ഇന്റര്‍ആക്ഷന്‍ ജനിക്കുകയും ചെയ്താല്‍ പുസ്തകങ്ങള്‍ പല പതിപ്പുകള്‍ ഉണ്ടാകും. അവ ചവറാണെങ്കില്‍ വായനക്കാരന്‍ അത് അറിയില്ല

ഈ തര്‍ജ്ജമക്കാരന് ‘നേരെ ചൊവ്വേ’ മലയാളം എഴുതാനറിഞ്ഞുകൂടാ. “വേഗതയില്‍ പോകുകയായിരുന്നു” “ഇരുവശത്തും കുന്നുകള്‍ ഉണ്ടായിരുന്നു” “നെല്‍വയലുകള്‍ കാണാമായിരുന്നു” “മിറാജ്കര്‍ ഞെട്ടിയുണരുമായിരുന്നു” ഒരു ഖണ്ഡികയിലെ വാക്യങ്ങള്‍ ഇങ്ങനെ വൈചിത്ര്യമില്ലാതെ അവസാനിക്കുന്നു. കൃഷ്ണന്‍നമ്പ്യാര്‍ കഥകള്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യുന്നതിനുമുന്‍പ് എ.ആര്‍. രാജരാജവര്‍മ്മയുടെ “സാഹിത്യസാഹ്യ’വും കുട്ടികൃഷ്ണമാരാരുടെ ‘മലയാളശൈലി’യും വായിക്കണം. വീണ്ടും വീണ്ടും വായിച്ച് ഹൃദിസ്ഥമാക്കണം. വ്യാകരണം അനുമതി നല്കാത്ത വേഗത (വേഗം ശരി) കൂടെക്കൂടെ (കൂടക്കൂടെ) ഈ പ്രയോഗങ്ങളും മറ്റനേകം വിലക്ഷണപ്രയോഗങ്ങളും കൃഷ്ണന്‍നമ്പ്യാരുടെ ഭാഷാന്തരീകരണത്തില്‍ കാണാം. അപ്പോള്‍ തികച്ചും നിഷ്പ്രയോജനമോ ഈ തര്‍ജ്ജമ? അതേ എന്നു ഞാന്‍ പറയുകയില്ല. തര്‍ജ്ജമ പരസ്യപ്പെടുത്തിയ വാരിക ഇന്ദിരോഗോസ്സ്വാമിക്കു അയച്ചു കൊടുക്കാം കൃഷ്ണന്‍ നമ്പ്യാര്‍ക്ക്. സൗഹൃദം സ്ഥാപിക്കാം. ഭാഗ്യം കൊണ്ട് ഇന്ദിരയ്ക്കു മലയാളം അറിഞ്ഞുകൂടാ. അറിയാമെങ്കില്‍ അവര്‍ ദില്ലിയിലെ എതെങ്കിലും കോടതിയില്‍ കെയ്സ് കൊടുക്കുമായിരുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png “തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നിന്ന് എന്തെങ്കിലും രുചിയായി കഴിക്കാനൊക്കുമോ?”

“തിരുവനന്തപുരത്തെ ഹോട്ടലുകള്‍ അത്ര മോശമല്ല. ആ സത്യം അറിയണമെങ്കില്‍ മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ പോകണം. പറ്റിക്കലാണ് അവരുടെ ജോലി. ഒരിക്കല്‍ ഞാന്‍ ബന്ധുക്കളോടൊപ്പം ഭിലായി എന്ന സ്ഥലത്തേക്കു പോകുകയായിരുന്നു. നാഗപ്പൂരില്‍ ചെന്നപ്പോള്‍ ഭക്ഷണമാകാം എന്നു കരുതി സാമാന്യം നല്ല നിലയില്‍ നടത്തുന്ന ഹോട്ടലില്‍ കയറി. ഞാന്‍ മത്സ്യമാംസങ്ങള്‍ വര്‍ജ്ജിക്കുന്നവനാണ്. എന്റെ കൂടെയുള്ളവര്‍ ചിക്കന്‍ ബിരിയാണി കൊണ്ടുവരാന്‍ പറഞ്ഞു. അതു എല്ലാവര്‍ക്കും കിട്ടി. പക്ഷേ ഒന്നിലും ചിക്കനില്ല. Where is the chicken? എന്നു ചോദിച്ചുകൊണ്ട് ഒരു ബന്ധു പ്ലെയ്റ്റ് തട്ടിയെറിഞ്ഞു. തിരിച്ചു വന്നപ്പോള്‍ മറ്റൊരു ഹോട്ടലില്‍ നിന്നു ആഹാരം കഴിച്ചു. അപ്പോഴും ചിക്കന്‍ ബിരിയാണിയില്‍ ചിക്കനില്ല. നാഗപ്പൂരിലെ ഹോട്ടലുകലില്‍ നിന്ന് ആരും ആഹാരം കഴിക്കരുത്. ഈ പട്ടണത്തോട് തട്ടിച്ചുനോക്കിയാല്‍ തിരുവനന്തപുരം എത്ര ഭേദം”

Symbol question.svg.png “അന്തസ്സും അഭിമാനവുമുള്ള ഒരു സാഹിത്യകാരന്‍ കേരളത്തിലുണ്ടോ?

“ഉണ്ടായിരുന്നു. കൈനിക്കര കുമാരപിള്ള. അദ്ദേഹം പരാതി പറയുകയില്ല. പ്രതിയോഗി എന്നു കരുതാന്‍ ഒരു സാഹിത്യകാരനും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ അദ്ദേഹം അയാളെ അവഹേളിക്കുകില്ല. അല്പന്മാരാണ് മറ്റൂള്ളവരെ വിളിച്ച് തെറി പറയുന്നത്. Intellectual stature, moral stature ഇവ വേണം കവികള്‍ക്കു. ‘എന്നെക്കൂറിച്ച് സാനു അതു പറഞ്ഞു. സുകുമാരന്‍ ഇതു പറഞ്ഞു എന്നു പരാതിപ്പെടുന്ന ആള്‍ നല്ല കവിയായാല്‍ എന്ത്? നല്ല കവിയല്ലെങ്കിലെന്ത്? (സുകുമാര്‍ അഴിക്കോടിനെ സുകുമാരന്‍ ആക്കുന്നതു തന്നെ മാന്യതയുള്ള പ്രവൃത്തിയല്ല)”

Symbol question.svg.png “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത എന്നതിനുപകരം സാഹിത്യത്തെസ്സംബന്ധിച്ച് നിങ്ങള്‍ എന്തു പറയും?

“എഴുന്നേല്ക്ക്. വായനക്കാരെ പീഡിപ്പിക്കുന്ന നവീന സാഹിത്യകാരന്മാരുടെ അന്ത്യം അടുത്തു. ഉത്കൃഷ്ട സാഹിത്യം രചിച്ചു തുടങ്ങൂ”

Symbol question.svg.png “സ്റ്റാലിന്‍ എന്ന സ്വേച്ഛാധിപതിയെ നിങ്ങള്‍ അംഗീകരിക്കുന്നോ?””

സ്റ്റാലിനെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്. അധികാരമൂള്ളവരെല്ലാം സ്വേച്ഛാധിപതികളാണ്. ഹിറ്റ്ലര്‍ തന്റേതായ മണ്ഡലത്തില്‍ സ്വേച്ഛാധികാരിയായിരുന്നതുപോലെ ചര്‍ച്ചിലും സ്വേച്ഛാധികാരിയായിരുന്നു. അനര്‍ഹന്മാര്‍ക്ക് എവോര്‍ഡ് കൊടുക്കുന്ന ആളുകള്‍ തങ്ങളുടെ മണ്ഡലത്തില്‍ രാജാധിരാജന്മാരായി വര്‍ത്തിക്കുകയില്ലേ? അധികാരവൃത്തത്തിന്റെ പരിധി കുറഞ്ഞുകുറഞ്ഞു വരട്ടെ. അതിനകത്തുള്ളവര്‍ സ്വേച്ഛാധിപതികളായി മാറുന്നത് കാണാം. എന്നും വൈകിട്ട് ഓഫീസില്‍ നിന്നുവന്നു ഭാര്യയോട് തട്ടിക്കയറുന്നവന്‍. കുഞ്ഞുങ്ങളെ വലിച്ചിട്ടു തല്ലുന്നവന്‍ ‘നാളെ വരൂ. ഫയല്‍ നോക്കട്ടെ’ എന്ന് അപേക്ഷകനോടു പരുഷമായി പറയുന്ന ഉദ്യോഗസ്ഥന്‍ ഇവരൊക്കെ ചെറിയ ചെറിയ സ്റ്റാലിന്മാരല്ലേ? ‘നീങ്ങി നില്ക്ക’ എന്നു യാത്രക്കാരനോടു പറയുന്ന ബ്വസ് കണ്ടക്ടര്‍ റഷയില്‍ സമുന്നത സ്ഥാനത്തെത്തിയാല്‍ സ്റ്റാലിനെക്കാല്‍ ക്രൂരത കാണിക്കും.”

Symbol question.svg.png “ഭര്‍ത്താവിനെയല്ലാതെ മറ്റു പുരുഷന്മാരുടെ മുഖത്തു നോക്കാതെ സ്ത്രീ ചാരിത്രശാലിനിയല്ലേ?

“അവളെ ഉടന്‍തന്നെ ഊളമ്പാറയിലേക്കു കൊണ്ടു പോകണം. ഭ്രാന്തിന്റെ ആരംഭമാണത്”

ഒരാളേയുള്ളു രചനകളിലും സംഭാഷണത്തിലും ഹാസ്യം കലര്‍ത്തുന്നതായി. അദ്ദേഹമാണ് ഇ.വി. കൃഷ്ണപിള്ള. ഇ.വി.യുടെ മകന്‍ അടൂര്‍ ഭാസിയും അങ്ങനെതന്നെ”

പല കാര്യങ്ങള്‍

  • എന്റെ ഒരു സ്നേഹിതന് പ്രായം എന്നോടൊപ്പമുണ്ടായിരുന്നെങ്കിലും മനസ്സിന് പരിപാകം കുറവായിരുന്നു. അയാള്‍ ഒരു വട്ടക്കണ്ണാടി ട്രൗസേഴ്സിന്റെ പോക്കറ്റിലിട്ടു നടക്കും. ഏതെങ്കിലും പെണ്ണ് സ്നേഹിതന്റെ കൗതുകമുണര്‍ത്തിയാല്‍ അയാള്‍ അതെടുത്ത് സൂര്യന്റെ പ്രതിഫലനം അവളുടെ മുഖത്തു പതിപ്പിക്കും. അനുഭവമുള്ളവര്‍ക്കറിയാം സൂര്യന്റെ നേര്‍ക്കു നോക്കുന്നതിനെക്കാള്‍ ദുസ്സഹമാണ് പ്രതിഫലനം മുഖത്തു വന്നു വീഴുന്നതെന്ന്. കുട്ടിക്കൃഷ്ണമാരാര്‍ കാളിദാസന്റെ കൃതികള്‍ക്കു വ്യാഖ്യാനങ്ങള്‍ എഴുതിയപ്പോള്‍ ഈ സൗന്ദര്യവിവേചനത്തിന്റെ വട്ടക്കണ്ണാടിയെടുത്ത് ഓരോ ശ്ലോകത്തിലും വീഴ്ത്തിയിരുന്നു. എന്നിട്ട് ദയാശൂന്യമായി ‘ഇവിടെ ഒരു പ്രക്ഷിപ്തശ്ലോകം. ഇത് അനുചിതം, ഇതില്‍ അനുകരണച്ഛായ’ എന്നു പറഞ്ഞ് പലതും തള്ളിക്കളഞ്ഞു. കുട്ടിക്കൃഷ്ണമാരാരുടെ ഈ പ്രവൃത്തി ഔചിത്യമില്ലായ്മയാണെന്ന് എനിക്കു തോന്നി. അതിനാല്‍ യൂണിവേഴ്സിറ്റിക്കോളേജിലെ സംസ്കൃതം പ്രഫെസര്‍ നാരായണക്കുറുപ്പിനോട് ഞാന്‍ ഇതിന്റെ സാധൂതയെക്കൂറിച്ചു ചോദിച്ചു. കുറുപ്പ് സാര്‍ ലേശം ദേഷ്യത്തോടെ പറഞ്ഞു: “കാളിദാസന്‍ എപ്പോഴും കവിയുടെ സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരുന്നെന്നാണ് കുട്ടികൃഷ്ണമാരാരുടെ വിചാരം. മഹാകവി കക്കൂസിലും പോയിരുന്നുവെന്ന് മാരാര്‍ക്കു അറിഞ്ഞുകൂടാ. കലാഭംഗി അല്പം കുറഞ്ഞതോ മുന്‍പെഴുതിയ ശ്ലോകത്തിന്റെ അനുകരണമോ ആയ ശ്ലോകത്തിന്റെ രചന കാളിദാസന്റെ, കക്കൂസിലേക്കുള്ള പോക്കിന് സദൃശമാണ്. ആവശ്യകതയുണ്ടാകുമ്പോള്‍ കാളിദാസന്‍ സിംഹാസനത്തില്‍ നിന്നിറങ്ങി മറപ്പുരയിലേക്കു പോകും. ഇതു കുട്ടികൃഷ്ണമാരാര്‍ ആലോചിച്ചില്ല.” ശരിയാണ് നാരായണക്കൂറുപ്പ് പറഞ്ഞത്. എത്രയെത്ര ശ്ലോകങ്ങളാണ് കുട്ടികൃഷ്ണമാരാര്‍ പ്രക്ഷിപ്തങ്ങളെന്നു പറഞ്ഞ് തള്ളിക്കളഞ്ഞത്?
  • സംഭാഷണത്തില്‍ ഹാസ്യോക്തികള്‍ എന്‍. ഗോപാലപിള്ളയില്‍ നിന്ന് അനവരതം ഉണ്ടാകും. പക്ഷേ അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ വിരസങ്ങളാണ്. ആരെങ്കിലും ഇന്ന് ഗോപാലപിള്ളയെക്കൂറിച്ചു എന്നോടു ചോദിച്ചാല്‍ ‘ഞാന്‍ അദ്ദേഹം വര്‍ത്തമാനത്തില്‍ നേരമ്പോക്ക് കലര്‍ത്തുന്നത് ആയിരമായിരം തവണ കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല’ എന്നാവും മറുപടി നല്കുക. (ഞാന്‍ എല്ലാപ്പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. അവ മുഷിപ്പനായതുകൊണ്ട് അതു പറയുകയില്ല) ഒരാളേയുള്ളു രചനകളിലും സംഭാഷണത്തിലും ഹാസ്യം കലര്‍ത്തുന്നതായി. അദ്ദേഹമാണ് ഈ.വി. കൃഷ്ണപിള്ള. ഈ.വി.യുടെ മകന്‍ അടൂര്‍ ഭാസിയും അങ്ങനെതന്നെ. ഒരിക്കല്‍ അടൂര്‍ ഭാസിയോടൊരുമിച്ച് ഞാന്‍ നാഗര്‍കോവിലിലെ ഒരു കോളേജില്‍ പ്രസംഗിക്കാന്‍ പോയി. നേരമ്പോക്കുകള്‍ പറഞ്ഞ് അദ്ദേഹം എന്നെ തിരുവനന്തപുരം തൊട്ട് നാഗര്‍കോവില്‍ വരെ ചിരിപ്പിച്ചു. കോളേജിലെ മീറ്റിങ്ങ് തുടങ്ങി. സ്വാഗതമാശംസിക്കുന്നവന്‍ തമിഴന്‍ പയ്യന്‍ ‘പോലും’ എന്നതിന്റെ അര്‍ഥം ‘ആകുന്നു’ എന്നു ധരിച്ചുവച്ച മണ്ടന്‍. അയാള്‍ തമിഴിന്റെ ചുവയുള്ള മലയാളത്തില്‍ സ്വാഗതപ്രഭാഷനം നടത്തി. ചില വാക്യങ്ങള്‍: “ഇന്നു നമ്മുടെ ഭാഗ്യമാണുപോലും. മലയാളസമാജത്തിന്റെ ഉദ്ഘാടനമാണുപോലും. ത്യാഗങ്ങള്‍ ചെയ്ത രണ്ടുപേര്‍ -കൃഷ്ണന്‍നായരും അടൂര്‍ ഭാസിയും- ഇവിടെ എത്തിയിരിക്കുന്നുപോലും. കൃഷ്ണന്‍നായര്‍ സംസ്കൃത കോളേജിലെ ലക്ചറര്‍ ആണുപോലും. അടുത്ത സ്പീക്കറെ -അടൂര്‍ ഭാസിയെ- നിങ്ങള്‍ക്കെല്ലാം അറിയാം പോലും. അദ്ദേഹം ഇ. വി. കൃഷ്ണപിള്ളയുടെ മകനാണു് പോലും.” കൂവലും കരഘോഷവും. അടൂര്‍ ഭാസിയാണ് ആ വാക്യം കേട്ട് കൂടുതല്‍ ചിരിച്ചത്. നല്ലയാളുകല്‍ക്കേ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചിരിക്കാനാവൂ.
  • ക്ഷോഭമുണ്ടാകുമ്പോള്‍ പ്രായം കൂടിയവര്‍ പലതും പറയും. അതനുസരിച്ച് നമ്മള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. തെറ്റുകാണിച്ചവനെ ലക്ഷ്യമാക്കി ‘അടിക്കവനെ’ എന്നു ഗൃഹനായകന്‍ ആജ്ഞാപിച്ചാല്‍ നമ്മള്‍ അവനെ അടിക്കാറില്ല. സര്‍. സി.പി. രാമസ്സ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരിക്കുമ്പോള്‍ ഒരുത്തന്‍ അദ്ദേഹത്തിന് ഒരു കത്തയച്ചു. അയാളെപ്പോലുള്ളവര്‍ക്കു സര്‍ക്കാര്‍ ജോലി കൊടുക്കുന്നില്ലെന്നു കാണിച്ച്. കത്തിന്റെ രീതി പ്രതിഷേധാര്‍ഹമായിരുന്നു. സി.പിക്കു ദേഷ്യം വന്ന് ആ കത്തില്‍ എഴുതിയത് ഇങ്ങനെ:Because of the tone of the letter he is unfitted for any appointment in government service. ദിവാന്റെ ഓര്‍ഡര്‍ അപേക്ഷകനെ അറിയിക്കുന്ന കത്ത് ഡ്രാഫ്റ്റ് ചെയ്തത് ഞാനാണ്. “On account of the objectionable tone of the letter you are unfitted for any appointment in govt service” എന്നു ഞാനെഴുതിക്കൊണ്ടുചെന്ന അസിസ്റ്റന്റ് സെക്രട്ടറി എം. സി. തോമസിന്റെ മുന്‍പില്‍. അദ്ദേഹം എന്നോടു പറഞ്ഞു: “ദിവാന്‍ ദേഷ്യത്തില്‍ എഴുതിയത് അങ്ങനെ. നമ്മള്‍ അതു ഈ രീതിയില്‍ കമ്മ്യൂനിക്കെയ്റ്റ് ചെയ്യാന്‍ പാടില്ല” “നിങ്ങളെ ഏതു ജോലിക്കും അയോഗ്യനാക്കാന്‍ പോന്നതാണ്. കത്തിന്റെ റ്റോണ്‍” എന്നാക്കി എം.സി. തോമസ്.
എന്റെ ഒരു അധ്യാപകന് അടങ്ങാത്ത ‘ആര്‍ത്തി’യായിരുന്നു, ജോലിയില്‍ ഉയരാന്‍. ഏതു ജോലിയൊഴിവു വന്നാലും തനിക്കതിനു് അര്‍ഹതയുണ്ടോ എന്നു ആലോചിക്കാതെ അദ്ദേഹം അതിനു അപേക്ഷിക്കും. ഒരിക്കല്‍ സെക്രട്ടറി സ്ഥാനം ഒഴിവായി ആരെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ സാറ് അപേക്ഷയുമായിച്ചെന്നു ഭക്തിവിലാസത്ത് (ഭക്തിവിലാസം-ദിവാന്റെ ഭവനം). ദിവാന്‍ ഹബീബുള്ളയെ അപേക്ഷകൾ കൊണ്ട് കഷ്ടപ്പെടുത്തിയിരുന്നു സാര്‍. അദ്ദേഹം ആ അപേക്ഷയില്‍ എഴുതി: “Tell Mr. Narayanan Nair that I am relinquishing my job. Let him apply for it.” ഞാന്‍ ആ പഴയ ഫയല്‍ ആകെ നോക്കി. സാറിനെ അതറിയിക്കുന്ന കത്തിന്റെ ഡ്രാഫ്റ്റ് കണ്ടില്ല. ഹബീബുള്ള ക്ഷോഭിച്ച് നല്കിയ ഓര്‍ഡര്‍ കമ്മ്യൂനിക്കെയ്റ്റ് ചെയ്യേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്മാര്‍ തീരുമാനിച്ചിരിക്കണം.
  • പുസ്തകങ്ങള്‍ പല പതിപ്പുകള്‍ ഉണ്ടാകുമ്പോള്‍ കവിയും നോവലിസ്റ്റും നിരൂപകനും വിചാരിക്കും തങ്ങളുടെ മേന്മകൊണ്ടാണ് അവ കൂടെക്കൂടെ അച്ചടിക്കേണ്ടിവരുന്നതെന്ന്. ഡോക്ടറുടെ വീട്ടുമുറ്റത്ത് രോഗികളുടെ കൂട്ടം. മണ്ണ് നുള്ളിയെടുത്തു മുകളിലിട്ടാല്‍ അതു താഴെ വീഴില്ല. അതുകണ്ടു ഡോക്ടര്‍ വിചാരിക്കും തന്റെ പ്രാഗല്ഭ്യം കൊണ്ടാണ് രോഗികള്‍ അത്രയും കൂടുന്നതെന്ന്. രണ്ടു വിചാരങ്ങളും തെറ്റ്. സാഹിത്യകാരനും വായനക്കാരനും തമ്മില്‍ ഒരു മാനസികബന്ധം ഉണ്ടാവുകയും അതിന്റെ പേരില്‍ ഇന്റര്‍ആക്ഷന്‍ ജനിക്കുകയും ചെയ്താല്‍ പുസ്തകങ്ങള്‍ പല പതിപ്പുകള്‍ ഉണ്ടാകും. അവ ചവറാണെങ്കില്‍ വായനക്കാരന്‍ അത് അറിയില്ല. ഡോക്ടറുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇന്റര്‍ആക്ഷന്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഡോക്ടര്‍ കൊടുക്കുന്ന ഏതു മരുന്നും രോഗി കഴിക്കും. ജോയ്സിന്റെ ‘യൂലീസീസ് എന്ന നോവല്‍ അന്യൂനമായ കലാശില്പമാണ്. പക്ഷേ അതിന്റെ ആദ്യത്തെ പതിപ്പ് നൂറു കോപ്പികളോളം തന്നെ ചെലവായില്ല.