close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 12 26


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 12 26
മുൻലക്കം 1997 12 19
പിൻലക്കം 1998 01 02
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചോദ്യം, ഉത്തരം

Symbol question.svg.png എന്റെ ഗ്രാമത്തിൽ ഒരു യുവതി എല്ലാ പുരുഷന്മാരോടും ഒരേ രീതിയിൽ ശൃംഗരിക്കുന്നു. അവർക്ക് ആരോടാണ് സ്നേഹമെന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ?

Symbol question.svg.png ഏതു ദിക്കിൽ നിന്നു കാറ്റടിച്ചാലും നിലവിളക്കിലെ ചേതോഹരമായ ദീപം ചാഞ്ഞും ചരിഞ്ഞും നിന്നു കൊടുക്കും. അതിന് ഏതു കാറ്റിനോടാണു സ്നേഹമെന്നു നിർണ്ണയിക്കുന്നത് എങ്ങനെ?

Symbol question.svg.png ഇന്നലെ ഞാൻ കടപ്പുറത്തു നിൽക്കുമ്പോൾ ഒരു പറ്റം പക്ഷികൾ ചക്രവാളത്തിലേക്കു പറക്കുന്നതു കണ്ടു. അവ ചക്രവാളത്തിലേക്കാണോ പോയത്?

ഭൂമിയെയും അന്തരീക്ഷത്തെയും വേർതിരിക്കുന്ന മിഥ്യയായ രേഖയോ വൃത്തമോ ആണു ചക്രവാളം. കുതികാൽവെട്ടുകാരും കൈക്കൂലിക്കാരും ബലാത്‌സംഗക്കാരും പെൺവാണിഭക്കാരും ജനദ്രോഹികളും നിറഞ്ഞ ഇന്ത്യയിൽ നിന്ന് അവർ രക്ഷപ്പെടുകയായിരുന്നു മിഥ്യാമണ്ഡലത്തിലേക്ക്. ‘ഞങ്ങൾ പോകുന്നു’ എന്നും അവ പറഞ്ഞിരിക്കും. നിങ്ങൾ കേട്ടില്ലന്നേയുള്ളൂ.

Symbol question.svg.png ദാമ്പത്യജീവിതത്തിന്റെ തകർച്ചയ്ക്കു കാരണം?

തന്റെ ജീവിതം പോലെയായിരിക്കണം ഭാര്യയുടെ ജീവിതമെന്നു ഭർത്താവു പ്രത്യക്ഷമായും പരോക്ഷമായും പറയുന്നു. ഭാര്യക്ക് അവളുടെ ജീവിതം നയിക്കാനേ കഴിയൂ. സംഘട്ടനം അതിന്റെ പേരിലുണ്ടാകുന്നു.

Symbol question.svg.png പൂന്തോട്ടത്തിലാകെ വിരിഞ്ഞ പൂക്കൾ. അവ കണ്ടിട്ടും ഞാൻ സന്തോഷിക്കുന്നില്ല. എന്താവാം ഹേതു?

താങ്കളുടെ മനസ്സിലാകെ സ്നേഹത്തിന്റെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അവയെ നോക്കുന്ന താങ്കൾക്ക് ഉദ്യാനത്തിലെ പൂക്കളെ നോക്കാൻ നേരമെവിടെ?

Symbol question.svg.png നല്ല തർജ്ജമക്കാരൻ ആര്. കേരളവർമ്മയോ ഏ. ആർ രാജരാജവർമ്മയോ?

ഏ. ആർ. രാജരാജവർമ്മ. ‘തീരകല്പകതരുക്കൾ പൊഴിക്കും പൂ നിരണതിരമാലകൾ തോറും’ എന്ന തർജ്ജമ നോക്കൂ. എന്തു ഭംഗി!

Symbol question.svg.png എന്റെ ഭാര്യക്ക് എന്നെക്കുറിച്ചു നല്ല അഭിപ്രായമുണ്ടാകാൻ ഞാനെന്തു ചെയ്യണം?

ഭാര്യ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേൾക്കുന്നുവെന്ന് ഭാവിക്കണം. ഭാവിച്ചാൽ മതി. അവർ പറയുന്നതൊന്നും കേൾക്കണമെന്നില്ല. ഭാര്യ വാതോരാതെ സംസാരിക്കുമ്പോൾ ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ ഇല്ലാതാക്കിയതിനെക്കുറിച്ചോ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ചോ നിങ്ങൾ വിചാരിച്ചു കൊണ്ടിരിക്കൂ. അവർ അത് അറിയുകയില്ല. ‘എന്റെ ഭർത്താവ് യോഗ്യൻ’ എന്നു സങ്കൽപിച്ച് അവർ സന്തോഷത്തോടെ പോകും അടുക്കളയിലേക്ക്.

Symbol question.svg.png കാമുകിയെ സന്തോഷിപ്പിക്കാൻ കൊച്ചു കൊച്ചു സമ്മാനങ്ങൾ കൊടുക്കണോ അതോ പത്തുപവന്റെ മാല വാങ്ങികൊടുക്കണോ?

എലിയെപ്പിടിക്കാൻ എലിപ്പത്തായത്തിൽ (കെണിയിൽ) ഒരു കഷ്ണം മരച്ചീനി വച്ചാൽ മതിയല്ലോ. ജിലേബി വയ്ക്കണമെന്നില്ല.

മീശരോമങ്ങൾ പിഴുതെടുക്കുന്നു

രാജാവിന്റെ പേരറിയാമെങ്കിലും ഞാനതു എഴുതുന്നില്ല. അദ്ദേഹത്തിനു നാട്ടുരാജ്യത്തിലെ ഉദ്യോഗസ്ഥപ്രമുഖനായ ബ്രിട്ടീഷുകാരന്റെ ഭാര്യയുമായി രഹസ്യവേഴ്ച. സായ്‌പ് ഇല്ലാതിരുന്ന സമയം നോക്കി രാജാവ് അയാളുടെ വീട്ടിലെത്തി മദാമ്മയുമായി രതികേളിയിൽ ഏർപ്പെട്ടു. ഭാര്യയെ നേരത്തെ സംശയിച്ചിരുന്ന സായ്‌പ് പൊടുന്നനെ വീട്ടിലെത്തി. ഭർത്താവ് വന്നതറിഞ്ഞ് മദാമ്മ രാജാവിനോട് പറഞ്ഞു രണ്ടു കോണിപ്പടികളിൽ ഒന്നിലൂടെ ഇറങ്ങി താഴത്തേയ്ക്കു പൊയ്ക്കൊള്ളാൻ. മറ്റേ കോണിപ്പടിയിലൂടെയാണ് സായിപ്പ് മുകളിലേക്കു വരുന്നതെന്ന് മദാമ്മ സ്ത്രീസഹജമായ സഹജാവബോധം കൊണ്ടു മനസ്സിലാക്കിയിരുന്നു. ചാടിക്കുതിച്ചു മുകളിലെത്തിയ സായ്‌പ് വേഗത്തിൽ രണ്ടാമത്തെ കോണിപ്പടിയുടെ മുകളിൽച്ചെന്ന് താഴത്തേക്ക് നോക്കി. രാജാവ് മെല്ലെ ഇറങ്ങുകയായിരുന്നു. തിരിച്ച് മേശയുടെ അടുക്കലെത്തിയ സായ്പിന് റിവോൾവർ കിട്ടിയില്ല. കിട്ടിയത് ഒരു തടിയൻ റൂൾത്തടി മാത്രം. അതെടുത്തുകൊണ്ട് വന്ന് രാജാവിന്റെ മുതുകിലേക്കു ഒരേറ്. അദ്ദേഹം നട്ടെല്ലിന് ക്ഷതമേറ്റ് താഴെ വീണു. രാജാവ് വീണതുകണ്ട കുതിരവണ്ടിക്കാരൻ (അന്നു കാറില്ലായിരുന്നു) അദ്ദേഹത്തെ വാരിക്കോരിയെടുത്ത് വണ്ടിയിലാക്കി ഓടിച്ചുപോയി. സായ്‌പ് മദാമ്മയെ എടുത്തു രണ്ടാമത്തെ നിലയിൽ നിന്നും ജന്നലിലൂടെ താഴത്തേക്ക് എറിഞ്ഞു. നട്ടെല്ല് തകർന്ന രാജാവ് ഡോക്ടറെ വിളിക്കുകയല്ല ആദ്യം ചെയ്തത്. പൂച്ചമല്ലൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു റൗഡിയെ വിളിച്ചു നിർദ്ദേശങ്ങൾ കൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമകൃത്യം. രാജാവ് കല്‌പിച്ചതിങ്ങനെ: എടാ മല്ലാ. എല്ലാ ഞായറാഴ്ചയും… സായ്‌പ് കടപ്പുറത്തു കാറ്റു കൊള്ളാൻ വരും. നീ കൂട്ടുകാരുമായി ചെന്ന് അയാളെപ്പിടിച്ച് മീശരോമങ്ങൾ ഓരോന്നായി പിഴുതെടുക്കണം. എല്ലാം പിഴുതു കഴിയുമ്പോൾ ഞാൻ അവിടെ കുതിരവണ്ടിയിൽ വരും. സായ്‌പിന്റെ വശം ചേർന്ന് ഞാൻ നിങ്ങളെ അറസ്‌റ്റ് ചെയ്യിക്കും. പിന്നീട് ഞാൻ നിന്നെയും കൂട്ടുകാരനെയും മോചിപ്പിച്ച് പാരിതോഷികങ്ങൾ തരും. ‘കല്‌പന പോലെ’ എന്നു പറഞ്ഞു മല്ലൻ പോയി.

ഏതോ ഒരു ഞായറഴ്ച. പൂച്ച മല്ലനും കൂട്ടുകാരും സായ്‌പിന്റെ മീശരോമങ്ങൾ ഓരോന്നായി പിഴുതെടുക്കുകയാണ്. സായ്‌പിന്റെ മുഖമാകെ രക്‌തം. അയാളുടെ നിലവിളി അതിദയനീയം. പൊടുന്നനേ രാജാവ് പൊലീസുകാരുമായി അവിടെയെത്തി. “ഈ ദുഷ്ടന്മാരെ അറസ്റ്റു ചെയ്യൂ” എന്നു കല്‌പനയായി. സായ്‌പിനെ അദ്ദേഹം തന്നെ വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. പൂച്ചമല്ലനും കൂട്ടുകാർക്കും പവൻ വാരിക്കൊടുത്തു രാജാവ്. സായ്‌പ് ഇംഗ്ലണ്ടിലേക്കു കെട്ടുകെട്ടുകയും ചെയ്തു. ഇത് ഒരു റ്റോർച്ചറിന്റെ-കഠോരമർദ്ദനത്തിന്റെ- കഥ. കഥയെന്നു പറഞ്ഞെങ്കിലും യഥാർത്ഥ സംഭവം. ഈശ്വരനിന്ദയ്ക്കു നാക്കു മുറിക്കൽ. വ്യഭിചാരത്തിനു സ്തനം മുറിക്കൽ അവയൊക്കെ പണ്ടു ഇന്ത്യയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലയളവിൽത്തന്നെ ഉണ്ടായിരുന്നു. 1814-ൽ ബറോഡയിൽ ഒരടിമക്കുറ്റവാളിയെ ആനയെക്കൊണ്ടു ചവിട്ടിക്കൊല്ലിച്ചു. ഇവയ്ക്കൊക്കെ സദൃശമാണ് എന്റെ സുഹൃത്തായ ശ്രീ. കെ. രഘുനാഥന്റെ ‘അല്‌പം നീണ്ട വാലുള്ള കഥ’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്നു ഞാനെഴുതിയാൽ അത് അത്യുക്തിയായേ വായനക്കാർക്കു തോന്നൂ. അതിനാൽ അങ്ങനെ എഴുതുന്നില്ല. വീരപ്പനെയും കരുണാനിധിയെയും മറ്റും കഥാപാത്രങ്ങളാക്കിക്കൊണ്ട് പരിഹാസ്ചഛായയിൽ രചിക്കപ്പെട്ട ഇക്കഥ ഒരു തരത്തിലുള്ള റ്റോർച്ചർ തന്നെയാണ്. എനിക്കു മീശയില്ലെങ്കിലും പൂച്ചമല്ലൻ ഓരോ രോമവും പിഴുതെടുക്കുന്നതു പോലെ തീവ്രവേദന. പ്രിയപ്പെട്ട വായനക്കാരേ എന്റെ മൂക്കിന്റെ താഴത്തേക്കു നോക്കൂ. ചോര ഒഴുകുന്നതു നിങ്ങൾക്കു കണ്ടുകൂടേ?

പുതിയ പുസ്തകം

വള്ളത്തോൾക്കവിത എന്ന പൂർണ്ണചന്ദ്രൻ നേർത്ത ചന്ദ്രക്കലയായിമാറി അസ്തമയത്തിൽ ചെന്നപ്പോൾ ഞാൻ ദു:ഖിച്ചു. ആ വിഷാദമാണ് ഇന്നത്തെ കവിത കാണുമ്പോഴും എനിക്കുണ്ടാവുക

ഏറിയകൂറും നവീനമായ പാശ്ചാത്യ സംസ്കാരത്തെ അപഗ്രഥിക്കുന്ന മുപ്പതിയൊന്നു പ്രബന്ധങ്ങളുണ്ട് “Studying Culture” എന്ന ഗ്രന്ഥത്തിൽ. (Arnold Publications Edited by Ann Gray and Jim Mc Guigan - Pages-368-£14=99). സാംഗത്യമുള്ള രണ്ടു പ്രബന്ധങ്ങളെക്കുറിച്ചു എഴുതാനേ സ്ഥലമുള്ളൂ. ആദ്യത്തേത് സൽമാൻ റുഷ്‌ദിയുടെ The Satanic Verses എന്ന കുപ്രസിദ്ധമായ നോവലിനെക്കുറിച്ചാണ്. ഞാൻ ഈ നാറുന്ന പുസ്തകം വായിച്ചിട്ടുണ്ടെങ്കിലും തിടുക്കത്തിലുള്ള വായന കൊണ്ടാവാം പ്രവാചകനെയും വിശുദ്ധ ഖുർആനെയും കുറിച്ച് റുഷ്‌ദി എഴുതിയതൊക്കെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇപ്പോൾ Bhikhu Parekh-ന്റെ പ്രബന്ധത്തിൽ അവ എടുത്തു കാണിച്ചതു വായിച്ചപ്പോൾ റുഷ്‌ദിയുടെ നൃശംസതയ്ക്കു ഇത്രത്തോളം ചെല്ലാനൊക്കുമോ എന്ന് എനിക്കു തോന്നിപ്പോയി. റുഷ്‌ദിയുടെ പ്രസ്താവങ്ങളാണ് അവയെങ്കിലും വീണ്ടും വീണ്ടും അവ ഇവിടെ എടുത്തെഴുതി വായനക്കാരെ അസ്വസ്ഥരാക്കാൻ എനിക്കു തല്‌പരത്വമില്ല. സർഗ്‌ഗാത്‌മകത്വമുണ്ടെന്നു സ്വയം അവകാശപ്പെടുന്ന എഴുത്തുകാരൻ വിചാരിച്ചാൽ പാടില്ലാത്തതു വിചാരിക്കുകയും മറ്റുള്ളവരെ കഠിനമായി വേദനിപ്പിക്കുകയും പ്രകോപിപ്പികുകയും ചെയ്യുമ്പോൾ അയാളെ വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടതാണെന്നു പരേഖ് അഭിപ്രായപ്പെടുന്നു. റുഷ്‌ദി ജനതയുടെ വികാരങ്ങളെ മനസ്സിലാക്കേണ്ടിയിരുന്നു. പക്ഷേ അദ്ദേഹം പ്രവാചകനെ നിന്ദിച്ചതു പോലെ അദ്ദേഹത്തെ ആരാധിച്ചവരെയും നിന്ദിച്ചു. അതിനാൽ ഇസ്ലാം മതവിശ്വാസികളും റുഷ്‌ദിയും തമ്മിലുള്ളതും നിലവിലിരിക്കുന്നതുമായ പിരിമുറുക്കം നിരാസ്‌പദമാണെന്നു പറഞ്ഞുകൂടാ. നിക്ഷ്പക്ഷതയുണ്ട്. പരേഖിന്റെ പ്രബന്ധത്തിന്. Fedric Jameson വിശ്വ വിഖ്യാതനായ മാർക്‌സിസ്റ്റ് നിരൂപകനാണ്. പോസ്റ്റ് മോഡേണിസമെന്ന പുതിയ പ്രസ്ഥാനത്തിന്റെ അസത്യ സ്വഭാവം എടുത്തു കാണിക്കുന്നതിൽ അദ്ദേഹം വിജയം വരിച്ചിരിക്കുന്നു. (Post modernism and Consumer Society എന്ന പ്രബന്ധം) ഉപഭോക്താക്കളുടെ മുതലാളിത്വത്തോടു ബന്ധപ്പെട്ട ഒരു പ്രസ്ഥാനാഭാസത്തിന്റെ ദൗർബല്യങ്ങളും യുക്തിരാഹിത്യങ്ങളും ജെയിംസൻ തനിക്കു മാത്രം കഴിയുന്ന മട്ടിൽ എടുത്തു കാണിക്കുന്നു. അദ്ദേഹം ചോദിക്കുന്നു: Can Flaubert, Mallarme and Gertude Stein not be included in an account of post modernist temporality? What is so new about all of this? De we really need the concept of post modernism? കേരളത്തിൽ ഇല്ലാത്ത പോസ്റ്റ് മോഡേണിസത്തെ എഴുന്നള്ളിച്ച് നടക്കുന്നവരുടെ കണ്ണുകൾ തുറപ്പിക്കാൻ പറ്റിയ പ്രബന്ധമാണ് ജെയിംസിന്റേത്. ലൈംഗികത, സ്ത്രീസമത്വവാദം ഇങ്ങനെ വൈവിദ്യമുള്ള വിഷയങ്ങളെക്കുറിച്ച് പണ്ഡിതോചിതമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന് പ്രാധാന്യമുണ്ട്.

നാനാവിഷയകം

  1. സ്ഥലം ചിറ്റൂർ. വർഷം 1969 അല്ലെങ്കിൽ 1970. പി. കുഞ്ഞിരാമൻ നായരുടെ ഒരു കാവ്യം കോളേജ് ക്ലാസ്സിൽ പഠിപ്പിച്ചിട്ടു ഞാൻ വീട്ടിലേക്കു പോരാൻ റോഡിൽ എത്തി. അദ്ഭുതാവഹം. സാക്ഷാൽ കവി കുഞ്ഞിരാമൻ നായർ റോഡിൽ നിൽക്കുന്നു. എന്നെക്കണ്ടയുടനെ അദ്ദേഹം ചോദിച്ചു. “ചങ്ങമ്പുഴയെയാണ് ഏറെയിഷ്ടം അല്ലേ?” ഞാൻ ആ ചോദ്യത്തിന് ഉത്തരം പറയാതെ അദ്ദേഹത്തെ അറിയിച്ചു. “ഞാൻ അങ്ങയുടെ ഒരു കവിത പഠിപ്പിച്ചിട്ടു വരികയാണ്” കവി അതു കേട്ടെന്നു ഭാവിക്കാതെ പറഞ്ഞു: “അല്ല ചില വിദ്യാർത്ഥികൾ എന്നോടു പറഞ്ഞു നിങ്ങൾക്കു ചങ്ങമ്പുഴക്കവിതയാണിഷ്ടമെന്നെ്.” ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. അന്നത്തെ അദ്ദേഹത്തിന്റെ രൂപം ഇപ്പോഴും എന്റെ മനസ്സിന്റെ ദർപ്പണത്തിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു.
  2. പി.കെ. വിക്രമൻ നായർ സസ്‌പെൻഷനിൽ കഴിയുന്ന കാലം. അദ്ദേഹം എക്സിക്യൂട്ടീവ് എഞ്ചിനിയറായിരുന്നു. ശബരിമലയിൽ ഏതോ ജോലിക്കു പൈപ്പ് വാങ്ങിയതു രണ്ടാം തരം പൈപ്പായിപ്പോയി എന്നതിന്റെ പേരിൽ സസ്‌പെൻഷൻ ഉണ്ടായി. ഒരു ദിവസം വൈകുന്നേരം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നു. പ്രസിദ്ധനായ ആ അഭിനേതാവിന്റെ വീട്ടിൽ ആരാധകരുടെ ബഹളം. ഞാൻ വിക്രമൻ നായരോടു ചോദിച്ചു: “ചേട്ടന്റെ പേരിൽ ഒരു കുറ്റവുമില്ലെന്നു ചീഫ് എഞ്ചിനീയർ എഴുതിയല്ലോ. പിന്നെ എന്താണ് റീയിൻസ്‌റ്റേറ്റ് ചെയ്യാൻ ഈ താമസം” വിക്രമൻ നായർ മറുപടി പറഞ്ഞു: “മന്ത്രി പി.ടി. ചാക്കോ എന്നെസ്സംബന്ധിച്ച ഫയലിൽ, He cannot be reinstated because he is a fellow traveller of the Communist Party. He writes for the Janayugam weekly regularly, എന്നെഴുതിയിരിക്കുന്നു. ജനയുഗം വാരികയിൽ എഴുതിയാൽ കമ്മ്യുണിസ്റ്റാകുമോ? പിന്നീട് ആരോ ഇടപെട്ടു വിക്രമൻ നായരുടെ സസ്‌പെൻഷൻ റദ്ദാക്കി.
  3. കോളേജിൽ ജോലിയുള്ളവരും സാഹിത്യത്തിൽ താല്‌പര്യമുള്ളവരുമായ കുറേപ്പേരെ പി. കേശവദേവ് ശംബള പണ്ഡിതന്മാർ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന കാലം അക്കാലത്ത് മയ്യനാട്ടു വച്ച് ഒരു സാഹിത്യ സമ്മേളനം കൂടി. എൻ. കൃഷ്ണപിള്ള, പി. കേശവദേവ്, കെ. ബാലകൃഷ്ണൻ എന്നിവർ പ്രഭാഷകർ. അവരുടെ കൂടെ ഞാനുമുണ്ടായിരുന്നു. “ആരോഗ്യനികേതന”മെന്ന ബംഗാളി നോവൽ പോലെ ഒരു നോവൽ മലയാളത്തിൽ ഇല്ല എന്ന സത്യം കൃഷ്ണപിള്ള പറഞ്ഞു. സാഹിത്യകാരന്മാർ ഒന്നും വായിക്കാത്തവരാണെന്നു കൂടി അദ്ദേഹം പ്രസ്താവിച്ചു. രണ്ടും ദേവിനെ ചൊടിപ്പിച്ചു. വായിക്കാത്തതിനു കാരണവും കൃഷ്ണപിള്ള വ്യക്തമാക്കി. വെള്ളായണി പരമു വിവാഹങ്ങൾക്കു ക്ഷണിച്ചാൽ പോവുകയില്ലായിരുന്നു. കാരണമന്വേഷിച്ചപ്പോൾ പരമു പറഞ്ഞു:“ഞാൻ തിരിച്ചു പോരുമ്പോൾ വല്ല ചരുവമോ മൊന്തയോ കിണ്ടിയോ ഞാനറിയാതെ തന്നെ എന്റെ കക്ഷത്ത് ഇരുന്നുവെന്നു വരും” ആ പേടിയാണ് മലയാളത്തിലെ എഴുത്തുകാർക്ക് എന്ന് കൃഷ്ണപിള്ള പറഞ്ഞപ്പോൾ ദേവ് പ്ലാറ്റ് ഫോമിലിരുന്ന് നിറുത്തെടാ തന്റെ പ്രസംഗം. ശംബളപ്പണ്ഡിതാ നിറുത്ത് എന്ന് ആക്രോശിച്ചു. കൃഷ്ണപിള്ള ക്ഷോഭിച്ചില്ല. പ്രസംഗം നിറുത്തിയതുമില്ല. കേശവദേവ് കൂടുതൽ അക്രമാസക്തനായപ്പോൾ ശ്രോതാക്കൾ ഇടപെട്ടു. അവരിൽപ്പലരും കേശവദേവിനോടു മര്യാദ പാലിക്കാൻ രൂക്ഷസ്വരത്തിൽ ആവശ്യപ്പെട്ടു. അടിയുണ്ടാകുമെന്നു കരുതി ഞാൻ വേദിയിൽ നിന്നിറങ്ങിയോടി. കെ. ബാലകൃഷ്ണന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നു സി. കേശവൻ. കാറ്റിൽപ്പെടാദീപമെന്ന പോലെ ആ മഹാൻ പ്രശാന്തനായി ഇരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു. എന്റെ അസ്വസ്ഥത ആ മഹാന്റെ സാന്നിദ്ധ്യം കൊണ്ട് ഇല്ലാതെയായി.
  4. ധിഷണയ്ക്ക് ആഹ്ലാദവും സംതൃപ്തിയും നൽകാൻ വിയറ്റ്നാമിലെ സെന്മാസ്റ്റർ (Thich Nhat Hanh) എഴുതിയ ഗ്രന്ഥങ്ങൾക്കു കഴിയും. (പാരീസിലാണ് അദ്ദേഹം താമസിക്കുന്നത്.) ഒരു ഗ്രന്ഥത്തിൽ ഈ മഹാൻ പറയുന്നു:“എച്ചിൽക്കൂമ്പാരം വല്ലാത്ത നാറ്റമുണ്ടാക്കും. വിശേഷിച്ചും അഴുകുന്ന വസ്തുക്കൾ. എന്നാൽ പൂന്തോട്ടത്തിനു പ്രയോജപ്പെടുന്ന കൂട്ടുവളവുമാകുമത്. പരിമളമർന്ന പനിനീർപ്പൂവും നാറുന്ന എച്ചിൽക്കൂമ്പാരവും ഒരേ അസ്തിത്വത്തിന്റെ രണ്ടു വശങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്പില്ല. എല്ലാം പരിവർത്തനത്തിനു വിധേയങ്ങൾ. ആറു ദിവസം കഴിഞ്ഞു വാടുന്ന പനിനീർപ്പൂ എച്ചിലിന്റെ ഭാഗമാകും. ആറു മാസം കഴിയുമ്പോൾ ആ ഉച്ഛിഷ്ടക്കൂമ്പാരം പനിനീർപ്പൂവായി മാറും”
  5. പ്രോ വൈസ് ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കരോടൊരുമിച്ച് ഞാൻ പല മീറ്റിങ്ങുകൾക്കും പോയിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു: സായ്പ് അതു പറഞ്ഞിട്ടുണ്ട് ഇതു പറഞ്ഞിട്ടുണ്ട് എന്നു പറയുന്നതിനെക്കാൾ നല്ലതു നിങ്ങളുടേതായ വിചാരങ്ങൾ പ്രകാശിപ്പിക്കുന്നതാണ്. അവയ്ക്കു പ്രൗഢത ഇല്ലെങ്കിലും സായ്പ്പിന്റെ വിചാരങ്ങൾക്കു പ്രൗഢത ഉണ്ടെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാനാണ് എനിക്കു കൗതുകം.
  6. ഡിസംബർ ഒൻപതാം തീയതി അന്തരിച്ച വലിയ സാഹിത്യകാരനായ ശിവരാമകാരന്തിനെ ഞാൻ കണ്ടിട്ടുണ്ട്. കുറച്ചുനേരം സംസാരിച്ചിട്ടുണ്ട്. ഡൽഹി എയർപോർട്ടിലെ ബഞ്ചിൽ അദ്ദേഹം ഒറ്റയ്ക്കിരിക്കുകയായിരുന്നു. ഞാൻ അടുത്തുചെന്ന് എന്നെ പരിചയപ്പെടുത്തി. ആ മഹാവ്യക്തിയുടെ അടുത്തിരിക്കാൻ എനിക്കു ധൈര്യമുണ്ടായില്ല. പക്ഷേ പുഞ്ചിരി പൊഴിച്ചുകൊണ്ട് അദ്ദേഹം ബഞ്ചിൽ കൈ കൊണ്ടു തട്ടി ‘ഇവിടിരിക്കു’ എന്ന് ഇംഗ്ലീഷിൽ പറഞ്ഞു. ഞാൻ ഇരുന്നു. കുറച്ചുനേരം സാഹിത്യത്തെക്കുറിച്ചു സംസാരിച്ചു. യാത്ര പറഞ്ഞ് ഞാൻ വിമാനത്തിൽ കയറാൻ പോകുകയും ചെയ്തു. ദൂരെച്ചെന്നു തിരിഞ്ഞു നോക്കി. അദ്ദേഹം അനങ്ങാതിരിക്കുകയാണ്. മഹാപുരുഷനാണ് ശിവരാമകാരന്ത് എന്ന് എനിക്കു തോന്നി.
  7. യാസുനാരി കാവാബാത്താ (1899–1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെൻസാബൂറാ ഓവേ (Kenzaburo Oe ജനനം 1935. നോബൽ സമ്മാനം 1994) ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നുരണ്ടു വാക്യങ്ങൾ എടുത്തെഴുതാം:
    “Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.
    Even among young, beautiful fat women, there are distinction to be made. Fleshed out one way, they’ll leave you lost, trivial, confused.
    In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.”

    മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗ സ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ.

ധീരനാര്

എവിടെയോ വായിച്ചത് ഓർമ്മയിൽ നിന്നു കുറിക്കുകയാണ്. ‘പൂക്കളുടെ പരിമളം വായുവിൽ പ്രസരിക്കുന്നു. ചന്ദ്രൻ തിളങ്ങുന്നു. മനുഷ്യൻ വളരെക്കാലം ജീവിച്ചിരിക്കും.’ എന്താണ് ഈ പ്രസ്താവനകൾക്കു പിറകിൽ എന്ന് ആരോ ചോദിച്ചപ്പോൾ ഇതെഴുതിയ റഷ്യൻ കവി പറഞ്ഞുപോലും. പൂക്കൾ സൗരഭ്യം പരത്തുന്നു എന്നു പറഞ്ഞാൽ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പൂക്കളായ കലാസൃഷ്ടികൾ തിളങ്ങുന്നു എന്നാണ് അർത്ഥം. ചന്ദ്രൻ പ്രകാശിക്കുന്നുവെന്നത് സ്പുട്നിക്ക് ഗോളാന്തരയാത്രയ്ക്കു വഴിയൊരുക്കി എന്നതാണ്. മനുഷ്യൻ വളരെക്കാലം ജീവിച്ചിരിക്കും എന്ന പ്രസ്താവം സോവിയറ്റ് യൂണിയൻ കോടാനുകോടി വർഷങ്ങൾ നിലനിൽക്കും എന്നാണ് വ്യഞ്ജിപ്പിക്കുന്നത്. ഇതു വായിച്ച റഷ്യൻ ജനത അപ്പറഞ്ഞത് മുഴുവൻ വിശ്വസിച്ചിരിക്കും.

ഈ കവിയുടെ മാനസിക നിലയോടെയാണ് ശ്രീമതി പ്രമീളാദേവി ‘മാനവീയം’ എന്ന കാവ്യം ദേശാഭിമാനി വാരികയിൽ എഴുതിയത്. ഭൂതകാലത്തെ നശിപ്പിച്ചു ശോഭനമായ ഭാവികാലത്തെ സാക്ഷാത്കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണു കാവ്യം. പക്ഷേ കവിതയുടെ അർത്ഥനകൾക്ക് അനുരൂപമല്ലാത്ത ശബ്ദാടോപം കൊണ്ട് പ്രമീള കാവ്യത്തെ പ്രചാരണപരമാക്കിത്തീർത്തിരിക്കുന്നു. റഷ്യൻ കവിയെപ്പോലെ ശ്രീമതിയും അർത്ഥപ്രദർശനം നടത്തേണ്ടതായി വന്നിരിക്കുന്നു.

കാമുകിയെ സന്തോഷിപ്പിക്കാൻ കൊച്ചു കൊച്ചു സമ്മാനങ്ങൾ കൊടുക്കണോ അതോ പത്തു പവന്റെ മാല വാങ്ങി കൊടുക്കണോ?

എലിയെപ്പിടിക്കാൻ എലിപ്പത്തായത്തിൽ (കെണിയിൽ) ഒരു കഷണം മരച്ചീനി വച്ചാൽ മതിയല്ലോ. ജിലേബി വയ്ക്കണമെന്നില്ല.

ഇവിടെയൊരു ചിതയൊരുക്കീടുക ജീർണ്ണിച്ച
പകലിരവുകൾക്കിനി തീ കൊളുത്തീടുക!
മുഖപടമഴിക്കുക ഉച്ചക്കൊടും വെയിൽ
ത്തിരയിൽ നാം കണ്ണുകൾ കഴുകിത്തിളക്കുക

എന്ന വരികളിലും തുടർന്നു വരുന്ന വരികളിലും ഒന്നേ ഇല്ലാതായുള്ളു. കവിത.

ജി. ശങ്കരക്കുറുപ്പ് മഹാകവിയാണ്. പക്ഷേ ജനയുഗം വാരിക കവിത ചോദിച്ചാൽ ‘കമ്പനി മുറ്റത്തെ കാട്ടുമുല്ല’ എന്ന പേരിൽ തൊഴിലാളി സ്ത്രീയെക്കുറിച്ചു കാവ്യം രചിക്കും. ‘മാതൃഭൂമി’ യാണു കവിത ചോദിക്കുന്നതെങ്കിൽ വിശ്വദർശനത്തിന്റെ അപ്രമേയ പ്രഭാവത്തെക്കുറിച്ചാവും രചന. ഏതുവാരികയ്ക്കാണ്, ഏതു പത്രത്തിനാണ് രചന നൽകേണ്ടതെന്നു രചയിതാവ് ആലോചിക്കുകയേ അരുത്. എങ്കിലേ സത്യസന്ധത പ്രകാശിക്കൂ. “ചിത്തം ചലിപ്പതിനു ഹേതു മുതിർന്നു നിൽക്കേ നെഞ്ചിൽ കുലുക്കമെവനില്ലവനാണു ധീരൻ”

വിഷ്ണുനാരായണൻ നമ്പൂതിരി

ഭൂതകാലത്തെ നശിപ്പിച്ചു ശോഭനമായ ഭാവികാലത്തെ സാക്ഷാത്കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് കാവ്യം.

കോഴി കൂവിയാണ് പ്രഭാതത്തെ ആഗമിപ്പിക്കുന്നതെന്ന അർത്ഥത്തിൽ എൻ. വി. കൃഷ്ണവാരിയർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവിതയെഴുതിയിരുന്നതായി ഓർമ്മയുണ്ട്. അതു കവി ഭാവനാജന്യമെന്നു മാത്രം കരുതിയാൽ മതി. പ്രഭാതാഗമനത്താൽ പ്രചോദനം കൊണ്ടിട്ടാണു കോഴി കൂവുന്നത്. പക്ഷേ കവിയെന്ന പൂങ്കോഴി കൂവിയാണ് കവിതാ പ്രഭാതത്തെ ആഗമിപ്പിക്കുന്നത്, പ്രഭാതം നവീനമെന്നു നമുക്കു തോന്നും. സൗന്ദര്യാനുഭൂതിയും അതു ജനിപ്പിക്കുന്ന താദാത്മ്യബോധവും പഴയ വിഷയങ്ങളാകാം. പക്ഷേ ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കൈയിൽ അതിന് നൂതനത്വമുണ്ടാകുന്നു. സൗന്ദര്യത്തെ അംഗനയായി സങ്കല്‌പിക്കൂ. കവി അവളുടെ ശ്യാമളനയങ്ങളിലൂടെ നോക്കുന്നു. അവളുടെ പ്രേമകൂജനങ്ങളിലൂടെ കുയിലിന്റെ കൂജനം ശ്രവിക്കുന്നു. ഈ താദാത്‌മ്യത്തെ സ്ഫുടീകരിക്കുകയാണ് വിഷ്ണുനാരായണൻൻമ്പൂതിരി ആ പേരുള്ള സുന്ദരമായ കാവ്യത്തിലൂടെ (ജന്മഭൂമി വാർഷികപ്പതിപ്പ്). ഉചിതങ്ങളായ പദങ്ങൾ ക്രമമായി വിന്യസിക്കുമ്പോൾ ഗദ്യം. ഉചിതങ്ങളായ പദങ്ങളെ ഉചിതജ്ഞതയുള്ള ക്രമത്തിൽ വിന്യസിക്കുമ്പോൾ കവിത എന്ന കോൾറിജിന്റെ മതം സാർത്ഥകമാകുന്നതു കാണണമെങ്കിൽ ഈ കാവ്യം വായിക്കണം.

പടിഞ്ഞാറേ കോണിലെ ചന്ദ്രക്കല വിളർത്തു വിളർത്ത് അൽപാല്‌പമായി അപ്രത്യക്ഷമാകുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. ഒരു ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ കാലത്തെഴുന്നേറ്റ് താമരക്കുളത്തിന്റെ കരയിൽ ചെന്നു നിന്ന് പൂക്കൾ വിടരുന്നതിന്റെ ശബ്‌ദം കേൾക്കുമെന്ന് ആത്‌മകഥയിലെഴുതിയതു ഞാൻ വായിച്ചിട്ടുണ്ട്. എനിക്കാണെങ്കിൽ താമരപ്പൂക്കൾ കൂമ്പുന്ന സന്ദർഭത്തിൽ ഉണ്ടാകുന്ന ശബ്‌ദം കേൾക്കാനാണ് കൗതുകം: ചന്ദ്രക്കലയുടെ മരണത്തിൽ എനിക്കു ആഹ്ലാദമുണ്ടാകുന്നതുപോലെയാണത്. സാഗരതരംഗങ്ങൾ ഉയർന്നു വരുമ്പോഴല്ല അവ തീരത്തു വന്നടിച്ചു ചിന്നിച്ചിതറുന്ന ദൃശ്യമാണ് എനിക്കു പ്രിയം.എന്തേ ഈ അനിയത മാനസികനില എനിക്ക് പ്രായം കൂടുകയും മരണമെന്ന യാഥാർത്ഥ്യം അടുത്തടുത്തു വരികയും ചെയ്യുന്നതു കൊണ്ടാവാം. പക്ഷേ കവിതയുടെ മരണം. വിശാലമായ അർത്ഥത്തിൽ കലയുടെ മരണം നോക്കിക്കാണാൻ എനിക്കാവില്ല. വള്ളത്തോൾക്കവിത എന്ന പൂർണ്ണചന്ദ്രൻ നേർത്ത ചന്ദ്രക്കലയായി മാറി അസ്തമയത്തിൽ ചെന്നപ്പോൾ ഞാൻ ദുഃഖിച്ചു.ആ വിഷാദമാണ് ഇന്നത്തെ കവിത കാണുമ്പോഴും എനിക്കുണ്ടാവുക.