close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 06 14


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 06 14
ലക്കം 613
മുൻലക്കം 1987 06 07
പിൻലക്കം 1987 06 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കുറച്ചുകാലം ഇവിടെ കഴിഞ്ഞുകൂടുന്നു. അതിനിടയില്‍ ആരെന്തു പറഞ്ഞാലെന്ത്? ആര് ചീത്ത വിളിച്ചാലെന്ത്? നമ്മള്‍ പ്രത്യക്ഷ ശരീരം ഉപേക്ഷിക്കുന്ന ആ നിമിഷത്തില്‍ത്തന്നെ നമ്മള്‍ വിസ്മരിക്കപ്പെടും. നമ്മെ സ്തുതിക്കുന്നവരുടെയും നമ്മെ അസഭ്യത്തില്‍ കുളിപ്പിക്കുന്നവരുടെയും സ്ഥിതി വിഭന്നമല്ല.

കാലത്ത് ഉണര്‍ന്നെഴുന്നേറ്റ് വീട്ടു മുറ്റത്തുവന്നു നോക്കുമ്പോള്‍ പനിനീര്‍ച്ചെടിയില്‍ ഒരു പൂവ് വിടര്‍ന്നു നില്ക്കുന്നത് നമ്മള്‍ കാണുന്നുവെന്നിരിക്കട്ടെ. എന്തൊരാഹ്ലാദമായിരിക്കും അപ്പോള്‍! ഈ ആഹ്ലാദം പൂവ് വരുത്തുന്ന പരിവര്‍ത്തനത്തിന്റെ ഫലമാണ്. ദ്രഷ്ടാക്കളായ നമുക്കു മാത്രമല്ല ആ പരിവര്‍ത്തനമുണ്ടാവുക അതിന്റെ മാധുര്യവും മനോഹാരിതയും അന്തരീക്ഷത്തിലാകെ വ്യാപിക്കുന്നുണ്ട്. അങ്ങനെ അന്തരീക്ഷവും പരിവര്‍ത്തനത്തിനു വിധേയമാവുന്നു. സ്വര്‍ണ്ണവും വെള്ളിയും വാരിയെറിഞ്ഞ് അങ്ങകലെ പരിലസിക്കുന്ന സൂര്യനെപ്പോലും ഈ സുരഭിലകുസുമം പരിവര്‍ത്തനം ചെയ്യുന്നില്ലേ? ഉണ്ട്. തീര്‍ച്ചയായുമുണ്ട്.

അത്രയും കാലം ആ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. പകലൊക്കെ മൂകത. രാത്രിയാകെ ഭീകരത. ഒരു ദിവസം നമ്മള്‍ ആ വീട്ടിലേക്കുനോക്കുമ്പോള്‍ ജന്നലിലൂടെ ഒരു സുന്ദരമായ മുഖം കാണുന്നു. എന്തൊരു ആകര്‍ഷകത്വമുള്ള ‘കണ്ണുകള്‍! എന്തൊരു വിശ്വവശ്യമായ മന്ദസ്മിതം! ആ തരുണി ആ ഭവനത്തിനു മാത്രമല്ല നമുക്കും മാറ്റം വരുത്തുന്നു. പ്രഭാതത്തില്‍ പനിനീര്‍പ്പൂവെന്ന പോലെ അവളും വിടര്‍ന്നു നില്ക്കുകയാണ്. ജീവിതത്തിന്റെ പ്രഭാതത്തില്‍, നിത്യതയുടെ പ്രഭാതത്തില്‍ അവള്‍ നില്ക്കുന്നു. ജീവിതത്തെയും നിത്യതയെയും ജീവിതത്തിന്റെ ഒരു ഭാഗമായ നമ്മളെയും അവള്‍ പരിവര്‍ത്തനത്തിലേക്കു നയിക്കുന്നു.

എന്റെ ബാല്യകാലത്ത് വല്ലപ്പോഴുമൊക്കെ ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും സുന്ദരകാവ്യങ്ങള്‍ മലയാളരാജ്യം ചിത്രവാരികയില്‍ അച്ചടിച്ചുവരുമായിരുന്നു. അവ വായിക്കുമ്പോള്‍ ഹര്‍ഷോന്മാദത്തില്‍ വീണിരുന്നു അന്നത്തെ സഹൃദയര്‍. ചെടിയില്‍ പൂവ് അതിനെത്തന്നെ കാണിക്കുന്നതുപോലെ, ജന്നലിന്റെ പിറകില്‍ സൗന്ദര്യം പ്രത്യക്ഷീഭവിക്കുന്നതുപോലെ ചിത്രവാരികയില്‍ ഈ കാവ്യരാമണീയകം ആവിര്‍ഭവിച്ചിരുന്നു. അത് സഹൃദയര്‍ക്കു മാനസികപരിവര്‍ത്തനം വരുത്തിയിരുന്നു. ഓരോ കാവ്യത്തിന്റെയും ആവിര്‍ഭാവം ഓരോ സംഭവമായിരുന്നു. ഇന്ന് ആ വിധത്തിലൊരു സംഭവവുമില്ല. ശ്ളക്ഷ്ണശിലയെ മന്ദസ്മിതമായും പദത്തെ ഭാവമായും മാറ്റുന്നവനാണ് കാലാകാരന്‍.

സ്വഭാവഹത്യ

ശ്രീനാരായണനെ നേരിട്ടറിയാമായിരുന്ന ഒരു മാന്യന്‍ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം ഇന്നില്ല. സ്വാമിയുമായി പലപ്പോഴും പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഒരു ദിവസം ശ്രീനാരായണന്‍ പറഞ്ഞു: “അന്യന്‍ തെറ്റു ചെയ്യുന്നുവെന്നു നമ്മളറിഞ്ഞാലും അത് നമ്മള്‍ ഉറക്കെപ്പറയരുത്. അപരാധം ചെയ്യുന്നവനെ വിളിച്ചു നേരിട്ടു പറയാം അയാളുടെ പ്രവൃത്തികള്‍ ശരിയല്ലെന്ന് മറ്റാളുകള്‍ കേള്‍ക്കെ അതു പറയാന്‍ പാടില്ല. അടുത്തവീട്ടിലെ ചെറുപ്പക്കാരി തെറ്റു ചെയ്യുന്നുവെന്നിരിക്കട്ടെ. അക്കാര്യം നമ്മള്‍ അന്യരെ അറിയിക്കാന്‍ പാടില്ല. സ്വാതന്ത്ര്യമുണ്ടെങ്കില്‍ അവളോടു തന്നെ അതുപറയാം. “സ്വഭാവഹത്യ ശരിയല്ല എന്നാണു ശ്രീനാരായണന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്. ജന്മവാസനകളുടെ പ്രേരണയാല്‍ നമ്മള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തിന് ഉദ്യുക്തരാവുമ്പോള്‍ ഉള്ളില്‍ നിന്ന് ഒരു ശബ്ദം ‘അതാകാം’ ‘അതരുത്’ എന്ന മട്ടില്‍ ഉയരും. അതിനെയാണ് മനഃസാക്ഷി എന്നു വിളിക്കുന്നത്. ഫ്രായിറ്റ് ഇതിന് സൂപര്‍ ഈഗോ എന്ന പേരു നല്കി. ഈ സൂപര്‍ ഈഗോയുടെ അനുശാസനങ്ങളെ മാനിച്ചില്ലെങ്കില്‍ സംസ്കാരം തകരുമെന്നും ആ മനഃശാസ്ത്രജ്ഞന്‍ പല പരിവൃത്തി പറഞ്ഞിട്ടുണ്ട്. ഇതെഴുതുന്ന ആളിനു മനഃസാക്ഷിയുടെ ആഹ്വാനങ്ങളെയോ ഉദ്ബോധനങ്ങളെയോ എപ്പോഴും മാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അത്രത്തോളം അന്യുന സ്വഭാവമാര്‍ന്നവനല്ല എന്ന് സ്പഷ്ടമാക്കിക്കൊണ്ട് എഴുതട്ടെ, തോട്ടം രാജശേഖരന്‍ ഗായകനായ യേശുദാസിന്റെ സ്വഭാവത്തെ വിമര്‍ശിച്ചത് ശരിയായില്ല എന്ന്. രാജശേഖരന്റെ വാക്കുകള്‍തന്നെ കേട്ടാലും: “…എന്നാല്‍ ഈ സംഗീതം ഉദ്ഗമിക്കുന്ന ഹൃദയം അത്ര വിശാലമാണോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ആ ആല്‍വൃക്ഷച്ചുവട്ടില്‍ കറുകപ്പുല്ലിനുപോലും വളരാന്‍ വളക്കൂറില്ല. തന്നില്‍ തുടങ്ങി തന്നില്‍ത്തന്നെ ലയിക്കുന്ന ഈ ഗായകന്റെ തന്‍പോരിമ പലപ്പോഴും തനിയാവര്‍ത്തനത്തിന്റെ ഭാവങ്ങള്‍ ധ്വനിപ്പിക്കുന്നു” (മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുറം 25).

മറ്റുള്ള ആളുകളുമായി നമ്മള്‍ ഇവിടെ ജീവിക്കുന്നു. ആ ജീവിതത്തിനു സഹായമരുളുന്നത് ആ ആളുകളുമായുള്ള ബന്ധത്തിനു നമ്മള്‍ വരുത്തുന്ന സമനിലയാണ്. ഈ സമനിലയെ തകര്‍ക്കാന്‍ പലതുമുണ്ടാകും. നമ്മുടെ വീട്ടില്‍ മരണം ഉണ്ടായിയെന്നിരിക്കട്ടെ. മൃതദേഹം വീട്ടില്‍ത്തന്നെ കിടക്കുകയാണ്. ബന്ധുക്കള്‍, നിലവിളിക്കുന്നു. അപ്പോഴായിരിക്കും അടുത്ത വീട്ടുകാരന്‍ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിച്ച് മധുരസംഗീതം നമ്മുടെ ഭവനത്തിലേക്കു പ്രവഹിപ്പിക്കുന്നത്. ആ ഗാനം കേട്ടാല്‍ നമ്മള്‍ ‘ഛീ നിറുത്തെടാ’ എന്നു പറഞ്ഞുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടുകയില്ല. ക്ഷമിക്കുകയേയുള്ളു. മാറി വരുന്ന പരിതഃസ്ഥിതികള്‍ക്കു യോജിച്ചമട്ടില്‍ നമ്മുടെ സ്വഭാവത്തിനു പുനസ്സംവിധാനം വരുത്തുക എന്നതാണ് സംസ്കാരത്തിന്റെ ലക്ഷണം. രാജശേഖരന്‍ യേശുദാസിനെക്കുറിച്ചു പറഞ്ഞത് സത്യമോ അസത്യമോ എന്നതല്ല പ്രശ്നം. വാദത്തിനുവേണ്ടി അത് സത്യമാണെന്നു സമ്മതിച്ചാലും ഈ ലോകത്ത് ആര്‍ക്കും അതു പറയാന്‍ അധികാരമില്ല എന്ന് ഇവിടെ ഉറക്കെപ്പറഞ്ഞേ പറ്റു. ജീവിതം — അത് ഏതു രൂപത്തിലുമാവട്ടെ — അന്യോന്യബന്ധമാണ്. സ്വഭാവഹത്യ നടത്തുമ്പോള്‍ ആ ബന്ധം തകരുന്നു. തകര്‍ന്നാല്‍ നമുക്കിവിടെ ,സ്വൈരജീവിതം സാദ്ധ്യമല്ലാതെയാവും.

* * *

ചോദ്യം: കള്ളം പറയുന്നത് പാപമാണോ? ഉത്തരം: എപ്പോഴും പാപമായിക്കൊള്ളണമെന്നില്ല. പൊലിസ് ഓടിച്ച ഷാങ്വല്‍ ഷാങ് ഒരു കന്യാസ്ത്രീ പ്രാര്‍ത്ഥിക്കുന്ന മുറിയില്‍ക്കയറി വാതില്‍ തുറന്ന് ചുവരിനും കതകിനുമിടയ്ക്കുള്ള സ്ഥലത്ത് ഒളിച്ചുനിന്നു. ‘ഈ മുറിക്കകത്ത് ഭവതി മാത്രമേയുള്ളോ?’ എന്നു പൊലീസ് ഇന്‍സ്പെക്ടര്‍ ചോദിച്ചു. ‘പ്രാര്‍ത്ഥന നടത്തുന്ന കന്യാ സ്ത്രീയുടെ മുറിയില്‍ മറ്റാരെങ്കിലുമുണ്ടാകുമോ?’ എന്ന് അവരുടെ മറുചോദ്യം. പൊലിസ് തിരിച്ചുപോയി. ആ സന്ദര്‍ഭത്തില്‍ കന്യാസ്ത്രീ പറഞ്ഞ കള്ളം അവര്‍ക്കു മാലാഖകളുടെ കൂട്ടത്തില്‍ സ്ഥാനം നല്കാന്‍ പര്യാപ്തമാണെന്ന് വിക്തോര്‍ യൂഗോ. (പാവങ്ങള്‍ എന്ന നോവലിലെ ഈ സംഭവം ഓര്‍മ്മയില്‍നിന്നു കുറിക്കുന്നതാണ്.)

ബര്‍ട്രന്‍ഡ് റസ്സല്‍ ഒരിക്കല്‍ ഒരു ഗ്രാമപ്രദേശത്തു നടക്കുകയായിരുന്നു. അപ്പോള്‍ നന്നേ തളര്‍ന്ന ഒരു കുറുക്കന്‍ ശേഷിച്ച ശക്തിയാകെ സംഭരിച്ചുകൊണ്ട് ഓടാന്‍ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ വേട്ടക്കാരെത്തി. കുറുക്കനെ കണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ ‘കണ്ടു’ എന്ന് റസ്സല്‍. ‘ഏതുവഴിയാണ് അവന്‍ ഓടിയതെന്ന് വേട്ടക്കാരുടെ അന്വേഷണം. അദ്ദേഹം കുറുക്കനെ രക്ഷിക്കാനായി കള്ളം പറഞ്ഞു. തുടര്‍ന്ന് റസ്സല്‍ നമ്മോടു പറയുന്നു: “ഞാന്‍ സത്യം പറഞ്ഞെങ്കില്‍ കൂടുതല്‍ നല്ല മനുഷ്യനാവുകില്ലായിരുന്നു. — I do not think I should have been a better man if I had told the truth (The Conquest of Happines, Chapter 7).

മറുനാടന്‍ പൂവ്

ഇരുട്ടിനു കനം കൂടിക്കൊണ്ടിരിക്കുന്ന ഈ രാത്രിയില്‍ എവിടെയൊക്കെ എന്തെല്ലാമാണു സംഭവിക്കുക? മദ്യപനായ ഭര്‍ത്താവ് അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും തിരിച്ചുവരാത്തതില്‍ ഉത്കണ്ഠാകുലയായ ഭാര്യ ജന്നലില്‍ക്കൂടി കൂടക്കൂടെ റോഡില്‍ നോക്കുന്നുണ്ട്. സന്ധ്യയ്ക്ക് ആറുമണിക്കുള്ള തീവണ്ടിയിലെത്തുമെന്നു പറഞ്ഞ മകന്‍ എത്തിച്ചേരാത്തതില്‍ വിഷാദമാര്‍ന്ന അമ്മ ‘അവനെന്തു പറ്റി?’ എന്നു ചോദിക്കുന്നു. ഭര്‍ത്താവില്ലാത്ത സമയംനോക്കി ജാരനെ വിളിച്ചുവരുത്തി രമിക്കുന്ന ഭാര്യയുടെ സ്വഭാവം നല്ലപോലെ അറിയാവുന്ന ഭര്‍ത്താവ് വരാന്തയില്‍ കയറി നിന്ന് ഒരാവശ്യവുമില്ലാതെ ചുമയ്ക്കുന്നു. (ഒരു യുവസ്നേഹിതനോടു കടപ്പാടുണ്ട് ഈ നേരമ്പോക്കിന്) കാമുകന്‍ പൂ വിതറിയ ശയനീയത്തിലിരുന്ന് കാമുകിയുടെ തണ്ണുകളില്‍ ഉറ്റുനോക്കുന്നു അവളുടെ സ്നേഹത്തിന്റെ ആഴമറിയാന്‍. ഇതാ ഈ സമയത്തുതന്നെ പള്ളിയിലെ, മെഴുകുതിരി ‘നിശ്ചലമായി, നിഷ്പന്ദ’മായി കത്തിയെരിയുന്നു. സ്വയം ഉരുക്കിയൊലിച്ച് അത് ആരാധന നടത്തുകയാണ്. വളരെക്കാലമായി കാണാതിരുന്ന മകനെ ആകസ്മികമായി കാണാനിടയായ അമ്മ പൂര്‍വ്വകാല സംഭവങ്ങളിലേക്കു മനസ്സിനെ വ്യാപരിപ്പിക്കുന്നു. ഉടനെ അവന്‍ പിരിഞ്ഞുപോകുമല്ലോ എന്നു കരുതി ദുഃഖിക്കുന്നു. ഒടുവിലെഴുതിയ ഈ സംഭവം എന്റെ സങ്കല്പത്തില്‍നിന്നു ജനിച്ചതല്ല. ആശിഷ് ബര്‍മ്മന്റെ “അനുപമയുടെ ദുഃഖം” എന്ന കഥയിലേതാണ് (വി.ഡി. കൃഷ്ണന്‍ നമ്പ്യാരുടെ തര്‍ജ്ജമ, കുങ്കുമം വാരിക. പുറം 31). അനുപമയുടെ ആദ്യത്തെ ഭര്‍ത്താവില്‍നിന്ന് അവള്‍ക്കു ജനിച്ച മകനാണ് അനില്‍. അവനെ യാദൃച്ഛികമായി അവള്‍ തീവണ്ടിയില്‍വച്ചു കാണുന്നു. ഗതകാലസംഭവങ്ങള്‍ ആവിഷ്കരിക്കുന്ന കഥാകാരന്‍ ഹൃദയദ്രവീകരണ സമര്‍ത്ഥമായ ഒരു സംഭവം കണ്ടുപിടിക്കുകയാണ്. അത്രത്തോളം നന്ന്. ആ കൂടിക്കാഴ്ചയും സംഭാഷണവും അസ്സലായിട്ടുണ്ട്. എങ്കിലും കഥയ്ക്കാകെ ഒരു ഗദ്യാത്മകത്വം. മുഴുവന്‍ ചുവപ്പുനിറമായിരിക്കേണ്ട പൂവിന്റെ ഉള്ള് — ഞെട്ടിനോടടുത്ത ഭാഗം — വെളുത്തും ദലങ്ങള്‍ ചുവന്നുമിരുന്നാല്‍ നിങ്ങള്‍ക്ക് എന്തുതോന്നും? എന്തു തോന്നുമോ അതുതന്നെ തോന്നി എനിക്ക് ഈ മറുനാടന്‍ കഥ വായിച്ചപ്പോള്‍. കഥാകാരന്റെ സ്ഥൂലരേഖകള്‍ അവ്യക്തങ്ങള്‍. തെളിഞ്ഞ പുലര്‍വേളയില്‍ കാണപ്പെടുന്ന ഗോപുരംപോലെ സ്പ്ടമായിരിക്കണം ചെറുകഥ. അത് മൂടല്‍മഞ്ഞിലൂടെ ദര്‍ശനീയമാകുന്ന വാസ്തുവിദ്യാശില്പംപോലെ ആകരുത്.

* * *

“ജീവിതത്തെസ്സംബന്ധിച്ച് നിങ്ങളുടെ മനോഭാവമെന്താണ്?” “നൂറ്റമ്പതു വര്‍ഷം ജീവിച്ചിരിക്കുന്ന തത്തകളുണ്ടെന്നു മനസ്സിലാക്കിയ മുല്ല നാസിറുദ്ദീന്‍ അവയില്‍ ഒന്നിനെപ്പിടിച്ച് ഒരു സ്നേഹിതന്റെ കൈയില്‍ക്കൊടുത്തിട്ട് ‘ഇത് അത്രയുംകാലം ജീവിച്ചിരിക്കുമോയെന്നു പരിശോധിക്കു’ എന്നു പറഞ്ഞു. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചുള്ള ഈ ആശയമാണ് എന്റെ ജീവിതത്തെ ഭരിക്കുന്നത്. കുറച്ചുകാലം ഇവിടെ കഴിഞ്ഞുകൂടുന്നു. അതിനിടയില്‍ ആരെന്തു പറഞ്ഞാലെന്ത്? ആരു ചീത്തവിളിച്ചാലെന്ത്? നമ്മള്‍ പ്രത്യക്ഷശരീരം ഉപേക്ഷിക്കുന്ന ആ നിമിഷത്തില്‍ത്തന്നെ നമ്മള്‍ വിസ്മരിക്കപ്പെടും. നമ്മെ സ്തുതിക്കുന്നവരുടെയും നമ്മെ അസഭ്യത്തില്‍ കുളിപ്പിക്കുന്നവരുടെയും സ്ഥിതി വിഭിന്നമല്ല.”

മാംസംകൊണ്ടുള്ള ചെവി

ഐഡ്രിസ് ഷ‍ാ എഴുതിയ Learning How to Learn എന്ന പുസ്തകം രസകരമാണ്. അതിലൊരു സംഭവം വിവരിച്ചിട്ടുണ്ട്. വാന്‍ഗോയുടെ (വാന്‍ ഹോഹ്) ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു ഒരിടത്ത് അതു കാണാന്‍ ഒരു കലാരസികനെത്തി. പക്ഷേ, ആള്‍ക്കൂട്ടംകൊണ്ട് അയാള്‍ക്ക് ഒരു ചിത്രംപോലും കാണാന്‍ കഴിഞ്ഞില്ല. അയാള്‍ വീട്ടില്‍ച്ചെന്ന് കാളയിറച്ചിയില്‍നിന്ന് ഒരു കാതു വെട്ടിയെടുത്ത് പ്രദര്‍ശനം നടക്കുന്നിടത്തു കൊണ്ടുവച്ചു. ‘വാന്‍ ഗോയുടെ കാത്’ എന്ന് അതിന്റെ താഴെ എഴുതിവയ്ക്കുകയും ചെയ്തു. (ഉന്മാദാവസ്ഥയില്‍ വാന്‍ ഗോ സ്വന്തം ചെവി മുറിച്ചെടുത്തത് ഓര്‍മ്മിച്ചാലും) അതുവച്ചയുടനെ ചിത്രം കണ്ടുനിന്നവര്‍ ഓടിവന്ന് ആ കാതിനുചുറ്റും കൂടി. കലാരസികന് അങ്ങനെ ചിത്രങ്ങള്‍ കണ്ടുരസിക്കാന്‍ സൗകര്യം കിട്ടി. കലാസ്വാദനം നിര്‍വ്വഹിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അതില്‍ തല്പരരല്ല എന്ന സത്യം കാണിച്ചുതരികയായി ഇക്കഥ. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പോസ്റ്റ്മാന്റെ കത്ത്’ എന്ന വിവരണമെഴുതിയ ശങ്കര്‍ വേങ്ങര കാളയിറച്ചിയില്‍ നിന്ന് കാതു വെട്ടിയെടുക്കുന്നയാളാണ്. അദ്ദേഹം കലാരസികനല്ലതാനും. വാരികയുടെ താളില്‍ വച്ചിരിക്കുന്ന ഈ കാത് യഥാര്‍ത്ഥമായ കലയെക്കുറിച്ച് ഒരു വിവരവുമില്ലാത്തവരെ ആകര്‍ഷിച്ചേക്കും. കലയില്‍ തല്പരത്വമുള്ളവരെ വൈരസ്യത്തിലേക്കു കൊണ്ടുചെല്ലുകയേയുള്ളു. ഒരു പോസ്റ്റ്മാന്റെ മകന് അച്ഛന്‍ യൂണിഫോം ധരിച്ചുകാണാന്‍ ആഗ്രഹം. അവനു സുഖമില്ല. പോസ്റ്റ്മാന്‍ മകനാവശ്യപ്പെട്ട വേഷംധരിച്ചു വീട്ടിലെത്തിയപ്പോള്‍ അവന്‍ മരിച്ചിരിക്കുന്നു. സാഹിത്യത്തിന്റെ കാര്യം പറയാനില്ല. ജേണലിസത്തോടുപോലും ഒരു ബന്ധവുമില്ലാത്ത ഈ രചനകൊണ്ടു രചയിതാവ് നേടുന്നത് വൈരസ്യത്തില്‍ച്ചെന്നു വീഴുന്ന വായനക്കാരുടെ ശാപംമാത്രം.

അന്യാദൃശമായ നോവല്‍

മാര്‍ഗറീത് ദൂറാസിന്റെ (Marguerite Duras) The Lover എന്ന നോവല്‍ ഞാന്‍ വായിച്ചുതീര്‍ത്തിട്ടു രണ്ടുദിവസം കഴിഞ്ഞിരിക്കുന്നു. എങ്കിലും അതെന്നെ ‘ഹോണ്‍ട്’ ചെയ്യുന്നു. ആ അനുഭൂതിയോടുകൂടി ഞാന്‍ ആ നോവലിനെ തഴുകിയിട്ടു മേശപ്പുറത്തു വയ്ക്കുന്നു. സ്നേഹത്തോടെ ബഹുമാനത്തോടെ അതിനെ നോക്കുന്നു. സാഹിത്യം ഇത്രത്തോളം ഉത്കൃഷ്ടതയിലേക്കു പോകുമല്ലോ എന്നു വിചാരിച്ച് അദ്ഭുതപ്പെടുന്നു.

ഫ്രാന്‍സിലെ വിഖ്യാതയായ നോവലെഴുത്തുകാരിയാണ് മാര്‍ഗറീത് ദൂറാസ്. ആന്റി നോവലെന്നോ നവീന നോവലെന്നോ വിളിക്കുന്ന കൃതികളാണ് അവര്‍ എഴുതാറ്. ഫ്രാന്‍സിലെ ഏറ്റവും വലിയ എഴുത്തുകാരിയെന്നു സാമുവല്‍ ബക്കറ്റും മൊറീസ് ബ്ളാങ്ഷോയും (Maurice Blanchot — ദാര്‍ശനികന്‍, നോവലിസ്റ്റ്, നിരൂപകന്‍) ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ മീതെറാങ്ങും വാഴ്ത്തുന്ന ഈ മഹതിയുടെ പതിനേഴാമത്തെ നോവലാണ് The Lover. ആത്മകഥാപരമാണ് പ്രീ ഗൊങ്കൂര്‍ (Prix Goncourt) നേടിയ ഈ കഥാശില്പം. പതിനഞ്ചു വയസ്സുകഴിഞ്ഞ കഥാനായിക അവളെക്കാള്‍ ഇരുപതു വയസ്സുകൂടിയ ഒരു ചൈനാക്കാരനുമായി പ്രേമബന്ധത്തിലാകുന്നതാണ് ഇതിലെ കഥ. വിദ്യാര്‍ത്ഥിനിയായ അവളെ അയാള്‍ കാറില്‍ക്കയറ്റി ബോര്‍ഡിംഗ് സ്ക്കൂളില്‍ കൊണ്ടുവിടുന്നതു തൊട്ട് തുടങ്ങുന്നു ആപ്രേമകഥ. അങ്ങനെ പല ദിവസങ്ങള്‍. ഒരു വ്യാഴാഴ്ച ഉച്ചയ്ക്ക് അയാള്‍ അവളെ കാറില്‍ക്കയറ്റി സ്വന്തം സ്ഥലത്തേക്കു കൊണ്ടുപോയി. ആദ്യത്തെ വേഴ്ച. ഈ പ്രേമം പരകോടിയിലെത്തുമ്പോള്‍ കാമുകന്റെ അച്ഛന്‍ അയാളെ പാരീസിലേക്ക് അയയ്ക്കുന്നു. അതോടെ എല്ലാം അവസാനിച്ചു. 1930-ലാണ് കഥയുടെ ആരംഭം. യുദ്ധംകഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ ഭാര്യയുമായി നാട്ടില്‍നിന്ന് പാരീസിലെത്തി. അവളെ ഫോണില്‍ വിളിച്ചു. “ഞാനാണ് ഇത്” ശബ്ദത്തില്‍നിന്ന് അയാളെ അവള്‍ തിരിച്ചറിഞ്ഞു. അയാള്‍ പറഞ്ഞു: “നിന്റെ ശബ്ദം കേള്‍ക്കാന്‍ എനിക്കാഗ്രഹം.” And then he told her. Told her that it was as before, that he still loved her, he could never stop loving her, that he’d love her until death.

ആന്റി നോവലിന്റെ കലാസങ്കേതമുപയോഗിച്ചു രചിക്കപ്പെട്ട ഈ നോവല്‍ മാനുഷിക ബന്ധങ്ങളെ ആഴത്തില്‍ ആവിഷ്കരിക്കുന്നു. സാഗരതുല്യമായ ജീവിതത്തെ അതിന്റെ ലാളിത്യത്തോടും സങ്കീര്‍ണ്ണതയോടും പ്രതിപാദിക്കുന്നു. കടല്‍ ഇതിലെ ഒരു പ്രധാനപ്പെട്ട സിംബലാണ്. അതിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യരുടെ നാടകം അഭിനയിക്കപ്പെടുന്നത്. മരണത്തിന്റെയും നിത്യതയുടെയും അപ്രമേയ പ്രഭാവം ഏതാനും വാക്യങ്ങളിലൊതുക്കാന്‍ ദൂറാസിനു വല്ലാത്ത പ്രാഗൽഭ്യമാണ്. വൈഷയികത്വം ചിത്രീകരിക്കാനും അവര്‍ക്ക് അന്യാദൃശമായ വൈഭവമാണ്. ഒരു കൂട്ടുകാരിയുടെ വക്ഷസ്സിനെ കഥാനായിക വര്‍ണ്ണിക്കുന്നതു കണ്ടാലും: Nothing could be more extraordinary than the outer roundness of these breasts proffered to the hands, this outwardness held out towards them. Even the body of my younger brother, like that of a little coolie, is as nothing beside this splendour. The shapes of men’s bodies are miserly, paternalized. (Page 77) കഥാപാത്രങ്ങളെയും വായനക്കാരെയും പ്രകമ്പനംകൊള്ളിച്ച് അഭിജ്ഞതയിലേക്കു (awareness) നയിക്കുന്നതാണ് ആന്റി നോവലിന്റെ സ്വഭാവമെങ്കില്‍ ദൂറാസിന്റെ ഈ ചേതോഹരമായ കലാശില്പം അതിനു മകുടോദാഹരണം തന്നെ.

* * *

“611-ആം ലക്കം കലാകൗമുദിയില്‍ നിങ്ങള്‍ തകഴിയെ ‘മഹാശക്ത’നെന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഓരോ സമയത്ത് ഓരോന്നു പറയുന്നു അല്ലേ?”

“മഹായശസ്കന്‍ എന്നാണ് ഞാനെഴുതിയത്. അച്ചടിയില്‍ ‘മഹാശക്തന്‍’ എന്നായിപ്പോയി. അതുപോലെ Chains എന്നത് Claim എന്നായിട്ടുണ്ട്.”

ഈക്കീക്കിത്തമ്പലം

തിരുവനന്തപുരത്ത് കൊച്ചുകുട്ടികള്‍ക്ക് ഈക്കീക്കിത്തമ്പലം എന്നൊരു കളിയുണ്ട്. ഈര്‍ക്കിലിന്റെ ഒരു കൊച്ചുകഷണം മണ്ണുകൂട്ടി ഒളിച്ചുവയ്ക്കുന്നു. മറ്റേക്കുട്ടി അതു കണ്ടുപിടിക്കണം. കണ്ടുപിടിക്കാന്‍ എളുപ്പമില്ല. കലാകൌമുദിയില്‍ ‘ലച്ച്മിയുടെ സുന്ദരിപ്പാവകള്‍’ എന്ന ‘കഥ’യെഴുതിയ വി. എസ്. അനില്‍കുമാര്‍ വാക്കിന്റെ മണ്ണു നെടുനീളത്തില്‍ കൂട്ടിയിട്ട് പ്രമേയമെന്ന കൊച്ചീര്‍ക്കില്‍ക്കഷണം എവിടെയോ ഒളിച്ചുവയ്ക്കുന്നു. എനിക്കതു കണ്ടുപിടിക്കാനാവുന്നില്ല.

അനില്‍കുമാര്‍ കരുതിക്കൂട്ടി എല്ലാം വികൃതമാക്കുന്നു. ആവശ്യകതയില്‍ക്കവിഞ്ഞ ഊന്നല്‍ ഓരോന്നിനും നല്കുന്നു. അനുപാതത്തെ കാറ്റില്‍ പറത്തുന്നു. പദമാകുന്ന ദ്രൗപതിയെ അദ്ദേഹം ‘ബലാല്‍ക്കാരം’ ചെയ്യുന്നു. അനില്‍കുമാറിന് കായികശക്തിയുണ്ട്, സര്‍ഗ്ഗശക്തിയില്ല. സാധാരണമായ സത്യത്തെ അസാധാരണമായ സത്യമാക്കി അതിനെത്തന്നെ അസത്യമാക്കുകയാണ് അദ്ദേഹം. മലയാള സാഹിത്യത്തില്‍ ഈ ഈക്കീത്തമ്പലം കളി തുടങ്ങിയിട്ട് കാലം വളരെയായി. പിള്ളേരു കളിക്കട്ടെ. എനിക്കു പരാതിയില്ല. പക്ഷേ, എന്നെപ്പോലെ പ്രായമായവരും അതു കണ്ടേ പറ്റൂയെന്ന് ശഠിക്കരുത്.

ഹാസ്യം

ഒന്നോ രണ്ടോ വാക്യങ്ങളിലുള്ള ചില ജപ്പാനീസ് ഫലിതോക്തികള്‍ നല്കട്ടെ:

  1. എന്തോ കളഞ്ഞുപോയി, പൊലിസുകാരന്‍ വളരെ നേരം വിശദാംശങ്ങള്‍ ചോദിച്ചു. അത്ര തന്നെ.
  2. പടച്ചട്ടയണിഞ്ഞ യോദ്ധാവ്: ഞാനിനി കക്കൂസില്‍ക്കയറിയിട്ടെന്തു കാര്യം?
  3. പട്ടണത്തില്‍ എല്ലാവര്‍ക്കും അവളുടെ കാര്യമറിയാം. പക്ഷേ, ഭര്‍ത്താവിനു മാത്രം അറിഞ്ഞുകൂടാ.
  4. അയാളുടെ ജോലി നഷ്ടപ്പെട്ടു. ഇപ്പോള്‍ മാര്‍ക്സിന്റെ പുസ്തകം വായിക്കുന്നു.
  5. ഒരു റിക്ഷാക്കാരന്‍ വേറൊരു റിക്ഷാക്കാരനെ റിക്ഷയില്‍ കയറ്റിയിരുത്തി വലിക്കുന്നു.
  6. ‘പിറകെ ഒരു ബസ് ആളൊഴിഞ്ഞു വരുന്നു’ എന്നു പറഞ്ഞ് കണ്ടക്ടര്‍ രണ്ടു ബല്ലടിക്കുന്നു.
  7. മുതുകില്‍ നമുക്കു കൈ എത്താത്തിടത്ത് കൊതുകു വന്നിരുന്നു കടിക്കുന്നു.

ഇവയിലൊക്കെ ഹാസ്യത്തിന്റെ സ്ഫൂരണമുണ്ട്. ഈ സ്ഫൂരണമുണ്ടാക്കുന്നതില്‍ മലയാറ്റൂര്‍ രാമകൃഷ്ണനും ചെല്ലനും ടോംസും വിജയം പ്രാപിക്കുന്നു. ഉദ്യോഗസ്ഥന്റെ സ്റ്റെനോഗ്രാഫര്‍ — ചെറുപ്പക്കാരി — കടലാസ്സെടുത്ത് നെഞ്ചിലേക്കു വയ്ക്കുന്നു. അതുകണ്ട് ഉദ്യോഗസ്ഥന്‍ പറയുന്നു: ആര്‍ക്കും കൈവയ്ക്കാവുന്നിടത്ത് കോണ്‍ഫിഡന്‍ഷ്യല്‍ പേപ്പഴ്സ് വയ്ക്കരുതെന്ന് ഞാനെത്രവട്ടം പറഞ്ഞിരിക്കുന്നു ലൂസീ! (ട്രയല്‍ വാരിക. ജനയുഗം വാരികയില്‍ വന്ന കാര്‍ട്ടൂണിന്റെ വീണ്ടുമുള്ള അച്ചടിക്കല്‍.) വൃദ്ധന്റെ മകള്‍ക്കുവേണ്ടി ചെറുപ്പക്കാരന്‍ ഒരെഴുത്ത് എഴുതിക്കൊടുക്കുന്നു. ‘എവിടെ കാണട്ടെ അവളു വലിയ വൃത്തിക്കാരിയാ’ എന്ന് തന്ത. എഴുത്തു വാങ്ങി നോക്കിയിട്ട് അയാള്‍ രണ്ടു വാക്യംകൂടി എഴുതിച്ചേര്‍ക്കാന്‍ പറഞ്ഞു: “കയ്പട കണ്ടാ നിനക്ക് ഓക്കാനം വരുമെന്നറിയാം മോളെ,… എന്തുചെയ്യാം. അപ്പച്ചന് എഴുത്തറിയില്ലല്ലോ!’

ബോബന്റെയും മോളിയുടെയും അച്ഛനമ്മമാര്‍ അവരെയും കൂട്ടി ബന്ധുവിന്റെ വീട്ടില്‍പ്പോയി ഒരാഴ്ച താമസിച്ചു. തിരിച്ചു പോരുമ്പോള്‍ ‘ലോഹ്യ’ത്തിനു വേണ്ടി അവരെ തങ്ങളുടെ ഭവനത്തിലേക്കു ക്ഷണിച്ചു. ബോബനും കുടുംബവും സ്വന്തം വീട്ടില്‍ തിരിച്ചെത്തിയില്ല — അതിനുമുമ്പ് പടപോലെ മറ്റേക്കുടുംബം പ്രതിസന്ദര്‍ശനത്തിനെത്തി. ഈ ഹാസ്യചിത്രങ്ങള്‍ കാണുമ്പോള്‍ കലാപരമായ ആവിഷ്കാരത്തിന്റെ താണപടിയിലാണ് അവ നില്ക്കുന്നതെന്ന ചിലരുടെ അഭിപ്രായത്തോട് എനിക്കു യോജിക്കാന്‍ വയ്യ. മറ്റു രസങ്ങളെപ്പോലെ ഹാസ്യവും നമ്മെ ആഹ്ലാദിപ്പിക്കും.

* * *

“Rafiq Zakaria എഴുതിയ The Price of Power എന്ന നോവല്‍ വളരെയേറെ വാഴ്ത്തപ്പെടുന്നല്ലോ. എന്താണ് നിങ്ങളുടെ അഭിപ്രായം?”

“മഹാരാഷ്ട്രയില്‍ ഒരുകാലത്ത് ക്യാബിനറ്റ് മന്ത്രിയും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്ന അദ്ദേഹത്തിന്റെ ആദ്യകൃതിയാണിത്. ഞാനിതു വായിച്ചു. രാഷ്ട്ര വ്യവഹാരസംബന്ധികളായ എല്ലാ നോവലുകളും വിരസങ്ങളാണ്. ജേണലിസത്തില്‍ക്കവിഞ്ഞ് ഒന്നുമല്ലാത്ത ഈ നോവലും അങ്ങനെതന്നെ.”

“എല്ലാ രാഷ്ട്രീയ നോവലുകളും വിരസങ്ങളോ?”

“റുമേനിയന്‍ നോവലിസ്റ്റായ Petru Dumitriu എഴുതിയ Incognito, പാസ്റ്റര്‍ നാക്കിന്റെ ഡോക്ടര്‍. ഷിവാഗോയെയും അതിശയിക്കുന്ന ഒരു രാഷ്ട്രീയ നോവലാണ്. ഈ മതം എന്റേതല്ല, വലിയ നിരൂപകരുടേതാണ്. Incognito എന്നെ ഹര്‍ഷോന്മാദത്തിലേക്കെറിഞ്ഞു.”

“അടുത്തകാലത്ത് പ്രസാധനംചെയ്ത കാവ്യഗ്രന്ഥങ്ങളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒന്നിന്റെ പേരുപറയൂ.”

“രാമന്‍ നമ്പൂതിരിയുടെ ‘രഥവേഗം’.

ചങ്ങമ്പുഴയുടെ സുഹൃത്താണ് ഈ കവി. ആ കാലയളവിലെ ലയമനുസരിച്ച് അദ്ദേഹം പാടുന്നതു കേള്‍ക്കു:

ചായലില്‍ച്ചൂടിയ പൂകൊഴിഞ്ഞും
ചാരുതിലകം വിയര്‍പ്പില്‍ മാഞ്ഞും
വല്ലാതെ പാവാടക്കെട്ടുലഞ്ഞും
വെള്ളിയരഞ്ഞാണമൊന്നയഞ്ഞും
വീണു മയങ്ങുമൊരോമലാള്‍തന്‍
ചേണുലാവും പ്രതിച്ഛായപോലെ
ഏകാന്തകാന്തമാക്കാനനാന്തം
ഏതോ മനോഹര സ്വപ്നരംഗം.

മുദ്രണത്തിന്റെ ഭംഗി. ഡോക്ടര്‍ എം.ലീലാവതിയുടെ അന്തരംഗസ്പര്‍ശിയായ നിരൂപണം ഇവ ഈ കാവ്യഗ്രന്ഥത്തിനുണ്ട്.

വേഗമാര്‍ന്ന ലയം

സവിശേഷമായ വീക്ഷണഗതിയിലൂടെ തന്റെ കാലയളവിലെ സാമൂഹിക സ്ഥിതികള്‍ കലാസൃഷ്ടിയിലൂടെ രമണീയമായി സ്ഫുടീകരിക്കുന്നവനാണ് കലാകാരന്‍. താജ്മഹല്‍ നിര്‍മ്മിച്ച കാലയളവില്‍ ഒരു വ്യക്തിക്ക് ഏതൊരു ചിന്താഗതിയുണ്ടായിരുന്നു, ഏതുമാതിരി കിനാവുണ്ടായിരുന്നുവെന്ന് ആ വാസ്തുവിദ്യാശില്പം സ്പഷ്ടമാക്കിത്തരും. തന്റെ കാലയളവിലെ സമൂഹത്തെ തന്റേതായ വീക്ഷണമാര്‍ഗ്ഗത്തിലൂടെ കവി സംവീക്ഷണം ചെയ്തപ്പോള്‍ ‘വാഴക്കുല’ എന്ന കാവ്യമുണ്ടായി. ബി. ഉണ്ണിക്കൃഷ്ണന്‍ ‘ജനയുഗം’ വാരികയിലെഴുതിയ “വെളിപാട്” എന്ന കാവ്യം ഈ സത്യത്തിനു നിദര്‍ശകമായിരിക്കുന്നു.

അഗ്നിച്ചിറകുള്ള സ്വപ്നങ്ങളാണുപ്ര-
ക്ഷുബ്ധമെന്‍ ഹൃത്തില്‍ വിരിയുന്നതൊക്കെയും
എന്റെ സ്വപ്നങ്ങളില്‍ കത്തിയൊടുങ്ങുവാന്‍
വന്നുചേരുന്നൊരീരാവുപകലുകള്‍
എന്നിലുണരുന്ന സങ്കീര്‍ത്തനങ്ങള്‍, ഞാ-
നെന്ന ഭാവങ്ങള്‍, രാഗങ്ങള്‍, വിദ്വേഷങ്ങള്‍,

ഈ വരികളില്‍ ഇന്നത്തെ ജീവിതലയം — വേഗമാര്‍ന്ന ലയം — ഉള്ളതിനാല്‍ ഇത് കലാമൂല്യമുള്ള കാവ്യമാണ്. ജീവിതലയത്തിന്റെ വേഗം കാവ്യലയത്തിലും പകര്‍ന്നിരിക്കുന്നു എന്നതും ശ്രദ്ധേയമത്രെ.

അടഞ്ഞ വാതില്‍

സര്‍ഗ്ഗപ്രക്രിയയ്ക്ക് ധിഷണയുമായി ഒരു ബന്ധവുമില്ല. വികാരത്തിനു വിധേയനായ കവി ചില പദങ്ങളിലൂടെ അതു പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ അനായാസമായി വാക്കുകള്‍ വന്നുവീഴും. അത് വികാരത്തെ പ്രകടിപ്പിക്കുകയും ചെയ്യും. പലപ്പോഴും പര്യാപ്തങ്ങളായ വാക്കുകള്‍ കിട്ടുകയില്ല. എഴുതിയ വാക്കുകള്‍ വെട്ടിക്കളഞ്ഞിട്ട് വേറെ വാക്കുകള്‍ എഴുതും. അവയെ മാറ്റിയിട്ട് മറ്റു പദങ്ങള്‍ നിവേശിപ്പിക്കും. ഇങ്ങനെ പലതവണ ശ്രമിക്കുമ്പോള്‍ ആവിഷ്കാരം ശരിയാകും. ഇതിന് ധിഷണയുമായി ബന്ധമില്ല. ‘വാസുദേവന്റെ ഒരു ദിവസം’ എന്ന കഥയെഴുതിയ വി.പി. മനോഹരന് (ദേശാഭിമാനി വാരിക) ധിഷണയല്ലാതെ ഹൃദയവികാരമില്ല. സോപ്പ് വില്പനയല്ലാതെ ഹൃദയവികാരമില്ല. സോപ്പ് വില്പനക്കാരന്‍ തന്റെ ഉല്പന്നം വില്ക്കാന്‍കഴിയാതെ അവ വാരിയെറിയുന്നത്രെ. സമകാലികമായ സമൂഹത്തിന്റെ ദുഃസ്ഥിതിയുടെ നേര്‍ക്ക് കഥാകാരന്‍ അമ്പയയ്ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ രചനയ്ക്ക് സാഹിത്യമണ്ഡലത്തില്‍ പ്രവേശനമില്ല.

* * *

തിരുവനന്തപുരത്തുനിന്ന് നമ്മള്‍ യാത്രയാരംഭിക്കുന്നുവെന്നിരിക്കട്ടെ. കഴക്കൂട്ടത്തേക്ക് ഇത്ര കിലോമീറ്റര്‍, പാരിപ്പള്ളിയിലേക്ക് ഇത്ര കിലോമീറ്റര്‍ ഇങ്ങനെ ദൂരം കാണിക്കുന്ന കല്ലുകള്‍ റോഡരികില്‍ കാണും. എത്തേണ്ടിടത്ത് എത്തിയാലും പിന്നെയും അപ്പുറത്തുണ്ട് അടയാളപ്പെടുത്തിയ കല്ലുകള്‍. ഓരോ സ്ഥലവും താണ്ടി ഹിമാലയത്തിന്റെ ചുവട്ടില്‍ ചെന്നുവെന്ന് വിചാരിക്കു. ആ പര്‍വ്വതത്തിനപ്പുറത്തും സ്ഥലമുണ്ട്. അനന്തതയിലേക്കുള്ള യാത്ര. ഇടയ്ക്കിടയ്ക്കു ദൂരം കാണിക്കുന്ന കല്ലുകളും. ഈ കല്ലുകളാണ് കലാസൃഷ്ടികള്‍. സത്യത്തിന്റെ അദൃശ്യ പ്രപഞ്ചത്തിലേക്കുള്ള ദൂരം കാണിക്കുന്നു അവ. എത്ര സഞ്ചരിച്ചാലും ആ പ്രപഞ്ചത്തില്‍ നാം ചെല്ലുന്നില്ല. ചെല്ലാനുള്ള യത്നത്തില്‍ ദൂരമടയാളപ്പെടുത്തിയ കല്ലുകള്‍ സഹായിക്കുന്നുവെന്നു മാത്രം.