close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 11 27


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1998 11 27
മുൻലക്കം 1998 11 20
പിൻലക്കം 1998 12 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​​ ​​​ ബ്രിട്ടന്റെ പൊയിറ്റ് ലോറിയിറ്റായിരുന്ന — ആസ്ഥാന കവിയായിരുന്ന — റ്റെഡ് ഹ്യൂസ് (Ted Hughes, 1930–1998) മരിച്ചു. ആസ്ഥാനകവിയെന്ന നിലയിലല്ല ബഹുജനം അദ്ദേഹത്തെ നല്ല കവിയായി കാണുന്നത്. ജോൺ മേസ്ഫീൽഡെന്ന (John Masefield, 1878–1967) ഉണക്കക്കവിയും പോയിറ്റ് ലോറിയിറ്റായിരുന്നു. യഥാർത്ഥമായ കവിത്വശക്തിയാൽ അനുഗ്രഹീതനായിരുന്നു റ്റെഡ് ഹ്യൂസ്. അദ്ദേഹത്തെ പ്രകൃതിഗായകൻ എന്നു വിശേഷിപ്പിക്കാനാണ് നിരൂപകർക്കു കൗതുകം. ആ വിശേഷിപ്പിക്കൽ ഒരളവിൽ മാത്രം ശരിയെന്നേ പറയാനാവൂ. പ്രകൃതിയുടെ മൂർത്തസത്യത്തെ ചിന്തയുടെ അമൂർത്തസത്യവുമായി കൂട്ടിയിണക്കി വൈകാരികമണ്ഡലം സൃഷ്ടിച്ച കവിയാണ് റ്റെഡ് ഹ്യൂസ്. അർദ്ധരാത്രിയുടെ കൊടുങ്കാട്. മറ്റെന്തോ സജീവമായി വരുന്നു. നാഴികമണിയുടെ വിവിക്തത. കവിയുടെ മുൻപിൽ ഒന്നുമെഴുതാത്ത കടലാസ്. അതിലൂടെ അദ്ദേഹത്തിന്റെ വിരലുകൾ നീങ്ങുന്നു. ജന്നലിൽക്കൂടി നോക്കുമ്പോൾ നക്ഷത്രത്തെ കാണുന്നില്ല. എന്തോ വിവിക്തതയിൽ കടന്നുവരുന്നു. ചിന്താസൃഗാലന്റെ ആഗമനം. ഇനി കവിയുടെ വാക്യങ്ങൾ.

Till, with a sudden sharp hot stink of fox
It enters the dark hole of the head
The window is starless still; the clock ticks,
The page is printed

പ്രകൃതിനിഷ്ഠസത്യവും അമൂർത്തസത്യവും ചേതോഹരമായി കൂടിച്ചേരുകയാണ് ഇവിടെ.

സിദ്ധികളുണ്ടായിരുന്ന ഈ കവിയുടെ ജീവിതത്തിലെ ഇരുണ്ട ഭാഗമാണ് അമേരിക്കയിലെ മെയ്ജർ പൊയിറ്റായി കരുതപ്പെടുന്ന സിൽവിയ പ്ലത്തുമായുള്ള ബന്ധം (Silvia Plath, 1932–1963). 1956ൽ റ്റെഡ് ഹ്യൂസ് അവരെ വിവാഹം കഴിച്ചു. അവർക്കു രണ്ടു കുഞ്ഞുങ്ങളുണ്ടായി. പക്ഷേ 1962 തൊട്ട് അവരുടെ ദാമ്പത്യജീവിതം ശിഥിലമായി. റ്റെഡ് ഹ്യൂസ് വേറൊരു സ്ത്രീയുമായി ബന്ധപ്പെട്ടതാണ് ആ ശൈഥില്യത്തിന്റെ ഹേതു. ഭർത്താവിന്റെ വഞ്ചന സഹിക്കാനാവാതെ സിൽവിയ പ്ലത്ത് 1963 ഫെബ്രവരി 11 ന് ആത്മഹത്യ ചെയ്തു. വിവാഹത്തിനു മുൻപും അവർ ആത്മഹനനത്തിനു ശ്രമിച്ചിട്ടുണ്ട്.

ഭർത്താവിന്റെ കാമുകിയെക്കുറിച്ച് സിൽവിയ പ്ലത്ത് പറയുന്നതു വായിച്ചാൽ നമുക്ക് അവരുടെ ദു:ഖത്തിന്റെ ആഴത്തെക്കുറിച്ച് അറിവു കിട്ടും. “It’s that awful woman’s fault. She stole him. We were so happy and she stole him away from me. She’s an evil woman, a scarlet woman, the Jezebel. They’re in Spain spending our money, my money. Oh! How I hate them!”.

ജീവനൊടുക്കുന്നതിന് ഒരു മാസം മുൻപ് സിൽവിയ പ്ലത്ത് റ്റെഡ് ഹ്യൂസിന്റെ കത്തുകൾ കൂട്ടിയിട്ടു തീ കത്തിച്ചു. എന്നിട്ട് ആളിക്കത്തുന്ന തീയുടെ ചുറ്റും അവർ നൃത്തം വച്ചു അപ്പോൾ തീപിടിക്കാത്ത ഒരു കടലാസ് അവരുടെ അടുത്തേക്കു പറന്നുവന്നു. അതിൽ ദിദോ (Dido) എന്നെഴുതിയിട്ടുണ്ടായിരുന്നു. ആഫ്രിക്കയുടെ വടക്കേ തീരത്തുള്ള നഗരമാണ് കർത്തീജ് (Carthage) അതിന്റെ രാജ്ഞിയായിരുന്ന ദിദോ കർത്തീജിലെത്തിയ ഈനിയസിനെ (Aeneas) കണ്ടു പ്രേമവിവശയാകുകയും അദ്ദേഹം ഇറ്റലിയിലേക്കു പോയപ്പോൾ സ്വന്തം വാള് നെഞ്ചിൽ കുത്തിയിറക്കി മരിക്കുകയും ചെയ്തു. വാളു കൊണ്ട് ക്ഷതമേൽപ്പിക്കുകയല്ല, അഗ്നിയിൽ ചാടിയാണ് ദിദോ ആത്മഹത്യ ചെയ്തതെന്നും കഥയുണ്ട്. സിൽവിയ പ്ലത്ത് ദിദോയുടെ പേരെഴുതിയ കടലാസ്സു തുണ്ട് ഒരടയാളമായി സ്വീകരിച്ച് ജീവിതം അവസാനിപ്പിച്ചു.

അച്ഛനെ രക്തരക്ഷസ്സായിക്കണ്ട സിൽവിയ പ്ലത്ത് റ്റെഡ് ഹ്യൂസിന്റെ വഞ്ചനയില്ലായിരുന്നെങ്കിലും ആത്മഹത്യ ചെയ്യുമായിരുന്നെന്ന് എനിക്കുതോന്നുന്നു.

Daddy, you can lie back now.
There’s a stake in your fat black heart
And the villagers never liked you
They are dancing and stamping on you.
They always knew it was you.
Daddy, daddy, you bastard, I’am through
(12th October 1962)

സിൽവിയ പ്ലത്തിനു എട്ടുവയസ്സുണ്ടായിരുന്നപ്പോഴാണ് അച്ഛൻ (Boston University-യിലെ പ്രഫെസർ) പ്രമേഹരോഗത്താൽ മരിച്ചത്. അദ്ദേഹത്തെ കവിതയിലൂടെ ജീവിപ്പിച്ച് വീണ്ടും കൊല്ലുന്നു സിൽവിയ പ്ലത്ത്. മാത്രമല്ല അദ്ദേഹത്തെ ബാസ്റ്റഡെന്ന് — തന്തയില്ലാത്തവനെന്ന് — വിളിക്കുകയും ചെയ്യുന്നു. അനിയതമായ മാനസികനില വന്നാൽ ആരും എന്തും ചെയ്യും. ഈ അനിയതത്വമാണ് വിപത്തുകൾക്കെല്ലാം കാരണം. വെർജീനിയ വുഫിനും ഇടപ്പള്ളി രാഘവൻ പിള്ളയ്ക്കും മായകോവ്സ്കിയ്ക്കും നിയതമായ മാനസികാവസ്ഥ ഇല്ലായിരുന്നു. തികഞ്ഞ മാനസികാരോഗ്യത്തോടെയാണ് താൻ ലോകം വിട്ടുപോകുന്നതെന്ന് എഴുതിവെച്ചിട്ട് ആത്മഹനനം നടത്തി ഷ്ടെഫാൻ സ്വൈഹ് എന്ന വിശ്വവിഖ്യാതനായ സാഹിത്യകാരൻ. അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിൽ നമ്മൾ സംശയിക്കണം. ഭാര്യയെ ഉപേക്ഷിച്ചു വേറൊരു സ്ത്രീയുമായി സ്പെയിനിലേക്കു പോയ റ്റെഡ് ഹ്യൂസിനും മനസ്സിന്റെ സമനില പരിപാലിക്കാൻ കഴിഞ്ഞില്ലെന്നാണ് എന്റെ അഭ്യൂഹം.

അനിയതമായ മാനസികനില വന്നാൽ ആരും എന്തും ചെയ്യും. ഈ അനിയതത്വമാണ് വിപത്തുകൾക്കെല്ലാം കാരണം.

സിൽവിയ പ്ലത്തിന്റെ മരണത്തിനു ശേഷം വളരെക്കാലത്തേക്ക് റ്റെഡ് ഹ്യൂസ് കവിത എഴുതിയില്ല. 1998-ൽ അവരുമായുള്ള ബന്ധത്തെ അനുസ്മരിക്കുമാറ് അദ്ദേഹം ‘Birthday Letters’ എന്ന മനോഹരമായ കാവ്യഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. പശ്ചാത്താപവിവശനായ റ്റെഡ് ഹ്യൂസിനെ അതിൽകാണാം.

“Just as when your daughter, years ago now,
Drifting in, gazing up into my face,
Mystified,
Where I worked alone
In the silent house, asked suddenly;
‘Daddy, where is Mummy?’”
അതിൽത്തന്നെ ഇങ്ങനെയും:
“You are ten years dead. It is only story
Your story. My story.”

ചോദ്യം, ഉത്തരം

Symbol question.svg.png തങ്ങൾ മഹാസാഹിത്യകാരന്മാരാണെന്ന് സ്വയം കരുതി ആഹ്ലാദിക്കുന്നവരെക്കുറിച്ച് എന്തുപറയുന്നു?

അജ്ഞതയുടെ അടിസ്ഥാനത്തിൽ കെട്ടിയുയർത്തുന്ന ആ ആഹ്ലാദസൗധം വിമർശനത്തിന്റെ പ്രചണ്ഡവാതമേറ്റാൽ തകർന്നുവീഴും.

Symbol question.svg.png ഒരു വേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായ് വരും. അല്ലേ?

അങ്ങനെ ഉറപ്പിച്ചു പറയാമോ? തീർച്ചയായും ഇരുട്ടിന്റെ സാന്ദ്രത കുറഞ്ഞതായിത്തോന്നും, അതൊട്ടും കുറയുന്നില്ലെങ്കിലും. നവീനസാഹിത്യത്തിന്റെ വൈരൂപ്യം ആദ്യകാലത്തുള്ളത് ഇപ്പോഴുമുണ്ട്. പക്ഷേ ആ വൈരൂപ്യം ‘പണ്ടത്തെപ്പോലെ’ എന്നെ സമാക്രമിക്കുന്നില്ല. എങ്ങനെയെന്നാൽ: ഒരുത്തൻ ഒരു കുരങ്ങുമായി വീട്ടിലെത്തി. ഭാര്യ ചോദിച്ചു: ‘ഇതിനെന്ത് ആഹാരം കൊടുക്കും?’ ഭർത്താവ്: ‘നമ്മൾ കഴിക്കുന്ന ആഹാരം എന്തോ അത്.’ ഭാര്യ: ‘ഇതിനെ കിടത്തുന്നത് എവിടെ?’ ഭർത്താവ്: ‘നമ്മളുടെ കൂടെ.’ ഭാര്യ: ‘ഇതിന്റെ നാറ്റം സഹിക്കുന്നതെങ്ങനെ?’ ഭർത്താവ്: ‘വളരെക്കാലമായി ഞാൻ സഹിക്കുന്നതു പോലെത്തന്നെ.’

Symbol question.svg.png നിങ്ങൾ കോളത്തിൽ പരാമർശിക്കുന്ന പുസ്തകങ്ങൾ ഞാൻ തേടിപ്പിടിച്ച് വായിക്കാറുണ്ട്. മറ്റുള്ളവർ നന്നെന്നുപറയുന്ന പുസ്തകങ്ങൾ നിങ്ങൾ വായിക്കാറുണ്ടോ?

നിർദ്ദേശിക്കുന്നവരുടെ മൂല്യനിർണ്ണയത്തിൽ എനിക്ക് വിശ്വാസമുണ്ടെങ്കിൽ വായിക്കും. കൈനിക്കര കുമാരപിള്ള പറഞ്ഞതുകൊണ്ടാണ് ഞാൻ സ്റ്റൈൻബക്കിന്റെ നോവലുകളാകെ വായിച്ചത്. അന്നു ഞാൻ ചെറുപ്പമായിരുന്നു. സ്റ്റൈൻബക്കിന്റെ അശ്ലീലത കലർന്ന നേരമ്പോക്കുകൾ കൈനിക്കര പറഞ്ഞു കേൾപ്പിച്ചത് വായനയ്ക്ക് പ്രേരണ നൽകി. ഒരു കുട്ടി ക്ലാസ്സിൽ വൈകിവന്നപ്പോൾ അധ്യാപകൻ കാരണം ചോദിച്ചു. അവൻ: ‘എനിക്ക് പശുവിനെ കാളയുടെ അടുത്തേക്കു കൊണ്ടു പോകേണ്ടിയിരുന്നു.’ അധ്യാപകൻ: ‘നിന്റെ അച്ഛൻ പോരായിരുന്നോ അതിന്?’ അവൻ: ‘മതിയായിരുന്നു. പക്ഷേ കാളയാണ് മെച്ചം.’ ഏതു നോവലിലാണ് ഇതുള്ളതെന്ന് കൈനിക്കര പറഞ്ഞെങ്കിലും എനിക്കത് ഇപ്പോൾ ഓർമ്മയില്ല. ‘The Grapes of Wrath’ എന്നതിലായിരിക്കാം.’

Symbol question.svg.png പതിവായി പരദൂഷണം നടത്തുന്ന ഒരു സ്നേഹിതൻ എനിക്കുണ്ട്. ആ മനുഷ്യനോട് ഞാൻ അനുവർത്തിക്കേണ്ട നയമെന്ത്?

അയാളെ അകറ്റണം അല്ലെങ്കിൽ അയാൾ നിങ്ങളെയും ദുഷിക്കും. ഇപ്പോൾത്തന്നെ അയാളതു ചെയ്യുന്നുണ്ട്. സൂക്ഷിക്കൂ.

Symbol question.svg.png സ്നേഹിതന്റെ പുസ്തകം നല്ലതല്ല. അദ്ദേഹം അതിനെക്കുറിച്ച് പത്രത്തിൽ അനുകൂലമായി എഴുതാൻ നിർബന്ധിക്കുന്നു. ഞാനെന്തു ചെയ്യണം?

എഴുതരുത്. എഴുതിയാൽ സത്യമെന്നു നിങ്ങൾക്കു തോന്നുന്നതേ എഴുതാവൂ. അതു ബഹുജനം കണ്ടറിയും. അവർക്ക് സത്യപ്രഖ്യാപനം ആഹ്ലാദമുളവാക്കുകയും ചെയ്യും.

Symbol question.svg.png ജ്യോത്സ്യത്തിൽ വിശ്വാസമുണ്ടോ താങ്കൾക്ക്?

ചികിത്സിച്ചു മാറ്റാൻ വയ്യാത്ത രോഗമാണ് ജ്യോത്സ്യം. രോഗത്തിൽ ഞാനെങ്ങനെ വിശ്വാസമർപ്പിക്കും?

Symbol question.svg.png അത്യുക്തി എപ്പോഴെല്ലാം ആകാം?

പുസ്തകത്തിന് അവതാരിക എഴുതുമ്പോൾ. പ്രഭാഷണത്തിന്റെ തുടക്കത്തിൽ. കൂടെ പ്രസംഗിക്കുന്നവരെക്കുറിച്ച് നല്ല വാക്കുകൾ പറയുമ്പോൾ. കാമുകിയുടെ സൗന്ദര്യം കാമുകൻ വർണ്ണിക്കുമ്പോൾ. എവോർഡ് തരാൻ കെല്പുള്ളയാളിന്റെ പുസ്തകം റെവ്യൂ ചെയ്യുമ്പോൾ.

സ്വത്വനാശം

അലിഗ്സാണ്ടർച ചക്രവർത്തി തനിക്ക് കീഴടങ്ങാൻ ശത്രുരാജാക്കന്മാർ ഇല്ലെന്നായപ്പോൾ പൊട്ടിക്കരഞ്ഞുവെന്നാണ് കഥ. എന്തിന് അദ്ദേഹം കരഞ്ഞു? തലകൾ വെട്ടിച്ചെറിപ്പിച്ച് ചോരപ്പുഴയൊഴുക്കാൻ ഇനി സാധ്യമല്ല എന്നുവരുമ്പോൾ തനിക്ക് പ്രവർത്തിക്കാൻ ഒന്നുമില്ലെന്നുഗ്രഹിച്ച് സ്വത്വം നശിച്ച് അദ്ദേഹം നിന്നുപോയിരിക്കണം. ഈ സ്വത്വനാശം ആർക്കും സഹിക്കാനാവില്ല.

അദ്ദേഹം ഉന്നതനായ ഓഫീസറായിരുന്നു. ഒരുദിവസം പെൻഷൻ പറ്റി. സഹപ്രവർത്തകർ അദ്ദേഹത്തിന് സെന്റോഫ് എന്ന പാർട്ടിങ് കിക്ക് കൊടുത്തു. പൂമാല ചാർത്തി. കാറിൽ കയറ്റി വീട്ടിൽ കൊണ്ടുവിട്ടു. അദ്ദേഹം അന്നു രാത്രി ഉറങ്ങിക്കാണില്ല. നേരം വെളുത്തു. പ്രഭാതകൃത്യങ്ങളൊക്കെ അനുഷ്ഠിച്ചശേഷം സ്വന്തം ശരീരം ട്രൗസേഴ്സിലും ഷേർടിലും കോട്ടിലും കയറ്റി വീട്ടിൽ നിന്നിറങ്ങി. അപ്പോൾ ഭാര്യ ചോദിച്ചു: ‘എങ്ങോട്ട് പോകുന്നു?’ ആ ചോദ്യം കേട്ടപ്പോഴാണ് ഓഫീസിൽ പോകാൻ ഭാവിച്ച അദ്ദേഹത്തിനു തോന്നിയത്, പോകാനിടമില്ലല്ലോ എന്ന്. പോടുന്നനെ അദ്ദേഹത്തിന്റെ ശബ്ദം നഷ്ടപ്പെട്ടു. ആറു മാസത്തെ വിദഗ്ദ്ധമായ ചികിത്സയ്ക്കു ശേഷമാണ് ശബ്ദം തിരിച്ചു കിട്ടിയത് അദ്ദേഹത്തിന്. ഇതും സ്വത്വനാശത്തിന്റെ ഫലമാണ്.

ഞാൻ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ചങ്ങമ്പുഴയുടെ ‘ബാഷ്പാഞ്ജലി’ പ്രസിദ്ധപ്പെടുത്തിയത്. അപ്പുസ്തകം ഞാൻ കൊണ്ടു നടക്കുമായിരുന്നു. ‘നാണിച്ചു നാണിച്ചെന്റെ മാറത്തു തലചാച്ചു പ്രാണനായികേ നീയെന്നരികിൽ നിൽക്കേ’ എന്ന വരി വായിക്കുമ്പോഴൊക്കെ എനിക്ക് ഹർഷാതിരേകം ഉണ്ടാകുമായിരുന്നു. ബാഷ്പാഞ്ജലി ഞാനെത്ര തവണയാണ് നെഞ്ചോടു ചേർത്ത് പുളകം കൊണ്ടത്. ഇന്നോ? ഞാൻ വെറുക്കുന്ന വരിയാണത്. ഇക്കവിതയെസ്സംബന്ധിച്ച് എനിക്ക് സ്വത്വനാശം ഉണ്ടായിരിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം. വശീകരണവും ഇതുപോലെയാണ് യുവതിയെ കാണുന്നു യുവാവ്. അയാൾക്കു കാമോന്മാദം. അവളെ വശീകരിക്കുന്നു. വിവാഹം കഴിക്കുന്നു. വിവാഹത്തിനു ശേഷം സ്ത്രീശരീരത്തിന്റെ നിമ്നോന്നതാവസ്ഥകളിൽ പലതവണ പെരുമാറിക്കഴിഞ്ഞാൽ അയാൾക്കു ചെടിപ്പുണ്ടാകുന്നു. അതോടെ സ്വത്വനാശവും.

പൊറുപ്പിച്ചുകൂടാ

ഇനി ഞാനൊരു കവിതയെഴുതട്ടെ:

“സൂര്യന്റെ ച്ന്തിയിൽ കൊണ്ട മഷിയുടെ കഖഗഘങയിൽക്കൂടി ഗംഗാനദി പൊങ്ങിച്ചാടുമ്പോൾ ളഴറക്ഷയിൽക്കൂടി എബിസിഡി. പൈ ആർ സ്ക്വയേഡിലൂടെ മോണിക്ക പാവാടയുടുത്ത് തുടയ്ക്കുമ്പോൾ എ പ്ലസ് ബി സ്ക്വയേഡ്” ഈ അനുഭവം തന്നെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. എ. സന്തോഷ് കുമാർ എഴുതിയ ‘ബാഘ് ബഹദൂർ’ എന്ന ‘ചെറുകഥ’ വായിച്ചപ്പോൾ എനിക്കും ഉണ്ടായത്. എന്തൊരു ബീഭത്സത! എന്തൊരു വൃത്തികേട്! സാഹിത്യസംസ്കാരത്തിന്റെ സുന്ദരവദനത്തിൽ മാലിന്യം വാരിയെറിയുന്ന ഈ പ്രക്രിയ ഒരിക്കലും നമ്മൾ പൊറുപ്പിച്ചുകൂടാ. കൂടുതലെഴുതാൻ ഈ രചന വായിച്ചതിന്റെ പേരിൽ എനിക്കുണ്ടായ ക്ഷോഭം സമ്മതിക്കുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഈ രചനയെപ്പോലെ അസഹനീയമാണ് ദേശാഭിമാനി വാരികയിലെ ‘ഉത്തേജക’ മെന്ന അലിഗറി. സന്തോഷ്കുമാറിന്റെ രചന ഭാഷയുടെ നേർക്കുള്ള ആക്രമണം. ശ്രീ. പി. രവിവർമ്മയുടെ ‘ഉത്തേജകം’ ഭാവനയുടെ നേർക്കുള്ള ആക്രമണം.

പാദരക്ഷകൾ വീട്ടിനു പുറത്ത്

A masterpiece… incomparable… one of the great books of our century… And, like all great books, it bears an absolutely personal stamp; it speaks with a human voice എന്ന് അമേരിക്കൻ എഴുത്തുകാരി സൂസൻ സൻറ്റാഗ് വാഴ്ത്തിയ പുസ്തകമാണ് ഫ്രഞ്ച് സാമൂഹികനരവംശശാസ്ത്രജ്ഞനായ ക്ലോദ് ലേവി സ്റ്റ്രോസിന്റെ (Claude Levi-Strauss) ‘ത്രിസ്ത് ത്രപിക്’ എന്ന മഹാഗ്രന്ഥം (Sad Tropics എന്ന് ഇംഗ്ലീഷിൽ). അതിൽ അദ്ദേഹം വരമൊഴിയുടെ പ്രാഥമികപ്രവൃത്തി അടിമത്തത്തെ സഹായിക്കലാണെന്ന് എഴുതിയിട്ടുണ്ട്. ധൈഷണികവും കലാപരവുമായ ആഹ്ലാദം രണ്ടാമതായേ വരമൊഴിയിൽനിന്നുണ്ടാകുന്നുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. (… the primary function of written communication is to facilitate slavery. The use of writing for disinterested purposes, and as a source of intellectual and aesthetic pleasure, is a secondary result…) മഹാനായ ഒരു ചിന്തകന്റെ ഈ മതത്തെ വിമർശിക്കാൻ എനിക്കു ധൈര്യമില്ല. അതുകൊണ്ട് അദ്ദേഹം പറയുന്നത് ശരിയാണെന്ന് ഞാൻ സമ്മതിച്ചേക്കാം. പക്ഷേ സാഹിത്യഭാഷയുടെ പ്രാഥമികദൗത്യം ധിഷണയ്ക്കും ഹൃദയത്തിനും ആഹ്ലാദം നൽകലാണെന്ന സത്യം മറച്ചുവയ്ക്കാനും വയ്യ. ഈ ആഹ്ലാദം നൽകുന്നില്ല കരീഗൗഡ ബീച്ചനഹള്ളിയുടെ ‘വേർപാട്’ എന്ന ചെറുകഥ. മകൻ മരങ്ങൾ മുറിച്ചു വിൽക്കുമ്പോൾ അമ്മയുടെ ഹൃദയം തകരുന്നു. അപ്പോൾ മുറിവേറ്റ അവർ നടക്കാറായപ്പോൾ വീണ്ടും മരങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നു. ഒരാശയത്തിന്റെ കലാശൂന്യമായ പ്രകാശനമെന്നേ ഇക്കഥയെ കരുതാൻ കഴിയൂ. ക്ഷുദ്രമായ ഒരാശയത്തെ മൈലുകളോളം വലിച്ചുനീട്ടി കലാരാഹിത്യത്തിന്റെ മണ്ഡലത്തിൽ എത്തിക്കുന്ന ഈ കഥ കൊച്ചു കന്നഡ സാഹിത്യത്തിൽ അങ്ങനെ കിടന്നു കൊള്ളട്ടെ എന്നു വിചാരിക്കാതെ ശ്രീ. കെ.വി. കുമാരൻ അതിനെ മലയാളത്തിലേക്കുകൊണ്ടുവന്നിരിക്കുന്നു. പനിനീർപ്പൂക്കളുള്ള ആരാമത്തിൽ എന്തിന് ഈ നിർഗന്ധപുഷ്പത്തിന്റെ പ്രദർശനം. മറ്റുദേശങ്ങളിലെ സൗരഭ്യവാഹികളായ പൂക്കളെ മാത്രമേ ആളുകൾ കേരളത്തിലേക്കു കൊണ്ടുവരാൻ പാടുള്ളൂ. വീട്ടുകാരി തുടച്ചു കണ്ണാടിപോലെയാക്കിയിട്ട മുറിയിൽ അതിഥി റോഡിലെ ചെളിയാകെ പറ്റിയ ചെരിപ്പിട്ടുകൊണ്ടുവന്ന് അതു വെളിയിൽ ഊരിയിടാതെ അകത്തേക്കുകയറി തറ വൃത്തികേടാക്കുന്നതിനു തുല്യമായ പ്രവൃത്തിയാണ് ഈ ഭാഷാന്തരീകരണം.

സത്യമല്ലെങ്കിൽ പിന്നൊന്നുമില്ല

  1. സി.പി.ഐ. നേതാവായിരുന്ന ശ്രീ. കെ. ഗോവിന്ദപിള്ളയുടെ ആധ്യക്ഷ്യത്തിൽ ഞാൻ പ്രസംഗിച്ചുക ഴിഞ്ഞു. അടുത്തയാൾ കടും പിടുത്തക്കാരനായ ആന്റി കൊമ്യൂനിസ്റ്റ്. അദ്ദേഹം പ്രഭാഷണത്തിനിടയിൽ കൂടെക്കൂടെ “കാൾ മാർക്സ് എന്ന റഷ്യാക്കാരൻ പറഞ്ഞു”. ഇതുകേട്ട് ഗോവിന്ദപിള്ള എന്നോട്: “ഇയാൾ കോളേജ് വാദ്ധ്യാരല്ലേ?” എന്നു ചോദിച്ചു. “കോളേജ് വാദ്ധ്യാരായതു കൊണ്ടാണ് മാർക്സ് എന്ന റഷ്യാക്കാരൻ എന്നു പറഞ്ഞത്” എന്ന് ഞാൻ മറുപടി നൽകി.
  2. ഒരു സ്നേഹിതന്റെ വിവാഹത്തിന് കൂട്ടുകാരുമൊരുമിച്ച് ഞാൻ പോയി. വരന്റെ ആളുകളാണെന്ന ബഹുമാനത്തോടു കൂടി വധുവിന്റെ അമ്മ ഞങ്ങളുടെ അടുത്തു വന്നു, കൂപ്പുകൈയുമായി. ‘ഇഡിയസി’ ക്ക് പേരുകേട്ട ഒരാൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അവരെ കണ്ടയുടനെ അദ്ദേഹം ചോദിച്ചു: “വധു തന്നെ ഞങ്ങളെ സ്വീകരിക്കാനെത്തിയല്ലേ?”. അവർ വൈഷമ്യത്തോടെ പറഞ്ഞു: “അല്ല ഞാൻ വധുവിന്റെ അമ്മയാണ്”

പുതിയ പുസ്തകം

ജീനിയസ് എന്ന വിശേഷണം ഒരു സംശയവും കൂടാതെനൽകാം ബ്രസീലിയൻ നോവലിസ്റ്റും കഥാകാരിയുമായ ലിഷ്പെക്റ്റൊറിന് (Clarice Lispector, 1925–1977). സ്ത്രീയുടെ വിവിക്തത. സന്ത്രാസം വിരക്തി ഇവയെ മറ്റെഴുത്തുകാരികളും പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ലിഷ്പെക്റ്റൊറെപ്പോലെ ശക്തങ്ങളായ കഥകൾ അവർ എഴുതിയിട്ടില്ല. ഒരു വ്യത്യാസം കൂടെയുണ്ട്. ഇവയെ (വിവിക്തത തുടങ്ങിയവയെ) തന്നിലേക്ക് സംക്രമിപ്പിച്ച് തകർന്നടിയുന്ന സ്ത്രീയെയാണ് ഈ ബ്രസീലിയൻ പ്രതിഭാശാലിനി ചെറുകഥകളിൽ നോവലുകളിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇവരുടെ നോവലുകൾ എനിക്ക് വായിക്കാൻ കിട്ടിയിട്ടില്ല. ഏതാനും ചെറുകഥകൾ മാത്രമേ വായിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അവ അന്യാദൃശങ്ങളാണു താനും. ജോൺ കിങ് എഡിറ്റ് ചെയ്ത Modern Latin American Fiction എന്ന പുസ്തകത്തിൽ ലിഷ്‌പെക്റ്റൊറിന്റെ ‘The Buffalo’ എന്ന ചെറുകഥയുടെ അന്തരംഗസ്പർശിയായ നിരൂപണമുണ്ട്. ഈ കഥ ഞാൻ വായിച്ചിട്ടില്ലാത്തതുകൊണ്ട് ആ നിരൂപകനെ അവലംബിച്ച് ചില കാര്യങ്ങൾ കുറിക്കുകയാണ്. ഒരുത്തനെ സ്നേഹിക്കുന്നു ഒരു സ്ത്രീ. പക്ഷേ അയാൾ അവളെ സ്നേഹിക്കുന്നില്ല. അതുകൊണ്ട് മൃഗശാലയിൽ പോയി വെറുപ്പ് എന്തെന്നു മനസ്സിലാക്കൻ അവൾ തീരുമാനിക്കുന്നു. അവൾ അവിടെയൊരു പോത്തിനെ കണ്ടു. അതിന്റെ ശ്രദ്ധയിൽ പെടാൻ വേണ്ടി അവൾ കല്ലുകളെറിഞ്ഞു. അതിന്റെ നേർക്ക്. പോത്ത് തിരിഞ്ഞ് അവളെ നോക്കിയപ്പോൾ പുരുഷനോടുള്ള വെറുപ്പ് കാണിക്കാനായി അവൾ ആ മൃഗത്തിനോട് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’വെന്ന് പറഞ്ഞു. പോത്തിൽ നിന്നു സ്നേഹം ലഭിക്കാനായി ‘ഞാൻ നിന്നെ വെറുക്കുന്നു’ വെന്ന് പറയുകയായി. വലിയ പോത്ത് അവളുടെ അരികിലേക്കു വന്നു. വിലക്കപ്പെട്ട വാക്കുകൾ പറഞ്ഞ് സ്വന്തം വികാരങ്ങൾ പ്രകാശിപ്പിച്ച് അവൾ ആ മൃഗത്തെ ഇളക്കി. മൃഗം അവളെ നോക്കി. കൊച്ചു ചുവന്ന കണ്ണുകൾ കൊണ്ട്. വെറുപ്പ് പരകോടിയിലെത്തി. അവൾ കഠാരയെടുത്ത് സ്വന്തം ശരീരത്തിൽ താഴ്ത്തി. ഇരുമ്പു വേലിയിലൂടെ വഴുതി താഴെ വീണപ്പോൾ അവൾ അന്തരീക്ഷത്തിനെയും പോത്തിനെയും കണ്ടു.

ഇതുകൊണ്ടാണ് ലിഷ്പെക്റ്റൊർ ചിത്രീകരിക്കുന്ന സ്ത്രീകൾ രോഷത്തെയും നൈരാശ്യത്തെയും സംക്രമിപ്പിക്കുന്നുവെന്ന് ഞാൻ പറഞ്ഞത്.

വിശ്വവിഖ്യാതനായ മെക്സിക്കൻ നോവലിസ്റ്റ് കാർലോസ് ഫേൻതേസും (Carlos Fuentes, b. 1928) ബ്രൗൺ സർവകലാശാലയിലെ പ്രഫെസർ ഹൂല്യോ ഒർതേഗയും ചേർന്ന് എഡിറ്റ് ചെയ്ത The Picador Books of Latin American Stories (പ്രസാധനം 1998, വില GBP 10.20, പുറങ്ങൾ 333) എന്ന ഗ്രന്ഥത്തിൽ ലിഷ്പെക്റ്റൊറിന്റെ അതിശക്തവും അതിസുന്ദരവുമായ ഒരു ചെറുകഥയുണ്ട്. അതിന്റെ ചുരുക്കം നൽകിയാൽ കലാഹിംസയാകും. എങ്കിലും അതിനല്ലേ മാർഗ്ഗമുള്ളൂ.

കഥയുടെ പേര് Love എന്ന്. അന്ന സഞ്ചിയുമായി ട്രാമിൽ കയറി. അവൾ സഞ്ചി മടിയിൽ വച്ചു. ട്രാം നീങ്ങി. അവൾക്ക് നല്ല കുട്ടികളുണ്ട്. അവർ വളർന്നു വരുന്നു. നന്ന് എന്നു പറയാൻ വയ്യാത്ത രീതിയിൽ പെരുമാറുന്നു. കുട്ടികൾ വളർന്നു വരുന്നതോടൊപ്പം എല്ലാം വളരുന്നു. ആഹ്ലാദമില്ലാതെ ജീവിക്കാമെന്ന് അവൾ കണ്ടുപിടിച്ചിട്ടുണ്ട്. ഭയങ്ങളുണ്ട് അന്നയ്ക്ക്. അവൽ അവയെ അന്തരംഗത്തിൽ ഒതുക്കി.

തനിക്ക് ഇറങ്ങേണ്ടിടം വരുന്നതുവരെ അന്നയ്ക്ക് വിശ്രമിക്കാം. ഒരിടത്തു ട്രാം നിന്നപ്പോൾ ഒരുത്തൻ അനങ്ങാതെ നിൽക്കുന്നത് അന്ന കണ്ടു. മറ്റുള്ളവരും അയാളും തമ്മിലുള്ള വ്യത്യാസം അയാൾ അനങ്ങുന്നില്ല എന്നതാണ്. അന്ധൻ. അയാൾ ‘ച്യുയിംഗം’ ചവയ്ക്കുകയാണ്. തന്നെ അയാൾ അപമാനിച്ചതുപോലെ അവൾക്കു തോന്നി. അവൾക്കു വെറുപ്പാണ് എല്ലാവരോടുമെന്ന് മറ്റുള്ളവർക്കു തോന്നിയിരിക്കണം. അയാളെ തുറിച്ചു നോക്കുന്ന വേളയിൽ ട്രാമിന് കടച്ചിലുണ്ടായി. അന്നയുടെ സഞ്ചി താഴെ വീണ് അതിലുള്ള മുട്ടകൾ പൊട്ടി. മഞ്ഞ ദ്രാവകം ഒഴുകുകയാണ്. ട്രാം പാളങ്ങളിൽ ശബ്ദത്തോടെ ഓടുന്നു. ച്യൂയിങ്ഗം ചവയ്ക്കുന്ന അന്ധൻ എല്ലാക്കാലത്തേക്കുമായി ട്രാമിന്റെ പിറകിൽ ദൂരെയാണ്.

അന്നയ്ക്ക് ഇറങ്ങേണ്ടുന്ന സ്ഥലം അവളറിയാതെ കടന്നു പോയി. അവൾ അടുത്ത സ്റ്റോപ്പിലിറങ്ങി. രാത്രിയുടെ മധ്യത്തിൽ താനിറങ്ങിയെന്നവൾക്കു തോന്നൽ. നടപ്പാതയിൽ ഒരു വലിയ പൂച്ച അനങ്ങാതെ നിൽക്കുന്നു. അടുത്ത നിമിഷത്തിൽ നിശ്ശബ്ദമായ ചലനത്തോടെ അത് അപ്രത്യക്ഷമായി. എല്ലാം കനമാർന്നത്. ഒരണ്ണാൻ ഇരുട്ടിലേക്കു ചാടി. സഞ്ചി മുറുകെപ്പിടിച്ചുകൊണ്ട് അവൾ നടന്നു. അല്ല ഓടി. വീട്ടിലെത്തിയ അന്ന മകനെ ആശ്ലേഷിച്ചു. തിന്മയെ — അന്ധനെ — ഓർമ്മിച്ചുകൊണ്ട് അവൾ മകനോട് പറഞ്ഞു: “ജീവിതം ഭയജനകമാണ്” താൻ അന്ധന്റെ പക്ഷത്താണോ അതോ കനം കൂടിയ ചെടികളുടെ വശത്തോ? ഓ, അവൾ അന്ധനെ സ്നേഹിച്ചു. അവളുടെ ഭർത്താവ് വീട്ടിലെത്തി. അടുപ്പിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ശബ്ദം ഉയർന്നു. വീട് തീപിടിച്ചാലെന്ത്? അടുക്കളയിലേക്ക് ഓടിയ അന്ന കണ്ടത് ഭർത്താവ് കാപ്പി താഴെക്കളഞ്ഞിട്ട് നിൽക്കുന്നതാണ്. “അങ്ങയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നത് എനിക്കിഷ്ടമല്ല.” എന്ന് അവൾ അയാളോട് പറഞ്ഞു. ദയയുടെ മാന്ദ്യം മാറി അവൾക്ക്. സ്നേഹത്തെയും അതിന്റെ നരകത്തെയും അവൾ കടന്നോ? എന്തോ. കണ്ണാടിയുടെ മുൻപിൽ നിന്ന് അവൾ തലമുടി ചീകുകയാണ്. കിടക്കുന്നതിനു മുൻപ് മെഴുകുതിരി കെടുത്തുന്നതു പോലെ അവൾ ആ ദിവസത്തിന്റെ കൊച്ചു ദീപം ഊതിക്കെടുത്തി.

കലാഹിംസ ഞാൻ നടത്തിക്കഴിഞ്ഞു. അതുകൊണ്ട് ലീഷ്പെക്റ്റൊറിന്റെ കഥയുടെ ഇംഗ്ലീഷ് തർജ്ജമ വായിച്ചു നോക്കാൻ വായനക്കാരോട് ഞാൻ അഭ്യർത്ഥിക്കുന്നു. One is not born a woman എന്ന അഭിപ്രായം തെറ്റ്. സ്ത്രീ സ്ത്രീയായിത്തന്നെ ജനിക്കുന്നു. അവളെ ലോകത്തുള്ള എല്ലാം അടിമയാക്കുന്നു. ആ അടിമത്തത്തിലൂടെ അവൾ സ്നേഹം തുടങ്ങിയ വികാരങ്ങൾ വച്ചുപുലർത്തിക്കൊണ്ട് ജീവിക്കുന്നു. സംഘട്ടനങ്ങൾക്കാണ് അവൾ എപ്പോഴും അഭിമുഖീഭവിച്ചു നിൽക്കുക. കാരുണ്യത്തോടെ അല്ലെങ്കിൽ വിദ്വേഷത്തോടെ അന്ധനെ അന്ന നോക്കിയപ്പോൾ ട്രാം ‘ജെർക്ക്’ ചെയ്തതിന്റെ ഫലമായി മുട്ടകൾ പൊട്ടിയപ്പോൾ മറ്റു യാത്രക്കാർ അവളെ നോക്കി പുഞ്ചിരി പൊഴിച്ചു. അന്നയുടെ കാരുണ്യവും യാത്രക്കാരുടെ പുച്ഛവും വിരുദ്ധവികാരങ്ങൾ. അന്ധനോടുള്ള ദയയിലും അവളുടെ വെറുപ്പുണ്ട്. സ്നേഹമുണ്ട്. ലോകത്തിന്റെ വൈരൂപ്യത്തിന് അയാൾ പ്രതീകമായി നിൽക്കുന്നു. എല്ലാം ഇവിടെ പരസ്പരവിരുദ്ധങ്ങളും സംഘട്ടനാത്മകങ്ങളുമാണ്. അവയെ നേരിട്ടുകൊണ്ടു ജീവിക്കാൻ വിധിക്കപ്പെട്ടവളാണ് സ്ത്രീ. ഓരോ ദിനത്തിന്റെയും കൊച്ചു ദീപം ഊതിക്കെടുത്തിയിട്ട് അവൾ കിടന്നുറങ്ങുന്നു. നേരം വെളുത്താൻ അതേ ജീവിതത്തിന്റെ ആവർത്തനമുണ്ടാകുന്നു ലിഷ്പെക്റ്റൊറിന്റെ ഈ ആശയത്തോടു യോജിക്കാത്തവർക്കും ഇക്കഥയുടെ മനോഹാരിതയെ നിഷേധിക്കാനൊക്കുകയില്ല.

ഇതുപോലെയുള്ള വേറെയും കഥകൾ ഇപ്പുസ്തകത്തിലുണ്ട്. കലാശൂന്യങ്ങളായ കഥകളുമില്ലാതില്ല. ലാറ്റിനമേരിക്കൻ കഥാസാഹിത്യത്തിന്റെ സവിശേഷതകളറിയാൻ ഈ ഗ്രന്ഥം വായിക്കണം. ഫേൻതേസിന്റെയും ഒർതേഗയുടെയും നിരൂപണപ്രബന്ധങ്ങൾ ഇതിലുണ്ട്. അവ ഗ്രന്ഥത്തിന്റെ ഉത്കൃഷ്ടതയിലേക്ക് കൈചൂണ്ടുന്നു.

* * *

കേശവദേവ് എന്തും പറയും ദേഷ്യം വന്നാൽ. ഒരിക്കൾ എൻ.വി. കൃഷ്ണവാര്യർ ശ്രോതാവായി ഇരിക്കുമ്പോൾ ദേവ് പറഞ്ഞു: “ഞാൻ കൃഷ്ണവാര്യരുടെ കവിതകൾ വായിച്ചിട്ടില്ല. അതിനുതെളിവ് ഞാൻ ജീവിച്ചിരിക്കുന്നു എന്നതുതന്നെ.” എൻ.വി. അതുകേട്ട് പൊട്ടിച്ചിരിച്ചു.

“ജി. ശങ്കരക്കുറുപ്പിന്റെ കവിതയാണ് ഇന്നത്തെ എന്റെ പ്രസംഗത്തിന്റെ വിഷയം. താങ്കൾ വരുന്നോ” എന്നു ഞാൻ റോഡിൽ നിന്ന കേശവദേവിനോടു ചോദിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു: “ഇല്ല. വേറെ പണിയുണ്ട്. ശങ്കരനു നിങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് അന്വേഷിക്കൂ. പ്രസംഗിച്ചു നടക്കുന്നതിനു മുൻപ്”.