close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 10 26


സാഹിത്യവാരഫലം
Mkn-18.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 10 26
ലക്കം 580
മുൻലക്കം 1986 10 19
പിൻലക്കം 1986 11 02
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഡോക്ടര്‍ കെ. എം. തരകന്റെ “അനശ്വരനായ ഉറൂബ്” എന്ന പുസ്തകം സൗജന്യമാധുര്യത്തോടെ എനിക്കുതന്ന സുഹൃത്തിനു നന്ദി. ഗ്രന്ഥം തുറന്നാലുടനെ കാണുന്നത് ഉറൂബെഴുതിയ ഒരുകത്തിന്‍റെ ഫോട്ടോസ്റ്റാറ്റാണ്. കൗതുകത്തോടെ ഞാനതു വായിച്ചുതുടങ്ങി. “അഖിലനെ എനിക്കു മുന്പേ അറിയാം” എന്ന വാക്യത്തിലെ ‘മുമ്പേ’ എന്നത് ‘മുന്‍പേ’ എന്ന ചില്ലൊടുകൂടിയ രൂപത്തിലാണുവരേണ്ടത്. എങ്കിലും നിസ്സാരമായ തെറ്റ് എന്നു വിചാരിച്ചുകൊണ്ട് അടുത്ത വാക്യത്തിലേക്കും ഞാന്‍ കടന്നു. “അവര്‍ക്കും നിവര്‍ത്തിയില്ല” എന്നതു കണ്ടു ഞാന്‍ അമ്പരന്നുപോയി. തുടര്‍ന്ന് ആ കത്തുവായിക്കണമെന്ന് തോന്നിയില്ല എനിക്ക്. “നിവൃത്തി” എന്ന സംസ്കൃതപദത്തിന് ‘വിരാമം’, ‘അന്തര്‍ദ്ധാനം’, ‘ഉപരതി’ എന്നൊക്കെയാണ് അര്‍ത്ഥം. മലയാളത്തില്‍ ‘കഴിവ്’ എന്ന അര്‍ത്ഥത്തില്‍ ആ വാക്കു പ്രയോഗിക്കാറുണ്ട്. ‘എനിക്കതിനു നിവൃത്തിയില്ല’ എന്നുപറഞ്ഞാല്‍ ‘എനിക്കതിനു കഴിവില്ല’ എന്നാണര്‍ത്ഥം. ‘അനശ്വരനായ ഉറൂബ്’ നിവൃത്തിയെ നിവിര്‍ത്തിയാക്കിയതുകണ്ട് വലിയ സാഹിത്യകാരന്‍മാര്‍ക്കും ‘അക്ഷരമുറച്ചിട്ടില്ലേ’ എന്നു ഞാന്‍ സംശയിച്ചുപോയി. ചങ്ങമ്പുഴ എനിക്കയച്ച ഒരു കത്തിലെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി: “ആ വിഷയത്തെ സമഗ്രമായും ലളിതമായും വിവരിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം കേരളീയര്‍ക്ക് ഒരനുഹൃഹമായിരിക്കുമെന്നു ദൃഢമായി വിശ്വസിക്കുന്ന ഒരുവനാണു ഞാന്‍.” അനുഗ്രഹം എന്നെഴുതുന്നതിനു പകരം കവി അനുഹൃഹം എന്നെഴുതിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ കത്തിന്റെ തുടക്കം ഇങ്ങനെ: “ഞാന്‍ ഒരാഴ്ചയായി തീരെ കിടപ്പിലാണ്. അതിനാല്‍ നീണ്ട ഒരു കത്തെഴുതുവാന്‍ തല്ക്കാലം എനിക്കു നിവൃത്തിയില്ല.” തല്‍കാലം എന്നു ചില്ലോടുകൂടികകാരത്തിന് ഇരട്ടിപ്പില്ലാതെ എഴുതുകയാണു വേണ്ടത്. ചങ്ങമ്പുഴ അതു തല്ക്കാലം എന്നെഴുതി. അതു ക്ഷമിക്കാം. കാരണം ‘നിവൃത്തിയില്ല’ എന്നു ശരിയായി അദ്ദേഹം എഴുതിയല്ലോ. ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്കും അക്ഷരമുറച്ചിരുന്നില്ല. “ഇതെല്ലാം വാസ്ഥവമാണോ?” എന്നാണ് അദ്ദേഹം ചങ്ങമ്പുഴയോടു ചോദിച്ചത്. (ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കൃതികള്‍ (മംഗളോദയം പ്രസാധനം) വാസ്തവമെന്നു പറഞ്ഞാല്‍ എന്തു ശക്തിയിരിക്കുന്നു? അതുകൊണ്ട് ഒന്നുറപ്പിച്ചു ‘വാസ്ഥവ’മാക്കി ഇടപ്പള്ളി രാഘവന്‍പിള്ള. “പുഴുങ്ങിയ കല്പയും പഴുത്ത മാന്‍പഴവും” എന്നു പണ്ടാരോ ശുദ്ധിയോടെ പറഞ്ഞല്ലോ. ആ വിശുദ്ധി കവിയും അംഗീകരിച്ചു.

സര്‍ഗ്ഗശക്തിയുള്ള വലിയ സാഹിത്യകാരന്‍മാരുടെ നിസ്സാരങ്ങളായ തെറ്റുകളെ ഇങ്ങനെ പെരുപ്പിച്ചു കാണിക്കുന്നത് അവരെ ആക്ഷേപിക്കാന്‍ മാത്രമല്ലേ എന്ന ചോദ്യത്തിനു സാംഗത്യമുണ്ട്. സാംഗത്യമുണ്ടെങ്കിലും ആ തെറ്റുകള്‍ അവര്‍ വരുത്താതിരുന്നെങ്കില്‍ എന്ന എന്റെ ആഗ്രഹത്തിനും സാംഗത്യമില്ലാതില്ല. വാക്കുകള്‍ക്ക് ആധ്യാത്മികശക്തിയുണ്ട് എന്നാണ് ഭാരതീയന്റെ സങ്കല്പം. വാക്കുകള്‍ തെറ്റുകൂടാതെ എഴുതുമ്പോള്‍, തെറ്റുകൂടാതെ പറയുമ്പോള്‍, അസുരന്‍മാരും ദേവന്‍മാരും അവയുടെ സ്വാധീനശക്തിക്കു വിധേയരായിപ്പോകുന്നു. ഇതുകണ്ടറിഞ്ഞ കവിയാണ് അരവിന്ദഘോഷ്. ഉചിതമായ വാക്ക് ഉചിതമായരീതിയില്‍ പ്രയോഗിക്കുമ്പോള്‍ എന്തുണ്ടാകുന്നു? അരവിന്ദഘോഷ് പറയുന്നതു കേട്ടാലും:

Thought, vision, feeling, sense, the body’s self
Are seized unalterably and he endures.
An Ecstasy and an immortal change
He feels a Wideness and becomes a Power
All knowledge rushes on him like a sea.
Transmuted by the white spiritual ray
He walks in naked heavens of joy and calm,
Sees the God-face and hears transcendent speech”

[“Savitri” - page 426]

ആഹ്ളാദത്തിന്റെയും ശാന്തിയുടെയും സ്വര്‍ഗ്ഗത്തു നടക്കാന്‍ സഹായിക്കുന്ന വാക്ക് തെറ്റായി എഴുതിക്കൂടാ; തെറ്റായി ഉച്ചരിച്ചുകൂടാ.

പൈങ്കിളിയല്ല, എങ്കിലും

കാണുമ്പോളൊന്നു പുഞ്ചിരിതൂകിയിട്ട് വീര്‍പ്പിച്ചമുഖവുമായി പരിഞ്ഞുപോകുന്ന ആളുകളുണ്ട്. വിധി അവളെ നോക്കി ഒന്നു മന്ദഹാസം പൊഴിച്ചു. പാരുഷ്യത്തോടെ, യാത്രപറയാതെ പോകുകയും ചെയ്തു. ഇനിയും മന്ദഹാസം ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടി അവള്‍ കഴിഞ്ഞുകൂടുന്നു. ഒന്നും വ്യക്തമായില്ല അല്ലേ? സ്പഷ്ടമായിത്തന്നെ പറയാം. വനിതാ മാസികയില്‍ ശാരദാ ബാലചന്ദ്രന്‍ എഴുതിയ “കായ്ക്കാത്ത മരം” എന്ന ചെറുകഥ വായിക്കു. അനപത്യതയുടെ പാടുവീണ കിടക്കയില്‍ കിടക്കുന്ന അവളെ കാണാന്‍ അനുജത്തി മീനു വന്നു. മീനുവിനു രണ്ടു കുട്ടികളുണ്ട്. “നീ പ്രസവം നിറുത്തിയോ മീനു?” എന്നു ചേച്ചിയുടെ ചോദ്യം. “ഇല്ല ചേച്ചി ഓപ്പറേഷന്‍ ഒന്നും ചെയ്തിട്ടില്ല. രണ്ടു കുട്ടികള്‍ മതി എന്നു വച്ചിരിക്കുകയാണ്…” എന്ന് അനുജത്തിയുടെ മറുപടി. അവളുംഭര്‍ത്താവും ‘ആബ്സ്റ്റിനന്‍സ്’

വാക്കുകള്‍ക്കു് ആധ്യാത്മിക ശക്തിയുണ്ട് എന്നാണു് ഭാരതീയന്റെ സങ്കല്പം. വാക്കുകള്‍ തെറ്റുകൂടാതെ എഴുതുമ്പോള്‍, തെറ്റുകൂടാതെ പറയുമ്പോള്‍ അസുരന്മാരും ദേവന്മാരും അവയുടെ സ്വാധീന ശക്തിക്കു് വിധേയരായിപ്പോകുന്നു. ഇതു കണ്ടറിഞ്ഞ കവിയാണു് അരവിന്ദഘോഷ്.

നടത്തിയിരുന്നു എന്നര്‍ത്ഥം. അല്ലെങ്കില്‍ തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലുള്ള ഒരു സ്ഥാപനത്തിന്റെ അനുഗ്രാഹകത അയാള്‍ക്കു ലഭിച്ചിരുന്നുവെന്നും ആകാം. അനുജത്തിയുടെ മറുപടി കേട്ടു ചേച്ചി അഭ്യര്‍ത്ഥിച്ചു: “നീ എനിക്കുവേണ്ടി ഒരിക്കല്‍കൂടി പ്രസവിക്കു. എന്നിട്ടു ആ കുട്ടിയെ എനിക്കു വളര്‍ത്താന്‍ തരൂ.” കാമം അക്ഷമയോടെ അടച്ച വാതിലിനു മുന്‍പില്‍ നില്ക്കുകയായിരുന്നു. ചേച്ചിയുടെ വാക്കു കേട്ടയുടനെ ഭാര്യയും ഭര്‍ത്താവുംകൂടെ ഒരുമിച്ചു വാതില്‍ തുറന്നുകൊടുത്തു. കാമം മുറിക്കുള്ളില്‍ കടന്നു. സംയമം കാറ്റില്‍ പറത്തി അവര്‍. അല്ലെങ്കില്‍ പേരൂര്‍ക്കടയിലെ സ്ഥാപനം നിര്‍മ്മിക്കുന്ന ഉപകരണത്തോട് “പോടാ പോ’ എന്ന് മീനുവും ഭര്‍ത്താവും പറഞ്ഞിരിക്കണം. മീനു മൂന്നാമതു പ്രസവിച്ചു. കുഞ്ഞ് ചേച്ചിയുടെ മകനായി വളര്‍ന്നു. പക്ഷേ ഒരു ദിവസം അവന്‍ മനസ്സിലാക്കി തന്റെ മാതാപിതാക്കന്‍മാര്‍ അങ്ങകലെതാമസിക്കുന്നുവെന്ന്; തന്നെ വളര്‍ത്തുന്ന സ്ത്രീ തന്റെ അമ്മയല്ലെന്ന്. അവന്‍ അച്ഛനമ്മമാരുടെ വീട്ടില്‍ പോയി; തിരിച്ചുവന്നില്ല. അതുവരെ കായ്ക്കാത്ത ഒരു മരം കായ്ച്ചതു നോക്കി ചേച്ചി പ്രതീക്ഷയോടെ നില്ക്കുമ്പോള്‍ കഥ അവസാനിക്കുന്നു.

ചിലര്‍ നമ്മളെ സ്നേഹത്തോടെ അവരുടെ വീട്ടിലേക്കു ക്ഷണിക്കും. നമ്മള്‍ പോകില്ല. ആവര്‍ത്തിച്ചുക്ഷണിക്കുമ്പോള്‍ പോകും. പോയാല്‍ ശല്യപ്പെടുത്താന്‍ വന്നിരിക്കുന്നു എന്ന മട്ടു കാണിക്കും. എനിക്കു കിട്ടുന്ന കത്തുകളില്‍ ചിലതു പ്രശംസയില്‍ തുടങ്ങും. അവസാനത്തോട് അടുക്കുമ്പോള്‍ ഇരമ്പുന്ന തെറി.അതുപോലെ വിനയം നടിച്ചു വീട്ടില്‍ കയറിവരുന്നവരുണ്ട്. വന്നയുടനെ സാഹിത്യവാരഫലത്തെ അതര്‍ഹിക്കാത്തവിധത്തില്‍ പുകഴ്ത്തും. എന്നിട്ടു ക്രമേണ വിമര്‍ശനത്തിലേക്കു നീങ്ങും. ‘കലാകൗമുദി’യില്‍ വരുന്ന കഥകളെക്കുറിച്ചു നല്ലതേ പറയൂ. അല്ലേ?” എന്നു പുഞ്ചിരിപൊഴിച്ചു ചോദിക്കും. “അല്ലല്ലോ; ഞാന്‍ നിശിതമായി വിമര്‍ശിക്കാറുണ്ടല്ലോ.” എന്നു പറഞ്ഞാലും സമ്മതിക്കില്ല. വിമര്‍ശനം നിന്ദനം വരെ എത്തിച്ചിട്ട് വന്നയാള്‍ പോകും. ശാരദാ ബാലചന്ദ്രന്റെ കഥ ‘വനിതാ’ മാസികയുടെ സൗന്ദര്യത്തിലൂടെ നമ്മളെ ക്ഷണിക്കുന്നു. കഥ വായിച്ചുകഴിയുമ്പോള്‍ നീരസം, നിന്ദനം. ഇക്കഥ സാക്ഷാല്‍ പൈങ്കിളിയല്ല. എങ്കിലും പൈങ്കിളിയുടെ മറ്റൊരു രൂപമാണ്.

* * *

മരണം സമ്മതംചോദിക്കാതെ ഓടി വീട്ടില്‍ക്കയറിയാലും രക്ഷപ്പെടാം. ചില കഥകള്‍ ആക്രമിക്കാന്‍ വന്നാല്‍ ഓടിയാലും രക്ഷയില്ല.

അച്ഛനെന്ന ഹിറ്റ്‌ലര്‍

മകനെ അഞ്ചു വയസ്സുവരെ രാജകുമാരനെപ്പോലെയും പത്തു വയസ്സുവരെ അടിമയെപ്പോലെയും പതിനാറു വയസ്സുമുതല്‍ സുഹൃത്തിനെപ്പോലെയും അച്ഛന്‍ കരുതണമെന്നാണ് ഭാരതത്തിലെ അലിഖിതനിയമം. പക്ഷേ ഇതൊരു കുടുംബത്തിലും കാണാറില്ല. മിക്ക കുടുംബങ്ങളിലും അച്ഛന്‍ ഡിക്ടേറ്ററാണ്. എന്റെ കുട്ടിക്കാലത്ത് ഞാനൊരു വീട്ടില്‍ ബാഡ്മിന്റന്‍ കളിക്കാന്‍ പോകുമായിരുന്നു. അങ്ങനെ കളിച്ചുകൊണ്ടിരുക്കുമ്പോള്‍ ആ വീട്ടിലെ പയ്യന്‍ റോഡില്‍ നോക്കിക്കൊണ്ടിരിക്കും. ചിലപ്പോള്‍ അവന്‍ വിളിക്കും: “അച്ഛന്‍ വരുന്നു.” അതു കേട്ടതുപാതി, കേള്‍ക്കാത്തതുപാതി, ബാറ്റും ബാളും എറിഞ്ഞിട്ട് ഞങ്ങള്‍ ഓടിയൊളിക്കും. സര്‍ക്കാരില്‍ ഹെഡ്ട്രാന്‍സ്ലേറ്ററായിരുന്ന ആ മനുഷ്യന്‍ ഗേറ്റ് കടക്കുന്നതിനുമുന്‍പ് നെറ്റ് അഴിച്ചുമാറ്റിയിരിക്കും. ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു. അച്ഛന്‍മാരായ ഹിറ്റ്ലറന്‍മാര്‍ ഇപ്പോഴും മുറിമീശയും സ്വസ്തികയും കാണിച്ചു പിള്ളേരെ പേടിപ്പിച്ചു ഭരിച്ചുകൊൻടിരിക്കുന്നു. ആണ്‍പിള്ളേര്‍ക്കു ഒരു സിനിമ കാണണമെങ്കില്‍ അമ്മയോടു പണം ചോദിക്കണം. മിക്കവാറും അച്ഛന്‍ കൊടുക്കില്ല. കൊടുക്കുന്നെങ്കില്‍ അതു മക്കളോടുള്ള സ്നേഹംകൊണ്ടല്ല. തല്‍കാലം അവരൊന്ന് ഒഴിഞ്ഞാല്‍ സന്ധ്യക്ക് ആറുമണിതൊട്ടു അവന്‍മാര്‍ തിരിച്ചെത്തുന്ന പത്തുമണി വരെയുള്ള സമയത്തു ഭാര്യയുമായി സല്ലപിക്കാമല്ലോ എന്നു കരുതിയാണ്. കുറ്റം ചെയ്തിട്ടു പൊലീസ് ഇന്‍സ്പെക്ടറുടെ മുന്‍പില്‍പെട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന പേടിയേക്കാള്‍ വലിയ പേടിയാണ് കുറ്റംചെയ്യാതെ അച്ഛന്റെ മുന്‍പില്‍ പെട്ടുപോകുന്ന മകനുണ്ടാകുന്നത്. ഇതിന്റെ റിയാക്ഷനാണ് ഇന്നു കാണുന്നത്. മകന്‍ അച്ഛനെ ധിക്കരിക്കുന്നു. അയാള്‍ക്കു ഇഷ്ടമില്ലാത്തതെല്ലാം ചെയ്യുന്നു. പഠിക്കാതെ നടക്കുന്നു. കഞ്ചാവു വലിക്കുന്നു. കള്ളികുടിച്ചുകൊണ്ടു വീട്ടില്‍ വന്നു ബഹളം കൂട്ടുന്നു. ചിലപ്പോള്‍ ‘കൈവയ്ക്കുകയും’ ചെയ്യുന്നു. മകന്റെ അടികൊണ്ട അച്ഛന്‍ കടലില്‍ച്ചാടി ചാകുന്നു (സങ്കല്പമല്ല, യാഥാര്‍ത്ഥ്യം). തകര്‍ന്ന ഈ പിതാപുത്രബന്ധത്തെ (പിതൃപുത്രബന്ധം എന്ന പ്രയോഗം തെറ്റ്) ഒരു ചെറുകഥയിലൂടെ എം.ജി. രാധാകൃഷ്ണന്‍ ചിത്രീകരിക്കുന്നു. (ചങ്ങല - ട്രയല്‍ വാരിക) മകന്‍ അച്ഛനെ ചങ്ങലകൊണ്ടു ബന്ധിക്കുന്നു. അച്ഛന്‍ മരിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ ആ ചങ്ങല എടുത്തുകൊണ്ട് അമ്മയെ സമീപിക്കുന്നു. രാധാകൃഷ്ണന്റെ ധര്‍മ്മരോഷം കലയുടെ ചട്ടക്കൂടിലൊതുങ്ങിയാണ് പ്രകടമാകുന്നത്.

* * *

എന്റെ നാട്ടില്‍ മുന്‍പ് ഇതൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്‍ ഉറങ്ങുന്നതുവരെ മകനായ ഗാന്ധി അദ്ദേഹത്തിന്റെ കാലുതിരുമ്മിക്കൊടുക്കുമായിരുന്നു. “ഓരോ രാത്രിയും ഞാന്‍ അദ്ദേഹത്തിന്റെ കാലു തിരുമ്മിക്കൊടുക്കും. അച്ഛന്‍ പോകാന്‍ പറയുന്നതുവരെ, അല്ലെങ്കില്‍ അദ്ദേഹം ഉറങ്ങുന്നതുവരെ ഞാനതു ചെയ്യും. ഈ സേവനമനുഷ്ഠിക്കാന്‍ എനിക്കിഷ്ടമായിരുന്നു” എന്നാണ് ഗാന്ധിജി ആത്മകഥയില്‍ പറഞ്ഞിട്ടുള്ളത്. അക്കാലത്ത് അദ്ദേഹം കൊച്ചുകുട്ടിയല്ല; വിവാഹിതനായിരുന്നു. ഗര്‍ഭിണിയായ ഭാര്യ അടുത്ത മുറിയില്‍ കിടക്കുമ്പോഴാണ് ഗാന്ധി അച്ഛന്റെ കാലു തിരുമ്മുന്നത്.

തത്ത്വചിന്ത ശരി; പ്രായോഗികതലത്തിലോ?

പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍ നായരുമായി ഞാന്‍ കൊട്ടാരക്കരയ്ക്ക് അടുത്തുള്ള ഒരു സ്ഥലത്ത് മീറ്റിങ്ങിനു പോയി. ഉച്ചകഴിഞ്ഞ് രണ്ടരമണിയായി. ഊണുകഴിക്കാന്‍ മീറ്റിങ്ങിന്റെ സംഘാടകര്‍ കൊണ്ടുകയറ്റിയത് ഒരു വിവാഹത്തിന്റെ സദ്യ നടക്കുന്ന പന്തലിലാണ്. ഒരു പരിചയവുമില്ലാത്ത വീട്ടുകാര്‍. അവര്‍ ക്ഷണിച്ചില്ല. അങ്ങനെയിരിക്കെ അവരുടെ ചോറുണ്ണുന്നതെങ്ങനെ? ഞാന്‍ ഇലയുടെ മുന്‍പില്‍ വെറുതെയിരുന്നതേയുള്ളു. മീറ്റിങ് അഞ്ചു മണിക്കു തുടങ്ങിയപ്പോള്‍ ഞാന്‍ അവശനായിക്കഴിഞ്ഞിരുന്നു. “എന്താ വല്ലാതിരിക്കുന്നത്?” എന്നു ബാലകൃഷ്ണന്‍ നായരുടെ ചോദ്യം. “ഉണ്ണാന്‍ കഴിയാത്തതുകൊണ്ട്” എന്ന് എന്റെ ഉത്തരം. അദ്ദേഹമുടനെ വേദാന്ത ചിന്തയിലേക്കു കയറി. “ഉണ്ടാലെന്ത്? ഉണ്ടില്ലെങ്കിലെന്ത്? ‘മാത്രാസ്പര്‍ശസ്തു കൗന്തേയ ശീതോഷ്ണ സുഖദുഃഖദാഃ ആഗമാപായിനോ നിത്യാഃ താംസ്തിതിക്ഷസ്വ ഭാരത’ [വസ്തുക്കളുമായുള്ള ഇന്ദ്രിയസ്പര്‍ശമാണ് ചൂട്, തണുപ്പ്, വേദന, ആഹ്ളാദം ഇവയുടെ അനുഭൂതി ഉളവാക്കുന്നത്. അവവരുന്നു, പോകുന്നു. അസ്ഥിരങ്ങളാണ് അവ ക്ഷമയോടുകൂടി അവയെ സഹിക്കു]” എന്നായി ബാലകൃഷ്ണന്‍ നായര്‍. ഞാന്‍ ഉടനെ മറുപടി നല്കി: “സര്‍, തത്ത്വചിന്താപരമായി അതുശരി. പ്രായോഗികതലത്തില്‍ അതു ശരിയല്ല. സാറിനു മാത്രമല്ല വലിയ യോഗികള്‍ക്കും വിശക്കുമ്പോള്‍ ആഹാരം കഴിക്കണം. തത്ത്വചിന്തയുടെ തലത്തിലും പ്രായോഗികതലത്തിലും അതു ശരിയെന്ന് ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. എനിക്കു വിശ്വാസമായില്ല, ഇന്നും വിശ്വാസമില്ലാതാനും. എല്ലാം മിഥ്യ, എല്ലാം മായ എന്നുപറഞ്ഞ് മനുഷ്യനെ ജാഡ്യത്തിലേക്കു തള്ളിയിടാനേ ശങ്കരാചാര്യരുടെ മായാവാദം പ്രയോജനപ്പെട്ടിട്ടുള്ളു. ഇന്ത്യയിലെ ഏതു മിസ്റ്റിക്കും വസ്തുവിനെയും വസ്തുതയെയും അനുധ്യാനം ചെയ്ത് അവമായയാണെന്നുഗ്രഹിക്കുന്നു. അപ്പോള്‍ അയാള്‍ക്കു നിര്‍വൃതിയുണ്ടാകുന്നു. സത്യസാക്ഷാത്കാരത്താലുള്ള നിര്‍വൃതി. എക്സിസ്റ്റെന്‍ഷ്യലിസ്റ്റുകളുടെ രീതി ഇതില്‍നിന്നു വിഭിന്നമാണ്.

സാര്‍ത്രിന്റെ ‘ലേനോസേ’ എന്ന നോവലിലെ പ്രധാന കഥാപാത്രം ഒരു വ്യക്ഷത്തിന്റെ വേരു നോക്കി നോക്കി “ഭയജനകമായ ഹര്‍ഷോന്മാദ”ത്തില്‍ വീഴുന്നു. വേരിന്റെ കറുത്തനിറം നിറമല്ല മുറിവാണ്, ദ്രാവകമാണ് എന്നൊക്കെ അയാള്‍ക്കു തോന്നുന്നു. ഈ തോന്നലില്‍നിന്ന് അയാള്‍ ജീവിതത്തിന്റെ അബ്സേഡിറ്റിയിലേക്കു ചെല്ലുന്നു. “ഭയജനകമായ ആ ഹര്‍ഷോന്മാദത്തി”ല്‍നിന്നും അബ്സേഡിറ്റിയുടെ ബോധത്തില്‍ നിന്നും രക്ഷനേടാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളു. അതാണ് കല. ഇതാണ് സാര്‍ത്രിന്റെ കഥാപാത്രത്തിനുള്ള വിചാരം. സത്യത്തെ മിഥ്യയാക്കുന്ന ഭാരതീയന്റെ നേര്‍ക്കുള്ള മൃദുലമായ ഉപാലംഭമാണ് രവിശങ്കറിന്റെ ഹാസ്യചിത്രം. - കലാകൌമുദി ലക്കം 578. ചെന്നായ് മിഥ്യ, ആടുകളും മിഥ്യ. പക്ഷേ ചെന്നായ് ആടുകളെ ഭക്ഷിച്ചിട്ട് എല്ലിന്‍ കഷണങ്ങള്‍ മാത്രം ഇട്ടിട്ടു പോകുമ്പോഴാണ് മിഥ്യയുടെ സ്വഭാവം വ്യക്തമാകുന്നത്. ചിന്താപ്രധാനമായ ഈ ഹാസ്യചിത്രം എനിക്കിഷ്ടപ്പെട്ടു.

റെന്‍ഡ്ര

ഇന്‍ഡൊനീഷയിലെ വലിയ കവിയാണ് റെന്‍ഡ്ര. അദ്ദേഹത്തിന്റെ Swan Song എന്ന കാവ്യംപ്രസിദ്ധമാണ്. സംഗ്രഹിക്കല്‍ എന്ന കലാകൊലപാതകം നടത്തട്ടെ:

വേശ്യാലയത്തിന്റെ ഉടമസ്ഥന്‍ അവളോടു പറഞ്ഞു:
രണ്ടാഴ്ചയായി നിനക്കു സുഖമില്ല
നീ ഒന്നിനൊന്നു രോഗിണിയായി മാറുന്നു.
നീ പണം നേടുന്നില്ല.
നീ എനിക്കു പണം തരാനുണ്ട്
പണം നഷ്ടപ്പെടാന്‍ എനിക്കിഷ്ടമില്ല
ഇനി നിന്നെ ഇവിടെ താമസിപ്പിക്കാന്‍ വയ്യ
ഇന്നു നീ പോകണം.
സ്വര്‍ഗ്ഗം സൂക്ഷിക്കുന്ന മാലാഖ
ആ മാലാഖയുടെ മുഖം പ്രകാശപൂര്‍
ണ്ണമാണ്; അത് പക കലര്‍ന്നതാണ്.

മാലാഖയുടെ ജ്വലിക്കുന്ന വാള്‍ കുറ്റപ്പെടുത്തുന്ന രീതിയില്‍ എന്റെ നേര്‍ക്കു ചൂണ്ടിയിരിക്കുന്നു.

മേരിയ സെയിത്തുന്‍ എന്നാണ് എന്റെ പേര്.
ഭാഗ്യംകെട്ട വേശ്യ
വേണ്ടിടത്തോളം സൗന്ദര്യമില്ല, പ്രായവും ഏറെയായി.

ഉച്ചയ്ക്കു പന്ത്രണ്ടു മണി സമയത്ത് സൂര്യന്‍ ആകാശത്തു ഉയര്‍ന്നു നില്ക്കുമ്പോള്‍, കാറ്റില്ലാത്തപ്പോള്‍, മേഘക്കീറുപോലുമില്ലാത്തപ്പോള്‍ മേരിയ സെയിത്തുന്‍ വേശ്യാലയം വിട്ടിറങ്ങി. പെട്ടിയില്ല, സ്വന്തമായി ഒന്നുമില്ല. അവളുടെ കൂട്ടുകാരികള്‍ തലതിരിച്ചു കളഞ്ഞു. പനിയോടുകൂടി ആടിയാടി അവള്‍ നടന്നു. സിഫിലിസ് അവളെ പൊള്ളിച്ചു. ജനനേന്ദ്രിയത്തില്‍, കഴുത്തില്‍, കക്ഷത്തില്‍, മുലകളില്‍ വ്രണങ്ങള്‍. ചുവന്ന കണ്ണ്, ഉണങ്ങിയ ചുണ്ട്. അവൾ ഡോക്ടറുടെ അടുത്തു പോയി. അയാള്‍ അവളെ പറഞ്ഞയച്ചു. പാതിരിയെ സമിപിച്ചു അവള്‍. “നിനക്കു പാതിരിയല്ല വേണ്ടത്. മനോരോഗ ചികിത്സകനെയാണ്,” എന്ന് അയാള്‍. അവള്‍ നടന്നു. ഭക്ഷണശാലയിലെ വീപ്പയില്‍നിന്ന് എച്ചിലെടുത്തു വാഴയിലയില്‍ പൊതിഞ്ഞ് നഗരത്തിനു പുറത്തേക്കു പായി. സന്ധ്യയായി. പതുക്കെ അവള്‍ എച്ചിലു തിന്നു. വെള്ളം കുടിച്ചു നദിയില്‍നിന്ന്. ഏഴുമണിയായി. നദി പാറക്കെട്ടുകളില്‍ ചെന്നടിക്കുന്നു. നദിയുടെ രണ്ടു കരകളിലുമുള്ള മരങ്ങളും കുറ്റിക്കാടുകളും പ്രശാന്തങ്ങള്‍. അവ നിലാവില്‍ പ്രകാശിക്കുന്നു.

നദിക്ക് അക്കരെ ഒരാള്‍.
അദ്ദേഹം ചോദിച്ചു:
‘മേരിയ സെയിത്തുന്‍ നീയാണോ?’
മേരിയ അദ്ഭുതപ്പെട്ടു പറഞ്ഞു:
“അതേ”
അദ്ദേഹം നദി കടന്നുവന്നു.
ദൃഢവും സുന്ദരവുമായ ശരീരം
ഇതാ ഇവിടെ നമ്മള്‍ അന്യോന്യം കാണുന്നു’
എന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം കുനിഞ്ഞ് അവളുടെ ചുണ്ടുകളില്‍ ഉമ്മവച്ചു.
കരിക്കിന്‍ വെള്ളത്തിന്റെ സ്വാദ്.
അതുപോലൊരു ചുംബനം അവള്‍ അറിഞ്ഞിരുന്നില്ല.
“അങ്ങ് ആര്” എന്നു മേരിയ ചോദിച്ചു.
“മണവാളന്‍” എന്ന് അദ്ദേഹത്തിന്റെ മറുപടി.
ആ നായകന്റെ ശരീരത്തില്‍ മുറിവ് ഉണങ്ങിയ പാടുകള്‍.
ഇടതുവശത്തും രണ്ടു കൈയിലും രണ്ടു കാലിലും പാടുകള്‍.
മേരിയ പതുക്കെപ്പറഞ്ഞു:
“അങ്ങ് ആരാണെന്ന് എനിക്കറിയാം.”
അദ്ദേഹം തലകുലുക്കി പറഞ്ഞു.
“സത്യം. അതേ.”

സ്വര്‍ഗ്ഗത്തിലെ മാലാഖയ്ക്ക്, ജ്വലിക്കുന്ന വാള് എന്റെ നേര്‍ക്കു നീട്ടുന്ന മാലാഖയ്ക്ക്, ഒന്നും ചെയ്യാന്‍ വയ്യ. എനിക്കിനി പേടിയില്ല. ഏകാന്തതയും കഷ്ടപ്പാടും ഇനിയില്ല. ഞാന്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ കടന്നുപോകുന്നു. മേരിയ സെയിത്തുന്‍ എന്നാണ് എന്റെ പേര്. ഞാന്‍ വേശ്യയാണ്, അതേസമയം മണവാട്ടിയും.

എന്തൊരുജ്ജ്വലമായ കാവ്യം. പള്ളിയെ നിരാകരിച്ചു യേശുദേവനെ അംഗീകരിക്കുന്ന റെന്‍ഡ്ര ഇന്നു ക്രിസ്ത്യാനിയല്ല, മുസ്ലിമാണ്.

വൈക്കം ചന്ദ്രശേഖരന്‍ നായര്‍

മിത്തിന്റെ പാറ്റേണ്‍ പരിപാലിച്ചുകൊണ്ടു കഥ പറഞ്ഞു് നൂതന ജീവിതത്തിലേക്ക് അന്തര്‍ദൃഷ്ടി വ്യാപരിപ്പിക്കുവാന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ക്കു വൈദഗ്ദ്ധ്യമുണ്ട്. ആ പ്രാഗല്ഭ്യത്തിനു നിദര്‍ശകമാണ് അദ്ദേഹം “മനോരാജ്യ”ത്തിലെഴുതിയ “യരൂശലേമിലേക്കു പോയ നാലാമത്തെ ജ്ഞാനി” എന്ന ചെറുകഥ. യേശു ജനിച്ചെന്ന് അറിഞ്ഞപ്പോള്‍ മൂന്നു ജ്ഞാനികള്‍ ആ ശിശുവിനെ കാണാന്‍ പോയി. കണ്ടുവന്ദിച്ചു. നാലാമത്തെജ്ഞാനി അര്‍ട്ടബനായിരുന്നു. അയാള്‍ കാഴ്ചവയ്ക്കാന്‍ മൂന്നു വിശിഷ്ടരത്നങ്ങള്‍ കൈയിലെടുത്തു. പക്ഷേ അയാള്‍ ഒരിക്കലും യേശുവിനെ കണ്ടില്ല: മൂന്നു രത്നങ്ങളും ഓരോ സന്ദര്‍ഭത്തില്‍ വിറ്റു. ആ സന്ദര്‍ഭങ്ങള്‍ ഈശ്വരദര്‍ശനതത്തെക്കാള്‍ വിലപ്പെട്ടതായിരുന്നു. മനുഷ്യത്വത്തോടുകൂടി ജീവിക്കുന്നതാണ് യഥാര്‍ത്ഥമായ ഈശ്വരസേവനം എന്ന് കഥാകാരന്‍ അഭിവ്യഞ്ജിപ്പിക്കുന്നു. മിത്തിലില്ലാത്ത മാനങ്ങള്‍ നല്കിക്കൊണ്ട് രചിക്കപ്പെട്ട ഈ കഥ ആഖ്യാനത്തിലും അന്തരീക്ഷസൃഷ്ടിയിലും ഉത്കൃഷ്ടം തന്നെ.

വിക്രം സേത്ത്

വിക്രംസേത്തിന്റെ The Golden Gate എന്ന നോവല്‍ (പദ്യരൂപത്തില്‍ രചിക്കപ്പെട്ടത്) ഇന്ത്യയിലും പടിഞ്ഞാറന്‍ നാടുകളിലും വലിയ ‘സെന്‍സേഷന്‍’ ഉണ്ടാക്കിയിരിക്കുന്നു. Great Californian novel എന്ന് നോവലിസ്റ്റ് ഗോര്‍വീഡാന്‍ ഈ കൃതിയെ വാഴ്ത്തുകയുണ്ടായി. “അളന്നുമുറിച്ച” രീതിയില്‍ അഭിപ്രായം പറയുന്ന നിരൂപകന്‍ D.J. Enright ഈ നോവലിനെക്കുറിച്ചു പറഞ്ഞത് The Golden Gate is a technical triumph, unparalleled (I would hazard) in English എന്നാണ്.

നോവല്‍ ആരംഭിക്കുന്നു:

To make a start more swift than weighty
Hall Muse. Dear Reader, once upon A time, wica 1980
There lived a man. His name was John

ഈ ജോണ്‍ ഒറ്റയ്ക്കാണ്. അയാള്‍ വിചാരിക്കുകയാണ്: “If I died, who’d be sad? Who’d weep? Who’d gloat? Who would be glad? Would anybody? ജോണ്‍ സുന്ദരനാണ്. പതുക്കെ സംസാരിക്കുന്നവന്‍. കുഴപ്പമില്ലാത്ത മനസ്സുണ്ട്. വാടക കണിശമായി കൊടുക്കും. സിഗററ്റ് വലിക്കില്ല. പള്ളിയും അതിമദ്യപാനവും അയാള്‍ ഒഴിവാക്കിയിരിക്കുന്നു. ജോണിന്റെ പഴയ പ്രേമഭാജനം ജാനിറ്റ് അയാളറിയാതെ പത്രത്തില്‍ പരസ്യംകൊടുത്ത് അയാള്‍ക്കു പ്രണയിനിയെ നല്കാന്‍ ശ്രമിക്കുന്നു. അപേക്ഷിച്ചവര്‍ ധാരാളം. പക്ഷേ നാടകീയമായി രംഗപ്രവേശം നടത്തിയത് ലിസ് (ഇലിസബത്ത്). കണ്ണുകളുടെ ഇന്ദ്രനീലദ്യുതിക്ക് ഊന്നല്‍ നല്കുന്ന കടുംനീലനിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അവള്‍ എത്തിയത്. അവര്‍ രണ്ടുപേരുമെങ്ങനെ?

They kiss, They kiss, They are
Caught in a panic of embracing
They cannot hold each other tight
Enough against the chil of night

ലിസിന്റെ പൂച്ചകൂടി എത്തിയിട്ടുണ്ട് അവിടെ. അതിന്റെ അപസ്വരങ്ങള്‍ക്കിടയിലും അവരുടെ രതിലീലകള്‍ നടന്നു.

As Liz and John move out of focus
Into an amorous mist, let’s shift
Our lens, Dear Reader, to a locus
An hour south along that rift
That unnerves half of California

അങ്ങനെ കാചം പല സ്ഥലങ്ങളിലേക്കും തിരിച്ചു നോക്കുമ്പോള്‍ നമ്മള്‍ എന്തെല്ലാമാണു കാണുക. ഫില്‍ എന്ന ജൂതന്‍ ലിസിന്റെ സഹോദരന്‍ എഡ്ഡുമായി (Ed) സ്വവര്‍ഗ്ഗാനുരാഗത്തില്‍ മുഴുകുന്നു. നോവലിലെ പ്രധാന കഥാപാത്രമായ പൂച്ച അപസ്വരം കേള്‍പ്പിച്ചുകൊണ്ടു സഞ്ചരിക്കുന്നു. സ്വര്‍ഗ്ഗാനുരാഗം പാപമാണെന്ന് എഡ്ഡിനു തോന്നുന്നു.

The bible says, if a man lie
With a man, he must surely die

എഡ്ഡെന്ന കാമുകന്‍ നഷ്ടപ്പെട്ട ഫില്‍ ലിസ്സിനെ പ്രേമിച്ചു. ജാനിറ്റ് കാറപകടത്തില്‍ മരിച്ചു. ലിസ്സിന് ഫില്ലിലുണ്ടായ കുട്ടിക്ക് ജോണ്‍ എന്നു പേരിട്ടു.

ജാനിറ്റ് ശില്പങ്ങള്‍ നിര്‍മ്മിക്കുന്നവളാണ്. അവളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചു. പക്ഷേ ജാനിറ്റിനുള്ള ആഹ്ളാദം Clarion മാസികയുടെ കലാനിരൂപകന്‍ വരുന്നതുവരെ മാത്രം. “…Jan’s proud and glad /Till the art critic of the Clarion/Flaps to the scene in search of carrion/And glares in vulturine disgust/At her live works. (page 272) വിക്രം സേത്തിനു നിരൂപകരെക്കുറിച്ചുള്ള മതം ഇതായതുകൊണ്ട് ഈനോവല്‍ രസാത്മകമാണെങ്കിലും മഹനീയമല്ലെന്ന് പറയാന്‍ എനിക്കു പേടിയുണ്ട്. ഞാനും പൂതിമാംസം അന്വേഷിക്കുന്ന കഴുകനായി മാറുമല്ലോ.

വിക്രം സേത്ത് കവിയാണ്. അദ്ദേഹത്തിന്റെ ഗീതകങ്ങളില്‍ പലതും മനോഹരങ്ങളായ കവിതകളാണ്.

Like sea shells high on snowy ranges
Forgotten thoughts return tonight

എന്നും “…The moon is rising

A balmy night in late July
Rests on the city…”

എന്നും അദ്ദേഹമെഴുതുമ്പോള്‍ ഇതിവൃത്തത്തിന്റെ തമ്പാക്കില്‍ രത്നങ്ങള്‍ വച്ച പ്രതീതി. സ്വഭാവചിത്രീകരണത്തിന്റെ ‘സമ്പന്നത’യില്ലെങ്കിലും കാവ്യാത്മകത്വമുള്ള രചന മതി. അത് മഹനീയമല്ലെന്നു പറഞ്ഞാല്‍ മൂക്കുന്നിമല ഹിമാലയപര്‍വ്വതംപോലെയല്ലെന്നു പറയുന്നതിനു തുല്യമാവും. [The Golden Gate - Vikram Seth (b. 1952) - Faber and Faber - Rs. 140 - Modern Books, Trivandrum]

* * *

ഗോയ്ഥേയുടെ ‘ഫൗസ്റ്റി’ല്‍ കാമുകി കാമുകനു സ്നേഹമുണ്ടോ എന്നു പിരശോധിക്കുന്ന ഒരു രംഗമുണ്ട്. അവള്‍ ഒരു ഡെയ്സി പുഷ്പമെടുത്ത് ഓരോ ദലമിളക്കി ‘അദ്ദേഹം എന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നില്ല’ എന്നു പറയുന്നു. അവസാനത്തെ ഇതള്‍ അടര്‍ത്തിയെടുത്ത് ‘അദ്ദേഹം എന്നെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞ് ഹര്‍ഷോന്മാദത്തില്‍ വീഴുന്നു. ഒരു ഗണിതശാസ്ത്രജ്ഞനും കാമുകിയും പൂന്തോട്ടത്തിലൂടെ നടക്കുകയായിരുന്നു. അവൾ ഡെയ്സി പുഷ്പമെടുത്ത് ഓരോ ദലമിളക്കി “അദ്ദേഹം എന്നെ സ്നേഹിക്കുന്നു” എന്നു പറയാന്‍ തുടങ്ങി. അതുകണ്ടു ഗണിതശാസ്ത്രജ്ഞന്‍ അറിയിച്ചു: “നീ ഇത്ര പ്രയാസപ്പെടേണ്ട. ദലങ്ങള്‍ ആകെ എണ്ണിനോക്കിയാല്‍ മതി ഇരട്ട അക്കമാണു വരുന്നതെങ്കില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ല; ഒറ്റയക്കമാണെങ്കില്‍ സ്നേഹിക്കുന്നു. കണക്കു പഠിച്ചതിന്റെ കാര്‍ക്കശ്യമാണിത്. ഞാനൊരു സംസ്കൃത പണ്ഡിതനോടു ചോദിച്ചു: “സാര്‍, എന്‍. ഗോപാലപിള്ള മഹാപണ്ഡിതനാണോ?” മറുപടി: “അതേ, ശോധിതശേമുഷികനായ പ്രകൃഷ്ടപണ്ഡിതന്‍.” സംസ്കൃതം പഠിച്ചതിന്റെ തകരാറ് ആ സംസ്കൃതക്കാരന്‍ കാണിച്ചു. സാര്‍ത്രിന്റെ ഏതെങ്കിലും പുസ്തകത്തിന്റെ ഒരു മൂല നോക്കിക്കൊണ്ട് അസ്തിത്വദുഃഖമാണ് പുനംനമ്പൂതിരിക്ക് എന്നു പറയുന്നു നവീന നിരൂപകന്‍.