close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 10 03


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 10 03
മുൻലക്കം 1997 09 26
പിൻലക്കം 1997 10 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നൈജീരിയയിലെ നോവലെഴുത്തുകാരനായ ചിന്‍വാ അച്ചേബേയുടെ (Chinua Achebe-born in 1930) ‘Anthlls of the Savannah’ എന്ന നോവല്‍ മഹാപ്രമാണമാണ് സാഹസികമാണ് (tremendous and brave)എന്നൊക്കെ നിരൂപകര്‍ പറയുന്നു. അധിവാസിതാനന്തര നൈജീരിയയിലെ (post-colonial Nigeria) സ്ഥ്തിവിശേഷങ്ങളെ വേറൊരു രീതിയില്‍ പ്രതിപാദിക്കുന്ന ഈ നോവലിനു കാലിക പ്രാധാന്യമായുള്ളൂ എന്നാണ് ഈ ലേഖകന്റെ വിചാരം. ഞാന്‍ എഴുതാനുദ്ദേശിച്ചത് വേറൊരു കാര്യത്തെക്കുറിച്ചാണ്. നോവലിലെ ഒരു കഥാപാത്രം ഒരു കഥ പറയുന്നു. അത് ഇങ്ങനെ-ഒരു പുള്ളിപ്പുലി വളരെക്കാലമായി ആമയെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ വിജനമായ ഒരു പാതയിൽ ആ ക്രൂരമൃഗം ആ പാവപ്പെട്ട ജീവിയെ കണ്ടുമുട്ടി. പുലി പറഞ്ഞു: ആഹാ ഒടുവില്‍ കണ്ടുകിട്ടി. മരിക്കാന്‍ തയ്യാറായിക്കൊള്ളൂ.” അതുകേട്ട് ആമ പറഞ്ഞു: അങ്ങ് എന്നെ കൊല്ലുന്നതിനു മുന്‍പ് ഒരു സൗജന്യം അനുവദിക്കുമോ?’ അതില്‍ ദോഷമൊന്നുമില്ലെന്നുകണ്ട് പുലി അതിനോട് അനുകൂലിച്ചു. ‘എന്റെ മനസ്സൊന്നു സന്നദ്ധമാക്കാന്‍ വേണ്ടി ഏതാനും നിമിഷങ്ങള്‍ എനിക്ക് അനുവദിച്ചു തന്നാലും” എന്ന് ആമ പറഞ്ഞു. അതിലും ദോഷമില്ലെന്നു കണ്ട് പുലി സമ്മതം മൂളി. പക്ഷേ ആമ അനങ്ങാതെ നില്‍ക്കുകയല്ല ചെയ്തത്. നില്‍ക്കുമെന്നാണ് വനമൃഗം കരുതിയത്. അതിനുപകരമായി ആമ പാതയിലെ മണ്ണ് കൈകൊണ്ടും കാലുമൊണ്ടുമിളക്കി ഉഗ്രവേഗത്തില്‍ നാലുപാടും വിതറി. പുലി ചോദിച്ചു: “നീ എന്തിനാണ് ഇതു ചെയ്യുന്നത്?” ആമ മറുപടി നല്‍കി: “ഞാന്‍ മരിച്ചതിനിശേഷം ഈ സ്ഥലം വഴി പോകുന്ന ആരെങ്കിലും ഇതുകണ്ട് ‘അതേ, ഒരാളും അയാളുടെ സമനിലയാര്‍ന്ന എതിരാളിയും ഇവിടെ വച്ചു മല്ലിട്ടു’ എന്നു പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”

ശക്തരായ ശത്രുക്കളോട് ദുര്‍ബ്ബലരായ ജനാധിപത്യവാദികള്‍ എന്തിനു സംഘട്ടനം ചെയ്ത് പരാജയപ്പെടണമെന്ന് ചോദ്യത്തിന് സമാധാനം നല്‍കി ആ സംഘട്ടനത്തെ നീതിമത്കരിക്കുകയാണ് ചിന്‍വാ ആച്ചേബേ. ഉചിതജ്ഞതയുടെ ലക്ഷണമല്ല എന്നു വായനക്കാര്‍ക്ക് തോന്നിയേക്കാവുന്ന രീതിയില്‍ ഞാനിക്കഥയെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. എന്‍. പി. ഹാഫീസ് മുഹമ്മദ് എഴുതിയ ആ നില്‍ക്കുന്ന സ്ത്രീ, എന്ന ചെറുകഥയുമായി ബന്ധിപ്പിക്കുകയാണ് അതിലെ അനൗചിത്യം കഥാകാരനും വായനക്കാരനും പൊറുക്കണം. ഗിരിജനവര്‍ഗ്ഗത്തില്‍ പെട്ട നവദമ്പതികള്‍ ബസ് കാത്തു നില്‍ക്കുന്നത് മുതലാളി. അയാളുടെ കൂട്ടുകാര്‍ എന്ന തെമ്മാടികള്‍ ജിപ്പോടിച്ചു പോകുമ്പോള്‍ കണ്ടു. രണ്ടുപേരെയും വഞ്ചിച്ചു ജീപ്പില്‍ കയറ്റി അവര്‍. ജീപ്പ് ഒരു സ്ഥലത്തു വച്ച് അങ്ങു നിന്നു. ബ്രെയ്ക്ക്-ഡൗണ്‍ നാട്യം. നവവരന്‍ വാഹനത്തില്‍ നിന്നിറങ്ങി അതു തള്ളിക്കൊടുത്തപ്പോള്‍ തെമ്മാടികള്‍ സുന്ദരിയായ നവവധുവിനെയും കൊണ്ട് പ്രയാണം ചെയ്തു. പിന്നെ ബലാത്സംഗം. ഭര്‍ത്താവിന്റെ തകര്‍ച്ച. കഥ തീര്‍ന്നു.

ഇതിവൃത്തം അതിന്റെ ശക്തി കൊണ്ട് വായനക്കാരെ സമാക്രമിക്കേണ്ടതല്ലേ? അപൂര്‍വ്വ സ്വഭാവം കൊണ്ട്, മാന്ത്രികത്വമുളവാക്കേണ്ടതല്ലേ? രണ്ടും ഇവിടെ ദൃശ്യമല്ല. കഥാകാരന്‍ തനിക്കു മുന്‍പ് ആയിരമായിരം കഥാകാരന്മാര്‍ കൈകാര്യം ചെയ്ത വിഷയമെടുത്തു പ്രതിപാദിക്കുന്നു. അതിന്റെ അതിപരിചിതത്വത്തെക്കുറിച്ച് അദ്ദേഹത്തിനു തന്നെ അറിവുണ്ട്. അതു മറയ്ക്കാനായി അദ്ദേഹം വാചികമായ ആകാരത്തിനു പ്രാധാന്യം നല്‍കുന്നു. കഥയില്‍ ഭാവത്തിന്റെ താഴെ വേണം വാചികാംശം നില്‍ക്കാന്‍. ഹാഫീസ് മുഹമ്മദിന്റെ രചനയില്‍ അതല്ല സ്ഥിതി. വാക്യവക്രതയും വ്യാവര്‍ത്തനവും വരുത്തുന്നു അദ്ദേഹം ആഖ്യാനത്തില്‍. ഇതു മൃദുലമായ ഭാഷയില്‍ പറഞ്ഞാല്‍ Shoddiness ആണ്. എന്താണ് ഈ ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം. സന്ധ്യ മയങ്ങുമ്പോള്‍ തിരുവനന്തപുരത്തെ റോഡുകളില്‍ ചാരുകസേരകള്‍ വില്‍ക്കാന്‍ കൊണ്ടു വയ്ക്കാറുണ്ട്. തടി തേക്കാണെന്നു വരുത്താന്‍ അതിനു പറ്റിയ ചായം അതില്‍ തേച്ചിരിക്കും. ‘ഒന്നാന്തരം തേക്കാണു സാറേ’ എന്നു വില്പനക്കാരന്‍ പറയുന്നതു വിശ്വസിച്ച് നമ്മള്‍ അതുവാങ്ങി വീട്ടില്‍കൊണ്ടുവന്ന് തുണിയിട്ട് ഇരുന്നാല്‍ ഉടനെ കസേര ഒടിഞ്ഞ് നമ്മള്‍ താഴെ വീഴും. ചിലപ്പോള്‍ നട്ടെല്ല് ഒടിഞ്ഞെന്നു വരും.വക്രതയും കൃത്രിമത്വവും കലര്‍ന്ന വാക്യങ്ങള്‍കൊണ്ട് കഥാകാരന്‍ നിര്‍മ്മിക്കുന്ന ഈ രചനയ്ക്ക് Shoddiness വളരെക്കൂടും.ഒരു നൂറുകൊല്ലം കഴിഞ്ഞ് കേരളത്തിലെ വായനക്കാര്‍ മാതൃഭൂമി വാരിയെടുത്തു ഹാഫീസ് മുഹമ്മദിന്റെ കഥ വായിച്ചുവെന്നു കരുതൂ. അന്നത്തെ കലാസങ്കല്പങ്ങളെല്ലാം നൂതനാവസ്ഥയിലായിരിക്കുമെന്നതുകൊണ്ട് തകഴി ശിവശങ്കരപ്പിള്ളയും ഉറൂബും വൈക്കം മുഹമ്മദ് ബഷീറും മറ്റും പയറ്റിയ സ്ഥലത്തു കയറി നിന്ന് അവര്‍ക്കു തുല്യനായ ഹാഫീസ് മുഹമ്മദും പയറ്റിയെന്ന് അന്നത്തെ വായനക്കാര്‍ പറയും. ഇക്കഥയിലെ കൃത്രിമത്വവും കഥാകാരന്മാരുടെ രചനകള്‍ക്കുള്ള വിഭിന്ന സ്വഭാവും അവര്‍ക്കു മനസ്സിലാവുകയില്ല. ആമയുമല്ല പുള്ളിപ്പുലിയുമല്ല. മണ്ണ് നാലുപാടും ചിതറിക്കിടക്കുന്നു. അതുമതി.

“നമ്മുടെ കഥാകാരന്മാര്‍ ഋജുവായി സംഭവങ്ങള്‍ വര്‍ണ്ണിക്കാതെ വക്രഗതി അവലംബിക്കുന്നു. നന്നല്ല ഇതെന്നു പറയാനേ കഴിയുന്നുള്ളൂ.”

കര്‍ത്താവ് ക്രിയയ്ക്കു കാരണക്കാരനാകുമ്പോഴാണ് കര്‍ത്തരി പ്രയോഗം. കര്‍മ്മണി പ്രയോഗത്തില്‍ ആരാണ് ക്രിയയ്ക്കു കാരണക്കാരന്‍ എന്നു പറയുന്നില്ല. സെക്രട്ടേറിയറ്റിലെ മേലുദ്യോഗസ്ഥന്മാര്‍ക്ക് കര്‍മ്മണി പ്രയോഗത്തിലാണ് ഇഷ്ടമാകെയിരിക്കുന്നത്. ഞാന്‍ സെക്രട്ടേറിയറ്റില്‍ ഗുമസ്തനായിരുന്നപ്പോള്‍ ഒരാളെ ജോലിയില്‍ സ്ഥിരപ്പെടുത്തി എന്നത് കര്‍ത്തരി പ്രയോഗമായി എഴുതി. അസിസറ്റന്റ് സെക്രട്ടറി അതുകണ്ടയുടനെ എന്നെ വിളിച്ചു. ദേഷ്യത്തോടെ ചോദിച്ചു.‘നിങ്ങള്‍ കുന്നുകുഴി യൂണിവേഴ്സിറ്റിയിലാണോ പഠിച്ചത്?’ (കുന്നുകുഴി തിരുവനന്തപുരത്തെ ഒരു സ്ഥലമാണ്. അതിനടുത്താണ് സര്‍വകലാശാലയുടെ കെട്ടിടം. അതുകൊണ്ട് തിരുവിതാംകൂര്‍ സര്‍വകലാശാലയെ അക്കാലത്ത് ആക്ഷേപിച്ച് കുന്നുകുഴി യൂണിവേഴ്സിറ്റി എന്നു വിളിച്ചിരുന്നു) ഈ കര്‍മ്മണി പ്രയോഗ പ്രവണത ശിഖണ്ഡി വാക്യങ്ങളില്‍ അവസാനിക്കാറുമുണ്ട്. ‘Sanction is accorded to your being confirmed…’എന്നെഴുതിയില്ലെങ്കില്‍ കുന്നുകുഴി യൂണിവേഴ്സിറ്റിയിലാണോ പഠിച്ചത് എന്ന ചോദ്യമുണ്ടാകും മേലുദ്യോഗസ്ഥനില്‍ നിന്ന്. സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ അല്ല ജോലിയില്‍ സ്ഥിരപ്പെടുത്തുന്ന കല്പന നല്‍കുന്നത്. വേറെ ആരോ ആണ് എന്ന് വരുത്താനാവും ഈ പാസീവ് വോയ്സ് പ്രയോഗം. നമ്മുടെ കഥാകാരന്മാര്‍ ഋജുവായി സംഭവങ്ങള്‍ വര്‍ണ്ണിക്കാതെ വക്രഗതി അവലംബിക്കുന്നു. നന്നല്ല ഇതെന്നു പറയാനേ കഴിയുന്നുള്ളൂ.

ചോദ്യം, ഉത്തരം

Symbol question.svg.png “പ്രത്യുല്പന്നമതിത്വം എന്നാല്‍ എന്ത്?”

“പ്രത്യുത്പന്നമതിത്വം എന്നു എഴുതൂ. ‘ഉരുളയ്ക്ക് ഉപ്പേരി’യെന്ന മട്ടില്‍ മറുപടി കൊടുക്കാനുള്ള വ്യക്തിയുടെ കഴിവാണത്. സ്റ്റാലിനെ തള്ളിപ്പറഞ്ഞതുകൊണ്ട് ക്രുഷ്ചോഫ് പ്രസംഗിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസ്സംഗം ഇരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാതെ ചോദിച്ചു: ‘സ്റ്റാലിന്‍ അപരാധം ചെയ്യാത്ത ആളുകളെ ദശലക്ഷണക്കണക്കിനു കൊന്നപ്പോള്‍ സഖാവ് എവിടെയായിരുന്നു? ‘ചോദ്യകര്‍ത്താവ് ദയാപൂര്‍വ്വം എഴുന്നേറ്റു നില്‍ക്കട്ടെ’ എന്നു ക്രുഷ്ചോഫ്. ആരും അങ്ങങ്ങുന്നില്ലെന്നു കണ്ട് അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ ഇപ്പോള്‍ ഏതു നിലയിലിരിക്കുന്നുവോ അതേ നിലയിലായിരുന്നു എന്റെ അന്നത്തെ ഇരിപ്പ്. ഈ മറുപടിയില്‍ ക്രുഷ്ചോഫിന്റെ ഭീരുത്വം പ്രകടമാണെങ്കിലും പ്രത്യുത്പന്നമതിത്വം സ്പഷ്ടമാണ്. ഞാന്‍ മന്നത്തു പദ്ഭനാഭനോടൊരുമിച്ച് പല സമ്മേളനങ്ങള്‍ക്കും പോയിട്ടുണ്ട്. ഒരിടത്തു ‘മൈക്ക്’ ശരിയായി പ്രവര്‍ത്തിച്ചില്ല. അതിനോടടുത്തുനില്‍ക്കാന്‍ യോഗസംഘാടകരില്‍ ഒരുവന്‍ കൂടെക്കൂടെ മന്നത്തിനോട് അഭ്യര്‍ത്ഥിച്ചു. പല തവണ അതിനോട് അടുത്തടുത്തു നിന്നിട്ടും ശബ്ദം ഹോളില്‍ ശരിയായി കേട്ടില്ല. അപ്പോള്‍ മന്നം പറഞ്ഞു:എനിക്ക് എഴുപത്തിയഞ്ചു വയസ്സായി. ഞാന്‍ ജനിക്കുന്നതിനു എഴുപത്തിയഞ്ചു വര്‍ഷം മുന്‍പ് ഉണ്ടായ ഈ മൈക്ക്…’കേട്ടു കഴിയുമ്പോള്‍ ആര്‍ക്കും ഇതു പറയാമെന്നു തോന്നും പക്ഷേ പറയാനൊക്കുകില്ല”

Symbol question.svg.png ‘ഒരാള്‍ പുസ്തകക്കടയില്‍ ദിവസവും വന്ന് ഓരോ പുസ്തകവും എടുത്തു നോക്കും. അതിനെ തടവും താലോലിക്കും. ഒന്നും വാങ്ങാതെ കുറെക്കഴിഞ്ഞു പോകുകയും ചെയ്യും. എന്താണിത്?”

“ബസ്സില്‍ സുന്ദരിയിരിക്കുന്നു. അവളുടെ നേരെ പിറകിലിരിക്കുന്നവന് അവളെ തൊടാന്‍ മോഹം. തൊട്ടാല്‍ മുഖത്തെ കേടുപാടുകള്‍ മാറ്റാന്‍ വല്ലാ ധാന്വന്തരം കുഴമ്പോ കൊട്ടംചുക്കാദി തൈലമോ വേണ്ടി വരും. അതുകൊണ്ടു അടങ്ങിയിരിക്കുന്നു അയാള്‍. എങ്കിലും ബസ് സ്റ്റോപ്പില്‍ അവള്‍ ഇറങ്ങിപ്പോയിയെന്നു കണ്ടാല്‍ അയാള്‍ സ്വന്തം സീറ്റില്‍ നിന്നു ചാടിയെഴുന്നേറ്റ് അവളിരുന്ന സ്ഥലത്ത് ഇരിക്കും. തെല്ല് സൗന്ദര്യവും തെല്ല് ഊഷ്മളതയും അനുഭവിക്കും അത്രയുമായി.”

Symbol question.svg.png “തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ ഞാന്‍ പണ്ടു കണ്ട കാഴ്ചയാണിത്. ‘മലയാളനാട്’ പത്രാധിപര്‍ എസ്.കെ. നായരും നിങ്ങളും കൂടി വി. കെ. കൃഷ്ണമേനോന്റെ അടുത്തു നില്‍ക്കുന്നു. നിങ്ങള്‍ പേടിച്ച് വളരെപ്പിറകെയാണ് നിന്നത്. കൃഷ്ണമേനോനെ നിങ്ങള്‍ക്കു ഭയമായിരുന്നോ?”

“കൃഷ്ണമേനോന് എന്റെ സ്വത്വശക്തിയേക്കാള്‍ ലക്ഷം മടങ്ങ് സ്വത്വശക്തിയുണ്ടായിരുന്നു. അങ്ങനെയുള്ള മഹാവ്യക്തിയുടെ അടുത്തു ചെല്ലാന്‍ എനിക്കു കഴിയുകയില്ല. നരസിംഹറാവുവിന്റെയോ രാജീവ്ഗാന്ധിയുടെയോ മുന്‍പില്‍ ഞാന്‍ ധീരനായി നില്‍ക്കും. അവര്‍ പറഞ്ഞില്ലെങ്കിലും കസേര വലിച്ചിട്ട് ഇരുന്നു എന്നും വരും.”

Symbol question.svg.png “ആഭാസത്തരം എന്നു പറയുന്നതെന്ത്?

“പലതുമുണ്ട്. ഒന്നുമാത്രം പറയാം. കല്യാണമണ്ഡപത്തിലിരിക്കുന്ന വരനും വധുവും താലികെട്ടു തുടങ്ങിയ ചടങ്ങുകള്‍ നടക്കുനതിനുമുന്‍പ് അന്യോന്യം സംസാരിക്കുന്നതും ചിരിക്കുന്നതും കുഴയുന്നതും കൊഞ്ചുന്നതും ആഭാസത്തരം. ‘ഞങ്ങള്‍ പണ്ടും ഇഷ്ടക്കാരായിരുന്നു’ എന്നു കാഴ്ചക്കാരെ ധരിപ്പിക്കാനുള്ള ശ്രമമാണിത്.’

Symbol question.svg.png “നിങ്ങള്‍ എന്തു ചെയ്യുന്നു?”

സങ്കല്പാതീതമായ വേഗത്തില്‍ പോകുന്ന തീവണ്ടിയില്‍ നിസ്സംഗനായി ഇരിക്കുന്നു. തീവണ്ടി എത്തേണ്ടിടത്ത് എത്തും എന്ന പ്രതീക്ഷയോടു കൂടി”

Symbol question.svg.png “ക്ളോദ് ലേവി സ്റ്റ്രോസ്. ബാര്‍ത്, ഫൂക്കോ, ക്രിസ്തേവ, സിസു, കലാന്‍, ദെറിദ ഇവരെയൊക്കെ നിങ്ങള്‍ക്കു പുച്ഛമാണ് അല്ലേ?”

പുച്ഛമില്ലെന്നു മാത്രമല്ല, ബഹുമാനവുമാണ്. വസ്തുക്കളിലും വ്യക്തികളിലും നൂതനാശയങ്ങളുടെ പ്രകാശം വീഴ്ത്തുന്നവരാണ് അവര്‍, ആ പ്രകാശമേല്‍ക്കുമ്പോള്‍ അവയ്ക്കു കൂടുതല്‍ തിളക്കം. ആ തിളക്കം നന്മയോ തിന്മയോ എന്നു മാത്രം ആലോചിച്ചാല്‍ മതി”

ബാലചന്ദ്രന്‍ ചുള്ളിക്കാട്

തിരുവനന്തപുരത്ത് അടുത്തുള്ള കാട്ടാക്കട എന്ന സ്ഥലത്ത് ഒരു കോളേജുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനവിടെ ഒരു സമ്മേളനത്തിനു പോയി. ആകാശവാണിയില്‍ ജോലിയുണ്ടായിരുന്ന എന്റെ ഒരു പൂര്‍വശിഷ്യന്‍ ശ്രീ. കരമന ഗംഗാധരന്‍നായര്‍ സദസ്സിനെ നോക്കിപ്പറഞ്ഞു- ‘ഈ കൃഷ്ണന്‍നായര്‍സ്സാര്‍ ചെറുപ്പകാലത്ത് ഫിലിംസ്റ്റാറിനെപ്പോലെ സൗന്ദര്യമുള്ള ആളായിരുന്നു.’ ഇതു കേട്ടു മുന്‍വശത്ത് ഇരുന്ന രണ്ടധ്യാപികകള്‍ തമ്മില്‍ത്തമ്മില്‍ നോക്കി പുച്ഛിച്ചു ചിരിച്ചു. ഒരധ്യാപിക ‘ധൂ’ എന്നൊരാട്ടും ആട്ടി. അപ്പോഴത്തെ എന്റെ ആകൃതി വൈരൂപ്യം കണ്ടാണ് അവര്‍ പുച്ഛിച്ചു ചിരിച്ചതും ‘ഥൂ’ എന്നാട്ടിയതും എനിക്ക് ആ സ്ത്രീകളോട് ഒട്ടും വെറുപ്പ് തോന്നിയില്ല.

ഗംഗാധരന്‍നായര്‍ പറഞ്ഞ ആ യൗവനകാലത്ത് ഒരു ദിവസം ഞാന്‍ ചന്ദ്രപ്പുരെന്ന സ്ഥലത്തെ ബസ് സ്റ്റെയ്ഷനില്‍ റ്റിക്കറ്റ് വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. കൈകള്‍ പിറകുവശത്തു വച്ച് ഉള്ളംകൈകള്‍ വിടര്‍ത്തി നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടന്ന് എന്റെ ഉള്ളംകൈയില്‍ പനിനീര്‍പ്പൂവിന്റെ സ്പര്‍ശം ഹാര്‍മ്മോണിയത്തില്‍ വിരലുകളോടിക്കുന്നതു പോലെ ആരോ വിരലുകളോടിക്കുന്നു. ‘സ്ത്രീയുടെ കരത്തിന്റെ മാദക മധുരിമ’ ആ സ്ത്രീയെ കാണാതെ തന്നെ പുരുഷന് അറിയാം. ഞാന്‍ തിരിഞ്ഞു നോക്കിയില്ല. പിറകില്‍ നിന്ന സ്ത്രീ നീലാംബരി രാഗത്തിലുള്ള ‘ശൃംഗാര ലഹരി’ എന്ന ഗാനം എന്റെ കൈകളില്‍ വായിച്ചുകൊണ്ടിരുന്നു. ടിക്കറ്റ് വാങ്ങി ബസ്സില്‍ കയറിയപ്പോഴാണ് ഞാന്‍ ആ മറാട്ടിസ്സുന്ദരിയെ കണ്ടത്. മഹാരാഷ്ട്ര സ്റ്റെയ്റ്റില്‍ സ്ത്രീകള്‍ക്കു പ്രത്യേകം സീറ്റുകളില്ല. പുരുഷന്മാരുടെ അടുത്തു സങ്കോചമില്ലാതെ സ്ത്രീകള്‍ വന്ന് ചേര്‍ന്നിരിക്കും. ശൃംഗാരലഹരി വിരലുകളില്‍ക്കൂടി പാടിയ തരുണി എന്റെ അടുത്തു വന്ന് ഇരുന്നു. ‘ലോല മോഹനമായ്ത്തങ്കപ്പങ്കജത്തെ വെല്ലും വലംകാല്’ സ്വന്തം ഇടത്തു തുടക്കാമ്പില്‍കയറ്റിവച്ചല്ല അവള്‍ സീറ്റില്‍ ഇരുന്നത്. അടുത്തിരുന്ന എന്റെ ഇടത്തുകാലില്‍ത്തന്നെയായിരുന്നു അവളുടെ ഇടത്തു കാലിന്റെ കയറ്റിവയ്ക്കല്‍. ബസ്സ് ഇരുപതുമൈല്‍ സഞ്ചരിച്ചു. ഞങ്ങള്‍ക്കു ഒരേ സ്ഥലത്തു താന്നെയാണ് ഇറങ്ങേണ്ടിയിരുന്നത്. സന്ധ്യയായതുകൊണ്ട് ഒരു ബാലന്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ ബസ് നില്‍ക്കുന്നിടത്തു വന്നിട്ടുണ്ടായിരുന്നു. ഒരു പരിചയവും കാണിക്കാതെ എന്റെ മുഖത്തു പോലും നോക്കാതെ അവളങ്ങു അവനോടു കൂടി നടന്നുപോയി. പിന്നീട് പല തവണ ഞാന്‍ അവളെ റോഡില്‍ വച്ചു കണ്ടിട്ടുണ്ട്. ഞാന്‍ എന്നൊരാള്‍ റോഡിലൂടെ പോകുന്നുവെന്ന് അറിഞ്ഞതായി ഭാവിക്കാതെയാണ് ഓരോ തവണയും എന്നെ കടന്നു പോയത്. സ്ത്രീയുടെ സ്വഭാവമിതാണ്.

“നിങ്ങള്‍ എന്തു ചെയ്യുന്നു?”സങ്കല്പാതീതമായ വേഗത്തില്‍ പോകുന്ന തീവണ്ടിയില്‍ നിസ്സംഗനായി ഇരിക്കുന്നു. തീവണ്ടി എത്തേണ്ടിടത്ത് എത്തും എന്ന പ്രതീക്ഷയോടു കൂടി”

ഇനി ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘മലയാളം’ വാരികയിലെഴുതിയ ‘ഗര്‍ഭസന്ധി’ എന്ന അനുഭവവര്‍ണ്ണനം വായിക്കുക. വിമാനത്തില്‍ സഞ്ചരിക്കുന്ന ബാലചന്ദ്രന്റെ അടുത്ത് ഒരു ഗര്‍ഭിണി ഇരിക്കുന്നു. എല്ലാപ്പുരുഷന്മാര്‍ക്കും ഗര്‍ഭിണികളെ വെറുപ്പാണ്. ബാലചന്ദ്രനും വെറുപ്പ്. പെട്ടന്ന് ആപത്തിന്റെ സാദ്ധ്യത. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിമാനം താഴെയിറക്കാന്‍ പറ്റില്ലെന്നു പൈലറ്റിന്റെ അറിയിക്കല്‍. മരണം കാത്ത് ഓരോ ആളും ഇരിക്കുകയാണ് പരിഭ്രമിച്ച്. ഗര്‍ഭീണി ബാലചന്ദ്രന്റെ കൈ ഗ്രഹിച്ച് ‘പ്രാര്‍ത്ഥിക്കൂ. എന്റെ വയറ്റില്‍ കിടക്കുന്ന ഈ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കൂ’ എന്ന് അപേക്ഷിച്ചു. കോടാനുകോടി ഭ്രൂണങ്ങള്‍ തന്നോട് ആ പ്രാര്‍ത്ഥനയ്ക്കു വേണ്ടി അപേക്ഷിക്കുകയാണെന്ന് ബാലചന്ദ്രനു തോന്നി. അദ്ദേഹം അവളെ ആലിംഗനം ചെയ്തു. കാതില്‍പ്പറഞ്ഞു: ‘ഒന്നും സംഭവിക്കില്ല’. ഒന്നും സംഭവിച്ചില്ല. വിമാനം താവളത്തില്‍ ഇറങ്ങി. ഭര്‍ത്താവ് അവളെ കൊണ്ടു പോകാന്‍ വന്നിട്ടുണ്ട് അവിടെ. അപ്പോള്‍ അവള്‍ ബാലചന്ദ്രനെ അയാള്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ‘നമ്മുടെ പുതിയ സുഹൃത്ത്. സത്യമായ സംഭവം വര്‍ണ്ണിക്കുമ്പോള്‍ ഉണ്ടായതല്ലേ പറയാവൂ. എന്നാല്‍ അവള്‍ ബാലചന്ദ്രനെ കണ്ടമട്ടു പോലും കാണിക്കാതെ ഭര്‍ത്താവുമായി അവിടെ നിന്നുപോയെന്നു എഴുതിയിരുന്നെങ്കില്‍ സ്ത്രീയുടെ സ്വഭാവം ഭംഗിയായി ആവിഷ്കരിക്കപ്പെടുമായിരുന്നു.

യഥാര്‍ത്ഥ സംഭവവര്‍ണ്ണനകളിലും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഭാവനയും കവിത്വവും കാണാം. ഏതേത് അംശങ്ങളേ വര്‍ണ്ണിച്ചാല്‍ സംഭവത്തിന്റെ സവിശേഷത വായനക്കാരനു അനുഭവപ്പെടുമെന്നു കവിയായ ബാലചന്ദ്രന് അറിയാം. ആ അറിവാണ് ഈ രചനയ്ക്കു ഭംഗി നല്‍കുന്നത്.

പുതിയ നോവല്‍

ഈജിപ്റ്റിലെ രാജാവായിരുന്ന റമിസ്വീസ് രണ്ടാമനെക്കുറിച്ച് (Rameses 11 1300 BC-1233BC) എനിക്കൊന്നുമറിഞ്ഞുകൂടായിരുന്നു. പല സ്ഥലങ്ങളിലും ആ രാജാവിന്റെ ചരിത്രം തേടിയെങ്കിലും ഫലപ്പെട്ടില്ല. ഒടുവില്‍ ഭാഗ്യം കോണ്ട് ‘The Story of Civilization’ എഴുതിയ വില്‍ഡ്യൂറന്റ് സഹായിക്കാനെത്തി. അദ്ദേഹത്തിന്റെ ‘Our Oriental Heritage’എന്ന ഒന്നാമത്തെ വാല്യത്തില്‍ റമീസീസിനെക്കുറിച്ച് ഒന്നാന്തരമായ വിവരണമുണ്ട്. അതു വായിച്ചിട്ടു സംഗ്രഹിച്ചെഴുതുകയാണു ഞാന്‍. ചരിത്രം അദ്ദേഹത്തെപ്പോലെയൊരു രാജാവിനെ വേറെ കണ്ടിട്ടില്ല. സുന്ദരനും ധീരനുമായിരുന്നു റമീസീസ്. സിംഹാസനത്തിന് അവകാശിയായ സഹോദരനെ തള്ളിമാറ്റികൊണ്ട് അദ്ദേഹം ന്യൂബിയയിലെ(നൈല്‍ താഴ്വരയിലെ പ്രദേശം. വടക്കു കിഴക്കേയാഫ്രിക്കയില്‍) സ്വര്‍ണ്ണഖനികളിലേക്കു സ്വന്തമാളുകളെ അയച്ച് സ്വര്‍ണ്ണം ശേഖരിച്ച് ഈജിപ്റ്റിന്റെ ഖജനാവ് നിറച്ചു. അനേകം ആക്രമണങ്ങള്‍ നടത്തി അന്യരാജ്യങ്ങളെ കീഴടക്കി. നൂഠുകണക്കിനാണ് അദ്ദേഹത്തിനു ഭാര്യമാരുണ്ടായിരുന്നത്. മരിച്ചപ്പോള്‍ റമീസിന് നൂറ് ആണ്‍മക്കളും അമ്പതു പെണ്‍മക്കളും ഉണ്ടായിരുന്നു. അതിവിദഗ്ധനായ ഭരണകര്‍ത്താവായിരുന്നു റമീസ്. അദ്ദേഹം നിര്‍മ്മിച്ച വാസ്തുശില്പങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. വാണിജ്യം പുരോഗമിച്ചു അദ്ദേഹത്തിന്റെ കാലയളവില്‍ നൈല്‍ നദിയില്‍ നിന്ന് ചെങ്കടലിലേക്ക് അദ്ദേഹം മറ്റൊരു തോട് വെട്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണത്തിനുശേഷം അത് മണല്‍ കൊണ്ടു മൂടിപ്പോയി. ചരിത്രത്തിലെ അവിസ്മരണീയമായ കാലയളവിലാണ് റമീസ് വാണരുളിയത്. ആയുസ്സിന്റെ ദീര്‍ഘതയും അദ്ദേഹത്തിനു ലഭിച്ചു. ഭാര്യാസമ്പന്നതയും അപത്യസമ്പന്നതും ഉണ്ടായിരുന്ന ഈ രാജാവ് തൊണ്ണൂറാമത്തെ വയസ്സിലാണ് മരിച്ചത്. വില്‍ ഡ്യൂറന്റിന്റെ പുസ്തകത്തില്‍ ഇദ്ദേഹത്തിന്റെ ചിത്രമുണ്ട്. ഇറ്റലീയിലെ റ്റ്യൂറിന്‍ കാഴ്ച്ബംഗ്ലാവിലിരിക്കുന്ന റമീസിന്റെ കരിങ്കല്‍ പ്രതിമയുടെ ചിത്രമാണ്. രാജാവ് സുമുഖന്‍ തന്നെ. ഒരു രാജചിഹ്നം വലതുകൈയ്യില്‍ പിടിച്ച് മന്ദസ്മിതത്തോടെ രാജാവ് ഇരിക്കുന്ന ഈ ചിത്രം ആകര്‍ഷകമത്രേ.

മഹാനായ ഈ രാജാവിന്റെ ചരിത്രം നോവലായി ഫ്രഞ്ച് നോവലിസ്റ്റായ ക്രിസ്തിയാങ്ങ് ഷാക്ക് (Christian Jacq) എഴുതിയിരിക്കുന്നു. അഞ്ചു ഭാഗങ്ങളായിട്ടാണ് നോവലിന്റെ പ്രസാധനം. അവയില്‍ ആദ്യത്തെ വാല്യം- The Son of Light ഞാന്‍ വായിച്ചു.

റമീസിന്റെ അച്ഛന്‍ സെതീ(Seit)ഈജിപ്റ്റിനു സുവര്‍ണ്ണശോഭ നല്‍കിയ കാലം. അദ്ദേഹം മകനെ പല പരീക്ഷണങ്ങളിലും കൂടമാര്‍ഗ്ഗങ്ങളിലും കൊണ്ടു ചെന്ന് അയാള്‍ രാജാവാകാന്‍ യോഗ്യനാണോ എന്നു പരിശോധിച്ചു. യോഗ്യനും ധീരനുമാണ് പുത്രനെന്ന് അദ്ദേഹത്തിനു മനസ്സിലായി. സെതീയുടെ മരണകാലം ആഗതമായി. അദ്ദേഹം റമീസിനോടു പറഞ്ഞു: ‘എന്നെത്തേടി മരണം വരുന്നതു ഞാന്‍ കാണുന്നു. യുവത്വത്തോടെ മന്ദസ്മിതത്തോടെ പടിഞ്ഞാറന്‍ ദേവതയുടെ മുഖത്തോടെ മരണം വരുന്നു. ഇതു പരാജയമല്ല റമീസ്. ഇതൊരു യാത്ര മാത്രം. പ്രപഞ്ചത്തിന്റെ വൈപുല്യത്തിലേക്കുള്ള യാത്ര. അതിനു വേണ്ടി ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. നീ ഭരണമാരംഭിക്കുന്ന പ്രഥമദിനം തൊട്ട് ആ തയ്യാറെടുപ്പ് നടത്തണം.” “അച്ഛന്‍ പോകരുത്. ഞാന്‍ യാചിക്കുന്നു’ എന്നു മകന്‍ പരഞ്ഞു. അതുകേട്ട് സെതീ മകനെ ഉദ്ബോധിപ്പിച്ചു: ‘നീ ജനിച്ചത് ആജ്ഞാപിക്കാനാണ്. യാചിക്കാനല്ല” സെതീ മരിച്ചു. സായാഹ്നം അദ്ദേഹത്തിന്റെ ശാന്തമായ മുഖത്തെ കാഞ്ചന വര്‍ണ്ണമാക്കി.

“യഥാര്‍ത്ഥ സംഭവവര്‍ണ്ണനകളിലും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഭാവനയും കവിത്വവും കാണാം. ഏതേത് അംശങ്ങളേ വര്‍ണ്ണിച്ചാല്‍ സംഭവത്തിന്റെ സവിശേഷത വായനക്കാരനു അനുഭവപ്പെടുമെന്നു കവിയായ ബാലചന്ദ്രന് അറിയാം.”

റെമീസിസിന്റെ പതിനാലാമത്തെ വയസ്സിലാണ് നോവല്‍ തുടങ്ങുന്നത്. അദ്ദേഹത്തിന് ഇരുപത്തിമൂന്നു വയസ്സായപ്പോഴാണ് അച്ഛന്റെ മരണം സംഭവിച്ചത്. പ്രകാശത്തിന്റെ പുത്രന്‍-സൂര്യന്റെ മകന്‍- എന്ന പേരിനുള്ള ഭാരം റമീസിനു താങ്ങാനാവുമോ? നോവലിന്റെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു. ഈജിപ്റ്റിന്റെ ഭൂതകാല ചരിത്രത്തെ വര്‍ണ്ണോജ്ജ്വലമായി ചിത്രീകരിക്കുന്നതില്‍ ക്രിസ്റ്റീയാങ്ങ് ഷാങ്ങ് വിജയം വരിക്കുന്നു. (Simion and Schuster പ്രസാധനം Rs 370-60 Pages 360)

പലരും പലതും

എന്റെ ബന്ധുവായി ഒരതിമദ്യപനുണ്ടായിരുന്നു. അയാള്‍ കുടിച്ചു ബോധമില്ലാതെ സൈക്കളില്‍ തിരുവനന്തപുരത്തെ ടൗണ്‍ഹാളിന്റെ മുന്‍പില്‍ വന്നിറങ്ങി. സന്ധ്യകഴിഞ്ഞു. അവിടത്തെ ഗെയ്റ്റിനടുത്ത് ഒരു സ്നേഹിതനെ കാത്തു നിന്ന എന്നോടു ചോദിച്ചു: “കൃഷ്ണാ ഈ ടൗണ്‍ഹാള്‍ വില്‍ക്കുന്നുവെന്ന് ഞാനറിഞ്ഞു. ഞാനതു വിലയ്ക്കു വാങ്ങിക്കാന്‍ വന്നിരിക്കുകയാണ്. എവിടെ ചോദിക്കണം?” ഞാന്‍ ടൗണ്‍ഹാളിന്റെ അകത്തേക്ക് കൈ ചൂണ്ടിയിട്ടു പറഞ്ഞു: “അകത്തേക്കു ഓഫീസ് മാനേജര്‍ ഇരിക്കുന്നുണ്ട്. അയാളോടു ചോദിച്ചാല്‍മതി. ഉടനെ പ്രമാണം രജിസ്റ്റര്‍ ചെയ്യാം.” ‘ശരിയെ’ന്നു പറഞ്ഞുകൊണ്ടു ബന്ധു ടൗണ്‍ ഹാള്‍ മുറ്റത്തേക്കു സൈക്കള്‍ ചവിട്ടിപ്പോയി.

നോബല്‍ ലാറിയിറ്റായ മാഫൂസിന്റെ (Naguif Mahfouz) വിശ്വവിഖ്യാതമായ മൂന്നു ഭാഗങ്ങളുള്ള നോവലിലെ ഒരു കഥാപാത്രം ഒരു വഴിപോക്കനോടു ചോദിച്ചു: “സ്വര്‍ഗ്ഗത്തേക്കൂള്ള വഴി ഏതാണ്” മറുപടി: “വലത്തോട്ടു തിരിഞ്ഞുപോയാല്‍ മതി” എന്റെ ബന്ധുവിനും ഈ കഥാപാത്രത്തിനും തമ്മില്‍ എന്തേ വ്യത്യാസം?”

2. മലയാളം വാരികയുടെ പ്രമുക്തിദിനം. എഴുത്തുകാരെ പൊന്നാട അണിയിച്ചു ബഹുമാനിച്ച ചടങ്ങ്. അടുത്ത ദിവസം തിരുവനന്തപുരത്തെ ഇന്ത്യന്‍ എക്സ്പ്രസ് ഓഫീസ് മാനേജര്‍ ശ്രീ. അനില്‍കുമാറുമൊരുമിച്ച് ഞാന്‍ തിരിച്ചു പോരികയായിരുന്നു. മാര്‍ഗ്ഗമധ്യേ ഒരു ഭക്ഷണശാലയില്‍ ഊണു കഴിക്കാന്‍ കയറി. അവിടത്തെ ഒരു കാഴ്ച എന്നെ ഞെട്ടിച്ചു. ഒരു കുടുംബം: അച്ഛന്‍. അമ്മ. കുട്ടികള്‍-ഊണുകഴിക്കുകയാണ്. അച്ഛന്റേയും അമ്മയുടേയും മുന്പില്‍ വിസ്കി നിറച്ച ഗ്ലാസുകള്‍. കുഞ്ഞുങ്ങളുടെ മുന്‍പില്‍ ബിയര്‍ നിറച്ച ഭാജനങ്ങള്‍. മൂന്നുവയസ്സായ പെണ്‍കുഞ്ഞ് ബീയര്‍ കുടിക്കുന്നില്ലെന്നു കണ്ടു തന്ത ഗ്ലാസ്സെടുത്ത് അതിന്റെ ചുണ്ടോട് അടുപ്പിച്ചു. ‘കുടിക്കൂ മോളേ’ എന്നു പറഞ്ഞു. അവള്‍ കുടിക്കുന്നില്ലെന്നു കണ്ട് തള്ള അതു കൈയ്യില്‍ വാങ്ങിച്ച് മോളുടെ ചുണ്ടുകള്‍ വിടര്‍ത്തി ദ്രാവകം വായ്ക്കകത്തേക്ക് ഒഴിച്ചു. കുഞ്ഞ് പിന്നീട് ബീയര്‍പ്പാത്രം കൈയ്യില്‍ വാങ്ങി ‘മടമടാ’ കുടിച്ചു. ഞങ്ങള്‍ അതുകണ്ടു ഞെട്ടിപ്പോയി. ഈ തന്തയെയും തള്ളയെയും ശിക്ഷിക്കാന്‍ പീനല്‍കോഡില്‍ വ്യവസ്ഥയുണ്ടോ എന്നു ഞാന്‍ അനില്‍കുമാറിനോടു ചോദിച്ചു. അക്കാഴ്ച കണ്ടു മിണ്ടാന്‍ വയ്യാതെയായിപ്പോയ അദ്ദേഹത്തിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.

3. “ഗായകന്റെ നാദം അയാളിരുന്നു പാടുന്ന ഹോളില്‍ നിറഞ്ഞു നിന്നു” എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഹോളിനു പുറത്തിറങ്ങി നിന്ന വേറൊരാള്‍ പറഞ്ഞു: ‘അതേ നാദം നിറഞ്ഞു നില്‍ക്കട്ടെയെന്നു കരുതി ശ്രോതാക്കളായ ഞങ്ങളെല്ലാം പുറത്തേക്കു പോന്നു. മലയാള സാഹിത്യത്തില്‍ ഇപ്പോള്‍ നിരൂപകരുടെ ശബ്ദമേയുള്ളൂ. അതുകൊണ്ട് യഥാര്‍ത്ഥ സാഹിത്യകാരന്മാര്‍ കലയുടെ മണ്ഡലത്തില്‍ നിന്നു പുറത്തിറങ്ങി നില്‍ക്കുകയാണ്. ശബ്ദം നിലയ്ക്കുമെന്നും പുറത്തേക്കു പോന്നവര്‍ തിരിച്ച് അകത്തേക്കു കടക്കുമെന്നും നമുക്ക് ആശിക്കാം.

4. നോബല്‍സ്സമ്മാനം നേടിയ കവി Walcoff-ന്റെ കവിതയിലെ ഒരു നീഗ്രോയ്ക്ക് ജലാശയത്തില്‍ കാണുന്ന തന്റെ പ്രതിഫലനം വെള്ളം കൈകൊണ്ടിളക്കി ഇല്ലാതാക്കിയിട്ടേ ദാഹശമനം വരുത്താന്‍ കഴിയൂ. വൈരൂപ്യം കാണാന്‍ മടിച്ചിട്ടാണോ നീഗ്രോ അതു ചെയ്യുന്നത്? പാവപ്പെട്ട ജലത്തിനു ചലനം വരുത്തുന്നതെന്തിന്? സാഹിത്യവാരഫലമെന്ന ജലാശയത്തില്‍ നോക്കുമ്പോള്‍ ചിലര്‍ക്കു തങ്ങളുടെ പ്രതിഫലനം കാണാറാകുന്നുണ്ടെങ്കില്‍ അതിന് ആ കോളത്തിനെ കുറ്റം പറയുന്നതു ശരിയോ? ജലാശയം സ്വയം പ്രതിഫലനമുണ്ടാക്കുന്നില്ല. അതിലേക്കു നോക്കുമ്പോഴാണ് പ്രതിഫലനം സ്വാഭാവികമായി ഉണ്ടാകുന്നത്. സാഹിത്യവാരഫലവും ആരുടെയും പ്രതിഫലനം നിർമ്മിക്കുന്നില്ല. തനിയെ നോക്കിയിട്ട് വെള്ളം കലക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.