close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 07 20


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 07 20
ലക്കം 566
മുൻലക്കം 1986 07 13
പിൻലക്കം 1986 07 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

രാജവാഴ്ച അവസാനിച്ചു. മന്ത്രിസഭ അധികാരമേററു. ആദ്യത്തെ പ്രധാനമന്ത്രി പട്ടം താണുപിള്ളയായിരുന്നു. എന്നാല്‍ അദ്ദേഹത്തിനും മറ്റു മന്ത്രിമാര്‍ക്കും വളരെക്കാലം ഭരിക്കാന്‍ കഴിഞ്ഞില്ല. മന്ത്രിസഭ വീണ ദിവസം വൈകുന്നേരം തിരുവനന്തപുരത്തെ പഴവങ്ങാടി മൈതാനത്തു സമ്മേളനമുണ്ടായിരുന്നു. പ്രധാന മന്ത്രിയുടെ പ്രവര്‍ത്തികളെ നീതിമത്കരിക്കാനായി കൂടിയ ആ സമ്മേളനത്തിലെ പ്രധാനപ്പെട്ട പ്രഭാഷകന്‍ ഗാന്ധിജിയുടെ ശിഷ്യനായ ജി. രാമചന്ദ്രനായിരുന്നു. പട്ടം താണുപിള്ളയെ അവഹേളിക്കാന്‍ സന്നദ്ധരായിനിന്ന ആളുകളെ നോക്കിക്കൊണ്ടു് വാഗ്മിതയോടെ രാമചന്ദ്രന്‍ പ്രസംഗിച്ചു. പ്രഭാഷണം അടിക്കടി ഉജ്ജ്വലമായി വന്നപ്പോള്‍ അതിനു യോജിച്ച മട്ടില്‍ ആളുകളുടെ ശത്രുതയും കുറഞ്ഞു വന്നു. ഒടുവില്‍ വാഗ്മിയായ രാമചന്ദ്രന്‍ പറഞ്ഞു: ഞാന്‍ ഇനി ഇവിടെനിന്നു “പട്ടം താണുപിള്ള കി…” എന്നു പറയുമ്പോള്‍ നിങ്ങള്‍ ‘ജേ’ എന്നു വിളിക്കണം. രാമചന്ദ്രന്‍ “പട്ടം താണുപിള്ള കി…” എന്നു വിളിച്ചു. സദസ്സാകെ ഇളകിമറിഞ്ഞു ‘ജേ’ എന്നും വിളിച്ചു. പിന്നെ ‘ജേ’ വിളികളുടെ ബഹളമായിരുന്നു. താണുപിള്ളസ്സാറിനു സന്തേഷമായി. എനിക്കിപ്പോള്‍ ഓര്‍മ്മവന്നതു് മാര്‍ക്ക് ആന്റണി പ്രസംഗിച്ചു ബ്രൂട്ടസിനെതിരായി ആളുകളെ ഇളക്കിവിട്ടതാണു്. കരഘോഷത്തിനും ആര്‍പ്പുവിളികള്‍ക്കുംശേഷം ജനങ്ങള്‍ പിരിഞ്ഞ് വീട്ടിലെത്തിയപ്പോഴും അവര്‍ക്കു് അതേചേതോവികാരംതന്നെ ഉണ്ടായിരുന്നോ? ജനക്കൂട്ടത്തില്‍നിന്നു് ഉദ്ഭവിക്കുന്ന ഒരുതരം വിഷംകുടിച്ചു് മതിമയങ്ങിയല്ലേ അവര്‍ ‘ജയ്’ ശബ്ദംമുഴക്കിയതു്? ആ വിഷം ജി. രാമചന്ദ്രന്റെ വാഗ്മിത പ്രദാനം ചെയ്തതല്ലേ? ഈ ചോദ്യങ്ങള്‍ക്കു് എനിക്കു് ഉത്തരം നല്കാന്‍ അറിഞ്ഞുകൂടാ.

അടുത്ത ദിവസം തിരുവനന്തപുരത്തെ വൈ. ഡബ്ലിയൂ. സി. എ. ഹാളിനു് എതിരുവശത്തുള്ള ഒരു കൊച്ചുകെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍വച്ചു് ചെറിയ സമ്മേളനമുണ്ടായിരുന്നു. അമ്പതു് ആളുകള്‍ വരും. രാഷ്ട്രവ്യവഹാരത്തില്‍ പയററിത്തെളിയാത്ത ഒരു ചെറുപ്പക്കാരന്‍ പട്ടം താണുപിള്ളയുടെ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവം വിശദീകരിച്ചു. അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു മറിച്ചിട്ടതു ശരിയായില്ല എന്നു ധ്വനിപ്പിച്ചു പ്രസംഗിച്ചു. അദ്ദേഹം പ്രഭാഷണം കഴിഞ്ഞു് ഇരുന്നപ്പോള്‍ ആരും കൈയടിച്ചില്ല. ‘ജയ്’ എന്ന ശബ്ദം മുഴങ്ങിയില്ല. എങ്കിലും താണുപിള്ളസ്സാറിനെ ചതിച്ചതു ശരിയായില്ല എന്ന തോന്നല്‍ ഓരോ വ്യക്തിക്കും ഉണ്ടായി. വിഷാദത്തോടെയാണു്, ആര്‍ദ്രനയനങ്ങളൊടെയാണു് ഓരോ ആളും വീട്ടിലേക്കു പോയതു്. ആദ്യത്തെ പ്രഭാഷണം കേട്ടവര്‍ സുഖമായി ഉറങ്ങിയിരിക്കും. രണ്ടാമത്തെ പ്രഭാഷണം കേട്ടവര്‍ കട്ടിലില്‍ താനേ തിരഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചിരിക്കും. ഈ രണ്ടു സംഭവങ്ങളും ചില സത്യങ്ങള്‍ നമ്മെ ഗ്രഹിപ്പിക്കുന്നു. ജി. രാമചന്ദ്രന്‍ നടത്തിയതു് നാടകമാണ്. പ്രധാനപ്പെട്ട അഭിനേതാവു് അദ്ദേഹംതന്നെ, രണ്ടാമത്തേതു് മനുഷ്യത്വത്തിനു് പരമപ്രധാന്യമുളള സാധാരണ ജീവിതഭാഗം. മാര്‍ക്ക് ആന്റണിയുടെ പ്രഭാഷണം കേട്ടു് അക്കാലത്തെ സദസ്സു് കൈയടിച്ചതുപോലെ പഴവങ്ങാടി മൈതാനത്തിലെ സദസ്സു് രാമചന്ദ്രന്റെ പ്രസംഗംകേട്ടു് കൈയടിച്ചു. അവിടെ ഇളകിയ വികാരത്തിനാണു് പ്രാധാന്യം. നമുക്കു വേണ്ടത്തക്ക ഒരാളിനു വീഴ്ചവന്നാല്‍ നിശ്ശബ്ദദുഃഖത്തിനു വിധേയരായി നമ്മളിരിക്കുമല്ലോ. അതാണു് രണ്ടാമത്തെ സംഭവത്തെക്കുറിച്ചു് എടുത്തു പറയാനുള്ളതു്. ദൌര്‍ഭാഗ്യത്താല്‍ അഭിനേതാക്കന്മാര്‍ക്കാണു് എപ്പോഴും സ്ഥാനമുള്ളതു്. ആര്‍ജ്ജവമുള്ളവര്‍ പുറന്തള്ളപ്പെടുന്നു. സാഹിത്യത്തിലും ഇങ്ങനെതന്നെ. കവിതയെന്നു വിളിക്കാന്‍ വയ്യാത്ത, കഥയെന്നു വിളിക്കാന്‍ വയ്യാത്ത ‘റിട്ടറിക്കല്‍ പെര്‍ ഫോമന്‍സ്’ ഇന്നു് എല്ലാവര്‍ക്കും യഥാര്‍ത്ഥമായ കവിതയും യഥാര്‍ത്ഥമായ കഥയുമായി ഭവിച്ചിരിക്കുന്നു. അഭിനേതാക്കള്‍ക്കാണു് ഇന്നു് അംഗീകാരം. സത്യസന്ധന്മാര്‍ക്കല്ല.

ദോഷമുണ്ടെങ്കിലും…

കുറച്ചുകാലം മുന്‍പു് പുസ്തകങ്ങള്‍ നിറച്ച അഞ്ചുപെട്ടികളുമായി ഞാന്‍ വടക്കേയിന്ത്യയിലേക്കു പോകുകയായിരുന്നു. രണ്ടു ശക്തന്മാര്‍ പൊക്കിയാലും പൊങ്ങാത്ത രീതിയില്‍ ഭാരമുള്ളതാണു് ഓരോ പെട്ടിയും. എനിക്കു് ഇറങ്ങേണ്ട തീവണ്ടിയാപ്പീസില്‍ തീവണ്ടി രണ്ടു മിനിറ്റേ നില്ക്കൂ. എന്താണു ചെയ്യേണ്ടതെന്നറിയാതെ ഞാന്‍ വിഷമിച്ചു് ഇരുന്നു. സ്ഥലമടുക്കാറായി. ഓരോ പെട്ടിയും വലിച്ചിഴച്ചു് വാതിലിനു് അടുത്തുകൊണ്ടുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. സീറ്റിനടിയില്‍ നിന്നു അതു് വലിച്ചെടുക്കാന്‍ ശ്രമിച്ചിട്ടു് ഒരു ഫലവുമില്ല. ഒരിഞ്ചുപോലും ഒരു പെട്ടിയും മുന്നോട്ടുവരുന്നില്ല. ഇതു കണ്ട നാലഞ്ചു ചെറുപ്പക്കാര്‍ തിടുക്കത്തില്‍വന്നു് “സാറങ്ങു മാറിനിന്നാട്ടെ” എന്നുപറഞ്ഞു് ഏതാനും നിമിഷങ്ങള്‍കൊണ്ടു് പെട്ടികളത്രയും വാതിലിനു് അടുത്താക്കി. തീവണ്ടി, സ്റ്റേഷനിലെത്തി. അവര്‍ പ്ളാററ്ഫോമില്‍ ചാടിയിറങ്ങി എല്ലാം വലിച്ചുതാഴെയിറക്കി. തീവണ്ടി നീങ്ങി. അവര്‍ക്കു നന്ദി പറയാന്‍ ഞാന്‍ വണ്ടിക്കകത്തേക്കു നോക്കുകയാണു്. ആരെയും കാണാനില്ല. ഉപകാരം ചെയ്തിട്ടു് അവര്‍ സ്വന്തം ഇരിപ്പിടങ്ങളില്‍ ചെന്നു് ഇരിക്കുകയാണു്. നല്ലയാളുകള്‍ ഇത്തരത്തിലത്രേ. പ്രവര്‍ത്തിക്കാനുള്ളതു പ്രവര്‍ത്തിച്ചിട്ടു് അവര്‍ അകന്നുപോകുന്നു. തങ്ങള്‍ ഇന്നതു ചെയ്തു എന്നു് അവര്‍ ഓര്‍മ്മിക്കപോലുമില്ല. ഞാന്‍ ഇതെഴുതുന്നതു് അവരിലാരെങ്കിലും വായിക്കുമോ എന്നു് എനിക്കറിഞ്ഞുകൂടാ. വായിക്കുകയാണെങ്കിള്‍ അവര്‍ ഈ പഴയ കാര്യം ഓര്‍മ്മിച്ചെന്നുവരും, അത്രേയുള്ളൂ.

ഈ ലോകത്ത് ഇങ്ങനെയാണു് ജീവിക്കേണ്ടതു് എന്ന തത്ത്വം എന്നെ പഠിപ്പിച്ച ഒരു ചെറുകഥ കുങ്കുമം വാരികയിലുണ്ടു്. ഗോപിക്കുട്ടന്‍ എഴുതിയ ‘മനുഷ്യചരിത്രത്തില്‍നിന്നു് ഒരേടു്.’ ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരനെപ്പോലെ കഴിഞ്ഞുകൂടിയ ഒരു വക്കീല്‍. എല്ലാ കുസൃതിത്തരങ്ങളും ഡക്ക്‌വേലകളും അയാളുടെ കൈയിലുണ്ടു്. അവയുടെ സഹായത്താല്‍ അയാള്‍ ജീവിതത്തില്‍ ഉയര്‍ന്നു. വളരെ ഉയര്‍ന്നു. സെക്സ്, അസത്യം, വഞ്ചന ഇവയെല്ലാമാണു് അയാളുടെ ഉററതോഴന്മാര്‍. പക്ഷേ ഏതു് ആക്ഷനും റിയാക്ഷനുണ്ടു്. ന്യൂട്ടന്റെ സിദ്ധാന്തം ശരിയാണു് നിത്യജീവിതത്തെസ്സംബന്ധിച്ചും. വക്കീലിനു തൂങ്ങിച്ചാകേണ്ടിവന്നു. അയാള്‍ താമസിച്ചിരുന്ന കെട്ടിടം ഒരു ദന്ത വൈദ്യന്‍ കുറഞ്ഞവിലയ്‌‌ക്കു വാങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം വക്കീല്‍ വിസ്മരിക്കപ്പെട്ടു. ഗൌരവമാര്‍ന്നവിഷയങ്ങളെ ഹാസ്യം കലര്‍ത്തിവര്‍ണ്ണിച്ചു് മനുഷ്യജീവിതം ഈ വിധത്തിലുള്ളതാണെന്നു് നമ്മളെ ഗ്രഹിപ്പിക്കാന്‍ ഗോപിക്കുട്ടനു വൈദഗ്ദ്ധ്യമുണ്ടു്. മനുഷ്യരുടെ രൂപങ്ങളെ യഥാര്‍ഥമായ രീതിയില്‍ പകര്‍ത്തിയെന്നു പറഞ്ഞു് മീക്കലാഞ്ചലോയെപ്പോലും വിമിര്‍ശകര്‍ കുററപ്പെടുത്തിയിട്ടുണ്ടു്. പ്രതിപാദ്യവിഷയത്തെ സ്ഥൂലീകരിച്ചു് യാഥാര്‍ത്ഥ്യത്തിനു പ്രാമുഖ്യം നല്കി നമ്മുടെ കഥാകാരന്‍ എന്നു വേണമെങ്കില്‍ പറയാം. ആ ദോഷമുണ്ടെങ്കില്‍ത്തന്നെയും ഇതൊരു ഭേദപ്പെട്ട കഥയാണെന്നാണു് എന്റെ വിചാരം.

മാസ്റ്റര്‍ പീസ്

എല്‍ സാല്‍വഡോറിലെ (എല്‍ സാല്‍വദോര്‍ എന്നു സ്പാനിഷ് ഉച്ചാരണം) പ്രതിഭാശാലിയായ നോവിലിസ്റ്റാണു് മാനിലോ ആര്‍ഗ്വീററ (Manilo Argueta). കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പു് അദ്ദേഹത്തെ നാട്ടില്‍നിന്നു ബഹിഷ്കരിച്ചു. ആര്‍ഗ്വീററ ഇപ്പോൾ കോസ്റ്ററിക്കായില്‍ താമസിക്കുന്നു (ജനനം 1935–ല്‍). അദ്ദേഹത്തിന്റെ നോവലായ A Day in the Life in El Salvador ഉജ്ജ്വലമായ കൊച്ചു കൃതിയാണു്. അതിനെ major novel എന്നു വിശേഷിപ്പിച്ചാലും ശരിയായിരിക്കും. ഒരു ദിവസം കാലത്തു് ആറുമണിതൊട്ടു് ഉച്ചയ്ക്കുശേഷം രണ്ടുമണിവരെയുള്ള സംഭവങ്ങളെ ലൂപ് എന്നു കൃഷിക്കാരിയുടെ വിചാരങ്ങളിലൂടെ ആവിഷ്കരിക്കുകയാണു് ആര്‍ഗ്വീററ്. സാല്‍വഡോറിലെ ഒരു ഗ്രാമത്തില്‍നിന്നും വന്നവളാണു ലൂപ്. നേഷനല്‍ ഗാര്‍ഡ്സ് സാല്‍വഡോറില്‍ മര്‍ദ്ദനവും കൊലപാതകവും മുറയ്ക്കു നടത്തുകയാണു്. തന്റെ കുടുംബാംഗങ്ങളെ സംരക്ഷിച്ചുകൊണ്ടുപോകേണ്ട ഭാരമാണു ലൂപയ്ക്ക്. അവളെ ഗാര്‍ഡ്സ് പീഡിപ്പിക്കുന്നു, മര്‍ദ്ദിക്കുന്നു. അവര്‍ ലൂപിന്റെ മകനെ കൊന്നു തലയറുത്തെടുത്തു. മറ്റുള്ളവര്‍ക്കു മുന്നറിയിപ്പു് എന്ന പോലെ വഴിവക്കില്‍ അതു് വച്ചു. അവളുടെ മരുമകന്‍ (മകളുടെ ഭര്‍ത്താവു്) ഒരു ദിവസം ആരുമറിയാതെ “അപ്രത്യക്ഷനായി.” കര്‍ഷകത്തൊഴിലാളികള്‍ക്കുമാത്രമല്ല ജീവന്‍ ഉപേക്ഷിക്കേണ്ടിവന്നതു്. ഒരു പാതിരി പകുതി മരിച്ച നിലയില്‍ കാണപ്പെട്ടു. അവര്‍ അയാളെ അടിച്ചു് മുഖം തിരിച്ചറിയാന്‍ വയ്യാത്ത വിധത്തിലാക്കി. മലദ്വാരംവഴി ഒരു കമ്പു് അടിച്ചുകയററിയിട്ടുണ്ടായിരുന്നു അവര്‍. നിലവിളിക്കുന്ന, നഗ്നനായ പാതിരി ഒരു കുഴിയില്‍ കിടക്കുന്നത് അതിലേ പോയ ഒരു സ്ത്രീ കണ്ടു. റോഡില്‍നിന്നു അല്പമകലെയായി പാതിരിയുടെ ളോഹ കിടക്കുന്നുണ്ടായിരുന്നു. ലൂപയുടെ ഭര്‍ത്താവു് ഹോസേ (Jose) ഒളിവിലാണു്. കര്‍ഷകത്തൊഴിലാളി സംഘടനയിലെ അംഗമായ അയാളെ ഗാര്‍ഡ്സ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ലൂപയുടെ ചെറുമകള്‍ അഡോള്‍ഫിന പള്ളിയില്‍ പോയിരിക്കുകയാണു്. ഗാര്‍ഡ്സിന്റെ ക്രൂരതകളില്‍ പ്രതിഷേധിക്കുന്ന ഒരു സമ്മേളനത്തില്‍ പങ്കുകൊണ്ടിട്ടു് അവള്‍ മുത്തശ്ശിയുടെ അടുക്കലെത്തുമ്പോള്‍ നാലു ഗാര്‍ഡ്സ് ജീപ്പില്‍ നിന്നു് ശരീരം തള്ളിത്താഴെയിട്ടു് അവളുടെ സമീപത്തേക്കു വലിച്ചിഴച്ചു കൊണ്ടുവരുന്നതാണു് കണ്ടതു്. ആ ശരീരത്തിന്റെ മുഖമാകെ രക്തം. അതു് ഉടുപ്പിലേക്കും ട്രൌസേഴിസിലേക്കും ഒഴുകിയിരിക്കുന്നു. കണ്ണു് വെളിയില്‍ തൂങ്ങിക്കിടക്കുന്നു. “നിനക്കു ഇവനെ അറിയാമോ?” എന്നു് ഒരു ഗാര്‍ഡ് ലൂപയോടു് ചോദിച്ചു. പട്ടികടിച്ചു മുറിവേല്പിച്ചതുപോലെയുള്ള ആ ശരീരത്തെ നോക്കി അവള്‍ പറഞ്ഞു: “അറിഞ്ഞുകൂടാ.” പക്ഷേ, ലൂപ് തന്നോടുതന്നെ പറഞ്ഞു: “അങ്ങു് — അങ്ങാണു് ഹോസ. ആ കണ്ണു് വേറെആരുടെയും കണ്ണല്ലല്ലോ. …ഒരിക്കല്‍ അങ്ങു് എന്നോടു പറഞ്ഞു ‘നിനക്കോ നമ്മുടെ കുടുംബത്തിനോ എപ്പോഴെങ്കിലും ആപത്തുണ്ടായാല്‍ എന്നെ തള്ളിപ്പറയാന്‍ നീ മടിക്കരുതു്.’ അങ്ങു് ആ വിധത്തില്‍ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. ഈ നിലയില്‍ അതാകുമെന്നു ഞാന്‍ വിചാരിച്ചതേയില്ലല്ലോ.” ഇതുകൊണ്ടാണു് ഹോസേയെ അറിയില്ലെന്നു ലൂപ് പറഞ്ഞതു്. പക്ഷേ, ഇതുകൊണ്ടൊന്നും സാല്‍വഡോറിലെ കര്‍ഷകരുടെ വീര്യം കെട്ടുപോകുമെന്നു മര്‍ദ്ദകര്‍ വിചാരിക്കരുതു്. ലൂപ് പറഞ്ഞു: “ഞാന്‍ കരയാന്‍ പോകുന്നില്ല. എന്റെ കണ്ണീരൊഴുകുന്നതു കണ്ടു തൃപ്തിയടയാന്‍ എന്റെ ശത്രുക്കളെ ഞാന്‍ സമ്മതിക്കില്ല. അവര്‍ അനുഭവിക്കും. അതാണു് ഞാന്‍ എന്നോടായി പറഞ്ഞതു്. ഇന്നല്ലെങ്കില്‍ നാളെ. അവര്‍ അനുഭവിക്കും. അതാണു് ഞാന്‍ എന്നോടായി പറഞ്ഞതു്. ആ കൊലപാതകികള്‍ എന്റെ മകനോടു് എന്തു ചെയ്തുവോ ആതു് ആരും അനുഭവിക്കാന്‍ ഇടവരരുതു്.” അസാധാരണമായ ആര്‍ദ്രീകരണശക്തിയുള്ള നോവലാണിതു്. മര്‍ദ്ദനമനുഭവിക്കുന്ന സാല്‍വഡോറിന്റെ ചൈതന്യം ഈ കലാശില്പത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു. (Bill Brow തര്‍ജ്ജമ ചെയ്തതാണു് ഈ കൃതി. Chatto and Windur, London പ്രസാധകര്‍).

* * *

നിഷ്കളങ്കരായ ജനങ്ങള്‍ ബാലററ്പേപ്പര്‍ പെട്ടിയിലിട്ടു് ക്രൂരന്മാരെ അധികാരത്തിലേററുന്നു. അവര്‍ അധികാരമേറ്റാലുടന്‍ ആ ജനങ്ങളുടെ നേര്‍ക്കു വെടിയുണ്ടകള്‍ പായിക്കുന്നു. ഇതിന്റെ പോരാണു് ഡെമോക്രസി.

* * *

എത്ര നിഷ്പക്ഷ ചിന്താഗതിക്കാരനായാലും സ്നേഹം മൂല്യനിര്‍ണ്ണയത്തെ ബാധിക്കും. പന്തളം സുധാകരന്‍ എന്റെ ദൃഷ്ടിയില്‍ ബാലനാണു്. എന്നെ കാണുമ്പോഴെല്ലാം സ്നേഹത്തോടും ബഹുമാനത്തോടുംകൂടി പെരുമാറുന്ന അദ്ദേഹത്തോടു് എനിക്കു വാത്സല്യമാണു്. അടുത്ത കാലത്തു് മന്ത്രി രമേശ് ചെന്നിത്തലുമായി അദ്ദേഹം പോകുകയായിരുന്നു. മന്ത്രി ഉണ്ടായിരുന്നിട്ടും അദ്ദേഹം ഓടി അടുത്തെത്തി കുശലാന്വേഷണം നടത്തിയിട്ട് പോയി. അങ്ങനെയുള്ള ഒരാളിനെ വിമര്‍ശിക്കാന്‍ എന്റെ മനസ്സു് സമ്മതിക്കുന്നില്ല. അതുകൊണ്ടു് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ അദ്ദേഹമെഴുതിയ “ഇല്ല, ഇനി വരില്ല” എന്ന കാവ്യം വായിച്ചിട്ടു ഞാന്‍ മൌനം അവലംബിക്കുന്നു.— “സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുകന്നവര്‍ തന്റെ മനസ്സിലുള്ളതു മുഴുവന്‍ പറയരുതു്. കാണുന്നതിനെക്കുറിച്ചെല്ലാം അഭിപ്രായം എഴുതരുതു്.”— ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍.

ഭൂഷണങ്ങള്‍

കട്വമ്ലലവണാത്യുഷ്ണതീക്ഷ്ണരൂക്ഷ വിദാഹിനഃ
ആഹാരം രാജസസ്യേഷ്ടാ ദുഃഖശോകാമയപ്രദഃ
യാതയാമം ഗതരസം പൂതിപര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേദ്ധ്യം ഭോജനം താമസപ്രിയം.

കയ്പുള്ളതു്, പുളിച്ചതു്, ഉപ്പുകൂട്ടിയതു്, ചൂടുകൂടിയതു്, എരിവുകൂടിയതു്, ശുഷ്കമായതു്, കത്തുന്നതു് ഈ ആഹാരം രാജസികന്മാര്‍ക്കാണു് ഇഷ്ടം. ഇവ വേദനയും ദുഃഖവും രോഗവും ജനിപ്പിക്കുന്നു.

പഴകിയതു്, രുചിയില്ലാത്തതു്, അഴുകിയതു്, ഉച്ഛിഷ്ടമായതു്, ശുദ്ധിയില്ലാത്തതു് ഈ ആഹാരം താമസികര്‍ക്കു ഇഷ്ടമാണു്.

ഭഗവദ്ഗീതയിലെ ഈ ശ്ളോകങ്ങള്‍ എല്ലാവരും ഹൃദിസ്ഥമാക്കണം. അവയിലെ ആശയമനുസരിച്ചു പ്രവര്‍ത്തിക്കുയും വേണം. വിശേഷിച്ചും കടകളില്‍ കയറി ചിക്കന്‍ഫ്രൈ എന്ന പേരില്‍ കാകമാംസവും മട്ടണ്‍കറിയെന്ന പേരില്‍ മഹിഷമാംസവും ‘തട്ടുന്നവര്‍.’ ആഹാരം വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും അതു നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സിദ്ധാര്‍ത്ഥന്‍ ‘മനോരാജ്യ’ത്തിലെഴുതുന്നു. ഈ ആഴ്ചപ്പതിപ്പിനു ഭൂഷണങ്ങളാണു സിദ്ധാര്‍ത്ഥന്റെ കൊച്ചു പ്രബന്ധങ്ങള്‍.

നിരീക്ഷണങ്ങള്‍

പരീക്ഷ നടക്കുന്ന മുറികള്‍
അദ്ധ്യാപികന്മാര്‍ക്കു വാതോരാതെ ചേട്ടനെക്കുറിച്ചും പുതിയ സാരികളെക്കുറിച്ചും സംസാരിക്കുനുള്ള സ്ഥലങ്ങള്‍. ഒന്നാംക്ലാസ് കിട്ടേണ്ട പല കുട്ടികളും ഇത്തരം സംസാരം കേട്ടു് വേണ്ടപോലെ ഉത്തരമെഴുതാന്‍ കഴിയാതെ തോററിട്ടുണ്ടു്. (ഈ സംസാരത്തെക്കുറിച്ചു പല കട്ടികളും എന്നോടു പരാതിപറഞ്ഞിട്ടുണ്ടു്.)
ടെലിവിഷന്റസെററ്
റിപ്പയറര്‍ ഒന്നു തുറന്നുനോക്കിയാല്‍ ഉടമസ്ഥനു് അമ്പതു രൂപ നഷ്ടപ്പെടുന്നതിനു സഹായമരുളുന്ന ഒരു ഉപകരണം.
കാറിന്റെ ബാക്ക്സീററിനു മുകളിലുള്ള സ്ഥലം
ക്ലാര്‍ക്കായി കയറി സീനിയോറിററിയുടെ ഫലമായി സെക്രട്ടറിയാകുന്നവര്‍ക്കു നൂററുകണക്കിനു് ഫയലുകള്‍ അടുക്കിവയ്ക്കാനുള്ള സ്ഥലം. അങ്ങനെ ഫയലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു് അവര്‍ ഗമയില്‍ വീട്ടിലേക്കു പോകുന്നതു് കാണേണ്ട കാഴ്ചയാണു്. (കിരാതനെന്നു വിശേഷിപ്പിക്കപ്പെടുന്നെങ്കിലും ഒട്ടും കറപ്റ്റ് അല്ലാതിരുന്ന സി. പി. രാമസ്വാമി അയ്യര്‍ കല്പിച്ചിരുന്നു ഒരുദ്യോഗസ്ഥനും ഫയല്‍ വീട്ടില്‍ കൊണ്ടുപോകരുതെന്നു്.)
ലോകകപ്പ് ഫുട്ബോള്‍ മത്സരം
ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരന്റെ ജനനേന്ദ്രിയം നോക്കി ചവിട്ടുന്ന ബാര്‍ബറിസം. ദ്യോഗോ മാറാദോനയെപ്പോലുള്ള ചില മാന്യന്മാര്‍ ഇവരുടെ കൂട്ടത്തലുണ്ടു് എന്നതു വിസ്മരിക്കുന്നില്ല (Diego Maradona).
ബ്യൂട്ടി പാര്‍ലറുകള്‍
ചെറുപ്പക്കാരികളല്ലാത്തവര്‍ക്കു് പുരികം വടിച്ചിറക്കി വേറെ വരയ്ക്കാനും രാസദ്രവ്യംകൊണ്ടു മുഖത്തിനു വൈരൂപ്യം വരുത്താനുമുള്ള സ്ഥലങ്ങള്‍.
ഹോക്കര്‍ (ആക്രിക്കച്ചവടക്കാരന്‍)
പഴയ വര്‍ത്തമാനപ്പത്രത്തിന്റെ ഭാരം പത്തു കിലോയാണെങ്കില്‍ അതു് ത്രാസിലിട്ടു് മൂന്നു കിലോയാക്കി പ്രദര്‍ശിപ്പിക്കുന്ന മജീഷ്യന്‍.
ചില പുതിയ വിവാഹങ്ങള്‍
കുറഞ്ഞതു നൂറു പവന്റെ ആഭരണങ്ങളും ആയിരം രൂപയുടെ കാഞ്ചീപുരം സാരിയും ചാര്‍ത്തിയ പെണ്ണിന്റെ തന്തയുടെ കൈയില്‍നിന്നു് സകലമാന വസ്തുതകളും എഴുതി മേടിച്ചിട്ടു് അവളെ തുരുമ്പു പിടിച്ച കസേരയിരുത്തി കഴുത്തില്‍ ഒരു ചുവപ്പു മാലയിട്ടു് കൊണ്ടുപോകകയും വിളിച്ചുവരുത്തിയ മാന്യന്മാര്‍ക്കു് പഞ്ചാരയിടാത്ത നാരങ്ങാവെള്ളം മാത്രം കൊടുത്തയയ്ക്കുകയും ചെയ്യുന്ന ഏര്‍പ്പാടുകള്‍.

പ്രതിബിംബം

സ്ത്രീകള്‍ മററു സ്ത്രീകളുടെ വേഷംനോക്കി മനസ്സിലാക്കുന്നതുപോലെ പുരുഷന്മാര്‍ മററു പുരുഷന്മാരുടെ വേഷമെന്താണെന്നു ശ്രദ്ധിക്കാറുണ്ടോ? ഇല്ലെന്നാണു് എന്റെ വിചാരം. ഞാന്‍ മറ്റൊരാള്‍ ഇട്ടിരിക്കുന്ന ഷര്‍ട്ട് ഏതു തരത്തിലാണെന്നു നോക്കാറേയില്ല. ഒരു മണിക്കൂര്‍ അയാളുടെ അടുത്തുനിന്നു സംസാരിച്ചാലും അയാളിട്ടിരുന്നതു് കോട്ടണ്‍ ഷര്‍ട്ടാണോ ടെറിക്കോട്ടണ്‍ ഷര്‍ട്ടാണോ എന്ന് എനിക്കു പറയാനാവില്ല. സ്ത്രീയുടെ വേഷവിധാനവും സാര്‍ട്ടോറിയല്‍ സ്‌പ്ലെന്‍ഡര്‍ (Sartorial splendour=വേഷത്തിന്റെ ഔജ്ജ്വല്യം) ഇല്ലെങ്കില്‍ എന്റെ കണ്ണില്‍ പെടുകിയില്ല. നമുക്കു സ്വാതന്ത്ര്യമുള്ള സ്ത്രീയോടു് ‘ഞാന്‍ ശാസ്തമംഗലത്തുവച്ചു് കമലമ്മയെ കണ്ടു’ എന്നു പറഞ്ഞുനോക്കു. ഉടനെ അവര്‍ ചോദിക്കുന്നതു് “കമലമ്മ ഏതു സാരിയുടുത്തിരുന്നു” എന്നായിരിക്കും. നമ്മള്‍ അറിഞ്ഞുകൂടാ എന്ന മട്ടില്‍ കൈമലര്‍ത്തും.

സത്യമിതാണെങ്കിലും സ്വന്തം വേഷത്തിലെന്നപോലെ മറ്റുള്ളവരും വേഷത്തിലും ശ്രദ്ധിക്കുന്ന ചില പുരുഷന്മാരുണ്ടു്. സംസ്‌കൃത കോളേജില്‍ നിന്നു റോഡിലേക്കുള്ള കയററം കയറിവരുമ്പോള്‍ എനിക്കഭിമുഖമായി ഒരു സ്നേഹിതന്‍ വരുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടു ചിരിച്ചു. ഉടനെ ആ മനുഷ്യന്‍ പറയുകയാണു്: “മനസ്സിലായി, എന്റെ ഷാര്‍ക്ക് സ്‌കിന്‍ ബുഷ്കോട്ട് നോക്കുകയാണു്. അല്ലേ?” ഇതുകേട്ട് ഞാന്‍ അമ്പരന്നുപോയി. ഞാന്‍ ആ സുഹൃത്തന്റെ കള്ളച്ചിരിയല്ലാതെ വേറൊന്നും കണ്ടില്ല. ഒരു മനഃശാസ്ത്രതത്ത്വം ഇതില്‍ ഒളിച്ചിരിക്കുന്നുണ്ടു്. സുഹൃത്തു് തന്റെ രൂപം ഷാര്‍ക്ക് സ്കിന്‍ കോട്ടിലൂടെ കാണുകയായിരുന്നു. ആ കോട്ട് കണ്ടു് അദ്ദേഹത്തെ വേറൊരാള്‍ അഭിനന്ദിക്കുമ്പോള്‍ തന്റെ രൂപമെത്ര നല്ലതു്, താനെത്ര കേമന്‍ എന്ന് അദ്ദേഹം വിചാരിച്ചു് അഹ്ലാദിക്കും. വീട്ടിലാണെങ്കില്‍ കണ്ണാടിയില്‍ നോക്കാം. റോഡില്‍വച്ചാണെങ്കില്‍ മറ്റാളുകളുടെ അഭിനന്ദനമാകുന്ന ദര്‍പ്പണത്തില്‍ മാത്രമേ തന്റെ പ്രതിബിംബം അദ്ദേഹത്തിനു ദര്‍ശിക്കാനാവൂ. (പ്രതിബിംബം എന്ന വാക്കിനു പകരം പ്രതിച്ഛായ എന്നെഴുതാന്‍ ഭാവിച്ചതാണു ഞാന്‍. അതൊരു ‘നാണംകെട്ട’വാക്കാണിന്നു്. അതിനാല്‍ അതു വേണ്ടെന്നുവച്ചു.) തിരുവനന്തപുരത്തു് ഒരു പണ്ഡിതനുണ്ടു്. എന്നും വൈകുന്നേരം ആരാധകര്‍ അദ്ദേഹത്തോടു് “അങ്ങയ്ക്കു തുല്യനായി ഒരു പണ്ഡിതന്‍ വേറെ എവിടെയുണ്ടു്?” എന്നു ചോദിക്കണം. ആ ചോദ്യത്തിലൂടെ തന്റെ പ്രതിബിംബം കണ്ടാല്‍ അന്നു് അദ്ദേഹത്തിനു ഉറക്കം സുഖമാവും. ചോദിക്കാന്‍ ആരും വന്നില്ലെങ്കില്‍ ഉറങ്ങുകയുമില്ല. സ്ത്രീകള്‍ക്കു സ്വന്തം രൂപം കണ്ണാടിയിലും മറ്റുള്ളവരുടെ വാക്കുകളിലും കണ്ടേ മതിയാവൂ. ഇല്ലെങ്കില്‍ അവര്‍ ചോദിക്കും: “എനിക്കു് ഈ സാരി ചേരുമോ?” ആ ചോദ്യത്തിന്റെ അര്‍ത്ഥം “ഞാന്‍ സുന്ദരിയാണോ?” എന്നാണു്.

എം. ​എം. മേനോന്‍ ദേശാഭിമാനി വാരികയിലെഴുതിയ ‘ചികിത്സ’ എന്ന കഥ വായിക്കു. പലപ്പോഴും രാത്രി ഡ്യൂട്ടിനോക്കിയിരുന്ന ഒരു പട്ടാളക്കാരനു് പെന്‍ഷന്‍ പററിവന്നപ്പോള്‍ ഉറക്കം വരുന്നില്ല. പല ചികിത്സകളുംനടത്തി. ഫലമില്ല. ഒടുവില്‍ അരക്കിറുക്കനായ ഒരു ഡോക്ടര്‍ അയാള്‍ക്കു് നൈററ് വാച്ചറുടെ ജോലി വാങ്ങിക്കൊടുത്തു. കാക്കിയുടുപ്പിനുള്ളില്‍ കയറി പഴയ പട്ടാളക്കാരനെപ്പോലെ നിന്നപ്പോള്‍ അയാള്‍ക്കു് അസ്വസ്ഥത മാറി. വാച്ചറുടെ ജോലിയിലൂടെ അയാള്‍ തനിക്കഭിമിതമായ പ്രിതിബിംബം ദര്‍ശിച്ചുവെന്നു സാരം. എം. ​എം. മേനോന്‍ വൈദഗ്ദ്ധ്യത്തോടെ, രസാത്മകതയോടെ കഥ പറഞ്ഞിരിക്കുന്നു.

ബോര്‍ഹെസ്

“ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്‍
ത്രാസുപൊങ്ങുന്നതും താനേ താണു പോവതും”

എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി ജീ. ശങ്കരക്കുറുപ്പു് മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന്‍ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. (മഹാകവിയുടെ വാക്കുകള്‍ ഓര്‍മ്മയില്‍നിന്നു് കുറിക്കുകയാണിവിടെ. കത്തു് കൈയിലില്ല. ആരുടെയോ പ്രേരണയില്‍പ്പെട്ടു് അദ്ദേഹം എനിക്കയച്ച നൂറോളം കത്തുകള്‍ തിരിച്ചു വാങ്ങിച്ചു.) നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം. കലാകൌമുദിയിലെ ‘ബോര്‍ഹെസ് എന്ന വിസ്മയം’ എന്ന ലേഖനം ഇവരണ്ടുമാണു്. ജീവിതത്തെ, ലോകത്തെ ലാബറിന്‍തായി—ബഹുവക്രമാര്‍ഗ്ഗമായി ബോര്‍ഹെസ് കരുതുന്നുഎന്നതു സത്യം.

ബോര്‍ഹെസിന്റെ വിശിഷ്ടമായ കഥയാണു് ‘The Garden of Forking Paths’ എന്നതു്. ഡോക്ടര്‍ സ്റ്റീഫന്‍ ആല്‍ബെര്‍ട്ടിനെ ജനനംകൊണ്ടു് ചൈനാക്കാരനായ ഒരു ജര്‍മ്മന്‍ ചാരന്‍ കൊല്ലുന്നു. കാലം ഒന്നാം ലോകമഹായുദ്ധത്തിന്റേതു്. മരിച്ച ആര്‍ബെര്‍ട്ടിന്റെ പേരുതന്നെയാണു് പട്ടണത്തിന്റേതും. അവിടെനിന്നാണു് ബ്രീട്ടീഷുകാര്‍ ജര്‍മ്മന്‍കാരെ ആക്രമിക്കാന്‍ സന്നദ്ധരാവുന്നതു്. അതു് അവരെ (ജര്‍മ്മന്‍കാരെ) അറിയിക്കാനാണു് വധം ആ സ്ഥലത്തുവച്ചുതന്നെ നടത്തുന്നതു്. അപ്പോള്‍ ബ്രീട്ടീഷ്സൈന്യം എവിടെനിന്നു് ആക്രമണം ആരംഭിക്കുന്നുവെന്നു് ജര്‍മ്മന്‍ സൈന്യം അറിയുമല്ലൊ.

വധം നടക്കുന്നതിനുമുന്‍പു് ഒരു ഗ്രന്ഥത്തെക്കുറിച്ചു രണ്ട്പേരും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നു. ഒരു ചൈനീസ് പണ്ഡിതന്‍ താനൊരു പുസ്തകമെഴുതുമെന്നും ഒരു ലാബിറിന്‍ത് നിര്‍മ്മിക്കുമെന്നും ശപഥം ചെയ്തത്രെ. അയാൾ അതുപോലെ പ്രവര്‍ത്തിച്ചു. പക്ഷേ, ഗ്രന്ഥമെഴുത്തുതന്നെ ലാബറിന്‍ത് നിര്‍മ്മാണമായി പരിണമിച്ചു. പുസ്തകത്തിന്റെ മൂന്നാമത്തെ അദ്ധ്യായത്തില്‍ നായകന്‍ മരിക്കുന്നു. നാലാമത്തേതില്‍ അയാള്‍ ജീവിച്ചിരിക്കുന്നു. എല്ലാ നോവലുകളിലും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കാണുമ്പോള്‍ നായകന്‍ ഏതെങ്കിലുമൊന്നിനെ അംഗീകരിക്കുന്നു. ഈ ചൈനീസ് നോവലിലെ നായകനാവട്ടെ എല്ലാം സ്വീകരിക്കുന്നു. ഉദാഹരണം പറയാം. ഫാങ്ങിന്റെ വീട്ടില്‍ ഒരുത്തന്‍ വന്നുകയറുന്നു. ഫാങ്ങിനു് അയാളെ കൊല്ലാം. വന്നെത്തിയവനു ഫാങ്ങിനെ കൊല്ലാം. രണ്ടുപേര്‍ക്കും രക്ഷപ്പെടാം. രണ്ടുപേര്‍ക്കും രക്ഷപ്പെടാം. രണ്ടുപേര്‍ക്കും മരിക്കാം. ഒരിടത്തു് നിങ്ങളെന്റെ ശത്രു. വേറൊരിടത്തു് എന്റെ മിത്രമാണു് നിങ്ങള്‍. കാലം ഇവിടെ infinite series ആണു്. അവ സമാന്തരങ്ങളായിവരുന്നു. തമ്മില്‍ കൂട്ടിമുട്ടുന്നു. അല്ലെങ്കില്‍ ഒരു കാലരേഖ മറ്റൊരു കാലരേഖയെ അവഗണിക്കുന്നു. ഒന്നില്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നു. ഞാനില്ല ഒന്നിലും. മറ്റൊന്നില്‍ ഞാനുണ്ടു് ജീവനോടെ. നിങ്ങളില്ല. വേറൊന്നില്‍ രണ്ടുപേരും ജീവിച്ചിരിക്കുന്നു. കാലത്തെക്കുറിച്ചുള്ള സമാന്തര സങ്കല്പമുണ്ടു് നവീനശാസ്ത്രത്തില്‍. അതാണു് ഈ കഥയില്‍ കാണുന്നതെന്നു് Mysticism and the New Physics എന്ന ഗ്രന്ഥമെഴുതിയ ടാല്‍ബട്ട് പറയുന്നു.

ഈ പുസ്തകത്തില്‍ സ്റ്റീഫന്‍ ആല്‍ബര്‍ട്ടുമുണ്ടു്. വധകര്‍ത്താവായ ചാരനുമുണ്ടു്. പുസ്തകമാകുന്ന ആ ലാബറിന്‍തില്‍ അനന്തങ്ങളായ സാദ്ധ്യതകള്‍. ലോകം അല്ല പ്രപഞ്ചംതന്നെ ലാബറിന്‍താണു്. ഈ ആശയത്തെ ആന്യാദൃശമായ രീതിയില്‍ ആവിഷ്കരിച്ച ബോര്‍ഹെസ് മരിച്ചപ്പോള്‍ റ്റൈം വാരിക ആ വാര്‍ത്ത മൂന്നോ നാലോ വാക്യങ്ങളിലൊതുക്കി. ന്യൂസ്‌വീക്ക് ആറു വാക്യങ്ങളിലെഴുതിയെന്നാണു് ഓര്‍മ്മ. ‘അണ്ടനെയും അടകോടനെ’യും കുറിച്ചു് അവര്‍ ആന്റി കമ്മ്യൂണിസ്റ്റുകാര്‍ ആണെങ്കില്‍ ദാര്‍ഘങ്ങളായ ലേഖനങ്ങള്‍ എഴുതുന്നവര്‍ക്കു് ഈ ശതാബ്ദത്തിലെ അതുല്യപ്രതിഭാശാലിയെക്കുറിച്ചു് ഇത്രമാത്രമേ കുറിക്കാന്‍ തോന്നിയുള്ളു.

കളിപ്പാട്ടം വേണോ?

ഡോക്ടര്‍ നളിനിയുടെ കാമുകന്‍ മോഹനന്‍ ഒരു സമയം നിശ്ചയിച്ചു് വരാമെന്നു പറഞ്ഞിരുന്നു. അതിനിടയ്ക്ക് ഒരു ചെറുപ്പക്കാരന്‍ സ്‌കൂട്ടറപകടത്തില്‍ മരിച്ചു. മരിച്ചതു് അയാളാവാമെന്നു വിചാരിച്ചു് നളിനിക്കു് വെപ്രാളം. പല സ്ഥലത്തും ‘ഫോണ്‍ചെയ്തു’ അവള്‍. മരിച്ചയാളിന്റെ സ്‌കൂട്ടറില്‍ To Ammu with love എന്നെഴിതിയ ഒരു പൊതിയുണ്ടായിരുന്നതു് അവളുടെ വൈഷമ്യം വര്‍ദ്ധിപ്പിച്ചു. അവളുടെ ചെല്ലപ്പേരു് അമ്മു എന്നാണു്. മാത്രമല്ല, അന്നു് അയാള്‍ സമ്മാനം കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു. മരിച്ചതു് വേറൊരുത്തനാണെന്നു് വ്യക്തമായതു് മോഹനന്‍ അതേമട്ടില്‍ ഒരു പൊതിയുമായി വന്നപ്പോഴാണു്. ഇതാണു് എന്‍. ടി. ബാലചന്ദ്രന്റെ “അമ്മുവിനു സ്നേഹത്തോടെ” എന്ന കഥ. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) മരിച്ചവന്‍, ശവം സൂക്ഷിക്കുന്ന മുറിയില്‍ കിടക്കുന്നു. ഡോക്ടര്‍ നളിനിക്കു് അവിടെച്ചെന്നു് ആ ശവം ഒന്നു നോക്കിക്കൂടേ? നോക്കിയാല്‍ കഥയില്ലല്ലോ. അതുകൊണ്ടു് കഥാകാരന്‍ അവളെക്കൊണ്ടു് ഫോണ്‍ ചെയ്യിക്കുന്നു. അവള്‍ പാരവശ്യം കാണിക്കുന്നതു് വര്‍ണ്ണിക്കുന്നു. ബാലിശമെന്നു പറഞ്ഞാലും ഈ കഥയുടെ ഗര്‍ഹണീയത മുഴുവന്‍ സ്പഷ്ടമാകില്ല. ബാലചന്ദ്രന്‍ എന്റെ സ്നേഹിതനാണു്. എങ്കിലും പറയട്ടെ. അദ്ദേഹത്തിനു കടലാസും മഷിയുമല്ല ആവശ്യം. ചുററു കമ്പി മുറിക്കി താഴെ വച്ചാല്‍ ഓടുന്ന ടോയികാറ്, പാമ്പും കോണിയും കളിക്കാനുള്ള ബോര്‍ഡും പ്ളാസ്റ്റിക് കട്ടകളും, എടുത്തുയര്‍ത്തിയാല്‍ കണ്ണു തുറക്കുന്ന പാവ ഇവയൊക്കെയാണു് ബാലചന്ദ്രനു നല്‌കേണ്ടതു്. കഥയില്‍ ആ വിധത്തിലുള്ള ബാലചാപല്യമാണു് കാണുക.

* * *

സുന്ദരി ചിരിച്ചാല്‍ ഭംഗി. അവള്‍ നമമുടെ മുന്‍പില്‍നിന്നു തൊണ്ടക്കുഴി കാണത്തക്ക വിധത്തില്‍ കോട്ടുവായിട്ടാലോ? കഥാകാരന്മാര്‍ കലാംഗനയെക്കൊണ്ടു കോട്ടുവാ ഇടീക്കരുതു്.