close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 10 18


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 10 18
ലക്കം 944
മുൻലക്കം 1993 10 11
പിൻലക്കം 1993 10 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചോദ്യം, ഉത്തരം

Symbol question.svg.png ഗുരുശിഷ്യബന്ധം ജീര്‍ണ്ണിച്ചു പോയതു എന്തുകൊണ്ട്?

വിജ്ഞാനത്തോടുള്ള ബഹുമാനം കുറഞ്ഞുപോയതിനാലാവാം. പ്രാചീനകാലത്ത് ഇങ്ങനെയായിരുന്നില്ല. അക്കാലത്തെ ഒരു ശിഷ്യനോടു ഒരാള്‍ ചോദിച്ചു ‘ഗുരുവില്ലാതെ സൂര്യനെ നോക്കിയാല്‍ അതു ഇരുണ്ടതായിപ്പോകുമോ നിങ്ങള്‍ക്ക്?’ ശിഷ്യന്‍ ചിരിച്ചുകൊണ്ടു മറുപടി നല്കി. ‘സൂര്യന്‍ സൂര്യന്‍ തന്നെയായിരിക്കും. പക്ഷേ ഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ പന്ത്രണ്ടു സൂര്യന്മാര്‍ എനിക്കുവേണ്ടി ജ്വലിക്കും (റോറിഹിന്റെ പുസ്തകത്തില്‍നിന്നാണിത്.)

Symbol question.svg.png ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ് ഏതു തരത്തിലായിരിക്കണം.

ബെന്‍ ജോണ്‍സണ്‍ പറഞ്ഞതുപോലെയായിരിക്കണം അവള്‍ ചിരിക്കുമ്പോള്‍ വീനസിനെപ്പോലെ; നടക്കുമ്പോള്‍ ഊമയെപ്പോലെ; സംസാരിക്കുമ്പോള്‍ മിനര്‍വയെപ്പോലെ.

Symbol question.svg.png സ്നേഹം ശാശ്വതമാണോ?

റോസാപ്പൂവിന്റെ മണം എത്രദിവസത്തേക്കുണ്ടു്?

Symbol question.svg.png നിങ്ങളുടെ തിരുവനന്തപുരത്തു ഞാന്‍ വന്നാല്‍ എനിക്കെന്തു വികാസമായിരിക്കും?

ഇവിടെ പുളിമൂട് എന്നു വിളിക്കുന്ന സ്ഥലമുണ്ട്. പട്ടണത്തിന്റെ ഹൃദയം അവിടെച്ചെന്നാല്‍ ഓക്കാനിക്കും. നാറ്റംകൊണ്ട് നടന്നാല്‍ ജിലേബി തുടങ്ങിയ മധുരപലഹാരങ്ങള്‍ വച്ചിരിക്കുന്ന കണ്ണാടിക്കൂടുകളില്‍ ഹോട്ടലുടമസ്ഥര്‍ ഈച്ചകളെ വളര്‍ത്തുന്നതു കണ്ട് നഗരസഭയെ നിങ്ങള്‍ ബഹുമാനിക്കും. വേലുത്തമ്പിദളവ, മാധവരായര്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കുമാരനാശാന്‍ ഇവരുടെ പ്രതിമകളില്‍ കാക്കകള്‍ കാഷ്ഠിച്ചതു കണ്ടു നിങ്ങള്‍ക്ക് ആ മഹാവ്യക്തികളോടു കൂടുതല്‍ ആദരം തോന്നും. കാക്കകള്‍ ശരീരത്തില്‍ കാഷ്ഠിച്ചാലും അതു വകവയ്ക്കാത്തവര്‍ യഥാര്‍ത്ഥത്തില്‍ മഹാന്മായാണല്ലോ.

Symbol question.svg.png വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ചിന്തകള്‍കൊണ്ടു സമരം ചെയ്ത മഹാന്‍.

Symbol question.svg.png ഓമനത്തിങ്കള്‍ക്കിടാവോ... എന്തു തോന്നുന്നു?

ആ കിടാവ് പതിനെട്ടു വയസ്സു കഴിയുമ്പോള്‍ വിജാതീയനായ ഒരാളോടുകൂടി ഒളിച്ചോടുന്നതു ഞാന്‍ കാണുന്നു. കിടാവ് ആണാണെങ്കില്‍ യുവാവാകുമ്പോള്‍ രാത്രി ആടിയാടി വീട്ടില്‍വരുന്നതും അച്ഛനമ്മമാര്‍ മൂക്കുപൊത്തുന്നതും കാണുന്നു.

Symbol question.svg.png റ്റെലിവിഷന്‍ കാണാറില്ല നിങ്ങള്‍. കണ്ട കാലത്ത് എന്തു തോന്നിയിരുന്നു?

നിത്യജീവിതത്തില്‍ കാണാനിടവന്നാല്‍ അറപ്പ് ഉണ്ടാക്കുന്ന കാര്യങ്ങല്‍ റ്റി.വി. സെറ്റില്‍ വന്നാല്‍ സന്തോഷത്തോടെ ആളുകള്‍ നോക്കിക്കൊണ്ടിരിക്കുമെന്ന്.

Symbol question.svg.png നിങ്ങളെ ഹോണ്‍ട് ചെയ്യുന്നതെന്ത്?

എന്റെ മകന് അഞ്ചുവയസ്സുണ്ടായിരുന്നപ്പോള്‍ ആറിഞ്ച് നീളമുള്ള കത്തിച്ച റാന്തലുമായി അവന്‍ അടുത്ത വീട്ടിലേക്കു കയറിപ്പോയി എന്തോ വാങ്ങാന്‍. ഇരുപത്തേഴു കൊല്ലം കഴിഞ്ഞപ്പോള്‍ അവന്‍ വിളക്കില്ലാതെ അന്ധകാരത്തിലേക്കു നടന്നു. ഈ രണ്ടു ദൃശ്യങ്ങളും എന്നെ ഹോണ്‍ട് ചെയ്യുന്നു.

നിരീക്ഷണങ്ങള്‍

വേലുത്തമ്പിദളവ, മാധവരായര്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കുമാരനാശാന്‍ ഇവരുടെ പ്രതിമകളില്‍ കാക്കകള്‍ കാഷ്ഠിച്ചതു കണ്ടു നിങ്ങള്‍ക്ക് ആ മഹാവ്യക്തികളോടു കൂടുതല്‍ ആദരം തോന്നും. കാക്കകള്‍ ശരീരത്തില്‍ കാഷ്ഠിച്ചാലും അതു വകവയ്ക്കാത്തവര്‍ യഥാര്‍ത്ഥത്തില്‍ മഹാന്മായാണല്ലോ.

  1. അയാള്‍ ശിശുവായിരുന്ന കാലത്ത് അയാളുടെ അച്ഛന്‍ വേറൊരു സ്ത്രീയോടുകൂടി ഓടിപ്പോയി. ഒരുദിവസം റിച്ചേഡും അവന്റെ അമ്മയുംകൂടി ആഹാരം നേടാന്‍ പണം വാങ്ങാനായി അയാളെ പോയിക്കണ്ടു. എന്നാല്‍ അയാള്‍ ചിരിച്ചുകൊണ്ടു അവരെ നിരാകരിച്ചു കളഞ്ഞു. തീരെച്ചെറുതായിരുന്ന റിച്ചേഡ് വിചാരിച്ചു തന്റെ അച്ഛന്‍ ഈശ്വരനെപ്പോലെയാണെന്ന്. വലിയ ആള്‍; സര്‍വശക്തന്‍; എന്തുചെയ്യുമെന്ന് ഊഹിക്കാന്‍ വയ്യാത്തവന്‍; വിശ്വസിക്കാന്‍ വയ്യാത്തവന്‍; ക്രൂരന്‍. സ്വന്തം പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നവന്‍. ഈശ്വരനെപ്പോലെ തന്നെ. എന്നാല്‍ അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞ് റിച്ചേഡ് റൈറ്റ്[1] പേരുകേട്ട എഴുത്തുകാരനായപ്പോള്‍ അദ്ദേഹം അച്ഛനെ കാണാന്‍ മിസിസിപ്പിയിലേക്കു പോയി. അപ്പോള്‍ അദ്ദേഹം ഈശ്വരനു പകരം കണ്ടത് കിഴവനും കണ്ണീരൊലിപ്പിക്കുന്നവനുമായ ഒരു വയല്‍ ജോലിക്കാരനെയാണ്. വയല്‍ ഉഴുതുമറിക്കുന്നതിന്റെ ഫലമായി കൂന്; പല്ലുകള്‍ ഇല്ല; വളം നാറുന്ന മനുഷ്യന്‍. തന്റെ ‘ഈശ്വരന്‍’ ചെയ്ത ധീരമായ പ്രവൃത്തി മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയതാണെന്ന് റിച്ചേഡിനു ഗ്രഹിക്കാന്‍ കഴിഞ്ഞു.”
    കുട്ടിക്കാലത്ത് ഈശ്വരന്‍തന്നെ അച്ഛന്‍. എന്നാല്‍ കുട്ടി ക്രമേണ വലുതാകുമ്പോള്‍ അച്ഛന്റെ ഐശ്വരാംശം കുറഞ്ഞു കുറഞ്ഞു വരുന്നു. ഒടുവില്‍ അയാള്‍ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഒരു പടുകിഴവന്‍. പലരും പറയാന്‍ മടിക്കുന്ന സത്യം റിച്ചേഡ് റൈറ്റ് തുറന്നു പറയുന്നു.
  2. ഫ്രായിറ്റ് “The Future of Illusion” എന്ന പ്രബന്ധത്തില്‍ പറഞ്ഞതുപോലെ ഞാനും പറയുകയാണെന്ന് തെറ്റിദ്ധരിക്കരുത്. എന്റെ അനുഭവംതന്നെയാണ് ഇവിടെ വിവരിക്കുന്നത്. പേരക്കുട്ടിയെ ഒരിംഗ്ളീഷ് കെട്ടുകഥ പഠിപ്പിക്കുകയായിരുന്നു ഞാന്‍. സ്യൂസ് ഭൂമിയില്‍ വരുന്നതും രണ്ടു നല്ലയാളുകളെ അവരുടെ ആഗ്രഹമനുസരിച്ചു മരങ്ങളാക്കി മാറ്റുന്നതുമാണ് കഥ. അതു പഠിപ്പിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു: “ഇതു നടന്നതാണോ?” “കഥയല്ലേ കുട്ടീ” എന്നു ഞാന്‍. അതോടുകൂടി അവര്‍ക്കു നൈരാശ്യം. ചില ആളുകള്‍ക്ക് ഭാവനാത്മകങ്ങളായ നോവലുകളും ചെറുകഥകളും വായിക്കാന്‍ വയ്യ. യഥാര്‍ത്ഥ സംഭവങ്ങളുടെ വിവരണങ്ങള്‍ മാത്രം മതി അവര്‍ക്ക്. അങ്ങനെയുള്ളവരാണ് ചില വാരികകളിലെ കൊലപാതകക്കഥകള്‍ തേടിപ്പോകുന്നത്. ഭാവനാത്മകങ്ങളായ രചനകളില്‍ സത്യത്തിന്റെ സത്യം ഉണ്ടെന്ന് അവര്‍ക്കറിഞ്ഞുകൂടാ. അതു പറഞ്ഞുകൊടുക്കുന്നതുകൊണ്ടും പ്രയോജനമില്ല. അവര്‍ കൊലപാതകക്കഥകളും വ്യഭിചാരകഥകളും വായിക്കാന്‍വേണ്ടി മാത്രം ലോകത്ത് എത്തിയവരാണ്. [ഫ്രായിറ്റിന്റെ പ്രബന്ധത്തില്‍ അദ്ദേഹത്തിന്റെ കുഞ്ഞ് കെട്ടുകഥ കേട്ടതിനുശേഷം അതു യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ എന്നു ചോദിക്കുന്നതും ‘അല്ല’ എന്ന് ഫ്രായിറ്റ് പറഞ്ഞതു കേട്ടു നിരാശപ്പെടുന്നതും വര്‍ണ്ണിച്ചിട്ടുണ്ട്.]
    നീക്കോലൗസ് റോറിഹിനെ (Nicholas Roerich 1874–1947) ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത് a great artist, a great scholar and writer — മഹാനായ കലാകാരന്‍, മഹാനായ പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നാണ്. മനുഷ്യപ്രയത്നത്തിന്റെ അനേകമംശങ്ങളില്‍ അദ്ദേഹം പ്രകാശം വീഴ്ത്തിയെന്നും നെഹ്റു അഭിപ്രായപ്പെട്ടു. Nicholas Roerich is one of the cultural pillars of Russia — റഷ്യയുടെ സാംസ്കാരിക സ്തംഭങ്ങളില്‍ ഒന്ന് നീക്കോലൗസ് റോറിഹ് എന്നു ഗോര്‍ബച്ചേവ് പ്രഖ്യാപിച്ചു. റോറിഹിന്റെ “Heart of Asia—Memoris from the Himalayas” എന്ന സുന്ദരമായ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട് (Inner Traditions International Rochester, Vermont, പ്രസാധനം 1990, വില രൂപ 363). അതിലൊരിടത്ത് അദ്ദേഹം ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ട്: ‘പര്‍വ്വതങ്ങള്‍ എവിടെയും പര്‍വ്വതങ്ങളാണ് എന്നതു സത്യം. ജലം എവിടെയും ജലമാണ്. അന്തരീക്ഷം എവിടെയും അന്തരീക്ഷം. മനുഷ്യര്‍ എവിടെയും മനുഷ്യര്‍തന്നെ. എന്നാലും ആല്‍പ്സ് പര്‍വ്വതത്തിന്റെ മുന്‍പിലിരുന്ന് നിങ്ങള്‍ ഹിമാലയപര്‍വ്വതത്തെ സങ്കല്പിക്കാന്‍ തുടങ്ങിയാല്‍ വിവരിക്കാന്‍ വയ്യാത്തതും വിശ്വാസ്യമായതും ഇല്ലാതാകും.’ ഹിമാലയത്തിന്റെ അന്യാദൃശസ്വഭാവത്തിന് ഊന്നല്‍ നല്കാന്‍ ശ്രമിക്കുന്ന വേളയില്‍ റോറിഹ് അതിനു ഉപോദ്ബലകമായി ചിലതു പറഞ്ഞെന്നേ വിചാരിക്കേണ്ടതുള്ളു. പര്‍വ്വതങ്ങളും ജലവും അന്തരീക്ഷവും മനുഷ്യരും ഓരോ രാജ്യത്തും വിഭിന്നമത്രേ.

യക്ഷിരാഷ്ട്രീയം

ചില ആളുകള്‍ക്ക് ഭാവനാത്മകങ്ങളായ നോവലുകളും ചെറുകഥകളും വായിക്കാന്‍ വയ്യ. യഥാര്‍ത്ഥ സംഭവങ്ങളുടെ വിവരണങ്ങള്‍ മാത്രം മതി അവര്‍ക്ക്. അങ്ങനെയുള്ളവരാണ് ചില വാരികകളിലെ കൊലപാതകക്കഥകള്‍ തേടിപ്പോകുന്നത്.

നല്ല നിലാവുള്ള ഒരു രാത്രിയില്‍ മുറ്റത്തു കസേരയെടുത്തിട്ടു ഞാന്‍ ഇരിക്കുകയായിരുന്നു. നിശാഗന്ധി അതിന്റെ വിശുദ്ധിയെ പുഷ്പത്തിലൂടെ ആവിഷ്കരിച്ചതു നോക്കി ആഹ്ളാദിക്കുന്ന വേളയില്‍ കാലൊച്ച കേള്‍പ്പിക്കാതെ ഒരാള്‍ — ആറടിപ്പൊക്കമുള്ള ഒരുത്തന്‍ — ഗെയ്റ്റ് മെല്ലെത്തുറന്ന് എന്റെ മുന്‍പില്‍ വന്നുനിന്നു. ഞാന്‍ പേടിച്ച് അനങ്ങാതെ ഇരുന്നു. ‘ആരാണ്?’ എന്നു ചോദിക്കാന്‍പോലും എന്റെ നാവിനു കഴിഞ്ഞില്ല. ഒരക്ഷരം മിണ്ടാതെ അയാള്‍ പിറകോട്ടു നടന്നു ഗെയ്റ്റിനു പുറത്തെത്തി. തലയുയര്‍ത്തി നടന്നുപോവുകയും ചെയ്തു. ആരായിരുന്നു അയാള്‍? ഭ്രാന്തനോ? ശത്രുവോ? വാടകക്കൊലയാളിയോ? ഒന്നു പേടിപ്പിച്ചിട്ടു പോകാന്‍ മാത്രം വന്നവനോ? അതോ നിഗ്രഹിക്കാനെത്തിയിട്ട് വേണ്ടെന്നു കരുതി തിരിച്ചു പോയവനോ? ആവോ അറിഞ്ഞുകൂടാ. ഇതെഴുതുന്ന സന്ദര്‍ഭത്തില്‍ അന്നത്തെ ആ ഭയത്തിനു ഞാന്‍ വിധേയനാവുന്നു.

മറ്റൊരു ദിവസം രാത്രി പന്ത്രണ്ടുമണിയായിക്കാണും. വീടുവച്ചു തീര്‍ന്നതേയുള്ളു. മതിലു കെട്ടിയിട്ടില്ല. ആരോ ഡോര്‍ബെല്‍ ശബ്ദിപ്പിക്കുന്നു. ഞാന്‍ ജന്നല്‍ തുറന്നു നോക്കിയപ്പോള്‍ ഒരു തടിയനും ഒരു കൃശഗാത്രനും മുറ്റത്തു നില്ക്കുന്നു. എന്തു വേണമെന്ന എന്റെ ചോദ്യത്തിന് കതകു തുറക്കണം എന്ന മറുപടിയാണ് കിട്ടിയത്. അര്‍ദ്ധരാത്രിയില്‍ പരിചയമില്ലാത്തവര്‍ വന്ന് ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയാല്‍ കതകു തുറക്കുകയില്ല എന്നു ഞാന്‍ പറഞ്ഞു. “ഞങ്ങള്‍ ജര്‍മ്മനിയില്‍ നിന്നു വന്ന മലയാളികളാണ്. നിങ്ങളെ അവിടെയൊരു മീറ്റിങ്ങിനു ക്ഷണിക്കാന്‍ വന്നവരാണ്, കതകു തുറക്കു” എന്ന് അവര്‍ വീണ്ടും പറയുകയായി. മുഷിഞ്ഞ വേഷം. മാന്യതയുടെ ലക്ഷണങ്ങള്‍ തീരെയില്ല. അവര്‍ ജര്‍മ്മനിയില്‍ താമസിക്കുന്ന മലയാളികളാണെന്ന് എനിക്കു തോന്നിയില്ല. അതുകൊണ്ട് ‘മീറ്റിങ്ങിനു വരാന്‍ പറ്റുകയില്ല. നിങ്ങള്‍ പൊയ്ക്കൊള്ളു’ എന്നു അറിയിച്ചിട്ടു ഞാന്‍ ജന്നല്‍ വലിച്ചടച്ചു. കുറെനേരം കൂടി അവര്‍ അവിടെ നിന്നിരിക്കണം. അരമണിക്കൂര്‍ കഴിഞ്ഞു റ്റെറസിന്റെ മുകളില്‍ കയറി ഞാന്‍ മുറ്റത്തേക്കു നോക്കിയപ്പോള്‍ അവര്‍ അവിടെ ഇല്ലായിരുന്നു.

നിലാവിന്റെ പ്രശാന്തത ആവഹിച്ചിരുന്ന രാജവാഴ്ചയുടെ കാലയളവിലാണ് ‘രാഷ്ട്രീയം’(രാഷ്ട്രവ്യവഹാരം എന്നു ശരിയായ പ്രയോഗം) എന്റെ രാജ്യത്തേക്ക് സമ്മതം കൂടാതെ കടന്നു വന്നത്. സ്വസ്ഥതയോടെ മനുഷ്യര്‍ ഉറങ്ങിയിരുന്ന കാലത്താണ് ലളിതവേഷം ധരിച്ച പൂതന രാഷ്ട്രീയം അവരെ ഡോര്‍ബെല്ലടിച്ചു ഉണര്‍ത്തി ഭയപ്പെടുത്തിയത്. പ്രതിദിനം, പ്രതിനിമിഷം അതു വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്റെ ബൃഹദാകാരം കണ്ടു മനുഷ്യര്‍ ബോധശൂന്യരായി വീഴുന്നു. ഒരു മൂല്യത്തിനും ഇന്നു സ്ഥാനമില്ല. സത്യം, സൗന്ദര്യം, ദയ ഈ മാനുഷികമൂല്യങ്ങളെ നിഗ്രഹിച്ചു കഴിഞ്ഞു, ബീഭത്സ രാഷ്ട്രീയം. കൊലപാതകം പോലും അതിന്റെ മുന്‍പില്‍ നിസ്സാരമായിച്ചമയുന്നു. ഈ വസ്തുതയെ കഥയിലൂടെ ചിത്രീകരിക്കുകയാണ് ശ്രീ. ബാലകൃഷ്ണന്‍ മാങ്ങാട് (നിലവിളിയൊച്ച—കലാകൗമുദി). ഒരു ദുഷ്ടന്‍ ഭാര്യയെ ചവിട്ടിക്കൊല്ലുന്നു. രാഷ്ട്രവ്യവഹാരത്തിന്റെ അതിപ്രസരം കൊണ്ട് അവന്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ല. സമകാലിക സമുദായത്തിന്റെ ഒരു പരിച്ഛേദമാണ് ഇക്കഥ. ഗെയ്റ്റ് കടന്നു വന്നവന്‍ സ്വയം പോയി. ജര്‍മ്മനിയില്‍ നിന്നു വന്നുവെന്നു പറഞ്ഞവരും ഗത്യന്തരമില്ലാതെ സ്ഥലം വിട്ടു. പക്ഷേ, കള്ളിയങ്കാട്ടു നീലിയായ നമ്മുടെ രാഷ്ട്രീയം നമ്മെ കൊന്നിട്ടേ പിന്മാറൂ. പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ക്കറിയാവുന്ന ഒരു പരമാര്‍ത്ഥമേ ഞാന്‍ എഴുതിയുള്ളു. അനുസ്മരിപ്പിക്കല്‍ എന്നതില്‍ക്കവിഞ്ഞ് എനിക്കു മറ്റൊരു കൃത്യമില്ല.

എവിടെ നോവല്‍ജീന്‍?

നിലാവിന്റെ പ്രശാന്തത ആവഹിച്ചിരുന്ന രാജവാഴ്ചയുടെ കാലയളവിലാണ് ‘രാഷ്ട്രീയം’ (രാഷ്ട്രവ്യവഹാരം എന്നു ശരിയായ പ്രയോഗം) എന്റെ രാജ്യത്തേക്ക് സമ്മതം കൂടാതെ കടന്നു വന്നത്. സ്വസ്ഥതയോടെ മനുഷ്യര്‍ ഉറങ്ങിയിരുന്ന കാലത്താണ് ലളിതവേഷം ധരിച്ച പൂതന രാഷ്ട്രീയം അവരെ ഡോര്‍ബെല്ലടിച്ചു ഉണര്‍ത്തി ഭയപ്പെടുത്തിയത്.

പലരും പല പരിവൃത്തി പറഞ്ഞതാണ് ഞാനിനിപ്പറയാന്‍ പോകുന്ന വസ്തുത. ദാമ്പത്യ ജീവിതത്തിന്റെ ചേര്‍ച്ചയില്ലായ്മയ്ക്കു പ്രധാന കാരണം സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവ സവിശേഷതകളാണ്. സ്ത്രീ വികാരത്തില്‍ ജീവിക്കുന്നു; പുരുഷന്‍ ധിഷണയില്‍ ജീവിക്കുന്നു. വൈകാരികജീവിതം നയിക്കുന്ന സ്ത്രീക്ക് ഏതു വിഷയത്തെയും വികാരപരമായി മാത്രമേ നോക്കാന്‍ കഴിയൂ. ‘എന്നെ സ്നേഹിക്കുന്നില്ല’ എന്നാണ് അവള്‍ ഭര്‍ത്താവിനെക്കുറിച്ച് എപ്പോഴും പരാതി പറയുക. എന്നാല്‍ ‘അവള്‍ക്കു എന്നോടു സ്നേഹമില്ല’ എന്ന പരാതി ഭര്‍ത്താവു പറഞ്ഞു കേള്‍ക്കാറില്ല. ആരും വിവാഹം കഴിഞ്ഞ പുരുഷന്‍ അച്ഛനമ്മമാരോടോ മറ്റു ബന്ധുക്കളോടോ മുന്‍പ് ഉണ്ടായിരുന്ന സ്നേഹത്തിന് ഒരു ലോപവും വരുത്തില്ല (ചില പെണ്‍കോന്തന്മാരെ ഒഴിവാക്കിയിട്ടാണ് ഞാനിതു പറയുന്നത്). സ്ത്രീയുടെ സ്ഥിതി അതല്ല. അവിവാഹിത ആയിരിക്കുമ്പോള്‍ അവള്‍ക്കു മാതാപിതാക്കന്മാരോട് വലിയ അടുപ്പം. വിവാഹം കഴിയട്ടെ, അവള്‍ക്ക് ആ അടുപ്പവും സ്നേഹവും വളരെക്കുറയും. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ മരിച്ചെന്നറിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അവിവാഹിതയായ കൊച്ചു മകള്‍ നെഞ്ചിലിടിച്ചു നിലവിളിക്കുന്നു. വിവാഹിതയായ മകള്‍ ഒരുതുള്ളി കണ്ണീരുപോലും പൊഴിക്കാതെ വികാരരഹിതയായി നില്ക്കുന്നു. ഈ അന്തരം കണ്ട് എന്റെ അടുത്തു നിന്ന ശ്രീ. തിരുനല്ലൂര്‍ കരുണാകരനോടു ഞാന്‍ ചോദിച്ചു: “മൂത്ത മകള്‍ക്കെന്തേ ദുഃഖമില്ലാത്തത്?” തെല്ലു നേരം മിണ്ടാതെ നിന്നിട്ട് അദ്ദേഹം മറുപടി നല്കി. ‘വിവാഹം കഴിഞ്ഞാല്‍ സ്നേഹം ഷെയര്‍ ചെയ്തു പോകും.’ കരയാത്ത മകളെ കുറ്റപ്പെടുത്താതെയാണ് തിരുനല്ലൂര്‍ അങ്ങനെ പറഞ്ഞത്. പക്ഷേ വിവാഹത്തോടുകൂടി അച്ഛനോടു അവള്‍ക്കുണ്ടായിരുന്ന സ്നേഹം വളരെക്കുറഞ്ഞുപോയി എന്നതാണ് സത്യം. ഞാന്‍ ആ സ്ത്രീയെ കുറ്റപ്പെടുത്തുകയല്ല. സ്ത്രീസ്വഭാവമാണത്. ആദ്യം ലാളിച്ചു വളര്‍ത്തുന്ന അച്ഛന്റെ നേര്‍ക്കു വികാരപ്രവാഹം. ഭര്‍ത്താവു വന്നുകഴിയുമ്പോള്‍ അതിനെ അയാളുടെ നേര്‍ക്കു പ്രവഹിപ്പിക്കുന്നു. മകന്‍ ജനിച്ചാല്‍ അതേ വികാരം അവന്റെ നേര്‍ക്കാണ് ഒഴുക്കുക. അതോടുകൂടി ഭര്‍ത്താവ് അഗണ്യകോടിയില്‍ ആയിപ്പോകുന്നു. ഒന്നുകൂടിപ്പറയട്ടെ. സ്ത്രീക്കു ജീവിതം വികാരപരമാണ്; പുരുഷനു ബുദ്ധിപരവും. രണ്ടും ഒരിക്കലും ചേരുകില്ല. അതിനാലാണ് സംഘട്ടനങ്ങള്‍ ഉണ്ടാവുക.

സാഹിത്യം സ്ത്രീയാണ്. വികാരത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ്. അങ്ങനെയുള്ള സ്ത്രീയെ—സാഹിത്യത്തെ—പുരുഷനാക്കുകയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘‍ഡൊണാള്‍ഡ് ഡക്കിന്റെ വംശം’ എന്ന ചെറുകഥയെഴുതിയ ശ്രീ. ജി. പ്രകാശ്. ക്രിക്കിറ്റ് കളിക്കാരനായിരുന്ന ഒരുത്തന്‍ ബാങ്ക് മാനേജറാവുന്നതും വയസ്സുകാലത്ത് അയാള്‍ കളിക്കാന്‍ പോകുന്നതും അതില്‍ നിന്നു പിന്തിരിയുന്നതുമൊക്കെ വിവരിച്ച് രചയിതാവ് ബുദ്ധിയുടെ ലോകം സൃഷ്ടിച്ചുവയ്ക്കുന്നു. എന്നാല്‍ ബുദ്ധിശക്തിയുടെ വിലാസമുണ്ടോ? അതൊട്ടില്ലതാനും. രചന വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കു തലവേദന. ‘നോവല്‍ജീന്‍ കൊണ്ടുവാ’ എന്ന് ഒരു കുടുംബാംഗത്തോട് ആജ്ഞാപിക്കേണ്ടി വന്നു. എഴുത്തുകാര്‍ കഥ എഴുതിയില്ലെങ്കിലും വേണ്ടില്ല. അവര്‍ വായനക്കാര്‍ക്കു തലവേദനയുണ്ടാക്കാതിരുന്നാല്‍ മതി.

പരിധി കടക്കരുത്

ഈശ്വരവിശ്വാസം രോഗമല്ല. എന്നാലത് പരിധികടക്കുമ്പോള്‍ രോഗമായി മാറും. മനുഷ്യനാണെങ്കിലും ഈശ്വരസാക്ഷാത്കാരം കൂടുതലുള്ള സത്യസായിബാബയെ വേണമെങ്കില്‍ ആരാധിക്കൂ. പുട്ടപ്പര്‍ത്തിയില്‍ പോയി അദ്ദേഹത്തെ നേരിട്ടു കണ്ട് തൊഴുത് അനുഗ്രഹം നേടു. അതിനൊന്നും ഞാന്‍ എതിരല്ല. പക്ഷേ ഒരുദിവസം ‘റ്റ്വൊന്‍റിഫോര്‍’ മണിക്കൂറും സായിബാബയെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ടു ശ്രോതാവിനെ ബോറടിക്കുന്നവന്‍ രോഗിയാണ്. ഇമ്മട്ടില്‍ പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ പുസ്തകം വാങ്ങുന്നതും വായിക്കുന്നതും നന്ന്. അതല്ലാതെ അനവരതം അതില്‍ വ്യാപരിക്കുന്ന ആള്‍ രോഗമുള്ളയാളാണ്. ഈ രോഗം എനിക്കുണ്ട്. ജീവിതത്തിന്റെ ഒരംശം മാത്രമായ സെക്സിനെക്കുറിച്ച് എഴുതൂ. പരാതിയില്ല ആര്‍ക്കും. എന്നാല്‍ റ്റോണി മോറിസണെപ്പോലെ ആലീസ് വൊക്കറെപ്പോലെ മേഅ ആഞ്ജിലൊയെപ്പോലെ ലൈംഗികകാര്യങ്ങള്‍ — അതും അനിയതലൈംഗിക കാര്യങ്ങള്‍ — മാത്രമേ രചനകളില്‍ ഉള്‍ക്കൊള്ളിക്കൂ എന്നു കരുതുന്നതു മാനസികരോഗമാണ്. ഇതിനാലാണ് മനുഷ്യന്റെ ക്ഷുദ്രവികാരങ്ങളെ ഇളക്കിവിടുന്ന പൈങ്കിളി എഴുത്തുകാര്‍ രോഗികളാണെന്ന് ഞാന്‍ പറയുന്നത്.

കഥാകാരനായ ശ്രീ.എം. രാഘവന്‍ ഏതു വിഷയം കൈകാര്യം ചെയ്താലും രോഗിയായി പ്രത്യക്ഷനാവുന്നില്ല എന്നത് ആശ്വാസപ്രദമാണ്. ചിരപരിചിതത്വമാര്‍ന്ന വിഷയങ്ങളിലേ അദ്ദേഹം മനസ്സിരുത്താറുള്ളു. ആ മനസ്സിരുത്തല്‍ സവിശേഷമായ രീതിയിലാണുതാനും. കുങ്കുമം വാരികയില്‍ അദ്ദേഹത്തിന്റെ ചെറുകഥയുണ്ട്- “എന്റെ ഓമനക്കുട്ടന്മാര്‍’. ദാമ്പത്യ ജീവിതത്തിന്റെ വൈരസ്യം, അനപത്യതയുടെ ദുഃഖം ഇവയെല്ലാമാണ് അതിലെ വിഷയങ്ങള്‍. പലരും പലതവണ പ്രതിപാദിച്ച ഇവ നൂതനത്വമാര്‍ന്ന് ഇക്കഥയില്‍ ദൃശ്യമാകുന്നു. അത്രത്തോളം നന്ന്. ആഖ്യാനത്തിനുമുണ്ട് സവിശേഷത.

ക്ഷമാപണത്തോടെ

ദാമ്പത്യ ജീവിതത്തിന്റെ ചേര്‍ച്ചയില്ലായ്മയ്ക്കു പ്രധാന കാരണം സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവ സവിശേഷതകളാണ്. സ്ത്രീ വികാരത്തില്‍ ജീവിക്കുന്നു; പുരുഷന്‍ ധിഷണയില്‍ ജീവിക്കുന്നു.

ദേശാഭിമാനി വാരിക ഉത്കൃഷ്ടമാണ്. ശ്രീ. ഇ.എം.എസ്. പതിവായി എഴുതുന്നു അതില്‍. കഥകള്‍ പലപ്പോഴും കലാത്മകങ്ങളാണ്. ദാര്‍ശനികവിഷയങ്ങല്‍ കൈകാര്യം ചെയ്യുന്നവരോട് എല്ലാവരും യോജിച്ചെന്നു വരില്ല. ഒരാള്‍ പറയുന്നതിനോട് മറ്റൊരാള്‍ ഒരിക്കലും യോജിക്കില്ല. പിന്നെ നോക്കാനുള്ളത് പറയുന്നതില്‍ ഒരു പോയിന്റെങ്കിലും ഉണ്ടോ എന്നാണ്. വാരികയിലെ ലേഖനങ്ങളില്‍ അവ ധാരാളമുണ്ട്. പലപ്പോഴും പ്രബന്ധങ്ങള്‍ പ്രൗഢങ്ങളുമാണ്. പക്ഷേ വാരികയില്‍ വരുന്ന കാവ്യങ്ങള്‍ ഏറിയകൂറും ബുദ്ധിപരങ്ങളും ഗദ്യാത്മകങ്ങളുമാണ്. കാവ്യവിഷയത്തെ കവി അനുവാചകന്റെ ഹൃദയത്തിന്റെ മുന്‍പില്‍ നിറുത്തുമ്പോഴാണ് കവിത പീലിവിരിച്ചാടുന്നത്. വാരികയിലെ കവികള്‍ അനുവാചകന്റെ ബുദ്ധിയുടെ മുന്‍പിലാണ് വിഷയങ്ങള്‍ നിറുത്തുക. മഹത്ത്വമാര്‍ന്ന വിഷയങ്ങളെ അമൂര്‍ത്തങ്ങളാക്കി ദുര്‍ഗ്രഹതയാര്‍ന്ന ശൈലിയില്‍ സ്ഫുടീകരിക്കാനാണ് അവര്‍ക്കു കൗതുകം. അതുകൊണ്ട് ഇതിലെ കാവ്യങ്ങള്‍ വായനക്കാരെ ആഹ്ളാദിപ്പിക്കുന്നതിനു പകരം ദുഃഖിപ്പിക്കുന്നു. ഏതു ‘സ്പിരിറ്റില്‍’ ഞാനിതു എഴുതുന്നുവോ അമ്മട്ടില്‍ത്തന്നെ ഇത് ശ്രീ. ഐ.വി. ദാസും ശ്രീ. സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടും അംഗീകരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

പുതിയ പുസ്തകം

മരണഭീതിയെക്കാള്‍ വലിയ ഭീതി ഇല്ലല്ലോ. എന്നാല്‍ മനുഷ്യജീവിതത്തിനു ദീര്‍ഘത നല്കിയാല്‍ എന്തായിരിക്കും അവസ്ഥ? സീമോന്‍ ദ ബോവ്വാര്‍ (Simone de Beauvior) ഒരു നോവലിലൂടെ ഇതിന് ഉത്തരം നല്കുന്നുവെന്ന് ശ്രീ. എം.വി. കമ്മത്ത് Philosophy of Life and Death എന്ന പ്രൗഢമായ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. “All Men are Mortal” എന്ന ഈ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. കമ്മത്തിനെ അവലംബിച്ചുകൊണ്ടു ഞാനതിനെക്കുറിച്ച് എഴുതുകയാണ്. പതിമ്മൂന്നാം ശതാബ്ദത്തിലെ ഒരു ഭരണാധികാരിക്കു മരിക്കാന്‍ വയ്യ; വൃദ്ധനാവാനും വയ്യ. അയാള്‍ ഒരിക്കലും മരിക്കാതിരിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധം കഴിച്ചു. രണ്ടു ശതാബ്ദങ്ങള്‍ രാജ്യം ഭരിച്ചു അയാള്‍. പല സ്ത്രീകളെയും സ്നേഹിച്ചു. അനേകം പുത്രന്മാരും പുത്രികളും. അവരുടെ സന്താനങ്ങള്‍. ആ സന്താനങ്ങളുടെ സന്താനങ്ങള്‍. പക്ഷേ ഹ്രസ്വമായ മനുഷ്യജീവിതം കൊണ്ടു സാക്ഷാത്കരിക്കാനാവാത്ത ഒന്നും രണ്ടു ശതാബ്ദങ്ങള്‍ കൊണ്ടും ഞാന്‍ സാക്ഷാത്കരിച്ചില്ലെന്നു അയാള്‍ ഗ്രഹിച്ചു. ജനത അയാളെ പുച്ഛിച്ചു. പതിനേഴാം ശതാബ്ദത്തിലും ജീവിച്ച അയാള്‍, യുവാവായിത്തന്നെ കാനഡ കണ്ടുപിടിച്ച സംഘത്തിലെ അംഗമായി. 1789-ല്‍ വിപ്ളവത്തില്‍ പങ്കുകൊണ്ടു. കാരാഗൃഹത്തിലായ അയാള്‍ ഒരിക്കല്‍ അറുപതു വര്‍ഷത്തേക്ക് തുടര്‍ച്ചയായി ഉറങ്ങി. പേരക്കുട്ടികളുടെ പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളും വൃദ്ധരായി, മരിച്ചു. പക്ഷേ അയാള്‍ മാത്രം യുവാവായി വര്‍ത്തിച്ചു. അയാള്‍ക്കു വൈരസ്യമുണ്ടായി. ഒടുവില്‍ ദീര്‍ഘതയാര്‍ന്ന ജീവിതംകൊണ്ട് ഒന്നും നേടാനാവില്ലെന്നും നേടുന്നതൊക്കെ ഹ്രസ്വമായ മനുഷ്യ ജീവിതം കൊണ്ട് ആകാമെന്നും അയാള്‍ മനസ്സിലാക്കി.

ജീവിതത്തിന്റെ സ്വാഭാവികമായ അന്ത്യം മരണമാണെന്നും അത് അന്തസ്സോടെ സ്വീകരിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യനെന്നും സ്ഥാപിക്കുന്ന കമ്മത്തിന്റെ ഗ്രന്ഥം എനിക്ക് എന്തെന്നില്ലാത്ത മാനസികോന്നമനം നല്കി. ഷെയ്ക്സ്പിയര്‍ 52-ആമത്തെ വയസ്സില്‍ മരിച്ചു. ബൈറണ്‍ 36-ആമത്തെ വയസ്സിലും ഷെല്ലി 30-ആമത്തെ വയസ്സിലും ഇവിടം വിട്ടുപോയി. കീറ്റ്സ് 26-ല്‍. കാഫ്ക 41-ല്‍. ഹോപ്കിന്‍സ് 45-ല്‍. ബോദലേര്‍ 46-ല്‍. അപോളിനര്‍ 38-ല്‍. ഇവയെല്ലാം ദീര്‍ഘകാലം തടിമാടന്മാരായി ജീവിച്ചിരുന്നില്ല. പക്ഷേ, ഹ്രസ്വകാലജീവിതം കൊണ്ട് ഈ മഹാന്മാര്‍ അമരത്വം വരിച്ചുവെന്ന് കമ്മത്ത് ചൂണ്ടിക്കാണിക്കുന്നു.

മരണത്തെക്കുറിച്ചുള്ള പുസ്തകമായതുകൊണ്ടു ഗ്രന്ഥകാരന്‍ സ്വാഭാവികമായും തത്ത്വചിന്തയിലേക്കു കടക്കുന്നുണ്ട്. പൗരസ്ത്യവും പാശ്ചാത്യവുമായ ആ തത്ത്വചിന്തകള്‍ കമ്മത്തിന്റെ പ്രതിപാദനവൈശിഷ്ട്യത്താല്‍ സ്ഫടികതുല്യമായ നീരുറവപോലെ തിളങ്ങുന്നു. സ്പഷ്ടത, സ്പഷ്ടത, സ്പഷ്ടത എന്നു മൂന്നുതവണ പറയേണ്ടിയിരിക്കുന്നു ഗ്രന്ഥകാരന്റെ ആവിഷ്കരണരീതിയെക്കുറിച്ച്. ഗ്രന്ഥത്തിന്റെ ഉത്തരഭാഗത്തില്‍ അമ്പത്തിയഞ്ചോളം മഹാവ്യക്തികളുടെ ജീവിതാന്ത്യങ്ങളെ ഹൃദയസ്പര്‍ശകമായി, താത്ത്വികമായി ചിത്രീകരിക്കുന്നു.

ഇ.എം.എസ്സിന്റെ നേരേ

Geoffrey Moorhouse എഴുതിയ Om—An Indian Pilgrimage എന്ന പുസ്തകത്തില്‍ ശ്രീ. ഇ.എം.എസ്സിനെക്കുറിച്ച് ഇങ്ങനെ കാണുന്നു:- “But E.M.S. was now in this eighties and with luck he would have developed an old man’s flatulence. ‘Just remember’ Kamala had warned before I left, ‘that he’s cunning old devil who knows all tricks. ‘Das added another tip ‘He has a famous stammer and Monoo says that it only happens when he’s telling lies or trying to defend the indefensible.’” സ്വന്തം വിശ്വാസങ്ങള്‍ക്കും തത്ത്വചിന്തകള്‍ക്കും അനുരൂപമായി പ്രവര്‍ത്തിച്ച് രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ ഇ.എം.എസ്സിനെക്കുറിച്ചു ഇങ്ങനെ പറഞ്ഞതു ശരിയായില്ല. ഒരറബി ഗള്‍ഫ് രാജ്യത്തുവച്ചു എന്നോടു റുഷ്ദിയെക്കുറിച്ചു പറഞ്ഞതാണ് ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത്. “മുകളിലേക്കു തുപ്പിയാല്‍ അതു നമ്മുടെ മീശയില്‍ വന്നുവീഴും. താഴോട്ടു തുപ്പു. അതു നമ്മുടെ താടിരോമങ്ങളില്‍ വന്നുവീഴും.”

കുറിപ്പുകൾ

  1. Richard Wright, നീഗ്രോ നോവലിസ്റ്റ്, Native Son എന്ന കൃതിയുടെ രചയിതാവ്.