close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 06 19


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1998 06 19
മുൻലക്കം 1998 06 12
പിൻലക്കം 1998 06 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സോക്രറ്റീസിന്റെ മൃതശരീരം സോക്രറ്റീസല്ല എന്നു പറഞ്ഞത് അരിസ്‌റ്റോട്ടിലാണ്. രണ്ടാമത്തെ തത്ത്വചിന്തകന്റെ കൃതികൾ ഞാൻ വായിച്ചിട്ടുണ്ടെങ്കിലും അവയിൽ നിന്നു കിട്ടിയതല്ല ഈ പ്രസ്താവം. സോക്രറ്റീസിനെക്കുറിച്ചോ അരിസ്റ്റോട്ടിലിനെക്കുറിച്ചോ ഏതോ ഒരെഴുത്തുകാരൻ എഴുതിയ ഒരു ഗ്രന്ഥം വായിച്ച ഓർമ്മയിൽ നിന്നാണ് ഞാൻ അതു ഇവിടെ കുറിച്ചത്. തന്റെ പ്രസ്താവത്തിനു വിശദീകരണം നല്‌കിയിട്ടുണ്ട് ആ എഴുത്തുകാരൻ. ഓർമ്മയെ അവലംബിച്ചുതന്നെ ഞാനതു മാറ്റിപ്പറയട്ടെ. രവീന്ദ്രനാഥടാഗോറിൽ മുട്ടത്തുവർക്കിയെ കാണാനാവില്ല.മറിച്ചും. വി. എസ്. നയ്‌പോളിന്റെ ഏതു ഗ്രന്ഥവും മൃതദേഹത്തിനു തുല്യമാണ്. അതിൽ കലയുടെ ആത്‌മാവില്ല. ഏതാനും ആഴ്ചകൾക്കു മുൻപ് പ്രസാധനം ചെയ്ത ‘Beyond Belief’ എന്ന പുസ്തകവും നിശ്ചേതനമാണ്. അതിൽ ‘Bitter Lemons’ എന്ന മനോഹരമായ യാത്രാവിവരണമെഴുതിയ ലോറൻസ് ഡറലിനെ കാണുകില്ല.Italian Journey എഴുതിയ ഗോയ്‌ഥേയെ ദർശിക്കില്ല. ‘England’ എഴുതിയ കാസാൻദ് സാക്കിനെ കാണുകില്ല. കാണുന്നതു ‘Among the Believers ’ എഴുതിയ നയ്‌പോളിനെ മാത്രം. രണ്ടും സ്‌പന്ദികാത്ത മൃതദേഹങ്ങൾ. അദ്ദേഹത്തിന്റെ ‘The Mystic Masseur’ എന്ന കൃതിയിലെ ഒരു കഥാപാത്രം പിടക്കോഴികളോടൊരുമിച്ചു് ഉറങ്ങാൻ പോകുകയും പൂവങ്കോഴികൾ കൂവുന്നതിനുമുൻപ് ഉണരുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതിയായി പരിഗണിക്കപ്പുടുന്ന ‘A House for Mr. Biswas’ എന്ന കൃതിയിൽ ആ പേരുള്ള കഥാപാത്രം അന്വേഷണത്തിന്റെ തിടുക്കം കാണിക്കുന്നു. സ്വന്തമായി ഒരു വീടികിട്ടിയാൽ മതി അയാൾക്ക്. അതു കിട്ടിയിട്ടും അയാൾ അസ്വസ്ഥനാവുന്നു. ‘The Mimic Men’ എന്ന കൃതിയിലെ പ്രധാനകഥാപാത്രത്തിനു ആഗ്രഹ സാഫല്യമുണ്ടായെങ്കിലും അസംതൃപ്‌തിയിൽ വീഴുന്നു. ഈ നിഷേധാത്മക സ്വഭാവമാണ് നയ്‌പോളിനെക്കൊണ്ട് ഇൻഡ്യയുടെ നേർക്ക് ഉപലംഭം വർഷിപ്പിച്ചത്. ഇവിടെയും അദ്ദേഹത്തിന്റെ അസംതൃപ്‌തിയും നിഷേധാത്‌മകതയും മാത്രമേയുള്ളൂ. അസംതൃപ്‌തി സംതൃപ്‌തിക്കു വേണ്ടിയുള്ള ആഗ്രഹമാണെങ്കിൽ നന്ന്.നിഷേധം ദൃഢനിശ്ചയത്തിലേക്കു നയിക്കുന്നുവെങ്കിൽ നന്ന്. അതു സംഭവിക്കുന്നില്ല. അവിചാരപൂർവ്വകമായ നിർണ്ണയവും ബുദ്ധിവക്രതയും പക്ഷപാതവുമാണ് അദ്ദേഹത്തിനാകെയുള്ളത്. അതിനാൽ ഇന്ത്യയെ അന്ധകാരം നിറഞ്ഞ ഭൂമിയായി കണ്ട നയ്‌പോളിന്റെ കൃതികളിലാകെ കൊടുംതിമിരം തേർവാഴ്ച നടത്തുന്നു. ഇന്ത്യയെ നിന്ദിക്കുന്നതുകൊണ്ട് സായ്‌പന്മാർക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അവർ നയ്‌പോളിനെ മഹാനായ കലാകാരനാക്കുന്നു നിരൂപണം കൊണ്ട്. പക്ഷേ സത്യസ്ഥിതിയുമായി അതിനു ഒരു ബന്ധവുമില്ല.

1981-ൽ പ്രസിദ്ധീകരിച്ച ‘Among the Believers’ എന്ന പുസ്തകം ഇറാൻ, പാകിസ്ഥാൻ, മലേഷ്യ, ഇൻഡോനേഷ്യ ഈ രാജ്യങ്ങളിൽ നയ്‌പോൾ നിർവഹിച്ച യാത്രകളുടെ വിവരണങ്ങൾ ഉൾക്കൊള്ളുന്നു. ‘Islam was a cmplicated religon. It wasn’t philosophical or speculative. It was a revealed religion, with a prophet and a complete set of rules. To believe, it was necessary to know a lot about the Arabian Origin of the religion and to take this knowledge to heart’ എന്ന മുൻവിധിയോടെ നയ്‌പോൾ ഇപ്പറഞ്ഞ രാജ്യങ്ങൾ സന്ദർശിച്ച് തന്റെ അനുഭൂതികളും അനുമാനങ്ങളും രേഖപ്പെടുത്തുനു. 1995-ൽ അദ്ദേഹം വീണ്ടും ഈ രാജ്യങ്ങളിൽ സഞ്ചരിച്ച് രാഷ്ട്രവ്യവഹാരസംബന്ധിയും സാമൂഹികവുമായ അനുമിതികളിൽ എത്തുന്നു. പക്ഷേ യുക്‌തിയിലൂടെ ചെന്നെത്തുന്ന സത്യമണ്ഡലം കാണാനുള്ള കൗതുകമല്ല അദ്ദേഹത്തിന്റേത്. അതുകൊണ്ട് നയ്‌പോളിന്റെ അനുമിതികൾക്ക് അല്ലെങ്കിൽ അനുമാനങ്ങൾക്കു മനോവക്രതകൾ വന്നുകൂടുന്നു. “ഇസ്ലാം അതിന്റെ പ്രഭവകേന്ദ്രത്തിൽ ഒരറബി മാത്രമാണ്. അറബിയില്ലാത്ത ഏതൊരാളും പരധർമ്മാശ്രിതനാണ് (മതപരിവർത്തനം നടത്തിയവനാണ് എന്നെ അർത്ഥം-ലേഖകൻ) മനഃസാക്ഷിയോടോ സ്വകീയ വിശ്വാസത്തോടോ ബന്ധപ്പെട്ടതല്ല ഇസ്ലാം. അതു സാമ്രാജ്യാധിപത്യപരമായ(imperial)അർത്ഥനകൾ നടത്തുന്നു. മതം മാറിയവന്റെ ലോകഭിവീക്ഷണം മാറിക്കൊണ്ടിർക്കുന്നു. അറബിരാജ്യങ്ങളിലാണ് അയാളുടെ പുണ്യസ്ഥലങ്ങൾ. അയാളുടെ വിശുദ്ധഭാഷ അറബിക്കാണ്. ചരിത്രത്തെക്കുറിച്ചുള്ള അയാളുടെ ആശയത്തിനു മാറ്റം വരുന്നു. സ്വന്തമായ ആ ആശയം അയാൾ ഉപേക്ഷിക്കുന്നു. സ്വയമിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അയാൾ അറബി ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നു. തന്റേതായി എന്തെല്ലാമുണ്ടോ അവയിൽ നിന്നു മതം മാറിയവൻ മാറിപ്പോകണം” ഇങ്ങനെയൊക്കെ പറഞ്ഞിട്ടു നയ്പോൾ അഭിപ്രായപ്പെടുന്നു മതം മാറിയവർ താമസിക്കുന്ന രാജ്യങ്ങളിലെ ഇസ്ലാമിൽ സിരാരോഗത്തിന്റെയും അരാജകത്വത്തിന്റെയും അംശമുണ്ടെന്ന്. These countries can be easily set on the boil എന്നും നയ്പോൾ. പ്രവാചകന്റെ നാട്ടിലെ ഇസ്ലാമാണ് യഥാർത്ഥ ഇസ്ലാം. മറ്റു രാജ്യങ്ങളിലെ ഇസ്ലാം മതപരിവർത്തനത്തിന്റെ സന്തതിയായ ഇസ്ലാമാണ് എന്ന കറകളഞ്ഞ ‘നോൺസെൻസിൽ’ അടിയുറച്ച ഈ വാദഗതിയുടെ ഫലമായ ഈ ഗ്രന്ഥത്തിന്റെ വിശ്വാസ്യത എത്രയുണ്ടെന്നു ഊഹിക്കാവുന്നതേയുള്ളൂ. ക്രിസ്തു ജനിച്ച സ്ഥലത്തെ ക്രിസ്ത്യാനികളേ യഥാർത്ഥ ക്രിസ്ത്യാനികളായുള്ളൂ. ഇന്ത്യയിലെ ക്രിസ്ത്യാനികൾ മതം മാറ്റം നടത്തിയവരാണെന്ന് ആരെങ്കിലും വാദിച്ചാൽ വായനകാർക്ക് എന്തുതോന്നും? പെർഷൻ പ്രവാചകനായ സൊറാസ്റ്ററുടെ സൊറാസ്റ്റ്രിയനിസം അതിന്റെ ജന്മദേശത്തു അംഗീകരിച്ചവർ മാത്രമേ യഥാർത്ഥത്തിൽ സൊറാസ്റ്റ്രിയൻസായുള്ളു. ബോംബെയിൽ പാർക്കുന്ന പാഴ്സികൾ മതം മാറിയവരാണെന്നു ആരെങ്കിലും പറഞ്ഞാൽ വായനകാർക്ക് എന്തു തോന്നും. എന്തു തോന്നുമോ അതു തന്നെയാണ് നയ്പോളിന്റെ ദുർബ്ബലവും പക്ഷപാത സങ്കീർണ്ണവുമായ വാദം കേട്ടപ്പോൾ എനിക്കും തോന്നിയത്.

“This is a book about people. It is not a book of opinion. It is a book of stories. The stories were collected during five months of travel in 1995 in four non - Arab Muslim countries - Indonesia, Iran, pakistan, Malaysia. So there is a context and a theme” എന്നു നയ്പോൾ ആദ്യമേ പറയുന്നു. ‘Among the Believers’ എന്ന പുസ്തകത്തിലുള്ളതിനെക്കാൾ ഏറെക്കഥകളുണ്ട് Beyond Belief എന്ന ഗ്രന്ഥത്തിൽ. എല്ലാ സ്ഥലങ്ങളിലുമുള്ള പ്രധാനരും അപ്രധാനരുമായ ആളുകളോട് അദ്ദേഹം സംസാരിക്കുന്നു. അവരുടെ ഉത്തരങ്ങൾ കേട്ടു ‘ഡോഗ്മാറ്റിക്കാ’യ തീരുമാനങ്ങളിൽ എത്തുന്നു. നയ്പോൾ കഥകൾ കേൾക്കുന്നു. അദ്ദേഹം നമ്മളോടു ആ കഥകൾ പറയുന്നു. പക്ഷേ ക്രിസ്തുവിനു മുൻപ് - 600 വർഷങ്ങൾക്കു മുൻപ് - ജീവിച്ച ഗ്രീക്ക് തത്ത്വചിന്തകൻ തെയ്‌ലീസ് (Thales) പറഞ്ഞതാണ് എനിക്കോർമ്മ വരുന്നത്. ഗ്രീസിലുള്ളവർ പറയുന്ന കഥകൾ മനോഹരങ്ങളായ കഥകളാണ്. പക്ഷേ അവ സത്യത്തിൽ നിന്നു വിദൂരസ്ഥിതങ്ങളത്രേ. വ്യക്തികളുടെ കഥകളുടെ സപ്രമാണതയിൽ വിശ്വസിക്കുന്ന നയ്പോൾ സമൂഹത്തെ അതിന്റെ സമഗ്രസ്വഭാവത്തിൽ കാണുന്നില്ല. വ്യക്തികളുടെ സിദ്ധവൽക്കരണങ്ങൾ - മുങ്കൂട്ടിയുള്ള സങ്കല്പങ്ങൾ വേറെ: സമൂഹത്തിന്റെ സത്യാത്മകവിചാരങ്ങൾ വേറെ. ഈ പ്രാഥമിക സത്യം നയ്പോൾ വിസ്മരിക്കുന്നു. അതിനാൽ ഈ ഗ്രന്ഥത്തിനു നിജസ്ഥിതി ഇല്ല എന്ന വിചാരമാണ് എനിക്ക് (V. S. Naipaul, Beyond Belief, Islamic Excursions among the coverted peoples, Viking, Pages 437).

ചോദ്യം, ഉത്തരം

Symbol question.svg.png അന്യരുടെ വീട്ടിൽ പോകുമ്പോൾ?

തീർച്ചയായും കുഞ്ഞുങ്ങളെ കൊണ്ടു പോകരുത്. അവർ ആതിഥേയന്റെ ടെലിഫോൺ എടുത്തു താഴെയിടും. കൗതുകവസ്തുക്കൾ പൊട്ടിക്കും. ചിലപ്പോൾ തൊണ്ട തുറന്നു നിലവിളിക്കുകയും ചെയ്യും. ഇതൊക്കെ അസഹനീയങ്ങളാണ്.

Symbol question.svg.png നിങ്ങൾ പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ടല്ലോ. ഏതു സ്ഥലമാണ് നല്ലത്?

ചിറ്റൂർ. തത്തമംഗലം ചിറ്റൂരാണ്. അവിടെ ജലദോഷം തൊട്ടു കാൻസർ വരെയുള്ള രോഗങ്ങൾക്കു ‘നോവൽജിൻ’ എന്നു എഴുതിക്കൊടുത്തിരുന്ന ഒരു ഡോക്ടറൊഴിച്ചാൽ വേറെ ഡോക്ടർമാർ അക്കാലത്തില്ലായിരുന്നു. ഡോക്ടർമാർ ഇല്ലെങ്കിൽ രോഗം വരില്ല. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ഡോക്ടർമാരുടെ സംഖ്യ കൂടുതൽ. അതുകൊണ്ട് ആ പട്ടണങ്ങളിൽ രോഗികൾ ഏറെയുണ്ട്.

Symbol question.svg.png ഏതുപദേശം നിങ്ങളെ മാനസികമായി ഉയർത്തി?

പ്രോവൈസ്ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കർ നീതിയോടെ പെരുമാറുന്നില്ലെന്നു കാണിച്ച് ഞാൻ അക്കാലത്തെ വൈസ് ചാൻസലർ രാമസ്വാമി മുതലിയാർക്കു പെറ്റിഷൻ കൊടുത്തു. അതിനു ശേഷം ഞാൻ പണിക്കർസാറിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “കൃഷ്ണൻനായർക്കു പരാതി കൊടുക്കണമെന്നു തോന്നിയാൽ അതു കൊടുത്തു കൊള്ളൂ. എൻ. ഗോപാലപിള്ളയുടെ പ്രേരണയനുസരിച്ച് അതു ചെയ്യരുത്. ചതുരംഗം കളിക്കാം നിങ്ങൾക്ക്, ചതുരംഗപ്പലകയിലെ കാലാളായി നിങ്ങൾ മാറരുത്”. പണിക്കർസാറിന്റെ ഉപദേശമനുസരിച്ചാണ് ഞാൻ പിന്നീട് ജീവിച്ചത്. ഇതിന്റെ കൂടെ പറയട്ടെ, എൻ. ഗോപാലപിള്ള പറഞ്ഞിട്ടല്ല ഞാൻ പരാതി കൊടുത്തത്.

Symbol question.svg.png ചായക്കടയിൽ കയറിയാൽ?

ആവശ്യമുള്ളതു പറഞ്ഞിട്ട് മിണ്ടാതിരിക്കണം. അടുത്തിരിക്കുന്നവന്റെ മുഖത്തു നോക്കരുത്. അയാൾ എന്തു ഭക്ഷിക്കുന്നുവെന്ന് നോക്കരുത്.

Symbol question.svg.png ചരിത്രം ആവർത്തിക്കുമോ?

അറിഞ്ഞുകൂടാ. ഇന്ത്യയുടെ ഇപ്പോഴത്തെ ചരിത്രം ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ.

Symbol question.svg.png പരദൂഷണം നടത്തുന്നവരെ നേരിടുന്നത് എങ്ങനെ?

മറ്റുള്ളവരുടെ ദൃഷ്ടിയിൽ ആദരണീയമായ ജീവിതം നയിച്ചാൽ മതി. അപ്പോൾ പരദൂഷണം നടത്തുന്നവർ പിന്മാറിക്കൊള്ളും. മറ്റുള്ളവരെ ദുഷിച്ചു പറയുന്നവർക്കു കുഷ്ഠരോഗം വരുമെന്നാണ് വിശ്വാസം. കുഷ്ഠരോഗം വന്നാൽ ആളുകൾ അടുക്കുകയില്ല. അപ്പോൾ താൻ പറയുന്നതു കേൾക്കാൻ ആളില്ലല്ലോ എന്നു കണ്ടു കുഷ്ഠരോഗി നാവടക്കി വയ്ക്കും.

Symbol question.svg.png പെൻഷൻ പ്രായം കൂട്ടുന്നതു ശരിയാണോ?

ശരി. മാത്രമല്ല അറുപത്തിയഞ്ചു വരെ പെൻഷൻ പ്രായം ഉയർത്താം. ആ വയസ്സുതൊട്ടേ മനുഷ്യന്റെ ശാരീരികവും മാനസികവുമായ കഴിവുകൾ കുറയാൻ തുടങ്ങൂ.


മുല്ലയുടെ കഥ

എവിടെപ്പോയാലും നയ്പോൾ ഉറങ്ങുകയാണ്. ധിഷണാശാലികളുടെ ശബ്ദം കേൾക്കുന്നതിനു മുൻപു ഉണരുകയും ചെയ്യുന്നു.

മുല്ല നാസറുദ്ദീനു കഴുത നഷ്ടമായി. അയാൾ ആ പ്രദേശമെങ്ങും മൃഗത്തെ അന്വേഷിച്ചു. ഫലമൊന്നുമില്ല. അവസാനത്തെ യത്നം കൂടി നടത്താമെന്നു പറഞ്ഞു നാസറുദ്ദീൻ കണ്ണടച്ചു അനങ്ങാാതെ നിന്നു. എന്നിട്ടു മുട്ടുകൾ മടക്കി നാലുകാലിൽ നടക്കാൻ തുടങ്ങി. നടന്നു നടന്നു അയാൾ ഒരു കുഴിയുടെ അരികിലെത്തി. ആ കുഴിയ്ക്കകത്തു കഴുത കിടക്കുന്നുണ്ടായിരുന്നു. എന്താണിതിന്റെ സൂത്രമെന്നു ആളുകൾ ചോദിച്ചപ്പോൾ അയാൾ മറുപടി പറഞ്ഞു: മനുഷ്യനു കഴുതയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൻ കഴുതയായി മാറണം. അതു തോന്നിയപ്പോൾ ഞാൻ നാലുകാലിൽ നടന്നു, കഴുതയെ കാണുകയും ചെയ്തു. അന്വേഷണത്തിന്റെ ആധ്യാത്മികവശത്തെ സൂചിപ്പിക്കുന്നതാണ് ഇക്കഥ (കഥ രജനീഷ് പറഞ്ഞതു). കലയ്ക്കും ഇതു ചേരും. ശിവന്റെ പ്രതിമയുണ്ടാക്കണമെങ്കിൽ നിർമ്മാതാവ് ശിവനായി മാറണം എന്നാണു ഭാരതത്തിലെ കലാകാരന്മാർ വിശ്വസിക്കുക. ‘ഗ്രന്ഥശാലയിൽ ഒരു ജാരൻ’ എന്ന ചെറുകഥയെഴുതിയ ശ്രീ. എം. ആർ. മനോഹരവർമ്മ അതിലെ പ്രധാന കഥാപാത്രമായ യുവതിയുമായി താദാത്മ്യം പ്രാപിച്ചിരുന്നെങ്കിൽ അക്കഥ ആന്റീക്ലൈമാക്സിൽ ചെല്ലുകില്ലായിരുന്നു. മുട്ടത്തുവർക്കിയുടെ അയഥാർത്ഥങ്ങളായ നോവലുകൾ വയിച്ചുവായിച്ച് അയഥാർത്ഥമായ പ്രേമത്തിനു വിധേയയായ ഒരു യുവതി നോവൽ പാരായണം തീർന്നപ്പോൾ ഏകാകിനിയായി ഭവിക്കുന്നു. ഒട്ടൊക്കെ രസകരമായി കഥ പറയുന്ന മനോഹരവർമ്മ പകലൊക്കെ വെള്ളം കോരിക്കോരി സന്ധ്യയാകുമ്പോൾ കുടമിട്ടുടയ്ക്കുന്നവനെപ്പോലെ ഒരു വിപരീതപരകോടിയിൽ വായനക്കാരെ കൊണ്ടുചെന്ന് രസച്ചരട് പൊട്ടിച്ച് നൈരാശ്യത്തിലേക്ക് എറിയുന്നു. അതോടെ ഒരു ഇഫക്ടും ജനിപ്പിക്കാതെ അദ്ദേഹം പിൻവാങ്ങുന്നു. ഒരു നൂതന ലോകം സൃഷ്ടിക്കലാണ് കലാകാരന്റെ കർത്തവ്യം. മനോഹരവർമ്മയ്ക്ക് ആ മാന്ത്രികവിദ്യ അറിഞ്ഞു കൂടാ (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

വിചാരങ്ങൾ

ഐൻസ്റ്റൈനെക്കാൾ കേമൻ എന്നു വാഴ്ത്തപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനാണ് സ്റ്റീവൻ ഹോക്കിങ് (Stephen Hawking) അദ്ദേഹം മഹാനായ ഫിസിസിസ്റ്റാണെന്ന് മഹാന്മാർ തന്നെ പറയുന്നു. ആയിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ A Brief History of Time എന്ന പുസ്തകം അനിയന്ത്രിതമായ ‘ഊഹക്കച്ചവട’ത്തിന്റെ ഫലമാണെന്നാണ് ഭൗതികശാസ്ത്രത്തിന്റെ എ. ബി. സി. അറിയാൻ പാടില്ലാത്ത എന്റെ അഭിപ്രായം. Speculation എന്ന ഇംഗ്ലീഷ് വാക്കിന് ശരിയായ തർജ്ജമ കിട്ടാത്തതു കൊണ്ടാണ് ഊഹക്കച്ചവടം എന്നു ഞാൻ പ്രയോഗിച്ചുപോയത്. ഈ സ്പെക്യുലേയ്ഷൻ തന്നെയാണ് യൂറോപ്പിലെ പലരുടെയും ദാർശനിക പദ്ധതികളിൽ കാണുന്നത്. ഈ കാലയളവിനെ The Age of Speculation എന്നു വിളിച്ചാലും തെറ്റില്ല.

2. ഹൈക്കോടതിയിലെ ജഡ്ജ്മെന്റുകളുടെ പകർപ്പ് പണ്ടു സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുമായിരുന്നു. ഇപ്പോഴും അതുണ്ടോ എന്ന് അറിഞ്ഞുകൂടാ. വെറുതെയിരിക്കുന്ന സമയത്ത് ഞാൻ അവ ഓരോന്നും വായിക്കും. പല ജഡ്ജ്മെന്റുകളിലും ഈ പ്രതി കുറ്റക്കാരനാണ്. പക്ഷേ ശിക്ഷ കൊടുക്കത്തക്കവിധത്തിൽ തെളിവുകൾ ഇല്ല. അതുകൊണ്ട് ഇയാളെ വെറുതേ വിടേണ്ടിയിരിക്കുന്നു എനിക്ക് എന്ന രീതിയിൽ എഴുതിയത് ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ ഏതെങ്കിലും കെയ്സിൽ പെട്ട് പൊലീസിന്റെ പിടിയിൽ ആയവർ പിന്നീട് മോചനം നേടിയാൽ അവരെ നിരപരാധരായി പരിഗണിച്ച് ആദരിക്കുകയും നിയമപരിപാലകരെ ശകാരിക്കുകയും ചെയ്യുന്ന നമ്മുടെ രീതി അത്ര ശരിയായ രീതിയല്ലെന്നാണ് എന്റെ വിചാരം.

3. വിരുന്നു നടക്കുന്ന സ്ഥലത്ത് ഡാവിഞ്ചിയുടെ Last Supper എന്ന ചിത്രത്തിന്റെ പകർപ്പ് വച്ചിരുന്നെന്നും അതുകണ്ട് ഒരു സ്ത്രീ ഭർത്താവിനോട് ‘അത്താഴം. പക്ഷേ ആരും പുകവലിക്കുന്നില്ല’ എന്നു പറഞ്ഞ് അയാളുടെ പുകവലിയോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചെന്നും ഒരമേരിക്കൻ മാസികയിൽ വായിച്ച ഓർമ്മയുണ്ടെനിക്ക്. ആരറിഞ്ഞു അത്താഴത്തിനു ശേഷം ഗത്സമനീയിൽ ചെന്നു യേശുവിനെ വഞ്ചിക്കുന്നതിനു മുൻപ് അയാൾ സിഗരറ്റ് എടുത്ത് കൂടെയുണ്ടായിരുന്ന ആയുധധാരിക്കു കൊടുത്തിരിക്കില്ലെന്ന്. അയാൾ തന്നെ സിഗരറ്റ് വലിച്ചിരിക്കില്ലെന്ന്.

മീറ്റിങ് കഴിഞ്ഞു. കാപ്പികുടി കഴിഞ്ഞു. മന്ത്രി തന്നെക്കാണാൻ വന്ന പാർട്ടിയംഗങ്ങളോടു സംസാരിക്കുകയാണ്. കാപ്പി കുടിച്ചുകഴിഞ്ഞാൽ എനിക്ക് സിഗരറ്റ് വലിക്കണം. ഹോളിൽ നിന്ന് പുറത്തുപോയി എനിക്കതു വലിക്കാവുന്നതേയുള്ളു. എങ്കിലും ഞാൻ യുക്തിവിചാരത്തിൽ മുഴുകുകയായി. എനിക്കറിയാവുന്നിടത്തോളം ഇംഗ്ലീഷും മലയാളവും മന്ത്രിക്കറിഞ്ഞുകൂടാ. കീർത്തിയും എനിക്കാണു കൂടുതൽ. അദ്ദേഹത്തിന്റെ കുടുംബം സമുന്നതമാണ്. എനിക്കും അക്കാര്യത്തിൽ അപകർഷമില്ല. അതിനാൽ എനിക്കിവിടെയിരുന്നുതന്നെ സിഗരറ്റ് വലിക്കാം. ഞാൻ പുകവലിച്ചു തുടങ്ങി. മന്ത്രി ഏറുകണ്ണുകൊണ്ടു എന്നെ ഒന്നുനോക്കിയശേഷം കക്ഷിയംഗങ്ങളോടു കൂടുതൽ ഉത്സാഹത്തോടെ സംസാരിച്ചു. പോകാൻ നേരത്ത് ‘പോകട്ടോ. കൃഷ്ണൻനായരേ’ എന്നു സൗജന്യമാധുര്യത്തോടെ ചോദിക്കുകയും ചെയ്തു. അടുത്തദിവസം വൈകുന്നേരം എനിക്കു എഴുത്തു കിട്ടി എന്നെ വൃത്തികെട്ട ഒരു സ്ഥലത്തേക്കു മാറ്റിയിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട്. ഞാൻ അവിടെക്കിടന്നു രണ്ടുകൊല്ലം നരകിച്ചു. ഞാൻ എന്റെ പ്രവൃത്തി നീതിമത്കരിക്കുന്നില്ല. മന്ത്രി അധികാരത്തിന്റെ മൂത്തിമദ്ഭാവമാണ്. ഞാൻ കീഴ്ജീവനക്കാരനും. മന്ത്രിയുടെ മുൻപിലിരുന്നു പുകയൂതിയാൽ അധികാരത്തെ നിന്ദിക്കലായിവരുമത്. അതുകൊണ്ട് മന്ത്രി ചെയ്തതു ശരി. സിഗരറ്റ് വലിക്കുന്നത് കാൻസറിനു മാത്രമല്ല കാരണമായിത്തീരുന്നത്. അതു സ്ഥലമാറ്റവും ഉണ്ടാക്കും.

വൈശാഖപൗർണ്ണമി

ഒരു നൂതന ലോകം സൃഷ്ടിക്കലാണ് കലാകാരന്റെ കർത്തവ്യം.

സാഹിത്യനിരൂപണത്തിൽ മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ നിവേശിപ്പിക്കുന്നതിനെ യുക്തിയുക്തമായി അനുകൂലിച്ചുകൊണ്ട് James T Farrell എഴുതിയ ‘A Note on Literary Criticism’ എന്ന പുസ്തകം വിശിഷ്ടമാണ്. Edmund Wilson പോലും അതിന്റെ ആവിർഭാവത്തെ ‘remarkable event’ എന്നു വിശേഷിപ്പിച്ചു. ഉജ്ജ്വലമായ ഈ ഗ്രന്ഥത്തിൽ Joseph Freeman എന്ന നിരൂപകന്റെ ഒരഭിപ്രായമുണ്ട് സാഹിത്യത്തിലെ പ്രചാരണത്തെക്കുറിച്ച്. കല അനുഭവം പകർന്നുതരുന്നുവെന്ന് എഴുതിയിട്ട് ഫ്രീമാൻ പറയുന്നു: ‘ശരൽകാലത്തെ കാറ്റ് പെൺകുട്ടിയുടെ തലമുടിയെ ചലിപ്പിക്കുന്നതിനെക്കുറിച്ചോ (അവളുടെ) ദാഹമാർന്ന മുലകളെക്കുറിച്ചോ എഴുതുമ്പോൾ അനുഭവത്തെക്കുറിച്ചാണ് എഴുതുന്നതെന്ന് ഞങ്ങൾ വിശ്വസിക്കണമെന്ന് സ്വതന്ത്രനായ നിരൂപകൻ പറയുന്നു. എന്നാൽ നിങ്ങൾ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചോ പഞ്ചവത്സരപദ്ധതിയെക്കുറിച്ചോ എഴുതിയാൽ അത് അനുഭവത്തെപ്പറ്റിയുള്ള രചനയല്ല അവർക്ക്. ‘അഭിമർദ്ദമാർന്ന പുൽത്തകിടിയിൽ നിങ്ങളുടെ അഭിലാഷത്തിനു സാഫല്യം വരുത്തു’ എന്നെഴുതിയാൽ അതവർക്ക് കലയാണ്. മായകോവ്സ്കിയുടെ കവിതകൾ പ്രചാരണവും.’ ഫ്രീമാന്റെ ഈ അഭിപ്രായത്തിലെ ഊഷ്മളത എനിക്കനുഭവപ്പെടുന്നു. പക്ഷേ ചൂടിനോടൊപ്പം പ്രകാശവും വേണ്ടിയിരുന്നു. കലയുടെ സാമൂഹിക ഫലപ്രാപ്തി - Social effect ദോഷമല്ല. കലയ്ക്ക് മുൻതൂക്കം വേണമെന്നേ ആരും പറയൂ. പ്രചാരണാത്മകങ്ങളായ യാനീസ് റീറ്റ്സോസിന്റെ കവിതകൾക്ക്. നെറുദയുടെ കവിതകൾക്ക് സൗന്ദര്യാംശമാണ് കൂടുതൽ. അക്കാരണത്താലാണ് അവർ മഹാകവികളായി അംഗീകരിക്കപ്പെടുന്നത്; ബൂർഷ്വാ ചിന്താഗതിയുള്ളവർ പോലും അവയെ ലാളിക്കുന്നത്. മായകോവ്സ്കിയുടെ കവിതകൾ വായിക്കുന്ന ഏതു പിന്തിരിപ്പനും ആഹ്ലാദിക്കും. കറിലവണപുരിത ലായനിയിൽ ഒരു ഉപ്പുകട്ട കൂടിയിട്ടാൽ സിതോപല പ്രപഞ്ചമുണ്ടാകുന്നതു പോലെ ഒരു വാക്കുകൊണ്ട് കവി കവിതയുടെ സിതോപല പ്രപഞ്ചമുണ്ടാക്കുമെന്ന് പോൾ വലേറി പറഞ്ഞിട്ടുണ്ട്. ശ്രീ. മെഹ്മൂദ് പറശ്ശിനിക്കടവിന്റെ ‘ബോധിവൃക്ഷത്തിന്റെ വിലാപം’ എന്ന നല്ല കാവ്യത്തിൽ ആ പ്രപഞ്ചം പൂർണ്ണമായുമുണ്ടെന്നു പറഞ്ഞുകൂടാ. കവിതയുടെ അർഥനകളെ ശഷ്പതുല്യം പരിഗണിച്ച് പ്രചാരണത്തിന്റെ ശബ്ദം കൂടുതൽ കേൾപ്പിക്കുന്നു. കവിയെങ്കിലും അദ്ദേഹത്തിന് കവിതയുണ്ടെന്ന് താഴേച്ചേർക്കുന്ന വരികൾ തെളിയിക്കും.

ബോധിവൃക്ഷത്തണൽ കാത്തിരിപ്പാകുന്നു:
കരുണയായ് ബുദ്ധനിന്നെത്തും:
ഭൂമിതന്നാഴത്തിലിവേടിനറ്റത്ത്,
ബുദ്ധനിരുന്നു കരയും.
അക്കണ്ണുനീരിൽക്കഴുകിയെടുക്കുമീ
ഭൂമിതൻവേദനയെല്ലാം
ആയിരത്താണ്ടുകൾ ഞാൻ കാത്തിരിന്നൊരാ-
വൈശാഖ പൗർണ്ണമിയെത്തും.

അടുത്തകാലത്ത് ബുദ്ധൻ ചിരിച്ചല്ലോ. ആ ചിരി ചിരിയല്ല, കരച്ചിലായിരുന്നുവെന്ന് ഈ കവി ആകർഷകത്വത്തോടുകൂടി പറയുന്നു. ആ വൈശാഖ പൗർണ്ണമിയെ ഞാനും കാത്തിരിക്കുന്നു.

തകർന്ന ശവകുടീരം

ശ്രീ. എ. ബി. രഘുനാഥൻ നായർ എഴുതിയ ‘വിലാസിനിയുടെ യാത്രാമുഖങ്ങൾ’ എന്ന ജീവചരിത്രം നിരൂപണം ചെയുന്ന വേളയിൽ ശ്രീ. ജി. എൻ. പണിക്കർ പറയുന്നു: ഏതായാലും ഒന്നു തീർച്ച. വിലാസിനിയുടെ യാത്രാമുഖങ്ങളൂടെ രചനയിലൂടെ എ. ബി. രഘുനാഥൻ നായർ മലയാള സാഹിത്യത്തിന് നൽകിയിരിക്കുന്ന സംഭാവന ഏറെ വിലപ്പെട്ടതത്രേ (മലയാള സാഹിത്യം മാസിക, ജൂൺ) വിലപ്പെട്ടതത്രേ എന്നെഴുതിയത് ജി. എൻ. പണിക്കരാണല്ലോ. ക്ഷമിക്കാം. പക്ഷേ ആ ‘തീർച്ച’ എന്ന പ്രയോഗമുണ്ടല്ലോ അതത്ര ക്ഷമിക്കത്തക്കതല്ല.

വിലാസിനി (എം. കെ. മേനോൻ) മൂന്നാം തരം നോവലിസ്റ്റായിരുന്നു. അതിനാലാണ് നല്ല നിരൂപകർ ഓ. വി. വിജയന്റേയും ഉറൂബിന്റെയും പേരുകൾ പറയുന്നിടത്ത് അദ്ദേഹത്തിന്റെ പേരുകൂടി പറയാത്തത്. വിലാസിനിയുടെ ‘നിറമുള്ള നിഴലുകൾ’ ആഖ്യാനപാടവം കാണിക്കുന്ന നോവലാണ്. പക്ഷേ ശേഷമുള്ളവയെല്ലം വിരസങ്ങളാന്. ജവുളിക്കടയിൽ കണ്ണാടിക്കൂട്ടിനകത്ത് നിറുത്തിയിരിക്കുന്ന പ്ലാസ്റ്റിക് പ്രതിമകളെപ്പോലെ നിശ്ചലങ്ങളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. അവയെ ബുദ്ധിശക്തിയുടെ വിദ്യുച്ഛക്തി കൊണ്ട് പ്രവർത്തിപ്പിക്കുമ്പോൾ കൈകൾ വടികൾപോലെ നീണ്ടു വരും. അത്രയെയുള്ളൂ. സ്വാഭാവികതയില്ല.

നോവൽ രചനയിലുള്ള തന്റെ അശക്തി മറായ്ക്കുന്നതിനു വേണ്ടി അദ്ദേഹം ഒരു മാസികയുടേ പ്രസാധനത്തിനു പിൻബലം നൽകി (പണവും കൊടുത്തുവെന്ന് ചിലർ. ഞാനത് വിശ്വസിക്കുന്നില്ല). എത്രയെത്ര സാഹിത്യകാരന്മാരെയാണ് കള്ളപ്പേരുകാർ അതിൽ അരിഞ്ഞു വീഴ്ത്തിയത്! പ്രതിഭാശാലിയായ ബഷീറിനെക്കുറിച്ച് സാഹിത്യ മോഷണത്തിന്റെ പേരിൽ ലേഖനങ്ങൾ പലതും വേറൊരിടത്ത് വന്നത് അദ്ദേഹത്തിന്റെ അനുഗ്രാഹകതയോടെയാണെന്ന് അക്കാലത്ത് വാർത്ത പരന്നു. എന്റെ സുഹൃത്തായ രഘുനാഥൻ നായർ വിലാസിനിയുടെ ചട്ടുകമാണെന്ന് എന്നോട് പലരും പറഞ്ഞു. ഞാൻ അതും വിശ്വസിച്ചില്ല.

ജീവചരിത്രമെഴുതുന്ന ആൾ വ്യക്തിയുടെ ബാഹ്യപ്രവൃത്തികൾ നിരീക്ഷിച്ച് അയാളുടെ ആന്തരലോകത്തേക്ക് ചെല്ലണം. അതിനെ ചിത്രീകരിക്കണം. അതാണ് വായനക്കാരെ രസിപ്പിക്കുക. രഘുനാഥൻ നായരുടെ ഗ്രന്ഥം ഉപാഖ്യാനത്തിലാണ് അഭിരമിക്കുന്നത്.

കലയുടെ മാന്ത്രികശക്തിയില്ലാത്ത, വിരസങ്ങളായ രചനകളാണ് വിലാസിനിയുടേത്. സാഹിത്യത്തിന്റെ മണ്ഡലത്തിൽ അദ്ദേഹം വെറും ഹ്രസ്വകായൻ. മുണ്ടനു ജയന്റിന്റെ ശക്തിയുണ്ടെന്ന് വിചാരിച്ച്, സേവ്യസേവകഭാവത്തിന്റെ പാവനതയിൽ വിശ്വസിച്ച്, രഘുനാഥൻ നായർ ജീവചരിത്രമെഴുതുന്നു.

തിരുവനന്തപുരത്തെ ഒരു പള്ളിയുടെ അടുത്തുകൂടി പോകുമ്പോൾ ഞാൻ തകർന്ന ശവകുടീരങ്ങൾ കാണുന്നു. അജ്ഞാതരാണ് അവയുടെ താഴെ. ഈ ജീവചരിത്രം തകർന്ന ശവകുടീരമാണ്. അതിൽ സിമെന്റ് തേക്കാനുള്ള ജി. എൻ. പണിക്കരുടെ യത്നം വ്യർത്ഥയത്നം മാത്രം.