close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 02 01


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 02 01
മുൻലക്കം 2002 01 25
പിൻലക്കം 2002 02 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അനിഷ്ടസൂചനകള്‍ ഉളവാക്കിയ ദു:ഖത്താല്‍ ത്രീവ്രവേദന അനുഭവിച്ച് അദ്ദേഹം ബെതനിയില്‍ നിന്നു ജറൂസലമിലേക്കു പോയി…ഒരു അത്തിമരം അത്ര അകലെയല്ലാതെ നില്ക്കുന്നുണ്ടായിരുന്നു. കനികളില്ല. അതില്‍. കൊമ്പുകളും ഇലകളും മാത്രം. അദ്ദേഹം അതിനോടു പറഞ്ഞു: “നീ ആര്‍ക്ക് പ്രയോജനം ചെയ്യുന്നു? നീ ഈ ജാഡ്യം കൊണ്ട് എനിക്കു എന്താഹ്ലാദം നല്കുന്നു?”

എനിക്കു ദാഹമുണ്ട്, വിശപ്പുണ്ട്. നീ വന്ധ്യം. കരിങ്കല്ലിനെ കാണുന്നതിനെക്കാള്‍ വിരസമാണ് നിന്നെ കാണുന്നത്. നീ എത്ര നിന്ദ്യം! കാലത്തിന്റെ അവസാനം വരെ നീ അങ്ങനെതന്നെ നില്ക്കൂ.”

ഇനി ഇതെഴുതിയ പസ്ത്യര്‍നക്കിന്റെ അദ്ഭുതദായകമായ വരികള്‍ ആകട്ടെ.

“A tremor of judgement ren through the tree
like the spark of lightning on a lightning conductor
and burnt the fig-tree to ash.”

ഈ കവിതയുടെ പൂര്‍വഭാഗം (ഭാഷാന്തരീകരണം ചെയ്തത്) ഏതു കവിക്കും എഴുതാം. എന്നാല്‍ ഇംഗ്ലീഷിലുള്ള വരികള്‍ പസ്ത്യര്‍നക്കിനു മാത്രമേ എഴുതാന്‍ കഴിയൂ. പ്രതിപാദ്യവിഷയത്തെക്കുറിച്ച് കവിക്ക് പൂര്‍വകല്പനകള്‍ കാണും. അവയില്‍ ഒന്നു പോലും ഉപയോഗിക്കാതെ തികച്ചും നവീനമായ രീതിയില്‍ ആവിഷ്കാരം നിര്‍വഹിക്കുന്നതിനെയാണ് അപിഊര്‍വസിദ്ധത — Originality — എന്നു വിളിക്കുന്നത്. ഈ സിദ്ധി ആര്‍ക്കുണ്ടോ ആ വ്യക്തിയെയാണ് ഉജ്ജ്വല പ്രതിഭാശാലിയെന്നും മഹാകവിയെന്നും വിളിക്കുന്നത്.

ഈ കവിയുടെ തന്നെ വേറെ ചില വരികളും എടുത്തെഴുതട്ടെ.

Right by the track stands midnight centuries-old,
There on the highway it has collapsed in stars
And crossing the road and passing behind the fence
Is not to done, but you-tread the frame of the world

കവി റോഡ് മുറിച്ചു കടക്കാന്‍ വന്നിരിക്കുകയാണ് രാത്രിയില്‍. ശതാബ്ദങ്ങളോളം പഴക്കമുള്ള അര്‍ദ്ധരാത്രി പാതയുടെ അരികില്‍ നില്ക്കുന്നു. രാജരഥ്യയില്‍ അത് നക്ഷത്രങ്ങളായി തകര്‍ന്നു വീണിരിക്കുന്നു. റോഡ് കുറുകെ കടക്കുമ്പോള്‍ പ്രപഞ്ചത്തിലൂടെയാണ് താന്‍ നടക്കുന്നതെന്ന് അദ്ദേഹത്തിനു തോന്നുന്നു. വണ്ടിച്ചക്രങ്ങള്‍ ഉരുണ്ടുരുണ്ട് മിനുസമാര്‍ന്ന റോഡില്‍ നക്ഷത്രങ്ങള്‍ പ്രതിഫലിക്കുന്നു. അവയെ ചവിട്ടിക്കൊണ്ട് കവി നടക്കുമ്പോള്‍ പ്രപഞ്ചത്തിലൂടെയാണ് തന്റെ നടത്തമെന്ന് അദ്ദെഹത്തിനു തോന്നുന്നു. ഇവിടെ പ്രത്യക്ഷപ്രതിപാദനമല്ല, പരോക്ഷപ്രതിപാസനമാണുള്ളത്. ഈ പ്രാഗല്ഭ്യം ആര്‍ക്കുണ്ടോ അയാളെ original poet എന്ന് വിളിക്കുന്നു.

ക്രിസ്തുവചനം കേട്ട് അത്തിമരത്തിന് പ്രകമ്പനം ഉളവാകുകയും ലോഹദണ്ഡില്‍ വൈദ്യുതിയുടെ സ്ഫുരണമെന്ന പോലെ ആ പ്രകമ്പന പ്രവാഹത്തില്‍ വൃക്ഷം ഭസ്മീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന പ്രസ്താവത്തില്‍ അപൂര്‍വസിദ്ധത എന്ന് ഗുണമുണ്ട്. രാജരഥ്യയിലെ നക്ഷത്രപ്രതിഫലനങ്ങളെ ചവിട്ടിക്കൊണ്ട് കവി നടക്കുമ്പോള്‍ പ്രപഞ്ചത്തിലൂടെ നടക്കുന്ന അനുഭൂതി ഉണ്ടാകുന്നു എന്ന പ്രസ്താവത്തിലും ഈ ഗുണവിശേഷം ദര്‍ശിക്കാം. ചങ്ങമ്പുഴയ്ക്ക് ഈ മട്ടില്‍ സിദ്ധിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ‘മനസ്വനി’, ‘കാവ്യനര്‍ത്തകി’ എന്ന കാവ്യങ്ങളിലെ ഓരോ വരിയും അതിന്റെ ഏകതകൊണ്ട് സുന്ദരമായിബ്ഭവിച്ചിരിക്കുന്നു. ചങ്ങമ്പുഴയ്ക്കു ശേഷമുള്ള ചില കവികള്‍ അദ്ദേഹത്തിന്റെ കാവ്യങ്ങളുടെ പ്രതിധ്വനികളായി രചനകള്‍ കേരളീയര്‍ക്കു നല്കിയല്ലോ. അവയിലൊന്നുംതന്നെ അപൂര്‍വസിദ്ധത — originality — എന്ന ഗുണം പ്രദര്‍ശിപ്പിക്കുന്നതല്ല. അതുകൊണ്ടാണ് ഇതെഴുതുന്ന ആള്‍ അക്കൂട്ടരെ മാറ്റൊലിക്കവികള്‍ എന്ന് അമ്പതുകൊല്ലം മുന്‍പ് വിളിച്ചത്. ഇന്നും അവര്‍ മാറ്റൊലിക്കവികളായി വര്‍ത്തിക്കുന്നു. സംശയമുണ്ടെങ്കില്‍ മൗലികതയും അനുകരണവും തിരിച്ചറിഞ്ഞാലും താഴെച്ചേര്‍ക്കുന്ന വരികളില്‍ നിന്ന്.

ചങ്ങമ്പുഴ

യുദ്ധം കഴിഞ്ഞു:പടക്കളത്തിങ്കലീ
ത്തപ്താശ്രുവും തൂകി നില്പവളാരു നീ?

വയലാര്‍ രാമവര്‍മ്മ

യുദ്ധം കഴിഞ്ഞു:കബന്ധങ്ങളുന്മാദ
നൃത്തം ചവിട്ടിക്കുഴച്ചു രണാങ്കണം

ചങ്ങമ്പുഴ

അന്തിക്കുരുതി കഴിഞ്ഞതാ കൂരിരുള്‍
ചീന്തിക്കറുത്തു തുടങ്ങുന്നു ദിങ്ങ്മൂഖം

വയലാര്‍ രാമവര്‍മ്മ

രക്തമൊഴുകിത്തളംകെട്ടി നിന്ന മണ്‍
മെത്തയില്‍ കാല്‍ തെറ്റി വീണു നിഴലുകള്‍

ചങ്ങമ്പുഴ

അന്തിമശ്ശ്വാസം വലിച്ചു മൂറിപ്പെട്ടു
നൊന്തുകിടന്നു പിടഞ്ഞ സമീരണന്‍

വയലാര്‍ രാമവര്‍മ്മ‌

തെന്നല്‍ മണം പിടിക്കും പോലെ
തെന്നി നടന്നു പടകുടീരങ്ങളില്‍

വയലാര്‍ രാമവര്‍മ്മയുടെ ഇതുപോലെയുള്ള യാന്ത്രികങ്ങളായ അന്തകരണങ്ങള്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണകൃതികളില്‍ എവിടെയും കാണാം. വൈലോപ്പിള്ളി, പി. കുഞ്ഞിരാമന്‍ നായര്‍ ഇവരൊഴിച്ചാല്‍ ശേഷമുള്ള കവികളെല്ലാവരും തന്നെ മധ്യമഭാവമുള്ളതോ അതിസാധാരണ ഗുണമുള്ളതോ ആയ കാവ്യങ്ങള്‍ രചിച്ചവരാണ്. കാലപ്രവാഹത്തില്‍ അവര്‍ കടപുഴകി ഒലിച്ചുപോ. (എന്റെ ഈ മാറ്റൊലി സിദ്ധാന്തം നൂറിനു നൂറും ശരിയാണെന്ന് എ. ബാലകൃഷ്ണപിള്ള എന്നോടു നേരിട്ടു പറഞ്ഞു.) ഞാന്‍ ഇത്രയും എഴുതിയത് പ്രഫെസര്‍ എസ്. ഗുപ്തന്‍ നായര്‍ കേന്ദ്ര സാഹിത്യ അക്കാഡമിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇംഗ്ലീഷിലെഴുതിയ “Changampuzha” എന്ന കൊച്ചു പുസ്തകം വായിച്ചതുകൊണ്ടാണ്. ഈ ഗ്രന്ഥകാരന്‍ മലയാള ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന ആളാണ്. ഇംഗ്ലീഷും അതേ രീതിയില്‍ തനിക്കാവാം എന്ന് ഈ ഗ്രന്ഥരചന കൊണ്ട് അദ്ദേഹം തെളിയിച്ചിരിക്കുന്നു.

ചങ്ങമ്പുഴയുടെ ശോകസങ്കലനമായ ജീവിതത്തിന് ഊന്നല്‍ നല്കിക്കൊണ്ട് ഗുപ്തന്‍ നായര്‍ നിഷ്പക്ഷതയോടെ ആ കവിയുടെ കാവ്യങ്ങളെ വിലയിരുത്തുന്നു.

“No contemporary poet had earned such admiration. He was indeed a people’s poet, not in the sense Marxists use, but in the way he reached the remotest corners. Was it his lyrical excellence or was it his flights of fancy incomparable.”

ഗുപ്തന്‍ നായരുടെ ഈ പ്രസ്താവത്തില്‍ നിന്ന് സത്യത്തിന്റെ നാദമുയരുന്നു.

നീളവേ ചില്ലൊളിപ്പുള്ളികള്‍ മിന്നുമാ
നീലിച്ച പീലി നിവര്‍ത്തി നിര്‍ത്തി
കണ്ണഞ്ചിടും സ്പതവര്‍ണ്ണങ്ങളൊത്തുചേര്‍
ന്നെണ്ണെയൊലിക്കും കഴുത്തുനീട്ടി
പത്തിവലിച്ചു വിരിച്ചു വാലിട്ടടി
ച്ചത്രയ്ക്കവശമായ് വാ പിളര്‍ത്തി
മിന്നല്‍ക്കൊടിപോല്‍ പിടയുമാ നാവുകള്‍
മുന്നോട്ടു മുന്നോട്ടു ചീറ്റിനീട്ടി,
ഉല്‍കട പ്രാണദണ്ഡത്താല്‍പ്പുളയുമൊ
രുഗ്രസര്‍പ്പത്തെയും കൊക്കിലേന്തി
തഞ്ചത്തില്‍ തഞ്ചത്തില്‍ തത്തിജ്ജ്വലിക്കുന്ന
മഞ്ചാടിചെങ്കനല്‍ക്കണ്ണുരുട്ടി
ആരാലെന്‍മുന്നിലൊരാണ്‍മയിലായി വ
ന്നാടി നില്ക്കുന്നു, ഹാ,പാപമേ നീ

ഈ ചങ്ങമ്പുഴക്കവിത ഉറക്കെച്ചൊല്ലി നോക്കു. ഗുപ്തന്‍ നായര്‍ inimitable verbal music എന്നു പറഞ്ഞത് പ്രത്യക്ഷരം ശരിയാണെന്നു ഗ്രഹിക്കാനാവും. ചങ്ങമ്പുഴയെപ്പൊലെ ഭാവാത്മകതയിലൂടെ അനുവാചകനെ സത്യത്തിലെത്തിക്കുന്ന വേറൊരു കവി ആരുണ്ട്? മലയാള സാഹിത്യത്തില്‍ നൂതന കാവ്യപഥം ഉദ്ഘാടനം ചെയ്ത ചങ്ങമ്പുഴയുടെ ജീവിതത്തെ സ്പഷ്ടമായും ഹൃദ്യമായും ആലേഖനം ചെയ്യുന്നു ഗുപ്തന്‍ നായരുടെ പുസ്തകം. ഫ്രഞ്ച് കവി ബോദ്‌ലെറിന്റെ ഒരു കവിതയില്‍.

“One the banks of the Seine or the verdant Lovie
You whose beauty might adorn ancient manors
Would bring forth,in the shade of mossy retreats
A thousand sonnets in the hearts of poets
Whom your eyes would make more submissive slaves.”

എന്നു പറയുന്നു. ചങ്ങമ്പുഴക്കവിതാസുന്ദരി കടാക്ഷം കൊണ്ട് കേരളീയരാകെ ദാസന്മാരും ദാസികളുമാക്കി. ഈ കോളമിസ്റ്റ് ദാസന്മാരില്‍ പെടുന്നു. അവരുടെ കൂട്ടത്തില്‍ പെടാതെ മാറി നിന്ന് അഭിജാതനെപ്പോലെ ആ സൗന്ദര്യാതിശയം സ്പഷ്ടമാക്കിത്തരുന്നു പ്രഫെസര്‍ എസ്. ഗുപ്തന്‍ നായര്‍ (സാഹിത്യ അക്കാഡമി പ്രസാധനം, പുറങ്ങള്‍ 72, വില 25 രൂപ).

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘നോബല്‍ സാഹിത്യ ജേതാക്കള്‍’ ‘സാഹിത്യവേദി’ ഈ കോളങ്ങളില്‍ തെറ്റുകളേറെയുണ്ട്. വളരെക്കാലമായി ഇവ കാണുന്നു. പറയേണ്ടതില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷേ ഏതിനും അതിരില്ലേ അതുകൊണ്ടാണ് ഇത് എഴുതുന്നത്.

  1. മേലാറ്റൂര്‍ രാധാകൃഷ്ണന്റെ നോബല്‍ സാഹിത്യ ജേതാക്കള്‍

    റൊമേന്‍ റോളണ്ട്- ശരിയായ രൂപം റോമങ്ങ് റോലാങ്ങ്. അദ്ദേഹത്തിന്റെ നോവല്‍ ‘ജീന്‍ ക്രിസ്റ്റേഫ് എന്നു രാധാകൃഷ്ണന്‍. ശരിയായ പേര് ‘ഷാങ്ങ് ക്രീസ്റ്റോഫ്. ഇതുമതി. മറ്റു തെറ്റുകള്‍ തിരുത്തുന്നില്ല.

വിളക്കുടി രാജേന്ദ്രന്‍ മാതൃഭൂമിയിലെഴുതുന്നു: “തെങ്ങി’നെപ്പറ്റിയുള്ള പുതുശ്ശേരി രാമചന്ദ്രന്റെ കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസം 30) ഉജ്ജ്വലമായി. ഹൃദ്യമായ അനേകം കല്പനകള്‍ ഇതിലുണ്ട്. ഒരു ഉണര്‍ത്തുപാട്ടിന്റെ വീറും ശീലും ഈ കവിതയ്ക്കു കൈവന്നിട്ടുണ്ട്. കവിക്ക് അഭിനന്ദനങ്ങള്‍.”

ഒരിക്കലെഴുതിയതാണ് ഇനിപ്പറയുന്ന സംഭവം. കൈനിക്കര പദ്ഭനാഭപിള്ള ബ്രോഡ്കാസ്റ്റിങ്ങ് സെക്ഷന്റെ അധിപതിയായിരിക്കുന്ന കാലം. കുമ്പളത്തു ശങ്കുപിള്ള ദിവാന്‍ സര്‍. സി.പി.ക്കു കത്തയച്ചു ഏതോ പരദേശി ബ്രാഹ്മണനെ മൃദംഗം വായനക്കാരനായി കൈനിക്കരയുടെ ഡിപാര്‍ട്മെന്റില്‍ നിയമിച്ചത് ശരിയായില്ല എന്ന്. വിദഗ്ദ്ധരായ അനേകമാളുകള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരിക്കെ (കുമ്പളത്തു ശങ്കുപിള്ള മാവേലിക്കര കൃഷ്ണന്‍കുട്ടിനായരുടെ പേരു പറഞ്ഞെന്നാണ് എന്റെ ഓര്‍മ്മ) അന്യദേശത്തുള്ള ബ്രാഹ്മണനെ ഇറക്കുമതി ചെയ്തത് ശരിയല്ല എന്നാണ് അദ്ദേഹമെഴുതിയത്. ആ എഴുത്ത് കൈനിക്കരയുടെ remarks-ന് അയയ്ക്കാന്‍ ദിവാന്റെ കല്പന. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വന്നു. The fame of Kumbalath Sanku Pilli is in the field of wrestling. He has never been known as a critic of music എന്നാണ് കൈനിക്കര എഴുതിയത്. ഫയല്‍ ദിവാന് അയച്ചു. സി.പി. recorded എന്നെഴുതി അതില്‍ (recorded എന്നാല്‍ പിന്നീട് ഒന്നും വേണ്ട എന്നാണ് അര്‍ത്ഥം). വിളക്കുടി രാജേന്ദ്രന്‍ പുസ്തകപ്രസാധനത്തില്‍ പ്രഗല്ഭനാണ്. അദ്ദേഹം കവിത നിരൂപണം ചെയ്തു കണ്ടിട്ടില്ല. ആ പ്രസാധനപ്രക്രിയകളില്‍ വ്യാപരിച്ചാല്‍

“വൈലോപിള്ളി, പി. കുഞ്ഞിരാമന്‍ നായര്‍ ഇവരൊഴിച്ചാല്‍ ശേഷമുള്ള കവികളെല്ലാവരും തന്നെ മധ്യമ ഭാവമുള്ളതോ അതിസാധാരണ ഗുണമുള്ളതോ ആയ കാവ്യങ്ങള്‍ രചിച്ചവരാണ്. കാലപ്രവാഹത്തില്‍ അവര്‍ കടപുഴകി ഒലിച്ചുപോകും.”

മാത്രം പോരേ? ഞാന്‍ ബോറന്‍ കവിതകള്‍ ഹൃദ്യങ്ങളാണെന്നുകൂടി പറയണോ? അഭിനന്ദനം മതി. അഭിനന്ദനങ്ങള്‍ വേണ്ട.

ചോദ്യം, ഉത്തരം

“ഞാന്‍ ഈ ലോകത്തു ബഹുമാനിക്കുന്നതു മഹാത്മാ ഗാന്ധിയെയാണ്. അതു കഴിഞ്ഞാല്‍ കുമാരനാശാനെ. ഞാന്‍ മഹാകവിയെ നിന്ദിച്ചുവെന്ന് പറയുന്നവന്‍ കള്ളം പറയുകയാണ്.”

Symbol question.svg.png “മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെ അഭിനയത്തെക്കുറിച്ച് എന്തു പറയുന്നു?”

“ചലച്ചിത്രം കാണുന്നവര്‍ ഇതാ മമ്മൂട്ടി, ഇതാ മോഹന്‍ലാല്‍ എന്നു പറയണമെന്നാണ് രണ്ടുപേരുടെയും ചിന്ത. അവര്‍ നല്ല അഭിനേതാക്കളാണ്. പക്ഷേ കഥാപാത്രങ്ങളുടെ മുകളിലായി അവര്‍ തങ്ങളുടെ personality-യെ വയ്ക്കുന്നു. മമ്മൂട്ടി പൊലീസ് ഇസ്പെക്ടറായി അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിനല്ല പ്രാധാന്യം. ആളുകള്‍ തന്നെ മമ്മൂട്ടി ആയിത്തന്നെ കാണണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പോള്‍ മ്യൂനി ഹോളിവുഡ്ഡിലൂടെ നടക്കുമ്പോള്‍ ഇതാ വാങ്ങ് ലങ്ങ് പോകുന്നു. ഇതാ സൊല (Zola) പോകുന്നു. ഇതാ പസ്റ്റര്‍ (Pasteur) പോകുന്നു എന്നു പറയും. മ്യൂനു പോകുന്നു എന്നാരും പറയില്ല. ഈ താദാത്മ്യം പ്രാപിക്കലിന് നമ്മൂടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും personality പ്രദര്‍ശനം തടസ്സമായി വര്‍ത്തിക്കുന്നു. ജഗതി ശ്രീകുമാര്‍ മാത്രം കഥാപാത്രമായി പ്രത്യക്ഷനാകുന്നു. അദ്ദേഹത്തിന്റെ അഭിനയം അതുകൊണ്ടു തന്നെ ഒന്നാന്തരം.”

Symbol question.svg.png “ജൂഡാസ് ആര്?”

ജൂഡാസ് ഇസ്കാരിയറ്റ് എന്നു മുഴുവന്‍ പേര്. മുപ്പതു വെള്ളി വാങ്ങിക്കൊണ്ട് അയാള്‍ ക്രിസ്തുവിനെ ജൂതാധികാരികള്‍ക്കു ഒറ്റിക്കൊടുത്തു. അയാളുടെ ലക്ഷ്യത്തെക്കുറിച്ച് പുതിയ നിയമത്തില്‍ ഒന്നുമില്ല. പശ്ചാത്താപത്താല്‍ ജൂഡസ് ആത്മഹത്യ ചെയ്തു. അയാളുടെ അമ്മയെക്കുറിച്ച് മനോഹരമായ ഒരു റഷ്യന്‍ കവിത ഞാന്‍ വായിച്ചിട്ടുണ്ട്. അതു എഴുതാം.
The mother of Judas എന്ന് കവിതയുടെ പേര്

The Mother wept so bitterly
As Judas hung from the pinetree
You should have seen the tears of a mother.
She cried and they could not calm her.
She kissed the blue legs of Judas her son.
Why did these nwvil people destroy my son?

ഈ ലോകത്തുള്ള ഓരോ അമ്മയും ഇമ്മട്ടിലാണ്. മകന്‍ വ്യഭിചാരിയോ കൊലപാതകിയോ ആകട്ടെ. എന്റെ മകന്‍ നല്ലവന്‍ എന്നേ അമ്മ പറയൂ.

Symbol question.svg.png “കൊല്ലത്തെ ഒരു ധനികന്‍ പ്രേംനസീറുമായി വിമാനത്തില്‍ പോകുമ്പോള്‍ അടുത്തിരുന്ന ആ ധനികനോടു നസീര്‍ ചോദിച്ചു: ‘അങ്ങ് ആരാണ്?’ ധനികന്‍ മറുപടി നല്കി: ‘ഞാന്‍ ബിസ്‌നെസ്സുകാരന്‍. പ്രേംനസീര്‍ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് ‘ഞാന്‍ പ്രേംനസീറാണ് എന്നു പറഞ്ഞു. ഉടനെ ധനികന്‍ ചോദിച്ചത്രേ ‘എന്താ ബിസ്‌നെസ്സ്?’ ഈ ബിസ്നെസ്സുകാരനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?”

ഇതു പച്ചക്കള്ളമാണ്. ബിസ്നെസ്സുകാരനെ കീലടിക്കാന്‍ ചമച്ച കള്ളം. ക്ലാര്‍ക്ക് ഗേബിള്‍ എന്ന വിശ്വവിഖ്യാതനായ അഭിനേതാവ് നോബല്‍ ലോറിയിറ്റായ ഫോക്‌നര്‍ മറുപടി നല്കി: ‘Yes Mr. Gable what do you do’ ഇതും കള്ളം. ഇതിന്റെ അനുകരണമായ മറ്റൊരു കള്ളമാണ് നസീറും ധനികനും തമില്‍ ആ രീതിയില്‍ സംസാരിച്ചു എന്നത്.”

Symbol question.svg.png “നിങ്ങള്‍ കുമാരനാശാനെക്കുറിച്ച് അരുതാത്ത വാക്കുകള്‍ പറഞ്ഞെന്ന് ഒരാള്‍ എഴുതിയിരിക്കുന്നുവല്ലോ? ശരിയാണോ?”

“ഞാന്‍ ഈ ലോകത്തു ബഹുമാനിക്കുന്നതു മഹാത്മാ ഗാന്ധിയെയാണ്. അതു കഴിഞ്ഞാല്‍ കുമാരനാശാനെ. ഞാന്‍ മഹാകവിയെ നിന്ദിച്ചുവെന്ന് പറയുന്നവന്‍ കള്ളം പറയുകയാണ ഇതിനെ അധമത്വം എന്നു വിശേഷിപ്പിച്ചാല്‍ മതിയാവുകയില്ല. അതിനെക്കാള്‍ ഗഹര്‍ണീയമായി എന്തെങ്കിലുമുണ്ടെങ്കില്‍ അതാണ് അയാളുടെ പ്രവൃത്തി.”

Symbol question.svg.png “ഞാനങ്ങ് മരിക്കട്ടോ?

“വേണ്ട, വേണ്ട മറ്റുള്ളവര്‍ക്കു വലിയ ഉപദ്രവം വലിച്ചു വയ്ക്കുന്നതെന്തിന്? സമയമില്ലാതെ വിഷമിക്കുന്നവരൊക്കെ നിങ്ങളുടെ വീട്ടിലെത്തണം. അവര്‍ പലപ്പോഴും പന്ത്രണ്ടു മണിക്കൂര്‍ കാത്തിരുന്നാലേ നിങ്ങളുടെ മൃതദേഹം സിമിത്തേരിയിലേക്കോ ശ്മശാനത്തിലേക്കോ എടുക്കൂ. സ്ത്രീകള്‍ക്കു കള്ളക്കരച്ചില്‍ നടത്തേണ്ടതായി വരും ശവം എടുത്തു കൊണ്ടുപോകുമ്പോള്‍. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ സഞ്ചയനം എന്നൊരു ഏര്‍പ്പാടുണ്ട്. ചെറുപ്പക്കാരികള്‍ നനഞ്ഞു ശരീരത്തോട് ഒട്ടിയ വസ്ത്രങ്ങളോടുകൂടി അസ്ഥിനമസ്കാരം നടത്തുമ്പോള്‍ അതു കണ്ടുരസിക്കാന്‍ ഏറെപേരുണ്ടാകും. പുലകുളീ നടത്തണം. വേണ്ട നിങ്ങള്‍ മരിക്കരുത്. ബന്ധുക്കള്‍ക്കു ചെലവുണ്ടാക്കരുത്.”

Symbol question.svg.png “പബ്ളിസിറ്റിയെ നിങ്ങള്‍ നിന്ദിക്കുന്നു. പബ്ളിസിറ്റിയല്ലേ ആഴ്ചതോറും കോളമെഴുതുന്നത്?”

“എം.പി. ശങ്കരനുണ്ണി നായരും മറ്റനേകം എഴുത്തുകാരും പറയുന്നതുപോലെ ഇത് വയറു പിഴയ്ക്കാന്‍ വേണ്ടിയുള്ള രചനയാന്. മറ്റുള്ളവര്‍ക്കു വെറുതേ എടുത്തു കൊടുക്കാതെ പണം ബാങ്കില്‍ ഇട്ടിരുന്നെങ്കില്‍ എനിക്കിത് എഴുതേണ്ടിവരുകയില്ല. തിരുവനന്തപുരത്തെ ഒരു കവി ‘ഈസി മണി’ ഉണ്ടാക്കുന്നവന്‍ എന്നാണ് എന്നെ വിളിക്കുന്നത്. ഇതു കേള്‍ക്കുന്നവര്‍ അപ്പോള്‍ തന്നെ റ്റാക്സിയില്‍ കയറി വീട്ടില്‍ വന്ന് എന്നെ അതറിയിച്ചിട്ടു പോകും. ഞാന്‍ മറ്റൂള്ളവരെക്കൂറിച്ചു ദോഷമായി ഒന്നും പറയാറില്ല ഇപ്പോള്‍. പറഞ്ഞാല്‍ റ്റാക്സി, ഞാന്‍ കുറ്റം പറഞ്ഞ ആളിന്റെ വീട്ടിലേക്കാവും പോവുക.”

Symbol question.svg.png “നിങ്ങള്‍ക്ക് ആരെയെങ്കിലും പേടിയുണ്ടോ?”

“സാഹിത്യം രചിക്കുന്ന എല്ലാ സ്ത്രീകളെയും ഞാന്‍ പെണ്‍കടുവകളായി കരുതുന്നു:, പേടിക്കുന്നു. അവരുടെ മുന്‍പില്‍ അകപ്പെട്ടു പോയാല്‍ ഞാന്‍ മുയലായി മാറും. എനിക്ക് ഈ മാനസികനിലയുണ്ടാക്കിയത് മരിച്ചുപോയ ഒരു സാഹിത്യകാരിയാണ്. ആവരുടെ ഒരു കൃതി പൈങ്കിളി സാഹിത്യമാണെന്ന് ഞാന്‍ എഴുതി. രണ്ടാം ദിവസം എനിക്കൊരു കത്തു കിട്ടി. തെറിയുടെ പൂരം. സ്ത്രീകള്‍ തെറിവിളിക്കുമെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത്.”

പ്രകടനാത്മകം

സ്ത്രീയെസ്സംബന്ധിച്ചു വര്‍ദ്ധിച്ച താല്‍പര്യമുള്ള ഒരുദ്യോഗസ്ഥനുമായി പാലോട്ട് ഒരു സമ്മേളനത്തിന് എനിക്കു പോകേണ്ടതായി വന്നു ഒരിക്കല്‍. ഒരു സ്ത്രീ കൂടിയുണ്ട് മീറ്റിങ്ങില്‍ പ്രസംഗിക്കാന്‍. ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് കാര്‍ ആദ്യം പോയത്. അര മണിക്കൂര്‍ കഴിഞ്ഞ് അയാള്‍ ഇറങ്ങി വന്നു. കീറിയ ഷേര്‍ട്. നാലു ദിവസമായി വെള്ളം കാണാത്ത മുണ്ട്. ബനിയന്‍ ഒരു മാസമായി വെള്ളം കണ്ടിരിക്കില്ല. മുണ്ടില്‍ നിന്ന് വാട വരുന്നുണ്ടോ എന്നു മനസ്സിലാക്കാന്‍ ഞാന്‍ ശ്വാസം വലിച്ചു നോക്കി. നേരിയ ദുര്‍ഗ്ഗന്ധം വരുന്നു. പിറകിലത്തെ സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഉദ്യോഗസ്ഥനും അവിടെ കയറി ആസനസ്ഥനായി. പ്രസംഗിക്കാനുള്ള സ്ത്രീയുടെ പേര് ആവശത്തോടെ പറഞ്ഞ് അയാള്‍ ചോദിച്ചു: …യെ വിളിക്കണ്ടേ? വിളിക്കാമെന്നു ഞാന്‍. കാര്‍ സ്ത്രീയുടെ ഓഫീസിലേക്കു പോയി. അവര്‍ സുന്ദരി. ആ സ്ത്രീ ഓഫീസില്‍ നിന്നിറങ്ങി വരുന്നതു കണ്ട് ഉദ്യോഗസ്ഥന്‍ ചോദിച്ചു: “Why is she so lean?” ഞാന്‍ മറുപടി നല്കി: “സാര്‍ അവരത്ര മെലിഞ്ഞിട്ടല്ലേ.” അയാള്‍ പിന്നെയും എന്നോട്. “ഇവര്‍ ഉച്ചയ്ക്ക് എന്തു കഴിക്കും?” ഞാന്‍: “ചോറുണ്ണുമായിരിക്കും.” “അതിനു ഇവിടെ നല്ല ഹോട്ടലൊന്നുമില്ലല്ലോ.”എന്ന് ഉദ്യോഗസ്ഥന്‍. “എന്നാല്‍ വാഴയ്ക്കപ്പമോ പരിപ്പുവടയോ തിന്നുമായിരിക്കും” എന്നു ഞാന്‍. ന്യൂട്ടന്‍ ആപ്ള്‍ വീഴുന്നതു കണ്ട് ഗ്രാവിറ്റേഷന്‍ കണ്ടുപിടിച്ചതുപോലെ ഒരു നൂതന കണ്ടുപിടിത്തം നടത്തി. “That is why she is so lean” എന്ന് ഉദ്യോഗസ്ഥന്‍ മൊഴിയാടി. കഴുത കരഞ്ഞു തീര്‍ക്കുന്നതു പോലെ മൊഴിയാടലിലൂടെ ഉദ്യോഗസ്ഥന്‍ കരഞ്ഞു തീര്‍ക്കുകയായിരുന്നു. ഈ സമയം കൊണ്ട് സ്ത്രീ കാറിനെ സമീപിച്ചു കഴിഞ്ഞു. അയാള്‍ തിടുക്കത്തില്‍ “കൃഷ്ണന്‍ നായര്‍ എഴുന്നേറ്റ് മുന്‍സീറ്റിലിരിക്കണം. അവര്‍ എന്റെ അടുത്തു ഇരിക്കട്ടെ” എന്നു പറഞ്ഞു. ഞാന്‍ മുന്‍സീറ്റിലേക്കു പോയി. കാര്‍ വെള്ളയമ്പലം വഴി, നെടുമങ്ങാടു വഴി പാലോട്ടു ചെന്നു. വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു ഉദ്യോഗസ്ഥന്‍ ശ്രീമതിയോട്. മീറ്റിങ്ങ് ഹോളിലേക്കു തങ്ങളെ സംഘാടകര്‍ നയിച്ചു. പക്ഷേ അധ്യക്ഷനായ ഉദ്യോഗസ്ഥനെ കണ്ടില്ല. അയാള്‍ ഒരു മുറിയില്‍ ബാഗുമായി കയറിയെന്ന് ആരോ ഒരാള്‍ എന്നോടു പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞു. ഉദ്യോഗസ്ഥന്‍ സില്‍ക് ട്രൗസേഴ്സ്, സില്‍ക്ക് ബുഷ് ഷേര്‍ട് ഇവയണിഞ്ഞു മുഖം മെയ്ക്കപ്പ് നടത്തി സുന്ദരനായി ങ്ങങ്ങളുടെ അടുത്തു വന്നു. സ്ത്രീ സരസമായി സംസാരിക്കും. അവര്‍ അധ്യക്ഷനെക്കണ്ട് ‘അല്ല, സാറ് ആകെ മാറിപ്പോയല്ലോ’ എന്നു പറഞ്ഞു. അയാള്‍ക്കു പരമസന്തോഷം.

വൈരൂപ്യമുള്ള സ്ത്രീയ്ക്കും പുരുഷനും മെയ്ക്കപ്പ് കൊണ്ട്, നല്ല വസ്ത്രധാരണം കൊണ്ട് യഥാക്രമം സുന്ദരിയാകാം. സുന്ദരനാകാം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ. കൃഷ്ണന്‍ എഴുതിയ യഥാര്‍ത്ഥസംഭവം ഞാന്‍ ഓര്‍മ്മിച്ചു. വിരൂപമായ കഥ. ഒരു സ്തീയുടെ ഭര്‍ത്താവു മരിക്കുന്നു. അയാളില്‍ നിന്നുണ്ടായ മകളുണ്ട് അവര്‍ക്ക്. ഭര്‍ത്താവ് മരിച്ചതിനുശേഷം അവര്‍ വേറൊരുത്തനെ കാമുകനായി സ്വീകരിച്ച് അയാളെ വിവാഹം കഴിക്കുന്നു. രണ്ടാമത്തെ ഭര്‍ത്താവ് യുദ്ധത്തില്‍ മരിക്കുന്നു. അയാളുടെ മൃതശരീരം കൊണ്ടുവന്നു ദഹിപ്പിക്കുന്നു. സ്ത്രീയുടെ രണ്ടാമത്തെ ഭര്‍ത്താവിനെ മകള്‍ക്ക് ഇഷ്ടമില്ല. വ്യഭിചാരിണിയായ അമ്മയെ മകള്‍ വിളിച്ചതാണ് ‘ബിച്ച് എന്ന പദം. ഈ അതിസാധാരണമായ വിഷയത്തിന് സില്‍ക്ക് കോട്ടും സില്‍ക്ക് ട്രൗസേഴ്സ്സും അണിയിക്കുന്നു കൃഷ്ണന്‍. എന്നു പറഞ്ഞാലോ? കഥയ്ക്ക് യോജിക്കാത്ത സാഹിത്യഭാഷ കൊണ്ട് ആവരണം നടത്തുന്നു രചയിതാവ്. അപ്പോള്‍ ഭാഷയ്ക്കു പ്രാധാന്യം വരുന്നു. അതു കൃത്രിമമായി ഭവിക്കുന്നു. സാഹിത്യസംബന്ധിയായ ഭാഷ പ്രയോഗിക്കാന്‍ കഥാകാരന് താല്‍പര്യമുള്ളതുകൊണ്ട് അതില്‍ മാത്രം അദ്ദേഹം മനസ്സിരുത്തുന്നു. അതിന്റെ ഫലമോ? സംഭവങ്ങളുടെ വ്യാഖ്യാനമില്ല. ഒരു കഥാപാത്രത്തിന്റെയും ആന്തരമണ്ഡലത്തിലേക്ക് അദ്ദേഹത്തിനു നോക്കാന്‍ കഴിയുന്നില്ല. Stilted ഭാഷകൊണ്ട് — പ്രകടനാത്മകമായ ഭാഷകൊണ്ട് — മായികവിദ്യ കാണിക്കുന്ന ഏര്‍പ്പാട് എന്നേ കഴിഞ്ഞു.

വിഷാദത്തോടെ

“സാഹിത്യം രചിക്കുന്ന എല്ലാ സ്ത്രീകളെയും ഞാന്‍ പെണ്‍കടുവകളായി കരുതുന്നു; പേടിക്കുന്നു. അവരുടെ മുന്‍പില്‍ അകപ്പെട്ടു പോയാല്‍ ഞാന്‍ മുയലായി മാറും.”

  1. മാവേലിക്കരയ്ക്കടുത്തുള ചെട്ടിക്കുളങ്ങര ഒരു മാനേജ്മെന്റ് സ്ക്കൂളുണ്ട്. അക്കാലത്ത് എന്റെ കൂട്ടുകാരന്‍ കൃഷ്ണപിള്ള അതിന്റെ മാനേജരായിരുന്നു (മലയാളനാട് എസ്.കെ. നായരുടെ അടുത്ത ബന്ധു). ആ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷത്തോടു ബന്ധപ്പെട്ട് സാഹിത്യസമ്മേളനം നടത്താന്‍ അധികാരികള്‍ തീരുമാനിച്ചു. എം.പി. മന്മഥന്‍, ഡോക്ടര്‍ പി.കെ. നാരായണപിള്ള ഇവര്‍ യഥാക്രമം ഉദ്ഘാടകരും അധ്യക്ഷനും. മീറ്റിങ്ങ് ദിവസം ഉച്ചയ്ക്കു രണ്ടുമണിക്ക് ഒരാള്‍ ‘മന്മഥന്‍സ്സാറ് തന്നയിച്ച എഴുത്ത് എന്നു പറഞ്ഞു എന്നെ അത് ഏല്പിച്ചു. സാറ് എഴുതിയത്: ‘പ്രിയ സഹോദരാ, എനിക്കു വേണ്ടി ചെട്ടിക്കുളങ്ങര സ്ക്കൂളില്‍ പോയി പ്രസംഗിക്കണം. എനിക്കു യൂണിവേഴ്സിറ്റിയില്‍ പ്രിന്‍സിപ്പലിന്റെ ഒരു മീറ്റിങ്ങുണ്ട്. പോകാതിരിക്കാന്‍ വയ്യ. ഇത് അപേക്ഷയാണ് സഹായിക്കണം. മന്മഥന്‍ സാറിനെ എനിക്കു ബഹുമാനവും സ്നേഹവുമാണ്. സമുന്നതായ അദ്ദേഹം വിനയം കലര്‍ന്ന എഴുത്തു കൊടുത്തയച്ചിരിക്കുന്നു. ഞാന്‍ വീട്ടിലറിയിച്ചിട്ട് സമ്മേളനത്തിനു പോയി. വേദിയിലേക്കു കയറാന്‍ പോയപ്പോള്‍ രണ്ടു വശത്തുമിരുന്ന ശ്രോതാക്കള്‍ ‘മന്മഥന്‍ പോകുന്നു’ എന്നു പ്രതിഷേധം വ്യക്തമാക്കിപ്പറഞ്ഞു. പി.കെ. നാരായണപിള്ളയുടെ പ്രഭാഷണത്തിനു ശേഷം ഞാന്‍ എഴുന്നേറ്റു. ‘മന്മഥാ, മന്മഥാ’ എന്ന വിളികള്‍. അതില്‍ തെറ്റില്ല. അവര്‍ അപ്പോള്‍ പ്രതീക്ഷിച്ചത് മന്മഥന്‍ സാറിനെയാണ്. ചില വാക്യങ്ങള്‍ പറഞ്ഞിട്ട് ഞാന്‍ കസേരയില്‍ ഇരുന്നു. പി.കെ. സാറ് എന്നോടു പറഞ്ഞു: “കൃഷ്ണന്‍ നായരേ പ്രസംഗത്തിനു പകരം പോകരുത്. അതൊരു പാഠമാക്കിക്കൊള്ളണം” കൃതിജ്ഞത പ്രകാശിപ്പിച്ചപ്പോള്‍ എനിക്കൊരു പൂച്ചെണ്ട് കൊണ്ടു വരുന്നു ഒരു വിദ്യാര്‍ത്ഥിനി. ഞാനതു വാങ്ങിയില്ല. അപമാനിതനായി ഞാന്‍ തിരിച്ചു പോന്നു. ‘ക്ഷണിക്കാതെ പോയാല്‍ ഉണ്ണാതെ പോരാം.’ എന്ന് ഒരു ചൊല്ലുണ്ട്. എന്ത്ര സത്യം! ഒരിടത്തും ശരിയായ വിധത്തില്‍ ക്ഷണിക്കാതെ പോകരുത്. മീറ്റിങ്ങിന് പകരക്കാരനായി ഒരിക്കലും പോകരുത്.
  2. എന്റെ ഒരു ശിഷ്യന്റെ മകന്‍ കൂടെക്കൂടെ എന്റെ വീട്ടില്‍ വരുമായിരുന്നു. അസാധാരണത്വമാര്‍ന്ന ബുദ്ധിയുള്ള ബാലന്‍. ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞാലും നില്ക്കുകയേയുള്ളു. അദ്ദേഹം മത്സരപ്പരീക്ഷയെഴുതി. സമുന്നതമായ നിലയില്‍ ജയിച്ചു. ഐ.എഫ്.എസ്. കാരനായി. വിദേശത്തു പോകുന്നതിനു മുന്‍പ് എന്നക്കാണാന്‍ വന്നു അദ്ദേഹം. ഞാന്‍ സ്നേഹപരതന്ത്രനായി. രണ്ടു പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ആ ബുദ്ധിമാനു നല്കി. എഴുതിക്കൊടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചതുകൊണ്ട് For ‘so and so’ with love എന്ന് ഒരു പുസ്തകത്തില്‍ എഴുതി. പോകാന്‍ നേരത്ത് ഞാന്‍ ആ കുട്ടിയുടെ തലയില്‍ കൈവച്ച് ‘എല്ലാം ശുഭമായി വരും’ എന്നു കണ്ണീരോടെ പറഞ്ഞു. കാല്‍ ശതാബ്ദം കഴിഞ്ഞു. ആ ശിഷ്യസദൃശ്യന്‍ അംബാസിഡറായി. ഒരു രാത്രി അദ്ദേഹത്തെ ആരോ ആക്രമിച്ചു. അതു പത്രത്തില്‍ വായിച്ചു ഞാന്‍ ദുഖഃത്തോടെ കത്തെഴുതി. രക്ഷപ്പെട്ടതിന് ഈശ്വരന് നന്ദി പറഞ്ഞു കൊണ്ടുള്ള ആ കത്തിന് മൂന്നുമാസം കഴിഞ്ഞ് മറുപടി കിട്ടി. സംബുദ്ധി Dear Krishnan Nair എന്നായിരുന്നു. എന്റെ ഉള്ള് പിടഞ്ഞു. എന്റെ മുന്‍പില്‍ എത്ര നിര്‍ബന്ധിച്ചാലും ഇരിക്കാത്ത ആ വ്യക്തി എന്നെ തൃണം പോലെ കരുതി കൃഷ്ണന്‍ നായരേ എന്നു വിളിക്കുന്നു. കത്ത് ഞാന്‍ മുഴുവനും വായിച്ചില്ല. പ്രിയപ്പെട്ട വായനക്കാരേ, ലോകമിങ്ങനെയൊക്കെയാണ്. സ്ഥാനമാനങ്ങള്‍ കൈവരുമ്പോള്‍ വ്യക്തികള്‍ തലമറന്ന് എണ്ണ തേക്കും. അത് നിസ്സാരമെന്നു കരുതിവേണം നമ്മള്‍ ജീവിക്കാന്‍. എങ്കിലും നമുക്കു ദുഃഖം തോന്നും. ജീവിതത്തിന്റെ, ലോകത്തിന്റെ സ്വഭാവമിതാണെന്നു വിചാരിച്ചാല്‍ ദുഃഖത്തിനു കുറവു കിട്ടും.