close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 11 14


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 11 14
മുൻലക്കം 1997 11 07
പിൻലക്കം 1997 11 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ഒരു ശതാബ്ദത്തിനുമുന്‍പ്, ഇംഗ്ലണ്ടിലെ ഒക്സ്ഫഡ് സര്‍വകലാശാല നടത്തിയ മതപരങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള പരീക്ഷയെഴുതാനിരുന്നു ബാലനായ ഒരു വിദ്യാര്‍ത്ഥി. യേശുക്രിസ്തു പച്ചവെള്ളം മുന്തിരിച്ചാറാക്കിയ മഹാത്ഭുതത്തിന്റെ മതപരവും ആധ്യാത്മികവുമായ അര്‍ത്ഥത്തെക്കുറിച്ചെഴുതാനായിരുന്നു ഒരു ചോദ്യം. തങ്ങളുടെ അറിവു പ്രദര്‍ശിപ്പിച്ചുകൊണ്ട് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ ദീര്‍ഘങ്ങളായ ഉപന്യാസങ്ങള്‍ എഴുതിക്കൂട്ടിയപ്പോള്‍ ആ ബാലന്‍ മാത്രം രണ്ടുമണിക്കൂര്‍ നേരം ഒന്നും ചെയ്യാതെ ഇരുന്നു. പരീക്ഷയുടെ സമയം തീരാറായി. ആ വിദ്യാര്‍ത്ഥി ഒരു വാക്കു പോലും എഴുതിയില്ല. അധ്യാപകന്‍ അവന്റെ അടുത്തെത്തി പറഞ്ഞു എന്തെങ്കിലും എഴുതിക്കൊടുക്കണമെന്ന്.അന്ന് കുട്ടിയും പില്‍ക്കാലത്ത് മഹാകവിയുമായ ബൈറണ്‍ പേനയെടുത്ത് എഴുതി:‘The water met its Master,and blushed’ (ജലം അതിന്റെ ആചാര്യനെ കാണുകയും അരുണവര്‍ണ്ണമണിയുകയും ചെയ്തു.)

ഒരു കഥകൂടി. മഹാത്മാഗാന്ധി പറഞ്ഞു: ‘എനിക്കു മൂന്നു ശത്രുക്കളേയുള്ളൂ. വളരെ എളുപ്പത്തില്‍ മെച്ചപ്പെട്ട രീതിയിലാവാന്‍ സ്വാധീനത ചെലുത്താവുന്ന എന്റെ പ്രിയപ്പെട്ട ശത്രു ബ്രട്ടീഷ് സാമ്രാജ്യമാണ്. എന്റെ രണ്ടാമത്തെ ശത്രു പ്രയാസമാര്‍ന്ന ഭാരതീയ ജനതയാണ്. എന്നാല്‍ എന്റെ ഏറ്റവും ഉഗ്രനായ ശത്രു മോഹന്‍ദാസ് കെ. ഗാന്ധി എന്ന ആളാണ്. അയാളില്‍ സ്വാധീനത ചെലുത്താന്‍ എനിക്ക് ആവുകയേയില്ല.”

ഒന്നുകൂടെയാവട്ടെ: “മൃഗങ്ങള്‍ ഒരുമിച്ചുകൂടി. മനുഷ്യര്‍ അവരില്‍നിന്ന് എല്ലാം എടുത്തുകൊണ്ടു പോകുന്നുവെന്നു പരാതിപ്പെട്ടു. പശു പറഞ്ഞു: ‘അവര്‍ എന്റെ പാലു കൊണ്ടുപോകുന്നു’ കോഴി പറഞ്ഞു: ‘അവര്‍ എന്റെ മുട്ട കൊണ്ടുപോകുന്നു’. പന്നിയുടെ പരാതി: ‘അവര്‍ എന്റെ മാംസം എടുത്തു കൊണ്ടു പോകുന്നു.’ ഒടുവില്‍ ഒച്ച് (snail) പറയുകയായി: കഴിയുമായിരുന്നുവെങ്കില്‍ അവര്‍ എടുത്തുകൊണ്ടുപോകുമായിരുന്ന ഒരെണ്ണം എന്നിലുണ്ട്. മറ്റേതിനെക്കാളും അവര്‍ക്ക് ആവശ്യമുള്ള ഒന്ന്. എനിക്കു കാലം എന്നൊന്നുണ്ട്.”

ഇത്തരം ചിന്തോദ്ദീപകങ്ങളായ കഥകള്‍ ഏറ്വെയുണ്ട്. ‘Soul Food’എന്ന പുസ്തകത്തില്‍ (Soul Food-Stones to nourish the spirit and heart-Edited by Jack Kornfeild and Christina Feldman-An imprint of Harper Colins Publishers-$ 11-50-Pages 366-First Edition,1996)

നമ്മുടെ ഭാവനാത്മക മണ്ഡലത്തില്‍ ഒരഗ്നികണം ഉളവാക്കുന്നതിനാലാണ് ഓരോ കഥയുടെയും അമൂല്യമായ ശക്തിവിശേഷമിരിക്കുന്നതെന്നു ഗ്രന്ഥത്തിലെ ആമുഖ പ്രബന്ധത്തില്‍ കാണുന്നു. നമ്മുടെ വ്യക്തിനിഷ്ഠമായ ലോകത്തെ അതിശയിച്ച് സാര്‍വലൗകികമാനുഷികാനുഭവത്തിലേക്കു നമ്മളെ കൊണ്ടു ചെല്ലാന്‍ മഹത്വമാര്‍ന്ന കഥകള്‍ക്കു കഴിയുമെന്നും അതില്‍ പറയുന്നു: സമാധാനത്തെയും സ്വാതന്ത്ര്യത്തെയും അന്വേഷിച്ചുപോയി സ്നേഹത്തോടും ധൈര്യത്തോടും കൂടി ജീവിക്കാന്‍ കഥകള്‍ സഹായിക്കുന്നു എന്നും. ഇതിലെ കഥകള്‍ വായിക്കൂ. ഇപ്പറഞ്ഞതു സത്യമാണെന്നു ഗ്രഹിക്കാം. പക്ഷേ ഒറ്റയിരിപ്പില്‍ ഈ ഗ്രന്ഥം വായിച്ചു തീര്‍ക്കരുത്. ഒരു കഥ വായിക്കുക. മനനം നടത്തുക. ജ്ഞാനവിജ്ഞാനങ്ങളില്‍ അനായാസമായി വായനക്കാര്‍ ചെന്നുചേരും. (സാര്‍വലൗകികശക്തിയെ ധ്യാനിക്കുമ്പോള്‍ കിട്ടുന്നതു ജ്ഞാനം. വിജ്ഞാനം എന്നതു അറിവ്) പക്ഷേ ഇപ്പുസ്തകത്തിലെ കഥകള്‍ കലാമൂല്യത്താല്‍ അനുഗ്രഹീതങ്ങളാണെന്ന തെറ്റിദ്ധാരണ വേണ്ട. ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ബോര്‍ഹേസിന്റെ ഒരു കഥ. വേറെ ചിലരുടെ ചില കഥകള്‍ ഇവയൊഴിച്ചാല്‍ ശേഷമുള്ള രചനകളാകെ ആധ്യാത്മിക സമ്പന്നത മാത്രം നല്‍കുന്നവയാണ്. സാഹിത്യഗുണമുള്ള കഥകള്‍ അനുവാചകരെ ആധ്യാത്മികാധികൃതയില്‍ കൊണ്ടു ചെല്ലുന്നവയല്ല. സത്യം, അസത്യം ഈ പരിഗണന കൂടാതെ ഒരുള്‍ക്കാഴ്ച മാത്രം നല്‍കാനേ കലാപരങ്ങളായ കഥകള്‍ യത്നിക്കാറുള്ളൂ. ദേവാലയത്തില്‍ ഒരു നിലവിളക്കില്‍ മാത്രം എരിയുന്ന ഒറ്റ ദീപത്തെയൊന്നു സങ്കല്പിക്കൂ. അത് ചുറ്റുമുള്ള അല്പാന്ധകാരത്തെ പലായനം ചെയ്യിച്ച് തെല്ലു ദൂരത്തേക്കു പ്രകാശം പരത്തുന്നു. അതു കാണുമ്പോള്‍ നമുക്കും മനസ്സില്‍ പ്രകാശമണ്ഡലം. അതില്‍ കവിഞ്ഞ് ആ ദീപത്തിന് ഒരു ലക്ഷ്യവുമില്ല. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ ആധ്യാത്മികത്വത്തിന്റെ പ്രകാശം വീഴ്ത്തി നമുക്കു ഹൃദയസമ്പന്നത നല്‍കാന്‍ Soul Food എന്ന കഥാസമാഹാര ഗ്രന്ഥത്തിനു കഴിയുന്നു എന്നതുതന്നെയാണ് അതിന്റെ ഉത്കൃഷ്ടത.

ചോദ്യം, ഉത്തരം

Symbol question.svg.png “സാഹിത്യവാരഫലമെഴുതി മാനസിക രോഗിയാകാന്‍ തുടങ്ങിയിട്ടുണ്ടോ നിങ്ങള്‍”

താങ്കള്‍ പറയുന്നതില്‍ സത്യമുണ്ട്. ഏതെങ്കിലും ഒന്നില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചാല്‍ മനസ്സിനു രോഗമുണ്ടാകും. ശരീരത്തിനും എപ്പോഴും റ്റെലിവിഷന്റെ മുന്‍പിലിരുന്നാല്‍ നേത്രരോഗം തീര്‍ച്ചയായും വരും. റ്റെലിഫോണ്‍ റിസീവര്‍ കാതില്‍ നിന്നെടുക്കാത്തെ സ്ത്രീകള്‍ക്കു കാതുരോഗം വരും. റ്റൈപ്പിസ്സ്റ്റുകള്‍ക്കു ഹൃദ്രോഗം. ഒരുപകരണം കാതില്‍ എപ്പോഴും ചേര്‍ത്തു മെയ്ന്‍ റോഡില്‍ക്കൂടെ നടക്കുന്നു പൊലീസുകാരന് കാതുരോഗം. എല്ലാ സമയവും കണ്ണില്‍ വിപുലീകരണകാചം വച്ച് വാച്ച് നന്നാക്കുന്നയാളിന് കണ്ണിന് സുഖക്കേട്. മാത്രമല്ല കുനിഞ്ഞിരിക്കുന്നതുകൊണ്ട് Spondylitis, Spondyloisthesis ഈ രോഗങ്ങള്‍ വരും. (ആദ്യത്തേത് നട്ടെല്ലിന്റെ സന്ധികള്‍ക്കു വരുന്ന വീക്കം രണ്ടാമത്തേത് താഴത്തെ കശേരുവില്‍ നിന്നു മുകളിലത്തെ കശേരു മുന്നോട്ടായി നില്‍ക്കുന്നത്). അതുകൊണ്ട് സാഹിത്യവാരഫലക്കാരനും റ്റെലിവിഷന്‍ കാണുന്നവര്‍ക്കും റ്റെലിഫോണ്‍ താഴെ വയ്ക്കാത്ത സ്ത്രീകള്‍ക്കും പൊലീസുകാരനും വാച്ച് നന്നാക്കുന്നവനും റ്റൈപിസ്റ്റുകള്‍ക്കും risk allowance സര്‍ക്കാര്‍ നല്‍കണം”

Symbol question.svg.png “അസഹനീയമായ കാലമേതാണ്?”

“വരാത്ത ചെക്ക്. വരാത്ത മണിയോഡര്‍. വരാത്ത കാമുകി. വരാത്ത ഉറക്കം ഇവയെ കാത്തിരിക്കുന്ന കാലം അസഹനീയമായ കാലം”

Symbol question.svg.png “പ്രകൃതി ഉപദ്രവിക്കുമോ. ഉപകാരം ചെയ്യുമോ?”

“വിടര്‍ന്ന നിശാഗന്ധിപ്പൂവ് നോക്കൂ. മഞ്ഞുകാലത്ത് അത് നീഹാരബിന്ദുക്കള്‍ അണിഞ്ഞു നില്‍ക്കും. നിലാവു പരന്നൊഴുകുമ്പോള്‍ അതു ഉജ്ജ്വല ശോഭയോടെ വര്‍ത്തിക്കും. വര്‍ഷകാലത്തു ജലകണങ്ങള്‍ ചാര്‍ത്തി നിന്ന് അതു നമുക്കു ആഹ്ലാദമരുളും. ഉഷ്ണകാലനിശീഥിനിയില്‍ ശോഭ വര്‍ദ്ധിപ്പിച്ചു നില്‍ക്കുമത്. പ്രകൃതി അനുഗ്രഹിക്കുകയേയുള്ളൂ”

Symbol question.svg.png “വൈരൂപ്യമുള്ളവള്‍രായ്ക്കുരാമാനം സുന്ദരിയാകുന്നത് എങ്ങനെ?”

Symbol question.svg.png “കാറ്റര്‍ പിലര്‍-ശലഭപോതം-പൊടുന്നനെ ഹൃദയഹാരിയായ ചിത്രശലഭമാകുന്നതെങ്ങനെ?

Symbol question.svg.png “മഹാകവിത്രയത്തില്‍ കാണാത്ത ആശയവൈരുദ്ധ്യം ചങ്ങമ്പുഴക്കവിതയില്‍ കാണുന്നു. വെള്ളത്താമര പോലെ വിശുദ്ധി വഴിയും സ്തീചിത്തത്തെ വാഴ്ത്തുന്ന നിങ്ങളുടെ കവി അടുത്ത നിമിഷത്തില്‍ അങ്കുശമില്ലാത്ത ചാപല്യമേ എന്ന് അവളെ വിളിക്കുന്നു. ഈ വൈരുദ്ധ്യം ശരിയോ?”

“ഒരു നിമിഷത്തിന്റെ പ്രഭാവത്തിനു വിധേയനായി കാവ്യം രചിക്കുമ്പോള്‍ ഒരു മാനസികാവസ്ഥ. വേറൊരു നിമിഷത്തിന്റെ പ്രഭാവത്തിന് അടിമപ്പെടുമ്പോള്‍ മറ്റൊരു മാനസികാവസ്ഥ. A poet of impressions എന്ന് നിങ്ങളുടെയും കവിയായ ചങ്ങമ്പുഴയെ വിളിക്കാം”

Symbol question.svg.png “നിങ്ങളാര്?”

“പ്രാപഞ്ചിക സമുദ്രത്തിന്റെ ലയതരംഗത്തില്‍ ഒരു നിമിഷ നേരത്തേക്കു കാണപ്പെടുന്ന നീര്‍ക്കുമിള”

Symbol question.svg.png “ദൈവം തമ്പുരാന്‍ താമസിക്കുന്ന സ്വര്‍ഗ്ഗത്തും ലോഡ്ഷെഡ്ഡിങ്ങ് ഉണ്ടോ?”

“അവിടെ എപ്പോഴും ലോഡ് ഷെഡിങ്ങാണ്. ഒരു നിമിഷത്തേക്ക് അവിടത്തെ ഇലക്ട്രിസിറ്റി ബോര്‍ഡ് വിദ്യുച്ചക്തി നല്‍കും. അതാണ് മിന്നലായി നമ്മള്‍ കാണുന്നത്.”

ഉപന്യാസം

സൗന്ദര്യം കൊണ്ട് തിരുവനന്തപുരം പട്ടണത്തില്‍ ‘സെന്‍സേഷന്‍’ ജനിപ്പിച്ചിരുന്നു ഒരു യുവതി ഒരു കാലത്ത്. വിദൂര ചക്രവാളത്തില്‍ മാത്രം കണ്ണുകളുടക്കി അവള്‍ രാജരഥ്യയിലൂടെ അലസഗമനം ചെയ്യുമ്പോള്‍ അവളെ കാണാനായി ഇരുവശങ്ങളിലും ആളുകള്‍ നിരന്നു നില്‍ക്കും. ലജ്ജാജലമൊഴുക്കിക്കൊണ്ട് അവിവാഹിതരായ യുവാക്കന്മാര്‍ വീട്ടിലേക്കു പോയിരിക്കും. വിവാഹിതരായ പുരുഷന്മാര്‍ ഗൃഹങ്ങളിലെത്തി ചിന്താധീനരായി ഇരുന്നിരിക്കും. സംസ്കാരമുള്ള അവര്‍ സഹധര്‍മ്മിണികളെ ഉപദ്രവിച്ചിരിക്കില്ല. എന്റെ സംസ്കാരശൂന്യനായ ഒരു ബന്ധു വീട്ടില്‍ക്കയറിയ പാടേ‘എനിക്ക് ഇവളയാണല്ലോ കിട്ടിയത്” എന്നു വിചാരിച്ച് നേരത്തെ കണ്ട സൗന്ദര്യാതിശയത്തെ മനസ്സിന്റെ ദര്‍പ്പണത്തില്‍ ദര്‍ശിച്ച് പാവപ്പെട്ട ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ആ സൗന്ദര്യധാമത്തെ പങ്കജമെന്നു വിളിക്കട്ടെ.കാലമേറെക്കഴിഞ്ഞു. ഒരു ദിവസം കാലത്ത് സ്ത്രീയെന്നു വിളിക്കാവുന്ന ഒരു പേക്കോലം എന്റെ വീട്ടില്‍ കയറി വന്നു. ‘സാര്‍ എന്നെ അറിയില്ല. പക്ഷേ എനിക്ക് സാറിനെ അറിയാം. ഞാന്‍ പങ്കജം… ഓഫീസില്‍ ജോലിയാണ്. എന്റെ ഒരു ബന്ധു ആഫ്രിക്കയിലുണ്ട്. അദ്ദേഹമെഴുതിയ ചില കഥകള്‍…വാരികയില്‍ പ്രസിദ്ധപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യണം. പത്രാധിപരോട്, ശരീര പ്രകൃതം മാറിയ ഒരാളൊടും ഞാന്‍ ‘എന്തേ ഈ മാറ്റം?” എന്നു ചോദിക്കില്ല. ചോദിക്കാതെ തന്നെ അവര്‍ പറഞ്ഞു: ഞാന്‍ പ്രകൃതി ചിക്ത്സ നടത്തുകയാണ്. അതു കൊണ്ടാണ് എനിക്ക് ഇപ്പോഴത്തെ ഈ മാറ്റം.

ഒരുകാലത്ത് ആകൃതി സൗഭഗത്തിന്റെ മൂര്‍ത്തീമദ്ഭാവമായിരുന്ന ഒരു ‘രാഷ്ട്രീയക്കാരന്‍’ പില്‍ക്കാലത്ത് വാനരന്റെ രൂപമാര്‍ന്ന് കഥ പറയുന്ന ആളിനെ കാണാന്‍ വന്നപ്പോള്‍ അയാള്‍ (കഥ പറയുന്ന ആള്‍) അമ്പരന്നു പോയതിനെക്കുറിച്ച് ശ്രീ. മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഹൃദ്യമായ ഒരു കഥയെഴുതിയതിനെക്കുറിച്ച് ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നു. എന്റെ പരിചയക്കാരായ രണ്ടു പ്രഫസര്‍മാര്‍ പണ്ടു സുന്ദരന്മാരായിരുന്നു. ഇന്ന് അവര്‍ക്ക് ഓറാങ്ങ്-ഊട്ടാന്റെ ഛായയാണ്. അവരും പച്ചിലകള്‍ തിന്നു പ്രകൃതി ചികിത്സ നടത്തുന്നു. നടത്തട്ടെ. തങ്ങള്‍ രോഗവിമുക്തരായിയെന്ന് അവര്‍ പ്രഖ്യാപിക്കുമായിരിക്കും. അതു സത്യവുമായിരിക്കും. ഞാന്‍ പ്രകൃതി ചികിത്സയുടെ നിന്ദകനല്ല. എങ്കിലും സുന്ദരിയും സുന്ദരന്മാരും ‘വൈരൂപ്യത്തിന് ആസ്പദ’മെന്ന മട്ടില്‍ മാറിപ്പോയപ്പോള്‍ എനിക്കു ദു:ഖം. അത്രേയുള്ളൂ.

പ്രകൃതി ചികിത്സ കൂടാതെ തന്നെ കവിതയ്ക്കു മാറ്റം വരും. സൗന്ദര്യം അപ്പോള്‍ വൈരൂപ്യമാകും. അതിസുന്ദരങ്ങളായ കാവ്യങ്ങള്‍ രചിച്ച വള്ളത്തോള്‍ പൊടുന്നനെ വൈരൂപ്യത്തിന്റെ സ്രഷ്ടാവായി. ‘കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍’ എഴുതിയ കവി ‘സ്റ്റാലിന്‍ ഹാ’ എന്ന പാട്ടക്കവിതയും എഴുതി. ആദ്യകാലയളവില്‍ ഉത്കൃഷ്ടങ്ങളായ ഭാവഗീതങ്ങളും ആഖ്യാനപരങ്ങളായ കാവ്യങ്ങളും രചിച്ച വേഡ്സ്വര്‍ത്ത് ജീവിതത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ സൃഷ്ടിച്ച വൈരൂപ്യം ഓര്‍മ്മിക്കാന്‍ പോലും വയ്യ. രണ്ടു കവികളുടെയും പദസൗന്ദര്യം പോയി. ലയം പോയി. ആശയരാമണീയകം പോയി.

നമ്മുടെ കഥാകാരന്മാര്‍ക്കും ഇതു തന്നെ സംഭവിച്ചു. ബുദ്ധിമാനായ വൈക്കം മുഹമ്മദ്ബഷീര്‍ അതു മനസ്സിലാക്കി നിശ്ശബ്ദനായി വര്‍ത്തിച്ചു. പത്രക്കാരന്‍ കഥ ആവശ്യപ്പെടുമ്പോള്‍ ഒട്ടൊക്കെ ദീര്‍ഘങ്ങളായ കത്തുകളേ അദ്ദേഹം എഴുതിക്കൊടുത്തുള്ളൂ. അതായിരുന്നില്ല പി.കേശവദേവിന്റെ സ്ഥിതി. ഭേദപ്പെട്ട കൊച്ചു നോവലുകളും വായിക്കാന്‍ കൊള്ളാവുന്ന ചെറുകഥകളും ഒരു കാലത്ത് എഴുതിയ അദ്ദേഹം സാഹിത്യത്തിന്റെ പേരില്‍ വൈകൃതങ്ങള്‍ സൃഷ്ടിച്ചു. തങ്ങളുടെ ഉറവ വറ്റിയെന്നു സാഹിത്യകാരന്മാർ അറിയണം. അറിഞ്ഞില്ലെങ്കിൽ അവര്‍ ബീഭത്സത സൃഷ്ടിച്ചുകൊണ്ടിരിക്കും.

“ദൈവം തമ്പുരാന്‍ താമസിക്കുന്ന സ്വര്‍ഗ്ഗത്തും ലോഡ്ഷെഡ്ഡിങ്ങ് ഉണ്ടോ?” “അവിടെ എപ്പോഴും ലോഡ് ഷെഡ്ഡിങ്ങാണ്. ഒരു നിമിഷത്തേക്ക് അവിടത്തെ ഇലക്ട്രിസ്റ്റി ബോര്‍ഡ് വിദ്യുച്ഛക്തി നല്‍കും. അതാണ് മിന്നലായി നമ്മള്‍ കാണുന്നത്.”

മുകളില്‍പ്പറഞ്ഞതൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘അരുണയുടെ നിയത്തി’ എന്ന ചെറുകഥയെഴുതിയ ശ്രീമതി ഷൈല സി. ജോര്‍ജിനു ചേരുകയില്ല. കാരണം അവര്‍ ബീഭത്സത തന്നെ ആദ്യമേ സൃഷ്ടിച്ചിരിക്കുന്നു എന്നതാണ്. ഇംഗ്ലീഷില്‍ നോസ്റ്റാല്‍ജിയ എന്നും മലയാളത്തില്‍ ഭൂതകാലത്തെക്കുറിച്ചുള്ള തീവ്രസ്മരണയെന്നും പറയുന്ന മാനസിക നിലയെ ചിത്രീകരിക്കാനാണ് കഥാകാരിയുടെ യത്നം. അനിയത്തി ഭൂതകാലത്തേക്കു തിരിച്ചു പോകുന്നു. ചേച്ചിക്ക് അതിനു കഴിയുന്നില്ല. സഹോദരിമാര്‍ക്കു സാമാന്യമായുള്ള ഭൂതകാലത്തെ അനിയത്തി വീണ്ടെടുക്കുന്നതായും ചേച്ചി ദു:ഖിക്കുന്നതുമായുള്ള അനുഭൂതി ഉണ്ടാകേണ്ടതല്ലേ വായനക്കാരന്? കഥാരചനയിലുള്ള അവിദഗ്ധത കൊണ്ട് കഥാകാരിക്ക് അതിനു കഴിയുന്നില്ല. അന്യോന്യ ബന്ധമില്ലാത്ത, വൈകാരികത്വമില്ലാത്ത കുറെ വാക്യങ്ങള്‍ ഉപന്യാസത്തിന്റെ രൂപത്തില്‍ ശ്രീമതി എഴുതി വച്ചിരിക്കുന്നതു കൊണ്ടാണ് ഇതിനു ബീഭത്സത എന്ന പേരു ഞാന്‍ ഇട്ടത്.

എന്റെ മുത്തച്ഛന്‍ അയ്മനം കുട്ടന്‍പിള്ള (അയ്മനം അരുന്ധതീ റോയിയുടെ നോവലിലെ അയ്മനം തന്നെ) പേരുകേട്ട ഗുസ്തിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (എന്റെ അമ്മൂമ്മ) രണ്ടാമതു ഗര്‍ഭിണിയായിരുന്ന കാലത്ത് ഭര്‍ത്താവിനോടൊരുമിച്ചു ശയിച്ചു ഒരുദിവസം. അയ്മനം കുട്ടന്‍പിള്ള പഞ്ചാബുകാരനായ പരീതുഖാന്‍ എന്ന പ്രസിദ്ധനായ ഗുസ്തിക്കാരനു കൈ കൊടുത്തിരുന്ന കാലം. (പിന്നീട് നടക്കുന്ന ഗുസ്തിക്കു വേണ്ടിയുള്ള പൂര്‍വ്വകാലച്ചടങ്ങാണ് കൈകൊടുക്കല്‍) പരീതുഖാനെ കുട്ടന്‍പിള്ളയ്ക്കു പേടിയായിരുന്നു. ഗോദയില്‍ വന്നാല്‍ അയാള്‍ കാലുമടക്കി പ്രതിയോഗിയുടെ തുടയില്‍ ഒരടി അടിക്കും. അതോടെ പ്രതിയോഗി മുട്ടുകുത്തും. അങ്ങനെ വിചാരിച്ചു വിചാരിച്ചു കുട്ടന്‍പിള്ള ഉറങ്ങിപ്പോയതു കൊണ്ടാവാം കൂടെക്കിടന്ന ഭാര്യയെ പരീതുഖാനായി സങ്കല്പിച്ച് അദ്ദേഹം ഗുസ്തിക്കാരനെ പിടിക്കുന്നതുപോലെ കടന്നുപിടിച്ചു. ഗുസ്തി മുറകള്‍ കാണിച്ചു. ഭാര്യ നിലവിളിച്ചു. അവരുടെ നിലവിളി കേട്ട ബന്ധുക്കള്‍ക്കു മുറിയില്‍ ചെല്ലാന്‍ സാധിച്ചില്ല. സാക്ഷയിട്ടിരുന്നു ദമ്പതികളുടെ ശയനമുറിയുടെ വാതിലില്‍. കുട്ടന്‍പിള്ളയ്ക്കു ബോധം വന്നപ്പോള്‍ ലക്ഷ്മിക്കുടി ഗര്‍ഭമുടഞ്ഞു താഴെക്കിടക്കുന്നത് അദ്ദേഹം കണ്ടു. അടുത്ത ദിവസം അവര്‍ മരിച്ചു പോകുകയും ചെയ്തു.

സ്വീഡനിലെ നാടകകര്‍ത്താവായിരുന്ന സ്റ്റ്രിന്‍ഡ്ബര്‍ഗ്ഗ് രണ്ടാമത്തെ ഭാര്യയായ ഫ്രൈഡയുമായി ഉറങ്ങുകയായിരുന്നു. പെട്ടന്നു നാടകകര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊല്ലാനായി അവളുടെ കഴുത്തില്‍ പിടിയമര്‍ത്തി. പിടഞ്ഞ് ഒരു വിധത്തില്‍ രക്ഷ നേടിയ ഫ്രൈഡ എന്തിനു തന്നെ കൊല്ലാന്‍ പോയിയെന്നു സ്റ്റ്രിന്‍ഡ്ബര്‍ഗ്ഗിനോടു ചോദിച്ചു. അദ്ദേഹം ഉത്തരം പറഞ്ഞത് തനിക്ക് ആദ്യത്തെ ഭാര്യയോടു വെറുപ്പു ഉണ്ടായിരുന്നുവെന്നും അവളെ ഞെരിച്ചുകൊല്ലാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമാണ്. കൂടെക്കിടന്നതു ആദ്യഭാര്യയാണെന്നു വിചാരിച്ചാണ് ഞാന്‍ അവളുടെ കഴുത്തു ഞെരിച്ചതെന്നും സ്റ്റ്രിന്‍ഡ്ബര്‍ഗ്ഗ് പറഞ്ഞു. അയ്മനം കുട്ടന്‍പിള്ളയെപ്പോലെ സ്റ്റ്രിന്‍ഡ്ബര്‍ഗ്ഗിനെപ്പോലെ കഥാംഗനയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കരുതു കഥാകാരന്മാര്‍. സഹശയനം നടത്തിയെങ്കിലും സാരമില്ല.

മിന്‍ ലൂ ബര്‍മ്മയിലെ കവിയാണ്. 1990-ല്‍ അദ്ദേഹത്തിന് ഏഴു വര്‍ഷത്തെ തടവു വിധിച്ചു സര്‍ക്കാര്‍. 1922-ല്‍ അദ്ദേഹത്തെ അവര്‍ മോചിപ്പിച്ചു. പക്ഷേ മിന്‍ ലുവിന്റെ കൂട്ടുകാര്‍ ഇപ്പോഴും ജയിലിലാണ്. അദ്ദേഹത്തിന്റെ ഒരു കവിത:

ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല
ചെറിയ വയറിളക്കം ഭേദമാക്കാനയി
വയറു മുഴുവന്‍ കീറിപ്പിളര്‍ന്നതായി.
ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല
ചിതല്‍ ഒരു പുസ്തകം നശിപ്പിച്ചതുകൊണ്ട്
ഒരു ഗ്രന്ഥസഞ്ചയം മുഴുവന്‍ കത്തിച്ചു കളഞ്ഞതായി.
ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല
മധുര പലഹാരങ്ങള്‍ക്കു വേണ്ടി കരഞ്ഞ കുട്ടിയെ
ശാസിക്കാനായി

അവനെ കുത്തി മലര്‍ത്തിയതായി.
ഞാനൊരിക്കലും കേട്ടിട്ടില്ല
രാജരഥ്യയെസ്സംബന്ധിച്ച നിയമങ്ങളെ
ചെറിയതോതില്‍ ലംഘിച്ചവര്‍ക്ക്
മരണശിക്ഷ വിധിച്ചതായി.
പക്ഷേ ഞാന്‍ കേട്ടിട്ടുണ്ട്
ഒരേയൊരു ദിവസം
ധര്‍മ്മരോഷം പ്രകടിപ്പിച്ച ഒരു ചെറിയ കുറ്റത്തിനായി
ജീവിതകാലമത്രയും നാടുകടത്തല്‍
എന്ന നിന്ദ്യമായ ശിക്ഷ നല്‍കപ്പെട്ടതായി.”

(Index 5/97-Banned Poetry)

സ്ഥിരതയാര്‍ന്ന ദൂരം

ഞാന്‍ പണ്ടു ‘മലയാളനാട്” വാരികയിലെഴുതിയതാണ് ഇപ്പോള്‍ ആവര്‍ത്തിച്ചു എഴുതാന്‍ പോകുന്നത്; അതു വായിച്ചവരുടെ സദയാനുമതിയോടെ. തിരുവല്ലയില്‍ നിന്ന് ബസ്സില്‍ കയറി തിരുവനന്തപുരത്ത് അര്‍ദ്ധരാത്രിയോടെയാണ് ഞാന്‍ വന്നെത്തിയത്. ബസ്സ് വഴിക്കുവച്ചു കേടായിപ്പോയി. വിദ്യാര്‍ത്ഥിയായിരുന്ന എന്റെ കൈയില്‍ ഹോസ്റ്റലില്‍ കൊടുക്കാനും മറ്റും വീട്ടുകാര്‍ തന്ന വലിയ ഒരു സംഖ്യ. തിരുവനന്തപുരത്തെ ചെട്ടികുളങ്ങര അമ്പലത്തിനടുത്ത് ഞാന്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ എന്നെ അനുഗമിക്കുന്നതായി കണ്ടു. ഞാന്‍ വേഗം നടന്നാല്‍ അവരും വേഗം നടക്കും. പതുക്കെയാണ് എന്റെ നടത്തമെങ്കില്‍ അവരുടെയും നടത്തം പതുക്കെത്തന്നെ. ഞാനും അവരും തമ്മിലുള്ള ദൂരം എപ്പോഴും സ്ഥിരം. എന്നെക്കൊന്നു പണം അപഹരിക്കാനുള്ള യത്നമായിരുന്നു അവരുടേത്. സൗകര്യമുള്ള സ്ഥലത്തെത്തുമ്പോള്‍ അവര്‍ ഓടി വന്ന് എന്റെ കഴുത്തു ഞെരിക്കും കൊന്ന് അടുത്തുള്ള റെയില്‍പ്പാളത്തില്‍ എറിയും. ഞാന്‍ പേടിച്ചു വിറച്ച് നടക്കുകയായിരുന്നു. അപ്പോള്‍ ഒരു സൈഡ് ലെയ്നില്‍ നിന്ന് അക്കാലത്തെ ചട്ടമ്പിയും എന്റെ ഒരകന്ന ബന്ധുവുമായ പ്രാവ് തങ്കപ്പന്‍ മെയ്ന്‍ റോഡിലേക്കുവന്നു. ‘അല്ല, ഈ രാത്രിയില്‍ നീ എവിടെപ്പോകുന്നു’ എന്ന് തങ്കപ്പന്‍ ചോദിച്ചയുടനെ പിറകെ വന്ന രണ്ടുപേരും ഓടിക്കളഞ്ഞു. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു.

“കഥാംഗനയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കരുതു കഥാകാരന്മാര്‍. സഹശയനം നടത്തിയെങ്കിലും സാരമില്ല.”

ശ്രീ. ഇലിപ്പക്കുളം രവീന്ദ്രന്റെ ‘ഭൂമിയില്‍ ഒരിടം’ എന്ന കഥ വായിച്ചപ്പോള്‍ (ദേശാഭിമാനി വാരിക) ഞാന്‍ ഈ യഥാര്‍ത്ഥ സംഭവം ഓര്‍മ്മിച്ചു. വീണ്ടും എഴുതുകയും ചെയ്തു. കഥയുടെ വിഷയം ഭയന്നു നടക്കുന്നു. പിറകെ കുറെ ദൂരത്തായി കഥാകാരന്‍ നടക്കുന്നു. രണ്ടും മല്പിടുത്തത്തില്‍ എത്തുന്നില്ല. പ്രാവ് തങ്കപ്പന്റെ സഹായമില്ലാത്തതിനാല്‍ രണ്ടും തമ്മിലുള്ള ദൂരത്തില്‍ ഒരു സെന്റീമീറ്റര്‍ പോലും വ്യത്യാസമില്ലാതെ അനവരതം നടത്തം നിര്‍വഹിക്കപ്പെടുന്നു. ബസ്സപകടത്തില്‍പെട്ടു ചിതറിപ്പോയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അമ്മമാരുടെ ദു:ഖമാണ് കഥയുടെ വിഷയം. പക്ഷേ കഥാകാരന് വാക്കുകള്‍ കൊണ്ട് ആ അവസ്ഥാവിശേഷത്തെ. അമ്മമാരുടെ ദു:ഖാധിക്യത്തെ സാക്ഷാത്കരിക്കാനാവുന്നില്ല. താന്‍ വര്‍ണ്ണിക്കുന്ന വിഷയത്തില്‍ കഥാകാരന്‍ ആമജ്ജനം ചെയ്യണം. അതിനെ ഭാവന കൊണ്ടു വികസിപ്പിക്കണം. അതിനൊന്നും രവീന്ദ്രനു കഴിയുന്നില്ല. അദ്ദേഹം നാട്യത്തോടെ, ദുര്‍ഗ്രഹതയോടെ ചില വാക്യങ്ങള്‍ എഴുതി വയ്ക്കുന്നു. ഒരു വാക്യമിതാ:

‘അഗ്നിപര്‍വ്വതം. ഏതു നേരവും പൊട്ടി ഒലിക്കാവുന്ന ഒന്ന് നെഞ്ചിലേറ്റി ആനി മാത്യൂ പേടിപ്പെടുത്തിയ ഏതോ ദു:സ്വപ്നത്തില്‍ നിന്ന് ബോധതലത്തിലേക്കു പിഴുതെറിയപ്പെട്ടതിന്റെ സന്ദിഗ്ദ്ധാവസ്ഥയില്‍ പുകഞ്ഞുനീറി’ വായനക്കാര്‍ക്ക് എന്തു മനസ്സിലായി? എനിക്കൊന്നും ഇതില്‍ നിന്നും ഗ്രഹിക്കാനായില്ല. ഇത്തരം ‘ഹാക് വര്‍ക്കുകള്‍’-hackwork-(ക്ഷുദ്രസൃഷ്ടികള്‍) കുറച്ചൊന്നുമല്ല മലയാളസാഹിത്യത്തെ അധ:പതിപ്പിച്ചത്. അധ:പതിപ്പിച്ചതുകൊണ്ടിരിക്കുന്നത്.

ഉള്ളൂര്‍

ഞാന്‍ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ പ്രഭാഷണങ്ങള്‍ ഏറെ കേട്ടിട്ടുണ്ട്. ഒരുതരം കനത്ത ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം കാതുകള്‍ക്ക് ഇമ്പം നല്‍കുകയില്ലെങ്കിലും കേള്‍ക്കുന്നവന്റെ പ്രജ്ഞയ്ക്കു സംതൃപ്തിയരുളും. ഒരിക്കല്‍ തിരുവനന്തപുരത്തെ ടൗണ്‍ഹാളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു. സ്വാഗതമാശംസിച്ച എന്റെ ഒരു സ്നേഹിതന്‍ മഹാകവി പഴഞ്ചനാനെന്ന മട്ടില്‍ എന്തോ സൂചിപ്പിച്ചു. അദ്ദേഹം അതുകേട്ടു ചിരിച്ചുകൊണ്ടിരുന്നതേയുള്ളൂ. സ്വാഗത പ്രഭാഷണത്തിനു ശേഷം ഉള്ളുര്‍ എഴുന്നേറ്റ് പ്രസംഗം തുടങ്ങി. ‘ഞാനത്ര പഴഞ്ചനാണോ? സമകാലിക യൂറോപ്യന്‍ സാഹിത്യത്തിലെ ചില കൃതികളൊക്കെ ഞനും വായിച്ചിട്ടുണ്ട് എന്ന് ആമുഖമായി പറഞ്ഞിട്ട് അദ്ദേഹം ബെല്‍ജിയന്‍ നാടകകര്‍ത്താവ് നതേര്‍ലങ്ങിന്റെ (മറ്റേര്‍ലീങ്കിന്റെ) ഉത്കൃഷ്ടങ്ങളായ ചില നാടകങ്ങളെ ചിന്തോദ്ദീപകമായി നിരൂപണം ചെയ്തു. അക്കാലത്ത് ചങ്ങമ്പുഴയ്ക്കോ എസ്. ഗുപ്തന്‍നായര്‍ക്കോ എന്‍. കൃഷ്ണന്‍പിള്ളയ്ക്കോ മാത്രം അറിയാമായിരുന്ന മതേര്‍ലങ്ങിന്റെ നാടകങ്ങളെക്കൂറിച്ച് ഉള്ളൂര്‍ പ്രസംഗിച്ചപ്പോള്‍ ആ ബല്‍ജിയന്‍ നാടകകര്‍ത്താവിന്റെ പേരുമാത്രം കേട്ടിട്ടുള്ള ഞാന്‍ അദ്ഭുതത്തിന് അധീനനായി. മതേര്‍ലങ്ങിനെക്കൊണ്ടുമാത്രം ഉള്ളൂര്‍ അവസാനിപ്പിച്ചില്ല. പിറാന്തെല്ലൊയുടെ നാടകങ്ങളെക്കുറിച്ചും അദ്ദേഹം വിമര്‍ശനപരമായി പലതും പറഞ്ഞു. ഉള്ളൂര്‍ പഴഞ്ചനല്ല, പുരോഗമികളില്‍ പുരോഗമിയായിരുന്നുവെന്ന് ഞാനങ്ങനെ മനസ്സിലാക്കി. ‘ഗിരിജാ കല്യാണ’ത്തിന്റെ കര്‍ത്താവ് ഉണ്ണായിവാരിയരാണോ, ‘ഉണ്ണൂനീലിസന്ദേശ’ത്തിന്റെ രചനാകാലമേത് ഈ വിഷയങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന ഒരു യാഥാസ്ഥിതിക പണ്ഡിതനാണ് ഉള്ളൂരെന്ന എന്റെ സങ്കല്പം മിഥ്യാസങ്കല്പങ്ങളാണെന്ന് ഞാനങ്ങനെ അറിഞ്ഞു.