close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 05 30


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 05 30
ലക്കം 790
മുൻലക്കം 1997 05 23
പിൻലക്കം 1997 06 06
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“വിവേകത്തിന്റെ പരകോടിയില്‍ എത്തിയവര്‍ സ്വന്തം മാര്‍ഗ്ഗദര്‍ശനമനുസരിച്ച് മുന്നോട്ടുപോകുന്നു. മാര്‍ഗ്ഗം കാണിച്ചുതരാന്‍ വരുന്ന പ്രവാചകന്‍ പറയുന്നതൊന്നും അയാള്‍ കേള്‍ക്കുന്നില്ല. മണ്ടന്മാര്‍ മാത്രമേ സ്വകീയമായ വിധിനിര്‍ണ്ണയത്തെ നിരാകരിച്ച് പ്രവചനങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ സന്നദ്ധരാവൂ.. അങ്ങനെയുള്ളവര്‍ വിഷാദത്തിലെത്തുമെന്ന് അറിവുള്ളവര്‍ക്ക് അറിയാം. ‘മഹാനായ ഗ്രീക്ക് ട്രാജിക്ക് നാടകകര്‍ത്താവ് യൂറിപഡീസ് (Euripides) 484 BC–406 BC) പറഞ്ഞതാണിത്. ഈ പ്രസ്താവത്തിന്റെ വിവൃതിയോ വ്യാഖ്യാനമോ വിപുലീകരണമോ ആണ് ആന്തണി സ്റ്റൊറിന്റെ (Anthony Storr, b 1920) ‘Feet of Clay ‘A Study of Gurus’ എന്ന പുസ്തകം ഇംഗ്ലീഷ് പദമായ ‘ഫാസിനേറ്റിങ്ങ്’ എന്നതുകൊണ്ട് അതിനെ വിശേഷിപ്പിക്കാം.

1978 നവംബര്‍ 18-ആണ് ഗീയാനയിലെ ജേംസ് ടൗണില്‍ 900 ആളുകള്‍ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. അവരില്‍ 250 പേര്‍ കുഞ്ഞുങ്ങളായിരുന്നു. സൈനയിഡ് കഴിച്ച് ആത്മഹനനം നടത്തിയവരാകും അവര്‍. അല്ലെങ്കില്‍ ബലാല്‍ക്കാരമായി അതു കുത്തിവച്ച് അവരെ കൊന്നതാകാം. People’s Temple എന്ന സംഘത്തിന്റെ നേതാവായ ജിം ജോണ്‍സാണ് ഈ കൂട്ടക്കൊലപാ­തകത്തിന്റെ ഉത്തരവാദി. 1993 ഏപ്രില്‍ 19-ന് 22 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 86 പേര്‍ റ്റെക്സാസില്‍ തീ കൊളുത്തി മരണം വരിച്ചു. ഡേവിഡ് കൊറേഷ് എന്ന ഭയങ്കരന്റെ ആജ്ഞയനുസരിച്ചാണ് ഈ വധമൊക്കെ നടന്നത്. ജിം ജോണ്‍സും ഡേവിഡ് കൊറേഷും തലയില്‍ ഏല്‍പ്പിച്ച വെടിയുണ്ടയാല്‍ മരിച്ചു. രണ്ടുപേരും ശിഷ്യരുടെ ദൃഷ്ടിയില്‍ ഗുരുക്കന്മാരായിരുന്നു. ഈ ഗുരുക്കന്മാര്‍ ചെറിയ അളവില്‍ കുപ്രസിദ്ധരായ ഏകശാസനാധി­പതികളെപ്പോലെ­യായിരുന്നു. ഇരുപതാം ശതാബ്ദത്തിലെ കുപ്രസിദ്ധരായ ഡിക്ട്റ്റേറ്റര്‍മാ­രായിരുന്നു ഹിറ്റ്ലര്‍, മുസ്സോളിനി, സ്റ്റാലിന്‍, ചൗഷഷ്കൂ (Ceausescu) മൗസേദൂങ്ങ് ഇവര്‍. അവര്‍ വിവാഹം കഴിച്ചു കുടുംബം പുലര്‍ത്തും. പക്ഷേ അവരുടെ ജീവിതത്തില്‍ യഥാര്‍ത്ഥമായ സ്നേഹത്തിനു സ്ഥാനമുണ്ടായിരുന്നില്ല. ഭ്രാന്തോളമെത്തുന്ന സംശയം അവര്‍ക്കു സ്നേഹിതന്മാരെക്കുറിച്ചുപോലും ഉണ്ടായിരിക്കും. ചാരന്മാര്‍, രഹസ്യപ്പൊലീസ് ഇവരെക്കൊണ്ടാണ് അവര്‍ ഭരണം നടത്തുക. സ്വന്തം സ്ഥാനത്തിനു ഭംഗം സംഭവിക്കുമെന്നു സംശയം തോന്നിയാല്‍ മതി, അവര്‍ മറ്റൂള്ളവരെ നാടുകടത്തും തടവറകളിലാക്കും, പീഡിപ്പിക്കും. നിഗ്രഹിക്കും, പലപ്പോഴും അപരാധം ചെയ്യാത്തവരായിരിക്കും. ഇവയ്ക്കെല്ലാം വിധേയരാവുക, അടുത്ത്നിന്ന് നിര്‍വ്യാജമായി സ്നേഹിക്കുന്ന­വരെപ്പോലും ഏകശാസ­നാധിപതികള്‍ കൊന്നുകളയും. സ്റ്റാലിനും മൗസേദുങ്ങും ഇങ്ങനെ ഏറെപ്പേരെ നിഗ്രഹിച്ചു. ഹിറ്റ്ലറെ നിര്‍വ്യാജം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത റോയ്മിനെ (Ernst Rohm) അയാള്‍ വിചാരണപോലും നടത്താതെ വധിച്ചു. ഗുരുക്കന്മാര്‍ ഈ ഏകശാസനാ­ധിപതികളുടെ ഹ്രസ്വാകാരമാര്‍ന്ന­വരാണെന്നു സ്റ്റൊര്‍ സ്ഥാപിക്കുന്നു. ഗുരുക്കന്മാര്‍ക്ക് സ്നേഹിതന്മാരില്ല. അധികാരം പ്രയോഗിക്കുന്നു അവര്‍. സംശയത്തിന് അധീനന്മാരാണ് ഗുരുക്കന്മാര്‍. ശിഷ്യരുടെ, അനുയായികളുടെ മുഖസ്തുതിയിലാണ് ഇക്കൂട്ടര്‍ ജീവിക്കുക. ഇമ്മട്ടിലുള്ള രണ്ടു ഗുരുക്കന്മാ­രായിരുന്നു ജോണ്‍സും, കൊറേഷും. റഷ്യയിലെ ഗൂര്‍ദ്ജിഫ്, പൂനയിലെ ഭഗവാന്‍ രജനീഷ്, ഓസ്റ്റ്രിയയിലെ സെറ്റ്നര്‍ ഇവര്‍ ഏകശാസനാ­ധിപതികള്‍ക്കു തുല്യരായ ഗുരുക്കന്മാ­രായിരുന്നു. ഗുര്‍ദ്ജീഫിനു സെക്സിനു പുറമേ അന്യരില്‍ നിന്ന് പണം പിടുങ്ങലുമുണ്ടായിരുന്നു. ഭഗവാന്‍ രജനീഷിനെക്കുറിച്ച് സ്റ്റൊര്‍ പറയുന്നത് ഇവിടെ എടുത്തെഴുതാന്‍ എനിക്കു ധൈര്യമില്ല. അതുകൊണ്ടു പുസ്തകത്തിന്റെ 56-ആം പുറം നോക്കാനേ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുള്ളു. യുങ്ങ്, ഫ്രായിറ്റ് ഇവരുടെ ആചാര്യപദവിയെ മൃദുലപദങ്ങള്‍ കൊണ്ടു വിശേഷിപ്പിച്ചതിനു ശേഷം ഭാരതീയ തത്വചിന്ത­യെക്കുറിച്ച് പാരായണ യോഗ്യമായ ഏറെ പുസ്തകങ്ങള്‍ എഴുതിയ പോള്‍ ബ്രന്റിലേക്കു ഗ്രന്ഥകാരന്‍ ചെല്ലുന്നു. ശിഷ്യന്മാര്‍ക്കു സെക്സ് പാടില്ലെന്ന് അനവരതം ഉദ്ബോധിപ്പിച്ച ബ്രന്റന്‍ നാലുതവണ വിവാഹം കഴിച്ചു. രണ്ടുതവണ സുന്ദരിയായ ഒരു സ്ത്രീയെത്തന്നെ. ഒരു മകനെ ജനിപ്പിക്കുകയും ചെയ്തു ആചാര്യന്‍. ഏകാശാസനാധിപതികളെപ്പോലെ അയാള്‍ വിചാരിച്ചു ശത്രുക്കള്‍ തന്നെ വലയം ചെയ്തിരിക്കുന്നുവെന്ന്. പോള്‍ ബ്രന്റന്റെ കള്ളത്തരം വിശദീകരിച്ചതിനുശേഷം സ്റ്റൊര്‍ വരുന്നത് ഭാരതത്തിലെ സുന്ദരിയായ മീരാ മാതാവിലേക്കാണ്.

“വികാരവിചാരങ്ങളെ അന്യര്‍ക്കു പകര്‍ന്നു കൊടുക്കാത്തതു കലയല്ല, സാഹിത്യമല്ല, സാമാന്യപ്രവാഹത്തില്‍ നിന്ന് അകന്നു ദുര്‍ഗ്രഹമായ കലയും സാഹിത്യവും സൃഷ്ടിക്കുന്നവര്‍ യുക്തിരഹിതമായ ഘടന ഉണ്ടാക്കുന്നവരാണ്. അവര്‍ ഗുരുക്കന്മാരെപ്പോലെ പാരനോനിയെ പിടിച്ചവരാണ്.

മനോരോഗ ചികിത്സാവിദഗ്ധര്‍ paranoia (പാരനോയിയെ) എന്നു വിശേഷിപ്പിക്കുന്ന മാനസിക­രോഗത്തിന്റെ സവിശേഷത അതു പിടിപെട്ടവര്‍ മറ്റുള്ളവരെ രോഗാര്‍ത്തമായി സംശയിക്കുന്നു എന്നതാണ്. അംഗീകരിക്കപ്പെട്ട ശാസ്ത്രീയാഭിപ്രായത്തെ പാടേ ഉപേക്ഷിച്ചു സ്വകീയമായ ഒരു പ്രപഞ്ചഘടനാശാസ്ത്രം ഉണ്ടാക്കുന്നവരാണ് ഈ രോഗമുള്ളവര്‍. അക്കൂട്ടത്തില്‍പ്പെടുന്നു ഗുര്‍ദ്ജീഫും സ്റ്റെനറും മറ്റ് ആചാര്യന്മാരും.

ന്യൂട്ടനും ഐന്‍സ്റ്റെനും ഇവരപ്പോലെ സ്വന്തമായ പ്രപഞ്ചഘടന ഉണ്ടാക്കിയവരല്ലേ എന്നു ചോദിക്കുന്ന­വരുണ്ടാകാം. ശരി തന്നെ. പക്ഷേ സാമാന്യ സങ്കല്പങ്ങളെ (Concepts) കൂട്ടിയിണക്കി ഗണിതശാ­സ്ത്രപരമായി അവ സത്യമാണെന്നു തെളിയിച്ചവരാണ് അവര്‍. ആചാര്യന്മാര്‍ക്ക് അതിനു കഴിവില്ല.

കലയെക്കുറിച്ചും സ്റ്റൊറിന് വിദ്വജ്ജനോ­ചിതമായി പലതും പറയാനുണ്ട്. മനുഷ്യത്വ­ത്തിന്റെ സാമാന്യമായ തന്ത്രിയില്‍ സ്പര്‍ശിക്കു­മ്പോഴാണ് കല ആ പേരിന് അര്‍ഹമാകുന്നത്. ഇന്നത്തെ കല, സാഹിത്യം പ്രധാനപ്പെട്ട പ്രവാഹത്തില്‍ നിന്ന് കര്‍ത്തൃനിഷ്ഠതയാല്‍ മാറി നില്‍ക്കുന്നു. അതിനാല്‍ ഒരു ന്യൂനപക്ഷത്തെ മാത്രമേ സ്പര്‍ശിക്കുന്നുള്ളൂ. വികാരവി­ചാരങ്ങളെ അന്യര്‍ക്കു പകര്‍ന്നു കൊടുക്കാത്തതു കലയല്ല, സാഹിത്യമല്ല. സാമാന്യ­പ്രവാഹത്തില്‍ നിന്ന് അകന്ന് ദുർഗ്രഹമായ കലയും സാഹിത്യവും സൃഷ്ടിക്കുന്നവർ യുക്തിരഹിതമായ ഘടന ഉണ്ടാക്കുന്നവരാണ്. അവര്‍ ഗുരുക്കന്മാരെപ്പോലെ പാരനോയിയെ പിടിച്ചവരാണ്.

ഇപ്പുസ്തകം വായിച്ചുകഴിയുമ്പോള്‍ യൂറിപഡീസ് പറഞ്ഞത് സത്യമാണെന്നു നമുക്കുതോന്നും. വിശ്വാസികളുടെ അന്ധമായ ആരാധനത്തിന്റെ അടിത്തറ ഇളകും (Feet of Clary — A Study of Gurus, Anthony Storr, Harpor Collin, Pages 254).

ചോദ്യം,ഉത്തരം

Symbol question.svg.png ഇന്നത്തെ നിരൂപണത്തിന്റെ ദോഷമെന്ത്? ദോഷമുണ്ടെങ്കില്‍?

ആരും സത്യം പറയുന്നില്ല എന്നതാണ് ദോഷം. പികാസോയുടെ ‘ഗര്‍നീകാ’ എന്ന ചിത്രം എനിക്ക് ആസ്വദിക്കാന്‍ വയ്യ. പക്ഷേ ഭീരുവായ ഞാന്‍ അത് പുറത്തു പറയുകയില്ല. അന്യരോട് ഇതിനെക്കാള്‍ ഉജ്ജ്വലമായ ചിത്രം ഏതുണ്ട് എന്നു ചോദിക്കും. മാറത്തെ ’ഹെമിസ്ഫിയര്‍’ കാണിക്കുന്ന ഒരുത്തിയുടെ ചിത്രമുണ്ട് രവിവര്‍മ്മയുടേതായി. യുവാവാണു ഞാനെന്നു കരുതൂ. ഞാന്‍ അതുനോക്കി രസിച്ചിട്ട് എന്തൊരശ്ലീല ചിത്രം എന്നു മറ്റുള്ളവര്‍ കേള്‍ക്കാനായി പറയും. ഈ ഹിപൊക്രസിയാണ് നിരൂപണത്തില്‍.

Symbol question.svg.png സ്ത്രീകള്‍ സാരിയുടെ നിറത്തിനു യോജിക്കുന്ന ബ്ലൗസ്. അതേ നിറത്തിലുള്ള വളകള്‍. കമ്മലുകള്‍ ഇവ ധരിച്ചു പ്രദര്‍ശനവസ്തുക്കളായി പോകുന്നതു ശരിയോ?

വളരെ ശരി. ചുവന്ന സാരിയും ചുവന്ന ബ്ലൗസും ചുവന്ന കല്ലുകളുള്ള ആഭരണങ്ങളും ധരിക്കുന്ന സ്ത്രീ ഭര്‍ത്താവിനെക്കൂടി ചുവന്ന ബനിയന്‍, ചുവന്ന ഷേര്‍ട്ട്, ചുവന്ന ട്രൗസേഴ്സ് ഇവ ധരിപ്പിച്ചു കൂടെ കൊണ്ടുപോകുന്നതു ഏറ്റവും ഉത്തമം. അയാളുടെ വാച്ചിന്റെ ഡയലും ചുവന്നിരിക്കണം.

Symbol question.svg.png നമ്മുടെ വ്യവസായ മണ്ഡലം എങ്ങനെ?

തികച്ചും അപരിഷ്കൃതം. നിങ്ങള്‍ ഫൗണ്ടന്‍ പേനയിലൊഴിക്കാന്‍ മഷി വാങ്ങിക്കൊണ്ടുവരുന്നു. മഷിക്കുപ്പിയുടെ അടപ്പ് തുറക്കാന്‍ പറ്റുമോ? കത്തികൊണ്ട് അടപ്പിന്റെ താഴത്തെ ഭാഗം മുറിക്കണം. അതു ചെയ്യുമ്പോള്‍ മഷി ഉടുത്ത വസ്ത്രങ്ങളിലെല്ലാം വീഴും. റബര്‍ അടപ്പിട്ട് ലോഹത്തകിടുകൊണ്ടു പൊതിഞ്ഞ മരുന്നുകുപ്പി. ആ ലോഹത്തകിട് വിരല്‍ മുറിയാതെ നിങ്ങള്‍ക്കു പൊളീച്ചുമാറ്റാന്‍ കഴിയുമോ? ഷേവ് ചെയ്യുമ്പോള്‍ കണ്ണീര്‍ വരുത്തുന്ന ബ്ലെയ്ഡല്ലാതെ വേറെ എന്തുണ്ട് ഈ രാജ്യത്തില്‍?

Symbol question.svg.png ഇവിടെ സാഹിത്യമൊന്നുമില്ല. എല്ലാം അങ്ങ് അങ്ങ് ദൂരെയാണ് എന്നു പറയുന്ന നിങ്ങള്‍ ഏഭ്യനല്ലേ?

ഞാന്‍ ഏഭ്യനായിരിക്കാം. പക്ഷെ ഇവിടെയൊന്നുമില്ല എന്നു ഞാന്‍ പറയാറില്ല.

Symbol question.svg.png ഐശ്വരറോയി നടക്കുന്നതുകണ്ടാല്‍ എന്തുതോന്നും?

എന്റെ തോന്നലാണോ? എങ്കില്‍ എനിക്കൊന്നും തോന്നുകില്ല. നിങ്ങള്‍ ചെറുപ്പക്കാരാണെങ്കില്‍ പനിനീര്‍പ്പൂവിന്റെ ഇതളുകള്‍ പച്ചപ്പൂല്‍ത്തകിടിയില്‍ പതുക്കെ വന്നു വീഴുന്നതുപോലെ തോന്നും.

Symbol question.svg.png ഞാന്‍ ഓടണോ ചാടണോ ഗുസ്തി പിടിക്കണോ നൃത്തം ചെയ്യണോ?

നൃത്തം ചെയ്യുന്നതൊഴിച്ച് എന്തുവേണമെങ്കിലും ആയിക്കൊള്ളൂ. പുരുഷന്റെ ഡാന്‍സ് എനിക്കു സഹിക്കാനാവില്ല. നൃത്തം സ്ത്രീക്കു മാത്രമുള്ളതാണ്.

Symbol question.svg.png ആധ്യാത്മികത്വത്തില്‍ ഔന്നത്യം പ്രാപിക്കുന്തോറും മനുഷ്യന്‍ കഠിനഹൃദയനാവുന്നതെന്തുകൊണ്ട്?

ആധ്യാത്മികത്വത്തിന്റെ അധിത്യകയില്‍ ചെല്ലാന്‍ യത്നിക്കുന്നവര്‍ക്ക് വ്യക്തിക്കെളെക്കുറിച്ചു ചിന്തയില്ല. ആ വ്യക്തികളോടു ദയയോ സ്നേഹമോ ഇല്ലാത്തത് അവര്‍ക്ക് അധ്യാത്മികത്വം എന്ന ഒറ്റച്ചിന്തയേ ഉള്ളൂ എന്നതിനാലാണ്. അതുപോലെ സമുദായം നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വ്യക്തികളെക്കുറിച്ചു പരിഗണനയില്ല. ഒരു വ്യക്തിയുടെ ദുരന്താനുഭവും അവരെ സ്പര്‍ശിക്കില്ല.

വ്യാജകല

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയ്ക്കു പോകുന്ന വഴിയില്‍ ഒരു ഭക്ഷണശാലയുണ്ട്. അവിടെ ചെന്നു കയറുന്നവര്‍ക്ക് ഇരിക്കാന്‍വേണ്ടി മുട്ടത്തോടിന്റെ പകുതി കമഴ്ത്തി വച്ചതുപോലെ ചില കുടിലുകള്‍. കയറിയിരുന്നാല്‍ സാധാരണമായ ഭക്ഷണം. മീന്‍ വേണ്ടവര്‍ക്ക് അപ്പോള്‍ത്തന്നെ പിടിച്ചെടുത്ത കരിമീനും മറ്റും പൊരിച്ചു കൊടുക്കും. മനുഷ്യസ്നേഹം കൊണ്ടു കമ്മ്യൂണിസ്റ്റായ ഒരാളായിരുന്നു അതിന്റെ സ്ഥാപകന്‍. അദ്ദേഹം സാധാരണ മനുഷ്യന് പ്രധാന്യം നല്‍കിയതുകൊണ്ട് അയാള്‍ക്കു യോജിച്ച കുടിലുകള്‍. എന്നാല്‍ സാമ്പദികമായി ഔന്നിത്യം പ്രാപിച്ചവര്‍ക്കു ഭക്ഷണം കഴിക്കാനും പാര്‍ക്കാനും വേണ്ടി പല നിലകളുള്ള ഹോട്ടലുകള്‍ (ഇംഗ്ലീഷ് ഉച്ചാരണം ഇതല്ല) എറണാകുളം പട്ടണത്തില്‍ നടത്തുന്നു. കഴിക്കാന്‍ തരുന്ന സാധനങ്ങള്‍ക്ക് ഭീതിദമായ വില. ഒരിഡ്ഡലിക്ക് ഇരുപത്തഞ്ചു രൂപ. ഒരു കപ്പ് കാപ്പിക്ക് മുപ്പത്തഞ്ചു രൂപ. ഞാന്‍ ഒരു ദിവസം അവിടെ താമസിച്ചു. പ്രാതല്‍ കഴിഞ്ഞപ്പോള്‍ മുന്നൂറ്റി ഇരുപത്തഞ്ച് രൂപ. ആറാമത്തെ നിലയില്‍ നിന്നു താഴെ വരാന്‍ ലിഫ്റ്റ് ഉപയോഗിക്കാതെ കോണിപ്പടികളിറങ്ങി വന്ന എനിക്കു സ്ഥലഭ്രമമുണ്ടായി. രാവണന്‍ കോട്ടയില്‍ അകപ്പെട്ടു കറങ്ങുന്ന പ്രതീതി. പേടിച്ച ഞാന്‍ അവിടത്തെ ജോലിക്കാരിയായ ഒരു പെണ്‍കുട്ടിയോടു വഴികാണിച്ചു തരണമെന്ന് അപേക്ഷിച്ചു. കുറ്റം പറയാനൊന്നുമില്ല. എന്നെപ്പോലുള്ളവരെ കരുതിയല്ല ഹോട്ടല്‍ നിര്‍മ്മിച്ചത്. ദിവസവും ലക്ഷം രൂപയെങ്കിലും വരവുള്ളവര്‍ക്കു വേണ്ടിയുള്ളതാണ് ആ ഹോട്ടല്‍. ചെറിയ ആളുകള്‍ക്ക് ചെറിയ കുടില്‍ പോലെയുള്ള ഭക്ഷണസ്ഥലം കോടീശ്വരന്മാര്‍ക്കു നക്ഷത്ര ഹോട്ടലുകള്‍.

മനുഷ്യത്വത്തില്‍ ഊന്നിയ കഥകള്‍ എഴുതുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ആ രചനകള്‍ക്കു ചെറിയ സ്റ്റ്രക്ച്ചര്‍. അദ്ദേഹം ‘കയര്‍’ എന്ന വലിയ നോവലെഴുതിയാലും കൊച്ചുകൊച്ചു സ്റ്റ്രക്ചറുകളുടെ സമാഹാരമായിരിക്കുമത്. എന്നാല്‍ വിഷയ ഗംഭീര്യത്തിന് അനുരൂപമായ ബൃഹത്തായ ഘടനയാണ് സി.വി. രാമന്‍പിള്ളയുടെ ‘രാമരാജാബഹദൂറി’നുള്ളത്. ക്നൂട്ട് ഹാം സൂങ്ങിന്റെ വിക്റ്റോറിയ എന്നതു കൊച്ചു പ്രേമകഥ. അതിന്റെ ഘടനയും ചെറുത്. ‘അന്നകരേനീനാ’യിലേത് വലിയ പ്രേമകഥ. ഘടന അതിന് അനൂരൂപമായ വിധത്തില്‍ ബൃഹദാകാരമാര്‍ജ്ജിച്ചിരിക്കുന്നു.

“നമ്മുടെ കവികള്‍ ഇന്നു സഭാവേദിയില്‍ നിന്നു സ്വന്തം കവിത ചൊല്ലിയാല്‍ നമ്മളിലാരാണ് ആ കവിയുടെ കാലുതൊട്ടു കണ്ണില്‍ വയ്ക്കുന്നത്? അതു ചെയ്യുന്നില്ലെന്നു മാത്രമല്ല ഹോളില്‍ നിന്ന് എങ്ങെനെ രക്ഷനേടാം എന്ന് നമ്മള്‍ ആലോചിക്കുകയും ചെയ്യും.”


തിരുവനന്തപുരത്ത് ഇന്ന് കോര്‍പൊറെയ്ഷനാണ്. മുന്‍പ് മുന്‍സിപ്പാലിറ്റിയായിരുന്നു. അക്കാലത്ത് കാളകള്‍ വലിക്കുന്ന ചക്കടാ വണ്ടി റോഡിലൂടെ വരും. (സംകൃതത്തിലെ ശകടമാണ് ചക്കടയായത്. അല്ലാതെ കുതിരയെ ജട്ക വണ്ടിയിലെ ജട്ക പദത്തിന് മെറ്റത്തസീസ് — വര്‍ണ്ണവിപര്യാസം — വന്ന് ചക്കടയായതല്ല. തിരുവനന്തപുരത്തെ ഒരു ക്രിമിനല്‍ വക്കീലാണ് ഈ ഫൂളിഷ്നെസ് പറഞ്ഞത്) വണ്ടി അങ്ങിങ്ങായി നില്‍ക്കും. റോഡിന്റെ വശത്തു കൂട്ടിവച്ച നാറുന്ന ചവര്‍ ഒരുത്തന്‍ ലോഹനിര്‍മ്മിതമായ കോരികകൊണ്ടു കോരി കുട്ടയിലേക്ക് ഇടും. അത് വണ്ടിയിലാക്കും. വണ്ടി നിറയുന്നതുവരെ ഈ അവിരാമമായ പ്രവൃത്തി. ഒടുവില്‍ ഏതെങ്കിലും ഒരിടത്തു കൊണ്ടുവന്നു കാളകളെ അഴിച്ചുമാറ്റി വണ്ടിയുടെ മുന്‍വശം ഉയര്‍ത്തും. ചവറാകെ അവിടെ വീഴും. അതിന്റെ അടുത്തു താമസിക്കുന്നവര്‍ക്കു പിന്നീട് സാംക്രമികരോഗങ്ങള്‍ പിടിപെട്ടുകൊള്ളും.

ഭാഷാപാഷിണിയില്‍ ‘ജീവിതത്തിന്റെ ഫോട്ടോ’ എന്ന ചെറുകഥയെഴുതിയ ശ്രീ. കെ.പി. രാമനുണ്ണിക്ക് വാക്കുകള്‍ അര്‍ത്ഥസംക്രമണമോ വികാരസംക്രമണമോ നടത്താനുള്ള ഉപകരണങ്ങളല്ല. അദ്ദേഹം ഉച്ഛിഷ്ട വസ്തുക്കളെന്ന പോലെ പദങ്ങളെ വാരിവാരി കഥാരൂപ വൃക്ഷഭ വാഹനത്തിലേക്കു ക്ഷേപണം ചെയ്യുന്നു. വണ്ടിയോടിക്കുന്നു. തോന്നിയ സ്ഥലത്തു കൊണ്ടുവന്നു മറിക്കുന്നു. തികച്ചും ക്ഷുദ്രമായ വിഷയം. ഛായാഗ്രഹണത്തെ സംബന്ധിച്ച് ഒബ്സഷനുള്ള ഒരുത്തനെ കൊണ്ടുവരികയാണ് രാമനുണ്ണി ഇക്കഥയില്‍. ഫോട്ടോ എടുക്കുന്നവൻ അപ്രത്യക്ഷനാവുകയും വീട്ടുകാർ അയാൾ തയ്യാറാക്കിയ കാസറ്റുകൾ കാണുകയും ചെയ്യുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു. ഇത്രയും പറയാന്‍ കഥാകാരന്‍ വാക്യഝങ്കാരത്തെ ആശ്രയിക്കുന്നു. വൃഥാസ്ഥൂലതയിൽ അഭിരമിക്കുന്നു.

“ക്ലിക്ക്… ക്ലിക്ക്…ക്ലിക്ക്… നിറഞ്ഞു കവിയുന്നത്: ശാഖകള്‍ പിരിയുന്നത്: വരണ്ടുണങ്ങുന്നത്. സ്വന്തം അമ്മയുടെ വ്യത്യസ്ത ഋതുക്കളിലുള്ള കണ്ണുനീര്‍ച്ചാലുകളുടെ സൗന്ദര്യം! ഇമകളാല്‍ പ്രഹരിക്കുന്നത്. കീഴ്ച്ചുണ്ടില്‍ ചതിക്കുണ്ട് കുത്തുന്നത്; കവിളുകളെ തരിശിടുന്നത് — മൂത്ത പെങ്ങള്‍ ശാരദച്ചേച്ചിയുടെ വിഭിന്നമായ പരിഭവരസങ്ങള്‍!”

എന്നു കഥയുടെ ആരംഭം അര്‍ത്ഥരഹിതങ്ങളായ വാക്കുകളുടെ പ്രകടനാത്മകത മാത്രമേ ഇക്കഥയിലുള്ളൂ. അര്‍ത്ഥമില്ലെന്നു മാത്രമല്ല ഭാവവുമില്ല. ഒരിക്കലെഴുതിയത് ആവര്‍ത്തിക്കാന്‍ മടിയുണ്ട് എനിക്ക്. എങ്കിലും ആ കൃത്യം വീണ്ടും അനുഷ്ഠിക്കുന്നു. രാമനുണ്ണിയുടേത് ആര്‍ടല്ല, സ്യൂഡോ ആര്‍ടാണ്.

ഭൂതകാലം, വര്‍ത്തമാനകാലം

അച്ഛനോ അമ്മയോ മറ്റടുത്ത ബന്ധുക്കളോ മരിച്ചവരോടു സംസാരിക്കുമ്പോള്‍ ആ മരണത്തെക്കുറിച്ച് നമ്മളൊന്നു സൂചിപ്പിച്ചാല്‍ മതി, അവര്‍ ഉടനെ സംഭാഷണവിഷയം മാറ്റും. ബന്ധു എല്ലാക്കാലത്തേക്കുമായി നഷ്ടപ്പെട്ടവരോടു നമുക്കു സഹതാപമുണ്ടെന്നു കാണിക്കാനായിട്ടാണ് മരണം പരാമര്‍ശമാക്കുന്നതു നമ്മള്‍. പക്ഷേ അവര്‍ക്ക് ആ സ്മരണയുടെ പ്രത്യല്‍പാദനം ഇഷ്ടപ്പെടുകയില്ല. കാരണമുണ്ട്. നമ്മുടെ സംസ്കാരം ഒരു ഭൂതകാലസംഭവത്തെ പ്രത്യാനയിച്ച് അവര്‍ക്കു ക്ഷോഭമുണ്ടാക്കുമെന്നതാണ്. വര്‍ത്തമാന കാലത്തെ സംഭവങ്ങള്‍ എങ്ങനെ വികാരത്തിന്റെ പെരുവെള്ളപ്പാച്ചില്‍ ഉണ്ടാക്കുമോ അതുപോലെ ഭൂതകാല സംഭവവര്‍ണ്ണനയും വികാരപ്രവാഹമുണ്ടാക്കും. പ്രൂസ്തിന്റെ Remembrance of Things Past എന്ന നോവലീനെക്കുറിച്ചു ഞാന്‍ മുന്‍പ് പല തവണ എഴുതിയിട്ടുണ്ട്. ഒരു കഷണം ‘റസ്ക്’ (madeleine എന്നു നോവലില്‍) എടുത്തു ചായയില്‍ മുക്കി വായ്ക്കകത്തേക്കു ഇട്ടപ്പോള്‍ കഥ പറയുന്ന ആളിന് ശൈശവകാല സ്മരണകള്‍ ഉണ്ടായി. ഒരു കാലവും നഷ്ടപ്പെടുന്നില്ല. ഭൂതകാലത്തിന്റെ സൗന്ദര്യം പോലും വര്‍ത്തമാനകാലത്തേക്കു കൊണ്ടുവരാം എന്നു സ്ഥാപിക്കുകയാണു പ്രൂസ്ത്. ഭൂതകാല സ്മരണകളെ വര്‍ത്തമാനകാലത്തിലേക്ക് പ്രൂസ്തിനെ അനുകരിക്കാതെ തന്നെ പ്രത്യാനയിക്കുകയാണ് നല്ല കഥാകാരനായ ശ്രീ. ഐ.കെ കെ. എം. ‘കാലത്തിലെവിടെയോ’ എന്ന നല്ലകഥയിലൂടെ ചലച്ചിത്രതാരം മീനാകുമാരിയോടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കഥ പറയുന്ന ആളിനുണ്ടായ സ്നേഹം.അവളെ അനുസ്മരിപ്പിക്കുന്ന വര്‍ത്തമാനകാലത്തിലെ ഒരു വൃദ്ധ, വൃദ്ധ അയാൾക്കു നൽകുന്ന വാച്ച് ഇവയിലൂടെയാണ് ഭൂതകാലവികാരങ്ങളെ വർത്തമാനകാലത്തിലേയ്ക്കു കഥാകാരന്‍ കൊണ്ടുവരുന്നത്. അതില്‍ കൃത്രിമത്വം ഒട്ടുമില്ല. ഒട്ടുമില്ലെന്നു തന്നെയല്ല, സ്വാഭാവികതയുണ്ടുതാനും. പ്രഗല്‍ഭനായ കഥാകാരനാണ് ഐ.കെ.കെ.എം. (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍).

നിരീക്ഷണങ്ങള്‍

  1. ഞാന്‍ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചിരുന്ന കാലം. ബി.എസ്.സി. ക്ലാസ്സില്‍ എന്റെ കൂടെപ്പഠിച്ച ഒരു യുവാവ് അക്കാലത്തെ കോളേജ് ബ്യൂട്ടിയെക്കണ്ടു കാമപരവശനായി. അയാള്‍ക്ക് ഊണില്ല. ഉറക്കമില്ല. പെണ്‍കുട്ടികള്‍ മുന്‍വശത്തുള്ള ബഞ്ചുകളിലാണല്ലോ ഇരിക്കുക. ആ അതിസുന്ദരി ഇരിക്കുന്നതിന്റെ നേരെ പിറകെ കാമാതുരന്‍ ചെന്നിരിക്കും. സാറ് പറയുന്നതിലൊന്നും അയാള്‍ക്ക് ശ്രദ്ധയില്ല. പെണ്ണിന്റെ തലമുടിയിലും കഴുത്തിലുമൊക്കെ നോക്കിക്കൊണ്ടിരിക്കും. ഒരു ദിവസം കോണിപ്പടിയിറങ്ങി വന്ന അവളോടു മുകളിലേക്കു കയറിപ്പോയ വിദ്യാര്‍ത്ഥി ചോദിച്ചു. “സാരിയുടെ അറ്റത്തു ഞാനൊന്നു തൊട്ടോട്ടോ?” എന്ന്. സുന്ദരി അതു കേട്ടില്ലെന്ന മട്ടില്‍ അങ്ങുപോയി. ഒരു ദിവസം ഞാന്‍ അയാളുടെ നോട്ട്ബുക്ക് തുറന്നു നോക്കി. കുറഞ്ഞതു പത്തു പുറമെങ്കിലും പെണ്ണിന്റെ പേരു പിന്നെയും പിന്നെയും എഴുതിയിട്ടുണ്ട്. ശേഷമുള്ള പുറങ്ങളിലും അയാള്‍ ആ പേരു പിന്നീടും എഴുതിയിരിക്കും. ഭ്രാന്ത് അത്രത്തോളം മൂത്തു പോയിരുന്നല്ലോ.
  2. സാഹിത്യവാരഫലമെന്ന വിലക്ഷണമായ പേരുള്ള ഈ കോളം കുറെ ആഴ്ചകള്‍ കാണാതിരുന്നപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ എന്നെ വിളിച്ച് കോളം തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു. രണ്ടുപേരുകള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു ഇപ്പോള്‍. റ്റോക്കിയോയില്‍ നിന്ന് ശ്രീ. ഹാഷീം, സൗദി അറേബ്യയില്‍ നിന്ന് ശ്രീ. പ്രസാദ് ,ഇവര്‍ അഭ്യര്‍ത്ഥിച്ച കൂട്ടത്തില്‍ പെടുന്നു. സ്വിറ്റ്സർലൻഡ്, സ്വീഡന്‍, കരീബിയന്‍ ദ്വീപുകള്‍ ഈ സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. എന്താണതിനു കാരണം? കോളത്തിന്റെ വൈശിഷ്ട്യമോ? അല്ലേയല്ല. എനിക്ക് എം. ആര്‍ നായര്‍ (സഞ്ജയന്‍) കുട്ടിക്കൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി ഇവരപ്പോലെ നിരൂപണ ലേഖങ്ങള്‍ എഴുതാന്‍ പറ്റുമോ? ഇല്ല. എങ്കിലും അവര്‍ക്കില്ലാത്ത വായനക്കാര്‍ ഭാഗ്യംകൊണ്ട് എനിക്കു കിട്ടിയിട്ടുണ്ട്. വായനക്കാര്‍ക്കും കോളമിസ്റ്റിനും തമ്മില്‍ ബന്ധമുണ്ടാക്കാന്‍ ഈ ലേഖനപരമ്പരയ്ക്കു കഴിഞ്ഞു എന്നതു തന്നെയാണ് ഈ അഭ്യര്‍ത്ഥനകള്‍ കാണിക്കുന്നത്. പണ്ട് സാഹിത്യകാരനും വായനക്കാരനും തമ്മില്‍ സുദൃഢമായ ബന്ധമുണ്ടായിരുന്നു. മലബാര്‍ രാമന്‍നായര്‍ കല്യാണസൗഗന്ധികം തുള്ളലായി പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം ഞാന്‍ അതു കാണാന്‍ ചെന്നിരിക്കുമായിരുന്നു. ഒരു ദിവസം സ്റ്റെയ്ജില്‍ കയറിച്ചെന്ന് ഞാന്‍ അദ്ദേഹത്തിന്റെ കാലുതൊട്ട് എന്റെ കണ്ണില്‍ വച്ചു. കലാകാരനും സാധാരണക്കരനും തമ്മിലുണ്ടായിരുന്ന ഈ ബന്ധം ഇന്ന് ഇല്ലാതെയായിപ്പോയി. നമ്മുടെ കവികള്‍ ഇന്നു സഭാവേദിയില്‍നിന്നു സ്വന്തം കവിത ചൊല്ലിയാല്‍ നമ്മളിലാരാണ് ആ കവിയുടെ കാലുതൊട്ടു കണ്ണില്‍ വയ്ക്കുന്നത്? അതു ചെയ്യുന്നില്ലെന്നു മാത്രമല്ല ഹോളില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് നമ്മള്‍ ആലോചിക്കുകയും ചെയ്യും.
  3. പൂവിന്റെ ഒരിതളിൽ വന്നിരുന്ന് മനോഹരങ്ങളായ ചിറകുകള്‍ മെല്ലെ ചലിപ്പിക്കുന്ന ചിത്രശലഭത്തിന്റെ ആ പക്ഷ ചലനത്തില്‍ കവിതയുണ്ട്. യഥാതഥമായി അത് ആവിഷ്കരിച്ചാല്‍ കലയാവുകയില്ല. കവിയുടെ ചൈതന്യം ആ ആവിഷ്കാരത്തില്‍ വരുമ്പോള്‍ മാത്രമേ കല ഉദയം കൊള്ളൂ. കലാസൃഷ്ടി പരാജയപ്പെട്ടുവെന്ന് നിരൂപകന്‍ വിധിയെഴുതുന്നത് പ്രതിപാദ്യവിഷയത്തില്‍ കലാകാരന്റെ ചൈതന്യം കാണാതിരിക്കുമ്പോഴാണ്.
‘കല്ലു പറഞ്ഞു
ഞാണാണ് ഈ വീടിന്റെ നിലനില്പ്
കമ്പി പറഞ്ഞു
ഞാനാണ് ഈ വീടിന്റെ ശക്തി’
എന്നൊക്കെപ്പറഞ്ഞു വീടിനെക്കുറിച്ചു എഴുതുന്ന സുറാബ് വെറും ’സ്റ്റെയ്റ്റ്മെന്റ്സ്’ നടത്തുന്നതേയുള്ളൂ. അതില്‍ എഴുതിയ ആളിന്റെ ചൈതന്യമില്ല. അതുകൊണ്ട് കവിതയുടെ മാന്ത്രിക പ്രഭാവവുമില്ല. വായനക്കാരെ ക്ലേശിപ്പിക്കാനേ ഇത്തരം രചനകള്‍ പ്രയോജകീഭവിക്കൂ (രചന കലാകൗമുദിയില്‍).

പാസോലിനിയുടെ നോവല്‍

രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള ഇറ്റാല്യന്‍ ചലച്ചിത്ര സംവിധായകനും നോവലിസ്റ്റും കവിയുമാണു പ്യേര്‍ പാഓലോ പാസോലീനീ (Pier Paolo Pasolini, 1922–1975) അദ്ദേഹത്തെ ശത്രു തലയിലടിച്ചു വീഴ്ത്തി. വീണ പാസോലീനിയുടെ ശരീരത്തിലൂടെ അയാള്‍ രണ്ടു തവണ കാര്‍ കയറ്റിയിറക്കി. ഒരിക്കല്‍ മുന്നോട്ടും രണ്ടാമത്തെ തവണ പിറകോട്ടും. അങ്ങനെ മൃഗീയമായിട്ടാണ് ഒരു പ്രതിഭാശാലിയെ പ്രതിയോഗി കൊന്നത്.

“ഐശ്വര്യറോയി നടക്കുന്നതുകണ്ടാല്‍ എന്തുതോന്നും?” “എന്റെ തോന്നലാണോ? എങ്കില്‍ എനിക്കൊന്നും തോന്നുകയില്ല. നിങ്ങള്‍ ചെറുപ്പക്കാരാണെങ്കില്‍ പനിനീര്‍പ്പൂവിന്റെ ഇതളുകള്‍ പച്ചപ്പുല്‍ത്തകിടിയില്‍ പതുക്കെ വന്നു വീഴുന്നതുപോലെ തോന്നും.”

പാസോലീനിയുടെ രണ്ടു നോവലുകള്‍ പ്രഖ്യാതങ്ങളാണ്. (1) The Ragazzi, 1955. (2) A Violent Life, 1959. ഇവയില്‍ ആദ്യത്തെ നോവല്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്തേതിനെക്കൂറിച്ച് ഞാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘സാഹിത്യവാരഫല’ത്തില്‍ എഴുതിയിരുന്നു. മാര്‍ക്സിസ്റ്റായ പാസോലീനിയെ ആ നോവലില്‍ കാണാം. ചേരി പ്രദേശത്തെ കുട്ടികളുടെ അനിയന്ത്രിത ജീവിതവും സ്ത്രീകളുടെ വേശ്യാവൃത്തിയും പച്ചയായി വര്‍ണ്ണിക്കുന്ന ഈ നോവലിനു ഭാവാത്മക ദീപ്തിയുണ്ട്. പാസോലീനീയുടെ മൂന്നാമത്തെ നോവല്‍ മരണാന്തര പ്രസാധനമായി സഹൃദയര്‍ക്കു കിട്ടിയിരിക്കുന്നു (റെവ്യൂ: New York Times Book Review, March 23, 1977) Petrolio എന്നാണ് അതിന്റെ പേര് (Translated by Ann Gold Stein, 470pp, Pantheon Books, $27).

റെവ്യൂവിനെ അവലംബിച്ച് നോവലിന്റെ കഥ പറയാം. കാര്‍ലോ1, അയാളുടെ ഡബ്ള്‍ (double=രണ്ടാമത്തെ രൂപം) കാര്‍ലോ2. കാര്‍ലോ1 ഇടതുപക്ഷ റോമന്‍ കത്തോലിക്കന്‍. അയാള്‍ മാഫിയ. നിയോഫാസിസ്റ്റുകള്‍ ഇവരോട് ചങ്ങാത്തം കൂടി സാഹിത്യത്തെസ്സംബന്ധിച്ച സെമിനാറുകളില്‍ പങ്കെടുക്കുമ്പോള്‍ കാര്‍ലോ2 സ്വന്തം അമ്മയെയും അമ്മൂമ്മയെയും മൂന്നു സഹോദരിമാരെയും സ്വന്തമിച്ഛയ്ക്കു അനുരൂപമായി ലൈംഗികമായി മാര്‍ഗ്ഗഭ്രംശം വരുത്തി സ്ത്രീരൂപമാര്‍ജ്ജിക്കുന്നു. ഇരുപതു ആണ്‍കുട്ടികളോടു കൂടി അവള്‍(?) വേഴ്ച നടത്തുന്നു. കാര്‍ലോ2 അപ്രത്യക്ഷനാകുമ്പോള്‍ കാര്‍ലോ1 വൃക്ഷണച്ഛേദം ചെയ്തു പൗരസ്ത്യ മിസ്റ്റിസത്തില്‍ വിലയം കൊണ്ട് വിശുദ്ധനായി മാറുന്നു. അസംസ്കൃത സൗന്ദര്യവും അതീത ലോകത്തിന്റെ വിചിത്ര സ്വഭാവവും ഉള്ള നോവലാണിതെന്ന് നിരൂപകന്‍ പറയുന്നു.