close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 01 22


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 01 22
മുൻലക്കം 1999 01 15
പിൻലക്കം 1999 01 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കവി രാത്രി സമയത്ത് വീട്ടിലേക്കു പോരികയായിരുന്നു. അപ്പോൾ ഒരു പെൺകുട്ടി പാടുന്നത് അദ്ദേഹം കേട്ടു. ഈ യഥാർത്ഥസംഭവം കവിയുടെ ഭാവനയെ ഉദ്ദീപിപ്പിച്ചു. ഫലമോ? ചേതോഹരമായ കാവ്യം. മസ്ലിൻ അണിഞ്ഞ രൂപമാണ് കവി കണ്ടത്. ഉല്ലാസത്തോടെയാണ് അവൾ പാടിയത്. കവിയെ ആ പാട്ടുകാരി ശ്രദ്ധിച്ചില്ല. കൈയിലിരുന്ന സംഗീതോപകരണത്തിൽ അവൾ കൂടെക്കൂടെ തട്ടി. അതു കുലുക്കി രാത്രിയിൽ. സമയം ഏറെ വൈകിയ വേളയിൽ വെണ്മയാർന്ന വസ്ത്രം ധരിച്ചു, ആ കുന്നിന് വിചിത്ര ഭാവം നൽകിക്കൊണ്ട് അവൾ പാടുകയാണ്. കവി അവളോടു ചോദിച്ചു: ‘നിന്നിൽ നിന്ന് ഇതുണ്ടാകുന്നത് എന്തുകൊണ്ട്? നിനക്കിപ്പോൾ ആഹ്ലാദമാണോ?’ പക്ഷേ അവളുടെ ഗാനം ഒഴുകിയതേയുള്ളു. കവിയെക്കുറിച്ച് അവൾക്ക് വിചാരമില്ല. അദ്ദേഹം വീണ്ടും പറഞ്ഞു: ‘അടുത്തു വരൂ. ഈ ഗാനമാണ് എനിക്ക് വേണ്ടത്.’ നിശ്ശബ്ദതയിൽ ആ ഗാനം മൃദുലമായി. ഉച്ചത്തിലായി, കവി പിന്നെയും ചോദിച്ചു: ‘നിന്റെ വീടെവിടെ? നിനക്ക് അല്ലലൊന്നുമില്ലേ?’ പക്ഷേ കവി അവിടെയില്ലന്ന മട്ടിൽ ആ ചഞ്ചലഗാനം ഒഴുകിക്കൊണ്ടിരുന്നു. കവി വീണ്ടും: ‘ലോകം ഇരുണ്ടു. അതു പാടില്ല.’ എന്നാൽ ആഹ്ലാദിക്കുന്ന അവൾ പാടിയതേയുള്ളു. കവിയെ ശ്രദ്ധിച്ചതുമില്ല.

ഹാർഡിയുടെ ‘On stinsford Hill’ എന്ന കാവ്യത്തിന്റെ ഭാഷാന്തരീകരണമാണിത്. തമോമയമായ ഈ ലോകത്ത് കവിക്കുണ്ടാകുന്ന സൗന്ദര്യദർശനമാണ് ഇക്കവിതയിലുള്ളത്. കവിയുടെ ലൗകികങ്ങളായ ചോദ്യങ്ങൾ. തരംഗപരമ്പരകൾ ഉളവാക്കി പ്രവഹിക്കുന്ന സൗന്ദര്യത്തിന്റെ ഉപരിതലത്തെപ്പോലും സ്പർശിക്കുന്നില്ല. വൈരൂപ്യത്തിന്റെ ആ ചോദ്യങ്ങൾക്ക് സൗന്ദര്യത്തിന്റെ മുൻപിൽ ഒരു സ്ഥാനവുമില്ല.

കവിതയായാലും കഥയായാലും അതു സവിശേഷമായ മാനസികനിലയുടെ ആവിഷ്കാരമാണ്. ഹാർഡി വീട്ടിലേക്കു വരുമ്പോൾ ഒരു പെൺകുട്ടിയുടെ പാട്ടുകേട്ടു. പൊടുന്നനെ അതിന്റെ എല്ലാ ലൗകികാംശങ്ങളും തേഞ്ഞുമാഞ്ഞ് ചൈതന്യത്തിന്റെതായ മാനസികനില സംജാതമായി. അതിനു പ്രകാശം നൽകിയപ്പോൾ ഈ മനോഹരമായ കാവ്യം രൂപം കൊണ്ടു. ഇതുതന്നെയാണ് ശ്രീ. പ്രഭാവർമ്മയുടെ ‘ആർദ്രം’ എന്ന കവിതയിലും സംഭവിക്കുന്നത്. ജന്മനാ കവിയായ അദ്ദേഹം അനായാസമായി ഒരാധ്യാത്മികാന്തരീക്ഷം സൃഷ്ടിക്കുന്നു. അതിന് വളരെക്കുറച്ചു വാക്കുകളേ അദ്ദേഹത്തിനു വേണ്ടു.

“ശ്രീപദ്മനാഭമഹാക്ഷേത്രസന്നിധി.
സായന്തനം. സ്വർണ്ണസൂര്യ ദീപാവലി!
പാടുന്നതാരെന്നറിഞ്ഞീല സ്വാതിസംഗീതം:
ചിദാനന്ദഭാവമായീ ലയം!”

എന്നു കാവ്യത്തിന്റെ സമാരംഭം. ചൈതന്യധന്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. അതിൽ ലീനനായി കവി പടിക്കെട്ടിറങ്ങുമ്പോൾ രാജപ്രതാപം തെളിച്ച തേരിൻ പാടു മായാൻ മടിക്കുന്ന പാതയിൽ ഒരു താമരപ്പൂ കിടക്കുന്നതു കണ്ടു. ഒട്ടും വാടാത്ത പരിമളം നഷ്ടപ്പെടാത്ത ആ പൂവിൽ പറ്റിയിരിക്കുന്ന ജലകണം കവിക്കു സവിശേഷതയാർന്ന മാനസികനില സംജാതമാക്കുന്നു. ധ്വന്യാത്മകശക്തിയുള്ള പദങ്ങൾ കവിയുടെ ആ മാനസികനില അനുവാചകനിലേക്ക് സംക്രമിപ്പിക്കുന്നു. അതിൽ പ്രധാനപ്പെട്ട വികാരം ശോകമാണ്. ആ വികാരത്തിന്റെ പരകോടിയിൽ കവി സംശയിക്കുന്നു താമാരപ്പൂ നഷ്ടപ്പെട്ട സ്വന്തം മനസ്സിന്റെ പ്രതീകമാണോ എന്ന്. ശോകം ഉത്തമമായ കവിതയിലൂടെ പ്രതിപാദിക്കപ്പെടുമ്പോൾ ഭാവാനുഭൂതിക്കോ അവിടെനിന്ന് ഒരടി കൂടെ മുന്നോട്ടുചെന്ന് രസാനുഭൂതിക്കോ കാരണമായി ഭവിക്കും. അപ്പോൾ സൗന്ദര്യം സൃഷ്ടിക്കപ്പെടുന്നു. ഇന്നത്തെ സംസ്കാരലോപത്തിന് യോജിച്ച വിധത്തിലാണ് പലരുടെയും അധമമായ കാവ്യാഭിരുചി. ആ അധമത്വത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രഭാവർമ്മയുടെ കവിത വിരാജിക്കുന്നു. വിടർന്ന താമരപ്പൂവിന്റെ ഭംഗിയും സൗരഭ്യവും ഈ കവിതയ്ക്കുണ്ട്.

തത്ത്വചിന്തകനായ ഹേഗൽ പറയുന്നതുപോലെ ‘ചൈതന്യത്തിന്റെ ജ്ഞാനസ്നാനം’ കഴിഞ്ഞുവരുമ്പോഴാണ് കവിത ഉത്കൃഷ്ടമാകുന്നത്. പ്രഭാവർമ്മയും അദ്ദേഹത്തെപ്പോലെയുള്ള കുറച്ചുകവികളും സംസ്കാരസമ്പന്നമായ മനസ്സിന്റെ സന്തതികളായി കാവ്യങ്ങളെ ‘അവതരിപ്പിക്കു’മ്പോൾ സിദ്ധികളുള്ള കവികൾ പോലും -മഹാകവികൾ പോലും- വിലക്ഷണങ്ങളായ ശാരീരികബന്ധങ്ങളിലേക്ക് അവയെ താഴ്ത്തിക്കൊണ്ടു വരാതിരിക്കുന്നില്ല ‘മാറത്തുതത്തുമിരുപന്തുകള്‍ തോളിലിട്ട കീറത്തുണിത്തുണ്ടിൽ’ ഒതുങ്ങിയില്ല എന്നു വള്ളത്തോളും ‘കോമളപ്പോർമുലപ്പൊൻകുടങ്ങൾ കോരിത്തരിക്കെ നീയെന്തുചെയ്യും’ എന്നു ചങ്ങമ്പുഴയും എഴുതുമ്പോൾ സുവർണ്ണസിംഹാസനത്തിൽ ഇരിക്കുന്ന കവി സമ്രാട്ട് ദുർഗ്ഗന്ധപൂരിതമായ ഓടയിലിറങ്ങിനിന്ന് പഥികരുടെ മേൽ വെള്ളം തെറ്റിയൊഴിക്കുന്ന ദൃശ്യമാണ് എന്റെ മനക്കണ്ണിന്റെ മുൻപിൽ വരിക.

റൂമി മഹാകവിയാണല്ലോ.

The light of sun’s face cannot do what your face does:
The tumult of the resurrection cannot do what your love does
Whoever sees your face will never go to a rose garden:
Whoever tastes your lips will never prattle of wine
When your locks arrive, musk withdraws its fragrance:
Your radiance arrives and intellect pulls back its head

എന്നു് അസദൃശങ്ങളായ വരികളെഴുതിയ റൂമി ഇനി ഞാന്‍ പറയാന്‍ പോകുന്ന കവിതയില്‍ എത്രത്തോളം താഴ്ന്നു ചെന്നിരിക്കുന്നുവെന്നു കാണുക:

ഒരുത്തനു് പ്രേമവഞ്ചന ഒട്ടും സഹിക്കാന്‍ വയ്യാത്ത ഭാര്യയും അതിസുന്ദരിയായ പരിചാരികയുമുണ്ടായിരുന്നു. അവരെ തനിച്ചാക്കാതിരിക്കാന്‍ ഭാര്യ ശ്രദ്ധിച്ചു. ഭര്‍ത്താവും പരിചാരികയും ഒരു മുറിയില്‍ വരാതിരിക്കാന്‍ വേണ്ടി അവള്‍ മനസ്സിരുത്തി. ആറുകൊല്ലത്തോളം ഇതു വിജയകരമായി. എന്നാല്‍ ഒരു ദിവസം പൊതുവായ സ്നാനഘട്ടത്തില്‍ ഭാര്യ നില്ക്കുമ്പോള്‍ പെട്ടെന്നു് അവള്‍ക്കു ഓര്‍മ്മവന്നു വെളളിപ്പാത്രമെടുത്തില്ലെന്നു്. ‘പാത്രം എടുത്തുകൊണ്ടു് വാ’ എന്നു് അവള്‍ പരിചാരികയോടു് ആജ്ഞാപിച്ചു. സന്തോഷത്തോടെ വേലക്കാരി ഓടി. അവള്‍ പറന്നു. അഭിലാഷം അവളെയും യജമാനനെയും ഒരേമട്ടില്‍ സമാക്രമിച്ചതുകൊണ്ടു് അവര്‍ വാതിലിന്റെ സാക്ഷയിടാന്‍തന്നെ മറന്നുപോയി. അതിവേഗത്തില്‍ അവര്‍ ഒന്നായി. ആ സമയത്തു അയാളുടെ ഭാര്യ കുളികഴിഞ്ഞെത്തി. ‘ഞാന്‍ എന്താണു ചെയ്തതു്? പഞ്ഞിയില്‍ തീ കൊളുത്തിയോ?’ അവള്‍ വാതില്‍ തുറന്നു. പരിചാരികയ്ക്കു സംസാരിക്കാന്‍ വയ്യ. ഭര്‍ത്താവു് അഞ്ചുതവണയുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. (ഇതിനുശേഷം ഭാര്യ നിര്‍വഹിക്കുന്നു വര്‍ണ്ണനം അച്ചടിക്കാന്‍ വയ്യ) അവള്‍ അയാളുടെ കവിളില്‍ അടിച്ചു. സന്ന്യാസിയായി ഭാവിച്ച ഭര്‍ത്താവിനോടു് ഭാര്യ ചിലതൊക്കെ ചോദിച്ചു). (അതും അച്ചടിക്കാനാവില്ല.) കവിവാക്യത്തോടുകൂടി കവിത അവസാനിക്കുന്നു. ‘People who renounce desires often turn, suddenly into hypocrites.’ ഈ തത്ത്വപ്രഖ്യാപനത്തനാണു് റൂമി യജമാനന്റെയും വേലക്കാരിയുടെയും ലൈഗികവേഴ്ച വര്‍ണ്ണിച്ചതു്. അതില്ലാതെതന്നെ അദ്ദേഹത്തിനു് ആശയസ്ഫുടീകരണം ആകാമായിരുന്നു. പ്രഭാതത്തില്‍ കുളത്തില്‍ നിന്നു് ലോകത്തെ നോക്കി പുഞ്ചിരി പൊഴിക്കുന്ന താമരപ്പൂവാകണം കവിത. അതു മഹാകവികള്‍ക്കും സ്വീകരിക്കാവുന്ന തത്ത്വമാണ്. (റൂമിയുടെ കവിതകള്‍ക്കു് The Essential Rumi, Translation by Coleman Barks with John Moyne എന്ന പുസ്തകം നോക്കുക. Harper San Francisco പ്രസാധനം, Pages 310, Rs. 393.30.)

പ്രവാദങ്ങള്‍ (Comments)

“എന്റെ യൗവനകാലത്തെ ഭാഷ ആശയം വിശദമാക്കിയിരുന്നു. ഇന്നത്തെ ഭാഷ അതു (ആശയം) കഴിയുന്നിടത്തോളം ഒളിച്ചു വയ്ക്കുന്നു.”

ഡോക്ടര്‍ എസ്. കുസുമകുമാരി ‘ഗ്രന്ഥലോക’ത്തില്‍ എഴുതിയ ‘നാടകാന്തം കവിത്വം’ എന്ന പ്രബന്ധത്തില്‍ ഇങ്ങനെയൊരു വാക്യം കാണുന്നു:

  1. ‘കവിത്വത്തിന്റെ ചരമസീമ നാടകത്തിലത്രേ പ്രകാശിക്കുന്നതു് എന്ന പ്രസ്താവം പ്രസിദ്ധമായിട്ടുള്ളതു്.’ ഇതിലെ ചരമസീമ അച്ടിപ്പിശകായിരിക്കും. കുസുമകുമാരി എഴുതിയതു ‘പരമസീമ’ എന്നാവണം. ‘നാടകാന്തം കവിത്വം’ എന്ന ചൊല്ലിലെ അന്തശബ്ദത്തിന് രണ്ടര്‍ത്ഥമാണുളളതു്. 1. അവസാനം 2. നിശ്ചയം. ഭഗവദ്ഗീതയിലെ ‘നാസ്തോ വിദ്യതേ…’ എന്നുതുടങ്ങുന്ന ശ്ലോകത്തിൽ അന്തശബ്ദം നിശ്ചയമെന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു. (2 – ശ്ലോകം 16) നിശ്ചയം. നിര്‍ണ്ണിതം. അന്തമനിശ്ചയം ഇവയൊക്കെയാണു് അന്തശബ്ദത്തിന്റെ അര്‍ത്ഥം. അപ്പോള്‍ ആ ചൊല്ലിന്റെ അര്‍ത്ഥം കവിത്വം നിശ്ചയിക്കപ്പെടേണ്ടതു് നാടക നിര്‍മ്മിതിയാലാണു് എന്നത്രേ. കുസുമകുമാരിയുടെ അര്‍ത്ഥപ്രദര്‍ശനം എന്റെ അര്‍ത്ഥപ്രദര്‍ശനത്തിന്റെ അടുത്തു മാത്രമേ വരുന്നുള്ളു. ജോസഫ് മുണ്ടശ്ശേരി നാടകീയതയാണു് കാവ്യത്തിനു് ആസ്വാദ്യത നല്കുന്നതെന്നു് വാദിച്ചു എന്നും കുസുമകുമാരി പറയുന്നു. അമേരിക്കന്‍ നിരൂപകന്‍ ബ്രൂക്ക്സ് (Cleanth Brooks) തന്റെ The Well Wrought Urn എന്ന പുസ്തകത്തില്‍ പരസ്പരം സംഘട്ടനം ചെയ്യുന്ന രണ്ടംശങ്ങളുടെ ഒത്തുചേരലാണു് കാവ്യത്തിലുള്ളതു് എന്ന് വാദിച്ചിട്ടുണ്ട്. മുണ്ടശ്ശേരി ആ ആശയം കടമെടുത്തു നാടകീയതയാക്കി മാററിയെന്നേ നമമള്‍ ഗ്രഹിക്കേണ്ടതുള്ളു. ചൊല്ലിന്റെ അര്‍ത്ഥം മുണ്ടശ്ശേരി നല്കിയതല്ല. കുസമകുമാരി നിഷ്കര്‍ഷയില്ലാതെ എഴുതിയതുമല്ല.
  2. ‘ചങ്ങമ്പുഴക്കവിതയുടെ മാസ്മരികമായ ശബ്ദഭംഗിയിലും…’ എന്നു് ഡോ. ജയശ്രീയുടെ ലേഖനത്തില്‍ (ഹാ സഖീ നീയെന്നോടു ചേര്‍ന്നു നില്ക്കുക എന്ന ലേഖനം — ഗ്രന്ഥാലോകം) ഇതിലെ മാസ്മരികമെന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എനിക്കറിഞ്ഞുകൂടാ. സംസ്കൃതഭാഷയിലോ മലയാളഭാഷയിലോ ആ പ്രയോഗമില്ല. പണ്ടു് ജര്‍മമനിയില്‍ മെസ്മര്‍ എന്ന ഭിഷഗ്രരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെസ്സംബന്ധിക്കുന്നതാണു് മെസ്മെറിസം. മാസ്മരികമെന്ന പ്രയോഗം മെസ്മറില്‍ നിന്നു് ഏതോ വിവരംകെട്ടവന്‍ ഉണ്ടാക്കിയതാണു്. കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ജയശ്രീ. ‘മാസ്മരിക’മെന്നു് എഴുതിയതു് അത്രകണ്ടു് ശരിയായില്ല.
  3. ‘ചങ്ങമ്പുഴയും ഇടപ്പളളിയും ഒരര്‍ത്ഥത്തില്‍ കുമാര മഹാകവിയും വിഷാദത്തിന്റെ ലോകത്ത്…’ എന്നു ഡോ. വിജയാലയം ജയകുമാര്‍. (ഗ്രന്ഥലോകം — പുറം 15) കുമാര മഹാകവി എന്ന പ്രയോഗം ശരിയല്ല. കുട്ടിയായ മഹാകവി എന്നേ അതിനു് അര്‍ത്ഥം വരു. കവിയുടെ പേരു് കുമാരനാശാന്‍ എന്നാണു്. അതിനാല്‍ മഹാകവി കുമാരനാശാന്‍ എന്നുതന്നെ എഴുതണം.
  4. ‘അസംതൃപ്തിയും നിരാശയും വേദനയും… ’ എന്നു് ഡോക്ടര്‍ ജയശ്രീ മുകളില്‍പ്പറഞ്ഞ ലേഖനത്തില്‍. നിരാശന്‍ = ആശയറ്റവന്‍; നിരാശാ = ആശയറ്റള്‍. അവരുടെ ഭാവം നിരാശത. നിരാശ എന്നതു നിരാശത എന്നാക്കണം. കുട്ടിക്കൃഷ്ണമാരാര്‍ എന്നോടു ചോദിച്ചതു ഞാനൊരിക്കല്‍ എഴുതിയതാണു്. വീണ്ടും എഴുതട്ടെ അതു്. ‘നിങ്ങള്‍ തിരുവിതാംകൂറുകാര്‍ക്കു നിരാശയല്ലേ ഉള്ളു. നിരാശതയില്ലല്ലോ.’


നോണ്‍സെന്‍സ്

ഫേയ്ഷല്‍ ജയിക്കട്ടെ. വൈരൂപ്യത്തെ സൌന്ദര്യമാക്കുന്ന ഫേയ്ഷല്‍ ജയിക്കട്ടെ.

ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു് കേരളത്തില്‍ സുന്ദരികളും അസുന്ദരികളുമുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. സുന്ദരികളേയുള്ളു. കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലും. കാരണം ബ്യൂട്ടി പാര്‍ലറുകള്‍ മുക്കിനും മൂലയ്ക്കും ഉണ്ടു് എന്നതാണു്. സൌന്ദര്യമില്ലാത്ത സ്ത്രീകള്‍ക്കു കാലത്തുതന്നെ പാര്‍ലറില്‍ കയറാം. ഫേയ്ഷല്‍ (facial) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കുമ്മായമടിക്കലിനുശേഷം റോഡിലേക്കിറങ്ങാം. അങ്ങോട്ടു കയറുമ്പോള്‍ വൈരൂപ്യത്തിനു് ആസ്പദം. അതേ സ്ത്രീ ഇങ്ങോട്ടു പോരുമ്പോള്‍ നൂര്‍ജഹാനെപ്പോലെ കമനീയാംഗി. (പേര്‍ഷന്‍ നാമമായ നൂര്‍ജഹാന്റെ അര്‍ത്ഥം ലോകത്തിന്റെ പ്രകാശം എന്നാണു്.) ഞാന്‍ പതിവായി കാണുന്ന ഒരു യുവതി കാലത്തു നൂര്‍ജഹാനും വൈകീട്ട് വിശ്രവസ്സിനു് കൈകസീയില്‍ ജനിച്ച മകളും. വൈകീട്ട് അവരുടെ വീട്ടില്‍ വച്ചുകണ്ടാല്‍ മുഖം നിറയെ ചാലുകള്‍. തൊലിക്കു പരുപരുപ്പു്. ഫേയ്ഷല്‍ ജയിക്കട്ടെ. വൈരൂപ്യത്തെ സൌന്ദര്യമാക്കുന്ന ഫേയ്ഷല്‍ ജയിക്കട്ടെ.

കവിതയുടെ അവസ്ഥ ഇതില്‍ നിന്നു് വിഭിന്നമാണു്. എന്റെ ബാല്യകാലത്തു് കവികള്‍ എഴുതുന്നതെന്തും സുന്ദരമായിരുന്നു.

ഫാലത്തിലമ്പിളി മുറുക്കുറി-യല്ല കുന്ത-
ളാലംബിയാം സ്മരഭടന്റെ കുലച്ച ചാപം
ഓലക്കമാണ്ട കവിളത്തനുരക്തി ചേടി-
യാലക്ഷ്യമാക്കിയൊരകൃത്രിമ കുങ്കുമാങ്കം.

ഭൃംഗസ്ഫുരന്മഷി മുകര്‍ന്ന ഭൃഗബ്ജപത്രം
മംഗല്യകച്ചരുടു മാത്രമിയന്ന കണ്ഠം
തുംഗസ്തനത്തില്‍ നവ ചന്ദന ചര്‍ച്ച കാഞ്ചീ
സംഗ പ്രഭോദയമടുത്ത നിതംബബിംബം

എന്ന വളളത്തോളിന്റെ ശ്ലോകങ്ങളില്‍ സൌന്ദര്യമല്ലാതെയെന്തുണ്ട്? ഏകാന്തത്തിലിരുന്നു് ഈ കവിതെയാന്നു ചൊല്ലിനോക്കൂ. വളളത്തോളിനെ ജയിച്ച വേറൊരു കവി കേരളത്തിലില്ല എന്നു ഗ്രഹിക്കാം. കുമാരനാശാൻ, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പളളി, വൈലോപ്പിളളി ഇവരുടെ കവിതകളിലെല്ലാം സൌന്ദര്യമേയുള്ളു. അപ്പോഴാണ് പുതിയ കവികളുടെ രംഗപ്രവേശം. അവര്‍ കൈകാര്യം ചെയ്യുന്ന വൈദേശികാശയങ്ങള്‍ക്കു വൈരൂപ്യം. അതു മറയ്ക്കാനായി ദുര്‍ഗ്രഹതയുടെ ഫേയ്ഷല്‍ നടത്തി. അപ്പോള്‍ കൂടുതല്‍ വൈരൂപ്യമുണ്ടായി. വെളളപ്പൊക്കം വന്മരങ്ങളെ കടപുഴക്കിയെറിയുന്നതുപോലെ, പഞ്ചാരമണ്ണിനെ ചെളിമണ്ണാക്കുന്നതുപോലെ ആധുനിക ജീര്‍ണ്ണതയുടെ പ്രവാഹം നമ്മുടെ സംസ്കാര വ്യക്ഷങ്ങളെ നിലംപതിപ്പിച്ചു് ഒഴുക്കിക്കൊണ്ടുപോകുന്നു. വെണ്‍മണലുകളുണ്ടായിരുന്ന സ്ഥലത്തെല്ലാം കര്‍ദ്ദമം മാത്രം. ഈ ചെളിയുണ്ടാക്കുന്നതില്‍ ശ്രീ. അയ്യപ്പനുള്ള പങ്കു നിസ്സാരമല്ല എന്നതിനു മലയാളം വാരികയില്‍ അദ്ദേഹമെഴുതിയ ‘കുരിശിന്റെ വിത്തു്’ എന്ന പദ്യം (അതോ ഗദ്യമോ) തെളിവു തരുന്നു.

 
“എനിക്കു്
വൃക്കകളില്ലാത്ത ഒരു വംശമുണ്ടാകാന്‍
നീലരക്തത്തിന്റെ ശാദ്വലത്തില്‍
ഞാനൊരു വിത്തു വിതയ്ക്കും.”

എന്താണ് ഈ കുചേഷ്ടിതത്തിന്റെ അര്‍ത്ഥം? ഇതെങ്ങനെയാണ് ആസ്വാദനതലത്തിലേക്കു ഉയര്‍ത്താനാവുക? എനിക്കു് ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവലില്‍ യുവരാജാവും പരമേശ്വരന്‍പിളളയുടെ തമ്മില്‍ സംസാരിച്ച സവിശേഷഭാഷ ഡികോഡ് ചെയ്യാനറിയാം. പഠിച്ചാല്‍ പട്ടാളക്കാരുടെ ഫ്ലാഗ് ഭാഷയും ഡികോഡ് ചെയ്യാം. അയ്യപ്പന്റെ ഈ വരികള്‍ ഡികോഡ് ചെയ്യാന്‍ വയ്യ. ഇത്തരം നോണ്‍സെന്‍സിനെ ഇല്ലാതാക്കേണ്ട കാലം എന്നേകഴിഞ്ഞു.

ചോദ്യം ഉത്തരം

Symbol question.svg.png “നിങ്ങള്‍ ഇന്നുവരെ വ്യായാമം ചെയ്തിട്ടില്ലെന്നും കാലത്തോ വൈകീട്ടോ നടക്കാന്‍ പോകുന്നു. എന്നിട്ടും ആരോഗ്യമില്ലെനിക്കു്. എന്താവും കാരണം?”

“നമ്മള്‍ കുറച്ചു് ആരോഗ്യവുമായി ഈ ലോകത്തു വരുന്നു. കുറെക്കാലം ജീവിക്കുന്നു. ഒരു ദിവസം അങ്ങു് യാത്രയാകുന്നു. അത്രേയുള്ളു. ദിവസവും കാലത്തു് കസര്‍ത്തു് ചെയ്യുകയോ ‘ബസ്കി’ എടുക്കുകയോ വെയ്ററ് പോക്കുകയോ ചേയ്താല്‍ ആയുസ്സു് നീട്ടിക്കിട്ടുകില്ല. വ്യായാമം ആരോഗ്യം നല്കുമെന്ന ധാരണ തെററിദ്ധാരണയാണു്. സുന്ദരനും ആരോഗ്യദൃഢഗോത്രനുമായിരുന്നു പ്രേംനസീര്‍ അകാലത്തില്‍ പോയി. തൊലിയില്‍ തൊട്ടാല്‍ ചാരായം ഊറിവരുന്ന ഒരു പ്രന്‍സിപ്പല്‍ പോര്‍ട്ടാഫീസര്‍ (എന്റെ പരിചയക്കാരന്‍. പേരു പറയുന്നതു ശരിയല്ല) തൊണ്ണൂറു വയസ്സുവരെ ജീവിച്ചു. അല്ലലില്ലാതെ ഒന്നിലും അര്‍ത്ഥമില്ല സുഹൃത്തേ.”

Symbol question.svg.png “യേശുക്രിസ്തുവിന്റെ ഭാഷ എന്തായിരുന്നു?”

“അരമേയ്ക് ഭാഷ.”

Symbol question.svg.png “വയസ്സു ഏറെയായില്ലേ. സാഹിത്യവാരഫലമെന്ന ഈ കച്ചവടം അങ്ങു നിറുത്തിക്കൂടെ?”

“എനിക്കു പ്രായമേറെയായെങ്കിലും നല്ല ഊര്‍ജ്ജമാണ്. നിങ്ങള്‍ എന്നെ വളിക്കു. നിങ്ങളുടെ വീട്ടിന്റെ മേല്‍ക്കൂര ഒരു കൈകൊണ്ടു ഞാന്‍ ഉയര്‍ത്തിത്തരാം.”

Symbol question.svg.png “എനിക്കു അറുപതുവയസ്സു കഴിഞ്ഞു. സംസ്കൃതം പഠിച്ചാല്‍ കൊള്ളാമെന്നുണ്ടു്. എന്തു ചെയ്യണം ഞാന്‍?”

“വ്യാഖ്യാനത്തോടുകൂടിയ രഘുവംശം വാങ്ങണം. ദിവസവും അഞ്ചുശ്ലോകം വായിക്കണം. വ്യാഖ്യാനവും പഠിക്കണം. അടുത്തദിവസം തുടര്‍ന്നു അഞ്ചുശ്ലോകവും വ്യാഖ്യാനവും. ഇങ്ങനെ ഗ്രന്ഥമാകെ വായിച്ചാല്‍ വായന നിറുത്തരുതു്. വീണ്ടും ആദ്യം തൊട്ടു തുടങ്ങണം. പത്തുതവണ നീങ്ങളിങ്ങനെ വായിച്ചാല്‍ സംസ്കൃതം വശമാകും. പിന്നെ ഏതു സംസ്കൃതശ്ലോകം വായിച്ചാലും അര്‍ത്ഥം മനസ്സിലാകും. ഞാന്‍ ഉപദേശിക്കുകയല്ല. ഞാനും ഇങ്ങനെ രഘുവംശം വായിക്കുന്നവനാണ്.”

Symbol question.svg.png “നിങ്ങളുടെ ചെറുപ്പകാലത്തെ മലയാളഭാഷയും ഇപ്പോഴത്തെ മലയാളഭാഷയും തമ്മില്‍ എന്താണു് വ്യത്യാസം?”

“എന്റെ യൌവനകാലത്തെ ഭാഷ ആശയം വിശദമാക്കിയിരുന്നു. ഇന്നത്തെ ഭാഷ അതു (ആശയം) കഴിയുന്നിടത്തോളം ഒളിച്ചു വയ്ക്കുന്നു..”

Symbol question.svg.png “ഐശ്വര്യറോയിയെ പരിചയപ്പെടാനും അവരോടു സംസാരിക്കാനും എനിക്കു കൊതി. ഞാന്‍ എന്തു ചെയ്യണം?”

“പൂര്‍ണ്ണചന്ദ്രനെ ഭൂമിയില്‍ നിന്നു നോക്കുമ്പോഴാണ് അതു് ആഹ്ലാദാനുഭൂതി നല്കുന്നതു്. രണ്ടര ലക്ഷത്തോളം നാഴിക സഞ്ചരിച്ചു ചന്ദ്രനില്‍ ചെന്നിറങ്ങിയാല്‍ വെളളമില്ലാത്ത, വായുവില്ലാത്ത ആ ഉപഗ്രഹത്തില്‍ വച്ചു മരണം സംഭവിക്കും നിങ്ങള്‍ക്കു്.”

Symbol question.svg.png “നിങ്ങള്‍ക്കു് ഇഷ്ടം കൂടിയ പാശ്ചാത്യ ദാര്‍ശനികനാരു്?”

“ഫ്രഞ്ച് തത്ത്വചിന്തകന്‍ ഷാക്ക് മാറീതങ് (Jacques Maritain 1882–1973) അദ്ദേഹത്തിന്റെ ‘Creative Intuition in Art and Poetry’ എന്ന ഗ്രന്ഥം തിരുവനന്തപുരത്തെ യൂണിവേഴ്സിററി ലൈബ്രറിയിലുണ്ട്. വായിച്ചുനോക്കൂ. ചിന്തയുടെ ഉജ്ജ്വലതകണ്ടു് നിങ്ങള്‍ വിസ്മയനാകും.

ലീബോ (Lipo സാഹിത്യത്തിലെ പേരു് ലീതൈബോ Li Tai Po-Li Pai എന്നും പേരു്. 701–762). ചൈന കണ്ട മഹാകവികളില്‍ അദ്വിതീയനാണു്. അതിമദ്യപനായിരുന്ന അദ്ദേഹം വളളത്തില്‍ സഞ്ചരിക്കുമ്പോള്‍ ചന്ദ്രന്റെ പ്രതിഫലനത്തെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെന്നും അങ്ങനെ മുങ്ങിമരിച്ചെന്നുമാണ് കഥ. ലീബോയുടെ ഒരു മനോഹരമായ കാവ്യം:

After defeating Wu
the soldiers of the
King of Yueh
returned, magnificently
outfitted, with beautiful
girls beside; but now
when I come, I only
see a few cuckoos
flying around.

കോട്ടുവാ

അറുപതു അല്ലെങ്കില്‍ അറുപത്തിയഞ്ചു കൊല്ലം കൊണ്ടു് കേരളം എത്ര മാറിപ്പോയിരിക്കുന്നു. ഞാന്‍ പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്തു കീലിട്ട റോഡുകളേയില്ല. എങ്ങും ചെമ്മണ്ണു പാതകളാണു്. രാജ്യമാകെ റ്റാറിട്ട റോഡുകളുണ്ടാക്കാമെന്നു അന്നു ആരെങ്കിലും പറഞ്ഞാല്‍ പറയുന്നവനെ ഭ്രാന്തനായി കരുതുമായിരുന്നു ആളുകള്‍. വിദ്യുച്ഛക്തിയില്ല. നിലവിളിക്കിന്റെയോ മണ്ണെണ്ണവിളക്കിന്റേയോ അസ്പഷ്ട പ്രകാശത്തിലാണു ഞാന്‍ പാഠപുസ്തകങ്ങല്‍ വായിച്ചതു്. കാറില്ല ഉണ്ടായിരുന്നതു കാളവണ്ടികളും ജട്ക്കകളും. നാഗര്‍കോവിലിലെ പയനീയര്‍ കമ്പനി നടത്തിയ ബസ് സര്‍വീസ് മാത്രം ജനങ്ങള്‍ക്കു ശരണം. അതു മൂന്നു മണിക്കൂറിലൊരിക്കല്‍ ഒരു ബസ് അയയ്ക്കും. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോടു സംസാരിക്കില്ല. മാത്രമല്ല പെണ്‍പിള്ളേരുടെ മുഖത്തു നോക്കില്ല ആണ്‍പിള്ളേര്‍. അമ്മായി – മദര്‍ ഇന്‍ ലാ – മരുമകന്റെ കണ്‍വെട്ടത്തു ചെല്ലാന്‍ പാടില്ല എന്നായിരുന്നു നിയമം. വീട്ടിന്റെ സഹോദരി സഹോദരനോടു സംസാരിക്കില്ല. അവന്റെ മുന്‍പില്‍ച്ചെന്നു നിൽക്കുകയുമില്ല. പക്ഷേ ഇന്നോ? പരിഷ്കാരം വന്ന വരവിനെക്കുറിച്ചു് ഞാനെന്തിനു വായനക്കാരോടു പറയണം? ഞാനൊരു ജങ്ഷനില്‍ ഓട്ടോ കാത്തുനിൽക്കുകയായിരുന്നു. മുന്ന് ആണ്‍കുട്ടികള്‍ ദൂരെ നിന്നുവരുന്നു. സ്കൂട്ടറിലാണു് ഓരോ കുട്ടിയുടെയും ആഗമനം. ഞാന്‍ നിന്നിരുന്ന സ്ഥലത്തു് അവരെത്തിയ ഉടനെ തമിഴ്‌ സിനിമയില്‍ മഹാലക്ഷ്മിയോ പാര്‍വതിയോ ടക് എന്നിറങ്ങിവരുന്നുതുപോലെ ഒരു പെണ്‍കുട്ടി അവരുടെ മുന്‍പില്‍ എങ്ങുനിന്നോ വന്നുനിന്നു. ഓരോ ആണ്‍കുട്ടിയുടെയും കൈപിടിച്ചു കുലുക്കുകയായി അവള്‍. ഒടുവിലത്തെ പയ്യന്റെ കൈ അവള്‍ വളരെ നേരത്തേക്കു മോചിപ്പിച്ചതുമില്ല. ഇതു ഒററപ്പെട്ട സംഭവമല്ല. എനിക്കറിയാവുന്ന ഒരു പെണ്‍കുട്ടി കൂടെപഠിക്കുന്ന ആണ്‍പിള്ളേരെ സ്വന്തം കാറില്‍ കയറ്റി ടൗണാകെ കറങ്ങുന്നു. കോഫിഹൗസിൽ കയറി കാപ്പി കുടിക്കുന്നു എല്ലാവരും. ഇവ അംഗികരിക്കുന്ന റെഡ് കോര്‍പസില്‍സല്ല എന്റെ ചോരയിലുള്ളതു്. ഇതൊക്കെ കാണാനിടവരാതെ കഴിയുന്നതും വേഗം ഈ ഭൂതലം വിട്ടുപോകണമെന്നേ എനിക്കാഗ്രഹമുള്ളു.

എന്റെ കുട്ടിക്കാലത്ത് ബാങ്ക് എന്നു പറയുന്ന സ്ഥാപനം പട്ടണത്തില്‍ ഒന്നോ രണ്ടോ. അവര്‍ കടം കൊടുക്കില്ല. ഡിസ്ക്രെഷനറി പവേഴ്സ് ഉപയോഗിച്ചു് മാനേജര്‍മാര്‍ അന്നു ഓവര്‍ ഡ്രാഫ്ററ് സംഖ്യ നല്കിയിരുന്നില്ല. ഇന്നു് കടം കൊടുക്കുമെന്ന പ്രസ്താവങ്ങള്‍ ഏറെ. അതു് സഹാറാ മരുഭൂമിയിലെ മൃഗതൃഷ്ണ പോലെയാണ്. അടുക്കുന്തോറും അതകലുന്നു. മൃഗതൃഷ്ണ കാണിച്ചു് പാവപ്പെട്ടവരെ ബാങ്കുകള്‍ വട്ടംകറക്കുന്നതെങ്ങനെയെന്നു് അറിയണമെങ്കില്‍ ദേശാഭിമാനി വാരികയില്‍ ശ്രീ. എ. നാസര്‍ എഴുതിയ ‘പൊന്നുകൊണ്ടൊരു കൂട്’ എന്ന കഥ വായിക്കണം. അസ്സാലയിട്ടുണ്ട് ആ വര്‍ണ്ണനം. പക്ഷേ കഥയെന്ന നിലയിലോ? ഇതിനു് ആ പേരിന് – കഥയെന്ന പേരിന് – അര്‍ഹതയില്ല. ഉപന്യാസമെന്ന നിലയില്‍ ഞാനതു വായിച്ചു രസിച്ചു. രണ്ടാമത് കഥയെന്ന നിലയില്‍ വായിച്ചപ്പോള്‍ എനിക്കു കോട്ടുവായിടാനേ നേരമുണ്ടായുള്ളു. എഴുത്തകാര്‍ കഥയെഴുതിയില്ലെങ്കിലും വേണ്ടില്ല വായനക്കാരെ കോട്ടുവായിടീക്കരുതു്.

വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിളള, കേശവദേവ്, പി. സി. കുട്ടികൃഷ്ണന്‍ ഇവരെ കഥകളിലൂടെ നോവലുകളിലൂടെ കേരളീയര്‍ അറിഞ്ഞതുകൊണ്ടു് ഈ സാഹിത്യകാരന്മാര്‍ക്കു് തങ്ങള്‍ ആരൊക്കെയാണെന്നു അറിയാന്‍ കഴിഞ്ഞു.

സമുദായത്തിനു വന്ന മാററം ഞാന്‍ പെരുപ്പിച്ചുവെന്നു പ്രിയപ്പെട്ട വായനക്കാര്‍ക്കു തോന്നുന്നുണ്ടോ? പെരുപ്പിച്ചില്ല എന്നതിനു ഞാന്‍ കൈയോടെ തെളിവു തരാം. ഈ ആഴ്ചത്തെ ഒരു വാരികയില്‍ ഒരു കഥാകാരി എഴുതിയിരിക്കുന്നതു് ഇങ്ങനെ:

“കടുത്ത നാലക്ഷരങ്ങളുപയോഗിച്ച് അവര്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ക്ലബ്ബുടമ പൊലീസിന് ഫോണ്‍ ചെയ്തു. സ്ത്രീ: — നിന്നെ ഫക്ക് ചെയ്യാന്‍ പോലീസ് എത്തുന്നതുവരെ എനിക്കിവിടെ നില്കാനാവില്ല. വേഗം കക്കൂസ് കാണിച്ചു് താ ഇല്ലെങ്കില്‍ ഞാനിവിടം വൃത്തികേടാക്കും.”

കഥാകാരിയുടെ പേരുപറഞ്ഞു അവരുടെ ബന്ധുക്കള്‍ക്കു ഇംബാരസ്മെന്റ് (ആകുലാവസ്ഥ) ഉണ്ടാക്കാന്‍ എനിക്കിഷ്ടമില്ല. അതുകൊണ്ടു് ഞാന്‍ മൌനം അവലംബിക്കുകയാണു്. പക്ഷേ ഒന്നുമാത്രം പറയുന്നു. ‘ഒബ്സീനിററിയും’ ‘സ്കേറ്റൊലജിയും’ ഒരുമിച്ചു ചേര്‍ത്തു വായനക്കാര്‍ക്കു സംസ്കാരലോപമുണ്ടാക്കുന്ന ഈ ഭാഗം എനിക്കു ആകുലാവസ്ഥ ജനിപ്പിച്ചു.

1903 തൊട്ടു പാരീസില്‍ താമസിച്ച ഗര്‍റ്റ്യുഡ് സ്റ്റൈന്‍ എന്ന അമേരിക്കനെഴുത്തുകാരി (Gertrude Stein, 1874–1946) ‘I am, I because my little dog knows me’ എന്നു പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിളള, കേശവദേവ്, പി.സി. കുട്ടിക്കൃഷ്ണന്‍ ഇവരെ കഥകളിലൂടെ നോവലുകളിലൂടെ കേരളീയര്‍ അറിഞ്ഞതുകൊണ്ടു് ഈ സാഹിത്യകാരന്മാര്‍ക്കു് തങ്ങള്‍ ആരൊക്കെയാണെന്നു് അറിയാന്‍ കഴിഞ്ഞു. വായനക്കാര്‍ക്കു് ഈ സാഹിത്യകാരന്മാരോടും സാഹിത്യകാരന്മാര്‍ക്കു വായനക്കാരോടും ‘താദാത്മ്യം’ പ്രാപിക്കാന്‍ പ്രയാസമുണ്ടായില്ല. തകഴിയോ? ചെമ്മീന്‍ എഴുതിയ അദ്ദേഹവും ആ നോവല്‍ വായിച്ച ഞാനും വിഭിന്നരല്ല എന്ന മലയാളി പ്രഖ്യാപിച്ചു. അതിനാല്‍ തകഴി വായനക്കാരനെ സ്നേഹിച്ചു. വായനക്കാരന്‍ തകഴിയെയും. ഇന്നു് അതല്ല സ്ഥിതി. ‘തട്ടക’മെഴുതിയ കേവിലിനെക്കറിച്ചു പറയുമ്പോള്‍ ഏതു വായനക്കാരനാണു് ഞാനും അദ്ദേഹവും ഒന്നാണു് എന്നു സമ്മതിച്ചുതരുന്നതു്? സ്റ്റൈന്‍ പട്ടിക്കുട്ടിയിലൂടെ തന്നെയറിഞ്ഞതുപോലെ കോവിലിന്‍ വായനക്കാരനിലൂടെ തന്നെ അറിയുന്നില്ല. വായനക്കാരനു് അദ്ദേഹവും അന്യനായി തോന്നുന്നു. ഇതാണു് ഇന്നത്തെ സാഹിത്യത്തിന്റെ സവിശേഷത. അതോ ജീര്‍ണ്ണതയോ?