close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 10 24


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 10 24
മുൻലക്കം 1997 10 17
പിൻലക്കം 1997 10 31
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ബ്രസിലിലെ നോവലിസ്‌റ്റ് പൗലോ കുയേൽയു (Paula Coelho) എഴുതിയ “By the Rive Pledra I Sat Down and Wept”(പൈദ്ര നദിയുടെ അടുത്തിരുന്നു ഞാൻ കരഞ്ഞു) എന്ന നോവൽ വായിച്ചു ഞാൻ കലയുടെ ഭംഗിയും ഉത്തേജകത്വത്തിന്റെ ശക്തിയും യഥക്രമം കണ്ടു; അനുഭവിച്ചു. അതിലെ സംഗതമായ ഒരു ഭാഗം:

(പീലാർ (Pilar) എന്ന സ്ത്രീ കഥാപാത്രം പറയുന്നു)

ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ നിന്ന് എന്റെ ഒരു കൈ വിടുവിച്ചു മേശയുടെ അരികിലായി മുന്തിരിച്ചാറു നിറച്ച എന്റെ ഗ്ലാസ്സ് വച്ചു.

“അതു താഴെ വീഴാൻ പോകുകയാണ്” എന്നു അദ്ദേഹം പറഞ്ഞു.

ശരിയാണ്. അങ്ങ് അത് മേശയുടെ അരികിൽ നിന്നു തട്ടിയിടണം’

”ഗ്ലാസ്സ് പൊട്ടിക്കുകയോ?”

“അതേ. ഗ്ലാസ്സ് പൊട്ടിക്കണം.”

ഗ്ലാസ്സ് പൊട്ടിക്കണം, ഗ്ലാസ്സ് പൊട്ടിക്കണം എന്ന് പീലാർ തുടരെത്തുടരെ പറഞ്ഞു. അദ്ദേഹം മേശവിരിപ്പിൽ കൈ തെന്നിച്ച് ഗ്ലാസ്സ് താഴത്തേക്കു തള്ളിയിട്ടു. അതുകണ്ട് പീലാർ പുഞ്ചിരി പൊഴിച്ചു. ഭക്ഷണശാലയിലെ ‘വെയ്‌റ്റർ’ ‘സാരമില്ല’ എന്ന് ഉറക്കെപ്പറഞ്ഞു. പ്രതിരൂപാത്‌കമായ ഈ കൃത്യത്തിന്റെ യഥാർത്ഥ പ്രക്രിയ ഇതിനുശേഷം പീലാർ വർണ്ണിക്കുന്നു: “He took off my clothes and entered me with strength, with fear and with great desire. I ran my hands over his face, heard his moans and thanked God that he was there iside me, making me feel as if it were the first time. We made love all night long” … ഇത്രയും എടുത്തെഴുതിയതുകൊണ്ട് ഈ നോവൽ വൈഷയിക കൗതുകം വളർത്തുന്നതാണെന്ന തെറ്റിദ്ധാരണ പാടില്ല. സവിശേഷമായ തത്ത്വചിന്തയാണ് നോവലിസ്റ്റിനുള്ളത്. ഏതു തരത്തിലുള്ള സ്‌നേഹത്തിലും നമ്മുടെ വികാസത്തിന്റെ ബീജമുണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. നമ്മൾ കൂടുതൽ കൂടുതൽ സ്‌നേഹിക്കുംതോറും അധ്യാത്‌മികാനുഭവത്തോട് അടുത്തു അടുത്ത് വരികായാണ്. അധ്യാത്‌മിക മാർഗ്ഗത്തിലൂടെ സഞ്ചരിക്കണമെങ്കിൽ സ്നേഹത്തിന്റെ ദൈനംദിനാനുഭവം ഉണ്ടായേ തീരൂ.

പീലാറും അയാളും കുട്ടികളായ്രിക്കുമ്പോൾത്തന്നെ ഒരുമുച്ചു കഴിഞ്ഞുകൂടി. സോറിയയ്‌ക്കപ്പുറമായി (സോറിയ)സ്‌പെയിനിലെ ഒരു പ്രദേശം)തന്റെ സ്വപ്‌നങ്ങൾ കിടക്കുന്നുവെന്നു പറഞ്ഞു നാടുവിട്ടുപോയി അയാൾ. വർഷങ്ങൾ കഴിഞ്ഞു. കൂട്ടുകാരനെക്കുറിച്ച് പീലാറിന് ഒരറിവുമില്ല. പിന്നെയും വർഷങ്ങൾ കടന്നുപോയി. വല്ലപ്പോഴും അയാൾ അവൾക്കു കത്ത് അയസാരാഗോസയിലേക്കു പോന്നു. (സാരാഗോസ=സ്‌പെയിനിലെ പട്ടണം) കൂട്ടുകാരന്റെ കത്തുകളിൽ ഈശ്വരനെക്കുറിച്ചേ പരാമർശമുണ്ടായിരുന്നുള്ളൂ. സെമ്‌നാരിയിൽ-യുവാക്കന്മാരായ വൈദികരെ പഠിപ്പിക്കുന്ന മതപാഠശാലയിൽ- പ്രവേശിച്ചു ജീവിതം മുഴുവൻ പ്രാർത്ഥനയിൽ കഴിയണമെന്ന ആഗ്രഹം അയാൾ കത്തിലൂടെ പ്രകടിപ്പിച്ചു. പന്ത്രണ്ടുവർഷം അങ്ങനെ കഴിഞ്ഞു. ഒരു ദിവസം അയാൾ അവളെ അറിയിച്ചു താൻ മാഡ്രിഡിൽ പ്രഭാഷണം നിർവഹിക്കുന്നുവെന്ന്. അവളെ അങ്ങോട്ട് അയാൾ ക്ഷണിക്കുകയും ചെയ്തു. അന്യോന്യം പരിചയമുണ്ടായിരുന്നപ്പോൾ, കൂട്ടുകൂടി നടന്നപ്പോൾ അവൾക്ക് പതിനേഴു വയസ്സ്. മാഡ്രിഡിൽ അയാളുടെ പ്രഭാഷണ കേൾക്കാൻ ചെന്നപ്പോൾ അവൾക്ക് ഇരുപത്തിയൊമ്പതു വയസ്സ്.

അവൾ അയാളുടെ നൂതന തത്ത്വചിന്തയെന്തെന്നു മനസ്സിലാക്കി. മഹനീയങ്ങളായ മതങ്ങളെല്ലാം പുരുഷത്വമാർന്നവയാണ്. പുരുഷൻ നിയമങ്ങൾ നിർമ്മിക്കുന്നു;സ്വമതനിഷ്ഠയുണ്ട് പുരുഷന്. പുരോഹിതൻ പുരുഷനാണ്. അയാളാകട്ടെ ഈശ്വരന്റെ സ്ത്രൈണവശത്തിൽ വിശ്വസിക്കുന്നു. ഇംഗ്ലീഷിൽ Other എന്ന അംശത്തെ തന്നിൽ നിന്നു നിഷ്കാസനം ചെയ്തു. അതോടെ ഐശ്വരശക്തി പ്രവർത്തിച്ചു തുടങ്ങി. തന്നെ സമീപിക്കുന്നവരുടെ രോഗം ഭേദമാക്കാനുള്ള ശക്തി അയാൾക്കു ലഭിച്ചു.

യേശുദേവന്റെ മാതാവായ മേരിയെയാണ് അയാൾ ഉപാസിക്കുന്നത്. മേരി ഈശ്വരനെ ഭൂമിയിലേക്കു കൊണ്ടുവന്നു. അവർ മഹാമാതാവായി. മേരിയാണ് ഈശ്വരന്റെ സ്ത്രൈണഭാവം. അതിൽ അയാൾക്കു ദൃഢ വിശ്വാസമുണ്ട്. വിശ്വാസത്തിന്റെ അളവ് ഒരു മണൽത്തരി മാത്രമാകട്ടെ. അതു മാമലകളെ ചലനം കൊള്ളിക്കും. അയാൾ കുടിക്കും. പുകവലിക്കും എങ്കിലും അധ്യാത്മികത്ത്വത്തിന്റെ അഹ്വാനം കേട്ട് അതിലേക്കു തന്നെ പോകും. ആധ്യത്മിക ജീവിതം വേണമെങ്കിൽ സെമ്നാരിയിൽ ചേരേണ്ടതില്ല. വ്രതമനുഷ്ടിക്കേണ്ടതില്ല. ചാരിത്രത്തിനുവേണ്ടി ശപഥം ചെയ്യേണ്ടതില്ല. വിശ്വാസം മാത്രം മതി. ഈശ്വരനെ സ്വീകരിച്ചാൽ മാത്രം മതി.

അയാൾ അവളെ പിനറീസ് പർവ്വത പംക്തികളിലൂടെ കൊണ്ടു നടന്നു. ഭൗതിക ജീവിതം നയിച്ചുകൊണ്ട് അവർ ആധ്യാത്മിക ജീവിതം സാക്ഷാത്കരിച്ചു. അവളുടെ അനുഭവങ്ങളെ വരമൊഴിയിലാക്കാൻ ഒരു സ്ത്രീയിൽ നിന്ന് ഉപദേശമുണ്ടായി. അവൾ പൈദ്ര നദീതീരത്തിരുന്ന് ജീവിതാനുഭവങ്ങൾ എഴുതി. എഴുതിക്കഴിഞ്ഞാൽ അവളത് നദിയിലേക്ക് എറിയും. തീ എഴുതിയത് എല്ലാം നദീജലം ഇല്ലാതാക്കും.

മേരി എന്ന ദേവത ഇനി അവരുടെ മാർഗ്ഗം കാണിച്ചുകൊടുക്കും. പൈദ്ര നദിയുടെ തീരത്തിരുന്ന് കരഞ്ഞുകൊണ്ടിരുന്ന പീലാറിനെ അയാൾ പിടിച്ചെഴുന്നേൽപ്പിച്ചു. അവർ രണ്ടുപേരും കന്യാമറിയത്തിന്റെ ഗർഭധാരണത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിൽ വിശ്വസിച്ച് ഈശ്വരന്റെ സ്ത്രൈണമുഖത്തെ ദർശിക്കാൻ ഒരുമ്പെടുമ്പോൾ നോവൽ അവസാനിക്കുന്നു.

നോവലിസ്റ്റിന്റെ തത്വചിന്തയിൽ അഭിരമിക്കാൻ വയ്യാത്തവർക്കും അതിന്റെ ആവിഷ്കാരത്തിന്റെ ചാരുത നിഷേധിക്കൻ വയ്യ. അത്ര കണ്ട് ചലനാത്മകമാണിത്. ആ ആഖ്യാനപ്രവാഹത്തിലൂടെ ഒഴുകുന്ന വായനക്കാരൻ കലയുടെ മാന്ത്രിക പ്രഭാവത്തിന് വിധേയനായിപ്പോകും.

if I forgot you, O Jerusalem
let my right hand forgets its skill
Let my tongue cling to the roof of my mouth
if I do not exalt Jerusalem

നോവലിസ്റ്റിന്റെ വലതുകൈ കലാവൈദഗ്ദ്ധ്യം മറക്കുന്നില്ല. കന്യാമറിയത്തെ വാഴ്ത്തുന്ന അദ്ദേഹത്തിന്റെ രസന ഉത്കൃഷ്ടമായ കലയെയും വാഴ്ത്തുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png ദേഷ്യമോ വെറുപ്പോ,നിങ്ങൾക്ക് സാഹിത്യ വാരഫലമെഴുതുമ്പോൾ?

ദേഷ്യം പെട്ടെന്ന് ആക്രമിക്കുന്ന വികാരമാണ്. വെറുപ്പ് അങ്കരാവസ്ഥയിൽ ഇരുന്ന് ക്രമേണ വൈപുല്യമാർജ്ജിക്കുന്ന വികാരം. ദേഷ്യം വന്നപോലെ പോകും. വെറുപ്പ് ഒരിക്കലുണ്ടായാൽ പിന്നെ പോകില്ല. വിശേഷിച്ചും സ്ത്രീകൾക്ക്. കോളമെഴുതുമ്പോൾ എനിക്ക് രണ്ടുവികാരവുമില്ല. നിത്യജീവിതത്തിൽ ഞാൻ ദേഷ്യക്കാരനായിരുന്നു. ഇപ്പോൾ അതില്ല.

Symbol question.svg.png സാഹിത്യവാരഫലം എന്ന് നിരുത്തും?

കടുവയുടെ പുറത്ത് കയറിയവന് താഴെയിറങ്ങാൻ പേടി എന്ന് പഴഞ്ചൊല്ല്. അതുകൊണ്ട് ഞാൻ അനവരതം കടുവാപ്പുറത്ത് സഞ്ചരിച്ചുകൊണ്ടിരിക്കും.

Symbol question.svg.png അച്ഛനും പ്രായമായ മകനും തമ്മിൽ സ്വരച്ചേർച്ചയില്ലാത്തത് എന്തുകൊണ്ട്?

റൂസ്സോ പറഞ്ഞതു പറയാം. മകൻ കൊച്ചുകുഞ്ഞായിരിക്കുമ്പോൾ അച്ഛനെ ബഹുമാനിക്കും, അനുസരിക്കും. മകൻ പ്രായമെത്തി അച്ഛനു തുല്യനാവുമ്പോൾ അവന് അച്ഛനോട് ബഹുമാനം മാത്രമേ കാണൂ. അവൻ തന്തയെ അനുസരിക്കില്ല.

Symbol question.svg.png സദസ്സിന്റെ കരഘോഷം ഉണ്ടാകുമ്പോൾ പ്രാസംഗികൻ സന്തോഷിക്കാറില്ലേ?

പ്രാസംഗികൻ എന്ന പ്രയോഗം തെറ്റ്. പ്രഭാഷകൻ ആഹ്ലാദിക്കാറുണ്ട്, കൈയടി കേൾക്കുമ്പോൾ. പക്ഷേ ആ കൈയടിയും പ്രഭാഷകന്റെ ആഹ്ലാദവും പുച്ഛമേ ഉളവാക്കൂ, ധിഷണാശാലികൾക്ക്. ക്ഷുദ്രങ്ങളായ ആശയങ്ങൾ വാചാലതയോടെ ആവിഷ്ക്കരിക്കുമ്പോഴാണ് ബഹുജനം കൈയടിക്കുന്നത്. ഡോക്ടർ എസ്. രാധാകൃഷ്ണന്റെ അത്യുജ്ജ്വലമായ പ്രഭാഷണത്തിനിടയിൽ ആരും കൈയടിച്ചിട്ടില്ല.

Symbol question.svg.png നാല്പതുവയസ്സു കഴിഞ്ഞവനെ വെടിവച്ച് കൊല്ലണമെന്ന അഭിപ്രായം ശരിയോ?

അങ്ങനെ ആളുകളെ കൊന്നാൽ പേരക്കുട്ടികൾക്ക് മുത്തച്ഛനും മുത്തശ്ശിയും കാണുമോ? അച്ഛനമ്മമാരെക്കാൾ പേരക്കുട്ടികളുടെ ആഗ്രഹങ്ങൾക്ക് സാഫല്യം വരുത്തുന്നവർ മുത്തച്ഛനും മുത്തശ്ശിയും ആണ്.

സ്വതന്ത്രസംയോഗം

പൂർവ്വകവികളുടെ സംഗീതോപകരണങ്ങൾ എടുത്ത് അവയിലെ തന്ത്രികൾ സ്പന്ദിപ്പിച്ച് മൗലീകവും, മനോഹരവുമായ നൂതന നാദം കേൾപ്പിച്ച കവിയാണ് വള്ളത്തോൾ

ഞരമ്പുരോഗം ബാധിച്ചവരെ സ്സീക്ക്മൂന്റ് ഫ്രോയിറ്റ് ഹിപ്നോസിസ് – മോഹനിദ്ര – പ്രയോഗിച്ച് ചികിത്സിച്ചുകൊണ്ടിരുന്നപ്പോഴാണ് ‘Free association’ -സ്വതന്ത്ര സംയോഗം – എന്നത് കണ്ടുപിടിച്ചത്. ഒരു ബാഹ്യ പ്രേരണയുമില്ലാതെ രോഗികൾ അനിച്ഛാപൂർവ്വകമായി പറയുന്ന വാക്കുകൾ, അവരുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും വ്യക്തമാക്കിത്തരും എന്ന് ഫ്രോയിറ്റ് മനസ്സിലാക്കി. ഈ വാക്കുകൾ അബോധമനസ്സിലേക്കുള്ള രാജരഥ്യയാണെന്നും അദ്ദേഹം കണ്ടുപിടിച്ചു. രോഗി ഒരു തടസ്സവും നിയന്ത്രണവും കൂടാതെ വാക്കുകളും വിചാരങ്ങളും പറയണം. ഫ്രോയിറ്റ്, ലണ്ടൻ എന്നു പറഞ്ഞാൽ രോഗിക്ക് ലൈംഗിക വേഴ്ച എന്നാവും തോന്നുക. അങ്ങനെ തോന്നിയാൽ അത് ഡോക്ടറോട് പറയാമോ എന്ന് രോഗി വിചാരിക്കരുത്. ഉടനെ ’ലൈംഗികവേഴ്ച’ എന്നു തന്നെ പറയണം അയാൾ. ഇങ്ങനെ രോഗി നിയന്ത്രണങ്ങളൊന്നും കൂടാതെ പറയുന്ന വാക്കുകൾ, വിചാരങ്ങൾ ഇവയിൽ നിന്ന് ഡോക്ടർ രോഗകാരണം കണ്ടു പിടിക്കും. ഇതാണ് ‘Free association’. ഫ്രോയിറ്റിന്റെ സഹായം കൂടാതെ ഞാൻ സ്വയം ഒരു പരീക്ഷണം നടത്തി. പട്ടി എന്നു ഞാൻ ഉറക്കെപ്പറഞ്ഞു. ഉടനെ പേപ്പട്ടിവിഷം എന്ന് എന്റെ മനസ്സിൽ വന്നു. കാലിലെ വ്രണം എന്നു മനസ്സിൽ. നായുടെ കാൽ എന്ന് ഉറക്കെ. മൈൽക്കുറ്റി എന്ന് മനസ്സിൽ.

ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പെടുത്ത് ബോണി തോമസ്സിന്റെ ’കോച്ച‘ എന്ന കഥ എന്നുറക്കെ, ഉടനെ മനസ്സിൽ വന്ന വാക്ക് ജുഗുപ്സാവഹം എന്നാണ്. ‘കോച്ച’ എന്ന ജൂതൻ കഥ പറയുന്നയാളിന്റെ നാട്ടിൽ വരുന്നു. മുട്ട വിറ്റും കോഴികളെ വിറ്റും അയാൾ ജീവിച്ചത്രേ. കൂട്ടിലടച്ച തത്തയുമുണ്ട് അയാൾക്ക്. ഇസ്രായേൽ രാഷ്ട്രം രൂപം കൊണ്ടപ്പോൾ ‘ആർത്തനും അവശനും ആലംബഹീനനും’ ആയ അയാളങ്ങ് അപ്രത്യക്ഷനായി. കലാപ്രക്രിയ എന്ന പേരിൽ നടത്തുന്ന ഒരു ഹിംസാത്മക പരിപാടിയാണിത്. ‘Suit the action to the word the word to the action’ എന്ന് ഷേക്സ്പിയറും, ‘Words are also actions, and actions are a kind of words’ എന്ന് എമേഴ്സണും പറഞ്ഞിട്ടുണ്ട്. നമ്മുടെ കഥയെഴുത്തുകാർ ഈ വാക്യങ്ങൾ ഓർമ്മിക്കുന്നത് നന്ന്.

ഭാഗ്യക്കേടുകൾ

ജീവിതം ദൗർഭാഗ്യങ്ങളുടെ സമുച്ചയമാണെന്ന് ഞാൻ പറഞ്ഞിട്ടു വേണ്ട വായനക്കാർക്ക് മനസ്സിലാക്കാൻ. കാലത്തെഴുന്നേറ്റ്, ഗേറ്റിൽ തലേദിവസം തൂക്കിയിട്ട പ്ലാസ്റ്റിക് സഞ്ചിയിൽ പാൽക്കാരൻ പയ്യൻ കാലത്ത് ഇട്ടിട്ടുപോയ പാൽക്കവർ എടുക്കാൻ തിടുക്കത്തിൽ ചെല്ലുമ്പോൾ ഒഴിഞ്ഞ സഞ്ചി കാണുന്നു. പാല് കൊണ്ടു വന്നില്ലെന്നു വിചാരിച്ച് പയ്യനെ കാത്തുന്നിൽക്കുമ്പൊൾ അയാൾ ആ വഴിക്കു പോകുന്നു. ‘സാറേ, ഞാൻ മൂന്നുകവർ പാല് കാലത്ത് അഞ്ചരമണിക്കേ ഇട്ടതാണ്. ആരോ മോഷ്ടിച്ചുകൊണ്ടു പോയതായിരിക്കും. ഇനി എന്റെ കൈയിൽ പാലില്ല.’

എന്ന് അയാൾ പറയുന്നു. നിരാശതയോടേ വീട്ടിലേക്ക് തിരിച്ച് കയറുമ്പോൾ പതിവായി വരുത്തുന്ന പത്രത്തിന് പകരം ഞാനിഷ്ടപ്പെടാത്ത പത്രം ഇട്ടിരിക്കുന്നതു കാണുന്നു. എന്തായാലും അതു വായിക്കാമെന്നു വിചാരിച്ച് പത്രം കുനിഞ്ഞെടുത്തിട്ട്, നിവരുമ്പോൾ റോസാച്ചെടിയുടെ മുള്ളിൽ ഷർട്ട് ഉടക്കി അതുകീറുന്നു. ഒരുതരത്തിൽ അതു വിടുവിച്ച് മുറിയിലേക്ക് പോരുമ്പോൾ കയറ്റുപായുടെ ഒരറ്റം ഉയർന്നുനിൽക്കുന്നതിൽ കാൽ തട്ടി താഴെ വീഴുന്നു ഞാൻ. വീഴുന്നതോടൊപ്പം പ്ലാസ്റ്റിക്ക് പൂക്കൾ വച്ചിരുന്ന സ്ഫടിക ഭാജനവും ഞാൻ തട്ടിയിട്ട് ഉടയ്ക്കുന്നു. ഒരു വിധത്തിൽ എഴുന്നേറ്റ് ചാരുകസേരയിൽ വന്നിരുന്ന് ഇഷ്ടപ്പെടാത്ത പത്രം വായിക്കുമ്പോൾ ടെലിഫോൺ മണിനാദം. പത്രം ദൂരെയെറിഞ്ഞ് ഫോണിനടുത്തു ചെന്ന് റിസീവറെടുത്ത് കാതിൽ വയ്ക്കുമ്പോൾ ‘മത്തായി, ഇന്നലെ വരാമെന്നു പറഞ്ഞിട്ട് വന്നില്ലല്ലോ’എന്ന് മൊഴിയാടൽ. ‘റോങ് നമ്പർ. ഇതു മത്തായിയുടെ വീടല്ല.’ എന്നു ഞാൻ പറയുമ്പോൾ ‘പിന്നെ ഏതു വീട്?’ എന്ന ചോദ്യം വരുന്നു. ‘കൃഷ്ണൻ നായർ സംസാരിക്കുന്നു.’ എന്ന എന്റെ മറുപടി കേട്ട് റിസീവർ താഴെ വയ്ക്കാതെ വിളിച്ചയാൾ വിണ്ടും ചോദിക്കുന്നു, ‘മത്തായിയുടെ വീടല്ലേ?, വായനക്കാരേ ഞാൻ ഇനി അധികം പറയുന്നില്ല. ദിനപ്പത്രത്തിൽ ഒന്നു കണ്ണോടിച്ചിട്ട് മലയാളം വാരികയെടുക്കുന്നു ഞാൻ. ശ്രീ. അംബികാസുതൻ മങ്ങാടിന്റെ ‘പരീക്ഷിത്തിന്റെ അവസാനം’ എന്ന ചെറുകഥ വായിക്കുന്നു. വേറെയൊരു ദൗർഭാഗ്യം. എസ്. എസ്. എൽ. സി. പരീക്ഷ എഴുതാൻ പോയ കുട്ടി അച്ഛനമ്മമാർ ഏറെ ക്ലേശിപ്പിച്ചതിന്റെ ഫലമായി ഹോളിൽ തലകറങ്ങി വീഴുന്നു. വൈകുന്നേരം വീട്ടിലെത്തിയ അവനെ അവർ വീണ്ടും പീഡിപ്പിക്കുന്നു. ഗത്യന്തരമില്ലാതെ അവൻ ഷേവിങ് ബ്ലൈഡ് കൊണ്ട് മുറിവുണ്ടാക്കി ആത്മഹനനം നടത്തുന്നു. കുട്ടികളെ വിദ്യാഭ്യാസത്തിന്റെ പേരിൽ വല്ലാതെ ക്ലേശിപ്പിക്കുന്ന മാതാപിതാക്കന്മാരുടെ നേർക്കുള്ള ഉപാലംഭമാണ് ഇക്കഥ. അംബികാസുതന്റെ ‘മൗത്പീസാ’യി - വക്കീലായി - ചില കഥാപാത്രങ്ങൾ ഇതിലുണ്ട് എന്നല്ലാതെ എന്തുപറയാനാണ്? കലാസൗഭഗം നാലയലത്തുപോലും പോയിട്ടില്ലാത്ത ഒരു ‘ബീഭത്സത’. വായനക്കാർക്ക് എന്റെ വിമർശനം മുഷിപ്പ് ഉണ്ടാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഞാനല്ല അതിന് കാരണക്കാരൻ എന്ന് വിനയപൂർവ്വം അറിയിക്കട്ടെ. റ്റീഡിയം - വൈരസ്യം - ജനിപ്പിക്കുന്ന ഇത്തരം കഥകൾ കഴിഞ്ഞ ഇരുപത്തിയേഴു കൊല്ലമായി ഞാൻ വായിക്കുന്നു. എനിക്കുണ്ടായ മുഷിപ്പ് വായനക്കാർക്ക് പകർന്നു തരികയാണ്. കഥാകാരന്മാരാണ് കുറ്റക്കാർ.

* * *

റ്റെയോഡോർ ആഡോർനോയുടെ (Theodor Adorno, 1903 – 1969, German philosopher and music critic) ‘Aesthetic Theory’ എന്ന നിസ്തുല ഗ്രന്ഥം ഞാൻ പല പരിവൃത്തി വായിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം aesthetic truth, pilosophical truth എന്ന് സത്യത്തെ രണ്ടായി തരം തിരിക്കുന്നു (ഓർമ്മയിൽ നിന്ന് എഴുതുന്നത്). Sociological truth എന്നൊരു വിഭാഗം കൂടിയുണ്ടെങ്കിൽ മുകളിലെഴുതിയ കഥയ്ക്ക് ആ അംശം കൂടുതലായി ഉണ്ടെന്ന് സമ്മതിക്കാം. ഈ സത്യത്തിന് - സാമൂഹിക സത്യത്തിന് - കലാത്മകതയില്ല. നമ്മുടെ വാരികകളിൽ വരുന്ന പല കഥകളുടേയും സ്ഥിതി ഇതാണ്.

മോചനം

കലയെ സമൂഹത്തെസ്സംബന്ധിച്ച സത്യങ്ങളിലേക്ക് താഴ്ത്തിക്കൊണ്ടു വന്നാൽ കല ഇല്ലാതാകും. ഈ സത്യം നമ്മുടെ പല കലാകാരന്മാരും മനസ്സിലാക്കിയിട്ടില്ല.

ലാറ്റിനമേരിക്കൻ കഥാകാരൻ ബോർഹേസ് ബ്വേനസ് അറീസിന്റെ (Buenos Aires) പടിഞ്ഞാറു ഭാഗത്തുള്ള ഒരു ചെറിയ പബ്ലിക്ക് ലൈബ്രറിയിൽ ജോലി നോക്കിയിരുന്നു. ചെറിയ ശമ്പളം വാങ്ങിക്കൊണ്ട് ഒൻപതു കൊല്ലമാണ് അദ്ദേഹം അവിടെ കഴിഞ്ഞുകൂടിയത്. യാതന നിറഞ്ഞ ജീവിതം. സഹപ്രവർത്തകർ മാന്യതയില്ലാത്തവർ. തടവറ തന്നെയായിരുന്നു ബോർഹേസിന് ആ ലൈബ്രറി. അതുകൊണ്ട് അദ്ദേഹം ഭാവന കൊണ്ട് അവസാനമില്ലാത്ത ഒരു ലൈബ്രറി നിർമ്മിച്ചു. അതാണ് അദ്ദേഹത്തിന്റെ ‘The Library of Babel’ എന്ന പ്രഖ്യാതമായ കഥ. ആ രചന ബോർഹേസ്സിന് അനല്പമായ ആഹ്ലാദം നൽകി. പാരതന്ത്ര്യത്തിന്റെ ദുഃഖം ശ്രീ. ജിജോ സിറിയാക് അനുഭവിക്കുന്നുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ. ഏതായാലും ദേശാഭിമാനി വാരികയിൽ ‘പനി’ എന്ന കഥ എഴുതിയതോടെ അദ്ദേഹം ആഹ്ലാദാനുഭൂതിക്ക് വിധേയനായിരിക്കണമെന്ന് ഞാൻ വിചാരിക്കുന്നു. രോഗത്തിന്റെ തടവറയിലാണ് ബ്രദർ സൈമൺ. അവിടെയുള്ള മറ്റു ‘ബ്രദേർസും’ തടവറകളിൽ തന്നെ. ഒരാൾ അവിടെ നിന്ന് രക്ഷനേടി. കൂട്ടിലടച്ച മുയലുകളെ തുറന്നുവിട്ട് സൈമണും പരസ്ഥാനകല്പിതമായ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദം അനുഭവിക്കുന്നു. കഥാസന്ദർഭത്തിൽ നിന്ന് കല സൃഷ്ടിക്കാനുള്ള യത്നത്തിൽ കഥാകാരൻ ഏതാണ്ട് വിജയം വരിച്ചിരിക്കുന്നു.

* * *

കലയെ സമൂഹത്തെസ്സംബന്ധിച്ച സത്യത്തിലേക്ക് താഴ്ത്തിക്കൊണ്ടു വന്നാൽ കല ഇല്ലാതാകും. ഈ സത്യം നമ്മുടെ കഥാകാരന്മാരും മനസ്സിലാക്കിയിട്ടില്ല. ജിജോ സിറിയാക് അതു മനസ്സിലാക്കിയല്ലോ. ഭാഗ്യം.

വിവിധ വിഷയങ്ങൾ

1) വള്ളത്തോൾ അസുലഭസിദ്ധിയുള്ള കവിയാണ്. അദ്ദ്ദേഹത്തെ ചിലർ നിന്ദിക്കുന്നു. വേറേ ചിലർ അവഗണിക്കുന്നു. മറ്റു ചിലർ അദ്ദേഹം കവിയേ അല്ല എന്ന് ഉദ്ഘോഷിക്കുന്നു. ഇതു നമ്മുടെ സംസ്കാരലോപത്തെയാണ് കാണിക്കുന്നത്. പൂർവ കവികളുടെ സംഗീതോപകരണങ്ങൾ എടുത്ത് അവയിലെ തന്ത്രികൾ സ്പന്ദിപ്പിച്ച് മൗലികവും മനോഹരവുമായ നൂതന നാദം കേൾപ്പിച്ച കവിയാണ് വള്ളത്തോൾ. ഭാവനയുടെ അഗ്നി ആയസതുല്യങ്ങളായ പദങ്ങളിലേക്ക് അവയെ ധവളോജ്ജ്വലങ്ങളാക്കിയ കവിയാണ് വള്ളത്തോൾ.

ഭൃംഗസ്ഫുരന്മഷി മുകർന്ന ദൃഗബ്ജപത്രം
മംഗല്യകച്ചരടു മാത്രമിയന്ന കണ്ഠം
തുംഗസ്തനത്തിൽ നവ ചന്ദന ചർച്ചഃ കാഞ്ചി
സംഗ പ്രഭോദയമടുത്ത നിതംബബിംബം

ഏകാന്തത്തിലിരുന്ന് ഇത് ഉറക്കെച്ചൊല്ലിനോക്കൂ. ചൊല്ലുന്നയാൾ സഹൃദയനാണെങ്കിൽ പുളകപ്രസരം അനുഭവിക്കും.

2) പർഷൻ (Persian) കവി സാദീ തന്നെക്കുറിച്ചു പറഞ്ഞ ഒരു സംഭവം. സാദീ കുഞ്ഞായിരുന്നപ്പോൾ പ്രാർത്ഥിച്ച് അച്ഛനോടൊപ്പം ഇരിക്കുകയായിരുന്നു. അവന്റെ മടിയിൽ വിശ്ശുദ്ധ ഖുറാൻ. ആ മുറിയിലുള്ളവർ പ്രാർത്ഥനയിൽ ചേരാതെ സുഖമായി ഉറങ്ങി.

അതുകണ്ട് സാദീ അച്ഛനോടു പറഞ്ഞു
എല്ലാവരും ഉറങ്ങുന്നു അവർ പ്രാർത്ഥിക്കാനായി കണ്ണൂ തുറക്കുന്നതു പോലുമില്ല. മരിച്ച മട്ടിലാണ് അവർ കിടക്കുന്നത്.
ഇതുകേട്ട് സാദീയുടെ അച്ഛൻ പറഞ്ഞു
മോനേ പരദൂഷണം നടത്താതെ നീയും ഇവരെപ്പോലെ ഉറങ്ങുകയായിരുന്നു നല്ലത്.

സാദീയുടെ അച്ഛൻ പറഞ്ഞ വാക്കുകൾ നമ്മുടെ സാഹിത്യകാരന്മാർ കാർഡ്ബോർഡിൽ ഇൻഡ്യൻ ഇങ്ക് കൊണ്ട് എഴുതി മേശപ്പുറത്ത് വയ്ക്കുകയും, എപ്പോഴും അതിൽ കണ്ണോടിക്കുകയും, ആ ഉപദേശമനുസരിച്ച് പ്രവർത്തിക്കുകയും വേണം.

3) ആധുനിക കവികളെയും നവീന കവികളെയും (ആധുനികം=ഇപ്പോഴുള്ളത്. നവീനം=പുതിയത്) വിമർശിക്കുമ്പോഴും ഒരു സത്യം ഇതെഴുതുന്ന ആളിന്റെ മുൻപിലുണ്ട്. വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ. ഈ കവികൾ പ്രകാശിപ്പിച്ചത് പാരമ്പര്യം കൊണ്ട് അവർക്കു കിട്ടിയ വ്യക്‌തിത്വത്തെയാണ്. അതിനാലാണ് മൂന്നുപേരുടെയും കവിതയ്ക്കു വിഭിന്നതകളുണ്ടെങ്കിലും ഒരു സ്വർണ്ണനൂൽ തന്നെ അവയെ കൂട്ടിയണക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മൂന്നുപേരും ഒരേ സൗധത്തിൽ താമസിക്കുന്നു. ആർക്കും അവിടെ അനുമതി കൂടാതെ കടന്നു ചെല്ലാം. ആധുനിക കവികൾക്കും,നവീനകവികൾക്കും പാരമ്പര്യാധിഷ്ഠിതമായ വ്യക്തിത്വമില്ല. ഓരോ കവിക്കും സ്വന്തമായ ഭയവും നിരാശതയുമാണ്. അതിനാൽ വിഭിന്ന വ്യക്തിത്വങ്ങൾ അവർക്ക്. ആധുനിക കവികളുടെയും നവീന കവികളുടെയും കവിതകൾ വിഭിന്നങ്ങളായിരിക്കുന്നത് അതിനാലാണ്. അവർ ഒരു കെട്ടിടത്തിലല്ല വെവ്വേറെ പാർപ്പിടങ്ങളിലാണ് താമസിക്കുന്നത്.

നാട്യം

പുരുഷന്മാർക്കു താമസിക്കാൻ ഒരു കൂട്ടം കുടിലുകൾ. അവിടെ നിന്ന് രാത്രിയിൽ പുരുഷൻ നെട്ടോട്ടം നിർവഹിച്ചാലും നേരം വെളുക്കുന്നതുവരെ ചെന്നു ചേരാൻ വയ്യാത്ത ദൂരത്തിൽ സ്ത്രീകളുടെ കുടിലുകൾ. മഹാത്മാഗാന്ധി രാത്രി അവിടെയൊക്ക്ക്കെ പരിശോധിക്കും. അപ്പോൾ സ്ത്രീകൾ താമസിക്കുന്നതിനടുത്ത് ഒരു ശിഷ്യൻ മലർന്നടിച്ച് കിടന്നുറങ്ങുന്നത് കാണും. ഗാന്ധിജി ദൂരെ നിന്നു വരുന്ന്തു കണ്ടാൽ ഉറക്കം അഭിനയിച്ച് അയാൾ കൂടുതലായി കണ്ണുകൾ ഇറുക്കിയടക്കും. ഗാന്ധിജി അയാളുടെ അടുത്തെത്തി കൂടെയുള്ള ആളിനോടു പറയും. “This fello sleeps in a forbiddene place. Get up” മഹാത്മജി അയാളെ പിടിച്ചു കുലുക്കും. കണ്ണുതിരുമ്മി നിരപരാധിയെപ്പോലെ ശിഷ്യൻ എഴുന്നേറ്റിരിക്കും. ഇങ്ങനെ പലതവണ അദ്ദേഹം ആ നാട്യക്കാരനെ പുരുഷന്മാരുടെ പാർപ്പിടങ്ങളിലേക്കു പറഞ്ഞയച്ചിട്ടുണ്ട്. ജീവനുള്ളവൻ ശവമാണെന്നു കാണിക്കുന്ന വിദ്യയാണ് ശിഷ്യന്റേത്.

ഞാൻ രണ്ടുദിവസം മുൻപ് പാതയിലൂടെ വീട്ടിലേക്ക് പോരുമ്പോൾ ഒരു തത്തക്കുഞ്ഞ് വഴിയിൽ ചത്തു കിടക്കുന്നതു കണ്ടു. പെട്ടെന്ന് അതിന്റെ കൊച്ചു ചിറക് അനങ്ങി. ജീവനുണ്ടല്ലോ എന്നു കരുതി ഞാൻ ഓടിച്ചെന്നു. ചിറകിന്റെ അടിയിൽ ഒരെലിക്കുഞ്ഞ് വന്നിരുന്ന് അതിനെ ഉയർത്തുകയായിരുന്നു. എലിയുടെ പ്രവൃത്തിയാണ് തത്തക്കുഞ്ഞിനു ജീവനുണ്ടെന്ന് എനിക്കു തോന്നിച്ചത്. ശ്രീ. നൂറനാട് ഹനീഫ് കുങ്കുമം വാരികയിലെഴുതിയ ‘ഇവിടെ തണൽമങ്ങളില്ല’ എന്ന കഥ ചത്ത പക്ഷിയാണ്. കഥാകാരൻ അതിന്റെ ചിറകു വാക്കുകൾ കൊണ്ട് അനക്കാൻ ശ്രമിക്കുന്നു. എങ്കിലും ജീവനില്ലാത്ത പക്ഷി ശവം മാത്രമല്ലേ. ഭാര്യയും ഭർത്താവും. അനപത്യതയുടെ ദുഃഖത്തോടുകൂടി ഭർത്താവ് മരിക്കുന്നു പോലും. കഥസാഹിത്യം വികസിച്ച ഇങ്ങനെയുമൊരു ജീവൻപോയ കഥാവിഹംഗമം!