ഹരിറാം ഭാട്ടിയായുടെ കോമാളികൾ
ഹരിറാം ഭാട്ടിയായുടെ കോമാളികൾ | |
---|---|
ഗ്രന്ഥകർത്താവ് | അയ്മനം ജോൺ |
മൂലകൃതി | ഒന്നാം പാഠം ബഹിരാകാശം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
വര്‍ഷം |
2014 |
ഹരിറാം ഭാട്ടിയായുടെ ‘വണ്ടര്‍ലാന്‍ഡ്’ എന്ന വസ്ത്രവ്യാപാരശാലയില്‍ കുട്ടികള്‍ക്കുള്ള റെഡിമെയ്ഡ് തുണിത്തരങ്ങള്‍ വില്ക്കുന്നു. നഗരത്തിലെ പ്രധാന ഷോപ്പിങ് ഏരിയായില്‍ വണ്ടര്‍ലാന്‍ഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഹരിറാം ഭാട്ടിയായുടെ പിതാവ് ഗംഗാറാം ഭാട്ടിയാ വിഭജനകാലത്ത് തുച്ഛമായ വിലയ്ക്കു വാങ്ങിയിട്ടിരുന്നതാണ്. അവിടെ ഹരിറാം ഭാട്ടിയാ തന്റെ ചെറുപ്പത്തില്‍ 1964-ലെ ഗണപതിയുത്സവകാലത്ത് ‘ഭാട്ടിയാ ടെക്സ്റ്റൈല്‍സ്’ എന്ന പേരില്‍ ആരംഭിച്ച കട ഭാട്ടിയായുടെ കച്ചവടനിപുണത കാലാകാലങ്ങളില്‍ കണ്ടെത്തിയ വിപണനതന്ത്രങ്ങളുടെ വിജയത്താല്‍, പല തവണ നവീകരിച്ചാണ് പുതിയ പേരില്‍ നഗരത്തിലെ ഏറ്റവും വലിയ ശിശുവസ്ത്രാലയമായി മാറിയത്. ആദ്യ കാലത്ത് ജോഗീന്ദര്‍സിങ് എന്ന ഒരു വൃദ്ധന്‍ മാത്രം ഭാട്ടിയായ്ക്കു സഹായിയായി ഉണ്ടായിരുന്ന കടയില്‍ ഇന്ന് അന്‍പതോളം ജോലിക്കാരുണ്ട്. വണ്ടര്‍ലാന്‍ഡില്‍ നിന്നു ലഭിച്ച ലാഭത്തിന്റെ വന്‍തുകകള്‍ ഭാട്ടിയാ നഗരത്തിലെ പ്രമുഖ തുണിമില്ലുകളുടെ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുമുണ്ട്. മാത്രമോ? വണ്ടര്‍ലാന്‍ഡിന് ഇന്നു തലസ്ഥാനനഗരിയില്‍ ഒരു ശാഖയുണ്ട്. ഹരിറാം ഭാട്ടിയായുടെ ഏക പുത്രന്‍ വിനോദ് ഭാട്ടിയാ നടത്തുന്ന ആ കടയും നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടെ, പക്ഷേ തൊഴിലാളികളുടെ എണ്ണം കുറവാണ്. ബില്ലെഴുതുന്നതും സ്റ്റോക്ക് കണക്കുകള്‍ സൂക്ഷിക്കുന്നതുമെല്ലാം കമ്പ്യൂട്ടറുകളാണ്. വില്പനയുടെ കണക്കുകള്‍ ഗ്രാഫുകളായി കമ്പ്യൂട്ടറുകള്‍ വിനോദ് ഭാട്ടിയായ്ക്കു വരച്ചുകൊടുക്കുന്നു. ചിത്രകലയില്‍ താത്പര്യമുള്ള വിനോദ് ഭാട്ടിയാ ശിശുവസ്ത്രങ്ങളുടെ മനോഹരമായ പാറ്റേണുകള്‍ കമ്പ്യൂട്ടറില്‍ വരച്ചുണ്ടാക്കുന്നു. അതുപയോഗിച്ചു നിര്‍മിക്കപ്പെട്ട വസ്ത്രങ്ങള്‍ അതിവേഗം വില്ക്കപ്പെടുന്ന ചരക്കുകളായതോടെ അച്ഛന്റെ കടയുടെ വളര്‍ച്ചാവേഗതയെ മറികടന്നാണ് വിനോദ് ഭാട്ടിയായുടെ വ്യാപാരമുയരുന്നത്. രണ്ട് വണ്ടര്‍ലാന്‍ഡുകളും തമ്മില്‍ കച്ചവടബന്ധങ്ങളൊന്നും നിലനിര്‍ത്തിയിരുന്നില്ലെങ്കിലും തന്റെ പാറ്റേണുകളില്‍ ഏറ്റവും വില്പനയുള്ള ചിലത് അച്ഛന്റെ കടയിലൂടെയും വില്ക്കുന്നതിനെപ്പറ്റി വിനോദ് ഭാട്ടിയാ പലപ്പോഴും ആലോചിച്ചിരുന്നു. ഏതു കാര്യവും അച്ഛനോടും കമ്പ്യൂട്ടറിനോടും ആലോചിച്ചുമാത്രം ചെയ്യാറുള്ള വിനോദ് ഭാട്ടിയാ ഇതേപ്പറ്റി ഒരിക്കല്ഡ ഹരിറാം ഭാട്ടിയായോടു സംസാരിക്കുകയും ചെയ്തു. എന്നാല്‍, നിരാശപ്പെടുത്തുന്നതായിരുന്നു അച്ഛന്റെ മറുപടി: “നിന്റെ കട തലസ്ഥാനത്താണെന്നോര്‍ക്കണം. അവിടെ തുണിത്തരങ്ങളുടെ മേന്മയെക്കാള്‍ അവയുടെ പകിട്ടും പത്രാസുമാണ് ആളുകള്‍ നോക്കുന്നത്. ഇതാകട്ടെ, തൊഴിലാളികളുടെ നഗരമാണ്. വിലക്കുറവും ഗുണമേന്മയുമാണ് ഇവിടെ ആളുകള്‍ക്കാവശ്യം ഇവിടത്തെ കുട്ടികള്‍ക്കും വലിയ വാലുകളും ചിറകുകളുമുള്ള ഉടുപ്പുകളോടു ഭ്രമം തോന്നാനിടയില്ല.” പിന്നീട് വിനോദ് ഭാട്ടിയാ തന്റെ കമ്പ്യൂട്ടറുകള്‍ പല കോണുകളില്‍നിന്നു നോക്കി വരയ്ക്കുന്ന വില്പനയുടെ ഗ്രാഫുകള്‍ കാട്ടി അച്ഛന്റെ കടയിലും കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുന്നതിനു നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
ഹരിറാം ഭാട്ടിയായ്ക്ക് കമ്പ്യൂട്ടറുകളുടെയും ആവശ്യം അത്ര ബോധ്യപ്പെട്ടില്ല. കടയുടെ കവാടത്തിനരികിലെ കണ്ണാടിക്കൂട്ടില്‍ ദൃഷ്ടികള്‍ റഡാറുകളെപ്പോലെ വാതില്‍ക്കലേക്കു തിരിച്ചുവച്ച് ഇരിക്കുന്ന ഭാട്ടിയായുടെ മനസ്സ് ഒരു കമ്പ്യൂട്ടറിന്റെ കൃത്യതയോടെതന്നെ കച്ചവടക്കണക്കുകളുടെ അദൃശ്യഗ്രാഫുകള്‍ വരച്ചുണ്ടാക്കുന്നു. എണ്‍പതുകളില്‍ നഗരത്തിലെ ജനസംഖ്യ പൂര്‍വ്വാധികമായ തോതില്‍ വര്‍ധിച്ചു വന്നപ്പോള്‍ അതിനനുസരിച്ചുള്ള വ്യാപാരവര്‍ധന തന്റെ കടയ്ക്കുണ്ടായില്ലെന്ന് ഭാട്ടിയാ മനസ്സിലാക്കി. പുതുതായിത്തുടങ്ങിയ ഇതര വസ്ത്രാലയങ്ങള്‍ വണ്ടര്‍ലാന്‍ഡിന്റെ വശ്യത കുറച്ചതായും ഭാട്ടിയാ കണ്ടെത്തി. 1989-ലെ ഗണപതിയുത്സവകാലത്ത്, ഒരു വലിയ സ്റ്റോക്ക് ശേഖരണത്തിനു ശേഷം വേണ്ടത്ര പരസ്യപ്പെടുത്തിയ ഒരു റിഡക്ഷന്‍ വില്പനയോടെ, കടയുടെ ഇരുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കാന്‍ ഭാട്ടിയാ തീരുമാനിച്ചു.
അതോടൊപ്പംതന്നെ വണ്ടര്‍ലാന്‍ഡിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കാന്‍ ഒരു നൂതനാശയവും ഭാട്ടിയാ കണ്ടെത്തി. കട തുറക്കും മുതല്‍ അടയ്ക്കുംവരെ, നാലു കോമാളികള്‍ വാതില്‍ക്കല്‍ വഴിപോക്കര്‍ക്കു നേരെ തിരിഞ്ഞുനിന്ന് പലയിനം കോമാളിത്തങ്ങള്‍ കാട്ടി വണ്ടര്‍ലാന്‍ഡിലേക്ക് അവരുടെ ശ്രദ്ധയാകര്‍ഷിക്കുക. ഇതിലേക്കായി കൗമാരപ്രായക്കാരായ എട്ടു പുതിയ ജോലിക്കാരെ ഭാട്ടിയാ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചു. കാലത്തും ഉച്ചയ്ക്കും തുടങ്ങുന്ന രണ്ടു ഷിഫ്റ്റുകളിലായി അവര്‍ വണ്ടര്‍ലാന്‍ഡിന്റെ കുഞ്ഞുടുപ്പുകള്‍ കൊണ്ടലങ്കരിച്ച തിണ്ണയില്‍നിന്നു കോമാളിക്കളികള്‍ കാട്ടി വഴിപോക്കരെ വശീകരിക്കാന്‍ തുടങ്ങി. പരീക്ഷണം വന്‍വിജയമായിരുന്നു. ഉത്സവകാലത്തെ ഉത്സാഹത്തോടൊപ്പം കോമാളിത്തങ്ങളോടും ആദായ വില്പനയോടുമുള്ള കമ്പംകൂടി ചേര്‍ന്നപ്പോള്‍ നഗരവാസികള്‍ കുട്ടികള്‍ക്കുള്ള ഉത്സവകോടികള്‍ വാങ്ങാന്‍ വണ്ടര്‍ലാന്‍ഡുതന്നെ തിരഞ്ഞെടുത്തു. പുത്തന്‍ സ്റ്റോക്കിനു പുറമെ വണ്ടര്‍ ലാന്‍ഡിലെ പഴഞ്ചരക്കുകളും വിറ്റുപൊയ്ക്കൊണ്ടിരുന്നു. ഉത്സവദിവസം ഭാട്ടിയായുടെ വകയായി ഒരു പടുകൂറ്റന്‍ ഗണപതിവിഗ്രഹം കടലിലേക്കാനയിക്കപ്പെട്ടത് അസാമാന്യമായ വ്യാപാരവിജയത്തിന്റെ പ്രഖ്യാപനമായി നഗരത്തിലെങ്ങും വ്യാഖ്യാനിക്കപ്പെട്ടു.
കാലക്രമത്തില്‍, വണ്ടര്‍ലാന്‍ഡിലെ കോമാളികള്‍ നഗരത്തിലെ അറിയപ്പെടുന്ന ദൃശ്യങ്ങളിലൊന്നായി. പകലൊരിക്കലും തിരക്കൊഴിയാത്ത നിരത്തിലെ ആള്‍ക്കൂട്ടങ്ങളെ കോമാളികള്‍ പുത്തന്‍ പുത്തന്‍ കോമാളിത്തങ്ങള്‍ കാട്ടി വണ്ടര്‍ലാന്‍ഡിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. കടയിലേക്കു നടന്നടുക്കുന്നവരെ കോമാളികള്‍ ഹൃദ്യമായ ചേഷ്ടകള്‍ കാട്ടി സ്വീകരിച്ചാനയിച്ചു. കുട്ടികളെ അവര്‍ കൈപിടിച്ചു വണ്ടര്‍ലാന്‍ഡിലേക്കു കയറ്റി. നടത്തുന്ന കച്ചവടത്തിന്റെ തോതനുസരിച്ച് മിഠായികളും ശീതളപാനീയങ്ങളും വിതരണം ചെയ്തു. വാഹനങ്ങളിലെത്തുന്നവര്‍ വാങ്ങുന്ന തുണികള്‍ കോമാളികള്‍തന്നെ എടുത്തു കൊണ്ടുപോയി വാഹനങ്ങള്‍ക്കുള്ളില്‍വച്ച് യാത്രാഭിവാദ്യങ്ങളും കൊടുത്തേ മടങ്ങിയിരുന്നുള്ളു.
മാറുന്ന കാലത്തിനും മാറുന്ന സിനിമകള്‍ക്കുമനുസരിച്ച് കോമാളികളുടെ വേഷങ്ങളിലും പെരുമാറ്റങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ ഭാട്ടിയാ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ ആ നിരത്തിലൂടെ പതിവായി പോയിരുന്നവര്‍ക്കും വണ്ടര്‍ലാന്‍ഡ് പുതുമയുള്ള കോമാളിത്തങ്ങള്‍ സമ്മാനിച്ചുപോന്നു. ആള്‍ക്കൂട്ടങ്ങളുടെ കൗതുകം കോമാളികളുടെ കൗമാരമനസ്സിന്റെ ചാപല്യം വര്‍ധിപ്പിച്ചിരുന്നതിനാല്‍ വിചിത്രങ്ങളായ ആശയങ്ങള്‍ അവര്‍ക്ക് അനായാസം കണ്ടെത്താനും കഴിഞ്ഞിരുന്നു. ഭാട്ടിയായുടെ നിര്‍ദേശമനുസരിച്ച് സ്ത്രീകളെയും കുട്ടികളെയും കോമാളികള്‍ പ്രത്യേകം രസിപ്പിച്ചിരുന്നതിനാല്‍, വസ്ത്രങ്ങളുടെ ഉപഭോക്തൃലോകത്തിലെ ആ പ്രജാപതികള്‍ക്കു വണ്ടര്‍ലാന്‍ഡിനോടുള്ള മമത ഏറിയേറി വന്നു. കോമാളികള്‍ക്കു മുന്‍പും കോമാളികള്‍ക്കു പിന്‍പും എന്നു വേര്‍തിരിക്കാനാവുംവിധം പ്രകടമായ വര്‍ധന കടയുടെ പ്രശസ്തിയിലും ലാഭത്തിലും ഉണ്ടായി.
തന്റെ വ്യാപാരത്തില്‍ അതിശയങ്ങള്‍ പ്രവര്‍ത്തിച്ച ‘കോമാളി ഫാക്ടര്‍’ എങ്ങനെ മനസ്സിലെത്തിയെന്ന് ഒരിക്കല്‍ ഹരിറാം ഭാട്ടിയാ മകനു വിശദീകരിച്ചു കൊടുക്കുകയുണ്ടായി — എണ്ണത്തില്‍ കൂടിയതോടെ കടയിലെ തൊഴിലാളികളുടെ പെരുമാറ്റരീതികള്‍ ഭാട്ടിയായ്ക്ക് അസംതൃപ്തിയുണ്ടാക്കിത്തുടങ്ങിയിരുന്നു. കടയിലെത്തുന്ന ഉപഭോക്താക്കളോട്, പ്രത്യേകിച്ച് കുട്ടികളോട്, താനും ജോഗീന്ദര്‍സിങ്ങും കാട്ടിയിരുന്ന ആ കലയും കച്ചവടവും കലര്‍ന്ന സ്നേഹവായ്പ് വില്പനക്കാരുടെ പുതിയ തലമുറയ്ക്കു പ്രദര്‍ശിപ്പിക്കാനാവുന്നില്ലെന്ന് ഭാട്ടിയാ മനസ്സിലാക്കി. പണ്ടു കുട്ടികളായി വണ്ടര്‍ലാന്‍ഡില്‍ വന്നിരുന്നവര്‍ പില്‍ക്കാലത്ത് അമ്മമാരായി മാറി. തങ്ങളുടെ കുട്ടികളെയും കൂട്ടി വന്നിരുന്നപ്പോള്‍, പണ്ടത്തെ ഓര്‍മ്മകളുടെ ഊഷ്മളതയില്‍ത്തന്നെ ഉപചാരപൂര്‍വ്വം ശ്രദ്ധിക്കുന്നത് ഭാട്ടിയാ പലപ്പോഴും കണ്ടിട്ടുമുണ്ട്. ഇടയ്ക്കൊക്കെ ഭാട്ടിയാ തന്നത്താന്‍ എഴുന്നേറ്റുചെന്ന് കുഞ്ഞുങ്ങളോടു വാത്സല്യം കാട്ടാനും അമ്മമാരെ അവരുടെ കളര്‍ സെലക്ഷന്റെ പേരില്‍ അഭിനന്ദിക്കാനുമൊക്കെ ശ്രമിച്ചു. പക്ഷേ, തന്റെ തടിച്ചുവീര്‍ത്തുപോയ ശരീരത്തിനും ദുര്‍മേദസ്സിലിടുങ്ങിപ്പോയ കണ്ണുകള്‍ക്കും കുട്ടികളെ വശീകരിക്കാനുള്ള പ്രാപ്തിയില്ലെന്നും പുതുതലമുറയിലെ പെണ്ണുങ്ങള്‍ തന്നെ അവഗണിക്കുന്നുവെന്നും തിരിച്ചറിഞ്ഞ് ഭാട്ടിയാ കണ്ണാടിക്കൂട്ടിലേക്കുതന്നെ മടങ്ങി. ഈ ഘട്ടത്തില്‍ കച്ചവടക്കാരന് അവന്റെ മുഖം എത്ര പ്രധാനപ്പെട്ടതാണെന്ന് ഭാട്ടിയാ മനസ്സിലാക്കി. കൗണ്ടറുകള്‍ക്കു പിന്നിലെ അസന്തുഷ്ടമുഖങ്ങള്‍ സൃഷ്ടിക്കുന്ന വൈരസ്യത്തിനു പ്രതിവിധിയായി സദാ സന്തുഷ്ടമായ കോമാളി മുഖങ്ങള്‍ ഭാട്ടിയാ സങ്കല്പിച്ചുനോക്കി. കപടമായ ചിരികള്‍ എളുപ്പം തിരിച്ചറിയുന്ന കുട്ടികള്‍ക്കും ഏതുചിരിയും സംശയങ്ങളോടെ നോക്കുന്ന നഗരത്തിലെ പെണ്ണുങ്ങൾക്കും കോമാൾമുഖങ്ങളിലെ നിരര്‍ത്ഥകമായ ചിരികള്‍ സ്വീകാര്യമാകുമെന്ന് ഭാട്ടിയായ്ക്കു തോന്നി. മുഖംമൂടികള്‍ക്കു പിന്നില്‍ സ്വന്തം മുഖങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുന്നതിനാല്‍ കോമാളികള്‍ കൂടുതല്‍ മാനുഷികവും സ്വാഭാവികവുമായ പെരുമാറ്റത്താല്‍ ഉപഭോക്താക്കളെ സംപ്രീതരാക്കാതിരിക്കില്ല എന്നും ഭാട്ടിയാ കണക്കുകൂട്ടി. ആദ്യദിവസങ്ങളില്‍ത്തന്നെ കോമാളികളും കസ്റ്റമേഴ്സും തമ്മിലുള്ള ഇടപെടലുകള്‍ കണ്ണാടിക്കൂട്ടിലിരുന്നു നിരീക്ഷിച്ച് തന്റെ നിഗമനങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
കോമാളികള്‍ തങ്ങളുടെ യഥാര്‍ത്ഥ മുഖങ്ങള്‍ ജനങ്ങള്‍ക്കു വെളിപ്പെടുത്താതിരിക്കണമെന്ന് ഭാട്ടിയാ പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. ആ മുഖപരിചയം കോമാളിമുഖത്തോടുള്ള താത്പര്യം കുറയ്ക്കുമെന്ന് ഒരു മനഃശാസ്ത്രവും പഠിക്കാതെതന്നെ ഭാട്ടിയാ അനുമാനിച്ചിരുന്നു. അതിനാല്‍ രാത്രിവണ്ടിയില്‍ തന്റെ തോളില്‍ തലചായ്ച്ച് തളര്‍ന്നുറങ്ങിയ സഹയാത്രികന്‍ കോമാളികളിലൊരുവനായിരുന്നെന്ന് ഒരു നഗരവാസിയും തിരിച്ചറിഞ്ഞില്ല. മനോരോഗിയായ അച്ഛനു മരുന്നു വാങ്ങാന്‍ കൂടെക്കൂടെ എത്താറുള്ള ആ ചെറുപ്പക്കാരന്‍ കോമാളികളിലെ മറ്റൊരുവനാണെന്ന് വണ്ടര്‍ലാന്‍ഡിലെ ഒരു പതിവു കസ്റ്റമറായ മനോരോഗ വിദഗ്ദ്ധന്‍ അറിഞ്ഞിട്ടേയില്ല. അനാഥാലയത്തില്‍ നിന്നു ചാടിപ്പോയ അന്തേവാസിയെ ആ കോമാളിമുഖങ്ങള്‍ക്കിടയില്‍ നിന്നു കണ്ടുപിടിക്കാന്‍ മിക്കവാറും വണ്ടര്‍ലാന്‍ഡില്‍ വരാറുള്ള അനാഥാലയത്തിലെ അച്ചനു കഴിഞ്ഞതേയില്ല.
കോമാളികളും തങ്ങള്‍ ഒരിക്കലും തിരിച്ചറിയപ്പെടാതിരിക്കണേ എന്നാണ് ആഗ്രഹിച്ചത്. വണ്ടര്‍ലാന്‍ഡിലെ തുച്ഛമായ വേതനംകൊണ്ട് ഒരു താരത്തിനൊത്ത ജീവിതം അവര്‍ക്കു സങ്കല്പിക്കാനാവുമായിരുന്നില്ലല്ലോ. നിറം മങ്ങിയ വേഷങ്ങളില്‍ ചോറുപാത്രം പൊതിഞ്ഞ പ്ലാസ്റ്റിക് കൂട് കക്ഷത്തിലിടുക്കി സബര്‍ബന്‍ തീവണ്ടിയിലെ വിയര്‍പ്പു ഗന്ധങ്ങള്‍ ശ്വസിച്ചുനില്‍ക്കുമ്പോള്‍ അവര്‍ മറ്റൊരു തൊഴില്‍ മാത്രമേ സ്വപ്നം കണ്ടിരുന്നുള്ളു. ഇതര നഗരങ്ങളില്‍നിന്നെത്തുന്ന തീവണ്ടികളില്‍ ദിനംപ്രതി അനേകം തൊഴിൽരഹിതർ വന്നെത്തിക്കൊണ്ടിരുന്ന ആ നഗരത്തിലാവട്ടെ, മെച്ചപ്പെട്ട തൊഴിലുകൾ ആര്‍ഭാടമേറിയ സ്വപ്നങ്ങളായി മാറിക്കൊണ്ടുമിരുന്നു.
ശമ്പളം കിട്ടുന്ന ആഴ്ചയറുതികളില്‍ പലപ്പോഴും കോമാളികള്‍ ഒന്നിച്ചു നഗരത്തിലെ ചെലവു കുറഞ്ഞ ഒരു മദ്യശാലയില്‍പ്പോയി ഒരാഘോഷദിവസമെന്ന പോലെ മദ്യപിച്ചിരുന്നു. തൊഴിലിന്റെ ഭാഗമായ കോമാളികളിലൂടെത്തന്നെ അവര്‍ക്കിടയില്‍ ദൃഢപ്പെട്ടിരുന്ന സൗഹൃദം, ജീവിതത്തിലെ കോമാളിത്തങ്ങള്‍ കാട്ടാന്‍ കിട്ടുന്ന ആ മദ്യപാനവേളകളിലൂടെ ഒരു സാഹോദര്യത്തിലേക്കു വളര്‍ന്നുകൊണ്ടിരുന്നു. സ്വകാര്യദുഃഖങ്ങളും ഗാര്‍ഹികപ്രശ്നങ്ങളുമെല്ലാം അവര്‍ അന്യോന്യം അറിയിച്ചിരുന്നു. വണ്ടര്‍ലാന്‍ഡിലെ തൊഴിലിനോടുള്ള മടുപ്പാകട്ടെ, അവര്‍ തുല്യമായി പങ്കിട്ട ഒരു വികാരമായിരുന്നു. ഒരു മദ്യപാനദിനത്തില്‍ അവരിലൊരുവനായ അനില്‍ പാണ്ഡേ മദ്യലഹരിയുടെ ഉത്തേജനത്തില്‍, വേണ്ടത്ര വേതനം നല്കാത്ത ഹരിറാം ഭാട്ടിയായോടുള്ള അമര്‍ഷത്തിന്റെ ശബ്ദങ്ങളുയര്‍ത്തി. ഒരു സംഘഗാനത്തിന്റെ തുടക്കംപോലെയായിരുന്നു അത്. സ്നേഹിതന്റെ രോഷം അപ്പാടെ ഉള്‍ക്കൊണ്ട മറ്റുള്ളവരും വണ്ടര്‍ലാന്‍ഡില്‍നിന്ന്, തങ്ങള്‍ അര്‍ഹിക്കുന്ന വേതനവും ജോലിസ്ഥിരതയും ലഭിക്കാത്തതിലുള്ള അമര്‍ഷം മുഴുവന്‍ പുറത്തേക്കെടുത്തു. അങ്ങനെ മദ്യശാല അടയ്ക്കാറായപ്പോള്‍ ഒച്ചയടപ്പോടെ ഇറങ്ങിപ്പോയ കോമാളികള്‍ ഒരു സംഘടനയായി രൂപാന്തരപ്പെട്ടിരുന്നു.
കുറെ ദിവസങ്ങളിലെ ഗുഢാലോചനകള്‍ക്കു ശേഷം, അവര്‍ നഗരത്തിലെ ചെറുകിട തൊഴില്‍മേഖലയിലെ നേതാക്കള്‍ക്കിടയില്‍ നിന്നു തങ്ങളെ നയിക്കാന്‍ ഒരു യുവനേതാവിനെ കണ്ടെത്തി. പല തൊഴില്‍സമരങ്ങളും വിജയത്തിലെത്തിച്ചതിന്റെ പേരില്‍ നഗരമെങ്ങും അറിയപ്പെട്ടുതുടങ്ങിയിരുന്നു ഹരീഷ് മിശ്ര. ഹരിറാം ഭാട്ടിയായെ ഭയത്തോടെ മാത്രം നോക്കാന്‍ കഴിഞ്ഞിരുന്ന വണ്ടര്‍ലാന്‍ഡിലെ തൊഴിലാളികളെ തന്റെ സമരാഹ്വാനത്തിലെ വിമോചനസ്വപ്നങ്ങളിലേക്ക് ആനയിക്കുവാന്‍ മിശ്രയ്ക്കു് എളുപ്പം കഴിഞ്ഞു. കോമാളികളുടെ പ്രശ്നം രമ്യമായി പരിഹരിക്കുവാന്‍ ഭാട്ടിയാ തയ്യാറായില്ലെങ്കില്‍ ഒന്നിച്ചുള്ള ഒരു പണിമുടക്കിനു തങ്ങള്‍ തയ്യാറാണെന്ന് ഓരോ തൊഴിലാളിയും മിശ്രയോടു സമ്മതിച്ചു.
1994-ലെ ഗണപതിയുത്സവത്തിന്റെ നാളുകള്‍. പുത്തന്‍ വസ്ത്രശേഖരങ്ങള്‍കൊണ്ട് വണ്ടര്‍ലാന്‍ന്‍ഡിലെ ഷെല്‍ഫുകള്‍ നിറച്ചിട്ട് ഒരെട്ടുകാലി അതിന്റെ വലയിലേക്കു നോക്കിയിരിക്കുമ്പോലെ ഭാട്ടിയാ കണ്ണാടിക്കൂട്ടിലിരുന്ന ദിവസങ്ങളിലൊന്നില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് സമയമാവശ്യപ്പെട്ട് ഹരീഷ് മിശ്രയുടെ ഫോണ്‍സന്ദേശമെത്തി. വലയൊന്നനങ്ങുമ്പോള്‍ ഇളകിയിരിക്കുന്ന എട്ടുകാലിയെപ്പോലെതന്നെ ഭാട്ടിയാ ആകെയൊന്നുലഞ്ഞു. വണ്ടര്‍ലാന്‍ഡിലേക്ക് ഒരു ഭീഷണിയുടെ നിഴല്‍ വീഴുന്നതു തിരിച്ചറിഞ്ഞ ഭാട്ടിയായുടെ കാറ് അന്നു പതിവിലും നേരത്തെ വീട്ടിലേക്കു തിരിച്ചു. സന്ധ്യയ്ക്ക് പൂന്തോട്ടത്തിനു നടുവിലെ ഗാര്‍ഡന്‍ ചെയറുകളിലിരുന്ന് തന്റെ വളര്‍ത്തുനായയെ മടിയിലിരുത്തി ഓമനിച്ചുകൊണ്ട് ഹരിറാം ഭാട്ടിയാ, ഹരീഷ് മിശ്ര വിശദീകരിച്ച തൊഴില്‍പ്രശ്നത്തിനു ചെവികൊടുത്തു. 1989 മുതല്‍ വണ്ടര്‍ലാന്‍ഡിലുണ്ടായ വ്യാപാരവര്‍ധനവിലും ലാഭത്തിലുണ്ടായ കുതിച്ചുകയറ്റത്തിലും കോമാളികളുടെ അദ്ധ്വാനത്തിന്റെ പങ്ക് എത്രയായിരിക്കുമെന്ന് കൃത്യമായ കണക്കുകള്‍ ഉദ്ധരിച്ച്, നേതാവു പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ വര്‍ഷങ്ങളായി തന്നോടൊപ്പം കണ്ണാടിക്കൂട്ടിലിരിക്കുന്ന വിശ്വസ്തനായ കണക്കെഴുത്തുകാരന്‍ സ്റ്റീല്‍ പേനകൊണ്ട് തന്റെ പിന്നില്‍ കുത്തിയതായി ഭാട്ടിയായ്ക്കു തോന്നി. അപ്പോഴേക്ക് മിച്ചമൂല്യ സിദ്ധാന്തം ലളിതമായി വിശദീകരിച്ച് മിശ്ര മുന്നേറിക്കഴിഞ്ഞിരുന്നു. ഭാട്ടിയായുടെ തലോടലുകളിലെ സ്നേഹം കുറഞ്ഞതറിഞ്ഞ നായ മടിയില്‍നിന്നു ചാടിയിറങ്ങി ഓടിപ്പോയി കോമാളികളെ സ്ഥിരജോലിക്കാരായി അംഗീകരിക്കണമെന്നും കടയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ തോതില്‍ വേതനവര്‍ദ്ധന നല്കണമെന്നു മൊക്കെ വാദിച്ച മിശ്രയുടെ മുഖത്തേക്ക് മറ്റൊരു കോമാളിമുഖത്തേക്കെന്നപോലെ നോക്കിയരിക്കാനേ ഭാട്ടിയയ്ക്കു കഴിഞ്ഞുള്ളു. ഒടുവില്‍, തന്റെ തീരുമാനം പിറ്റേന്നു കാലത്ത് അറിയിക്കാമെന്ന വാഗ്ദാനത്തോടെ കൂടിക്കാഴ്ച അവസാനിപ്പിക്കുമ്പോള്‍ ഹരീഷ് മിശ്ര ആ തീരുമാനമെന്തായിരിക്കുമെന്ന് ഭാട്ടിയായുടെ ചുവപ്പു പടര്‍ന്ന മുഖത്തു നോക്കി ഏറെക്കുറെ അനുമാനിച്ചു കഴിഞ്ഞിരുന്നു.
രാത്രി, കോമാളികളുടെ ധിക്കാരമോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ഭാട്ടിയാ മിച്ച മൂല്യസിദ്ധാന്തത്തെപ്പറ്റി തിരിഞ്ഞും മറിഞ്ഞും കിടന്ന് ആലോചിച്ചു. കോമാളികള്‍ തന്റെ സ്വന്തം ഭാവനാസൃഷ്ടികളായതിനാല്‍ അവരുടെ തൊഴിലിന്റെ മിച്ചമൂല്യം തനിക്കുള്ളതാണെന്നും വണ്ടി വലിക്കുന്ന കാളകള്‍ക്കു വണ്ടിയില്‍ കൊണ്ടു പോകുന്ന ചരക്കുകളുടെ വിറ്റുവരവിന്റെ ലാഭവീതം കൊടുക്കണമെന്നു പറയുമ്പോലെയാണല്ലോ നേതാവിന്റെ വാദം എന്നൊക്കെ ഭാട്ടിയാ ചിന്തിച്ചു. തനിക്കു രേഖാമൂലമായ കടപ്പാടുകള്‍ ഒന്നുമില്ലാത്തതിനാല്‍ കോമാളികളുടെ ആവശ്യങ്ങള്‍ ഒന്നുപോലും അംഗീകരിക്കേണ്ട എന്ന തീരുമാനമെടുത്ത ശേഷമേ ഭാട്ടിയായ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞുള്ളു. പിറ്റേന്നു വൈകിയുണര്‍ന്ന ഭാട്ടിയാ, കിടക്കയില്‍നിന്നെഴുന്നേല്ക്കാതെതന്നെ ഫോണെടുത്ത് തന്റെ തീരുമാനം മിശ്രയെ അറിയിച്ചു: വേതനവര്‍ദ്ധനവിനെപ്പറ്റി വണ്ടര്‍ലാന്‍ഡിന്റെ അടുത്ത വികസന ഘട്ടത്തില്‍ ആലോചിക്കാമെന്നും മറ്റൊരു തൊഴിലിലും തല്‍ക്കാലം ആളെ ആവശ്യമില്ലാത്തതിനാല്‍ കോമാളികളെ സ്ഥിരജോലിക്കാരായി നിയമിക്കാന്‍ നിര്‍വ്വാഹമില്ല എന്നുമായിരുന്നു സന്ദേശം. പണിമുടക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്ന ഹരീഷ് മിശ്ര ഉടന്‍തന്നെ കടയുടെ മുന്നില്‍ തന്നെ കാത്തുനിന്നിരുന്ന തൊഴിലാളികള്‍ക്കിടയിലെത്തി വണ്ടര്‍ലാന്‍ഡിലെ ആദ്യത്തെ തൊഴില്‍ സമരത്തിനു കാഹളമൂതി.
പതിവു നേരമായ ഒന്‍പതര മണിക്ക് വണ്ടര്‍ലാന്‍ഡിനു മുന്നില്‍ ഭാട്ടിയായുടെ കാറെത്തുമ്പോള്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകളുമായി കോമാളികള്‍ അത്യുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി: “ഹരിറാം ഭാട്ടിയാ നീതിപാലിക്കുക, തൊഴിലിനൊത്ത വേതനം നല്കുക, വിവേചനം അവസാനിപ്പിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ മുഷ്ടി ചുരുട്ടി ഉയര്‍ത്തി ആവര്‍ത്തിച്ചു. തന്റെ തലച്ചോറില്‍ ഒരു തണുത്ത ചുഴലിക്കാറ്റ് വീശിയടിക്കുന്നതായി ഭാട്ടിയായ്ക്കു തോന്നി. സമരനിരയിലെ മുഖങ്ങളോരോന്നും മാറിമാറി നോക്കിയിട്ട് ഭാട്ടിയാ ഡ്രൈവറോടു മടങ്ങാനാവശ്യപ്പെട്ടു. ചെവിക്കുള്ളില്‍ മുദ്രാവാക്യങ്ങളുടെ മുഴക്കം നിലച്ചപ്പോള്‍ ഭാട്ടിയാ ഡ്രൈവറോടു ചോദിച്ചു: “ആ മിശ്രേടെ പിറകില്‍ നിന്നോര് ആരൊക്കെയാണെന്ന് നിനക്കറിയുവോ?: “അയ്യോ, അത് നമ്മുടെ കോമാളികളുതന്നെയല്ലേ മുതലാളീ!” ഡ്രൈവര്‍ അതിശയത്തോടെ പറഞ്ഞപ്പോള്‍ ഭാട്ടിയാ ആശ്ചര്യപ്പെട്ടുപോയി. താന്‍ കോമാളി വേഷത്തില്‍ മാത്രം ശ്രദ്ധിക്കാറുണ്ടായിരുന്ന ആ തൊഴിലാളികളുടെ യഥാര്‍ത്ഥ മുഖങ്ങള്‍ ഏറെക്കാലമായി ഭാട്ടിയാ ശ്രദ്ധയോടെ കണ്ടിരുന്നില്ല, കോമാളികളെ നിയമിച്ച കാലത്തെ മീശ കുരുക്കാത്ത മുഖങ്ങള്‍ തന്നെ താന്‍ മനസ്സില്‍ സൂക്ഷിച്ചുപോരികയായിരുന്നല്ലോ എന്ന് ഭാട്ടിയാ ഓര്‍ത്തു. എന്തൊക്കെയോ തെറ്റുകള്‍ തനിക്കും പറ്റിയിട്ടുണ്ടെന്നും എവിടെയൊക്കെയോ തന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിട്ടുണ്ടെന്നും ഭാട്ടിയാ ചിന്തിച്ചു. ആ തിരിച്ചറിവിനോടൊപ്പംതന്നെ വ്യാപാരകാര്യങ്ങളില്‍ ഇനിമുതല്‍ മകനെക്കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന തീരുമാനവുമെടുത്താണ് ഭാട്ടിയാ വീട്ടില്‍ മടങ്ങിയെത്തിയത്. എത്തിയയുടന്‍ നീണ്ടു നീണ്ടുപോയ ഒരു ഫോണ്‍ബന്ധത്തിലൂടെ ഭാട്ടിയാ വണ്ടര്‍ലാന്‍ഡിലെ കലാപത്തെപ്പറ്റി മകനെ ധരിപ്പിക്കുകയും ചെയ്തു.
നീണ്ടുപോകുന്ന ഏതു സമരവും ഒരു സ്ഥാപനത്തിന്റെമേല്‍ വളരുന്ന അര്‍ബുദമാണെന്നു വിശ്വസിച്ചിരുന്ന വിനോദ് ഭാട്ടിയാ, അച്ഛനോട് ആലോചിക്കാതെതന്നെ, പിറ്റേന്നു പുലര്‍ച്ചയ്ക്കു തലസ്ഥാനം വിട്ട് വിമാനത്തില്‍ പറന്നു വീട്ടിലെത്തി. ഉറക്കം ശരിയാവാത്തതിന്റെ ആലസ്യത്തോടെ വരാന്തയിലിരുന്ന് നഗരത്തില്‍ പ്രചാരമുള്ള പത്രങ്ങളില്‍ പണിമുടക്കിന്റെ വാര്‍ത്തയുണ്ടോ എന്ന് ആശങ്കയോടെ പരാതിക്കൊണ്ടിരിക്കുമ്പോഴാണ് ഹരിറാംഭാട്ടിയാ മുറ്റത്തു മകന്റെ കാലൊച്ച കേട്ടത്. ആഹ്ലാദകരമായ ഒരമ്പരപ്പോടെ ഭാട്ടിയാ അകത്തേക്കുനോക്കി ഭാര്യയെ വിളിച്ചു. പൂജാമുറിയില്‍നിന്നോടിയെത്തിയ മായാദേവിയും മകനെക്കണ്ട് ഇഷ്ടദൈവങ്ങള്‍ക്കോരോരുത്തര്‍ക്കും നന്ദി പറഞ്ഞു.
കുളിയുംപ്രാതലും അത്യാവശ്യം ചില കുശലപ്രശ്നങ്ങളും കഴിഞ്ഞ് വിനോദ് ഭാട്ടിയാ അച്ഛനെതിരെയിരുന്ന് വണ്ടര്‍ലാന്‍ഡിലെ തൊഴില്‍പ്രശ്നത്തിനു താന്‍ കമ്പ്യൂട്ടറിനോടാലോചിച്ചു രൂപപ്പെടുത്തിയതും വിമാനയാത്രയ്ക്കിടയില്‍ അന്തിമരൂപം കൊടുത്തതുമായ പരിഹാരഫോര്‍മുല വിശദീകരിച്ചു. കോമാളികളുടെ പ്രശ്നം കോമാളികളെത്തന്നെ ഉന്മൂലനം ചെയ്തു പരിഹരിക്കപ്പെടുന്ന ആ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ നിശബ്ദനായി കേട്ടിരുന്ന ഹരിറാം ഭാട്ടിയാ ഒടുവില്‍ ഒരു വീണ്ടുവിചാരംപോലെ ഇത്ര മാത്രം പറഞ്ഞു: “പിരിഞ്ഞുപോകുമ്പോള്‍ ഞാന്‍ കൊടുത്ത പണപ്പൊതി വാങ്ങിയിട്ട് ആ ജോഗീന്ദര്‍ സിങ് ‘ഇത് നിന്റെ വക’ എന്നു പറഞ്ഞ് എനിക്കു തന്ന കൊച്ചു നെലവിളക്ക് നിന്റെ അമ്മ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടൊണ്ട്, പൂജാമുറീല്... അതൊക്കെ ഒരു കാലം!”
വെറുതെ ഒന്നു ചിരിച്ചിട്ട് വിനോദ് ഭാട്ടിയാ ഹരീഷ് മിശ്രയെ ഫോണിലൂടെ ബന്ധപ്പെട്ട് വണ്ടര്‍ലാന്‍ഡിലെ തൊഴില്‍പ്രശ്നത്തിന്റെ രണ്ടാംവട്ട ചര്‍ച്ചയ്ക്കായി ക്ഷണിച്ചു.
പറഞ്ഞൊത്ത സമയത്തുതന്നെ എത്തിയ ഹരീഷ് മിശ്രയെ വിനോദ് ഭാട്ടിയാ ഹൃദ്യമായ ഒരു ചിരിയോടെ ബലവത്തായ ഒരു ഹസ്തദാനത്തോടെ സ്വീകരിച്ച് മുകളിലത്തെ നിലയിലെ തന്റെ സ്വകാര്യമുറിയിലേക്കു കൊണ്ടുപോയി. നഗരത്തിലെ കാലാവസ്ഥാമാറ്റങ്ങളെയും ട്രാഫിക് തടസ്സങ്ങളെയും മറ്റും പറഞ്ഞു തുടങ്ങിയ അവരുടെ സംഭാഷണങ്ങള്‍ വിദേശനഗരങ്ങളിലെ ആസൂത്രണത്തിന്റെ മേന്മകളും തൊഴില്‍മേഖലയിലെ ആഗോളാവസ്ഥകളും ചര്‍ച്ച ചെയ്ത് ഒടുവില്‍ വണ്ടര്‍ലാന്‍ഡിലെ പ്രശ്നത്തിലെത്തി. അച്ഛനറിയാത്ത പുതിയ തൊഴില്‍ സംസ്കാരം വണ്ടര്‍ലാന്‍ഡില്‍ ഞാന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു വെന്ന തുടക്കത്തോടെ വിനോദ് ഭാട്ടിയാ തന്റെ ഒത്തു തീര്‍പ്പു ഫോര്‍മുല മിശ്രയ്ക്കു മുന്നില്‍ അവതരിപ്പിച്ചു.
ഇത്തവണത്തെ ഗണപതിയുത്സവകാലത്തേക്കു ലക്ഷ്യമിട്ടിരിക്കുന്ന വില്പനയുണ്ടായാല്‍ വണ്ടര്‍ലാന്‍ഡിന്റെ അടുത്ത വികസനമായി ഉദ്ദേശിക്കുന്ന സാരിഷോറൂം ഉടന്‍ ആരംഭിക്കാന്‍ കഴിയും. തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടെ മാത്രം സാധിച്ചെടുക്കാവുന്ന ലക്ഷ്യം നേടാന്‍മാനേജ്മെന്‍റ് എല്ലാ പരിശ്രമങ്ങളും നടത്തിയിരിക്കും. സാരി ഷോറൂമിലേക്കു പ്രത്യേക നിയമനം നടത്താതെ, കോമാളികളെ അവിടത്തെ വില്പനക്കാരായി നിയമിക്കും. അതുവരെ അവര്‍ ഇപ്പോഴത്തെ സേവനവേതന വ്യവസ്ഥകളില്‍ത്തന്നെ തുടരണം. എന്നാല്‍ ഉത്സവകാല വില്പന ലക്ഷ്യത്തിലെത്തിച്ചാല്‍ അവര്‍ക്കും മറ്റു തൊഴിലാളികള്‍ക്കൊപ്പം ബോണസ് നല്കപ്പെടുന്നു. സാരി ഷോറൂം തുറക്കുകയും കോമാളികള്‍ അവിടത്തെ തൊഴിലാളികളായി മാറുകയും ചെയ്യുമ്പോള്‍ വണ്ടര്‍ലാന്‍ഡിലേക്കു കോമാളികളായി പുതിയ നിയമനങ്ങള്‍ ഉണ്ടായിരിക്കില്ല. കടയുടെ ആകര്‍ഷണീയത നിലനിറുത്താന്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തും.
സ്ഥാപനത്തിന്റെ വ്യാപാരതാത്പര്യങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള പങ്ക് അംഗീകരിക്കുന്നതും കോമാളികളെ സ്ഥിരം തൊഴിലാളികളാക്കി മാറ്റുന്നതും ലാഭവീതത്തിന് ആനുപാതികമായി ബോണസ് നല്കപ്പെടുന്നതുമായ ഫോര്‍മുലയില്‍ താന്‍ ഉയര്‍ത്തിയ ആവശ്യങ്ങളുമായി പൊരുത്തം കണ്ടെത്തിയ ഹരീഷ് മിശ്രയ്ക്ക് വിനോദ് ഭാട്ടിയായുടെ നിര്‍ദേശങ്ങള്‍ സ്വീകാര്യമായിത്തോന്നി. എങ്കിലും ഒരു നേതാവിന്റെ കൗശലത്തോടെ, താന്‍ തൊഴിലാളികളോടുകൂടി ആലോചിച്ചു പ്രതികരണം അറിയിക്കാം എന്നു പറഞ്ഞിട്ട് മ്ശ്ര കൈകൂപ്പി വിടവാങ്ങി വണ്ടര്‍ലാന്‍ഡിലേക്കു യാത്രയായി.
ഒരു വലിയ വിജയത്തിന്റെ നിറം കൊടുത്ത് മിശ്ര ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ തൊഴിലാളികളെ അറിയിച്ചു. വില്പനലക്ഷ്യത്തിന്റെ വന്‍തുക തൊഴിലാളികളെ ആശങ്കപ്പെടുത്തിയെങ്കിലും കോമാളികള്‍ ജോലിസ്ഥിരതയുടെ പ്രലോഭനത്താല്‍ തങ്ങള്‍ക്കു മുന്നിലെ അവസാന വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറായതോടെ വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടു. ഹരീഷ് മിശ്രയുടെ സന്ദേശമെത്തിയതും വണ്ടര്‍ലാന്‍ഡിലേക്കു പുറപ്പെട്ട വിനോദ് ഭാട്ടിയാ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഒപ്പിട്ടുവാങ്ങി, അച്ഛന്റെ ആഗ്രഹപ്രകാരം ജോഗീന്ദര്‍ സിങ് നല്കിയ നിലവിളക്കു കൊളുത്തിവണ്ടര്‍ലാന്‍ഡ് വീണ്ടും തുറന്നു. താന്‍ രൂപകല്പന ചെയ്ത കുഞ്ഞുടുപ്പുകളുടെ ഒരു പെട്ടി ഹരീഷ് മിശ്രയ്ക്കു സമ്മാനിച്ചുകൊണ്ട് വിനോദ് ഭാട്ടിയാ ഗണപതിയുത്സവവില്പനയ്ക്കു തുടക്കവും കുറിച്ചു. തുടര്‍ന്ന് ഹരീഷ് മിശ്രയും വിനോദ് ഭാട്ടിയായും കെട്ടിപ്പിടിച്ചു ചിരിച്ചു കൊണ്ടുനില്ക്കവേ, തൊഴിലാളികള്‍ ചുറ്റുംനിന്ന് ആഹ്ലാദത്തോടെ കൈയടിച്ചു.
തങ്ങള്‍ അതുവരെ കണ്ടിട്ടില്ലായിരുന്ന ശിശുവസ്ത്രങ്ങളുടെ പാറ്റേണുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വണ്ടര്‍ലാന്‍ഡ് ഉത്സവലഹരിയിലായിരുന്ന നഗരവാസികളെ ഭ്രമിപ്പിച്ചുതുടങ്ങി. വിനോദ് ഭാട്ടിയാ ഡിസൈന്‍ ചെയ്ത പുതിയ വേഷങ്ങളില്‍ കോമാളികളും ഏതോ അന്യഗ്രഹജീവികളെപ്പോലെ ജനങ്ങളുടെ കൗതുകങ്ങള്‍ കവര്‍ന്നെടുത്തു. വണ്ടര്‍ലാന്‍ഡിലെ വില്പനയുടെ ഗ്രാഫ് താന്‍ വരച്ച വരയിലൂടെത്തന്ന ഉയരുന്നതായിക്കണ്ട വിനോദ് ഭാട്ടിയാ ദിവസേന അച്ഛനെ ഫോണില്‍ വിളിച്ച് ആഹ്ലാദം പങ്കിട്ടുകൊണ്ടിരുന്നു. പുതിയ കാലത്ത് തൊഴിലാളികളുടെ കുട്ടികളും വാലുകളും ചിറകുകളുമുള്ള ഉടുപ്പുകള്‍ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നുവെന്ന് ഹരിറാം ഭാട്ടിയായെ ബോധ്യപ്പെടുത്തിക്കൊണ്ട് തലസ്ഥാനത്തുനിന്ന് കുഞ്ഞുടുപ്പുകളുടെ പുത്തന്‍ പുത്തന്‍ കണ്‍സൈന്‍മെന്‍റുകള്‍ വണ്ടര്‍ലാന്‍ഡിലേക്ക് എത്തിക്കൊണ്ടിരുന്നു.
ഗണപതിയുത്സവം കലാശിക്കാറാകവേ, വണ്ടര്‍ലാന്‍ഡിലെ വില്പന ലക്ഷ്യ സംഖ്യയുടെ 98 ശതമാനമെത്തിയതായിക്കണ്ട വിനോദ് ഭാട്ടിയാ തലസ്ഥാനം ഉപേക്ഷിച്ചുകഴിഞ്ഞിരുന്ന പഴകിയ പാറ്റേണുകളിലെ കുഞ്ഞുടുപ്പുകളുടെ സ്റ്റോക്ക് ‘50% റിബേറ്റ്’ എന്നതു തിരുത്തി ‘30%’ എന്നാക്കി, അച്ഛന്റെ കടയിലേക്ക് അയച്ചുകൊടുത്തു. വണ്ടര്‍ലാന്‍ഡിന്റെ മുന്നില്‍നിന്നു കോമാളികള്‍ മാജിക്കുകാരുടെ വേഷത്തില്‍ നഗരവാസികളെ ഉയര്‍ത്തിക്കാട്ടിയ ആ ആദായ വില്പനാ സ്റ്റോക്ക് ശേഷിച്ച രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വില്പനലക്ഷ്യത്തെ മറികടക്കാന്‍ വണ്ടര്‍ലാന്‍ഡിനെ സഹായിച്ചു.
ഉത്സവത്തിന്റെ സമാപന ദിവസം നഗരം കണ്ട ഏറ്റവും വലിയ ഗണപതി വിഗ്രഹവുമായി വണ്ടര്‍ലാന്‍ഡിനു മുന്നില്‍നിന്നു പുറപ്പെട്ട ലോറിയില്‍ തൊഴിലാളികള്‍ കൈകള്‍ കോര്‍ത്തുപിടിച്ച് ആഹ്ലാദനൃത്തങ്ങള്‍ ആടിക്കൊണ്ടിരുന്നു. അവര്‍ക്കിടയില്‍നിന്ന്, തങ്ങളുടെ കോമാളി വേഷങ്ങള്‍ ഉപേക്ഷിച്ചുകഴിഞ്ഞിരുന്ന എട്ടു തൊഴിലാളികളെ അവരുടെ പദവിന്യാസങ്ങളുടെ ചടുലതകൊണ്ടു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
ഉത്സവത്തിന്റെ പിറ്റേന്നുമുതല്‍ കോമാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ട വണ്ടര്‍ലാന്‍ഡ് പ്രവര്‍ത്തിച്ചുതുടങ്ങി. പുതിയ കോമാളികളെ ആവശ്യമുണ്ടോ എന്നന്വേഷിച്ചെത്തിയ തൊഴില്‍-ഏജന്‍റുമാര്‍ നിരാശയോടെ മടങ്ങി.
എന്നാല്‍, അന്നു രാത്രി മെട്രോ ചാനലിലെ ഏറ്റവും ജനപ്രീതി നേടിയ സീരിയലിനിടയ്ക്ക്, അതീവ ഹൃദ്യമായ ഒരു ഗാനത്തിന്റെ ശീലുകള്‍ അകമ്പടിയാക്കി, അതിരസകരമായ വേഷങ്ങളിട്ട ഒരു സംഘം കോമാളികള്‍ നിരന്നുനിന്ന് ഉശിരന്‍ കോമാളിത്തങ്ങള്‍ കാട്ടുന്ന വണ്ടര്‍ലാന്‍ഡിന്റെ പരസ്യചിത്രം നഗരവാസികള്‍ നിര്‍ന്നിമേഷരായി നോക്കിയിരുന്നു. അടുത്ത മാസം തുറക്കപ്പെടുന്ന വണ്ടര്‍ലാന്‍ഡിന്റെ സാരീ ഷോറൂമിനെപ്പറ്റിയുള്ള അറിയിപ്പോടെയായിരുന്നു ആ പരസ്യം അവസാനിച്ചത്. സാരീഷോറൂം തുറക്കുംവരെയുള്ള ദിവസങ്ങളില്‍ ദിവസേന അതേസമയത്തു പ്രദര്‍ശിപ്പിക്കപ്പെട്ട ആ പരസ്യം വണ്ടര്‍ലാന്‍ഡിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചതായി, ഉത്സവശേഷമുള്ള മാന്ദ്യം ബാധിക്കാത്ത വില്പനയുടെ ഗ്രാഫുകള്‍ തെളിയിച്ചു. കോമാളികളുടെ ‘ഹായ് വണ്ടര്‍ലാന്‍ഡ്’ എന്നു തുടങ്ങുന്ന സംഘഗാനം നഗരത്തിലെ കുട്ടികള്‍ ഒരു പാഠഭാഗംപോലെ ഉരുവിട്ടു പഠിക്കാനും തുടങ്ങിയിരുന്നു.
നിറപ്പകിട്ടേറിയ ഒരു ചടങ്ങില്‍ സുപ്രസിദ്ധയായ ഒരു സിനിമാനടി വണ്ടര്‍ ലാന്‍ഡ് സാരീഷോറും ഉദ്ഘാടനം ചെയ്യുമ്പോള്‍ നടിക്കു പിന്നില്‍ നിരന്നു നിന്നിരുന്ന ഷോറൂമിലെ തൊഴിലാളികളായി മാറിയ പഴയ കോമാളികളുടെ മുഖങ്ങള്‍ ട്യൂബ് ലൈറ്റുകളുടെ പ്രകാശധവളിമയിൽ ഹ്സ്രിറാം ഭാട്ടിയാ ശ്രദ്ധാപൂർവം നോക്കി ഹൃദിസ്ഥമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വിനോദ് ഭാട്ടിയായാകട്ടെ, ഷോറൂമിന്റെ കോണില്‍ സ്ഥാപിച്ച കമ്പ്യൂട്ടറിന് അല്പംകൂടി സൗകര്യങ്ങള്‍ ഒരുക്കുന്നതിനെപ്പറ്റി ചിന്തിച്ചുകൊണ്ട് നില്ക്കുകയായിരുന്നു. ‘അച്ഛനെ ഒറ്റിക്കൊടുക്കില്ലാത്ത പുതിയ കണക്കെഴുത്തുകാരന്‍’- വിനോദ് ഭാട്ടിയാ വിചാരിച്ചു.
സാരീഷോറൂം തുറന്നതോടെ, വണ്ടര്‍ലാന്‍ഡിന്റെ പരസ്യചിത്രം നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു. സാരികളുടെയും കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളുടെയും പുതിയ ഡിസൈനുകളും പാറ്റേണുകളുംകൂടി പ്രദര്‍ശിപ്പിക്കപ്പെട്ട ആ പരസ്യ ചിത്രത്തിന്റെ സമയദൈര്‍ഘ്യം കൂടുകയും അത് ഒന്നിലധികം തവണ ടെലിക്കാസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.
എന്നാല്‍, കാലത്ത്, ഉച്ചയ്ക്ക്, വൈകിട്ട്-അങ്ങനെ മൂന്നു നേരം ആഹാരത്തിനു ശേഷം മുടങ്ങാതെ കണ്ടുകൊണ്ടിരുന്നിട്ടും ആ പരസ്യ ചിത്രത്തിലെ ലീഡ് റോളില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടു കോമാളികളില്‍ ഒരാള്‍ വിനോദ് ഭാട്ടിയായും മറ്റേയാള്‍ ഹരീഷ് മിശ്രയുമാണെന്നുള്ളത് അങ്ങനെയിങ്ങനെ ആര്‍ക്കും മനസ്സിലായിട്ടില്ല- ഹരിറാം ഭാട്ടിയായ്ക്കുപോലും.