close
Sayahna Sayahna
Search

കമീഷണർമാരുടെ ഉല്പത്തി


കമീഷണർമാരുടെ ഉല്പത്തി
ഗ്രന്ഥകർത്താവ് സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഭാഗം ഹാസ്യം
പ്രസിദ്ധീകരണ വര്‍ഷം 1935
മാദ്ധ്യമം പ്രിന്റ്
പിന്നോട്ട് സഞ്ജയോപാഖ്യാനം

പത്തൊമ്പതാമത്തെ പുരാണമായി ബോബിലിപുരാണം എന്ന ഒരു ഗ്രന്ഥമുണ്ട്. അത് തുത്തന്‍ഖാമന്റെ ശവക്കല്ലറയില്‍ നിന്ന് ഈയിടെ മാന്തിയെടുത്തതാകകൊണ്ട് തുഞ്ചത്താചാര്യന്‍ ഇതിനെപ്പറ്റി കേട്ടിരുന്നില്ല; ചിറ്റൂര് വരവൂര് ശാമുമേനോന്‍ ഇതിനെ തര്‍ജ്ജമചെയ്തിട്ടില്ല; കുന്നത്ത് ജനാര്‍ദ്ദന മേനോന്‍ അവര്‍കള്‍ ഇതിന് ഗദ്യവിവര്‍ത്തനമെഴുതീട്ടില്ല; ഇത് എസ്.റ്റി. റെഡ്യാര്‍ ആന്‍റ് സണ്‍സ്, ടി—യാരുടെ ചിലവിന്മേല്‍, അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല. ആര്‍, ആരോട്, എപ്പോള്‍, എന്തിന്നു, എങ്ങനെ പറഞ്ഞു എന്നൊന്നും അതിലില്ല. ഭാഷ, കടിച്ചാല്‍ പൊട്ടാത്ത സംസ്കൃതമാണ്. അതില്‍ ഒരിടത്ത്—കൃത്യമായി പറയുകയാണെങ്കില്‍—അഞ്ഞൂറ്റിനാല്പത്തിമൂന്നാം അധ്യായത്തില്‍, മുന്‍സിപ്പാല്‍ കമ്മീഷണറുടെ അവതാരത്തെക്കുറിച്ചു വര്‍ണ്ണിച്ചിട്ടുണ്ട്. പച്ചമലയാളികളുടെ—ഇളംപച്ചയും ഇതിലുള്‍പ്പെടും—ഉപയോഗത്തെ മാത്രം മുന്‍നിര്‍ത്തിയും, അന്യചിന്തയില്ലാതെയും, അതിന്റെ ഒരു ചുരുക്കം ഞാന്‍ താഴെ ചേര്‍ക്കുന്നു.

“മഹാജനങ്ങള്‍ക്കു രസിക്കുമെങ്കിലീ മമ ശ്രമം നിഷ്ഫലമല്ല കേവലം.”

* * *

മുനിസിപ്പാല്‍ ചെയര്‍മാന്മാരുടെ—പറയുന്നതിനിടയ്ക്ക്, ചെയര്‍മാന്‍ എന്നതിന്ന് എന്താണു പോലും ആരും മലയാളവാക്കു കണ്ടുപിടിയ്ക്കാഞ്ഞത്? ”കസാലമനുഷ്യന്‍” എന്നാക്കിയാലോ?—മുനിസിപ്പാല്‍ ചെയര്‍മാന്‍മാരുടെ അധികാരങ്ങള്‍ വര്‍ദ്ധിച്ചു വന്നതോടു കൂടി ഭൂമീദേവിയുടെ ഭാരവും വര്‍ദ്ധിച്ചുവന്നു. പട്ടിണിയിട്ടു പല്ലിളിച്ചു പരക്കം പായുന്ന മാസ്റ്റര്‍മാരെക്കൊണ്ടും, ബ്ലൗസും ചേലയുമായി മന്ദഹസിച്ചു കൊണ്ട് ലാത്തുന്ന മിസ്ട്രസ്സുമാരെക്കൊണ്ടും, മുനിസിപ്പാലിറ്റികള്‍ നിറഞ്ഞു വഴിഞ്ഞു. ഓരോ മോട്ടോര്‍ വാഹനം പോകുമ്പോഴും “പൊടിപടലത്തിലൊളിച്ചു ഭാനു ബിംബം ”. കണ്‍ട്രാക്ടര്‍മാര്‍ ആയിനിപ്പിലാവു പോലെ തടിച്ചു വീര്‍ത്തു ; അവരുടെ ഭരണം തന്നെ കവിഞ്ഞ ഭാരമായിത്തീര്‍ന്നു. തിരഞ്ഞെടുപ്പു കാലങ്ങളിലെ കശപിശയും ലഹളയും കൊണ്ട് ഭൂമീദേവിയുടെ ചെവിരണ്ടും അടഞ്ഞു പീരങ്കി പൊട്ടിച്ചാല്‍ക്കൂടി കേള്‍ക്കാത്ത നിലയായി. മുനിസിപാലിറ്റികളിലെ ദുര്‍ഗന്ധം മേലോട്ടു പൊങ്ങി ദേവലോകത്തും വ്യാപിച്ചു. മുപ്പത്തിമൂന്നു കോടി ദേവന്മാര്‍ തങ്ങളുടെ അറുപത്താറു കോടി നാസാദ്വാരങ്ങള്‍ പൊത്തി ഓട്ടം തുടങ്ങി. കാമധേനുവിന്ന് മൂക്കു പൊത്തുവാന്‍ കഴിയാത്തതുകൊണ്ട് കറക്കുവാന്‍ ചെല്ലുന്നവരെ ചവിട്ടി മറിച്ചിട്ടു.

അങ്ങിനെയിരിക്കുമ്പോളാണ് ഒരു ദിവസം ബ്രഹ്മാവിന്റെ ശിപായി ഭൂമീദേവിയുടെ വിസിറ്റിങ്ങ് കാര്‍ഡ്‌ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തത്. മുനിസിപ്പാല്‍ കൌണ്‍സിലുകളെ “അബോളിഷ്” ചെയ്യണമെന്നും, അല്ലെങ്കില്‍ തന്റെ രാജി സ്വീകരിയ്ക്കണമെന്നും ഭൂമീദേവി നാന്മുഖനോടുണര്‍ത്തിച്ചു. കൌണ്‍സിലുകളെ അബോളിഷ് ചെയ്‌വാന്‍ നിവൃത്തിയില്ലെന്നും, പക്ഷെ, വിവരങ്ങളെല്ലാം കാണിച്ച് മഹാവിഷ്ണുവിന്ന് ഒരു ജായിന്റ് ഹരജി അയച്ചാല്‍ വല്ല ഗുണവും കിട്ടുമെന്നും ബ്രഹ്മാവു മറുപടി പറഞ്ഞു. അതുപ്രകാരം ഹരജി അയച്ചു. വൈകുണ്ഠത്തിലെ ഹജൂര്‍, ഡിവിഷണല്‍, താലൂക്ക്, എന്നീ ആപ്പീസുകളില്‍ക്കൂടി, റവന്യു ഇന്‍സ്പെക്ടര്‍ മുഖേന അധികാരിയ്കും, ഈ വഴിയിലൂടെത്തന്നെ മടങ്ങി മഹാവിഷ്ണുവിന്റെ അരികേയും ഹരജി എത്തുമ്പോഴേയ്ക്ക്‌ രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് ചതുര്യുഗം കഴിയുമായിരുന്നു. പക്ഷെ ബ്രഹ്മാവും ഭൂമീദേവിയും മേപ്പടിയാപ്പീസുകളിലെ ക്ലാര്‍ക്കുമാരുടെ കാലു പിടിച്ചു കരഞ്ഞതുകൊണ്ട് കാര്യം ഒരുവിധം വേഗത്തില്‍ കലാശിച്ചു. കൗണ്‍സിലുകളുടെ മദത്തെ ശമിപ്പിപ്പാന്‍ മഹാവിഷ്ണു ഉടനെ കമ്മീഷണര്‍മാര്‍ എന്ന പേരില്‍ ചില കിങ്കരന്മാരെ അയക്കുന്നതാണെന്നും, അവരും അന്യായം പ്രവര്‍ത്തിയ്ക്കുന്ന പക്ഷം, അവരെ കാച്ചുവാന്‍ സാക്ഷാല്‍ സുദര്‍ശനത്തെത്തന്നെ വിടുന്നതാണെന്നും ആയിരുന്ന കല്പനയുടെ ചുരുക്കം.

ഇങ്ങിനെയാണ് കമീഷണര്‍മാരുടെ ഉല്പത്തിയെപ്പറ്റി ബോബിലി പുരാണത്തില്‍ കാണുന്നത്. ഇതൊക്കെ നിങ്ങള്‍ മനസ്സുണ്ടെങ്കെില്‍ വിശ്വസിച്ചാല്‍ മതി. ഏതായാലും കമീഷണര്‍മാര്‍ അവതരിച്ചു. ഓരോ മുനിസിപ്പാലിറ്റിയിലും കമീഷണറും ചെയര്‍മാനും, വസുന്ധരായോഗത്തിലെ ശനിയും ചൊവ്വയും നോക്കുന്നതു പോലെ, ആദ്യത്തെക്കയറ്റത്തിനു മുമ്പ് കൊത്തു കോഴികള്‍ നോക്കുന്നതു പോലെ, മരത്തിന്മേല്‍ കയറിയ പൂച്ചയും ചോടെ നില്ക്കുന്ന നായും നോക്കുന്നതു പോലെ “നീയാര്‍” “നീയാര്‍?,” എന്നു ചോദിയ്ക്കുന്ന രീതിയില്‍ അതിസ്നേഹതേതാടുകൂടി പരസ്പരം നോക്കിത്തുടങ്ങി. അധികാരം രണ്ടുപേര്‍ക്കുമുണ്ട്.

“അച്ഛന്‍ കൊടുത്തൊരു മാല ബാലിക്കുമു-
ണ്ടച്യതന്‍ നല്കിക മാല സുഗ്രീവനും”

* * *

ഇതാണ് സംസ്ഥാനമൊട്ടുക്ക് പല ദിക്കിലും ഇപ്പോള്‍ത്തന്നെ തുടങ്ങിയിരിയ്ക്കുന്ന കൗണ്‍സില്‍-കമ്മീഷണര്‍ മഹായുദ്ധത്തിന്റെ നാന്ദി.

19.8.1934)