close
Sayahna Sayahna
Search

തെക്കോട്ടും വടക്കോട്ടും പോയ തീവണ്ടികൾ


തെക്കോട്ടും വടക്കോട്ടും പോയ തീവണ്ടികൾ
AymanamJohn.jpg
ഗ്രന്ഥകർത്താവ് അയ്മനം ജോൺ
മൂലകൃതി ഒന്നാം പാഠം ബഹിരാകാശം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
വര്‍ഷം
2014

വൈകിപ്പോയ ഒരു ശവസംസ്കാരച്ചടങ്ങുകാരണം അന്നത്തെ സന്ധ്യാ പ്രാര്‍ത്ഥന തീര്‍ന്നപ്പോള്‍ നേരമിരുട്ടിയിരുന്നു. എന്നിട്ടും ഒരു തിടുക്കവുമില്ലാതെ, പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുന്നവരെ ശ്രദ്ധിച്ചുനില്ക്കുന്ന അച്ചനോട് കപ്യാര്‍ക്കു നീരസം തോന്നിത്തുടങ്ങി.

പ്രാര്‍ത്ഥനയ്ക്കു കുറച്ചുപേരേ ഉണ്ടായിരുന്നുള്ളു. സന്ധ്യയായിത്തുടങ്ങിയതിനാലും ഏതു നേരവും മഴ വീഴാമെന്നോര്‍മിപ്പിക്കുന്ന ഇടിമിന്നലുകളുണ്ടായിരുന്നതിനാലും എല്ലാവരും ധൃതിയോടെ പള്ളി വിട്ടുപോകുകയുംചെയ്തു. ആളനക്കമകന്നപ്പോള്‍ എന്തോ ചോദിക്കാന്‍ തുടങ്ങി കപ്യാരെ നോക്കിയ അച്ചന്‍, വൃദ്ധന്റെ നെറ്റിച്ചുളിവുകളിലെ അക്ഷമ ശ്രദ്ധച്ച്, ആ ചോദ്യമുപേക്ഷിച്ചിട്ടു പറഞ്ഞു: “വറീതേട്ടന്‍ പൊയ്ക്കോളൂ, മഴയ്ക്കു മുന്‍പ്... ഞാന്‍ സാവധാനം ഇറങ്ങിക്കോളാം. താക്കോല്‍ ഇങ്ങ് തന്നേക്കൂ.”

പള്ളിയുടെ കുന്നിറങ്ങി വയല്‍ മുറിച്ച്, വാഴത്തോട്ടങ്ങളും കടന്ന്, ഏറെദൂരം നടന്നു വേണമായിരുന്നു, വറീതേട്ടനു വീട്ടിലെത്താന്‍. കാലിലെ കുഴിനഖം, വയലിലെ ചേറും ചെളിയും, വഴിപോക്കരുടെ കുശലം, എട്ടുമണിക്കു പൂട്ടുന്ന കടത്തുവള്ളം — അങ്ങനെ ഏറെ വൈതരണികള്‍ താണ്ടാനുമുണ്ടായിരുന്നു. അച്ചനാകട്ടെ, പള്ളിമുറ്റം കടന്ന് പള്ളിമേടയിലേക്ക് ഓടിക്കയറാവുന്നതേയുള്ളു മഴ പെയ്താല്‍ത്തന്നെ.

എന്നാല്‍, അതുകൊണ്ടായിരുന്നില്ല അച്ചന്‍ പോകാന്‍ അമാന്തിച്ചത്. മരണമടഞ്ഞ യുവതിയുടെ മുഖം ശവസംസ്കാരം കഴിഞ്ഞതു മുതല്‍ അച്ചന്റെ മനസ്സില്‍ ഒരു പൊള്ളലിന്റെ തിണര്‍പ്പുപോലെ കരിവാളിച്ചുകിടക്കുകയായിരുന്നു. ആ മുഖത്തോടു നല്ല സാദൃശ്യമുള്ള ഒരു പരിചിതമുഖത്തിന്റെ ഓര്‍മയാണ് അച്ചനെ അലട്ടിയിരുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഏതാണ്ട് പതിവായിത്തന്നെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് എത്തിയിരുന്ന ഒരു സ്ത്രീ. പള്ളി പിരിഞ്ഞു മറ്റെല്ലാവരും പോയിക്കഴിഞ്ഞാലും അവര്‍ വല്ലാത്ത ഒരശരണതാബോധത്തോടെ മദ്ബഹായിലേക്കു നോക്കി ഏറെ നേരം മുട്ടിന്മേല്‍ നില്‍ക്കാറുണ്ടായിരുന്നു. വ്യാകുലതയുടെ ശിരോവസ്ത്രത്തിനു മറയ്ക്കാനാവാത്തത്ര ചാരുതയുള്ള അവരുടെ മുഖം ഏതോ പഴയകാല പെയന്റിങ്ങിനെ ഓര്‍മിപ്പിക്കുന്നവിധം ഭാവസാന്ദ്രവുമായിരുന്നു. മേല്‍ക്കുരവിളക്കുകളുടെ വെളിച്ചം, അവരുടെ കണ്ണുകളിലെ വേദനയുടെ തടാകങ്ങളില്‍ ചന്ദ്രബിംബങ്ങളായി പ്രതിബിംബിച്ചുകിടക്കും.

വറീതേട്ടന്‍ പള്ളിജനാലകള്‍ അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ ആ സ്ത്രീ നെടുവീര്‍പ്പുകളോടെ എഴുന്നേറ്റ് തങ്ങളുടെ സാന്നിധ്യംപോലും അറിയാത്തവണ്ണം. സാവധാനം പള്ളിയില്‍നിന്ന് ഇറങ്ങിപ്പോകുകയാണു പതിവ്-നേരമിരുട്ടുന്നതിന്റെ വേവലാതികളോ വീടെത്താനുള്ള തിടുക്കമോ പ്രദര്‍ശിപ്പിക്കാതെ. പള്ളി

വാതില്‍ പൂട്ടുന്ന സമയത്തും ബദാംമരങ്ങളുടെ ഇരുളിമയേറിയ നിഴലുകള്‍ക്കിടയിലൂടെ അവര്‍ സാവധാനം നടന്നകലുന്നതു കാണാമായിരുന്നു.

അച്ചന്‍ ആ പള്ളിയിലേക്കു മാറ്റമായി വന്നിട്ട് ഏറെക്കാലമായിരുന്നില്ല. ഉള്‍നാട്ടുകാരുടെ നിര്‍വ്യാജകൗതുകത്തോടെ ഇടവകക്കാരെല്ലാം പുതിയ അച്ചനെ പരിചയപ്പെടാന്‍ ഉത്സാഹം കാട്ടിയിരുന്നു. എന്നാല്‍ ആ യുവതിയാകട്ടെ തന്റെ നേരേ നോക്കാന്‍പോലും മറന്നു പള്ളിയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നതും അച്ചന്‍ അവരെ വേറിട്ടു ശ്രദ്ധിക്കാന്‍ കാരണമായിട്ടുണ്ടാവാം. ഇഹലോകം മറന്നതുപോലെയുള്ള അവരുടെ മുഖഭാവം മരിച്ച സ്ത്രീയുടെ മുഖത്തു കണ്ടപ്പോഴാണ് ആ സാദൃശ്യം അച്ചനെ സ്തബ്ധനാക്കിയതും.

കാലത്ത് മരണവിവരമറിയിക്കാനെത്തിയവര്‍ പറഞ്ഞ അടയാളങ്ങളാല്‍ അച്ചന്‍ മരണവീട് പെട്ടെന്നു തിരിച്ചറിഞ്ഞിരുന്നു. കെട്ടുവരമ്പുപട്ടണത്തിലേക്കു പോകുന്ന നിരത്തിനോടടുക്കുന്നിടത്ത് അകലെ കാണാമായിരുന്ന ആ വീട് അച്ചന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതായിരുന്നു. കരിമ്പിന്‍തോട്ടത്തിനു മറഞ്ഞ്, ഏറെ പ്രായം തോന്നിക്കുന്ന ഒരു മാവിന്റെ തണലില്‍, ഓടുകള്‍ കറുത്ത്, ചായങ്ങള്‍ മാഞ്ഞ്...അവിടെയെത്തുമ്പോള്‍ കരിമ്പോലകളില്‍ തട്ടി വിഷാദസ്വരമുള്ള ഒരു കാറ്റ് വീശാറുള്ളതും അച്ചന്‍ ഓര്‍ത്തുപോയി. ഉപേക്ഷിക്കപ്പെട്ടതുപോലെ തോന്നിക്കുന്ന ആ വീട്ടില്‍ ആള്‍പ്പാര്‍പ്പുണ്ടായിരുന്നുവെന്നും അതു തന്റെ ഇടവകയില്‍പ്പെട്ടതാണെന്നും അച്ചന്‍ അറിഞ്ഞിരുന്നതേയില്ല.

ആ ഗൃഹാന്തരീക്ഷം ഓര്‍മയില്‍ തടഞ്ഞതിനാലാവാം, അത് ഒരാത്മഹത്യയായിരുന്നുവെന്നു വെളിപ്പെടുത്തുമ്പോള്‍ മരണമറിയിച്ചവരുടെ മുഖത്തുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്നത്ര സ്വാഭാവികതയോടെയാണ് അച്ചന്‍ കേട്ടുനിന്നത്. മരിച്ച സ്ത്രീ പട്ടണത്തിലെ വീട്ടില്‍നിന്ന്, ഭര്‍ത്താവിനോടു പിണങ്ങിപ്പോന്ന്, കൊച്ചുമകളുമായി ആ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന പിതൃസഹോദരിയോടൊത്തു കഴിഞ്ഞുകൂടുകയായിരുന്നുവെന്നും രണ്ടുമൂന്ന് ദിവസം മുന്‍പ് ഭര്‍ത്താവു വന്നു കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോയതിനാലുണ്ടായ മാനസികാഘാതത്താലാണ് ആ സ്ത്രീ ഈ കടുംകൈ ചെയ്തതെന്നും അവര്‍ പറയുമ്പോള്‍, മനസ്സില്‍ നിറഞ്ഞ മൂകതയോടെ അച്ചന്‍ വെറുതെ മൂളിക്കേട്ടതേയുള്ളു. അശുഭകരമായ അത്തരം മരണസന്ദര്‍ഭങ്ങള്‍ പൗരോഹിത്യത്തിന്റെ ചുരുങ്ങിയ നാളുകളില്‍ത്തന്നെ പരിചിതമായിക്കഴിഞ്ഞിരുന്നതിനാല്‍, ആ അറിവുകളൊന്നും ഈ മരണത്തെ വ്യത്യസ്തമായി കാണാന്‍ തക്കചലനങ്ങള്‍ അച്ചന്റെ മനസ്സില്‍ ഉണ്ടാക്കിയതുമില്ല.

ഉച്ചമയക്കം കഴിഞ്ഞ് ഒരനിഷ്ടത്തോടെയാണ് അച്ചന്‍ ശവസംസ്കാര ശുശ്രൂഷയ്ക്കായി പള്ളിമേടയില്‍നിന്നിറങ്ങിയത്. പറഞ്ഞിരുന്നതിലേറെ വൈകിയെത്തിയ ശവഘോഷയാത്ര അച്ചന്‍ അക്ഷമയോടെ പള്ളിമുറ്റത്തു നോക്കിനിന്നിരുന്നു. അനുയാത്രക്കാര്‍ വളരെക്കുറവായിരുന്ന വിലാപയാത്ര കാണാന്‍ അതിലേറെയാളുകള്‍ വഴിയരികിലും വേലിത്തലപ്പുകള്‍ക്കു മറഞ്ഞുമൊക്കെ നില്‍ക്കുന്നതു കാണാമായിരുന്നു. കാറ്റിനോടൊപ്പം കുന്നുകയറിയെത്തിയ ചരമഗാനങ്ങളിലും ദുഃഖത്തെക്കാളേറെ ഭയത്തിന്റെ സ്വരങ്ങളാണ് അച്ചന്‍ കേട്ടത്.

പള്ളിയിലെത്തിയപ്പോള്‍ ശവമഞ്ചത്തെ സമീപിച്ച് അനാര്‍ഭാടമായി കിടത്തിയിരുന്ന ജഡത്തിന്റെ മുഖത്തേക്കു നോക്കിയതും, ‘ദൈവമേ, ആമുഖംതന്നെയല്ലേ ഇത്?’ എന്ന് അച്ചന്‍ ഒരു നടുക്കത്തോടെ ഉള്ളില്‍ ചോദിച്ചു. തീപ്പൊള്ളലേറ്റ മുഖത്തിന്റെ ശരിയായ അടയാള രേഖകള്‍ വ്യക്തമല്ലായിരുന്നുവെങ്കിലും ആ നീണ്ട മൂക്ക്? വിശാലമായ കവിള്‍ത്തടങ്ങള്‍? ഭാവാര്‍ദ്രതയുള്ള കീഴ്ചുണ്ട്...? ചോദ്യചിഹ്നങ്ങളുടെ ചുണ്ടക്കൊളുത്തുകള്‍ അച്ചന്റെ ഓര്‍മകളെ ഉടക്കി വലിക്കാന്‍ തുടങ്ങി. താന്‍ ശ്രദ്ധിച്ചുപോന്നിരുന്ന സ്ത്രീയുടെ മുഖത്ത് ഒരാത്മഹത്യയുടെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെന്നും അതു കണ്ടെത്താതെപോയതു തന്റെ പിഴയാണെന്നുമൊക്കെ ഖേദിച്ചും പശ്ചാത്തപിച്ചുമായിരുന്നു അച്ചന്‍ അന്ത്യശുശ്രൂഷകള്‍ ചെയ്തത്. എന്നാലും ഇതെല്ലാം തന്റെ സംശയം മാത്രമാകാമെന്നും സന്ധ്യാപ്രാര്‍ത്ഥനയ്ക്കു വരാറുള്ളതു മറ്റൊരു സ്ത്രീതന്നെയായിരിക്കാമെന്നും അച്ചന്‍ തന്നത്താന്‍ തിരുത്തി സാന്ത്വനപ്പെടുകയും ചെയ്തിരുന്നു. തന്റെ സംശയം തീര്‍ക്കാനാവുന്ന ഒരേയൊരാള്‍ വറീതേട്ടനാണെന്ന് അച്ചനറിയാം. എന്നാല്‍, പ്രാര്‍ത്ഥനകള്‍ തീരുംമുന്‍പേ പള്ളിജനാലകള്‍ അടയ്ക്കാന്‍ തുടങ്ങുന്ന വറീതേട്ടന്‍ അവരെ എത്രമാത്രം ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് അച്ചനു നിശ്ചയമില്ല. പക്ഷേ, ഏത് അശ്രദ്ധയ്ക്കിടയിലും കണ്ണില്‍പെടത്തക്ക ഒരപൂര്‍വഭാവം ആ മുഖത്ത് ഉണ്ടായിരുന്നില്ലേ? ഏതായാലും അന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് അവരെ കണ്ടില്ലെങ്കില്‍ മാത്രം വറീതേട്ടനോടു ചോദിച്ചാല്‍ മതിയല്ലോ എന്നു കരുതി അച്ചന്‍ തന്റെ ചോദ്യം മനസ്സിലെവിടെയോ സൂക്ഷിച്ച് സംസ്കാരശുശ്രൂഷയില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.

ഒടുവില്‍ സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയവരില്‍ ഒരാളെപ്പോലും ഒഴിവാക്കാതെ ശ്രദ്ധിച്ച്, ആ സ്ത്രീയുടെ അസാന്നിധ്യം ഉറപ്പായപ്പോഴാണ് അച്ചന്‍ വറീതേട്ടന്റെ മുഖത്തേക്കു നോക്കി സത്യത്തിലേക്കുള്ള അവസാന നടയില്‍ കാലുകുത്താന്‍ തയ്യാറായത്. എന്നാല്‍ വറീതേട്ടന്റെ ധൃതിമനസ്സിലാക്കിയപ്പോള്‍, ഒരു ഉദാസീന മറുപടിയുടെ ആഘാതത്തെക്കാള്‍ തന്റെ സംശയംതന്നെയല്ലേ നല്ലത് എന്ന വീണ്ടുവിചാരത്തോടെ അച്ചന്‍ തന്റെ ചോദ്യം ഉപേക്ഷിക്കുകയായിരുന്നു.

കപ്യാര്‍ പോയി പള്ളിയില്‍ ഏകനായപ്പോള്‍ അച്ചന്‍ ഏറെ അസ്വസ്ഥനായിത്തുടങ്ങി. ആ സ്ത്രീയുടെ വ്യാകുലമുഖം പതിവായിത്തന്നെ കണ്ടുകൊണ്ടിരുന്നിട്ടും എന്തേ, സാന്ത്വനത്തിന്റെ ഒരു വാക്ക് അവരോടു പറയാന്‍ തനിക്കു തോന്നിയില്ല? കാരുണ്യത്തോടെയുള്ള ഒരു സമാശ്വാസത്തിന്, സദുപദേശത്തിന്റെ ഒരു വാചകത്തിന്, തിരഞ്ഞെടുത്ത ചില വേദവാക്യങ്ങള്‍ക്ക്, ചുഴിയില്‍പ്പെട്ട ആ വഞ്ചിയെ അപകടമില്ലാതെ കരയ്ക്കടുപ്പിക്കാന്‍ ഒരുപക്ഷേ, കഴിയുമായിരുന്നില്ലേ? ‘ചെയ്യേണ്ടതായിരുന്നു...ഞാന്‍ അതു ചെയ്യേണ്ടതായിരുന്നു...’ അച്ചന്‍ യാന്ത്രികചലനങ്ങളോടെ നടന്നു പള്ളിവിളക്കുകള്‍ കെടുത്തിക്കൊണ്ടിരുന്നു. എന്നിട്ട് അന്ധകാരത്തിലുടെ സാവധാനം പള്ളിയുടെ വാതില്‍ക്കലേക്കു നടക്കുമ്പോള്‍, ബഞ്ചുകളുടെ നിരയ്ക്കു പിന്നില്‍ ആ സ്ത്രീ കുമ്പിട്ടു നില്‍ക്കാറുണ്ടായിരുന്ന സ്ഥാനത്തേക്ക് അച്ചന്‍ ഇരുളിലൂടെ വീണ്ടും നോക്കി. ഓര്‍മയില്‍ ഒരു ജലചിത്രമായി ആ സ്ത്രീരൂപം അച്ചന്റെ മനസ്സില്‍ മറ്റെങ്ങോട്ടോ നോക്കിനിന്നു.

സന്ധ്യാപ്രകാശം പള്ളിവാതില്‍ക്കല്‍ പ്രണമിച്ചു കിടന്നു. നെല്‍പാടത്തിനപ്പുറം അസ്തമിച്ച സൂര്യനു ചുറ്റും കറുത്ത കുപ്പായങ്ങളിട്ട മേഘങ്ങള്‍...ആകാശത്തു പരുന്തുകള്‍ വരയ്ക്കുന്ന അദൃശ്യവൃത്തങ്ങള്‍...കിഴക്കന്‍ കുന്നുകളെ കാര്‍മേഘങ്ങളുടെ ശിരോവസ്ത്രങ്ങള്‍ മുടിയിരുന്നു. പള്ളിഗോപുരത്തിനുമുകളിലെ, ആട്ടിന്‍കുട്ടിയെ കൈയിലേന്തി നില്‍ക്കുന്ന ക്രിസ്തുവിന്റെ, ലോഹ ശില്പത്തിന്റെ നിഴല്‍ ബദാംമരങ്ങളുടെ ചുവട്ടിലേക്ക് നീണ്ടുനീണ്ടു പൊയ്ക്കൊണ്ടിരുന്നു.

പള്ളിവാതില്‍ പൂട്ടി താഴ്വരയിലേക്കു വെറുതെ നോക്കിക്കൊണ്ട് അച്ചന്‍ പള്ളിമുറ്റത്തു നിന്നു. ഇളം തണുപ്പുള്ള കാറ്റ് വീശിക്കൊണ്ടിരുന്നു. വയലിലെ പശുക്കൂട്ടങ്ങള്‍ നിശബ്ദരായി നാലുപാടേക്കും നടന്നു നീങ്ങി. വൃക്ഷനിരകള്‍ക്കു മറഞ്ഞ് ചെറിയ തീവണ്ടി സ്റ്റേഷനില്‍ അല്പം മുമ്പു വടക്കുനിന്നോടിവന്നുനിന്ന തീവണ്ടി ആഞ്ഞാഞ്ഞു കിതയ്ക്കുന്നുണ്ടായിരുന്നു. അച്ചന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അച്ചന്റെ ആലോചനകള്‍ ആ മരണത്തെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു. മരിച്ച സ്ത്രീയുടെ കൊച്ചുമകള്‍ രണ്ടു നാള്‍ മുമ്പുവരെ അവരോടൊപ്പം ഉണ്ടായിരുന്നുവെന്നല്ലേ പറഞ്ഞത്? കൊച്ചുമകള്‍ കൂടെയുള്ളപ്പോള്‍ ഒരു സ്ത്രീ സന്ധ്യാപ്രര്‍ത്ഥനയ്ക്കു വരുമ്പോള്‍ ഒപ്പം കൂട്ടാതിരിക്കാനിടയില്ലല്ലോ. അങ്ങനെയാവുമ്പോള്‍ തന്റെ സംശയം അയഥാര്‍ത്ഥമായിരിക്കില്ലേ? പ്രാര്‍ത്ഥനയ്ക്കെത്താറുള്ളതു മറ്റൊരു സ്ത്രീതന്നെ ആയിരിക്കണം. ഇന്ന് ഒരു പക്ഷേ, ഏതെങ്കിലും അസൗകര്യത്താല്‍ അവര്‍ എത്താതിരുന്നതാവില്ലേ? അല്ലെങ്കില്‍, ശവസംസ്കാരച്ചടങ്ങില്‍ ആള്‍ക്കൂട്ടത്തിന്റെ പിന്നിലെവിടെയെങ്കിലും അവര്‍ ഉണ്ടായിരുന്നിരിക്കില്ലേ? ചടങ്ങ് വൈകിപ്പോയതിനാലും ആ മരണത്തെച്ചൊല്ലിയുണ്ടായ ഖേദചിന്തകളാലും അവര്‍ നേരത്തേ പള്ളിയില്‍നിന്നു മടങ്ങിപ്പോയതുമാവും. അങ്ങനെയൊക്കെയാണെങ്കില്‍, നാളത്തെ സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം അവരെ ആ നിലാവു വീണ കണ്ണുകളോടെ കാണുമ്പോള്‍... അച്ചന്റെ മനസ്സില്‍ കാര്‍മേഘങ്ങള്‍ കടന്നുവരുന്ന സൂര്യ പ്രകാശംപോലെ ഒരു തെളിച്ചം നിറഞ്ഞു... ആ സ്ത്രീയുടെ അടുത്തെത്തി നെറ്റിയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചശേഷം അവരുടെ മനോവ്യഥകള്‍ ചോദിച്ചറിഞ്ഞ്, ആശ്വസിപ്പിക്കുന്ന ഒരു സങ്കല്പം മനസ്സിലുണ്ടാക്കി അച്ചന്‍ അലക്ഷ്യമായി ദൂരേക്കു നോക്കി.

ആ നേരം പെട്ടെന്നു തീവണ്ടിപ്പാളത്തിനരികിലെ സിഗ്നല്‍ ലൈറ്റുകള്‍ നിറംമാറിക്കത്തിയത് അച്ചന്റെ ദൃഷ്ടിയില്‍പ്പെട്ടു. ഉടനെതന്നെ സ്റ്റേഷന്‍ വിട്ട് ഓടിത്തുടങ്ങിയ തെക്കോട്ടുള്ള വണ്ടി കണ്ടതും ശവസംസ്കാരച്ചടങ്ങ് വൈകിച്ച തീവണ്ടിയായിരുന്നല്ലോ അത് എന്ന് അച്ചന്‍ ഓര്‍മിച്ചു. ആ വണ്ടിയില്‍ എത്തുമെന്നു പ്രതീക്ഷിച്ച ആര്‍ക്കോവേണ്ടിയായിരുന്നു ജഡം ശ്മശാനത്തിലെത്തിച്ചതിനു ശേഷം പോലും അടക്കം വൈകിച്ചത്. അവസാനം തീവണ്ടി ഏറെ വൈകുമെന്നറിഞ്ഞപ്പോള്‍ സന്ധ്യാസൂര്യന്റെ മുഖം മൂടുന്ന മഴക്കാറുകള്‍ നോക്കി പ്രായമായവരാരോ തീരുമാനിക്കുകയായിരുന്നു: “ഇനി ആരെയും കാക്കേണ്ട... മഴയ്ക്കു മുന്‍പു കാര്യം കഴിയട്ടെ. അല്ലേല്‍ത്തന്നെ ആ പാവത്തിനെ കണ്ണുനീരു കുടുപ്പിച്ച്... ഒടുവില്‍ ഈ കടുംകൈയും ചെയ്യിച്ചിട്ട്... വരുമെന്നൊന്നും നമ്മളെയാരേം അറിയിച്ചിട്ടുമില്ലല്ലോ...”

പെട്ടെന്നു പള്ളിയിലേക്കു കയറിവരുന്ന പടിക്കെട്ടുകളില്‍ ധൃതി പിടിച്ച കാല്‍പെരുമാറ്റങ്ങള്‍ കേട്ടു. കല്‍ക്കെട്ടിനരികിലേക്കു നീങ്ങിനിന്നു നോക്കിയ അച്ചന്‍ ഇടിമിന്നലുകള്‍ നല്കിയ വെളിച്ചത്തില്‍, വേഗം വേഗം പടിക്കെട്ടുകള്‍ കയറിവരുന്ന ഒരാളെയും അയാള്‍ കൈ പിടിച്ചു നടത്തുന്ന കൊച്ചുകുട്ടിയെയും കണ്ടു. ഒരു തിരിച്ചറിവിന്റെ നടുക്കത്തോടെ അച്ചന്‍ അവരെ നേരിടുന്ന അപ്രിയ നിമിഷങ്ങള്‍ക്കായി തയ്യാറെടുത്തു ഗോപുരത്തില്‍നിന്നെത്തുന്ന പ്രകാശം പള്ളിമുറ്റത്തു വീഴുന്നിടത്തേക്കു മാറിനിന്നു.

കിതപ്പോടെ പടിക്കെട്ടുകള്‍ കടന്നെത്തിയ അയാള്‍ അച്ചനെ കണ്ടതും കുട്ടിയെ ഒന്നുകൂടി തന്നോടു ചേര്‍ത്തുകെട്ടിപ്പിടിച്ചു നടത്തി, സാവധാനം ആ പ്രകാശവൃത്തത്തിലേക്കു നടന്ന് അച്ചന്റെ അടുത്തു ചെന്നു. വിയര്‍പ്പിനാല്‍ വല്ലാതെ നനഞ്ഞു വിവശമായിരുന്ന അയാളുടെ മുഖത്തു ദീര്‍ഘയാത്രയുടെ ക്ഷീണവും വേദനയുടെയും പശ്ചാത്താപത്തിന്റെയും അടയാളങ്ങളും സ്പഷ്ടമായിരുന്നതിനാല്‍, ഒരു പരിചയപ്പെടലിന്റെ ആവശ്യം തോന്നാത്തത്ര തീര്‍ച്ചയോടെ അച്ചന്‍ ചോദിച്ചു: “വണ്ടി വൈകിപ്പോയി, അല്ലേ?”

അയാള്‍ മറുപടി പറഞ്ഞില്ല. കുട്ടിയുടെ കൈ വിടുവിച്ച്, കൈകള്‍ നെഞ്ചത്തു ചേര്‍ത്തുകെട്ടി ഒരു ന്യായാധിപന്റെ മുമ്പിലെന്നപോലെ തല കുമ്പിട്ടു നിന്നു. അയാളുടെ നെഞ്ചിടിപ്പുകളുടെ പിടച്ചിലുകള്‍ അച്ചനെ നിശബ്ദനാക്കി. കണ്ണുകളകറ്റി, പള്ളിഗോപുരത്തിലെ പ്രാവുകളുടെ ചിറകടികള്‍ ശ്രദ്ധിച്ചു മുകളിലേക്കു നോക്കിനില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ മുഖത്തേക്കു നോക്കിയതും പെട്ടെന്ന് തന്റെ സംശയങ്ങളെല്ലാം അകന്നുപോയ അച്ചന്റെ തൊണ്ടയില്‍ ഒരു ഗദ്ഗദം വന്നു തടഞ്ഞു: ദൈവമേ, അതേ കണ്ണുകള്‍... അതേ മൂക്ക്... അതേ ചുണ്ടുകള്‍... ഒരു നാലഞ്ചു വയസ്സിന്റെ നിഷ്കളങ്കതയും! തന്റെ ഉള്‍ക്ഷോഭങ്ങള്‍ മറയ്ക്കാന്‍ ഉടനെ ഇരുളിലേക്കു മറയണമെന്ന് അച്ചന്‍ ആഗ്രഹിച്ചു.

“വരൂ!” അച്ചന്‍ പറഞ്ഞു.

തനിക്കു നേരെ നീട്ടപ്പെട്ട അച്ചന്റെ കൈ നിഷേധിച്ച് കുട്ടി അയാളോടുതന്നെ ചേര്‍ന്നു നടന്നു.

പള്ളിമുറ്റം ചുറ്റി അവര്‍ ശ്മശാനത്തിലേക്കു നടക്കുമ്പോള്‍, ആകാശത്തു കണ്ണുകള്‍ തുറന്നടയുന്നതുപോലെ മിന്നലുകളും ഗദ്ഗദങ്ങള്‍പോലെ ഇടിമുഴക്കങ്ങളും വര്‍ദ്ധിച്ചിരുന്നു. പ്രധാന ശ്മശാനത്തിനു പുറത്തെ വെളിമ്പറമ്പില്‍ ശവം അടക്കംചെയ്യപ്പെട്ട സ്ഥാനം ഒന്നുരണ്ടു റീത്തുകളുടെ നിഴലടയാളങ്ങളാല്‍ തിരിച്ചറിഞ്ഞ്, അച്ചന്‍ തന്റെ സന്ദര്‍ശകനെ അങ്ങോട്ടു നടത്തി. മണ്‍കൂനയിലേക്കു കമിഴ്ന്നു വീണ് അയാള്‍ ഏങ്ങിയേങ്ങിക്കരയാന്‍ തുടങ്ങിയപ്പോള്‍, അച്ചന്‍ കുട്ടിയെ തന്നോടു ചേര്‍ത്തുനിര്‍ത്തികെട്ടിപ്പിടിച്ചുനിന്നു. ഭയന്നുപോയ കുട്ടിയും വിതുമ്പാന്‍ തുടങ്ങവേ അച്ചന്‍ കുട്ടിയെ ഒന്നുകൂടി ചേര്‍ത്തുപിടിച്ച് വേറൊരു കുട്ടിയെ എന്നപോലെ അയാളെ ചുമലില്‍ത്തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ആ സ്പര്‍ശനത്തോട് പ്രതികരിച്ചോ, കുട്ടിയുടെ കരച്ചില്‍ ശ്രദ്ധിച്ചോ അയാള്‍ സാവധാനം എഴുന്നേറ്റു ശക്തിയായ ഒരാലിംഗനത്താല്‍ കുട്ടിയെ തന്നോടു ചേര്‍ത്തിട്ടു വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി. വല്ലാതെ ഭയന്നുപോയ കുട്ടി അപ്പോഴേക്ക് ഉറക്കെയുറക്കെ കരയുകയായിരുന്നു.

നിശ്ചേഷ്ടനായി നിന്നുപോയ അച്ചന് ഒരു രക്ഷാമാര്‍ഗം കാട്ടിക്കൊടുക്കുമ്പോലെ ആകാശത്തുനിന്നു മഴത്തുള്ളികള്‍ അടര്‍ന്നുവീണു തുടങ്ങിയിരുന്നു. അച്ചന്‍ അയാളുടെ തോളത്തു തട്ടി സാന്ത്വനസ്വരത്തില്‍ പറഞ്ഞു: “വരൂ, മഴവരുന്നുണ്ട്... കുട്ടിയെ മഴ നനയ്ക്കേണ്ട.”

എന്നാല്‍ അയാള്‍ ഒന്നും മിണ്ടാതെ വിതുമ്പിക്കരഞ്ഞു നിന്നതേയുള്ളു.

ഒടുവില്‍ തന്റേതായ സമയമെടുത്ത് ആശ്വാസം കണ്ടെത്തിക്കഴിഞ്ഞ അയാള്‍ കുട്ടിയെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ച്, ഒക്കത്തെടുത്തുകൊണ്ട് അച്ചനെ പിന്തുടര്‍ന്നു.

കാറ്റിനു ശക്തിയേറിയിരുന്നു. ശ്മശാനത്തിനപ്പുറത്തെ വാഴത്തോട്ടത്തെ ആകെയുലച്ചുകൊണ്ടു കാറ്റടിക്കുമ്പോള്‍ നരിച്ചീറുകളുടെ കൂട്ടക്കരച്ചിലുകളുയരാന്‍ തുടങ്ങി. കാറ്റടിച്ചെത്തുന്ന മഴയിരമ്പലുകള്‍ കേട്ടു കരിയിലകളും പള്ളിമുറ്റത്തുകൂടി കരഞ്ഞുകൊണ്ടോടി. ബദാംമരങ്ങളുടെ കനമുള്ള ഇലകള്‍ പള്ളിമതിലില്‍ ഉരസി മുറ്റത്തേക്കൂ വീഴുന്ന ശബ്ദങ്ങളും... മരക്കൊമ്പുകളില്‍ ചേക്കേറിയിരുന്ന പക്ഷിക്കുടുംബങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും ഇടകലര്‍ന്ന കൂട്ടക്കരച്ചിലുകളും ഒരു രൗദ്രസംഗീതംപോലെ ഉയര്‍ന്നുകേട്ടു.

അവര്‍ പള്ളിയുടെ വാതില്‍ക്കലെത്തും മുമ്പു മഴ പെയ്തുതുടങ്ങിയിരുന്നെങ്കിലും നനയുന്നതറിയാത്തപോലെ നടന്നു പള്ളിനടയിലെ മേല്‍ക്കൂരയുടെയും വെളിച്ചത്തിന്റെയും സുരക്ഷിതത്വത്തിലെത്തി. അയാള്‍ തൂവാലയെടുത്തു മകളുടെ നനഞ്ഞ തലമൂടി തോര്‍ത്തി. എന്നിട്ടു സ്വന്തം മുഖത്തെ കണ്ണുനീരും അമര്‍ത്തിത്തുടച്ചു കൈത്തണ്ടയിലെ വാച്ച് വെളിച്ചത്തിലേക്കു മാറ്റിപ്പിടിച്ചു സമയം നോക്കി.

നിശബ്ദതയുടെ അസ്വാസ്ഥ്യമകറ്റാനായി അച്ചന്‍ പറഞ്ഞു: “നിങ്ങളെ ഒത്തിരിനേരം കാത്തു. എന്തു ചെയ്യാം. വണ്ടി വല്ലാതെ വൈകിപ്പോയല്ലോ. മഴ പെയ്തെങ്കിലോ എന്നോര്‍ത്തിട്ടാണ്. അല്ലെങ്കില്‍ കുറെനേരം കൂടി...” അയാള്‍ താന്‍ പറയുന്നതെന്തെന്നു കേള്‍ക്കാതെയാണു തന്റെ മുഖത്തേക്കു നോക്കിനില്‍ക്കുന്നതെന്നു മനസ്സിലാക്കി അച്ചന്‍ അത് ഏറെത്തുടര്‍ന്നില്ല. കുറച്ചൊരു വിരാമമിട്ട് അച്ചന്‍ ചോദിച്ചു:

“പള്ളിയിലേക്കു കയറുന്നില്ലേ?”

“ഇല്ലച്ചാ, എനിക്ക് ഉടനെതന്നെ മടങ്ങണം. വണ്ടിയുടെ സമയമായി.”

“ഇന്നുതന്നെ മടങ്ങാനോ? അതും ഈ മഴയത്ത്...എങ്ങനെ?”

“സാരമില്ല. ഈ വണ്ടി പോയാല്‍...” പിന്നെ മോളെയുംകൊണ്ട്...രാത്രി ഞാന്‍ എന്തു ചെയ്യും?” അയാളുടെ തൊണ്ടയിടറിത്തുടങ്ങിയിരുന്നു.

“ഇന്നു രാത്രി, ഇവിടെ എന്റെ കൂടെ കഴിയാം. രാവിലെ പോയാല്‍ മതി. കുര്‍ബാന കഴിഞ്ഞ് പ്രാര്‍ത്ഥിച്ചിട്ടൊക്കെ.”

അച്ചന്‍ സംയമനത്തോടെ പറഞ്ഞു.

“ഇല്ലച്ചാ! ഇവള്‍ സമ്മതിക്കില്ല. വീട്ടില്‍ത്തന്നെ ഇവള്‍ എന്നോടെന്നും വഴക്കായിരുന്നു. അമ്മയെ കാണാതെ... നാളെ ഇവളെ ഞാന്‍ തിരിച്ചുകൊണ്ടു വരാന്‍...” അയാള്‍ക്കു ശബ്ദം നഷ്ടപ്പെട്ടുപോയി. അല്പം കഴിഞ്ഞ് തൊണ്ടയിടര്‍ച്ചകള്‍ നീക്കി അയാള്‍ തുടര്‍ന്നു: “ഉച്ചയ്ക്കു വിവരമറിഞ്ഞയുടന്‍ ഞാന്‍ മോളെയും കൂട്ടി ഓടിപ്പോന്നതാണ്. മറ്റാരോടും പറയാതെപോലും...” വിവശയായിക്കഴിഞ്ഞിരുന്ന കുട്ടി അയാളുടെ തോളില്‍ തലചായ്ച്ചു കിടന്ന് ഒരു മയക്കത്തിലേക്കു വീണുകൊണ്ടിരുന്നു.

ഒരു തീവണ്ടിയുടെ അടുത്തേക്ക് അയാളെ ആ നേരത്ത് അയയ്ക്കരുതെന്നു തന്നോടാരോ പറയുന്നതുപോലെ അച്ചനു തോന്നിക്കൊണ്ടിരുന്നു. കുറച്ചൊന്നു ചിന്തിച്ചിട്ട് അച്ചന്‍ പറഞ്ഞു:

“എങ്കില്‍ നില്‍ക്കൂ, ഞാനുംകൂടി സ്റ്റേഷനിലേക്കു വരാം. കുടയെടുത്തു വന്നിട്ട്...”

പള്ളിമേടയിലേക്കു പോകുമ്പോള്‍ മരിച്ച സ്ത്രീ അയാളോടൊത്തു പള്ളിമുറ്റത്തു നില്‍ക്കുന്ന ഒരാകസ്മികസങ്കല്പം അച്ചന്റെ മനസ്സിലുളവായി. എത്ര ചേര്‍ച്ച തോന്നുന്ന ദമ്പതികള്‍-അച്ചന്‍ അതിശയിച്ചു-കാഴ്ചകള്‍ക്കപ്പുറത്തെ അറിവുകളുടെ അര്‍ത്ഥാനര്‍ത്ഥങ്ങളെക്കുറിച്ചോര്‍ത്തു ചിന്താധീനനായി അച്ചന്‍ കുടകളെടുത്തു മടങ്ങിയെത്തി.

ഉറക്കത്തില്‍ത്തന്നെ ഇടയ്ക്കിടെ കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടുനില്‍ക്കുകയായിരുന്നു അയാള്‍. പള്ളിമേലാപ്പില്‍നിന്നു മഴത്തുള്ളികള്‍ മണലിലേക്ക് ആര്‍ത്തലച്ചു വീണുകൊണ്ടിരുന്നു. അച്ചന്‍ താന്‍ കൊണ്ടു വന്നതില്‍ വലിപ്പം കൂടിയ കാലന്‍കുട നിവര്‍ത്തി അയാളെ ഏല്പിച്ചു. മഴയിലേക്കിറങ്ങി അവരിരുവരും പള്ളിയുടെ നടകളിറങ്ങിത്തുടങ്ങി. ആഞ്ഞുവീശുന്ന കാറ്റ് കുടകള്‍ക്കു തടയാനാവാത്തവിധം മഴത്തുള്ളികളെ വിതറിക്കൊണ്ടിരുന്നു. അയാള്‍ കുടയുടെ സംരക്ഷണം മുഴുവന്‍ കുട്ടിക്കു നല്കി നനയുന്നതു വകവയ്ക്കാതെ നടക്കുന്നത് അച്ചന്‍ ശ്രദ്ധിച്ചു.

അവര്‍ നടകളിറങ്ങിത്തീരും മുന്‍പേ തീവണ്ടിയുടെ വരവറിയിക്കുന്ന മണി മുഴക്കങ്ങള്‍ കേട്ടുതുടങ്ങിയിരുന്നു.

അയാള്‍ തിടുക്കത്തോടെ നടത്തത്തിനു വേഗത കൂട്ടി. നനഞ്ഞ കുപ്പായത്തിന്റെ തടസ്സത്താല്‍ അതേ വേഗത്തില്‍ അവരെ അനുഗമിക്കാന‍് അച്ചന്‍ പാടുപെട്ടു.

അയാള്‍ സ്റ്റേഷനിലേക്ക് ഓടിക്കയറുമ്പോള്‍ അച്ചന്‍ ഏറെ പിന്നിലായിരുന്നു. തീവണ്ടിയുടെ വെളിച്ചം ദൂരെ ദൃശ്യമായിരുന്നെങ്കിലും മഴയുടെ ആരവങ്ങള്‍ക്കിടയില്‍ അതിന്റെ ശബ്ദങ്ങള്‍ നഷ്ടപ്പെട്ടുപോയിരുന്നു. താന്‍ സ്റ്റേഷനിലേക്കോടിയെത്തവേ, അയാളെ പ്ലാറ്റ്ഫോമിലൊരിടത്തും കാണാതെ പരിഭ്രാന്തിയോടെ പാഞ്ഞുചെന്നു നോക്കുമ്പോള്‍, പാളത്തിലേക്കിറങ്ങിപ്പോകുന്നിടത്തു തന്റെ കാലന്‍കുട ഉപേക്ഷിക്കപ്പെട്ടുകിടക്കുന്നതും തീവണ്ടി അപായസൂചനയായ സൈറണ്‍ മുഴുക്കുന്നതുമായ ഒരു പേക്കിനാവ് അച്ചന്റെ മനസ്സിലൂടെ കടന്നുപോയി.

തന്റെ കുപ്പായം മുട്ടുകള്‍ക്കു മുകളിലേക്കുയര്‍ത്തിപ്പിടിച്ച് അച്ചന്‍ വല്ലാതെതിടുക്കപ്പെട്ടു സ്റ്റേഷനിലേക്കോടി.

അച്ചന്‍ പ്ലാറ്റ്ഫോമിലെത്തുമ്പോള്‍ അയാള്‍ ടിക്കറ്റെടുത്തു മഴയിലൂടെ ഓടിയടുക്കുന്ന തീവണ്ടിയെ നോക്കിനില്‍ക്കുകയായിരുന്നു, മടങ്ങിപ്പോകാന്‍ വിസമ്മതിച്ചു വല്ലാതെ ശാഠ്യംപിടിച്ചു കരയാന്‍ തുടങ്ങിക്കഴിഞ്ഞിരുന്ന കുട്ടിയെ ആശ്വസിപ്പിക്കാനറിയാതെ, നിസ്സഹായതയുടെ ഒരു പൂര്‍ണകായചിത്രമായി...

അച്ചന്‍ അടുത്തെത്തിയപ്പോള്‍ പെട്ടെന്നോര്‍മ്മിച്ചതുപോലെ അയാള്‍ കുടതിരികെ ഏല്പിച്ചു. പിന്നെ കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചു യാത്രാനുവാദത്തിന്റെ നിശബ്ദചോദ്യം ചോദിച്ചു.

തീവണ്ടിയില്‍ തീരെ തിരക്കില്ലായിരുന്നു. ഉറക്കെക്കരഞ്ഞുകൊണ്ടു കൈകളില്‍നിന്നു കുതറിച്ചാടാനൊരുങ്ങുന്ന കുട്ടിയെ ഒതുക്കിപ്പിടിച്ച്, ഒടുവിലത്തെ യാത്രക്കാരനായി കയറിയിട്ടും അയാള്‍ക്കു ജനലരികിലെ ഇരിപ്പിടം കിട്ടി. പൊടുന്നനെ, എതിരെയിരുന്ന യാചകസംഘത്തിന്റെ കലമ്പല്‍ കുട്ടിയുടെ ശ്രദ്ധയെ ആകെ മാറ്റി. കുട്ടി നെടുനേരത്തേക്കു കരച്ചില്‍ നിര്‍ത്തി, കരഞ്ഞതെന്തിനാണെന്നു മറന്നുവോ എന്നു തോന്നുംവിധം ആ അഗതികളുടെ ജീവിതദൃശ്യത്തിലേക്ക് ഉത്കണ്ഠകളോടെ കണ്ണു മിഴിച്ചിരിക്കാന്‍ തുടങ്ങി.

അപ്പോള്‍ വലിയൊരാഗ്രഹസാഫല്യംപോലെ അച്ചന്‍ കുട്ടിയുടെ നെറ്റിയില്‍ കുരിശടയാളങ്ങള്‍ വരച്ചു കണ്ണുകളടച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അര്‍ത്ഥങ്ങളറിയാത്ത കാഴ്ചകളും പ്രവൃത്തികളും സൃഷ്ടിച്ച അമ്പരപ്പോടെ കുട്ടി അച്ഛന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കിക്കൊണ്ടിരുന്നു.

അച്ചന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ തീവണ്ടി ഒരു വിലാപസ്വരത്തില്‍ അതിന്റെ യാത്രാരംഭം അറിയിച്ച് മെല്ലെ ഓടിത്തുടങ്ങി. പരസ്പരമറിയിക്കേണ്ട യാത്രാ സന്ദേശമെന്തെന്നറിയാതെ അച്ചനും അയാളും മുഖത്തോടുമുഖം നോക്കിക്കൊണ്ടിരിക്കെ, തീവണ്ടിയുടെ ഉരുക്കുചക്രങ്ങള്‍ ഗതിവേഗം പ്രാപിച്ച് അവരെ വേര്‍പെടുത്തി.

കണ്ണുകളില്‍ നിറഞ്ഞ മൂടാപ്പില്‍ തീവണ്ടി അദൃശ്യതയിലേക്ക് ഓടിപ്പോകുന്നതു നോക്കി അച്ചന്‍ ഏറെനേരം പ്ലാറ്റ്ഫോമില്‍ത്തന്നെ നിന്നു.

ഒടുവില്‍ നിശബ്ദമായ തീവണ്ടിപ്പാളങ്ങളുടെ തിളക്കങ്ങളില്‍നിന്നു കണ്ണെടുത്ത് തോരാന്‍ തുടങ്ങിയിരുന്ന മഴയിലൂടെ തിരികെ നടക്കുമ്പോള്‍, വിരല്‍ത്തുമ്പുകള്‍ സൂക്ഷിക്കുന്ന ആ ഇളംനെറ്റിയിലെ സ്പര്‍ശനത്തിന്റെ ഓര്‍മയില്‍ താന്‍ മരണമടഞ്ഞ സ്ത്രീയെ മറന്നു തുടങ്ങുന്നുവല്ലോ എന്ന് അച്ചന്‍ ആശ്വസിച്ചു.

എന്നാല്‍, മഴയാല്‍ കഴുകപ്പെട്ട പള്ളിയുടെ പടിക്കെട്ടുകളിലെ തിളക്കങ്ങളും തെന്നലും കടന്നു പള്ളിമുറ്റത്തെ ബദാംമരങ്ങളുടെ ചുവട്ടിലൂടെ നടക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും പെയ്തുതുടങ്ങാവുന്ന മറ്റൊരു മഴപോലെ ആ മുഖത്തിന്റെ ഓര്‍മ തന്റെയുള്ളില്‍ അലയുന്നുണ്ടെന്ന് അച്ചന്‍ തിരിച്ചറിയുകയും ചെയ്തു.