close
Sayahna Sayahna
Search

പൂവന്‍കോഴിയും പുഴുക്കളും


പൂവന്‍കോഴിയും പുഴുക്കളും
AymanamJohn.jpg
ഗ്രന്ഥകർത്താവ് അയ്മനം ജോൺ
മൂലകൃതി ഒന്നാം പാഠം ബഹിരാകാശം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
വര്‍ഷം
2014

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്.

കട്ടന്‍കാപ്പിയോടൊപ്പം കണ്ടു പരിചയിച്ച ഒരു പുലര്‍കാലകാഴ്ചയായിരുന്നു പാപ്പിച്ചേട്ടന്റെ ഓട്ടം. തെക്കേക്കവല വഴി വെളുപ്പിന് പട്ടണത്തിലേക്കു പോയിരുന്ന സ്വരാജ് ബസ്സ് പിടിക്കാനായിരുന്നു പാപ്പിച്ചേട്ടന്‍ അങ്ങനെ ഓടിക്കൊണ്ടിരുന്നത്. കക്ഷത്തില്‍ ചേര്‍ത്തു പിടിച്ച പഴഞ്ചന്‍ കാലന്‍കുടയും ഇടതുകൈയില്‍ തൂക്കിപ്പിടിച്ച ചോറ്റുപാത്രവുമായി വലതു കൈ ബദ്ധപ്പെട്ട് ആഞ്ഞുവീശി ഇടം വലം നോക്കാതെയുള്ള ഒരോട്ടം.

ആറിനക്കരെയായിരുന്നു പാപ്പിച്ചേട്ടന്റെ വീട്. കടത്തു കടന്ന് വാഴത്തോട്ടത്തിന്റെ കടുംപച്ച നിറങ്ങളും കടന്ന് കെട്ടുവരമ്പത്തുകൂടെ കുറെയേറെ ദൂരം നടന്നെത്തുന്ന ഒരിടത്ത് പൂവരശു മരങ്ങള്‍ക്കും ആറ്റുകൈതക്കാടുകള്‍ക്കും മറഞ്ഞിരുന്ന കൊച്ചുവീട്ടില്‍ പാപ്പിച്ചേട്ടന്‍, അന്നമ്മച്ചേട്ടത്തി, ഏകമകള്‍ റോസക്കുട്ടി എന്നിവരടങ്ങിയ കുടുംബം. വീട്ടുമുറ്റത്ത് മുല്ല പടര്‍ന്ന ഒരു കിളിമരവും മരച്ചുവട്ടില്‍ നിറയെ നക്ഷത്രവള്ളികളും നാലുമണിപ്പൂക്കളും ഉണ്ടായിരുന്നു. സ്കൂളില്‍ പോകാനൊക്കാതിരുന്ന ദിവസങ്ങളില്‍ റോസക്കുട്ടിയോട് ക്ലാസ്‌നോട്ടുകള്‍ കടം വാങ്ങാന്‍ പോയ വൈകുന്നേരങ്ങളില്‍ ആ കൊച്ചുപൂക്കള്‍ക്ക് ഉള്ളതിലേറെ ഭംഗി തോന്നിയിരുന്നോ?

അതെന്തുമാകട്ടെ, വീണ്ടും പാപ്പിച്ചേട്ടന്റെ ഓട്ടത്തിലേക്കു മടങ്ങാം. കടത്തുകാരന്‍ ഔതച്ചേട്ടന്‍ കോട്ടുവായിട്ടു തുഴഞ്ഞ ഒരു സ്പെഷ്യല്‍ കടത്തിലായിരുന്നു കൂട്ടുകാരനെ ഇക്കരെ എത്തിക്കാറുണ്ടായിരുന്നത്. സ്വരാജ് ബസ്സിനുമുണ്ടായിരുന്നു പതിവുയാത്രക്കാരനായ പാപ്പിച്ചേട്ടനോട് പ്രത്യേക മമത. ഓടിയെത്താന്‍ കുറച്ചൊന്നമാന്തിച്ചു പോയാലും വണ്ടി പാപ്പിച്ചേട്ടനെ കാത്തുകിടക്കാറുണ്ടായിരുന്നു. മറ്റു യാത്രക്കാര്‍ക്കും അതില്‍ പരാതിയേതുമില്ലായിരുന്നു. മുനിസിപ്പല്‍ ഓഫീസിലെ ശിപായിയാരിരുന്ന പാപ്പിച്ചേട്ടന്‍ ചെന്നിട്ടു വേണം എട്ടു മണിയുടെ സൈറണ്‍ മുഴക്കേണ്ടത് എന്ന് ഒട്ടുമുക്കാലും പേര്‍ക്ക് അറിയാമായിരുന്നു.

പാപ്പിച്ചേട്ടനും കൂട്ടരും ഒരുനാളും മുടങ്ങാതെ മുഴക്കിക്കേള്‍പ്പിച്ചിരുന്ന ആ അഞ്ചുമണി-എട്ടുമണി-ഒരു മണി-അഞ്ചുമണി-എട്ടുമണികളാണ് അക്കാലത്തെ ആറ്റിറമ്പുകാരുടെ ജീവിതത്തെ ചലനാത്മകമാക്കിയിരുന്നത്. ഉദാസീനമായി വീശുന്ന വേമ്പനാടന്‍ കാറ്റുകളേറ്റ് ആലസ്യം ബാധിച്ച ആറ്റിറമ്പിന്റെ സിരകളിലേക്കു കടത്തിവിടപ്പെടുന്ന സമയത്തിന്റെ ഉത്തേജകമരുന്നുകള്‍പോലെയായിരുന്നു ആ മണിക്കൂകലുകള്‍. ആദ്യം മുഴങ്ങുന്ന അഞ്ചുമണികൂകലിനെ അവ ഗണിച്ച് കിടക്കപ്പായില്‍ ഒന്ന് തിരിഞ്ഞു കിടന്നുറങ്ങുന്ന ആറ്റിറമ്പുകാരുടെ ജീവിതത്തിനേല്‍ക്കുന്ന ചാട്ടവാറടികളായിരുന്നു പാപ്പിച്ചേട്ടന്‍ കൂകിയറിയിച്ച എട്ടുമണിയൊച്ചകള്‍. അത് കേട്ടാലുടന്‍ ആറ്റിറമ്പിലെ അടുക്കളകള്‍ ശബ്ദായമാനമാകുകയും എല്ലാ വീടുകളിലും കുളിച്ചൊരുങ്ങലുകളുടെ ശബ്ദം കേട്ടു തുടങ്ങുകയും ചെയ്യുന്നു. ആറ്റിറമ്പിലെ കര്‍ഷകര്‍ നിലങ്ങളിലേക്കും കച്ചവടക്കാര്‍ കടകളിലേക്കും വള്ളക്കാരും വലക്കാരും പുഴയിലേക്കും പോകാനൊരുങ്ങുന്നു. ആറ്റിറമ്പിലെ കടത്തുകടവില്‍ നിന്ന് പട്ടണത്തിലേക്കോടിയിരുന്ന ഏക ബസ്സ്- സെന്റ് ജോര്‍ജ്-ആദ്യ സവാരിക്ക് തയ്യാറെടുക്കുന്നു. സ്റ്റിയറിങ്‌വീലിനു മുന്നിലെ യേശുക്രിസ്തുവിന്റെയും ശ്രീകൃഷ്ണന്റെയും ശ്രീനാരായണഗുരുവിന്റെയും ചിത്രങ്ങള്‍ തുടര്‍ച്ച് വൃത്തിയാക്കി ഡ്രൈവര്‍ പൈലിച്ചേട്ടന്‍ പട്ടണത്തിന്റെ പേരെഴുതിയ വശം മുന്നിലാക്കി ബോര്‍ഡ് സ്ഥാപിച്ചു. കുരിശുവരച്ച് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി. അപ്പോഴേക്ക് ഔതച്ചേട്ടന്‍ ആഞ്ഞു തുഴഞ്ഞ് ഇക്കരെയെത്തിച്ച കടത്തുവള്ളത്തില്‍ നിന്ന് ചാടിയിറങ്ങി ഓടിക്കയറിയ ഒടുവിലത്തെ യാത്രക്കാരെയും തിക്കിക്കൊള്ളിച്ച് കണ്ടക്ടര്‍ പീതാംബരന്‍ ‘പോകാം — പോകാം’ പറയുകയും ചെവിപ്പുറകില്‍ തിരുകി സൂക്ഷിച്ച പെന്‍സില്‍ ഊരിയെടുക്കുകയും ചെയ്യുന്നതോടെ, സെന്റ് ജോര്‍ജ് അതിന്റെ യാത്രയാരംഭിക്കുന്നു. കായല്‍നിലങ്ങളിലേക്കു പോകുന്ന കൃഷിക്കാരും കാലി-കോഴിച്ചന്തകളിലേക്കു പോകുന്നവരും വാഴക്കുല-വാഴയിലക്കച്ചവടക്കാരും ബീഡിതെറുപ്പുകാരും കള്ളു ചെത്തുകാരും അല്ലറ ചില്ലറ ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന ആറ്റിറമ്പിലെ മനുഷ്യവിഭവശേഷിയുടെ കനമറിയിക്കുന്ന ഒരു മൂളക്കത്തോടെ ചെമ്മണ്‍ റോഡിലെ കുണ്ടുകുഴികള്‍ തപ്പിത്തടഞ്ഞ് സെന്റ് ജോര്‍ജ് ഓടിപ്പോകുമ്പോള്‍ മുകളില്‍ ഏത്തവാഴക്കുലകള്‍ക്കും വാഴയിലക്കെട്ടുകള്‍ക്കുമിടയിലെ മുപ്പറക്കൊട്ടകളിലിരുന്ന് കാലുകള്‍ കൂട്ടിക്കെട്ടപ്പെട്ട കോഴികളും താറാവുകളും മുത്തുമണികളോളം ചെറിയ കണ്ണുകളിലൂടെ ആറ്റിറമ്പിനെ അവസാനമായി നോക്കിക്കൊണ്ടിരിക്കുന്നു.

ശങ്കുപിള്ളച്ചേട്ടന്റെ ചായക്കടയില്‍നിന്നും ഗോപാലപ്പണിക്കരുടെ പലചരക്ക്-നാട്ടുമരുന്നു കടയില്‍നിന്നും അവിടെയുമിവിടെയും വച്ച് വഴിയോട് കുട്ടിമുട്ടുന്ന മീനച്ചിലാറിലെ വള്ളങ്ങളില്‍നിന്നും പിന്നെ വഴിനീളെയുള്ള വീട്ടുമുറ്റങ്ങളില്‍നിന്നും ആറ്റിറമ്പുകാര്‍ സെന്റ് ജോര്‍ജിന്റെ ദുര്‍ഘടയാത്ര നോക്കി നില്‍ക്കുന്നു — ആറ്റിറമ്പിലെ പുതിയ പ്രഭാതത്തിന്റെ സാഫല്യംപോലെ അത് സാവധാനം ഓടിയകലുന്നത്.

പകലിന്റെ ഭിന്ന നേരങ്ങളില്‍ പട്ടണത്തിനും ആറ്റിറമ്പിനുമിടയില്‍ ഒരു പെന്‍ഡുലംപോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിയ ആ ഒറ്റവണ്ടിയായിരുന്നു ആറ്റിറമ്പിലെ മറ്റൊരു സമയവാഹിനി. നേരഭേദമില്ലാത്ത കാക്കകരച്ചിലുകള്‍ക്കും പശുക്കളുടെ അമറലിനും പട്ടികുരകള്‍ക്കും കുട്ടികളുടെ കരച്ചിലുകള്‍ക്കുമൊക്കെയിടയ്ക്ക് പെട്ടെന്ന് ആ വണ്ടിയുടെ ഇരമ്പം കേട്ടാലുടന്‍ ആറ്റിറമ്പുകാരുടെ

മനസ്സില്‍ ഒരങ്കലാപ്പ് പരന്നിരുന്നു. ‘അയ്യോ! അമ്മേ! ഒന്‍പതരേടെ സെന്റ് ജോര്‍ജ് പോകുന്നു’ എന്നു പറഞ്ഞ് വെപ്രാളപ്പെട്ട് പുസ്തകക്കെട്ടെടുക്കുന്ന കുട്ടികള്‍, ‘പതിനൊന്നരേടെ വണ്ടി ദാ, അങ്ങോട്ട് പോകുന്നു. ഇപ്പം വരും അത്...’ എന്ന് ആവലാതിപ്പെട്ട് പനി പിടിച്ച കുഞ്ഞിനെയുംകൊണ്ട് ജില്ലാ ആസ്പത്രിയിലേക്കു പോകാനൊരുങ്ങുന്ന ഒരമ്മ. ‘പോകണോന്നൊണ്ടെങ്കില്‍ വേഗമൊന്നൊരുങ്ങ്. ഒന്നരേടെ വണ്ടി വരാറായി’ എന്നു പറഞ്ഞ് മാറ്റിനി കാണാന്‍ പദ്ധതിയിടുന്ന വിനോദപ്രിയര്‍.

പൊടുന്നനേ, ഒരു മണിയുടെ സൈറണ്‍ വിശന്നലറി. തീന്‍മേശയ്ക്കരികിലും വാതില്‍പ്പടികളിലും തിണ്ണയില്‍ ചമ്രം പടിഞ്ഞുമൊക്കെ ആറ്റിറമ്പുകാര്‍ ഉണ്ണാനിരിക്കുന്ന ആ നേരത്തെ എങ്ങനെ അതിജീവിക്കും എന്നതായിരുന്നു അക്കാലം ഏറെയും അര്‍ദ്ധപ്പട്ടിണിക്കാരായിരുന്ന ആറ്റിറമ്പുകാര്‍ക്കിടയിലെ വീട്ടമ്മമാര്‍ നേരിട്ടിരുന്ന ഏറ്റവും വലിയ ദാര്‍ശനികപ്രശ്നം. ഏവരെയും വശംപോലെ ഊട്ടിയതിനുശേഷം കലങ്ങളിലും ചട്ടികളിലും ശേഷിച്ചതൊക്കെ വടിച്ചെടുത്തു ഭക്ഷിച്ച് പാത്രങ്ങളൊക്കെ കഴുകിക്കമിഴ്ത്തിക്കഴിഞ്ഞാല്‍ ദിവസത്തിന്റെ ആദ്യപാതി അവസാനിച്ചല്ലോ എന്ന ആശ്വാസത്തോടെ അവരൊന്നിരിക്കുമ്പോള്‍ മാറ്റിനിക്ക് പോകുന്നവര്‍ തിങ്ങിക്കയറിയ സെന്റ് ജോര്‍ജ് വഴി തടഞ്ഞോടുന്ന കുട്ടികളെയും കന്നുകാലികളെയും ഹോണടിച്ചകറ്റി കടന്നുപോകുന്നു.

ആറ്റിറമ്പിലെ നിഴലുകള്‍ കിഴക്കോട്ടു നീങ്ങിത്തുടങ്ങുകയായി. പകലിന്റെ വേലിയിറക്കം. ഉച്ചയുറക്കത്തിന്റെയോ ദിനവൃത്താന്തങ്ങളുടെയോ നേരം. വേലിയരികുകളിലും വീട്ടുവരാന്തകളിലും കുളിക്കടവുകളിലും ചായക്കടത്തിണ്ണകളിലുമൊക്കെ കൂട്ടംകൂടി ആറ്റിറമ്പുകാര്‍ അവരുടെ ജീവിതങ്ങളെ വിലയിരുത്തിക്കൊണ്ടിരിക്കും. വീട്ടുവിശേഷങ്ങള്‍, നാട്ടുവര്‍ത്തമാനങ്ങള്‍, ദൂരെ നിന്നെത്തിയ എഴുത്തിലെ വിവരങ്ങള്‍, ഏഷണികളുടെ കൊടുക്കല്‍വാങ്ങലുകള്‍, പ്രാരബ്ധപ്പട്ടികകള്‍, പരാതിപറച്ചിലുകള്‍, നര്‍മസല്ലാപങ്ങള്‍ — അതിനൊക്കെയിടയ്ക്ക് കായലില്‍നിന്നെത്തുന്ന പടിഞ്ഞാറന്‍കാറ്റ് വാഴത്തോട്ടങ്ങളെ വാരിപ്പുണര്‍ന്ന് വീര്‍പ്പുമുട്ടിച്ചിട്ട് ഓടിക്കളയുന്നു. പൂക്കളില്‍ ചിലത് കുലുങ്ങിച്ചിരിക്കുകയും വേറെ ചിലത് വാടിവീഴുകയും ചെയ്യുന്നു. എവിടെയോ ഇരുന്ന് സമയത്തിന്റെ മറ്റൊരു ചക്രംചവിട്ടുകാരന്‍ ചവിട്ടിയൊഴുക്കി വിടുന്നതുപോലെ മീനച്ചിലാറ് ഒഴുകിക്കൊണ്ടിരിക്കും. സമയം ഒരു നൂല്‍മഴപോലെ ആറ്റിറമ്പില്‍ പെയ്തുകൊണ്ടിരിക്കുകയാണെന്നു തോന്നും.

ആ നൂല്‍മഴ പെയ്തൊഴിയുന്നതുപോലെയായിരുന്നു ആറ്റിറമ്പില്‍ അഞ്ചുമണി കൂകി നിലയ്ക്കുന്നത്. അധ്വാനത്തിന്റെ കരിങ്കടല്‍ താണ്ടിക്കഴിഞ്ഞതുപോലെ ആറ്റിറമ്പില്‍പറമ്പ് കിളച്ചവരും വിറക് കീറിയവരും ഞാറ് നട്ടവരും കളപറിച്ചവരുമെല്ലാം പണി നിര്‍ത്തി ആശ്വസിക്കുമ്പോള്‍ ‘അയ്യോ പിള്ളേരടച്ഛന്‍ ഇപ്പം വരും’ എന്നു പറഞ്ഞ് ഒരു കാര്‍ത്ത്യായനിയോ കുഞ്ഞുലക്ഷ്മിയോ വേലിക്കപ്പുറത്തെ കുഞ്ഞന്നാമ്മയോടു വിട പറഞ്ഞ് തീയൂതാനോടുന്നു. വെളിമ്പറമ്പുകളില്‍ പന്തു കളിക്കാനും പട്ടം പറപ്പിക്കാനുമൊക്കെ വട്ടം കൂട്ടിന്ന കുട്ടികളുടെ ആഹ്ലാദാരവങ്ങള്‍.

അന്നൊക്കെ സമയമെന്നു പറഞ്ഞാല്‍ അത്രയൊക്കെയേ അര്‍ത്ഥമുണ്ടായിരുന്നുള്ളൂ ആറ്റിറമ്പില്‍. മുനിസിപ്പല്‍ സൈറണിന്റെ കൂകലോ ബസ്സിരമ്പലോ കേള്‍ക്കാത്തപ്പോള്‍ ആറ്റിറമ്പുകാരെല്ലാം സമയത്തെപ്പറ്റി ആശങ്കകളൊന്നുമില്ലാതെ ജീവിതനദിയുടെ കുളിര്‍മയില്‍ വെറുതെ മുങ്ങിക്കിടന്നു. ആറ്റിറമ്പമ്പലത്തിലെ ശീവേലിയൊച്ചകള്‍ കേള്‍ക്കുമ്പോഴോ കടവില്‍ മീന്‍കാര്‍ കൂകുമ്പോഴോ പള്ളിയിലെ സന്ധ്യാമണിമുഴങ്ങുമ്പോഴോ ‘നേരമൊത്തിരിയായല്ലോ...’ എന്നൊരു വെറും വാക്ക് പറഞ്ഞെന്നിരിക്കും അത്രതന്നെ. സെന്റ് ജോര്‍ജ് വന്നു നില്‍ക്കുന്നിടത്തെ മുറുക്കാന്‍ കടയിലിരുന്ന് ആറ്റരികിലെ കുരിശിന്‍തൊട്ടിയുടെ വഴിയിലേക്ക് നീളുന്ന നിഴല്‍ നോക്കി ബസ് വരാറായോ എന്നു പറഞ്ഞിരുന്ന ബീഡിതെറുപ്പുകാരന്‍ ചെല്ലപ്പന്‍, സമനില അത്രത്തോളം തെറ്റിയിട്ടും സമയം തെറ്റാതെ കടത്തുകടവില്‍ വന്നിരുന്ന് അതുമിതും പുലമ്പാറുണ്ടായിരുന്ന കിറുക്കന്‍ ചാക്കോച്ചന്‍... അങ്ങനെ സമയമെന്നു വിളിക്കുന്ന കാലത്തിന്റെ ഹൃദയമിടിപ്പുകള്‍ക്ക് ചെവിയോര്‍ത്തിരിക്കുന്ന ചില നിഷ്പക്ഷനിരീക്ഷകരും.

ആറര മണിക്കെത്തിയിരുന്ന സെന്റ് ജോര്‍ജില്‍ കടത്തുകടവില്‍ വന്നിറങ്ങിയിരുന്ന പാപ്പിച്ചേട്ടന്‍ വെളുപ്പിന് അങ്ങോട്ടു പോയ ആളേ അല്ലായിരുന്നു. പട്ടണത്തില്‍ കേട്ട പകലത്തെ വിശേഷങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ച് കൂട്ടുകാരുംകൂടി പാടത്തിറമ്പത്തെ കള്ളുഷാപ്പിനെ ലാക്കാക്കി നടക്കുന്ന പാപ്പിച്ചേട്ടനെ കണ്ടാല്‍ സമയം ഒരു വളര്‍ത്തുനായയെപ്പോലെ പിന്‍പെ നടക്കുന്നുണ്ടെന്നുതോന്നുമായിരുന്നു. അത്ര ഉദാസീനമായിരുന്നു ആ നടപ്പ്. അന്തിക്കള്ളിന്റെയും കൂട്ടുകെട്ടുകളുടെയും ലഹരി നുണഞ്ഞിരിക്കുന്ന പാപ്പിച്ചേട്ടനും ഔതച്ചേട്ടനും ഒടുവിലിറങ്ങുന്ന കുടിയന്മാരിലിരുവരായി ഷാപ്പ് വിട്ടിറങ്ങുമ്പോള്‍ ദൂരെ ഒരു ഉണക്കമരത്തില്‍ ഒറ്റയ്ക്കിരുന്ന് മൂളുന്ന മൂങ്ങയെപ്പോലെ എട്ടുമണികൂകിക്കഴിഞ്ഞിരിക്കും. കടത്തുകടവിലിരുന്ന് കുറെനേരംകൂടി സല്ലപിച്ചിട്ട് സമയത്തിന്റെ ഒരു നിശ്ചല നദിയിലൂടെ നീന്തി നീന്തിപ്പോകുന്നവരെപ്പോലെ ചൂട്ടുകറ്റയും വീശി, കെട്ടിവരമ്പിലൂടെ നാടകഗാനങ്ങളും പാടി അവര്‍ വേച്ചു വേച്ചു നടന്നുപോകവേ, ആറ്റിറമ്പ് ഉറക്കംതൂങ്ങിക്കഴിഞ്ഞിരിക്കും.

ഓട്ടത്തിന്റെ അവസാനകാലം പാപ്പിച്ചേട്ടന്‍ ഏറെ ആയാസപ്പെട്ടിരുന്നു. ഓടുമ്പോള്‍ മുന്നോട്ടുണ്ടായിരുന്ന ആയം കൂനായി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ കുറെയേറെക്കാലം കൂനിക്കൂനിയോടിയ പാപ്പിച്ചേട്ടനെയും കാലം മറികടന്നോടവേ, ആറ്റിറമ്പിലേക്ക് ജനതാവണ്ടി വന്നു. സെന്റ് ജോര്‍ജിന്റെ ഏകാന്തതയവസാനിപ്പിച്ച് ആറ്റിറമ്പ് കടവില്‍നിന്ന് പട്ടണത്തിലേക്കോടാനെത്തിയ രണ്ടാമരത്തെ വണ്ടി. മുന്നില്‍ ഫാര്‍ഗോ എന്ന് തിളങ്ങുന്ന അക്ഷരങ്ങളിലെഴുതി, പുത്തന്‍ ഹോണ്‍ മുഴക്കങ്ങളുമായെത്തിയ ജനതാവണ്ടിയുടെ ആദ്യ വരവിന് കടത്തുകടവിലെ ആള്‍ക്കൂട്ടം നല്കിയ സ്വീകരണത്തില്‍ ഇരുവശവും വെച്ചുകെട്ടിയ കുലച്ച വാഴകളിലൊന്ന് പാപ്പിച്ചേട്ടന്റെ സമ്മാനമായിരുന്നു.

തെക്കേക്കവലയിലേക്കുള്ള പാപ്പിച്ചേട്ടന്റെ ഓട്ടം അതോടെ നിലച്ചു. പരുപരാവെളുപ്പിനുതന്നെ ആറ്റിറമ്പില്‍നിന്നു പുറപ്പെട്ട ജനതാവണ്ടിയിലെ യാത്രക്കാരിലൊരാളായി മാറി പാപ്പിച്ചേട്ടന്‍. പാപ്പിച്ചേട്ടന്റെ പുലര്‍കാലയാത്ര ആറ്റിറമ്പുകാരുടെ കണ്‍വെട്ടത്തുനിന്ന് അകലാനും തുടങ്ങി. ഓടിപ്പോകുന്ന ഒരു ബസ്സില്‍ ആരൊക്കെയാണിരിക്കുുന്നത്! അതില്‍ ഒരു പാപ്പിച്ചേട്ടന്‍ ഉണ്ടോ ഇല്ലയോ എന്നൊക്കെ ആരാണ് നോക്കുക?

എന്നും പുലര്‍ച്ചെ ഓടിപ്പോയിരുന്ന ജനതാബസ്സില്‍ പാപ്പിച്ചേട്ടനുണ്ടെന്നും ഓരോ തവണ മുനിസിപ്പല്‍ സൈറണ്‍ കൂകുമ്പോഴും പാപ്പിച്ചേട്ടനാണ് അത് പ്രവര്‍ത്തിപ്പിച്ചതെന്നും കരുതിപ്പോന്നതിനാല്‍ അതിനൊക്കെയിടയില്‍ ഏതോ ദിവസം പാപ്പിച്ചേട്ടന്‍ അടുത്തൂണ്‍പറ്റി പിരിഞ്ഞതും അങ്ങനെ ആ പുലര്‍കാലയാത്രകള്‍ അവസാനിച്ചതും അറിഞ്ഞത് ഏറെ വൈകിയാണ്.

റോസക്കുട്ടിയുടെ കല്യാണം വിളിക്കാനെത്തിയ പാപ്പിച്ചേട്ടന്‍ തിണ്ണക്കോണിലെ ചാരുകസേരയില്‍ കുനിക്കുടിക്കിടന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ അല്ലറ ചില്ലറ ആനുകൂല്യങ്ങള്‍ സമാഹരിച്ചാണ് കല്യാണം നടത്തുന്നതെന്ന് അപ്പന്‍ വിശദീകരിച്ചത് കേട്ടപ്പോള്‍, “കാലം പോണത് എത്ര വേഗത്തിലാ മത്തായിച്ചാ... ജോലീന്ന് പിരിഞ്ഞിട്ട് മാസം എട്ടൊമ്പതായി. എന്നിട്ടും കാലത്തെ ഒണര്‍ന്നാലൊടനെ എണീറ്റോടണല്ലോ എന്നൊരു സങ്കടമാ ആദ്യം മനസ്സില്. ഓട്ടമൊക്കെ ഓടിത്തീര്‍ന്നത് പിന്നെയാ ഓര്‍മ്മ വരുന്നത്.”

ശേഷിച്ച വര്‍ഷങ്ങള്‍ കടത്തുകടവിലെ ശങ്കുപ്പിള്ളച്ചേട്ടന്റെ ചായക്കടയില്‍ ഒരു ഊന്നുവടിക്കും ഒരു ഗ്ലാസ് കട്ടന്‍കാപ്പിക്കും പിന്നിലിരുന്ന് സെന്റ് ജോര്‍ജിനും ജനതയ്ക്കും ശേഷം പല രൂപങ്ങളിലും പല നിറങ്ങളിലും പല പേരുകളിലും വന്നുപോയ പുലര്‍ച്ചവണ്ടികളില്‍ നാടുവിട്ടോടുന്ന ഞങ്ങള്‍ പിന്‍ഗാമികളെ നോക്കി നോക്കി ഇരിക്കുന്നതാണ് പാപ്പിച്ചേട്ടന്റെ ജീവിതത്തിന്റെ അവസാനദൃശ്യങ്ങള്‍.

ആ നോക്കിയിരുപ്പിനിടയില്‍ത്തന്നെയായിരുന്നു ഒരു ദിവസം പെട്ടെന്ന് തലചുറ്റി വീണ പാപ്പിച്ചേട്ടനെ ശങ്കുപ്പിള്ളച്ചേട്ടന്റെ മക്കള്‍ താങ്ങിയെടുത്ത് രാമക്കണിയാരടെ വീട്ടിലേക്കോടിയതും അവിടേക്കോടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ഉടനടി ജില്ലാ ആസ്പത്രിയിലേക്കു കൊണ്ടുപോയതും വൈകുന്നേരത്തോടെ ഒരു ശവശരീരമായി തിരികെ കൊണ്ടുവന്നതും.

ഒരു ദീര്‍ഘയാത്ര പോകേണ്ട ദിവസമായിരുന്നതിനാല്‍ ഏറെ തിരക്കിട്ടാണ് ഞാന്‍ പാപ്പിച്ചേട്ടന്റെ ശവശരീരം കാണാന്‍ പോയത്. സാറാമ്മച്ചേട്ടത്തിയുടെ പതംപറച്ചിലുകള്‍ക്കും റോസക്കുട്ടിയുടെ ഏങ്ങലടികള്‍ക്കുമിടയിലൂടെ കയറ്റുകട്ടിലില്‍ കിടത്തിയിരുന്ന മൃതദേഹത്തിനടുത്തേക്ക് നടക്കുമ്പോള്‍ നെഞ്ചിടിപ്പുകളുടെ വേഗത അത്രയേറെ വര്‍ദ്ധിച്ചത് അടുത്ത മണിക്കൂറില്‍ പട്ടണം വിടാനിരുന്ന തീവണ്ടിയെ ഓര്‍ത്തുള്ള വേവലാതികളാല്‍കൂടിയായിരുന്നു. താടിരോമങ്ങളെല്ലാം വൃത്തിയായി ക്ഷൗരം ചെയ്ത് കിടത്തിയിരുന്ന പാപ്പിച്ചേട്ടന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ എന്റെ വേവലാതികളെയെല്ലാം കൊഞ്ഞനം കുത്തിക്കാണിച്ച ഒരപൂര്‍വ്വദൃശ്യം ഞാന്‍ ആ മുഖത്ത് കണ്ടു—സമയത്തിന്റെ നിശ്ചലാവസ്ഥ.

ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ അതു നോക്കി നോക്കി നിന്നു പോയി. ആ നില്‍പ്പിനിടയില്‍ പെട്ടെന്ന് പരിസരത്തെ മൂകതകളെയെല്ലാം തകര്‍ത്ത് എട്ടു മണിയുടെ സൈറണ്‍ മുഴങ്ങിക്കേട്ടു. സാറാമ്മച്ചേടത്തിയും റോസക്കുട്ടിയും ഉച്ചത്തില്‍ നിലവിളിക്കാനും തുടങ്ങി. ഞാനാകട്ടെ, തീവണ്ടിയുടെ ഓര്‍മ വീണ്ടെടുത്ത് പെട്ടെന്നു പുറത്തിറങ്ങി. കാലുകള്‍ ചെരുപ്പുകളില്‍ തിരുകിക്കയറ്റി ഇടംവലം നോക്കാതെ വീട്ടിലേക്കോടി.

സമയം തെറ്റി ഓടിയതിനാല്‍ മാത്രമാണ് അന്ന് തീവണ്ടി പിടിക്കാനായത്. എന്നിട്ടും യാത്രാഭംഗം സംഭവിക്കാഞ്ഞതിന്റെ സമാശ്വാസത്തിന് പകരം ഏതൊക്കെയോ ദുഃഖചിന്തകള്‍ ഉറക്കം കെടുത്തിയ ആ രാത്രിയില്‍ ഭൂമിയിലെ സമയം സൂക്ഷിക്കുന്ന സ്വര്‍ഗത്തിലേതെന്നു വിശേഷിപ്പിക്കാവുന്ന ഒരു പൂവന്‍കോഴി എന്റെ മനസ്സില്‍ മാനം മുട്ടി നിന്നു. അതിന്റെ കണ്ണുകളില്‍ ഭൂമി ഒരു കുന്നിന്‍ചരിവിനോളം ചെറിയ ഒരു സ്ഥലമായിരുന്നു. ഭൂമിയിലെ ജീവജാലങ്ങളെല്ലാം വെറും പുഴുക്കളായിരുന്നു. കണ്ണില്‍ക്കാണുന്ന പുഴുക്കളുടെ പ്രാണനെകൊത്തിപ്പെറുക്കിത്തിന്ന് ആ പൂവന്‍കോഴി ഭൂമിയാകുന്ന കുന്നിന്‍ചെരിവിലൂടെ അങ്ങനെ നടന്നു. തല പൊക്കിപ്പിടിച്ച് ഇടയ്ക്കിടെ ചിറകൊന്നു കുടഞ്ഞ് ഉച്ചത്തില്‍ കൂകിക്കൊണ്ട്.

രാത്രിവണ്ടിയിലെ തടിക്കിടക്കയില്‍, സമയത്തിന്റെ പൂവന്‍കോഴിക്ക് കൊക്കും ചിറകും വാലുമൊക്കെ സങ്കല്പിച്ചു നല്കിക്കൊണ്ട് ഒരു പുഴുവിനെപ്പോലെ ഞാന്‍ ചുരുണ്ടുകിടന്നു. അതെല്ലാം മറക്കാന്‍ മാത്രം കാലം എന്നേ കഴിഞ്ഞുപോയി. പക്ഷേ, ആറ്റിറമ്പില്‍നിന്നുള്ള ഓരോ യാത്രയിലും മടക്കയാത്രയിലും മറികടക്കേണ്ടിവരുന്ന പട്ടണത്തിലെ മുനിസിപ്പല്‍ സൈറണ്‍ ആ പഴയ കാലങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ന് ആറ്റിറമ്പില്‍ മുനിസിപ്പല്‍ സൈറണ്‍ മുഴങ്ങുന്നത് കേള്‍ക്കാറുണ്ടോ എന്നു ചോദിച്ചാല്‍, “ആര്‍ക്കറിയാം, ആര്‍ക്കാണതൊക്കെ ശ്രദ്ധിക്കാന്‍ നേരം?” എന്നായിരിക്കും ഏതൊരു ആറ്റിറമ്പുകാരന്റെയും മറുചോദ്യം. ബാബേലിലെ ഭാഷ എന്നപോലെ ആറ്റിറമ്പിലെ സമയം അത്രമേല്‍ കലക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മുനിസിപ്പല്‍ സൈറണിന്റെ മുഴക്കത്തോളം പരന്ന ഒരു കായല്‍പ്പരപ്പായിരുന്ന ആറ്റിറമ്പിലെ സമയം ഇന്ന് അവനവന്റെ കൈത്തണ്ടയിലെ ഇത്തിരിവട്ടത്തില്‍ കാണുന്ന വറ്റിക്കിടക്കുന്ന ഒരു കുളംപോലെ. ആറ്റിറമ്പില്‍നിന്നുതന്നെ ഒരുപമ കണ്ടെത്തിയാല്‍ അത് മീനച്ചിലാറ്റിലെ നീരൊഴുക്കുപോലെ. പള്ളത്തിയും പരലും മാനത്തുകണ്ണിയും വരാല്‍പാര്‍പ്പുകളുമൊക്കെ പായല്‍ച്ചെടികളോടു ചേര്‍ന്ന് കൂട്ടംകൂടി നില്‍ക്കുന്നതും ഒന്നിച്ചു നീന്തുന്നതുമൊക്കെ കാണാമായിരുന്നത്ര തെളിഞ്ഞ വെള്ളം ഒഴുകിയിരുന്ന പുഴ ഇന്ന് ഏതൊക്കെയോ മായാമത്സ്യങ്ങള്‍ കുത്തി മറിഞ്ഞ് നടക്കുന്നതിന്റെ ഇളക്കങ്ങള്‍ മാത്രം കേള്‍ക്കുന്ന കലക്കവെള്ളമൊഴുകുന്ന ഒരു നീര്‍ച്ചാല്. ആ മായാമത്സ്യങ്ങളെപ്പോലെ സമയത്തിന്റെ കലക്കവെള്ളപ്പാച്ചിലില്‍ മുങ്ങിപ്പോയ ആറ്റിറമ്പുകാരുടെ ജീവിതത്തിന് ഇന്ന് ഒരു പൊതു സമയമില്ല. ആറ്റിറമ്പിന്റെ പടിഞ്ഞാറനതിര്‍ത്തിയില്‍ വലിയൊരു തെങ്ങിന്‍തോപ്പ് വാങ്ങി നടുവില്‍ ഒരു ബംഗ്ലാവ് പണിത് വാതിലുകളും ജനാലകളുമൊക്കെ അടച്ചിട്ട് താമസിക്കുന്ന ജര്‍മനിയില്‍ നിന്ന് മ‍ടങ്ങിയ ഒരു മലയാളി തന്റെ വീട്ടില്‍ ഉപയോഗിക്കുന്നത് ജര്‍മ്മന്‍ സമയമാണെന്നുപോലും കേള്‍ക്കുന്നു.

മുനിസിപ്പല്‍ സൈറണിന്റെ മുഴക്കങ്ങള്‍ ആറ്റിറമ്പിലെ ഉയരം കുറഞ്ഞുപോയ മരത്തലപ്പുകള്‍ക്കിടയില്‍ ഇപ്പോഴും മുങ്ങിത്താഴുന്നുണ്ടെന്നുള്ളതാണ് സത്യം. നിരത്തിലൂടെ വാശിവെച്ചോടുന്ന വണ്ടികളുടെ ഇരമ്പങ്ങളോ ടി.വി. സീരിയലുകളിലെ പൊട്ടിക്കരച്ചിലുകളോ ആര്‍ത്തുചിരികളോ തടസ്സപ്പെടുത്താത്ത അപൂര്‍വം ചില നേരങ്ങളില്‍ ആറ്റിറമ്പുകാര്‍ അത് ഉദാസീനമായി കേള്‍ക്കുന്നുണ്ടെന്നും വരാം. പക്ഷേ, കേള്‍ക്കുന്നവരാരരും അതിന് കാക്കകരച്ചിലിന്റെ മൂല്യം പോലും കല്പിക്കാറില്ലെന്നു മാത്രം.

പൂവന്‍കോഴിയെക്കാള്‍ വേഗത്തിലോടാന്‍ ശ്രമിക്കുന്ന പുഴുക്കള്‍ക്ക് അത്രയല്ലേ കഴിയൂ?