close
Sayahna Sayahna
Search

നാടകം ഒരു സംവാദം


സിവിക് ചന്ദ്രൻ

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
Ningalare-01.jpg
ഗ്രന്ഥകർത്താവ് സിവിക് ചന്ദ്രൻ
മൂലകൃതി നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

നാടകം ഒരു സംവാദം

കെ. സി. നാരായണന്‍

കേരളത്തിലെ നാടക പ്രസ്ഥാനം അനാരോഗ്യകരമായ ഒരാഡംബരവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. തിയേട്രിക്കല്‍ അംശങ്ങളുടെ പൊലിമകള്‍ക്കു നടുവില്‍ അതിന്റെ ആത്മാവ് ക്ഷയിക്കാന്‍ തുടങ്ങിയിരിക്കുന്നു. നാടകത്തിന്റേയും തിയേറ്ററിന്റേയും അന്തരം മനസ്സിലാക്കാത്തതുകൊണ്ടു്, തിയേറ്ററിന്റെ വളര്‍ച്ച തന്നെയാണ് നാടകത്തിന്റേയും വളര്‍ച്ച എന്ന ധാരണ നാടക പ്രവര്‍ത്തകരില്‍ത്തന്നെയും രൂഢമൂലമായിരിക്കുന്നു. Play as Word തത്വം ഊന്നിപ്പറയുന്ന വിധം നാടകം വാക്കും വാദവും സംവാദവുമാണ് എന്ന സത്യം നമ്മുടെ നാട്ടില്‍നിന്ന് മെല്ലെ മെല്ലെ വിട പറഞ്ഞുകൊണ്ടിരിക്കുന്നു.

നാടകം വാസ്തവത്തില്‍ ഒരു വാദവും സംവാദവുമാണ്. അരങ്ങത്തു നില്‍ക്കുന്ന നടന്മാര്‍ തമ്മിലുള്ള സംവാദം, അരങ്ങത്തു നില്‍ക്കുന്ന നടനും സദസ്സില്‍ ഇരിക്കുന്ന കാണിയും തമ്മിലുള്ള സംവാദം. സദസ്സു പിരിഞ്ഞശേഷവും കാണികള്‍ തമ്മില്‍ തമ്മില്‍ നടത്തുന്ന സംവാദം. ഇങ്ങനെ മൂന്നു തലങ്ങളിലായി ആ സംവാദത്തിന്റെ ഊര്‍ജം പ്രസരിക്കുന്നു. നാടകം അതിനാല്‍ ഒരു ജനാധിപത്യ കലാരൂപമാണ് എന്നും പറയാം.

കേരളത്തിലെ നാടകകലയുടെ ചരിത്രം ഈ സംവാദ ചൈതന്യത്തിന്റെ ചരിത്രമാണു്. മലയാളത്തിലെ ഏററവും പ്രധാനപ്പെട്ട ആദ്യകാല നാടകങ്ങളില്‍ ഒന്ന് വി.ടി. എഴുതിയ ‘അടുക്കളയില്‍നിന്നു് അരങ്ങത്തേക്കു് ആണ്. എഴുത്തോ വായനയോ അറിയാത്ത അന്തര്‍ജനങ്ങളോടു സംസാരിക്കാനാണ് വി.ടി. ആ നാടകം എഴുതിയത്. സ്ത്രീകളോടു സംസാരിക്കാന്‍ വേണ്ടി പിറന്ന ആ നാടകത്തിന്റെ ഉദ്ദേശം സ്ത്രീകളെക്കൊണ്ടു സംസാരിപ്പിക്കലായിരുന്നു. പ്രേംജിയുടെ ‘ഋതുമതി’യും ഇതേ മട്ടില്‍ രൂപംകൊണ്ടു.

മൂകമായ ചുണ്ടുകള്‍ നമ്പൂതിരിയുടെ സ്ത്രീകള്‍ക്കു മാത്രമല്ല. നമ്പൂതിരിയുടെ കുടിയാന്‍മാര്‍ക്കും ഉണ്ടായിരുന്നു. അവരുടെ ശബ്ദവും അവര്‍ക്കു ശബ്ദം നല്‍കലുമായി കെ. ദാമോദരന്റെ ‘പാട്ടബാക്കി’ വന്നു. കെ. ടി. യുടെ നാടകങ്ങള്‍ മറ്റൊരു വിധത്തില്‍ വി. ടി. യുടെ തുടര്‍ച്ചതന്നെയായിരുന്നു. നാടകത്തെ പില്‍ക്കാലത്ത് വാണിജ്യാധിഷ്ഠിതം കൂടിയായ ഒരു നാടക പ്രസ്ഥാനത്തിന്റെ ‘മൂലധന’മാക്കി മാററിയെങ്കിലും തോപ്പില്‍ ഭാസിയുടെ ആദ്യകാല നാടകങ്ങളില്‍ സംവാദത്തിന്റെ ഈ ധര്‍മ്മത്തെ വിസ്മരിച്ചിട്ടില്ല. പിന്നീട് സി. ജെ. വന്നു. സി. ജെ ജനാധിപത്യത്തെയും നാടകത്തെയും ഒരുപോലെ സ്നേഹിച്ചു. സി. ജെ. യുടെ ജീവിതം പോലെ നാട

കവും ഒരു തീക്ഷണമായ വാദഗതിയായിരുന്നു ‘ക്രൈ’മിന്റെയും ‘ആ മനുഷ്യന്റെ’യും രംഗരൂപങ്ങള്‍ ഇന്നും ആത്മാവു നശിക്കാത്ത കലാവതരണങ്ങളാണ്.

നമ്മുടെ നാടകത്തിന്റെ ഈ ആരോഗ്യത്തെ പഴങ്കഥയാക്കി മാറുന്ന വിധം ആ കലക്ക് അറുപതുകളുടെ അവസാനത്തോടെ ഒരു വലിയ ഗതിമാററം സംഭവിക്കുന്നത് നാം കാണുന്നു. മറ്റൊരു കലാദര്‍ശനം നാടകലോകത്ത് കോയ്മകൊളളാന്‍ തുടങ്ങുന്നു. നാടകം വാക്കിലും വാദത്തിലും സംവാദത്തിലും അധിഷ്ഠിതമായ ഒരു വിനിമയ രൂപമാ‘’ണെന്ന ധാരണക്കു പകരം, അത് ദൃശ്യപ്രധാനവും തിയേട്രിക്കല്‍ മാത്രവുമായ ഒരു കാഴ്ചയാണു് എന്നതാണ് ആ ദര്‍ശനം. ‘play as word’ എന്നതിനുപകരം ‘Play as Spectacle’. തനതു നാടകവേദി അങ്ങനെ പിറവികൊളളുന്നു. ഓരോ നാടിനും സ്വന്തമായി ദൃശ്യവേദിയുടെ ഒരു പഴമയുണ്ടെന്നും, അതില്‍ നിന്നുവേണം അവിടത്തെ നാടകത്തിനു വളരാന്‍ എന്നും ഉളളതാണ് ഇതന്റെ വീക്ഷണം.

വീക്ഷണത്തിന്റെ ഈ ഭാഗം മാത്രം എടുത്താല്‍ ഒരു പക്ഷേ ശരിയാണു്. എന്നാല്‍ ആ വീക്ഷണം ‘നാടക’ത്തെ സംബന്ധിക്കുന്നതല്ല. പലതരം ദൃശ്യ പാരമ്പര്യങ്ങള്‍ അടങ്ങിയ ഒരു മൊത്തം തിയേററര്‍പാരമ്പര്യത്തെ സംബന്ധിക്കുന്നതാണ് എന്ന സത്യം അവര്‍ മറന്നു. ‘അവനവന്‍ കടമ്പ’യും ‘ദൈവത്താറും’ അടക്കം എത്രയോ നാടകങ്ങള്‍ കേരളത്തിലെ ഒരുപാടു മരച്ചുവടുകളിലും തുറന്ന അരങ്ങുകളിലും കളിച്ചു. ഈണത്തിലും താളത്തിലും ഉരകള്‍, തൗര്യത്രികത്തിന്റെ അകമ്പടിയിലും ശൈലീവല്‍കൃതമായ രീതിയിലും ചലനങ്ങള്‍, അസാധാരണ അഭിനയശേഷിയുള്ള നടന്മാരുടെ രംഗപ്രവര്‍ത്തനങ്ങള്‍ — ഈ കളികള്‍ ഒരുപാടാളുകളെ ആകര്‍ഷിച്ചു. ചെണ്ടയില്ലാതെ നാടകം കളിക്കാന്‍ സ്ക്കൂള്‍ കുട്ടികള്‍ക്കു പോലും നാണമായി. പൊലിമയേറിയ ദൃശ്യങ്ങളായി നാടകം മാറി. പക്ഷേ അതേ സമയം അത് സദസ്സിനോടു് കൂടുതല്‍ കൂടുതലായി മിണ്ടാതായി. സംവാദത്തില്‍നിന്നു് സ്പെക്ടക്കിളിലേക്കുള്ള ഒരു ചുവടുമാററം മെല്ലെമെല്ലെ മുന്നേറുകയായിരുന്നു.

നാടകാവതരണത്തില്‍, അതിന്റെ തിയേട്രിക്കല്‍ അംശങ്ങളില്‍ സംഭവിച്ച വൈദഗ്ദ്ധ്യവല്‍ക്കരണം തീര്‍ച്ചയായും ഈ ദശയുടെ നേട്ടമായിരുന്നു. നാടകക്കളരികള്‍ വര്‍ഷാവര്‍ഷം ഉണ്ടാവാന്‍ തുടങ്ങി. ഭരത് ഗോപി, നെടുമുടി വേണു മുതല്‍ വളരെയേറെ കഴിവുളള ഒരുപാടു നടന്മാരെ അതു സൃഷ്ടിച്ചു. പ്രൊഫസര്‍ ശങ്കരപ്പിളളയുടെ മേധാവിത്വത്തില്‍ കോഴിക്കോട് സര്‍വകലാശാലയുടെ കീഴില്‍ നാടകപരിശീലനത്തിന്റെ ഒരു പാഠശാലതന്നെ ആരംഭിച്ചു. നാടകത്തിന്റെ തിയേട്രിക്കല്‍ അംശങ്ങള്‍ക്കു് മുമ്പൊരിക്കലും കൈവരാത്ത ചിട്ടയും ഭംഗിയും ഉണ്ടായി.

തനതു നാടക വേദിയുടെ ഈ ദശയില്‍ അതിന്റെ പ്രാമാണിക വക്താവായി നിന്ന സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, സി.ജെ.യ്ക്കു

ശേഷം ഉണ്ടായ ഏററവും ശ്രദ്ധേയനായ നാടകകൃത്താണു്. എന്നാല്‍ സി. എന്‍. താന്‍തന്നെ വിശ്വസിച്ചതും പ്രചരിപ്പിച്ചതുമായ നാടകാദര്‍ശത്തോട് തന്റെ കലയില്‍ ഇണങ്ങാതെനിന്ന ആളാണു് എന്നതായിരുന്നു സത്യം. തനതു നാടകവേദിയുടെ ഒരു തുടക്കക്കാരനാണ് സി.എന്‍. 1967–ല്‍ സി. എന്നിന്റെ ‘കലി’ അവതരിപ്പിക്കപ്പെട്ടതോടെ തനതു നാടകവേദി പിറന്നു എന്ന് ഒരു പക്ഷമുണ്ട്.

എന്നാല്‍ ഒരു സുഹൃത്ത് എഴുതിയതുപോലെ, സി.എന്‍. ‘കലി’ എഴുതുകയേ ചെയ്തുള്ളു. സി.എന്നിനെ കലി ബാധിക്കുകയുണ്ടായില്ല. ‘കലി’ക്കുശേഷം അദ്ദേഹം പിന്നീടെഴുതിയ ‘സാകേത’ത്തിനും ‘ലങ്കാലക്ഷ്മി’ക്കും കലിയുടേതില്‍നിന്നു തീര്‍ത്തും ഭിന്നമായ ഒരാന്തര ഘടനയാണുള്ളതു്. സി.എന്റെ വലിയ പ്രചോദനങ്ങളിലൊന്ന് ഭൂതകാലമായിരുന്നു. സി.വി. യെപ്പോലെ എന്നു പറയാം. അതിനാലാവാം തിയേറ്ററിന്റെ പഴമ എന്ന ആശയത്താല്‍ ക്ഷണനേരത്തേക്കു് അദ്ദേഹം ആവിഷ്ടനായിപ്പോയത്. എന്നാല്‍ അവിടെ വിശ്രമിച്ചില്ല അദ്ദേഹം. പഴമയുടെ തുരങ്കത്തിലൂടെ പിന്നെയും പിന്നേയും അടിയിലേക്കു പോയിട്ടേ അദ്ദേഹം നിന്നുള്ളു. ഇതിഹാസങ്ങളില്‍ ചെന്നെത്തി അങ്ങനെ അദ്ദേഹം. ആദിവാക്യമായ രാമായണത്തില്‍തന്നെ. അതില്‍നിന്നു് ഗംഭീര രൂപികളായ ചില കഥാപാത്രങ്ങളേയും സി.എന്‍. സൃഷ്ടിച്ചു. വലിയ വലിയ പരാജയങ്ങള്‍ അനുഭവിക്കേണ്ടി വന്ന മനുഷ്യരെ. എന്റെ ജീവിതം ഒരു പാഴ്ച്ചിലവായിരുന്നുവോ എന്ന് ഇന്നുള്ള ഒരാള്‍ക്ക് ചോദിക്കാന്‍ കഴിയുന്നതിനേക്കാള്‍ പല മടങ്ങ് ഉച്ചത്തില്‍ ചോദിക്കുന്ന മനുഷ്യരെ. സി. എന്‍. തന്റെ പ്രതിഭയുടെ ശക്തികൊണ്ടു് തന്റെ തന്നെ കലാ സിദ്ധാന്തത്തെ തകര്‍ത്തെറിഞ്ഞ കലാകാരനായിരുന്നു. ഉത്തമ കാവ്യത്തിന്റെ എന്ന പോലെ ഉത്തമ നാടകത്തിന്റേയും അടിസ്ഥാനം വാക്കാണ് എന്ന് അദ്ദേഹം തന്റെ കൃതികളിലൂടെ കാണിച്ചുതന്നു.

കാവാലമോ? അസാധാരണമായ സംഗീതബോധമാണു് കാവാലത്തിനുള്ളതു. വാക്കിനേക്കാള്‍ വായ്ത്താരികളിലും താളക്കെട്ടുകളിലുമാണ് അദ്ദേഹത്തിന്റെ സംവേദകത്വം. ‘ഒററയാന്‍’ എന്ന നാടകം ആണ് കാവാലത്തന്റെ മികച്ച സൃഷ്ടിയായി ഞാന്‍ എണ്ണുക. ചാക്യാര്‍ എന്ന പരമ്പരാഗത കലാകാരനാണ്, പരമ്പരാഗത തിയേററര്‍ ഉപയോഗിക്കുന്ന ഈ തനതു നാടകത്തിലെ പ്രധാന കഥാപാത്രം. ആ ചാക്യാരിലൂടെ കലാകാരന്റെ ഒററയാന്‍ സ്വഭാവം, ഒററയാന്‍ (ആന) ആയി പകര്‍ന്നാടുന്ന അയാളുടെ കലാപരമായ വ്യക്തിത്വം. ഇങ്ങനെ ഒന്നിലേറെ തലങ്ങളിലേക്കു പോവാന്‍ ആ നാടകം ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മററു നാടകങ്ങളില്‍ വാക്കിനേക്കാള്‍ ദൃശ്യപ്പൊലിമ മുന്നിട്ടുനില്‍ക്കുന്നു.

തിയേറററിന്റെ പൊലിമയും അതിലവതരിപ്പിക്കേണ്ട ‘വാക്കി’ന്റെയും ക്ഷയവും ഇങ്ങനെയൊരു വിപരീതഗതി തനതു നാടകു പ്രസ്ഥാനത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ടായിരുന്നു. നമമുടെ പരമ്പരാഗത നാട്യ രീതിയില്‍ തന്നെയും ഈ വിപര്യയം ഉണ്ട് എന്ന്

കഥകളിയുടെ ചരിത്രം പിരശോധിച്ചാല്‍ അറിയാം. കഥകളിയെ ഒരു നാട്യരീതിയായി പരിഗണിക്കുകയാണെങ്കില്‍, കഥകളിയിലാണ് ഈ വിപരീത ഗതി ആദ്യം സംഭവിച്ചതെന്നു പോലും കാണാന്‍ കഴിയും. തീയേറററിന്റെ അംഗങ്ങള്‍ക്കു് ഓരോ നൂറ്റാണ്ടു കഴിയുമ്പോഴും കൂടുതല്‍ കകൂടുതല്‍ പൊലിമ വന്ന കഥകളിയില്‍ ഏററവും ദുര്‍ബ്ബലമായിപ്പോയത് ‘പദ’മായിരുന്നു. വാക്കായിരുനനു. ഒരു നാട്യരൂപമായി കഥകളിയുടെ തിയേററര്‍ സമൃദ്ധി പ്രാപിച്ചപ്പോള്‍ ആട്ടക്കഥസാഹിത്യം നിര്‍ജീവമോ ദുര്‍ബ്ബലമോ ആയീത്തീര്‍ന്നു. ആട്ടം വളരുന്തോറും ആട്ടക്കഥ അപ്രധാനമായി. തീയേറററിനു പൊലിമയും വാക്കിന് ക്ഷയവും നല്‍കുന്ന ആ വിപര്യയം ഇന്ന് നമ്മുടെ നാടകത്തെ പിടികൂടിയിരിക്കയാണ്. തനതു നാടക വേദിക്കാര്‍ മറ്റെന്തില്‍ പഠിച്ചില്ല എങ്കിലും തനതു നാടക ചരിത്രത്തില്‍ പഠിച്ചേ മതിയാവൂ.

അരങ്ങില്‍ ഒരു പതിറ്റാണ്ടുകാലം ഭ്രഷ്ടരാക്കപ്പെട്ട ‘വാക്ക്’ പിന്നിട് കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നതു് അരങ്ങില്‍നിന്നു് തീണ്ടാപ്പാടകലെ തെരുവിലാണ്. 1980–ല്‍ കേരളത്തിന്റെ കോണോടു കോണില്‍ തീക്കാററുപോലെ നീങ്ങിയ ‘നാടുഗദ്ദിക’യെയാണ് ഞാന്‍ ഓര്‍ക്കുന്നത്. വിനോദലോലുപമായ സദസ്സിനു മുമ്പേ തനതു നാടകങ്ങള്‍ അരങ്ങു തകര്‍ത്തപ്പോള്‍ ഒരു തെരുവു കുഞ്ഞുപോലെ ‘നാടുഗദ്ദിക’ കവലയില്‍നിന്ന് കവലയിലേക്ക് സഞ്ചിരിച്ചു. തെരുവുനാടകം എന്ന പുതുവേദിക്കന്നത് രൂപം നല്‍കി. എന്നാല്‍ അന്നു നാടുഭരിച്ചിരുന്ന സര്‍ക്കാര്‍ 1950 ലെ തിരുക്കൊച്ചി നിയമം പോലുള്ള ലാളനായുധങ്ങളാല്‍ ആ നാടകത്തെ നിശ്ശബ്ദമാക്കിയപ്പോള്‍. അരങ്ങത്ത് അവശേഷിച്ച അവസാനത്തെ വാക്കും മൂകമായി.

നമ്മുടെ നാടകവേദിയില്‍ ഇന്നൊരുപാടു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഏററവും പ്രധാനമായ പ്രശ്നത്തെ ഈ പ്രവര്‍ത്തനങ്ങൾ അവഗണിക്കുന്നെന്നു തോന്നും. വാക്കിന്റെ ക്ഷയവും തിയേറററിന്റെ പൊലിമയും എന്നതാണ് ആ പ്രശ്നം. വിപുലമായും സശ്രദ്ധമായും ആസൂത്രണം ചെയ്യപ്പെടുന്ന ഒരു തിയേറററിനുവേണ്ടി രചിക്കപ്പെടുന്ന ദുര്‍ബ്ബലമായ ‘ടെക്സ്റ്റ്’ ആണ് ഇന്ന് പല നാടകങ്ങളും. ഇതൊരു വീഴ്ചയെന്ന മട്ടിലല്ല. ഒരു കലാദര്‍ശനമായിത്തന്നെ പലരും കൊണ്ടാടുകയും ചെയ്യുമ്പോള്‍ പ്രശ്നം ഗുരുതരമാവുന്നു.

തിയേറററിലെ നവീകരണം പോലെത്തന്നെ പ്രധാനമാണു് വാക്കിനെ വീണ്ടെടുക്കാനുളള ശ്രമവും എന്ന ബോധം പടരുകയും തിയേററര്‍ എന്നതു ഒരു സംവാദമണ്ഡലം കൂടിയാവുമ്പോഴേ നാടകം സഫലമാവുകയുള്ളു എന്ന കലാ ദര്‍ശനം ഉറയ്ക്കുകയും ആണ് ഇന്നത്തെ ആവശ്യം. വേര്‍പിരിഞ്ഞുപോയ വാക്കിനേയും തിയേറററിനേയും ഒരുമിപ്പിക്കുയാണ് ഇന്ന് നാടകപ്രവര്‍ത്തകന്റെ മുന്നിലുളള വെല്ലുവിളി.