close
Sayahna Sayahna
Search

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-രംഗം നാല്


സിവിക് ചന്ദ്രൻ

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
Ningalare-01.jpg
ഗ്രന്ഥകർത്താവ് സിവിക് ചന്ദ്രൻ
മൂലകൃതി നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

രംഗം : നാല്

(വാച്ച് ടവറിലിരുന്ന് പുസ്തകം വായിക്കുകയാണ് വാച്ച്മാന്‍. വായിക്കുന്നു)

കേശവന്നായരുടെ ബംഗ്ലാവ്.

(ഭാരതിയും വൃദ്ധയും ചേര്‍ന്ന് കേശവന്നായരുടെ ബംഗ്ലാവിന്റെ തിരശ്ശീല വലിച്ചിടുന്നു. സുമവും കേശവന്നായരും ഇരു വശങ്ങളില്‍നിന്നായി വരുന്നു)

കേശ : നിന്റച്ഛനാണ് പറയുന്നത്.

സുമം : അതെ, എന്റെ അച്ഛനാണ് പറയുന്നത്.

കേശ : നിന്റമ്മ മരിച്ചതില്‍പ്പിന്നെ നിനക്കച്ഛനുമമ്മയുമെല്ലാം ഞാനാണെടി.

സുമം : അതെ അച്ഛാ (സങ്കടം വരുന്നു)

കേശ : നിന്റെ നന്മയ്ക്കു വേണ്ടിയാണ് ഞാന്‍ പറയുന്നത്.

സുമം : അച്ഛന്‍ പറയുന്നതെന്റെ നന്മയ്ക്കുവേണ്ടിയല്ല.

കേശ : എനിക്ക് നീയല്ലാതീ ലോകത്തിലാരുമില്ല.

സുമം : (മിണ്ടാതെ നില്‍ക്കുന്നു, വേദനയോടെ)

കേശ : ഞാനിന്നു വീഴ്ചയായിപ്പോയാല്‍ ഇത്ര മരുന്നു തരാന്‍ എനിക്കാരുണ്ട്?

സുമം : (മൌനം)

കേശ : മകളെ, കൊച്ചുവീട്ടിൽ കർത്താവിന്റെ മകൻ നിനക്കു ചേർന്നവനാണ്.

സുമം : എനിക്കിഷ്ടമില്ലച്ഛാ

കേശ : ഞാന്‍ നിനക്ക് ദോഷമുണ്ടാക്കാന്‍ പറയുമോ?

സുമം : ഇതെനിക്കു ദോഷമുണ്ടാക്കാനാണ്.

കേശ : പിന്നെ ഞാനീ കഷ്ടപ്പെട്ടു സമ്പാദിക്കുന്നതാര്‍ക്കുവേണ്ടിയാണ്?

സുമം : എനിയ്ക്കു വേണ്ടിയല്ല.

കേശ : (ശബ്ദമുയര്‍ത്തി) കളളപ്രമാണമെഴുതുന്നവനെന്നും കരിഞ്ചന്തക്കാരനെന്നും ഞാന്‍ പേരുപിടിക്കുന്നതാര്‍ക്കുവേണ്ടിയാണു് സുമം?

സുമം : എനിക്കു വേണ്ടിയല്ല. കളളപ്രമാണമെഴുതി വസ്തു സമ്പാദിക്കുന്നതെനിക്കു വേണ്ടിയല്ല. പാവങ്ങളുടെ വക പിടിച്ചു പറിക്കുന്നത് എനിക്കു വേണ്ടിയല്ല. നല്ല മനുഷ്യരെ കൊല്ലിക്കാന്‍ തുടങ്ങുന്നതെനിക്കു വേണ്ടിയല്ല.

കേശ : (രൌദ്ര ഭാവത്തില്‍) ങ്ഉം!

സുമം : ഞാനിതുവരെ ഒരു മഠയിയായിരുന്നു.

കേശ : നിനക്ക് മിടുക്കല്പം കൂടിപ്പോയി. (വൃദ്ധന്‍ നാടക പുസ്തകമുയര്‍ത്തിപ്പിടിച്ച് സ്റ്റേജിന്റെ ഒരററത്തു നിന്നും മറ്റേ അററത്തേക്കു നടക്കുന്നു)

വൃദ്ധന്‍ : നാടകത്തിലെ ഹീറോ ഈ സംഘര്‍ഷങ്ങള്‍ക്കിടയ്ക്കു കയറിവന്നാലെങ്ങനെയിരിക്കും? നമുക്കു നോക്കാം.

(ഗോപാലന്‍ കയറിവരുന്നു. ഗോപാലന്റെ കൈ പിടിച്ച് അരങ്ങിലേയ്ക്കു കയററി വൃദ്ധന്‍ രംഗം വിടുന്നു)

കേശ : ആരാടാ അത്?

ഗോപാ : ഞാനാണ്

കേശ : (ദേഷ്യത്തില്‍) ഏതു ഞാന്‍?

ഗോപാ : ഗോപാലന്‍

കേശ : (പരിഹാസത്തോടെ) തിരു–കൊച്ചി കര്‍ഷകസംഘം സെക്രട്ടറിയും ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കണ്ണിലുണ്ണിയും അനിഷേദ്ധ്യ നേതാവുമായ സ. ഗോപാലന്‍, അല്ലേ?

ഗോപാ : അതെ.

കേശ : (സുമത്തിനോട്) എടീ, ആ നില്ക്കുന്നവനാരാണ്? (മറുപടി കിട്ടാത്തതുകൊണ്ട്) എടീ, അവന്‍ നിന്റെ സഖാവാണോ?

സുമം : (കൂസാതെ) അതെ.

കേശ : ങേ? നിന്റെ കാമുകന്‍!

സുമം : അതേ.

കേശ : (അലറുന്ന സ്വരത്തില്‍) ശരി. എന്നാല്‍ അവന്‍ കേള്‍ക്കെ പറഞ്ഞോ, നീ പാര്‍ട്ടിയില്‍നിന്നു രാജിവെയ്ക്കുന്നെന്ന്. ഇനി അവനുമായി യാതൊരിടപാടുമില്ലെന്ന്.

സുമം : (കൂസാതെ) ഇല്ല.

കേശ : ഇല്ലേ?

സുമം : ഗോപാലന്‍ എന്റെ സഖാവാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നവനുമാണ്.

കേശ : (ഭീകരനായിമാറി) നിങ്ങള്‍ മരിയ്ക്കാന്‍ പോകുകയാണ്.

സുമം, ഗോപാ : മരണത്തെ ഞങ്ങള്‍ക്കു ഭയമില്ല.

കേശ : ഛീ! നായ്ക്കളെ, നിങ്ങളെന്റെ ശത്രുക്കളാണ്.

(കസേര വലിച്ചെടുത്തുകൊണ്ട്) നിങ്ങളെ ഞാനിനി വെച്ചേക്കില്ല. (അലറിക്കൊണ്ട ഇരുവരേയും ആഞ്ഞടിക്കാനോങ്ങുന്നു. സുമം ‘അയ്യോ’ എന്നു നിലവിളിക്കുന്നു. ഗോപാലന്‍ കസേര തടുത്തു നില്ക്കുമ്പോള്‍ ഉയര്‍ന്ന തലത്തില്‍ വൃദ്ധന്‍ കടന്നു വരുന്നു.

വൃദ്ധന്‍ : ഇവിടെ ‘കമ്യൂണിസ്റ്റാക്കി’യിൽ പപ്പുവാണു കടന്നുവരുന്നത്, എന്നാല്‍ ഗോപാലനേയും സുമത്തിനേയും രക്ഷിക്കാന്‍ കടന്നു വരേണ്ടിയിരുന്നത് കറമ്പനായിരുന്നല്ലോ.

കറമ്പന്‍ : (ഓടിയെത്തിക്കൊണ്ട്) അയ്യോ, കാലാ, കൊല്ലല്ലേ (കസേര കടന്നു പിടിക്കുന്നു) കേശവന്‍നായര്‍ കറമ്പനോട് എതിര്‍ത്തുനിൽക്കുന്നു. കറമ്പന്‍ കസേര പിടിച്ചു വാങ്ങി ദൂരെയെറിയുന്നു) അനങ്ങിപ്പോകരുത്, കൊന്നുകളേം.

(കേശവന്നായര്‍ ഭയന്നും ഓര്‍ക്കാപ്പുറത്തുളള കറമ്പന്റെ വരവു കണ്ടമ്പരന്നും പുറകോട്ടു മാറുന്നു)

കറമ്പന്‍ : കുഞ്ഞേ, തകാവേ, വാ — (ഗോപാനും സുമവും കറമ്പനോടൊപ്പം പോകാന്‍ തുടങ്ങുന്നു. കറമ്പന്‍ തിരിഞ്ഞു നിന്നു പറയുന്നു) തമ്പ്രാ ഇക്കണ്ടതെല്ലാം തേകണ്ണിച്ചത് ഞാളാ. ഇനി ഞാളും ചെലതു തീരുമാനിച്ചിട്ടൊണ്ടേ. (പാകുന്നു)

(പകച്ചുനിന്ന കേശവന്‍ നായര്‍ അവര്‍ പോയതിനുശേഷം ശക്തി വീണ്ടെടുക്കുന്നു. സദസ്സിനെ അഭിമുഖീകരിച്ച് ഊറിയുറിച്ചിരിക്കുന്നു)

കേശ : വലിയവീട്ടില്‍ കേശവന്‍ നായര് തോററിട്ടില്ലെടാ. തോല്ക്കാനെനിക്കു മനസ്സില്ല. ആണായി ഇനിയും ഞാനിവിടെ ജീവിക്കുമെടാ. (പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു ചെങ്കൊടി കയ്യിലെടുക്കുന്നു) കാലം മാറുമ്പോ കോലം മാറാനും ഈ കേശവന്‍നായര്‍ക്കറിയാം.

(ഭാരതി കെ. പി. എ. സി. തിരശ്ശീല മാററുന്നു. വൃദ്ധന്‍ കടന്നു വരുന്നു)

വൃദ്ധന്‍ : കണ്ടോ, എല്ലായ്പ്പോഴും ജയിക്കുന്നത് വല്യവീട്ടിലദ്യേം.

ഭാരതി : കോണ്‍ഗ്രസ്സിന്റെ കാലത്തവന്‍ കോൺഗ്രസ്സുകാര്‍.

വൃദ്ധന്‍ : കമ്യൂണിസത്തിന്റെ കാലത്തവര്‍ കമ്മ്യൂണിസ്റ്റുകാര്‍.

ഭാരതി : നക്സലേററുകാര്‍ക്ക് പ്രാബല്യം ലഭിച്ചാലവര്‍, നക്സലേററുകളുമാവും.

കോറസ് : ദേ സഖാവ് കേശവന്നായര്‍, സഖാവേ, മുതലാളി സഖാവേ…

കേശ : ലാല്‍ സലാം… ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ നിങ്ങൾ — ഉയരുവിന്‍ ഭൂമിയിലെ പീഡിതരെ നിങ്ങള്‍ (പാടിക്കൊണ്ട് പോകുന്നു)

ഭാസി : (കടന്നുവന്ന്) ജന്മിത്തമ്പുരാക്കള്‍ മുന്നില്‍നിന്നു ചിരിക്കുന്നതു കേള്‍ക്കുന്നില്ലേ, കാണുന്നില്ലേ?

കോറസ് : കഥാപാത്രങ്ങള്‍ ഇങ്ങനെയാണ് സ്രഷ്ടാവിനെ പരാജയപ്പെടുത്തുന്നത്. ജയിക്കാനായ് സൃഷ്ടിച്ചവര്‍ തോല്‍ക്കുന്നു. തോല്‍ക്കാനായി സ്രഷ്ടിച്ചവര്‍ ജയിക്കുന്നു. സ്രഷ്ടാവ് മരിക്കുന്നു. അല്ലാ, സ്രഷ്ടാവിനെ കഥാപാത്രങ്ങള്‍ കൊല്ലുന്നു.

(കോറസ് ഭാസിയെ സദസിന്റെ മുന്‍നിരയിലെ സീററിലേക്കു് തിരിച്ച് ആനയിക്കുന്നു)

വാച്ച് : ഹേ! മാന്യപ്രേക്ഷകരെ, ഞാനാകെ തിരക്കിലാണ്. എല്ലാം ഈ കൈകള്‍കൊണ്ടു തന്നെ വേണം. ടി. എ. യും, ഡി. എ. യും കണസയും കുണസയും ചിച്ചിയും മച്ചിയുമായി ഒരു തുക മറിക്കാമല്ലോ എന്നാകും, നിങ്ങള്‍ കുശുമ്പും കുനിഷ്ടും ആലോചിക്കുന്നത്. കോടികള്‍ കക്കുന്ന രാഷ്ട്രീയക്കാരോട് നമുക്കുളളത് അസൂയാണല്ലോ. പഹയന്മാര്‍ കോടികള്‍ കക്കുന്നു. നമുക്ക് പത്തോ ഇരുപതോ അല്ലേ തരപ്പെടുന്നുളളു! പ്രൈമറി സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തില്‍പോലുമുണ്ടു സര്‍, ഒരു കൊച്ചു ബോഫോഴ്സ് പോകട്ടെ. പോകട്ടെ.

നേരം പുലരുമ്പോള്‍ ഇവിടെ നടക്കാന്‍ പോകുന്നത് നിയുക്ത മുഖ്യമന്ത്രിയുടെ പുഷ്പാര്‍ച്ചന മാത്രമല്ല, തുടര്‍ന്ന് വലിയവീട്ടില്‍ കേശവന്‍നായരദ്ദേഹത്തിന് പത്മശ്രീ സമ്മാനിക്കല്‍. ങ്ആ. മുഖ്യമന്ത്രീടെ അമ്മായപ്പന്‍തന്നെ. വല്യ സാമൂഹ്യ സേവകനല്ല്യോ. അര്‍ഹത എപ്പോഴും എവിടേയും ആദരിക്കപ്പെടണം.

വൃദ്ധന്‍ : മന്ത്രിസഭകള്‍ മാറിവന്നാലെന്ത്? ഒരേ ഉദ്യോഗസ്ഥ പ്രഭുത്വം ഭരിക്കുന്നു. ഒരേ മുതലാളിവര്‍ഗം അവരെ വരച്ച വരയില്‍ നിയന്ത്രിക്കുന്നു. ഇവരുടെ ഒത്താശയോടെ ഒരധോലോകം വളര്‍ന്നുവന്ന് വാ പിളര്‍ക്കുന്നു.

ഭാരതി : ആരാണ് ജയിച്ചത്, ആരാണ് തോററത്?

വാച്ച് : ആരാണു ജയിച്ചത്, ആരാണു തോററത് — ഇതൊന്നും എനിക്കു താല്പര്യമുളള വിഷയമേ അല്ല. സഖാവ് കേശവന്‍ നായരദ്ദേഹവും മുഖ്യമന്ത്രി ഗോപാലനും നേരം പുലരുന്നതോടെ ഇവിടെയിങ്ങെത്തും.

വൃദ്ധന്‍ : അതെ. സഖാവ് കേശവന്‍നായര്‍! ഇ. ​എം. എസ്. കമ്യൂണിസ്റ്റായി, എല്ലാ നമ്പൂരാരും കമ്യൂണിസ്റ്റായി എന്ന് കേട്ടിട്ടില്ലേ? അതേപോലെ നമ്മുടെ മുതലാളിയും സഖാവായി. തന്റെ അടിമത്തൊഴിലാളികള്‍, മററുളളവര്‍ കേള്‍ക്കെ തന്നെ സഖാവേ എന്ന വിളിക്കണമെന്ന് മുതലാളിക്കു ശാഠ്യം. മുതലാളിയെ എങ്ങിനെ സഖാവേ എന്നു വിളിക്കും എന്ന് അടിമകള്‍. ഒടുവിലവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. മുതലാളിസഖാവേ എന്ന വിളിക്കാം.

ഭാരതി : നമുക്കാ ചോദ്യത്തിനുത്തരം കണ്ടെത്തണം — ആരാണു ജയിച്ചത്? ആരാണു തോറ്റത്?

വാച്ച് : മരുമകന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസംതന്നെ പത്മശ്രീ ഏറ്റുവാങ്ങിക്കൊണ്ട് വല്യവീട്ടില്‍ അദ്ദേഹം കുലുങ്ങിച്ചിരിക്കുന്നു. അതൊരു മറുപടിയാണോ? ഗവണ്‍മെന്റ് കോണ്‍ട്രാക്ടറായി മരിക്കാന്‍ പരമുപ്പിളളക്കും ഭാഗ്യമുണ്ടായല്ലോ. അതുമൊരു മറുപടിയാണോ? സഖാവ് മാത്യുവിന് പേരക്കിടാങ്ങളുടെ പാൽപ്പല്ലെണ്ണി വിദേശത്ത് കഴിയാനും ഭാഗ്യമുണ്ടായല്ലോ. അതുമൊരു മറുപടിയോണോ? എനിക്കറിയില്ല. ക്രെംലിനിലെ രക്തനക്ഷത്രം അടര്‍ന്നുവീഴട്ടെ. വന്‍ മതിലുകളും ഇരുമ്പു മറകളും ഇടിഞ്ഞുവീഴട്ടെ. ലെനിന്‍ പ്രതിമയും മാവോ പ്രതിമയും കക്കൂസിന്റെ സ്ളാബുകളാവട്ടെ. എനിയ്ക്കെന്ത്? (പോസ്) ശമ്പള ദിവസങ്ങളിലെങ്കിലും

ട്രഷറി പൂട്ടാതിരിക്കണേ എന്നു മാത്രമേ എനിക്കു പ്രാര്‍ത്ഥനയുളളു.

ഭാരതി : ജനിക്കുകയാണെങ്കില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായെങ്കിലും ജനിക്കണം. ഭാഗ്യവാന്‍! ഒരു വേവലാതിയുമില്ലല്ലോ. (പരിഹാസം)

വാച്ച് : എന്തായാലും നിങ്ങള്‍ നേരം കുറേയായില്ലേ ഇവിടെ നില്ക്കുന്നു? ആ ചാരായ ഷാപ്പിനുമുന്നിലെ പെണ്ണുങ്ങളുടേയും കുട്ടികളുടേയും ആരാവമൊന്നടങ്ങിയെന്നു തോന്നുന്നു.

ദേ സഖാവ് ഏലിയാസ്, ഒരു ചെറിയ സഹായം, ഞാന്‍ നൂറടിച്ച് ഉടനെയിങ്ങെത്തും. അതുവരെ ഇവിടെയൊന്നു നില്ക്കണേ. ഞാന്‍ വന്നിട്ടു നിങ്ങള്‍ പോയാല്‍ മതി. ഒരു കൊച്ചു സഹായം. പരോപകാരാര്‍ത്ഥ‌മിദം ശരീരം എന്നാണല്ലോ. ങാ, ഉടനെയെത്താം ബൈ — (പോകുന്നു).

വൃദ്ധന്‍ : പത്മശ്രീ ഏററുവാങ്ങുന്ന കേശവന്‍ നായര്‍! ഗവണ്‍മെന്‍റ് കോണ്‍ട്രാക്റ്ററായി അന്തരിച്ച പരമുപിളള.

ഭാരതി : യാതൊരു ദൌര്‍ബല്യങ്ങളുമില്ലാത്ത സഖാവായിരുന്നല്ലോ, മാത്യു. ഇരുമ്പും ഉരുക്കും കൊണ്ടു നിര്‍മിച്ച ഒരു കമ്യുണിസ്ററ് വിഗ്രഹം! മാത്യുവിനെക്കുറിച്ച് പിന്നീടൊന്നും കേട്ടിരുന്നില്ല.

വൃദ്ധന്‍ : (ചിരി) ഉരുക്കുവിഗ്രഹം തന്നെ! പക്ഷേ, കളിമണ്‍ കാലുകളുളള വിഗ്രഹം! ഏറെ വൈകാതെ മാത്യു ഐ. എ. എസ്സില്‍ കയറി. പിന്നെ കേന്ദ്ര സെക്രട്ടറിയേററില്‍നിന്നു റിട്ടയര്‍ ചേയ്തു. ഇപ്പോള്‍ പേരക്കിടാങ്ങളുടെ പാല്‍പ്പല്ലെണ്ണി വിദേശത്ത്.

ഭാരതി : ഓ, കമ്യുണിസ്ററ് ഭൂതകാലവും അയവിറക്കുന്നുണ്ടാകും. മക്കളേ, സിംഹത്തിന്റെ വാപൊളിച്ച് പല്ലെണ്ണിനോക്കിയ ഒരു രാജകുമാരനുണ്ടായിരുന്നു. പണ്ടുപണ്ട്… സുമമോ?

വൃദ്ധന്‍ : ഗോപാലനെ സുമം മാത്രമാണു മനസ്സിലാക്കിയത്. മനസ്സിലാക്കിയ നിമിഷം അവരിറങ്ങിപ്പോന്നു. ഹിമാലയത്തിലെവിടെയോ ഉണ്ടത്ര അവര്‍. പാവം, പാവം, സുമം.

ഭാരതി : കറമ്പനോ? (വാച്ച്ടവറിനടിയിലൂടെ കോറസ് കടന്നുവരുന്നു)

കോറസ് : പട്ടിണി മരങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തയിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട്.

നിയമസഭാ സാമാജികനായ മാധവനുണ്ണിത്താന്‍ ഇങ്ങനെ പറയുന്നു.

പോത്തുമൂലയിലെ പേമ്പി അവളുടെ കുഞ്ഞിലൂടെ സംസാരിക്കുന്നുവെന്നും. ആ കുഞ്ഞിക്കണ്ണുകളിലെ കനലുകള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും അയാള്‍ പറയുന്നു. പട്ടിണി കലാപത്തിലേക്കുളള രാജപാതയാണെന്നയാള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന സഹസമാജികരെ ഓര്‍മ്മിപ്പിക്കുന്നു. ഒരു കൊടുങ്കാറ്റൊഴിവാക്കാന്‍ ഉടനടി കാട്ടിക്കൂട്ടണമെന്ന് ഒരു ദുശ്ശാഠ്യക്കാരനെപ്പോലെ അയാള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

(വൃദ്ധന്‍ കറമ്പനിരകെച്ചെന്നിരിക്കുന്നു)

വൃദ്ധന്‍ : കറമ്പാ, കറമ്പാ — ഇപ്പോള്‍ എങ്ങനെയുണ്ട്?

ഭാരതി : അമ്മാച്ഛാ…

കറമ്പന്‍ : ങ്ങേ? എന്താ? ആരാ?

വൃദ്ധന്‍ : ഇതു ഞാനാണ്. എന്നെ മനസ്സിലായില്ലേ? (ചേര്‍ന്നിരിക്കുന്നു)

കറമ്പന്‍ : (തപ്പിനോക്കി) ങേ? (ആഹ്ലാദം) തകാവാന്നോ? തകാവേ ഏനു വിശക്കുന്നു.

വൃദ്ധന്‍ : ഭാരതീ, കറമ്പന് നീ ഒന്നും കൊടുത്തില്ലേ?

ഭാരതി : അമ്മാച്ഛാനിപ്പോള്‍ ഏതു നേരവും വിശപ്പാ.

വൃദ്ധന്‍ : കറമ്പാ, മരുന്നു വല്ലതും കഴിച്ചോ?

കറമ്പന്‍ : ങേ? ചോറോ?

ഭാരതി : അല്ല, മരുന്ന്.

കറമ്പന്‍ : ചൂടുണ്ടെന്നോ? താരല്ല്യ. ഇങ്ങോട്ടു കൊണ്ടുവാ. ങാ. ഏനു കുറേ ചുടുചോറു വാരിവാരി വയറുനിറച്ചൊന്നുണ്ണണം. (ആരുടെയും പ്രതികരണമില്ലെന്നറിഞ്ഞ്) വയറു കത്തുന്നല്ലോടീ. എവിടുന്നേലും ഒരു പിടി വററു വാങ്ങിച്ച് ഏനു താ. ഈ കൈനിറയെ കുറെ ചൂടുചോറു വാരിവാരി ഏനുണ്ണണം. (ഇതും പറഞ്ഞുകൊണ്ട് അയാള്‍)

തളര്‍ന്നു വീഴുന്നു. ഭാരതി അമ്മാച്ഛാ എന്നു നിലവിളിക്കുന്നു.

വൃദ്ധന്‍ : (തലകുനിച്ചുനില്‍ക്കുന്നു)

കോറസ് : ബ്രഹ്മഗിരിയും നരിനിരങ്ങിമലയും കയറിയിറങ്ങി തിരിച്ചുവന്ന രാധാകൃഷ്ണനെന്ന പത്രപ്രവര്‍ത്തകന്‍ ഇങ്ങനെ പറയുന്നു.

അവന്റെ വഴികാട്ടി, മരച്ചാത്തന്‍, അയാള്‍ പെരുമനെന്നു വിളിക്കുന്ന പോരാളിയെക്കുറിച്ച് വികാരഭരിതമായ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുവത്രേ.

വയനാട്ടിലെ വേനല്‍ക്കാടുകള്‍ തീപ്പൊരി കാത്തുകിടക്കുകയാണെന്നും കൂമ്പാരക്കൂനിയിലെ പാറയിലിപ്പോഴും ചോര പൊടിയുന്നുവെന്നും അവന്‍ പറയുന്നു. ചൂഴ്ന്നെടുക്കപ്പെട്ട രണ്ടു കണ്ണുകള്‍ പ്രസ്‌ക്ലബ്ബിലെ ഇടനാഴികളില്‍. ഇടയ്ക്കിടെ കടന്നു വന്ന് തുറിച്ചു നോക്കുന്നുവത്രേ…

(കോറസ് കറമ്പനോടൊപ്പം വാച്ചടവറിലേക്കു പോകുന്നു)

ഭാരതി : ഒരുപിടി ചൂടുചോറു വാരിവാരി വയറുനിറച്ചൊന്നുണ്ണാനുള്ള കോതിയുമായി അമ്മാച്ഛന്‍ യാത്രയായി.

വൃദ്ധന്‍ : കറമ്പന്റെ അന്ത്യം തോപ്പില്‍ ഭാസി അപ്പടിതന്നെ പകര്‍ത്തിവെച്ചിട്ടുണ്ട്. പക്ഷെ മാലയെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് ധൈര്യമില്ലായിരുന്നു.

ഭാരതി : ആ നല്ല നാളെ എവിടെ എന്നു ചോദിക്കാന്‍ വേണ്ടി അമ്മയും അമ്മാച്ഛനുംകൂടി ഭാസി സഖാവിന്റെ വീട്ടില്‍ പോയി. “വര്‍ഷങ്ങള്‍ക്കുമുമ്പ് ഏന്റെ കയ്യിലൊരു കൊടിയുണ്ടായിരുന്നു. എന്റെ കയ്യിലിന്നു കൊടിയില്ല. ഞാനിനി എന്തു വേണം” — എന്നു ചോദിക്കണം! അതിനാണ് അമ്മ ചെന്നത്. പക്ഷെ, അമ്മയെ കാണാന്‍ സഖാവ് വിസമ്മതിച്ചു.

വൃദ്ധന്‍ : എങ്കിലുമൊടുവില്‍ സഖാവിന്റെ ബീഡിത്തുമ്പിലെ തീവെട്ടം പ്രത്യക്ഷപ്പെട്ടില്ലേ? മാലേ, ‍ഞാന്‍, നിന്നെ കാണാന്‍ വന്നിരിക്കുന്നു! മതി, മാലയ്ക്കതു മതി. (ഓര്‍മ്മകളില്‍ നിന്ന്) നാല്പത്തഞ്ചു വര്‍ഷം മുമ്പ് എഴുതപ്പെട്ടതാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’.

ഭാരതി : സഖാവ് നാടക ഭ്രാന്തനായിരുന്നല്ലോ, ആ സ്റ്റാലിന്‍ മീശയും ചങ്ങമ്പുഴക്കണ്ണടയുമായി എത്രയോ വേദികളില്‍… (ചെങ്കൊടിയും പിടിച്ച് കൊറസിലൊരാള്‍ വിളംബരപ്പെടുത്തുംപോലെ വിളിച്ചു പറയുന്നു ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ ഗാനങ്ങളുടെ ചില വരികളും ആലപിക്കുന്നതു നന്ന്. ഒ. എന്‍. വി.യുടെ രചന)

ഇന്നു വൈകുന്നേരം 6.30ന് മാനാഞ്ചിറ മൈതാനിയില്‍ കെ. പി. എ. സി.യുടെ നാടകം — ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’

മൂളിപ്പാട്ടുമായി തമ്പ്രാന്‍ വരുമ്പം
ചൂളാതങ്ങനെ നില്ലെടിപ്പെണ്ണെ
എണ്ണക്കറപ്പുള്ള മാലപ്പെണ്ണാളേ
നിന്നെശ്ശരിക്കുമറിയില്ല തമ്പ്രാന്‍!

വൃദ്ധന്‍ : അയ്യായിരത്തിലധികം അരങ്ങുകള്‍.

(മറ്റൊരു മൂലയില്‍നിന്ന് വെറൊരാള്‍ ചെങ്കൊടിയുമായി വന്ന്)

മലയാള നാടകവേദിയിലെ സര്‍ഗ്ഗ വിസ്ഫോടനം : വിപ്ലവ കേരളത്തെ കെ. പി. എ. സി. ഒരു സംവാദത്തിന് പ്രകോപിപ്പിക്കുന്നു.

കെ. പി. എ. സി.യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’

ഇന്നുവൈകീട്ട് 8.30ന് കേരളത്തിന്റെ സംസാകാരിക തലസ്ഥാലത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ അരങ്ങേറുന്നു.

എന്‍കരളേ! കണ്‍കുളിരേ!
നിന്നെയോര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്‍, പോ–
രാടുമെന്‍ കരങ്ങള്‍!
പൊന്നിരിവാള്‍…

വൃദ്ധന്‍ : നിനക്കറിയാമോ മോളേ, ആ നാടകമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭരണത്തിലേക്കു നയിച്ചത്.

(വേറൊരു ചെങ്കൊടിയുമായി മറ്റൊരു മൂലയിൽ വന്നുനിൽക്കുന്നു കോറസ്സിലൊരാൾ)

തോപ്പിൽ ഭാസിയുടെ നാടകം ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ — കേരള രാഷ്ട്രീയത്തിന്റെ കാര്യപരിപാടി നിര്‍ണ്ണയിച്ച കലാസൃഷ്ടി. കെ. പി. എ. സി. അവതരിപ്പിക്കുന്നു.

രാജേന്ദ്ര മൈതാനത്തില്‍ ഇന്നു കൃത്യം 7.30 ന്)

വെളളാരം കുന്നിലെ
പൊന്മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ…
നല്ലൊരു നാളിലെ, മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാന്‍
കാറ്റേ! വാവാ!

വൃദ്ധന്‍ : ഞങ്ങള്‍ പഴയ കമ്യൂണിസ്റ്റുകാര്‍ക്ക് ആ നാടകത്തെക്കാള്‍ നാടകത്തിന്റെ അവതരണമായിരുന്നു കാര്യം.

(വേറൊരാള്‍ ചെങ്കൊടിയുമായി വന്ന്)

നഗരത്തെ പ്രകമ്പനം കൊളളിച്ചു കൊണ്ടുളള പ്രകടനത്തിനും സാംസ്കാരിക സമ്മേളനത്തിനും ശേഷം കെ. പി. എ. സിയുടെ നാടകം പയ്യമ്പലം കടപ്പുറത്ത്.

കൊയ്തു കൊയ്തു തളര്‍ന്നു കേറുമ്പം
എന്തുകിട്ടുമെന്‍ പൈങ്കിളിക്ക്?
കല്ലരിയുണ്ട് കരിക്കാടിക്ക്
നെല്ലിരിയെല്ലാം പത്തായത്തില്!

വൃദ്ധന്‍ : നാടകം അവതരിപ്പിക്കപ്പെട്ട ഓരോ ഗ്രാമത്തിലും ചെങ്കൊടി ഉയരുകയായിരുന്നു.

കോറസ് : വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍ നിന്നിതാ പുതിയ ചെങ്കൊടിയേന്തി…

(കോറസ് ഉയര്‍ന്ന തലത്തില്‍ ചെങ്കൊടികളുയര്‍ത്തി നില്ക്കുന്നു)

വൃദ്ധന്‍ : കണ്ടോ ഭാരതി, തോപ്പില്‍ ഭാസി മുന്‍നിരയില്‍ തന്നെയിരുന്ന് നമ്മുടെ നാടകം കാണുന്നു. ഭാസി തന്റെ നാടകം എഴുതിയത് സോമനെന്ന പേരിലായിരുന്നു. ആദ്യമായി ഈ നാടകം കണ്ടത് തലയില്‍ മുണ്ടിയിട്ടിരുന്നായിരുന്നു.

ഭാരതി : ഒളിവിലായിരുന്നല്ലോ, അല്ലേ? മാലയും കറമ്പനും സ്വന്തം അച്ഛനായ പരമുപിളള പോലും സഖാവിനെ തിരിച്ചറിഞ്ഞില്ല എന്ന് കേട്ടിട്ടുണ്ട്. (വൃദ്ധനും ഭാരതിയും ചിരിക്കുന്നു. ചിരിയില്‍ ഭാസിയും പങ്കുചേരുന്നു).

(കെ. പി. എ. സി. കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നാടകമവതരിപ്പിക്കുന്നതായി കോറസിന്റെ രംഗസാക്ഷ്യങ്ങള്‍ തുടരുന്നു.)