close
Sayahna Sayahna
Search

പുതിയൊരു റിപ് വാൻ വിങ്ക്ൾ


പുതിയൊരു റിപ് വാൻ വിങ്ക്ൾ
EHK Story 11.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അനിതയുടെ വീട്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 75

പത്തുകൊല്ലത്തെ തടവിൽനിന്ന് പുറത്തുകടന്ന ദാസപ്പൻ ആദ്യം ചെന്നത് സ്വാഭാവികമായും സ്വന്തം വീട്ടിലേയ്ക്കാണ്. എത്ര ചെറുതായാലും സ്വന്തം വീട്, അതൊന്നു വേറെത്തന്നെയാണ്. അയാൾക്ക് വേണമെങ്കിൽ വീട്ടിൽ പോകാതെ, നോവലുകളി ലൊക്കെ കാണുന്നപോലെ തനിക്ക് കണക്കു തീർക്കേണ്ട ആളുകളുടെ അടുത്തേക്കു നേരിട്ടു പോകാമായിരുന്നു. പണ്ടു ചെയ്തിരുന്ന പോലെ കത്തികൊണ്ട് താടിയും പുറ വും ചൊറിഞ്ഞു കൊണ്ട് തന്നെ ഒറ്റിക്കൊടുത്തവരെ ഭീഷണിപ്പെടുത്താമായിരുന്നു. എന്തുകൊണ്ടോ ദാസപ്പന് അതൊന്നും ചെയ്യാൻ തോന്നിയില്ല. അയാൾക്ക് സ്വന്തം വീടും അതിൽ കല്ല്യാണം കഴിക്കാതെത്തന്നെ തന്റെ ഒപ്പം താമസിക്കുന്ന ലക്ഷ്മിയേയും കാണണമെന്നുണ്ടായിരുന്നു. ഒരു പെണ്ണ്… എത്ര കാലമായി?

വീട് ദാസപ്പനെ വരവേറ്റത്…വീടെന്നു പറയാൻ ഉണ്ടായിരുന്നത് ചുടാത്ത ഇഷ്ടികയുടെ ചുവരും മുളകൊണ്ട് കാലുകളും മുളച്ചീന്തും ഓലയും കൊണ്ട് മേൽപ്പുരയും ഉള്ള ഒരു വികൃത രൂപമാണ്. ഗെയ്റ്റായി വച്ചിരുന്ന മുളങ്കോലുകൾ ആരുടേയോ അടുപ്പിൽ വിറകായി മാറിയിരുന്നു. മുറ്റത്ത് നിറയെ പുല്ലും പാഴ്‌ചെടി കളും കാടു പിടിച്ചു കിടന്നു. മേൽപ്പുര ഒരു വശത്തായി ഇരുന്നിരിക്കുന്നു. വരവേറ്റത് എന്നു പറയുന്നതിൽ അർത്ഥമില്ല, കാരണം ജീവിതത്തിലൊരിക്കലും ആരും, ഒന്നും ദാസപ്പനെ വരവേറ്റിരുന്നില്ല. മൂന്നുകൊല്ലം തന്റെ ഒപ്പം കിടന്നുറങ്ങിയ ലക്ഷ്മിപോലും. അയാൾ രാത്രി വൈകി കുടിച്ചു ബോധമില്ലാതെ വന്ന് വാതിൽ ഉന്തിത്തുറക്കുമ്പോൾ കാണുക തന്നെക്കാൾ കടന്ന അവസ്ഥയിൽ കിടന്നുറങ്ങുന്ന ലക്ഷ്മിയെയാണ്. പാടത്തെ പണികഴിഞ്ഞ് കൂലിവാങ്ങിപ്പോരുമ്പോൾത്തന്നെ ലക്ഷ്മി അവളുടെ റേഷൻ കള്ളുഷാപ്പിൽ നിന്ന് വാങ്ങിക്കൊണ്ടുവരും. ഒമ്പതുമണിയോടെ പകുതി കുപ്പി അകത്താക്കിയശേഷം മീൻപൊരിച്ചതും കപ്പയും തിന്നുകൊണ്ട് ബാക്കി പകുതിയും തീർക്കുന്നു. ദാസപ്പൻ വരുമ്പോൾ കാണുന്നത് നിലത്തിട്ട പായിൽ പാതി നഗ്നയായി കിടന്നുറങ്ങുന്ന പെണ്ണിനെയാണ്. അയാളുടെ ആവശ്യമനുസരിച്ച് ഒപ്പം കിടക്കുകയോ, പുറം കാലുകൊണ്ട് തട്ടുവച്ചുകൊടുക്കുകയോ ചെയ്യും. രണ്ടും അയാൾക്ക് ഗുണം ചെയ്യില്ല, കാരണം മറ്റെ പാതി കൂടി നഗ്നയാക്കിയശേഷം ഒപ്പം കിടക്കുമ്പോൾ അവൾ പാതിയുറക്കത്തിൽ വിളിക്കുന്ന പേരുകൾ പാലത്തിനു ചുവട്ടിൽ കള്ളുഷാപ്പു നടത്തുന്ന വറീതിന്റേയോ, പാടം കഴിഞ്ഞ് പുഴക്കരെ നടക്കുമ്പോൾ നിത്യവും കാണുന്ന അലക്കുകാരൻ നാണുവിന്റേയോ ആയിരിക്കും. കാര്യം നടത്തി തിരിഞ്ഞു കിടക്കുമ്പോഴായിരിക്കും ദാസപ്പൻ യാതൊരു ബന്ധവുമില്ലെന്നു തോന്നിച്ച പേരുകളുടെ ഉൽപ്പത്തിതേടി പോകുന്നത്. അതയാൾക്ക് ഗുണം ചെയ്യുന്നില്ല. അയാൾ, എഴു ന്നേൽക്കാൻ വയ്യാതെ കിടന്ന കിടപ്പിൽത്തന്നെ കാലുകൊണ്ട് ലക്ഷ്മിയെ തൊഴിക്കുന്നു. വയറ്റിനകത്തെ സാധനത്തേക്കാൾ പുളിച്ച തെറി നാലെണ്ണം പുറത്തു വിടുന്നു.

അതൊന്നും ഇന്ന് ദാസപ്പൻ ഓർത്തില്ല. അയാളുടെ മനസ്സിൽ മുഴുത്ത ഒരു പെണ്ണാണുള്ളത്. മുറ്റത്തുകൂടി നടന്ന് അയാൾ വീട്ടിന്റെ വരാന്തയിലേയ്ക്ക് കയറി. അടഞ്ഞു കിടക്കുന്ന വാതിലിൽ തുരുമ്പുപിടിച്ച പൂട്ട്. വർഷങ്ങളായി തുറന്നിട്ടില്ലെന്നു വിളിച്ചുപറയുന്ന പൂട്ട്. അയാൾ ദീർഘമായി നിശ്വസിച്ചു. അപ്പോൾ… അപ്പോൾ ലക്ഷ്മി തന്നെ തഴഞ്ഞിരിക്കുന്നു.

അയാൾ പുറത്തുകടന്നു, ഗെയ്റ്റുവരെ നടന്നു. ഇനി എന്തു ചെയ്യണമെന്നാലോചിക്കുമ്പോഴാണ് അയൽവക്കത്തെ ചാമി വീട്ടിൽനിന്ന് പുറത്തുകടന്നത്. അയൽ വക്കത്തെ ഗെയ്റ്റിൽ നിൽക്കുന്നത് ദാസപ്പനാണെന്ന് മനസ്സിലാക്കാൻ ഒരു നിമിഷമെടുത്തു. സാധാരണ നിലയിൽ ദാസപ്പനെ കണ്ടാൽ വീട്ടിനുള്ളിലേയ്ക്കു വലിയുന്ന ചാമി ഗെയ്റ്റിനടുത്തേയ്ക്കു നടന്നുവന്നു.

“ആരിത്, ദാസപ്പനല്ലേ?”

സാധാരണഗതിയിൽ കഠാരകൊണ്ട് മുഖത്തെ രോമങ്ങൾ ചൊറിഞ്ഞുകൊണ്ട് ‘എന്താടെ മനസ്സിലായില്ല്യേ?’ എന്നു ചോദിക്കുന്ന ദാസപ്പൻ വെറുതെ പറയുക മാത്രം ചെയ്തു. “അതെ.”

രണ്ടു കാരണങ്ങൾകൊണ്ട്; ഒന്നാമതായി അയാളുടെ കയ്യിൽ കഠാരയില്ല. രണ്ടാമതായി പോലീസ് സ്റ്റേഷനിൽ നിന്ന് തലേന്നുകൂടി താടിവടിച്ചിരുന്നു. പണ്ടുണ്ടായിരുന്ന താടി ഓർമ്മയിൽ മാത്രമായിരുന്നു.

“എന്നു വന്നു?” വീണ്ടും ചോദ്യം.

“ഇന്നു രാവിലെ.” അയാൾ മറുപടി പറഞ്ഞു. “പിന്നെ,… ലഷ്മി എവിട്യാന്നറിയ്യോ?” ആ ചോദ്യം ചോദിക്കാൻ അയാളിഷ്ടപ്പെട്ടിരുന്നില്ല.

“ലച്മിയോ?” ചാമി നിസ്സംഗനായി പറഞ്ഞു. “ഓള് വറീതിന്റെ ഒപ്പായിര്ന്ന്ന്ന് കേട്ടീര്ന്ന്. നിക്കറീല്ല്യാട്ടോ.”

“പാലത്തിന്റടീല് ഷാപ്പിലെ വറീതിന്റെ ഒപ്പോ?”

“അതേന്നാ തോന്നണത്.”

ശരിക്കു പറഞ്ഞാൽ ചാമിക്കത് അറിയാമായിരുന്നു. പക്ഷേ താനായിട്ട് എന്തിനാണ് അസുഖകരമായ സത്യം അയാളെ അറിയിക്കുന്നത്?

ദാസപ്പൻ ഒന്നമർത്തി മൂളി. പിന്നെ തിരികെ വീട്ടിനുള്ളിലേക്ക് കയറി. തുരുമ്പു പിടിച്ച പൂട്ട് ഒരു വലിക്ക് തുറന്ന് അയാൾ ഓടാമ്പൽ നീക്കി വാതിൽ തുറന്നു. വീട്ടിനകത്തെ സ്ഥിതി കണ്ടപ്പോൾ വാതിൽ തുറന്ന് അകത്തു കയറേണ്ടിയിരുന്നില്ലെന്ന് തോന്നി. ഒരു വലിയ എലിമടയ്ക്കു മുകളിൽ ചുമരിലെ പൊത്തിൽ അയാൾ ഒളിപ്പിച്ചുവച്ച കഠാരയുണ്ടായിരുന്നു. അയാൾ അതു കടന്നെടുത്തു. പിടിമേലുള്ള മൂന്ന് പിച്ചള ആണികളിൽ ക്ലാവു പിടിച്ചതല്ലാതെ കഠാരയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. കഠാരയുണ്ടാക്കിയ കരുവാൻ വേലുവിനോടയാൾക്ക് ആദരവു തോന്നി. കഠാരയുടെ മുഴുവൻ കൂലിയും കൊടുത്തിട്ടില്ലെന്നയാൾ ഓർത്തു. അതിനുമുമ്പാണ്…

ഒരുപാട് പേരോട് പകരം ചോദിക്കാനുണ്ട്. തനിക്കു തരാനുള്ള പണം ചോദിച്ചപ്പോൾ നാട്ടുകാരുടെ മുമ്പിൽവച്ച് തന്നെ അപമാനിച്ച ശങ്കരനെ. അവനെ കുത്തിമലർത്തിയ കേസിൽ തന്നെ ഒറ്റിക്കൊടുത്ത ബീരാനെ. പിന്നെ ഇപ്പോൾ തന്റെ പെണ്ണിനെ തട്ടിയെടുത്ത വറീതിനെ. പിന്നെ? പിന്നേയുമുണ്ടാവാം. ആരും ചോദിക്കാനും പറയാനുമില്ലാത്തതു കൊണ്ട് പത്തുകൊല്ലം ജെയിലിൽ കിടക്കേണ്ടിവന്നു. ആ പത്തുകൊല്ലം കൊണ്ട് കുറേയെല്ലാം മറന്നുപോയിരുന്നു. പകയുടെ ശൗര്യം കുറഞ്ഞു പോയിരുന്നു. എന്നാലും ചിലതെല്ലാം ബാക്കി നിൽക്കുകതന്നെയാണ്.

ജെയിലിൽനിന്ന് പുറത്തുവന്നശേഷം ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അപ്പുണ്ണിയുടെ ചായക്കടയിൽ പോയി ആദ്യംതന്നെ വയറുനിറച്ച് തിന്നണം. വെള്ളപ്പവും മുട്ടക്കറിയുമുണ്ടാവും. അതിനു മീതെ കടുപ്പമുള്ള ചായയും. ഇല്ല, വൈകുന്നേരംവരെ കള്ളുഷാപ്പിൽ കയറാൻ ഉദ്ദേശിച്ചിട്ടില്ല. കുടിച്ചാൽ വിചാരിച്ച കാര്യങ്ങളൊന്നും നടക്കില്ല. അയാൾ കഠാര എളിയിൽ തിരുകി പുറത്തു കടന്നു.

ചാമി ഗെയ്റ്റിലില്ലായിരുന്നു. ഗെയ്റ്റിലുണ്ടായിരുന്നെങ്കിലെന്ന് ദാസപ്പൻ മോഹിച്ചു. തന്റെ എളിയിൽ തിരുകിയ കത്തി അവനൊന്നു കാണണമെന്നുണ്ടായിരുന്നു. ദാസപ്പൻ ഒട്ടും മാറിയിട്ടില്ല, മയപ്പെട്ടിട്ടില്ല എന്നറിയണം.

അപ്പുണ്ണിയുടെ ചായക്കടയിൽ രണ്ടുപേരെ ഉണ്ടായിരുന്നുള്ള. ദാസപ്പൻ കയറിയപ്പോൾ അവർ ഒന്നു മുഖമുയർത്തി നോക്കി, പിന്നെ ഒരു താല്പര്യവും കാണിക്കാതെ ഭക്ഷണം തുടർന്നു. അവർക്ക് തന്നെ മനസ്സിലായിട്ടുണ്ടാവില്ല. അയാൾ ഒരു ബെഞ്ചിലിരുന്നു മേശക്കു പിന്നിലിരുന്ന അപ്പുണ്ണിയെ നോക്കി. അപ്പുണ്ണി അയാളെ ഒന്നു നന്നായി നോക്കി, പിന്നെ ആളെ മനസ്സിലായപ്പോൾ പറഞ്ഞു.

“ആര് നമ്മടെ ദാസപ്പനല്ലെ? താട്യൊക്കെ കളഞ്ഞപ്പോ മനസ്സിലായില്ല.”

അടുത്ത മേശക്കു മുമ്പിലിരുന്ന് ചായ കുടിക്കുന്നവർ ഒന്ന് തല യുയർത്തി നോക്കി, വീണ്ടും അവരവരുടെ പ്ലേയ്റ്റിലേയ്ക്കു തന്നെ മുഖം താഴ്ത്തി, എന്ത് ദാസപ്പനെന്ന മട്ടിൽ. അപ്പുണ്ണി അടുക്കളയിലേയ്ക്ക് വിളിച്ചു പറഞ്ഞു.

“ടാ, ഒരാള് വന്നിട്ടൊണ്ട്, എന്താ വേണ്ടത്ന്ന് ചോദിക്ക്.”

ദാസപ്പന് അതിഷ്ടപ്പെട്ടില്ല. ഇങ്ങിനെയൊന്നുമായിരുന്നില്ല കാര്യങ്ങൾ. ദാസപ്പൻ ചായക്കടയിൽ കയറിയാൽ അപ്പുണ്ണി എഴുന്നേറ്റു വരികയാണ് പതിവ്.

“എന്നാ ജേലീന്ന് ഒഴിവായേ?”

ദാസപ്പൻ മുരളുക മാത്രം ചെയ്തു. എന്തെങ്കിലും ചെയ്‌തേ പറ്റൂ. തനിക്ക് നഷ്ടപ്പെട്ട ലോകം പിടിച്ചടക്കുക തന്നെ വേണം. ഒരു കാലത്ത് ദാസപ്പൻ റോഡിലിറങ്ങിയാൽ നിമിഷങ്ങൾക്കകം റോഡ് ശൂന്യമാകുമായിരുന്നു. മാറാൻ സമയം കിട്ടാത്ത ഹതഭാഗ്യർ തലചൊറിഞ്ഞുകൊണ്ട് ഭവ്യതയോടെ റോഡരുകിൽ നിൽക്കുമായിരുന്നു. ഇപ്പോൾ ഇതാ താൻ ചായക്കടയിൽ വന്നു കയറിയിട്ടും ആൾക്കാർ ഗൗനിക്കുന്നില്ല.

ഭക്ഷണം വിളമ്പുന്ന പയ്യൻ മുമ്പിൽ വന്നുകൊണ്ട് ചോദിച്ചു.

“എന്താ വേണ്ടത്, പൂട്ടും കടലേം വേണോ, അപ്പോം മൊട്ടക്കറീം വേണോ?”

‘നെന്റ അമ്മടെ…’ എന്നു പറയാൻ ദാസപ്പൻ ഓങ്ങി, പക്ഷേ പറഞ്ഞത് ‘അപ്പോം മുട്ടക്കറീം’ എന്നു മാത്രമായിരുന്നു.

പയ്യൻ ഒരു പ്ലെയ്റ്റിൽ അപ്പവും വേറൊരു പ്ലെയ്റ്റിൽ മുട്ടക്കറിയും കൊണ്ടു വന്ന് അയാളുടെ മുമ്പിൽ ‘വേണങ്കിൽ തിന്നോ’ എന്ന മട്ടിൽ വെച്ചു. വല്ല പട്ടിക്കു തീറ്റ കൊടുക്കുന്നപോലെ. അങ്ങിനെയൊക്കെയാണ് ആ ചായക്കടയിൽ ഭക്ഷണം വിളമ്പാറ്. പക്ഷേ ദാസപ്പനതിഷ്ടപ്പെട്ടില്ല. അയാൾ പയ്യനെ തുറിച്ചുനോക്കി. ആ തുറിച്ചു നോട്ടം പാഴായി. അവൻ അപ്പുറത്തെ മേശമേൽ നിന്ന് ഒഴിഞ്ഞ ഗ്ലാസ്സുകൾ എടുത്തുകൊണ്ടു പോയി, ദാസപ്പന്റെ നോട്ടം ശ്രദ്ധിക്കാതെത്തന്നെ.

വിശപ്പിന്റെ കാഠിന്യംകൊണ്ട് ദാസപ്പൻ വെള്ളയപ്പം മുട്ടക്കറിയിൽ മുക്കി തിന്നാൻ തുടങ്ങി. വിശന്നു വലഞ്ഞ ഒരു പട്ടിയെപ്പോലെത്തന്നെ. അപ്പത്തിനു മീതെ ചൂടുള്ള കടുത്ത ചായ കുടിച്ചപ്പോൾ കുറച്ച് ആശ്വാസം തോന്നി. ലോകത്തെ നേരിടാനുള്ള ആത്മധൈര്യം അയാൾക്ക് ഇപ്പോഴെ കിട്ടിയുള്ളൂ. അങ്ങിനെ വീണ്ടുകിട്ടിയ ആത്മ ധൈര്യവുമായി അയാൾ എഴുന്നേറ്റു. വാതിൽക്കലെത്തിയപ്പോഴാണ് പിന്നിൽ നിന്നൊരു വിളി വന്നത്.

“ദാസപ്പാ…” വിളിയിൽ ദാസപ്പനിഷ്ടപ്പെടാത്ത ഒരു സ്വരമുണ്ടായിരുന്നു. കാര്യമാത്രപ്രസക്തമെങ്കിലും ഒരു വകവെക്കാത്ത സ്വരം. അയാൾ തിരിഞ്ഞുനോക്കി. ഇതുവരെ ഉണ്ടായിട്ടില്ല അങ്ങിനെ ഒരു വിളി. എത്രയോ തവണ അവിടെനിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. കയ്യിൽ കാശുണ്ടെങ്കിൽ കൊടുക്കും, ഇല്ലെങ്കിൽ അങ്ങിനെ നടന്നു പോകും, കടം വെച്ചല്ല. ദാസപ്പന് എവിടെയും കടത്തിന്റെ ഏർപ്പാടേയില്ല. ഇല്ലെങ്കിൽ ഇല്ല അത്രതന്നെ. അടുത്ത പ്രാവശ്യം ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ തലേന്നു കഴിച്ചതിന്റെ കണക്കു പറയലില്ല ദാസപ്പന്റെ അടുത്ത്.

അപ്പുണ്ണിയുടെ സ്വരം വീണ്ടും കേട്ടു.

“ദാസപ്പാ…പണം കൊടുത്ത് പോ.”

അപ്പുണ്ണി അക്ഷോഭ്യനായി നിൽക്കുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു സന്ദർഭമാണ്. അപ്പുണ്ണി തന്നോട് കഴിച്ച ഭക്ഷണത്തിന്ന് പണം ചോദിക്കുന്നു. ദാസപ്പനോടോ പണം ചോദിക്കണത്? അയാൾ മേശക്കരികിലേയ്ക്ക് നടന്നു ചെന്നു, മുഖം അപ്പുണ്ണിയുടെ മുഖത്തിന്നടുത്തേയ്ക്കു വച്ച് ചോദിച്ചു.

“എന്താ അപ്പുണ്ണി പറഞ്ഞത്.”

അപ്പുണ്ണി ഒട്ടും പതറിയില്ല. അയാൾ പറഞ്ഞു. “അല്ലാ ജേലില് പത്തുകൊല്ലം കെടന്നതിന്റെ സമ്പാദ്യണ്ടാവില്ലെ. തിന്നതിന് പണം കൊടുത്തു പോ ദാസപ്പാ.”

പെട്ടെന്നാണതുണ്ടായത്, ദാസപ്പൻ എളിയിൽ തിരുകിയ കഠാരയെടുത്ത് അപ്പുണ്ണിയുടെ നേരെ പിടിച്ചു കൊണ്ട് പറഞ്ഞു. “ഇത് എത്ര ചോര കുടിച്ച കത്തിയാന്നറിയ്യോ?”

അപ്പുണ്ണി ഒട്ടും പതറാതെ പറഞ്ഞു. “കത്തിയൊക്കെ മാറ്റ് എന്റെ ദാസപ്പാ. കാലം മാറീത് നീ അറിഞ്ഞില്ല്യാല്ലെ? എങ്ങനെ അറിയാനാ, പത്തുകൊല്ലം ജേലില് കെടക്കുമ്പോ ഇവ്‌ടെ എന്തൊക്കെ നടന്നൂന്ന് നീയെങ്ങനെ അറിയാനാ? നെന്റെ കയ്യില് കത്തിയല്ലേള്ളൂ, ന്റെ കയ്യില് അതിലും വല്ത്ണ്ടാവും. കത്തി മാറ്റി തിന്നേന്റെ പണം തന്നുപോ.”

ഭക്ഷണം വിളമ്പിയ പയ്യൻ ദാസപ്പന്റെ അടുത്തുകൂടെ വന്ന് ഒന്നും സംഭവിക്കുന്നില്ലെന്ന മട്ടിൽ അയാളുടെ ബിൽ അപ്പുണ്ണിക്കു കൊണ്ടുവന്നു കൊടുത്തു, നീട്ടിയ കൈയ്യിലെ കത്തി നോക്കുകകൂടി ചെയ്യാതെ.

ദാസപ്പന്റെ കൈ താണു. അപ്പുണ്ണിയുടെ സ്വരത്തിൽ ഭീഷണമായ എന്തോ ഉണ്ട്. അതുപോലെ പയ്യന്റെ അലക്ഷ്യ ഭാവത്തിലും. അത് ദാസപ്പനെ നിസ്‌തേജനാക്കി. ഇങ്ങിനെയൊന്നുമായിരുന്നില്ല കാര്യങ്ങൾ. അയാൾ കീശയിൽ നിന്ന് പഴ്‌സെടുത്തു.

“എത്ര്യായി?”

ബില്ലു നോക്കിക്കൊണ്ട് അപ്പുണ്ണി പറഞ്ഞു.

“പന്ത്രണ്ടു രൂപ.”

അയാൾ പണം എണ്ണിക്കൊടുത്തു. ജെയിലിൽ തോട്ടപ്പണി ചെയ്തതിന്റെ വേതനം ലഭിച്ചിരുന്നു. ചായക്കടയിൽ നിന്ന് പുറത്തു കടന്നപ്പോൾ അയാൾ ആലോചിച്ചു. എങ്ങോട്ടാണ് പോകേണ്ടത്? രാവിലെ ആദ്യമുണ്ടായ അനുഭവം അത്ര സുഖകരമല്ല. അതിന്റെ തുടർച്ചയാകുമോ ഇനിയുള്ള കാര്യങ്ങൾ? നോക്കാം. വലിയ കണക്കുകൾ തീർക്കാൻ അയാൾ പുറത്തേക്കിറങ്ങി.

ആദ്യം പോകേണ്ടത് ആരുടെ അടുത്തേയ്ക്കാണ്? തന്നെ ഒറ്റിക്കൊടുത്ത ബീരാന്റെ അടുത്തേക്കോ, അല്ലാ, തന്റെ പെണ്ണിനെ താനില്ലാത്തപ്പോൾ തട്ടിയെടുത്ത വറീതിന്റെ അടുത്തേക്കോ? ലക്ഷ്മിയുടെ ഓർമ്മ വന്നപ്പോൾ പിന്നെ സംശയിച്ചില്ല. അയാൾ പാലത്തിന്റടീല് ഷാപ്പിലേയ്ക്ക് നടന്നു.

ഷാപ്പ് പുതുക്കിപ്പണിതിരിക്കുന്നു. പണ്ട് വെറുമൊരു ഓലപ്പുരയായിരുന്നത് ഓടിട്ട് വലുതാക്കിയിരിക്കുന്നു. ഷാപ്പിൽ നല്ല തിരക്കായിരുന്നു. സമയം പന്ത്രണ്ടാവുന്നേയുള്ളു, അപ്പോഴേക്കുംതന്നെ എന്തൊരു തിരക്ക്. പണ്ടൊക്കെ രാവിലെ ഇവിടെ ഒരു തിരക്കുമുണ്ടാവാറില്ല. തന്നെപ്പോലെ ഒന്നോ രണ്ടോ പേർ മാത്രം, ദിവസത്തിന്റെ കാഠിന്യം കുറക്കാൻ ഇരുനൂറ് മില്ലി അകത്താക്കാൻ വന്നവർ. വൈകുന്നേരങ്ങളിൽ പക്ഷേ നല്ല തിരക്കുണ്ടാവും. ഇപ്പോൾ രാവിലെത്തന്നെ വൈകുന്നേരത്തെ തിരക്കാണ്, അപ്പോൾ വൈകുന്നേരം എന്തായിരിക്കും സ്ഥിതി? പത്തുകൊല്ലംകൊണ്ട് നല്ല പുരോഗതിയുണ്ടായിട്ടുണ്ടാവണം. വറീത് ഇരിക്കുന്ന സ്ഥലം കണ്ടുപിടിക്കാൻ കുറച്ചു സമയമെടുത്തു. അയാൾ ഒരു മൂലയിൽ രണ്ടു ഭാഗവും ചില്ലിട്ട ഒരു മുറിയിലാണിരിക്കുന്നത്. ദാസപ്പൻ നേരിട്ട് ചെന്ന് ആ മുറിയുടെ വാതിൽ തുറന്ന് അകത്തു കടന്നു. വറീതിന്റെ ഷാപ്പ് വെറുമൊരു കള്ളു ഷാപ്പല്ലെന്നും അതൊരു ബാറായി മാറിയിട്ടുണ്ടെന്നും ദാസപ്പൻ അപ്പോഴാണ് മനസ്സിലാക്കിയത്. വറീതിന്റെ മേശക്കു പിന്നിൽ ഭംഗിയുള്ള റാക്കുകളിൽ വിദേശമദ്യക്കുപ്പികൾ നിരന്നു നിൽക്കുന്നു.

മേശക്കുമുമ്പിൽ നിന്നുകൊണ്ട് ദാസപ്പൻ വറീതിനെ നോക്കി. ഒരു നിമിഷനേരത്തെ സന്ദേഹത്തിനു ശേഷം വറീത് പറഞ്ഞു.

“ആരിത്, നമ്മടെ പിച്ചാത്തിദാസപ്പനല്ലേ. നീ വന്നൂന്ന് അറിഞ്ഞു.”

ലോഗ്യം കൂടാൻ വര്വാണ്, നായ. ദാസപ്പൻ ചിന്തിച്ചു. അയാൾ ചോദിച്ചു. “എവിടെടാ ന്റെ പെണ്ണ്?”

“നെന്റെ പെണ്ണോ? ആരെടാ നെന്റെ പെണ്ണ്?”


“ലഷ്മി.”


“ഓ, ലക്ഷ്മിയോ?”

“അതെടാ, എവിടെ ഓള്?”

വറീത് ഒന്ന് ഇളകിയിരുന്നു. മുമ്പിൽ നിൽക്കുന്ന കെല്ലനെ ഒരാവർത്തി നോക്കിക്കണ്ടശേഷം പറഞ്ഞു.

“രണ്ടു കാര്യം പറയാം കേട്ടോടാ പിച്ചാത്തീ. ഒന്നാമത്തേത് ഇപ്പൊത്തൊട്ട് വറീതിനെ ആരും എടാപോടാന്ന് വിളിക്കാറില്ല. വറീത്‌മൊതലാളീന്നെ വിളിക്കു.”

“മൊതലാളി, ഫൂ…” ദാസപ്പൻ അരയിൽ നിന്ന് കഠാര എടുത്തു. “ആരെടാ മൊതലാളി?”

ദാസപ്പൻ കഠാരപിടിച്ച കൈകൊണ്ട് ഒന്ന് വീശാനാഞ്ഞപ്പോഴാണ് അതു കണ്ടത്. വറീതിന്റെ കൈ മേശക്കടി യിൽ നിന്ന് പുറത്തു വരുന്നു. ആ കൈയ്യിൽ ഒരു തോക്ക്. ദാസപ്പൻ നിശ്ചലനായി. ആ ആയുധമാണ് പത്തു കൊല്ലക്കാലം ദാസപ്പനെ ജയിലിൽ അടക്കിനിർത്തിയിരുന്നത്.

“ഇപ്പൊ കണ്ടോ പിച്ചാത്തീ, ആരാ മുമ്പിലിരിക്കണത്ന്ന്?”

ദാസപ്പൻ മുറിക്കു പുറത്തേക്കു നോക്കി. അവിടെ നിന്നാൽ പുറത്തുള്ളതെല്ലാം കാണാൻ കഴിയും. ആൾക്കാർ ഒരു കൂസലുമില്ലാതെ കുടിക്കുകയും തിന്നുകയുമാണ്. മുമ്പാണെങ്കിൽ ഇങ്ങിനെ ഒരു സംഭവമുണ്ടായാൽ മതി, നിമിഷങ്ങൾക്കകം ഷാപ്പ് ഒഴിയും.

“ഇനി രണ്ടാമത്തെ കാര്യം പറയാം” വറീത് മുതലാളി തുടർന്നു. “നെന്റെ പെണ്ണ് കൊറച്ചുകാലം എന്റെ ഒപ്പായിരുന്നു. പിന്നെ ഞാനോളെ ഉപേക്ഷിച്ചു. ആറ് മാസത്തിലധികം ഒരു പെണ്ണിന്റൊപ്പം കെടക്കാൻ പറ്റ്വോടാ ദാസപ്പാ. അതിന്റെ ശേഷം പെണ്ണുങ്ങളെത്ര വന്നു പെണ്ണുങ്ങളെത്ര പോയി. വല്ല കണക്കുംണ്ടോ ദാസപ്പാ. നെനക്ക് പെണ്ണിനെ വേണോ, ദാ, ഈന്റെ പിന്നിലെ മുറീല്ണ്ട്. വേണോടാ ദാസപ്പാ. പക്ഷേ നെന്റെ പത്തുകൊല്ലത്തെ ജേലിലെ സമ്പാദ്യൊന്നും മത്യാവില്ലെടാ പിച്ചാത്തീ അതിന്. രണ്ടായിരാ റേറ്റ് ഒരു രാത്രിക്ക്.”

വറീത് മുതലാളി ചിരിക്കാൻ തുടങ്ങി. ദാസപ്പൻ സ്തബ്ധനായി നിൽക്കുകയാണ്. ഇനി അവിടെ നിന്ന് മാന ത്തോടെ രക്ഷപ്പെടുന്ന കാര്യമേ ചിന്തിക്കേണ്ടൂ.

“നീ ജേലീന്ന് പൊറത്തു കടന്നില്ലേ. ഇനിപ്പോ തിന്നാനും കുടിക്കാനും വേണ്ടീട്ട് എന്തെങ്കിലും ജോലി വേണ്ടേ? വേണങ്കീ ഇവ്‌ടെ നിക്കാം. അതാ നോക്ക്.”

വറീത് മൊതലാളി ചൂണ്ടിയ സ്ഥലത്തേക്ക് ദാസപ്പൻ നോക്കി. വാതിലിനകത്ത് രണ്ടു വശത്തായി രണ്ടു കെല്ലന്മാർ നിൽക്കുന്നു. അരപ്പട്ടയിൽ ഒരു വശത്ത് വലിയ മലപ്പുറം കത്തിയും മറുവശത്ത്… അതെന്താണ്? പടച്ചോനേ, തോക്ക്.

“അതുപോലെ പത്തിരുപത് പേരുണ്ട് എന്റെ കമ്പനീല്. അതോണ്ടൊക്ക്യല്ലേ ഈ കച്ചോടം നടക്കണത് ദാസപ്പാ. നമ്മടോടെ കടന്നുവന്ന് കുടിച്ചിട്ട് കൊഴപ്പണ്ടാക്കണ അലവലാതികളെ കൈകാര്യം ചെയ്യാനാ ആ രണ്ടെണ്ണം നിക്കണത്. അതുപോലൊരു ജോലിക്ക് താൽപര്യണ്ടെങ്കീ പറഞ്ഞാ മതി. രണ്ടായിരം രൂപേം രണ്ടു നേരത്തെ തീറ്റേം. എപ്പഴും ഇവിടെത്തന്നെയാവണംന്ന്ല്ല്യ. അടിമാലീല് എന്റെ കഞ്ചാവ് കൃഷിണ്ട്. ചെലപ്പൊ അവിട്യാവും ഡ്യൂട്ടി. പിന്നെ ആലോചിച്ച് പറഞ്ഞാ മതി. നീയിപ്പൊ പൊയ്‌ക്കോ.”

എപ്പോഴാണ് കഠാര എളിയിൽ തിരുകിയത് എന്ന് ദാസപ്പനറിഞ്ഞില്ല. അയാൾ മുറിയിൽ നിന്ന് പുറത്തു കടന്നു. വാതിലിനിരുവശത്തുമുള്ള കെല്ലന്മാർ അയാളെ ഒരൊഴുക്കൻ മട്ടിൽ നോക്കി. ദാസപ്പന്നവരെ പരിചയമില്ല. വരത്തന്മാരായിരിക്കണം.

വീണ്ടും നിരത്തിൽ. കുറേക്കാലം ഉപയോഗിക്കാതിരുന്നതിനാൽ എളിയിൽ തിരുകിയ കഠാര അയാൾക്ക് വിഷമമുണ്ടാക്കി. ഇനി എന്തു ചെയ്യണം? ബീരാന്റെ അടുത്ത് പോകണോ. ഇന്നെന്തായാലും പോകാൻ അയാൾ തയ്യാറല്ല. എവിടെയെങ്കിലും കിടന്നുറങ്ങണം. തലേന്ന് രാത്രി മുഴുവൻ ബസ്സിൽ യാത്രയായിരുന്നതിനാൽ ഉറങ്ങാൻ പറ്റിയിരുന്നില്ല. വീടിനെപ്പറ്റി ആലോചിക്കാൻ അയാൾക്കു താൽപര്യമുണ്ടായിരുന്നില്ല. ഒരു പെണ്ണില്ലാതെ എന്തു വീട്?

പിന്നിൽനിന്നുളള ആൾക്കൂട്ടം വളരെ അടുത്തെത്തിയപ്പോയാണ് ദാസപ്പൻ അറിഞ്ഞത്. തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ഞെട്ടിപ്പോയി. അഞ്ചെട്ടുപേർ, എല്ലാവരുടെ കയ്യിലും എന്തെങ്കിലും ആയുധമുണ്ട്. കത്തിതൊട്ട് വടിവാൾ വരെ. ആ ആയുധങ്ങൾക്കിരയാകാൻ പോകുന്ന നിർഭാഗ്യവാൻ മുമ്പിൽ ഓടുന്നുമുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരൻ. അയാളുടെ മുണ്ട് എവിടേയോ അഴിഞ്ഞു പോയിരുന്നു. വെറും അടിവസ്ത്രവും അഴിഞ്ഞു തുടങ്ങിയ ഒരു ഷർട്ടുമായി അയാൾ ജീവനുംകൊണ്ട് ഓടുകയാണ്. അയാൾക്ക് പക്ഷേ അധിക ദൂരം ഓടാൻ കഴിഞ്ഞില്ല. പിന്നിൽ നിന്നു വന്ന ഒരാൾ വടിവാൾകൊണ്ട് അവന്റെ കഴുത്തുനോക്കി വെട്ടി. വെട്ടുകൊണ്ട കഴുത്തുമായി അയാൾ ഏതാനും വാര ഓടി കുഴഞ്ഞു വീണു. ഓടിവന്നവർ ഓരോരുത്തരായി അവന്റെ ദേഹത്തിൽ അവരവരുടെ കയ്യിലുള്ള ആയുധങ്ങൾ പ്രയോഗിച്ചു. ഒരു നിമിഷം മുമ്പുവരെ ജീവനോടുകൂടിയിരുന്ന ആ ചെറുപ്പക്കാരൻ ഇപ്പോൾ ഒരു ചോരയൊലിക്കുന്ന മാംസക്കൂമ്പാരമായി നിരത്തിന്റെ നടുവിൽ കിടന്നു. കൊലയാളികൾ മറ്റൊരു നിരത്തിലൂടെ ഓടിപ്പോവുകയും ചെയ്തു.

ദാസപ്പൻ ചുറ്റുപാടും നോക്കി. വിജനത ഇത്ര ഭയാനകമാണെന്ന് ദാസപ്പൻ ജീവിതത്തിൽ ആദ്യമായി മനസ്സിലാക്കി. കടകളെല്ലാം അടച്ചിരുന്നു. നിരത്തിൽ ഒരൊറ്റ ജീവി ഇല്ല. പെട്ടെന്ന് നിരത്തിന്റെ ഒരറ്റത്ത് പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടു. ദാസപ്പൻ ഞെട്ടലിൽ നിന്നുണർന്ന് ഒരിടവഴിയിലേയ്ക്ക് ഓടി രക്ഷപ്പെട്ടു.

ഇടവഴിയിൽ പാത്തും പതുങ്ങിയും ആൾക്കാരുണ്ടായിരുന്നു. ദാസപ്പൻ നിന്നു. ഒരാൾ അയാളെ മാടി വിളിച്ചു. “ദാസപ്പാ, ഇങ്ങുവാ.”

പഴയ സ്‌നേഹിതനെ ദാസപ്പൻ തിരിച്ചറിഞ്ഞു. അയാൾ ചോദിച്ചു.

“എന്താപ്പൊ ഇവിടെ നടന്നത്, കോയാപ്ലേ?”

കോയാപ്ല ദാസപ്പനോട് നീങ്ങിനിന്നു സ്വകാര്യമായി പറഞ്ഞു. “ഇത് യാഷ്ട്രീയാ മൂപ്പരെ. കൊന്നത് ഒരു പാർട്ടിക്കാര്, ചത്തത് എതിർ പാർട്ടിക്കാരൻ. ഇനി ഇതിന് തിരിച്ചടിണ്ടാവും. അപ്പോ കൊറേക്കൂടി ചോരപ്പൊഴ. പിന്നെ അതിന്റേം തിരിച്ചടി. കൊറേ അമ്മമാരും പെങ്ങമ്മാരും ഭാര്യമാരും തൊണല്ല്യാതാവും. ഇപ്പ നമ്മടെ നാട്ടില് ഇതൊരു ദെവസക്കാഴ്ച്യായിരിക്ക്ണ്. ആട്ടെ മൂപ്പര് എപ്ലേ ജേലീന്ന് വന്നത്?”

ദാസപ്പൻ വീട്ടിലേയ്ക്കു നടക്കുകയായിരുന്നു. നടക്കുകയല്ല, ഓടുക. മുറിവേറ്റ മൃഗമായിരുന്നു അയാൾ. അയാൾക്ക് അഭയം വേണം. ഇടിഞ്ഞുപൊളിഞ്ഞതാണെങ്കിലും തന്റെ വീട് ഒരഭയസ്ഥാനമായിരിക്കും എന്നയാൾ കരുതി. അയാളുടെ പ്രതീക്ഷക്കു വിപരീതമായി മുറ്റത്ത് ആൾക്കാർ കൂടിയിരുന്നു. അഞ്ചുപേർ. അതിൽ നേതാവാണെന്നു തോന്നിച്ച ഒരാൾ ചിരിച്ചു കൊണ്ട് ദാസപ്പനെ സ്വാഗതം ചെയ്തു.

“ദാസപ്പനല്ലെ. ആളാകെ മാറിയിരിക്കണല്ലൊ. എന്താ വീടൊക്കെ ആകെ നാശായി കെടക്ക്ണ്ണ്ടല്ലോ. ഒക്കെ ഞങ്ങള് ശരിയാക്കാം.” അയാൾ ഒപ്പമുള്ള ഒരാളെ നോക്കി പറഞ്ഞു. “കണാരാ, നാളെത്തന്നെ രണ്ട് പണിക്കാരെ കൊണ്ടന്ന് ഈ മുറ്റൊന്ന് ശരിയാക്കണം. കണ്ടില്ലെ ആകെ കാടും പടലും പിടിച്ച്… ദാസപ്പാ നാളെത്തന്നെ വീട് ശര്യാക്കണ പണിം തൊടങ്ങാം. ദാസപ്പൻ നമ്മടെ പാർട്ടിക്കാരനാന്നറിയാം. അതോണ്ടാ വന്ന ഒടനെ കാണാൻ വന്നത്. ആദ്യം വീടൊന്ന് ശര്യാവട്ടെ. എന്നിട്ട് മറ്റ് കാര്യങ്ങളൊക്കെ ശര്യാക്കാം.” അയാൾ കണ്ണിറുക്കിക്കാണിച്ചു.

“എന്തായാലും ദാസപ്പൻ ഞങ്ങടെ ഒപ്പംതന്നെ നിൽക്കണം. മറ്റെ പാർട്ടിക്കാര് ചെലപ്പോ അന്വേഷിച്ച് വരും. അതിലൊന്നും മയങ്ങിപ്പോണ്ട കേട്ടോ…”

കാര്യങ്ങൾ മുഴുവൻ പിടി കിട്ടാതെ അന്തം വിട്ടു നിൽക്കുകയാണ് ദാസപ്പൻ.