close
Sayahna Sayahna
Search

വെറുതെ ഒന്നും തീർച്ചയില്ലാതെ


വെറുതെ ഒന്നും തീർച്ചയില്ലാതെ
EHK Story 11.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അനിതയുടെ വീട്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 75

ഓഫീസിനകത്ത് ചൂഴ്ന്നു നിൽക്കുന്ന വാർണിഷിന്റെ കുത്തുന്ന മണം പോകാൻ ബാലൻ ജനലുകൾ തുറന്നിട്ടു. ഓഫീസ് മാറ്റിപ്പണിതിട്ട് ഒരാഴ്ചയായെങ്കിലും ഇപ്പോഴും മണം വിട്ടിട്ടില്ല. സമയം ഒമ്പതാവുന്നേയുള്ളൂ. ബാബുസാർ വരാൻ പത്തുമണിയെങ്കിലും ആവും. മറ്റുള്ള പെൺകുട്ടികൾ ഒമ്പതരയ്ക്കാണെത്തുക. പിന്നേയും പത്തു മിനുറ്റുകൂടി കഴിഞ്ഞാണ് നിലീനയുടെ വരവ്. ഓഫീസ് തുടങ്ങുന്ന സമയം ഒമ്പതരയാണെങ്കിലും അവൾക്ക് ചില ഇളവുകളെല്ലാമുണ്ട്. അതവൾ സാറിനോട് പറഞ്ഞ് നേടിയെടുത്തിട്ടുള്ളതാണ്. അതിനു പകരം വൈകുന്നേരം പത്തോ പതിനഞ്ചോ മിനിറ്റ് കൂടുതൽ സമയം നിൽക്കാമെന്നും പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ടുണ്ടെന്നു മാത്രം. അഞ്ചുമണിയായാൽ അവൾ ഓടും.

സെറീനചേച്ചി എത്തി അകത്തുകടന്ന് ഒരലമാറിക്കു പിന്നിൽ ഒളിപ്പിച്ചുവച്ച ചൂലെടുത്ത് അടിച്ചു വാരാൻ തുടങ്ങി. തലേന്ന് പെൺകുട്ടികൾ മുറിച്ചിട്ട തുണിക്കഷ്ണങ്ങൾ പ്ലാസ്റ്റിക്കിന്റെ കൊട്ടയിൽ ഒന്നായി വാരിയിട്ട് തുന്നൽ മെഷിനുകളുടെ അടിയിലും ചുറ്റിലും വൃത്തിയാക്കി. അര മണിക്കൂർ കൊണ്ട് ആ ഓഫീസ് വീണ്ടും പെൺകുട്ടികൾക്ക് പാവകളുണ്ടാക്കാനുള്ള സ്ഥലമാക്കി മാറ്റുന്നു. രണ്ടു വരികളിലായി പതിനാറു തുന്നൽയന്ത്രങ്ങൾ ശബ്ദമുണ്ടാക്കിക്കൊണ്ട് പ്രവർത്തിക്കുന്നു. അതിനു പിന്നിലുള്ള പെൺകുട്ടികൾ ജോലി ചെയ്യുന്നതോടൊപ്പം തലേന്നു വൈകുന്നേരം ഓഫീസിൽ നിന്ന് പോയശേഷം ബസ്സ് യാത്രക്കിടയിൽ കിട്ടിയിട്ടുള്ള അപവാദങ്ങൾ മറ്റുള്ളവരുമായി പതിഞ്ഞ സ്വരത്തിൽ പങ്കിടുന്നു. കുറച്ചുപേർ നിലത്തിരുന്ന് പാവകളുടെ തുറന്ന കഴുത്തിൽക്കൂടി പഞ്ഞി നിറക്കുകയും തുന്നിക്കൂട്ടുകയും ചെയ്യുന്നു.

അപ്പോഴാണ് നിലീനയുടെ വരവുണ്ടാവുക. അവൾ കോണി കയറിവന്ന് കൗണ്ടറിനു പിന്നിലുള്ള കസേലയിൽ ഇരുന്ന് കയ്യിലുള്ള ബാഗ് കൗണ്ടറിനു താഴെയുള്ള കള്ളികളിലൊന്നിൽ വയ്ക്കുന്നു. ചിരിച്ചുകൊണ്ട് നിൽക്കുന്ന ബാലനോട് പറയുന്നു. ‘ഹൗ, വയ്യ ബാലേട്ടാ ഈ മൂന്നു കോണി കയറി വരാൻ.’

‘നമുക്കൊരു ലിഫ്റ്റ് വയ്ക്കാം, എന്താ?’

‘സാറിനോട് പറയണം. ബാലേട്ടൻ പറ.’

‘എനിക്കല്ലല്ലോ ആവശ്യം. പിന്നെ നീയല്ലെ സാറിനെ മണിയടിച്ച് കൂടിയിരിക്കണത്.’

‘അയ്യോ എനിക്ക് സാറിനെ പേടിയാ.’ അവൾ ചിരിച്ചുകൊണ്ട് കൊഞ്ചിക്കുഴഞ്ഞു.

പത്തു മണി കഴിഞ്ഞാൽ പിന്നെ മറ്റൊരു നിലീനയാണ്. പാവകളെ വാങ്ങാനായി ഷോപ്പുകാർ വന്നുതുടങ്ങും. അവരുടെ മുമ്പിൽ അവൾ കമ്പനിയുടെ റിസപ്ഷനിസ്റ്റാണ്. കമ്പനിയുടെ ഇല്ലാത്ത വലുപ്പം പെരുപ്പിച്ചു കാണിച്ച് കസ്റ്റമേഴ്‌സിൽ മതിപ്പുണ്ടാക്കാൻ അവൾ മിടുക്കിയാണ്. ആരെയെങ്കിലും ഫോൺ ചെയ്യാൻ ബാബുസാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവൾ സന്ദർശകർ വരാൻ കാത്തു നിൽക്കും. അവർ വന്നാൽ ഇല്ലാത്ത തിരക്ക് അഭിനയിച്ചു ഫലിപ്പിക്കലാണ്. ഉടനെ ഫോൺ എടുത്തു കറക്കി സംസാരിക്കാൻ തുടങ്ങും. സന്ദർശകനോട് ചിരിച്ചുകൊണ്ട് ഒരു മിനുറ്റ് ഇരിക്കു എന്നു പറഞ്ഞ് സംസാരം തുടരും. വന്നവർ നിലീനയുടെ ഫോൺവിളി അവസാനിക്കുന്നതും കാത്ത് മുമ്പിലുള്ള സോഫയിലിരിക്കും. എന്തെങ്കിലും ഓർഡറാണെങ്കിൽ അവൾ എഴുതിയെടുത്ത് ബാലന്റെ കയ്യിൽ കൊടുക്കും. പുറമെ ആൾക്കാരുള്ളപ്പോൾ അവൾ ബാലനുമായി കൊഞ്ചിക്കുഴയാറില്ല. അവൾ റിസപ്ഷനിസ്റ്റും അവൻ അവിടത്തെ പ്യൂൺ കം ഡെലിവറി ബോയും മാത്രം. അവൾക്കു കിട്ടുന്നതിനെക്കാൾ എണ്ണൂറു രൂപ കൂടുതൽ കിട്ടുന്നുണ്ടെങ്കിലും സ്റ്റാറ്റസ് അവൾക്കായതുകൊണ്ട് അവന് ഒരപകർഷതാബോധമുണ്ടാവുന്നു.

താഴെനിന്ന് ബാബുസാറിന്റെ കാർ ഹോണടിക്കുന്നതു കേട്ടപ്പോൾ ബാലൻ താഴേയ്ക്കിറങ്ങിപ്പോയി. അഞ്ചു മിനിറ്റിന്നുള്ളിൽ ബാബു സാറും പിന്നാലെ അയാളുടെ ബാഗും മറ്റൊരു വലിയ കെട്ടും താങ്ങി ബാലനും വന്നു. നിലീന എഴുന്നേറ്റുകൊണ്ട് പറഞ്ഞു. ‘ഗുഡ് മോണിങ് സാർ.’

അയാൾ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു. ‘ഗുഡ് മോണിങ്.’

അയാളുടെ ഗൗരവം കൃത്രിമമാണെന്ന് അവൾക്കറിയാം. ചില്ലുകൾക്കപ്പുറത്ത് തയ്യൽ യന്ത്രങ്ങളിൽ പണിയെടുക്കുന്ന പെൺകുട്ടികൾക്കും തന്റെ പിന്നിൽ ബാഗുമേന്തി നടന്നു വരുന്ന ബാലനും വേണ്ടിയുള്ളതാണ്. ഒരിക്കൽ അവൾ അയാളുടെ ചേമ്പറിന്റെ വാതിൽ കടന്നാൽ ഈ ഗൗരവമൊക്കെ പോകും. അകത്ത് പെൺകുട്ടികൾ ഒരക്ഷരം മിണ്ടാതെ തുന്നുന്നതിൽ മാത്രം ശ്രദ്ധ വച്ച് ഇരിക്കയാണ്. അവൾക്ക് ചിരി വന്നു. ഒരഞ്ചു മിനിറ്റു നേരത്തേയ്ക്കുണ്ടാവും. അതു കഴിഞ്ഞാൽ വീണ്ടും പഴയ മട്ടിൽത്തന്നെ. സാർ വല്ലപ്പോഴുമേ പുറത്തേയ്ക്കു വരൂ.

ബാലൻ പുറത്തുവന്ന് അവളോട് സാർ വിളിക്കുന്നുണ്ടെന്ന് ആംഗ്യം കാണിച്ചു.

അവൾ ധൃതിയിൽ എഴുന്നേറ്റ് വാതിൽക്കൽ മുട്ടി അകത്തേയ്ക്കു പോയി. വാതിലിൽ മുട്ടാതെ ആരും അകത്തു ചെല്ലുന്നത് സാറിന് ഇഷ്ടമല്ല. മുട്ടിയാൽ ഉടനെ അകത്തുനിന്ന് ശബ്ദം കേൾക്കാം. ‘കമിൻ.’ സാറിന്റെ ഭാര്യ വരുമ്പോൾ മാത്രം മുട്ടാറില്ല. അവർ വന്നാൽ നിലീനയോട് ആംഗ്യത്തിൽ ചോദിക്കും. അകത്തുണ്ടോ? തടിച്ച ദേഹം മൂന്നു നില കയറ്റി കൊണ്ടു വന്നാൽ അവർക്ക് സംസാരിക്കാനുള്ള ശ്വാസം കിട്ടില്ല. ‘ചേച്ചി കുറച്ചു മെലിഞ്ഞിട്ടുണ്ട്’ എന്ന് അവൾ നുണ പറയും. നുണയാണെന്നറിഞ്ഞു തന്നെ ആ മുപ്പത്തഞ്ചുകാരി നന്ദി പറയും. ‘സാറ് അകത്തുണ്ട്’ എന്നു പറഞ്ഞാൽ മാത്രം വാതിൽ തുറന്ന് അകത്തു കയറും. ഇല്ലെങ്കിൽ സോഫയിൽ ചെന്നിരിക്കും. അവളോടും ഒപ്പം ചെന്നിരിക്കാൻ പറയും. പിന്നെ സംസാരമാണ്. ചേച്ചി ഇരിക്കുന്നതു കാരണം സോഫയിൽ അവൾ ഇരിക്കുന്ന ഭാഗം പൊന്തിയിട്ടുണ്ടാകും.

‘ഇന്നലത്തെ റിപ്പോർട്ട് ശരിയാക്കിയോ?’ സാർ ചോദിച്ചു.

‘ശരിയാക്കി സാർ, ഇനി അത് ടൈപ്പ് ചെയ്യാനുണ്ട്.’

‘അതെനിക്ക് പന്ത്രണ്ടു മണിക്കുള്ളിൽ വേണം. ബാങ്കില് കൊടുക്കാനാണ്. മനസ്സിലായോ?’

‘ശരി.’

ഹൗ എന്തു ഗൗരവം! ഭാര്യയുമായി അടികൂടി വന്നിരിക്കയാണെന്നു തോന്നുന്നു.

‘എന്നാൽ പോയി ടൈപ്പുചെയ്തു കൊണ്ടു വാ. തെറ്റുകള് വരാതെ നോക്കണം.’

‘ശരി സാർ.’

അവൾ പുറത്തു കടന്നു. ഇടത്തു വശത്തു വച്ച മേശമേലുള്ള ടൈപ്പ് റൈറ്ററിന്റെ കവർ എടുത്തു മാറ്റി പൊടിതട്ടി.

‘എന്തേ? സാറിന്റെ അടുത്ത്ന്ന് കിട്ടീന്ന് തോന്നുണു.’ ബാലൻ പുറത്തു വന്നപ്പോൾ ചോദിച്ചു.

‘ഔ, ഒന്നും പറയണ്ട. ഇന്ന് ആള് വല്യ ഗൗരവ ത്തിലാ. ചേച്ച്യായിട്ട് തല്ലു കൂടീട്ടാ വന്നിരിക്കണത്ന്ന് തോന്ന്ണ്ണ്ട്.’

അവൾ വലിപ്പിൽനിന്ന് രണ്ട് ഫൂൾ സ്‌കേപ്പ് കടലാസ് എടുത്ത് റോളറിൽ തിരുകി, കാർബൺ വച്ചു.

‘ബാലേട്ടാ, പ്ലീസ് ഇതൊന്ന് പറഞ്ഞുതരൂ. അപ്പോൾ വേഗം ടൈപ് ചെയ്യാൻ പറ്റും.’

അയാൾ അവളുടെ അടുത്തു നിന്നുകൊണ്ട് ഫയലിൽ ക്ലിപ് ചെയ്തു വച്ച കടലാസെടുത്ത് വായിച്ചു കൊടുക്കാൻ തുടങ്ങി. അവൾ ടൈപ്പു ചെയ്യുന്നതിനനുസരിച്ച് അവളുടെ കഴുത്തിലൂടെ ഇട്ട ചുന്നി സ്ഥാനം തെറ്റി ഊർന്നു വീണു. ബാലന്റെ കണ്ണുകൾ കടലാസിൽനിന്ന് പുറത്തേയ്ക്ക് അലയാൻ തുടങ്ങി. അവളുടെ ചൂരിദാറിന്റെ കഴുത്ത് ആവശ്യത്തിലധികം താഴ്ത്തിയാണ് വെട്ടിയിരിക്കുന്നത്. അവൾക്കാണെങ്കിൽ മുമ്പി ൽ കാണിക്കാൻ കുറേയുണ്ടുതാനും. അവൾക്ക് ചുന്നി തിരിച്ചിടാനുള്ള ഉദ്ദേശ്യമൊന്നുമില്ല. ബാലന്ന് അത് ഇഷ്ടപ്പെട്ടില്ല. ഈ സൗന്ദര്യം തന്റെ മുമ്പിൽ മാത്രമാവണമെന്നില്ല അനാവരണം ചെയ്യുന്നതെന്ന് ഓർത്തപ്പോൾ അയാൾക്ക് വിഷമമായി. കൗണ്ടറിൽ വന്നുനിൽക്കുന്ന കസ്റ്റമേഴ്‌സിന് നല്ല കാഴ്ചയാണ്. അങ്ങിനെ നോക്കി നിൽക്കുന്നതു ശരിയല്ലെന്നു തോന്നിയപ്പോൾ ബാലൻ ഒരു സ്റ്റൂൾ വലിച്ചിട്ട് ഇരുന്നു. താൻ തെറ്റിദ്ധരിക്കപ്പെടുന്നതയാൾ ഇഷ്ടപ്പെട്ടില്ല. അയാൾ പതുക്കെ പറഞ്ഞു.

‘നിന്റെ ചുന്നി…’

‘എന്താ പറഞ്ഞത്?’ അവൾ ചോദിച്ചു. ടൈപ് ചെയ്യാനുള്ള എന്തോ പറഞ്ഞതാണെന്നാണവൾ കരുതിയത്.

‘ഞാൻ പറഞ്ഞത് നിന്റെ ചുന്നി. അതു വീണു പോയിരിക്കുണു.’

‘ഓ, ഈ ബാലേട്ടൻ. എവിട്യൊക്ക്യാണ് നോക്കണത്?’ അവൾ നാണം അഭിനയിച്ചുകൊണ്ട് ചുന്നി കയറ്റിയിട്ടു.

‘ഈ ഞായറാഴ്ച എന്നെ സിനിമയ്ക്ക് കൊണ്ടുപോക്വോ?’

‘ഈ ഞായറാഴ്‌ച്യോ?’ ബാലൻ ആലോചിച്ചു. പെണ്ണിനെ സിനിമയ്ക്ക് കൊണ്ടുപോകുക എന്നതിനർത്ഥം ചുരുങ്ങിയത് നൂറു രൂപ പോയിക്കിട്ടുക എന്നതാണ്. കഴിഞ്ഞ പ്രാവശ്യം സിനിമ കഴിഞ്ഞപ്പോൾ അവൾക്ക് ഐസ് ക്രീം കഴിക്കണം. റെസ്റ്റോറണ്ടിൽ നിന്ന് മസാലദോശയുടെ വാസന വന്നപ്പോൾ അതും വേണം. മാസത്തിൽ അതുപോലെ രണ്ടു സിനിമയ്ക്കു കൊണ്ടുപോയാൽ താൻ കുത്തുപാളയെടുക്കേണ്ടിവരും. എങ്ങിനെ ഒഴിവാകും എന്ന് ആലോചിക്കുകയാണ് ബാലൻ.

‘ഈ ബാലേട്ടന് എന്നോട് ഒട്ടും സ്‌നേഹല്ല്യ.’ അവൾ പറഞ്ഞു.

‘നീ ഓരോ സിനിമ കാണാൻ പോയി അതീന്ന് ഇങ്ങിനെ ഓരോ ഡയലോഗ് പഠിച്ചുവരും. അതൊക്കെ എന്നോട് കാച്ചും അല്ലെ.’

‘സത്യായിട്ടും അല്ല. ഇതൊക്കെ എനിക്ക് സീരിയലീന്ന് കിട്ടണതാ.’

‘നീ എവിട്യാണ് സീരിയല് കാണാൻ പോണത്?’

‘അടുത്ത വീട്ടില്. അവിടത്തെ ചേച്ചി ഒരു ഭയങ്കര്യാ. പക്ഷേ ചേട്ടൻ നല്ലവനാ.’

ചേച്ചിമാര് ഭയങ്കരികളും ചേട്ടന്മാര് നല്ലവരുമാകുന്നിടത്ത് നിലീന പോകുന്നത് ബാലൻ ഇഷ്ടപ്പെട്ടില്ല. എന്തോ അത് ശരിയാവില്ലെന്ന തോന്നൽ.

‘കല്യാണം കഴിഞ്ഞാ നമ്ക്ക് എന്റെ വീട്ടില്‌ത്തെ ടി.വി. എടുത്തുകൊണ്ടു വരാം.’ ബാലൻ പറഞ്ഞു.

‘അപ്പൊ അമ്മയ്ക്ക് കാണണ്ടേ?’

‘അമ്മ ഇത്ര കാലം കണ്ടില്ലേ. പോരാത്തതിന് അമ്മയ്ക്ക് കണ്ണിന് സൂക്ഷ്മംല്ല്യാണ്ടായിരിക്കുണു. തിമിരത്തിന് ഓപ്പറേഷൻ വേണംന്നാ പറേണത്.’

‘ന്നാലും…’

‘അതില് കൊഴപ്പൊന്നുംല്ല്യ. ഞാന്തന്ന്യാ ആ ടി.വി. വാങ്ങീത്.’

‘പിന്നെ നമ്‌ക്കൊരു ഫ്രിജ്ജുംകൂടി വാങ്ങ്യാ മതി, അല്ലേ?’

‘ഫ്രിജ്ജോ, അതിന്റെ ആവശ്യംണ്ടോ.’ അവൻ പറഞ്ഞു. അവളുടെ സംസാരവിഷയങ്ങളിൽ പ്രധാനപ്പെട്ടത് ടിവിയിൽ കാണുന്ന പരസ്യങ്ങളാണ്. പരസ്യങ്ങളിൽ കാണുന്നതൊക്കെ മനുഷ്യന്മാർ വാങ്ങിയ്ക്കുന്നുണ്ട് എന്നാണവൾ പറയുന്നത്. നല്ലൊരു ജീവിതത്തിന് അതൊക്കെ ആവശ്യമാണെന്നവൾ വിശ്വസിച്ചു. അവൻ വളരെ ശ്രദ്ധിച്ചുകൊണ്ട് സംസാരിക്കുന്നു. കാരണം അവളുടെ ഡിമാന്റുകൾ വർദ്ധിക്കുംതോറും തന്റെ സ്ഥാനാർത്ഥിത്വം ഇളകിയെന്നിരിക്കും. ഇപ്പോഴും അവൾ അവസാനവാക്ക് തന്നിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച നാട്ടിൽ പോയപ്പോൾ അമ്മയോട് ഇവളുടെ കാര്യം സൂചിപ്പിച്ചിരുന്നു. അമ്മയ്ക്ക് എതിരഭിപ്രായമൊന്നുമില്ല.

‘ഒപ്പം ജോലിയെടുക്കണ കുട്ട്യാണെങ്കീ നല്ലത് തന്നെ. പക്ഷേ ഇപ്പത്തന്നെ വേണോ. നെനക്ക് വയസ്സ് ഇരുപത്താറായിട്ടല്ലേള്ളൂ. ഞ്ഞീം കൊറച്ച്കൂടി കാത്തിരുന്നൂടെ?’

കല്യാണം കഴിഞ്ഞാൽ തന്നെ നോക്കാൻ മകനെ കിട്ടില്ലെന്ന ഭയമുണ്ട് അവർക്ക്. മൂത്ത രണ്ടു മക്കളും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. കല്യാണം കഴിയുന്നതുവരെ എന്തെങ്കിലും സഹായം ഉണ്ടായിരുന്നതാണ്. കാര്യമായി സഹായിക്കുന്നത് ബാലൻ തന്നെയാണ്.

‘അപ്പൊ ഇവളെ കിട്ടില്ലാമ്മേ. ഇവൾക്ക് ആയിരത്തഞ്ഞൂറ് ശമ്പളംണ്ട്. എന്റീം കൂടീട്ടാവുമ്പോ ഒരുമാതിരി നിന്ന് തിരിയാൻ പറ്റും. പോരാത്തതിന് അമ്മയ്ക്കും ചെലവിന് തരണ്ടേ?’

അവസാനം പറഞ്ഞത് അമ്മയുടെ അഭിപ്രായത്തെ സ്വാധീനിക്കാനായിരുന്നു. അമ്മ ഒന്ന് അമർത്തി മൂളുക മാത്രം ചെയ്തു.

അമ്മയോട് ഒരു വാക്ക് പറഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. വൈകുന്നേരമായപ്പോഴേയ്ക്ക് അതു നാട്ടിൽ മുഴുവൻ പാട്ടായി. ബാലൻ ഓഫീസിൽ ജോലിയെടുക്കുന്ന പെൺകുട്ടിയുമായി അഗാധമായ പ്രേമത്തിലാണെന്നും കല്യാണം കഴിക്കാതെ പറ്റില്ലെന്നു വാശി പിടിക്കുന്നുവെന്നും. ഈ തള്ള! ഇപ്പോൾ ഇത് അവന്റെ അഭിമാനത്തിന്റെ പ്രശ്‌നമായിരിക്കയാണ്. ഈ കല്യാണം നടന്നില്ലെങ്കിൽ താൻ ഒരു ദുരന്തകഥയിലെ നായകനായി ചിത്രീകരിക്കപ്പെടും. അതിനവനു താൽപര്യമില്ല. അതെല്ലാം സിനിമയിലും സീരിയലിലും മാത്രം. തന്റെ ജീവിതത്തിൽ എന്തായാലും വേണ്ട. തിരിച്ചു വീട്ടിൽ വന്നപ്പോൾ അമ്മ സീരിയലുകളുടെ മുമ്പിലാണ്. സീരിയലുകൾ തുടങ്ങുന്നതിനു മുമ്പ് ജോലി കഴിച്ചു വയ്ക്കും. തുടങ്ങിയാൽ പിന്നെ അമ്മയെ ഒന്നിനും കിട്ടില്ല. ഒരേ ഇരിപ്പുതന്നെ. പരസ്യങ്ങളും എല്ലാം കണ്ണും മിഴിച്ചു നോക്കിയിരിക്കും.

‘ഫ്രിജ്ജ് നമുക്ക് സാവധാനത്തിൽ വാങ്ങാം.’ ബാലൻ പറഞ്ഞു. ‘ആദ്യം ഒരു ചെറിയ വീട് വാടകക്കെടുക്കണം. വീട്ടു സാമാനങ്ങള് വാങ്ങണം. അതൊക്കെ കഴിയട്ടെ.’

ബാബുസാറിന്റെ മുറിയുടെ ബെല്ലടിച്ചു. ബാലൻ എഴുന്നേറ്റു. നിലീനയുടെ ചുന്നി വീണ്ടും കീഴ്ന്നിറങ്ങിത്തുടങ്ങി. അവളത് അറിഞ്ഞ ഭാവമില്ല. ബെല്ലടിച്ചാൽ മുറിയുടെ വാതിലിനു മുകളിൽ ചുവപ്പുവിളക്ക് കത്തിനിൽക്കും. ബട്ടണമർത്തി അതു കെടുത്തി ബാലൻ അകത്തേയ്ക്കു പോയി.

റിപ്പോർട്ട് ശരിയായപ്പോൾ അവൾ അതുമായി ചേമ്പറിലേയ്ക്കു പോയി.

‘ഇരിക്ക്.’

അവൾ അയാൾക്കഭിമുഖമായി ഇരുന്നു.

‘നെറയെ തെറ്റുകളായിരിക്കും അല്ലേ?’

‘ഇല്ല സാർ, ഞാൻ നല്ലോണം നോക്കീട്ടാ ടൈപ്പു ചെയ്തത്.’

‘ഇതു മുഴുവനും വായിച്ചുനോക്കാനൊന്നും സമയംല്ല്യ. ഞാൻ ഒപ്പിട്ട് ബാങ്കിൽ കൊടുക്കും. കൊഴപ്പൊന്നും ഇല്ലല്ലോ.’

‘ഇല്ല സാർ.’ അവൾ പറഞ്ഞു. ഒപ്പം ഗുരുവായൂരപ്പനെ മനസ്സിൽ വിചാരിക്കയും ചെയ്തു.

‘ഞാൻ ബാങ്കില് പോവ്വാണ്. ബാലൻ കുറച്ച് സ്റ്റോക്ക് കൊണ്ടു കൊടുക്കാൻ ആലുവയ്ക്ക് പോവും. അവിടന്ന് വീട്ടിലേയ്ക്ക് പോവും. ഉച്ചയ്ക്ക് ഞാൻ വന്നാലെ പോകാവു.’

ശനിയാഴ്ചയും രക്ഷയില്ല. അവൾ മനസ്സിൽ കരുതി. സിസിലിയുമായി കോൺവെന്റ് ജങ്ക്ഷനിൽ കടകളിലൊക്കെ കയറിയിറങ്ങണമെന്നു കരുതിയതായിരുന്നു. തന്റെ സൗന്ദര്യവർദ്ധനയ്ക്കുള്ള സാധനങ്ങളെല്ലാം തീർന്നിരിക്കയാണ്. ഇന്ന് അതൊന്നും വാങ്ങിയില്ലെങ്കിൽ തിങ്കളാഴ്ച ഓഫീസിൽ വരുന്നത് നിലീന എന്ന സുന്ദരിയ്ക്കു പകരം ഒരു പറച്ചിക്കാളിയായിരിക്കും. അതു പറയാൻ പറ്റുമോ?

‘അയ്യോ സാറെ, ഞാൻ ഇന്നൊരു സിനിമയ്ക്കു പോവാൻ പ്ലാനിട്ടതാ.’

‘ആര്‌ടെ ഒപ്പം?’

‘സിസിലിടെ ഒപ്പം.’

‘അതു സാരംല്ല്യ. ഞാൻ വന്നിട്ടേ പോകാവൂ.’

നുണ പറഞ്ഞിട്ടും രക്ഷയില്ല. ഇരിക്കുകതന്നെ.

സാറ് ബാഗുമെടുത്ത് പുറത്തിറങ്ങി.

ബാലൻ പോകാനുള്ള കാര്യങ്ങളെല്ലാം എടുത്തു വയ്ക്കുകയാണ്.

‘നീ സിനിമയ്ക്കു പോകുന്നുവെന്ന് പറഞ്ഞിട്ട്?’

‘ഞാൻ സാറിനോട് നുണ പറഞ്ഞതാ. എനിക്ക് കോൺവെന്റ് ജങ്ക്ഷനിലാണ് പോണ്ടത്.’

‘നിക്കാൻ പറ്റില്ലാന്ന് പറയായിര്ന്നില്ലേ?’

എന്തുകൊണ്ടോ എല്ലാവരും പോയതിനു ശേഷം അവൾ ഒറ്റയ്ക്ക് ഓഫീസിൽ ഇരിക്കുന്നത് ബാലൻ ഇഷ്ടപ്പെട്ടില്ല.

‘ഞാനെങ്ങനാ സാറിനോട് പറയ്വാ?’

‘നെന്റെ ഇഷ്ടം.’

ബാലൻ പാവകൾ നിറച്ച രണ്ടു വലിയ സഞ്ചികളുമായി പുറത്തേയ്ക്കിറങ്ങി.

ബാബുസാർ രണ്ടു മണിക്കു തിരിച്ചുവന്നപ്പോൾ നിലീന ഒറ്റയ്ക്കിരിക്കയായിരുന്നു. പെൺകുട്ടികൾ ഓരോരുത്തരായി പോയിക്കഴിഞ്ഞു. അയാൾ കൗണ്ടറിൽ ബ്രീഫ്‌കേസ് വച്ച് അവളെ നോക്കി. അയാൾ വളരെ സന്തോഷത്തിലായിരുന്നു. പോകുമ്പോഴുണ്ടായിരുന്ന മനുഷ്യനേയല്ല.

‘നീ ഭക്ഷണം കഴിച്ചുവോ?’

‘ഇല്ല, ഞാൻ ശനിയാഴ്ച കൊണ്ടു വരാറില്ല.’ എന്തു സ്‌നേഹം! അവൾ മനസ്സിൽ കരുതി.

‘സാരംല്ല്യ, ഞാൻ ഫോണിൽ വിളിച്ചു പറയാം.’

‘അല്ല, ഞാൻ പോട്ടെ. സമയം രണ്ടായിട്ടേ ഉള്ളൂ.’

കൊച്ചേ നീ തമാശ പറയ്വാണോ? അവൾ സ്വയം ചോദിച്ചു.

‘വേണ്ട, ഞാൻ വരുത്താം. എന്താണ് വേണ്ടത്? മസാല ദോശയും വടയുമായാലോ?’

അവൾ അർദ്ധസമ്മതത്തോടെ തലയാട്ടി. കൗണ്ടറിലുള്ള ഫോൺ ഉപയോഗിച്ച് അയാൾ താഴത്തെ റസ്റ്റോറണ്ടിലേയ്ക്ക് ഫോൺ ചെയ്തു. ‘രണ്ടു മസാല ദോശയും രണ്ടു പ്ലെയ്റ്റ് വടയും രണ്ടു കാപ്പിയും. വേഗം കൊടുത്തയക്ക്.’

‘അപ്പൊ സാറ് ഒന്നും കഴിച്ചിട്ടില്ലേ?’

‘ഇല്ല. എന്റെ ബാങ്ക്‌ലോൺ സാങ്ഷനായി. അതു കേട്ടപ്പോൾ ഞാൻ വേഗം ഓടി വന്നതാണ്. ഇവിടെ നീ ഒറ്റയ്ക്കിരിക്ക്യാവില്ലേ?’

അയാൾ ബ്രീഫ്‌കേസുമെടുത്ത് അകത്തേയ്ക്കു പോയി.

അവൾക്കു നല്ലവണ്ണം വിശന്നിരുന്നു.

‘നീ ഏതു സിനിമയ്ക്കു പോകാനാണ് ഇരുന്നത്?’

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബാബുസാർ ചോദിച്ചു.

അവൾ പടത്തിന്റെ പേരു പറഞ്ഞു.

‘നല്ല പടാണോ?’

‘ങും, അതേന്നാ എല്ലാരും പറേണത്. തമാശപ്പടാണ്.’

‘എന്നാൽ നമ്ക്ക് പോകാം, എന്താ?’

‘സാറിന്റെ ഒപ്പോ?’

‘അതെ, എന്റെ ഒപ്പം, എന്താ ഇഷ്ടല്ലേ?’

‘ഇഷ്ടൊക്കെത്തന്ന്യാണ്…’ അവൾ സംശയിച്ചുകൊണ്ട് പറഞ്ഞു.

‘എന്നാൽ പുറപ്പെട്ടോ.’

തിങ്കളാഴ്ച രാവിലെ അവൾ സിനിമയുടെ കഥ ബാലനു പറഞ്ഞുകൊടുക്കുകയായിരുന്നു. അവളുടെ സ്‌നേഹിത പറഞ്ഞു കൊടുത്തതാണെന്നാണ് പറഞ്ഞത്. പക്ഷേ കേട്ടാൽ അവൾ കണ്ട സിനിമയാണെന്നേ തോന്നൂ. സാധാരണ, കാണാത്ത സിനിമയുടെ കഥയും അവൾ തന്മയത്വത്തോടെ പറഞ്ഞു കൊടുക്കാറുള്ളതുകൊണ്ട് ബാലന് തീർച്ചയാക്കാൻ പറ്റിയില്ല. പക്ഷേ ഇടയ്ക്ക് ചില വർണ്ണനകൾ, നേരിട്ടു കണ്ടാൽ മാത്രം വിവരിക്കാൻ പറ്റുന്ന ചില രംഗങ്ങൾ, പെടുന്നത് ബാലൻ ശ്രദ്ധിച്ചു. അയാൾ നിശ്ശബ്ദനായി.

‘നല്ല പടാ, ബാലേട്ടൻ കണ്ടോളൂ.’

‘അപ്പൊ നെനക്ക് കാണണ്ടെ?’

‘എന്നെ കൊണ്ടോവ്വോ?’

‘ശനിയാഴ്ചവരെ കാക്കാംന്ന് പറഞ്ഞാ കൊണ്ടോവാം.’

ഒരു പടം കാണാൻ ശനിയാഴ്ച വരെയല്ല ലോകാവസാനം വരെ കാത്തുനിൽക്കാനും നിലീന തയ്യാറാവും. ഇതിൽനിന്നും പക്ഷേ അവൾ ആ പടം കണ്ടുവോ എന്ന് കണ്ടുപിടിക്കാൻ ബാലനായില്ല, കാരണം രാവിലെ കണ്ട അതേ പടംതന്നെ വീണ്ടും വൈകുന്നേരം കാണാനും അവൾ തയ്യാറാണ്.

‘നീയാ പെണ്ണിനെ ഒന്ന് കൊണ്ടു വാ, ഞാനൊന്ന് കാണട്ടെ.’

ഇന്നലെ പോയപ്പോൾ അമ്മ പറഞ്ഞിരുന്നത് ഓർമ്മ വന്നപ്പോൾ ബാലൻ പറഞ്ഞു.

‘അമ്മയ്ക്ക് നെന്നെ ഒന്ന് കാണണം ന്ന്ണ്ട്. എപ്പഴാ പോവാൻ പറ്റ്വാ?’

‘ഞായറാഴ്ച്യല്ലേ പറ്റൂ?’

‘ഈ ഞായറാഴ്ച ചെല്ലാംന്ന് എഴുതട്ടെ?’

‘എന്തിനാ, വെളക്കും താലൂം പിടിക്കാനാണോ?’ അവൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും ബാലൻ വീണ്ടും ഒരനിശ്ചിതത്വത്തിലായി. അവളെ മനസ്സിലാക്കാനുള്ള എല്ലാ വഴികളും അടയുകയാണ്. കല്യാണത്തെപ്പറ്റി അവൾ പറയുന്നതൊക്കെ ശരിയാണോ? അതോ അവസാന നിമിഷത്തിൽ അവൾ മനസ്സു മാറി തന്നെ തള്ളിയിടുമോ? അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

ശനിയാഴ്ച ഉച്ചയ്ക്ക് വീണ്ടും അവന് പുറത്തു പോകേണ്ടി വന്നു.

‘ഇനി എന്താ ചെയ്യ്യാ?’ നിലീന ചോദിച്ചു.

സമയം പന്ത്രണ്ടു മണിയായിട്ടേ ഉള്ളൂ. തിരിച്ച് ഓഫീസ് പൂട്ടുന്നതിനു മുമ്പ് എത്തുക വിഷമം. പോരാത്തതിന് സാധനം കൊടുത്തുകഴിഞ്ഞ് നേരെ വീട്ടിലേയ്ക്കു പൊയ്‌ക്കോളാൻ ബാബുസാറ് പറയുകയും ചെയ്തു. തിരിച്ച് ഓഫീസിൽ വന്നാൽ നൂറു ചോദ്യങ്ങളുണ്ടാവും. വേറെ എന്തെങ്കിലും ജോലി ഏല്പിച്ചെന്നുമിരിക്കും. അപ്പോൾ ഇന്നത്തെ സിനിമാ പരിപാടി നടക്കില്ലെന്നു മാത്രമല്ല വൈകുന്നേരംവരെ നിൽക്കേണ്ടി വരികയും ചെയ്യും. എന്തെങ്കിലും വഴിയുണ്ടാക്കണം. അവൻ പുറത്തിറങ്ങി.

നാളെ നിലീനയെയും കൂട്ടി അമ്മയുടെ അടുത്തു പോകുന്നതിനെപ്പറ്റി സിനിമയ്ക്കു പോകുമ്പോൾ സംസാരിക്കാമെന്നാണ് കരുതിയത്. ഇപ്പോൾ അതും അവതാളത്തിലായി. എന്തെങ്കിലും വഴിയുണ്ടാക്കാതെ പറ്റില്ല.

ഒന്നര മണിയായപ്പോൾ ജോലിയെടുക്കുന്ന പെൺകുട്ടികളെല്ലാം ഓരോരുത്തരായി പോയി. അവസാനമായി മേരിക്കുട്ടിയാണ് ഹാളിൽനിന്ന് പുറത്തിറങ്ങിയത്. അവൾ ചില്ലു വാതിൽ പൂട്ടി താക്കോൽ ഏല്പിച്ചു കൊണ്ട് ചോദിച്ചു.

‘പോട്ടെ ചേച്ചീ.’ അതെന്നും പതിവുള്ളതാണ്. ഒന്ന് ഇരുപതായാൽ എല്ലാവരും ജോലി നിർത്തുന്നു. ഹാളിന്റെ ജനൽ അടയ്ക്കുന്നു. ഫാനിന്റേയും തയ്യൽ യന്ത്രങ്ങളിലേയ്ക്കുള്ള പ്ലഗ്ഗുകളുടെയും സ്വിച്ചുകൾ ഓഫാക്കുന്നു. അവസാനമായി വിളക്കുകളും. വിളക്കുകൾക്കെല്ലാം കൂടി ഒരു സ്വിച്ചാണ്.

‘ശരി മേരിക്കുട്ടി.’ അവൾ സാധാരണമട്ടിൽ പറഞ്ഞു.

‘ഇന്നും ചേച്ചി ഒറ്റയ്ക്കാണോ?’ അങ്ങിനെ ഒരു ചോദ്യം സാധാരണ പതിവില്ലാത്തതാണ്. അപ്പോൾ കഴിഞ്ഞ ശനിയാഴ്ച താൻ ഒറ്റയ്ക്കിരുന്നത് അവൾ ഓർത്തിരിക്കുന്നു. ചോദ്യത്തിൽ ദുരുദ്ദേശ്യമുള്ള പോലെ. തനിക്കു തോന്നുന്നതാവാം.

‘ബാലേട്ടൻ ഇപ്പോൾ വരും. ഒന്നരയ്ക്ക് വരാംന്നാണ് പറഞ്ഞിട്ടുള്ളത്.’ അവൾ നുണ പറഞ്ഞു.

മേരിക്കുട്ടി പോയി. റിസപ്ഷനിൽ നിലീന ഒറ്റയ്ക്കായി. മുമ്പ് ഒന്നുരണ്ടു തവണ അങ്ങിനെ വന്നപ്പോൾ സാറിന്റെ മുറിയുടെ വാതിൽ തുറന്നിട്ട് പൊയ്‌ക്കോളാൻ പറയുകയാണുണ്ടായത്. അപ്പോൾ പുറത്തേയ്ക്ക് ഒരു നോട്ടമുണ്ടാവുമല്ലോ. ഇന്നെന്തിനാണാവോ കാത്തുനിൽക്കാൻ പറഞ്ഞത്? കഴിഞ്ഞ ശനിയാഴ്ചത്തെപ്പോലെ?… കൊച്ചേ നീ ആള് കൊള്ളാമല്ലൊ. അവൾ സ്വയം പറഞ്ഞു.

ബാബുസാറിന്റെ ബെല്ലടിച്ചു. വാതിലിനു മുകളിലെ ചുവന്ന ലൈറ്റ് കത്തി. അത് ഓഫാക്കി അവൾ വാതിൽ തുറന്നു.

‘വാ, ഇരിക്ക്.’

അവൾ അയാളുടെ മുമ്പിലിരുന്നു.

‘ഇന്നെന്താണ് കഴിക്കണത്?’

‘ഇന്നൊന്നും വേണ്ട സാർ, ഞാൻ പോവാൻ നോക്ക്വാണ്.’

‘പോയിട്ട് എന്താണ് ധൃതി? നമ്ക്ക് വല്ലതും ഓർഡർ ചെയ്യാം, ചിക്കൻ ബിരിയാണിയാവട്ടെ ഇന്ന്? അതു കഴിഞ്ഞ് വല്ല തിയേറ്ററിലും പുതിയ സിനിമ ഉണ്ടോന്ന് നോക്കാം.’

കൊച്ചേ, അവൾ മനസ്സിൽ പറഞ്ഞു. ഞാൻ വിചാരിച്ചതിൽ എന്താണ് തെറ്റ്? എനിക്കത് കഴിഞ്ഞ ശനിയാഴ്ചതന്നെ മനസ്സിലായിരിക്കുന്നു. ഏതു സിനിമ എവിടെയൊക്കെയാണെന്ന് നോക്കാൻ ഇന്റർനെറ്റിലൊന്നും പോണ്ട, എന്റെ മനസ്സിൽത്തന്നെയുണ്ട്.

ബാബുസാർ ഫോണെടുത്ത് താഴേയ്ക്കു വിളിച്ചു. ‘രണ്ടു ചിക്കൻ ബിരിയാണി. റെയ്ത്ത വേണം. പിന്നെ രണ്ട് ചോക്കളേറ്റ് ഐസ്‌ക്രീമും. ഒരു മിനുറ്റ്…’ അയാൾ ഫോണിന്റെ മൗത്പീസ് അമർത്തിപ്പിടിച്ച് അവളോടു ചോദിച്ചു. ‘എന്ത് ഐസ്‌ക്രീം ആണ് വേണ്ടത്. …അതു മതിയല്ലെ? …അതെ രണ്ട് ചോക്കളേറ്റ് ഐസ്‌ക്രീമും. വേഗം വേണം.’

ഇതൊന്നും ചോദിക്കണ്ട ആവശ്യമേയില്ല. നിലീന മനസ്സിൽ പറഞ്ഞു. ഏത് ഐസ്‌ക്രീമും എനിക്കിഷ്ടമാ.

ഓഫീസിനു തൊട്ടുള്ള ബസ്‌സ്റ്റോപ്പിൽ ഒന്നേകാൽ മണി തൊട്ട് ബാലൻ കാത്തു നിൽക്കുകയായിരുന്നു. എങ്ങിനെയൊക്കെയോ സാധനങ്ങൾ ഷോപ്പിൽ കൊടുത്ത് ഓടിക്കിതച്ച് എത്തിയതാണ്. ഇന്ന് നിലീനയെ സിനിമയ്ക്കു കൊണ്ടുപോണം, നാളെ അമ്മയെ കാണാൻ പോകുന്നതിനെപ്പറ്റി സംസാരിക്കണം. ഓഫീസിലേയ്ക്ക് തിരിച്ചു പോകാൻ താല്പര്യമില്ലാതിരുന്നതു കൊണ്ട് അയാൾ അവൾക്കുവേണ്ടി പുറത്തു കാത്തുനിന്നു. മറ്റുള്ള ജോലിക്കാർ കൂട്ടമായി പുറത്തിറങ്ങുന്നതയാൾ കണ്ടു. അവരെല്ലാം പൊയിക്കഴിഞ്ഞാലെ നിലീന ഇറങ്ങുകയുള്ളൂ. അവരുടെ കണ്ണിൽ പെടാതിരിക്കാൻ അയാൾ മാറിനിന്നു. എല്ലാ ജോലിക്കാരും പോയിക്കഴിഞ്ഞിട്ടും നിലീന ഇറങ്ങി വന്നില്ല. അവസാനം പുറത്തു വരുന്ന പെൺകുട്ടി യുടെ ഒപ്പം ഇറങ്ങാറുള്ള കക്ഷിയാണ്. ഇന്നെന്തു പറ്റീ?

സമയം രണ്ടുമണി. ഇത്രയും വൈകാൻ കാരണമില്ലല്ലോ. ക്ഷമകെട്ടപ്പോൾ പോയി നോക്കാൻതന്നെ ബാലൻ തീരുമാനിച്ചു. ഒരുപക്ഷേ സാറ് അവളോട് കാത്തുനിൽക്കാൻ പറഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടെങ്കിലോ. ബാബുസാറിന്റെ കാറ് താഴെ കിടക്കുന്നുണ്ട്. അടുത്തെവിടെയെങ്കിലും പോയതായിരിക്കും. എന്തായാലും പോയി നോക്കാം.

ഓഫീസ് അകത്തുനിന്ന് പൂട്ടിയിരുന്നു. അങ്ങിനെ പതിവില്ലാത്തതാണ്. സാറ് ഒറ്റയ്ക്കാണെങ്കിൽക്കൂടി ചേമ്പറിന്റെ വാതിൽ തുറന്നിടുകയേ പതിവുള്ളൂ. സാറ് ഇരിക്കുന്നിടത്തുനിന്ന് വാതിൽ കാണാൻ പറ്റും. അടച്ചിട്ട വാതിലിനു മുമ്പിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അയാൾ കുറച്ചു നേരം നിന്നു. മുട്ടാനായി ഓങ്ങി, വേണ്ടെന്നു വച്ചു. താൻ ചെയ്യുന്ന തിന്റെ ഔചിത്യത്തെപ്പറ്റി അയാൾക്കു പെട്ടെന്ന് സംശയമുണ്ടായി. അയാൾ സാവധാനത്തിൽ കോണിയിറങ്ങി. സ്റ്റോപ്പിൽ കുറച്ചു നേരം കൂടി കാത്തു നിൽക്കാം. സമയം രണ്ടേമുക്കാലായപ്പോൾ ഇനിയും കാത്തു നിൽക്കുന്നതിനർത്ഥമില്ലെന്നു തോന്നി. തനിക്കു മനസ്സിലാവാത്ത എന്തൊക്കെയോ കാര്യങ്ങൾ! അതയാളെ വേദനിപ്പിച്ചു. അടുത്ത ബസ്സ് വന്നാൽ കയറിപ്പോകാൻ തയ്യാറായി ബാലൻ നിന്നു.

അങ്ങിനെ നോക്കി നിൽക്കുമ്പോൾ ബാലൻ കണ്ടു. കെട്ടിടത്തിൽനിന്ന് ബാബുസാറും പിന്നാലെ നിലീനയും വരുന്നു. അവർ എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്. നിലീന തോളിൽ ബാഗ് തൂക്കിയിട്ടിട്ടുണ്ട്. അവർ കാറിനടുത്തെത്തിയപ്പോൾ ബാബു സാർ കാർ തുറന്ന് ഉള്ളിൽകയറി അവൾക്കു കയറാനായി മറുഭാഗത്തെ വാതിൽ തുറന്നു കൊടുത്തു. നിലീന ഒട്ടും സംശയിക്കാതെ മുമ്പിൽത്തന്നെ കയറി ഇരിക്കുകയും ചെയ്തു.

മുമ്പിൽ വന്നുനിൽക്കുന്ന ബസ്സുകളിലേതെങ്കിലും ഒന്നിൽ കയറിയാൽ വീട്ടിൽ പോകാമെന്ന് അറിഞ്ഞിട്ടും ബാലൻ കുറേ നേരം സ്റ്റോപ്പിൽ നിന്നു. ഒരു ബസ്സിൽ കയറാനുള്ള ഇഛാശക്തി കൂടി ഇല്ലാതായി. മനസ്സ് ശുന്യമായിരുന്നു.

അയാൾ കുറേ നേരം അവിടെത്തന്നെ നിന്നു, വെറുതെ, ഒന്നും തീർച്ചയാക്കാൻ കഴിയാതെ.