വെള്ളിത്തിരയിലെന്നപോലെ — അവതാരിക
വെള്ളിത്തിരയിലെന്നപോലെ — അവതാരിക | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ഓര്‍മ്മക്കുറിപ്പ്, ലേഖനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 128 |
യന്ത്രവത്കരണം സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇതിനെപ്പറ്റി ഞാൻ നേരത്തെ ഒരു കഥയെഴുതിയിരുന്നു. ‘ഒരു ദിവസത്തിന്റെ മരണം’. അതിൽ മുംബൈയിലെ ഫാക്ടറികളിലെ യന്ത്രവത്കരണമാണ് കാണിച്ചിരിക്കുന്നത്. മറിച്ച് നമ്മുടെ നാട്ടിൽ യന്ത്രവത്കരണം ഉണ്ടാകുന്നത് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിലാണ്. ഒരു കാലത്ത് ക്ഷീണിച്ചതെങ്കിലും സന്തോഷത്തോടെ ചിരിക്കുന്ന മുഖവുമായി ബഹളം വച്ച് കെട്ടിടം പണിയിലേർപ്പെട്ടിരുന്ന സ്ത്രീകൾ ഇപ്പോൾ എവിടെ?
നമ്മുടെ നാട്ടിൽ ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല. അതിന്റെയെല്ലാം ഫലം വളരെ തിക്തമാണ്. ഈ സമാഹാരത്തിലെ രണ്ടു കഥകളുടെ വിഷയം ജോലി നഷ്ടപ്പെടുന്ന സ്ത്രീകളാണ്; അവരെ ഒരു വിധത്തിലും സഹായിക്കാത്ത ഭർത്താക്കന്മാരും.
‘സ്ത്രീ അവസാന രംഗത്തിൽ മാത്രം പ്രവേശിക്കുന്ന കഥാപാത്രം’, ‘അമ്മേ അവര് നമ്മടെ ആകാശം കട്ടെടുത്തു’ എന്നീ കഥകൾ സ്വയം സംസാരിക്കുന്നു. ആദ്യത്തെ കഥയിൽ ഒരു മാദ്ധ്യമപ്രവർത്തക കെട്ടിടം പണിയിൽ ഏർപ്പെട്ടിരിയ്ക്കുന്ന സ്ത്രീകളെപ്പറ്റി ഒരു സ്റ്റോറിയുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചതായിരുന്നു. അവസാനം അവൾക്ക് സ്ത്രീകളെ കാണാൻ പറ്റിയത് കെട്ടിടം പണിയിലല്ല, മറിച്ച് തീരെ പ്രതീക്ഷിക്കാത്ത പരിസരങ്ങളിലാണെന്നത് ഞെട്ടിക്കുന്നതായിരുന്നു. രണ്ടാമത്തെ കഥയാകട്ടെ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നു, അതുകൊണ്ടുതന്നെ കൂടുതൽ ഹൃദയസ്പർശിയുമാകുന്നു. ആദ്യത്തെ കഥയിൽ ഒരു പത്രപ്രവർത്തകയുടെ കണ്ണിൽക്കൂടിയാണ് കഥ പുരോഗമിക്കുന്നത്, മറിച്ച് രണ്ടാമത്തെ കഥ ജോലി നഷ്ടപ്പെടുന്ന ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഭർത്താവ് അവളെ കൊള്ള ചെയ്യുന്നതിനു പകരം കുറച്ചെങ്കിലും സഹായിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു സ്ഥിതിവിശേഷം. പക്ഷെ അങ്ങിനെയുള്ള ഭർത്താവിൽ നിന്ന് രക്ഷപ്പെട്ടു എന്ന ഒരേ കാരണംകൊണ്ട് അതിനെ ദുരന്തമെന്നും വിളിക്കാൻ വയ്യാതായിരിക്കുന്നു.
നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത് ഒരു പ്രത്യേക സാമ്പത്തിക ഘടനയുടെ കീഴിലാണ്. ഇവിടെ ധാരാളം പണമുണ്ട്. എന്നാൽ ആ പണം ഒരു വിഭാഗം ജനങ്ങളുടെ കയ്യിൽ മാത്രമാണെന്നത് ഒരു വിരോധാഭാസമാണ്. ഭൂരിപക്ഷം ജനങ്ങളും കഴിയുന്നത് കഷ്ടിച്ച് ജീവിക്കാനുള്ള വരുമാനത്തിലാണ്. ഈ വൈരുദ്ധ്യം പല വൃത്തികേടുകൾക്കും തുടക്കമിടുന്നു. നമ്മൾ അധികം ശ്രദ്ധ കൊടുത്തിട്ടില്ലാത്ത ഒരു വിഷയമാണ്, വലിയ ഷോപ്പിങ് മാളുകളും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും വരുമ്പോൾ ചെറിയ ചെറിയ കടകളുടെ അവസ്ഥ എത്രത്തോളം കഷ്ടമാണെന്ന കാര്യം. അവ ഓരോന്നായി പൂട്ടിപ്പോവുകയേ ഗതിയുള്ളു. അവരൊന്നും വലിയ മുതലാളിമാരല്ല. ഒരു മാതിരി നന്നായി കഴിയാനുള്ള വരവുണ്ടാക്കുന്നു എന്നു മാത്രം. മൾട്ടിനേഷനലുകളുടെ കാലത്ത് അവരെല്ലാം ചെറിയ മീനുകൾ മാത്രം. അതിനേക്കാൾ കഷ്ടമാണ് അവിടെ ജോലിയെടുത്തുകൊണ്ടിരുന്ന പാവപ്പെട്ടവരുടെ സ്ഥിതി. നിസ്സാരമായ ആ ജോലിയും പോയാലോ? ‘ഒരു ചോക്കളേറ്റ് വിപ്ലവം’ എന്ന കഥ ഈ അവസ്ഥയെപ്പറ്റിയാണ്. അഞ്ചുനില കെട്ടിടം മുഴുവൻ നിറഞ്ഞുനിൽക്കുന്ന വലിയ ഡിപ്പാർട്‌മെന്റ് സ്റ്റോറിൽ സേയ്ൽസ് ഗേളായി ജോലിയെടുക്കുന്ന ബിന്ദു എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് കഥ ഉരുത്തിരിയുന്നത്. ഒരു വലിയ മാളിൽ ജോലിയായതുകൊണ്ട് അവൾ ഒരു പ്രത്യേക മാനസികവസ്ഥയിലാണ് കഴിയുന്നത്. അച്ഛൻ ജോലിയെടുക്കുന്ന ചെറിയ പലചരക്കുകട അവൾക്കു പിടിക്കുന്നില്ല. അങ്ങിനെയൊന്നുമല്ല കടകൾ നടത്തേണ്ടത് എന്നുവരെ അവൾക്കഭിപ്രായമുണ്ട്. പക്ഷെ ആ കട ബിസിനസ്സില്ലാതെ പൂട്ടേണ്ട ഗതികേടു വരികയും അച്ഛന് ചെറുതെങ്കിലും ഒരു ജോലിയുണ്ടായിരുന്നത് നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ‘ഉയർന്നു വരുന്ന ഷോപ്പിങ് മാളുകൾക്കു മുമ്പിൽ തന്റെ കുടുംബം ഒരു കാഷ്വൽട്ടിയാവുകയാണെന്ന് ബിന്ദുവിനു മനസ്സിലാവുന്നത്.’
‘കേളൻ’ എന്നത് കുറച്ചൊരസാധാരണമായ കഥയാണ്. ഭാര്യ മറ്റൊരാളുടെ കൂടെ തന്റെ അഞ്ചു വയസ്സായ മകളേയും കൂട്ടി പോകുകയാണ്. അതോടെ അയാൾ അതുവരെ ചെയ്തിട്ടില്ലാത്ത രണ്ടു ദുശ്ശീലങ്ങൾക്കടിമയാകുകയാണ്. കുടിയും വേശ്യകളും. അങ്ങിനെയിരിക്കുമ്പോഴാണയാൾ ബസ്സ് സ്റ്റോപ്പിൽനിന്ന് ഒരമ്മയെയും മകളെയും കാണുന്നത്. വേശ്യകളാണെന്നു കരുതി വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് നിജസ്ഥിതി മനസ്സിലാവുന്നത്. അത് അയാളുടെ ജീവിതത്തിൽ വളരെ കാര്യമായൊരു മാറ്റമുണ്ടാക്കുകയാണ്.
ഇന്നത്തെ രാഷ്ട്രീയപ്പോരുകളുടെയും രക്തച്ചൊരിയലുകളുടെയും പശ്ചാത്തലത്തിലെഴുതിയ കഥയാണ് ‘ഈ നിരത്തിൽ താവളങ്ങളില്ല’ എന്നത്.
‘വെള്ളിത്തിരയിലെന്ന പോലെ’ എന്ന കഥ തൃശ്ശൂർ ആകാശവാണി വളരെ മനോഹരമായ റേഡിയോ നാടകമായി അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ഞാനീ കഥയിലൂടെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചത്. ഈ കഥ കേരളത്തിൽ എവിടെയും എന്നും സംഭവിക്കുന്ന കഥയാണ്, പക്ഷെ അതിനെ ഒരു പ്രത്യേക കോണിൽ അവതരിപ്പിയ്ക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. എന്റെ ‘അയനങ്ങൾ’ എന്ന നോവലിൽ പ്രധാന കഥാപാത്രം സുനിൽ പറയുന്നുണ്ട്:
‘ഞാനൊരു ദൈവവിശ്വാസിയാണ്.’ സുനിൽ പറഞ്ഞു. ‘ഞാൻ അമ്പലങ്ങളിൽ പോകും പള്ളികളിൽ പോകും, ഗുരുദ്വാരകളിൽ പോകും. പ്രാർത്ഥിക്കും. അനീതികൾ എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. അനീതികൾക്കെതിരായി നടപടിയെടുക്കാൻ ഞാൻ ദൈവത്തിന് ഒന്നല്ല പല അവസരവും കൊടുക്കും. ഒന്നും നടക്കുന്നില്ലെന്നു കണ്ടാൽ നീതിയ്ക്കായി ഞാൻ മറ്റ് ദൈവങ്ങളെ ആശ്രയിക്കുന്നു. അവർ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.’
‘ഏതാണാ ദൈവങ്ങൾ?’
‘ഏതാണാ ദൈവങ്ങൾ?’ എന്ന അപർണ്ണയുടെ ചോദ്യത്തിന് സുനിൽ ഉത്തരമൊന്നും കൊടുക്കുന്നില്ല. പക്ഷെ ‘വെള്ളിത്തിരയിലെന്ന പോലെ’ എന്ന കഥയിൽ അതിന് വളരെ വ്യക്തമായ ഉത്തരമുണ്ട്, അത് ആശാസ്യമാണെങ്കിലും അല്ലെങ്കിലും.
‘കാലത്തിന്റെ അടയാത്ത വാതിലുകൾ’ എന്റെതന്നെ കഥയാണ്. 2001 തൊട്ട് 2006 വരെ ഞാനും എന്റെ ഹൃദയവും തമ്മിൽ പോരാട്ടമായിരുന്നു. നാലു വട്ടം ഐ.സി.യു.വിൽ കിടക്കേണ്ടി വന്നു. അതിലൊരിക്കൽ ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോഴുണ്ടായ അനുഭവത്തെപ്പറ്റിയാണ് ഈ കഥ. ഭാര്യയുടെയും ദൂരെ അമേരിക്കയിൽ ജോലിയെടുക്കുന്ന മകന്റെയും, പോരാത്തതിന് ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സ്‌നേഹം കാരണം അയാളുടെ തിരിച്ചുവരവ് സുഗമമാകുന്നു. അതിനോടൊപ്പം അയാൾ ചെറുപ്പമായിരുന്നപ്പോൾ കേട്ടിരുന്നതും ഇഷ്ടപ്പെട്ടതുമായ ഒരുപാട് പാട്ടുകളുടെ ഈണങ്ങളും സ്‌നേഹബന്ധങ്ങളുടെ ഓർമ്മകളും രോഗമുക്തിയ്ക്ക് സഹായകമാകുന്നു.
സീരിയലുകളുമായി ബന്ധപ്പെട്ട സ്ത്രീ പീഡനം ഒരു വാർത്തയേ അല്ലാതായിരിക്കുന്നു ഇപ്പോൾ. ഞാനെന്തിന് അതിനെപ്പറ്റി ഒരു കഥയെഴുതി? ‘ഇനിയും മടുത്തിട്ടില്ലാത്ത ഒരുസമകാലീന കഥ’. ഈ കഥയിൽ ഒരു മാഫിയഗാങ്ങില്ല. ആ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും ലൈംഗിക മൂവികളുമെടുത്ത സീരിയലുകാരനും അവളുടെ ശത്രുവല്ല. പിന്നെ ആരാണവളുടെ ശത്രു?
‘ലാവണ്യ’ എന്ന കഥയെഴുതാൻ കാരണമെന്താണെന്നറിയില്ല. പെൺകുട്ടികളുടെ സൗന്ദര്യം അവരുടെ നിറത്തിലാണെന്ന മിഥ്യാബോധം ഉടച്ചു വാർക്കാൻ ഈ കഥ ഉപകരിക്കും. പൊതു ധാരണക്ക് വിപരീതമായി പുരുഷന്റെ സ്‌നേഹം കൂടുതൽ ലഭിക്കുന്നത് നിറം കുറഞ്ഞ പെൺകുട്ടികൾക്കാണെന്ന അഭിപ്രായമുണ്ട് എനിക്ക്. ഈ കഥയിലെ അന്ത്യത്തിലെ ലാവണ്യയുടെ ഭ്രമകല്പന, വിവരമില്ലാത്ത അമ്മ കുട്ടിയായിരിക്കുമ്പോൾ തൊട്ടേ നിറത്തിന്റെ കാര്യത്തിൽ അവളിൽ കുത്തിനിറച്ച അപകർഷതാബോധത്തിൽനിന്നുളവായ പ്രത്യേക മാനസികാവസ്ഥയെ കാണിക്കുന്നു.
‘ശ്രീപാർവ്വതി’ എന്ന കഥ സ്വാഭാവികവും പ്രകൃത്യതീതവുമായ സംഭവങ്ങൾ കോർത്തിണക്കി രചിച്ചതാണ്. കഥയിൽ അലൗകികമായൊരു പ്രതിഭാസമുണ്ടെന്നു തിരിച്ചറിയുന്നത് അവസാനത്തെ ഖണ്ഡികയിൽ മാത്രമാണ്.
‘ഒരു നാലു വയസ്സുകാരന്റെ പ്രശ്‌നങ്ങൾ’ അല്പം നർമ്മത്തോടെ എഴുതിയ കഥയാണ്. പക്ഷെ കാതലായിട്ടുള്ള പ്രശ്‌നങ്ങൾ ഇവിടെ മറക്കുന്നില്ല. പ്രശ്‌നങ്ങൾ പ്രശ്‌നങ്ങൾതന്നെയായി നിലകൊള്ളുന്നു.
ഈ സമാഹാരത്തിലെ കഥകൾ എന്റെ പ്രിയപ്പെട്ട വായനക്കാർക്കായി സമർപ്പിക്കുന്നതിൽ സന്തോഷമുണ്ട്.
|