close
Sayahna Sayahna
Search

DELHI ദില്ലി നഗരം


ഹെർമ്മൻ‌ ഗുണ്ടർട്ട്

DELHI ദില്ലി നഗരം
KP-4-1-cover.png
ഗ്രന്ഥകർത്താവ് ഹെർമ്മൻ ഗുണ്ടർട്ട്
മൂലകൃതി കേരളോപകാരി IV:1
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ആനുകാലികം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ബാസൽ മിഷൻ, മംഗലാപുരം
വര്‍ഷം
1877
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 22


DELHI ദില്ലി നഗരം

KP-4-1-f1.png

ഹിന്തുസ്ഥാനത്തിൽ കീൎത്തിപ്പെട്ട പുണ്യക്ഷേത്രങ്ങളിൽ കാശിരാമേശ്വരങ്ങൾ ശ്രുതിപ്പെട്ടവ ആകുന്നപ്രകാരം, കീത്തിതങ്ങളായ രാജധാനികളിൽ ‍‍‍‍ഡില്ലി എന്ന നഗരം വിളങ്ങുന്നു. ഈ നഗരത്തെ സംബന്ധിച്ചു ചില വിശേഷങ്ങളെ വിവരിക്കുന്നതിൽ നമ്മുടെ വായനക്കാർ സന്തോഷിക്കും എന്നു വിചാരിച്ചു പോന്നു.

വിക്തോരിയാ മഹാരാണിയുടെ ഉപരാജാവും ഹിന്തു രാജ്യപരിപാലനയിൽ സൎവ്വാധിപത്യം നടത്തുന്നവരുമായ ലിട്ടൻ പ്രഭു കഴി‍ഞ്ഞ അഗുസ്ത മാസത്തിൽ ഒരു വിളംബരം പുറപ്പെടുവിച്ചു പരസ്യമാക്കിയതിൻെറ സാരാംശമെന്തെന്നാൽ: 1877 ജനുവരി ൧-ആംനു ഡില്ലിയിൽ ഏറ്റവും അപുൎവ്വമായ ഒരു മഹാ ദൎബ്ബാർ ഉണ്ടാകം. വിക്തോരിയാ മഹാരാണി താൻ ഹിന്തുസാമ്രാജ്യ കാൎയ്യങ്ങളിൽ വെച്ചിരിക്കുന്ന താല്പൎയ്യത്തെയും പ്രജകളുടെ ഗുണത്തിന്നായി തനിക്കുള്ള വാത്സല്യ വിചാരത്തെയും നാട്ടുരാജാക്കന്മാരുടെയും പ്രജകളുടെയും സ്നേഹപുൎവ്വമായിരിക്കുന്ന രാജഭക്തിയെ കുറിച്ചു തനിക്കുള്ള സന്തോഷപൂൎവ്വമായ ഉറപ്പിനെയും കാണിപ്പാൻ വേണ്ടി, തൻെറ നാമാവലിയോടു ഹിന്തു ചക്രവൎത്തിനി [Empress of India], എന്ന പുതു നാമധേയത്തെ ചേൎത്തു കൊൾവാൻ പ്രസാദിച്ചതു, ആ മഹാസഭയിൽ പ്രസിദ്ധമാക്കപ്പെടുകയും ഹിന്തുരാജ്യത്തിൽ എങ്ങും അറിയിക്കപ്പെടുകയും ചെയ്യും.

മേല്പറഞ്ഞ മഹാമംഗലകാൎയ്യത്തിനു ഹിന്തുസ്ഥാനത്തിലെ ഉപരാജാവായ ലിട്ടൻ പ്രഭുവും, ഇംഗ്ളിഷ സൎക്കാരിൻെറ അധിപതിമാരും, അതാത വകുപ്പുകളുടെ പ്രധാനികളും രാജദൂതന്മാരും, നാട്ടുരാജാക്കന്മാരും ശ്രീമാന്മാരും ഇടപ്രഭുക്കളും താന്താങ്ങളുടെ പരിജനങ്ങളോടു കൂടെ ഡില്ലിയിൽ വന്നു നിറയും. ഈ മഹാകാൎയ്യത്തിനു കൂടിയ മഹാരാജസഭയുടെ മഹിമെക്കു തക്കതായ ആടോപങ്ങളും ആഡംബരങ്ങളും അനവധിയായി ഉണ്ടാകും, എന്നതിനു സംശയമില്ല. തല്ക്കാലം കമലഹീനമായ തടാക തുല്യമായിരിക്കുന്ന ഡില്ലി രാജധാനി ആ സമുഹൂൎത്തത്തിൽ ഒരു നല്ല സരോജിനിയെ പോലെ ഹിന്തു രാജ്യത്തിലെ പട്ടണങ്ങളിൽ ആ അടിയന്തരം നടക്കുന്ന ഏഴെട്ടു ദിവസമെങ്കിലും വീണ്ടും ശോഭിക്കും.

1877-ആമതിൽ ഉണ്ടാവാൻ പോകുന്ന ഈ കാൎയ്യത്തെ വിചാരിച്ചാൽ 1857-ആമതിൽ നടന്ന മത്സരകാൎയ്യം ഓൎമ്മെക്കു വരാതിരിക്കില്ല. സിപ്പായികൾ ദുരുപദേശം കേട്ടു, ഇങ്ങുമങ്ങും കലഹം തുടങ്ങി, തരം കിട്ടിയേടത്തു മഹാരാക്ഷസക്രിയകളെ നടത്തി, ഇംഗ്ലിഷ്കാരെ വെട്ടിത്തെറിച്ചു മഹമ്മതശ്ശാഃ എന്ന കിഴവനായ രാജാവിനെ ഹിന്തുചക്രവൎത്തി, എന്നു നിശ്ചയിച്ചു ഡില്ലിപട്ടണത്തിൽ ഇരുത്തിയ കാലത്തു, ഇരുപതു വൎഷത്തിൽ പിന്നെ വിക്തോരിയാ മഹാരാണി തന്നെ ഈ പട്ടം ധരിക്കും എന്നു ആൎക്കു തോന്നുമായിരുന്നു? മേപ്പടി മഹമ്മതശ്ശാഃ 1837 തുടങ്ങി ഇരുപതു വൎഷത്തോളം ഇംഗ്ലിഷ്കാൎക്കു കീഴ്പെട്ടും, പിന്നെ 1857 സെപ്തമ്പർ മാസത്തിൽ ൮, ൧൦ തിയ്യതികളൊ ഇംഗ്ലിഷ് വാഴ്ചയെ അതിക്രമിച്ചു സ്വതന്ത്രനായും, ഡില്ലിയിലെ മഹാമുകിള സിംഹാസനത്തിൽ ഇരുന്ന ശേഷം, ഇംഗ്ലിഷ്കാർ കലഹക്കാരെ ജയിച്ചു ഡില്ലിയെ അടക്കി, മഹമ്മതശ്ശാവിനെ ദയ വിചാരിച്ചു കൊല്ലാതെ, പേഗു ദേശത്തേക്കു നാടു കടത്തി, അവന്റെ പുത്രപൌത്രന്മാരെ അവർ ചെയ്തതിന്റെ പ്രതികാരത്തിന്നായി കൊന്നു കളഞ്ഞു. ആകയാൽ മഹമ്മതശ്ശാഃ മഹാമുകിളസ്വരൂപത്തിൽ പതിനേഴാമനും ഒടുക്കത്തവനുമായിരുന്നു.

ഡില്ലിയിലെ അവസാനത്തെ രാജാവായ മഹമ്മതശ്ശാഃ

ഡില്ലിയിലെ തെരുവീഥികളും വീടുചുമരുകളും കല്ലുകളും തങ്ങൾക്കു വായുണ്ടെങ്കിൽ, എന്തെല്ലാം കഥകളെ പറഞ്ഞറിയിക്കുമായിരുന്നു? 1857-ാമതിൽ ഇംഗ്ലീഷ് വാഴ്ചയെ നീക്കി, കലഹക്കാരുടെതു സ്ഥാപിപ്പാൻ വേണ്ടി, എത്രയൊ മനുഷ്യരക്തം ചിന്നിപ്പോയി? അതിൽ പിന്നെ കലഹക്കാരുടെതു നീക്കി ഇംഗ്ലിഷ്കാരുടെ വാഴ്ചയെ വീണ്ടും ക്രമപ്പെടുത്തുവാൻ എത്രയൊ ജനങ്ങൾ നശിച്ചു പോയി? എത്ര ആളുകൾ ആ മത്സരം ഹേതുവായി ദുഃഖപരവശന്മാരായിതീൎന്നിരിക്കും? ഇംഗ്ലീഷ്കാർ 1803-ാമതിൽ മഹാറാട്ടികളെ ജയിച്ചു ഡില്ലിയെ ഒന്നാം പ്രാവശ്യം പിടിച്ചപ്പോഴും, മഹാറാട്ടികൾ അതിനെ പിടിച്ചപ്പോഴും പാൎസ്സിരാജാവായ നദീർശ്ശാഃ അതിനെ പിടിച്ചു ഏകദേശം 30,000 നിവാസികളെ കൊന്നു, എല്ലാം കത്തിക്കവൎന്നു അനവധി ദ്രവ്യം കൊള്ളയിട്ടപ്പോഴും, ഔറങ്ങസീബിന്റെ കാലത്തിലും, ബാബർ അതിനെ പിടിച്ചു മഹാമുകിള സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയപ്പോഴും, മുകളസ്വരൂപത്തിന്റെ കാരണവരും മനുഷ്യപ്പുലിയുമായ തിമുൎല്ലങ്ങ അതിനെ പിടിച്ചു കവൎന്ന സമയത്തും, എത്ര നാശവും കണ്ണീരും ചോരയും വിലാപവും ആ പട്ടണത്തിൽ ഉണ്ടായിരുന്നു? ഇതൊക്കെ വിചാരിച്ചാൽ ഈ നഗരരത്നം ഒരു വലിയ ശവക്കുഴി, എന്നു പറയേണ്ടതിനു ഹേതുവുണ്ടു.

എങ്കിലും ഈ കാലത്തിനും മുകിളരുടെ കാലത്തിനും തമ്മിലുള്ള ഭേദാഭേദങ്ങൾ കണ്ടുവരേണ്ടതിനായി ചില മുകിളസ്വരൂപക്കാരെ കുറിച്ചു ചുരുങ്ങിയ വൎത്തമാനം എഴുതുന്നു.

തിമുൎല്ലങ്ങ ജിങ്കിസ്ഖാന്റെ (൨) താവഴിയിൽ ഒരുവനായി പടിഞ്ഞാറെ തുൎക്കിസ്ഥാന്റെ നടുവിലുള്ള സമൎക്കാന്തപട്ടണത്തെ തന്റെ രാജധാനിയാക്കി പെരുമ്പുലി തന്റെ മടയിൽ നിന്നു മൃഗവേട്ടക്കു പുറപ്പെടും പോലെ അവിടെ നിന്നു 35 സംവത്സരത്തോളും സകല ദിക്കിലേക്കും ചെന്നു, രാജ്യങ്ങൾ പിടിച്ചും കൊള്ളയിട്ടു വന്നു. ഏകദേശം എട്ടു ലക്ഷം പടയാളികളുടെ നായകനായി കൊടുങ്കാറ്റോ ജലപ്രളയമോ എന്ന പോലെ ഹിന്തു, ചീന, വിലാത്തി എന്നീ രാജ്യങ്ങളിൽ ഉൾപ്പുക്കു അശേഷം കൊള്ളയിട്ടു, കവൎച്ചയെ സമൎക്കാന്തിലേക്കു അയച്ചു, തന്റെ ഭണ്ഡാരത്തിൽ എണ്ണമറ്റ പൊരുൾ ചരതിച്ചു. ഡില്ലിയെ പിടിച്ചു കവൎന്നപ്പോൾ അനവധി നിവാസികളെ കൊന്നതല്ലാതെ, ശേഷിച്ചവരെ ചിറപിടിച്ചു, അവരെ കൊണ്ടു കവൎച്ചയെ പേറിച്ചു, തന്റെ രാജധാനിയിലേക്ക് എത്തിച്ചു. വരികയും പോകയും ചെയ്ത വഴിയിൽ ഒക്കെയും കണ്ട നാടും നഗരവും അശേഷം വെറുമയാക്കിക്കള‍ഞ്ഞു. അവന്റെ ദ്രവ്യാഗ്രഹത്തോളം ക്രൂരതയും ഉണ്ടു. പോരിൽ മാത്രമല്ല വിനോദത്തിനും മനുഷ്യരെ കൊല്ലും. ഒരിക്കൽ അവൻ 4000 അൎമ്മിന്യ കുതിരച്ചേകവരെ ജീവനോ‍െ കുഴിച്ചിട്ടു കളഞ്ഞു. ബാഗ്ദാദപട്ടണം പിടിച്ച സന്തോഷത്തിനായി 90,000 തലമണ്ടകളെ കൊണ്ടു തോരണം കെട്ടിച്ചു. 1405-ആമതിൽ കൊള്ളക്കാരുടെ ഈ തലവൻ ൭൦ വയസ്സുള്ളവനായി മരിച്ചു. തിമുൎല്ലങ്ങിന്റെ അനന്തരവന്മാരിൽ ആറാമനായ ബാബർ കൊള്ളയെ കൊതിച്ചു തന്നെയല്ല, രാജ്യം സമ്പാദിക്കേണ്ടതിനു ആഗ്രഹിച്ചു, ഹിന്തുരാജ്യത്തിൽ കടന്നു, ഡില്ലിയെ പിടിച്ചു, തന്റെ സിംഹാസനം അതിൽ വെച്ചു, മഹാമുകിളസാമ്രാജ്യത്തെ സ്ഥാപിച്ചു. ബാബരിന്റെ മരുമകനായ ഹ്യുമായന്റെ മകനായ അക്ബർ ബാബരിനെക്കാൾ ശ്രുതിപ്പെട്ട ജയശാലിയും ബലവാനുമായതല്ലാതെ, ദയ നീതി വിവേകം മുതലായ ഗുണങ്ങളുള്ളവനായി പരമതദ്വേഷമെന്നിയെ സകല ജനഗുണചിന്തയുള്ള രാജശിഖാമണിയായിരുന്നു. അവന്റെ മകനായ സേലിം, മരുമകനായ ശാജിഹാൻ, എന്നിവർ ആരും അവനോളം പോരാതെ പോയി. അവന്റെ നാലു മരുമക്കളിൽ ഒരുവനായ ഔറങ്ങസീബിന്റെ കാലത്തിൽ മുകിള സാമ്രാജ്യം ഇനി ഒരിക്കൽ പുതുശോഭ പ്രാപിച്ചു പോന്നു. ഔറങ്ങസീബിന്റെ ബഹു കപടവും യുക്തിയുള്ളൊരു ഉപായി ആയിരുന്നു. അവന്റെ സിംഹാസനം ശുദ്ധ പൊന്നും നവരത്നങ്ങൾ പതിച്ചതും, എട്ടു കോടി ഉറുപ്പികയോളം വിലയുള്ളതായിരുന്നു. ചുവപ്പക്കല്ലുകൊണ്ടു കെട്ടിയതും ലോകപ്രസിദ്ധവുമായ അവന്റെ കോവിലകവും അതിനോടു ചേൎന്ന ഉദ്യാനങ്ങളും ഒന്നര നാഴിക ചുറ്റളവുള്ളതായിരുന്നു. അതിലേക്കു ചെല്ലുന്ന വലിയ വാതിലിന്റെ മീതെ: “സ്വൎഗ്ഗം എന്നൊന്നുണ്ടെങ്കിൽ, അതു ഇവിടെ, ഇവിടെ, ഇവിടെ തന്നെ ഉണ്ടായിരിക്കേണം’’, എന്നൊരു എഴുത്തു ഉണ്ടായിരുന്നു പോൽ. ഔറങ്ങസീബ സ്വന്ത മതത്തോടു വളരെ പറ്റലുള്ളവൻ ആകെക്കൊണ്ടു, ഹിന്തുക്കളെ നയഭയങ്ങളാൽ മുഹമ്മതമാൎഗ്ഗത്തിൽ ചേൎപ്പാൻ വളരെ പ്രയത്നിച്ചു. അവന്റെ കാലത്തിൽ മഹാറാട്ടികളും ശിഖരും ഡില്ലിസാമ്രാജ്യത്തിൽ കടന്നു വളരെ അലമ്പൽ ചേയ്‌വാൻ തുടങ്ങി. ഇപ്പോൾ വിക്തോരിയ എന്ന ഇംഗ്ലിഷ മഹാരാണിയവൎകൾ ഈ രാജ്യങ്ങളുടെ മേൽ ചക്രവൎത്തിനിയായി വാഴുന്നതിനാൽ ഹിന്തുക്കളും മുസല്മാനരും ക്രിസ്തിയാനികളുമായ പ്രജകൾക്കു എല്ലാവൎക്കും ഒരു പോലെ ഗുണം വരുമാറാക.